close
Sayahna Sayahna
Search

മൂന്നാം പതിപ്പിന്റെ മുഖവുര


പ്രപഞ്ചവും മനുഷ്യനും

പ്രപഞ്ചവും മനുഷ്യനും
PM cover.png
ഗ്രന്ഥകർത്താവ് കെ. വേണു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ശാസ്ത്രസാഹിത്യം
വര്‍ഷം
1970
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 346
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തെയും അതിനെക്കുറിച്ചുള്ള വിലയിരുത്തലിനെയും സംബന്ധിച്ചു് രണ്ടാം പതിപ്പിന്നുള്ള മുഖവുരയിൽ പറഞ്ഞ കാര്യങ്ങൾ ഇപ്പോഴും പ്രസക്തമാണു്. ആ അടിസ്ഥാനത്തിൽതന്നെയാണു് ഈ മൂന്നാം പതിപ്പും പ്രസിദ്ധീകരിക്കുന്നതു് എന്നതുകൊണ്ടു് പൊതുവിൽ ഘടനയിലും ഉള്ളടക്കത്തിലും മാറ്റങ്ങളൊന്നും വരുത്തുന്നില്ല. എങ്കിലും ചില കൂട്ടിചേർക്കലുകൾ ആവശ്യമായി വന്നിട്ടുണ്ടു്. ഒന്നാമത്തെ അനുബന്ധമായി ചേർത്തിട്ടുള്ള ‘വിപ്ലവങ്ങൾ പുതിയ വെല്ലുവിളികൾ’ എന്നതിനു് വീണ്ടും ഒരു അനുബന്ധം ചേർക്കേണ്ടി വന്നു. 1984-ൽ എഴുതിയ അതിലെ വിലയിരുത്തലുകൾ അധികവും ശരിയാണെന്നു് പിൽക്കാല സംഭവവികാസങ്ങൾ തെളിയിച്ചുവെങ്കിലും, അന്നത്തെ വിശദീകരണങ്ങൾക്കും വിലയിരുത്തലുകൾക്കും അതീതമായി പുതിയ പ്രശ്നങ്ങൾ ഉയർന്നുവന്നിട്ടുണ്ടു്. കിഴക്കൻ യൂറോപ്പിലെയും സോവിയറ്റു യൂണിയനിലെയും മറ്റും സമീപകാല സംഭവവികാസങ്ങളുടെ അടിസ്ഥാനത്തിൽ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിന്റെ അടിസ്ഥാനപ്രമാണങ്ങളിൽ തന്നെ പുനഃപരിശോധന ആവശ്യമായി വന്നിരിക്കുകയാണു്. അത്തരം പുനഃപരിശോധന സുപ്രധാനമായ പല നിഗമനങ്ങളിലേക്കും നമ്മെ നയിക്കുന്നുണ്ട്‌. അത്തരം പുതിയ വിലയിരുത്തലുകളും നിഗമനങ്ങളും വളരെ സംക്ഷിപ്തമായി ക്രോഡീകരിച്ചു് അവതരിപ്പിക്കുകയാണു് ഒന്നാമത്തെ അനുബന്ധത്തോടൊപ്പം ചേർത്തിട്ടുള്ള അനുബന്ധക്കുറിപ്പിൽ ചെയ്തിട്ടുള്ളതു്.

മൂന്നാമതൊരു അനുബന്ധലേഖനം കൂടി ഈ പതിപ്പിൽ പുതുതായി ചേർത്തിട്ടുണ്ടു്. ‘മാർക്സിസവും ശാസ്ത്രവും’ എന്ന ഈ ലേഖനം സമീപകാലത്തു് (1989) പാഠഭേദത്തിൽ പ്രസിദ്ധീകരിച്ചതാണു്. മാർക്സിയൻ വൈരുധ്യാധിഷ്ഠിത രീതി സ്വാംശീകരിച്ചുകൊണ്ടുള്ള ഒരു ശാസ്ത്രം ഇനിയും ഉടലെടുത്തിട്ടില്ലെന്നും, പഴയ യാന്ത്രിക സമീപനത്തിന്റെ വിവിധ രൂപങ്ങൾ തന്നെയാണു് ഇപ്പോഴും ശാസ്ത്രരംഗത്ത്‌ ആധിപത്യം ചെലുത്തുന്നതെന്നുമാണു് അതിൽ വിശദീകരിക്കാൻ ശ്രമിക്കുന്നതു്. യഥാർത്ഥത്തിൽ ആധുനികശാസ്ത്രം നേരിടുന്ന ദാർശനിക പ്രതിസന്ധി മറികടക്കുന്നതിനു് മാർക്സിയൻ വൈരുദ്ധ്യരീതി ശാസ്ത്രരംഗത്തു് പ്രയോഗിക്കുകയാണു് വേണ്ടതു്. അതിനാകട്ടെ ഒരു പുതിയ രീതിശാസ്ത്രം തന്നെ വളർത്തിയെടുക്കേണ്ടതുണ്ടു്. പക്ഷേ, ആ ദിശയിലുള്ള ശ്രമങ്ങൾ ഇനിയും കാര്യമായി ആരംഭിച്ചിട്ടുപോലുമില്ലെന്നതാണു് വാസ്തവം.

പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം ആധിപത്യമായിരുന്നു ശാസ്ത്രരംഗത്ത്‌ ന്യൂട്ടോണിയൻ ചലനനിയമങ്ങൾ ഉപയോഗിച്ചുകൊണ്ടു്, പ്രപഞ്ചത്തിലെ ഓരോ കണികയുടെയും ചലനക്രമം പൂർണ്ണമായി പ്രവചിക്കാൻ കഴിയുമെന്നുള്ള വിശ്വാസമാണു് അന്നു് ആധിപത്യത്തിലുണ്ടായിരുന്നതു്. ഈ പത്താം നൂറ്റാണ്ടിന്റെ ആരംഭത്തിൽതന്നെ ആപേക്ഷികസിദ്ധാന്തവും തുടർന്നു് രംഗപ്രവേശം ചെയ്ത ക്വാണ്ടം ബലതന്ത്രത്തിന്റെ ആധിപത്യം സ്ഥാപിക്കപ്പെട്ടതോടെ, പഴയ ഭൗതികവാദം തകർന്നിരിക്കുന്നു എന്നും, പ്രപഞ്ചം മുഴുവനും തന്നെ തികഞ്ഞ അനിശ്ചിതത്വത്തിലാണു് നിലനിൽക്കുന്നതെന്നുമുള്ള ആശയവാദവീക്ഷണം മുൻകൈ നേടി. പഴയ യാന്ത്രികഭൗതികവാദത്തിന്റെ മറുവശമായ മറ്റൊരു ഏകപക്ഷീയതയായിരുന്നു ഇതു്.

എന്നാൽ ഇപ്പോൾ വീണ്ടും, ഈ ഏകപക്ഷീയത യാഥാർത്ഥ്യത്തിനു് നിരക്കുന്നതല്ലെന്ന ബോധം ശാസ്ത്രജ്ഞന്മാരിൽ ശക്തി പ്രാപിച്ചുകൊണ്ടിരിക്കുകയാണു്. വെറും അനിശ്ചിതത്വവും അരാജകത്വവുമല്ല പ്രകൃതിയിലുള്ളതെന്ന യാഥാർത്ഥ്യവും ചിലരെങ്കിലും തിരിച്ചറിയാൻ തുടങ്ങിയിരിക്കുന്നു. നോബൽ സമ്മാനിതനായ ഇലിയാ പ്രിഗോഗിന്റെ (Illya Prigogine) പ്രസിദ്ധമായ ഗ്രന്ഥം, “അരാജകാവസ്ഥയിൽ നിന്നു് ഉരുത്തിരിയുന്ന ക്രമം” (Order out of Chaos, 1984) ഈ പുതിയ പ്രവണതയുടെ നല്ലൊരു ദൃഷ്ടാന്തമാണു്. പക്ഷേ പ്രകൃതിയിലെ എല്ലാ മേഖലകളിലും നിലനിൽക്കുന്ന ക്രമവും ക്രമരാഹിത്യവും തമ്മിൽ അനിവാര്യതയും യാദൃച്ഛികതയും തമ്മിലുള്ള വൈരുധ്യാധിഷ്ഠിത ബന്ധത്തിന്റെ ചലനനിയമം ഉൾക്കൊള്ളാൻ കഴിയാത്ത ഗ്രന്ഥകാരൻ ക്രമരാഹൈത്യവും ക്രമവും തമ്മിലുള്ള ബന്ധം സ്ഥാപിച്ചെടുക്കാൻ വേണ്ടി നടത്തുന്ന സൈദ്ധാന്തികകസർത്തുകൾ കാണുമ്പോൾ സഹതാപം തോന്നും. ഇതു് പ്രിഗോഗിന്റെ മാത്രം അവസ്ഥയല്ല. പത്തൊമ്പതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിലും മാറി മാറി ആധിപത്യം ചെലുത്തിയ നിർണ്ണയവാദവും അനിശ്ചിതത്വവാദവും യാഥാർത്ഥ്യത്തിന്റെ ഓരോ വശങ്ങളെ ഏകപക്ഷീയമായി മനസ്സിലാക്കാൻ ശ്രമിച്ചതിന്റെ ഫലമായിരുന്നു. ഇതു് പരിഹരിക്കാൻ വൈരുധ്യാധിഷ്ഠിത രീതിയ്ക്കു് കഴിയുമെന്നുള്ള കാര്യത്തിൽ സംശയത്തിനു് അവകാശമില്ല. മോളിക്യുലർ ബയോളജിയിലെ ആധുനിക കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ അനിശ്ചിതത്വമാണു് ജീവലോകത്തിൽ നടമാടുന്നതെന്നു് സ്ഥാപിക്കാൻ ശ്രമിച്ച മറ്റൊരു നോബൽ സമ്മാനിതനായ ഷാക്വമൊണാദിന്റെ “യാദൃശ്ചികതയും അനിവാര്യതയും” എന്ന കൃതിയെക്കുറിച്ചുള്ള എന്റെ പഴയ നിരൂപണം (1978-ൽ എഴുതിയതു്) രണ്ടാം പതിപ്പിൽതന്നെ രണ്ടാം അനുബന്ധമായി ചേർത്തതു് ഈ പതിപ്പിലും ഉൾപ്പെടുത്തിയിട്ടുണ്ടു്. ആധുനികശാസ്ത്രരംഗത്തു് നിലനിൽക്കുന്ന ദാർശനികമായ ശൂന്യതയുടെ പ്രശ്നവും വൈരുധ്യാധിഷ്ഠിത ഭൗതികവാദം അതിനു് നൽകുന്ന പരിഹാരവും ഈ ലേഖനത്തിൽ സൂചിപ്പിക്കുന്നുണ്ടു്. ’79-ൽ പ്രസിദ്ധീകരിച്ച “വിപ്ലവത്തിന്റെ ദാർശനികപ്രശ്നങ്ങളിൽ” ഈ ദാർശനികസമീപനത്തിന്റെ പ്രാധാന്യം വിശദീകരിക്കാൻ ഞാൻ ശ്രമിച്ചിട്ടുണ്ടു്. ഈ സമീപനം ഉപയോഗിച്ചുകൊണ്ടു് മുഴുവൻ പ്രകൃതിശാസ്ത്രങ്ങളെയും സാമൂഹ്യശാസ്ത്രങ്ങളെയും, കൂടുതൽ സമഗ്രമായ വൈരുധ്യാധിഷ്ഠിത രീതിയിലൂടെ വിലയിരുത്താൻ കഴിയും. പക്ഷേ, അത്തരമൊരു വിലയിരുത്തലിനു് ആ കൃതിയിൽ ശ്രമിച്ചിട്ടില്ല; ചില സൂചനകൾ നൽകുക മാത്രമാണു് ചെയ്തതു്.

