close
Sayahna Sayahna
Search

ആന്റണിയുടെ വെളിപാടിന്റെ കഥ


ആന്റണിയുടെ വെളിപാടിന്റെ കഥ
EHK Story 13.jpeg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി നഗരവാസിയായ ഒരു കുട്ടി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 58

പള്ളിയിൽ പോയി വന്നപ്പോൾ അയാളിൽ എല്ലാ ഞായറാഴ്ചകളിലും ഉണ്ടാകാറുള്ള ഒരു വികാരം ഉണർന്നുവന്നു. അത് ഏതു നിമിഷത്തിലാണ് തന്നെ പിടികൂടുന്നതെന്ന് അയാൾക്ക് ഇപ്പോഴും പിടുത്തം കിട്ടിയിട്ടില്ല. ഏകാന്തമായ വീട്ടിന്റെ വാതിൽ തുറക്കുമ്പോഴാണോ, അതോ പെണ്ണിന്റെ ഗന്ധമേറ്റിട്ടില്ലാത്ത അടുക്കളയിലേയ്ക്കു കടക്കുമ്പോഴാണോ, അതോ ഒറ്റയ്ക്കിരുന്ന് താൻ സ്വന്തമുണ്ടാക്കിയ പ്രാതൽ കഴിക്കുമ്പോഴാണോ അറിയില്ല. ആദ്യമെല്ലാം വിചാരിച്ചത് സാധാരണ എട്ടുമണിയ്ക്ക് ഭക്ഷണം കഴിക്കാറുള്ള താൻ ഞായറാഴ്ച അച്ചന്റെ കുർ ബാനയെല്ലാം കഴിഞ്ഞ് വീട്ടിലെത്തുമ്പോഴേയ്ക്ക് ഒഴിഞ്ഞ വയർ നടത്തുന്ന കലാപം മൂലമാണെന്നായിരുന്നു. ആത്മീയതയ്ക്ക് അതിന്റേതായ വില കൊടുക്കണം.

ഇന്നും മേരി തിരക്കിനിടയിൽ വളരെ അടുത്തുവന്ന് ചേർന്നു നടന്നുകൊണ്ട് പറഞ്ഞു. ‘അച്ചായന്റെ മുടിയൊക്കെ നരച്ചു തുടങ്ങി. ഇനിയെങ്കിലും ഒരു തീരുമാനമെടുത്തൂടെ?’ ശരിയാണ്. തലമുടി നരച്ചു തുടങ്ങി. മുമ്പിൽ നെറ്റി മുകളിലേയ്ക്കുള്ള വിജയകരമായ മുന്നേറ്റം തുടങ്ങിയിട്ടുമുണ്ട്. മുപ്പത്താറു വയസ്സ് ഒരു വയസ്സു തന്നെയാണ്.

മേരിയെപ്പറ്റി രണ്ടു വാക്ക്. മുപ്പതു വയസ്സ്. തോമസ്സ് പടിയക്കാരന്റെയും എൽസി തോമസ്സിന്റെയും മുത്ത മകൾ. ആന്റണിയുടെ ഓഫീസിൽ ത്തന്നെ ടൈപ്പിസ്റ്റായി ജോലി നോക്കുന്നു. ശംബള സ്‌കെയിൽ: 1200—80—1520—ഇ.ബി.—120—2000… ഇനി വൈറ്റൽ സ്റ്റാറ്റിസ്റ്റിക്കിനെപ്പറ്റി പറയുകയാണെങ്കിൽ. കർത്താവെ സ്‌നേഹിക്കുന്ന പെൺകുട്ടിയെപ്പറ്റി ഞാൻ എന്തൊക്കെയാണ് വിചാരിക്കുന്നത്. തടി അല്പം കൂടുതലാണ്. സമ്മതിച്ചു. പക്ഷെ എന്റെ പെങ്ങളും എന്താ മോശം?

