close
Sayahna Sayahna
Search

മൗലികപ്രതിഭയും അനുകരണവും


മൗലികപ്രതിഭയും അനുകരണവും
KaruthaSalabhangal-01.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി കറുത്ത ശലഭങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1988
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 102 (ആദ്യ പതിപ്പ്)
കോബോ

ജപ്പാനിലെ പേരുകേട്ട നോവലിസ്റ്റാണ് കോബോ (Abe Kobo ജനനം 1924) അദ്ദേഹം “വടി” (stick) എന്ന പേരില്‍ ഒരു ചെറുകഥ എഴുതിയിട്ടുണ്ട്. അച്ഛനും മക്കളുംകൂടി ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന്റെ മുകള്‍ തട്ടില്‍ കയറി നില്ക്കുകയായിരുന്നു. പെട്ടന്ന് അയാള്‍ താഴത്തേക്ക് വീണുപോയി. റെയ്‌ലിങ്ങില്‍ കുടുതല്‍ ചാഞ്ഞതുകൊണ്ടുണ്ടായ ആപത്തായിരുന്നു അത്. വീഴുന്ന വേളയില്‍ അയാളൊരു വടിയായി മാറി. “അച്ഛന്‍ വീഴുന്നേ” എന്ന് മകന്‍ നിലവിളിക്കുന്നത് അയാള്‍ വ്യക്തമായി കേട്ടതാണ്. “അച്ഛാ…” എന്ന രണ്ടാമത്തെ നിലവിളി മുകള്‍തട്ടില്‍നിന്ന് ഒഴുകി താഴെ അയാള്‍ വടിയായികിടക്കുന്നിടത്തേക്കു വന്നു. അങ്ങനെ അത് (വടി) അവിടെ കിടക്കുമ്പോള്‍ ഒരു പ്രഫസറും രണ്ടു കുട്ടികളും അതിന്റെ അടുക്കലേക്കു വന്നു. അവര്‍ വടിയെടുത്തുവച്ച് അപഗ്രഥനത്തിലേക്കു കടന്നു. അതിന്റെ ഒരറ്റം ഒട്ടുന്നു മറ്റേയറ്റം തേഞ്ഞിരിക്കുന്നു. അതുകൊണ്ട് ആരെങ്കിലും അതുപയോഗിച്ചിരിക്കണം. കൈകൊണ്ടു പിടിച്ചിരുന്ന ഭാഗമാണ് ഒട്ടുന്നത്. തറയില്‍ അമര്‍ത്തിയതിനാല്‍ വടിയുടെ താഴെത്തെയറ്റം തേഞ്ഞുപോയി. ഇത് ഒരു വിദ്യാര്‍ത്ഥിയുടെ നിഗമനമാണ്. അന്ധനായ മനുഷ്യനെ ഏതെങ്കിലും സ്ഥലത്തേക്കു നയിക്കാനോ മൃഗത്തെ പരിശീലിപ്പിക്കാനോ ശത്രുവിനെ ആക്രമിക്കുവാനോ വടി പ്രയോജനപ്പെടുമെന്ന് മറ്റേ വിദ്യാര്‍ഥി പറഞ്ഞു. ഇങ്ങനെ പല കാര്യങ്ങളും ചിന്തിച്ചതിനുശേഷം അവര്‍ വടി റോഡിലുപേക്ഷിച്ചിട്ടു പോയി. തങ്ങളുടെ വാദപ്രതിവാദങ്ങള്‍ വടി ശ്രദ്ധിച്ചിരുന്നതുകൊണ്ട് അതിനു രസകരങ്ങളായ ചിന്തകള്‍ ഉണ്ടായോ എന്നാണ് അവരുടെ സംശയം. കഥ അവസാനിക്കുന്നു. ആ വഴിപോക്കരില്‍ ആരോ വടിയെ വഴിയില്‍ നിന്ന് തട്ടി ദൂരെയാക്കി. മഴപെയ്തു മൃദുത്വമാര്‍ന്ന മണ്ണില്‍ അതു പകുതിയോളം താണു. “അച്ഛാ, അച്ഛാ… അച്ഛാ…” ആ വിളികള്‍ വടി വ്യക്തമായി കേട്ടു. സ്വന്തം കുഞ്ഞുങ്ങളുടെ നിലവിളിയാകാമത്. ആള്‍ക്കൂട്ടം—രണ്ടായിരത്തോളം പേരുണ്ട്. അവരില്‍ ആരെടെയെങ്കിലും കുഞ്ഞുങ്ങള്‍ വിളിച്ചതുമാകാം. അതില്‍ വിചിത്രമായി എന്തുണ്ട്?