ഈ വൈരുധ്യാധിഷ്ഠിതരീതി, എല്ലാ മേഖലകളിലും പ്രയോഗിക്കേണ്ടതിന്റെ പ്രാധാന്യവും പ്രസക്തിയും ഇപ്പോൾ കൂടുതൽ കൂടുതൽ ബോധ്യമായിക്കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണുള്ളതു്. ‘പ്രപഞ്ചവും മനുഷ്യനും’ കൈകാര്യം ചെയ്യുന്ന മേഖലകളെല്ലാംതന്നെ ഇത്തരമൊരു സമീപനത്തിലൂടെ വിലയിരുത്തപ്പെടേണ്ടതുണ്ടു്. അതു് തികച്ചും വ്യത്യസ്തമായ ഒരു പുതിയ കൃതിയ്ക്കു് ജന്മമേകും. സമീപഭാവിയിൽതന്നെ അത്തരമൊരു സംരംഭത്തിനു് മുതിരണമെന്നു് എനിയ്ക്കു് ആഗ്രഹമുണ്ടു്. സാഹചര്യങ്ങൾ അനുകൂലമാവുകയാണെങ്കിൽ അതു് നിറവേറ്റുമെന്നു മാത്രമേ ഈ അവസരത്തിൽ ഞാൻ പറയുന്നുള്ളു.

ഇങ്ങനെയൊരു മൂന്നാം പതിപ്പു് പ്രസിദ്ധീകരിക്കാനുള്ള സന്നദ്ധതയുമായി മുന്നോട്ടുവന്ന മൾബെറി പബ്ലിക്കേഷൻസിനു് നന്ദി.

കെ. വേണു
തൃശ്ശൂർ, 28-3-1992

നാലാം പതിപ്പു്

മൂന്നാം പതിപ്പിൽ നിന്നു് യാതൊരു മാറ്റവും വരുത്താതെയാണു് ഈ നാലാം പതിപ്പു് പ്രസിദ്ധീകരിക്കുന്നതു്. മൂന്നാം പതിപ്പിന്റെ മുഖവുരയിൽ പറഞ്ഞിരുന്നതുപോലെ, ഈ കൃതിയിൽ കൈകാര്യം ചെയ്യുന്ന വിഷയങ്ങളെ ആധാരമാക്കി പുതിയ ദാർശനിക സമീപനത്തിലൂടെ ഒരു പുസ്തകം എഴുതേണ്ടതു് ഇനിയും ഒട്ടും വൈകിയാൽ പാടില്ലാത്തതാണെന്ന ധാരണ ശക്തിപ്പെട്ടിട്ടുണ്ടു്. ‘പ്രപഞ്ചവും മനുഷ്യനും’ അഞ്ചാം പതിപ്പു് ഇറക്കുന്നതിനു് മുമ്പുതന്നെ അത്തരമൊരു പുതിയ പുസ്തകം — ‘പ്രകൃതി, സമൂഹം, വ്യക്തി’ എന്ന തലക്കെട്ടാണു് ഇപ്പോൾ സങ്കല്പത്തിലുള്ളതു് — പ്രസിദ്ധീകരിക്കാൻ കഴിയുമെന്നാണു് പ്രതീക്ഷ.

കെ. വേണു
തൃശ്ശൂർ, 9-10-1993