close
Sayahna Sayahna
Search

ചോദ്യോത്തരങ്ങൾ
ശ്രീ എം കൃഷ്ണന്‍ നായരുടെ മുപ്പത്തിയാറു കൊല്ലം നീണ്ടുനിന്ന സാഹിത്യവാരഫലം എന്ന പ്രതിവാരപംക്തിയില്‍ അദ്ദേഹം ഹാസ്യാത്മകമായി എഴുതിയ ചോദ്യോത്തരങ്ങളുടെ സങ്കലനമാണ് ഈ താളില്‍.

കലാകൗമുദി ലക്കം 800

Symbol question.svg.png ഔദ്ധ്യത്യമുള്ളവരെ എങ്ങനെ തിരിച്ചറിയാം?

അങ്ങനെയുള്ളവരോടു സംസാരിക്കുമ്പോള്‍ അവരെക്കുറിച്ചു തന്നെ നിങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നാല്‍ അവര്‍ മനസ്സിരുത്തി എല്ലാം കേള്‍ക്കും. കേട്ടുകൊണ്ടിരിക്കെ അവരുടെ മുഖം തിളങ്ങും. കണ്ണുകള്‍ക്കു കൂടുതല്‍ പ്രകാശമുണ്ടാവും. എപ്പോള്‍ നിങ്ങള്‍ മറ്റുകാര്യങ്ങളിലേക്കു തിരിയുമോ അപ്പോള്‍ അവര്‍ കോട്ടുവായിടും.

Symbol question.svg.png നുണപറഞ്ഞ് സ്നേഹിതന്മാരെ ശത്രുക്കളാക്കി മാറ്റുന്നവരെക്കുറിച്ച് എന്തുപറയുന്നു?

അവര്‍ (അപവാദികള്‍) കൊലപാതികളെക്കാള്‍ ഹീനന്മാരാന്. സ്വന്തം വീട്ടിലെ ഏതോ ഹീനകൃത്യങ്ങള്‍ കണ്ട് ഒന്നും ചെയ്യാനാവാതെ ദോഷം മറ്റു വ്യക്തികളുടെ നേര്‍ക്കു തിരിച്ചുവിടുന്നതിന്റെ ഫലമായാണ് അപവാദ കൗതുകം.

Symbol question.svg.png ബ്രിട്ടിഷുകാര്‍ ഇന്ത്യ ഭരിച്ചകാലത്ത് ഏതു സര്‍ക്കാരെഴുത്തിന്റെ അവസാനത്തും I am your most obedient servent എന്നെഴുതി ഒപ്പിടുമായിരുന്നു ഉദ്യോഗസ്ഥന്മാര്‍. ഇപ്പോള്‍ yours faithfully എന്നും. നന്നായില്ലേ ഈ മാറ്റം?

പണ്ടും ഇക്കാലത്തും ഭര്‍ത്താക്കന്മാര്‍ ഭാര്യമാരോട് I am your most obedient servent എന്നു യഥാക്രമം പറഞ്ഞു, പറഞ്ഞുകൊണ്ടേയിരിക്കുന്നു. അതുകൊണ്ട് സര്‍ക്കാര്‍ മേഖലകളില്‍ നിന്നെങ്കിലും അതെടുത്തു മാറ്റാമെന്നു നമ്മുടെ ജനാധിപത്യ സര്‍ക്കാര്‍ തിരുമാനിച്ചു. നന്നായി. എന്നിട്ടും ഭാര്യമാര്‍ yours faithfully എന്നു പറയുന്നില്ല. ʻകലികാലവൈഭവംʼ എന്നു സി. വി. രാമന്‍പിള്ള പറഞ്ഞില്ലേ.

Symbol question.svg.png അടുത്തജന്മം സായിപ്പായി ജനിക്കുമോ നിങ്ങള്‍? സായിപ്പിന്റെ കൃതികളല്ലേ നിങ്ങള്‍ക്കിഷ്ടം?

അടുത്തജന്മമുണ്ടെങ്കില്‍ കേരളീയനായി ജനിക്കാനാന് എനിക്കു താല്‍പ്പര്യം. എങ്കിലേ എഴുത്തച്ഛന്റെയും കുഞ്ചന്‍ നമ്പ്യാരുടേയും ചങ്ങമ്പൂഴയുടേയും കവിത വായിക്കാന്‍ പറ്റൂ.

