close
Sayahna Sayahna
Search

Difference between revisions of "K Venu pm 30"


(Created page with "__NOTITLE____NOTOC__← പ്രപഞ്ചവും മനുഷ്യനും {{SFN/PM}}{{SFN/PMBox}}{{DISPLAYTITLE:ചരിത്രത്തിന്റെ ഭ...")
 
(No difference)

Latest revision as of 03:09, 10 August 2019

പ്രപഞ്ചവും മനുഷ്യനും

പ്രപഞ്ചവും മനുഷ്യനും
PM cover.png
ഗ്രന്ഥകർത്താവ് കെ. വേണു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ശാസ്ത്രസാഹിത്യം
വര്‍ഷം
1970
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 346
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

മനുഷ്യൻ ഭൂമുഖത്തു് രംഗപ്രവേശം ചെയ്തതിനു ശേഷമുള്ള കാലഘട്ടത്തിന്റെ ഏതാണ്ടു് 2 ശതമാനത്തോളം മാത്രമേ, എഴുതപ്പെട്ട ചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളു. ശേഷിക്കുന്ന സുദീർഘ കാലയളവു് ഇന്നു് നമുക്കു് അജ്ഞാതമല്ല. പുരാവസ്തു ഗവേഷകരുടെയും നരവംശശാസ്ത്രജ്ഞന്മാരുടെയും മറ്റും പഠനങ്ങളുടെ ഫലമായി ആ കാലഘട്ടത്തിൽ നടന്ന സുപ്രധാന പരിവർത്തനങ്ങളെക്കുറിച്ചും ഒരേകദേശധാരണ രൂപപ്പെടുത്താൻ നമുക്കു കഴിഞ്ഞിട്ടുണ്ടു്; മനുഷ്യന്റെ ആവിർഭാവം മുതൽക്കിങ്ങോട്ടുള്ള ഈ നീണ്ട കാലയളവിൽ നടന്നിട്ടുള്ള പരിവർത്തനങ്ങളെക്കുറിച്ചു് വസ്തുനിഷ്ഠമായി പഠിക്കാൻ ശ്രമിച്ചാൽ, പല ചരിത്രകാരന്മാരും കരുതുന്നതുപോലെ, ചരിത്രം വെറും യാദൃച്ഛിക സംഭവങ്ങളുടെ ഒരു സമാഹാരമല്ലെന്നു മനസ്സിലാക്കാൻ കഴിയും. ഈ നിയമങ്ങളുടെ അടിസ്ഥാനത്തിൽ ചരിത്രത്തെ വിവിധ ഘട്ടങ്ങളായി തരംതിരിക്കാനും കഴിയും. ചരിത്രത്തിന്റെ ഗതിക്രമത്തെ നിയന്ത്രിക്കുന്ന മൗലികവസ്തുതകളെന്താണെന്നു് നോക്കാം.

ജീവിതോപാധികളുടെ ഉല്പാദനം

മറ്റെല്ലാ ജന്തുക്കളുടെയുമെന്നപോലെ മനുഷ്യന്റെയും നിലനിൽപിനു് അത്യന്താപേക്ഷിതമായിട്ടുള്ളതു ഭക്ഷണമാണു്. അതുകഴിഞ്ഞാൽ വസ്ത്രവും പാർപ്പിടവും. അത്യധികം സാമൂഹ്യപുരോഗതിയാർജ്ജിച്ചിട്ടുള്ള ഈ കാലഘട്ടത്തിൽപോലും ഭക്ഷണത്തിന്റെയും വസ്ത്രത്തിന്റെയും പാർപ്പിടത്തിന്റെയും പ്രശ്നങ്ങൾ പരിഹരിച്ചതിനുശേഷം മാത്രമേ മനുഷ്യർ കലയുടെയും ശാസ്ത്രത്തിന്റെയും രാഷ്ട്രീയത്തിന്റെയും മതത്തിന്റെയും മറ്റും മേഖലകളിലേക്കു് പ്രവേശിക്കുന്നുള്ളു. അപ്പോൾ പിന്നെ, കലയും ശാസ്ത്രവും മറ്റും വളർച്ച പ്രാപിക്കാതിരുന്ന ആദിമകാലഘട്ടങ്ങളിൽ, അനിവാര്യമായ ജീവിതോപാധികൾ സമ്പാദിക്കുക എന്നുള്ളതു മാത്രമായിരുന്നു മനുഷ്യരുടെ പ്രഥമോദ്ദേശം. അതുകൊണ്ടുതന്നെ, ജീവിതോപാധികളുടെ ഉല്പാദനമാണു് എല്ലാതരത്തിലുള്ള സമൂഹങ്ങളുടെയും നിലനില്പിനെ നിയന്ത്രിച്ചിരുന്നതു്.

ചരിത്രത്തിൽ രംഗപ്രവേശം ചെയ്തിട്ടുള്ള എല്ലാ സമൂഹങ്ങളുടേയും മൗലികസ്വഭാവത്തെ നിർണ്ണയിച്ചിട്ടുള്ളതു്, സമൂഹത്തിൽ എന്തു് ഉല്പാദിപ്പിക്കപ്പെട്ടു, ഉല്പന്നങ്ങൾ എങ്ങനെ കൈമാറ്റം ചെയ്യപ്പെട്ടു എന്ന വസ്തുതകളാണു്. തന്മൂലം, സാമൂഹ്യപരിവർത്തനങ്ങളെ നിയന്ത്രിക്കുന്നതു്, ഉല്പാദനരീതിയിലുണ്ടാകുന്ന മാറ്റങ്ങളാണു്. ഓരോ സമൂഹത്തിലും പ്രത്യേക രീതിയിലുള്ള % ഉല്പാദന സമ്പ്രദായങ്ങളിൽ മാറ്റമുണ്ടാകുമ്പോൾ അതോടു ബന്ധപ്പെട്ടു എല്ലാ സാമൂഹ്യഘടകങ്ങളിലും മാറ്റം അനിവാര്യമായുമുണ്ടാകും. ചരിത്രത്തിന്റെ ഗതി ക്രമത്തിൽ ഉല്പാദനസമ്പ്രദായത്തിനു് ഗണ്യമായ പരിവർത്തനങ്ങൾ സംഭവിച്ചിട്ടുണ്ടു്. ഭക്ഷണം ശേഖരിച്ചു് ജീവിച്ചിരുന്ന ആദിമ പ്രാകൃത മനുഷ്യരുടെ ഗോത്രവർഗ്ഗങ്ങൾ തുടങ്ങി, ആധുനിക സോഷ്യലിസ്റ്റ് വ്യവസ്ഥിതിവരെയുള്ള പരിണാമത്തിനിടയ്ക്കു് മനുഷ്യസമൂഹം വിവിധ രീതിയിലുള്ള ഉല്പാദനസമ്പ്രദായങ്ങൾ ആവിഷ്കരിക്കുകയും അതിനനുസരിച്ചുള്ള സാമൂഹ്യ വ്യവസ്ഥിതികൾ നിലനിർത്തുകയും ചെയ്തിട്ടുണ്ടു്. ഇങ്ങനെ ഒന്നിനുപുറകെ ഒന്നായി രംഗപ്രവേശം ചെയ്ത വിവിധ ഉല്പാദന സമ്പ്രദായങ്ങളാണു് ഇന്നോളമുള്ള സാമൂഹ്യപ്രവർത്തനങ്ങൾക്കെല്ലാം നിദാനമായി വർത്തിച്ചിട്ടുള്ളതു്.

ഉല്പാദനസമ്പ്രദായങ്ങളിലുണ്ടായ പരിവർത്തനത്തെക്കുറിച്ചു് പഠിക്കുന്നതിനു്, ഉല്പാദന സമ്പ്രദായങ്ങളിലെ ഘടകങ്ങളെന്തല്ലാമാണെന്നു മനസ്സിലാക്കണം. ഉല്പാദനസമ്പ്രദായത്തിനു് രണ്ടു് അടിസ്ഥാനഘടകങ്ങളുണ്ടു് —ഉല്പാദനശക്തികളും ഉല്പാദനബന്ധങ്ങളും.

ഉല്പാദനം നടത്തുന്നതിനു് വിവിധ തരത്തിലുള്ള ഉല്പാദന സാമഗ്രികളാവശ്യമാണു്. ശിലായുഗത്തിൽ കല്ലുകൊണ്ടും എല്ലുകൊണ്ടും മറ്റുമുള്ള ഉപകരണങ്ങളാണു് ഉപയോഗിച്ചിരുന്നതെങ്കിൽ, ഇന്നു് അതീവ സങ്കീർണ്ണമായ ഉപകരണങ്ങളും യന്ത്രങ്ങളും വാഹനങ്ങളും മറ്റും ഉപയോഗിക്കുന്നു. ഉല്പാദനസാമഗ്രികൾ കൂടാതെ ഒരു കാലത്തും ഉല്പാദനം നടന്നിട്ടില്ല. എന്നാൽ ഉല്പാദന സാമഗ്രികൾ നിർമ്മിക്കാനും ഉപയോഗിക്കാനും കഴിവുള്ള മനുഷ്യർ കൂടിയുണ്ടെങ്കിലേ ഉല്പാദനം നടക്കൂ. തന്മൂലം ഉല്പാദനശക്തികൾ എന്നതു കൊണ്ടുദ്ദേശിക്കുന്നതു്, ഉല്പാദനം നടത്തുന്നതിനു് അനിവാര്യമായ ഉല്പാദന സാമഗ്രികളും അവ കൈകാര്യം ചെയ്യുന്ന മനുഷ്യരുമാണു്. ഈ രണ്ടു് ഘടകങ്ങളും കൂടിച്ചേർന്നതാണു് ഉല്പാദന ശക്തികൾ.

