close
Sayahna Sayahna
Search

അനുബന്ധം 1. വിപ്ലവങ്ങൾ പുതിയ വെല്ലുവിളികൾ


പ്രപഞ്ചവും മനുഷ്യനും

പ്രപഞ്ചവും മനുഷ്യനും
PM cover.png
ഗ്രന്ഥകർത്താവ് കെ. വേണു
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ശാസ്ത്രസാഹിത്യം
വര്‍ഷം
1970
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 346
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

തൊഴിലാളിവർഗ്ഗവിപ്ലവത്തിന്റെ കാഴ്ചപ്പാടു് കമ്മ്യൂണിസ്റ്റുമാനിഫെസ്റ്റോയിലൂടെ മാർക്സും ഏംഗൽസും കൂടി മുന്നോട്ടുവെച്ചതിനുശേഷം, ആ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിൽ നടന്ന വിപ്ലവങ്ങളുടെയും തിരിച്ചടികളുടെയും ഒരു വലിയ ചരിത്രം നമ്മുടെ മുന്നിലുണ്ടു്. കമ്മ്യൂണിസ്റ്റുമാനിഫെസ്റ്റോ 1848 ഫെബ്രുവരിയിൽ പ്രസിദ്ധീകരിച്ചു് അധികം താമസിയാതെതന്നെ ഫ്രാൻസിൽ പൊട്ടിപ്പുറപ്പെട്ട വിപ്ലവത്തിൽ തൊഴിലാളിവർഗ്ഗം പ്രധാനപ്പെട്ട ഒരു പങ്കുവഹിച്ചെങ്കിലും, അധികാരം പിടിച്ചെടുക്കാൻ അവർക്കു കഴിഞ്ഞില്ല. 1848–50 കാലത്തെ വിപ്ലവങ്ങളെ വിലയിരുത്തിക്കൊണ്ടു് മാർക്സു് ഒരു സുപ്രധാന നിഗമനം മുന്നോട്ടുവെച്ചു: നിലവിലുള്ള ഭരണകൂടം പിടിച്ചെടുക്കുകയല്ല, തച്ചുതകർക്കുകയും പുതിയതൊന്നു് കെട്ടിപ്പെടുക്കുകയുമാണു് തൊഴിലാളിവർഗ്ഗം ചെയ്യേണ്ടതു്. എന്നാൽ ഈ പുതിയ തൊഴിലാളിവർഗ്ഗഭരണകൂടത്തിന്റെ രൂപം എന്തായിരിക്കും എന്നതിനെപ്പറ്റി എന്തെങ്കിലും പറയാൻ അന്നു് മാർക്സിനു കഴിഞ്ഞില്ല.

1871-ൽ രണ്ടുമാസം മാത്രം നീണ്ടുനിന്ന പാരീസ് കമ്മ്യൂണാണു് ഈ പ്രശ്നത്തിനു് പ്രായോഗികമായി ഉത്തരം നൽകിയതു്. ഫ്രാൻസിനെതിരായി ജർമ്മനി നടത്തിയ ആക്രമണത്തെ തുടർന്നുണ്ടായ പ്രതിസന്ധിയിൽ ഭരണകൂടം തകർച്ചയുടെ വക്കത്തെത്തിയ സന്ദർഭത്തിൽ, പാരീസിലെ തൊഴിലാളിവർഗ്ഗം ഒരു സായുധ ഉയിർത്തെഴുന്നേല്പിലൂടെ അധികാരം പിടിച്ചെടുക്കുകയാണുണ്ടായതു്. അതെ തുടർന്നു് അവർ രൂപം നൽകിയ ഭരണകൂടം തൊഴിലാളിവർഗ്ഗജനാധിപത്യത്തിന്റെ ഏറ്റവും സമുന്നതരൂപമായിരുന്നു. നിലവിലുണ്ടായിരുന്ന പട്ടാളം, പോലീസു്, കോടതി, ഭരണനിർവഹണവിഭാഗങ്ങൾ തുടങ്ങി എല്ലാറ്റിനേയും തകർത്തതിനുശേഷം, ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ടതും, എല്ലായ്പോഴും അവരുടെ മേൽനോട്ടത്തിലിരിക്കുന്നതും, എപ്പോൾ വേണമെങ്കിലും ജനങ്ങൾക്കു് തിരിച്ചുവിളിക്കാവുന്നതുമായ ഉദ്യോഗസ്ഥന്മാരും ഭരണാധികാരികളും അടങ്ങുന്ന ഒരു പുതിയ ഭരണകൂടമാണു് അവിടെ രൂപം കൊണ്ടതു്. മുഴുവൻ ജനങ്ങളും ആയുധമണിഞ്ഞുകൊണ്ടുള്ള ജനകീയസേനയും, ഏതു നിലവാരത്തിലും തരത്തിലുമുള്ള ജോലിചെയ്യുന്നവർക്കും തുല്യവേതനം നൽകുന്ന സമ്പ്രദായവും ഉണ്ടായിരുന്ന ആ സംവിധാനം ഇതുവരെ അറിയപ്പെട്ടിട്ടുള്ളതിൽ വെച്ചു് ഏറ്റവും ജനാധിപത്യപരമായ ഭരണകൂടമാണു്. അതുകൊണ്ടാണു്, രണ്ടുമാസം കഴിഞ്ഞപ്പോഴേയ്ക്കും ഫ്രഞ്ചു്, ജർമ്മൻ പിന്തിരിപ്പൻ ശക്തികളെല്ലാം ഒത്തുചേർന്നു് കമ്മ്യൂണിനെ മൃഗീയമായി അടിച്ചമർത്തിയെങ്കിലും, തൊഴിലാളിവർഗ്ഗ വിപ്ലവപ്രസ്ഥാനത്തിന്റെ ചരിത്രത്തിലെ നിർണ്ണായകമായ ഒരു നാഴികക്കല്ലായി അതു മാറിയതു്. മാർക്സു് ചൂണ്ടിക്കാണിച്ചതുപോലെ, നിലവിലുള്ള ബൂർഷ്വാ ഭരണകൂടം തകർത്തു് പുതിയ തൊഴിലാളിവർഗ്ഗഭരണകൂടം സ്ഥാപിക്കുക എന്ന തൊഴിലാളിവർഗ്ഗത്തിന്റെ ചരിത്ര പ്രധാനകടമയ്ക്കു് പ്രായോഗികരൂപം നൽകുകയാണു് കമ്മ്യൂൺ ചെയ്തതു്.

