close
Sayahna Sayahna
Search

മഗ്ദലനമറിയം — ബൈബിളിലും ജിബ്രാന്റെ കാവ്യത്തിലും


മഗ്ദലനമറിയം — ബൈബിളിലും ജിബ്രാന്റെ കാവ്യത്തിലും
Mkn-04.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മനോരഥങ്ങളിലെ യാത്രക്കാർ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1990
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 83 (ആദ്യ പതിപ്പ്)

Externallinkicon.gif മനോരഥങ്ങളിലെ യാത്രക്കാർ

മഗ്ദലനമറിയം യേശുദേവനെ തൈലാഭിഷേകം ചെയ്തതും അദ്ദേഹത്തെ സ്വന്തം കണ്ണീരില്‍ കുളിപ്പിച്ചതുമൊക്കെ നമ്മള്‍ ഭാവനയില്‍ കാണുന്നു. പക്ഷേ ആ സംഭവത്തിന്റെ അര്‍ത്ഥം പലരും മനസ്സിലാക്കിയിട്ടില്ലെന്നും സാഹിത്യപരങ്ങളും സാഹിത്യബാഹ്യങ്ങളും ആയ വ്യാഖ്യാനങ്ങള്‍ അതിനെ വികൃതമാക്കിയിട്ടുണ്ടെന്നും ‘Life of Christ’ എന്ന ഉത്കൃഷ്ടമായ ഗ്രന്ഥത്തിന്റെ രചയിതാവ് ജോവാനി പെപിനി(Papini) അഭിപ്രായപ്പെടുന്നു. ഈച്ചകള്‍ മാലിന്യത്തിലേക്കും കാക്കകള്‍ ശവങ്ങളിലേക്കും പാഞ്ഞെത്തുന്നതുപോലെ കഴിഞ്ഞ ശതാബ്ദത്തിലെ ജീര്‍ണ്ണതാവാദികള്‍ ദുഷ്ടതയുടെ ദുര്‍ഗന്ധത്താല്‍ ആകര്‍ഷിക്കപ്പെട്ടുവെന്നാണ് അദ്ദേഹത്തിന്റെ മതം. സുവിശേഷത്തില്‍ പാപിഷ്ഠകള്‍ എവിടെയെല്ലാമുണ്ടോ അവരെയൊക്കെ അവര്‍ തേടിപ്പിടിച്ചിട്ടുണ്ടു്. “വിശേഷണങ്ങളുടെ നീരാളവും ക്രിയകളുടെ പട്ടും അലങ്കാരങ്ങളുടെ അമൂല്യ രത്നങ്ങളും നല്‍കി അവര്‍ ആ സ്ത്രീകളെ തങ്ങളുടേതാക്കിയിട്ടുണ്ടെ”ന്നാണ് പെപിനിയുടെ പരാതി. യേശുദേവന്‍ ജറൂസലമിനടുത്തുള്ള ബഥനി ഗ്രാമത്തില്‍ ശീമോന്റെ വീട്ടിലായിരുന്നപ്പോള്‍ വിലകൂടിയ സുഗന്ധ തൈലം നിറച്ച ഭരണിയുമായി ഒരു സ്ത്രീ അവിടെയ്ത്തി. അവള്‍ ആ തൈലം അദ്ദേഹത്തിന്റെ ശിരസ്സിലേക്കു ഒഴിച്ചു. ശിഷ്യന്മാര്‍ അതുകണ്ട് കോപിച്ചു: ‘ഇതെന്തൊരു അപവ്യയമാണ്; ഈ തൈലം വലിയൊരു തുകയ്ക്ക് വിറ്റ് അതു പാവങ്ങള്‍ക്ക് കൊടുക്കാമായിരുന്നല്ലോ.” യേശു പറഞ്ഞു: “നിങ്ങളെന്തിനാണ് ഈ സ്ത്രീയെ ശല്യപ്പെടുത്തുന്നതു്. ഇവള്‍ എനിക്കുവേണ്ടി അനുഷ്ഠിച്ചതു് നന്മയാര്‍ന്ന, ഭംഗിയുള്ള കാര്യമാണ്…ശവസംസ്കാരത്തിനു് എന്നെ ഒരുക്കുന്നതിനുവേണ്ടിയാണ് ഇവള്‍ ഈ പരിമളതൈലം എന്റെ ശരീരത്തിലേക്ക് ഒഴിച്ചതു്…” (Mathew, 26–67). മാര്‍ക്കിന്റെ സുവിശേഷത്തിലും ഈ സംഭവകഥനത്തിനു് വലിയ വ്യത്യാസമില്ല. പക്ഷേ ലൂക്കിന്റെ സുവിശേഷത്തില്‍ വര്‍ണ്ണനത്തിനു് ഒട്ടൊരു വ്യാപകത്വം വന്നിട്ടുണ്ടു്. മറിയം തലമുടികൊണ്ട് യേശുവിന്റെ പാദങ്ങളെ തുട്യ്ക്കുകയും ചുംബിക്കുകയും ചെയ്തിട്ട് അവയിലേക്ക് സുഗന്ധതൈലം ഒഴിച്ചപ്പോള്‍ ശീമോന്‍ ആത്മഗതം ചെയ്തു. ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകന്‍തന്നെയെങ്കില്‍ അദ്ദേഹത്തെ സ്പര്‍ശിക്കുന്ന ഈ സ്ത്രീ ആരാണെന്നു് അറിയും: അവള്‍ ഏതൊരു വിധത്തില്‍ പാപഭൂയിഷ്ഠമായ ജീവിതം നയിക്കുന്നുവെന്നു് അറിയും. ഭഗവാന്‍ ഉടനെ ഒരര്‍ത്ഥവാദകഥ പറഞ്ഞിട്ടു അയാളെ അറിയിച്ചു: “നീ ഇവളെ കാണുന്നുണ്ടോ? ഞാന്‍ നിന്റെ വീട്ടില്‍ വന്നു. എന്നിട്ട് നീ എന്റെ പാദങ്ങള്‍ക്കു് ജലം തന്നില്ല. പക്ഷേ അവള്‍ എന്റെ കാലുകള്‍ കണ്ണീരുകൊണ്ട് കഴുകി, തലമുടികൊണ്ടു് തുടച്ചു. നീ ചുംബനംതന്നു് എന്നെ സ്വാഗതം ചെയ്തില്ല. എന്നാല്‍ ഞാന്‍ വന്നതിനുശേഷം അവള്‍ എന്റെ പാദങ്ങള്‍ ചുംബിക്കുന്നതു് നിര്‍ത്തിയതേയില്ല. എന്റെ ശിരസ്സിനു് നീ ഒലിവ് തൈലം നല്കിയില്ല. അവളാകട്ടെ എന്റെ പാദങ്ങളില്‍ പരിമളതൈലം പകര്‍ന്നു. അതിനാല്‍ ഞാന്‍ നിന്നോടു പറയുന്നു, അവളുടെ മഹനീയമായ സ്നേഹത്താല്‍ അവളുടെ അനേകം പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നുവെന്നു്… എന്നിട്ട് യേശു ആ സ്ത്രീയോട് പറഞ്ഞു. “നിന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു” മേശയ്ക്കടുത്തിരുന്ന മറ്റുള്ളവര്‍ തങ്ങളോടുതന്നെ പറഞ്ഞു–“പാപങ്ങള്‍ക്കുപോലും മാപ്പുനില്കുന്ന ഇവനാരു്?”

