close
Sayahna Sayahna
Search

തടാകതീരത്ത്: ഏഴ്


തടാകതീരത്ത്: ഏഴ്
EHK Novel 09.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി തടാകതീരത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 87

‘ഞാൻ കുറേ നേരം കാത്തിരുന്നു.’

മായയുടെ സ്വരത്തിൽ പരാതിയില്ല. പ്രതീക്ഷകൾ തകർന്നതിന്റെ നിരാശ മാത്രം. അതു രമേശനെ വേദനിപ്പിച്ചു. അവളുടെ കൗതുകമുള്ള മുഖത്ത് നോക്കിക്കൊണ്ടിരുന്നപ്പോൾ താൻ വരേണ്ടതായിരുന്നു എന്ന് അയാൾക്കു തോന്നി. ഉറങ്ങിപ്പോയി എന്നു പറഞ്ഞ് രക്ഷപ്പെടാം. പക്ഷേ അങ്ങിനെയല്ല സംഭവിച്ചത്. അഞ്ചു മണിക്കുതന്നെ ഉണർന്നിരുന്നു. അല്ലെങ്കിൽ ശരിക്ക് ഉറങ്ങാൻ പറ്റിയില്ലെന്നു പറയാം. മനസ്സിൽ ഒരു ഏറ്റുമുട്ടൽ നടക്കുകയായിരുന്നു. മായയുടെ സാന്നിദ്ധ്യം അയാൾക്ക് ഇഷ്ടമായിരുന്നു. അവളുടെ സംസാരവും. അതെത്ര ദുർല്ലഭവും ഒതുങ്ങിയതുമായാലും. പക്ഷേ അവളുമായി അടുക്കുന്നതിൽ അപകടമുണ്ടെന്ന് മനസ്സ് പറയുന്നു. അവൾ തന്നിൽ മരിച്ചുപോയ ജ്യേഷ്ഠനെ കാണുകയാണ്. തന്നിലൂടെ, നഷ്ടപ്പെട്ട ജ്യേഷ്ഠനും അയാളുടെ മരണത്തോടെ നഷ്ടപ്പെട്ട ഒരു ലോകവും പുനർനിർമ്മിക്കാനുള്ള ശ്രമമാവണം. ഏറ്റുമുട്ടലിൽ ജയിച്ചത് മായ തന്നെയായിരുന്നു. അരമണിക്കൂർ ഉറങ്ങിയതിനു ശേഷം തടാകത്തിൽ പോകാമെന്ന് രമേശൻ തീർച്ചയാക്കി. അങ്ങിനെ ഉറങ്ങിപ്പോവുകയും ചെയ്തു.

വാതിൽക്കൽ മൃദുവായ മുട്ടു കേട്ടപ്പോൾ ആദ്യം കരുതിയത് മായയായിരിക്കുമെന്നാണ്. എഴുന്നേറ്റ് ധൃതിയിൽ തലമുടി നേരെയാക്കി വാതിൽ തുറന്നു. അത് ആനന്ദമയീദേവിയായിരുന്നു.

അവർ അകത്തേയ്ക്കു കടന്നു. അകത്തേയ്ക്കു വന്നോട്ടെ എന്ന് സമ്മതം ചോദിക്കുകയുണ്ടായില്ല. സ്വന്തം വീട്ടിലേയ്‌ക്കെന്നപോലെ അവർ കടന്നുവന്നു. മേശക്കരികെ ഇട്ട കസേല ചൂണ്ടിക്കാട്ടി രമേശൻ പറഞ്ഞു.

‘ബോഷൂൺ...’

അവർ കസേലയിൽ ഇരിക്കുമെന്ന വിചാരത്തിൽ രമേശൻ കട്ടിലിൽ വന്നിരുന്നു. പക്ഷേ കസേലയിൽ ഇരിക്കാതെ അവർ നേരെ കട്ടിലിന്റെ അടുത്തേയ്ക്കു നടന്ന് അയാളുടെ അടുത്തുതന്നെ വന്നിരുന്നു. അയാൾ എഴുന്നേൽക്കാൻ ശ്രമിച്ചു. അയാളുടെ തോളിൽ കൈവച്ചുകൊണ്ട് അവർ പറഞ്ഞു.

