close
Sayahna Sayahna
Search

സ്വപ്നമണ്ഡലം


സ്വപ്നമണ്ഡലം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
വര്‍ഷം
2007
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 98 (ആദ്യ പതിപ്പ്)

സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍


സമയം രാത്രി പതിനൊന്നു മണി. ഞാനും ചങ്ങമ്പുഴയും തിരുവനന്തപുരത്തെ പുത്തൻ കച്ചേരി മൈതാനത്തിലിരുന്നു സംസാരിക്കുകയാണ്. അന്തരീക്ഷത്തിൽ ഒരു മേഘമോ നക്ഷത്രമോ ഇല്ല. നീലക്കടലു പോലെ കാണപ്പെടുന്നുണ്ട് ആകാശം. അതിലെ വെള്ളിത്തോണി അനങ്ങുന്നില്ല. പരന്നൊഴുകിയ നിലാവില്‍ സൗധങ്ങൾ മുങ്ങിക്കഴിഞ്ഞു. അവ സുവ്യക്തങ്ങളായി കാണാം. എങ്കിലും അവയ്‌ക്കൊരമൂർത്ത സ്വഭാവം; ഒരു മായിക ഭാവം. അകലെ നിഴലും വെളിച്ചവും കെട്ടു പിണഞ്ഞു കിടക്കുന്നു. ചങ്ങമ്പുഴ പ്രകൃതിയുടെ ആ മാന്ത്രിക­പ്രഭാവത്തിനു വിധേയനായി. അദ്ദേഹം പ്രകൃതി സൗന്ദര്യത്തെ­ക്കുറിച്ചു സംസാരിക്കാന്‍ തുടങ്ങി. അതു സ്ത്രീജന­സൗന്ദര്യത്തിലേക്കും സ്വപ്നത്തിന്റെ മതിവിഭ്രാമക­ത്വത്തിലേക്കും കടന്നു ചെന്നു. കിനാവുകളുടെ കമനീയതയെ­പ്പറ്റി അദ്ദേഹം വളരെനേരം സംസാരിച്ചു­വെന്നാണ് എന്റെ ഓർമ്മ. കവിയുടെ പ്രാഗത്ഭ്യത്താൽ ഒരു സ്വപ്നമണ്ഡലം തന്നെ സൃഷ്ടിക്കപ്പെട്ടു. പ്രകൃതിയുടെ സ്വപ്നസദൃശമായ അവസ്ഥയും നിശീഥിനിയുടെ നിശ്ശബ്ദതയും നൂതന ലോകത്തിന്റെ നിർമ്മാണത്തിന് പ്രയോജനപ്പെട്ടിരിക്കണം... കവി എന്നെ വിട്ടു പോയിട്ടും ഞാൻ ആ ലോകത്തു തന്നെ അലഞ്ഞു നടന്നു. പരിപൂർണ്ണമായ ഒരു വിസ്മുതി എനിക്കുണ്ടായില്ല. ഒരർദ്ധ സുഷുപ്തി. ഏതും അതിന്റെ ബൃഹത്തായ രൂപത്തിന്‍ പ്രത്യക്ഷമാകുന്ന ലോകം. പച്ചില­ച്ചാർത്തുകളുടെ മർമ്മര ശബ്ദം മേഘ­നിർഘോഷമായും മണൽ­ത്തരികൾ മാമലകളായും, നീലനിഴലുകള്‍ നീലത്തടാകങ്ങളായും മാറുന്ന ലോകം.

ഈ സംഭവത്തിനു ശേഷം വർഷം ഇരുപതോളം കഴിഞ്ഞിരിക്കുന്നു. ഇന്ന് ആ കവിയില്ല സ്വപ്നങ്ങളെ­ക്കുറിച്ചു പറയാന്‍. എങ്കിലും അദ്ദേഹത്തിന്റെ കവിതകളുണ്ട്. അവന്‍ എനിക്കൊരു സ്വപ്നാ­ന്തരീക്ഷം സൃഷ്ടിച്ചു തരുന്നു; ഹർഷാതിശയ­ത്തിലേക്കു കൊണ്ടു ചെല്ലുന്നു; ലയത്തിന്റെ സൗന്ദര്യവും സംഗീതത്തിന്റെ മായികത്വവും ഒരു അലൗകിക മണ്ഡലത്തിൽ എത്തിക്കുന്നു. വാസ്തവത്തില്‍ ഉത്തമങ്ങളായ എല്ലാ കവിതകളുടെയും സ്വഭാവമിതു തന്നെ. കാളിദാസന്റെ കുമാരസംഭവം, മേഘസന്ദേശം, ഷേക്സ്പീയറിന്റെ A Midsummer Night’s Dream, ഭവഭൂതിയുടെ ഉത്തരരാമചരിതത്തിലെ രണ്ടാം അങ്കം, കോള്‍റിജ്ജിന്റെ Kubla Khan ഇവയൊക്കെ കിനാവിന്റെ രാമണീയകം ആവാഹിക്കുന്നവയാണ്. വള്ളത്തോളിന്റെ ‘തോണിയാത്ര’ എന്ന കവിത കൈകാര്യം ചെയ്യുന്ന വിഷയത്തിനു സ്വപ്നത്തോടു സാദൃശ്യമില്ലെങ്കിലും അതിന്റെ പ്രതിപാദനരീതി സ്വപ്നത്തിന്റെ പ്രതീതി ജനിപ്പിക്കുന്നു.

’കാന്തിത്തഴപ്പോടുമുദിച്ചുയര്‍ന്ന
പുന്തിങ്കള്‍തന്‍ ബിംബന കൈതവത്താല്‍
ഏന്തിത്തുളുമ്പുന്ന നദീജലത്തില്‍
നീന്തിക്കളിച്ചു കളഹംസകങ്ങള്‍’

എന്ന ശ്ലോകം പരിശുദ്ധ സൗന്ദര്യത്തിന്റെയും കിനാവിന്റെയും പ്രപഞ്ചത്തിലേക്കു നമ്മെ നയിക്കുന്നു. സന്നാഭമായ സ്വന്ത വിളക്കുമായി മിന്നാമിനുങ്ങിന്റെ നിര സഞ്ചരിക്കുന്നതും, അസംഗയായി നദി മുന്നോ­ട്ടൊഴുകുന്നതും, രാവിന്റെ വീര്‍പ്പായ കുളിര്‍ മാരുതന്‍ മഞ്ജുള­മര്‍മ്മരം പൊഴിക്കുന്നതും ആ പ്രപഞ്ചത്തിന്റെ ആകര്‍ഷകതയും അവ്യക്തതയും വർദ്ധിപ്പിക്കുന്നു. കാല്പനികതയുടെ സാരാംശങ്ങളായ ചങ്ങമ്പുഴ­ക്കവിതകള്‍­ക്കാണ് ഈ സ്വഭാവം കൂടുതലുള്ളത്.

