close
Sayahna Sayahna
Search

അറിയാത്തലങ്ങളിലേയ്ക്ക്


അറിയാത്തലങ്ങളിലേയ്ക്ക്
EHK Novel 06.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അറിയാത്തലങ്ങളിലേയ്ക്ക്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 85

ഇ ഹരികുമാര്‍

കഥ തുടങ്ങുന്നത് 1975-ൽ

രായിരു മേനോൻ — (നന്ദന്റെ അമ്മമ്മയുടെയും അവരുടെ ചെറിയമ്മയുടെ മകൾ നാണി മുത്തശ്ശിയുടെയും അമ്മാവൻ, ജനനം: 1840; മരണം: 1915)
ഇട്ടിരാമമേനോൻ — രായിരു മേനോന്റെ അനുജൻ (ജനനം: 1850; മരണം: 1918)
കുട്ടന്റെ അച്ഛമ്മ — നന്ദന്റെ അമ്മമ്മ (ജനനം: 1900; മരണം: ?)
കുട്ടന്റെ അച്ഛൻ — (ജനനം: 1918; മരണം: ?)
കുട്ടന്റെ അമ്മ — (ജനനം: 1938; മരണം: ?)
നന്ദന്റെ അമ്മ സുഭദ്ര — (ജനനം: 1938; മരണം: ?)
ജ്യോത്സ്യൻ മാധവപ്പണിക്കർ — (ജനനം: 1902)
കുട്ടൻ — (ജനനം: 1957)
ഇന്ദിര — (കുട്ടന്റെ പെങ്ങൾ, നന്ദന്റെ ഭാര്യ; ജനനം: 1964)
നന്ദൻ — (കുട്ടന്റെ അച്ഛന്റെ മരുമകൻ; ജനനം: 1959; വിവാഹം: 1990; 2006ൽ (നോവൽ തുടങ്ങുമ്പോൾ) 45 വയസ്സ്)
രാധ — (നന്ദന്റെ ജ്യേഷ്ഠത്തി; ജനനം: 1956)
വന്ദന — (നന്ദന്റെയും ഇന്ദിരയുടെയും മകൾ; ജനനം: 1991; 2006-ൽ 15 വയസ്സ്)
ഭാർഗ്ഗവിയമ്മ — അയൽക്കാരിയും നാലുകെട്ടിന്റെ സൂക്ഷിപ്പുകാരിയും (ജനനം: 1948)
ദേവി — ഭാർഗ്ഗവിയമ്മയുടെ മകൾ (ജനനം: 1967)

എന്റെ സാധാരണ നോവലുകളിൽ നിന്ന് വളരെ വ്യത്യസ്തമായ ഒന്നാണ് ‘അറിയാത്തലങ്ങളിലേയ്ക്ക്.’ അദ്ഭുതകരമായി പലതും എന്റെ ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട്. അതിനെയെല്ലാം വെറും അന്ധവിശ്വാസമായി തട്ടിക്കളയാൻ എന്റെ ശാസ്ത്ര പരിജ്ഞാനം സമ്മതിയ്ക്കുന്നില്ല. ശാസ്ത്രത്തെപ്പറ്റി വലിയ ബോധമൊന്നുമില്ലാത്തവർക്ക് യുക്തിവാദിയാവാൻ എളുപ്പമാണ്. ഒരു അന്ധവിശ്വാസിയുമാവാം. രണ്ടും, അതായത് യുക്തിവാദവും അന്ധവിശ്വാസവും ഒരേ അളവുകോലിന്റെ രണ്ടറ്റങ്ങളാണ്. അച്ഛൻ ഒരിയ്ക്കൽ പറയുകയുണ്ടായിട്ടുണ്ട്. ‘എനിയ്ക്ക് യുക്തി മനസ്സിലാവും, പക്ഷെ യുക്തിവാദം, അതെന്താണ്?’ എനിയ്ക്കും അതേ പറയാനുള്ളൂ. മറ്റെല്ലാ വാദങ്ങളേയും പോലെ യുക്തിവാദവും ഒരുതരം തീവ്രവാദമാണ്.

