close
Sayahna Sayahna
Search

വാഞ്ഛകളും വികാരങ്ങളും


പ്രപഞ്ചവും മനുഷ്യനും

പ്രപഞ്ചവും മനുഷ്യനും
PM cover.png
ഗ്രന്ഥകർത്താവ് കെ. വേണു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ശാസ്ത്രസാഹിത്യം
വര്‍ഷം
1970
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 346
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

നമ്മുടെ ബോധപൂർവമായ നിയന്ത്രണത്തെ അതിജീവിക്കുന്ന നിരവധി വാഞ്ഛകൾ അഥവാ ആഗ്രഹങ്ങൾ നമ്മിലുടലെടുക്കാറുണ്ടു്. വിശപ്പു്, ദാഹം, ഉറക്കം, ലൈംഗികവാസന, മാതൃത്വബോധം, സൗന്ദര്യബോധം തുടങ്ങി വിവിധതരത്തിൽപെട്ട അഭിവാഞ്ഛകൾ നമ്മുടെ ബോധപൂർവമായ നിയന്ത്രണത്തെ കീഴ്പെടുത്തുക പതിവുണ്ടു്. ഇവയോരോന്നും ശമിപ്പിക്കുന്നതിനു് സാഹചര്യത്തിനൊത്തവിധം നാം കണ്ടുപിടിക്കുന്ന മാർഗ്ഗങ്ങൾ നമ്മുടെ വ്യക്തിത്വത്തെ വളരെയേറെ സ്വാധീനിക്കുന്നുണ്ടു്. ശാരീരികമായ ആവശ്യങ്ങളാണു് ബാഹ്യമായ അഭിവാഞ്ഛകളായി രൂപപ്പെടുന്നതു്. ആന്തരികമായ ശാരീരികപ്രവർത്തനങ്ങൾക്കു് അനുപേക്ഷണീയമായ ഭക്ഷണം, വെള്ളം, ഓക്സിജൻ എന്നിവയുടെ ആവശ്യം നേരിടുമ്പോൾ ചില അവയവങ്ങളിൽ പ്രകടമായ അസ്വാസ്ഥ്യങ്ങളുടലെടുക്കുന്നു. പിന്നീടു് അവ കൂടുതൽ വ്യാപകമായ വിധത്തിൽ പൊതുവായ ശാരീരികപ്രവർത്തനങ്ങളെയും ബാധിക്കുന്നു.

കഴിഞ്ഞ ദശകങ്ങളിലെ മനശ്ശാസ്ത്രപരമായ ഗവേഷണങ്ങളിൽ, പഠനം, വ്യക്തിത്വം, സാമൂഹ്യസ്വഭാവം തുടങ്ങിയവയെക്കുറിച്ചുള്ള സിദ്ധാന്തങ്ങളിൽ വാഞ്ഛകൾ ഒരടിസ്ഥാനഘടകമായി തീർന്നിരുന്നു. തന്മൂലം, വിവിധതരത്തിലുള്ള അഭിവാഞ്ഛകൾക്കടിസ്ഥാനമായ ശരീരക്രിയാപരപ്രക്രിയകൾ എന്തൊക്കെയാണെന്നു് അറിഞ്ഞിരിക്കേണ്ടതു് അത്യാവശ്യമാണു്. ഇത്തരം പ്രശ്നങ്ങൾക്കു് സമഗ്രമായ വിശദീകരണം നൽകത്തക്കവിധമുള്ള ശാസ്ത്രീയവസ്തുതകൾ ഇനിയും ലഭ്യമായിട്ടില്ലെന്നതു് ഒരു വാസ്തവമാണു്. എങ്കിലും, ഇവയ്ക്കെല്ലാം പരമാവധി തൃപ്തികരമായ പരിഹാരമേകാനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ടു്; നടന്നുകൊണ്ടിരിക്കുകയും ചെയ്യുന്നു.

വിശപ്പു്

ഓരോ ജന്തുവും ഓരോ നിമിഷവും ഒട്ടേറെ ഊർജം ശാരീരികപ്രവർത്തനങ്ങൾക്കായി ചിലവഴിച്ചുകൊണ്ടിരിക്കുന്നു. ജൈവവ്യവസ്ഥ തുടർന്നും നിലനിർത്തിക്കൊണ്ടുപോകണമെങ്കിൽ ഇങ്ങനെ നഷ്ടപ്പെടുന്ന ഊർജ്ജം മുഴുവനും വീണ്ടെടുക്കേണ്ടതുണ്ടു്. ഭക്ഷണം കഴിക്കുന്നതുവഴി ജന്തുക്കൾ ഈ പ്രശ്നം പരിഹരിക്കുകയാണു ചെയ്യുന്നതു്. അപ്പോൾ, നഷ്ടപ്പെട്ടുപോകുന്ന ഊർജത്തിനു് പകരമായി ഭക്ഷണരൂപത്തിൽ ഊർജത്തെ ഉൾക്കൊള്ളാനുള്ള പ്രവണതയെ അഥവാ അഭിവാഞ്ഛയെയാണ് നാം വിശപ്പു് എന്നു വിളിക്കുന്നതു്. ഈ പ്രവണതയെ നിയന്ത്രിക്കുന്ന നാഡീപരവും ഹോർമോൺ സംബന്ധിയുമായ ഒട്ടേറെ പ്രവർത്തനങ്ങൾ നടക്കുന്നുണ്ടു്.

