close
Sayahna Sayahna
Search

ഭൂതം, വർത്തമാനം, ഭാവി


ഭൂതം, വർത്തമാനം, ഭാവി
KaruthaSalabhangal-01.png
ഗ്രന്ഥകർത്താവ് എം കൃഷ്ണന്‍ നായര്‍
മൂലകൃതി കറുത്ത ശലഭങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ പ്രഭാത്
വര്‍ഷം
1988
മാദ്ധ്യമം പ്രിന്റ് (പേപ്പര്‍ബാക്)
പുറങ്ങള്‍ 102 (ആദ്യ പതിപ്പ്)

മര്‍സല്‍ പ്രൂസ്റ്റിന്റെ Remembrance of Things …എന്ന നോവല്‍ തികച്ചും ആശ്ചര്യകരമായ കലാസൃഷ്ടി തന്നെയാണ്. അതിന്റെ പതിനൊന്നു വാല്യങ്ങളും വായിച്ചവസാനിപ്പിക്കുന്ന സഹൃദയന്‍ “ഇങ്ങനെയുമുണ്ടോ ഒരാച്ശ്ചര്യകര്‍മ്മം” എന്നു ചോദിക്കാതിരിക്കില്ല. കലയുടെ മഹത്വമെന്താണെന്ന് എന്നെ ഗ്രഹിപ്പിച്ച ഈ ശില്പത്തെക്കൂറിച്ചു പറയുവാനല്ല ഞാന്‍ ഉദ്യമിക്കുന്നത്. “കാലം എല്ലാം നശിപ്പിക്കുന്നു. ഓര്‍മ്മ എല്ലാം സൂക്ഷിച്ചുവയ്ക്കുന്നു.” എന്നതാണ് ഈ നോവലിന്റെ പ്രധാനപ്പെട്ട പ്രമേയം. പക്ഷേ ഓര്‍മ്മയെന്നുപറയുമ്പോള്‍ യുക്തിക്കു ചേര്‍ന്നതും അന്യോന്യ ബന്ധമുള്ളതുമായ ഓര്‍മ്മയല്ല അത്. നോവലിന്റെ തുടക്കത്തില്‍തന്നെ പ്രൂസ്റ്റ് ആ സ്മരണയുടെ സ്വഭാവം വ്യക്തമാക്കുന്നുണ്ട്. കെല്‍റ്റിക് വിശ്വാസമനുസരിച്ച്, നമുക്ക് നഷ്ടപ്പെട്ടവരുടെ ആത്മാവ് ഏതെങ്കിലും മൃഗത്തിലോ ചെടിയിലോ അചേതനവസ്തുവിലോ ബന്ധനസ്ഥമാകുന്നു. നമ്മള്‍ നടക്കുമ്പോള്‍ ചിലപ്പോള്‍ ആ മരം കടന്നുപോയെന്നുവരാം. അല്ലെങ്കില്‍ അതിനെ സ്വായത്തമാക്കാം ശ്രമിച്ചെന്നുവരാം. അപ്പോള്‍ ആ കാരാഗൃഹത്തിലിരുന്നുകൊണ്ട് ആ ആത്മാവ് പ്രകമ്പനമാര്‍ന്നു നമ്മളെ പേരുപറഞ്ഞു വിളിക്കുന്നു. നമ്മള്‍ ആ ശബ്ദം തിരിച്ചറിയുമ്പോള്‍ മാന്ത്രികത്വം ഭഞ്ജിക്കപ്പെടുകയായി. കാരാഗൃഹത്തിലിരുന്ന ആത്മാവിനെ നമ്മള്‍ മോചിപ്പിച്ചു കഴിഞ്ഞു. അതു മരണത്തെ ജയിച്ച് നമ്മുടെ ജീവിതത്തില്‍ പങ്കുകൊള്ളാന്‍ തിരിച്ചെത്തുന്നു. ഈ കെല്‍റ്റിക് വിശ്വാസം പോലെയാണ് നമ്മുടെ ഭൂതകാലം. അത് (ഭൂതകാലം) വസ്തുവിലോ ഭക്ഷണത്തോടും ബന്ധപ്പെട്ടരുചിയിലോ ഏതെങ്കിലും ഇന്ദ്രിയബോധത്തിന്റെ അവലംബം നമ്മുടെ ഓര്‍മ്മകള്‍ക്ക് നല്കിയാല്‍ ആ ഭൂതകാലം ജീവനാര്‍ന്നു മുന്നിലെത്തും; മരത്തിലും മറ്റും ബന്ധനസ്ഥനായ ആത്മാവ് മോചനം നേടുന്നതുപോലെ. നോവലിന്റെ ആദ്യത്തെ അദ്ധ്യായത്തിലെ ഏതാനും ഖണ്ഡികകള്‍ കഴിഞ്ഞയുടനെ പ്രൂസ്റ്റ് ഒരു സംഭവം കൊണ്ട് ഇതിന് വിശദീകരണം നല്കുന്നു. ഒരു കഷണം കേക്ക് ചായയില്‍മുക്കി മര്‍സാല്‍ എന്ന കഥാപാത്രം വായ്ക്കകത്തേക്ക് ആക്കി അതു തൊൻടയില്‍ സ്പര്‍ശിച്ചയുടനെതന്നെ അദ്ദേഹത്തിന്റെ ബോധമണ്ഡലത്തില്‍ എന്തൊക്കെയോ സംഭവിച്ചു. പൊടുന്നനവേ ഒരോര്‍മ്മ. താന്‍ ശിശുവായിരുന്നപ്പോള്‍ അമ്മായി ചായയില്‍ കുതിര്‍ത്തുകൊടുക്കുന്ന കേക്കിന്റെ ഓര്‍മ്മ അദ്ദേഹത്തിനുളവായി. അതോടെ സ്വന്തം ശൈശവം മുഴുവന്‍ മൂര്‍ത്തമായി. സജീവമായി, വൈകാരികമായി അദ്ദേഹം അനുഭവിക്കുന്നു. പ്രൂസ്റ്റ് കാലത്തെ കീഴടക്കുന്നത് ഇപ്രകാരമാണ്. (എല്ലാ നിരൂപകരും ഒരേ രീതിയില്‍ പറയുന്നതാണിത്, അതിനാല്‍ എന്റെ ഈ വ്യാഖ്യാനത്തില്‍ മൗലികതയില്ല.)

