close
Sayahna Sayahna
Search

മുതലാളിത്തവും സാമ്രാജ്യത്വവും


പ്രപഞ്ചവും മനുഷ്യനും

പ്രപഞ്ചവും മനുഷ്യനും
PM cover.png
ഗ്രന്ഥകർത്താവ് കെ. വേണു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ശാസ്ത്രസാഹിത്യം
വര്‍ഷം
1970
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 346
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

പാശ്ചാത്യരാജ്യങ്ങളിലും പൗരസ്ത്യരാജ്യങ്ങളിലും ജന്മിത്തവ്യവസ്ഥ ഏറ്റവും ശക്തമായി നിലനിന്ന കാലഘട്ടത്തിൽ സാംസ്കാരിക മണ്ഡലത്തിലെ പുരോഗതി നന്നേ തുച്ഛമായിരുന്നു. ഏ. ഡി. രണ്ടാം നൂറ്റാണ്ടു മുതൽ പതിനഞ്ചാം നൂറ്റാണ്ടു വരെയുള്ള ഏതാണ്ടു് പതിമൂന്നു് നൂറ്റാണ്ടോളം കാലം പാശ്ചാത്യലോകം തത്ത്വചിന്താപരമോ ശാസ്ത്രീയമോ ആയ കാര്യമായ നേട്ടങ്ങളൊന്നുമില്ലാതെയാണു് തരണം ചെയ്തതും. ഈ കാലഘട്ടത്തെ പൊതുവിൽ ഇരുണ്ടയുഗമെന്നു വിളിക്കുന്നു. ജന്മിത്തവ്യവസ്ഥയുടെ സവിശേഷതയായിരുന്ന ദൈവത്തിലും സാമൂഹ്യാചാരങ്ങളിലുമുള്ള അടിയുറച്ച വിശ്വാസമാണു് ആ കാലഘട്ടത്തിൽ പൊന്തിനിന്നിരുന്നതു്. എന്നാൽ ഈ മധ്യയുഗത്തിന്റെ അവസാനമാകാറായപ്പോഴേക്കും പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിലും മറ്റും ആശയപരമായ മണ്ഡലത്തിൽ പുതിയ പ്രവണതകൾ വളൎന്നുവരാൻ തുടങ്ങിയിരുന്നു. നിലവിലുള്ള നാടുവാഴിത്ത ഉല്പാദനസമ്പ്രദായങ്ങളുടെ അപര്യാപ്തതയാണു് ഈ പുതിയ പ്രവണതയുടെ ആവിർഭാവത്തിനു വഴിതെളിച്ചതു്.

ജന്മിത്തവ്യവസ്ഥ നിലനിൽക്കുമ്പോൾതന്നെ, സംഘടിതമായ രീതിയിൽതന്നെ വ്യാപാരവും കൈത്തൊഴിലുകളും ശില്പവേലകളും മറ്റും പുരോഗമിക്കുകയുണ്ടായെന്നു നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നുവല്ലോ. പതിനാലും പതിനഞ്ചും നൂറ്റാണ്ടുകളിൽ പുതിയ വിപണികൾ കണ്ടുപിടിക്കാനായി യൂറോപ്പിലെ സാഹസിക സഞ്ചാരികൾ അശ്രാന്തപരിശ്രമം നടത്തി. തൽഫലമായി കൊളംമ്പസ് അമേരിക്കയിലും വാസ്ക്കോഡഗാമ ഇന്ത്യയിലും, ക്യാപ്റ്റൻ കുക്കു് ആസ്ത്രേലിയയിലും ചെന്നെത്തി. ഈ അന്വേഷണപ്രവണതകളുടെ മറ്റൊരു വശമെന്ന നിലയ്ക്കു് മധ്യയുഗത്തിന്റെ അവസാന ഘട്ടത്തിൽ യൂറോപ്പിൽ ഒട്ടുവളരടെെ വ്യാവസായിക പ്രാധാന്യമുള്ള കണ്ടുപിടുത്തങ്ങൾ നടക്കുകയുണ്ടായി. ജലശക്തിയുടെ ഉപയോഗം, സമുദ്രസഞ്ചാരത്തിനുള്ള പുതിയ സമ്പ്രദായങ്ങൾ, അച്ചടി, നെയ്ത്തുശാലകൾ, ഖനനസമ്പ്രദായങ്ങൾ, പച്ചിരുമ്പു്, ഇരുമ്പുപയോഗിച്ചുള്ള ഉപകരണങ്ങൾ നിൎമ്മിക്കുന്ന സമ്പ്രദായങ്ങൾ തുടങ്ങിയ ഒട്ടേറെ പുതിയ സമ്പ്രദായങ്ങൾ അന്നു് ആവിർഭവിക്കുകയുണ്ടായി. ഇതെല്ലാം തന്നെ പുതിയ ഒരു ഉല്പാദനസമ്പ്രദായത്തിനു ജന്മമേകാനുള്ള കളമൊരുക്കുകയായിരുന്നു.

