close
Sayahna Sayahna
Search

എന്റെ ജീവിതവും ജാതകമെന്ന തിരക്കഥയും


എന്റെ ജീവിതവും ജാതകമെന്ന തിരക്കഥയും
EHK Essay 03.jpg
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി എന്റെ സ്ത്രീപക്ഷകഥകളെപ്പറ്റി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ലേഖനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 55

ഈ പുസ്തകത്തിന്റെ തുടക്കത്തിൽ ഞാൻ ശ്രീ. ടി.വി. ശൂലപാണിവാരിയരെപ്പറ്റി എഴുതിയിരുന്നു. എനിയ്ക്ക് മൂന്ന് ജാതകങ്ങളുണ്ട്. ആദ്യത്തെ ജാതകം തയ്യാറാക്കിയത്, ശ്രീ. ശൂലപാണിവാരിയരുടെ അഭാവത്തിൽ വേറൊരു ജ്യോത്സ്യനായിരുന്നു. പേരറിയില്ല. ആ ജാതകപ്രകാരം എന്റെ നക്ഷത്രം അനിഴമായിരുന്നു. അച്ഛന് ആ ജാതകം ഇഷ്ടപ്പെട്ടില്ല. ജാതകമാണോ ജ്യോത്സ്യനെയാണോ ഇഷ്ടപ്പെടാത്തത് എന്നറിയില്ല. അദ്ദേഹം സുഹൃത്തായ ശ്രീ. ശൂലപാണിവാരിയരെ കാത്തുനിന്നു. വാരരമ്മാൻ ആ ജാതകം പരിശോധിച്ച ശേഷം പറഞ്ഞു. ‘ഹരിയുടെ നക്ഷത്രം അനിഴമല്ല, വിശാഖമാണ്.’ അതു പ്രകാരം അദ്ദേഹം ജാതകമെഴുതി കൊണ്ടുവരികയും ചെയ്തു. അച്ഛന് ആദ്യത്തെ ജാതകം ഇഷ്ടമാവാത്തതിന്റെ കാരണമൊന്നും എനിക്കറിയില്ല.