‘തുമി ബോഷൊ.’

അയാൾ വൈഷമ്യത്തോടെ ഇരുന്നു. അവർ വളരെ അടുത്തായിരുന്നു. തനിക്ക് അസ്വാസ്ഥ്യം ഉളവാക്കാൻ മാത്രം അടുത്ത്.

‘നിന്റെ ആരോഗ്യം എങ്ങിനെയുണ്ട്?’

‘കുഴപ്പമില്ല.’

‘ഇന്ന് രാത്രി ഞാൻ റൊട്ടി കൊണ്ടുവരട്ടെ? നിരൊഞ്ജൻദാ ഗൊരഖ്പൂരിൽ പോയിരിക്കയാണ്.’

‘വേണ്ട ദീദി, ഞാൻ ഇന്ന് ഒരു സ്‌നേഹിതന്റെ വീട്ടിൽ ചെല്ലാമെന്നു പറഞ്ഞിട്ടുണ്ട്.’

നുണയാണ്. ആരെയും ഉപദ്രവിക്കാത്ത നുണ പറയാൻ രമേശൻ മടിച്ചില്ല.

‘എന്നാൽ അടുത്ത ഞായറാഴ്ച.’ അവർ രമേശന്റെ പുറത്തു തലോടിക്കൊണ്ട് തുടർന്നു. ‘എന്താണ് നീ ഇങ്ങിനെ മെലിഞ്ഞിരിക്കണത്. ഭക്ഷണം മര്യാദയ്ക്ക് കഴിക്ക്ണില്ലേ?’

രമേശൻ ചിരിക്കുക മാത്രം ചെയ്തു. പെട്ടെന്നാണ് അവരുടെ പ്രസന്നമായ മുഖം ഇരുണ്ടത്. ഒരു തേങ്ങൽ വന്ന് അവരുടെ മാറിടം ഉയർന്നു താണു. കണ്ണുകൾ കലങ്ങി. എല്ലാം ഒരു നിമിഷത്തിനുള്ളിൽ കഴിഞ്ഞു. അവർ പെട്ടെന്ന് എഴുന്നേൽക്കുകയും വാതിൽ തുറന്ന് പുറത്തേയ്ക്ക് പോകുകയും ചെയ്തു. രമേശൻ സ്തബ്ധനായി ഇരുന്നു.

എന്താണ് ചെയ്യേണ്ടത്? ഇനി വേണമെങ്കിൽ അവരെ പോയി സമാധാനിപ്പിക്കാം. രമേശൻ ഇതുവരെ അവരുടെ മുറിയിൽ പോയിട്ടില്ല. എന്തോ അതൊരു നിഷിദ്ധമായ പ്രദേശമാണെന്ന ബോധം. അവർക്ക് തന്നോടുള്ള മനോഭാവം എന്തുതന്നെയായാലും ശരി, തനിക്ക് അവരോടു തോന്നിയിട്ടുള്ള അടുപ്പം തീർച്ചയായും അത്ര പാവനമൊന്നുമല്ല. അമ്മ നന്നെ മെലിഞ്ഞിട്ടായിരുന്നു. മുണ്ടും വേഷ്ടിയും ധരിക്കുമ്പോൾ അവരുടെ രൂപം വളരെ പരിതാപകരമായിരുന്നു. കിടപ്പിലായ കാലത്ത് ഒരു ദിവസം അവർ തന്നെ അടുത്തു വിളിച്ചു കൈ പിടിച്ചുകൊണ്ട് പറഞ്ഞു. ‘എന്താ നീയിങ്ങനെ ചടച്ചിരിക്കണത്. ഭക്ഷണൊന്നും ശര്യാവ്ണില്ല്യാ അല്ലെ...?’