ഈ കഥയുടെ രാമണീയകത്തെ വാഴ്ത്തിക്കൊണ്ട് ജപ്പാനിലെ നിരൂപകര്‍ എഴുതിയ ഒന്നു രണ്ടു ലേഖനങ്ങള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അന്ധമായ വര്‍ഗ്ഗസ്നേഹവും ദേശീയസ്നേഹവുമല്ലാതെ ഈ വാഴ്ത്തത്തലില്‍ വേറെന്തെങ്കിലുമുണ്ടോ? കാഫ്കയുടെ “രൂപാന്തരപ്രാപ്തി” (metemorphosis)എന്ന കഥ ആവിര്‍ഭവിചിട്ടില്ലായിരുന്നെങ്കില്‍ കോബോക്ക് ഈ കഥ രചിക്കാന്‍ കഴിയുമായിരുന്നോ? ഇല്ലെന്നാണ് എന്റെ ഉത്തരം. ആശയത്തില്‍, പ്രമേയത്തില്‍, രൂപശില്പത്തില്‍ എന്നു വേണ്ട എല്ലാറ്റിലും ഇത് കാഫ്കായുടെ കഥയെ അനുകരിക്കുന്നു. “രൂപാന്തരപ്രാപ്തി”യുടെ ഇതിവൃത്തം എല്ലാവര്‍ക്കുമറിയാം. എങ്കിലും ഏതാനും വാക്യങ്ങളില്‍ അത് ഒതുക്കട്ടെ.

സാംസ എന്നയാൾ ‘ട്രാവലിങ് സെയിൽസ് മാൻ’ ഒരുദിവസം കാലത്ത് വലിയ കീടമായി മാറിയിരിക്കുന്നത് ബന്ധുക്കള്‍ പലരും കണ്ടു. തനിക്കു ജോലിക്കുപോകാന്‍ സാധിക്കുകയില്ലല്ലോ എന്ന വിചാരമാണ് ആദ്യമായി അതിനുണ്ടായത്. ആദ്യമൊക്കെ ജീവിച്ചിരുന്നാല്‍ മതി എന്നായിരുന്നു അതിന്റെ ആഗ്രഹം. പിന്നെപ്പിന്നെ മരിച്ചാലും വേണ്ടില്ല എന്നായി വിചാരം. ആ വിചാരം പോലെതന്നെ അതങ്ങു മരിക്കുകയും ചെയ്തു. ഈ കഥയുടെ അര്‍ത്ഥത്തെക്കൂറിച്ചും മറ്റും ചിന്തിക്കേണ്ടതില്ല ഇപ്പോള്‍. പരിഗണനാര്‍ഹമായത് രണ്ടു കഥകളുടേയും സാദൃശ്യമാണ്. കീടമായിട്ടും സാംസയ്ക്ക് മനുഷ്യ ചേതനയുണ്ട് കാഫ്ക്‘ട്രാവലറെ’ വലിയ കീടമാക്കുന്നു; കോബോ ഒരുത്തനെ വടിയാക്കുന്നു. രണ്ടും ഫാന്‍റസിയാണ്. വടിയെ എടുത്തുവച്ച് ഫ്രൊഫസറും വിദ്യാര്‍ത്ഥികളും മാനസ വിചാരങ്ങള്‍ നിര്‍വഹിക്കുന്നതുപോലെ കീടത്തെ നോക്കിക്കൊണ്ട് ബന്ധുക്കളും അതുതന്നെ അനുഷ്ഠിക്കുന്നു. മനുഷ്യത്വം നശിച്ചതുകൊണ്ട് സാംസ മരിച്ചു. മനുഷ്യത്വം പൊയ്പോയ വടിയെ മരിക്കാനായി ജനങ്ങള്‍ അനുവദിക്കുന്നു. സാംസ മരിച്ചപ്പോള്‍ അയാളുടെ സഹോദരിക്കുമാത്രം വല്ലായ്മ. സഹോദരന്റെ മരണത്തിനുശേഷം അവള്‍ വിവാഹം കഴിക്കാന്‍ തീരുമാനിക്കുന്നുണ്ടെങ്കിലും ദുഖ:മില്ലെന്നു കരുതാന്‍വയ്യ. അച്ഛന്‍ വടിയായി മാറിയതില്‍ കുഞ്ഞുങ്ങള്‍ക്കു ദുഖ:മുള്ളത് ആ വടി തന്നെ അറിയുന്നു.

