close
Sayahna Sayahna
Search

വ്യാസനെന്ന എക്സിസ്റ്റെൻഷ്യലിസ്റ്റ്


വ്യാസനെന്ന എക്സിസ്റ്റെൻഷ്യലിസ്റ്റ്
Mkn-07.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി മണല്‍ക്കാട്ടിലെ പൂമരങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1992
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 126 (ആദ്യ പതിപ്പ്)

ഫ്രഞ്ച് ഭാഷയില്‍ ദാര്‍ശനിക ഗ്രന്ഥങ്ങളെഴുതുന്ന റുമേനിയാക്കാരന്‍ ഈ. എം. കിയോറാന്‍ (E. M. Cioran)വിശ്വവിഖ്യാതനാണ്. കീര്‍ക്കേഗാര്‍, നീച്ചവിറ്റ്ഗന്‍ഷ്മൈന്‍ ഈ തത്ത്വചിന്തകരുടെ പാരമ്പര്യത്തില്‍പ്പെട്ട ചിന്തകനാണ് അദ്ദേഹമെന്ന് അഭിജ്ഞന്മാര്‍ പറയുന്നു. ജീവിതത്തോടു നിഷേധാത്മകമായ നിലപാട് പ്രദര്‍ശിപ്പിക്കുന്ന, അദ്ദേഹത്തിന്റെ A short History of Decay എന്ന ഗ്രന്ഥം വായിച്ചുനോക്കു. ജീവിതത്തെ സംബന്ധിച്ചു പുതിയ പുതിയ കാഴ്ചപ്പാടുകള്‍ ലഭിക്കും. ഇതിലൊരിടത്ത് ഇങ്ങനെ കാണുന്നു:

‘ആണി മന്ത്രിക്കുന്നു — നിങ്ങളുടെ ഹൃദയത്തില്‍ക്കൂടി എന്നെ കടത്തിവിടൂ. ചോര ഇറ്റിറ്റുവീഴുന്നതു നിങ്ങള്‍ക്കു ഭയം ജനിപ്പിക്കേണ്ട കാര്യമില്ല. പേനാക്കത്തി പറയുന്നു: എന്റെ കത്തിക്കു തെറ്റുപറ്റുകയില്ല. ഒരു നിമിഷത്തെ തീരുമാനം മതി. കഷ്ടപ്പാടിനെയും അപമാനത്തെയും നിങ്ങള്‍ ജയിച്ചടക്കും. നിശ്ശബ്ദതയില്‍ കറകറശബ്ദം കേള്‍പ്പിച്ചുകൊണ്ടു ജനല്‍ താനേ തുറക്കുന്നു: പാവങ്ങളോടൊത്തു നിങ്ങള്‍ പട്ടണത്തിന്റെ ഉയര്‍ച്ച മനസിലാക്കും. പുറത്തേക്ക് എടുത്തു ചാടൂ. എന്റെ നിര്‍ദ്ദേശം ഔദാര്യമാര്‍ന്നതാണ്. കണ്ണു ചിമ്മിക്കഴിയുന്നതിനു മുന്‍പ് ജീവിതത്തിന്റെ അര്‍ത്ഥമോ അര്‍ത്ഥശൂന്യതയോ മനസിലാക്കിക്കൊണ്ട് നിങ്ങള്‍ പാതയില്‍ വന്നുവീണിരിക്കും. മാതൃകാപരമായ കഴുത്തിനു ചുറ്റുമെന്നപോലെ ചുരുണ്ടിരിക്കുന്ന കയറ് ശരണാഗതന്റെ ശക്തിക്കുള്ള നാദം കടംവാങ്ങിയ മട്ടില്‍: ‘ഞാന്‍ എല്ലാക്കാലത്തേക്കുമായി നിങ്ങളെ കാത്തിരിക്കുകയാണ്. ഞാന്‍ നിങ്ങളുടെ ഭീതികളും പിടച്ചിലുകളും കോപങ്ങളും കണ്ടുകഴിഞ്ഞു. ചുളിവുകള്‍ വീണ നിങ്ങളുടെ കിടക്കവിരിപ്പും നിങ്ങളുടെ കോപം കടിച്ചുഞെരിച്ച തലയണകളും ഞാന്‍ കണ്ടു. ഈശ്വരനെ സന്തോഷിപ്പിച്ച നിങ്ങളുടെ ശാപവചനങ്ങള്‍ ഞാന്‍ കേട്ടു. ദീനാനുകമ്പയോടെ ഞാന്‍ നിങ്ങളോട് സഹതപിക്കുകയും എന്റെ സേവനങ്ങള്‍ അര്‍പ്പിക്കുകയും ചെയ്യുന്നു. കാരണം, നിങ്ങള്‍ തൂങ്ങിച്ചാകാനായി ജനിച്ചവനാണ്…’