സാഹിത്യത്തിനു നോബല്‍ സമ്മാനം നേടിയ സാമുവല്‍ ബക്കറ്റിന് അഭിമതനായ സാഹിത്യകാരനാണ് മര്‍സല്‍ പ്രൂസ്റ്റ്. തന്റെ സാഹിത്യജീവിതത്തിന്റെ പ്രാരംഭകാലത്ത് ബക്കറ്റ് അദ്ദേഹത്തെക്കുറിച്ച് ഒരു പ്രബന്ധം എഴുതിയിട്ടുമുണ്ട്. ഓര്‍മ്മശക്തിലൂടെ ഭൂതകാലം വീണ്ടെടുക്കുന്ന പ്രൂസ്റ്റിന്റെ മാര്‍ഗം ബക്കറ്റിന് ഇഷടമായിയെന്നു വേണം വിചാരിക്കാന്‍. അതുകൊണ്ടാവണം ബക്കറ്റിന്റെ Krapp’s Last Tape എന്ന ഏകാങ്കനാടകത്തില്‍ ഈ മാര്‍ഗം മറ്റൊരു രീതിയില്‍ സ്വീകരിക്കപ്പെട്ടത്. എന്നാല്‍ പ്രൂസ്റ്റിന്റെ ജീവിതവീക്ഷണവും ബക്കറ്റിന്റെ ജീവിതവീക്ഷണവും ഒന്നാണെന്നു കരുതാന്‍ പാടില്ല. ബക്കറ്റ് മരണത്തിലും അതു ജനിപ്പിക്കുന്ന ശൂന്യതയിലും അന്യവത്കരണത്തിലും വിശ്വസിക്കുന്ന ‘അബ്സേഡ്’ സാഹിത്യകാരനാണ് പ്രൂസ്റ്റ് അങ്ങനെയൊന്നുമല്ലതാനും.