ആദ്യകാലങ്ങളിൽ കരുതിപ്പോന്നിരുന്നതു് ആമാശയം ശൂന്യമായിരിക്കുമ്പോൾ നമുക്കു് വിശപ്പു തോന്നുകയും, നിറഞ്ഞിരിക്കുമ്പോൾ തൃപ്തി തോന്നുകയും ചെയ്യുന്നുവെന്നാണു്. ഒറ്റനോട്ടത്തിൽ യുക്തിസഹമെന്നു തോന്നാവുന്ന ഈ സിദ്ധാന്തം ശരിയല്ല. ആമാശയം ചുരുങ്ങുകയും നിറയുകയും ചെയ്യുന്നതു് വിശപ്പുമായി ബന്ധപ്പെട്ടതാണെങ്കിലും, വിശപ്പുണ്ടാകുന്നതിനോ ഇല്ലാതാകുന്നതിനോ ഇതു രണ്ടും അനിവാര്യമല്ല. ആധുനിക നിഗമനങ്ങളുടെ അടിസ്ഥാനത്തിൽ കേന്ദ്രനാഡീവ്യൂഹമാണു് ഭക്ഷണം ഉൾക്കൊള്ളുന്ന പ്രക്രിയയെ നിയന്ത്രിക്കുന്നതു്. പാർശ്വ അധോതലാമസിലാണു് ഉത്തേജകമായ നിയന്ത്രണങ്ങൾ പ്രവർത്തിക്കുന്നതു്. ഭക്ഷണം ദഹിച്ചുചേരുമ്പോൾ, ഒരു നിരോധനപ്രക്രിയ ഉത്തേജിക്കപ്പെടുകയോ, ഭക്ഷണകേന്ദ്രത്തിലെ പ്രവർത്തനം ചുരുങ്ങുകയോ ചെയ്യുന്നുണ്ടായിരിക്കണം. പക്ഷേ, ആവശ്യമായ ഭക്ഷണം ലഭിച്ചുകഴിഞ്ഞു എന്നുള്ളതു് ഈ പ്രവർത്തന വ്യവസ്ഥ മനസ്സിലാക്കുന്നതെങ്ങനെയാണെന്നറിവില്ല. നാഡികൾ വഴിയല്ല ഈ വിവരം അറിയിക്കുന്നതു്. എന്തുകൊണ്ടെന്നാൽ ആമാശയത്തിലേയ്ക്കുള്ള നാഡികൾ വിച്ഛേദിച്ചാലും ഭക്ഷണ ക്രമീകരണം മുറപോലെ നടക്കും. രക്തത്തിലുള്ള പഞ്ചസാരയായിരിക്കാം ഈ വാർത്ത എത്തിച്ചുകൊടുക്കുന്നതിൽ നിർണ്ണായക പങ്കു വഹിക്കുന്നതെന്നു കരുതപ്പെടുന്നു.

മസ്തിഷ്കത്തിന്റെ പാർശ്വഭാഗങ്ങളിലെ ഉത്തേജക കേന്ദ്രങ്ങൾ പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ, ഭക്ഷണം കഴിക്കാനുള്ള അഭിവാഞ്ഛ തീരെ ഇല്ലാതാകുന്നു. ഈ പരീക്ഷണത്തിനു് വിധേയമാക്കിയ ജന്തുക്കൾ കുന്നുകൂടി കിടക്കുന്ന ഭക്ഷണവസ്തുക്കളിൽ കിടന്നു വിശപ്പുകൊണ്ടു് ചത്തുപോയിട്ടുണ്ടു്. അതേസമയം, ഈ കേന്ദ്രങ്ങളിൽ വൈദ്യുതോത്തേജനമുളവാക്കിയാൽ, തൃപ്തിയായിരിക്കുന്ന ജന്തുക്കൾ പോലും തിന്നാനും കുടിക്കാനും തുടങ്ങും. ഈ പാർശ്വകേന്ദ്രങ്ങളിലേയ്ക്കു്, ശരീരത്തിലെ ഊർജ്ജസംഭരണത്തെക്കുറിച്ചുള്ള വിവരം എത്തിക്കുന്നതു്, രക്തത്തിലുള്ള പഞ്ചസാരയുടെ തോതു് വഴിയോ, മസ്തിഷ്കത്തിൽ ഗ്ലൂക്കോസു് ഉപയോഗിക്കപ്പെടുന്ന തോതനുസരിച്ചോ ആയിരിക്കും എന്നു ചില ശാസ്ത്രജ്ഞന്മാർ സിദ്ധാന്തിച്ചിട്ടുണ്ടു്. മറ്റു ചിലരുടെ അഭിപ്രായത്തിൽ ശരീരത്തിന്റെ പൊതുവിലുള്ള ഊർജ്ജവിനിമയ പ്രവർത്തനങ്ങളുടെ ഭാഗമെന്ന നിലയ്ക്കു്, താപനഷ്ടവും താപസംരക്ഷണവും സംബന്ധിച്ച പ്രക്രിയകളുമായി നേരിട്ടു് ബന്ധപ്പെട്ടതാണു് ഭക്ഷണത്തിനുവേണ്ടിയുള്ള അഭിവാഞ്ഛ. അധോതലാമസു് കേന്ദ്രങ്ങളിലെ പ്രവർത്തനങ്ങൾ കോർടെക്സിലെ ഉപരിമേഖലകളിൽ ശരിയായവിധം സമന്വയിക്കപ്പെടുന്നതു കൊണ്ടാണു് വിശപ്പുമായി ബന്ധപ്പെട്ട അനുയോജ്യമായ സ്വഭാവപ്രതികരണങ്ങളുണ്ടാവുന്നതു്.