എനിയ്ക്ക് ബുദ്ധിയുറച്ച നാൾ ഒരിക്കൽ ഞാനീ ജാതകം കാണുകയും അതിൽ ബുധദശ കഴിഞ്ഞതോടെ ‘ശേഷം ചിന്ത്യം’ എന്ന് എഴുതി അവസാനിപ്പിച്ചതിനെപ്പറ്റി അമ്മയോട് പറയുകയും ചെയ്തു. ബുധദശ കഴിയുന്നത് 1979–ൽ എന്റെ മുപ്പത്താറാം വയസ്സിലാണ്. 36 വയസ്സിനു ശേഷം ആയുസ്സുണ്ടോ എന്ന് കണ്ടറിയണം എന്നാണതിന്റെ അർത്ഥം അല്ലെ എന്നു ചോദിച്ചു. അല്ലെന്ന് സംസ്‌കൃതത്തിൽ വ്യുൽപത്തിയുള്ള അമ്മ പറഞ്ഞു. പക്ഷെ എന്റെ മുഖത്തെ സംശയഭാവം കണ്ടിട്ടായിരിക്കണം അടുത്ത പ്രാവശ്യം വാരരമ്മാൻ വീട്ടിൽ വന്നപ്പോൾ ഞാൻ പറഞ്ഞതിനെപ്പറ്റി സൂചിപ്പിച്ചു. ‘അതിനെന്താ, മുഴുവൻ ജാതകും എഴുതിക്കൊണ്ടരാലോ, അപ്പോൾ ഹരിയുടെ സംശയം മാറിക്കിട്ടുമല്ലൊ’ എന്ന് അദ്ദേഹവും പറഞ്ഞു. അങ്ങിനെയാണ് എന്റെ മൂന്നാമത്തെ ജാതകത്തിന്റെ ജനനം. അതുപ്രകാരം 36–ാം വയസ്സിൽ ബുധദശ കഴിഞ്ഞാൽ 7 കൊല്ലം കേതുദശയും അതിനുശേഷം 20 കൊല്ലം ശുക്രദശയും പിന്നെ 6 കൊല്ലം സൂര്യദശയുമാണ്. അതിൽത്തന്നെ മുപ്പത്തൊന്നു കൊല്ലം (7+20+4) ഇപ്പോൾ കഴിഞ്ഞു. ഭഗവാനെ, ഈ മുപ്പത്തൊന്നു കൊല്ലത്തെ പ്രക്ഷുബ്ധ ജീവിതത്തിന്റെ പിരിമുറുക്കവും കേറ്റിറക്കങ്ങളും അതിനിടയ്ക്ക് സൃഷ്ടിപരമായ പേറ്റുനോവുകളും, വ്യക്തിപരമായ നേട്ടങ്ങളും നഷ്ടങ്ങളും, ഇതൊക്കെയാണോ അദ്ദേഹം ‘ശേഷം ചിന്ത്യം’ എന്ന രണ്ടു കൊച്ചുവാക്കുകളിലൊതുക്കിയത്! എന്റെ കഥകളിൽ ഭൂരിഭാഗവും, അതായത് ‘ദിനോസറിന്റെ കുട്ടി, ‘ഒരു കങ്ഫൂ ഫൈറ്റർ, ‘സൂര്യകാന്തിപ്പൂക്കൾ’, ‘കാനഡയിൽ നിന്നൊരു രാജകുമാരി’ ‘ശ്രീപാർവ്വതിയുടെ പാദം’ ‘കറുത്ത തമ്പ്രാട്ടി’ തുടങ്ങി വായനക്കാർ ഇപ്പോഴും ഓർക്കുന്ന എല്ലാ കഥകളും, ‘ഉറങ്ങുന്ന സർപ്പങ്ങൾ’, ‘ആസക്തിയുടെ അഗ്നിനാളങ്ങൾ’, ‘ഒരു കുടുംബപുരാണം’, ‘എഞ്ചിൻ ഡ്രൈവറെ സ്‌നേഹിച്ച പെൺകുട്ടി’, ‘കൊച്ചമ്പ്രാട്ടി’ തൊട്ട് ‘അറിയാത്തലങ്ങളിലേയ്ക്ക്’ എന്നതുവരെയുള്ള 9 നോവലുകളും, ‘നീ എവിടെയാണെങ്കിലും’ എന്ന ഓർമ്മക്കുറിപ്പും എഴുതിയുണ്ടാക്കിയത് 1979—നു ശേഷമാണ്.

17–മത്തെ വയസ്സിൽ കൽക്കത്തയ്ക്കു വണ്ടി കയറിയ ശേഷം ഞാനീ ജാതകം കാണുകയുണ്ടായില്ല. വളരെ ക്ലേശകരമായ ഒരു ജീവിതമായിരുന്നു പിന്നീടുണ്ടായിട്ടുള്ളത്. അതിനെപ്പറ്റി അറിയാൻ എന്റെ കഥകളും നോവലുകളും ഞാൻ പലപ്പോഴായി മാദ്ധ്യമങ്ങളിൽ എഴുതിയിട്ടുള്ള അനുഭവക്കുറിപ്പുകളും ലേഖനങ്ങളും വായിച്ചാൽ മതി. (എളുപ്പവഴി തന്നെ!). ‘നീ എവിടെയാണെങ്കിലും’ എന്ന പുസ്തകത്തിൽ കുറെയൊക്കെ കൊടുത്തിട്ടുണ്ട്.