എന്തു, നൃത്തം നടത്തുകയാണോ
സുന്ദരികളേ, നിങ്ങളെന്‍ മുന്നില്‍?
ഒറ്റമാത്രയ്ക്കകത്തഹോ നിങ്ങള്‍
മറ്റൊരു ലോകമാരചിച്ചല്ലോ!
ആയിരമിളവെയ്‌ലലയാടി
മായ നീലനിഴലുകള്‍ വീശി
കാണുവാൻ കഴിയാത്തോരസംഖ്യം
വീണയൊന്നിച്ചിണക്കമായ് പാടി,
മാത്രതോറും പരിമളമെത്തി
വീര്‍പ്പിടുമൊരു പൂന്തെന്നല്‍ തത്തി,
നാവിലുടൊരമൃതമാധുര്യം
ജീവനിലേക്കലിഞ്ഞലിഞ്ഞൂറി,
ഹാ തുറന്നിട്ടതെന്‍ മുന്നില്‍ നിങ്ങ-
ളേതലോക വിലാസപ്രപഞ്ചം!

നിങ്ങൾ പോകുമ്പോഴൊപ്പം പറക്കും
ഭംഗിയുള്ളൊരസ്വപ്നപ്രപഞ്ചം

എന്ന വരികള്‍ ഉറക്കെ പാടി നോക്കുക. കവി ചിത്രീകരിക്കുന്ന സ്വപ്ന പ്രപഞ്ചത്തിൽ അനുവാചകരായ നാമെത്തുന്നു. അവിടെ പ്രസരിക്കുന്ന പരിമള­മനുഭവിച്ച് നാം മയങ്ങുന്നു. വീണാനാദം കേട്ട്, നീല നിഴലുകളില്‍ വീണ്, സുഷുപ്തിയില്‍ ലയിക്കുന്നു. ഉണര്‍­ന്നെഴുന്നേല്ക്കു­മ്പോള്‍ ആ പ്രപഞ്ചം അപ്രത്യക്ഷ­മായിരിക്കും. എങ്കിലും അതിന്റെ മധുര സ്മരണ നമ്മളില്‍ തങ്ങി നില്ക്കുന്നുണ്ടാവും. മഴവില്ലു കാണുന്നത് ആനന്ദ­പ്രദമാണ്. പക്ഷേ, നിര്‍മ്മല ജലത്തില്‍ ആ മഴവില്ലു പ്രതിഫലിച്ചു കാണുന്നത് അതിനെക്കാൾ ആനന്ദരകരമാണ്. കിനാവ് സ്വഭാവികമായി­ത്തന്നെ സുന്ദരം. അത് കവിതയിലൂടെ ആവിഷ്കരിക്ക­പ്പെടുമ്പോള്‍ ആ രാമണീയകം അതിന്റെ പരകോടി­യിലെത്തുന്നു. വാക്കുകള്‍ അതിന്റെ ചാരുതയ്ക്കു ഭംഗം വരുത്തുന്നില്ല. പനിനീര്‍­പ്പൂവിലെ മഞ്ഞുതുള്ളി പോലെ അതു സുഷമ വര്‍ദ്ധിപ്പിക്കുന്ന­തേയുള്ളു.

അർദ്ധരാത്രിയിലാണ് ഞാന്‍ ഇതെഴുതുന്നത്. ലോകമാകെ അന്ധകാരം പുതച്ചുറങ്ങുകയാണ്. ജനലില്‍ കൂടി പുറത്തേക്കു നോക്കുമ്പോള്‍ എനിക്കു ഭയമാകുന്നു. എങ്കിലും എന്‍റെ മേശപ്പുറത്തിരിക്കുന്ന വൈദ്യുത ദീപം ഇളം പച്ചനിറത്തിലുള്ള മൂടുപടത്തിലൂടെ എന്നെ നോക്കി പുഞ്ചിരി പൊഴിക്കുകയാണ്. ആ കൊച്ചു സുന്ദരിയുടെ പുഞ്ചിരി പ്രഭയില്‍ എന്റെ ചുറ്റുമുള്ള അന്ധകാരം അപ്രത്യക്ഷമായി പോയിരിക്കുന്നു. ആ കൂട്ടുകാരി ഉണ്ടായിരുന്നിട്ടും എന്റെ പേടിക്കു കുറവില്ല. കൊടും തിമിരം. അതിന്റെ ഭയാനകത അത്രയ്ക്കുണ്ട്. പക്ഷേ, അനുഗൃഹീത കവികള്‍ക്കു ഈ അന്ധകാരവും കാവ്യത്തിനു പ്രചോദനം നല്‍കുന്നു. സ്വപ്ന­ദര്‍ശനത്തിന് അനുകൂലമായ പരിതഃസ്ഥിതിക­ളാണല്ലോ നിശീഥിനി പ്രദാനം ചെയ്യുക. ചങ്ങമ്പുഴയ്ക്ക് ഒരു സുന്ദര ദര്‍ശനം ലഭിക്കുന്നു.

മാന്തളിര്‍ച്ചെമ്പട്ടു സാരിയുലയവെ
കാന്താളകങ്ങളിടയ്ക്കിളകെ;
അല്ലണിക്കൂന്തലഴിഞ്ഞു, പുറത്തിളം
മുല്ലമലരുകളൂര്‍ന്നു വീഴ്‌കെ;
ചിന്നിപ്പൊടിഞ്ഞ വിയർപ്പിനാല്‍, നെറ്റിയില്‍
സിന്ദൂരപ്പൊട്ടല്‌പം മാഞ്ഞുപോകെ;
എന്തോ പരിഭവമോതുവാൻ വന്നത-
ച്ചെന്തളിർച്ചുണ്ടില്‍ തകര്‍ന്നുകൊള്‍കെ;
മാമക സ്വപ്നമാ നിന്നനില്‍പെന്നുടെ
മാനസം മന്ദം കവര്‍ന്നു പാടേ!

