close
Sayahna Sayahna
Search

സോഷ്യലിസവും കമ്യൂണിസവും


പ്രപഞ്ചവും മനുഷ്യനും

പ്രപഞ്ചവും മനുഷ്യനും
PM cover.png
ഗ്രന്ഥകർത്താവ് കെ. വേണു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ശാസ്ത്രസാഹിത്യം
വര്‍ഷം
1970
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 346
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

മുതലാളിത്തവ്യവസ്ഥയിൽ നിലനിൽക്കുന്ന ഉല്പാദനബന്ധങ്ങളിൽ അടിസ്ഥാനപരമായ ഒരു വൈരുദ്ധ്യം നിലനില്ക്കുന്നുണ്ടെന്നു നാം കാണുകയുണ്ടായി. ആധുനിക മുതലാളിത്ത വ്യവസ്ഥയിൽ ഉല്പാദന സമ്പ്രദായം ഏറ്റവും അധികം സാമൂഹ്യവല്കൃതമായിരിക്കുന്നു. അതേ സമയം കുത്തകമൂലധനത്തിന്റെ വളർച്ച ഉല്പാദനോപാധികളുടെ ഉടമാവകാശം ഏതാനും വ്യക്തികളിൽ മാത്രമാക്കി പരിമിതപ്പെടുത്തിയിരിക്കുന്നു. ഈ അടിസ്ഥാനപരമായ വൈരുദ്ധ്യം നിലനില്ക്കുന്നിടത്തോളം കാലം മുതലാളിത്തവ്യവസ്ഥയ്ക്ക് ഏറെക്കാലം നിലനില്ക്കുക സാധ്യമല്ല. അതു് തകരുകയും, ഈ വൈരുധ്യം പരിഹരിക്കത്തക്കവിധത്തിലുള്ള ഒരു വ്യവസ്ഥയ്ക്കു് വഴിമാറിക്കൊടുക്കുകയും ചെയ്യേണ്ടത് ചരിത്രപരമായ ഒരനിവാര്യതയാണു്.

പ്രധാനപ്പെട്ട ഉല്പാദനോപാധികൾ മുഴുവനും പൊതുഉടമയിൽ വരുന്ന വ്യവസ്ഥിതിയിൽ മാത്രമേ ഈ വൈരുധ്യം ഏറെക്കുറെ പരിഹരിക്കപ്പെടൂ. ഉല്പന്നങ്ങളുടെ മൂല്യത്തിനടിസ്ഥാനം അധ്വാനമായതുകൊണ്ട് ഉല്പന്നങ്ങൾ ഉപയോഗിക്കുന്നവരെല്ലാം അധ്വാനിക്കാൻ ബാധ്യസ്ഥരാണു്. അങ്ങനെ അധ്വാനിക്കുന്ന മുഴുവൻ ജനതയുടെയും ഉടമയിലാവണം ആ അധ്വാനത്തിനാവശ്യമായ എല്ലാ പ്രധാന ഉല്പാദനോപാധികളും. ഇങ്ങനെ അധ്വാനിക്കുന്ന ജനതയുടെ പൊതു ഉടമയിൽ എല്ലാ ഉല്പാദനോപാധികളും വന്നുചേരുന്ന വ്യവസ്ഥിതിയെയാണ് സോഷ്യലിസ്റ്റ് സാമൂഹ്യക്രമം എന്നു പറയുന്നത്. അധ്വാനിക്കുന്ന ജനതയുടെ ഉടമസ്ഥതയിൽ തന്നെയാണു് ഉല്പാദനോപാധികളെല്ലാമെന്നതുകൊണ്ട് എല്ലാ ഉല്പന്നങ്ങളും അവരുടെ പൊതു ഉടമയിൽത്തന്നെ ആയിത്തീരുന്നു. തന്മൂലം അവിടെ ആൎക്കും ആരെയും ചൂഷണം ചെയ്യാൻ പറ്റാതെ വരുന്നു.

പക്ഷേ, ഇങ്ങനെ ഒരു വ്യവസ്ഥിതി താനേ സംജാതമാവുകയില്ല. സാംസ്കാരിക യുഗത്തിൽ പിന്നിട്ടിട്ടുള്ള എല്ലാ വ്യവസ്ഥിതികളിലും നിരന്തരമായ ചൂഷണത്തിനു വിധേയമായിട്ടുള്ള അധ്വാനിക്കുന്ന ജനത സംഘടിക്കുകയും ചൂഷകവൎഗ്ഗത്തിൽ നിന്നു രാഷ്ട്രീയാധികാരം പിടിച്ചെടുക്കുകയും ചെയ്തെങ്കിൽ മാത്രമേ ഉല്പാദനോപാധികളെല്ലാം പൊതു ഉടമയിൽ കൊണ്ടുവരാനാവൂ. അങ്ങനെ തൊഴിലാളിവർഗ്ഗസൎവാധിപത്യം സ്ഥാപിക്കുന്നതു വഴി മാത്രമേ എല്ലാത്തരം വ്യവസായങ്ങളും മറ്റ് ഉല്പാദന സമ്പ്രദായങ്ങളും പൊതുഉടമയിലാക്കാൻ കഴിയൂ; ജന്മിത്തം അവസാനിപ്പിക്കാനും ഭൂമി മുഴുവനും പൊതുഉടമയിലാക്കാനും പറ്റൂ.

ആസൂത്രിത സാമൂഹ്യക്രമം

സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ ഉല്പാദനോപാധികളെല്ലാം പൊതു ഉടമയിലാവുന്നതുകൊണ്ട് ചരിത്രത്തിലാദ്യമായി സാമൂഹ്യാസൂത്രണം സാധ്യമാകുന്നു. പ്രധാനപ്പെട്ട എല്ലാ ഉല്പാദനങ്ങളും ആസൂത്രിതമായി നടത്താനിതുമൂലം കഴിയുന്നു. സ്വകാര്യ ഉടമാവകാശം നിലനില്ക്കുമ്പോൾ സമൂഹത്തിന്റെ ഒട്ടാകെയുള്ള ആസൂത്രണം സാധ്യമാവുകയില്ല. മുതലാളിത്തത്തിനുകീഴിലും പലപ്പോഴും ആസൂത്രണത്തിനുള്ള സംരംഭങ്ങൾ നടക്കാറുണ്ട്. പക്ഷേ, അവിടെ സാമൂഹ്യമായ ആസൂത്രണം സാധ്യമല്ല. കാരണം, സ്വകാര്യഉടമകളായ ഓരോ മുതലാളിമാർക്കും തനതായ സ്ഥാപിത താല്പര്യങ്ങളുണ്ടാകും. ഓരോരുത്തരും കൂടുതൽ ലാഭമുണ്ടാക്കാനുള്ള മത്സരത്തിലേർപ്പെട്ടിരിക്കുമ്പോൾ കൂട്ടായ ആസൂത്രണം തികച്ചും അസാധ്യമായിത്തീരുന്നു.

സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ സ്ഥിതി നേരെ വിപരീതമാണു്. അവിടെ ഉല്പാദനം നടക്കുന്നതു് ലാഭത്തിനുവേണ്ടിയല്ല. സമൂഹത്തിന്റെ പൊതുവായ നന്മക്കുവേണ്ടിയാണു്. സമൂഹത്തിലെ ഉല്പാദനത്തിന്റെ തോത് വർദ്ധിക്കുന്നതിനനുസരിച്ച് സമൂഹത്തിന്റെ പൊതുവായ സ്ഥിതി മെച്ചപ്പെടുകയാണു് ചെയ്യുക. അല്ലാതെ ഏതെങ്കിലും വ്യക്തികളുടെയോ വിഭാഗത്തിന്റെയോ മാത്രം ഉന്നമനം സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ സാധ്യമല്ല. അങ്ങനെ സാമൂഹ്യഉടമസ്ഥതയുടെ അടിസ്ഥാനത്തിലുള്ള ആസൂത്രണത്തിന്റെ ഫലമായി മുഴുവൻ സാമൂഹ്യവളർച്ചയും ബോധപൂർവ്വമായ നിയന്ത്രണത്തിലാക്കാൻ പറ്റുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥിതി വരുന്നതിനുമുൻപുള്ള സാമൂഹ്യക്രമങ്ങളിലൊന്നും തന്നെ സാമൂഹ്യവളർച്ചയെ മനുഷ്യർക്കു നിയന്ത്രിക്കാൻ കഴിഞ്ഞിരുന്നില്ല. മനുഷ്യരുടെ ഇഷ്ടാനിഷ്ടങ്ങളിൽനിന്നു സ്വതന്ത്രമായിട്ടാണു് സാമൂഹ്യപരിവർത്താനങ്ങൾ നടന്നിരുന്നതു്. എന്നാൽ, സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ സാമൂഹ്യാസൂത്രണത്തിലൂടെ സാമൂഹ്യ വളർച്ചയെ ബോധപൂർവ്വം നിയന്ത്രിക്കാൻ കഴിയുന്നു.

നിരന്തരമെന്നോണം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സമൂഹത്തിന്റെ ഭൗതികവും സാംസ്കാരികവും ആയ ആവശ്യങ്ങൾ പരമാവധി തൃപ്തിപ്പെടുത്തുക എന്നുള്ളതാണു് സോഷ്യലിസ്റ്റ് ആസൂത്രണത്തിന്റെ മൗലിക ലക്ഷ്യം. ആധുനികശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും എല്ലാ കഴിവുകളും ഉപയോഗിച്ചുകൊണ്ട് സമൂഹത്തിന്റെ മൊത്തം ഉല്പാദനം വർദ്ധിപ്പിക്കുകയാണു് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലെ ഉല്പാദനസമ്പ്രദായത്തിന്റെ ഉദ്ദേശം. ഉല്പാദനം വർദ്ധിക്കുന്നതിനനുസരിച്ച് അതിൽനിന്നുണ്ടാകുന്ന ഗുണങ്ങളെല്ലാം സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും തുല്യമായി ലഭിക്കുന്നു.

ആധുനിക സാങ്കേതികവിദ്യകളുടെയും മറ്റും ഫലമായി, സങ്കീൎണ്ണങ്ങളായ യന്ത്രസാമഗ്രികൾ വഴി, മനുഷ്യാധ്വാനം കുറച്ച്, ഉല്പാദനം വൎദ്ധിപ്പിക്കാനിന്നു കഴിയുന്നുണ്ട്. ഇത്തരം നേട്ടങ്ങൾ, മുതലാളിത്തവ്യവസ്ഥയിൽ, മുതലാളിമാരുടെ ലാഭം വർദ്ധിപ്പിക്കുന്നതിനായി വിനിയോഗിക്കപ്പെടുന്നു. കാരണം, അവർ പുതിയ യന്ത്രങ്ങൾ സ്ഥാപിച്ച് ഉല്പാദനം വർദ്ധിപ്പിക്കുകയും തൊഴിലാളികളെ പിരിച്ചു വിടുകയും ചെയ്യുന്നു. അങ്ങനെ മുതലാളിത്ത രാജ്യങ്ങളിൽ വൎദ്ധിച്ചു വരുന്ന യന്ത്രവൽക്കരണത്തിന്റെ അനന്തരഫലമെന്നോണം തൊഴിലില്ലായ്മ വർദ്ധിക്കുന്നു. അതേസമയം സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ യന്ത്രവൽക്കരണത്തിന്റെ ഫലമായി മനുഷ്യാധ്വാനം കുറഞ്ഞു വരുംതോറും തൊഴിലാളികൾക്ക് തൊഴിലില്ലാതാവുകയല്ല, അവരുടെ അധ്വാനസമയം കുറയുകയാണു് ചെയ്യുക. കാരണം തൊഴിലാളികളെ പിരിച്ചുവിട്ടിട്ട്, സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽആർക്കും ലാഭമുണ്ടാക്കേണ്ടതില്ല. തന്മൂലം ഉല്പാദനസമ്പ്രദായങ്ങളിലുണ്ടാകുന്ന പുതിയ കണ്ടുപിടിത്തങ്ങൾ സോഷ്യലിസ്റ്റ് സാമൂഹ്യ ക്രമത്തിലെ വ്യക്തികൾ എല്ലാവർക്കും കൂടുതൽ സുഖസൗകര്യങ്ങൾ പ്രദാനം ചെയ്യുകയും അവരുടെ സർവതോൻമുഖമായ വളർച്ചക്കാവശ്യമായ സമയം നൽകുകയും ചെയ്യുന്നു. മുതലാളിത്തവ്യവസ്ഥയിലാകട്ടെ കൂടുതൽ പേർ തൊഴിലില്ലാതാവുകയും അങ്ങനെ അധ്വാനിക്കുന്ന ജനവിഭാഗം കൂടുതൽ ദുരിതങ്ങളിലേയ്ക്ക് വലിച്ചിഴയ്ക്കപ്പെടുകയും ചെയ്യുന്നു.