പക്ഷേ യേശു അവളോടു പറഞ്ഞു: ‘നിന്റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു. സമാധാനത്തോടെ പോകു (ലൂക്ക്, 7–36). ജോണിന്റെ സുവിശേഷത്തില്‍ യേശുദേവന്‍ ലാസറസിന്റെ ഭവനത്തിലിരിക്കുന്നതായിട്ടാണ് പ്രസ്താവം. അവിടെ മാത്രമേ മേരിയെന്ന പേരും കാണുന്നുള്ളു. ജൂഡാസാണ് അവളുടെ ഭക്തിനിര്‍ഭരമായ പ്രവര്‍ത്തനം കൊണ്ട് ഇപ്രകാരം പറയുന്നതു്. “മുന്നൂറു വെള്ളിനാണയത്തിനുവേണ്ടി ഈ സുഗന്ധതൈലം എന്തുകൊണ്ട് വില്ക്കപ്പെട്ടില്ല… യേശു അതു കേട്ട് അരുളിചെയ്തു. “അവളെ വെറുതേ വിടൂ. എന്റെ ശവസംസ്കാരത്തിനുവേണ്ടി അവള്‍ എനിക്കുള്ളതു് സൂക്ഷിച്ചുവയ്ക്കട്ടെ” (ജോണ്‍ 12).