ഉല്പാദനരംഗത്തു് യൂറോപ്യൻ രാജ്യങ്ങളിലുണ്ടായ ഈ പുരോഗതി മറ്റു് അവികസിത രാജ്യങ്ങളിൽ അവർക്കാധിപത്യം ചെലുത്താനുള്ള കഴിവേകി. അങ്ങനെ ഏറെക്കുറെ എല്ലാ ഏഷ്യൻ രാജ്യങ്ങളും പുതിയ ലോകമായ അമേരിക്കയും ക്രമത്തിൽ യൂറോപ്യൻ രാജ്യങ്ങളുടെ കോളണികളായി തീർന്നു. ഈ കോളണിരാജ്യങ്ങളല്ലാംതന്നെ യൂറോപ്യൻ രാജ്യങ്ങൾക്ക് ആവശ്യമായ അസംസ്കൃതവസ്തുക്കൾ നൽകി. ഇതു യൂറോപ്പിലെ വ്യവസായങ്ങൾക്കു് തഴച്ചുവളരാനുള്ള അവസരമൊരുക്കി. തൽഫലമായി അനിവാര്യമായ വ്യാവസായിക വിപ്ലവം യൂറോപ്യൻ രാജ്യങ്ങളിലെ ഉല്പാദനശക്തികളിലും ഉല്പാദനബന്ധങ്ങളിലും വമ്പിച്ച പരിവൎത്തനമുളവാക്കി. യഥാർത്ഥത്തിൽ ജന്മിത്തവ്യവസ്ഥ ശക്തമായി നിലനിൽക്കുമ്പോൾതന്നെ ഈ പുതിയ ഉല്പാദനശക്തികൾ രംഗപ്രവേശം ചെയ്തുതുടങ്ങിയിരുന്നു. എങ്കിലും വ്യാവസായിക വിപ്ലവത്തോടുകൂടിയാണു് പുതിയ ഉല്പാദനശക്തികൾ പഴയ ഉല്പാദനബന്ധങ്ങളെ തകർക്കത്തക്കവിധം ശക്തമായി തീർന്നതു്. ഏറ്റവും ഫലപ്രദവും ആദായകരവുമായ ഉല്പാദനരംഗം വ്യാവസായമായി തീൎന്നതോടെ പഴയ ഉല്പാദനസമ്പ്രദായമായ കൃഷിയെ അടിസ്ഥാനമാക്കിയുള്ള ജന്മിത്ത ഉല്പാദന ബന്ധങ്ങൾ തകർക്കാനുള്ള ശ്രമങ്ങൾ പുതിയ ഉല്പാദനശക്തികളുടെ ഭാഗത്തു നിന്നുണ്ടായി. ആന്തരികമായും ജന്മിത്തവ്യവസ്ഥ തകർച്ചയെ നേരിടുകയായിരുന്നു. ജന്മിമാരും കുടിയാന്മാരും തമ്മിലുള്ള ബന്ധങ്ങൾ പലതരത്തിലുള്ള സംഘട്ടനങ്ങൾക്കു വിധേയമായിക്കൊണ്ടിരുന്നു. അവസാനം സമൂഹത്തിന്റെ ഉല്പാദനസമ്പ്രദായത്തിൽ വ്യാവസായികോല്പാദനം പ്രമുഖസ്ഥാനം കരസ്ഥമാക്കിവന്നതോടെ അതിന്റെ പ്രതിനിധികളായ ബൂർഷ്വാസി, നാടുവാഴിത്തശക്തികളിൽനിന്നു് രാഷ്ട്രീയാധികാരം പിടിച്ചെടുക്കാനായി വിപ്ലവങ്ങൾ തന്നെ നടത്തി. ഇവയെ ബൂൎഷ്വാ ജനാധിപത്യവിപ്ലവങ്ങൾ എന്നു വിളിക്കുന്നു.

ഇതു യൂറോപ്പിലെ സ്ഥിതിയാണു്. യൂറോപ്പിലുണ്ടായ ഈ പരിവൎത്തനങ്ങൾ പുതിയൊരു വ്യവസ്ഥക്കു ജന്മമേകി. അതിനെയാണു് ഇന്നു നാം മുതലാളിത്തവ്യവസ്ഥ എന്നു വിളിക്കുന്നതു്. യൂറോപ്പിൽ ഈ പുതിയ വ്യവസ്ഥ വളൎന്നുകൊണ്ടിരിക്കുന്ന ഘട്ടത്തിൽ ലോകത്തിലെ മറ്റെല്ലാ അവികസിതരാഷ്ട്രങ്ങളും വിവിധ യൂറോപ്യൻ രാജ്യങ്ങളുടെ കോളണികളായി തീൎന്നുകഴിഞ്ഞിരുന്നു. ഈ കോളണികളെല്ലാം അതേപടി നിലനിൽക്കേണ്ടതു് യൂറോപ്പിലെ വ്യാവസായിക വ്യവസ്ഥയുടെ നിലനിൽപ്പിനു് അത്യന്താപേക്ഷിതമായിരുന്നു. അതുകൊണ്ടുതന്നെ ഈ യൂറോപ്യൻ രാജ്യങ്ങൾ കോളണികളെ നിരന്തരം ചൂഷണം ചെയ്യുകയും, എന്നെന്നും അവികസിത രാജ്യങ്ങളായി നിലനിൎത്തുകയും ചെയ്തു. ഇതിന്റെ ഫലമായി മുതലാളിത്തരാജ്യങ്ങൾ തഴച്ചുവളരുകയും, ക്രമത്തിൽ മുതലാളിത്ത രാജ്യങ്ങൾ തമ്മിൽ തമ്മിലുള്ള മത്സരത്തിനു വഴിവെയ്ക്കുകയും ചെയ്തു. ഈ മത്സരം ശക്തമായ മുതലാളിത്തരാജ്യങ്ങളുടെ ആധിപത്യത്തെ വിപുലമാക്കുകയും, മുതലാളിത്വത്തിന്റെ ഏറ്റവുംഉയൎന്ന ഘട്ടമായ സാമ്രാജ്യത്വത്തിലേക്കു നയിക്കുകയും ചെയ്തു.

