close
Sayahna Sayahna
Search

നിങ്ങളാരെ കമ്യൂണിസ്റ്റാക്കി-അവതരണ രംഗം


സിവിക് ചന്ദ്രൻ

നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
Ningalare-01.jpg
ഗ്രന്ഥകർത്താവ് സിവിക് ചന്ദ്രൻ
മൂലകൃതി നിങ്ങളാരെ കമ്യൂണിസ്റ്റാക്കി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നാടകം
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 80

അവതരണ രംഗം

ബലികുടീരങ്ങളേ…
ബലികുടീരങ്ങളേ…

സ്മരണകളിരമ്പും രണസ്മാരകങ്ങളേ…
ഇവിടെ ജനകോടികള്‍ ചാര്‍ത്തുന്നു നിങ്ങളില്‍
സമരപുളകങ്ങള്‍ തന്‍ സിന്ദൂരമാലകള്‍…
ഹിമഗിരിമുടികള്‍ കൊടികളുയര്‍ത്തി
കടലുകള്‍ പടഹമുയര്‍ത്തി…
യുഗങ്ങള്‍ നീന്തി നടക്കും ഗംഗയില്‍
വിരിഞ്ഞു തമാരമുകുളങ്ങള്‍…
ഭൂപടങ്ങളിലൊരിന്ത്യ നിവര്‍ന്നു
ജീവിതങ്ങള്‍ തുടലൂരിയെറിഞ്ഞു
ചുണ്ടില്‍ ഗാഥകള്‍, ഇക്കരങ്ങളില്‍ പൂ-
ച്ചെണ്ടുകള്‍, പുതിയ പൗരനുണര്‍ന്നു…

ബലികുടീരങ്ങളേ…
ബലികുടീരങ്ങളേ…

കെ. പി. എ. സി. യുടെ അവതരണഗാനത്തോടെ രംഗവേദിയില്‍ വെളിച്ചം പരക്കുന്നു. വാച്ച്ടവറിനു പിന്നിലുള്ള വെളളതിരശീലയില്‍ നീണ്ടുപോകുന്ന പ്രകടനത്തിന്റെ നിഴലുകള്‍. പാട്ടിന്റെ വരികള്‍ നേര്‍ത്തുനേര്‍ത്തു വരുന്നതോടെ കറമ്പന്‍ കടന്നുവരുന്നു. രംഗവേദിയിലെ വാച്ച്ടവറിനു മുന്നിലുള്ള ഉയര്‍ന്ന തലത്തില്‍ ജ്വലിച്ചുനില്‍ക്കുന്ന അടുപ്പിനു മുകളില്‍നിന്നും പാത്രം താഴെയിറക്കിവെയ്ക്കുന്നു. പിന്നീട് അടുപ്പില്‍ വെളളമൊഴിച്ച് അടുപ്പുകല്ലുകള്‍ പിഴുതെടുക്കുന്നു. അടുപ്പ് മൂടിയശേഷം ഒരു പുട്ടിലെടുത്തുകൊണ്ടുവന്ന് അവിടെ വിരിക്കുന്നു. തുട‌ര്‍ന്ന് ഒളിവിലുള്ള യുവാവായ തോപ്പില്‍ ഭാസിയെ കൊണ്ടുവന്ന് ആ പുട്ടിലിലിരുത്തി തിരിച്ചുപോകുന്നു.

തോപ്പില്‍ ഭാസി പുസ്തകവും പേനയും കയ്യിലെടുത്ത് എഴുതാന്‍ തുടങ്ങുന്നതോടെ വാച്ച്ടവറിനു മുകളില്‍ വെളിച്ചം പരക്കുന്നു. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം പുസ്തകവുമായി ഇപ്പോള്‍ വാച്ചമാന്‍ അതിനു മുകളിലിരിക്കുന്നുണ്ട്. ഭാസി എഴുതാന്‍ തുടങ്ങുന്നതോടെ വാച്ച്മാന്‍ നാടക പുസ്തകം നോക്കി കഥാപാത്രങ്ങളെ ഓരോന്നോരോന്നായി പരിചയപ്പെടുത്തുന്നു.

