close
Sayahna Sayahna
Search

ആസാദ്: ഉഴവുചാലിന്റെ നിലവിളി


ആസാദ്: ഉഴവുചാലിന്റെ നിലവിളി
PranayamOralbum.jpg
ഗ്രന്ഥകർത്താവ് വി എം ഗിരിജ
മൂലകൃതി പ്രണയം ഒരാൽബം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ചിത്തിര പബ്ലിഷേഴ്സ്
വര്‍ഷം
1997
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 117
ISBN 81-86229-02-07
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

നെല്ലിനുപകരം മുള്ളുകള്‍ നിറയുന്ന വയലുകളുടെ നിലവിളി കവിതയുടെ വര്‍ത്തമാനം പ്രശ്നതീക്ഷ്ണമാക്കിയിട്ടുണ്ട്. സ്വയംവിമര്‍ശനത്തിന്റെയും എതിര്‍ചിന്തയുടെയും നിശിതവിചാരങ്ങളിലൂടെ ഗൗരവതരമായ ഒരു പ്രയോഗമണ്ഡലമായി മാറിയിരിക്കുന്നു കവിത. നിവേദനങ്ങളും പ്രബോധനങ്ങളും നിറഞ്ഞ അക്കാദമികപാഠങ്ങളുടെ പുനരുല്‍പാദനമല്ല അതിന്റെ ലക്ഷ്യം. അനുഭവസൂക്ഷ്മത്തില്‍ എതിരിട്ടു നില്‍ക്കുന്ന പ്രശ്നാസ്പദങ്ങളെ അത് വെളിപ്പെടുത്തുന്നു. വി.എം. ഗിരിജയുടെ കവിതയ്ക്കും അടിസ്ഥാനഭൂമിക ഇതുതന്നെ.

പുരുഷകേന്ദ്രിതമായ നാഗരിക മൂല്യവ്യവസ്ഥയോടുള്ള ഒടുങ്ങാത്ത കലഹമാണ് ഈ കവിതകള്‍. സ്ത്രീബോധത്തിന്റെ ഇരുളാഴങ്ങളില്‍നിന്ന് ഒരു കീഴാളപ്രതിരോധം രൂപപ്പെടുന്നു. പൊതുബോധത്തിലും ഭാഷയിലും സംസ്കാരത്തിലും നിറഞ്ഞുനില്‍ക്കുന്ന ആണ്‍കോയ്മയോടു പിണങ്ങി നില്‍ക്കാന്‍ അവയുടെതന്നെ പ്രതിബോധ സ്വരൂപങ്ങള്‍ രൂപീകരിക്കേണ്ടിവരുന്നു. ഭാഷയുടെ ശ്ലീലാശ്ലീല വ്യാകരണങ്ങളെല്ലാം വന്യമായ ഇടപെടലില്‍ മാറിമറിയുന്നു. സമാന്തരമായ ഭാഷയും മനസ്സും സംസ്കാരവും പുതിയ ഭാവുകത്വത്തിന്റെ പടനിലങ്ങളാകുന്നു. ആണ്‍മൊഴികളില്‍ ശരീരരൂപത്തില്‍ ഉറച്ചുപോയ സ്ത്രീസ്വത്വത്തെ വിമോചിപ്പിക്കാന്‍ ശരീരത്തിന്റെ ഭൂപടം അതിന്റെ അഗാധതകളോടെ അടയാളപ്പെടുത്തേണ്ടിവരുന്ന കവിക്ക് വസ്ത്രങ്ങളും അവയവങ്ങളും കീറിമുറിക്കേണ്ടിവരുന്നു. അപ്പോള്‍ മുറിയുന്നതാകട്ടെ, നാഗരികമൂല്യബോധമോ പൊതുബോധമോ ആണ്.

“പരിതൃപ്തിയെഴാത്ത രാഗമാ-
മെരിതീക്കിന്ധനമായി നാരിമാര്‍
പുരിയില്‍ സ്വയമാത്മജീവിതം
കരിയും ചാമ്പലുമാക്കിടുന്നിതേ”

(ചിന്താവിഷ്ടയായ സീത)