സാമൂഹ്യമായ പരസ്പര ബന്ധങ്ങളും സഹകരണവും കൂടാതെ ഒരുതത്തിലുള്ള ഉല്പാദനവും സാദ്ധ്യമല്ല. ഉല്പാദന സാമഗ്രികൾ ഉണ്ടാക്കുന്നതിലും ഉപയോഗിക്കുന്നതിലും പരിചയവും വൈദഗ്ധ്യവും നേടുന്നതിനായി ജനങ്ങൾ പരസ്പരം ബന്ധത്തിലേർപ്പെടുന്നു. ഉല്പാദന പ്രക്രിയയിലേർപ്പെടുന്ന ആളുകൾ തമ്മിൽ തമ്മിലുള്ള ബന്ധങ്ങളെയാണു് ഉല്പാദന ബന്ധങ്ങളെന്നു പറയുന്നതു്. പക്ഷേ, ഉല്പാദനം നടത്തുമ്പോൾ അതുമായി ബന്ധപ്പെട്ട വ്യക്തികൾ മാത്രമായുള്ള ബന്ധങ്ങളിലേർപ്പെട്ടാൽ പോരാ, ഉല്പാദനോപാധികളുമായും ബന്ധത്തിലേർപ്പെടണം. ഉല്പാദനോപാധികൾ എന്നതുകൊണ്ടുദ്ദേശിക്കുന്നതു് ഉല്പാദനസാമഗ്രികൾ മാത്രമല്ല, ഉല്പാദനത്തിനാവശ്യമായ എല്ലാ തരത്തിലുള്ള അസംസ്കൃത വസ്തുക്കളും, ഭൂമിയും കെട്ടിടങ്ങളും മറ്റും അതിലുൾപ്പെടുന്നു. ഇങ്ങനെയുള്ള ഉല്പാദനോപാധികളുമായി ഉല്പാദനത്തിലേർപ്പെട്ടിട്ടുള്ളവർക്കുള്ള വിവിധതരത്തിലുള്ള ബന്ധങ്ങൾ അതീവ സങ്കീർണ്ണങ്ങളാണു്.

ഉല്പാദനം നടത്തുന്നതിനു് അതുമായി ബന്ധപ്പെട്ടവർ ഉല്പാദനോപാധികളുമായുള്ള തങ്ങളുടെ ബന്ധങ്ങൾ പരസ്പരം ക്രമീകരിക്കേണ്ടതുണ്ട്. അതുവഴി, കാലക്രമത്തിൽ ഉല്പാദനോപാധികൾ, സമൂഹത്തിലെ ചില വ്യക്തികളുടെ കൈകളിലായിത്തീരുന്നു. അങ്ങനെയാണു് സ്വത്തുബന്ധങ്ങളും സ്വകാര്യ സ്വത്തും ഉടലെടുത്തത്.

ഏറ്റവും ആദിമഘട്ടത്തിൽ നായാടി ജീവിച്ചിരുന്ന ഗോത്രവൎഗ്ഗക്കാർ പരസ്പരം സഹകരിച്ചു നായാടുകയും, സമ്പാദിച്ച ഭക്ഷ്യവസ്തുക്കൾ എല്ലാവരുടെയും കൂടെയുള്ള പൊതുസ്വത്തായി കണക്കാക്കുകയും ചെയ്തിരുന്നു. എന്നാൽ വെറും നായാടി നടക്കുന്ന ഘട്ടം കഴിഞ്ഞ് കൂടുതൽ സങ്കീർണ്ണമായ ഉപകരണങ്ങളോടുകൂടി ജീവിതോപാധികൾ ഉല്പാദിപ്പിക്കാൻ തുടങ്ങിയതോടെ തൊഴിൽ വിഭജനം ആരംഭിച്ചു തുടങ്ങി. വ്യത്യസ്ത വ്യക്തികൾ വ്യത്യസ്ത ജോലികൾ മാത്രം ചെയ്യുകയും അതിനാവശ്യമായ സാമഗ്രികൾ സ്വന്തം സ്വത്തായി കണക്കാക്കാൻ തുടങ്ങുകയും ചെയ്തു. അതുവഴി ഉല്പാദകൻ നിൎമ്മിക്കുന്ന ഉല്പന്നവും അയാളുടെ സ്വത്തായിത്തീർന്നു. ഇങ്ങനെ ഉല്പാദനോപകരണങ്ങളും, പിന്നെ ഉല്പന്നങ്ങളും അവസാനം ഭൂമി തുടങ്ങിയ ഉല്പാദനോപാധികളും അയാളുടെ സ്വകാര്യസ്വത്തായി തീർന്നു. ഇങ്ങനെയാണു് സ്വകാര്യസ്വത്തുസമ്പ്രദായം രംഗപ്രവേശം ചെയ്തത്.

ഉല്പാദനശക്തികളുടെ വളർച്ച

എന്നും ഒരേ രീതിയിലുള്ള ഉല്പാദനശക്തികളും ഉല്പാദനബന്ധങ്ങളുമാണു് നിലനിന്നിരുന്നതെങ്കിൽ യാതൊരു മാറ്റവുമില്ലാതെ ഒരേ ഉല്പാദനസമ്പ്രദായം തന്നെ എന്നും നിലനില്ക്കുമായിരുന്നു. അപ്പോൾ സാമൂഹ്യപരിവർത്തനങ്ങളും സാധ്യമാകുമായിരുന്നില്ല. എന്നാൽ യഥാൎത്ഥ സ്ഥിതി ഇതായിരുന്നില്ല. ഉല്പാദനശക്തികൾ മാറുകയും വളരുകയും ചെയ്യുന്നു, അതിനനുസരിച്ച് ഉല്പാദനബന്ധങ്ങളും. ഉല്പാദനശക്തികളിൽ ഉണ്ടാകുന്ന ഈ പരിവർത്തനങ്ങളാണ് യഥാൎത്ഥത്തിൽ സാമൂഹ്യവളർച്ചയുടെ ജീവനാഡി.

ഉല്പാദനശക്തികൾ മാറുകയും വളരുകയും ചെയ്യുന്നത് എന്തുകൊണ്ടാണെന്നു മനസിലാക്കേണ്ടതുണ്ട്. അടിസ്ഥാനപരമായി ചുറ്റുമുള്ള പ്രകൃതിശക്തികളെ കീഴടക്കാനും ആവശ്യാനുസാരം നിയന്ത്രിക്കാനുമുള്ള മനുഷ്യരുടെ അഭിവാഞ്ഛയാണു് പുതിയ ഉല്പാദനോപകരണങ്ങളുടെ കണ്ടുപിടിത്തത്തിനു കാരണമാകുന്നത്. പുതിയ ഉല്പാദനോപകരണങ്ങൾ കണ്ടുപിടിക്കുകയും അവയെ ഉപയോഗിക്കാനുള്ള മനുഷ്യരുടെ കഴിവ് വൎദ്ധിക്കുകയും ചെയ്യുമ്പോഴാണു് ഉല്പാദനശക്തികൾ മുന്നേറുന്നത്. എന്നാൽ ഉല്പാദനശക്തികളിലുണ്ടാകുന്ന ഈ വളർച്ച എല്ലാ കാലത്തും ഉണ്ടായിക്കൊണ്ടിരിക്കുന്നില്ല. പലപ്പോഴും ഒരു സുപ്രധാന വളർച്ചയുണ്ടായതിനു ശേഷം ആ ഉല്പാദനശക്തികൾ വളരെക്കാലത്തേക്ക് കാര്യമായ മാറ്റമൊന്നും കൂടാതെ തുടരും. പുരാതന ശിലായുഗത്തിലും മറ്റും നിലനിന്നിരുന്ന ഉല്പാദനോപകരണങ്ങൾ ആയിരക്കണക്കിനു വർഷങ്ങളായിട്ട് കാര്യമായ മാറ്റമൊന്നും കൂടാതെ നിലനില്ക്കുകയുണ്ടായി.