എഴുപത്തിയേഴിൽ ഞാൻ പതിനഞ്ചു കൊല്ലമായി ജോലിയെടുത്തിരുന്ന കമ്പനിയിൽനിന്ന് വിരമിച്ചു. വിരമിക്കേണ്ടി വന്നു എന്നതാണ് സത്യം. കാരണമൊക്കെ പറഞ്ഞാൽ ലേഖനം നീണ്ടുപോകും, നിങ്ങൾ കോട്ടുവായിടാൻ തുടങ്ങുകയും ചെയ്യും. ഒരു ചെറിയ നിയമപ്പോരാട്ടത്തിനു ശേഷം തൊള്ളായിരത്തി എഴുപത്തി ഒമ്പതിൽ കമ്പനിയുമായുള്ള ബന്ധം പൂർണ്ണമായും വിഛേദിച്ച് സ്വന്തമായി ബിസിനസ്സ് തുടങ്ങി. രണ്ടു കൊല്ലവും അതുവരെ ആർജ്ജിച്ച എല്ലാ ഭൗതിക സമ്പത്തും അതിൽ പോയിക്കിട്ടി. കാലം ചീത്തയായതു കൊണ്ടു മാത്രം. എച്ച്.എം.ടി., ഐ.ടി.ഐ മുതലായ വമ്പൻ സ്ഥാപനങ്ങളിൽനിന്ന് വലിയ വലിയ ഓർഡറുകൾ കിട്ടുമെന്ന പ്രതീക്ഷ നൽകി അവസാന നിമിഷത്തിൽ നഷ്ടപ്പെട്ടു പോയി. സായ്പ്പ് പറയുന്നതു പോലെ ചായക്കപ്പിനും ചുണ്ടിനുമിടയിൽ. ഞാൻ ശ്രമിയ്ക്കാഞ്ഞിട്ടല്ല. പോയേ തീരൂ എന്ന നിർബ്ബന്ധം ഒരദൃശക്തിയ്ക്കുള്ള പോലെ. ഒരുദാഹരണം പറയാം. എന്റെ ഒരു സ്വിസ്സ് എജൻസിയുടെ മൾട്ടിസ്റ്റേഷൻ ട്രാൻ സ്ഫർ മെഷിനു വേണ്ടി ഞാൻ ഏകദേശം രണ്ടുകൊല്ലം എച്ച്.എം.ടി.യുമായി ക്യാൻവാസ്സ് ചെയ്തു കൊണ്ടിരിയ്ക്കയായിരുന്നു. അവർക്കത് വളരെ ഇഷ്ടമാവുകയും ചെയ്തു. റിസ്റ്റ് വാച്ചുകളുടെ ഉള്ളിലെ മെക്കാനിസത്തിൽ (മൂവ്‌മെന്റ് എന്നു പറയും) ധാരാളം മെഷിനിങ് ഓപറേഷൻ ആട്ടമാറ്റിക്കായി നടത്തുവാനുള്ളതായിരുന്നു ആ യന്ത്രം. എല്ലാം കഴിഞ്ഞ് അവർ പരിപൂർണ്ണമായി അത് അംഗീകരിച്ചു, ഓർഡർ തരാനുള്ള ഒരുക്കങ്ങളുമായി മുന്നേറുകയായിരുന്നു. പെട്ടെന്നാണ് എച്ച്.എം.ടി. ചെയർമാൻ ജപ്പാനിൽ പോയതും സിറ്റിസൺ വാച്ചുമായി ക്വാർട് ക്രിസ്റ്റൽ വാച്ചുണ്ടാക്കാനുള്ള അഗ്രിമെന്റ് ഒപ്പുവച്ചതും. അതോടെ അവർ മെക്കാനിക്കൽ വാച്ചുകളുടെ എക്‌സ്പാൻഷൻ നിർത്തിവച്ചു, ഒപ്പംതന്നെ തരാൻ തീർച്ചയാക്കിയ ഓർഡറും എന്റെ സ്വിസ്സ് പാർട്ടിയുടെ പേരിൽ തുറക്കാൻ തയ്യാറാക്കിയ എൽ.സി.യും റദ്ദാക്കുകയും ചെയ്തു. എനിയ്ക്ക് നഷ്ടപ്പെട്ടത് ലക്ഷങ്ങളുടെ ബിസിനസ്സ്. (ഇന്നത്തെ നിലയിൽ കോടികളുടെ.) ഈയൊരൊറ്റ ഓർഡർ മതിയായിരുന്നു എനിക്ക് നഷ്ടപ്പെട്ടതെല്ലാം വീണ്ടെടുക്കാൻ.

