close
Sayahna Sayahna
Search

കലയിലെ സത്യം


കലയിലെ സത്യം
Mkn-03.jpg
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ എച് അന്റ് സി പബ്ലിഷിംഗ് ഹൗസ്
വര്‍ഷം
2007
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 98 (ആദ്യ പതിപ്പ്)

സൗന്ദര്യത്തിന്റെ സന്നിധാനത്തില്‍


രസജ്ഞാനശാസ്ത്രത്തെക്കുറിച്ച് ഓരോ ചിന്തകനും ഓരോ അഭിപ്രായമാണുള്ളത്. ആ അഭിപ്രായം അയാളുടെ ദാര്‍ശനിക ചിന്താഗതിയോട് പൊരുത്തപ്പെട്ടിരിക്കുകയും ചെയ്യും. അതുകൊണ്ടു സവിശേഷമായ ആ ദാര്‍ശനിക വീക്ഷണഗതിയോടു യോജിക്കുന്നവര്‍ക്കേ അയാളുടെ കലാസിദ്ധാന്തത്തോടും യോജിക്കാന്‍ കഴിയു. ഭാരതത്തിലെ സ്ഥിതി നോക്കുക. ഭട്ടാലാല്ലടന്‍ മീമാംസകനാണ്; ശ്രീശങ്കരന്‍ നൈയായികനാണ്; ഭട്ടനായകന്‍ സാംഖ്യവാദിയാണ്; അഭിനവഗുപ്തന്‍ വേദാന്തിയാണ്. ഇവരുടെ കലാസിദ്ധാന്തങ്ങള്‍ വിഭിന്നങ്ങളത്രേ. സാംഖ്യവാദത്തില്‍ പരിപൂര്‍ണ്ണ വിശ്വാസമര്‍പ്പിക്കുന്ന അനുവാചകനു ഭട്ടനായകന്റെ കലാസിദ്ധാന്തമേ രുചിക്കു. അദ്ദേഹത്തിന്‍റെ ഓരോ മതവും ശരിയാണെന്ന് അയാള്‍ പറയും. എന്നല്ല മറ്റുള്ള അഭിപ്രായങ്ങങ്ങളൊക്കെ തെറ്റാണെന്നും അയാള്‍ പ്രഖ്യാപിക്കും. പാശ്ചാത്യദേശങ്ങളിലെ സ്ഥിതിയും ഇതു തന്നെ. സര്‍വ്വാതിശായിയായ സത്യത്തില്‍ (transcendental reality) വിശ്വസിച്ച പ്ലേറ്റോ കല അയഥാര്‍ത്ഥമാണെന്നു പറഞ്ഞു. ‘പുതിയ നിയമ’ത്തില്‍ (New testament) ദൃഢഭക്തിയുണ്ടായിരുന്ന ലിയോ ടോള്‍സ്റ്റോയി അതിന് അനുരൂപമായി തന്റെ കലാസിദ്ധാന്തങ്ങള്‍ രൂപവല്‍ക്കരിക്കുകയും ‘പുതിയ നിയമ’ത്തിന്റെ തത്ത്വങ്ങള്‍ക്കു ചേരാത്ത കലാസൃഷ്ടികളെ നിന്ദിക്കുകയും ചെയ്തു. ഷേക്സ്പിയറിന്റെ പ്രകൃഷ്ട നാടകമെന്നു വാഴ്ത്തപ്പെടുന്ന ‘ഹാംലെറ്റി’നെപ്പോലും നിന്ദിക്കാന്‍ ടോള്‍സ്റ്റോയിക്കു മടിയുണ്ടായില്ല. ലുക്കാച്ച് വിശ്വപ്രശസ്തിയാര്‍ജ്ജിച്ച നിരൂപകനാണ്. മാര്‍ക്സിസത്തില്‍ വിശ്വസിക്കുന്ന അദ്ദേഹം ആ തത്ത്വചിന്തയുടെ മാനദണ്ഡങ്ങള്‍ കൊണ്ടാണ് ബല്‍സാക്കിന്റെയും സൊലയുടെയും നോവലുകളെ അളന്നു നോക്കുക. അതിനാല്‍ മാര്‍ക്സിസത്തില്‍ വിശ്വസിക്കാത്ത ശുദ്ധ കലാവാദികള്‍ ലുക്കാച്ചിന്റെ നിരൂപണങ്ങളെ ബഹുമാനിച്ചില്ലെങ്കില്‍ അത്ഭുതപ്പെടാനില്ല. ഈ പരമാര്‍ത്ഥം മനസ്സിലാക്കിക്കൊണ്ടാണ് ഞാന്‍ ബർഗ്സൺ[1] എന്ന ഫ്രഞ്ച് ദാർശനികന്റെ കലാസിദ്ധാന്തത്തെക്കുറിച്ച് ഉപന്യസിക്കാൻ പോകുന്നത്. പ്രജ്ഞയെ (intellect) നിരാകരിച്ച് സഹജജ്ഞാനത്തിന് (intuition) പരമപ്രാധാന്യം കല്പിച്ച ബര്‍ഗ്സണ്‍ ആ സഹജജ്ഞാനം കൊണ്ടേ യാഥാര്‍ത്ഥ്യത്തെ സാക്ഷാത്കരിക്കാന്‍ കഴിയുകയുള്ളുവെന്ന് അഭിപ്രായപ്പെട്ടു; തന്റെ ജീവിതത്തിന്റെ അവസാനഘട്ടത്തില്‍ അദ്ദേഹം മതപരങ്ങളായ കാര്യങ്ങളില്‍ മുഴുകുകയും കത്തോലിസിസത്തോടു ഭക്തിയുള്ളവനായി ഭവിക്കുകയും ചെയ്തു. തത്ത്വചിന്തയിലെ ആദര്‍ശവാദിയാണ് (idealist) ബർഗ്സണ്‍ എന്ന് ഇതു വ്യക്തമാക്കുന്നു.