Symbol question.svg.png ശിവഗിരിയില്‍ നിങ്ങള്‍ പ്രസംഗിച്ചു കഴിഞ്ഞപ്പോള്‍ വിവരമില്ലാത്ത കുറെ പിള്ളേര്‍ നിങ്ങളുടെ ചുറ്റും കൂടി ഓട്ടോഗ്രാഫ് വാങ്ങുന്നതു കണ്ടു. നിങ്ങള്‍ അത്രയ്ക്കു വലിയ ആളോ?

അയ്യോ ഒട്ടും വലിയ ആളല്ല. കുട്ടികള്‍ ചോദിച്ചപ്പോള്‍ ഞാന്‍ ഒപ്പിട്ടുകൊടുത്തു എന്നേയുള്ളൂ. പിന്നെ നിങ്ങളെ അവര്‍ കണ്ടില്ല. കണ്ടെങ്കില്‍ തിരുവനന്തപുരത്തെ ഫിങ്കര്‍ പ്രിന്റ് ബ്യൂറോയില്‍ സൂക്ഷിക്കാനായി നിങ്ങളുടെ വിരലടയാളം കുട്ടികള്‍ എടുത്തേനേ.


കലാകൗമുദി ലക്കം 801

Symbol question.svg.png ഞാന്‍ വയസ്സനായിപ്പോയിയെന്നു ചിലരെപ്പോഴും പറയുന്നതെന്തിനു്?

ʻഅത്രയ്ക്ക് വയസ്സൊന്നുമായില്ലല്ലോʼ എന്ന് മറ്റുള്ളവര്‍ പറയാന്‍‌ വേണ്ടി.

Symbol question.svg.png ഈ ലോകത്ത് സഹിക്കാനാവാത്തത്?

മറ്റുള്ളവരുടെ പിള്ളേര്‍.

Symbol question.svg.png മിലാന്‍ കുന്ദേരയുടെ The Joke എന്ന നോവലിനെക്കുറിച്ച് എന്താണു് അഭിപ്രായം?

പുസ്തകം കൈയിലുണ്ടെങ്കിലും ഞാനതു് വായിച്ചിട്ടില്ല. ഫ്രഞ്ച് നിരൂപകന്‍ ആരാഗൊങ് (Aragon) അതിനെക്കുറിച്ചു പറഞ്ഞത് ʻone of the greatest novels of the centuryʼ എന്നാണു്.

Symbol question.svg.png വില്യം ഗോള്‍ഡിങ്ങിനെക്കുറിച്ച് നിങ്ങള്‍ എന്തു പറയുന്നു?

തീര്‍ച്ചയായും അദ്ദേഹം നോവലിസ്റ്റല്ല.

Symbol question.svg.png നിങ്ങളെ സ്ത്രീകള്‍ വിനയത്തോടെ തൊഴുന്നത് ഞാന്‍ പലപ്പോഴും കണ്ടിട്ടുണ്ട്. നിങ്ങളുടെ കഴിവു കണ്ടിട്ടുള്ള ബഹുമാനമാണോ അതു്?

അല്ല. പ്രായാധിക്യത്തെ സ്ത്രീകള്‍ ബഹുമാനിക്കുന്നതു പോലെ മറ്റാരും ബഹുമാനിക്കാറില്ല.

Symbol question.svg.png ഗാന്ധിജിയുടെ ജന്മദിനത്തില്‍ റോഡ് അടിച്ചു വാരുന്ന പെണ്‍കുട്ടികള്‍ വിട്ടില്‍ ഒരു മുറിപോലും അടിച്ചു വാരാത്തതെന്ത്?

അടിച്ചു വാരുമല്ലോ. വീട്ടിനകത്ത് ചൂലു കൈയില്‍ വച്ചുകൊണ്ട് അവര്‍ മുറിയാകെ ഒന്നു നോക്കും. എന്നിട്ട് ʻʻഅമ്മേ പൊടിയും ചവറുമൊന്നുമില്ല. ഞാന്‍ നല്ലപോലെ തൂത്തുˮ എന്ന് അടുക്കളയിലിരിക്കുന്ന അമ്മയോട് ഉറക്കെപ്പറയും. ഗാന്ധിജിയുടെ ജന്മദിനത്തിലാണെങ്കില്‍ സാരിത്തുമ്പ് ഇടുപ്പില്‍ കുത്തിക്കൊണ്ട് റോഡ് അടിച്ചു വാരലോട് അടിച്ചു വാരല്‍ തന്നെ.


കലാകൗമുദി ലക്കം 973

Symbol question.svg.png തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍ എന്നു കരുതപ്പെടുന്ന വര്‍ഗ്ഗത്തിലെ സ്ത്രീകളോട് ഉന്നതവര്‍ഗ്ഗജാതര്‍ ലൈംഗികബന്ധം നടത്തുന്നത് എങ്ങനെ? അപ്പോള്‍ ജാതി വിസ്മരിക്കപ്പെടുമോ?