സോഷ്യലിസ്റ്റ് ഉല്പാദനവ്യവസ്ഥയിൽ മറ്റുള്ളവരുടെ അധ്വാനഫലം ചൂഷണം ചെയ്യുന്ന ആരുംതന്നെ ഇല്ലാത്തതുകൊണ്ട് സാമൂഹ്യോല്പന്നങ്ങൾ മുഴുവൻ സമൂഹത്തിന്റെ കൂട്ടായ പുരോഗതിയ്ക്കും നിലനില്പിനും വേണ്ടി ഉപയോഗിക്കുന്നു. പഴകിയ ഉത്പാദനോപാധികൾ പുതുക്കുകയും ഉത്പാദനം വൎദ്ധിപ്പിക്കുന്നതിനുവേണ്ടി കൂടുതൽ ഉത്പാദനോപാധികൾ ശേഖരിക്കയും ചെയ്യുക; സാമൂഹ്യസേവനപരമായ പ്രവർത്തനങ്ങൾ കൂടുതൽ വിപുലീകരിക്കുക; സോഷ്യലിസ്റ്റ് രാജ്യം മുതലാളിത്തരാജ്യങ്ങളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നിടത്തോളം കാലം ഭരണകൂടത്തെയുംപ്രതിരോധസേനയേയും നിർത്തുക; സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും ആവശ്യമായ വസ്തുക്കളെല്ലാം നൽകുക തുടങ്ങിയ പൊതുവായ കർത്തവ്യങ്ങളാണു് സോഷ്യലിസ്റ്റ് വ്യവസ്ഥയിലെ ഉല്പാദനപ്രക്രിയകൊണ്ട് നടത്തുന്നത്. ഈ ആവശ്യങ്ങൾ എന്നെന്നും കൂടുതൽ വിപുലമാക്കികൊണ്ടിരിക്കുമെന്നതുകൊണ്ട് ആസൂത്രിത ഉല്പാദനവും അതിനനുസൃതമായി പുരോഗമിക്കേണ്ടതുണ്ട്.

സോഷ്യലിസത്തിൽ നിന്നും കമ്യൂണിസത്തിലേക്ക്

മുതലാളിത്തത്തിൽനിന്നു് കമ്യൂണിസത്തിലേക്കുള്ള ഒരു പരിവർത്തനഘട്ടമാണു് സോഷ്യലിസം. കമ്മ്യൂണിസത്തിന്റെ ഏറ്റവും താഴ്ന്നഘട്ടം അഥവാ പ്രഥമഘട്ടം എന്നും സോഷ്യലിസത്തെ വിളിക്കാറുണ്ട്. സോഷ്യലിസം ഉടലെടുക്കുന്നത് മുതലാളിത്തവ്യവസ്ഥിതിയിൽനിന്നോ പ്രാഗ് മുതലാളിത്തവ്യവസ്ഥിതിയിൽനിന്നോ ആയതുകൊണ്ട്, സോഷ്യലിസ്റ്റ് ഘട്ടത്തിൽ പഴയ വ്യവസ്ഥിതിയുടെ അടിവേരുകൾ പലതും ശേഷിച്ചിട്ടുണ്ടാകും. അവയെല്ലാം ദൂരീകരിക്കുമ്പോൾ മാത്രമേ യഥാൎത്ഥ കമ്യൂണിസം സംസ്ഥാപിതമാവുകയുള്ളു. പല മണ്ഡലങ്ങളിലായി നടക്കേണ്ടതായ ഈ പരിവൎത്തനങ്ങളെന്തെല്ലാമാണെന്നു നോക്കാം.

പ്രഥമവും പ്രധാനവുമായ പരിവർത്തനം ഉല്പാദനത്തിന്റെ തന്നെ സ്വഭാവത്തിലും ഉല്പന്നങ്ങൾ വിതരണം ചെയ്യുന്ന രീതിയിലുമാണു്. മുതലാളിത്ത വ്യവസ്ഥയിലുണ്ടായിരുന്ന ഉല്പാദനബന്ധങ്ങളുടെ തുടർച്ചയെന്ന നിലയ്ക്കാണു് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലെ ഉല്പാദനബന്ധങ്ങൾ ഉടലെടുക്കുന്നത്. തന്മൂലം, ആദ്യഘട്ടങ്ങളിൽ, സമൂഹത്തിന്റെ മുഴുവനും വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഭൗതികവും സാംസ്കാരികവുമായ എല്ലാ ആവശ്യങ്ങളും നിറവേറ്റുക എന്ന പ്രധാനലക്ഷ്യം പൂൎണ്ണമായും സഫലീകരിക്കപ്പെടില്ല. ഉല്പാദനശക്തികൾ അതിനു തക്കവണ്ണം വളർന്നിട്ടുണ്ടാവില്ല. തന്മൂലം സോഷ്യലിസ്റ്റ് വ്യവസ്ഥയിൽ, ഓരോ വ്യക്തിക്കും സാമൂഹ്യോല്പന്നത്തിന്റെ പങ്കു ലഭിക്കുന്നത് അവന്റെ ആവശ്യങ്ങൾക്കനുസരിച്ചായിരിക്കുകയില്ല. മറിച്ച് അവൻ സമൂഹത്തിനു് നൽകിയ ജോലിയുടെ അളവും ഗുണവും അനുസരിച്ചായിരിക്കും. ‘ഓരോരുത്തനും അവന്റെ കഴിവിനനുസരിച്ച് നല്കുക, ഓരോരുത്തനും അവന്റെ ജോലിക്കനുസരിച്ച് ലഭിക്കുക’ എന്നതാണു് സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലെ അടിസ്ഥാനനിയമം.

