close
Sayahna Sayahna
Search

Difference between revisions of "K Venu pm 29"


(Created page with "__NOTITLE____NOTOC__← പ്രപഞ്ചവും മനുഷ്യനും {{SFN/PM}}{{SFN/PMBox}}{{DISPLAYTITLE:സമൂഹം, അധ്വാനം, ഭാ...")
 
(No difference)

Latest revision as of 03:08, 10 August 2019

പ്രപഞ്ചവും മനുഷ്യനും

പ്രപഞ്ചവും മനുഷ്യനും
PM cover.png
ഗ്രന്ഥകർത്താവ് കെ. വേണു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ശാസ്ത്രസാഹിത്യം
വര്‍ഷം
1970
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 346
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ജൈവപരിണാമത്തിന്റെ അടിസ്ഥാനതത്ത്വങ്ങൾ കൂട്ടായി ആവിഷ്കരിച്ച ഡാർവിനും വാലസും മനുഷ്യപരിണാമനിയമങ്ങളെക്കുറിച്ച് ഏകാഭിപ്രായക്കാരായിരുന്നില്ല. ജൈവപരിണാമവും മനുഷ്യന്റെ സാമൂഹ്യസാംസ്കാരിക പരിണാമവും തമ്മിൽ വേർതിരിച്ചു കാണാൻ ഡാർവിൻ ശ്രമിച്ചില്ല. ഇന്നും നിലവിലുള്ള അപരിഷ്കൃതമനുഷ്യർ ബുദ്ധിപരമായും മറ്റും നമ്മെക്കാൾ വളരെ താഴെയാണെന്നു ഡാർവിൻ കരുതി. അവരും മനുഷ്യക്കുരങ്ങുകളും തമ്മിലുള്ള വിടവ്, നാമും മനുഷ്യക്കുരങ്ങുകളും തമ്മിലുള്ളത്ര വിപുലമല്ലെന്നും ഡാർവിൻ കരുതി. എന്നാൽ വാലസ് ഈ അഭിപ്രായത്തോട് യോജിച്ചില്ല. അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, അപരിഷ്കൃതരെല്ലാം തന്നെ പരിഷ്കൃത ജനസമൂഹങ്ങളുടെ അത്രതന്നെ ബുദ്ധിപരമായ കഴിവുള്ളവരാണു്. ഹോമോസാപ്പിയൻസ് ജാതിയിൽപെട്ട എല്ലാ മനുഷ്യരും മൗലികമായ കഴിവുകളിൽ തുല്യമാണു്. ഇവരും മനുഷ്യക്കുരങ്ങുകളും തമ്മിലുള്ള അന്തരം വിപുലമാണുതാനും. മനുഷ്യന്റെ അഭൂതപൂർവ്വമായ വളർച്ചക്ക് അടിസ്ഥാനമായി വർത്തിക്കുന്നത് പ്രകൃതിനിർദ്ധാരണ നിയമമല്ലെന്ന് വാലസ് കരുതി. മനുഷ്യനെ മനുഷ്യനാക്കിത്തീർത്തത് മറ്റെന്തോ രീതിയിലുള്ള പരിണാമമാണെന്ന് അദ്ദേഹം സിദ്ധാന്തിച്ചു. അതേസമയം, ഇന്നത്തെ മനുഷ്യൻ മറ്റു ജന്തുക്കളെപ്പോലെതന്നെ നിയതമായ പ്രകൃതിനിയമങ്ങളുടെ പ്രവർത്തനഫലമാണെന്ന് ഡാർവിനും കരുതി.

വാസ്തവത്തിൽ ഇവരുടെ രണ്ടുപേരുടെയും വീക്ഷണഗതികൾ ഭാഗികമായി ശരിയായിരുന്നു. പരിഷ്കൃതരും അപരിഷ്കൃതരും ആയ എല്ലാ മനുഷ്യരുടെയും അടിസ്ഥാനപരമായ പ്രകൃതം ഒന്നുതന്നെയാണെന്നുള്ള വാലസിന്റെ നിഗമനം ശരിയാണെന്ന് ഇന്നെല്ലാ നരവംശ ശാസ്ത്രജ്ഞന്മാരും അംഗീകരിക്കുന്നു. എന്നാൽ മനുഷ്യപരിണാമത്തിനു് പിന്നിലും ചില അടിസ്ഥാന പ്രകൃതിനിയമങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നുള്ളത് നിസ്തർക്കമത്രെ. അതെന്താണെന്നു കണ്ടുപിടിക്കേണ്ടതുണ്ടെന്നു മാത്രം.

ഏതാണ്ട് അമ്പതിനായിരം കൊല്ലം മുമ്പ് ജീവിച്ചിരുന്ന ക്രോമാഗ്നൻ മനുഷ്യനിൽനിന്ന് കാര്യമായ ജീവശാസ്ത്രപരമായ അന്തരങ്ങളൊന്നും ആധുനികമനുഷ്യനില്ല. പക്ഷേ, ക്രോമാഗ്നൻ മനുഷ്യനും ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാർദ്ധത്തിലെ മനുഷ്യനും തമ്മിൽ സാംസ്കാരിക നിലവാരത്തിലുള്ള അന്തരമെത്ര വിപുലമാണെന്നു് നോക്കൂ. അപ്പോൾ ജീവശാസ്ത്രപരമായ പരിണാമത്തിൽനിന്ന് തികച്ചും വ്യത്യസ്തമായ ഒരു പരിണാമചരിത്രമാണ് മനുഷ്യനുള്ളതെന്നു വരുന്നു.