ഈ വക വിചാരങ്ങൾ അച്ചന്റെ കുർബ്ബാന കേട്ടിട്ടുണ്ടായ മനശ്ശുദ്ധീകരണത്തെ പാടെ നശിപ്പിക്കുമെന്നറിയുന്നതുകൊണ്ട് ആന്റണി അവയെ മനസ്സിൽ നിന്ന് തുടച്ചുമാറ്റി. വീട്ടിലെത്തിയപ്പോൾ ആത്മീയത യാഥാർത്ഥ്യത്തിനു വഴിമാറിക്കൊടുത്തു. വയറിന്റെ കലാപം അടിച്ചമർത്തുന്നതിനായി പ്രാതലുണ്ടാക്കാൻ അടുക്കളയിലേയ്ക്കു കടന്നു. നാലു കഷ്ണം ബ്രഡ്ഡുണ്ട്, രണ്ടു മുട്ടയും. അയാൾ ഉള്ളിയരിയാൻ തുടങ്ങി. നല്ലൊരു ഓംലെറ്റുണ്ടാക്കി. വെളിച്ചെണ്ണയിൽ ഉണ്ടാക്കിയ ഓംലെറ്റിന്റെ വാസന ആവോളം ശ്വസിച്ച് നല്ല കടുപ്പത്തിൽ ചായയുണ്ടാക്കി. എല്ലാം മേശപ്പുറത്തുവച്ചു. ലാമിനേറ്റു ചെയ്ത ടോപ്പുള്ള നല്ലൊരു ഡൈനിങ് ടേബ്ൾ വാങ്ങിയത് പെങ്ങൾ അവളുടെ വീട്ടിൽ കൊണ്ടുപോയി വച്ചിരിക്കയാണ്. അവൾ പറയുന്നത് ശരിയാണ്. താനുണ്ടോ അതെന്നും തുടച്ച് വൃത്തിയാക്കാൻ പോകുന്നു? അവൾ പറഞ്ഞു. ആന്റപ്പനച്ചായൻ കല്യാണം കഴിക്കുമ്പൊ ഞാനിത് തിരിച്ചു കൊണ്ടരാം. പോരെ.

പ്‌ളെയ്റ്റും ആവി പറക്കുന്ന ചായയും മുമ്പിൽ വച്ച് ആന്റണി പ്രാർത്ഥിക്കാൻ തുടങ്ങി.

‘കർത്താവെ, രാവിലത്തെ അപ്പം തന്നതിന് നന്ദി. ഇതുപോലെ ഉച്ചയ്ക്കും രാത്രിയും ഭക്ഷണം തരുമെന്ന് എനിക്കുറപ്പുണ്ട്. എനിക്കു വിഷമമുണ്ടാക്കുന്ന കാര്യം ഇത് ഒറ്റയ്ക്കിരുന്നു കഴിക്കണമല്ലൊ എന്നതാണ്. ഈ അപ്പം പങ്കിടുവാൻ ആരെയെങ്കിലും പറഞ്ഞയച്ചുകൂടെ?

പെട്ടെന്ന് വാതിൽക്കൽ ഒരു മുട്ട്. ബെല്ലടിക്കുന്നു, വീണ്ടും ബെൽ. പല ശബ്ദത്തിൽ മുട്ടുകൾ. അയാൾ എഴുന്നേറ്റ് വാതിൽ തുറന്നു. ഒരു പട മുഴുവൻ ഇരച്ചു കയറുന്നത് ആന്റണി നിസ്സഹായനായി നോക്കി നിന്നു. പെങ്ങൾ ജെസ്സിയും ഭർത്താവും നാലു പിള്ളേരും. കർത്താവേ! പിള്ളേര് ഓടിവന്നത് ഊൺമേശലാക്കാക്കിയിട്ടായിരുന്നു. നിമിഷങ്ങൾക്കകം, തന്റെ കാളുന്ന ജഠരാഗ്നി ശമിപ്പിക്കാൻ ഉദ്ദേശിച്ച പ്രാതൽ നാലു പിള്ളേരുടെ വയറ്റിൽ എത്തിയിരിക്കുന്നു. ഓരോ കഷ്ണം ബ്രഡ്ഡും ഓംലറ്റുംകൊണ്ട് അതുങ്ങൾക്കെന്താവാനാ. അവർ അമ്മയെ നേരിട്ടു. ജെസ്സിക്കതറിയാമായിരുന്നു. അവൾ അടുക്കളയിൽ മുഴുവൻ പരതുകയായിരുന്നു. ഇല്ല ഒറ്റ മുട്ടപോലും ഇല്ല.

‘അച്ചായാ, മൊട്ടേം ബ്രഡ്ഡും ഒന്നുംല്ല്യേ?’

‘ഇല്ല പെങ്ങളെ, ആകെ രണ്ടു മൊട്ടള്ളതെടുത്താ ഓംലറ്റുണ്ടാക്കിയത്.’

‘എന്നാ അച്ചായൻ ഒരു കാര്യം ചെയ്യ് ഓടിപ്പോയി ഒരു ഡസൻ മൊട്ടേം രണ്ട് ബ്രഡ്ഡും വാങ്ങിയേച്ചുവാ.’