മുതലാളിത്ത ഉൽപാദന ബന്ധങ്ങൾ

മുതലാളിത്ത വ്യവസ്ഥയിലെ ഉൽപാദന ബന്ധങ്ങളിലെ പ്രധാന ഭാഗഭാക്കുകൾ മുതലാളിയും തൊഴിലാളിയുമാണു്. ഇവർ തമ്മിലുള്ള ബന്ധങ്ങളിലെ സങ്കീൎണ്ണതകൾ വ്യക്തമായാലേ മുതലാളിത്തവ്യവസ്ഥയുടെ അടിസ്ഥാനമെന്താണെന്നു മനസ്സിലാക്കാൻ കഴിയൂ.

മുതലാളിത്ത ഉൽപാദന സമ്പ്രദായത്തിന്റെ ഫലമായി നിൎമ്മിക്കപ്പെടുന്ന ഉൽപന്നങ്ങൾ സമൂഹത്തിൽ കൈമാറ്റം ചെയ്യപ്പെടുന്ന ചരക്കുകളാണു്. ഈ ചരക്കുകളുടെ യഥാൎത്ഥ മൂല്യത്തെ നിൎണ്ണയിക്കുന്നതു് എന്താണു് എന്ന പ്രശ്നം പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളിലെ സാമ്പത്തിക വിദഗ്ധന്മാരുടെ ഇടയിൽ പല അഭിപ്രായ ഭിന്നതകൾക്കും വഴിവെക്കുകയുണ്ടായി. അന്നു നിലനിന്നിരുന്ന മുതലാളിത്ത സാമ്പത്തിക ശാസ്ത്രപ്രകാരം മൂല്യമുള്ള ഏതൊരു ചരക്കിന്റെയും ഉല്പാദനത്തിൽ നാലു് അടിസ്ഥാനഘടകങ്ങൾ ഭാഗഭാക്കുകളാവുന്നു. ഭൂമി, അധ്വാനം, മൂലധനം, സംഘടന (മേൽനോട്ടം) എന്നീ നാലുഘടകങ്ങളാണവ. ഉല്പാദിപ്പിക്കപ്പെടുന്ന ഉല്പന്നത്തിൽ നിന്നു് ഈ നാലു ഘടകങ്ങൾക്കും അതാതിന്റെ പങ്കു് ലഭിക്കണം. ഭൂമിക്കു പാട്ടമായും, അധ്വാനത്തിനു് കൂലിയായും, മൂലധനത്തിനു പലിശയായും, മേൽനോട്ടത്തിനു ലാഭമായുമാണു് ആ പങ്കുകൾ നിൎണ്ണയിക്കപ്പെടുന്നതു്. ഈ സിദ്ധാന്തം അടിസ്ഥാനപരമായും തെറ്റാണെന്നു കാൾമാർക്സ് തെളിയിക്കുകയുണ്ടായി. ഒരു ഉല്പന്നത്തിന്റെ മൂല്യത്തെ നിൎണ്ണയിക്കുന്നതിൽ അധ്വാനത്തിനു മാത്രമേ പങ്കുള്ളുവെന്നു്‌‌‌‌‌‌ അദ്ദേഹം സമർത്ഥിച്ചു. പ്രകൃതിയിലുള്ള അസംസ്കൃത വസ്തുക്കളെല്ലാം മൂല്യമുള്ള ഉല്പന്നങ്ങളാക്കി മാറ്റുന്നതു് അധ്വാനം മാത്രമാണു്. തന്മൂലം ഏതൊരു ചരക്കിന്റെയും മൂല്യം അതിലടങ്ങിയിട്ടുള്ള അധ്വാനത്തിനു തുല്യമായിരിക്കും. മറ്റൊരു വിധത്തിൽ പറഞ്ഞാൽ ഏതൊരു ചരക്കിന്റെയും മൂല്യത്തിനു മുഴുവനും അവകാശി ആ ചരക്കു് ഉൽപാദിപ്പിക്കുന്നതിനാവശ്യമായ അധ്വാനം നൽകിയവനാണു്. അങ്ങനെ വരുമ്പോൾ പഴയ മുതലാളിത്ത സാമ്പത്തികശാസ്ത്രം അനുശാസിക്കുന്ന തരത്തിലുള്ള മറ്റു മൂന്നു ഘടകങ്ങളുടെയും സ്ഥാനം എന്താണെന്നു നോക്കേണ്ടതുണ്ടു്.