ഇമ്മട്ടില്‍ ഒരു പ്രതിരൂപത്തിനു പകരം വേറൊരു പ്രതിരൂപം വയ്ക്കുകയും ഒരു സാഹിത്യകാരന്റെ ജീവിത വീക്ഷണം അതേപടി അംഗീകരിക്കുകയും ചെയ്യുന്നതിനെ മോഷണമെന്ന് വിളിക്കണോ അതോ അതിനു സ്വാധീനശക്തി എന്ന ഓമനപ്പേരു നല്‍കണോ എന്നതാണ് ഇവിടത്തെ പ്രധാനമായ പ്രശ്നം. അതു സ്വാധീനശക്തിയാണെങ്കില്‍ സാഹിത്യത്തില്‍ മോഷണമില്ല. സ്വാധീനശക്തിയേയുള്ളു എന്നു സമ്മതിക്കേണ്ടിവരും. സ്വന്തം നാട്ടുകാരനെ – കോബോയെ – ചന്ദ്രരേണുവായി കാണാന്‍ യൂക്കിയോ മിഷീക്കു വൈഷമ്യം (ചന്ദ്രരേണു=സാഹിത്യചോരൻ) അതുകൊണ്ട് അദ്ദേഹം എഴുതുന്നു. “Abe Kobo was influenced by Kafka.”

മഹാനായ മിഷീമ influence എന്ന വാക്ക് ഉപയോഗിച്ചാലും കോബോയുടെ കാര്യത്തില്‍ന് മൗലികത്വത്തിന്റെ (Orginality) അഭാവം മാത്രമേ എനിക്കു കാണാന്‍ കഴിയുന്നുള്ളു. ആരോടും ഒരു ബന്ധവും പുലര്‍ത്താതെ നവീനത പ്രദര്‍ശിപ്പിക്കുന്നതിനെയല്ല ഈ ലേഖകന്‍ മൗലികതയായി ദര്‍ശിക്കുന്നത്. ആ രീതിയിലുള്ള നവീനത രോഗമാണ് അല്ലെങ്കില്‍ പ്രഥഷ്ടതയാണ്. ഇതെഴുതിക്കൊണ്ടിരിക്കുമ്പോള്‍, തെല്ലകലെ മുറ്റത്ത് ചെമ്പരത്തിച്ചെടി നില്ക്കുന്നത് ഞാന്‍ കാണുന്നു. അതില്‍ പൂക്കള്‍ വിരിഞ്ഞിട്ടുണ്ട്. മൊട്ടുകള്‍ നില്ക്കുന്നുണ്ട്. ആ മൊട്ടുകള്‍ നാളെ മനോഹരങ്ങളായ പൂക്കളായി വിടരുമെന്ന് എനിക്കറിയാം. ചെടിയിൽ ക്ഷുദ്രമുകുളങ്ങളും ധാരാളം. അവയും രണ്ടുദിവസം കഴിയുമ്പോള്‍ പുഷ്പങ്ങളായി വിടര്‍ന്നു നില്ക്കും. പക്ഷേ ആ ക്ഷുദ്രമുകുളങ്ങളിലൊരെണ്ണം റോസാപ്പൂവായി വിടര്‍ന്നാലോ അത് മൗലികതയല്ല; ഉന്‍മാദമാണ്. അതിനു വ്യാകുലതയുളവാക്കും. എന്റെ ഭാവനയെ തന്നെ തകര്‍ത്തുകളയും. ചെമ്പരത്തിച്ചടിയില്‍ റോസാപ്പൂവെന്നപോലെ നവ്യത പ്രദര്‍ശിപ്പിക്കുന്ന സാഹിത്യ സൃഷ്ടികള്‍ മൗലികങ്ങളല്ല; അവയെ ഉൻമാര്‍ഗ്ഗ ഗമനങ്ങളായെ കരുതേണ്ടതുള്ളു.