ഉപകരണങ്ങൾ

മനുഷ്യപരിണാമത്തിന്റെ ഏറ്റവും നിർണ്ണായകഘടകം ഉപകരണങ്ങൾ നിർമ്മിക്കാനും ഉപയോഗിക്കാനുമുള്ള മനുഷ്യന്റെ കഴിവാണ്. ഈ കഴിവ് മനുഷ്യനു സ്വായത്തമാകുന്നതിനു് സഹായകമായ ചില പരിവൎത്തനങ്ങൾ മനുഷ്യപരിണാമത്തിന്റെ ആദ്യദശയിൽ നടക്കുകയുണ്ടായി. ആസ്ത്രലോപിത്തെക്കസീൻ ഘട്ടമായപ്പോഴേയ്ക്കും, ആ പൂർവ്വജന്തുക്കൾ രണ്ടു കാലിൽ ഏറെക്കുറെ നിവർന്നു നടക്കാൻ പഠിച്ചിരുന്നുവെന്ന് നാം കാണുകയുണ്ടായി. അങ്ങനെ കൈകൾ രണ്ടും പൂൎണ്ണമായും സ്വതന്ത്രമായതോടെ, അവ വിവിധകൃത്യങ്ങൾക്കായി ഉപയോഗിക്കാൻ തുടങ്ങി. മാത്രമല്ല, കൈകളിലെ തള്ളവിരലിന്റെ ഘടനയിലും ശ്രദ്ധേയമായ ചില പരിണാമങ്ങൾ നടക്കുകയുണ്ടായി. മനുഷ്യന്റെ കൈകളിലെ തള്ളവിരലിന് മറ്റെല്ലാ വിരലുകളുമായും യോജിച്ച് പ്രവർത്തിക്കാൻ കഴിയുന്നു. തന്മൂലം, കൈകൾകൊണ്ട് വിവിധതരത്തിലുള്ള വസ്തുക്കൾ കൈകാര്യം ചെയ്യാൻ കഴിയുമെന്ന സ്ഥിതി വന്നു. ഈ ഘട്ടത്തിലാണു് ഭക്ഷണസമ്പാദനത്തിനും ആത്മരക്ഷയ്ക്കും വേണ്ടി, എല്ലുകളും മറ്റും കൊണ്ടുള്ള വിവിധ ഉപകരണങ്ങളും ആയുധങ്ങളും ഉണ്ടാക്കാനും ഉപയോഗിക്കാനും മനുഷ്യപൂർവ്വികർ തുനിഞ്ഞത്.

ആസ്ത്രലോപിത്തെക്കസീനുകൾ മുതൽക്കുതന്നെ ഉപകരണങ്ങൾ ഉപയോഗിക്കാൻ തുടങ്ങിയിരുന്നു. കാരണം, അവർക്ക് രണ്ടു കാലിൽ നടക്കാൻ കഴിയുമായിരുന്നു. പക്ഷേ, അവ, മസ്തിഷ്കവ്യാപ്തത്തിന്റെ കാര്യത്തിൽ ആധുനിക മനുഷ്യനേക്കാൾ വളരെ താഴെയായിരുന്നുതാനും. എന്നിട്ടും ഉപകരണങ്ങളുണ്ടാക്കാനും ഉപയോഗിക്കാനും അവ പഠിച്ചു എന്നത്, ആധുനിക മസ്തിഷ്കത്തിന്റെ സൃഷ്ടിയല്ല ഉപകരണങ്ങൾ എന്ന വസ്തുതയിലേക്ക് വിരൽ ചൂണ്ടുന്നു. തന്മൂലം, മനുഷ്യനെ മറ്റു ജന്തുക്കളിൽനിന്നെല്ലാം വേർതിരിച്ചു നിർത്തുന്ന ആ വലിയ വിടവ്, ഏതാണ്ട് പത്തുലക്ഷം വർഷങ്ങൾക്കു മുമ്പുതന്നെ, ആസ്ത്രലോപിത്തെക്കസീനുകൾ എല്ലുകളും കല്ലുകളും മറ്റുംകൊണ്ട് ഉപകരണങ്ങളുണ്ടാക്കാൻ തുടങ്ങിയ ആ കാലഘട്ടത്തിൽതന്നെ ആവിർഭവിച്ചു കഴിഞ്ഞിരുന്നു.