പാരീസ് കമ്മ്യൂൺ അടിച്ചമർത്തപ്പെട്ടതോടെ, യൂറോപ്പിലെമ്പാടും കമ്മ്യൂണിസ്റ്റുപ്രസ്ഥാനം വമ്പിച്ച തിരിച്ചടിയെ നേരിട്ടു. 1864-ൽ മാർക്സിന്റെ മുൻകയ്യിൽ രൂപീകൃതമായ ഒന്നാം ഇന്റർനാഷണൽ 1873-ൽ പിരിച്ചുവിടപ്പെട്ടു. അധികം താമസിയാതെതന്നെ വീണ്ടും പ്രസ്ഥാനം പുനരുജ്ജീവിക്കാൻ തുടങ്ങിയെങ്കിലും അതു് പുതിയൊരു രൂപം കൈക്കൊള്ളുകയായിരുന്നു. അന്നു് മാർക്സിനോ ഏംഗൽസിനോ കണ്ടെത്താൻ കഴിയാതിരുന്ന പല പരിവർത്തനങ്ങളും മുതലാളിത്ത വ്യവസ്ഥയ്ക്കു തന്നെ സംഭവിച്ചുകൊണ്ടിരിക്കുകയായിരുന്നു. ഏതാണ്ടു് പാരീസ് കമ്മ്യൂണിനോടുകൂടിതന്നെ, മുതലാളിത്തം സ്വതന്ത്രമത്സരത്തിന്റെ ഘട്ടത്തിൽനിന്നു് കുത്തകയുടെ ഘട്ടത്തിലേയ്ക്കു് പ്രവേശിച്ചുതുടങ്ങിയിരുന്നു. കുത്തകമുതലാളിത്തത്തിന്റെ ആധിപത്യം ഉറപ്പിക്കപ്പെട്ടതോടെ, കോളനികളിൽ അതു് നടത്തുന്ന മൃഗീയ ചൂഷണത്തിൽനിന്നു് സമാഹരിക്കുന്ന വമ്പിച്ച ലാഭത്തിൽനിന്നു് ഒരു വിഹിതം മുതലാളിത്ത രാജ്യങ്ങളിലെ തൊഴിലാളിവർഗത്തിനു നൽകിക്കൊണ്ട്, അവരുമായുള്ള വൈരുധ്യത്തിന്റെ മൂർച്ചകുറക്കാൻ ഈ കുത്തകകൾക്ക് കഴിഞ്ഞു. അതോടൊപ്പം തൊഴിലാളിവർഗ്ഗത്തിൽതന്നെ ഒരു വിഭാഗത്തെ, കൂടുതൽ ആനുകൂല്യങ്ങൾ നൽകി തങ്ങളുടെ വരുതിയിലൊതുക്കാനും അവർക്കു കഴിഞ്ഞു. 1889-ൽ ഏംഗൽസിന്റെ മുൻകയ്യിൽ രണ്ടാം ഇന്റർനാഷണൽ രൂപീകൃതമായപ്പോൾ തന്നെ, കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിലേയ്ക്കു് ഈ പുതിയ തൊഴിലാളി പ്രഭുവർഗ്ഗത്തിന്റെ സ്വാധീനം ഗണ്യമായി നുഴഞ്ഞുകയറിക്കഴിഞ്ഞിരുന്നു. ക്രമത്തിൽ അവർ പ്രസ്ഥാനത്തെ ബൂർഷ്വാ പാർലമെന്ററിസത്തിലേയ്ക്കു് വലിച്ചിഴക്കുകയും ചെയ്തു.