‘നിക്ക്, ഐക്രീം മാണം.’ ഏറ്റവും ഇളയത് അവന്റെ ഡിമാന്റ് മേശപ്പുറത്തുവച്ചു. പിന്നെ ഉണ്ടായത് ഒരു കോറസ്സാണ്. പാട്ടിന്റെ അർത്ഥം ഒന്നുതന്നെ. ആന്റണി പഴ ്‌സെടുത്ത് ഷർട്ടിന്റെ പോക്കറ്റിലിട്ട് വാതിൽ തുറന്നു. ജെസ്സി വിളിച്ചു പറഞ്ഞു.

‘ഒരു രണ്ടു കിലോവിന്റെ ചിക്കനും വാങ്ങിയേര്. പിള്ളാര് ചിക്കൻ കഴിച്ചിട്ട് ഒരാഴ്ചയായി.’

ഗെയ്റ്റ് കടന്നപ്പോൾ ആന്റണി പ്രാർത്ഥിച്ചു.

‘കർത്താവെ, പ്രാതൽ കഴിക്കാനിരുന്നപ്പോൾ ഒരു കൂട്ടു വേണമെന്ന് ഞാൻ പറഞ്ഞത് കർത്താവിന് മനസ്സിലായില്ല അല്ലെ? ഞാനിതല്ല ഉദ്ദേശിച്ചത്…’

ആന്റണിയുടെ പ്രാർത്ഥനയിൽ ഇടപെട്ടുകൊണ്ട് ഒരു ശബ്ദം പിന്നിൽ നിന്ന് കേട്ടു.

‘മകനെ…’

മകനെ എന്ന് മരിച്ചുപോയ അപ്പൻ മാത്രമേ വിളിക്കാറുള്ളു, അതും രണ്ടു പെഗ്ഗടിച്ചു കഴിഞ്ഞാൽ മാത്രം. അല്ലെങ്കിൽ വിളിക്കുക ‘എടാ ആന്തപ്പാ’ എന്നാണ്. മൂന്നാമത്തെ പെഗ്ഗടിച്ചു കഴിഞ്ഞാൽ സംഗതി മാറി. സംബോധനകളുടെ സ്വഭാവം മാറും. ‘എടാ നായിന്റെ മോനെ’ എന്നാവും വിളി. അതും കഴിഞ്ഞാൽ പിന്നെ താൻ മാത്രമല്ല സകലരും മൃഗസന്തതികളാവും. അപ്പൻ സ്വർഗ്ഗത്തിൽ പോയിട്ടും ഈ സ്വഭാവം മാറ്റിയിട്ടില്ല എന്നല്ലെ കാണിക്കുന്നത്. ഒരു പെഗ്ഗടിച്ചിട്ടാണ് അപ്പന്റെ പ്രേതം വന്നിരിക്കുന്നത്. അയാൾ തിരിഞ്ഞുനോക്കി. ആരുമില്ല.

‘മകനെ, കുഞ്ഞാടെ…’

ഇപ്പോൾ സംഗതി മാറിയിരിക്കുന്നു. അപ്പൻ ഒരിക്കലും തന്നെ കുഞ്ഞാടെ എന്നു വിളിച്ചിട്ടില്ല. പിന്നിൽ നിന്നുള്ള ശബ്ദം തുടർന്നു. ‘ഞാൻ നിന്റെ അപ്പനല്ല, കർത്താവാണ്. നിന്നെ കുറച്ച് ഉപദേശിക്കാൻ തീർച്ചയാക്കിയിരിക്കയാണ്. നീ ഇപ്പോൾ പള്ളിയുടെ മുമ്പിലാണെന്ന് മനസ്സിലാക്കിയോ. അതിനകത്ത് വന്നിരിക്ക്. എനിക്കു കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്.

‘അച്ചനോ? ഏയ് അദ്ദേഹം ഇപ്പോൾ സീരിയൽ കാണുകയാണ്. ഓരോരുത്തർക്ക് ഓരോ താല്പര്യങ്ങളല്ലെ.’

ആന്റണി പള്ളിക്കകത്തു കയറി. കർത്താവു പറഞ്ഞതു ശരിയാണ്. ആരുമില്ല. അയാൾ അൾത്താരയ്ക്കു മുമ്പിൽ മുട്ടുകുത്തിനിന്നു. മുമ്പിൽ കത്തിച്ചുവച്ച മെഴുകുതിരികൾക്കു പിന്നിൽ കുരിശിലേറിയ യേശു. അതിനും പിന്നിൽ ചുവരിലെ അലങ്കരിച്ച തട്ടുകളിൽ പുണ്യാളന്മാർ. മുമ്പിൽനിന്ന് കർത്താവിന്റെ ശബ്ദം കേട്ടു.