ഉപകരണങ്ങൾക്കു് മനുഷ്യപരിണാമത്തിൽ ഇത്ര നിൎണ്ണായക പങ്കു് ലഭിച്ചതെന്തുകൊണ്ടാണെന്നു നോക്കാം. മറ്റെല്ലാ ജന്തുക്കളെയും പോലെ, കൈവശമുള്ള ഉപകരണങ്ങളുടെയും സാമഗ്രികളുടെയും സഹായത്തോടെ മാത്രമാണു് മനുഷ്യൻ വിവിധ സാഹചര്യങ്ങളുമായി പൊരുത്തപ്പെട്ടുകൊണ്ടും പ്രതികൂലസാഹചര്യങ്ങളെ തരണംചെയ്തും അതിജീവിക്കുന്നതു്. പക്ഷേ, മനുഷ്യൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾ, മറ്റു ജന്തുക്കളുടേതിൽ നിന്നു് തികച്ചും വ്യത്യസ്തമാണു്. മറ്റെല്ലാ ജന്തുക്കളും തങ്ങളുടെ ഉപകരണങ്ങൾ ശരീരത്തോടൊപ്പം വഹിച്ചുകൊണ്ടു നടക്കുന്നു. അഥവാ, ഉപകരണങ്ങൾ അവയുടെ സ്വന്തം ശരീര ഭാഗങ്ങൾ തന്നെയാണു്. പക്ഷികളുടെ ഏറ്റവും പ്രധാനപ്പെട്ട ഉപകരണമായ ചിറകുകൾ ശരീരഭാഗങ്ങളാണു്. പുലിയുടെയും സിംഹത്തിന്റെയും മറ്റും ശക്തമായ ആയുധങ്ങൾ അവയുടെ ദംഷ്ട്രങ്ങളും നഖങ്ങളുമാണു്. ആമയുടെ ഈടുറ്റ സംരക്ഷണോപകരണം അതിന്റെ പുറംതോടാണു്. ചില ആഴക്കടൽ മത്സ്യങ്ങളുടെ സംരക്ഷണോപകരണങ്ങളായ വൈദ്യുതാവയവങ്ങൾ അവയുടെ ശരീരത്തിൽ തന്നെയുള്ള ഭാഗങ്ങളാണു്. ഇവയ്ക്കെല്ലാം ഈ ഉപകരണങ്ങൾകൊണ്ടു് നിർദ്ദിഷ്ടമായ ചില കൃത്യങ്ങൾ മാത്രമേ നിൎവ്വഹിക്കാനുള്ളു. എന്നാൽ മനുഷ്യനു് ഇത്തരം ഉപകരണങ്ങളൊന്നും കാര്യമായിട്ടില്ല. ചില ആദിമ മനുഷ്യർക്കു് ശക്തമായ താടിയെല്ലുകളും കൂൎത്ത ദംഷ്ട്രകളും ഉണ്ടായിരുന്നുവെങ്കിലും യഥാൎത്ഥ മനുഷ്യനിൽ ആ അവയവങ്ങളെല്ലാം നിരുപദ്രവകരങ്ങളായി തീൎന്നിരിക്കുന്നു. അവയ്ക്കുപകരം, ആവശ്യാനുസാരം ഉപയോഗിക്കുകയും ഉപേക്ഷിക്കുകയും ചെയ്യാൻ കഴിയുന്ന ഉപകരണങ്ങൾ മനുഷ്യനുണ്ടാക്കുന്നു.

ശരീരാവയവങ്ങളിൽനിന്നു് ഭിന്നമായ ഉപകരണങ്ങളുണ്ടാക്കാൻ കഴിവുള്ള ജന്തുക്കളുണ്ടു്. കൂടുണ്ടാക്കുന്ന പക്ഷികളും, ആധുനികശില്പികളെ അതിശയിപ്പിക്കുന്ന ശില്പചാതുരിയോടെ കൂടു നിൎമ്മിക്കുന്ന തേനീച്ചകളും മറ്റും ഇതിൽപ്പെടുന്നു. പക്ഷേ, ഇവയെല്ലാം ഇത്തരം കൃത്യങ്ങൾ നിൎവ്വഹിക്കുന്നതു് എന്നും ഒരേ രീതിയിലാണു്; പാരമ്പര്യഘടകങ്ങളുടെ നിയന്ത്രണത്തിലുള്ള ജന്മവാസനകളുടെ ഫലമാണിതു്. അവയ്ക്കു് സാഹചര്യങ്ങൾ മാറുന്നതിനനുസരിച്ചു് ഇത്തരം സ്വഭാവങ്ങൾ മാറ്റാൻ കഴിയില്ല. എന്നാൽ മനുഷ്യൻ ഉപകരണങ്ങൾ നിർമ്മിക്കുന്നതു് ജന്മവാസനകളുടെ ഫലമായിട്ടല്ല. പരിതഃസ്ഥിതിക്കനുസരിച്ചു് വ്യത്യസ്ത രീതിയിലുള്ള ഉപകരണങ്ങൾ നിൎമ്മിക്കാനും ആവശ്യം കഴിഞ്ഞാൽ ഉപേക്ഷിക്കാനും അവനു് കഴിയുന്നു.