ഭൂമി തുടങ്ങിയ പ്രകൃതിവസ്തുക്കൾ പൊതുസ്വത്തായതിനാൽ, അഥവാ അങ്ങനെ കണക്കാക്കേണ്ടതായതിനാൽ അതിനു നൽകേണ്ട പ്രതിഫലത്തിന്റെ പ്രശ്നം ഉദിക്കുന്നില്ല. പിന്നെ മൂലധനത്തിനു നൽകേണ്ട പലിശയാണുള്ളതു്. എന്നാൽ ഈ മൂലധനം ഉടലെടുക്കുന്നതു് എവിടെ നിന്നാണെന്നു് പരിശോധിക്കേണ്ടതുണ്ടു്. ഉല്പാദനം നടത്തിക്കുന്ന മുതലാളി തൊഴിലാളികളുടെ അധ്വാനശക്തി വിലകൊടുത്തു വാങ്ങുന്നു. തൊഴിലാളി തന്റെ നിലനിൽപിനു വേണ്ടി അധ്വാനശക്തി വില്ക്കാൻ നിർബ്ബന്ധിതനാണു്. കാരണം, തൊഴിലാളിയുടെ പക്കൽ ഉല്പാദനോപാധികളൊന്നുമില്ല; അവന്റെ ഏക കൈമുതൽ അധ്വാനശക്തി മാത്രമാണു്. ഈ അധ്വാനശക്തി വില്ക്കാതെ അവന്റെ ജീവിതാവശ്യങ്ങൾ നിറവേറ്റുക സാധ്യമല്ല. മുതലാളി തൊഴിലാളിക്കു് അവന്റെ ജീവൻ നിലനിൎത്താനാവശ്യമായ പ്രതിഫലം മാത്രം കൊടുത്താണു് അധ്വാനശക്തി വാങ്ങുന്നതു്. ഈ അധ്വാനശക്തി വിലകൊടുത്തു വങ്ങിയതിനുശേഷം വിവിധ ഉല്പാദനോപാധികളിൽ ഏറ്റവും ഫലപ്രദമായ വിധത്തിൽ മുതലാളി ഉപയോഗിപ്പിക്കുന്നു. ഇങ്ങനെ ആധുനിക വ്യാവസായികോപകരണങ്ങളിൽ തൊഴിലാളി തന്റെ അധ്വാനശക്തി ചെലുത്തുമ്പോൾ അവന്റെ ജീവൻ നിലനിൎത്തുന്നതിനാവശ്യമായതിലും വളരെയേറ ഉല്പന്നങ്ങൾ അവനുണ്ടാക്കുന്നു. ഈ ഉല്പന്നങ്ങളുടെ മൂല്യത്തിനെല്ലാം നിദാനം തൊഴിലാളിയുടെ അധ്വാനമാണു്. പക്ഷേ, അവൻ ഉല്പാദിപ്പിക്കുന്ന ഉൽപന്നങ്ങളുടെ മൂല്യത്തിന്റെ ഒരംശം മാത്രമേ അധ്വാനശക്തിക്കുള്ള പ്രതിഫലമായി അവനു ലഭിക്കുന്നുള്ളു. ഉദാഹരണത്തിനു്, പത്തുമണിക്കൂർ ജോലി ചെയ്യുന്ന ഒരു തൊഴിലാളി ആദ്യത്തെ അഞ്ചുമണിക്കൂർകൊണ്ടു് അവനു ജീവിക്കാനാവശ്യമായ കൂലിക്കുള്ള ജോലി ചെയ്യുന്നു എന്നു കരുതുക. മുതലാളി എപ്പോഴും തൊഴിലാളിക്കു് കഷ്ടിച്ചു ജീവിക്കാനുള്ള കൂലി മാത്രമേ കൊടുക്കൂ എന്നതു് ഓർക്കുക. ബാക്കിയുള്ള അഞ്ചുമണിക്കൂർ സമയം തൊഴിലാളി ചെയ്യുന്ന അധ്വാനത്തിന്റെ ഫലമായി ഉണ്ടാകുന്ന ഉല്പന്നങ്ങളുടെ മൂല്യം മുതലാളിക്കു ലഭിക്കുന്നു. ഇങ്ങനെ ലഭിക്കുന്ന മൂല്യത്തെ മിച്ചമൂല്യമെന്നു വിളിക്കുന്നു. എല്ലാ തരത്തിലുള്ള ലാഭത്തിന്റെയും മൂലധനത്തിന്റെയും അടിസ്ഥാനം ഈ മിച്ചമൂല്യമാണു്.