‘മകനെ, പിതാവ് നിന്നെ സൃഷ്ടിച്ചപ്പോൾ എല്ലാവർക്കുമെന്നപോലെ നിനക്കും അത്യാവശ്യം വേണ്ട ബുദ്ധി തന്നിരുന്നു. അത് നീ ഉപയോഗിക്കുന്നില്ല എന്നത് പിതാവിന്റെ കുറ്റമല്ല. നിനക്കിപ്പോൾ മുപ്പത്താറു വയസ്സായി. നിന്റെ കല്യാണം ഇതുവരെ കഴിയാതിരുന്നതിന്റെ കാരണം എന്താണെന്ന് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇല്ല? ഞാൻ പറയാം.’

ആന്റണി നിവർന്നിരുന്നു. വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെപ്പറ്റിയാണ് കർത്താവ് പറഞ്ഞുകൊണ്ടുവരുന്നത്. കല്യാണം കഴിഞ്ഞിട്ടില്ലെങ്കിൽ അതിനു കാരണം സമയമായിട്ടില്ലാ എന്നായിരിക്കും.

ആന്റണിയുടെ മനസ്സിലെ വ്യാപാരങ്ങൾ കർത്താവറിഞ്ഞു. അല്ലെങ്കിൽ അദ്ദേഹം അറിയാതെ ലോകത്ത് വല്ലതും നടക്കുന്നുണ്ടോ? കർത്താവു പറഞ്ഞു.

‘അതൊന്നുമല്ല മകനെ കാര്യം. നിന്റെ കല്യാണം കഴിഞ്ഞില്ലെങ്കിൽ അതിന്റെ ഗുണഭോക്താവ് ആരാണ്?’

തന്റെ കല്യാണം കഴിഞ്ഞില്ലെങ്കിൽ ആർക്കു ഗുണമുണ്ടാവാനാണ്? താൻ കഷ്ടപ്പെടുകയല്ലാതെ? ആന്റണിയ്ക്ക് കാര്യങ്ങൾ പിടുത്തം കിട്ടുന്നില്ലെന്നു കണ്ട കർത്താവ് തുടർന്നു.

‘നമുക്കിതിനെ മറ്റൊരു വിധത്തിൽ പറയാം. ബുദ്ധി ഉപയോഗിക്ക്. ആരാണ് നിനക്കു വരുന്ന ആലോചനകളെല്ലാം വേണ്ടെന്നു പറഞ്ഞ് മുടക്കണത്?’

ആന്റണി ആലോചിച്ചു. ആര് മുടക്കാനാണ്. ആരെങ്കിലും മുടക്കിയിട്ടാണോ കല്യാണം തരമാവാത്തത്?

‘തോറ്റു. ഞാൻതന്നെ പറയാം.’ കർത്താവ് തുടർന്നു. ‘നിന്റെ പെങ്ങൾ. നാല് നല്ല ആലോചനകൾ വന്നു. എല്ലാം നിനക്കിഷ്ടപ്പെട്ടതായിരുന്നു, അല്ലെ? അവൾ ഓരോ കാരണം പറഞ്ഞ് അതെല്ലാം വേണ്ടെന്നു പറഞ്ഞു. ഈ നാല് ആലോചനകളും നല്ല ബന്ധങ്ങളായിരുന്നു. നല്ല തറവാട്ടുകാർ, കഴിയാനുള്ള മുതലുള്ളവർ, ഭംഗിയുള്ള പെൺകുട്ടികൾ. നല്ല സ്ത്രീധനം തരാൻ ഈ നാലുപേരും തയ്യാറായിരുന്നു. ഓർത്തുനോക്ക്.’