യാമിനിയെ കണ്ടപ്പോള്‍ കവിഭാവന ഉദ്ദീപ്തമായതിന്റെ ഫലമാണിത്. ഇതു മാത്രമല്ല. രാത്രിയോടു ബന്ധപ്പെട്ട എല്ലാ വസ്തുക്കള്‍ക്കും കവിയെ ചഞ്ചല ചിത്തനാക്കാന്‍ സാധിക്കും. അവയ്ക്കു നിശ്ലബ്ദ സന്ദേശങ്ങള്‍ നല്‍കുവാനുണ്ട്. നീലാന്തരീക്ഷത്തില്‍ നിന്ന് വിശുദ്ധിയുടെയും ശാന്തിയുടെയും മയൂഖമാലകള്‍ പ്രസരിപ്പിക്കുന്ന ചന്ദ്രന്‍ കാല്പനിക കവിതയുടെ ഒരനുപേക്ഷണീയ ഘടകമാണ്. കാനന­രാശികളെ പ്രശാന്തമാക്കുന്ന ഹിമാംശുവിനെ കണ്ടു­കഴിഞ്ഞാല്‍ പ്രക്ഷുബ്‌ധമായ നമ്മുടെ മനസ്സും പ്രശാന്തമാക്കുന്നു. പ്രപഞ്ചത്തിന്റെ വര്‍ണ്ണ­ഭംഗികളെ യാമിനി അപഹരിക്കുന്നു. അവയെ വീണ്ടെടുത്തു കൊടുക്കുന്നത് ചന്ദ്രനാണ്. എന്റെ വീട്ടിലെ മുറ്റത്തു നില്‍ക്കുന്ന റോസാച്ചെടികള്‍ പകല്‍ സമയം മുഴുവന്‍ ഹരിതപ്രഭ വീശിയിരുന്നതാണ്. അന്ധകാരം ആ പച്ചില­ച്ചാർത്തുകളെ ശ്യാമ­വർണ്ണമാക്കി­ക്കളഞ്ഞു. ചന്ദ്രനുദിച്ചാല്‍ അവയ്ക്കു പച്ചനിറം തിരിച്ചുകിട്ടും. മൊട്ടുകളും വിടര്‍ന്ന പുക്കളും വീണ്ടും അരുണ­കാന്തിയില്‍ മുങ്ങും. എന്തൊരു വശ്യശക്തിയാണ് നിലാവിന്? നിഴലും നിലാവും പരസ്പരാശ്ലേഷ­ത്തിലമർന്നു കിടക്കുന്ന മരച്ചുവടുകള്‍ നോക്കുക. അതിലൊരു വുക്ഷത്തില്‍ നിന്നു ഞാന്നു കിടക്കുന്ന ഊഞ്ഞാലില്‍ ഇരുന്ന് എന്റെ പ്രിയതമ ആടുകയാണ്. അവളുടെ തലമുടിയില്‍ മുല്ലപ്പൂമാല ചാർത്തി­ക്കൊടുക്കുന്ന ചന്ദ്രികയെ ഞാൻ എങ്ങനെ സ്നേഹിക്കാ­തിരിക്കും. വെറുതയല്ല കവികള്‍ നിശാപതിക്കും നിലാവിനും ഇത്ര വളരെ പ്രാധാന്യം കൊടുത്തത്. ചങ്ങമ്പുഴ ആവിഷ്കരിക്കുന്ന ഒരു രംഗം നോക്കാം.

’ആകമ്രശീതള ചന്ദ്രികാധാരയ-
ന്നാകാശദേശം കവിഞ്ഞൊഴുകി
ഉത്തമയാകുമൊരംഗനാരത്‌നത്തി-
നുള്‍ത്തങ്കും നിര്‍മ്മല പ്രേമംപോലെ
പിന്നെയും പിന്നെയും വിണ്ണിലെല്ലാടവും
മിന്നിത്തിളങ്ങിനാർ താരകങ്ങള്‍
സദ്രസമെന്‍ മലര്‍മെത്തപ്പുറത്തു ഞാന്‍
നിദ്രയെകാത്തുകാത്താവസിക്കേ
ജാലകദ്വാരത്തിൽ കൂടിയിടയ്ക്കിടെ-
ബ്ബാലേന്ദു രശ്മികളെത്തിനോക്കി’

ആരാമ ലഷ്മിയുടെ നിശ്വാസ സൗരഭം അന്നത്തെ രാത്രിയില്‍ കവിയുടെ മണിമച്ചിലെത്തി; ആയിരമായിരം മൂകസന്ദേശങ്ങളും കൊണ്ടെത്തുന്ന ഒരു കിനാവു പോലെ, പാതിരാപക്ഷി മുറ്റത്തെ മാതളകൊമ്പിലിരുന്നു പാടി. പദങ്ങളുടെയും ലയത്തിന്റെയും പ്രഗല്ഭമായ പ്രയോഗത്താല്‍ ഒരു സ്വപ്ന മണ്ഡലത്തെ ആലേഖനം ചെയ്യാന്‍ കവിക്കു കഴിഞ്ഞിരിക്കുന്നു. ഈ വരികൾ സംജാതമാക്കുന്ന ഹർഷോന്മാദം അവയുടെ മന്ദഗതിയിലുള്ള ലയം കൊണ്ടും പദങ്ങളുടെ മാന്ത്രികശക്തി കൊണ്ടും ജനിച്ചതാണ്. പരിശുദ്ധമായ കവിതയാണിത്. നിര്‍മ്മല സൗന്ദര്യത്തിന്റെ നാകലോകത്തി­ലേക്കുള്ള കവാടം അതു തുറന്നു തരുന്നു.


നിദ്രയുടെ അങ്കതലത്തില്‍

ഈ ലോകത്തിലെ പൈശാചിക സംഭവങ്ങൾ ഹൃദയത്തി­ലേല്പിക്കുന്ന ക്ഷതങ്ങളെ നിശ്ശേഷം സുഖപ്പെടുത്തുകയും നിദ്രാദേവിയെ വാഴ്‌ത്തിപ്പാടുകയും അവളുടെ അങ്കതലത്തില്‍ വിശ്രമിക്കുകയും ചെയ്യുന്നത് കാല്പനിക കവികള്‍ക്കു വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ്. ഏതു നിദ്രയേയും അവര്‍ പ്രശംസിക്കും. അമ്മയുടെ വക്ഷസ്സിൽ കിടന്നുറങ്ങുന്ന കുഞ്ഞ്, പച്ചിലകളിൽ സുഷുപ്തിയില്‍ ലയിച്ചിരിക്കുന്ന തെന്നൽ, താമര­ത്തൊട്ടിലില്‍ ’തങ്കരേണുക്കൾ പുരണ്ട’ ശരീരത്തോടു­കൂടി നിദ്രാവശഗങ്ങ­ളായിരിക്കുന്ന തേനീച്ചകള്‍ ഇവയൊക്കെ കവിഭാവനയെ ഉത്തേജിപ്പിക്കുന്നുണ്ട്. സത്യം പറഞ്ഞാല്‍ നിദ്രയുടെ നികുഞ്ജങ്ങളിലാണ് സൗന്ദര്യവും ശാന്തിയും തണുത്തുറഞ്ഞു കിടക്കുന്നത്. ചങ്ങമ്പുഴ ആ രാമണീയകത്തെ ആവിഷ്കരിക്കുന്ന രീതി ചേതോഹര­മായിട്ടുണ്ട്. ഈ ലോകമാകമാനം നിദ്രയില്‍ ലസിക്കുന്ന സമയം. പാതിരാ­ക്കുയിലുണര്‍ന്നു പാടിക്കഴിഞ്ഞു. പാലയുടെ പൂക്കള്‍ വിരിഞ്ഞു സുഗന്ധം വ്യാപിച്ചിരിക്കുന്നു. ശാരദചന്ദ്രൻ മാഞ്ഞു മാഞ്ഞു പോവുകയാണ്. നക്ഷത്രങ്ങള്‍ പോലും കണ്ണടയ്ക്കുന്നു. ഈ പശ്ചാത്തല വര്‍ണ്ണനയ്ക്കു ശേഷമാണ് കവി സുഷുപ്തിയില്‍ വിലയം പ്രാപിച്ചിരിക്കുന്ന കാമിനിയെ അവതരിപ്പി­ക്കുന്നത്. പുഷ്പമയമായ തല്പം. മണിവിളക്കിന്റെ അവ്യക്ത­പ്രകാശം. അവിടെ നീലച്ചുരുള്‍മുടി അഴിഞ്ഞും ലോലവായുവേറ്റ് അളകരാജിക­ളുലഞ്ഞും കവിയുടെ സൗഭാഗ്യം മനംകവരുന്ന രീതിയില്‍ നിദ്ര ചെയ്യുന്നു. അപ്പോൾ കവി ഒരു സ്വപ്നമായി മാറി നർത്തനം ചെയ്ത്, അവളുടെ തല്‌പത്തി­ലെത്തും. അവളറിയാതെ ആലിംഗനം ചെയ്തിട്ട് തിരിച്ചു പോരും.