ജന്തുക്കളുടെ ഉപകരണനിൎമ്മാണ പ്രവൎത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നതു് ശാരീരികമായ പ്രവൎത്തനങ്ങളാണെന്നതുപോലെ, മനുഷ്യന്റെ വിവിധ സ്വഭാവങ്ങളെയും അവ നിയന്ത്രിക്കുന്നുണ്ടു്. മനുഷ്യന്റെ ഉപകരണനിൎമ്മാണത്തിൽ നിൎണ്ണായക പങ്കു വഹിക്കുന്ന രണ്ടു് അവയവങ്ങളാണു് കൈകളും മസ്തിഷ്കവും. രണ്ടുകാലിൽ നിവൎന്നു നടക്കാൻ കഴിഞ്ഞതോടെ ഭാരം ചുമക്കുന്ന ജോലിയിൽനിന്നു മുക്തമാക്കപ്പെട്ട കൈകൾക്ക് മറ്റൊരു ജന്തുവിനും കഴിയാത്തവിധത്തിൽ വൈവിധ്യമാർന്ന കൃത്യങ്ങൾ നിർവ്വഹിക്കാനുള്ള കഴിവു ലഭിച്ചു. വിവിധ ഉപകരണങ്ങൾ കൈകാര്യം ചെയ്യുന്നതിൽ, ബാഹ്യലോകത്തു നിന്നുള്ള വിവിധ ചോദനകളെ കൂട്ടിയിണക്കുകയും അനുയോജ്യമായ പ്രതികരണങ്ങൾ ഉളവാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണു്. ഈ ശ്രമാവഹമായ കൃത്യം നിർവഹിക്കുന്നത് നാഡീവ്യൂഹവും മസ്തിഷ്കവും ചേർന്നിട്ടാണ്. ഇതുമൂലം ഏതൊരു സാഹചര്യത്തിനും അനുയോജ്യമായ വിധത്തിൽ ഉപകരണങ്ങൾ നിൎമ്മിക്കാനും ഉപയോഗിക്കാനും മനുഷ്യനു കഴിയുന്നു. മറ്റു ജന്തുക്കൾക്കിതു സാധ്യമല്ല.

ഉപകരണങ്ങൾ ഉപയോഗിക്കാൻ മാത്രം മനുഷ്യൻ പഠിച്ചാൽ പോരാ. നിൎമ്മിക്കാനും പഠിക്കണം. ഏറ്റവും ലളിതമായ ഉപകരണങ്ങൾ പോലും മനുഷ്യൻ നിൎമ്മിച്ചത് ദീൎഘകാല അനുഭവങ്ങളുടെ ഫലമായിട്ടാണ്. പലപ്രാവശ്യം ശ്രമിക്കുകയും പരാജയപ്പെടുകയും ചെയ്തതിന്റെ അനുഭവങ്ങൾ അനുസ്മരിക്കുകയും താരതമ്യപ്പെടുത്തുകയും ചെയ്തതിന്റെ ഫലമായിട്ടാണ് ആകൃതിവരുത്തിയ ശിലായുധങ്ങൾ പോലും ഉണ്ടാക്കാൻ ആദിമമനുഷ്യനു് കഴിഞ്ഞതു്. നിരന്തരമായ ശ്രമങ്ങളും ആ അനുഭവങ്ങളുടെ ശേഖരണവും താരതമ്യപഠനവും വീണ്ടുമുള്ള പരീക്ഷണങ്ങളുമാണ് ശാസ്ത്രീയസമീപനത്തിന്റെ അടിസ്ഥാനം. ആ നിലയ്ക്ക് ഏറ്റവും ആദ്യം കല്ലുകൊണ്ടുള്ള ഒരു പരുക്കൻ ഉപകരണമുണ്ടാക്കിയ ആദിമമനുഷ്യൻ ഒരു ശാസ്ത്രജ്ഞനായിരുന്നു. ഓരോ പുതിയ ഉപകരണങ്ങൾ ഉണ്ടാക്കുമ്പോഴും അവർ ശാസ്ത്രത്തിന്റെ വളർച്ചയ്ക്കു ഗതിവേഗം കൂട്ടുകയായിരുന്നു.

ഇവിടെ ശ്രദ്ധേയമായ ഒരു വസ്തുത നാം പരിഗണിക്കേണ്ടതുണ്ട്. മനുഷ്യനെ മറ്റു ജന്തുക്കളിൽ നിന്നു വേർപെടുത്തുന്ന സവിശേഷതകളെക്കുറിച്ച് ചിന്തിക്കാൻ ശ്രമിക്കുമ്പോൾ, ആധുനികയുഗത്തിൽ മനുഷ്യവംശം നേടിയിട്ടുള്ള എല്ലാത്തരം സമ്പത്തുകളോടും കൂടിയ ഒരു മനുഷ്യനെയും, അത്തരം ഒരു കഴിവുമില്ലാത്ത ആൾക്കുരങ്ങിനേയും താരതമ്യപ്പെടുത്താനാണു് നാം ശ്രമിക്കുക. ഇതിൽ വലിയൊരപാകതയുണ്ട്. മനുഷ്യന്റെ മൗലികമായ കഴിവും മനുഷ്യന്റെ ഇന്നേവരെയുള്ള നേട്ടവും രണ്ടു വ്യത്യസ്ത കാര്യങ്ങളാണു്. മനുഷ്യവംശത്തിൽപെടുന്ന അംഗങ്ങൾക്കു മൗലികമായി ചെയ്യാൻ കഴിയുന്ന പ്രവർത്തനസ്വഭാവത്തെ മനുഷ്യന്റെ കഴിവ് എന്നു വിളിക്കാം. എന്നാൽ നൂറ്റാണ്ടുകളും സഹസ്രാബ്ധങ്ങളുമായിട്ട് മനുഷ്യവംശം കൈവരിച്ചിട്ടുള്ള നേട്ടങ്ങളുടെ സമാഹാരമാണു് ആധുനിക മനുഷ്യന്റെ സമ്പത്ത്. ആധുനികമനുഷ്യനെ അപരിഷ്കൃതരുമായി താരതമ്യപ്പെടുത്താൻ ശ്രമിക്കുമ്പോൾ ഈ നേട്ടങ്ങളെയല്ല കണക്കിലെടുക്കേണ്ടത്; അവന്റെ മൗലികമായ കഴിവെന്താണെന്നു് പരിശോധിക്കുകയാണു വേണ്ടത്. ഉപകരണമുണ്ടാക്കാൻ പഠിച്ച ആദ്യമനുഷ്യനിൽ നിന്നു വളരെയേറെ ഭിന്നമായ കഴിവുകളൊന്നും ആധുനിക മനുഷ്യനില്ലെന്നു കാണാവുന്നതാണ്. ജനനം മുതൽക്കുതന്നെ ആധുനിക ലോകവുമായി യാതൊരു ബന്ധവുമില്ലാതെ ഒരുവനെ വളർത്തുകയാണെങ്കിൽ അവനു് ആദിമമനുഷ്യന്റേതിൽനിന്നു് വളരെ ഭിന്നമായ കഴിവുകളൊന്നുമില്ലെന്നു് കാണാൻ കഴിയും. ആ നിലയ്ക്കു് ഉപകരണങ്ങളും മറ്റായുധങ്ങളും നിർമ്മിക്കാനുള്ള കഴിവ് ആദിമമനുഷ്യപൂർവികൻ കരസ്ഥമാക്കിയതോടെതന്നെ ആധുനിക മനുഷ്യന്റെ ആവിർഭാവത്തിനു പറ്റിയ അടിസ്ഥാനമിട്ടുകഴിഞ്ഞിരുന്നു.