ആകര്‍ഷകമായ രീതിയില്‍ കിയോറാന്‍ ജീവിതത്തിന്റെ വൈരസ്യത്തെയും അത് കൊണ്ടുചെല്ലുന്ന അര്‍ത്ഥരാഹിത്യത്തെയും കുറിച്ചു പറയുന്നു എന്നതില്‍ ഒരു സംശയവുമില്ല. ഈ ജീവിതം ദുഃഖകരമാണ്; വൈരസ്യപൂര്‍ണ്ണമാണ്. സമ്മതിച്ചു. എങ്കിലും കിയോറാന്റെ ഈ വാക്കുകളില്‍ അത്യുക്തി സ്പര്‍ശമില്ലേ? ജീവിത വൈരസ്യത്തെ അദ്ദേഹം അതിന്റെ അത്യന്തയിലേക്കു നയിക്കുകയും അത് ജനിപ്പിക്കുന്ന ഒബ്സഷന് അദ്ദേഹം സ്വയം വിധേയനാകുകയും ചെയ്യുന്നില്ലേ? അതേ എന്നു മാത്രമേ നിഷ്പക്ഷ ചിന്താഗതിയുള്ളവര്‍ക്കു പറയാനാവൂ. ഈ ജീവിതത്തില്‍ പല തരത്തിലുള്ള വികാരങ്ങളുണ്ട്. ഉത്കണ്ഠ, ലജ്ജ അസൂയ ഇവയോടൊപ്പം ആഹ്ലാദം. അഭിമാനം, പരോല്‍കര്‍ഷത്തിലുള്ള സംതൃപ്തി ഇവയും മനുഷ്യമനസില്‍ അങ്കുരിക്കുന്നുണ്ട്, വികാസം കൊള്ളുന്നുണ്ട്. ആഹ്ലാദം മാത്രമേ മനുഷ്യജീവിതത്തിലുള്ളു എന്നാരെങ്കിലും പറഞ്ഞാല്‍ അത് എത്ര അവാസ്തവികമായിരിക്കുമോ അത്രകണ്ടു അവാസ്തവികമാണ് വൈരസ്യം മാത്രമേ മനഷ്യജീവിതത്തിലുള്ളു എന്ന പ്രസ്താവവും. ഹൃദയത്തില്‍ ആണി തറച്ചും ജനലില്‍ക്കൂടി താഴത്തേക്കു ചാടിയും കയര്‍ത്തുമ്പില്‍ തൂങ്ങിയും ജീവിതമവസാനിപ്പിക്കാന്‍ നമ്മെ ആഹ്വാനം ചെയ്യുന്ന കിയോറാന്‍ എല്ലാ ജീവിതസുഖങ്ങളും അനുഭവിച്ച് ഫ്രാന്‍സില്‍ കഴിഞ്ഞുകൂടുന്നു എന്നതിലെ വൈരുദ്ധ്യം പോകട്ടെ. തത്ത്വചിന്തകന്‍ ജീവിതത്തിലേക്കു പുതിയ പുതിയ ‘ഉള്‍ക്കാഴ്ചകള്‍’ (Insights) പ്രദാനം ചെയ്യുന്നതേയുള്ളു. താന്‍ ഉപന്യസിക്കുന്ന ജീവിതരഹസ്യം തനിക്കുംകൂടി ചേരുന്നതാണെന്ന് അദ്ദേഹത്തിന് വിചാരിക്കേണ്ട കാര്യമില്ല. എന്നാലും ഈ പ്രസ്താവത്തില്‍ അത്യുക്തി സത്യത്തെ ആവരണം ചെയ്തിരിക്കുന്നു എന്നത് ചൂണ്ടിക്കാണിക്കാതിരിക്കാന്‍ വയ്യ.