ഇതേ മട്ടിലാണ് ഐ.ടി.ഐ.യിൽ നിന്നുള്ള ബിസിനസ്സും നഷ്ടമായത്. അതും ലക്ഷങ്ങളുടേതുതന്നെ. അവർ ആവശ്യപ്പെട്ട അതേ ജർമൻ യന്ത്രമാണ് ഞാൻ ഓഫർ ചെയ്തിരുന്നത്. ഓർഡർ കയ്യിൽ കിട്ടിയെന്നായപ്പോഴാണ് ഐ.ടി.ഐ.യിൽ മൂന്നു മാസം നീണ്ടുനിന്ന ലേബർ സ്റ്റ്രൈക്കുണ്ടായത്. അതോടെ പിടിച്ചുനിൽക്കാൻ കഴിയാതായി.

സ്വന്തമായി ബിസിനസ്സ് തുടങ്ങിയത് പഴയ കമ്പനിയിൽ നിന്നു ലഭിച്ച സമ്പാദ്യവും പുറമെ ധാരാളം കടം വാങ്ങിയതും കൊണ്ടായിരുന്നു. കടം വീട്ടാനായി ഞങ്ങളുടെ ബോംബെയിലുള്ള ഫ്‌ളാറ്റ് വിറ്റു. എല്ലാം കഴിഞ്ഞ് ഒഴിഞ്ഞ കയ്യും വല്ലാതെ കലങ്ങിയ മനസ്സുമായി ഞങ്ങൾ നാട്ടിലേയ്ക്കു തിരിച്ചു.

നാട്ടിലെത്തിയ ശേഷം ഒരു ദിവസം അമ്മയുടെ കയ്യിൽ നിന്ന് എന്റെ ജാതകം വാങ്ങി വായിച്ചുനോക്കി. ഞാൻ അദ്ഭുതം കൊണ്ടും ആശ്വാസം കൊണ്ടും അനങ്ങാതെ നിന്നുപോയി. ഇതൊരു വല്ലാത്ത വാക്യമായി തോന്നാം. അദ്ഭുതത്തിനു കാരണം ഞാൻ കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ജീവിച്ചു പോന്നത്, ഞാനറിയാതെത്തന്നെ, ഈയൊരു ജാതകമെന്ന തിരക്കഥയുടെ അടിസ്ഥാനത്തിലാണ്. ആശാസം തോന്നിയത് ഇതൊന്നും എന്റെ കഴിവുകേടുകൊണ്ടല്ല, വിധിയുടെ കളികൾ കാരണമാണ് എന്ന അറിവാണ്. മാത്രമല്ല എഴു കൊല്ലംകൂടി കഴിഞ്ഞാൽ എന്റെ കാലം നന്നാവുകയാണ്. ഇത് മനസ്സിലാക്കണമെങ്കിൽ നടന്നതു മുഴുവൻ പറയേണ്ടിവരും. അത് വല്ല യുക്തിവാദികളും എന്നെ നേരിടുകയാണെങ്കിൽ പറയാം. ഈശ്വരൻ എന്ന സങ്കൽപത്തിൽ വിശ്വസിക്കാത്ത ശാസ്ത്രകുതുകിയായ ഞാൻ എപ്പോഴും യുക്തിയുടെ ഭാഗത്താണ്, പക്ഷെ ‘യുക്തിവാദി’യല്ല. അച്ഛൻ പറയാറുണ്ട്, ‘എനിക്കു യുക്തി മനസ്സിലാവും, പക്ഷെ യുക്തിവാദമെന്താണ്?’. എം.സി. ജോസഫിന്റെ സ്‌നേഹിതനാണത് പറയുന്നത്!