നാലു സുസംവാദങ്ങളിലും(gospel) ഉള്ള ഈ വര്‍ണ്ണനങ്ങള്‍ നാലുവിധത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നു. മനുഷ്യജീവിതത്തിലെ ഒരു സുപ്രധാന മുഹൂര്‍ത്തത്തെ അതു നാടകീയമായി ആവിഷകരിക്കുന്നു എന്നാണ് എനിക്കു പറയാനുള്ളതു്. ഈ ജീവിതത്തില്‍ പാപം ചെയ്യുന്നവര്‍ പലരുമുണ്ട്. മഗ്ദലനമറിയം പാപകൃത്യമനുഷ്ഠിച്ചതു് വേശ്യാവൃത്തിയിലൂടെയാണ്. പക്ഷേ അന്തഃകരണത്തിന്റെ അനുശാസനം ശ്രവിക്കേണ്ടിവരുന്ന സന്ദര്‍ഭമുണ്ടാകാം. അതിനു വിധേയരാകേണ്ട പരിതഃസ്ഥിതികള്‍ സംജാതമാകും. മറിയം യേശുദേവന്റെ സന്ദേശം കേട്ടപ്പോള്‍ മാനസികപരിവര്‍ത്തനം സംഭവിച്ചവളായി. ഈ മുഹൂര്‍ത്തം സംഘട്ടനാത്മകമായതുകൊണ്ട് നാടകീയത ആവഹിക്കുന്നു. ബൈബിളിലെ ആ ഭാഗങ്ങള്‍ എഴുതിയവര്‍ മഹാകവികളാണ്. അവര്‍ മഗ്ദലനമറിയത്തിന്റെ മാനസികാവസ്ഥ ചിത്രീകരിച്ചു് ലോകത്തെമ്പാടുമുള്ള പാപാത്മാക്കളുടെ മാനസികനിലകള്‍ ആലേഖനം ചെയ്തിരിക്കുകയാണ്. അങ്ങനെ നാലു സുവിശേഷങ്ങളിലെയും ഭാഗങ്ങള്‍ മനുഷ്യജീവിതത്തിന്റെ ഹ്രസ്വാകാര ചിത്രങ്ങളായി പ്രത്യക്ഷങ്ങളാകുന്നു. ഈ സാമാന്യനിലയെ കൈവിട്ടിട്ട് നമുക്ക് മറിയ എന്ന വ്യക്തിയിലേക്കുവരാം. പെപിനി പറയുന്നതുപോലെ ശീമോന്റെ ഭവനത്തിലെത്തിയ അവള്‍ ആ സന്ദര്‍ഭത്തില്‍ വേശ്യയായിരുന്നില്ല. “മറിയം യേശുവിന്റെ വാക്കുകള്‍ കേട്ടുകഴിഞ്ഞിരുന്നു; അദ്ദേഹത്തിന്റെ ശബ്ദം അവളെ ഉലച്ചുകഴിഞ്ഞിരുന്നു. എല്ലാവരുടെയും ആയിരുന്ന ആ സ്ത്രീക്കു മനസ്സിലായി കാമത്തെക്കാള്‍ മനോഹരമായ മറ്റൊരു വികാരമുണ്ടെന്നു്; സ്നേഹമാണ് അതെന്നു്. നാണയക്കൂമ്പാരത്തെക്കാള്‍ സമ്പന്നമായ ദരിദ്രതയുണ്ടെന്നും അവള്‍ക്കു മനസ്സിലായി.” മറിയത്തിനുവന്ന ഈ മാനസാന്തരം യേശുദേവന്‍ ഗ്രഹിച്ചതുകൊണ്ടാണ് തന്നെ സുഗന്ധതൈലം പൂശിക്കാന്‍ അദ്ദേഹം അവളെ അനുവദിച്ചതു്. തന്റെ പാദപദ്മങ്ങളെ ചുംബിക്കാന്‍ അദ്ദേഹം അവള്‍ക്ക് അനുമതി നല്കിയതു്. ആധ്യാത്മികത്വത്തിന്റെ സൗരഭ്യം പ്രസരിക്കുന്ന ഒരു ജീവിത സന്ദര്‍ഭമാണതു്. അനുഗ്രഹദായകര്‍ക്കും അനുഗ്രഹിക്കപ്പെടുന്നവര്‍ക്കും മാത്രമേ അതു മനസ്സിലാകൂ. അതിന്റെ ആന്തരമായ അര്‍ത്ഥം അവര്‍ക്കേ പിടികിട്ടുകയുള്ളു. ലോകായതികന്മാര്‍ക്കു് അപ്പോഴും സന്ദേഹമേ കാണു. അവര്‍ വികലചിത്തരായി അങ്ങനെയുള്ള സംഭവങ്ങളെ തങ്ങളുടെ മാനസിക നിലകള്‍ക്ക് അനുരൂപമായി വ്യാഖ്യാനിക്കാറുണ്ട്. അനുഗ്രഹദായകരെ അവര്‍ ശകാരിച്ചെന്നുവരും. “ഈ മനുഷ്യന്‍ യഥാര്‍ത്ഥത്തില്‍ പ്രവാചകന്‍തന്നെയെങ്കില്‍ അദ്ദേഹത്തെ സ്പര്‍ശിക്കുന്ന ഈ സ്ത്രീ ആരാണെന്നു് അറിയും” എന്നു് ഒരാള്‍. “മുന്നൂറു വെള്ളിനാണയങ്ങള്‍ക്കുവേണ്ടി ഈ സുഗന്ധതൈലം എന്തുകൊണ്ട് വില്ക്കപ്പെട്ടില്ല” എന്നു വേറൊരാള്‍. ആധ്യാത്മിക സൂര്യനെ ഗ്രസിക്കാന്‍ ഇഴഞ്ഞുചെല്ലുന്ന ലോകായതികത്വത്തിന്റെ സര്‍പ്പങ്ങളാണ് അവര്‍. പക്ഷേ അവര്‍ക്കു് ആ ഉജ്ജ്വല ഭാസ്കരനെ സമീപിക്കാന്‍പോലും കഴിയുന്നില്ല. അദ്ദേഹം വിശുദ്ധമായ സ്നേഹമന്ത്രമോതി ആ പാപാത്മാക്കളെ അകറ്റിക്കളയുന്നു. “അതിനാല്‍ ഞാന്‍ നിന്നോടു് പറയുന്നു. അവളുടെ മഹനീയമായ സ്നേഹത്താല്‍ അവളുടെ അനേകം പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നുവെന്നു്. അതുതന്നെയാണ് വിശുദ്ധമായ സ്നേഹമന്ത്രം.” ‘അവളുടെ മഹനീയമായ സ്നേഹം’ എന്നതിനെ ദുരാത്മക്കളായ ചില വ്യാഖ്യാതാക്കള്‍ ഉചിതജ്ഞയില്ലാതെ വ്യാഖ്യാനിച്ച് മറിയത്തിന്റെ വേശ്യാവൃത്തിയുടെ നീതിമത്കരണമായി ദര്‍ശിച്ചതിനോടാണ് പെപിനി പ്രതിഷേധിക്കുന്നതു്. പ്രതിഷേധം ശരിയാണുതാനും. മറിയം കാമുകരെ സ്നേഹിച്ചാല്‍ യേശുദേവന്‍ അവളെ അംഗീകരിക്കുമോ? ജീവിതത്തിനാകെ പരിവര്‍ത്തനം വരുത്തി, ആത്മാവിനാകെ പരിവര്‍ത്തനം വരുത്തി ഈശ്വര ചിന്തയോടുകൂടി എത്തിയ സ്ത്രീയെയാണ് യേശുദേവന്‍ ആശ്വസിപ്പിച്ചതും അനുഗ്രഹിച്ചതും. തന്നെ– ഈശ്വരനെ– അവള്‍ വളരെയധികം സ്നേഹിച്ചു എന്നാണ് യേശു പ്രസ്താവിക്കുന്നതു്. ജൂഡാസിനെക്കാള്‍ ഹീനന്‍മാരായ വ്യാഖ്യാതാക്കള്‍ ലോകത്തു് ധാരാളം.