ഈ വ്യവസ്ഥിതിയിൽ സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും ആവശ്യങ്ങൾ തുല്യമായി പരിഹരിക്കപ്പെടുന്നില്ലെന്നതു് വാസ്തവമാണു്. എന്തുകൊണ്ടെന്നാൽ, ജോലി ചെയ്യാനുള്ള വിവിധ വ്യക്തികളുടെ കഴിവുകൾ വ്യത്യസ്തമായിരിക്കും. കൂടുതൽ ജോലി ചെയ്യുന്നവനു് കൂടുതൽ ലഭിക്കുകയും ചെയ്യുമല്ലോ. അതേസമയം തുല്യമായി ചെയ്യുന്നവർക്ക് തുല്യമായിട്ടായിരിക്കും ലഭിക്കുക. പക്ഷേ, അവരുടെ ആവശ്യങ്ങൾ തുല്യമായിരിക്കില്ല. അങ്ങനെ വരുമ്പോൾ, സമൂഹത്തിലെ അംഗങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്ന രംഗത്തു പ്രകടമായ അസമത്വം നിലനില്ക്കുന്നുണ്ടാവും.

ഇതിൽനിന്നു് വ്യക്തമാകുന്നത് സമൂഹത്തിന്റെ പൊതുവായ ഉല്പന്നങ്ങൾ മുഴുവനും, അംഗങ്ങൾക്കിടയിൽ തുല്യമായി പങ്കിടുകയല്ല സോഷ്യലിസവും കമ്യൂണിസവും കൊണ്ടുദ്ദേശിക്കുന്നതെന്നാണു്. അങ്ങനെ തലയെണ്ണി പങ്കിടുന്നതുകൊണ്ട് വൈവിധ്യമാർന്ന ആവശ്യങ്ങളുള്ള എല്ലാ വ്യക്തികളുടെയും ആവശ്യങ്ങൾ പരിഹരിക്കപ്പെടുന്നില്ല. സോഷ്യലിസത്തിൽ നിന്നു് കമ്യൂണിസത്തിലേക്കുള്ള പരിവൎത്തനത്തിൽ ഈ രംഗത്താണു് ഏറ്റവും അടിസ്ഥാനപരമായ പരിവൎത്തനമുണ്ടാകേണ്ടത്. ‘ഓരോരുത്തനും അവന്റെ കഴിവിനനുസരിച്ച് നൽകുക, ഓരോരുത്തനും ആവശ്യമനുസരിച്ച് ലഭിക്കുക’ എന്ന തത്വം സാക്ഷാത്കരിക്കപ്പെടുമ്പോൾ മാത്രമേ കമ്യൂണിസത്തിലേക്കുള്ള പരിവൎത്തനം സാധിതപ്രായമാകുന്നുള്ളു. ഒരു വ്യക്തി എന്തു ജോലി ചെയ്യുന്നു എന്നതിനെ ആശ്രയിച്ചല്ല, അവന്റെ ആവശ്യങ്ങളെന്തെല്ലാമാണെന്നതിനു്‌‌ അനുസൃതമായിട്ടാണു് അവനു സമൂഹ്യോല്പന്നങ്ങൾ ലഭിക്കുന്നതു്. ഇവിടെ സാമൂഹ്യോല്പന്നങ്ങൾ തുല്യമായി പങ്കിടുകയെന്ന പ്രശ്നമേ ഉദിക്കുന്നില്ല. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ വ്യക്തികളുടെ വ്യത്യസ്ഥരീതിയിലുള്ള ജോലിക്കനുസരിച്ചാണതു് പങ്കിടുക. കമ്യൂണിസത്തിൽ വ്യക്തികളുടെ വ്യത്യസ്ത ആവശ്യങ്ങൾക്കനുസരിച്ചും.

കമ്യൂണിസ്റ്റ് വ്യവസ്ഥിതി, ഇപ്രകാരം സാക്ഷാൽക്കരിക്കപ്പെടണമെങ്കിൽ, ഏറ്റവും ഉയർന്ന തോതിലുള്ള ഉല്പാദന സമ്പ്രദായങ്ങൾ നിലവിൽ വരണം. സമൂഹത്തിലെ എല്ലാ അംഗങ്ങളുടെയും ഏതൊരാവശ്യവും നിർവഹിക്കാൻ തക്കവിധം അതു കഴിവുറ്റതായി തീരണം. ശാസ്ത്രത്തെയും സാങ്കേതിക വിദ്യയേയും പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ടു്, സമൂഹത്തിന്റെ മുഴുവൻ നിയന്ത്രണത്തിലുള്ള ആസൂത്രിതോല്പാദനം വഴി മാത്രമേ ഇതു് സാധ്യമാകൂ.

കമ്യൂണിസത്തിലേക്കുള്ള പരിവർത്തനത്തിൽ, സുപ്രധാനമായ ഒന്നാണു് അധ്വാനത്തോടുള്ള ജനങ്ങളുടെ മനോഭാവത്തിലുണ്ടാകുന്ന മാറ്റം. മുതലാളിത്തവ്യവസ്ഥയിൽ തൊഴിലാളികൾ ജോലിചെയ്യുന്നത് നിർബന്ധിതമായിട്ടാണു്. മറ്റാർക്കോ വേണ്ടിയെന്ന മനോഭാവത്തോടെയാണു് അവിടെ തൊഴിലാളി ജോലി ചെയ്യുന്നത്. തൊഴിലാളി തന്റെ അധ്വാനശക്തി മുതലാളിക്കു് വില്ക്കുകയാണിവിടെ ചെയ്യുന്നതെന്നതുകൊണ്ടു് ഒരു ബാധ്യതയെന്ന നിലയ്ക്കുമാത്രമേ അവനു ജോലിചെയ്യാനാകൂ. സോഷ്യലിസത്തിൽ അധ്വാനശക്തി വാങ്ങുകയും വില്ക്കുകയും ചെയ്യുന്ന പ്രശ്നമില്ല. തന്റെ ജോലികൾക്കനുസരിച്ചു് ലഭിക്കുന്ന ഉൽപാദകനു് തന്റെ അധ്വാനശക്തിയുടെ വിലയെന്ന നിലയ്ക്കല്ല അതു ലഭിക്കുന്നതു്; സാമൂഹ്യോൽപന്നത്തിന്റെ പങ്കാണ് അവനു ലഭിക്കുന്നതു്. അങ്ങനെ വരുമ്പോൾ ഓരോരുത്തരും ജോലി ചെയ്യുന്നതു് അവനവനുവേണ്ടിത്തന്നെ, അവന്റെ സ്വന്തം സമൂഹത്തിനുവേണ്ടി തന്നെയാണു്.