നാടകത്തിലെ കാര്യങ്ങള്‍ ഭാവിയില്‍ ഒരു സായാഹ്നത്തില്‍ നടക്കുന്നതായിട്ടാണ് സങ്കല്പം. ക്രാപ്പ് വൃദ്ധനാണ്. പാകമല്ലാത്ത രീതിയില്‍ ചെറുതായ കറുത്ത ട്രൗസേഴ്സ് അയാള്‍ ധരിച്ചിട്ടുണ്ട്. വെളുത്ത ഷര്‍ട്ട്, വെളുത്ത ബൂട്ട്സ്; വെളുത്ത മുഖവും ഇളം ചുവപ്പു കലര്‍ന്ന നാസികയും. ചീകി വയ്ക്കാത്ത നരച്ച തലമുടി, പരുക്കന്‍ ശബ്ദം. പ്രയാസപ്പെട്ടുള്ള നടത്തം ആകെക്കൂടി ക്രാപ്പിനു വിദൂഷകന്‍ മട്ടുണ്ട്. അയാള്‍ കൂടെക്കൂടെ ഏത്തപ്പഴം തിന്നും; മദ്യം കുടിക്കും. ഒരിക്കല്‍ താഴത്തിട്ട പഴത്തൊലിയില്‍ ചവിട്ടി കാലുതെറ്റി വീണു.

ഭൂതകാലത്തെ സാക്ഷാത്കരിക്കുന്നു. ഇങ്ങനെ അന്ന് 69 വയസായ ക്രാപ്പ് കഴിഞ്ഞകാലത്തെ 39 വയസ്സുണ്ടായിരുന്ന ക്രാപ്പിനെയും 29 വയസ്സുണ്ടായിരുന്ന ക്രാപ്പിനെയും യഥാര്‍ത്ഥീകരിക്കുന്നു. പ്രൂസ്റ്റ് സ്മരണകൊണ്ടാണ് ഭൂതകാലത്തെ മുന്നില്‍ ആനയിക്കുന്നതെങ്കില്‍ ബക്കറ്റ് യന്ത്രം കൊണ്ടാണ് അതിനെ സാക്ഷാത്കരിക്കുക.

ക്രാപ്പ് ഒരു ടേപ്പ് തെരഞ്ഞെടുത്ത് റെക്കാര്‍ഡറില്‍ വച്ച് സ്വിച്ച് തിരിച്ചു. യന്ത്രത്തില്‍ നിന്നു ശബ്ദമുയര്‍ന്നു. മുപ്പത്തിയൊന്‍പതാമത്തെ ജന്‍മദിനത്തില്‍ അയാള്‍ സ്വന്തം ശബ്ദം റെക്കോര്‍ഡ് ചെയ്തുവച്ചതാണ് അന്ന് — അറുപത്തിയൊന്‍പതാവയസ്സില്‍ — കേള്‍ക്കുക. മുപ്പത്തിയൊന്‍പതാമത്തെ വയസ്സിലെ സുശക്തമായ ശബ്ദം. ജന്‍മദിനം ഒരു ‘പബ്ബി’ല്‍ (pub) വച്ച് ആഘോഷിച്ചിട്ട് ക്രാപ്പ് എത്തിയിരിക്കുകയാണ്. കാരാഗൃഹം പോലുള്ള വീട്ടില്‍. ഇന്നും ആ വീട്ടില്‍തന്നെയാണ് അയാളുടെ വാസം. ഒരു പ്രകാശവൃത്തത്തിലാണ് അയാളുട ഇരിപ്പ്; ചുറ്റും ഇരുട്ട്. ടേപ്പിന്റെ ശബ്ദത്തില്‍ നിന്നു നമ്മള്‍ മനസ്സിലാക്കുന്നത് മുപ്പത്തിയൊന്‍പതാമത്തെ ജന്‍മദിനത്തില്‍ അയാള്‍ ഇരുപത്തിയൊന്‍പതാമത്തെ ജന്‍മദിനത്തില്‍ റെക്കേര്‍ഡ് ചെയ്തതിന്റെ ശബ്ദം കേട്ടു എന്നാണ്. 29-ലെ ക്രാപ്പ് കുടിയനും വിഷയാസക്തനുമായിരുന്നു. 39-ലെ ക്രാപ്പ് അയാളെ പുച്ഛിക്കുന്നത് 69-ലെ ക്രാപ്പ് കേള്‍ക്കുന്നു. 39-ലെ ക്രാപ്പിന് ഏത്തപ്പഴം ഇഷ്ടമാണ്. അയാള്‍ക്ക് മലബന്ധമുണ്ടായിരുന്നു. 69-ലെ ക്രാപ്പിനും ഏത്തപ്പഴം കൂടെക്കൂടെ തിന്നണം. ഇന്നും അയാള്‍ക്ക് മലബന്ധത്തിന്റെ അസുഖമുണ്ട്.