ഈ നോവലിൽ നിങ്ങളുടെ യുക്തിയ്ക്കതീതമായി പലതും കാണാം. എനിയ്ക്കു പറയാനുള്ളത്, ഈ നോവലിലെ ഒരു കഥാപാത്രം തന്നെ പറയുന്നതു പോലെ, ‘ഈ പ്രപഞ്ചത്തിൽ നമുക്ക് മനസ്സിലാവാത്ത പലതുമുണ്ട് മോളെ. എല്ലാമറിയണമെന്ന് എന്താണ് നിർബ്ബന്ധം?’ എല്ലാ വയസ്സിലുള്ളവർക്കും വായിച്ചാസ്വദിക്കാൻ തക്കവണ്ണമാണ് ഞാനീ നോവലിന്റെ രചന നിർവ്വഹിച്ചിട്ടുള്ളത്. ഓരോ അദ്ധ്യായമെത്തുമ്പോഴും അതിനെപ്പറ്റി ഗൃഹസദസ്സുകളിലോ ക്ലാസ്സുമുറികളിലോ ഊഹാപോഹങ്ങൾക്കും തുറന്ന ചർച്ചയ്ക്കും വേദിയൊരുക്കുന്നു ഈ നോവൽ. വായനയിൽ ഒട്ടും ബുദ്ധി വേണ്ടെന്നുള്ള അഭിപ്രായമൊന്നും ആർക്കുമില്ലല്ലൊ. അല്പസ്വൽപം ബുദ്ധിയുപയോഗിച്ചാലേ ഈ നോവൽ പൂർണ്ണമായും ആസ്വാദ്യതയുടെ വരുതിയിൽ വരൂ.

ഈ ലോകത്ത് എറ്റവുമധികം വായിയ്ക്കപ്പെടുന്ന പുസ്തകങ്ങൾ നിധി തേടുന്ന കഥകളാണ് എന്നു തോന്നുന്നു. പ്രായവ്യത്യാസമില്ലാതെ ഏവർക്കും ആസ്വദിയ്ക്കാമെന്നതായിരിയ്ക്കണം കാരണം. പോരാത്തതിന് തേടിപ്പിടിയ്‌ക്കേണ്ടതായ ഒരു നിധി എല്ലാവരുടെ മനസ്സിലുമുണ്ട്. നമ്മടെ ജിവിതം തന്നെ ആ നിധിയ്ക്കു വേണ്ടിയുള്ള അന്വേഷണമാണ്. അതെന്നെങ്കിലും പെട്ടെന്ന് അവിചാരിതമായി മുമ്പിൽ പൊന്തി വന്ന് നമ്മെ അദ്ഭുതപ്പെടുത്തുകയും ആഹ്ലാദഭരിതരാക്കുകയും ചെയ്യുമെന്ന ബോധം എല്ലാവരുടെ മനസ്സിലുമുണ്ട്. അതുകൊണ്ട് ഈ നോവൽ വായിയ്ക്കുമ്പോൾ വായനക്കാരൻ യാത്ര ചെയ്യുന്നത് സ്വന്തം മനസ്സിന്റെ നിഗൂഢതലങ്ങളിലേയ്ക്കാണ്. അവിടെ അദ്ഭുതങ്ങൾ നിങ്ങളെ കാത്ത് പതുങ്ങിയിരിയ്ക്കുന്നുണ്ടാവും, ഈ നോവലിലെ തട്ടിൻപുറം പോലെ.