അധ്വാനവും ഭാഷയും

ഉപകരണങ്ങൾ ഉണ്ടാക്കുകയും ഉപയോഗിക്കുയും ചെയ്യുന്നത് അധ്വാനമാണു്. പുതിയ ഉപകരണങ്ങൾ കണ്ടുപിടിക്കാൻ തുടങ്ങിയതോടെ അധ്വാനത്തിന്റെ സ്വഭാവത്തിനും മാറ്റം വന്നു തുടങ്ങി. ജീവിതായോധനത്തിനു് ഏതെങ്കിലും വിധത്തിൽ ഉപകരിക്കുന്ന ഏതെങ്കിലും വസ്തുക്കൾ നിർമ്മിക്കുന്നതു് അധ്വാനമാണ്. ജീവിതായോധനത്തിനുതകുന്നതും മനുഷ്യൻ നിർമ്മിക്കുന്നതുമായ ഏതു വസ്തുവിനെയും പൊതുവിൽ ഉപകരണമെന്നു പറയാം. അപ്പോൾ അധ്വാനവും ഉപകരണങ്ങളും തികച്ചും അവിഭാജ്യമായ ഘടകങ്ങളെന്നു വരുന്നു.

പല ജന്തുക്കളുടെയും മൗലികമായ ഒരു സവിശേഷതയാണ് കൂട്ടം ചേർന്നുള്ള ജീവിതം. ആദിമമനുഷ്യപൂർവ്വികരിൽ പലരും ഈ സ്വഭാവം പ്രകടിപ്പിക്കുന്നവരാണു്. ഉപകരണങ്ങളുടെയും ആയുധങ്ങളുടെയും ആവിർഭാവത്തോടുകൂടി കൂട്ടുചേർന്നുള്ള ജീവിതത്തിലെ പരസ്പരസഹായത്തിനു വലിയ പ്രാധാന്യം ലഭിച്ചു. പരസ്പരസഹകരണത്തിന്റെ ഫലമായി കൂടുതൽ കൂടുതൽ നേട്ടങ്ങളുണ്ടാക്കാൻ കഴിഞ്ഞതോടെ സമൂഹത്തിൽ അംഗങ്ങൾ തമ്മിൽ കൂടുതലടുക്കാനും, അവരുടെ ബന്ധം കൂടുതൽ ദൃഢതരമാകാനും തുടങ്ങി. ഈ കൂട്ടായ പ്രവർത്തനം കൊണ്ട് ഓരോ വ്യക്തിക്കും കൂടുതൽ നേട്ടങ്ങൾ കൈവരിക്കാൻ കഴിയുകയും ചെയ്തു.

ഉപകരണങ്ങളും ആയുധങ്ങളുമുപയോഗിച്ചുകൊണ്ടുള്ള കൂട്ടായ പ്രവർത്തനം മനുഷ്യപരിണാമത്തിലെ ഏറ്റവും പ്രധാനമായ മറ്റൊരു ഉപകരണത്തിന്റെ ആവിർഭാവത്തിനു വഴിതെളിച്ചു. കൂട്ടായ നിർമ്മാണപ്രവർത്തനങ്ങളിൽ ഏർപ്പെട്ടവർക്ക് പരസ്പരം ആശയ വിനിമയം ചെയ്യേണ്ടത് അനിവാര്യമായി വന്നു. ആ അനിവാര്യതയാണു് വാക്കുകളുടെയും വാചകങ്ങളുടെയും അഥവാ ഭാഷയുടെ ആവിർഭാവത്തിനു കളമൊരുക്കിയത്.