ദാഹം

പ്രാഥമിക വാഞ്ഛകളിലൊന്നാണ് ദാഹമെന്നു പണ്ടുമുതൽക്കേ കണക്കാക്കിപ്പോന്നിട്ടുണ്ട്. അടിസ്ഥാനപരമായ അഭിവാഞ്ഛയുടെ ഏറ്റവും നല്ല ഒരുദാഹരണമെന്ന നിലയ്ക്ക് ഇതേക്കുറിച്ച് വിപുലമായ തോതിൽ ഗവേഷണങ്ങൾ നടന്നിട്ടുണ്ട്. അഭിവാഞ്ഛകളെക്കുറിച്ചുള്ള മനശ്ശാസ്ത്ര സിദ്ധാന്തങ്ങളുടെയെല്ലാം അടിസ്ഥാനം ദാഹത്തെയും വിശപ്പിനെയും സംബന്ധിച്ച് ജന്തുക്കളിൽ നടത്തിയിട്ടുള്ള പരീക്ഷണങ്ങളാണു്. എങ്കിലും ഇതേക്കുറിച്ച് സർവ്വസമ്മതമായ നിയമങ്ങൾ ഇനിയും രൂപീകരിക്കപ്പെട്ടിട്ടില്ല.

ശരീരക്രിയാപരമായ ആവശ്യം ഒറ്റപ്പെട്ട, ലളിതമായ ഒരു പ്രതിഭാസമല്ല; ജന്തുവിന്റെ ശരീരത്തിലെ ദ്രാവകങ്ങളുടെ സംതുലനവുമായി ബന്ധപ്പെട്ട ഒരു സംഗതി മാത്രമാണ് ദാഹം. വളാരെ പുരാതനകാലം മുതൽക്ക് അടുത്തകാലംവരെ ദാഹത്തെക്കുറിച്ച് നിലനിന്നിരുന്ന ചിന്താഗതികളനുസരിച്ച്, കാഴ്ച, കേൾവി തുടങ്ങിയ ഇന്ദ്രിയബോധങ്ങളെപ്പോലെ, വായിലും തൊണ്ടയിലും ഉണ്ടാകുന്ന വരൾച്ചയുടെ ഫലമാണു് ദാഹം. വാസ്തവത്തിൽ, തൊണ്ടവരൾച്ച ദാഹവുമായി ബന്ധപ്പെട്ട ഒരു പ്രതിഭാസമാണെങ്കിലും, ദാഹത്തിന്റെ ഒരനിവാര്യഘടകമല്ല അതു്. ശരീരത്തിനു് ആവശ്യമായ ജലം ഉൾക്കൊള്ളുന്ന പ്രക്രിയയിൽ തൊണ്ടവരൾച്ചയ്ക്കു് താരതമ്യേന അപ്രധാനമായ പങ്കു മാത്രമേ വഹിക്കാനുള്ളൂ. തൊണ്ടയിൽനിന്നും വായിൽ നിന്നുമുള്ള വാർത്തകൾ, ശരീരത്തിനു് ജലമാവശ്യമാണെന്ന വസ്തുതയെ അഥവാ ദാഹത്തെ പ്രതിഫലിപ്പിക്കണമെങ്കിൽ മറ്റു ചില പ്രവർത്തനങ്ങൾകൂടി അനിവാര്യമാണെന്ന് പില്ക്കാല ഗവേഷണങ്ങൾ തെളിയിക്കുകയുണ്ടായി. ജലം കമ്മിയാകുമ്പോൾ, രക്തത്തിന്റെ ഓസ്മോസിക മർദ്ദത്തിൽ ഗണ്യമായപരിവർത്തനങ്ങളുണ്ടാകുന്നുണ്ടെന്ന് തെളിഞ്ഞു. ഈ മാറ്റത്തിന്റെ ഫലമായി കോശങ്ങളിലുള്ള ജലം കോശങ്ങൾക്കിടയിലുള്ള അറയിലേയ്ക്കു നീങ്ങുന്നു. തന്മൂലം ശരീരത്തിലെ കോശങ്ങൾ പൊതുവിൽ ജലദൗർലഭ്യംമൂലം വരൾച്ചയ്ക്കു വിധേയമാകുന്നു. ഇങ്ങനെ ശരീരത്തിലെമ്പാടുമുള്ള കോശങ്ങളിലുണ്ടാകുന്ന ഈ വരൾച്ചയാണു് ദാഹത്തിനുള്ള അവശ്യചോദനമായി വർത്തിക്കുന്നതെന്നു കരുതപ്പെടുന്നു. പക്ഷേ, കോശങ്ങളിലുണ്ടാകുന്ന ഈ പരിവർത്തനങ്ങൾ എങ്ങനെയാണു് നാഡീസ്പന്ദനങ്ങളായി പരിവർത്തനപ്പെട്ട് ദാഹമായി തോന്നിക്കുന്നതെന്ന് വ്യക്തമായിട്ടില്ല. കോശങ്ങളിലുണ്ടാകുന്ന ഓസ്മോസീയ വ്യതിയാനങ്ങളെ സ്വീകരിക്കാൻ കഴിവുള്ള ഒരു നാഡീകേന്ദ്രമുണ്ടായിരിക്കും. കേന്ദ്ര നാഡീവ്യൂഹവുമായി ബന്ധപ്പെട്ട ചില കേന്ദ്രങ്ങളാണിതിനുത്തരവാദിയെന്നു കരുതപ്പെടുന്നു. അധോതലാമസിലെ ചില കേന്ദ്രങ്ങളാണ് ഈ കൃത്യങ്ങൾ നിർവ്വഹിക്കുന്നതെന്നു് അടുത്ത കാലഗവേഷണങ്ങൾ സൂചിപ്പിക്കുന്നുണ്ടു്. ആ കേന്ദ്രം ഉത്തേജിപ്പിക്കപ്പെടുമ്പോൾ ദാഹമില്ലാത്ത ജന്തുപോലും ഊർജിതമായി വെള്ളം കുടിക്കുന്നതായി നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്.