കുമാരനാശാൻ

ആ ചെടിയില്‍ നില്ക്കുന്ന ചുവന്ന പൂക്കളെ നോക്കു. എല്ലാറ്റിന്റെയും പേരു ചെമ്പരത്തി എന്നുതന്നെ, പക്ഷേ ഒരു പൂവ് മറ്റൊരു പൂവില്‍നിന്നു വിഭിന്നമാണ്. ബന്ധൂകപുഷ്പത്വം പുലര്‍ത്തിക്കൊണ്ട് ഓരോ പുഷ്പവും വിഭിന്നത ആവഹിക്കുന്നു. ഈ വിഭിന്നതയാണ് മൗലികത അല്ലങ്കില്‍ ഒറിജിനാലിറ്റി, ചെമ്പരത്തിച്ചെടിയെ സംബന്ധിച്ച ചില സാങ്കേതങ്ങളുണ്ട്. വ്യവസ്ഥകളുണ്ട്. ആ സാങ്കേതകങ്ങളില്‍ നിന്നും വ്യവസ്ഥകളില്‍ നിന്നും മാറാതെ എന്നാല്‍ ഒരോ പുഷ്പത്തിനും വിഭിന്നത നല്‍കികൊണ്ട് ചെടി പൂക്കള്‍ വിടര്‍ത്തുമ്പോള്‍ നമ്മള്‍ അതിനെ (ചെടിയെ) മാനിക്കുന്നു. സങ്കേതത്തെയും ധര്‍മ്മത്തെയും വ്യവസ്ഥയെയും അംഗീകരിക്കാതെ ചില്ലയില്‍ പനിനീര്‍പ്പൂവിനെ വിടര്‍ത്തിയാല്‍ അതിനെ ഉന്‍മാര്‍ഗ്ഗ ഗമനമായേ നമ്മള്‍ കാണുന്നുള്ളു. സാഹിത്യത്തിലെ മൗലികത സങ്കേതത്തോടും സാഹിത്യത്തിന്റെ ധര്‍മ്മത്തോടും ബന്ധപ്പെട്ടിരിക്കുന്നു. ഈ മൗലികപ്രതിഭ കോബോയെ അനുഗ്രഹിച്ചിട്ടില്ല. അതിനാല്‍ സങ്കേതത്തെയും പാരമ്പര്യത്തെയും ആദരിക്കുന്നതുമാത്രമാണ് മൗലികസ്വഭാവമുള്ള കലാസൃഷ്ടി എന്നു വരുന്നില്ല. തീര്‍ച്ചയായും നവീനതയുമുണ്ടായിരിക്കണം. കുമാരനാശാന്റെ കവിത നോക്കുക. ഭാരതീയ കവിതാ പരമ്പര്യത്തിന്റെ സ്വാധീനശക്തിയില്‍ അമര്‍ന്നതാണ് അത്. അതേസമയം കലാപരമായ ചൈതന്യം പ്രകടിപ്പിക്കുന്ന മട്ടില്‍ അത് നവീനവുമത്രേ. അക്കാരണത്താല്‍ കുമാരനാശാന്റെ കവിതയ്ക്ക് മൗലികത എന്ന ഗുണമുണ്ട്. നമ്മുടെ ഗദ്യസാഹിത്യം പലപ്പോഴും ഇമ്മട്ടില്‍ മൗലികമല്ല. ഒന്നുകില്‍ അത് കമ്യൂവിന്റെ

ദി ഔട്ട്സൈഡർ എന്ന നോവലിന്റെ പുറം ചട്ട
ദി കാസിൽ എന്ന നോവലിന്റെ പുറം ചട്ട
ദി ട്രയൽ എന്ന നോവലിന്റെ പുറം ചട്ട