അങ്ങനെ ഉപകരണങ്ങളുടെ ഉപകരണമായിട്ടാണു് ഭാഷ വളർന്നുവന്നതു്. ഭാഷയുടെ ആവിർഭാവത്തിനു് അനിവാര്യമായ രണ്ടുപാധികളുണ്ട്. ഒന്നാമതായി, നിയന്ത്രണവിധേയമായി ശബ്ദം പുറപ്പെടുവിക്കാൻ കഴിവുള്ള ശബ്ദനാളത്തിന്റെ പരിണാമമാണു നടക്കേണ്ടത്. ജീവശാസ്ത്രപരമായ ഈ പരിണാമം തികച്ചും ജൈവപരിണാമ നിയമങ്ങൾക്കനുസരിച്ച് അഥവാ, പ്രകൃതിനിർദ്ധാരണത്തിനു വിധേയമായിക്കൊണ്ടുതന്നെയാണു് നടന്നിരിക്കുക. എന്നാൽ ഭാഷയുടെ ആവിർഭാവത്തിനു് ഒഴിച്ചുകൂടാൻ പാടില്ലാത്ത ഇതര ഘടകം സമൂഹമാണു്. ഏകനായ ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം ഭാഷ നിരർത്ഥകമാണു്. ഒന്നിലധികം പേർ കൂടുമ്പോൾ മാത്രമേ ആശയവിനിമയം ആവശ്യമായി വരുന്നുള്ളു. അപ്പോൾ മാത്രമേ ഭാഷയ്ക്ക് അർത്ഥം ലഭിക്കുന്നുള്ളു.

കൈകളുടെയും സംസാരേന്ദ്രിയങ്ങളുടെയും മസ്തിഷ്കത്തിന്റെയും കൂട്ടായ പ്രവർത്തനം വഴി ഓരോ വ്യക്തിക്കു മാത്രമല്ല, സമൂഹത്തിനു തന്നെയും വമ്പിച്ച നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. ഓരോ തലമുറയിലേയും നേട്ടങ്ങൾ ഭാഷയുടെ സഹായത്തോടെ അടുത്ത തലമുറയിലേക്കു പകർത്തപ്പെട്ടു. ഇത് പുതിയ തലമുറകൾക്ക്, പുതിയ പര്യവേഷണമേഖലകളിലേയ്ക്കു നുഴഞ്ഞുകയറാനുള്ള അവസരം നൽകി. അങ്ങനെ തലമുറകൾതോറും മനുഷ്യന്റെ നേട്ടങ്ങൾ ഒന്നിനൊന്നു വർദ്ധിക്കാൻ തുടങ്ങി.

സമൂഹമധ്യത്തിൽ ജനിക്കുന്ന ഒരു മനുഷ്യശിശു തനതായ രീതിയിൽ എല്ലാത്തരം പരീക്ഷണങ്ങളും നടത്തിനോക്കി, തനിക്കാവശ്യമായ പരിജ്ഞാനം സമ്പാദിക്കേണ്ടതില്ല. തലമുറകളിലൂടെ സ്വായത്തമാക്കിപ്പോന്നിട്ടുള്ള അനുഭവജ്ഞാനത്തിന്റെ വെളിച്ചത്തിൽ കുടുംബത്തിലെയും സമൂഹത്തിലെയും മറ്റംഗങ്ങൾ ഉപകരണങ്ങൾ ഉണ്ടാക്കുകയും ഉപയോഗിക്കുകയും ചെയ്യേണ്ടത് എങ്ങനെയാണെന്ന് അവനെ പഠിപ്പിക്കുന്നു. വാസ്തവത്തിൽ ഓരോ വ്യക്തിയും ഉപയോഗിക്കുന്ന ഉപകരണങ്ങൾ ഈ അടിസ്ഥാനത്തിൽ സാമൂഹ്യോല്പന്നങ്ങളാണു്.

ശബ്ദനാളത്തിന്റെയും നാവിലെ പേശികളുടെയും മറ്റവയവങ്ങളുടെയും ഘടനാസവിശേഷത നിമിത്തം ഒട്ടേറെ വൈഷമ്യമാർന്ന ശബ്ദങ്ങൾ പുറപ്പെടുവിക്കാൻ മനുഷ്യനു കഴിയുന്നു. വിപുലമായ തോതിൽ ബന്ധങ്ങൾ രൂപീകരിക്കാൻ കഴിവുള്ള മസ്തിഷ്കത്തോടു കൂടിയ മനുഷ്യർ സമൂഹങ്ങളായി ജീവിക്കുമ്പോൾ ഈ എണ്ണമറ്റ ശബ്ദങ്ങളെ പലതിനെയും പ്രത്യേക വസ്തുക്കളോ സ്വഭാവങ്ങളോ ആയി ബന്ധിപ്പിക്കാൻ കഴിയുന്നു. ഒരു സമൂഹത്തിലെ ഭൂരിപക്ഷം അംഗങ്ങളുടെയും അംഗീകാരത്തോടെ കാലക്രമത്തിൽ ഓരോ ശബ്ദവും ഏതെങ്കിലും വസ്തുവിനെയോ സംഭവത്തേയോ പ്രതിനിധീകരിക്കുന്നതായി തീരുന്നു. അങ്ങനെ ശബ്ദങ്ങൾ പ്രവൃത്തികളുടെ സൂചനകളോ വസ്തുക്കളുടെ പ്രതീകങ്ങളോ ആയിത്തീരുന്നതോടെ അവ പദങ്ങളാവുന്നു. ഈ പദങ്ങളെ വീണ്ടും പൊതുവായ അംഗീകാരത്തിന്റെ അടിസ്ഥാനത്തിൽ ക്രമീകരിക്കുമ്പോൾ വാചകങ്ങളായി തീരുന്നു. ലോകത്തിലെ വിവിധ ഭാഗങ്ങളിലെ മനുഷ്യസമൂഹങ്ങളിൽ വിവിധതരം ശബ്ദങ്ങൾക്കു വ്യത്യസ്ത അൎത്ഥങ്ങൾ അവരോധിക്കപ്പെട്ടു. തൽഫലമായി ഓരോ സമൂഹത്തിലും ഓരോ വ്യത്യസ്തഭാഷകൾ ഉയൎന്നുവന്നു.