അവരോട് പെപിനി തട്ടികയറുന്നതില്‍ ഒരു തെറ്റുമില്ല. കണ്ണീരൊഴുക്കി ഭൂതകാലത്തെ പാപങ്ങള്‍ മുഴുവന്‍ കഴുകിക്കളഞ്ഞ് കന്യകകളില്‍ കന്യകയായി മാറിയ ആ നൂതന മറിയത്തെ കാണാന്‍ വ്യാഖ്യാതാക്കള്‍ക്കു് കണ്ണില്ലാതെപോയല്ലോ.

പുരോഹിതന്മാര്‍ ജൂഡിയയിലെ രാജാക്കന്മാരുടെ ശിരസ്സില്‍ തൈലലേപനം ചെയ്തിരുന്നുവെന്നും പ്രഭുക്കളും അതിഥികളും വിശേഷദിനങ്ങളില്‍ തങ്ങളുടെ പാദങ്ങളില്‍ സുഗന്ധതൈലം പൂശിയിരുന്നുവെന്നും പെപിനി പറയുന്നുണ്ട്. സ്വര്‍ഗ്ഗസാമ്രാജ്യത്തിലെ രാജാവായ യേശുവിന്റെ ശിരസ്സില്‍ മറിയം തൈലമൊഴിക്കുന്നു. അദ്ദേഹത്തിന്റെ ആസന്ന മരണത്തെ സൂചിപ്പിക്കുന്ന മട്ടില്‍ തൈലം പുരട്ടുന്നു. ഇതു രണ്ടാമത്തെ ജ്ഞാനസ്നാനമായി പെപിനി ദര്‍ശിക്കുന്നു. യേശുദേവന്‍ പറഞ്ഞില്ലേ, “ശവസംസ്കാരത്തിന്നു് എന്നെ ഒരുക്കുന്നതിനുവേണ്ടിയാണ് ഇവള്‍ ഈ പരിമളതൈലം എന്റെ ശരീരത്തിലേക്കു ഒഴിച്ചതു്” എന്നു്, ആ വാക്കുകള്‍തന്നെയാണ് അങ്ങനെയൊരു നിര്‍ണ്ണയത്തിനു അവലംബമരുളുന്നതു്. ഇസ്രായേലിലെ നിയമം “There shall be no whore of the daughters of Israel…Thou shall not bring the hire of a whore, on the price of a dog into the house of the Lord thy God for any vow: for even both these are abomination to the Lord thy God” എന്നായിരുന്നു. പക്ഷേ വേശ്യയായിരുന്ന മറിയം മാലാഖയെക്കാള്‍ വിശുദ്ധിയാര്‍ജ്ജിച്ചു. അതിനുശേഷമാണ് അവള്‍ ക്രിസ്തുദേവന്റെ അടുക്കലെത്തിയതു്. വിശുദ്ധിയാര്‍ജ്ജിക്കാനുള്ള കാരണം മുന്‍പു പറഞ്ഞു കഴിഞ്ഞു. അതാവര്‍ത്തിക്കാം.: “ അവളുടെ മഹനീയമായ സ്നേഹത്താല്‍ അവളുടെ അനേകം പാപങ്ങള്‍ ക്ഷമിക്കപ്പെട്ടിരിക്കുന്നു.” ബൈബിളിലെ പല ഭാഗങ്ങളും ഉദാത്തങ്ങളാണ്. ആ വിധത്തില്‍ ഉദാത്തമായ ഒരു ഭാഗമാണിതു്. യേശു തന്റെ അന്ത്യത്തെ സൂചിപ്പിച്ചതു് ശീമോന്‍ മനസ്സിലാക്കിയില്ല. ജൂഡാസ് മനസ്സിലാക്കിയില്ല. പാപമോചിതയായി മറിയം ഗ്രഹിച്ചു എന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നു. അവള്‍ നിശ്ശബ്ദയായി കണ്ണീരൊഴുക്കിക്കൊണ്ടുപോയി. പാപമാര്‍ജ്ജനം കഴിഞ്ഞതിനുശേഷമുള്ള ആ കണ്ണീര്‍ യേശുദേവന്റെ ഭാവി കഥനം കേട്ടിട്ടല്ലേ ഉണ്ടായതു്?