ഇല്ല, ഈ സ്ത്രീ തന്റെ അമ്മയ്ക്ക് പകരമാവില്ല. രമേശൻ എഴുന്നേറ്റു. മുറിക്കു പുറത്തു കടന്നു. അയാൾ സംശയത്തോടെ വീട്ടുടമസ്ഥയുടെ മുറിയിലേയ്ക്കു നടന്നു. വാതിൽ തുറന്നിട്ടിരുന്നു. അയാൾ വാതിൽക്കൽ വീണ്ടും സംശയിച്ചു നിന്നു. അകത്തേയ്ക്കു കടക്കണോ. വാതിൽക്കൽ പതുക്കെ മുട്ടി. മറുപടിയൊന്നുമില്ലെന്നു കണ്ടപ്പോൾ അയാൾ അകത്തേയ്ക്കു കടന്നു. മുറിയിൽ മരത്തിന്റെ രണ്ട് അലമാറകൾ, ഒരു മേശ, നാലു കസേലകൾ, ഒരു മൂലയിൽ വച്ച മേശമേൽ ഒരു സംഗീതോപകരണം, തംബുരുവാകാം, തുണികൊണ്ട് മൂടിയിരിക്കുന്നു. ഇടത്തു വശത്താണ് കട്ടിൽ. അതിന്മേൽ നീല വിരി വിരിച്ച കിടക്കമേൽ ആനന്ദമയീദേവി കിടക്കുന്നു. ചുമരിനോട് തിരിഞ്ഞാണ് കിടന്നിരുന്നത്. മുറിയിൽ വെളിച്ചം കുറവായിരുന്നു. രമേശൻ പതുക്കെ വിളിച്ചു. ‘ദീദീ...’

അവർ പെട്ടെന്ന് തിരിഞ്ഞു. രമേശനെ കണ്ടപ്പോൾ ഞെട്ടി എഴുന്നേറ്റുകൊണ്ട് ചോദിച്ചു.

‘കീ ചായ്? ഏഷെച്ചേ കെനോ?’

എന്തു വേണം? എന്തിനാണ് വന്നത്? അവർ വല്ലാതെ പരിഭ്രമിച്ചിരുന്നു. അവർ വാതിൽക്കലേയ്ക്ക് ഇടയ്ക്കിടക്ക് നോക്കുന്നുണ്ടായിരുന്നു.

വല്ലാത്തൊരു സ്വീകരണം. മുറിയ്ക്കു പുറത്തു കടക്കുമ്പോൾ രമേശൻ ആലോചിച്ചു. അവർക്ക് രണ്ടു മുഖമുണ്ടോ? അതോ അവർ എന്തിനെയെങ്കിലും ഭയപ്പെടുന്നുവോ?

മുറിയിൽ വന്ന് പാന്റ്‌സ് ഇട്ട് ഷൂസും ധരിച്ച് അയാൾ പുറത്തിറങ്ങി. ഇന്ന് ലെയ്ക്കിലേയ്ക്ക് എന്തായാലും പോകുന്നില്ല. രാഷ്ബീഹാരി അവന്യുവിലൂടെ വെറുതെ നടക്കാം. ദേശപ്രിയ പാർക്കിൽ കുറച്ചുനേരം ഇരുന്നശേഷം ഹോട്ടലിൽ പോയി ഊണു കഴിച്ചു മടങ്ങാം. ഹോട്ടലിലെ ബിൽ മാസത്തിലൊരിക്കൽ ഒന്നിച്ച് കൊടുക്കുകയാണ്. മാസം മുഴുവൻ എടുക്കുന്നതുകൊണ്ട് ലാഭമുണ്ട്. ഒരൂണിന് ഒന്നേമുക്കാൽ രൂപയുള്ളത് മാസത്തേയ്ക്ക് എടുക്കുമ്പോൾ ഒന്നേകാൽ രൂപയേ വരൂ. മാസവസാനം കൊടുത്താൽ മതി. അതുകൊണ്ട് പക്ഷേ മറ്റൊരു സ്ഥലത്തുനിന്ന് ഭക്ഷണം കഴിക്കാൻ കഴിയില്ല. കഴിയാതെയല്ല. അപ്പോഴും ഈ ഹോട്ടലിലെ ചാർജ്ജ് കൊടുക്കണമല്ലൊ. നല്ല ഭക്ഷണമാണ്. അഞ്ചെട്ടു വിഭവങ്ങളുണ്ടാവും. ഇലയിൽ ആദ്യം കൊണ്ടുവന്നു വയ്ക്കുന്നത് എന്തെങ്കിലും മധുരപലഹാരങ്ങളാണ്. ഒന്നുകിൽ ലഡ്ഡു, അല്ലെങ്കിൽ ജിലേബി, അതുമല്ലെങ്കിൽ മൈസൂർ പാക്. ഭക്ഷണത്തിനു മുമ്പ് മധുരം കഴിക്കുന്നത് തമിഴ് ബ്രാഹ്മണരുടെ പതിവാണെന്നു തോന്നുന്നു. എന്തായാലും ഇപ്പോൾ തഴക്കമായി.