ഓരോ സമൂഹവും സമാഹരിക്കുന്ന അനുഭവസമ്പത്തും വിജ്ഞാനവും അടുത്ത തലമുറയിലേയ്ക്കു പകർത്തുന്നതിനായി ഉപയോഗിക്കപ്പെടുന്ന മാധ്യമമാണു് ഭാഷ. പക്ഷേ, നിഷ്ക്രിയമായ ഒരു മാധ്യമമായി മാത്രമല്ല ഭാഷ വർത്തിക്കുന്നത്. അതിനു ക്രിയാത്മകമായ മറ്റൊരു വശം കൂടിയുണ്ട്. സമൂഹത്തിലെ അനുഭവസമ്പത്ത് മുഴുവൻ ക്രോഡീകരിച്ചു വയ്ക്കുന്നതോടെ ഭാഷയുടെ കർത്തവ്യം അവസാനിക്കുന്നില്ല. അങ്ങനെ സമാഹരിക്കപ്പെട്ട അനുഭവങ്ങൾ തമ്മിൽ പുതിയ പുതിയ ബന്ധങ്ങളുണ്ടാക്കാൻ അതു സഹായിക്കുന്നു. ഓരോ അനുഭവവും ഓരോ പദമോ പദസമൂഹമോ വഴിയാണല്ലോ മസ്തിഷ്കത്തിൽ മുദ്രണം ചെയ്യപ്പെടുന്നത്. ഇങ്ങനെയുള്ള പദങ്ങൾ തമ്മിൽ പുതിയ ബന്ധങ്ങൾ സ്ഥാപിക്കുന്നതു വഴി അവ പുതിയ ആശയങ്ങളായി മാറുന്നു. വാസ്തവത്തിൽ ഓരോ പദവും ഓരോ വസ്തുവെയോ സംഭവത്തേയോ അതേപടി പ്രതിനിധീകരിക്കുന്നില്ല. ഒരു പദത്തിന്റെ സാമൂഹ്യമായി അംഗീകരിക്കപ്പെട്ട അൎത്ഥം പലപ്പോഴും ‘അമൂർത്ത’മായിരിക്കും. ഒരു പദം ഒരു പ്രത്യേക വസ്തുവിനെയല്ലാതെ ഒരു വൎഗ്ഗം വസ്തുക്കളുടെ പൊതുവായ ഗുണത്തെ പ്രതിനിധീകരിക്കാറുണ്ട്. ‘മനുഷ്യൻ’ എന്ന പദം തന്നെയെടുക്കുക. ആ പദം ഏതെങ്കിലുമൊരു പ്രത്യേക വസ്തുവിനെ പ്രതിനിധീകരിക്കുന്നില്ല. അതേസമയം ഒരു പ്രത്യേക വർഗ്ഗം വസ്തുക്കളെ ഒരുമിച്ചു് പ്രതിനിധീകരിക്കുകയും ചെയ്യുന്നു. ഇങ്ങനെ വസ്തുക്കളുമായി നേരിട്ടു ബന്ധമില്ലാതെ തന്നെ, അവയെക്കുറിച്ചുള്ള അമൂർത്താശയങ്ങൾ രൂപീകരിക്കാൻ ഭാഷയുടെ സഹായത്തോടെ നമുക്കു കഴിയുന്നു. മനുഷ്യനൊഴിച്ചുള്ള ഒരു ജന്തുവിനും ഈ അമൂർത്തവൽക്കരണം സാധ്യമല്ല.