എന്റെ ജാതകത്തിൽ ജോലി പോകുന്നതിനെപ്പറ്റി വാരരമ്മാൻ വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.

‘28.9.1977നു ശേഷം 16.11.77 വരെയുള്ള ശന്യപഹാരത്തിലെ സൂര്യഛിദ്രത്തിൽ ഉദ്യോഗപരമായ ഒരു മാറ്റമോ, ഉദ്യോഗത്തിൽനിന്നു പിരിഞ്ഞുപോരലൊ, രണ്ടുമല്ലെങ്കിൽ രോഗാദികളാൽ ഉദ്യോഗത്തിന് തടസ്ഥമോ നേരിടും.’

തൃശ്ശൂരിൽ വന്നശേഷം ഒരിക്കൽ ഞാനും ലളിതയുടെ അച്ഛനും കൂടി ജ്യോത്സ്യൻ ശ്രീ. സുബ്ബരാമന്റെ അടുത്ത് പോയി. എന്റെ ജാതകത്തിലെ ഗ്രഹനിലയും അംശകനിലയും കാണിച്ചപ്പോൾ അദ്ദേഹം ചോദിച്ചു. ‘നിങ്ങൾക്കിപ്പൊ ജോലിയൊന്നുംണ്ടാവില്ലല്ലൊ.’ എനിക്കദ്ഭുതമായി. വാരരമ്മാൻ ഗണിച്ചുണ്ടാക്കിയ ഗ്രഹനിലയാണ് ശ്രീ. സുബ്ബരാമൻ കാണുന്നത്, മുഴുവൻ ജാതകമല്ല. അത് വ്യാഖ്യാനിച്ചതാണ് ഇദ്ദേഹം. എന്നുവച്ചാൽ വാരരമ്മാൻ ഗണിച്ചുണ്ടാക്കിയ ഗ്രഹനിലപ്രകാരം അറിവുള്ള ഏതു ജ്യോത്സ്യൻ നോക്കിയാലും ഇതൊക്കെത്തന്നെയാണ് പറയാനുണ്ടാവുക.

അതിനിടയ്ക്ക് ലളിതയുടെ അടുത്തൊരു ബന്ധു എന്റെ തലക്കുറി, ഗുരുവായൂരിൽ ജ്യോത്സ്യൻ ശ്രീ. ഈശ്വരൻ നമ്പൂതിരിയെ കാണിച്ചു. അദ്ദേഹവും ഇതേ വിധത്തിലാണ് വ്യാഖ്യാനിച്ചത്. തൊള്ളായിരത്തി എൺപത്താറിൽ ശുക്രദശ തുടങ്ങിയാലെ കാര്യമായ അഭിവൃദ്ധി കാണു എന്നദ്ദേഹം പറഞ്ഞു. അതിനിനി രണ്ടു കൊല്ലം വേണം. പക്ഷെ അതടുത്തതോടെ കാര്യമായ വ്യത്യാസങ്ങൾ കണ്ടുതുടങ്ങി. എന്റെ ജാതകക്കുറിപ്പ് താഴെ കൊടുക്കുന്നു. താല്പര്യമുള്ളവർക്ക് ഗണിച്ചുണ്ടാക്കാം.