ആന്റണി ഓർത്തുനോക്കി. ശരിയാണ്. ഓരോ ആലോചനകളും ഓരോ കാരണം പറഞ്ഞ് ജെസ്സി മുടക്കുകയാണുണ്ടായത്. ഇപ്പോഴല്ലെ മനസ്സിലാവുന്നത്. ഒന്നാമത്തെ ആലോചന അവർ കൂടുതൽ പണക്കാരാണെന്നു പറഞ്ഞുകൊണ്ടായിരുന്നു. അവർ തന്നെ ഭരിക്കുമെന്നു പറഞ്ഞ് ഭയപ്പെടുത്തി. രണ്ടാമത്തേത് പെണ്ണിന്റെ അമ്മയുടെ പെരുമാറ്റം സുഖമില്ലെന്നു പറഞ്ഞിട്ട്. തനിക്ക് യാതൊരു അപാകതയും അവരുടെ പെരുമാറ്റത്തിൽ കാണാൻ പറ്റിയില്ല. അവളെന്തെങ്കിലും കണ്ടിട്ടുണ്ടാവും. മൂന്നാമത്തേത് പെണ്ണിന്റെ തിരുവല്ലയിലുള്ള തറവാട്ടിൽ കക്കൂസിൽ ടാപ്പില്ല എന്നു പറഞ്ഞിട്ട്. അവർ അപ്പൂപ്പന്റെ കാലം കഴിഞ്ഞാൽ ആ തറവാടും ചുറ്റുമുള്ള എട്ട് ഏക്കർ പറമ്പും വിൽക്കാൻ പോകുകയാണെന്ന് പറഞ്ഞിരുന്നു. ആരവിടെ പോകാനാണ്! നാലാമത്തെയും അങ്ങിനെ എന്തോ നിസ്സാര കാരണം പറഞ്ഞ് മുടക്കിയതാണ്. പക്ഷെ എന്തിന്?

‘അത് നിനക്കു വഴിയെ മനസ്സിലാവും. നിന്റെ അപ്പൻ കുടിച്ചു മുടിച്ചിട്ടും ബാക്കിയായ അഞ്ചേക്കർ സ്ഥലമുണ്ട്, അതിന് ആരാണ് അവകാശികൾ? നിങ്ങൾ രണ്ടുപേരും മാത്രം. ഇനിയൊക്കെ നീ ആലോചിച്ചുണ്ടാക്കിയാൽ മതി. ഇനി മറ്റൊരു കാര്യം. ഒരു വിവാഹജീവിതവും പ്രതീക്ഷിച്ച് നീ വീട്ടിലേയ്ക്കു വേണ്ട സാധനങ്ങളൊക്കെ വാങ്ങിയില്ലെ? ഇരട്ടക്കട്ടിൽ, ഫോം കിടയ്ക്ക, ഫ്രിജ്ജ്, ഊൺമേശ, സോഫ… അതൊക്കെ ഇപ്പോൾ ആരാണ് ഉപയോഗിക്കണത്?’

ആന്റണി ഓർത്തു. ശരിയാണ്. കട്ടിൽ വാങ്ങിയപ്പോൾ അത് കിടയ്ക്ക സഹിതം നേരെ കൊണ്ടുപോയത് പെങ്ങളുടെ വീട്ടിലേയ്ക്കാണ്. രണ്ടുമാസത്തിനുള്ളിൽ അവൾ കട്ടിൽ വാങ്ങും, അതുവരെ ഉപയോഗിക്കാനാണ് എന്നു പറഞ്ഞുകൊണ്ട്. രണ്ടുമാസം കഴിഞ്ഞു ചോദിച്ചപ്പോൾ അടുത്തമാസം തരാം, അടുത്ത മാസം എന്തായാലും തരാം എന്നു പറഞ്ഞു നീട്ടിക്കൊണ്ടുപോയി. വർഷം മൂന്നായി. ചോദിക്കുമ്പോൾ പറയും ‘അച്ചായന് കല്യാണം കഴിയുമ്പോഴല്ലെ ആവശ്യമുള്ളു. അപ്പോൾ എന്തായാലും എത്തിക്കാം.’ ഫ്രിജ്ജ് വാങ്ങിയത് രണ്ടു കൊല്ലം മുമ്പാണ്. അതിന് ഈ വീട്ടിൽ രണ്ടാഴ്ച വാഴാനുള്ള യോഗമേ ഉണ്ടായുള്ളു. ‘കൊച്ചുങ്ങള് തണുത്ത വെള്ളത്തിന് ദാഹിക്കുമ്പോ നെഞ്ച് പൊട്ട്വാ. അച്ചായൻ കല്യാണം കഴിക്കുമ്പ കൊണ്ടന്നുതരാം. ബേബിച്ചായന് അട്ത്ത്വന്നെ ബോണസ് കിട്ടും, അപ്പൊ എന്തായാലും ഫ്രിജ്ജ് വാങ്ങണംന്ന് പറഞ്ഞിരിക്കുവാ.’ എന്നു പറഞ്ഞ് അതും കടത്തി. പിന്നെ ഡൈനിങ് ടേബ്ൾ, സോഫ…

‘ഇപ്പോൾ നിനക്കു മനസ്സിലാവുന്നുണ്ടോ നിന്റെ പെങ്ങളുടെ കളികൾ?’ ആന്റണിയ്ക്ക് ആലോചിക്കാനുള്ള സമയം കൊടുത്തുകൊണ്ട് കർത്താവ് പറഞ്ഞു.