വാച്ച് മാൻ 
മാല, 18 വയസ്സ്. കര്‍ഷക തൊഴിലാളിയുവതി, പുലക്കളളി, ജോലിചെയ്തുറച്ച ശരീരം. എണ്ണക്കറുമ്പി (മാല ചെങ്കൊടിയുയര്‍ത്തിപ്പിടിച്ച് രംഗമദ്ധ്യത്തില്‍ വന്നു നില്ക്കുന്നു)
വാച്ച് മാൻ 
കറമ്പന്‍. അമ്പതു വയസ്സ്. മാലയുടെ അച്ഛന്‍. (കറമ്പന്‍ മാലയ്ക്കരികെ വന്ന് ചെങ്കൊടിയും നോക്കി ആഹ്ളാദപൂര്‍വ്വം നില്‍ക്കുന്നു)
വാച്ച് മാൻ 
കേശവൻ നായർ. മുതലാളി. നാട്ടുപ്രമാണി. വെളുത്തുകൊഴുത്ത ശരീരം. നാല്‌പത്തഞ്ചുവയസ്സ്. (കേശവന്നായർ രഗത്തുവന്ന് ചെങ്കൊടിക്കു പുറംതിരിഞ്ഞു നിൽക്കുന്നു.)
വാച്ച് മാൻ : സുമം. 17 വയസ്സ്. കേശവന്നായരുടെ മകള്‍. സുന്ദരി. (സുമം പ്രവേശിച്ച് കറമ്പനേയും മാലയേയും ചെങ്കൊടിയേയും നോക്കിനില്‍ക്കുന്നു).
വാച്ച് മാൻ 
ഗോപാലന്‍. 25 വയസ്സ്. പരമുപിളളയുടെ മകന്‍. സഖാവ്. നല്ലവിനയവും തന്റേടവുമുള്ള മുഖഭാവം.
ഗോപാലൻ 
[പ്രവേശിച്ച് മാലയുടെ കയ്യിലെ ചെങ്കൊടി ചൂണ്ടി] ആ കൊടി ഉയര്‍ത്തിപ്പിടിക്കൂ മാലേ. നിന്റെ കൊടിയാണത്. നിന്റെ വര്‍ഗ്ഗത്തിന്റേത്. ആ കൊടി ഈ നാടുനീളെ പാറിപ്പറക്കാന്‍ പോകയാണ്.
വാച്ച് മാൻ 
പരമുപിളള. അറുപതു വയസ്സ്. ക്ഷീണിച്ച ശരീരം സഖാവ് ഗോപാലന്റെ അച്ഛന്‍.
വാച്ച് മാൻ 
(പ്രവേശിക്കുന്നു) ഏതായാലും [ഒരു നവോഢയെപ്പോലെ നാണം കുണുങ്ങി] നിങ്ങളെല്ലാം കൂടി എന്നെയങ്ങു കമ്യൂണിസ്റ്റാക്കിയല്ലോ. ഞാനിനി അതാടാ. [ചെങ്കൊടിയില്‍ നിര്‍ന്നിമേഷനായ് നോക്കി ആവേശപൂര്‍വ്വം] മോനെ, ആ കൊടിയിങ്ങോട്ടൊന്നു വാങ്ങീരെടാ. ഇതെനിക്കൊന്നു പിടിക്കണം. [രണ്ടു കൈ കൊണ്ടും കൊടി വാങ്ങി] ഇതെനിക്കൊന്നു പൊക്കിപ്പൊക്കി പിടിക്കണം.
കേശവൻ നായർ 
[തിരിഞ്ഞ് സുമത്തിന്നരികെ ചെന്ന്] കാലം മാറുമ്പോള്‍ കോലം മാറാനും ഈ അച്ഛനറിയാം മോളെ [കുലുങ്ങിച്ചിരിക്കുന്നു. സുമത്തിന്റേയും ഗോപാലന്റേയും തോളില്‍പ്പിടിച്ച് അവരിരുവര്‍ക്കും നടുവിലായി നിന്നു്] വലിയവീട്ടില്‍ കേശവന്‍ നായരു തോററിട്ടില്ല. തോല്ക്കാന്‍ എനിക്കു മനസ്സില്ല. ആണായിട്ട് ഇനിയും ഞാനിവിടെ ജീവിക്കും [ചിരിച്ചു തുളുമ്പുന്നു].