ഉല്പാദനോപകരണങ്ങളിൽ മാറ്റമുണ്ടായാൽ ഉല്പാദനബന്ധങ്ങളിലും മാറ്റമുണ്ടാകേണ്ടത് അനിവാര്യമാണു്. ഉല്പാദനശക്തികൾ മാറാത്തിടത്തോളം കാലം ഉല്പാദനബന്ധങ്ങളിലും മാറ്റമുണ്ടാവുകയില്ല. തന്മൂലം ശിലായുഗത്തിലെ ആയിരക്കണക്കിനു വർഷങ്ങളിൽ ഉല്പാദനശക്തികൾ പരിണമിച്ചില്ലെന്നതുകൊണ്ടു ഉല്പാദനബന്ധത്തിലും കാര്യമായ മാറ്റമുണ്ടായില്ല.

ഏതെങ്കിലും ആസൂത്രണത്തിന്റെയോ മുൻകൂട്ടിയുള്ള തീരുമാനത്തിന്റെയോ ഫലമായിട്ടല്ല ഉല്പാദനോപകരണങ്ങളിൽ പരിവർത്തനമുണ്ടാകുന്നത്. മനുഷ്യരുടെ ആഗ്രഹത്തിനനുസരിച്ചല്ല അതു നടക്കുന്നതു്. താല്ക്കാലികമായ ആവശ്യങ്ങളെ മുൻനിർത്തിയാണു് പല പുതിയ ഉപകരണങ്ങളും കണ്ടുപിടിക്കപ്പെട്ടിട്ടുള്ളത്. എന്നാൽ പിൽക്കാലത്ത് ആ ഉപകരണങ്ങളും കണ്ടുപിടിത്തങ്ങളും സൃഷ്ടിക്കുന്ന വമ്പിച്ചപരിവർത്തനങ്ങൾ അവയുടെ നിൎമ്മാതാക്കൾ മുൻകൂട്ടി കണ്ടതായിരിക്കുകയില്ല. അങ്ങനെ മനുഷ്യരുടെ ഇഷ്ടാനിഷ്ടങ്ങളിൽ നിന്നു് സ്വതന്ത്രമായിക്കൊണ്ട് ഉടലെടുക്കുന്നതാണ് ഉല്പാദനോപകരണങ്ങളുടെ വളർച്ച.

ഉല്പാദനബന്ധങ്ങളിലെ പരിവർത്തനങ്ങൾ

ഉല്പാദനശക്തികളിൽ മാറ്റമുണ്ടായാൽ ഉല്പാദനബന്ധങ്ങളിലും മാറ്റങ്ങളുണ്ടാകേണ്ടത് അനിവാര്യമാണു്. ഉല്പാദനപ്രക്രിയയിൽ ഉപയോഗിക്കപ്പെടുന്ന ഉല്പാദനോപകരണങ്ങൾക്ക് അനുസൃതമായ ഉല്പാദനബന്ധങ്ങളായിരിക്കണം നിലനില്ക്കേണ്ടത്. അല്ലെങ്കിൽ ഉല്പാദനം നടക്കുക സാധ്യമല്ല. ആ നിലയ്ക്കു പുതിയ ഉപകരണങ്ങളുടെ ആവിർഭാവത്തോടെ പുതിയ ഉല്പാദനബന്ധങ്ങളും രംഗപ്രവേശം ചെയ്യേണ്ടതുണ്ട്.

ഉല്പാദനത്തിലെ ഏറ്റവും ചലനാത്മകമായ ഘടകമാണു് ഉല്പാദനശക്തികൾ. എന്നാൽ ഉല്പാദനബന്ധങ്ങൾ ഒരിക്കൽ ഉറച്ചുപോയാൽ പിന്നെ പരിവർത്തനമുണ്ടാക്കുക വിഷമമാണു്. തന്മൂലം പലപ്പോഴും ഉല്പാദനശക്തികൾ മാറിവന്നാലും ഉല്പാദനബന്ധങ്ങൾ പഴയതു തന്നെ നിലനിർത്തപ്പെടുന്നു. അങ്ങനെ വരുമ്പോൾ മാറിവരുന്ന പുതിയ ഉല്പാദനശക്തികളും മാറ്റത്തിനു തയ്യാറില്ലാത്ത ഉല്പാദനബന്ധങ്ങളും തമ്മിൽ സംഘട്ടനത്തിനു കളമൊരുങ്ങുന്നു. സാധാരണഗതിയിൽ ഉല്പാദനശക്തികൾക്ക് അനുസൃതമായ ഉല്പാദനബന്ധങ്ങൾ നിലനില്ക്കുമ്പോൾ ഉല്പാദനശക്തികൾ കൂടുതൽ ഫലപ്രദമായ രീതിയിൽ വളർന്നു വികസിച്ചുകൊണ്ടിരിക്കും. എന്നാൽ നിലവിലുള്ള ഉല്പാദനബന്ധങ്ങളുടെ പരിമിതിയിൽ നിന്നുകൊണ്ട് ഉല്പാദനശക്തികൾക്ക് ഒരു പ്രത്യേക പരിധിവരെ മാത്രമേ വളരാനാവൂ. അതുകഴിഞ്ഞാൽ പിന്നെ ഉല്പാദനബന്ധങ്ങളിൽ മാറ്റമുണ്ടാവാതെ ഉല്പാദനശക്തികൾക്കു വളരാനാവില്ല. ഇങ്ങനെ വരുമ്പോഴാണു് മാറ്റത്തിനുവേണ്ടി വെമ്പുന്ന ഉല്പാദനശക്തികളും മാറ്റത്തിനു തയ്യാറില്ലാത്ത ഉല്പാദനബന്ധങ്ങളും തമ്മിൽ ഏറ്റുമുട്ടാനിടയാവുന്നത്. ഇത്തരം സന്ദർഭങ്ങളിൽ പുരോഗമനോന്മുഖശക്തികൾ ഉല്പാദനശക്തികളായിരിക്കുമെന്നതുകൊണ്ട് അവ യാഥാസ്ഥിതിക ഉല്പാദനബന്ധങ്ങളെ തകർക്കുകയും പുതിയ ഉല്പാദനശക്തികൾക്കും അതിനനുസരിച്ചുള്ള ഉല്പാദനബന്ധങ്ങൾക്കും ജന്മമേകുകയും ചെയ്യുന്നു. സാമൂഹ്യപരിവർത്തനങ്ങളുടെയെല്ലാം അടിസ്ഥാനമായി പ്രവർത്തിക്കുന്ന മൗലിക പ്രക്രിയകളിവയാണു്.

വർഗങ്ങളും വർഗസമരവും

തൊഴിൽ വിഭജനത്തിന്റെ അനന്തരഫലമെന്ന നിലയ്ക്ക് വിവിധ ഉല്പാദനോപകരണങ്ങളും ഉല്പാദനോപാധികളും വിവിധ വ്യക്തികളുടെ സ്വകാര്യസ്വത്തുക്കളായി തീരുകയുണ്ടായല്ലോ. ഇങ്ങനെ ഉല്പാദനോപാധികൾ ചില വ്യക്തികളുടെ സ്വത്തായി തീരുമ്പോൾ ആ ഉല്പാദനോപാധികൾ ഉപയോഗിച്ചു നടത്തുന്ന ഉല്പാദനപ്രക്രിയയുടെ ഫലമായ ഉല്പന്നങ്ങൾ സ്വത്തുടമകളുടെ നിയന്ത്രണത്തിൽ വരുന്നു. അപ്പോൾ യഥാൎത്ഥത്തിൽ ഉല്പാദനം നടത്തുന്നവർ ഉല്പാദനോപാധികളുടെ ഉടമകളുടെ ചൊല്പടിക്കു നിൽക്കാൻ നിർബന്ധിതരായിത്തീരുന്നു. അടിമത്തവ്യവസ്ഥയിൽ യഥാൎത്ഥത്തിൽ ഉല്പാദനം നടത്തിയിരുന്നത് അടിമകളായിരുന്നു. എന്നാൽ എല്ലാ ഉല്പാദനോപാധികളേയും ഉല്പന്നങ്ങളേയും കയ്യടക്കിവച്ചിരുന്നത് അടിമയുടമകളായിരുന്നു. ജന്മിത്ത വ്യവസ്ഥയിൽ ഉല്പാദനം നടത്തുന്നത് കുടിയാന്മാരാണെങ്കിലും ഉല്പന്നങ്ങളുടെ ഉടമകൾ ജന്മിമാരാണു്. മുതലാളിത്തവ്യവസ്ഥയിൽ തൊഴിലാളികളാണു് ഉത്പാദനം നടത്തുന്നതെങ്കിലും എല്ലാത്തരം ഉല്പന്നങ്ങളും മുതലാളിമാരുടെ സ്വകാര്യസ്വത്ത് മാത്രമാണു്.