സെക്സിനെസംബന്ധിച്ച ഒരു കാര്യവും ഈ പംക്തിയില്‍ വരരുതെന്നാണ് എം.പി. അപ്പന്‍സാറിന്റെ സ്നേഹപൂര്‍വമായ നിര്‍ദ്ദേശം. അദ്ദേഹത്തോടു മാപ്പു ചോദിച്ചുകൊണ്ട് എഴുതട്ടെ. പൊക്കിളിനു താഴെ മതമില്ലെന്ന് ഒരു പഴഞ്ചൊല്ലുണ്ട്. പഴഞ്ചൊല്ലില്‍ പതിരില്ലതാനും.

Symbol question.svg.png ഒരു ശണ്ഠയുമില്ലാതെ, ഒരു പരുഷവാക്കുപോലും പറയാതെ ചിലര്‍ ദാമ്പത്യജീവിതം നയിക്കുന്നുണ്ടല്ലോ. ദമ്പതികളുടെ ജീവിതത്തെക്കുറിച്ച് വിഷാദാത്മകനായ നിങ്ങള്‍ക്ക് ഇതിലെന്തു പറയാനുണ്ട്?

സിനിമയിലും നാടകത്തിലും ഓവറാക്റ്റിങ് ഉള്ളതുപോലെ ദാമ്പത്യജീവിതത്തിലും ഓവറാക്റ്റിങ് ഉണ്ട്.

Symbol question.svg.png നവീന സാഹിത്യകാരന്മാരെ പുച്ഛിക്കാതെ അവര്‍ക്കൊരു ഉപദേശം കൊടുത്തുകൂടേ?

ഞാനാര് ഉപദേശിക്കാന്‍? മസ്തിഷ്കത്തിനു പ്രാധാന്യം കൊടുക്കുന്ന അവര്‍ ഹൃദയത്തിനു പ്രാധാന്യം കൊടുത്താല്‍ നന്ന്.

Symbol question.svg.png സാഹിത്യത്തിലെ എല്ലാ പരിവര്‍ത്തനങ്ങള്‍ക്കും നിങ്ങള്‍ എതിരാണോ?

പാരമ്പര്യത്തില്‍ പുതുമ വരുത്തുന്ന പരിവര്‍ത്തനത്തിന് എതിരല്ല ഞാന്‍. കുമാരനാശാന്‍, ചങ്ങമ്പുഴ ഇവര്‍ ആ രീതിയില്‍ പരിവര്‍ത്തനം വരുത്തിയ കവികളാണ്. ഇന്നത്തെ പരിവര്‍ത്തനം പാരമ്പര്യത്തെ അവഗണിക്കുന്നതുകൊണ്ട് യഥാര്‍ത്ഥമായ പരിവര്‍ത്തനമല്ല; അതു പരിവര്‍ത്തനാഭാസം മാത്രം.

Symbol question.svg.png ഭര്‍ത്താവിനെ ഭാര്യ ചതിച്ചാല്‍, ഭാര്യയെ ഭര്‍ത്താവു ചതിച്ചാല്‍ ആര്‍ക്കാവും കൂടുതല്‍ കോപം?

ഭര്‍ത്താവിന്. ഭാര്യ ചതിച്ചില്ലെങ്കിലും ചതിച്ചെന്നു വിചാരിച്ചല്ലേ ഒഥല്ലോ ഡെസ്ഡിമോണയെ കഴുത്തു ഞെരിച്ചുകൊന്നത്. ഭാര്യയെ കൊല്ലുന്ന ഭര്‍ത്താക്കന്മാര്‍ ധാരാളം. ഭര്‍ത്താവിനെ കൊല്ലുന്ന ഭാര്യമാര്‍ വിരളം.

Symbol question.svg.png ഹിന്ദു സങ്കല്പമനുസരിച്ചു നരകമുണ്ടോ?

ʻഉണ്ട്. താമിസ്രഃ, അന്ധതാമിസ്രഃ രൗരവഃ, മഹാരൗരവഃ, കുംഭീപാകഃ, കാലസൂത്രം, അസിപത്രവനം, സൂകരമുഖം, അന്ധകൂപഃ, ക്യമിഭോജനഃ ഇങ്ങനെ ഇരുപത്തൊന്നു നരകങ്ങളെക്കുറിച്ചു ഭാഗവതത്തില്‍ പറഞ്ഞിട്ടുണ്ട്. സര്‍ഗ്ഗം അഞ്ച്, അദ്ധ്യായം 26 ഭാഗം 7.