ജീവിത വൈരസ്യത്തിന്റെയും ജീവിതത്തിനുള്ള അര്‍ത്ഥ രാഹിത്യത്തിന്റെയും സ്തോതാവായ അല്‍ബേര്‍ കമ്യുവിന്റെ ചിന്താഗതികള്‍ ഇത്രകണ്ട് പ്രേതബാധപോലെ ആവേശമാര്‍ന്നതല്ല—ഒബ്സെസ്സീവ് അല്ല. അദ്ദേഹത്തിന്റെ Iron in the soul എന്ന പ്രബന്ധം നോക്കുക. (Selected Essays and Note Books—Penguin Books) കമ്യു പറയുന്നു:

‘ഞാന്‍ വൈകുന്നേരം ആറുമണിക്കു പ്രേഗില്‍ എത്തി. ( Prague—പ്രഹ എന്നു ചെക്ക് ഉച്ചാരണം)…പരിചിതമായ ഒരു രാജ്യത്തില്‍നിന്ന് ഞാന്‍ ആയിരമായിരം കിലോമീറ്റര്‍ അകലെയായിരുന്നു. എനിക്കവരുടെ ഭാഷ അറിഞ്ഞുകൂടാ. അവരെല്ലാം വളരെ വേഗത്തില്‍ നടന്നു. അവര്‍ എന്നെ കടന്നു മുന്‍പിലേക്കു പോയപ്പോള്‍ എന്നില്‍നിന്നു വേര്‍പ്പെട്ടുപോയതുപോലെ. ഞാന്‍ വിഹ്വലനായിത്തീര്‍ന്നു.
ഈ വൈരസ്യം പരകോടിയിലെത്തുന്ന ഭാഗംകൂടെ ഉദ്ധരിക്കാതിരിക്കാന്‍ മനസുവരുന്നില്ല. ഞാന്‍ ആ സമയത്ത് എന്റെ ഷേവിംഗ് ക്രീമിന്റെ പരസ്യം വായിക്കുകയായിരുന്നു. ഉച്ചയ്ക്കുശേഷമുള്ള സമയമത്രയും ഞാന്‍ ഏതുവിധത്തിലാണ് കഴിച്ചുകൂട്ടിയതെന്നത് വിവരിക്കാതിരിക്കുകയാണ് ഭേദം. ഹൃദയത്തില്‍ വിചിത്രമായ വിഷാദത്തോടുകൂടി ഞാന്‍ കിടക്കയില്‍ നീണ്ടുനിവര്‍ന്നുകിടന്നു. ഞാന്‍ എന്റെ നഖങ്ങള്‍ മുറിച്ചു. തറയിലെ വിടവുകള്‍ എണ്ണി. ആയിരംവരെ എണ്ണാന്‍ എനിക്കു സാധിച്ചെങ്കില്‍. അമ്പതോ അറുപതോ ആയപ്പോള്‍ ഞാന്‍ തകര്‍ന്നു.’

ഈ കൊടും വിഷാദവും കൊടിയ നൈരാശ്യവും കമ്യുവിന് മാറിക്കിട്ടുന്നത് അദ്ദേഹം ഇറ്റലിയിലെ വീചേന്റ്സാ നഗരത്തില്‍ ചെല്ലുമ്പോഴാണ്. അവിടത്തെ പ്രകാശവും ജീവിതവും അദ്ദേഹത്തെ ആഹ്ലാദിപ്പിക്കുന്നു. എങ്കിലും മുകളില്‍ വിവരിച്ച നൈരാശ്യബോധത്തോടുള്ള അദ്ദേഹത്തിന്റെ നിഗൂഢമായ സ്നേഹം വിസ്മരിക്കാനും പ്രയാസം.