ബൈബിളിലെ ഹൃദയ ദ്രവീകരണ സമര്‍ത്ഥങ്ങളായ സന്ദര്‍ഭങ്ങള്‍ മഹാകവികള്‍ക്കു പ്രചോദനമരുളിയിട്ടുണ്ട്. ആ പ്രചോദനത്തിനു് അനുരൂപമായ വിധത്തില്‍ അവര്‍ കലാശില്പങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ട്. അങ്ങനെയുള്ള കലാശില്പങ്ങളില്‍ ഒന്നാണ് കലീല്‍ ജിബ്രാന്റെ Jesus the Son of Man എന്ന ചേതോഹരമായ കാവ്യഗ്രന്ഥം. യേശുവിനെ അറിയാമായിരുന്ന എഴുപത്തിയേഴു സമകാലികരുടെ വാക്കുകളിലൂടെ അദ്ദേഹത്തിന്റെ ചിത്രങ്ങള്‍ വരയ്ക്കുന്ന ഈ ഗ്രന്ഥം അത്യുല്‍കൃഷ്ടമാണ്. അതില്‍ മറിയത്തിന്റെ സ്വഗതോക്തി എന്ന മട്ടിലുള്ള കാവ്യം കണ്ടാലും: “ജൂണ്‍ മാസത്തീലാണ് ഞാന്‍ അദ്ദേഹത്തെ ആദ്യമായി കാണുന്നതു്. ഞാന്‍ തൊഴിലാളികളോടൊത്തു് പോകുമ്പോള്‍ അദ്ദേഹം ഗോതമ്പുവയലില്‍ക്കൂടെ നടക്കുകയായിരുന്നു. അദ്ദേഹം ഒറ്റയ്ക്കായിരുന്നു. അദ്ദേഹത്തിന്റെ പാദവിന്യാസത്തിന്റെ ലയം മറ്റുള്ളവരുടെതില്‍ നിന്നു വിഭിന്നം. അദ്ദേഹത്തിന്റെ ശരീരത്തിലുള്ള ചലനം ഞാന്‍ മുമ്പു കണ്ടിട്ടുള്ളതല്ല. മനുഷ്യര്‍ അങ്ങനെയല്ല ഭൂമിയില്‍ നടക്കുന്നതു്. ഇപ്പോഴും എനിക്കറിഞ്ഞുകൂടാ അദ്ദേഹം പതുക്കെ നടന്നോ അതോ വേഗത്തില്‍ നടന്നോ എന്നു്. എന്റെ തോഴിമാര്‍ അദ്ദേഹത്തിന്റെ നേര്‍ക്കു വിരല്‍ചൂണ്ടി ലജ്ജകലര്‍ന്ന ശബ്ദത്തില്‍ പരസ്പരം മന്ത്രിച്ചു. ഒരുനിമിഷനേരം ഞാന്‍ നിന്നിട്ട് അദ്ദേഹം വിളിക്കാന്‍ കൈയുയര്‍ത്തി. പക്ഷേ അദ്ദേഹം മുഖം തിരിച്ചില്ല; എന്നെ നോക്കിയതുമില്ല. ഞാന്‍ അദ്ദേഹത്തെ വെറുത്തു…

“അന്നുരാത്രി ഞാന്‍ അദ്ദേഹത്തെ സ്വപ്നംകണ്ടു. അവര്‍ എന്നോടു പിന്നീടു പറഞ്ഞു: ഞാന്‍ ഉറക്കത്തില്‍ നിലവിളിച്ചെന്നും കിടക്കയില്‍ അസ്വസ്ഥയായി ഉരുണ്ടുവെന്നും.