ലൈംഗികവാഞ്ഛ

അന്തസ്രോതഗ്രന്ധികൾ പുറപ്പെടുവിക്കുന്ന വിവിധതരം സ്രവങ്ങൾ അഥവാ ഹോർമോണുകളാണു് ലൈംഗികവാസനയെ നിയന്ത്രിക്കുന്നത്. വിശപ്പ്, ദാഹം തുടങ്ങിയ വാഞ്ഛകൾ പ്രധാനമായും ജന്തുവിന്റെ ആന്തരികസ്ഥിതിയാൽ നിയന്ത്രിക്കപ്പെടുന്നതാണു്. അവ വ്യക്തിപരമായ നിലനിൽപ്പിനു വേണ്ടി രൂപം കൊണ്ടിട്ടുള്ള ജന്മവാസനകളാണ്. എന്നാൽ, വ്യക്തിപരമായ നിലനില്പിനെ ബാധിക്കാത്തതും അതേസമയം ഒരു വംശത്തിന്റെ നിലനില്പിനെ ബാധിക്കുന്നതുമായ വാഞ്ഛകളാണ് ലൈംഗികവാസനയും അതോടു ബന്ധപ്പെട്ട മാതൃത്വവാസനയും. ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ലൈംഗികസംതൃപ്തി കൈവരിക്കാൻ കഴിഞ്ഞില്ലെങ്കിലും അയാൾ ജീവിതം പൂർത്തിയാക്കും. എന്നാൽ ഒരു വംശത്തിലെ എല്ലാ അംഗങ്ങളും ലൈംഗികബന്ധത്തിലേർപ്പെടാതെവന്നാൽ ആ വംശം തന്നെ നാമാവശേഷമാകും. അപ്പോൾ വ്യക്തിപരമായ ജീവിതത്തിൽ വളരെ പ്രാധാന്യം കല്പിക്കപ്പെട്ടുപോന്നിരുന്ന ലൈംഗികവാഞ്ഛ, വാസ്തവത്തിൽ വംശസംരക്ഷണത്തിനുവേണ്ടി പരിണാമപ്രക്രിയയിൽ രൂപം കൊണ്ട ഏറ്റവും സുശക്തമായ ഉപാധിയാണ്.