ശരിയാണ്. താൻ ബുദ്ധിയുപയോഗിക്കാത്തതിന് ദൈവത്തെ കുറ്റപ്പെടുത്തിയിട്ടു കാര്യമില്ല. താൻ കല്യാണം കഴിച്ചാൽ ഏറ്റവുമധികം അസൗകര്യമുണ്ടാവുന്നത് ജെസ്സിക്കാണ്. അതെന്തുകൊണ്ട് താൻ ഇതുവരെ മനസ്സിലാക്കിയില്ല? സഹപ്രവർത്തകയായ മേരിയെ കല്യാണം കഴിക്കണമെന്നു കരുതിയതായിരുന്നു. അവൾക്കു തന്നോട് സ്‌നേഹമുണ്ടെന്നറിയാം. ഒരിക്കൽ ജെസ്സിയോടതു സൂചിപ്പിച്ചപ്പോൾ അവൾ കഠിനമായി എതിർത്തു.

‘അവര് കൺവെർട്ട്‌സ് ആണ്. നമ്മടെ തറവാട് എവിടെ കിടക്കുന്നു? അച്ചായൻ എന്റെ മാനം നശിപ്പിക്കല്ലെ.’

എപ്പോൾ വിളിച്ചാലും അവൾ തന്റെ കൂടെ വരും. ഇന്നുകൂടി അവൾ സൂചിപ്പിച്ചതാണ്.

‘മകനെ,’ കർത്താവ് പറഞ്ഞു. ‘എന്റെ മുമ്പിൽ എല്ലാവരും തുല്യരാണ്. കൺവെർട്ട്‌സ് എന്നും അല്ലാത്തവരെന്നൊന്നുമില്ല. എന്നിൽ വിശ്വസിച്ചാൽ എല്ലാവരും സ്വർഗ്ഗത്തിൽ എന്റെ ഒപ്പമാണ് ഇരിക്കാൻ പോകുന്നത്. അപ്പോൾ ഭൂമിയിൽ ഈ അകറ്റലിന്റെ ആവശ്യം?’

‘കർത്താവെ, ഞാൻ എല്ലാം മനസ്സിലാക്കുന്നു.’ കൈകൾ പ്രാർത്ഥനയിൽ പിടിച്ചുകൊണ്ട് ആന്റണി പറഞ്ഞു. ‘ഇനി ഞാൻ എന്താണ് ചെയ്യേണ്ടത്? ഒരു കുടുംബജീവിതം നയിക്കാൻ കൊതിതോന്നുന്നു.’

‘ഞാൻ പറയുന്നപോലെ ചെയ്യുക. നീ ഇപ്പോൾത്തന്നെ മേരിയുടെ വീട്ടിൽ പോകുക.’

‘കർത്താവേ ഇപ്പോഴോ?’

‘എന്തേ?’

ആന്റണി പറയാൻ മടിച്ചു നിന്നു. പറയാതെത്തന്നെ കർത്താവിന് തന്റെ മനസ്സിലെ വ്യാപാരങ്ങൾ മനസ്സിലാവുന്നുണ്ടെന്ന് അറിഞ്ഞിട്ടും തന്നെ അഞ്ചെട്ടു കൊല്ലം ഇട്ടു കളിപ്പിച്ച പെങ്ങൾക്കും അളിയനും മക്കൾക്കും വേണ്ടി മുട്ടയും ബ്രഡ്ഡും, ചിക്കനും ഐസ്‌ക്രീമും വാങ്ങി വീട്ടിൽ കൊണ്ടുപോകേണ്ടതുണ്ടെന്ന് നേരിട്ട് പറയാൻ അയാൾക്ക് മടിയായി.

‘ഞാൻ എല്ലാം കാണുന്നു, അറിയുന്നു എന്ന് ഒരിക്കൽ പറഞ്ഞില്ലെ മകനെ? ഞാനറിയാതെ ലോകത്ത് ഒന്നും സംഭവിക്കുന്നില്ല.’