നിദ്രയിലുണ്ടാകുന്ന ഒരു അസുലഭ ദര്‍ശനമാണ് ’മയക്കത്തില്‍’ എന്ന കവിതയില്‍ ചിത്രീകരിക്ക­പ്പെട്ടിരിക്കുന്നത്. ചില അക്ഷരങ്ങള്‍ ആവിര്‍ഭവിക്കുന്നു. അവര്‍ അര്‍ദ്ധ­നഗ്നോജ്ജ­ലാംഗികളായ അബ്ധി­കന്യകളല്ലയോ എന്നാണ് കവിയുടെ സംശയം. ശബ്ദവീചികളില്‍ നൃത്തമാടുന്ന ആ മദാലസമാർ, അര്‍ദ്ധ­സുഷുപ്തിയില്‍, ആടിക്കുഴഞ്ഞു നില്‍ക്കുകയാണ്.

അവർ ആരെല്ലാമാണ്?
മഞ്ഞില്‍നീന്തും മൃദു ശശിലേഖാ
മഞ്ജിമതന്‍ കനക ശലാക
ശിഞ്‌ജിതോന്മുഖ നൂപുരരേഖാ
’ഞ്‌ജ’ നില്‍പു വിലാസപതാക!
മിന്നിടു മുഷപ്പൊൻകതിര്‍ നൂലി-
ലൊന്നിൽ വെൺനുര തത്തിയിണങ്ങി
പിന്നിലെല്ലാമിരുളൂര്‍ന്നു ചിന്നി
നിന്നിടും മായാ മാലികപോലെ
പാലൊളിപ്പൂനിലാവില്‍ മയങ്ങും
പാതിരാപ്പൂവിന്‍ പുഞ്ചിരിപോലെ
വന്നു, വാതില്‍ മറഞ്ഞമൃതാംഗി
‘ന്ദ’ നില്‍ക്കുന്നു നാണം കുണുങ്ങി.

മംഗളത്തിന്റെ കളിച്ചെണ്ടേന്തിയ ‘ങ്ഗ’, പുളകപ്രസന്നമായ ‘ണ്ഡ’, ചുംബനത്തിനു ചുണ്ടുവിടര്‍ത്തിയ ‘മ്ബ’ ഇവരൊക്കെ അണിനിരക്കുന്നു. അനുവാചകനെ ചലിപ്പിക്കുക, അനുവാചകനില്‍ നിഗൂഢങ്ങളും നിശബ്ദങ്ങളു­മായിരിക്കുന്ന തന്ത്രികളെ സ്‌പന്ദിപ്പിക്കുക, അതാണ് എല്ലാ കവിതയുടെയും ലക്ഷ്യം. ചിലപ്പോള്‍ മൃദുല­സ്പര്‍ശമായിരിക്കും വേണ്ടത്. മറ്റുചിലപ്പോള്‍ പരുഷ­സ്പർശവും. ചങ്ങമ്പുഴ അനുവാചകന്റെ ഹൃദയ­വിപഞ്ചികയിൽ ലോലാംഗുലിക­ളോടിച്ച് അതിമധുരമായ ഒരു ഗാനം പ്രവഹിപ്പിക്കുകയാണ്. ഇതിനു തുല്യം മനോഹരമായ മറ്റൊരു കവിത മലയാളഭാഷ കണ്ടിട്ടില്ല. സുഷുപ്തി സൗഭഗം ആവിഷ്കരിക്കുന്ന ചങ്ങമ്പുഴ­ക്കവിതകളിലും ഇതിനു പ്രധാന സ്ഥാനമുണ്ട്.

സ്വപ്നം കാണുന്നതു പോലെ തന്നെ അതില്‍ നിന്നു നിര്‍മ്മുക്തരായി മറ്റു സ്വപ്നദര്‍ശകരെ വീക്ഷിക്കുന്നതും രസാവഹമാണ്. നിദ്രയുടെ മടിത്തട്ടില്‍ നിന്ന് നാം വഴുതി വീണെന്നു വിചാരിക്കുക. മറ്റുള്ളവർ ഗാഢദ്രയില്‍ ലയിച്ചിരിക്കുന്നതു കാണാന്‍ സവിശേഷതയുണ്ട്. നാം കണ്ട സ്വപ്നങ്ങളുടെ മധുര­സ്മൃതികളോടു കൂടിയാണ് അവരെ വീക്ഷിക്കുക. നിദ്ര സർവ്വാധികാരം സ്ഥാപിച്ച്, ഭരണം നടത്തുന്ന രംഗം. പ്രജകള്‍ ആ ആധിപത്യത്തില്‍ സങ്കട­പ്പെടുന്നവരല്ല. നേരെമറിച്ച് ആനന്ദിക്കു­ന്നവരാണ്. ഇങ്ങനെ എല്ലാ പ്രജകള്‍ക്കും ആനന്ദമരുളുന്ന മറ്റൊരു സാമ്രാജ്യമില്ല. നമ്മുടെ ചിന്തകള്‍ അങ്ങനെയുള്ള ജാഗ്രദാ­വസ്ഥകളില്‍ സ്വച്ഛന്ദ വിഹാരം ചെയ്യാറുണ്ട്. സർഗ്ഗ­ശക്തിയുള്ള കവികള്‍ അവയ്ക്കു രൂപം കൊടുക്കുന്നു. ലോക­മുറങ്ങുമ്പോള്‍ നിദ്രാ­വിമുക്തനായ ചങ്ങമ്പുഴ കാത്തിരിക്കുന്നു, കല്പകവാടിയില്‍. നക്ഷത്ര­പുഷ്പശയ്യാ­തലം സജ്ജമാക്കി, ചന്ദ്രികാ­ധാരയിൽ മുങ്ങി, ചന്ദന­ച്ഛായയിൽ ഇരിക്കുകയാണ് അദ്ദേഹം. ഏതോ വെളിച്ചം തലോടി അദ്ദേഹത്തിന്റെ ചേതന­ലോചനം തുറന്നു കഴിഞ്ഞു.