ലൈംഗികവാഞ്ഛ, മറ്റു പ്രാഥമിക വാഞ്ഛകളെപ്പോലെതന്നെ ശരീരക്രിയാപരമായ പ്രവർത്തനങ്ങളുടെ ഫലമായി രൂപം കൊള്ളുന്നതാണെങ്കിലും അത് ഉത്തേജിക്കപ്പെടുന്നതിനു ബാഹ്യലോകത്തുനിന്നുള്ള അനുയോജ്യമായ ചോദനങ്ങൾ ആവശ്യമാണ്. തന്മൂലം ശരീരക്രിയാപരമായ പ്രവർത്തനങ്ങളുടെയും ബാഹ്യപരിതഃസ്ഥിതിയുടെയും സവിശേഷമായ ഒരു പ്രതിപ്രവർത്തനം ലൈംഗികവാഞ്ഛകൾ ഉടലെടുക്കുന്നതിനു് അനിവാര്യമാണെന്നു കാണാം. ശരീരത്തിനുള്ളിൽ ലൈംഗികവാഞ്ഛകൾ ഉളവാകുന്നതിനാവശ്യമായ ഉപാധികളെല്ലാം സജ്ജമാണെങ്കിലും അനുയോജ്യമായ ചോദനങ്ങൾ ചുറ്റുപാടിൽ നിന്നുണ്ടാകുന്നില്ലെങ്കിൽ ലൈംഗികവാഞ്ഛ പ്രകടമാകുകയില്ല. ലൈംഗികപങ്കാളിയിൽ നിന്നു ലഭ്യമാക്കുന്ന ചോദനങ്ങൾ കൃത്രിമമായി ഉളവാക്കിയാലും ലൈംഗികവാഞ്ഛ ഉത്തേജിക്കപ്പെടുന്നതായി പരീക്ഷണങ്ങൾ തെളിയിച്ചിട്ടുണ്ട്. ചില താഴേക്കിടയിലുള്ള ജന്തുക്കളിൽ ഏതെങ്കിലുമൊരു ബോധേന്ദ്രിയം വഴിയുള്ള ചോദനകൾക്കു മാത്രമേ ലൈംഗികോത്തേജനമുളവാക്കാൻ കഴിയൂ. എന്നാൽ മനുഷ്യനടക്കമുള്ള ഉയർന്ന സസ്തനികളിൽ ഏതു ബോധേന്ദ്രിയത്തിലൂടെയുള്ള അനുയോജ്യചോദനങ്ങളും ലൈംഗികവാസനയെ ഉത്തേജിപ്പിക്കും. മനുഷ്യനിൽ ഒട്ടേറെ സാമൂഹ്യാചാരങ്ങളും നിയമങ്ങളും ഇത്തരം വികാരങ്ങളുടെ ഉത്തേജനത്തെ സാരമായ വിധത്തിൽ നിയന്ത്രിക്കുന്നുണ്ട്. തന്മൂലം പരിതഃസ്ഥിതിയുടെ പങ്കു് മനുഷ്യനിൽ ഏറിവന്നിരിക്കുകയാണ്.

ലൈംഗികോത്തേജനത്തെ നിയന്ത്രിക്കുന്ന കേന്ദ്രനാഡീവ്യൂഹത്തിലെ കേന്ദ്രങ്ങളേതെല്ലാമാണെന്ന് നിർണ്ണയിക്കുക വിഷമമാണു്. എങ്കിലും കഴിഞ്ഞ 25 വർഷക്കാലത്തെ ഗവേഷണങ്ങളുടെ ഫലമായി ഇക്കാര്യത്തിൽ ഏറെക്കുറെ വ്യക്തമായ കാഴ്ചപ്പാടുണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ടു്. ലൈംഗികവൃത്തികളുമായി ബന്ധപ്പെട്ട ചില സ്വഭാവങ്ങൾ സുഷുമ്നാകാണ്ഡത്തിൽ വെച്ചുതന്നെ ഏകീകരിക്കപ്പെടുന്നുണ്ടു്. എന്നാൽ അവിടന്നങ്ങോട്ടു മുകളിലേയ്ക്കുള്ള ഭാഗങ്ങളിൽ അതായതു്, മെഡുല, പോൺസ്, സെറിബെല്ലം, മധ്യമസ്തിഷ്കം എന്നീ ഭാഗങ്ങളിൽ ലൈംഗികവാഞ്ഛയുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ കാര്യമായി പ്രവർത്തിക്കുന്നില്ല, പക്ഷേ, മധ്യമസ്തിഷ്കത്തിനു തൊട്ടു മുന്നിലായി സ്ഥിതിചെയ്യുന്ന മസ്തിഷ്കഭാഗത്തെ ചില കേന്ദ്രങ്ങൾ, ലൈംഗികവാഞ്ഛയെയും സ്വഭാവത്തെയും നേരിട്ടും പരോക്ഷമായും നിയന്ത്രിക്കുന്നു. ഈ ഭാഗം പ്രവർത്തനരഹിതമാക്കുകയാണെങ്കിൽ ലൈംഗികവാഞ്ഛ തീരെ ഇല്ലാതാകുന്നതുകാണാം. അതുപോലെ അധോതലാമസിന്റെ പിൻമധ്യഭാഗത്തെ കേന്ദ്രവും ലൈംഗികവാഞ്ഛയെ നേരിട്ടു നിയന്ത്രിക്കുന്നുണ്ടു്. ഈ ഭാഗങ്ങൾ ഹോർമോണുകൾ വഴിയാണു് ലൈംഗികവാഞ്ഛകളെ നിയന്ത്രിക്കുന്നതു്. എന്തുകൊണ്ടെന്നാൽ ഈ ഭാഗങ്ങൾ പ്രവർത്തനരഹിതമാക്കിയാൽ ലൈംഗികവാഞ്ഛ ഇല്ലാതാകുന്നുണ്ടെങ്കിലും, അവയുടെ നിയന്ത്രണത്തിലുള്ള ഹോർമോണുകൾ ആവശ്യാനുസാരം നൽകുകയാണെങ്കിൽ അപ്രത്യക്ഷമായ വാഞ്ഛകൾ പുനഃരുത്തേജിക്കപ്പെടും. മറ്റു മസ്തിഷ്കഭാഗങ്ങൾ പലതും പരോക്ഷമായി മാത്രമേ ലൈംഗികവാസനകളുമായി ബന്ധപ്പെട്ടിട്ടുള്ളു.