തിരിച്ച് മുറിയിലെത്തി പാന്റ്‌സും ഷർട്ടും അഴിച്ച് കുളിമുറിയിൽ കയറി. മേൽ കഴുകൽ കഴിഞ്ഞു തോർത്തുമ്പോഴാണ് ആരോ വാതിൽക്കൽ മുട്ടുന്നപോലെ തോന്നിയത്. അയാൾ തോർത്തുടുത്ത് കുളിമുറിയുടെ വാതിൽ തുറന്നു തല പുറത്തിട്ടു നോക്കി. വാതിൽക്കൽ വീട്ടുടമസ്ഥ നിൽക്കുന്നു. ആരും വരികയുണ്ടാവില്ലെന്ന തോന്നലിൽ വാതിൽ കുറ്റിയിടാൻ മറന്നു. ലുങ്കി കുളിമുറിയിലേയ്ക്ക് എടുത്തിട്ടുമില്ല. തോർത്തു മാത്രമുടുത്ത് എങ്ങിനെ പുറത്തു കടക്കും. രമേശന്റെ അവസ്ഥ അവർക്കു മനസ്സിലായി എന്നു തോന്നുന്നു. അവർക്കു ചിരി വന്നു. അവർ കയ്യിലുണ്ടായിരുന്ന പാത്രം മേശപ്പുറത്തു വച്ച് പുറത്തു കടന്ന് വാതിലടച്ചു. അയാൾ വേഗം വന്ന് വാതിൽ കുറ്റിയിട്ട് പാത്രം തുറന്നു നോക്കി. അതിൽ േസമിയപ്പായസമായിരുന്നു.

മായ ഒരു മറുപടിക്കുവേണ്ടി കാത്തിരിക്കുമ്പോൾ അയാൾ ഇതെല്ലാം ഓർക്കുകയായിരുന്നു. എന്താണ് മറുപടി പറയേണ്ടത്?

‘ഒരു സ്‌നേഹിതന്റെ വീട്ടിൽ ചെല്ലാമെന്നു പറഞ്ഞിരുന്നു. ഞാൻ പറയാൻ മറന്നു.’

‘സാരമില്ല.’

‘ഞാൻ ബുധനാഴ്ച മുതൽ വൈകുന്നേരം ഫ്രീയാവില്ല.’ രമേശൻ പറഞ്ഞു.

‘എന്തേ?’

‘ഒരു വർക്‌ഷോപ്പിൽ ട്രെയിനിങ്ങിനു പോവ്വാണ്. അതു കഴിഞ്ഞ് എപ്പോഴാണ് എത്തുക എന്നറിയില്ല.’