ഇങ്ങനെ സമൂഹത്തിൽ ഉല്പാദനപ്രക്രിയയുടെ വിവിധ ഘടകങ്ങൾ വ്യത്യസ്തവിഭാഗം ജനങ്ങളിലായി വിഭജിക്കപ്പെട്ടതോടെ ഉല്പാദനോപാധികളുമായി വ്യത്യസ്ത വിഭാഗങ്ങൾക്ക് വ്യത്യസ്തബന്ധങ്ങൾ രൂപംകൊണ്ടുവന്നു. സാമൂഹ്യോല്പാദനത്തിന്റെ ഫലമായി ഉല്പന്നങ്ങൾ പങ്കുപറ്റുന്നതിൽ ഈ വിഭാഗങ്ങൾക്ക് വ്യത്യസ്തരീതിയിലുള്ള അവകാശങ്ങൾ സ്ഥാപിക്കപ്പെട്ടു. ഈ വ്യത്യസ്ഥ സാമൂഹ്യവിഭാഗങ്ങളെയാണു് വൎഗ്ഗങ്ങൾ എന്നു വിളിക്കുന്നത്. ഓരോ വൎഗ്ഗത്തിന്റെയും സ്വഭാവം നിർണ്ണയിക്കപ്പെടുന്നത് ആ വൎഗ്ഗം ഉല്പാദനപ്രക്രിയയിൽ ഏതു സ്ഥാനത്തു നിൽക്കുന്നു എന്നതിനെ ആശ്രയിച്ചാണു്.

ആദ്യഘട്ടങ്ങളിൽതന്നെ സ്വകാര്യസ്വത്തിന്റെ ആവിർഭാവത്തോടുകൂടിത്തന്നെ സമൂഹം രണ്ടു വ്യത്യസ്ത വൎഗ്ഗങ്ങളായി വിഭജിക്കപ്പെടുകയുണ്ടായി. ഉല്പാദനോപാധികൾ കയ്യടക്കുകയും, അതുവഴി ബഹുഭൂരിപക്ഷത്തിന്റെ അധ്വാനഫലത്തെ കയ്യടക്കുകയും ചെയ്ത ഒരു ന്യൂനപക്ഷമാണു് അടിമത്തവ്യവസ്ഥയിലും മറ്റും സാമൂഹ്യോല്പാദനത്തെ നിയന്ത്രിച്ചിരുന്നത്. സ്വന്തമായി അധ്വാനം ചെയ്യാതെ ബഹുഭൂരിപക്ഷത്തിന്റെ അധ്വാനഫലത്തെ ചൂഷണം ചെയ്യുകയാണിവർ ചെയ്തിരുന്നത്. തന്മൂലം ഈ വൎഗ്ഗത്തെ ചൂഷകവൎഗ്ഗം എന്നു പൊതുവിൽ വിളിക്കാം. അതേസമയം ഈ ചൂഷകവൎഗ്ഗത്തിന്റെ ചൂഷണത്തിനു വിധേയമായ ബഹുപൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗത്തെ ചൂഷിതവൎഗ്ഗമെന്നും വിളിക്കാം. സ്വകാര്യസ്വത്തിന്റെ ആവിൎഭാവത്തിനുശേഷമുള്ള സാമൂഹ്യപരിവൎത്തനങ്ങളിലെല്ലാം ഈ ചൂഷകവൎഗ്ഗവും ചൂഷിതവൎഗ്ഗവും തമ്മിലുള്ള ബന്ധങ്ങളാണു് നിൎണ്ണായകമായി തീർന്നത്. അടിമത്തവ്യവസ്ഥയിൽ അടിമകൾ ചൂഷിതരും, അടിമയുടമകൾ ചൂഷകരുമായിരുന്നു. ജന്മിത്തവ്യവസ്ഥയിൽ ഇവരുടെ സ്ഥാനത്ത് കുടിയാന്മാരും ജന്മികളുമായിത്തീർന്നു. മുതലാളിത്തവ്യവസ്ഥയിലായപ്പോൾ തൊഴിലാളികളും മുതലാളികളുമാണു് ഈ രണ്ടു വൎഗ്ഗങ്ങളെ പ്രതിനിധീകരിക്കുന്നത്.

ഓരോ സാമൂഹ്യവ്യവസ്ഥിതിയിലേയും ഉല്പാദനബന്ധങ്ങളുടെ സ്വഭാവത്തെ നിർണ്ണയിക്കുന്നത് ആ വ്യവസ്ഥിയിലെ ഉല്പാദനോപാധികളുടെ ഉടമകളും യഥാൎത്ഥ ഉല്പാദകരും തമ്മിലുള്ള ബന്ധങ്ങളാണു്. അടിമത്തവ്യവസ്ഥയിലെ ഉല്പാദനബന്ധങ്ങളുടെ നിൎണ്ണായകഘടകം അടിമകളും അടിമയുടമകളും തമ്മിലുള്ള ബന്ധങ്ങളായിരുന്നു. അതുപോലെ ജന്മിത്തവ്യവസ്ഥയിൽ കുടിയാന്മാരും ജന്മികളും തമ്മിലും, മുതലാളിത്തവ്യവസ്ഥയിൽ തൊഴിലാളികളും മുതലാളിമാരും തമ്മിലുള്ള ബന്ധങ്ങളാണു് നിർണ്ണായകഘടകങ്ങൾ. പുതിയ ഉല്പാദനശക്തികൾ രംഗപ്രവേശം ചെയ്യുമ്പോൾ പഴയ ഉല്പാദനബന്ധങ്ങൾ തകരേണ്ടത് അനിവാര്യമായി വരുന്നു. ഈ തകൎച്ചയ്ക്കും പുതിയ ഉല്പാദനബന്ധങ്ങളുടെ ആവിർഭാവത്തിനും സാഹചര്യമൊരുക്കുന്നത് നിലവിലുള്ള സംഘട്ടനമാണു്. ഇത്തരം സംഘട്ടനത്തെ വൎഗ്ഗസമരമെന്നു വിളിക്കുന്നു.

പുതിയ സാമ്പത്തികവ്യവസ്ഥ രൂപംകൊള്ളുന്ന അടിസ്ഥാനം പുതിയ വൎഗ്ഗങ്ങളുടെ ആവിർഭാവമാണു്. പുതിയ വൎഗ്ഗങ്ങൾ ഉടലെടുക്കുന്നത് പുതിയ ഉല്പാദനോപകരണങ്ങളുടെ ആവിർഭാവത്തിന്റെ അനന്തരഫലമെന്നനിലയ്ക്കാണു്. വ്യാവസായികവിപ്ലവത്തിന്റെ ഫലമായി പുതിയരീതിയിലുള്ള ഉല്പാദനോപകരണങ്ങൾ രംഗപ്രവേശം ചെയ്തപ്പോൾ പുതിയൊരു വൎഗ്ഗം അഥവാ തൊഴിലാളിവൎഗ്ഗം ഉടലെടുത്തു. തൊഴിലാളിവൎഗ്ഗത്തിന്റെ രംഗപ്രവേശം നിലനിന്നിരുന്ന ജന്മിത്തവ്യവസ്ഥയെ തകൎക്കുന്നതിനു് സഹായകമായി വർത്തിച്ചു. അങ്ങനെ പ്രാചീനരീതിയിലുള്ള കൃഷി സമ്പ്രദായത്തിനു പകരം, ആധുനിക വ്യവസായികവ്യവസ്ഥ സമൂഹത്തിൽ ആധിപത്യം ചെലുത്തിയപ്പോൾ, ജീൎണ്ണിച്ച ജന്മി വ്യവസ്ഥ തകരാനും, പുതിയ മുതലാളിത്ത വ്യവസ്ഥ സംസ്ഥാപിക്കപ്പെടാനും സാഹചര്യം ഒരുങ്ങിവന്നു. ഈ പരിവർത്തനങ്ങൾ ഒട്ടേറെ സമരങ്ങളിലൂടെയും സംഘട്ടനങ്ങളിലൂടെയുമാണു് നടന്നിട്ടുള്ളത്. അതുകൊണ്ടാണ് മാനവ സാമൂഹ്യചരിത്രം വൎഗ്ഗസമരത്തിന്റെ ചരിത്രമാണെന്നു പറയുന്നതു്.

\section {സാമൂഹ്യ ഉപരിഘടന}

ഓരോ സാമൂഹ്യവ്യവസ്ഥിതിയിലും അതിന്റേതായ പ്രത്യേക പ്രത്യയശാസ്ത്രങ്ങളും ചിന്താഗതികളും ആചാരക്രമങ്ങളും നിലനില്ക്കുന്നു. സാമൂഹ്യപരിവർത്തങ്ങളിൽ ഇവയ്ക്കു ഗണ്യമായ സ്വാധീനശക്തിയുണ്ട്. പക്ഷേ, ഈ വീക്ഷണഗതികളും മറ്റു സ്ഥാപനങ്ങളും സ്വതന്ത്രമായി രൂപപ്പെട്ടുവരുന്നവയല്ല. നിലനില്ക്കുന്ന സാമൂഹ്യവ്യവസ്ഥിതിയുടെ സാമ്പത്തികാടിത്തറയ്ക്കനുസൃതമായി രൂപംകൊള്ളുന്നവയാണവ. ഓരോ സാമ്പത്തികാടിത്തറയ്ക്കും അതിനനുസൃതമായ സാമൂഹ്യ ഉപരിഘടനയുണ്ടു്. ഒരു സാമൂഹ്യവ്യവസ്ഥിതിയിൽ നിലനിൽക്കുന്ന തത്ത്വചിന്തകൾ, ശാസ്ത്രം, കല, മതം, രാഷ്ട്രീയം, ഭരണകൂടം എന്നിവയെല്ലാം ചേർന്നതാണു് ആ വ്യവസ്ഥിതിയിലെ സാമൂഹ്യ ഉപരിഘടന. ഈ ഉപരിഘടന പൊതുവിൽ ആ വ്യവസ്ഥിതിയിലെ സാമ്പത്തികാടിത്തറയുടെ സ്വഭാവങ്ങളെ പ്രതിഫലിപ്പിക്കുന്നു.