ഇങ്ങനെയൊക്കെയാണെങ്കിലും സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ, ജോലി ചെയ്യുന്നതിനടിസ്ഥാനമായി ബാഹ്യപ്രേരണ നിലനിൽക്കുന്നുണ്ട്. എന്തുകൊണ്ടെന്നാൽ, ഓരോരുത്തനും അവന്റെ ജോലിക്കനുസരിച്ചാണു് ലഭിക്കുക എന്ന തത്വം നിലനിൽക്കുന്നിടത്തോളം കാലം, കൂടുതൽ ലഭിക്കാനായി കൂടുതൽ ജോലി ചെയ്യാൻ ഓരോ വ്യക്തിയും പ്രേരിതനാകുന്നു. തന്മൂലം ഇവിടെ ജോലിചയ്യുന്നതിനു് ബാഹ്യപ്രേരണയുടെ സ്വാധീനം പ്രബലമായി നിലകൊള്ളുന്നു.

കമ്യൂണിസത്തിലേക്കെത്തുമ്പോൾ സ്ഥിതി വ്യത്യസ്ഥമാണു്. ഓരോരുത്തനും അവന്റെ ആവശ്യത്തിനനുസരിച്ച് ലഭിക്കുന്ന സ്ഥിതിയാണു് കമ്യൂണിസത്തിലുള്ളതു്. തന്മൂലം അധ്വാനത്തോടുള്ള മനോഭാവത്തിൽ അടിസ്ഥാനപരമായ പരിവൎത്തനം അനിവാര്യമാണു്. എല്ലാ അവശ്യങ്ങളും നിറവേറ്റപ്പെടണമെന്നുള്ളതുകൊണ്ട് ആരും ജോലിയെടുക്കാതിരിക്കുന്ന ഒരു സ്ഥിതിവിശേഷം വരാൻ പാടില്ലല്ലോ. അധ്വാനം ചെയ്യാൻ നിർബന്ധിതമാവുമ്പോഴാണ്, അധ്വാനത്തോട് വിരക്തിയും അന്യഥാബോധവും ഉണ്ടാവുന്നതു്. മുതലാളിത്തവ്യവസ്ഥിയിലെ സ്ഥിതി അതാണു്. എന്നാൽ, കമ്മ്യൂണിസത്തിൽ അധ്വാനിക്കുവാൻ ആരും ആരെയും നിർബന്ധിക്കുന്നില്ല. അങ്ങനെയുള്ള സന്ദർഭത്തിൽ ആർക്കും തന്നെ ജോലി ചെയ്യാതിരിക്കാൻ കഴിയുകയില്ല. എന്തുകൊണ്ടെന്നാൽ, അധ്വാനം എല്ലാ ജീവികളുടെയും പ്രാഥമികമായ ഒരു ജൈവസ്വഭാവമാണു്. വളരെ താഴെകിടയിലുള്ള ജീവികളുടെ കാര്യംതന്നെ എടുത്തു നോക്കുക. അവനവന്റെ ജീവിതാവശ്യങ്ങൾ നിറവേറ്റുന്നതിനു് ഓരോ ജീവിയും സ്വമേധയാ പ്രവർത്തിക്കുന്നു. അതുതന്നെയാണു് ജീവിതത്തിന്റെ അടിസ്ഥാന സ്വഭാവവും. മനുഷ്യന്റെ വിവിധ സാമൂഹ്യ വ്യവസ്ഥിതികളുടെ ഫലമായി രൂപം കൊണ്ട സങ്കീർണ്ണമായ ബന്ധങ്ങളും കെട്ടുപാടുകളുമാണു് അധ്വാനത്തോടു നിഷേധാത്മകമായ ഒരു നിലപാടെടുക്കാൻ അവനെ പ്രേരിപ്പിക്കുന്നതു്. എന്നാൽ കമ്മ്യൂണിസത്തിൽ വരിഞ്ഞുമുറുക്കുന്ന കെട്ടുപാടുകളൊന്നുമില്ലാതാകുമ്പോൾ അധ്വാനം ജീവിതത്തിന്റെ പ്രഥമവും പ്രധാനവുമായ ആവശ്യമായിത്തീരും.