[പിന്നരങ്ങിലെ തിരശ്ശീലയില്‍ നിഴലുകളായി നീങ്ങിക്കൊണ്ടിരുന്ന പ്രകടനം ഇപ്പോള്‍ ഉയര്‍ന്ന തലത്തില്‍ നീങ്ങിക്കൊണ്ടിരിക്കുന്നു. രംഗവേദിയിലെ കറമ്പനും മാലയുമൊഴികെ ബാക്കിയെല്ലാവരും പ്രകടനത്തില്‍ ലയിക്കുന്നു. ഇപ്പോള്‍ പരമുപിളളയും കേശവന്‍ നായരും ചേര്‍ന്നു് ഒരു പ്രകടനം നയിക്കുകയാണ്. പ്രകടനം മെല്ലെ രംഗം വിടുന്നു]

മാല 
[തളര്‍ന്നിരുന്നുപോകുന്നു] ഞങ്ങടെ കരളിലെ ചോരകൊണ്ട് നിറം പിടിപ്പിച്ചതാണാ കൊടി. ആ കൊടി എന്റേതാണ്. എന്റെ വര്‍ഗ്ഗത്തിന്റേതാണ് (പോസ്) പക്ഷേ, ഈ സമരത്തില്‍ ഞങ്ങള്‍ തോറ്റുപോയി. തോറ്റുപോയി. തോറ്റുപോയി…
[കറമ്പന്‍ തളര്‍ന്നിരിക്കുന്ന മാലയെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നു. തോപ്പില്‍ ഭാസി ഉന്നു വടിയുമായെഴുന്നേററ് മാലയ്ക്കരുകിലേക്ക് നടന്നു വരുന്നു]
ഭാസി 
മാലേ, ഞാന്‍ ഒരിക്കല്‍കൂടി നിന്നെ കാണാന്‍ വന്നിരിക്കുന്നു ഒരിക്കല്‍ക്കൂടി…

നിങ്ങള്‍നിന്ന സമരാങ്കണ ഭൂവില്‍
നിന്നണിഞ്ഞ കവചങ്ങളുമായി
വന്നു ഞങ്ങള്‍ മലനാട്ടിലെ മണ്ണില്‍
നിന്നിതാ പുതിയ ചെങ്കൊടി നേടി…

[ബലികുടീരങ്ങളെ എന്ന പാട്ടിന്റെ അവസാന ഹമ്മിംഗ്. മാല എഴുന്നേററുചെന്ന് പുട്ടിലെടുത്തു മാറ്റുന്നു. അടുപ്പു കല്ലുകള്‍ ശരിയാക്കി പാത്രമെടുത്തു് മുകളില്‍ വെയ്ക്കുന്നു. കറമ്പന്‍ മകളെ സഹായിക്കുന്നു. ഇതെല്ലാം നോക്കുന്ന തോപ്പില്‍ ഭാസി, മാലയും കറമ്പനും അണിയറയിലേക്കു പോകുന്നതോടെ അരങ്ങിന്റെ പടിയിറങ്ങി മെല്ലെ സദസ്സിന്റെ ഒന്നാം നിരയില്‍ ഒരിരിപ്പിടം കണ്ടെത്തുന്നു. അരങ്ങില്‍ വെളിച്ചം ഒരല്പം മാത്രം അവശേഷിക്കേ അനൗൺസ്‌മെന്റ്-]
‘നിങ്ങളാരെ കമ്യൂണിസ്റ്റാക്കി’
തിയ്യേറ്ററിലൊരു രാഷ്ട്രീയ സംവാദം.