അമർ ചാറ്റർജി രാവിലെത്തന്നെ മാർവാഡിയോട് സംസാരിച്ച് ട്രെയ്‌നിങ്ങിന്റെ കാര്യം ശരിയാക്കിയിരുന്നു. അപ്പോൾ ബുധനാഴ്ച മുതൽ വന്നാൽ മതിയെന്ന് തരുൺ ഗോസ്വാമിയാണ് പറഞ്ഞത്. രണ്ടു ദിവസം അയാൾ വർക്‌ഷോപ്പിൽ ഉണ്ടാവില്ലത്രെ.

‘അപ്പോൾ എന്റെ കാര്യം കഷ്ടാവും.’ അവൾ വ്യസനത്തോടെ പറഞ്ഞു.

‘അതെന്താണ്?’

‘ഒന്നുമില്ല.’

അവൾ ഒരു ബംഗാളി പാട്ട് മൂളിക്കൊണ്ടിരുന്നു. ‘സാത് ഭായ് ചമ്പാ ചകോരെ...’ ചമ്പകവൃക്ഷമായി മാറിയ സഹോദരി ഏഴു സഹോദരന്മാരെ നോക്കി പാടുകയാണ്.

‘നീ പാട്ടു പഠിച്ചിട്ടുണ്ടോ?’

‘ങും. ഞങ്ങളുടെ വീട്ടിൽ പാട്ടുണ്ടായിരുന്നു, ചിരിയുണ്ടായിരുന്നു. എല്ലാം പോയി.’

‘മരണമൊക്കെ സാധാരണമല്ലെ.’ രമേശൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. ‘എല്ലാം മറക്കണം. എങ്കിലല്ലേ മുന്നോട്ടു പോകാൻ പറ്റൂ.’

മായ തലയാട്ടി. ‘ഏട്ടന്റെ മരണം മാത്രമല്ല കാരണം.’

‘പിന്നെ?’

‘അതൊക്കെ പറയാൻ എനിക്കു കഴിഞ്ഞിരുന്നെങ്കിൽ?’ മായ തലയാട്ടിക്കൊണ്ടു പറഞ്ഞു. ‘നമുക്ക് വേറെ എന്തെങ്കിലും സംസാരിക്കാം.’

താൻ ഉദ്ദേശിച്ചതു ശരിയാണെന്ന് രമേശനു തോന്നി. അവൾക്ക് അവളുടെ ചുമട് ഇറക്കി വയ്ക്കണം. അതിനൊരത്താണി തിരയുകയാണ്. അത്താണിയ്ക്ക് ബലമുണ്ടോ എന്നറിഞ്ഞശേഷമേ ഇറക്കിവയ്ക്കാൻ പറ്റൂ. സമയമെടുക്കും. അവൾ എല്ലാം പറയുമെന്ന് രമേശന് ഉറപ്പുണ്ട്. തനിക്കതു േകൾക്കണോ എന്നതു മാത്രമാണ് പ്രശ്‌നം.

‘രേണു ഇപ്പോൾ നിന്റെ ഒപ്പം വരാറില്ലേ?’

‘അവൾ അങ്ങിനെ ഒരു...’ മായ അർദ്ധോക്തിയിൽ നിർത്തി.

‘എന്തേ?’

‘ഒന്നുമില്ല, അവൾ ഒരു ടൈപ്പാണെന്നു മാത്രം. എല്ലാവരും ഒരേപോലെ ഇരിക്കില്ലല്ലോ?’ മായ ചുറ്റും നോക്കിക്കൊണ്ട് പറഞ്ഞു. ‘തണുപ്പ് തുടങ്ങി അല്ലേ? ഇനി ലെയ്ക്കിൽ വരവൊന്നും നടക്കില്ല. പരമാവധി ഒരാഴ്ച കൂടി. എനിക്ക് തണുപ്പ് വയ്യ.’

മായ വിഷയം മാറ്റുകയാണ്. ശരിയാണ്, തണുപ്പ് കൂടിയിരിക്കുന്നു. ഇടയ്ക്കു വീശുന്ന കാറ്റിന് നല്ല തണുപ്പുണ്ട്.

‘നിങ്ങളുടെ നാട്ടിലൊന്നും ഇത്ര തണുപ്പില്ല അല്ലേ?’