പ്രാഥമിക വാഞ്ഛകളുടെ കൂട്ടത്തിൽ പെടുത്താവുന്നവയായിട്ടു് മറ്റു പല മൗലികവാസനകളുമുണ്ടു്. എല്ലാ ശിശുക്കളുടെയും മൗലികമായ ഒരു പൊതുസ്വഭാവമാണു് നിരന്തരമായ പ്രവർത്തനോന്മുഖത. ശരീരക്രിയാപരമായ പ്രവർത്തനങ്ങളുടെ ഫലമായുണ്ടാകുന്ന ഊർജ്ജമാണു് ഈ ഊർജസ്വലതയ്ക്കു നിദാനം. ശരീരത്തിന്റെ മൗലികമായ ഊർജോല്പാദന ശേഷിയിലുള്ള അന്തരമാണു് ഒരു കുട്ടിയെ വികൃതിയാക്കുമ്പോൾ മറ്റൊരുവനെ ശാന്തശീലനാക്കുന്നതു്. അടിസ്ഥാനപരമായ ഈ ഊർജസ്വലതയെ തൃപ്തിപ്പെടുത്താനുള്ള വിഭവങ്ങളുടെ സ്വഭാവമനുസരിച്ചു് ഓരോ വ്യക്തിയുടെയും മൗലികസ്വഭാവങ്ങൾ രൂപീകരിക്കപ്പെടുന്നു. ഈ നിരന്തരമായ ഊർജസ്വലതയെ നിയന്ത്രിക്കുന്നതു കേന്ദ്രനാഡീവ്യൂഹവും മാംസപേശികളുടെ പ്രവർത്തനസ്വഭാവവുമാണു്. പ്രാഥമികമായ ഈ ഊർജസ്വലതയെ വളർച്ച പ്രാപിച്ച മസ്തിഷ്കത്തോടുകൂടിയ എല്ലാ മൃഗങ്ങളും ഏറെ പ്രയോജനകരമായ വിധത്തിൽ ഉപയോഗിക്കുന്നു. ചുറ്റുപാടുമായി ഇണങ്ങിച്ചേരുന്നതിനും പുതിയ അന്തരീക്ഷത്തിൽ നിലനില്ക്കുന്നതിനും ആദ്യമായി വേണ്ടതു് പരിതഃസ്ഥിതിയെക്കുറിച്ചു പഠിക്കുകയാണു്. ഇന്ദ്രിയദ്വാരാ ചുറ്റുപാടിനെക്കുറിച്ചു പഠിക്കാൻ മനുഷ്യനെപ്പോലെതന്നെ മറ്റു പല മൃഗങ്ങളും അതിയായ ആകാംക്ഷയുള്ളവരാണു്. ഒരു നായയേയോ, പൂച്ചയേയോ പുതിയൊരു മുറിയിൽ പ്രവേശിപ്പിക്കുകയാണെങ്കിൽ ആദ്യമായി അതു് ആ മുറി മുഴുവൻ മണത്തുനോക്കും. നമ്മുടെ ബുദ്ധിപരമായ വളർച്ചയെ സഹായിക്കുന്ന ‘ജിജ്ഞാസ’ എന്ന സ്വഭാവത്തിന്റെ പ്രാഥമിക പ്രതിബിംബമാണിതു്. മാനവസമുദായത്തിന്റെ നിരന്തരമായ പുരോഗതിക്കു കളമൊരുക്കിയ സാഹസികത ഈ പ്രാഥമിക വികാരത്തോടു് അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വാസ്തവത്തിൽ ഈ ജിജ്ഞാസയാണു് നമ്മുടെ അറിവിന്റെ ആരംഭം കുറിക്കുന്നതു്.

ബോധേന്ദ്രിയങ്ങളുടെ പ്രവർത്തനങ്ങളിലും വ്യക്തിപരമായ സവിശേഷതകൾ കാണാം. അതുകൊണ്ടാണു് ഒരാൾക്കു് കൗതുകകരമായി തോന്നുന്ന ഒരു ദ്യശ്യം മറ്റൊരാൾക്കങ്ങനെ തോന്നാത്തതു്. നിറത്തിലും ശബ്ദത്തിലുമെന്നപോലെ ഗന്ധത്തിലും രൂചിയിലും മറ്റും വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങൾ കണ്ടുവരുന്നു. പാരമ്പര്യഘടകങ്ങളുടെ നിയന്ത്രണത്തിൽ ഓരോ ഇന്ദ്രിയകേന്ദ്രത്തിലും വളരെ നേരത്തെതന്നെ രൂപംകൊള്ളാനിടയായിട്ടുള്ള നാഡീകോശശ്രേണികളാണു് പിൽക്കാലവ്യക്തിത്വത്തെ സ്വാധീനിക്കുന്ന ഇഷ്ടാനിഷ്ടങ്ങൾക്കു നിദാനമായി വർത്തിക്കുന്നതു്. ഈ വിധത്തിൽതന്നെ ദർശനശ്രവണേന്ദ്രിയങ്ങൾ നേരത്തേ സ്വായത്തമാക്കുന്ന സവിശേഷതയാണു് ഒരുവന്റെ സൗന്ദര്യബോധത്തിനും മറ്റും അടിത്തറ പാകുന്നതു്.