എന്ന സീതയുടെ വിചാരണ, തുടര്‍ന്നേറ്റെടുക്കുന്ന കവിതയുടെ നിശിതമുഖങ്ങള്‍ ഇവിടെയുണ്ട്. കാട്ടിലെ സീതയും ‘കെട്ടുപോയ പൗരി’യും പ്രത്യക്ഷീകരിക്കുന്ന മൂല്യഭേദങ്ങളുടെ സൂക്ഷ്മങ്ങള്‍തന്നെയാണ് ഗിരിജയും കണ്ടെടുക്കുന്നത്. ‘കെട്ടുപോയ പൗരി’യുമായി മുഖാമുഖം നില്‍ക്കുകയാണ് ചിത്രയും ശൂര്‍പ്പണഖയും ലോപാമുദ്രയും ശര്‍മ്മിഷ്ഠയും സീതയും കുന്തിയുമെല്ലാം. പ്രകൃതിയുടെ ഘനഭാവങ്ങളായി പുരുഷകേന്ദ്രിത മൂല്യബോധത്തിനു വിപരീതം തീര്‍ക്കുകയാണ് ഈ നായികമാര്‍. മലിനവും ശൈലീകൃതവുമായ മനുഷ്യബന്ധങ്ങളെ പുതുക്കിപ്പണിയാനുള്ള ഊര്‍ജ്ജത്തിനാണ് അന്വേഷണം. അനുഭവങ്ങളുടെ അതിലോലതന്തുക്കളെപ്പോലും മലിനപ്പെടുത്തിയ വ്യവസ്ഥയോടാണ് കലഹം. വിത്തുവീഴ്കെ പിടഞ്ഞുണരുന്ന ഉഴവുചാലിന്റെ വിപരീതസഞ്ചാരങ്ങളായി ഈ വൈരുദ്ധ്യസൂക്ഷ്മം ജ്വലിച്ചു നില്‍ക്കുന്നു.

രാമ…
നീയെന്നാല്‍ നഗരത്തിന്റെ പ്രാണന്‍
നിന്റെ നാഡികള്‍തോറും പേടി,
അവിശ്വാസം
അറിയാത്തതില്‍ ചതികള്‍
ആഴങ്ങളില്‍ കയങ്ങള്‍ ഭയക്കുന്ന സുരക്ഷ.
പ്രണയത്തിനും ഗുരുസൂക്തികള്‍
ലയരാത്രിയില്‍ രതിവിദ്യാജ്ഞാനം.
ചുംബനങ്ങളില്‍ മുദ്രാവടിവ്.
അലിവിലുമലിയാതലിയാതെ ശിലയാകുമൊരുള്ളം
സീത കടലായുയരവേ
തണുത്ത തപസ്സാലെയടക്കും വൃഥാധൈര്യം.”

(ശൂര്‍പ്പണഖ)

വ്യവസ്ഥപ്പെട്ടുപോയ പ്രണയത്തെപ്പറ്റി ശൂര്‍പ്പണഖ ദുഃഖിക്കുന്നു. നാഗരികതയുടെ നിയാമകശക്തിയായ അധികാരകേന്ദ്രമാണ് രാമന്‍. ‘നഗരത്തിന്റെ പ്രാണന്‍’തന്നെ. അയാളുടെ നിയമങ്ങള്‍ അയാളെത്തന്നെയാണ് വേട്ടയാടുന്നതെന്ന് ശൂര്‍പ്പണഖയുടെ സാക്ഷിമൊഴി. ‘ചുംബനങ്ങളിലെ മുദ്രാവടിവും’ ‘അലിയാതലിയാതെ ശിലയാകുമൊരുള്ള’വും അതേറ്റു പറയുന്നു. ‘നഗരം കാണാത്ത വഴികളും അകങ്ങളും കാണാന്‍ ശൂര്‍പ്പണഖയിലെ കാട് രാമനെ വിളിക്കുന്നു. ആദിമവും വന്യവുമായ ഒരു

വേഴ്ചയുടെ പ്രാകൃതലയത്തിലേക്കാണ് വിളി. നഗരങ്ങളും നിയമങ്ങളും മറന്നുള്ള പ്രകൃതിപുരുഷലയം. സീതയിലെ സമുദ്രത്തെ തപസ്സാല്‍ തണുപ്പിക്കുന്ന പുരുഷനീതിയോടുള്ള പോര്‍വിളികൂടിയാണിത്.

“ഇവള്‍ ഞാനെയ്യാനുന്നും മാനിനെ
ക്ഷണംകൊണ്ടേയെറിഞ്ഞു വീഴ്ത്തുന്നവള്‍
ഇവള്‍ കാമരൂപിണി
കാടായ്, പൂവായ്, കാട്ടുമണ്ണിന്റെ
പശിമയായ്, കാട്ടിലപ്പടര്‍പ്പായി,
മഴയായി, വെയിലായി
നിലാവായെന്നെ പിന്തുടരുന്നവള്‍”

എന്ന് രാമന്‍ ആ പ്രാകൃതവന്യത അറിയുന്നുണ്ട്. പ്രാചീനമായ ഒരു സന്ധിയില്‍ പുരുഷനരിഞ്ഞുകളഞ്ഞ സ്ത്രീസ്വത്വത്തിന്റെ സ്വതന്ത്രാസ്തിത്വത്തിന് രൂപകമാവുകയാണ് ഇവിടെ ശൂര്‍പ്പണഖ. ഉഴവുചാലിന്റെയും കാടിന്റെയും പര്‍വ്വതത്തിന്റെയും പെണ്‍മക്കളായി ബോധത്തിന്റെ അതിരില്‍ നിരന്നുനില്‍ക്കുന്ന കരുത്താര്‍ന്ന ഇതിഹാസനായികമാരുടെ രൂപലാവണ്യവും സ്വഭാവസൗശീല്യവും മാത്രമേ നാം അറിഞ്ഞിട്ടുള്ളു. അവരുടെ ഇരുളാഴങ്ങളിലാണ് കവിയുടെ ‘മിഴിവിളക്കെ’രിയുന്നത്. ആ വെളിച്ചത്തില്‍ മറ്റൊരു ചിത്രമുണ്ട്.