ലോകത്ത് ‘അന്യനാ’യി നില്‍ക്കുന്ന കമ്യു പില്‍ക്കാലത്ത് ഒരന്യനെത്തന്നെ ആ പേരുള്ള (The outsider) നോവലില്‍ ചിത്രീകരിക്കുകയുണ്ടായി. പ്രബന്ധത്തിലും നോവലിലും ഒട്ടൊക്കെ സ്വാതന്ത്ര്യം നേടുന്ന ആത്മാവിന്റെ ആവിഷ്കാരമുണ്ട്. കിയോറാന്റെ ഗ്രന്ഥം ഉളവാക്കുന്ന ജാഡ്യം കമ്യുവിന്റെ ഒരു കൃതിയും ജനിപ്പിക്കുന്നില്ലെന്നു പറയേണ്ടിയിരിക്കുന്നു വൈരസ്യവും നിരാശതയും വിഷാദവും ജീവിതത്തിലെ പ്രധാനപ്പെട്ട വികാരങ്ങളായതുകൊണ്ട് അവയെ ഉള്‍ക്കാഴ്ചയോടെ ചിത്രീകരിക്കുന്നതില്‍ തെറ്റില്ല. അതു നമ്മുടെ ജീവിതാബോധത്തെ തീക്ഷ്ണതയിലേക്കു കൊണ്ടുചെല്ലാന്‍ സഹായിക്കുകയും ചെയ്യും. ഇതനുഷ്ഠിക്കുന്ന ചേതോഹരമായ ഒരു ചെറുകഥയുണ്ട്. 1972ല്‍ സാഹിത്യത്തിതുള്ള നോബല്‍സമ്മാനം വാങ്ങിയ ഹൈന്റിംഗ് ബോയ്ലിന്റെ Laugher എന്ന കഥ. ആരെങ്കിലും ജോലിയെന്തെന്ന് ചോദിച്ചാല്‍ അയാള്‍ക്ക് വൈഷമ്യമാണ്; അയാളുടെ മുഖം ചുവക്കും, സംസാരിക്കുമ്പോള്‍ വിക്കുണ്ടാകും. ‘ഞാന്‍ ആശാരിയാണ്, കണക്കെഴുത്തുകാരനാണ്, എഴുത്തുകാരനാണ് എന്നൊക്കെ പ്പറയുന്നവരോട് അയാള്‍ക്ക് ആസൂയയാണ്. കാരണം അയാള്‍ ചിരിക്കുന്നവന്‍ മാത്രം. അമേരിക്കയുടെയും ആഫ്രിക്കയുടെയും ചിരി അയാളുടെ മനസിലുണ്ട്. വെള്ളച്ചിരി, ചുവന്നചിരി, മഞ്ഞച്ചിരി ഇവ ചിരിക്കാന്‍ അയാള്‍ക്കറിയാം. ഡയറക്ടറുടെ ആവശ്യമനുസരിച്ച് ചിരിയുണ്ടാകും. അയാള്‍ എവിടെയെങ്കിലും പോയിട്ടു തിരിച്ചു വീട്ടിലെത്തുമ്പോള്‍ മേശപ്പുറത്തു ടെലഗ്രാം ഇരിക്കുന്നുണ്ടാകും. ‘നിങ്ങളുടെ ചിരി ഉടനെ വേണ്ടിയിരിക്കുന്നു. ചൊവ്വഴ്ച റെക്കോര്‍ഡിംഗ്.’ വിധിയെ ശപിച്ചുകൊണ്ട് അയാള്‍ ചുട്ടുപഴുത്ത എക്സ്പ്രസ് ട്രെയിനില്‍ കയറിയിരിക്കും. ചോക്ക്ലൈറ്റ് നിര്‍മ്മിക്കുന്നവര്‍ക്ക് ഉപ്പിലിട്ടത് ആയിരിക്കും ഇഷ്ടം. കശാപ്പുകാര്‍ക്ക് മധുരപ്പലഹാരവും വേണം. റൊട്ടിയുണ്ടാക്കുന്നവന് മാംസം ചേര്‍ത്ത പലഹാരവും. മുഷ്ടുയുദ്ധം നടത്തുന്നവന്‍ സ്വന്തം കുഞ്ഞിന്റെ മൂക്കില്‍നിന്നു രക്തം വരുന്നതു കണ്ടാല്‍ പേടിക്കും. ഇതെല്ലാം സ്വാഭാവികം. അയാള്‍ ജോലിയിലായിരിക്കുമ്പോള്‍ മാത്രമേ ചിരിക്കൂ. വിഷാദാത്മകന്‍ എന്നാണ് ആളുകള്‍ അയാളെ വിളിക്കാറ്. വിവാഹം കഴിഞ്ഞതിന്റെ ആദ്യദിനങ്ങളില്‍ ഭാര്യ അയാളോടു പറയുമായിരുന്നു, ‘ഒന്നു ചിരിക്കൂ.’ അയാള്‍ക്കു ചിരിക്കാന്‍ കഴിഞ്ഞിട്ടില്ല, എന്നു മാത്രമല്ല, മറ്റാളുകളുടെ ചിരി അയാളെ അസഹ്യപ്പെടുത്തിയിരുന്നു താനും. പലവിധത്തിലും അയാള്‍ ചിരിക്കുന്നു; പക്ഷേ സ്വന്തം ചിരി അയാള്‍ കേട്ടിട്ടേയില്ല.