വികാരങ്ങൾ

വളരെ പുരാതനകാലം മുതൽക്കുതന്നെ വികാരങ്ങളുടെയെല്ലാം ഇരിപ്പിടമായി ഹൃദയത്തെ കണക്കാക്കി വന്നിരുന്നു. അതു തെറ്റാണെന്നു വളരെക്കാലം മുമ്പുതന്നെ തെളിയിക്കപ്പെട്ടിരുന്നുവെങ്കിലും ഇന്നും ആ ധാരണ വെച്ചുപുലർത്തുന്നവരുണ്ടു്. ഏതെങ്കിലുമൊരു പ്രത്യേകാവയവമല്ല വികാരങ്ങളെ നിയന്ത്രിക്കുന്നതു്. ശരീരത്തിലെ പ്രധാനപ്പെട്ട എല്ലാ ഭൗതികരാസപ്രവർത്തനങ്ങളുമായും അഭേദ്യമായി ബന്ധപ്പെട്ടു കൊണ്ടാണു് വികാരങ്ങൾ പ്രകടമാവുന്നതു്.

വികാരത്തിനു രണ്ടു വ്യത്യസ്തഘടകങ്ങളുണ്ടു്: സ്പഷ്ടമായ ശാരീരികവും സ്വയം പ്രവർത്തനപരവുമായ പ്രതികരണങ്ങൾ വഴിയുള്ള വികാരപ്രകടനം; ബാഹ്യമായി പ്രകടമാവാത്ത കേന്ദ്രനാഡീവ്യൂഹത്തിലെ പ്രതികരണങ്ങൾ വഴിയുള്ള വികാരാനുഭവം. വികാരാനുഭവം പരീക്ഷണവിധേയമാക്കുക വളരെ വിഷമമാണു്. ഒരു വ്യക്തിയുടെ ആത്മനിഷ്ഠമായ അനുഭവത്തെ തീരെ ഭാഗികമായി മാത്രമേ സൂചനകളിൽനിന്നു ഗ്രഹിക്കാനാവൂ. വികാരത്തിന്റെ പ്രകടമായ വശത്തെ മാത്രമേ നമുക്കു ശാസ്ത്രീയനിരീക്ഷണങ്ങൾക്കു പൂർണ്ണമായും വിധേയമാക്കാൻ പറ്റൂ.

കഴിഞ്ഞ നൂറ്റാണ്ടു മുതൽക്കുതന്നെ വികാരത്തെ ശരീരക്രിയാപരമായ പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ വിശദീകരിക്കാൻ ശ്രമിച്ചു തുടങ്ങിയിരുന്നു. വില്യം ജെയിംസും ലാങ്കേയും ആവിഷ്കരിച്ച സിദ്ധാന്തം ശ്രദ്ധേയമാണു്. വികാരോത്തേജക പ്രചോദനങ്ങളുടെ ഫലമായി ശരീരത്തിലുണ്ടാകുന്ന രാസഭൗതിക പ്രവർത്തനങ്ങൾ ഗ്രഹിക്കാനിടയാകുമ്പോഴാണു് വികാരാനുഭവമുണ്ടാകുന്നതു്. പക്ഷേ, ഈ ചിന്താഗതിക്കു ശാസ്ത്രീയമായ വസ്തുതകളുടെ പിന്തുണയില്ലാതെ പോയി; മാത്രമല്ല, സങ്കീർണമായ വികാരസ്വഭാവങ്ങൾക്കു വിശദീകരണമേകാനും ഇതിനു കഴിയുന്നില്ല.

വികാരങ്ങളെ നിയന്ത്രിക്കുന്നതിൽ കേന്ദ്രനാഡീവ്യൂഹത്തിനുള്ള പങ്കു് അത്യന്തം സങ്കീർണ്ണമാണു്; അതുകൊണ്ടുതന്നെ അതേക്കുറിച്ചു വിശദമായ വിവരങ്ങളിന്നു ലഭ്യമായിട്ടില്ല. ഡബ്ളിയു. ബി. കാനന്റെ അഭിപ്രായത്തിൽ പൂർവ്വമസ്തിഷ്കത്തിന്റെ ഉപരിതലപാളിയുടെ നിയന്ത്രണങ്ങൾ വഴി സാധാരണ ഗതിയിൽ നിരോധിക്കപ്പെടുന്ന തലാമസിന്റെ ചില പ്രവർത്തനങ്ങളാണു് വികാരപരമായ സ്വഭാവങ്ങളെ നിയന്ത്രിക്കുന്നതു്. ശക്തിയായതും പെട്ടെന്നുള്ളതുമായ ചോദനങ്ങൾ തലാമസിന്റെ നിലവാരത്തിലുള്ള ഈ നിരോധത്തെ മറി കടക്കുന്നു. അവ തലാമസിൽ നിന്നു് സ്വയം പ്രവർത്തകവും ശാരീരികവുമായ വികാരപ്രതികരണങ്ങളുളവാക്കുന്ന ചേഷ്ടാഘടകങ്ങളിലേയ്ക്കും ആത്മനിഷ്ഠമായ വികാരാനുഭവമുളവാക്കുന്ന പൂർവമസ്തിഷ്കകേന്ദ്രങ്ങളിലേയ്ക്കും നാഡീസ്പന്ദനങ്ങളെ അയയ്ക്കുന്നു. മനശ്ശാസ്ത്രമണ്ഡലത്തിൽ കാനന്റെ ഈ സിദ്ധാന്തം സാരമായ സ്വാധീനം ചെലുത്തുകയുണ്ടായി. പക്ഷേ, വികാരത്തിനു തലാമസു് തന്നെ അനിവാര്യമല്ലെന്നു പില്ക്കാല ഗവേഷണങ്ങൾ തെളിയിക്കുകയുണ്ടായി.