പണ്ട് 29-ആമത്തെ വയസ്സില്‍ — അയാള്‍ ഒരു സ്ത്രീയോടുകൂടി ജീവിച്ചിരിക്കുന്നു. ഒടുവില്‍ ആ ബന്ധത്തില്‍ നിന്ന് അയാള്‍ മോചനം നെടി. മോചനം കിട്ടിയപ്പോള്‍ 29-ലെ ക്രാപ്പ് സ്വയം പരിഹസിച്ചുവെന്ന് ടേപ്പ് പറയുന്നു. ആ പരിഹാസത്തോടു 39-ലെ ക്രാപ്പ് യോജിക്കുന്നുമുണ്ട്. പക്ഷേ “ആ ദൈന്യത്തിനു ശേഷമുള്ളതെന്ത്?” എന്നു ടേപ്പ് ചോദിക്കുമ്പോള്‍ 69-ലെ ക്രാപ്പ് ചിന്തയില്‍ വീഴുന്നു.

വിസ്കി കുടിച്ചതിനുശേഷം ക്രാപ്പ് വീണ്ടും സ്വിച്ച് ഓണ്‍ ചെയ്ത് ടേപ്പില്‍ നിന്നുള്ള ശബ്ദം കേള്‍ക്കുകയായി. അയാളുടെ അമ്മ മരിച്ച ദിവസം അന്നത്തെ സംഭവങ്ങള്‍ 39-ലെ ക്രാപ്പ് വിവരിക്കുന്നു. വീട്ടിനു വെളിയില്‍ ബഞ്ചിലാണ് അയാളുടെ ഇരിപ്പ്. കറുത്ത തുണികൊണ്ട് മറച്ച ഒരു വണ്ടി നേഴ്സ് ഉന്തിക്കൊണ്ടു പൊകുന്നു. സ്വിച്ച് ഓഫ് ചെയ്തിട്ട് അയാള്‍ വേറൊരു ഭാഗം കേട്ടു. നദിയിലൂടെ ഒഴുകിനൊത്തു നീങ്ങുന്ന വഞ്ചിയിലിരുന്ന് അയാള്‍ കാമുകിയുമായി പ്രേമസല്ലാപം നടത്തുകയാണ്. അതു ഭയജനകമായ ഒരനുഭവം. റെക്കോര്‍ഡര്‍ നിര്‍ത്തിയിട്ട് ക്രാപ്പ് കുടിക്കാന്‍ ഇരുട്ടിലെക്കു പോയി. ഉറയ്ക്കാത്ത കാല്‍വയ്പ്പോടുകൂടി വീണ്ടും റെക്കോര്‍ഡറിന്റെ അടുത്തെത്തി. പുതിയതും അവസാനത്തതുമായ ടേപ്പ് മേശയുടെ ഡ്രായില്‍നിന്നെടുത്തു. കഴിഞ്ഞ ഒരു വര്‍ഷത്തെ സംഭവങ്ങള്‍ റെക്കോര്‍ഡ് ചെയ്യാനാണ് അയാളുടെ താല്‍പര്യം. പക്ഷേ ശൂന്യമായ ഈ വര്‍ഷത്തിലെ ഒന്നും ടേപ്പിലാക്കാനില്ല. ഒന്നോ രണ്ടോ തവണ അയാള്‍ ‘പാര്‍ക്കി’ല്‍ പോയി ഇരുന്നിരിക്കും. അത്രയേയുള്ളു. ക്രാപ്പ് പുതിയ ടേപ്പ് യന്ത്രത്തില്‍ നിന്ന് വലിച്ചെടുത്തു ദൂരെയെറിഞ്ഞു. വീണ്ടും കാമുകിയുമായുള്ള സല്ലാപത്തെക്കുറിച്ചുള്ള ടേപ്പ് റെക്കോഡറില്‍ വച്ചു സ്വിച്ച് ഓണ്‍ചെയ്തു. മുപ്പത്തിയൊന്‍പതാമത്തെ വയസ്സിലെ ക്രാപ്പ് പറയുന്നു: ‘എന്റെ നല്ലകാലമെല്ലാം പോയി” ടേപ്പ്, റെക്കേര്‍ഡ് ചെയ്തു വച്ചിരുന്നതു മുഴുവന്‍ അയാളെ കേള്‍പ്പിച്ചുകഴിഞ്ഞു. ഇപ്പോള്‍ ഒരു ശബ്ദവുമില്ലാതെ യന്ത്രം പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു,’ ക്രാപ്പ് ചലനരഹിതനായി മുന്‍പില്‍ തുറിച്ചു നോക്കിക്കൊണ്ടിരിക്കുമ്പോള്‍ നാടകം അവസാനിക്കുന്നു.. മനുഷ്യന്‍ ഒറ്റയ്ക്കു ജനിക്കുന്നു: ഒറ്റയ്ക്കു മരിക്കുന്നു എന്നു ഡി. എച്ച്. ലോറന്‍സ് പറഞ്ഞതാണ് ശരി. ക്രാപ്പ് ഒറ്റയ്ക്കു ജനിച്ചു. അതുപോലെ അയാള്‍ മരിക്കുകയും ചെയ്യും. ആധുനിക മനുഷ്യന്റെ ഏകാന്തതയേയും നിസ്സഹായാവസ്ഥയേയും ശക്തമായി സ്ഫൂടീകരിക്കുന്ന നാടകമാണ് “ക്രാപ്പിന്റെ ഒടുവിലത്തെ ടേപ്പ്.”