വാസ്തവത്തിൽ, തൊഴിലാളികളുടെ അധ്വാനഫലമായുണ്ടാകുന്ന ഉല്പന്നങ്ങളുടെ മൂല്യം മുഴുവനും അവനു ലഭിക്കേണ്ടതാണു്. പക്ഷേ, മുതലാളി, തൊഴിലാളിക്കു് ജീവിക്കാനാവശ്യമായതു് മാത്രം കൊടുത്തു ബാക്കി മുഴുവനും സ്വന്തം കയ്യിലൊതുക്കുകയാണു് ചെയ്യുന്നതു്. ഇതാണ് മുതലാളിയുടെ മൂലധനമായി തീരുന്നതു്. അപ്പോൾ മുതലാളി തൊഴിലാളികളെ ഈ വിധത്തിൽ എത്രത്തോളം ചൂഷണം ചെയ്യുന്നുവോ അതിനനുസരിച്ചു് അയാളുടെ മൂലധനം വൎദ്ധിച്ചുകൊണ്ടിരിക്കും. തൊഴിലാളിയുടെ അദ്ധ്വാനശക്തിക്കു്, മുഴുവൻ വിലയും, അതായതു് അയാളുല്പാദിപ്പിക്കുന്ന ഉല്പന്നങ്ങളുടെ മൂല്യം മുഴുവനും നൽകുകയാണെങ്കിൽ അവിടെ മിച്ചമൂല്യമുണ്ടാകുന്നില്ല. ലാഭവും മൂലധനവും രൂപംകൊള്ളുകയില്ല. അപ്പോൾ, തൊഴിലാളി ജോലിചെയ്യാനുപയോഗിക്കുന്ന യന്ത്രങ്ങളും മറ്റു ഉല്പാദനോപാദികളും പ്രതിഫലമർഹിക്കുന്നവയല്ലേ എന്ന പ്രശ്നമുദിക്കുന്നുണ്ടു്. ഈ ഉല്പാദനോപാധികൾ നൽകുന്നതു് മുതലാളിയാണു്. അതുകൊണ്ടു് ഈ ഉല്പാദനോപാദികൾക്കുള്ള പലിശയോ പാട്ടമോ എന്തെങ്കിലും ലഭിക്കേണ്ടതല്ലേ എന്നതാണു് ചോദ്യം. പക്ഷേ, ഈ ഉല്പാദനോപാധികൾ അഥവാ മൂലധനം, മറ്റേതെങ്കിലും തൊഴിലാളികളുടെ അദ്ധ്വാനത്തെ ചൂഷണം ചെയ്തതിന്റെ ഫലമാണു്. അങ്ങനെ എപ്പോഴെങ്കിലും നടന്ന ഒരു ചൂഷണത്തിന്റെ ഫലമായി മിച്ചമൂല്യമുണ്ടാക്കിയെങ്കിൽ മാത്രമേ മൂലധനമുണ്ടാക്കാൻ പറ്റൂ. തന്മൂലം ഇങ്ങനെ രൂപീകൃതമായ മൂലധനത്തിനു്, തൊഴിലാളി പലിശ നൽകാൻ ബാദ്ധ്യസ്ഥനല്ല. പക്ഷേ, മുതലാളി നിർബന്ധപൂൎവ്വം തൊഴിലാളിയെ ചൂഷണം ചെയ്യുകയാണു്.

മൂലധനകേന്ദ്രീകരണം

മുതലാളിത്ത വ്യവസ്ഥയിലെ, മൗലികമായ ഉല്പാദനബന്ധങ്ങളാണു് മുകളിൽ വിവരിച്ചതു്. മുതലാളിത്ത വ്യവസ്ഥയിൽ, ഓരോ മുതലാളിയും തന്റെ മൂലധനം വൎദ്ധിപ്പിക്കാനായി ശ്രമിച്ചുകൊണ്ടിരിക്കും. ഇതിനുവേണ്ടി, തൊഴിലാളികളെ ചൂഷണം ചെയ്തുണ്ടാക്കുന്ന മിച്ചമൂല്യം മുഴുവനും, ആധുനിക യന്ത്രോപകരണങ്ങളുടെ രൂപത്തിൽ മൂലധനമായി ശേഖരിക്കുന്നു. ഇങ്ങനെ ഓരോ മുതലാളിയും കൂടുതൽ ശക്തനാവാനുള്ള മത്സരത്തിൽ, ദുർബലർ നശിക്കുകയും ശക്തിമാന്മാർ തഴച്ചു വളരുകയും ചെയ്യും. ഈ മത്സരഫലമായി, മുതലാളിമാരുടെ എണ്ണം ചുരുങ്ങും, അതു് തൊഴിലാളികളുടെ എണ്ണത്തെയും ചുരുക്കും. അങ്ങനെ വരുമ്പോൾ തൊഴിലാളികളുടെ ഇടയിൽ തൊഴിലില്ലായ്മയുടെ പ്രശ്നം രൂക്ഷമാകും. അങ്ങനെ, മുതലാളിമാർക്കിടയിൽ മൂലധനകേന്ദ്രീകരണത്തിലൂടെ കുത്തകമുതലാളിമാർ തഴച്ചുവളരുംതോറും തൊഴിലാളികളുടെ കാര്യം കൂടുതൽ ശോചനീയമായിത്തീരും. തൊഴിലില്ലാത്തവർ വൎദ്ധിക്കുന്തോറും കുറഞ്ഞ കൂലിക്കു് ജോലി ചെയ്യാൻ തയ്യാറുള്ള തൊഴിലാളികൾ വൎദ്ധിക്കും. തന്മൂലം, മുതലാളിക്കു് കൂടുതൽ തൊഴിലാളികളെ നിയോഗിച്ചു് മിച്ചമൂല്യം വർദ്ധിപ്പിക്കാനും കഴിയും. ഈ പ്രക്രിയ ഇങ്ങനെ തുടർന്നുകൊണ്ടേയിരിക്കും.