ജീവനെയും ജഡവസ്തുവിനെയും കുറിച്ച് (life and matter) വിഭിന്നാഭിപ്രായങ്ങളാണു നിലവിലിരിക്കുന്നത്. അവയില്‍ പ്രാധാന്യമാര്‍ജ്ജിച്ചിട്ടുള്ള രണ്ടു ചിന്താഗതികളുണ്ട്.

  1. ജീവനെന്ന പ്രവാഹം ജഡവസ്തുവിനു സമാന്തരമായി പ്രവഹിക്കുന്നു. (പ്രപഞ്ചത്തില്‍ ജീവനെന്നും, ജഡവസ്തുവെന്നും രണ്ടു സത്തകളുണ്ടെന്ന് അര്‍ത്ഥം.)
  2. ജീവനെന്ന പ്രവാഹം മാത്രമേ പ്രപഞ്ചത്തിലുള്ളൂ, ജഡവസ്തു ഒരു തോന്നലാണ് അല്ലെങ്കില്‍ മായയാണ്.

ഈ രണ്ടാമത്തെ ചിന്താഗതി അംഗീകരിച്ചിട്ടുള്ള ദാര്‍ശനികനാണു ബര്‍ഗ്സണ്‍. സര്‍വ്വവ്യാപകമായ ’ചൈതന്യപ്രവാഹം’ എന്നതുകൊണ്ട് പ്രപഞ്ചത്തിന് ഒരു വിശദീകരണം നല്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. ബര്‍ഗ്സണ്‍ ഈ ’ചൈതന്യപ്രവാഹ’ത്തെ elan vital (എലാങ് വീത്തൽ) എന്നാണു വിളിക്കുക. പ്രപഞ്ചത്തിന്റെ അടിസ്ഥാനപരമായ പ്രകൃതി ’ചൈതന്യപ്രവാഹം’ തന്നെയെന്ന് അദ്ദേഹം പറയുന്നു. നമ്മുടെ ശ്രമങ്ങളും വിഷാദങ്ങളും അഭിലാഷങ്ങളുമൊക്കെ ഈ പ്രവാഹത്തിന്റെ ശബ്ദം തന്നെയാണ്. അതാണു നമ്മെ വളര്‍ത്തുന്നത്; വികസിപ്പിക്കുന്നത്. നമ്മുടെ ബോധമണ്ഡലത്തെ മാതൃകയാക്കിക്കൊണ്ടാണ് ഈ ചൈതന്യപ്രവാഹത്തെ ബര്‍ഗ്സണ്‍ സങ്കല്പിച്ചെടുത്തിരിക്കുന്നത്. പ്രപഞ്ചം പരിവര്‍ത്തനാത്മകമാണ്. മാറി വരുന്ന വികാരങ്ങള്‍, ചിന്തകള്‍ എന്നിവയുടെ വ്യാപാരങ്ങളും ആഘാതങ്ങളും കൊണ്ടാണ് പ്രപഞ്ചത്തെ നാം വ്യാഖ്യാനിക്കേണ്ടത്. നമ്മുടെ ബോധമാകുന്ന നിരന്തരപ്രവാഹം കൊണ്ടും അതിനെ വ്യാഖ്യാനിക്കണം. അപ്പോള്‍ ഈ പരിവര്‍ത്തനത്തിന്റെ പ്രവാഹം മാത്രമാണ് — ’ചൈതന്യപ്രവാഹം’ മാത്രമാണ് — പ്രപഞ്ചത്തിലുള്ളത്. ’ചൈതന്യപ്രവാഹം’ മാത്രമേ പ്രപഞ്ചത്തില്‍ സത്തയായിട്ടുള്ളുവെങ്കില്‍ ജഡവസ്തു മായയാണ്. സംശയമില്ല. ഈ മായ എങ്ങനെയുണ്ടായി? പ്രജ്ഞയുടെ പ്രവര്‍ത്തനം കൊണ്ടാണെന്നാണ് ബര്‍ഗ്സണ്‍ സമാധാനം നല്‍കുന്നത്. പരിവര്‍ത്തനങ്ങള്‍ മാത്രമുള്ള ലോകത്ത് ജീവിതം പ്രയാസപുര്‍ണ്ണമായിരിക്കും. ആ പ്രയാസമൊഴിവാക്കാന്‍ വേണ്ടിയാണ് പ്രജ്ഞ പരിണാമം കൊണ്ടത്. ചൈതന്യപ്രവാഹത്തില്‍ ചില മുറിവുകളുണ്ടാക്കി അത് വിഭജനങ്ങളും വിഭേദങ്ങളും സൃഷ്ടിക്കുന്നു. ഈ വിഭജനങ്ങളും വിഭേദങ്ങളും നിമിത്തം ലോകം ജഡവസ്തുവിന്റെ ലോകമായി നമുക്കു തോന്നുന്നു. പക്ഷേ, ഈ ജഡവസ്തുക്കളെ പ്രജ്ഞയാണ് ചൈതന്യപ്രവാഹത്തില്‍ നിന്നു ഛേദിച്ചെടുക്കുന്നത്.[2] വസ്തുക്കളെ വേറെ വേറെ കാണുകയാണ് പ്രജ്ഞ. പ്രത്യേക വസ്തുക്കളായി വിഭജിക്കപ്പട്ടിരിക്കുന്നത് ജഡവസ്തുവാണ്. എന്നാൽ പ്രത്യേകം പ്രതേകം ഘനപദാര്‍ത്ഥങ്ങളില്ല. മുകളിലേയ്ക്കു പോകുന്ന ഒറ്റ പ്രവാഹമേയുള്ളു. പ്രപഞ്ചം ഒരു ’കോണി’ന്റെ (cone) ആകൃതിയിലാണെന്നിരിക്കട്ടെ. പരമസത്യം അതിന്റെ അഗ്രഭാഗത്താണ്. മുകളിലേയ്ക്കുള്ള ചലനം, വസ്തുക്കളെ ഒന്നിച്ചു ചേര്‍ക്കുന്നു. താഴത്തേക്കു ചലിച്ചാല്‍ വസ്തുക്കള്‍ വിഭിന്നങ്ങളാകുന്നു; അല്ലെങ്കില്‍ വിഭിന്നങ്ങളായി തോന്നുന്നു.[3] വസ്തുക്കളെ ഇങ്ങനെ വിഭജിക്കുന്നത് പ്രജ്ഞയണെന്നു പറഞ്ഞല്ലോ. അതിനാല്‍ സത്യസാക്ഷാത്കാരത്തിന് പ്രജ്ഞയെ കൂട്ടുപിടിച്ചാല്‍ പറ്റില്ല. അതിനു സഹജജ്ഞാനം (intuition) എന്ന ശക്തി വേണം. ജഡവസ്തു മായയാണെന്ന് വിശ്വസിക്കുന്ന ബർഗ്‌സൺ തികച്ചും ആദ്ധ്യാത്മികമായ ഒരു കലാസിദ്ധാന്തം ആവിഷ്കരിക്കുന്നതില്‍ നാം വിസ്മയിക്കേണ്ടതില്ല.