അപ്പോഴുണ്ടായ അനുഭവം:

എതോ വികാര തരംഗതരളിത
നാക സംഗീതസരില്‍ പ്രവാഹം
മാമകാത്മാവിനെച്ചുംബിച്ചു, ശീകര
ധാരയിലാശ്ലേഷം ചെയ്തിരുന്നു.
നിര്‍മ്മല രാഗ സുരഭിലമാമൊരു

മർമ്മരം കൊണ്ടു പൊതിഞ്ഞിരുന്ന ഊഷ്‌മാവുയർന്നു പടരുന്ന ഗ്രീഷ്മ കാലത്തിലെ നിശീഥിനികൾ ഏകാന്തതക­ളോടൊരുമിച്ചു ചേർന്നു കവിയുടെ ശോകാർദ്ര ശയ്യയിൽ എത്തുകയാണ്. അപ്പോൾ മലർത്തോപ്പിൽ നിന്നു വരുന്ന മർമ്മര ശബ്ദത്തിൽ മരണത്തിന്റെ ഏതോ രഹസ്യം നിറഞ്ഞിരിക്കുന്നു. ഇങ്ങനെ നിദ്രാ­രഹിത­നായിരിക്കു­മ്പോഴുണ്ടാകുന്ന വിചാര­വികാരങ്ങളെയും ചങ്ങമ്പുഴ സമഞ്‌ജസമായി ചിത്രീകരിക്കുന്നുണ്ട്.

സ്വപ്നം ചിലപ്പോൾ പ്രേതരൂപ­ദർശനമായും മതിവിഭ്രമമായും രൂപാന്തര­പ്പെടാറുണ്ട്. സ്വപ്നത്തിൽ ദർശിക്കപ്പെടുന്ന രൂപം കണ്ണു തുറന്നാലും ദർശകന്റെ മുമ്പിൽ കാണുന്നത് സര്‍വ­സാധരണ­മല്ലെകിലും വിരളമല്ല. അങ്ങനെയുള്ള പേക്കിനാവുകള്‍ ആവര്‍ത്തി­ച്ചുണ്ടായാല്‍ ചിത്തഭ്രമം വരെ സംഭവിക്കാം. സ്വപ്നത്തെ താലോലിക്കുന്ന കാല്പനിക കവികൾ മാനസിക വൈലക്ഷണ്യങ്ങളെ അവയുടെ ബീഭത്സതയോടെ ആവിഷ്കരിക്കുന്നുണ്ട്. ഫ്രഞ്ചു കവി ബോദ്‌ലെയറിനെയാണ് ഞാൻ ഓർമ്മിക്കുന്നത്. പക്ഷേ, കവികളിൽ കാല്പനിക സ്വഭാവം കുറവായിരുന്നാല്‍ ഇമ്മാതിരി വിഷയങ്ങളെ അവര്‍ സ്പര്‍ശിച്ചില്ലെന്നു വരും. കാല്പനികതയുടെ സത്ത് എന്നു കരുതാവുന്ന ചങ്ങമ്പുഴക്കവിതയില്‍ അവ പ്രതിപാദ്യ­വിഷയങ്ങളായി­ല്ലെങ്കിലേ നമുക്കു അത്ഭുതത്തിന് അവകാശമുള്ളു. അദ്ദേഹത്തിന്റെ ‘ഉന്മാദത്തിന്റെ ഓടക്കുഴൽ’ എന്ന കാവ്യം മതിവിഭ്രമത്തെ­ത്തന്നെയാണ് പ്രതിപാദനം ചെയ്യുന്നത്. ദാരിദ്ര്യവും നിരാശതയും ഉദ്വോഗവും വര്‍ദ്ധിച്ച് ഭ്രാന്തനായി­ത്തീര്‍ന്ന ഒരു കലാകാരന്റെ ഹൃദയ­വ്യാപാരങ്ങളെ ചിത്രീകരിക്കുന്ന ഈ കവിതയ്ക്ക് എന്തെന്നില്ലാത്ത ഒരു ശക്തിയുണ്ട്. ഭ്രാന്താശുപത്രിയില്‍ ഇരുമ്പഴികള്‍­ക്കുള്ളില്‍ കിടക്കുകയാണ് ആ കലാകാരൻ. അയാളുടെ സ്വഗതോക്തികളില്‍ നിന്നു ചില വരികള്‍ ഉദ്ധരിക്കട്ടെ.

 
‘അയ്യോ, കനത്തോരിരുമ്പഴി! നീങ്ങുവാന്‍
വയ്യനിക്കെൻ നെറ്റി പൊട്ടി, യോര്‍ത്തില്ല ഞാന്‍
എന്തീ ജലസ്പർശ?-മയ്യോ, കടുംചോര!
നൊന്തിടുന്നീലെനിക്കെന്നിട്ടുമദ്‌ഭുതം!
നെറ്റിപ്പിളര്‍പ്പില്‍ നിന്നൂറി. യിരുകവിള്‍
ത്തട്ടിലും കൂടിയൊലിപ്പു, ഹാ ചെന്നിണം!
ചെന്നിണ, മെന്നഭ്യുതയേച്ഛപോലുള്ള
ചെന്നിണം രോമാഞ്ചമേകുന്ന ചെന്നിണം.’