കുത്തകമൂലധനം വർദ്ധിക്കുന്തോറും തൊഴിലാളികൾ ഏറ്റവുമധികം ചൂഷണം ചെയ്യപ്പെട്ടുകൊണ്ടിരിക്കും. ഈ അമിതമായ ചൂഷണം തൊഴിലാളികളെ സംഘടിക്കാൻ പ്രേരിപ്പിക്കുന്നു. മുതലാളിത്ത ഉല്പാദനസമ്പ്രദായങ്ങൾ തന്നെ, തൊഴിലാളികൾക്കു് സംഘടിക്കാനും ശക്തിപ്പെടാനുമുള്ള അവസരം നൽകും. ഇതേസമയം മൂലധനകുത്തകതന്നെ മുതലാളിത്തോല്പാദനത്തിനു് തടസ്സമായിത്തീരും. ഉല്പാദനോപാദികൾ ഏതാനും ചിലരുടെ പക്കലായി കേന്ദ്രീകരിക്കുകയും, അതേസമയം അദ്ധ്വാനം സാമൂഹ്യവൽക്കരിക്കപ്പെടുകയും ചെയ്യുന്നതിൽ പരിഹരിക്കാൻ പറ്റാത്ത വൈരുദ്ധ്യങ്ങളുണ്ടു്. ഈ വൈരുദ്ധ്യങ്ങൾ മൂൎച്ഛിച്ചു വരുന്നതിന്റെ ഫലമായി മുതലാളിത്ത വ്യവസ്ഥ തകരാൻ ബാദ്ധ്യസ്ഥമാണു്. ഈ സമയത്തു് സംഘടിത തൊഴിലാളിവൎഗ്ഗം വൎദ്ധിച്ചു വരുന്ന ചൂഷണത്തിനറുതി വരുത്താനായി മുതലാളിത്തവ്യവസ്ഥയെ തകൎക്കാൻ തയ്യാറെടുക്കുന്നു. ഇങ്ങനെ മുതലാളിത്ത വ്യവസ്ഥയുടെ സ്വയം തകൎച്ചയും, തൊഴിലാളി വൎഗ്ഗത്തിന്റെ സംഘടിതമുന്നേറ്റവും ഒത്തുചേരുമ്പോൾ തൊഴിലാളി വൎഗ്ഗവിപ്ലവത്തിലൂടെ തൊഴിലാളികൾ അധികാരം പിടിച്ചുപറ്റുകയും ‘തൊഴിലാളിവർഗ്ഗ സൎവ്വാധിപത്യം’ സ്ഥാപിക്കുകയും ചെയ്യും.

സാമ്രാജ്യത്വം

മുതലാളിത്ത വ്യവസ്ഥയിലെ ഉല്പാദനബന്ധങ്ങളുടെ ഈ സവിശേഷതകൾ വെച്ചുനോക്കുമ്പോൾ ഏറ്റവും വളൎച്ചയെത്തിയ മുതലാളിത്ത രാജ്യത്തിലാണു് തൊഴിലാളിവൎഗ്ഗവിപ്ലവമുണ്ടാകേണ്ടതെന്നു മാർക്സും ഏംഗൽസും പ്രവചിച്ചു. പക്ഷേ, അതു സംഭവിച്ചില്ല. സാമ്പത്തികവളൎച്ചയുടെ കാര്യത്തിൽ താരതമ്യേന താഴെക്കിടയിൽ കിടന്നിരുന്ന രാജ്യങ്ങളിലൊന്നായ റഷ്യയിലാണാദ്യത്തെ തൊഴിലാളിവർഗ്ഗവിപ്ലവം വിജയകരമായി നടന്നതു്. ഇങ്ങനെ സംഭവിക്കാനുണ്ടായ കാരണം എന്താണെന്നു്, മാൎക്സിന്റെ സിദ്ധാന്തങ്ങളെ പിന്തുടൎന്നുകൊണ്ടുതന്നെ ലെനിൻ വിശദീകരിക്കുകയുണ്ടായി.

മുതലാളിത്തത്തിന്റെ വളർച്ചയ്ക്കു് രണ്ടു ഘട്ടങ്ങളുണ്ടെന്നു് ലെനിൻ ചൂണ്ടിക്കാണിച്ചു. പുതിയ ഉല്പാദനശക്തികളുടെ ആവിർഭാവത്തോടെ ഒട്ടാകെയുള്ള ഉല്പാദനത്തിന്റെ തോതു് ഗണ്യമായി വൎദ്ധിപ്പിച്ചുകൊണ്ടാണു് മുതലാളിത്ത വ്യവസ്ഥിതി ആദ്യം വളൎന്നു വന്നതു്. ഈ ഘട്ടത്തിൽ മുതലാളിമാർ തമ്മിലുള്ള തുറന്ന മത്സരമാണു് നടന്നിരുന്നതു്. സാമൂഹ്യവളൎച്ചയുടെ അടിസ്ഥാനം ഉല്പാദന ശക്തികളുടെ മുന്നേറ്റമാണെന്നതുകൊണ്ടു് മുതലാളിത്തത്തിന്റെ ഈ ആദ്യഘട്ടം പുരോഗമനോന്മുഖമായിരുന്നു. ഫ്രഞ്ചുവിപ്ലവം മുതൽ പാരീസ് കമ്യൂൺ വരെയുള്ള കാലഘട്ടത്തെ, മുതലാളിത്തത്തിന്റെ വളൎച്ചയുടെ ഘട്ടമായി കണക്കാക്കാവുന്നതാണു്.