ബര്‍ഗ്സണ്‍ തന്റെ കലാസിദ്ധാന്തത്തിന് ആധാരങ്ങളായി സ്വീകരിച്ചിരിക്കുന്ന രണ്ടു ദാര്‍ശനിക തത്വങ്ങളുണ്ട്. ഒന്ന്: പ്രജ്ഞ കൊണ്ട് പരമസത്യത്തെ സാക്ഷാത്കരിക്കാന്‍ സാദ്ധ്യമല്ല. രണ്ട്: മനുഷ്യന്‍റെ പ്രാഥമികാവശ്യം ജ്ഞാനമല്ല, ക്രിയയാണ് — പ്രവര്‍ത്തനമാണ്. പ്രജ്ഞ വസ്തുക്കളെ നമ്മുടെ മുമ്പില്‍ വെച്ചു തരുന്നതു നാം അവയെ മനസ്സിലാക്കാനല്ല, വിജയകരമായി അവയില്‍ പ്രവർത്തിക്കാനാണ്. മനുഷ്യനെ സംബന്ധിച്ചിടത്തോളം എറ്റവും പ്രധാനമായിട്ടുള്ളത് ഈ പ്രവർത്തനമാണ്. കലാകാരന്റെ കലാപ്രവർത്തനം ആവശ്യകത ആര്‍ജ്ജിക്കുന്നതും ഇതുകൊണ്ടത്രേ. വസ്തുതകളുടെ അവഗമനത്തിന് തടസ്സമുണ്ടാകത്തക്ക വിധത്തില്‍ ഒരു യവനിക ക്രിയ അല്ലെങ്കിൽ പ്രവര്‍ത്തനം സൃഷ്ടിച്ചു വെച്ചിരിക്കുന്നു. ക്രിയയുടെ സൃഷ്ടിയായ ഈ യവനിക വലിച്ചു കീറി ഇന്ദ്രിയവും ബോധവുമായി നേരിട്ട് സമ്പർക്കം പുലര്‍ത്താന്‍ നമുക്കു കഴിഞ്ഞാല്‍ കല ആവശ്യമില്ലാതെയായി ഭവിക്കും; അത് നിഷ്‌പ്രയോജനമായിത്തീരും. അങ്ങനെയാണെങ്കില്‍ ‘ഓര്‍മ്മയുടെ സഹായത്തോടു കൂടി നമ്മുടെ കണ്ണുകള്‍ അഭൂതപൂര്‍വ്വമായ ചിത്രങ്ങളെ സ്ഥലത്തില്‍ രൂപവൽക്കരിക്കുകയും കാലത്തില്‍ പ്രതിഷ്ഠിക്കുകയും ചെയ്യും. മനുഷ്യരൂപത്തിന്റെ സജീവശിലയില്‍ പുരാതനശില്പങ്ങളെപ്പോലെ സുന്ദരമായ പ്രതിമാ ശകലങ്ങള്‍ നമ്മുടെ കണ്ണുകളെ ആകര്‍ഷിക്കും. നമ്മുടെ അന്തരാത്മാവിന്‍റെ അന്തരാളത്തില്‍ നമ്മുടെ ആഭ്യന്തരജീവിതത്തിന്‍റെ നിരന്തരസംഗീതം — ചിലപ്പോൾ ആഹ്ലാദഭരിതവും മറ്റുചിലപ്പോൾ വിഷാദദ്യോതകവും എന്നാല്‍ സദാ അഭിനവവുമായ സംഗീതം — നാം കേട്ടുകൊണ്ടിരിക്കും.[4] പക്ഷേ, ഇതൊന്നും സംഭവിക്കുന്നില്ല. യവനിക തടസ്സം സുഷ്ടിക്കുന്നു. ഈ യവനിക സാധാരണ മനുഷ്യര്‍ക്ക് കനം കൂടിയതും പ്രകാശത്തെ തടസ്സപ്പെടുത്തുന്നതുമാണ്. കലാകാരനും കവിക്കും അത് കനം കുറഞ്ഞതും മിക്കവാറും പ്രകാശഭേദ്യവുമത്രേ. കലാകാരന്റെ കര്‍ത്തവ്യം ഈ യവനിക കീറി സത്യം ദര്‍ശിക്കുക എന്നതാണ്.