സമയത്തെപ്പറ്റി, കാലത്തെപ്പറ്റിയെല്ലാം എനിയ്ക്ക് എന്റേതായ ധാരണകളുണ്ട്. എന്റെ പല കഥകളിലും ആ സങ്കല്പം വരുന്നുണ്ട്. സമയം ഒരൊറ്റ തലത്തിലല്ലാതെ പല അടരുകൾ അല്ലെങ്കിൽ പാളികളായിട്ടാണ് കിടക്കുന്നത് എന്നാണെന്റെ വിശ്വാസം. നാം ഒരൊറ്റ പാളി മാത്രം കാണുന്നത് നമ്മുടെ മനസ്സിന്റെ പരിമിതിമൂലമാണ്. ഒന്നിലധികം തലങ്ങളുള്ള ലോകം എനിക്കിഷ്ടപ്പെട്ട വിഷയമാണ്. അത് സ്വാഭാവിക ചുറ്റുപാടുകളിൽനിന്ന് പ്രകൃത്യതീത പ്രതിഭാസങ്ങളിലേയ്ക്ക് തെന്നിപ്പോകുന്നത് എന്റെ പല കഥകളിലും കാണാം. താമസി, വടക്കുനിന്നൊരു സ്ത്രീ, ഒരു പഴയ ഓസ്റ്റിൻ കാർ, ആശ്രമം ഉറങ്ങുകയാണ്, ജംറയിലെ ചെകുത്താൻ, മറ്റൊരു ലോകത്തിൽ മറ്റൊരു കാലത്തിൽ, കാലത്തിന്റെ ഏതോ ഊടുവഴികളിൽ, അന്വേഷണം, കുട്ടിച്ചാത്തന്റെ ഇടപെടലുകൾ, മറ്റാരാൾ എന്നീ കഥകളിലും ആസക്തിയുടെ അഗ്നിനാളങ്ങൾ എന്ന നോവലിലും പ്രകൃത്യതീത പ്രതിഭാസങ്ങൾ പ്രത്യക്ഷപ്പെടുന്നുണ്ട്.

ഇങ്ങിനെയുള്ള കഥകൾ കുട്ടികൾ വായിക്കുന്നതിനെപ്പറ്റി ഞാൻ ധാരാളം ആലോചിച്ചിട്ടുണ്ട്. എന്റെ അഭിപ്രായം ഇളം പ്രായത്തിൽ കുട്ടികളുടെ ഭാവനയ്ക്ക് തിരി കൊളുത്താൻ ഈ കഥകൾക്ക് കഴിയുമെന്നു തന്നെയാണ്. കുട്ടിക്കാലത്ത് എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് പ്രേത കഥകളും അദ്ഭുതപ്രതിഭാസങ്ങൾ ഉൾക്കൊള്ളുന്ന കഥകളുമാണ്. ഞാൻ അന്ധവിശ്വാസിയായില്ലെന്നു മാത്രമല്ല, ഒരു ശരാശരി ദൈവവിശ്വാസി കൂടിയാവാൻ കൂട്ടാക്കിയില്ല. മറിച്ച് എന്റെ ക്രിയാത്മക ശ്രമങ്ങൾക്ക് തുടക്കം കുറിച്ചത് ആ വായനയാണ്. എന്റെ മുമ്പിലുള്ള നല്ലൊരുദാഹരണം അച്ഛന്റെ ‘പൂതപ്പാട്ടാ’ണ്. കുട്ടികൾ ഏറ്റവുമധികം ഇഷ്ടപ്പെടുന്ന ഒരു കവിതയാണത്. അതു വായിച്ച ഒരു കുട്ടിയും മുതിർന്നപ്പോൾ അന്ധവിശ്വാസിയായിട്ടുണ്ടെന്ന് എനിയ്ക്കു തോന്നുന്നില്ല. ഞാനറിയുന്ന കുട്ടികളൊന്നും ആയിട്ടില്ല. മറിച്ച് അതവരുടെ ഭാവനയ്ക്ക് മഴവില്ലന്റെ നിറങ്ങൾ കൊടുക്കുകയാണ് ചെയ്തിട്ടുള്ളത്. കൂടുതൽ വായിക്കാൻ പ്രേരിപ്പിയ്ക്കും വിധം അതവരുടെ പ്രജ്ഞയിൽ വെളിച്ചം വിതറുകയാണുണ്ടായിട്ടുള്ളത്.