അടുത്തഘട്ടത്തിൽ, മുതലാളിത്ത വ്യവസ്ഥിതിയിലെ നിൎണ്ണായകശക്തികളായി, വ്യവസായികളുടെ സ്ഥാനത്തു് പുതിയൊരു വിഭാഗം ആവിർഭവിച്ചു. വൻകിട ബാങ്കുകളും മറ്റുതരത്തിലുള്ള പണസംബന്ധമായ സംഘടനകളും മറ്റും ഉല്പാദനത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു തുടങ്ങി. ഒറ്റയ്ക്കൊറ്റയ്ക്കുള്ള വ്യവസായികൾക്കു് സ്ഥാനമില്ലാതായി. മുതലാളിത്തത്തിന്റെ ഒന്നാം ഘട്ടം വ്യവസായികൾ തമ്മിലുള്ള തുറന്നമത്സരത്തിന്റെ രംഗമായിരുന്നുവെങ്കിൽ ഈ രണ്ടാം ഘട്ടത്തിൽ, അതിവിപുലമായ തോതിലുള്ള സംഘടനകളായ ട്രസ്റ്റുകളുടെയും സിന്റിക്കേറ്റുകളുടെയും മറ്റും കുത്തകയായിത്തീൎന്നു ഉല്പാദനരംഗം. ഈ കുത്തകമുതലാളിത്തത്തെയാണു് സാമ്രാജ്യത്വം എന്നു വിളിക്കുന്നതു്. ഇതു 1871 മുതൽ ഒന്നാം ലോകമഹായുദ്ധംവരെയുള്ള കാലഘട്ടമായിരുന്നു. ഈ കാലഘട്ടം ഉല്പാദനവ്യവസ്ഥയെ സംബന്ധിച്ചിടത്തോളം പുരോഗമനോന്മുഖമായിരുന്നില്ല. കാരണം കുത്തകകളുടെ ആധിപത്യം പുതിയ ഉല്പാദന ശക്തികളുടെ വളൎച്ചക്കിടം നൽകാതെ ഉല്പാദന സമ്പ്രദായങ്ങളെ മുരടിപ്പിക്കുകയാണുണ്ടായതു്. എങ്കിലും ഈ ഘട്ടത്തിൽ മുതലാളിത്ത സമ്പദ്യവസ്ഥ അധോഗമനം ചെയ്യാൻ തുടങ്ങിയിരുന്നില്ല. എന്നാൽ ഒന്നാംലോകമഹായുദ്ധത്തോടു കൂടി സാമ്രാജ്യത്വത്തിന്റെ തകൎച്ച ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. സോഷ്യലിസ്റ്റു ശക്തികളുടെ ആവിർഭാവവും മുതലാളിത്തത്തെ വെല്ലുവിളിക്കാൻ തക്ക നിലവാരത്തിലേയ്ക്കുള്ള അവയുടെ വളർച്ചയും ലോക സാമ്രാജ്യത്വത്തെ നിമിഷംപ്രതിയെന്നോണം ക്ഷീണിപ്പിച്ചുകൊണ്ടിരിക്കുന്നു.

സാമ്രാജ്യത്വത്തിന്റെ ആവിർഭാവത്തോടെ, ഉല്പാദനശക്തികളുടെയും ഉല്പാദനബന്ധങ്ങളുടെയും സ്വഭാവത്തിൽ ചിലവ്യതിയാനങ്ങൾ ഉണ്ടാവുകയുണ്ടായി. സാമ്രാജ്യത്വം ശക്തിപ്പെട്ടുവന്നതോടെ ലോകത്തൊട്ടാകെയുള്ള മൂലധനം സാമ്രാജ്യത്വശക്തികളുടെ കൈകളിൽ കേന്ദ്രീകരിക്കാൻ തുടങ്ങി. അവികസിത രാഷ്ട്രങ്ങളിൽ തങ്ങളുടെ ഉല്പന്നങ്ങൾ വിൽക്കാനും ആ രാജ്യങ്ങളിൽനിന്നു് അസംസ്കൃതവസ്തുക്കൾ കുറഞ്ഞവിലയ്ക്കു സമ്പാദിക്കാനും അവർക്കു കഴിഞ്ഞിരുന്നു. കോളണി രാജ്യങ്ങളിൽ നിന്നു് അമിതമായ ലാഭം കിട്ടുന്നതുകൊണ്ടു് ഈ സാമ്രാജ്യത്വശക്തികളുടെ രാജ്യങ്ങളിലെ തൊഴിലാളികൾക്കു കൂടുതൽ വേതനം നൽകി അവരെ തൃപ്തിപ്പെടുത്താൻ കഴിഞ്ഞു. തന്മൂലം ഈ സാമ്രാജ്യത്വരാഷ്ട്രങ്ങളിൽ പുതിയൊരു സ്വഭാവത്തോടുകൂടിയ തൊഴിലാളിവൎഗ്ഗം ആവിർഭവിച്ചു. അവർ മാൎക്സ് ചൂണ്ടിക്കാട്ടിയതുപോലെ ഉടനടി യാതനയുടെ നീൎച്ചുഴിയിലേക്കു എടുത്തെറിയപ്പെട്ടില്ല. കോളണി രാജ്യങ്ങൾ നിലനിൽക്കുന്നിടത്തോളം ഈ തൊഴിലാളികളെ അസംതൃപ്തരാക്കാതിരിക്കാൻ സാമ്രാജ്യത്വശക്തികൾക്കുകഴിഞ്ഞു; കഴിയുന്നുമുണ്ടു്. ഇതുമൂലം തൊഴിലാളി വർഗ്ഗത്തിൽ തന്നെ ഒരു ഉന്നത വിഭാഗം ഉടലെടുത്തു. ഇവർ, സാമ്രാജ്യത്വശക്തികളുടെ അമിതലാഭത്തിന്റെ പങ്കുപറ്റിക്കൊണ്ടു് ബൂൎഷ്വാവൎഗ്ഗവുമായി സഹകരിക്കാനും വിപ്ലവബോധം ഉപേക്ഷിക്കാനും തയ്യാറായി. അതുകൊണ്ടാണു് ഏറ്റവും വളൎച്ചയെത്തിയ മുതലാളിത്ത–സാമ്രാജ്യത്വ രാഷ്ട്രങ്ങളിൽ മാൎക്സ് വിഭാവന ചെയ്തതുപോലെ തൊഴിലാളിവൎഗ്ഗവിപ്ലവം പൊട്ടിപ്പുറപ്പെടാതിരുന്നതു്.