ഒരു വ്യവസ്ഥിതിയുടെ സാമ്പത്തികാടിത്തറ തകരുകയും പുതിയതിന്റെ ഉല്പാദനശക്തികളും ഉല്പാദന ബന്ധങ്ങളും രംഗപ്രവേശം ചെയ്യാൻ തുടങ്ങുകയും ചെയ്യുന്ന സന്ദർഭത്തിൽ, ഈ സംഘട്ടനങ്ങളെ പ്രതിഫലിപ്പിക്കുന്ന വിധത്തിൽ സാമൂഹ്യ ഉപരിഘടനയിലും രൂക്ഷമായ ആശയപരവും മതപരവും മറ്റുമായ സംഘട്ടനങ്ങൾ നടക്കുന്നു. പുതിയ ആശയങ്ങൾക്കും പുതിയ ജീവിതമൂല്യങ്ങൾക്കും വേണ്ടിയുള്ള അന്വേഷണം എങ്ങും ആരംഭിക്കുന്നു. പഴയതിനെ നിഷ്കാസനം ചെയ്യാനുള്ള പ്രവണത കൂടുതൽ കൂടുതൽ ബലപ്പെട്ടുവരും. സാമ്പത്തികവ്യവസ്ഥിതിയിലെ പരിവർത്തനങ്ങൾ പൂർത്തിയാവുകയും പുതിയ ഉല്പാദന ബന്ധങ്ങളും ഉല്പാദനശക്തികളും നിലവിൽ വരുകയും ചെയ്യുമ്പോഴേയ്ക്കും, അതിനനുസൃതമായ പുതിയ വീക്ഷണഗതികളും സ്ഥാപനങ്ങളും മറ്റും സാമൂഹ്യ ഉപരിഘടനയിലും സ്ഥാനംപിടിച്ചു തുടങ്ങിയിരിക്കും. പക്ഷേ, ഒരു സാമ്പത്തിക വ്യവസ്ഥിതി പോയി മറ്റൊന്നു വന്നുകഴിഞ്ഞാലും പഴയ സാമൂഹ്യ ഉപരിഘടന മുഴുവനും അപ്രത്യക്ഷമായിട്ടുണ്ടാവില്ല. അതിന്റെ സ്വാധീനം വീണ്ടും കുറെക്കാലത്തേയ്ക്കുകൂടി നീണ്ടുനിൽക്കും. അതുപോലെ പുതിയ സാമൂഹ്യ ഉപരിഘടന രൂപംകൊള്ളുന്നതും വളരെ സാവധാനത്തിലായിരിക്കും. ഈ പരിവർത്തന കാലഘട്ടത്തിലാണു് ആശയപരമായ വിവിധ മണ്ഡലങ്ങളിൽ രൂക്ഷമായ അഭിപ്രായ സംഘട്ടനങ്ങൾ നടക്കുന്നതു്.

ഇന്നത്തെ ഇൻഡ്യയുടെ സ്ഥിതി പരിശോധിച്ചാൽ ഈ വസ്തുതകൾ വളരെ വ്യക്തമായി കാണാൻ കഴിയും. നൂറ്റാണ്ടുകളായി നിലനിന്നുപോന്ന ജന്മിത്തവ്യവസ്ഥ ഇന്നും ഇവിടെ ശക്തമായ വിധത്തിൽ തന്നെ നിലകൊള്ളുന്നു. മുതലാളിത്ത ഉല്പാദനസമ്പ്രദായങ്ങൾ ആവിർഭവിക്കുകയും ശക്തിപ്പെട്ടുവരികയും ചെയ്യുന്നതുകൊണ്ടു് ജന്മിത്തവ്യവസ്ഥ ക്ഷീണിച്ചുവരികയാണെങ്കിലും ആ വ്യവസ്ഥിതിയുടെ സാമൂഹ്യ ഉപരിഘടനയിലെ മതപരവും ആശയപരവുമായ സ്വാധീനതകൾ വിപുലമായ തോതിൽ തന്നെ ഇവിടെ നിലനിൽക്കുന്നു. അതേസമയം മുതലാളിത്ത ഉല്പാദന സമ്പ്രദായങ്ങളുടെ സ്വാധീനത നിമിത്തം ജീർണ്ണിച്ച പല ചിന്താഗതികൾക്കുമെതിരായുള്ള ആശയസമരവും ഇവിടെ നടക്കുന്നുണ്ടു്. അതേസമയം അന്താരാഷ്ട്രീയ പരിവത്തനങ്ങളുടെ പ്രതിഫലനമെന്ന നിലയ്ക്കു് സോഷ്യലിസ്റ്റ് ചിന്താഗതികളും ഇവിടെ വേരൂന്നാൻ തുടങ്ങിയിരിക്കുന്നു. തന്മൂലം, തകർന്നുകൊണ്ടിരിക്കുന്നതും ശക്തിപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഈ പ്രത്യയശാസ്ത്രങ്ങൾ തമ്മിൽ ഇവിടെ നിരന്തരം രൂക്ഷസംഘട്ടനം നടന്നുകൊണ്ടിരിക്കുന്നു. ഈ ആശയപരമായ സംഘട്ടനം വാസ്തവത്തിൽ, സാമ്പത്തിക വ്യവസ്ഥിതിയിൽ വന്നുകൊണ്ടിരിക്കുന്ന തകർച്ചയുടെയും പരിവർത്തനങ്ങളുടെയും പ്രതിഫലനങ്ങൾ മാത്രമാണു്. എന്നാൽ ഈ ആശയസമരത്തിനു്, ഇവിടത്തെ സാമൂഹ്യപരിവർത്തനങ്ങളെ രൂപപ്പെടുത്തുന്നതിലും ഗണ്യമായ സ്വാധീനം ചെലുത്താൻ കഴിയും. സാമ്പത്തികാടിത്തറയും സാമൂഹ്യ ഉപരിഘടനയും തമ്മിലുള്ള പ്രതിപ്രവർത്തനം എല്ലാ സാമൂഹ്യ പരിവർത്തനങ്ങളിലെയും നിർണ്ണായക ഘടകമാണു്.

വിവിധ സാമൂഹ്യവ്യവസ്ഥകൾ

മുകളിൽ വിവരിച്ച, സാമൂഹ്യ പരിവർത്തനങ്ങളുടെ സാമാന്യ നിയമങ്ങളെ അടിസ്ഥാനമാക്കിക്കൊണ്ടു്, നാളിതുവരെയുള്ള മാനവചരിത്രത്തിലുണ്ടായ സുപ്രധാന പരിവർത്തനങ്ങളും സാമൂഹ്യവ്യവസ്ഥിതികളും എന്തെല്ലാമാണെന്നു നോക്കാം.

എതാണ്ടു് അഞ്ചുലക്ഷം വർഷങ്ങൾക്കു മുമ്പു മുതൽക്കു് ഇങ്ങോട്ടുള്ള മനുഷ്യന്റെ ചരിത്രം പരിശോധിക്കാം. അന്നത്തെ നമ്മുടെ പൂർവികർ, ഭക്ഷണം ശേഖരിച്ചു നടക്കുന്ന അപൂർവ മൃഗങ്ങളായിട്ടാണു് ഭൂമിയിൽ പ്രത്യക്ഷപ്പെടുന്നതു്. ജീവിതാവശ്യത്തിള്ള ഭക്ഷണം ഉല്പാദിപ്പിക്കാൻ അവർക്കറിയില്ലായിരുന്നു. രൂപാന്തരപ്പെടുത്താത്ത കല്ലുകൊണ്ടുള്ള ആയുധങ്ങളുപയോഗിച്ചു് മൃഗങ്ങളെ വേട്ടയാടിയും, ഫലമൂലാദികൾ ശേഖരിച്ചുമാണവർ കഴിഞ്ഞുകൂടിയിരുന്നതു്. ഏതാണ്ടു് പതിനയ്യായിരം വർഷം മുമ്പുവരെ നിലനിന്നിരുന്ന ഈ കാലഘട്ടത്തെ പ്രാചീന ശിലായുഗമെന്നു വിളിക്കുന്നു. മാനവചരിത്രത്തിന്റെ ബഹുഭൂരിഭാഗവും മനുഷ്യൻ ഈ പ്രാകൃതാവസ്ഥയിലാണു് കഴിഞ്ഞിരുന്നതു്. ഈ കാലഘട്ടത്തിലും മനുഷ്യൻ സമൂഹങ്ങളായി ജീവിക്കാൻ തുടങ്ങിയിരുന്നു. നായാടിയും മറ്റും ഭക്ഷണശേഖരണം നടത്തിയിരുന്നതു് കൂട്ടായിട്ടായിരുന്നു. ഒരോ ഗോത്രസമൂഹങ്ങൾക്കും അവരുടേതായ ആചാരങ്ങളും മാമൂലുകളും മറ്റുമുണ്ടായിരുന്നു. ഓരോ ഗോത്രത്തിലും പെട്ടവർ കൂട്ടായി ജീവിതോപാധികൾ സമ്പാദിക്കുകയും അതു പൊതുമുതലായി കണക്കാക്കി തുല്യമായി വിഭജിക്കുകയും ചെയ്തിരുന്നു. ഇങ്ങനെയുള്ള ആ പ്രാഥമിക സാമൂഹ്യക്രമത്തെ ‘പ്രാചീന കമ്മ്യൂണിസം’ എന്നു ചിലർ വിളിക്കാറുണ്ടു്.