അങ്ങനെ മുതലാളിത്ത വ്യവസ്ഥയിലെ തൊഴിലാളിക്കു് അധ്വാനത്തോടുള്ള വിരക്തി കമ്മ്യൂണിസ്റ്റു് വ്യവസ്ഥയിൽ അപ്രത്യക്ഷമാവുകയും തന്റെ സർവതോന്മുഖമായ മാനുഷിക കഴിവുകളെ വികസിപ്പിക്കാൻ തക്ക ഒരു സാഹചര്യം അവനു ലഭിക്കുകയും ചെയ്യുന്നു. കമ്മ്യൂണിസ്റ്റു് സിദ്ധാന്തത്തിലെ ഏറ്റവും ആകർഷകമായ വശമിതാണെന്നു തോന്നുന്നു. ഇന്നു് മുതലാളിത്തരാജ്യങ്ങളിലും ആ പാതയിലൂടെ നീങ്ങിക്കൊണ്ടിരിക്കുന്ന അവികസിതരാജ്യങ്ങളിലും സമൂഹത്തിലെ ഏറെക്കുറെ എല്ലാ നിലവാരത്തിലുമുള്ളവരെ ഏറ്റവുമധികം ബാധിക്കുന്ന ഒന്നാണു്, എന്നെന്നും തുറിച്ചുനോക്കിക്കൊണ്ടിരിക്കുന്ന സുരക്ഷിതത്വമില്ലായ്മയും അധ്വാനത്തോടുള്ള വിരക്തിയും അഥവാ അന്യഥാബോധവും. വ്യക്തിജീവിതത്തിലെ ഈ അനിശ്ചിതത്വവും വ്യർത്ഥതാബോധവും, നിരാശാവാദത്തിലേയ്ക്കു്, വിവിധതരത്തിലുള്ള സാമൂഹ്യവിരുദ്ധ പ്രവണതകളിലേയ്ക്കു് തെന്നിനീങ്ങുന്നു. മുതലാളിത്ത വ്യവസ്ഥയിലും മറ്റും നിലനിൽക്കുന്ന ഈ നിഷേധാത്മകപ്രവണതകൾക്കു് മൂലഹേതു സ്വകാര്യസ്വത്തുസമ്പ്രദായമാണു്. സ്വകാര്യസ്വത്തു്, സമ്പദ്‌‌വ്യവസ്ഥയെ നിയന്ത്രിക്കുകയും, ഒരുപിടി കുത്തകക്കാരുടെ കൈകളിൽ പ്രധാന ഉല്പാദനോപാധികൾ അമർന്നിരിക്കുകയും ചെയ്യുന്നിടത്തോളം കാലം ബഹുഭൂരിപക്ഷം വരുന്ന സാധാരണക്കാരുടെയും തൊഴിലാളികളുടെയും ജീവിതം അനിശ്ചിതത്വത്തിൽത്തന്നെയായിരിക്കും കഴിഞ്ഞുകൂടുക. അതേസമയം, കുത്തകക്കാർ തമ്മിലുള്ള മത്സരം അവരേയും, ഈ അനിശ്ചിതത്വത്തിൽ നിന്നു മുക്തരാക്കുന്നില്ല.

വ്യക്തിജീവിതത്തിൽ എല്ലാതരം അനിശ്ചിതത്വത്തിനും വിരക്തിയ്ക്കും മൂലഹേതുവായ സ്വകാര്യസ്വത്തും അതിനെത്തുടർന്നുള്ള സാമൂഹ്യ ബന്ധങ്ങളും സോഷ്യലിസ്റ്റു് വ്യവസ്ഥയിൽ വലിയൊരു പരിധിവരെ നിർമ്മാർജനം ചെയ്യപ്പെടുന്നു. എന്നാലും അതിന്റെ ചില അവശിഷ്ടങ്ങൾ പിന്നെയുമവിടെ നിലനിൽക്കും. സോഷ്യലിസ്റ്റു് വ്യവസ്ഥിതിയിലൂടെ ക്രമികമായി മുന്നേറിക്കൊണ്ടു് അവസാനം കമ്മ്യൂണിസത്തിൽ ചെന്നെത്തുമ്പോൾ സ്വകാര്യസ്വത്തിന്റെ എല്ലാത്തരം സ്വാധീനതകളും സമൂഹത്തിൽനിന്നു പാടെ ഉന്മൂലനം ചെയ്യപ്പെട്ടിരിക്കും.

ഭാവിയിൽ രൂപംകൊണ്ടേക്കാവുന്ന ഇത്തരം സാമൂഹ്യവ്യവസ്ഥിതിയിൽ ഇത്തരം വസ്തുനിഷ്ഠസാഹചര്യങ്ങൾ ഉടലെടുക്കുമ്പോൾ വ്യക്തിജീവിതത്തിൽ അതുണ്ടാക്കുന്ന പ്രതികരണങ്ങളെന്തെല്ലാമായിരിക്കുമെന്നതു് ഇന്നു വിഭാവന ചെയ്യാൻ ശ്രമിക്കുന്നതു് ഉചിതമല്ല; അങ്ങനെ ചെയ്താൽ അതു് ശരിയായിക്കൊള്ളണമെന്നുമില്ല. എങ്കിലും, സാമൂഹ്യവും സാമ്പത്തികവുമായി വരിഞ്ഞുമുറുക്കുന്ന കെട്ടുപാടുകളും അപ്രത്യക്ഷമാവുന്ന അത്തരമൊരു വ്യവസ്ഥിതിയിൽ അധ്വാനം ജീവിതത്തിന്റെ പ്രാഥമികാവശ്യമായി തീരാനിടയുണ്ടെന്നു കരുതാവുന്നതാണു്.

മുതലാളിത്തവ്യവസ്ഥയിൽ അനിവാര്യവും കർക്കശവുമായ തൊഴിൽവിഭജനംമൂലം സമൂഹത്തിലെ ഓരോ അംഗത്തിന്റെയും വ്യക്തിത്വം വിഭജിക്കപ്പെടുന്നു. ഈ തൊഴിൽ വിഭജനം ഉയർന്ന നിലവാരത്തിലുള്ള ഉല്പാദനത്തിന്റെ അനിവാര്യഫലമാണുതാനും. ആധുനികവ്യവസായത്തിൽ ഒട്ടേറെ വൈവിധ്യമാർന്ന തൊഴിൽവിഭാഗങ്ങളും അവയുടെ ഏകീകരണവും ഉല്പാദനപ്രക്രിയയ്ക്കു് അനിവാര്യമാണു്. മുതലാളിത്ത വ്യവസ്ഥയിൽ ഇത്തരം തൊഴിൽ വിഭജനത്തിന്റെ ഫലമായി മനുഷ്യനും വിഭജിക്കപ്പെടുന്നു. ഏതെങ്കിലും ഒരു പ്രവർത്തനത്തിനുവേണ്ടി മറ്റെല്ലാ ശാരീരികവും മാനസികവുമായ കഴിവുകൾ ബലികഴിക്കപ്പെടുന്നു. ഇതിന്റെ ഫലമായി ഉല്പാദകർ ഉല്പാദനോപാധികളെ നിയന്ത്രിക്കുകയല്ല, ഉല്പാദനോപാധികൾ ഉല്പാദകനെ നിയന്ത്രിക്കുകയാണു് ഇവിടെ സംഭവിക്കുന്നതു്.