യന്ത്രംകൊണ്ടു ഭൂതകാലത്തെ പുനരാവിഷ്കരിച്ച് ആ ഭൂതകാലവും വര്‍ത്തമാനകാലവും തമ്മില്‍ ഒരു വ്യത്യാസവുമില്ല എന്നു സ്ഥാപിക്കുന്നു. ‘അബ്സേഡ്’ നാടകമാണ് ബക്കറ്റിന്റേത്. ജീവിതം എപ്പോഴായാലും വേരറ്റതാണ്, അശക്തമാണ്, നൈരാശ്യം നിറഞ്ഞതാണ്; അന്യവത്കരണത്തില്‍പ്പെട്ട മനുഷ്യന്‍ സ്വയം പരാജയപ്പെടുന്നു എന്നതെല്ലാം ഈ നാടകം ധ്വനിപ്പിക്കുന്നു. അതു മാത്രമല്ല, ഇതു ശാസ്ത്രത്തിന്റെ യുഗമാണ്. ടേപ്പ് റെക്കോര്‍ഡര്‍ അക്കാര്യം സൂചിപ്പിക്കുന്നു. ശാസ്ത്രയുഗംപോലും മനുഷ്യജീവിതത്തിന്റെ വൈരസ്യം കുറച്ചിട്ടില്ല. ക്രാപ്പ് ദുഃഖിക്കുന്ന മനുഷ്യന്റെ ജീവിതത്തെയാകെ വാക്കുകളിലൊതുക്കി സൂക്ഷിച്ചു വച്ചിരിക്കുന്നു. അന്നു സ്വിച്ച് തിരിക്കു. ജുഗുപ്സാവഹമായ ആ ജീവിതം മുഴുവനും നിങ്ങളുടെ മുന്‍പില്‍ ചുരുളു നിവര്‍ത്തിവീഴും. ഭൂതകാലമാകെ വര്‍ത്തമാന കാലമായി നിങ്ങള്‍ക്ക് അഭിമുഖീഭവിച്ചു നില്ക്കും. താന്‍ വിശ്വസിക്കുന്ന ജീവിത ദര്‍ശനത്തെ ബക്കറ്റ് എത്ര കലാസുന്ദരമായിട്ടാണ് അവതരിപ്പിക്കുന്നതെന്നു നോക്കു.