ആഗസ്റ്റ് മാസത്തിലാണ് ഞാനദ്ദേഹത്തെ എന്റെ ജനലില്‍ക്കൂടി വീണ്ടും കണ്ടതു്. എന്റെ ഉദ്യാനത്തിനപ്പുറത്തു് സൈപ്രസ് വൃക്ഷത്തിന്റെ നിഴലില്‍ അദ്ദേഹം ഇരിക്കുകയായിരുന്നു. അന്റിയോക്കിലെയും വടക്കന്‍ പ്രദേശത്തെ മറ്റു പട്ടണങ്ങളിലെയും പ്രതിമകളെപ്പോലെ, കല്ലില്‍ കൊത്തിയെടുത്തവനെന്നപോലെ അദ്ദേഹം നിശ്ചലനായി ഇരുന്നു…

ഞാന്‍ അദ്ദേഹത്തെ നോക്കി. എന്റെ ആത്മാവ് പ്രകമ്പനംകൊണ്ടു. കാരണം അദ്ദേഹം സുന്ദരനായിരുന്നു എന്നതാണ്…

ഞാന്‍ ഡമാസ്കസിലെ വസ്ത്രങ്ങളണിഞ്ഞ്, വീട്ടില്‍നിന്നിറങ്ങി അദ്ദേഹത്തിന്റെ അടുക്കലേക്കു നടന്നു.

എന്റെ ഏകാന്തതയാണോ അതോ അദ്ദേഹത്തിന്റെ സൗരഭ്യമാണോ എന്നെ അദ്ദേഹത്തിന്റെ അടുക്കലെത്തിച്ചതു്? എന്റെ കണ്ണൂകളിലെ വിശപ്പാണോ ലാവണ്യം കൊതിച്ചതു്? അതോ അദ്ദേഹത്തിന്റെ സൗന്ദര്യമാണോ എന്റെ കണ്ണുകളിലെ പ്രകശം അഭിലഷിച്ചതു്? ഇപ്പോഴും എനിക്കതു് അറിഞ്ഞുകൂടാ.

സൗരഭ്യമാര്‍ന്ന വസ്ത്രങ്ങളുമായി, റോമന്‍ കാപ്റ്റന്‍ തന്ന സുവര്‍ണ്ണ പാദരക്ഷകളുമായി ഞാന്‍ അദ്ദേഹത്തിന്റെ അടുക്കലെത്തി. എത്തിയപ്പോള്‍ ഞാന്‍ പറഞ്ഞു: “അങ്ങയ്ക്കു സുപ്രഭാതം.” അദ്ദേഹം പറഞ്ഞു: “മറിയമേ നിനക്കു സുപ്രഭാതം” എന്നിട്ട് അദ്ദേഹം എന്നെ നോക്കി.

അദ്ദേഹത്തിന്റെ ലോചനങ്ങള്‍ മറ്റൊരു പുരുഷനും കാണാത്ത മട്ടില്‍ എന്നെക്കണ്ടു. പെട്ടെന്നു നഗ്നയായിബ്ഭവിച്ചതുപോലെ ആയി ഞാന്‍. “നിനക്കു സുപ്രഭാതം” എന്നു മാത്രമേ അദ്ദേഹം പറഞ്ഞതുമുള്ളു. എന്നിട്ട് ഞാന്‍ അദ്ദേഹത്തോടു ചോദിച്ചു: “അങ്ങ് എന്റെ വീട്ടില്‍ വരില്ലേ?” അദ്ദേഹം പറഞ്ഞു: “ഞാന്‍ നിന്റെ ഭവനത്തിലായിക്കഴിഞ്ഞിരിക്കുന്നല്ലോ.” അന്ന് അദ്ദേഹം എന്തുദ്ദേശിച്ചുവെന്നു് എനിക്കറിഞ്ഞുകൂടായിരുന്നു. പക്ഷേ ഇപ്പോള്‍ അറിയാം.

ഞാന്‍ ചോദിച്ചു:“അങ്ങ് എന്നോടൊരുമിച്ച് വീഞ്ഞും അപ്പവും കഴിക്കില്ലേ.”

അദ്ദേഹം പറഞ്ഞു: “ആകാം മറിയം. ഇപ്പോഴല്ല.” “ഇപ്പോഴല്ല, ഇപ്പോഴല്ല എന്നു് അദ്ദേഹം പറഞ്ഞു. ആ രണ്ടു വാക്കുകളില്‍ സമുദ്രത്തിന്റെ ശബ്ദമുണ്ടായിരുന്നു. കാറ്റിന്റെയും വൃക്ഷങ്ങളുടെയും ശബ്ദമുണ്ടായിരുന്നു. അദ്ദേഹം എന്നോട് ആ വാക്കുകള്‍ അരുളിച്ചെയ്തപ്പോള്‍ ജീവിതം മരണത്തോട് സംസാരിക്കുകയായിരുന്നു.

സുഹൃത്തേ, മനസ്സിലാക്കൂ ഞാന്‍ മരിച്ചവളായിരുന്നു. ആത്മാവിനെ ഉപേക്ഷിച്ചവളായിരുന്നു ഞാന്‍. നിങ്ങള്‍ ഇപ്പോള്‍ കാണുന്ന ആത്മാംശത്തില്‍നിന്നു വേര്‍പ്പെട്ടു ജീവിക്കുകയായിരുന്നു ഞാന്‍. ഞാന്‍ എല്ലാ പുരുഷന്മാരുടേതുമായിരുന്നു; പക്ഷേ ആരുടേതുമല്ലായിരുന്നു. അവര്‍ എന്നെ വേശ്യയെന്ന് വിളിച്ചു…”

“പക്ഷേ അദ്ദേഹത്തിന്റെ പ്രഭാതലോചനങ്ങള്‍ എന്റെ കണ്ണുകളെ നോക്കിയപ്പോള്‍ എന്റെ നിശീഥിനിയുടെ എല്ലാ നക്ഷത്രങ്ങളും വിളറിപ്പോയി. ഞാന്‍ മറിയമായി. മറിയം മാത്രം. അവള്‍ക്ക് അറിയാവുന്ന ഭൂമി നഷ്ടപ്പെട്ട സ്ത്രീ. പുതിയ സ്ഥലങ്ങള്‍ കണ്ടെത്തിയ സ്ത്രീ.”