“ചിത്രേ,
ഞാനിതുവരെ കണ്ടിട്ടില്ലാത്ത
ശത്രുവാണു നീ
എന്നെ ഭീരുവാക്കിയ കരുത്തുള്ള സ്നേഹം”.

(ചിത്ര)

അര്‍ജ്ജുനനെന്നപോലെ നമുക്കും അജ്ഞാതമായിരുന്നു ചിത്രയുടെ ഈ മുഖം. പുരുഷവാഴ്ചയുടെ നീതിബോധത്തെ ദുര്‍ബ്ബലപ്പെടുത്തുന്ന ഈ ‘ചിത്ര’ അര്‍ജ്ജുനനുമുന്നില്‍ നില്‍ക്കുമ്പോള്‍ ഒരു അബലയേയല്ല. ബലിഷ്ഠമായ സ്നേഹവും കരുത്തുമുള്ള ഈ ശത്രു പൊതുബോധത്തിലെ സ്ത്രീരൂപം പുതുക്കിനിര്‍മ്മിക്കുന്നു. ‘നീ എന്നെ സ്വീകരിക്കുമോ’ എന്ന് ചിത്ര ചോദിക്കുന്നത് ‘പടയാളി അങ്കംകുറിക്കുന്നതുപോലെ’യാണ്. ‘ശരീരത്തിനും മനസ്സിനും വേറെവേറെ ഭാഷകളുള്ള’ നാഗരികസ്ത്രീയില്‍ നിന്നും ചിത്ര മുറിഞ്ഞുമാറുന്നു. ‘അവളുടെ കാഴ്ച’യായും ‘അവന്റെ കാഴ്ച’യായും പ്രണയവും സ്ത്രീ-പുരുഷബന്ധവും ‘ചിത്ര’യില്‍ കാണാം.

“സ്ത്രീ
ആര്‍ത്തുലയുന്ന ജ്വാലയല്ല
വിരല്‍തൊട്ടുണര്‍ത്തുന്ന വീണയാണെന്ന്
ഇരുളില്‍മാത്രം വിരിയുന്ന
നാണപ്പൂവാണെന്ന്
അവന്‍ പറഞ്ഞു”.

‘അവന്റെ’ നോട്ടത്തില്‍ നഗരസ്ത്രീകള്‍ വിരല്‍സ്പര്‍ശത്തില്‍മാത്രം ഉണരുന്ന വീണകളാണ്. അവ ജ്വലിക്കുന്നില്ല. മറ്റൊരിടത്ത്, ‘നഗരത്തില്‍ സ്ത്രീകള്‍ വെണ്ണക്കല്‍പ്രതിമകളാ’ണെന്നും ‘അവന്‍’ പറയുന്നുണ്ട്. പക്ഷേ, ചിത്രയാകട്ടെ മെരുങ്ങാത്ത കാട്ടുകുതിരയാണ്. കാട്ടുപോത്തിന്റെ ഊര്‍ജ്ജമാണ്. മണ്ണിന്റെയും പച്ചിലയുടെയും തൂമണം നിറഞ്ഞ കാട്ടരുവിയാണ്. മെരുക്കാനാവാത്ത വേഗത്തിന്റെ സ്ത്രീരൂപമാകുന്നു ചിത്ര. തണുത്ത കാട്ടുചോലപോലെ, പച്ചിലക്കാടുപോലെ, കാട്ടുപക്ഷിയുടെ പാട്ടുപോലെ, കാട്ടുചന്ദനംപോലെ, കാട്ടുപഴങ്ങള്‍പോലെ ഭാവവൈവിധ്യം കൈവരിക്കുന്നതും ഈ കരുത്തുതന്നെ. ശൂര്‍പ്പണഖയിലും ഇതേ ചിത്രമുണ്ട്. രാമന്‍ എയ്യാന്‍ ഉന്നുന്ന മാനിനെ ക്ഷണംകൊണ്ട് എയ്തുവീഴ്ത്തുന്ന കാടത്തിയാണ് കാടായും കാട്ടുമണ്ണിന്റെ പശിമയായും പൂവായും മഴയായും വെയിലായും നിലാവായും കരുത്തിന്റെ സൗമ്യസാന്നിദ്ധ്യം അനുഭവപ്പെടുത്തുന്നത്. കരുത്തിന്റെ ഈ വിരുദ്ധഭാവങ്ങള്‍ ‘പ്രണയം ഒരാല്‍ബ’ത്തില്‍ അന്യത്രയുണ്ട്. തന്നെ പൂര്‍ത്തീകരിക്കേണ്ട വിരുദ്ധ പ്രകൃതിയെയുണര്‍ത്താന്‍ ഒരേസമയം അഗ്നിയും ജലവുമാകുന്നുണ്ട് സ്ത്രീ.