‘ഇല്ല, അവിടെ മഴക്കാലത്തു മാത്രം നല്ല തണുപ്പുണ്ടാകും. പക്ഷേ അതു സഹിക്കാവുന്നതേ ഉള്ളൂ. പിന്നെ ഡിസംബർ, ജനുവരി മാസങ്ങളിൽ പാലക്കാടൻ തുറയിൽക്കൂടി വരുന്ന കാറ്റ് തണുത്തതും വരണ്ടതുമായിരിക്കും.’

തണുപ്പുകാലത്തെ മഞ്ഞുപോലെ മൗനത്തിന്റെ നേരിയ പാട അവർക്കിടയിൽ സാവധാനത്തിൽ ഇറങ്ങിവന്നു. അങ്ങിനെയാണ് എപ്പോഴും സംഭവിക്കുന്നത്. സംസാരിച്ചുകൊണ്ടിരിക്കേ രണ്ടുപേരും അവരവരുടെ ലോകത്തേയ്ക്ക് യാത്രയാകുന്നു. ഇതിനാണോ അവൾ കാണണമെന്നു പറഞ്ഞത്? മൗനത്തിന്റെ പുതപ്പുകൊണ്ട് തങ്ങളെ പൊതിയാൻ? തന്റെ സാമീപ്യത്തിന്റെ ഊഷ്മാവുകൊണ്ട് സ്വന്തം മനസ്സിന്റെ ശൈത്യം അകറ്റാൻ?

ആദ്യ ദിവസത്തെ ട്രെയിനിങ് നന്നായിരുന്നു. തരുൺ ഗോസ്വാമി വളരെ സഹാനുഭൂതിയോടെ പെരുമാറി. ഒരു ദിവസംകൊണ്ട് അയാൾക്ക് രമേശന്റെ ബലവും ബലക്ഷയവും മനസ്സിലായി. ഒപ്പംതന്നെ പഠിക്കാനുള്ള അയാളുടെ ദൃഢനിശ്ചയവും. ലെയ്ത്തിൽ ഒരു കോമ്പണന്റ് ലോഡ് ചെയ്ത് ചക്ക് മുറുക്കിയപ്പോൾ രമേശിന്റെ കൈകൾ വിറച്ചില്ല. ഏതോ ജന്മത്തിൽ താൻ ഇതെല്ലാം ചെയ്തതാണെന്ന തോന്നൽ. ഗോസ്വാമി ഒപ്പം നിന്ന് അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. എട്ടു മണിക്ക് വർക്‌ഷോപ്പിൽനിന്നു പുറത്തു കടന്നപ്പോൾ അയാളുടെ ഷർട്ടിലും പാന്റ്‌സിലും അല്പസ്വല്പം കൂളന്റ് ഓയിൽ തെറിച്ചിരുന്നു. പിറ്റേന്നു തന്നെ ഒരു ഓവർകോട്ട് വാങ്ങണമെന്ന് തീർച്ചയാക്കി.

ബെന്റിങ് ്രസ്റ്റീറ്റിലെത്തിയപ്പോഴാണ് പിന്നിൽനിന്ന് ഒരാൾ തോണ്ടി വിളിച്ചത്. തിരിഞ്ഞു നോക്കിയപ്പോൾ പഴയ പരിചയക്കാരൻ. ചൗറങ്കിയിൽ തന്നെ തട്ടി കൊക്കോക്കോള ഷർട്ടിൽ വീഴ്ത്തിയ മനുഷ്യൻ. അവർ നിന്നിടത്ത് വെളിച്ചം കുറവായിരുന്നതുകൊണ്ട് അയാൾക്ക് രമേശനെ മനസ്സിലായിെല്ലന്നു തോന്നുന്നു. അയാൾ നിറമെന്തെന്നു മനസ്സിലാവാത്ത ഒരു ഓവർകോട്ടും ഒരു പരന്ന തൊപ്പിയും ധരിച്ചിരുന്നു. അയാളുടെ കൈയ്യിൽ ഒരു കവറുണ്ട്.