ആന്റണിയ്ക്ക് ചമ്മലുണ്ടായി. തന്റെ ജീവിതത്തിന്റെ നല്ല കാലം നശിപ്പിക്കാൻ ശ്രമിച്ച പെങ്ങൾക്കു വേണ്ടി ഇനിയും ചെയ്യാൻ പോകുന്നു എന്നതല്ല. മറിച്ച് ആരും കാണുന്നില്ല എന്ന ധൈര്യ ത്തിൽ താൻ ചെയ്ത കാര്യങ്ങൾ കർത്താവറിഞ്ഞിട്ടുണ്ടാകുമെന്ന ഭയത്തിൽ. പാപചിന്തയാൽ ആന്റണിയുടെ തലകുനിഞ്ഞു.

‘അർഹിക്കുന്നതേ കൊടുക്കാവൂ. നിന്റെ പെങ്ങൾ നീ ചെയ്യുന്നതൊന്നും അർഹിക്കുന്നില്ല. ഇനി മുതൽ നീ നിന്റെ കാര്യം നോക്കിയാൽ മതി. ഇത്രയും ചെയ്തതൊക്കെ മതി. മേരിയുടെ വീട്ടിൽ അവളും അപ്പനും അമ്മച്ചിയും മാത്രമേയുള്ളു. അവരോട് കാര്യങ്ങൾ മുഴുവൻ തുറന്നു പറയുക. അവർ നിന്റെ ഭാഗത്താണ്. ഇന്നുതന്നെ മേരിയെ കെട്ടാൻ ഉദ്ദേശമുണ്ടെന്നും പറയുക. അതിനുമുമ്പ് രണ്ടു കാര്യങ്ങൾ ചെയ്യണം. സീരിയൽ കഴിഞ്ഞ് അച്ചൻ ഇപ്പോൾ തിരിച്ചെത്തും. അച്ചനോട് വൈകുന്നേരം നിന്റെ വിവാഹത്തിനുള്ള കർമ്മങ്ങൾ ചെയ്യാൻ പള്ളിയിൽ ഉണ്ടായിരിക്കണമെന്നു പറയുക. ചെറിയ തോതിലൊക്കെ മതി. രണ്ട്, പോകുന്ന വഴി സ്വാമിയുടെ ഹോട്ടലിൽ പോയി രണ്ടു വടയും ചായയും കുടിക്കുക. നിന്റെ വയറിന്റെ പ്രശ്‌നങ്ങൾ ഞാൻ മനസ്സിലാക്കുന്നുണ്ട്. നിന്റെ സ്‌നേഹിതന്മാരെയൊക്കെ വിളിക്കുക. വീട്ടിൽ പോയി വസ്ത്രങ്ങൾ മാറി സ്‌നേഹിതന്മാരുമായി അഞ്ചു മണിയ്ക്ക് പള്ളിയിൽ എത്തുക. നീ കൊണ്ടുവരുന്ന തീറ്റസാധനങ്ങളും പ്രതീക്ഷിച്ച് നിന്റെ പെങ്ങളും കുടുംബവും വീട്ടിൽത്തന്നെയുണ്ട്. അവരോട് വീട്ടീപ്പോയി വസ്ത്രങ്ങളൊക്കെ മാറ്റി പള്ളിയിൽ വരാൻ പറയുക.

‘ഇനിയാണ് പ്രധാനപ്പെട്ട കാര്യം പറയാൻ പോകുന്നത്. പള്ളിയിൽ ജെസ്സി ഒരു പ്രകടനമൊക്കെ കാഴ്ചവെയ്ക്കും. മോഹാലസ്യപ്പെടുകയൊക്കെ ചെയ്യും. അതൊന്നും കാര്യമാക്കണ്ട. ഇന്നുതന്നെ നിന്റെ സാധനങ്ങൾ ജെസ്സിയുടെ വീട്ടിൽനിന്ന് എടുത്തുകൊണ്ടുവരണം. എല്ലാം കാര്യങ്ങളും മേരി നോക്കിക്കോളും. അവൾ കഴിവുള്ളവളാണ്. ഓരോ പുരുഷനെയും സൃഷ്ടിക്കുമ്പോൾ പിതാവ് അവന് യോജിച്ച ഒരു സ്ത്രീയെയും സൃഷ്ടിക്കുന്നു. നിന്റെ കഴിവുകേട് അവൾ നികത്തിക്കോളും. ഞാൻ പറയുന്നത് മനസ്സിലാവുന്നുണ്ടോ?’