നമ്മുടെ അവഗമനങ്ങള്‍ക്ക് (perception) പരിമിതികളുണ്ട്. ജീവിതമെന്നതു ക്രിയയാണ് — പ്രവര്‍ത്തനമാണ് — എന്നു മുമ്പു പറഞ്ഞല്ലോ. ഈ പ്രവർത്തനത്താലാണ് പരിമിതികളുണ്ടാകുന്നത്. നാം നോക്കുന്നു; അപ്പോൾ നാം വിചാരിക്കുന്നത് നാം കാണുന്നുവെന്നാണ്. നാം ശ്രദ്ധിക്കുന്നു; അപ്പോൾ നമ്മുടെ വിചാരം നാം കേള്‍ക്കുന്നുവെന്നാണ്. നാം നമ്മെത്തന്നെ നിരീക്ഷണം ചെയ്യുന്നു; നമ്മുടെ വിചാരം നമ്മുടെ ഹൃദയത്തിന്‍റെ അഗാധതലങ്ങൾ വരെ നാം മനസ്സിലാക്കുന്നുവെന്നാണ്. പക്ഷേ, നാം ബാഹ്യലോകത്തെ കുറിച്ച് കാണുന്നതും കേള്‍ക്കുന്നതുമൊക്കെ നമ്മുടെ പ്രവര്‍ത്തനത്തിന് ആവശ്യകങ്ങളായ വസ്തുതകളെ നമ്മുടെ ഇന്ദ്രിയങ്ങള്‍ തിരഞ്ഞെടുത്തിട്ടുള്ളവ മാത്രമാണ്. നമ്മുടെ ഇന്ദ്രിയങ്ങളും നമ്മുടെ ബോധമണ്ഡലങ്ങളും സത്യത്തിന്റെ ഒരു ലഘുകൃതരൂപം മാത്രമേ നമുക്കു തരുന്നുള്ളു. കോലാടിനേയും ചെമ്മരിയാടിനേയും നാം വേര്‍തിരിച്ചറിയും. പക്ഷേ, ഒരു കോലാടിനെ മറ്റൊരു കോലാടിൽ നിന്നും ഒരു ചെമ്മരിയാടിനെ മറ്റൊരു ചെമ്മരിയാടില്‍ നിന്നും നാം വേർതിരിച്ച് അറിയുന്നുണ്ടോ? വസ്തുക്കളുടെ വ്യക്തിത്വം നമ്മുടെ ആവശ്യത്തിന് ഉതകുന്നില്ലെങ്കില്‍ നാം പരിഗണിക്കാറില്ല. അതു നാം ശ്രദ്ധിക്കുന്ന അവസരത്തിലോ? ഉദാഹരണമായി നാം ഒരു മനുഷ്യനെ മറ്റൊരു മനുഷ്യനില്‍ നിന്ന് വേര്‍തിരിച്ചറിയുന്നു എന്നിരിക്കട്ടെ. അപ്പോഴും വ്യക്തിത്വത്തെയല്ല ശ്രദ്ധിക്കാറുള്ളത്. ഒന്നോ രണ്ടോ സവിശേഷതകളേ നമ്മുടെ കണ്ണില്‍ പെടാറുള്ളു. എന്നാല്‍ കവി അല്ലെങ്കില്‍ കലാകാരന്‍ വസ്തുക്കളെ അവയുടെ യഥാര്‍ത്ഥ രൂപത്തില്‍ കാണുന്നു. ഈ കവി — കലാകാരന്‍ — പ്രകൃതിയിലെ ദുര്‍ലഭമനുഷ്യനാണ്. പ്രകൃതി തന്നെ ഉല്പാദിപ്പിക്കുന്ന ഒരു യാദൃച്ഛിക മനുഷ്യൻ. ഇയാള്‍ ക്രിയയുടെ ആവശ്യകതയില്‍ നിന്ന് ഭാഗികമായി മാറി നില്ക്കുന്നു. ഇന്ദ്രിയങ്ങളില്‍ ഏതെങ്കിലും ഒന്നിനെ സംബന്ധിക്കുന്ന മാറിനില്പാണിത്. അതിനാൽ കലാകാരൻ ഒന്നുകില്‍ എഴുത്തുകാരനായിരിക്കും അല്ലെങ്കില്‍ ഗായകനായിരിക്കും. അതുമല്ലെങ്കില്‍ പ്രതിമാനിർമ്മാതാവോ ചിത്രമെഴുത്തുകാരനോ. യവനികയെ ഭേദിക്കുന്നത് ഒരു മാര്‍ഗ്ഗത്തിലൂടെ മാത്രമാണ്; അതായത് ഒരു ഇന്ദ്രിയത്തിലൂടെ മാത്രം. അതിനാല്‍ കലകള്‍ വൈവിദ്ധ്യമുള്ളതായി ഭവിക്കുന്നു. ഇനി എല്ലാ മാര്‍ഗ്ഗത്തിലൂടെയും യവനികയെ ഭേദിച്ചു ചെല്ലാൻ കലാകാരനു കഴിഞ്ഞാലോ? ഇതുവരെ ലോകം കണ്ടിട്ടില്ലാത്ത ഒരു കലാകാരനായിരിക്കും അപ്പോഴുണ്ടാവുക. അയാള്‍ എല്ലാ വസ്തുക്കളേയും അവയുടെ സഹജമായ വിശുദ്ധിയില്‍ ദര്‍ശിക്കും.