The Outsider തുടങ്ങിയ കൃതികളെ അനുകരിക്കുന്നു; അല്ലെങ്കില്‍ കാഫ്കയുടെ The CastleThe Trial എന്നീ കൃതികളുടെ വിഡംബനങ്ങളായി പ്രത്യക്ഷങ്ങളാകുന്നു. കാഫ്കയുടെ കൃതികള്‍ പ്രതിഭയില്‍ നിന്നാണ് രൂപം കൊണ്ടത്. അനുകരണങ്ങളാകട്ടെ പ്രയത്നത്തില്‍ നിന്നും, സാഹിത്യത്തില്‍ പ്രതിപാദ്യ വിഷയത്തിനല്ല പ്രാധാന്യം. സാഹിത്യകാരന്‍ ഏതു വിഷയം സ്വീകരിച്ചാലും നൂതനമായ ഇന്‍സൈറ്റ് – ഉള്‍ക്കാഴ്ക – ആവിഷയത്തെക്കുറിച്ച് ഉളളവനാകണം. മലയാളത്തിലെ കഥാകാരന്‍മാര്‍ കമ്യൂവിന്റെയും കാഫ്കയുടേയും പ്രതിപാദ്യ വിഷയങ്ങള്‍തന്നെ ലേശം ഭേദത്തോടെ അംഗീകരിക്കുകയും അവരുടെ “ഇന്‍സൈറ്റ്” കടം മേടിക്കുകയും ചെയ്യുന്നു. ഈ കടം മേടിക്കല്‍ സാഹിത്യത്തെ വളര്‍ത്തുന്നതിനു പകരം തളര്‍ത്തുകയാണ് ചെയ്യുന്നത്.

മലയാള സാഹിത്യത്തില്‍ മാത്രമല്ല ഈ ഋണയാചനയുളളത്. ഇംഗ്ലീഷ് സാഹിത്യത്തിലുമുണ്ട്. ബ്രട്ടീഷ് നോവലിസ്റ്റ് റെക്സ് വാര്‍നര്‍ കാഫ്കയുടെ അനുകര്‍ത്താവാണ്. അദ്ദേഹത്തിന്റെ The Wild Goose Chase, The Professor എന്നീ നോവലുകളില്‍ കാഫ്ക നോവലുകളിലെ അന്തരീക്ഷമുണ്ട്. സർഗ്ഗാത്മകത്വത്തെക്കാള്‍ വൈദഗ്ദ്യ പ്രകടനമാണ് ആ നോവലുകളുടെ മുദ്ര. ഒരു കാലത്ത് വാര്‍നറെ നിരൂപകര്‍ അതിരറ്റു വാഴ്ത്തിയിരുന്നു. ഇന്ന് അദ്ദേഹത്തെ കാഫ്കയുടെ അനുകര്‍ത്താവായിട്ടേ കരുതുന്നുള്ളു. മലയാള സാഹിത്യത്തിലും ഇതു സംഭവിക്കുമെന്നതില്‍ ഒരു സംശയവുമില്ല.

ഡിക്കെന്‍സിന്റെ The Old Curiosity Shop എന്ന നോവല്‍ ഇംഗ്ലണ്ടിലെ ഒരു മാസികയിലാണ് അല്പാല്പമായി പ്രസിദ്ധപ്പെടുത്തിയിരുന്നത്. ആ മാസികയുടെ പ്രതികള്‍ അമേരിക്കയില്‍ (ന്യൂയോര്‍ക്കില്‍) എത്തിയിരുന്നത് കപ്പല്‍ വഴിയാണ്. നോവലിന്റെ ഓരോ ഭാഗവും വായിക്കാനുള്ള അമിതകൗതുകത്തോടെ ആളുകള്‍ സമുദ്രതീരത്തു തിങ്ങിക്കൂടും. നോവല്‍ അതിന്റെ പര്യവസാനത്തോട് അടുത്തപ്പോള്‍ ആള്‍ക്കൂട്ടം നിയന്ത്രണാധീതമായി. അവസാനത്തെ ഭാഗം മാസികയുടെ പ്രതികള്‍ കയറ്റിയ കപ്പല്‍ ദൂരെനിന്നു വരുന്നതേയുള്ളു. ആളുകള്‍ ഇളകി. കരയടുക്കാറായപ്പോള്‍ അവര്‍ എല്ലാവരും കൂടി കപ്പിത്താനോടു വിളിച്ചുചോദിച്ചു. “ചെറിയ നെല്‍ മരിച്ചോ!” മൗലികത്വമുള്ള കൃതികളുടെ ഗുണമാണിത്. ഇതുപോലെ ഒരു സംഭവം നമ്മുടെ ഏതു സാഹിത്യകൃതിയെക്കുറിച്ചുണ്ടാകും?