പക്ഷേ, സോഷ്യലിസ്റ്റു് വ്യവസ്ഥയിൽ തൊഴിലാളി ഉല്പാദനോപാധികളുടെ ഉടമയാകുന്നതോടെ, ഉല്പാദകർ യന്ത്രങ്ങളുടെ അടിമയല്ലാതാവുന്നു. അവൻ യജമാനനായിത്തീരുന്നു. തന്മൂലം മുതലാളിത്തവ്യവസ്ഥയിലെ തൊഴിൽ വിഭജനത്തിൽനിന്നുണ്ടായ മുരടിച്ചയിൽനിന്നു മനുഷ്യർക്കു മുക്തിനേടാനുള്ള അവസരം സോഷ്യലിസത്തിൽ സംജാതമാകുന്നു. കമ്യൂണിസത്തിലേയ്ക്കെത്തുമ്പോഴേയ്ക്കു് ഈ പരിവർത്തനം പൂർത്തിയാവുകയും സർവ്വതോന്മുഖമായ വളർച്ചയെത്തിയ വ്യക്തികളുടെ രൂപവൽക്കരണം സാധ്യമാവുകയും ചെയ്യും. ആധുനിക ഉല്പാദനസമ്പ്രദായങ്ങൾ കൂടുതൽ സങ്കീർണ്ണമായിത്തീരുംതോറും ഏതെങ്കിലും ഒരു കാര്യത്തിൽമാത്രം വിദഗ്ദ്ധനായ ഒരു തൊഴിലാളിയുടെ സ്ഥാനത്തു് ഏറെക്കുറെ എല്ലാ മണ്ഡലങ്ങളിലും പരിജ്ഞാനമുള്ളവരെയാണു് കൂടുതൽ ആവശ്യമായിത്തീരുക. ഉല്പാദനോപാധികളുടെ ഉടമയായിത്തീരുന്ന സോഷ്യലിസ്റ്റു് വ്യവസ്ഥയിലെ തൊഴിലാളികൾക്കേ ഇങ്ങനെ സർവതോമുഖമായ വളർച്ച പ്രാപിക്കാനാവൂ. കാരണം, അവരെ ഒരു തരത്തിലുള്ള സാമൂഹ്യകെട്ടുപാടുകളും ഏതെങ്കിലും മേഖലകളിൽ മാത്രമായി പരിമിതപ്പെടുത്തി നിർത്തുന്നില്ല.

തൊഴിൽ വിഭജനത്തിന്റെ ഫലമായി രൂപംകൊണ്ട രണ്ടുവിവേചനങ്ങളാണു് പട്ടണവും ഗ്രാമവും തമ്മിലും ബുദ്ധിപരമായ അധ്വാനവും ശാരീരികാധ്വാനവും തമ്മിലുള്ള വകതിരിവുകൾ. മുതലാളിത്ത വ്യവസ്ഥയിൽ പട്ടണങ്ങളുടെ വളർച്ചയ്ക്കുവേണ്ടി ഗ്രാമങ്ങൾ ദരിദ്രമാക്കപ്പെടുന്നു. അതുപോലെ ഒരു വിഭാഗം ബുദ്ധിജീവികളുടെ മാനസിക വ്യായാമത്തിനുവേണ്ടി കായികാധ്വാനം ചെയ്യുന്നവർ ചൂഷണം ചെയ്യപ്പെടുന്നു. മുതലാളിത്ത വ്യവസ്ഥയിലെ പ്രകടമായ ഈ വിവേചനം സോഷ്യലിസ്റ്റ് വ്യവസ്ഥിയിൽ പരിഹരിക്കപ്പെടുന്നു. ഉല്പാദനം മുഴുവനും, മുഴുവൻ സമൂഹത്തിന്റെയും നിയന്ത്രണത്തിലുള്ള ആസൂത്രണത്തിനു വിധേയമാകുമ്പോൾ പട്ടണവും ഗ്രാമവും തമ്മിലുള്ള വിവേചനം ഇല്ലാതാവുന്നു. അതുപോലെ മാനസികമോ കായികമോ ആയ അധ്വാനം ചെയ്യുന്നവർ തമ്മിൽ എന്തെങ്കിലും അന്തരമുള്ളതായി കണക്കാക്കാൻ ഇത്തരമൊരു ആസൂത്രണത്തിനു കഴിയുകയില്ല. പക്ഷേ, ആദ്യകാലങ്ങളിൽ ഗ്രാമവും പട്ടണവും തമ്മിലും മാനസികാധ്വാനവും കായികാധ്വാനവും തമ്മിലും ഉള്ള അന്തരം നിലനിന്നുപോരും. സുദീർഘമായ ഒരു പ്രക്രിയയിലൂടെ, സോഷ്യലിസ്റ്റ് ഉല്പാദനസമ്പ്രദായത്തിന്റെ ക്രമികമായ പുരോഗതിയിലൂടെ മാത്രമേ ഈ അന്തരം പൂർണ്ണമായും പരിഹരിക്കാൻ കഴിയൂ. അവസാനം കമ്യൂണിസ്റ്റ് വ്യവസ്ഥിതിയിൽ വ്യക്തിയുടെമേൽ സമൂഹം ഒരു തരത്തിലുള്ള പരിമിതികളും അടിച്ചേൽപ്പിക്കാതിരിക്കുമ്പോൾ ഈ അന്തരം അപ്രത്യക്ഷമാകുന്നു.

സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിൽ ചൂഷകവർഗ്ഗങ്ങളും വർഗ്ഗവൈരുധ്യങ്ങളും ഉന്മൂലനം ചെയ്യപ്പെടുന്നുണ്ടെങ്കിലും എല്ലാ വർഗ്ഗങ്ങളും അപ്രത്യക്ഷമാവുന്നില്ല. തൊഴിലാളിവർഗ്ഗവും കർഷകവർഗ്ഗങ്ങളും വീണ്ടും അവിടെ അവശേഷിക്കുന്നു. സോഷ്യലിസ്റ്റ് വ്യവസ്ഥിതിയിലെ വർഗ്ഗങ്ങളാണിവർ. ഇതിന്റെ ഫലമായി, സോഷ്യലിസത്തിൽ രണ്ടു തരത്തിലുള്ള സ്വത്തുക്കളുണ്ടായിരിക്കും. മുഴുവൻ ജനതയുടെയും ഉടമസ്ഥതയിലുള്ള സ്റ്റേറ്റ് സ്വത്തും, സഹകരണസംഘങ്ങളുടെയോ കൂട്ടുകൃഷിക്കളങ്ങളുടെയോ ഉടമസ്ഥതയിലുള്ള സ്വത്തും. ഇതിലാദ്യത്തേത് പൊതുഉടമയിലുള്ള പൊതുവ്യവസായ സ്ഥാപനങ്ങളിലെ തൊഴിലാളികളുടേതും, രണ്ടാമത്തേത് സഹകരണസംഘങ്ങളിലെ കർഷകരുടേതുമാണു്. ഈ രണ്ടു വർഗ്ഗങ്ങളും പരസ്പരവിരുദ്ധങ്ങളല്ല; അവ പരസ്പരം സഹായിക്കുന്നവയും സഹകരിക്കുന്നവയുമാണു്. അവ ഒരിക്കലും ചൂഷകവർഗ്ഗങ്ങളാവുന്നില്ല. കാലക്രമത്തിൽ സോഷ്യലിസ്റ്റ് വ്യവസ്ഥ കമ്യൂണിസത്തിലേക്കു മുന്നേറുന്നതിനനുസരിച്ച് ഈ വർഗ്ഗവ്യത്യാസവും അപ്രത്യക്ഷമാവുന്നു. എല്ലാതരത്തിലുള്ള ഉല്പാദനവും കമ്യൂണിസ്റ്റ് വ്യവസ്ഥയിൽ മുഴുവൻ രാഷ്ട്രത്തിന്റെയും കൂടിയുള്ള വ്യാപകമായ ഒരു സംഘടനയുടെ കൈകളിലാകുന്നതോടെ തികച്ചും വൎഗ്ഗരഹിതമായ ഒരു സമൂഹം ഉടലെടുക്കുന്നു.

കർഷകവർഗ്ഗവും തൊഴിലാളിവർഗ്ഗവും ഒരേസമയത്ത് നിലനില്ക്കുന്നിടത്തോളംകാലം ഉല്പാദനബന്ധങ്ങളിലുള്ള വൈരുധ്യങ്ങൾ പൂർണ്ണമായും പരിഹരിക്കുക സാധ്യമല്ല. ഓരോരുത്തനും അവന്റെ ജോലിക്കനുസരിച്ചു് എന്ന തത്വം സോഷ്യലിസത്തിൽ നിലനിൽക്കുന്നിടത്തോളം കാലം ഈ വ്യത്യസ്തവർഗ്ഗങ്ങളുടെ ഉല്പന്നങ്ങൾ ചരക്കുകളായി മാത്രമേ സമൂഹത്തിൽ വിതരണം ചെയ്യാനാകൂ. എന്നാൽ കമ്യൂണിസത്തിൽ ഓരോരുത്തനും അവന്റെ ആവശ്യത്തിനനുസരിച്ചു് ഉല്പന്നങ്ങൾ വിതരണം ചെയ്യപ്പെടാൻ തുടങ്ങുന്നതോടെ ഉല്പന്നങ്ങൾ ചരക്കുകളല്ലാതായിത്തീരുന്നു. എല്ലാ ജനങ്ങളുടെയും കൂട്ടായുള്ള വിപുലമായ ഏക സംഘടനയാണു് ഉല്പന്നങ്ങൾ കൈകാര്യം ചെയ്യുക. തന്മൂലം അവയെ ചരക്കുകളാക്കി മാറ്റാതെ ഉല്പന്നങ്ങൾ തന്നെയായി കൈകാര്യം ചെയ്യുക സാധ്യമായി തീരുന്നു. അതോടെ മുതലാളിത്ത വ്യവസ്ഥയിലും തുടർന്നു് സോഷ്യലിസ്റ്റു് വ്യവസ്ഥയിലും ഉല്പാദനബന്ധങ്ങളും ഉല്പാദനശക്തികളും തമ്മിൽ നിലനിന്നിരുന്ന പ്രധാന വൈരുധ്യം അപ്രത്യക്ഷമാവുന്നു.

ഇത്തരമൊരു വർഗ്ഗരഹിത, ചൂഷണരഹിത കമ്യൂണിസ്റ്റു് സമൂഹത്തെക്കുറിച്ചുള്ള സങ്കല്പം ഇന്നും കാല്പനികതലത്തിൽ തന്നെയാണു് നിലകൊള്ളുന്നതു്. തൊഴിലാളിവർഗ്ഗ നേതൃത്വത്തിൽ വിപ്ലവം നടന്ന രാജ്യങ്ങളിൽ സോഷ്യലിസ്റ്റു വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങൾ നടക്കുകയുണ്ടായി. മുതലാളിത്ത, സാമ്രാജ്യത്വശക്തികളാൽ വലയം ചെയ്യപ്പെട്ടിരിക്കുന്നടത്തോളം കാലം ഇത്തരം രാജ്യങ്ങളിൽ കമ്യൂണിസത്തിലേക്കുള്ള മുന്നേറ്റം അസാധ്യമാണെന്നു് കരുതപ്പെട്ടിരുന്നുവെങ്കിലും സോഷ്യലിസം കെട്ടിപ്പടുക്കാൻ കഴിയുമെന്നാണു് കരുതിയിരുന്നതു്. എന്നാൽ ഇതുവരെയുള്ള അനുഭവം തെളിയിക്കുന്നതു്, സോഷ്യലിസം കെട്ടിപ്പടുക്കുക എന്ന കടമ തന്നെ അതീവ സങ്കീർണ്ണമാണെന്നാണു്. സോവിയറ്റു് യൂണിയനിലും കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലും ഇപ്പോൾ ചൈനയിലും മറ്റും നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമായ മുതലാളിത്ത പുനഃസ്ഥാപന പ്രക്രിയ കാണിക്കുന്നതു്, മുതലാളിത്തത്തിൽ നിന്നു് സോഷ്യലിസത്തിലൂടെ കമ്യൂണിസത്തിലേക്കുള്ള പരിവർത്തനം, വളരെ ദീർഘിച്ചതും സങ്കീർണ്ണവും രൂക്ഷവുമായ വർഗ്ഗസമരത്തിലൂടെ മാത്രമേ സാധ്യമാവുകയുള്ളു എന്നാണു്.