പതിനായിരം വർഷം മുമ്പുമുതൽക്കു് ഇങ്ങോട്ടുള്ള കാലഘട്ടത്തിൽ പുതിയ രീതിയിലുള്ള ഉല്പാദനസമ്പ്രദായങ്ങൾ രംഗപ്രവേശം ചെയ്തു തുടങ്ങിയിരുന്നു. മധ്യപൂർവ്വേഷ്യയിലും മറ്റും ചില സമൂഹങ്ങൾ പ്രകൃതിയുമായി സഹകരിച്ചുകൊണ്ടു് പല സസ്യങ്ങൾ കൃഷിചെയ്തും, മൃഗങ്ങളെ വളർത്തിയും കൂടുതൽ കൂടുതൽ ഭക്ഷ്യവസ്തുക്കൾ ഉല്പാദിപ്പിക്കാൻ ആരംഭിച്ചു. ഭക്ഷണം ശേഖരിക്കുന്ന പഴയ സമ്പ്രദായത്തിനു പകരം ഭക്ഷണം ഉല്പാദിപ്പിക്കുന്ന ഒരു വ്യവസ്ഥ അങ്ങനെ രൂപംകൊണ്ടുവന്നു. ഏതാണ്ടു് അയ്യായിരം വർഷം മുമ്പുവരെയുള്ള ഈ കാലഘട്ടത്തെ നവീന ശിലായുഗം എന്നു വിളിക്കാറുണ്ടു്. കൃഷിയുടെയും അതിന്റെ ഫലമായി രൂപംകൊണ്ട ചെറിയ തോതിലുള്ള വ്യാപാരങ്ങളുടെയും മറ്റും ഫലമായി തൊഴിൽ വിഭജനം ആരംഭിച്ചുകഴിഞ്ഞിരുന്നു. ഈ കാലഘട്ടത്തിൽ തൊഴിൽവിഭജനത്തിന്റെ അനിവാര്യമായ ഒരനന്തരഫലമാണല്ലോ സ്വകാര്യസ്വത്തിന്റെ ആവിർഭാവം.

ഏതാണ്ടു് അയ്യായിരം വർഷങ്ങൾക്കു മുമ്പ് സിന്ധുവിന്റെയും നൈലിന്റെയും യൂഫ്രട്ടീസിന്റെയും തീരങ്ങളിലെ പല ഗ്രാമങ്ങളും പട്ടണങ്ങളായി മാറാൻ തുടങ്ങിയിരുന്നു. ഗ്രാമപ്രദേശങ്ങളിലെ കർഷകർ തങ്ങളുടെ ആവശ്യത്തിൽക്കവിഞ്ഞ മിച്ച ഭക്ഷ്യവസ്തുക്കളുണ്ടാക്കാൻ നിർബന്ധിതരാവുകയും, ആ മിച്ച ഭക്ഷ്യവസ്തുക്കൾ പട്ടണങ്ങളിലെ പുതിയൊരു നാഗരിക ജനവിഭാഗങ്ങളെ നിലനിർത്താൻ തുടങ്ങുകയും ചെയ്തു. ഈ നഗരങ്ങളിൽ പല തരത്തിലും പ്രത്യേക വൈദഗ്ദ്ധ്യമുള്ളവരാണു് ഒത്തുകൂടിയിരുന്നതു്. പലതരത്തിലുള്ള ഉല്പാദനോപകരണങ്ങൾ നിൎമ്മിക്കുന്നവരും, കച്ചവടക്കാരും, പുരോഹിതന്മാരും, ഉദ്യോഗസ്ഥന്മാരുമെല്ലാമടങ്ങുന്ന നാഗരികജനത പുതിയൊരു സംസ്കാരത്തിനു ജന്മമേകി. ഈ നാഗരിക വിപ്ലവത്തിന്റെ അനന്തരഫലമായിട്ടണു് കലയും സാഹിത്യവും മറ്റും വളർന്നുവന്നതും, അങ്ങനെ രേഖപ്പെടുത്തപ്പെട്ട ചരിത്രം ആരംഭിച്ചതും. അവിടുന്നിങ്ങോട്ടുള്ള കാലഘട്ടത്തെയാണു വാസ്തവത്തിൽ സാംസ്കാരികയുഗമായി കണക്കാക്കപ്പെട്ടു പോരുന്നതു്.

ഈ സാംസ്കാരിക യുഗത്തിലെ ആദ്യത്തെ രണ്ടു് സഹസ്രാബ്ദങ്ങളെ ചരിത്രകാരന്മാർ വിളിക്കുന്നതു് ‘വെങ്കലയുഗം’ എന്നാണു്. ആ കാലഘട്ടത്തിൽ ചെമ്പും വെങ്കലവുമാണു് ഉപകരണങ്ങളും ആയുധങ്ങളുമുണ്ടാക്കാൻ ഉപയോഗിച്ചിരുന്നത് എന്നതുകൊണ്ടാണീ പേരു കിട്ടിയതു്. ജലസേചനം വഴിയും മറ്റും നടത്തപ്പെട്ടിരുന്ന കൃഷിയുടെ ഫലമായി ഉണ്ടായ മിച്ച ഉല്പന്നങ്ങളെല്ലാംതന്നെ സമൂഹത്തിലെ ഒരു ന്യൂനപക്ഷമായ പുരോഹിതരുടെയും ഉദ്യോഗസ്ഥന്മാരുടെയും പിടിയിൽ വന്നുകൂടി. അന്നു് ചെമ്പും വെങ്കലവും കൊണ്ടുള്ള ഉപകരണങ്ങൾ വിലകൂടിയവ ആയിരുന്നതുകൊണ്ട് രാജാക്കന്മാർക്കും മറ്റു് ഉയർന്ന പദവിയുള്ളവർക്കും അമ്പലവാസികൾക്കും മറ്റും മാത്രമേ അതു് ഉപയോഗിക്കാൻ കഴിഞ്ഞിരുന്നുള്ളു. എന്നാൽ അടുത്തഘട്ടത്തിൽ ഇരുമ്പിന്റെ ഉപയോഗം കണ്ടുപിടിക്കപ്പെട്ടതോടുകൂടി വിവിധതരത്തിലുള്ള ഉപകരണങ്ങൾ സാധാരണക്കാൎക്കെല്ലാം പ്രാപ്യമായിത്തീൎന്നു. അപ്പോഴേക്കും അക്ഷരമാലകളുടെ കണ്ടുപിടിത്തം, എഴുത്തും വായനയും ഒരുപിടി ആളുകളിൽ നിന്നു് വിപുലമായ മേഖലകളിലേയ്ക്കു് വ്യാപിപ്പിക്കാൻ സഹായകമായിത്തീർന്നു. ഈ വ്യവസ്ഥിതിയിൽ വിദഗ്ദ്ധമായ രീതിയിൽ നടത്തപ്പെട്ടിരുന്ന കൃഷിയിൽ നിന്നും മറ്റും ലഭ്യമായിരുന്ന മിച്ച ഉല്പന്നങ്ങൾ സമൂഹത്തിലെ ഉയൎന്ന വൎഗ്ഗങ്ങൾക്കിടയിലും കച്ചവടക്കാരുടെയും വൻകിട കൃഷിക്കാരുടെയും കൈകളിലും സമാഹരിക്കപ്പെട്ടു. പക്ഷേ, ഇതിന്റെ ഫലമായി യഥാൎത്ഥ ഉല്പാദകർ അഥവാ താഴേക്കിടയിലുള്ള കർഷകർ കൂടുതൽ ദരിദ്രരാവുകയും അവസാനം ഉയൎന്ന വൎഗ്ഗങ്ങളുടെ അടിമകളായിത്തീരുകയും ചെയ്തു. ഏതാണ്ട് രണ്ടായിരം വൎഷങ്ങൾക്കു മുമ്പും മറ്റും ഗ്രീക്കോ റോമൻ സമ്പദ്‌‌വ്യവസ്ഥ ഈ വിധത്തിലെത്തിച്ചേർന്ന അടിമത്ത വ്യവസ്ഥയായിരുന്നു.