EHK Essay 03 12.jpeg

ബോംബെയിൽ ജോലി പോയതിനെപ്പറ്റിയും, ബിസിനസ്സിൽ നഷ്ടം പറ്റിയതിനെപ്പറ്റിയും എഴുതിയ കഥയാണ് ‘ദിനോസറിന്റെ കുട്ടി’. പ്രക്ഷുബ്ധമായ ആ കാലത്ത് ഞങ്ങൾക്ക് മകന് വേണ്ട കാര്യങ്ങൾകൂടി ശ്രദ്ധിക്കാൻ സമയം കിട്ടാറില്ല, പണവുമുണ്ടായിരുന്നില്ല. പക്ഷെ അവൻ വളരെ സൗമ്യതയോടും അസാധാരണമായ വിവേകത്തോടുംകൂടി പെരുമാറി. സാധാരണ ആ പ്രായത്തിൽ കുട്ടികൾക്കുണ്ടാകാറുള്ള അസംഖ്യം ആവശ്യങ്ങളൊന്നുംതന്നെ അവൻ ഉന്നയിച്ചിരുന്നില്ല. മറിച്ച് കഴിയുന്നത്ര ഞങ്ങളെ സഹായിക്കാൻ സന്നദ്ധത കാട്ടുകയും ചെയ്തിരുന്നു. ‘ഒരു കങ് ഫൂഫൈറ്റർ’ എന്ന കഥയിൽ അവന്റെ നല്ലൊരു ചിത്രം ഞാൻ വരച്ചിട്ടുണ്ട്. ‘ചുമരിൽ ചിത്രമായി മാറിയ അച്ഛൻ’, ‘ദിനോസറിന്റെ കുട്ടി’, ‘ഒരു വിശ്വാസി’, ‘കാനഡയിൽനിന്നൊരു രാജകുമാരി’ എന്നീ കഥകളിലെല്ലാം അവനുണ്ട്. അതുപോലെ ‘ഒരു വിരുന്നിന്റെ ഓർമ്മ’ എന്ന ഓർമ്മക്കുറിപ്പിലും. (‘നീ എവിടെയാണെങ്കിലും’ എന്ന പുസ്തകത്തിൽനിന്ന്).

1983–ലാണ് ഞങ്ങൾ നാട്ടിലേയ്ക്ക് തിരിച്ചത്. തൃശ്ശൂരിൽ വന്ന് ആദ്യത്തെ രണ്ടുകൊല്ലം കച്ചവടം നടത്തി ബാക്കിയുണ്ടായിരുന്ന പണവും നഷ്ടപ്പെട്ടു. കേരളത്തിന്റെ കച്ചവട തലസ്ഥാനമായ കൊച്ചിയിൽ ഭാഗ്യം പരീക്ഷിക്കാമെന്നു വെച്ചു. ഏറ്റവും താഴെയുള്ള അനുജൻ അശോകൻ ജോസ് ജങ്ക്ഷനിൽത്തന്നെ ഒരു വീടു കണ്ടുപിടിച്ചുതന്നു. കൊച്ചിയിലെത്തുമ്പോൾ എന്റെ കയ്യിൽ ആകെയുണ്ടായിരുന്നത് കാസറ്റുകൾ റെക്കോഡ് ചെയ്യാൻ പറ്റിയ നാലു സ്റ്റീരിയോ ഡെക്കുകളും രണ്ടു റെക്കോഡ് പ്ലെയറുകളും പഴയ ഹിന്ദി പാട്ടുകളുടെ വലിയൊരു ശേഖരവും മാത്രമായിരുന്നു. ബോംബെയിൽ അവസാന കാലത്ത് ഞങ്ങളെ പട്ടിണിയില്ലാതെ കഴിയാൻ സഹായിച്ചതാണ് ഈ അമൂല്യശേഖരം. അതു ഞാൻ കൈവിട്ടിരുന്നില്ല. അതിലായിരുന്നു തുടക്കം. പിന്നീട് ബൾക്കായി കാസറ്റുകൾ കിട്ടാൻ തുടങ്ങി. കാസറ്റുകളിറക്കുന്ന പലർക്കും ഒന്നായി കോപ്പിയെടുക്കാനുള്ള സൗകര്യമില്ലായിരുന്നു. അവർ ബ്ലാങ്ക് കാസറ്റുകളും മാസ്റ്ററും കൊണ്ടുവന്നു തരും. ആദ്യമെല്ലാം ഭക്തിഗാനങ്ങളായിരുന്നു കിട്ടിയിരുന്നത്, ഹിന്ദു, കൃസ്റ്റീയ ഭക്തിഗാനങ്ങൾ. ഏറ്റവും ആദ്യം കിട്ടിയ കാസറ്റ് ‘പാഞ്ചജന്യ’ മായിരുന്നു. ഗുരുവായൂരപ്പനെക്കുറിച്ചുള്ള ഭക്തിഗാനങ്ങൾ. അതിന്റെ പ്രെഡ്യൂസർമാരായ ശ്രീ. മേനോനും ശ്രീ. കുമാറുമാണ് കൂടുതൽ ഡെക്കുകൾ വാങ്ങാനും ബിസിനസ്സ് വിപുലപ്പെടുത്താനും കാരണക്കാർ. ആദ്യമായി കിട്ടിയ സിനിമാ ഗാനങ്ങൾ ‘മഴവിൽക്കാവടി’ എന്ന സിനിമയിലേതായിരുന്നു. അതിന്റെ പ്രൊഡ്യൂസർ 500 കാസറ്റിന്റെ പെട്ടിയും മാസ്റ്റർ കാസറ്റുമായി വന്നത് ഞാൻ ഇപ്പോഴുമോർക്കുന്നു. കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ ‘പള്ളിത്തേരുണ്ടോ, ചതുരംഗക്കളമുണ്ടോ…’ എന്ന വരികൾ ഓർക്കുന്നുണ്ടോ? പിന്നീട് ലക്ഷക്കണക്കിന് കാസറ്റുകൾ കൈകളിലൂടെ കടന്നുപോയിട്ടുണ്ടെങ്കിലും ഈ ഒരഞ്ഞൂറിന്റെ പെട്ടി കിട്ടിയ ത്രിൽ പിന്നീടുണ്ടായിട്ടില്ല. ഒരു ക്ലീഷെ പറയുകയാണെങ്കിൽ അതിനുശേഷം തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