ഈ നോവൽ കുട്ടികളെക്കൊണ്ടു വായിപ്പിയ്ക്കുക. അതവരുടെ സംസ്‌കാരത്തെ തീർച്ചയായും ഉയർ ത്തും. അപഗ്രഥനത്തിനും വിശകലനത്തിനുമുള്ള സാധ്യതകൾ നിറഞ്ഞതിനാൽ കുട്ടികളുടെ ബുദ്ധി വികസിപ്പിയ്ക്കാനുള്ള ഘടകങ്ങളും സ്വാഭാവികമായും ഈ നോവലിൽ ധാരാളമുണ്ട്. ഏതാനും സ്‌കെച്ചുകൾ ചേർത്തിരിയ്ക്കുന്നത് വരികൾക്കൊപ്പം മനസ്സും എത്തിപ്പെടാൻ സഹായിക്കും. ഇതൊരു നിധി അന്വേഷണത്തിന്റെ കഥയാണ്. സ്വാഭാവികമായും മാപ്പുകളും സ്‌കെച്ചുകളും ആവശ്യമാവും. ആ മാപ്പുകളാവട്ടെ ഏതൊരു കുട്ടിയ്ക്കും മനസ്സിലാവത്തക്ക വിധത്തിലാണ് വരച്ചിരിയ്ക്കുന്നത്. ചതുരംഗത്തെപ്പറ്റി കുറച്ചു പരാമർശങ്ങളേയുള്ളു. അതാകട്ടെ മനസ്സിലാക്കാൻ ഒട്ടും വിഷമമില്ലാത്തതാണ്. ഈ നോവൽ വായിച്ച് ഒരു കുട്ടിയ്‌ക്കോ മുതിർന്ന ഒരാൾക്കോ ചതുരംഗത്തിൽ താല്പര്യം വരികയാണെങ്കിൽ അത്രയും നല്ലത്. പക്ഷെ നോവലിന്റെ ആസ്വാദ്യതയ്ക്ക് ഈ കളി അറിയണമെന്ന് നിർബ്ബന്ധമൊന്നുമില്ല. അറിയുന്നവർക്ക് കൂടുതൽ മനസ്സിലാവുമെന്നു മാത്രം.

നോവലിന്റെ അന്ത്യത്തിന് മാനവീകതയുടേതായ ഒരു മാനം സൃഷ്ടിച്ചത് സ്വാഭാവികം മാത്രമാണ്. എഴുതുന്ന വ്യക്തിയുടെ മനസ്സ് അയാളുടെ എഴുത്തിൽ എങ്ങിനെയായാലും പ്രതിഫലിയ്ക്കാതിരിയ്ക്കില്ല. അതൊരു ബലഹീനതയാണ്. നമ്മൾ നമ്മെത്തന്നെ ഒറ്റിക്കൊടുക്കുന്ന നിമിഷങ്ങൾ. നോവലിന്റെ അന്ത്യവുമായി നിങ്ങൾക്ക് സാധർമ്മ്യം പ്രാപിയ്ക്കാനാവുമെങ്കിൽ എന്റെ നോവൽ വിജയിച്ചു എന്നു പറയാം. അങ്ങിനെ ആയില്ലെങ്കിൽ ഇതൊരു പരാജയവുമല്ല. തലയായാലും വാലായാലും നിങ്ങൾ ജയിക്കുകതന്നെയാണ്. നിങ്ങൾക്കുള്ളിൽ കുടികൊള്ളുന്ന സംസ്‌കൃതി.

ഇ ഹരികുമാർ
നവംബർ 2, 2006

അദ്ധ്യായങ്ങള്‍

(പുസ്തകങ്ങളില്‍ കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ക്ക് ഗൃന്ഥകാരനോട് കടപ്പാട്.)