Symbol question.svg.png ജൂഡാസേ!

യേശുവായ താങ്കളുടെ വിളിക്ക് ʻഎന്തോʼ എന്ന് ഞാന്‍ വിളികേള്‍ക്കുന്നു.


സമകാലികമലയാളം 2002 04 26

സാമൂഹ്യ പരിഷ്കര്‍ത്താവായാല്‍ നിങ്ങള്‍ ഏതു പരിപാടിയെ പരിഷ്കരിക്കും?

വിവാഹസദ്യയെ. പന്തലിലേക്കു് ആളുകളെ കയറ്റി വിടുന്നതു തൊട്ടു് അപമാനനം നടക്കുന്നു. ഇനി സ്ഥലമില്ല എന്ന മട്ടില്‍ പ്രവേശനസ്ഥലത്തു് ബലിഷ്ഠമായ കൈയെടുത്തുവച്ചു് ഒന്നോ രണ്ടോ പേര്‍ നിന്നെന്നുവരും. സദ്യക്ക് ഇരിക്കാന്‍ പോകുന്നവന്‍ അപ്പോള്‍ത്തന്നെ അപമാനിതനാകും. സദ്യയോ? ഇഞ്ചിക്കറി, മാങ്ങാക്കറി, ഇങ്ങനെ ഏറെക്കറികള്‍ കാക്ക കാഷ്ഠിച്ച മട്ടില്‍ വിളമ്പും. ആരും അതു കൈകൊണ്ടു തൊടില്ല. പിന്നെ അവിയലുണ്ട്. അതു കാക്കക്കാഷ്ഠത്തെക്കാള്‍ വലിപ്പം കുറഞ്ഞമട്ടിലേ വിളമ്പൂ. രണ്ടാമതു് അതു ചോദിക്കാന്‍ അഭിമാനം സമ്മതിക്കില്ല. വധുവിന്റെ അച്ഛനു് നടത്തമുണ്ട് ഉണ്ണുന്നവരുടെ ഇടയില്‍ക്കൂടി. അതും സഹിക്കാന്‍ വയ്യ (സമൂഹ പരിഷ്കര്‍ത്താവു് എന്നേ പറയാവൂ).

രോഗം ഭേദമാക്കുന്ന ഡോക്ടറോടു് നിങ്ങള്‍ക്കു നന്ദിയുണ്ടോ?

ഉണ്ട്. നന്ദി മാത്രമല്ല. സ്നേഹമുണ്ടു്. പക്ഷേ എനിക്കുണ്ടായിരുന്ന രോഗം തന്നെ വേറൊരാളിനു ഉണ്ടായിരുന്നാല്‍ അതു ചികിത്സിച്ചു മാറ്റുന്ന ഡോക്ടറോടു് എനിക്കു് അബോധാത്മകമായ ശത്രുത വരും (എനിക്കു് എന്ന പദത്തില്‍ സാഹിത്യവാരഫലക്കാരനെ പ്രതിഷ്ഠിക്കരുതേ, സാമാന്യപ്രസ്താവം നിര്‍വഹിക്കുകയാണ് ഞാന്‍).

ഗ്രയ്റ്റ്നെസ് — മഹത്ത്വം — ഉള്ള ഒരാധുനിക മലയാള നോവലിന്റെ പേരു്?

പാറപ്പുറത്തിന്റെ ʻഅരനാഴികനേരംʼ എന്ന നോവലില്‍ മഹത്വത്തിന്റെ അംശങ്ങള്‍ ഏറെയുണ്ടു്. മുകുന്ദനെയും മററും വാഴ്ത്തുന്ന തല്‍പരകക്ഷികള്‍ക്ക് ആ മഹത്ത്വാംശങ്ങള്‍ കാണാന്‍ കഴിവില്ല. പാറപ്പുറത്തിനെതന്നെ നമ്മള്‍ വിസ്മരിച്ചുകഴിഞ്ഞു്.

നിങ്ങളുടെ മരണശേഷം സാഹിത്യവാരഫലത്തിന്റെ സ്ഥിതിയെന്താകും?