പക്ഷേ, മുതലാളിത്തത്തിന്റെ അനിവാര്യമായ തകൎച്ചയെ ത്വരിതപ്പെടുത്തുന്നതിനാവശ്യമായ വൈരുദ്ധ്യങ്ങൾ സാമ്രാജ്യത്വവ്യവസ്ഥിതിയിലും അടങ്ങിയിട്ടുണ്ടു്. സാമ്രാജ്യത്വശക്തികൾ വിപണികൾക്കു വേണ്ടിയുള്ള മത്സരത്തിൽ ലോകത്തെ തങ്ങൾക്കിടയിൽ പങ്കിട്ടെടുത്തു. അതിന്റെ ഫലമായി ലോകം ചൂഷകരുടെയും ചൂഷിതരുടെയും രാജ്യങ്ങളായി വിഭജിക്കപ്പെട്ടു. ഇതുകൊണ്ടുതന്നെ, ചൂഷണത്തിനെതിരായ സമരം ഏതെങ്കിലും ഒരു രാജ്യത്തിനുള്ളിൽ വച്ചു നടക്കേണ്ടതല്ലാതായിത്തീർന്നിരിക്കുന്നു. അതു ലോകവ്യാപകമായി നടക്കേണ്ട ഒരു സമരത്തിന്റെ അഥവാ വിപ്ലവത്തിന്റെ സ്വഭാവം കൈവരിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല മാൎക്സിന്റെ കാലത്തു് തൊഴിലാളി വർഗ്ഗമെന്നു വിളിക്കപ്പെട്ടിരുന്ന വ്യവസായ തൊഴിലാളികൾ മാത്രമല്ല, ഇന്നത്തെ തൊഴിലാളി വൎഗ്ഗസമരത്തിലെ പ്രധന ഭാഗഭാക്കുകൾ. എല്ലാ ചൂഷിതരാജ്യങ്ങളിലെയും അധ്വാനിക്കുന്ന ജനവിഭാഗങ്ങൾ ഒത്തൊരുമിച്ചുള്ള സംഘടിത സമരത്തിലൂടെ മാത്രമേ ചൂഷണത്തിനറുതി വരുത്താനാവൂ എന്നു വ്യക്തമായിക്കഴിഞ്ഞിരിക്കുന്നു. അതുകൊണ്ടുതന്നെയാണു് സാമ്പത്തിക വ്യവസ്ഥിതിവെച്ചു നോക്കുമ്പോൾ വളരെ താണ പടിയിൽ കിടന്ന റഷ്യയിൽ ഒന്നാംലോകമഹായുദ്ധകാലത്തും, ചൈനയിൽ രണ്ടാംലോകമഹായുദ്ധശേഷവും തൊഴിലാളിവൎഗ്ഗ നേതൃത്വത്തിലുള്ള വിപ്ലവങ്ങൾ നടക്കുന്നതു്.

സാമ്രാജ്യത്വത്തിലടങ്ങിയിട്ടുള്ള മറ്റൊരു വൈരുദ്ധ്യംകൂടി ഈവിധം അവികസിത രാഷ്ട്രങ്ങളിൽ വിപ്ലവമുണ്ടാക്കുന്നതിനു വഴിയൊരുക്കുകയുണ്ടായി. സാമ്രാജ്യത്വത്തിന്റെ വളർച്ച ചില രാജ്യങ്ങളുടെ അസമമായ വളർച്ചയെ ത്വരിതപ്പെടുത്തി. അവികസിത രാഷ്ട്രങ്ങളിൽ കൂടുതൽ വിപണികൾ കണ്ടുപിടിക്കാൻ കഴിഞ്ഞവൎക്കു് അതിവേഗം വളരാൻ കഴിഞ്ഞു. ഇതു മുതലാളിത്തസമൂഹത്തിൽ തന്നെ അസന്തുലിതാവസ്ഥക്കും അനിശ്ചിതത്വത്തിനും വഴിയൊരുക്കി. ഇങ്ങനെ വിപണികൾക്കു പറ്റിയ കോളണികൾക്കുവേണ്ടിയുള്ള സാമ്രാജ്യത്വശക്തികളുടെ മത്സരമാണു് ലോകമഹായുദ്ധങ്ങൾക്കു വഴിതെളിക്കുന്നതു്. ഇത്തരം ഘട്ടങ്ങളിൽ സാമ്രാജ്യത്വശക്തികളുടെ പ്രധാന വിപണികളായി വൎത്തിക്കുന്ന രാജ്യങ്ങളിൽ സാമ്രാജ്യത്വത്തിന്റെ എല്ലാ വൈരുദ്ധ്യങ്ങളും പ്രകടമാവുന്നു. തൽഫലമായി അത്തരം രാജ്യങ്ങളിൽ തൊഴിലാളി വൎഗ്ഗവിപ്ലവത്തിനുള്ള സാഹചര്യം സംജാതമാകുന്നു. ഒന്നാംലോകമഹായുദ്ധകാലത്തു് റഷ്യ അങ്ങനെയാണു് വിപ്ലവത്തിന്റെ മൎമ്മസ്ഥാനമായി മാറിയതു്.