ഞാന്‍ വീണ്ടും അദ്ദേഹത്തോടു പറഞ്ഞു: “എന്റെ വീട്ടില്‍വന്നു് അപ്പവും വീഞ്ഞും എന്നോടൊത്തു കഴിക്കൂ.”

അദ്ദേഹം ചോദിച്ചു
“എന്നെ അതിഥിയായി നീ ക്ഷണിക്കുന്നതെന്തിനു്?”
ഞാന്‍ പറഞ്ഞു
“എന്റെ വീട്ടില്‍ വരാന്‍ ഞാന്‍ കേണപേക്ഷിക്കുന്നു.”

അദ്ദേഹം അപ്പോള്‍ എന്നെ നോക്കി. അദ്ദേഹത്തിന്റെ നയനങ്ങളുടെ മധ്യാഹ്നം എന്നില്‍ പതിച്ചു. എന്നിട്ട് അദ്ദേഹം പറഞ്ഞു: ‘നിനക്കു് അനേകം കാമുകരുണ്ട്. എങ്കിലും ഞാന്‍ മാത്രമേ നിന്നെ സ്നേഹിക്കുന്നുള്ളു. മറ്റുള്ളവര്‍ നിന്റെ സാമീപ്യത്തില്‍ തങ്ങളെത്തന്നെ സ്നേഹിക്കുകയാണ്. ഞാന്‍ നിന്റെ ആത്മസത്തയില്‍ നിന്നെ സ്നേഹിക്കുന്നു. മറ്റുള്ളവര്‍ തങ്ങളുടെ വേഗത്തില്‍ നശിക്കുന്ന സൗന്ദര്യം നിന്നില്‍ കാണുന്നു. പക്ഷേ മാഞ്ഞുപോകാത്ത സൗന്ദര്യമാണ് ഞാന്‍ നിന്നില്‍ കാണുന്നതു്. നിന്റെ ദിനങ്ങളുടെ അന്ത്യത്തില്‍ ആ സൗന്ദര്യം കണ്ണാടിയിലേക്കു നോക്കാന്‍ പേടിക്കില്ല. അതു വേദനിക്കുകയുമില്ല. ഞാന്‍ മാത്രമാണ് നിന്നിലുള്ള അദൃശ്യമായതിനെ സ്നേഹിക്കുന്നതു്.”

എന്നിട്ട് അദ്ദേഹം ശബ്ദംതാഴ്ത്തി അറിയിച്ചു. “ഇപ്പോള്‍ പോകൂ. ഈ സൈപ്രസ് വൃക്ഷം നിന്റേതാണെങ്കില്‍, അതിന്റെ നിഴലിലിരിക്കാന്‍ നീ എന്നെ അനുവദിക്കില്ലെങ്കില്‍ ഞാന്‍ എന്റെ വഴിയിലേക്കുതന്നെ പോകുന്നു!”

ഞാന്‍ നിലവിളിച്ചുകൊണ്ടു പറഞ്ഞു. “പ്രഭോ എന്റെ വീട്ടില്‍ വരൂ ഞാന്‍ സുഗന്ധദ്രവ്യം അങ്ങയ്ക്കുവേണ്ടി പുകയ്ക്കാം. അങ്ങയുടെ കാല്ക്കല്‍ രജതപീഠം വയ്ക്കാം. അങ്ങ് അന്യനാണ്; എന്നാലും അന്യനല്ല. ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, എന്റെ വീട്ടിലേക്കു വരൂ.”

എന്നിട്ട് അദ്ദേഹം എഴുന്നേറ്റ് ഋതുക്കള്‍ വയലിലേക്ക് നോക്കുന്നതുപോലെ എന്നെ നോക്കി പുഞ്ചിരിയിട്ടു. വീണ്ടും അദ്ദേഹം പറഞ്ഞു: “എല്ലാ പുരുഷന്മാരും തങ്ങള്‍ക്കുവേണ്ടി നിന്നെ സ്നേഹിക്കുന്നു. നിനക്കുവേണ്ടി നിന്നെ സ്നേഹിക്കുന്നത് ഞാന്‍ മാത്രം.”

അദ്ദേഹം നടന്നകന്നു. അദ്ദേഹം നടന്നതുപോലെ വേറൊരാളും നടന്നിട്ടില്ല. എന്റെ ഉദ്യാനത്തില്‍ ഉണ്ടായ വായുവാണോ കിഴക്കോട്ടുപോയതു്? അതോ എല്ലാറ്റിനെയും അടിത്തട്ടുവരെ പിടിച്ചുകുലുക്കുന്ന കൊടുങ്കാറ്റായിരുന്നോ അതു്?