ഇതിനുമുമ്പുള്ള ഏതാനും വർഷങ്ങളായി മനസ്സിൽ ഒരു പുകമറ വീണപോലെ തോന്നിയിരുന്നു. ഒന്നും വ്യക്തമായി ചിന്തിക്കാൻ കഴിയാത്ത വിധം അവ്യക്തത. ഇതെനിയ്ക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെട്ടത് ബോംബയിലെ അവസാന വർഷങ്ങളിലാണ്. അതെല്ലാം സാവധാനത്തിൽ നീങ്ങി, ഇപ്പോൾ എല്ലാം തെളിഞ്ഞു കാണുന്നു, എന്താണ് ചെയ്യേണ്ടതെന്നതിനെപ്പറ്റി തീരുമാനം പെട്ടെന്നെടുക്കാൻ കഴിയുന്നു. എല്ലാറ്റിനുമുപരിയായി ആൾക്കാരുടെ കാൽക്കൽ വീഴാതെ, ഒരുതരം കാൻവാസ്സിങ്ങും നടത്താതെ ഓർഡറുകൾ വീട്ടുവാതിൽക്കൽ വരുന്നു. (ഒരു കവിയും സംഗീതജ്ഞനുമായ തദെവൂസ് അച്ഛനാണ് ഒരിക്കൽ ചാലക്കുടി ഡിവൈൻ സെന്ററിലെ മേരിടീച്ചറുമായി വന്നത്. അവരുടെ കയ്യിൽ മൂന്ന് മാസ്റ്റർ കാസറ്റുകളും ആയിരത്തഞ്ഞൂറ് ബ്ലാങ്ക് കാസറ്റുകളുമുണ്ടായിരുന്നു. കാസറ്റുകൾ ഏല്പിച്ച ശേഷം ടീച്ചർക്ക് അതിലൊരെണ്ണമെങ്കിലും റെക്കോഡ് ചെയ്തു ഗുണനിലവാരം ഉറപ്പു വരുത്തണമെന്നുണ്ടായിരുന്നു. ‘അതൊക്കെ ഹരികുമാർ ഭംഗിയായി ചെയ്യും, താനിങ്ങു പോന്നെ’ എന്നു പറഞ്ഞ് അദ്ദേഹം അവരുമായി സ്ഥലം വിട്ടു. ഞങ്ങൾ തദേവൂസച്ചന് അദ്ദേഹത്തിന്റെ ഭക്തഗീതങ്ങളുടെ കുറെ കാസറ്റുകൾ നേരത്തെ കോപ്പി ചെയ്തു കൊടുത്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഗുണനിലവാരത്തെപ്പറ്റി അദ്ദേഹത്തിന് സംശയമൊന്നുമുണ്ടായിരുന്നില്ല. അന്നദ്ദേഹം കലൂരിലെ റിന്യൂവൽ സെന്ററിലായിരുന്നു. തുടർന്ന് ഏതാനും വർഷങ്ങൾ ഡിവൈൻ സെന്ററിലെ കാസറ്റുകൾ ഞങ്ങളായിരുന്നു കോപ്പി ചെയ്തു കൊടുത്തിരുന്നത്. പിന്നീട് അവർ സ്വന്തമായി കാസറ്റ് കോപ്പി ചെയ്യാനുള്ള സ്റ്റുഡിയോ ഉണ്ടാക്കി. അതുപോലെ പമ്പയിലെ മാരാമൺ കൺവെൻഷനു വേണ്ടി ഒരു കൊല്ലം കാസറ്റുകൾ കോപ്പി ചെയ്തത് ഞങ്ങളായിരുന്നു. വളരെ വലിയ ഓർഡർ. ഞാൻ പറഞ്ഞുവരുന്നത് ഗ്രഹങ്ങൾക്ക് മതവും ജാതിയുമൊന്നുമില്ലെന്നാണ്, അയ്യപ്പഭക്തിഗാനങ്ങളായാലും, ദേവീസ്‌തോത്രമായാലും ഈശോ സ്‌തോത്രങ്ങളായാലും ഒരുപോലെ.) ഈ കാലത്ത്, അത് ഏതാനും വർഷങ്ങൾ നീണ്ടുനിന്നു, ഞങ്ങൾക്ക് 24 മണിക്കൂറും ജോലിയെടുക്കേണ്ടി വന്നെങ്കിലും അതിനുള്ള ഫലം ഉടനടി കാണുകയാണ്. ഗ്രഹങ്ങൾ അനുകൂലമായതിന്റെ ഫലമായിരിക്കണം. എന്റെ സാഹിത്യ ജീവിതത്തിൽ കനപ്പെട്ടതെന്ന് ഞാൻ കരുതുന്ന സംഭാവനകളെല്ലാം ഇക്കാലത്തും അതിനു ശേഷമുള്ള വർഷങ്ങളിലുമാണുണ്ടായിട്ടുള്ളത്.