‘സേർ, ഇന്ററസ്റ്റഡ് ഇൻ നാട്ടി പിച്ചേഴ്‌സ്?’

‘നോ, താങ്ക് യു.’

‘ഗുഡ് വൺസ് സേർ.’ അയാൾ കവറിൽനിന്ന് ഫോട്ടോകൾ പുറത്തെടുത്തു. ചുറ്റും ഒന്ന് ഓടിച്ചുനോക്കിയശേഷം രമേശന് നേരെ നീട്ടി. ‘കോസ്റ്റ്‌സ് ഓൺലി ടെൻ ബക്‌സ് ഫോർ എ സെറ്റ് ഓഫ് ട്വന്റി പിച്ചേഴ്‌സ്.’

രമേശൻ നോക്കി. വളരെ കുഴപ്പം പിടിച്ച ചിത്രങ്ങൾ. ഒരു ശരാശരി മനുഷ്യന്റെ ചോര ചൂടുപിടിക്കുന്ന കിടപ്പറ രംഗങ്ങൾ. പെട്ടെന്ന് അതു വാങ്ങാനുള്ള ആഗ്രഹമുണ്ടായി. ഒപ്പംതന്നെ കയ്യിലുള്ള പണം ചെലവാക്കുന്നതിൽ അർത്ഥമില്ലെന്നും. പോക്കറ്റിലുള്ള പണംകൊണ്ട് മാസവസാനംവരെ കൊണ്ടു നടക്കണം. രാവിലത്തെയും രാത്രിയിലെയും ഭക്ഷണം ഹോട്ടലിൽ കണക്കാണ്. ട്രാമിന് പാസ്സുമുണ്ട്. പിന്നെ ഉച്ചഭക്ഷണത്തിന്റെ കാര്യമാണ്. കയ്യിലുള്ള പണം അതിനു മാത്രമേ തികയൂ.

രേമശൻ ഒരിക്കൽക്കൂടി പറഞ്ഞു. ‘എനിക്ക് താല്പര്യമില്ലെന്നു പറഞ്ഞില്ലെ?’

‘ആർ യു എ ഗേ?’ അയാൾ സ്വരം താഴ്ത്തിക്കൊണ്ട് ചോദിച്ചു. ‘ഐ ഹാവ് സം ഗുഡ് സ്‌നാപ്‌സ്.’

‘ഞാനൊരു സ്വവർഗ്ഗപ്രേമിയുമല്ല. എനിക്ക് താല്പര്യമില്ലെന്നു മാത്രം. ദയവു ചെയ്ത് എന്നെ പോകാൻ അനുവദിക്കുമോ?’

അപ്പോഴാണ് അയാൾക്ക് രമേശിനെ പിടി കിട്ടിയത്. അയാൾ പറഞ്ഞു.

‘ഓ, നമ്മൾ പരിചയപ്പെട്ടിട്ടുണ്ടല്ലേ?’ അയാൾ ഫോട്ടോകൾ തിരിച്ചുവാങ്ങി കോട്ടിന്റെ പോക്കറ്റിലിട്ടു. ‘കം. നമുക്കൊരു കുപ്പി ബിയർ കുടിക്കാം.’ എതിർവശത്തുള്ള സാക്വി ഹോട്ടൽ ചൂണ്ടിക്കാട്ടി അയാൾ പറഞ്ഞു. സാക്വിയുടെ മുമ്പിൽ കെട്ടിത്തൂക്കിയ ബാർ സൈൻ കെടുകയും കത്തുകയും ചെയ്തിരുന്നു.

‘വേണ്ട, നന്ദി.’ അയാളെ തട്ടിമാറ്റിക്കൊണ്ട് രമേശൻ നടന്നു.

‘ഓകെ, മറ്റൊരവസരത്തിൽ. അനദർ ടൈം. ബൈ...’ പിന്നിൽനിന്ന് വയസ്സൻ വിളിച്ചുപറഞ്ഞു.