സാഹിത്യവാരഫലം കൃഷ്ണന്‍നായരുടെ സൃഷ്ടിയല്ല. എസ്.കെ. നായരും വി.ബി.സി. നായരും പറഞ്ഞിട്ടല്ല അയാളത് എഴുതിത്തുടങ്ങിയതു്. സാഹിത്യവാരഫലത്തിലെ ആശയങ്ങള്‍ അന്തരീക്ഷത്തിലുണ്ടു്. കൃഷ്ണന്‍ നായരെത്തേടി അവ വന്നുവെന്നേയുള്ളു. അയാള്‍ മരിച്ചാല്‍ മറ്റൊരാളെ ആ ആശയങ്ങള്‍ തേടിക്കൊള്ളും. ʻʻനിങ്ങളുടെ മരണത്തിന്നു ശേഷംˮ എന്നെഴുതണം. നിങ്ങളുടെ മരണശേഷം എന്നു പറഞ്ഞാല്‍ ʻനിങ്ങളുടെʼ എന്ന പ്രയോഗം അന്വയിക്കുന്നതു് ʻശേഷംʼ എന്ന പ്രയോഗത്തിലായിരിക്കും. ശൂരനാട്ടു കുഞ്ഞന്‍പിള്ളസ്സാറിനോടു് ഞാന്‍ ഇതിനെക്കുറിച്ചു് ചോദിച്ചു. അദ്ദേഹം എന്റെ മതം ശരിയാണെന്നു പറഞ്ഞു.

സിഗററ്റ് വലിക്കുന്നതു് നിറുത്തണമെന്ന് പല സ്നേഹിതന്മാരും എന്നോടു് പറയുന്നു. ഞാന്‍ എന്തു ചെയ്യണം?

NO എന്നു് വലിയ അക്ഷരങ്ങളില്‍ എഴുതി പോക്കറ്റില്‍ ഇട്ടുകോള്ളണം. ഉപദേശിക്കാന്‍ വരുന്നവര്‍ക്കു് ആ തുണ്ടെടുത്ത് കാണിച്ചുകൊടുക്കണം. സിഗററ്റ് വലിക്കുന്നത് ഒരു Innocent pleasure മാത്രമാണ്. എണ്ണം കൂടാതിരുന്നാല്‍ മതി.

മലയാളം സിനിമകള്‍ വടക്കേയിന്ത്യയിലും വിദേശങ്ങളിലും പ്രദര്‍ശിപ്പിക്കാത്തതെന്തു്?

വടക്കേയിന്ത്യയില്‍ പല സ്ഥലങ്ങളിലും വച്ചു് ഞാന്‍ മലയാള സിനിമകള്‍ കണ്ടിട്ടുണ്ട്. കാട്ടുപ്രദേശമായ ചാന്ദയില്‍ ഒരു സിനിമാശാലയില്‍ ഞാന്‍ ചെന്നുകയറിയപ്പോള്‍ മലയാള ചലചിത്രം പ്രദര്‍ശിപ്പിക്കാന്‍ തുടങ്ങുന്നു. ഞാന്‍ അന്നു് പ്രണാനും കൊണ്ടോടി. Fabrication അതു ഉണ്ടാകുന്ന സ്ഥലത്തു് മാത്രം ഒതുങ്ങി നില്‌ക്കുകില്ല. പല പ്രദേശങ്ങളിലും ചെന്നെത്തും.

കുട്ടിക്കൃഷ്ണമാരാര്‍, എസ്. ഗുപ്തന്‍നായര്‍, ആഷാമേനോന്‍ ഇവരുടെ നിരൂപണരീതികള്‍ വിശദമാക്കാമോ?

കുട്ടിക്കൃഷ്ണമാരാരുടെ നിരൂപണം offensive. ഗുപ്തന്‍നായരുടേതു് defensive. ആഷാമേനോന്റെ നിരൂപണത്തെക്കുറിച്ച് എനിക്കു പറയാനാവില്ല. മനുഷ്യന് മനസ്സിലാകുന്നതിനെക്കുറിച്ചല്ലേ അഭിപ്രായം പറയാനാവൂ.ˮ


സമകാലികമലയാളം 2002 05 24

സമകാലീന ജീവിതത്തിന്റെ പ്രത്യേകതയെന്തു്?