ഒരു പ്രതിഭാശാലി ജീവിതത്തിന്റെ വൈരസ്യത്തിനു രൂപം കൊടുത്തതിന്റെ ഫലമാണിത്. ഇക്കഥ വായിക്കുന്നവര്‍ ആലസ്യത്തിലോ ജാഡ്യത്തിലോ വീഴുന്നില്ല. ജീവിതത്തിന്റെ ഒരു സത്യം മനസിലാക്കി അയാള്‍ ആഹ്ളാദിക്കുന്നതേയുള്ളു. നമ്മുടെ എല്ലാവരുടെയും ജീവിതത്തിലുള്ളതും എന്നാല്‍ നമ്മള്‍ എത്ര ശ്രമിച്ചാലും കണ്ടെത്തേണ്ടതുമായഒന്നു ബോയ്ല്‍ അനായാസമായി കാണിച്ചുതരുന്നു എന്നതിലാണ് ഇതിന്റെ വൈശിഷ്ട്യമിരിക്കുന്നത്. Laugher എന്ന ഈ കഥ ഞാന്‍ വല പരിവൃത്തി വായിച്ചിട്ടുണ്ട്. അപ്പോഴൊക്കെ എനിക്കു ആഹ്ളാദമേ ഉണ്ടായിട്ടുള്ളു. മാനസികോന്നമനമേ ജനിച്ചിട്ടുള്ളു.

‘കിം പുനര്‍ബ്രാഹ്മണാഃ പുണ്യാഭക്താ രാജര്‍ഷയസ്തഥ
അനിത്യമസുഖം ലോകമിമം പ്രാപ്യ ഭജസ്വമാം’
(ഭഗവദ്ഗീത)

(വിശുദ്ധരായ ബ്രാഹ്മണരും ഭക്തരായ രാജര്‍ഷികകളും അതിനേക്കാള്‍ എത്ര കൂടുതലായി [പരമലക്ഷ്യത്തെ പ്രാപിക്കുന്നു] ക്ഷണികവും ആഹ്ളാദരഹിതവും ആയ ഈ ലോകത്തു വന്നിട്ട് എന്നെ ഭജിക്കുന്നു) ലോകം അനിത്യമാണ്, സുഖരഹിതമാണ് എന്നു പറഞ്ഞ വ്യാസനെ ചില കിറുക്കന്മാര്‍ എക്സിസ്റ്റെന്‍ഷ്യലിസ്റ്റായി കണ്ടെന്നുവരും. ഭഗവദ്ഗീത മുഴുവന്‍ ‘എക്സിസ്റ്റെന്‍ഷ്യല്‍ ആങ്ഗ്വിഷാ’യി അവര്‍ ദര്‍ശിക്കാനുമിടയുണ്ട്. ജീവിതത്തിന്റെ ആഹ്ളാദത്തോടൊപ്പം അതിന്റെ ദുഃഖവും വ്യാസന്‍ കണ്ടിരുന്നുവെന്നോ മനസിന് സമനിലയുള്ളവര്‍ കരുതുകയുള്ളു.

കിയോറാനെപ്പോലെ ജീവിതം വൈരസ്യം മാത്രമാണെന്നു പറയുന്നവര്‍ സത്യം കണ്ടവരല്ല. വൈരസ്യത്തെക്കുറിച്ച് ‘ഒബ്സഷന്‍’ മാത്രമുള്ളവരാണ് അവര്‍. ജീവിതത്തിന്റെ വൈരസ്യവും അബ്സേഡിറ്റിയുമാണ് പരമസത്യങ്ങളെന്നു ആര്‍ക്കു പറയാന്‍ കഴിയും. അസ്തിത്വത്തെ (existence) അവലംബിച്ചികൊണ്ടാണല്ലോ ഈ തീരുമാനങ്ങളിലെത്തുന്നത്. അസ്തിത്വത്തിനുതന്നെ പല പ്രകാരങ്ങളുണ്ട്, രീതികളുണ്ട്. രീതികള്‍ മാറുമ്പോള്‍ പരമസത്യമെന്നു കരുതുന്നതിന്റെ സ്വഭാവവും മാറും. അതിനാലാണ് വ്യാസനും കാവാഫിയും ബോയ്ലും പല ഭാവങ്ങളെ സ്ഫുടീകരിച്ചത്. കമ്യുപോലും ജീവിതത്തെ പാടേ നിഷേധിക്കുന്നില്ല. വൈരസ്യം ആവിഷ്കരിച്ച് കവികളും കലാകാരന്‍മാരും നമ്മുടെ ജീവിതാവബോധത്തെ കൂടുതല്‍ തീക്ഷ്ണമാക്കട്ടെ. വൈരസ്യം മാത്രമാണ് ജീവിതമെന്ന് കിയോറാനെപ്പോലുള്ളവര്‍ പറയാതിരിക്കട്ടെ.