മരണം — മധുരതരമായ നിദ്ര

എല്കാ നിദ്രകളിലും വച്ചു മധുരതരമായ നിദ്ര — മരണം. അതിനെപ്പറ്റി പാടാത്ത കവികളില്ല; പ്രത്യേകിച്ചും ഭാവനാത്മക കവികള്‍. പ്രപഞ്ചത്തില്‍ ഓരോ നിമിഷവും നാം മരണവും ജനനവും കാണുകയാണല്ലോ. നക്ഷത്രം പൊഴിയുന്നു; മഞ്ഞു തുള്ളി അപ്രത്യക്ഷമാകുന്നു; ബുദ്ബുദം പൊട്ടിത്തകരുന്നു. എല്ലാം മരണം തന്നെ. എങ്കിലും ആ നാശങ്ങളെല്ലാം രമണീയങ്ങളാണ്. ജാഗ്രദവ­സ്ഥയെക്കാള്‍ മധുരതരമാണ് നിദ്ര. നിദ്രയെക്കാൾ മധുരതരമാണ് മരണം. അങ്ങനെയാണ് മരണത്തെ മധുരീകരിക്കുന്ന, കാല്പനിക കവികളുടെ സങ്കല്പം. ചങ്ങമ്പുഴ അവിടെ നിന്നും ഒരടി കൂടി മുമ്പോട്ടു വയ്ക്കുന്നുവെന്നു തോന്നുന്നു. അദ്ദേഹം മരണത്തോടു ചോദിക്കുകയാണ്:

 
‘ആരാണീച്ചുംബനനിർവൃതിയില്‍
ഞാനറിയാതെന്നെ മുക്കീടുവോന്‍
ആ രമ്യ സുസ്മിതം തൂകിയെത്തും
ആതിഥേ നീയെന്‍ മരണമല്ലേ
കൂരിരുളിങ്കലിരുന്നു നിന്നെ
ഞാനിത്രനാളും ഭജിച്ചിരുന്നു
തീരാനിരാശയില്‍ക്കൂടി നിന്റെ
വേണുസംഗീതം ഞാന്‍ കേട്ടിരുന്നു.’

കാര്‍മേഘം നിറഞ്ഞ അന്തരീക്ഷത്തില്‍ ആ കനക നക്ഷത്രത്തെ കവി കാത്തിരിക്കുന്നു. പ്രണയഗാനം മറന്ന മുരളി അദ്ദേഹത്തിന്റെ മടിയില്‍ മൂകമായി കിടക്കുന്നു. അപ്പോള്‍ കവി അന്വേഷിക്കുന്ന ‘ജീവസര്‍വ്വസ്വം’ അദ്ദേഹത്തെ വിളിക്കുന്നു. ആ അവ്യക്താഹ്വാനം കേട്ട് അദ്ദേഹം ഉത്കണ്ഠാകുല­നായിത്തീരുന്നു. മനുഷ്യ­ജീവ­ചൈതന്യത്തിന്റെ യഥാര്‍ത്ഥ കാമുകനായിട്ടാണ് മരണത്തെ ചങ്ങമ്പുഴ കരുതുന്നത്. ശോകപൂരിതമായ ഈ ലോക­ജീവിതം ഒരു മായാ­സ്വപ്നമാണ്. ഗാനശൂന്യമായ ഒരു വിപഞ്ചിക­യാണത്. അതില്‍ ഗാനമാലപിക്കാനുള്ള ശ്രമം വ്യര്‍ത്ഥം. അകലെ, മരണം പ്രേമസല്ലാപത്തിനായി ക്ഷണിക്കുന്നു. ‘ഓമനേ മടിക്കേണ്ട, പോരിക’ ആ ആഹ്വാനം ആ കാമുകനിൽ നിന്നുയരുകയാണ്. സംഗീതാത്മകവും ശാന്തിപ്രദവും ആയ ആ സുഗമ മുഹൂർത്തത്തെ കാത്തിരിക്കുന്നതു തന്നെയാണ് പ്രധാന കർത്തവ്യം. ആ കാമുകന്റെ മാറിടത്തിൽ ചാഞ്ഞു കഴിഞ്ഞാല്‍ ആനന്ദ­സ്വപ്നങ്ങൾ കാണാം. കാലത്തിന്റെ ചിറകടിയൊച്ച കേൾക്കാതെ കിടക്കാം. പ്രേമ പൂർണ്ണമായിരിക്കും അവരുടെ സല്ലാപം. മരണത്തെ സംബന്ധിച്ച് ചങ്ങമ്പുഴയ്ക്കുള്ള ഈ സങ്കല്പം ഹൃദയ­മോഹനങ്ങളായ ഗാനങ്ങളിലൂടെ നമുക്കു ലഭിക്കുമ്പോള്‍ അത് തികച്ചും കാമ്യമായി അനുഭവപ്പെടുന്നു. അത് ആദരണീയമാണോ എന്ന പ്രശ്നത്തിലേക്ക് ഞാന്‍ പ്രവേശിക്കുന്നില്ല. ചങ്ങമ്പുഴ­ക്കവിത ഒരു സുദീര്‍ഘ­സ്വപ്നമാണെന്നു സ്ഥാപിക്കുവാൻ യത്നിക്കുന്ന ഒരു ലേഖനത്തില്‍ അത്തരം വാദങ്ങള്‍ക്കു സ്ഥാനമില്ല.

സ്വപ്ന­ജീവിതത്തെ ചിത്രീകരിക്കുന്നതു­കൊണ്ടല്ല, സ്വപ്നസദൃശമായ ഒരു പ്രതീതി അനുവാചക­നുളവാക്കുന്നതി­നാലാണ് ചങ്ങമ്പുഴ­ക്കവിതയ്ക്ക് ആ സവിശേഷത­യുണ്ടെന്നു പറഞ്ഞത്. സ്വപ്നം കാണുമ്പോള്‍ അത്ഭുതം തോന്നിയെന്നു വരാം. അസാധാരണമായ ഒരു ശോഭ ദര്‍ശിച്ചെന്നു വരാം.

അവ്യക്തതയും അനുഭവപ്പെടാം. നിദ്രയോടു ബന്ധപ്പെട്ട സ്വപ്നത്തിന് ഈ സ്വഭാവ­മൊക്കെയുണ്ട്. ചങ്ങമ്പുഴയുടെ ‘ആ പൂമാല’ എന്ന ആദ്യകാല കവിതയും ‘കാവ്യനർത്തകി’ എന്ന അന്ത്യകാല­കവിതയും പരിശോധിക്കാം. രണ്ടും സ്വപ്ന­ദർശനത്തിന്റെ പ്രതീതി തന്നെയാണ് ജനിപ്പിക്കുന്നത്. പരിശുദ്ധമായ സൗന്ദര്യവും സ്വപ്നത്തിന്റെ ബന്ധ­രാഹിത്യവും അവയ്ക്കു പരിവേഷം ചാർത്തുന്നു. ഔജ്ജ്വല്യവും, പ്രശാന്തതയും രണ്ടു കവിതകളുടെയും ധര്‍മ്മങ്ങളാണ്. പദങ്ങ­ളുയർത്തുന്ന നിസ്വനം പോലും മനസ്സിനെ സുഷുപ്തി­യിലേക്കു കൊണ്ടു ചെന്നിട്ടു സ്വപ്നദർശന­മരുളുന്നു.