ആധിക്യമാണു് സമകാലിക ജീവിതത്തിന്റെ സവിശേഷത. നെയ്ത്തിരി കത്തിച്ചുവച്ചു് പണ്ടു് ഞാന്‍ വായിച്ചിരുന്നു. ഇന്നു നൂറു വാട്സ് ബള്‍ബുണ്ടെങ്കിലേ വായിക്കാനാവൂ. പണ്ടു് ഞാന്‍ കാളവണ്ടിയില്‍ സഞ്ചരിച്ചു. ഇന്നു എനിക്കു വിമാനത്തില്‍ പോകാനാണു് കൗതുകം. രചനയില്‍ മിതം സാരം ച വചോഹി വാഗ്മിതാ — മിതവും സാരവത്തുമായ വാക്കാണു് വാഗ്മിത — എന്ന സാരസ്വതരഹസ്യം എഴുത്തുകാര്‍ മനസ്സിലാക്കിയിരുന്നു. കാലത്തെസ്സംബന്ധിക്കുന്നതു് കാലികം. സമകാലികം എന്നു പ്രയോഗിക്കുന്നതു് നന്നു്. പ്രത്യേകതയ്ക്കു പകരമായി സവിശേഷത എന്നാവണം. പ്രതി + ഏകം = പ്രത്യേകം. each എന്ന അര്‍ത്ഥമേയുള്ളു അതിനു്: excess-നെക്കുറിച്ചു് പൊള്‍ വലേറി എഴുതിയ പ്രബന്ധം താങ്കള്‍ വായിക്കണം.

മലയാളത്തിലെ കവികള്‍ക്കുള്ള പ്രധാനപ്പെട്ട ദോഷമെന്തു്?ˮ

കീര്‍ത്തി വര്‍ദ്ധിപ്പിക്കാന്‍ അവര്‍ അശ്രാന്തപരിശ്രമം ചെയ്യുന്നു. വള്ളത്തോളും ചങ്ങമ്പുഴയും ഇടപ്പള്ളിയും ഇതു ചെയ്തിരുന്നില്ല. ജി. ശങ്കരക്കുറുപ്പ് തന്നാലാവും വിധം ഇതനുഷ്ഠിച്ചിരുന്നു. സാഹിത്യപരിഷത്തിന്റെ സമ്മേളനങ്ങള്‍ വിളിച്ചുകൂട്ടിയിട്ടു് അനേകം പ്രാദേശിക കവികളെക്കൊണ്ടു പ്രഭാഷണം ചെയ്യിപ്പിക്കുക, ശിഷ്യരെക്കൊണ്ടു് തന്റെ കവിതയെക്കുറിച്ചു് ലേഖനങ്ങള്‍ എഴുതിപ്പിക്കുക. ഗ്രന്ഥങ്ങള്‍ രചിപ്പിക്കുക ഇങ്ങനെ പലതും അദ്ദേഹത്തിന്റെ കൃത്യങ്ങളായിരുന്നു. ആനയ്ക്ക് അതിന്റെ ബലം അറിഞ്ഞുകൂടാ എന്നു പറയുന്നതുപോലെ ശങ്കരക്കുറുപ്പിനു് തന്റെ കവിതയുടെ മഹനീയത അറിഞ്ഞുകൂടായിരുന്നു. മലയാളത്തിലെ ഒരേയൊരു Cosmic കവിയാണു് അദ്ദേഹം. അതു് അദ്ദേഹത്തിനു് അറിയാമായിരുന്നില്ല.

കേരളത്തില്‍ ഉന്നതനായ ഒരു ഉദ്യോഗസ്ഥന്‍ കേരള സര്‍വീസ് റൂള്‍സ് ലംഘിച്ചു് സര്‍ക്കാരിനെയും മന്ത്രിയെയും വിമര്‍ശിക്കുന്നതു ശരിയാണോ?

ശരിയല്ല. സര്‍ക്കാരും മന്ത്രിയും തെറ്റുചെയ്താലും ഉദ്യോഗസ്ഥനു് വിമര്‍ശിക്കാന്‍ പാടില്ല. വിമര്‍ശിക്കണമെങ്കില്‍ ജോലി രാജിവയ്ക്കണം. ജോലിയിലിരിക്കുമ്പോള്‍ സര്‍വീസിന്റെ ലിഖിതനിയമങ്ങള്‍ക്കും അലിഖിതനിയമങ്ങള്‍ക്കും ആ ഉദ്യോഗസ്ഥന്‍ അടിമയാണു്. ബ്യൂറോക്രസിയുടെ നിയമമതാണു്. ഒരു സാധാരണ ബോംബിട്ടാല്‍ മണല്‍ക്കാടായി മാറുന്ന ചില കൊച്ചുരാജ്യങ്ങള്‍ അമേരിക്ക എന്ന Super power-നെ ഭീഷണിപ്പെടുത്തുമ്പോള്‍ എനിക്കു് ആ കൊച്ചുരാജ്യങ്ങളോടു പുച്ഛം തോന്നാറുണ്ടു്. സര്‍ക്കാര്‍ മഹാസ്ഥാപനമാണു്. അതു കൊടുക്കുന്ന ശംബളം പറ്റിക്കൊണ്ടു് അതിനെയും മന്ത്രിയെയും വിമര്‍ശിക്കുന്നതു് ശരിയല്ല. സി.പി. രാമസ്സ്വാമിയുടെ കാലത്താണെങ്കില്‍ ഇങ്ങനെ വിമര്‍ശിക്കുന്ന ഉദ്യോഗസ്ഥനെ explanation പോലും വാങ്ങാതെ ഡിസ്മിസ് ചെയ്യുമായിരുന്നു. നമ്മുടെ ജനാധിപത്യത്തിന്റെ പേരില്‍ ഇക്കൂട്ടര്‍ പുലരുന്നു.