ഭൗതികലോകത്തിന്റെ രൂപങ്ങളും ശബ്ദങ്ങളും വര്‍ണ്ണങ്ങളും ആന്തരജീവിതത്തിന്റെ സുക്ഷ്മസുക്ഷ്മങ്ങളായ ചലനങ്ങളും അയാള്‍ കാണും[5] കല ഏതുമാകട്ടെ. അതു ചിത്രമെഴുത്തോ പ്രതിമാ നിര്‍മ്മാണമോ കാവ്യരചനയോ ആകട്ടെ. സത്യത്തെ നമ്മില്‍ നിന്നും മറച്ചു പിടിക്കുന്ന യവനികയെ വലിച്ചു കീറി സത്യത്തെത്തന്നെ നമുക്ക് അഭിമുഖമായി നിറുത്തുക എന്നതാണ് അതിന്റെ ലക്ഷ്യം. സത്യത്തിന്റെ നേരിട്ടുള്ള ദര്‍ശനമാണു കല. വിശുദ്ധിയാര്‍ന്ന ഈ അനുഭുതിയുണ്ടാകണമെങ്കില്‍ പ്രായോഗിക സങ്കേതങ്ങളില്‍ നിന്ന് മുക്തി നേടണം; ഇന്ദ്രിയങ്ങള്‍ക്കും ബോധത്തിനും നിസ്സംഗതയുണ്ടാകണം; ജീവിതത്തിന് ഒരു അമിത്രവത്വം അല്ലെങ്കില്‍ അപാഞ്ച ഭൗതികത (immateriality of life) സംഭവിക്കണം. ഇതിനെയാണ് ആദര്‍ശവാദം എന്നു വിളിക്കുന്നത്. ആദര്‍ശാത്മകതയിലൂടെ മാത്രമേ നമുക്കു സത്യം സാക്ഷാത്കരിക്കാന്‍ പറ്റുകയുള്ളു.