“എനിക്കു നിന്‍
ഉള്ളിലൊരാദിമജ്വാലയാകണം
നിന്നെയുണര്‍ത്തണം
പിന്നെ മഞ്ഞായി നനുക്കെപ്പരന്ന്
നിന്നെയണയ്ക്കണം”

(സംയോഗം)

“സ്നേഹം പച്ചപ്പും ഉപ്പുമാണ്
വരിഞ്ഞുമുറുകുന്ന ഞരമ്പും
നനയുന്ന കണ്ണുമാണ്
എരിയുന്ന ക്രോധവും
പെയ്യുന്ന മനസ്സുമാണ്”
“നിന്നെ തണുപ്പിക്കാനും
ജ്വലിപ്പിക്കാനും എന്റെ പ്രണയം
ഉറങ്ങാതെ കാത്തിരിക്കുന്നുണ്ട്.”

അമ്മയും ഭാര്യയുമായുള്ള ഇടര്‍ച്ചകളായും ഈ വൈരുദ്ധ്യംതന്നെ നിഴലിക്കുന്നു. നിഷ്കളങ്കസ്നേഹത്തിന് ശിക്ഷിക്കപ്പെടുന്ന ജക്കോസ്റ്റ ഈ വിപര്യയമാവിഷ്കരിക്കുന്ന ശക്തമായ രൂപകമാണ്. (ഈഡിപ്പസിന്റെ അമ്മയും ഭാര്യയുമാണ് ജക്കോസ്റ്റ.)

“നിന്റെ നെറുകയില്‍
പൊള്ളുന്ന ചുണ്ടമര്‍ത്താന്‍
ഞാന്‍ അമ്മയല്ല.
നിന്റെ ബലിഷ്ഠമായ വിരലുകളില്‍
മോതിരംപോലെ വിരല്‍കോര്‍ക്കാന്‍
ഞാന്‍ ഭാര്യയല്ല
ലോകം എന്നെ ജക്കോസ്റ്റ എന്നുവിളിക്കുന്നു.
ഞാനെന്നെ സ്ത്രീയെന്നും.

II


‘തിരിച്ചറിയുക’ എന്ന പ്രയോഗത്തിനര്‍ത്ഥം, ചവിട്ടുന്ന മണ്ണും ജ്വലിക്കുന്ന സൂര്യനും അടുത്തറിയുക എന്നതുതന്നെയാണ്. മനുഷ്യാനുഭവങ്ങളുടെ മുഖ്യപ്രേരണകളാണല്ലോ ഇവ. “സ്ത്രീക്കു സ്നേഹം ചവിട്ടുന്ന മണ്ണും ജ്വലിക്കുന്ന സൂര്യനുമാണ്” എന്നെഴുതുമ്പോള്‍ കര്‍ത്തൃപക്ഷത്ത്, പ്രാകൃതവന്യതയില്‍ തൊങ്ങലുകളില്ലാതെ തന്റെ സ്വത്വം തിരിച്ചറിഞ്ഞ സ്ത്രീയാണു നില്‍ക്കുന്നത്. വസ്ത്രങ്ങളെല്ലാം പറിച്ചെറിഞ്ഞ് അവള്‍ പ്രകൃതിയുടെ ഭാഗമാകുന്നു. അനുഭവതീക്ഷ്ണതയില്‍ ജീവിക്കാന്‍ സന്നദ്ധയാകുന്നു. പുരുഷന്‍-അധികാരം ഉടുപ്പിച്ച വസ്ത്രങ്ങളോടും ധരിപ്പിച്ച കണ്ണടകളോടുമുള്ള കലഹം, അധികാരഘടനയുടെ നിലയും രീതിയും തിരിച്ചറിഞ്ഞുള്ളതാകുമ്പോള്‍ പെണ്ണിനു സ്വാതന്ത്ര്യസമരംതന്നെയാകുന്നു. പെണ്ണൊരുത്തി മണ്ണില്‍ ചവിട്ടിനിന്ന് സൂര്യനെ കെട്ടുതാലിയാക്കുന്നു. അപ്പോള്‍ അവള്‍ പച്ചയാര്‍ന്ന പ്രകൃതിതന്നെ. എന്നാല്‍ സ്നേഹത്തെ വീടായി പണിയുമ്പോള്‍ അവള്‍ തന്നെത്തന്നെ ഒരച്ചടക്കത്തിലേക്കു വാര്‍ക്കുന്നു. രൂപത്തിന്റെ നിയമങ്ങളില്‍ തടഞ്ഞുനില്‍ക്കെ, സൂര്യന്‍

പോലും താലിപോലെ നിറംമങ്ങിയ ഒരു രൂപകമായി അവളെ അലങ്കരിക്കുന്നു. സ്നേഹത്തിന്റെ ഈ വിപര്യയം അധികാരത്തോടും അതിന്റെ രീതിശാസ്ത്രത്തോടുമുള്ള നിശിതവിമര്‍ശമായാണ് ഇതിലെ കവിതകളില്‍ അടയാളപ്പെടുന്നത്.