നായ്ക്കുളില്‍ അമിതമായ താല്‍പര്യമുള്ള ചില സ്ത്രീകളുണ്ടു്. അവരെക്കുറിച്ചു്?

അവര്‍ക്കു human beings-നെ സ്നേഹിക്കാന്‍ കഴിയുകയില്ല.

സാഹിത്യകാരന്മാര്‍ക്കു് ഉപേക്ഷിക്കാന്‍ വയ്യാത്ത ഗുണങ്ങള്‍ ഏവ?

തലച്ചോറും ഹൃദയവും. ഭാഗ്യക്കേടുകൊണ്ടു് അവര്‍ക്കു് രണ്ടുമില്ല. തലച്ചോറില്ലാത്തതുകൊണ്ടു ഭ്രാന്തു് വരില്ല. ഹൃദയമില്ലാത്തതുകൊണ്ടു് ഹൃദയസ്തംഭനം അവര്‍ക്കു ഒരിക്കലും ഉണ്ടാകുകയില്ല.

ഛന്ദസ്സോടുകൂടി കവിതയെഴുതുന്നവരും അതില്ലാതെ കവിതയെഴുതുന്നവരും തമ്മില്‍ എന്തേ വ്യത്യാസം?

നീലാന്തരീക്ഷത്തില്‍ ഭ്രമണം ചെയ്യുന്ന കൃഷ്ണപ്പരുന്താണു് ഛന്ദസ്സോടുകൂടി കവിതയെഴുതുന്നവന്‍. ʻചൊട്ടച്ചാണ്‍ വഴി ദൂരം മാത്രം കഷ്ടിച്ചങ്ങു പറക്കുംʼ കോഴിയാണു് വൃത്തമില്ലാതെ കവിതയെഴുതുവന്നവന്‍.


സമകാലികമലയാളം 2002 06 14

ചന്ദ്രനില്‍ മനുഷ്യന്‍ കാല്‍ കുത്തിയതിനുശേഷം അതിനോടുള്ള മാനസികനിലയ്ക്കു മാറ്റം വന്നില്ലേ?

ചന്ദ്രനില്‍ മനുഷ്യന്‍ ഇറങ്ങിയ ദിനത്തിന്റെ അടുത്ത ദിവസത്തില്‍ ജി. ശങ്കരക്കുറുപ്പിന്റെ പ്രഭാഷണമുണ്ടായിരുന്നു തിരുവനന്തപുരത്തെ ടൗണ്‍ഹാളില്‍. അദ്ദേഹം പ്രഭാഷണത്തിനിടയ്ക്കു പറഞ്ഞു ʻമനുഷ്യര്‍ ദിവസവും ചന്ദ്രനിലേക്കു യാത്രചെയ്താലും പൂര്‍ണ്ണചന്ദ്രനെ കാണുമ്പോള്‍ വിരഹദു:ഖമനുഭവിക്കുന്ന സ്ത്രീക്ക് ദുഖം കൂടും. ഒരിക്കല്‍ പവനന്‍ പ്രസംഗിക്കുന്നതു ഞാന്‍ കേട്ടു. അദ്ദേഹം മദ്രാസ് കടപ്പുറത്തു വെളുത്ത വാവിന്‍നാളില്‍ വിശന്നു കിടക്കുമ്പോള്‍ ആഗ്രഹിച്ചത്രേ ചന്ദ്രന്‍ ദോശയായിരുന്നെങ്കില്‍, അതു തിന്നാന്‍ കിട്ടിയിരുന്നെങ്കില്‍ എത്ര നന്നായിരുന്നുവെന്ന്.

സന്താനങ്ങളോട് അച്ഛനമ്മമാര്‍ക്കു സ്നേഹം എത്ര വര്‍ഷം നില്ക്കും?