അനദർ ടൈം, അനദർ പ്ലെയ്‌സ്. എംഗൽബർട്ടിന്റെ ആ പാട്ട് രമേശന് ഇഷ്ടമായിരുന്നു. ഒരു റേഡിയോ വാങ്ങണം. പക്ഷേ ആദ്യംതന്നെ വീട്ടിലേയ്ക്ക് ഒരു റേഡിയോ വാങ്ങണമെന്നുണ്ട്. കുട്ടികൾക്ക് പാട്ട് ഇഷ്ടമാണ്. റേഡിയോ വാങ്ങുന്നതിനു മുമ്പ് ആദ്യം വീട്ടിൽ വിദ്യുഛക്തി എടുക്കണം. അടുത്ത പ്രാവശ്യം നാട്ടിൽ പോകുമ്പോൾ അതിന് എന്തു ചെലവു വരുമെന്ന് അന്വേഷിക്കണം. മുമ്പിൽക്കൂടി കമ്പികൾ പോകുന്നുണ്ട്. ഒരു തേക്കിൻകാൽ വേണ്ടിവരും. അയാൾ വീടിനെക്കുറിച്ചോർത്തു. സന്ധ്യയായാൽ സാവധാനത്തിൽ ഇരുട്ടിവരുന്നത്. അനുജത്തി വിളക്കു കൊളുത്തി ദീപം... ദീപം... എന്നുരുവിട്ടുകൊണ്ട് അകത്തുനിന്ന് വരുന്നത്. ഉമ്മറത്തിന്റെ ചവിട്ടുപടികൾ ഇറങ്ങി തുളസിത്തറയിലേയ്ക്കു നടക്കുന്നു. തറ പ്രദക്ഷിണം വച്ചശേഷം അവൾ നാലു ഭാഗത്തും തിരികൾ കൊളുത്തിവയ്ക്കുന്നു. അതിൽ തെക്കോട്ടുള്ള തിരി അമ്മയ്ക്കു കാണാനാണത്രെ. അമ്മ മറുലോകത്തുനിന്ന് അതു കാണുന്നുണ്ടാവും. പിന്നെ വീണ്ടും ഇരുട്ടുമ്പോൾ മണ്ണെണ്ണവിളക്കുകൾ ഓരോന്നായി കത്തിക്കുന്നു. അധികമൊന്നുമില്ല. ഉമ്മറത്ത് ഒരു മേശവിളക്ക്. കൊണ്ടുനടക്കാൻ ഒരു റാന്തലുള്ളത് അടുക്കളയിൽ വച്ചിരിക്കും. അടുപ്പിന്നടുത്ത് ഒരു മൂട്ടവിളക്ക്. റാന്തൽ ആരെങ്കിലും എടുത്തുകൊണ്ടുപോയാൽ അടുക്കളയിൽ ഇരുട്ടാണ്. താൻ താമസിക്കുന്ന നഗരവും, ജനിച്ചു വളർന്ന ഗ്രാമവും തമ്മിലുള്ള അന്തരം ഓർത്ത് അയാൾ അദ്ഭുതപ്പെട്ടു. രണ്ടും രണ്ട് ഗ്രഹങ്ങളിലെന്ന പോലെ. ഇവിടെ തന്റെ ചുറ്റും പ്രകാശമയമായ ഒരു ലോകമാണ്. നിയോൺ വിളക്കുകളും വലിയ േഷാപ്പുകളിൽനിന്നുള്ള വെളിച്ചവും തെളിഞ്ഞു കത്തുന്ന തെരുവു വിളക്കുകളും ഒരദ്ഭുതലോകം സൃഷ്ടിക്കുന്നു. ഇതേ സമയം തന്റെ കൊച്ചുഗ്രാമം ഇരുട്ടിന്റെ സങ്കേതത്തിലായിരിക്കും. അകത്തുനിന്ന് ലതിക നാമം ചെല്ലുന്നതിന്റെ ശബ്ദം ഉറക്കെ കേൾക്കാം.