നിറഞ്ഞുനില്‍ക്കുന്ന വിരാട് രൂപമായി വളര്‍ന്ന് പ്രകൃത്യനുഭവങ്ങളുടെ സാക്ഷാത്കാരം നിര്‍വ്വഹിക്കുന്ന കവിതയാണ് ‘പരസ്പരം’. ‘പച്ചനദിയുടെ മരതകം’ കണ്ടെടുക്കാനുള്ള കൊതി, ജീവിതത്തെ ത്രസിപ്പിച്ചു നിര്‍ത്തുന്ന കേന്ദ്രാനുഭവത്തെ ആശ്ലേഷിക്കാനുള്ളതാണ്. ആ അന്വേഷണം കവിക്ക് വിണ്ണിന്റെ ചന്ദനവും മണ്ണിന്റെ കുങ്കുമവും വെയില്‍ചെമ്പകപ്പൂവും ജലസ്പര്‍ശവും നല്‍കുന്നു. പ്രകൃതിയെ പുണരുന്ന ഈ വിരാട് രൂപം പച്ചനദിയുടെ മരതകം തൊട്ടുണരുമ്പോള്‍ സമാന്തരമായ ഒരു മണിയറച്ചിത്രം നിവരുന്നുണ്ട്. വിണ്ണും മണ്ണും ജലവും ചലനവും നിറഞ്ഞ ഒന്നാംപ്രകൃതിയും കുളിര്‍മ്മയും പച്ചയും വെളിച്ചവും ആര്‍ദ്രതയും നിറഞ്ഞ രണ്ടാംപ്രകൃതിയും കവിയുടെ അനുഭവസൂക്ഷ്മത്തിന്റെ ലോലരേഖകളാകുന്നു. പൊടിഞ്ഞുപോയേക്കാവുന്ന എന്നാല്‍ മൃതിയോളം സാന്ത്വനം പകരേണ്ട ഈ പാരസ്പര്യത്തിന്റെ നാദവൈ ചിത്ര്യങ്ങളിലൂടെ സ്വയം പ്രത്യക്ഷീകരിക്കാനുള്ള സവിശേഷ ശ്രമമാണിത്. മരതകങ്ങളുള്ള പച്ചനദി ജീവജലത്തിന്റെ അനാദിയായ പ്രവാഹംതന്നെയാകുന്നു. ‘ഓരോ ഞരമ്പിന്നും പകരം ഹരിതജലമാര്‍ഗ്ഗങ്ങളാ’ണെന്ന് സ്നേഹം എന്ന കവിത സാക്ഷ്യം നല്‍കുന്നത് ഈ ജീവവാഹിനിയെ സംബന്ധിച്ചാണ്. ‘സ്നേഹ’ത്തില്‍ നിറയെ പച്ചയുണ്ട്. ‘ശരീരം ഹരിതസമുദ്രം’, ‘നിന്റെ പേരു പച്ച, ചുംബനം പച്ച, വിയര്‍പ്പു ഹരിതതീര്‍ത്ഥം’, ‘സ്നേഹം ഇലപ്പച്ചത്തണുപ്പ്’, എന്നിങ്ങനെ പച്ചയില്‍ ജീവന്റെ അര്‍ത്ഥാന്തരങ്ങള്‍ ധ്വനിപ്പിക്കുന്നു. ‘സ്നേഹം വനവൃക്ഷമാണ്’, ‘സ്നേഹം പച്ചയും ഉപ്പുമാണ് തുടങ്ങിയ പ്രസ്താവനകളിലും പ്രകൃതിയിലേക്കുള്ള രൂപാന്തരം ശ്രദ്ധേയമാണ്. ഒരിലയിലേക്കുള്ള രൂപാന്തരം ‘സ്വപ്നത്തില്‍ ഞാനൊരിലനിനക്കു തരും’ എന്നു തുടങ്ങുന്ന കവിതയിലുണ്ട്. ‘കടിച്ചുനോക്കിയിട്ടും മണത്തുനോക്കിയിട്ടും തിരിച്ചറിയാനാകാതെപോകുന്ന ഇല സ്ത്രീതന്നെ. ഇന്ദ്രിയങ്ങള്‍ക്കും സ്വാഭാവിക-സാമ്പ്രദായിക യുക്തികള്‍ക്കും തെളിഞ്ഞു കിട്ടാത്ത ഒരാഴം തനിക്കുണ്ടെന്ന് സ്വത്വബോധത്തിന്റെ തെളിമയില്‍ ആധുനിക സ്ത്രീ തിരിച്ചറിയുന്നു. അതാകട്ടെ, മതാത്മകമോ ഭ്രമാത്മകമോ ആയ മിഥ്യയേയല്ല സ്ഥലകാലങ്ങളുടെ സൂക്ഷ്മയോജനകളില്‍ അത് അടയാളപ്പെട്ടിരിക്കുന്നു. ‘ഞരമ്പുകളില്‍ മണ്ണിന്റെ സംഗീത’വും ‘കോശങ്ങളില്‍ സൂര്യന്റെ മഞ്ഞത്തടാക’വും ‘ഞെട്ടില്‍ ഉപ്പുറഞ്ഞ കണ്ണീ’രും ‘ജീവന്റെ പച്ച’യും ‘കൊടുങ്കാറ്റിന്റെ ഇരമ്പ’വും ‘മുലപ്പാലിന്റെ മണ’വും അത്തരംമൊരു ആന്തരികസന്ധിയുടെ അടയാളവാക്യങ്ങളാകുന്നു. അതു കുറെക്കൂടി മൂര്‍ത്തമായി വിശദമാക്കപ്പെടുന്നുണ്ട് ആ കവിതയുടെ ഉത്തരഭാഗത്ത്.