കനകച്ചിലങ്ക കിലുങ്ങിക്കിലുങ്ങി-
കഞ്ചനകാഞ്ചി കുലുങ്ങിക്കുലുങ്ങി;
കടമിഴിക്കോണുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍ പൂപ്പുഞ്ചിരി ചെഞ്ചുണ്ടില്‍ത്തങ്ങി
ഒഴുകുമുടയാടയിലൊളിയലകള്‍ ചിന്നി
അഴകൊരുടലാർന്നപോലങ്ങനെ മിന്നി
മതിമോഹനശുഭനർത്തനമാടുന്നയി മഹിതേ
മമ മുന്നില്‍ നിന്നു നീ മലയാളകവിതേ!

എന്തൊരു മായിക വിദ്യയാണിത്? പദങ്ങള്‍ താരാട്ടു പാടുകയാണ്. ലയത്തില്‍ നാം വീണുറങ്ങുന്നു. കിനാവ് അതി­മനോഹരം. തുടർന്നു വരുന്ന വരികള്‍ സ്വപ്നത്തിന്റെ അവ്യക്തത ജനിപ്പിക്കുന്നു.

ഒരു പകുതി പ്രജ്ഞയില്‍ നിഴലും നിലാവും
ഒരു പകുതി പ്രജ്ഞയില്‍ കരി പൂശിയ രാവും
ഇടചേര്‍ന്നെന്‍ ഹൃദയം പുതുപുളകങ്ങള്‍ ചൂടി
ചുടുനെടുവീർപ്പുകൾക്കിടയിലും കൂടി,
ഈ അസ്പഷ്ടതയിൽ­ക്കൂടി നാം കാണുന്ന ഒരു സുന്ദര­നൃത്തം.
‘കണ്ടുനിന്‍ കണ്‍കോണുകളുലയവേ കരിവരി
വണ്ടലയും ചെണ്ടുലയും വനികകള്‍ഞാന്‍
ലളിതേ നിന്‍ കൈവിരല്‍കളിളകവേ കണ്ടു ഞാന്‍
കിളിപാറും മരതക മരനിരകള്‍
കനകോജ്ജ്വല ദീപശിഖാരേഖാവലിയാലെ
കമനീയ കലാദേവത കണിവച്ചതു പോലെ
കവരുന്നു കവിതേ തവനൃത്തരംഗം
കാപാലികനെങ്കിലുമെന്നന്തരംഗം’

നമ്മുടെ ബോധമനസ്സ്, ഈ വരികള്‍ വായിക്കുമ്പോൾ താല്‍ക്കാലിക­മായിട്ടെങ്കിലും ഇല്ലാതെ­യാകുന്നു എന്നു എനിക്കു തോന്നുന്നു; സ്വപ്നദർ ശനത്തില്‍ ബോധ­മനസ്സിനെ­ക്കുറിച്ച് ഓര്‍മ്മയി­ല്ലാതാകുന്നു. ആ ഓര്‍മ്മ­യുണ്ടായാല്‍ സ്വപ്നം തകര്‍ന്നു പോകും. ‘കാവ്യനർത്തകി’ അതിന്റെ മന്ത്രപ്രയോഗത്തില്‍ നമ്മെ അതിവിചിത്രവും പരമ­രമണീയവും ആയ മറ്റൊരു ലോകത്തി­ലെത്തിക്കുന്നു. അപ്പോള്‍ ഇഹലോകത്തെ­ക്കുറിച്ചു സ്മരണയുണ്ടാകാന്‍ നിവൃത്തിയില്ല. ഈ കവിതയില്‍ ആശയ­മെന്തിരിക്കുന്നു എന്നു ചോദിക്കുന്നവ­രുണ്ടാകാം. അവരോട് അരിശപ്പെട്ടിട്ട് പ്രയോജനമില്ല. റോസാപ്പൂക്കള്‍ കൊണ്ടു നിര്‍മ്മിക്കപ്പെട്ട ഹാരം കാണുമ്പോള്‍ മതിമറന്നു പോകുന്നവരുണ്ട്. അവര്‍ ആ പൂക്കള്‍ കൊരുത്തിരിക്കുന്ന വാഴനാരിനെ­ക്കുറിച്ച് അപ്പോള്‍ ചിന്തിക്കാറില്ല. എന്നാല്‍ വാഴനാരിനെ­ക്കുറിച്ചു ചിന്തിക്കുക മാത്രമല്ല, പൂക്കള്‍ പിച്ചിക്കീറി ആ നാരു കണ്ടെത്താന്‍ ശ്രമിക്കുന്ന­വരുമുണ്ട്. ആ വാനര­കൗതുകം പ്രത്യേകമാണ്. ‘കാവ്യനര്‍ത്തകി’യിലെ ആശയ­മന്വേഷിക്കുന്ന നിരൂപകന്‍ വാഴനാരു കാണാന്‍ ശ്രമിക്കുന്ന ആളാണ്.

കവിതയുടെയും കിനാവിന്റെയും നികുഞ്ജം

ചങ്ങമ്പുഴയുടെ ‘മനസ്വനി’ എന്ന കവിത ഒരു ഭാവാത്മക വിലാപമാണ്. വികാരത്തിന്റെയും നിരാശതയുടെയും ആത്മസംതൃപ്തി­യുടെയും മന്ദ്രധ്വനികള്‍ അതിൽ പല സ്ഥലങ്ങളിലും കേൾക്കാം. കുയിലിന്റെ ഗാനം പോലെ ആ കവിത ഹൃദയ­ഹാരിയാണ്. ശുദ്ധ സംഗീതമായി അതുയരുന്നു. ബുദ്ധിയല്ല ഹൃദയമാണ് പാടുന്നത്. ചിന്ത പോലും ഭാവാത്മക­ത്വത്തില്‍ വിലയം പ്രാപിക്കുന്നു. മലയാള കവിതയ്ക്ക് എത് ഔന്നത്യത്തില്‍ ചെന്നു ചേരാ­മെന്നതിന് ഇത് ഉത്തമ­നിദര്‍ശനമാണ്. ഇതെല്ലാ­മാണെങ്കിലും ‘മനസ്വിനി’യും ഒരു മധുര­സ്വപ്നമാണെന്ന കാര്യമാണ് ഏറ്റവും പ്രധാനം. അതു വായിക്കുമ്പോൾ, ആ സ്വപ്നം നമ്മുടെ ജീവിതത്തിന്റെ ഒരനുപേക്ഷണീയ­ഘടകമായി പരിണമിക്കുന്നു. കിനാവും യുക്തിവിചാരവും പരസ്പര­വിരുദ്ധങ്ങളാണല്ലോ. ഇവിടെ ആ വൈരുദ്ധ്യമില്ലെന്നു മാത്രമല്ല, രണ്ടും ഒന്നായി­ത്തീരുകയും ചെയ്യുന്നു. അരുണിമ കലര്‍ന്ന പ്രഭാതാരള്യം, കാടുകളിലെ കളകള­ശബ്ദം, പ്രതിപാദ്യത്തിന്റെ കാല്പനികത്വം എന്നിവ സ്വപ്നത്തിന്റെ മായികത്വം വര്‍ദ്ധിപ്പിക്കുന്നു.