അടിമത്തവ്യവസ്ഥ തകരാൻ അധികകാലം വേണ്ടിവന്നില്ല. അടിമത്തവ്യവസ്ഥയിലെ ആന്തരിക വൈരുധ്യങ്ങൾ തന്നെയാണു് അതിന്റെ തകർച്ചയ്ക്ക് കാരണം. അടിമകളുടെ കായികാധ്വാനവും അടിമയുടമകളുടെ മാനസികാധ്വാനവും തമ്മിലുള്ള വിടവ് വൎദ്ധിച്ചു വന്നു. അങ്ങനെ ചൂഷണത്തിന്റെ തോതു് രൂക്ഷമായിത്തീർന്നതോടെ അടിമകലാപങ്ങൾ എങ്ങും പൊട്ടിപ്പുറപ്പെട്ടു. അതു് അടിമത്ത ഉൽപാദനബന്ധങ്ങളുടെ തകൎച്ചയിലേക്കു് നയിച്ചു. കൂടുതൽ ഫലപ്രദമായ കൃഷിസമ്പ്രദായങ്ങൾ ആവിർഭവിച്ചതോടെ കൃഷിയേയും കൃഷിഭൂമിയേയും അടിസ്ഥാനമാക്കിക്കൊണ്ടുള്ള ജന്മിത്തവ്യവസ്ഥ ഉടലെടുക്കുകയും പഴയ അടിമത്തവ്യവസ്ഥ അപ്രത്യക്ഷമാവുകയും ചെയ്തു. ഇവിടെ യഥാൎത്ഥ ഉല്പാദകർ വെറും അടിമയുടെ നിലയിൽ നിന്നുയർത്തപ്പെട്ടു. അവൻ ഭൂമിയുമായി അഭേദ്യമായി ബന്ധപ്പെട്ടു. ഭൂമിയുടെ ഉടമസ്ഥാവകാശം ജന്മിക്കും, ഭൂമിയിൽ കൃഷിചെയ്യാനുള്ള അവകാശം അടിയാനു് അഥവാ കുടിയാനും ആയിത്തീരുകയും ചെയ്തു. ഉല്പന്നത്തിന്റെ നല്ലൊരുഭാഗം കൎഷകൻ അധ്വാനിക്കാത്ത ജന്മിക്കു കൊടുക്കാൻ ബാധ്യസ്ഥനാണു്. ഇത്തരം ഉത്പാദനബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണു് ജന്മിത്തവ്യവസ്ഥ. പക്ഷേ ഈ കാലഘട്ടത്തിൽതന്നെ വളൎന്നുവന്നിരുന്നകച്ചവടക്കാരുടെയും വിദഗ്ദ്ധകൈത്തൊഴിലുകാരുടെയും മറ്റും സംഘടനകൾ അവർക്ക് സ്വതന്ത്രമായി വളരാനുള്ള അവസരമുണ്ടാക്കിക്കൊടുത്തു. അതിന്റെ ഫലമായി യൂറോപ്പിൽ മധ്യയുഗത്തിൽ വ്യാപാരവും വ്യവസായവും കൂടുതൽ കൂടുതൽ ശക്തി പ്രാപിച്ചു വരുകയും കൃഷിയെ അടിസ്ഥാനമാക്കിയുള്ള ഉല്പാദന സമ്പ്രദായത്തെ കവച്ചുവെക്കാൻ തുടങ്ങുകയും ചെയ്തിരുന്നു.

പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളിൽ യൂറോപ്പിലെ സാഹസിക സഞ്ചാരികൾ അമേരിക്കയിലേക്കും, ഇന്ത്യയിലേക്കും മറ്റുമുള്ള വഴികളും കണ്ടുപിടിച്ചതോടെ യൂറോപ്യൻ കച്ചവടക്കാൎക്കു പുതിയ വിപണികൾ തുറന്നു കിട്ടി. അതോടെ യൂറോപ്പിലെ വ്യവസായമേഖല തഴച്ചുവളരാൻ തുടങ്ങി. ജന്മിത്ത ഉല്പാദനബന്ധങ്ങൾ ഈ പുതിയ ശക്തികളുടെ വികാസത്തിനു് തടസ്സമായി. വ്യാവസായിക വിപ്ലവത്തിന്റെ ഫലമായി നവീന ഉല്പാദനോപകരണങ്ങൾ കൂടി ആവിർഭവിച്ചതോടെ പഴയ ജന്മിത്തവ്യവസ്ഥക്കെതിരായ സമരം ശക്തിപ്പെട്ടു വന്നു. പുതിയ ഉല്പാദന ശക്തികളുടെ പ്രതിനിധികളായി രംഗത്തുവന്ന ബൂൎഷ്വാസിയുടെ നേതൃത്വത്തിൽ നടന്ന ബൂൎഷ്വാ ജനാധിപത്യ വിപ്ലവങ്ങളിലൂടെ മുതലാളിത്തവ്യവസ്ഥയ്ക്ക് അനുയോജ്യമായ ബൂൎഷ്വാ പാർലമെന്ററി രാഷ്ട്രീയ സമ്പ്രദായം നിലവിൽ വന്നു. മുതലാളിത്തവ്യവസ്ഥയിൽ തൊഴിലാളി, ജന്മിത്ത വ്യവസ്ഥയിലെ അടിയാനേക്കാൾ സ്വതന്ത്രനാണു്. പക്ഷേ, അവന്റെ അധ്വാനശക്തി ക്രയവിക്രയം ചെയ്യുന്ന മറ്റ് ഉല്പന്നങ്ങളെപ്പോലെ അഥവാ ചരക്കുകളെപ്പോലെയുള്ള ഒരു വില്പനച്ചരക്കായി മാറുന്നു. അന്നന്നു തൊഴിലാളി തന്റെ അധ്വാനശക്തി മുതലാളിക്കു വിറ്റെങ്കിലേ അവനു് കഷ്ടിച്ചു ജീവിതം നിലനിർത്താനുള്ള വക കിട്ടൂ എന്ന സ്ഥിതിയാണു് മുതലാളിത്തവ്യവസ്ഥയിലുള്ളതു്.

മുതലാളിത്തവ്യവസ്ഥ സ്വയം തകരാൻ നിർബന്ധിതമാണു്. എന്തുകൊണ്ടെന്നാൽ ഒരു തരത്തിലും പരിഹരിക്കാൻ കഴിയാത്ത വൈരുധ്യങ്ങൾ അതിൽ കുടികൊള്ളുന്നു. മുതലാളിത്തവ്യവസ്ഥയിൽ ഉല്പാദനം കൂടുതൽ സാമൂഹ്യാധിഷ്ടിതമാണു്, സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വിപുലമായ വിഭാഗങ്ങളുടെ സഹകരണത്തോടെയാണു് ഉല്പാദനം നടക്കുന്നതു്. അതേസമയം ഉല്പാദനോപാധികൾ ഒരു ന്യൂനപക്ഷത്തിന്റെ സ്വകാര്യ സ്വത്തായിരിക്കുകയും ചെയ്യുന്നു. സാമൂഹ്യാടിസ്ഥാനത്തിൽ ഉല്പാദനം നടക്കുമ്പോൾ ഉല്പാദനോപാധികളുടെ ഉടമാവകാശം സമൂഹത്തിനായിരിക്കണം. തന്മൂലം ഉല്പാദനോപാധികൾ മുഴുവൻ സാമൂഹ്യ ഉടമയിലാവുന്ന ഒരു വ്യവസ്ഥിതിയിലേയ്ക്ക്, അഥവാ സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലേയ്ക്കുള്ള പരിവർത്തനം അത്യന്താപേക്ഷിതമാണു്. ഇന്നു നിലവിലുള്ള മുതലാളിത്തവ്യവസ്ഥ തകരുകയും തൽസ്ഥാനത്ത് ശാസ്ത്രീയ സോഷ്യലിസത്തിലധിഷ്ഠിതമായ വ്യവസ്ഥിതി പ്രതിഷ്ടിക്കപ്പെടുകയും ചെയ്യേണ്ടത് ചരിത്രപരമായ ഒരനിവാര്യതയാണു്. സാമൂഹ്യപരിവർത്തനനിയമങ്ങൾ ഈ പരിവർത്തനം ഒഴിച്ചുകൂടാൻ പാടില്ലാത്തതാണെന്നു് നമുക്ക് കാണിച്ചുതരുന്നു.