“പ്രണയം തുളുമ്പുന്ന
എന്റെ കണ്ണാണല്ലോ അത്
ഉമ്മവയ്ക്കാന്‍ വിടരുന്ന
എന്റെ ചുണ്ടാണല്ലോ അത്
നിന്റെ കുഞ്ഞിനെ മുളപ്പിക്കാന്‍ പിടയുന്ന
അടിവയറ്റിന്റെ മിനുപ്പാണല്ലോ അത്
നിന്റെ സ്പര്‍ശത്തില്‍മാത്രം വിരിയുന്ന
എന്റെ മനസ്സാണല്ലോ അത്”

മണ്ണിന്റെ സംഗീതവും സൂര്യന്റെ തടാകവും കണ്ണീരും പച്ചപ്പും കൊടുങ്കാറ്റും മുലപ്പാലും നിഴലിച്ച ഇല, തന്റെ കണ്ണും ചുണ്ടും അടിവയറും മനസ്സുമായി രൂപകഭേദങ്ങളുടെ ദൃശ്യവേഗം സാധിക്കുമ്പോള്‍ സുസ്തരമല്ലാത്ത ഇല-സ്ത്രീയുടെ ആഴവും നാമറിയുന്നു. ഇത് പരിചിത-പരിമിതയായ സ്ത്രീ‍/അപരിചിത-അപരിമിതയായ സ്ത്രീ ദ്വന്ദ്വം പ്രത്യക്ഷീകരിക്കുന്നു. സ്ത്രീയുടെ അതിരുകള്‍ തിട്ടപ്പെടുത്തുന്ന സാമ്പ്രദായികമോ പോപ്യുലറോ ആയ ‘സര്‍ഗ്ഗ നിരീക്ഷണ’ങ്ങളുടെ മുളങ്കോലുകള്‍ ഇവിടെ പകച്ചുനില്‍ക്കുകയേയുള്ളൂ. ‘ഖനി’യിലും ‘നീലക്കിണറി’ലും ഈ അഗാധത ദൃശ്യമാണ്. ഇലയുടെയും പച്ചനദിയുടെയും ആഴത്തില്‍ കണ്ടെടുക്കപ്പെട്ട മരതകം, ഉഴവുചാലിലെ വിത്തെന്നപോലെ ഖനിയില്‍ ധാതുദ്രവ്യമായും നീലക്കിണറ്റില്‍ ആഴത്തിലെ ആനന്ദമായും തിരിച്ചറിയപ്പെടുന്നു. ഖനിയിലെ ധാതുവേട്ടയുടെ വന്യത ബോദ്ധ്യപ്പെടുത്താന്‍ സ്പര്‍ശത്തിന്റെ കറുത്ത പന്തങ്ങളും കറുത്ത ഗോപുരവും തിളങ്ങുന്ന ആറുകളും എരിയുന്ന സ്പര്‍ശവും കയ്യേല്‍ക്കുന്ന ഭാഷ പര്യാപ്തമാകുന്നു. ഇണയിലേക്കിറങ്ങുമ്പോള്‍, ഒരദ്ധ്വാനക്രിയയുടെ പൂര്‍ത്തീകരണം നിര്‍വ്വഹിക്കപ്പെടുന്നു. നിര്‍വ്വഹണസന്ധിയിലെ അലിവുപെയ്യുന്ന ഹരിതമാണ് പ്രണയ സാഫല്യം. നീലക്കിണറില്‍ ശാന്തിസൗധം തേടി ജലഗോവണിയിറങ്ങുകയാണ് സ്ത്രീ. ബാഹ്യലോകത്തു തനിക്കുമുന്നില്‍ കൊട്ടിയടക്കപ്പെട്ട

ശാന്തിമന്ദിരങ്ങള്‍ ആഴത്തില്‍ അവള്‍ വീണ്ടെടുക്കുന്നു. അവിടേക്ക് അവനെയും വിളിക്കുന്നു. പക്ഷേ അവന്‍, അടിവയറ്റില്‍ ഇളകുകമാത്രം ചെയ്യുന്നു. സ്ത്രീയുടെ ആഴമറിയാതെ പകച്ചുപോയ പുരുഷനാണവന്‍. സ്ത്രീ-പുരുഷ ലോകങ്ങളുടെ അവസ്ഥാന്തരം ‘സ്പര്‍ശഭിക്ഷ’യില്‍ പ്രകടമായി കാണാം.