ഇത്രയുമാണ് എന്റെ ജാതകജീവിതം. അതിൽ എല്ലാം ഒതുങ്ങുന്നുണ്ടോ? ഇല്ല, ജീവിതം അതിലുമെത്രയോ വിശാലമാണ്, സങ്കീർണ്ണവുമാണ്. അതിനിടയ്ക്ക് കണ്ടുമുട്ടിയ മനുഷ്യർ, അതിൽത്തന്നെ എന്നെ സ്‌നേഹിച്ചവർ, സഹായിച്ചവർ, എന്നിൽ വിശ്വാസമർപ്പിച്ചവർ, ആർക്കും ഒരുപദ്രവവും ചെയ്യാത്ത എന്നെ വല്ലാതെ ഉപദ്രവിച്ചവർ, സാഹിത്യത്തിൽ എനിയ്ക്ക് അർഹിക്കുന്നത് ലഭിച്ചിട്ടില്ലെന്നു കരുതുന്നവർ, എന്നെ താഴ്ത്തിക്കെട്ടാൻ ശ്രമിച്ചവർ, എല്ലാറ്റിനുമുപരി എന്നെ പാടെ അവഗണിച്ചവർ, നിരവധിയാണ്. ഇനി അവരെയൊക്കെ വീണ്ടും കണ്ടുമുട്ടുകയാണെങ്കിൽ പറയാം. ‘നന്ദി.’