ഇന്ത്യാചരിത്രവും ഭൗതിക വീക്ഷണവും

മുകളിൽ വിവരിച്ച രീതിയിലുള്ള സാമൂഹ്യവ്യവസ്ഥിതികളുടെ ക്രമികമായ പരിവർത്തനം പ്രധാനമായും യൂറോപ്യൻ രാജ്യങ്ങളിലാണു് നടന്നത്. ലോകത്തിന്റെ എല്ലാഭാഗങ്ങളിലും ഇതേവിധത്തിൽത്തന്നെയല്ല സാമൂഹ്യപരിവർത്തനങ്ങൾ നടന്നിട്ടുള്ളത്. ഇന്ത്യയിലും മറ്റു പൗരസ്ത്യരാജ്യങ്ങളിലും വ്യത്യസ്ഥമായ ചില ഉത്പാദനസമ്പ്രദായങ്ങളും അതിനനുസൃതമായ വ്യവസ്ഥിതികളും ആണുടലെടുത്തതു്. തന്മൂലം ഇന്ത്യയുട ചരിത്രത്തിൽ യൂറോപ്പിലും മറ്റും നിലനിന്നിരുന്ന അതേപോലത്തെ വ്യവസ്ഥിതികൾ കണ്ടെത്തുക പ്രയാസമാണു്. ഇന്ത്യാചരിത്രത്തിനു വ്യക്തമായ ഒരു ഭൗതികവ്യഖ്യാനം നൽകാൻ ചരിത്രകാരന്മാർക്കു് ഇന്നും കഴിഞ്ഞിട്ടില്ലെന്നതു് ഒരു വാസ്തവമാണു്. ഇന്നും അവർക്കിടയിൽ അടിസ്ഥാനപരമായ അഭിപ്രായവ്യത്യാസങ്ങൾ നിലനില്ക്കുന്നുണ്ട്. എങ്കിലും പൊതുവിൽ ഇന്ത്യാചരിത്രത്തിന്റെ സവിശേഷതകളെന്തെല്ലാമാണെന്നു നോക്കാം.

ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളിലും പ്രാചീന ഗോത്രവ്യവസ്ഥക്കു ശേഷം ഗ്രീക്കോ–റോമൻ സമ്പ്രദായത്തിലുള്ള അടിമത്തവ്യവസ്ഥ ഉടലെടുക്കുകയുണ്ടായില്ല. പലയിടത്തും അടിമത്തവ്യവസ്ഥ കൂടാതെ നേരിട്ട് ജന്മിത്ത വ്യവസ്ഥയിലേക്കു മുന്നേറുകയാണുണ്ടായത്. പക്ഷേ, ഈ പരിവർത്തനത്തിനു തടസമായി നില്ക്കുന്ന ചില ഘടകങ്ങളുണ്ടായിരുന്നു. ഗോത്രവ്യവസ്ഥയിലെ കൂട്ടുല്പാദനസമ്പ്രദായത്തിന്റെ സ്വാധീനത നേരിട്ടുള്ള ജന്മിത്തവ്യവസ്ഥയുടെ ആവിർഭാവത്തിനു തടസ്സമായിരുന്നു. അതേസമയം സ്വകാര്യസമ്പത്തു സമ്പ്രദായവും നിലനിന്നിരുന്നുതാനും. ഇങ്ങനെ സ്വകാര്യസമ്പത്തു സമ്പ്രദായവും കൂട്ടുടമസമ്പ്രദായവും കൂടിച്ചേർന്നുള്ള ഒരു വ്യവസ്ഥിതിയാണു് പൗരസ്ത്യ രാജ്യങ്ങളിൽ ഗോത്രവ്യവസ്ഥയ്ക്കും ജന്മിത്തവ്യവസ്ഥയ്ക്കും ഇടയിലുള്ള സുദീർഘകാലയവിൽ നിലനിന്നിരുന്നത്. ഇതിനെ ഏഷ്യൻ ഉല്പാദനരീതി എന്നു വിളിക്കുന്നു.

ഏഷ്യൻ ഉല്പാദനരീതി നിലവിൽ വരുന്നതിനു് യൂറോപ്യൻ രാജ്യങ്ങളുടേതിൽ നിന്ന് വ്യത്യസ്ഥമായ ചില ഭൗതിക സാഹചര്യങ്ങൾ കൂടി സഹായകമായിരുന്നു. പൗരസ്ത്യരാജ്യങ്ങളിൽ പ്രധാനമായും തോടുകളും പൊതുപദ്ധതികളും വഴിയ്ക്കുള്ള കൃത്രിമ ജലസേചന പദ്ധതികളെ ആശ്രയിച്ചാണു് കൃഷി നടന്നിരുന്നതു്. തന്മൂലം ഒരു കേന്ദ്രീകൃത ഗവൺമെന്റിന്റെ സാന്നിദ്ധ്യം ഇത്തരം പദ്ധതികളുടെ നിലനില്പിനു് ആവശ്യമായിരുന്നു. അതേസമയം യൂറോപ്യൻ രാജ്യങ്ങളിൽ കൃഷി പ്രധാനമായും പ്രകൃതിയെ ആശ്രയിച്ചായിരുന്നതു കൊണ്ട് കേന്ദ്രീകൃത ഗവൺമെന്റിന്റെ ആവശ്യമുണ്ടായിരുന്നില്ല. ഓരോ നാടുവാഴി സമൂഹത്തിനും സ്വതന്ത്രമായി നിലനില്ക്കാനും പരിപോഷിക്കാനും അവിടെ സാധ്യമായിരുന്നു.

ഇന്ത്യയിൽ നിലനിന്നിരുന്ന ഏഷ്യൻ ഉല്പാദനരീതിയിൽ വൈരുധ്യങ്ങൾ ഉൾക്കൊണ്ടിരുന്നു. തന്മൂലം ആ വ്യവസ്ഥിതി ഒരു പരിവർത്തനവും സാധ്യമല്ലാത്തവിധം മുരടിച്ച അവസ്ഥയിലായിരുന്നില്ല. പ്രാചീന ഗോത്രസമുദായത്തിന്റെ അവശിഷ്ടമായ കൂട്ടുസമ്പ്രദായവും പില്ക്കാലത്തു വളർന്നു വന്ന സ്വകാര്യസ്വത്തുസമ്പ്രദായവും ഒരേ സമയം നിലനിന്നിരുന്നതുകൊണ്ട് ആ വ്യവസ്ഥ ക്രമത്തിൽ തകരാൻ നിർബന്ധിതമായിരുന്നു. ഈ കാലഘട്ടങ്ങളിൽ ഇന്ത്യയുടെ പല ഭാഗങ്ങളിലും പല നിലവാരത്തിലുള്ള അടിമത്തവ്യവസ്ഥകൾ നിലനിന്നിരുന്നു എന്നതിനു ധാരാളം തെളിവുകൾ അടുത്തകാലത്തായി പലരും ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

ഏഴാം നൂറ്റാണ്ടു മുതൽക്കിങ്ങോട്ടു് ഇന്ത്യയിലെ ഏഷ്യൻ ഉല്പാദന സമ്പ്രദായം കൂടുതൽ കൂടുതൽ ജന്മിത്ത ഉല്പാദനസമ്പ്രദായങ്ങളിലേയ്ക്കു് നീങ്ങാൻ തുടങ്ങിയിരുന്നു. എങ്കിലും ഇവിടത്തെ സമ്പദ്‌‌വ്യവസ്ഥയുടെ അടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന കൂട്ടുസമ്പ്രദായങ്ങൾ പലയിടത്തും അടുത്തകാലംവരെ വളരെ ചെറിയ തോതിലാണെങ്കിലും നിലനിന്നിരുന്നു. അതുകൊണ്ട് ഇവിടെ വളർന്നുവന്ന നാടുവാഴി വ്യവസ്ഥ യൂറോപ്പിലേതിനോടു തികച്ചും സമാനമായിരുന്നില്ല. വ്യക്തമായ നിർവചനത്തിലൊതുക്കാൻ കഴിയാത്ത ഒട്ടേറെ സവിശേഷതകൾ ഇവിടുത്തെ നാടുവാഴിവ്യവസ്ഥയ്ക്കുണ്ട്. ഇന്ത്യയുടെ മാത്രം സവിശേഷതയായ ജാതിവ്യവസ്ഥയും മറ്റുമടങ്ങുന്ന ഇവിടത്തെ സാമൂഹ്യ ഉപരിഘടന സാമ്പത്തികവ്യവസ്ഥയിൽ എത്രത്തോളം സ്വാധീനം ചെലുത്തിയിട്ടുണ്ട് എന്നുള്ളത് ഗൗരവമായ പഠനമർഹിക്കുന്ന വിഷയമാണു്. ഇത്തരം സങ്കീർണ്ണതകൾകൊണ്ടുതന്നെ ഇന്നു് ഇന്ത്യയിൽ നാടുവാഴിത്തവ്യവസ്ഥ ഏറെക്കുറെ ശക്തമായിത്തന്നെ നിലനില്ക്കുമ്പോൾ മുതലാളിത്തവ്യവസ്ഥയ്ക്കു വളരാൻ കഴിയുന്നു. അതുകൊണ്ടുതന്നെ ഇവിടത്തെ സാമൂഹ്യസാമ്പത്തിക പ്രശ്നങ്ങൾ അത്യധികം കുഴഞ്ഞുമറിഞ്ഞതായി തീൎന്നിരിക്കുന്നു.