‘പക്ഷെ കർത്താവെ ഞാൻ പെട്ടെന്നു സാധനങ്ങൾ എടുത്തുകൊണ്ടുവരുന്നതു ശരിയാണോ?’

‘ശരിയേത്, തെറ്റേത് എന്ന് നീ എനിക്കു പറഞ്ഞു തരികയാണോ? ഒരാൾ ദുസ്സാമർത്ഥ്യം കാണിച്ചാൽ അതു സമ്മതിച്ചു കൊടുക്കരുത്. സൗമ്യരായവർ ഈ ഭൂമിയ്ക്ക് അവകാശികളാവുന്നു എന്ന് ഞാൻ പറഞ്ഞിട്ടില്ലേ? ഈ ഭൂമി നിന്നെപ്പോലുള്ളവർക്കാണ്. അതു നടപ്പിലാക്കാനാണ് ദൈവം സ്വന്തം പുത്രനെ ഭൂമിയിലേയ്ക്കയച്ചത്.’

‘കർത്താവേ, ഞാൻ അങ്ങ് പറയണപോലെ ചെയ്യാം.’

‘എന്താ ആന്റപ്പാ നീ കർത്താവിനെ വിളിച്ച് കരയണത്?’ പിന്നിൽ നിന്ന് കട്ടപ്പറമ്പിലച്ചന്റെ ശബ്ദം കേട്ട് ആന്റണി ഞെട്ടിത്തിരിഞ്ഞു. അച്ചൻ തൊട്ടു പിന്നിലെത്തിയിരിക്കുന്നു. മുമ്പിൽ അൾത്താരയിൽ കുരിശിലേറിയ കർത്താവിന്റെ രൂപം തന്നെ നോക്കി അനുഗ്രഹിച്ചുവോ?

അയാൾ എഴുന്നേറ്റു.

വൈകുന്നേരം മംഗളകർമ്മങ്ങളെല്ലാം കഴിഞ്ഞ് ആന്റണിയും പാർട്ടിയും പള്ളി വിട്ടപ്പോൾ കട്ടപ്പറമ്പിലച്ചൻ അൾത്താരയ്ക്കുമുമ്പിൽ നിന്നുകൊണ്ട് പ്രാർത്ഥിച്ചു.

‘കർത്താവെ, കാര്യങ്ങളൊക്കെ ഈ വിധത്തിൽ അവസാനിച്ചത് നന്നായി. ആ ആന്റപ്പൻ നല്ലവനാണ്, ഒരു പാവം! അവനാ പെണ്ണിനെ കിട്ടിയത് നന്നായി. കഴിവുള്ളവളാണ്. അവൾ ആന്റപ്പനെ നോക്കി നടത്തിക്കോളും.’

മൂന്നുവട്ടം കുരിശുവരച്ചു കട്ടപ്പറമ്പിലച്ചൻ പള്ളിമേടയിലേയ്ക്ക് പോകാനായി തിരിഞ്ഞു.

‘എന്നോടാണോ നീ ഇതു പറയുന്നത്?’ കർത്താവു പറഞ്ഞു. ‘ഞാൻ എല്ലാം കാണുന്നു, കേൾക്കുന്നു.’

ഇടതുവശത്തെ ജനലിൽക്കൂടി വന്ന ശബ്ദം കേട്ട് അച്ചൻ തിരിഞ്ഞു. പള്ളിവളപ്പിന്റെ തൊട്ടടുത്ത് താമസിക്കുന്നത് അവിശ്വാസികളാണ്. അവർ എപ്പോഴും ടി.വി. ഉറക്കെ വെയ്ക്കും. ഇതൊരു ശല്യമായിരിക്കുന്നു. എങ്ങിനെയാണ് അവരോടു പറയുക? എന്തെങ്കിലും പറഞ്ഞാൽ, തന്നെ ഒരു മതതീവ്രവാദിയായി മുദ്രകുത്തും. ‘ഞാൻ എല്ലാം കാണുന്നു, കേൾക്കുന്നു’ എന്നത് ഏതു സീരിയലിലേതാണ്? ഏഴു മണിയുടെ ഡിറ്റക്റ്റീവ് സീരിയൽ ഇത്ര പെട്ടെന്ന് തുടങ്ങിയോ?

ധൃതിപിടിച്ച് പള്ളിമേടയിലേയ്ക്ക് ഓടുന്ന കട്ടപ്പറമ്പിലച്ചനെ നോക്കി കുരിശിന്മേൽ നിന്ന് കർത്താവ് ചിരിച്ചുകൊണ്ട് തലയാട്ടി.