പ്രകാശത്തിന്റെയും അന്ധകാരത്തിന്റേയും വെളുപ്പിന്റേയും കറുപ്പിന്റെയും — പ്രതിരൂപാത്മകമായ ആവിഷ്കാരത്തിലൂടെ ബക്കറ്റ് നാടകത്തിന് നല്കുന്ന ഗഹനതയും അസാധാരണമെന്നേ പറയാനാവൂ. ക്രാപ്പിന്റെ ശിരസിനു ചുറ്റും മാത്രമേ പ്രകാശമുള്ളു. ചുറ്റും അന്ധകാരം. സ്വിച്ച് ഓഫ് ചെയ്തിട്ട് അയാള്‍ അന്ധകാരത്തിലേക്കു പോകുന്നു. തിരിച്ച് പ്രകാശത്തിലേക്കു വരുന്നു. പ്രകാശം അധ്യാത്മികത്വത്തെയും അന്ധകാരം വൈഷയികത്വത്തേയും സൂചിപ്പിക്കുകയാണ്. ഇവ രണ്ടും പൊരുത്തപ്പെടുത്താന്‍ ക്രാപ്പിനു കഴിയുന്നില്ല. ഈ രണ്ടംശങ്ങളും അയാളുടെ ജീവിതത്തിലൂണ്ട് എന്നത് ബക്കറ്റ് നാടകത്തിന്റെ ആരംഭത്തില്‍ തന്നെ വ്യക്തമാക്കിതരുന്നു. കറുത്ത ടൗസേഴ്സ് ധരിച്ച ക്രാപ്പിനു വെള്ളിപോക്കറ്റ് വാച്ച്. കറുത്ത വേസ്റ്റ് കോട്ടും വെളുത്ത ഷര്‍ട്ടും; വെളുത്ത വേഷം ധരിച്ച നേഴ്സ്. കറുത്ത വണ്ടി ഉരുട്ടിക്കൊണ്ടു വരുന്നു: വെളുത്തപട്ടിക്കുട്ടി കറുത്ത പന്തുകൊണ്ടു കളിക്കുന്നതായി നാടകത്തില്‍ പ്രസ്താവമുണ്ട്. മനുഷ്യജീവിതത്തില്‍ ഒരിക്കലും ആധ്യാത്മികത്വത്തെയും വൈഷയികത്വത്തേയും പൊരുത്തപ്പെടാന്‍ സാധിക്കുകയില്ലന്നാണ് ഭംഗ്യന്തരേണ ബക്കറ്റ് പറയുന്നത്.

സമകാലിക ജീവിതത്തിന്റെ തകര്‍ച്ചയെ, അര്‍ത്ഥരാഹിത്യത്തെ ചിത്രീകരിക്കണമെങ്കില്‍ ഇബ്സന്റെ റിയലിസം പോരാ എന്ന് അബ്സേഡിസ്റ്റുകള്‍ കരുതുന്നു. തകര്‍ന്ന ജീവിതത്തെ ആലേഖനം ചെയ്യാന്‍ അതിനു അനുരൂപമായ കലാസങ്കേതവും ബിംബങ്ങളും വേണം. ഈ വിശ്വാസത്തിനു യോജിച്ച മട്ടില്‍ നൂതനമായ കലാസങ്കേതവും നൂതനങ്ങളായ ബിംബങ്ങളും ബക്കറ്റ് ഉപയോഗിച്ചിരിക്കുന്നു. ബക്കറ്റിന്റെ തത്ത്വചിന്തയിലും ജീവിത വീക്ഷണത്തിലും വിശ്വാസമില്ലാത്തവര്‍ക്കും ഈ നാടകത്തിന്റെ അനന്യസാധാരണമായ ശക്തിവിശേഷത്തെ നിഷേധിക്കാനൊക്കുകയില്ല.