പൂർവ്വമസ്തിഷ്കത്തിന്റെ ഉപരിതലപാളി വികാരനിയന്ത്രണത്തിൽ ചെലുത്തുന്ന പങ്കിനെക്കുറിച്ചു് കഴിഞ്ഞ രണ്ടു ദശകങ്ങളിലായി വളരെയേറെ ഗവേഷണങ്ങൾ നടന്നിട്ടുണ്ടു്. ഒരു നിഗമനമനുസരിച്ച് വികാരപ്രകടനത്തിനു് അടിസ്ഥാനമായി വർത്തിക്കുന്നതു് അധോതലാമസിന്റെ സമാകലനപ്രവർത്തനവും, വികാരാനുഭവത്തിനു നിദാനം പൂർവ്വമസ്തിഷ്കത്തിന്റെ ഉപരിതലപാളിയിലെ പ്രവർത്തനങ്ങളുമാണു്. അധോതലാമസുമായി ഒട്ടേറെ പരസ്പരബന്ധങ്ങളുള്ള സെറിബ്രത്തിനു് താഴെയായി സ്ഥിതിചെയ്യുന്ന സിംഗുലേറ്റ് ഗൈറസ് എന്ന ഭാഗത്തിന്റെ ധർമ്മമാണു് വികാരാനുഭവം. കീഴ്തലാമസിലെ പ്രാഥമികസംജ്ഞാ കേന്ദ്രങ്ങളിൽ നിന്നുള്ള വാർത്തകൾ അധോതലാമസിലെ കേന്ദ്രങ്ങളെ ഉത്തേജിപ്പിക്കുകയും, ഈ കേന്ദ്രങ്ങൾ ഒരേസമയം ശാരീരികചഷ്ടാപേശികളിലേയ്ക്കും, സിംഗുലേറ്റ് ഗൈറസിലേയ്ക്കും വാർത്തകളയയ്ക്കുകയും ചെയ്യുന്നു. അങ്ങനെ, വികാരത്തിന്റെ പ്രകടവും ആനുഭവികവുമായ വശങ്ങൾ ഒരേ സമയത്തു സംഭവിക്കുന്നു. മറ്റു ചിലരുടെ അഭിപ്രായത്തിൽ ഹിപ്പോകാമ്പസിലെ ചില ഭാഗങ്ങളാണു്, സിംഗുലേറ്റു ഗൈറസല്ല വികാരാനുഭവത്തിന്റെ ആസ്ഥാനം. ഈ സിദ്ധാന്തങ്ങളിൽ സൂചിപ്പിച്ചിട്ടുള്ളതുപോലെ അത്ര ലളിതമല്ല സെറിബ്രത്തിലെ, വികാരാനുഭവവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളെന്നാണു് അടുത്ത കാലത്തെ ഗവേഷണങ്ങൾ തെളിയിക്കുന്നതു് അവ കുറെക്കൂടി സങ്കീർണ്ണവും കുഴഞ്ഞുമറിഞ്ഞതുമാണു്.

സെറിബ്രത്തിന്റെ കോർടെക്സിലെ വിവിധ ഭാഗങ്ങൾ വിവിധ വികാരങ്ങളുടെയും വാഞ്ഛകളുടെയും നിയന്ത്രണത്തിൽ സാരമായ സ്വാധീനം ചെലുത്തുന്നുണ്ടു്. പ്രത്യേക വികാരങ്ങൾ പ്രത്യേകം പ്രത്യേകം സ്ഥാനങ്ങളിലാണു് കുടികൊള്ളുന്നതെന്നു പറയാൻ നമുക്കിന്നു് കഴിയുകയില്ല. വിവിധ ഭാഗങ്ങൾ ഉത്തേജിപ്പിക്കുകയോ പ്രവർത്തനരഹിതമാക്കുകയോ ചെയ്യുമ്പോൾ, വിവിധ വികാരങ്ങൾ ഉടലെടുക്കുന്നതും അപ്രത്യക്ഷമാവുന്നതും നിരീക്ഷിക്കപ്പെട്ടിട്ടുണ്ടു്. ഈ വിവിധ ഭാഗങ്ങൾ തമ്മിലുള്ള പരസ്പരബന്ധങ്ങളും ഏകോപിത പ്രവർത്തനവും എങ്ങനെ നടക്കുന്നു എന്നുള്ളതു് ഇനിയും കണ്ടുപിടിക്കേണ്ടതായിട്ടാണിരിക്കുന്നതു്.