ആശയങ്ങളുടെ പങ്കു്

ഏതെങ്കിലും ഉപകരണങ്ങളോ കൈകളോ ഉപയോഗിച്ചു് എന്തെങ്കിലും കൃത്യം നിർവഹിക്കാതെതന്നെ മസ്തിഷ്കത്തിൽവെച്ചു് അത്തരം കൃത്യങ്ങൾ, പ്രതീകങ്ങളും പ്രതിബിംബങ്ങളും ഉപയോഗിച്ചു് ചെയ്യാൻ മനുഷ്യനു കഴിയുന്നു. സമൂർത്തസാഹചര്യങ്ങളിൽ നിന്നു് ഉടലെടുക്കുന്നതാണു് എല്ലാ അനുഭവങ്ങളുമെങ്കിലും മസ്തിഷ്കത്തിനുള്ളിൽ വെച്ചു് അവയ്ക്കു് അമൂർത്ത ബന്ധങ്ങൾ സ്ഥാപിക്കാൻ കഴിയുന്നു. ഇത്തരം അമൂർത്തബന്ധങ്ങൾ അനുയോജ്യവും പരസ്പരബദ്ധവുമായ രീതിയിൽ രൂപംകൊള്ളുമ്പോൾ നാം അതിനെ ചിന്ത, യുക്തിവൽക്കരണം എന്നെല്ലാം വിളിക്കുന്നു. സാമൂഹ്യോല്പന്നമായ ഭാഷയുടെ സഹായത്തോടെ നേരിട്ടനുഭവവേദ്യമല്ലാത്ത വസ്തുക്കളെയും സംഭവങ്ങളെയും പ്രതിനിധീകരിക്കുന്ന ആശയങ്ങൾ മനുഷ്യർ സൃഷ്ടിക്കുന്നു. ഈ ആശയങ്ങളെ പ്രതിനിധീകരിക്കുന്ന പദങ്ങളെപ്പോലെതന്നെ ഇവയും സാമൂഹ്യോല്പന്നങ്ങളാണു്. സാമൂഹ്യപരിതഃസ്ഥിതികളിൽനിന്നുടലെടുക്കുന്ന ആശയങ്ങൾ തിരിച്ചു് സമൂഹത്തെയും സ്വാധീനിക്കുന്നുണ്ട്.

സാമൂഹ്യപരിണാമത്തിന്റെ വിവിധഘട്ടങ്ങളിൽ വിവിധ ആശയങ്ങൾ ഉടലെടുക്കുന്നു. ഓരോ കാലഘട്ടത്തിന്റെയും സവിശേഷതയായ ആശയസംഹിതകളാണു് പ്രത്യയശാസ്ത്രങ്ങൾ. പ്രത്യയശാസ്ത്രം അതാതുകാലത്തെ സാമൂഹ്യവ്യവസ്ഥിതിയുടെ പ്രതിഫലനമായിരിക്കും. ഒരു സാമൂഹ്യവ്യവസ്ഥിതി എന്നു പറയുമ്പോൾ, ഒരു സമൂഹത്തിലെ ജനങ്ങൾ ജീവിതായോധനത്തിനായി ഉപയോഗിക്കുന്ന ഉപകരണങ്ങളും, ഉല്പാദനസമ്പ്രദായങ്ങളും, അവയുടെ അടിസ്ഥാനത്തിലുള്ള പരസ്പരബന്ധങ്ങളുമെല്ലാം ഉൾപ്പെടുന്നു. ഇതിന്റെയെല്ലാം അടിസ്ഥാനം സാമ്പത്തികബന്ധങ്ങളായതിനാൽ ഇത്തരം ഭൗതിക ജീവിത സാഹചര്യങ്ങളിൽനിന്നുടലെടുക്കുന്നതാണു് സാമൂഹ്യമായ ആശയങ്ങളെല്ലാം. ഈ ആശയങ്ങൾ ചേർന്നിട്ടാണു് ആ പ്രത്യേക സമൂഹത്തിന്റെ പ്രത്യയശാസ്ത്രമായി തീരുന്നതു്. ഇത്തരം പ്രത്യയശാസ്ത്രങ്ങൾ അടുത്ത പടിയായി, സമൂഹത്തിന്റെ വളർച്ചയിൽ നിയാമകമായ ഒരു പങ്കു വഹിക്കുന്നു.

സമൂഹത്തിലെ വ്യക്തികളുടെ ചിന്താഗതികളും വീക്ഷണങ്ങളും വ്യക്തിനിഷ്ഠമായി രൂപംകൊള്ളുന്നവയല്ല. അവ മൊത്തത്തിൽ നിലനില്ക്കുന്ന സമൂഹവ്യവസ്ഥിതിയിലെ സാമ്പത്തിക ബന്ധങ്ങളുടെയും അവയുടെ ഫലമായ മറ്റു സാഹചര്യങ്ങളുടെയും പ്രതിഫലനമായിരിക്കും. വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങളല്ല, അവർ ജീവിക്കുന്ന ഭൗതികപരിതഃസ്ഥിതിയാണു് അവരുടെ ആശയങ്ങളെ നിർണ്ണയിക്കുന്നതു്. സാമൂഹ്യചരിത്രത്തിൽ സംഭവിച്ചിട്ടുള്ള വമ്പിച്ച പരിവർത്തനങ്ങൾക്കെല്ലാം കാരണമന്വേഷിച്ചു പോകുമ്പോൾ, തന്മൂലം, നാം ചെന്നെത്തുന്നതു് വ്യക്തികളിലും അവരുടെ ആശയങ്ങളിലുമല്ല; മറിച്ചു്, സാമൂഹ്യവ്യവസ്ഥയിലും അതിന്റെ ആണിക്കല്ലായ സാമ്പത്തികബന്ധങ്ങളിലുമാണു്. മനുഷ്യസമൂഹത്തിന്റെ ചരിത്രത്തെ വസ്തുനിഷ്ഠമായി വിശകലനം ചെയ്യാൻ ശ്രമിക്കുന്നവർ സാമ്പത്തികാടിത്തറയിലധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥിതിയുടെ പരിവർത്തനങ്ങളിലാണു് ശ്രദ്ധ ചെലുത്തേണ്ടതു്.