പെണ്‍പിള്ളരോടുള്ള അവരുടെ സ്നേഹം കൂടിവന്നാല്‍ പത്തുവര്‍ഷം നില്ക്കും. ആണ്‍പിള്ളരോടുള്ള സ്നേഹം ഏഴുവര്‍ഷം നില്ക്കും. പിന്നെ നീരസമുണ്ടാകും. അവരോട് നീരസം ഇഷ്ടക്കേടില്‍ നിന്ന് ശത്രുതയിലേക്കു വളരും. ഇരുപതു വയസായ മകനെ അച്ഛനു കണ്ണിനു കണ്ടുകൂടാ എന്നാവും.

സ്ത്രീക്കു മഹാദുഃഖം ഉണ്ടാകുന്നതു എപ്പോള്‍?

മകനെ അതിരറ്റു സ്നേഹിച്ച അമ്മ അവന്റെ വിവാഹത്തിനുശേഷം അമ്മായിഅമ്മയുടെ ദാസനായി മാറി തന്നെ കാണാന്‍ വരാത്തപ്പോള്‍. പല ആണ്‍മക്കളും ഇങ്ങനെ അമ്മമാരെ ദുഃഖിപ്പിക്കുന്നുണ്ട്.

എന്റെ ആപ്തമിത്രം ആഹാരത്തിനു വഴിയില്ലാതെ പട്ടിണി കിടക്കുന്നു. ഞാനും ആ സുഹൃത്തിന്റെ അടുത്തു ചെന്നുകിടക്കുന്നതല്ലേ ഉചിതം?

നിങ്ങളുടെ ആ സ്നേഹിതന്‍ കാറപകടത്തില്‍ പെട്ടു റോഡില്‍ കിടന്നാല്‍ നിങ്ങള്‍ അയാളെ റ്റാക്സിയില്‍ കയറ്റി ആശുപത്രിയില്‍ കൊണ്ടുപോകുമോ അതോ അയാളുടെ കൂടെ റോഡില്‍ കിടക്കുമോ?

സാഹിത്യത്തെക്കൂറിച്ചു വിശാലവീക്ഷണമുള്ളവരല്ലേ നമ്മുടെ നിരൂപകര്‍?

അവര്‍ക്കു സങ്കുചിത വീക്ഷണമേയുള്ളൂ. നിരൂപണ പ്രബന്ധങ്ങള്‍ എഴുതുന്ന ഒരു സ്ത്രീ വൈലോപ്പിള്ളിയുടെ ʻകുടിയൊഴിക്കലിനെʼ ക്കുറിച്ച് ആയിരമായിരം ലേഖനങ്ങള്‍ എഴുതിക്കഴിഞ്ഞു. ജി. ശങ്കരക്കുറുപ്പിന്റെ കവിതയെക്കുറിച്ച് വാ തോരാതെ പ്രസംഗികുന്നു; എഴുതുന്നു. ഇതു വിശാലവീക്ഷണമാണോ? ഒരു പുരുഷന്‍ റ്റി. പദ്ഭനാഭനെക്കുറിച്ച് ഗ്രന്ഥമെഴുതി. കുട്ടികൃഷ്ണമാരാരെക്കുറിച്ച് ഗ്രന്ഥമെഴുതുമെന്ന് കേരളീയരെ ഭീഷണിപ്പെടുത്തുന്നു. പടിഞ്ഞാറന്‍ കഥാകാരന്മാരുടെ കഥകള്‍ വായിച്ചിട്ടുണ്ടെങ്കില്‍, കോള്‍റിജ്ജ്, എലിയറ്റ് ഇവരുടെ നിരൂപണങ്ങള്‍ വായിച്ചിട്ടുണ്ടെങ്കില്‍ പദ്മനാഭന്‍, മാരാര്‍, ഇവരെപ്പറ്റി അദ്ദേഹം ഗ്രന്ഥമെഴുതാന്‍ തുടങ്ങുമോ?

റോസാപ്പൂ, പിച്ചിപ്പൂ, മുല്ലപ്പൂ, ഇവയില്‍ ഏതു പൂവിന്റെ മണമാണ് നിങ്ങള്‍ക്കിഷ്ടം?

എനിക്ക് ഈ പൂക്കളുടെ മണം ഇഷ്ടമല്ല പെട്രോളിന്റെ മണം ഇഷ്ടമാണ്.

ആറ്റൂര്‍ രവിവര്‍മ്മ, കെ. ജി. ശങ്കരപിള്ള ഇവരുടെ കവിതകള്‍ വായിക്കുന്നുണ്ടോ നിങ്ങള്‍?

പഴയ റ്റെലിഫോണ്‍ ഡയറക്ടറി എന്റെ വീട്ടിലുണ്ട്. ഞാനതു വായിക്കുന്നു. നല്ല രസം.