1

അവന്‍ അവളെ സ്പര്‍ശിക്കുന്നു:
“വിരല്‍ത്തുമ്പില്‍ നിന്നരയാലിന്‍
ഹരിതാകാശം പൊട്ടിപ്പിളരുന്നു
ഇലകളിലോരോന്നിലും
പച്ചക്കടല്‍ തിമിര്‍ക്കുന്നു
എന്നുയിരതു കുടിക്കുന്നു
എന്നിട്ടുമണയുന്നീലെന്‍ കനലുകള്‍”

2

അവള്‍ അവനെ സ്പര്‍ശിക്കുന്നു:
“എന്‍ വിരല്‍ നിന്നെ തൊടുന്നില്ല
നിന്റെ ചര്‍മ്മ ലോഹ
കവാടം തുറക്കില്ലൊരിക്കലും
നീയലിയാത്തവന്‍
കരള്‍ കളയാത്തവന്‍”.

സ്പര്‍ശത്തില്‍ ഒരു ഹരിതാകാശവും പച്ചക്കടലും അനുഭവിച്ചു തീര്‍ക്കാന്‍ സ്ത്രീക്കു സാധിക്കുന്നു. എന്നിട്ടും അവള്‍ കനലണയാത്ത ഇംഗിതങ്ങളുടെ ജ്വാലയായിനില്‍ക്കുന്നു. അവനാകട്ടെ, അവളുടെ സ്പര്‍ശമറിയുന്നുപോലുമില്ല. അവന്‍ അലിയാത്തവനാണ്. അധികാരകേന്ദ്രത്തിലിരിക്കെ, അതു കൈവിട്ടുപോകാത്തത്ര സ്വാതന്ത്ര്യമേ പുരുഷനുള്ളു. സ്ത്രീയാകട്ടെ, അതിരുകള്‍ക്കകത്ത് ബന്ധിതയായിരിക്കെത്തന്നെ ആകാശത്തേക്ക് ഉയര്‍ന്നുപൊങ്ങുകയോ മണ്ണിനടിയിലേക്ക് ഊര്‍ന്നുപോകുകയോ ചെയ്യുന്നു. ഇതൊരു സ്വാതന്ത്ര്യപ്രഖ്യാപനം കൂടിയാണ്. ഈ സ്വാതന്ത്ര്യത്തിന്റെ ഭാവരേഖകള്‍ അടയാളപ്പെടുമ്പോള്‍ അതൊരുതരം കലാപമൂല്യം കൈവരിക്കുന്നുണ്ട്.

“എനിക്കുവേണ്ടതു
നിന്റെ കണ്ണുകളിലെ തീയും നിലാവും
ആരുമറിഞ്ഞിട്ടില്ലാത്ത
ആര്‍ക്കും പകര്‍ന്നിട്ടില്ലാത്ത
നിന്റെ ഉള്ളുറവുകള്‍”

എന്നിങ്ങനെ അജ്ഞാതമായ ഒരനുഭവമണ്ഡലം പുരുഷനില്‍ തുറക്കാനും അവള്‍ ശ്രമിക്കുന്നു.

III


‘സ്പര്‍ശത്തിന്റെ കറുത്ത പന്ത’ങ്ങളാണ് വി.എം. ഗിരിജയുടെ കവിതകള്‍. തൊടുമ്പോള്‍ ഉണരുന്നത് അധികാരബന്ധങ്ങള്‍ കളങ്കപ്പെടുത്തിയ ബാഹ്യലോകമല്ല, അതിന്റെ നിഷേധമാണ്.

“സ്നേഹത്തിന്റെ കോടതിയില്‍
ഞാന്‍ പ്രതിയാവുന്നു.
എന്റെ സ്നേഹത്തിനു
സ്പര്‍ശനത്തിനു വിലയില്ല

വില്‍ക്കല്‍വാങ്ങള്‍ രേഖകളില്ല.
വില്‍പത്രമില്ല സാക്ഷിമൊഴികളില്ല”.

സ്നേഹത്തെ അതിന്റെ നിയമങ്ങളില്‍നിന്നു വേര്‍പെടുത്തി ബാഹ്യ വ്യവഹാരത്തില്‍ കണ്ണിചേര്‍ക്കുമ്പോള്‍ (സ്നേഹത്തിന്റെ കോടതി) സ്പര്‍ശത്തിനു ഭാഷ നഷ്ടമാകുന്നു. കോടതി, പ്രതി, വില, വില്‍ക്കല്‍ വാങ്ങള്‍ രേഖകള്‍, വില്‍പത്രം, സാക്ഷിമൊഴി എന്നിങ്ങനെ ലോകനീതിയുടെ വ്യാവഹാരിക പദാവലികള്‍കൊണ്ട് സ്നേഹം അടയാളപ്പെടുത്താനാവുന്നില്ല. ‘ഉടലും ഉയിരും കുളിര്‍പ്പിക്കുന്ന ഒരിറ്റു മുലപ്പാലാണത്’ എന്ന സത്യവാങ്മൂലം കോടതിയുടെ യുക്തിക്കു വഴങ്ങുന്നുമില്ല.