കലയുടെ സൂക്ഷ്മാംശങ്ങളെക്കുറിച്ച് ബര്‍ഗ്സണ്‍ മനോഹരമായി പ്രതിപാദിച്ചിട്ടുണ്ടെങ്കിലും അദ്ദേഹത്തിന്റെ അഭിപ്രായങ്ങള്‍ എനിക്കു — ഞാന്‍ എത്രയ്ക്ക് അല്പപ്രഭാവനാണെങ്കിലും — ആദരണീയങ്ങളാകുന്നില്ല. ലോകത്ത് ഉള്ളതെല്ലാം കള്ളം; മായ; ഇല്ലാത്തതൊക്കെ സത്യം എന്ന ചിന്താഗതിയോടുള്ള വൈമുഖ്യമായിരിക്കാം ഈ അനാദരം ഉളവാക്കുന്നത്. പ്രജ്ഞ സൃഷ്ടിച്ചു വയ്ക്കുന്നതാണ് ജഡവസ്തുവെന്ന് ബര്‍ഗ്‌സണ്‍ പറയുന്നു. ചൈതന്യപ്രവാഹത്തില്‍ — എലാങ്‌വിത്താളില്‍ — മുറിവുകളുണ്ടാക്കിയാണത്രെ ജഡവസ്തുവിനെ സൃഷ്ടിക്കുന്നത്. എനിക്ക് ഇന്ന് രാവിലെ പബ്ലിക് ലൈബ്രറിയില്‍ പോകണമെന്നു തോന്നി. ആ തോന്നല്‍ ’ചൈതന്യപ്രവാഹ’ത്താല്‍ ഉണ്ടായതാണ്. പക്ഷേ വളരെ വേഗം നടന്നിട്ടും ബസ്സു പോകുന്നതിനു മുമ്പ് ബസ്സ്‌ സ്റ്റാന്റില്‍ ചെല്ലാന്‍ സാധിച്ചില്ല. ബസ്സ് എന്ന ജഡവസ്തുവിനെ എനിക്ക് കയറത്തക്കവണ്ണം ബസ്സ്‌സ്റ്റാന്റില്‍ത്തന്നെ നിറുത്താന്‍ വേണ്ടി എന്റെ പ്രജ്ഞ എന്തുകൊണ്ട് ചൈതന്യപ്രവാഹത്തില്‍ മുറിവുകളുണ്ടാക്കിയില്ല? എന്റെ ഇടത്തെ കൈയിലെ ചെറുവിരലില്‍ അല്പം നീരുണ്ട്. പ്രജ്ഞ നീരെന്നു പറയുന്ന ഈ ജഡവസ്തുവിനെ — അസുഖകരമായ വസ്തുവിനെ — എന്തിന് ഉളവാക്കുന്നു? ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണിവ.

പ്രജ്ഞയെ നിന്ദിക്കുന്ന ബര്‍ഗ്‌സണ്‍ തന്റെ പ്രജ്ഞ കൊണ്ടല്ലേ ഈ കലാസിദ്ധാന്തങ്ങള്‍ക്കെല്ലാം രൂപം കൊടുത്തത്? പ്രജ്ഞയെ വിശ്വസിക്കാന്‍ വയ്യെങ്കില്‍ പ്രജ്ഞയില്‍ നിന്നു ജനിച്ച കലാസിദ്ധാന്തങ്ങളെ വിശ്വസിക്കുന്നതെങ്ങനെ? ബര്‍ഗ്‌സണ്‍ അദ്വൈതവാദിയാണ്. അദ്വൈതവാദങ്ങളില്‍ കാണുന്ന എല്ലാ കുഴപ്പങ്ങളും അദ്ദേഹത്തിന്റെ കലാസിദ്ധാന്തങ്ങളിലും ദാര്‍ശനിക സിദ്ധാന്തങ്ങളിലും കാണുന്നു.

  1. ഫ്രഞ്ച് ഉച്ചാരണം ബർഗ്സോങ് എന്ന്.
  2. സി.ഇ.എം. ജോഡ്
  3. ബി. റസ്സൽ
  4. ശ്രീ എം.പി. പോളിന്റെ തർജ്ജമ — സൗന്ദര്യനിരീക്ഷണം.
  5. ബര്‍ഗ്‌സണ്‍ — ‘Laughter’ എന്ന ഗ്രന്ഥം.