മലരൊളിതിരളും മധുചന്ദ്രികയില്‍
മഴവില്‍ക്കൊടിയുടെ മുനമുക്കി
എഴുതാനുഴറീ കല്പനദിവ്യമൊ-
രഴകിനെ എന്നെ മറന്നു ഞാന്‍!
മധുരസ്വപ്നശതാവലിപൂത്തൊരു
മായാലോകത്തെത്തീഞാന്‍!
അദ്വൈതാമല ഭാവസ്പന്ദിത
വിദ്യുന്മേഖല പൂകീ ഞാന്‍’

എന്ന് ആ അനുഗൃഹീത കവി പാടുമ്പോള്‍ കവിതയുടെയും കിനാവിന്റെയും സ്വർഗ്ഗലോക­നികുഞ്ജങ്ങളിലേക്ക് നാം ആനയിക്കപ്പെടുന്നു. യഥാർത്ഥ ലോകത്തിലേക്കുള്ള ഒരു സഞ്ചാരമല്ല അത്. അങ്ങനെ രണ്ടു ലോകമില്ല. ഒരു ലോകമേയുള്ളു. അതു സ്വപ്നത്തിന്റെതുമാണ്.

ചങ്ങമ്പുഴയുടെ ഏത് ഉത്തമ കവിതയുടെയും സ്വഭാവമിതാണ്. ‘സങ്കല്പകാന്തി’യിലെ ‘കാളിദാസന്‍’, ‘വനദേവത’, ‘ഉദ്യാനലക്ഷ്മി’ യെന്ന കാവ്യ­സമാഹാര­ഗ്രന്ഥത്തിലെ ‘ഉദ്യാനലക്ഷ്മി’ എന്ന കവിത, ‘സ്പന്ദിക്കുന്ന അസ്ഥിമാട’ത്തിലെ ‘ആനന്ദലഹരി’, ‘പച്ച’, ‘രക്തപുഷ്പ’ങ്ങളിലെ ‘മാപ്പു നല്‍കേണമേ’, ‘ഹേമന്ദചിന്ദ്രിക’യിലെ ഗാനങ്ങള്‍ — ഇവയെല്ലാം കവിയുടെ സ്വപ്നങ്ങളാണ്. ബോധപൂര്‍വ്വം നിത്യ­ജീവിത­യാഥാര്‍ത്ഥ്യ­ത്തിലേക്കു വരുമ്പോൾ ചങ്ങമ്പുഴ പരാജയപ്പെടുന്നു. ‘കാളിദാസനും’ ‘വാഴക്കുല’യും താരതമ്യ­പ്പെടുത്തിയാല്‍ ഈ സത്യം മനസ്സിലാകും. കാവ്യ­സൗന്ദര്യത്തെ അവലംബിച്ചു നോക്കുക­യാണെങ്കില്‍ ‘കാളിദാസന്‍’ എന്ന കവിതയുടെ സമീപത്തു വരാന്‍ ‘വാഴക്കുല’ എന്ന കവിതയ്ക്ക് അര്‍ഹതയില്ല. മായിക സൗന്ദര്യത്തിന്റെ ക്ഷണപ്രഭകളും പ്രസ്ഫുരണങ്ങളും ‘കാളിദാസനും’ ഒരു അലൗകികച്ഛായ കൈവരുത്തുന്നു. വരാംഗനകൾ കല്പക­പ്പൂവുകൾ വാരിവിതറുന്ന ആ നാക ലോകത്തു നിന്നു ഒരിക്കലും മടങ്ങി വരാതിരുന്നെങ്കില്‍ എന്നു നാം അഭിലഷിക്കുന്നു. അവിടത്തെ രാമണീയകം ഈ ലോകത്തിലെ രാമണീയകത്തെ­ക്കാള്‍ എത്ര സമുല്‍കൃഷ്ടം! നീലക്കടലിനു മുകളില്‍ നീലാന്തരീക്ഷത്തിൽ­ക്കൂടി ചിറകു വിരിച്ചു വൃത്താകൃതിയില്‍ പറക്കുന്ന കൃഷ്ണപ്പരുന്ത് വീണ്ടും വീണ്ടും അതിന്റെ ഭ്രമണ­പഥത്തില്‍­ത്തന്നെ വന്നു ചേരുന്നതു പോലെ നാം ഈ കാവ്യത്തിന്റെ സ്വപ്നാന്തരീക്ഷത്തിൽ­ക്കൂടി അനവരതം, അനുസ്യൂതം പരിഭ്രമണം ചെയ്യുകയാണ്. അവിടം വിട്ടു പോകാന്‍ നമ്മുടെ മനസ്സ് സമ്മതിക്കുന്നില്ല.

നിദ്രയില്‍ മുഴുകി, സ്വപ്നം കാണേണ്ട യാമിനിയിലാണ് ഞാന്‍ ഈ വരികള്‍ എഴുതുന്നത്. എങ്കിലും നിദ്രാ­രാഹിത്യം എനിക്കു ക്ലേശമുണ്ടാക്കുന്നില്ല. കേരളീയരെ­യാകെ സ്വപ്ന­മണ്ഡലത്തില്‍ ആനയിച്ച ഒരു കവിയുടെ അസുലഭ­സിദ്ധികളെ­ക്കുറിച്ചാണല്ലോ ഞാന്‍ ഇതുവരെയും എഴുതിയത്. അതിവിദൂരതയില്‍ ഒരു താരകം സ്വപ്നം കണ്ടു കണ്ണു ചിമ്മുന്നു. വുക്ഷങ്ങളും നദികളും എല്ലാം കിനാവു കാണുക­യായിരിക്കാം. ഈ സമയത്ത് സ്വപ്ന ദര്‍ശകനായ ചങ്ങമ്പുഴയോട് ഞാന്‍ ഇങ്ങനെ പറയട്ടെ:

പച്ചിലച്ചാര്‍ത്തിന്നടിയിൽനിന്നോമന-
പ്പിച്ചത്തില്‍ കൊച്ചുപൂമൊട്ടുമാതിരി
ഹാ, വിടരുന്നു നിന്‍ കാവ്യങ്ങളില്‍ നവ-
ഭാവന തന്റെ സുരഭിലവീചികള്‍!
കോരിക്കുടിച്ചിടുംതോറുമവയില്‍ നി-
ന്നൂറി വരുന്നു പുതിയ സുധാരസം!
എന്നും നശിക്കാത്തൊരേതോ പുതുമ തന്‍
പൊന്നിൻ ചിറകടിച്ചാർത്ത കൌതൂഹലം’
വിശ്വം മുഴുവന്‍ വിഹരിപ്പൂ, വാടാത്ത
വിദ്യുല്ലതേ, നിന്‍കവിതയാം പൈങ്കിളി’.