നക്ഷത്രം പിളരുന്ന ജലപാളികളായി, ഹരിതാകാശം പിളര്‍ക്കുന്ന വിരല്‍ത്തുമ്പായി, പച്ചിലഗോപുരമായി, വനവൃക്ഷമായി, ഒരിലയില്‍ തിമിര്‍ക്കുന്ന പച്ചക്കടലായി, കടിക്കുന്ന സൂര്യഹൃദയമായി ഭാഷയിലും മനസ്സിലും സംസ്കാരത്തിലും ഒരു ലോകസമാന്തരം കവി തീര്‍ക്കുന്നു. ഇതേ വിധിനിഷേധങ്ങള്‍ സ്വപ്നാനുഭവങ്ങളായി (സ്വപ്നം/അനുഭവം) വിരുദ്ധ ധ്രുവങ്ങളില്‍ എതിരിടുന്നത് ‘ചെറിയ കരിപുരണ്ട ലോകത്തിലെ സ്ത്രീയുടെ സ്വപ്ന’ത്തില്‍ കാണാം. പാതിയുറങ്ങിയ കുഞ്ഞിനെ തള്ളിമാറ്റി അവകാശം സ്ഥാപിക്കുന്ന പുരുഷന്‍, ചുമരുകളും കാഠിന്യവും മുഷിവുമുള്ള കിടപ്പറ, കരിപുരണ്ട വസ്ത്രങ്ങള്‍, കരിപിടിച്ച പാത്രങ്ങള്‍, എച്ചില്‍, കുപ്പ, വരണ്ടചര്‍മ്മം, പെറ്റുതളര്‍ന്ന വയറ്, കുടിച്ചു തൂങ്ങിയ മുലകള്‍ എന്നിങ്ങനെയുള്ള തടവുകളില്‍നിന്ന് ‘അവന്‍’ ‘അവളെ’ ഉയര്‍ത്തുന്നത് രത്യനുഭവങ്ങളില്‍ മാത്രമാണ്.

(“അവന്റെ ലിംഗം
ചിറകുമുളച്ചുയരുന്ന ഒരപൂര്‍വ്വ പറവയായി
അവളെ ആകാശത്തിലേക്കുയര്‍ത്തുന്നു.”)

അതുപോലും ഒരു സ്വപ്നമായൊടുങ്ങുന്നു. എങ്കിലും കവിത സ്വപ്ന യാഥാര്‍ത്ഥ്യങ്ങളെ മുഖാമുഖം നിര്‍ത്തുന്നു. സമയസൂക്ഷ്മത്തില്‍ അവള്‍ സ്വാതന്ത്ര്യത്തിന്റെ ഒരൊറ്റസ്പര്‍ശമറിഞ്ഞ് പൊള്ളുകയാണ്.

“ഇല്ല കടക്കാന്‍ പളുങ്കുതടാകങ്ങള്‍
ഇല്ല സ്പര്‍ശത്തിന്‍ ജ്വലിക്കും കടലുകള്‍
ഇല്ല ശരീരത്തില്‍ പൊള്ളുംസഹാറകള്‍
ഇല്ല ഞരമ്പില്‍ കിനിയുന്ന യൗവ്വനം”

എന്നിടത്തു പേരറിയാത്ത ഇലയുടെ ഭൂപടംപോലെ സ്ത്രീ അനാവൃതയാവുകയാണ്. ഇല്ല എന്ന നിഷേധപ്രത്യയംകൊണ്ട് അവളുടെ സഗ്നത മറയുന്നില്ല. ഭൂപടത്തില്‍ കൂടുതല്‍ കറുപ്പായി അതു മുദ്രിതമാകുന്നു. ഭാഷയുടെ ഈ സാദ്ധ്യത ‘ജ്ഞാനസ്നാന’ത്തിലും കാണാം.

“ഇണചേരുകയായിരുന്നുവെന്ന്
പിന്നീടുമാത്രമാണവരറിഞ്ഞത്”

എന്ന അനുബന്ധവാക്യംകൊണ്ട് ബന്ധങ്ങളിലെ യാന്ത്രികതയെ മറികടക്കുന്നു. ഒരനുഷ്ഠാനത്തിന്റെ നിഷേധമാണത്.

വളരെ പരിചിതമായ വാക്കുകളെയും അനുഭവങ്ങളെയും ഉപരിഘടനയിലും (surface structure) അധോഘടനയിലും (deep structure) വിസ്മയം വിളയിക്കുംവിധം നവീനമാക്കാന്‍ കവിക്കു സാധിക്കുന്നുണ്ട്. പൊതുബോധത്തിന്റെ മാത്രം പിന്‍ബലത്തില്‍ ഈ കവിതകളെ സമീപിക്കുക അത്ര എളുപ്പമല്ല. അവിടെ മുറിവേല്‍പിക്കുന്ന ‘മരതക’ങ്ങളുണ്ട്. വായനയുടെ ഗൗരവപൂര്‍ണ്ണമായ ആഴങ്ങളില്‍ അവ കാത്തിരിക്കുന്നു.