എനിക്കറിഞ്ഞുകൂടായിരുന്നു. പക്ഷേ ആ ദിനത്തില്‍ അദ്ദേഹത്തിന്റെ ലോചനങ്ങളുടെ സായാഹ്നം എന്നിലുള്ള പശാചിനെ നിഗ്രഹിച്ചു. ഞാനൊരു സ്ത്രീയായി. ഞാന്‍ മറിയമായി. മിജ്ഡേലിലെ മറിയം.

കലീല്‍ ജിബ്രാന്റെ ഈ കാവ്യം അന്യാദൃശമായ സൗന്ദര്യമുള്ളതാണ്. മനുഷ്യപുത്രന്‍ കണ്ട സത്യത്തെ അദ്ദേഹം സൗന്ദര്യത്തിന്റെ രൂപത്തില്‍ ദര്‍ശിച്ചു. അപ്പോള്‍ സത്യം സൗന്ദര്യമായും സൗന്ദര്യം സത്യമായും ഭവിച്ചു. മിസ്റ്റിസിസത്തില്‍ വില്യം ബ്ലേക്കിനെയും ടാഗോറിനെയും അതിശയിച്ച ലബനണിലെ ഈ മഹാകവിയുടെ കാവ്യങ്ങള്‍ക്കുള്ള ചേതോഹരത്വം എവിടെയിരിക്കുന്നുവെന്നു കണ്ടുപിടിക്കാന്‍ അമേരിക്കയിലെ ചില പണ്ഡിതന്മാര്‍ ശ്രമിക്കുകയുണ്ടായി. അവര്‍ പറഞ്ഞു:

“പ്രശാന്തമായ കാട്ടില്‍ക്കൂടെ നടന്നുപോകുന്ന അനുഭൂതി അനുവാചകനു ഉളവാകുന്ന മട്ടില്‍, തണുത്ത പുഴയില്‍ കളിക്കുന്ന തോന്നലുളവാകുന്ന രീതിയില്‍, ശാശ്വത സത്യങ്ങളാവിഷ്കരിക്കാന്‍ ജിബ്രാനറിയാം. അതു ചൈതന്യത്തെ സമാശ്വസിപ്പിക്കുന്നു. പക്ഷേ അഗ്നിയെപ്പോലെ ഉത്തപ്തമായ വിധത്തിലും അദ്ദേഹത്തിനു എഴുതാന്‍ കഴിയുമായിരുന്നു.” ഈ പണ്ഡിതന്മാര്‍ക്ക് ‘എന്തുകൊണ്ട്’ എന്ന ചോദ്യത്തിനു ഉത്തരം നല്കാന്‍ കഴിഞ്ഞില്ല. അതില്‍ അത്ഭുതപ്പെടാനില്ല. മഹാകവികളുടെ കാവ്യങ്ങള്‍ക്കുള്ള സ്വഭാവമതാണ്.

ബൈബിളിലെ കവികള്‍ മാനസാന്തരം വന്ന മറിയത്തെയാണ് യേശുവിന്റെ മുന്നിലേക്കു കൊണ്ടുവരുന്നതു്. അവര്‍ പ്രകാശത്തിന്റെ ഫോക്കസ് — തേജഃസങ്കര്‍ഷബിന്ദു — യേശുവിലും മറിയത്തിലും വീഴ്ത്തി രണ്ടുപേരുടേയും സ്വഭാവസവിശേഷതകള്‍ വ്യക്തമാക്കിത്തരുന്നു. മാലാഖയെപ്പോല്‍ വിശുദ്ധമായ മറിയം: ഈശ്വരനായ ക്രിസ്തു അവരുടെ സമാഗമത്തില്‍നിന്നു് ഉത്ഭവിക്കുന്ന ആധ്യാത്മികതേജസ്സ് കോടിസൂര്യന്റെ പ്രകാശത്തിനു സദൃശമാണ്. ജിബ്രാനു ലക്ഷ്യം മറ്റൊന്നാണ്. മാനസാന്തരം വരുന്നതിനു മുന്‍പുള്ള മറിയമാണ് ആദ്യമായി നമ്മുടെ മുന്‍പില്‍ നില്ക്കുക. യേശുവിനെ ആദ്യമായി കണ്ടപ്പോള്‍ത്തന്നെ തന്റെ പാപപങ്കിലമായ ജീവിതത്തെക്കുറിച്ച് അവള്‍ക്കു അപരാധ ബോധമുണ്ടായെങ്കിലും (നിദ്രാവേളയിലുള്ള അവളുടെ നിലവിളിയും അസ്വസ്ഥതയും അതു സൂചിപ്പിക്കുന്നു) അദ്ദേഹത്തിന്റെ സൗന്ദര്യത്താല്‍ അവള്‍ ആകൃഷ്ടയാകുന്നു. അനുവാചകരായ നമ്മളും കാവ്യഭംഗിയാല്‍ ആകര്‍ഷിക്കപ്പെടുന്നു.