റഷ്യൻ വിപ്ലവം

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം മുതൽക്കു് ലെനിന്റെ നേതൃത്വത്തിലുള്ള ബോൾഷെവിക് പാർട്ടിയാണു്, ഈ തിരുത്തൽവാദപ്രവണതയ്ക്കെതിരായ സമരമാരംഭിച്ചതു്. പക്ഷേ, അപ്പോഴേയ്ക്കും യൂറോപ്പിൽ കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ നേതൃത്വം മുഴുവൻ തിരുത്തൽവാദികളുടെ കയ്യിൽ അമർന്നുകഴിഞ്ഞിരുന്നതുകൊണ്ടു് ലെനിന്റെ കൊച്ചുപാർട്ടിയുടെ ചെറുത്തുനില്പിനു് കാര്യമായ ചലനമൊന്നും ഉണ്ടാക്കാൻ കഴിഞ്ഞില്ല. ഒന്നാംലോകയുദ്ധത്തോടുകൂടി തിരുത്തൽ വാദികൾ അതാതു രാജ്യങ്ങളിലെ സാമ്രാജ്യവാദികളോടൊപ്പം ചേർന്നുകൊണ്ടു് തങ്ങളുടെ തനിനിറം പൂർണ്ണമായും വെളിവാക്കി. ലോകയുദ്ധം സൃഷ്ടിച്ച പുതിയ സാഹചര്യത്തെ ശരിയായി വിലയിരുത്തിക്കൊണ്ടു്, ലോകതൊഴിലാളിവർഗ്ഗത്തിനു് മാർഗ്ഗദർശനം നൽകത്തക്കവിധം പുതിയൊരു കാഴ്ചപ്പാടു് മുന്നോട്ടുവെക്കാൻ ലെനിനു കഴിഞ്ഞു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനഘട്ടം മുതൽക്കു് ശക്തിപ്രാപിച്ച കുത്തകമുതലാളിത്തം, അതിന്റെ ആന്തരികവൈരുദ്ധ്യം മൂലം എങ്ങനെയാണു് ലോകയുദ്ധത്തിനു് കളമൊരുക്കിയതെന്നും, അതാ തൊഴിലാളിവർഗ്ഗവിപ്ലവത്തിനു് അനുഗുണമായ സാഹചര്യം എങ്ങനെ സൃഷ്ടിച്ചിരിക്കുന്നു എന്നും ലെനിൻ വിശദീകരിച്ചു. മാർക്സും ഏംഗൽസും ആദ്യം കരുതിയിരുന്നതുപോലെ, സാമ്രാജ്യത്വഘട്ടത്തിൽ ഏറ്റവും വികസിതമുതലാളിത്ത രാജ്യത്തിലോ രാജ്യങ്ങളിലോ ആദ്യം വിപ്ലവം നടക്കാത്തതിന്റെ കാരണവും, അതോടൊപ്പം റഷ്യയെപ്പോലെ സാമ്രാജ്യത്വ ശൃംഖലയിലെ ദുർബ്ബലകണ്ണികളായ രാജ്യങ്ങളിൽ വിപ്ലവത്തിനുള്ള സാധ്യത വർദ്ധിച്ചിരിക്കുന്നതും ലെനിൻ കൃത്യമായി ചൂണ്ടിക്കാണിച്ചു. അങ്ങനെ റഷ്യയിൽ, ഒന്നാംലോകയുദ്ധത്തിന്റെ സാഹചര്യത്തിൽ വളർന്നുവന്ന വിപ്ലവസാഹചര്യത്തിനു് അനുസൃതമായി ഒരു വിപ്ലവപരിപാടി മുന്നോട്ടുവെക്കാൻ ലെനിനു കഴിഞ്ഞു.

ലോകയുദ്ധത്തിൽപെട്ടു് സാമ്പത്തികവും രാഷ്ട്രീയവുമായ പ്രതിസന്ധിയിൽ കുടുങ്ങിയ റഷ്യയിലെ സാർ ഗവണ്മെന്റിനെതിരായി ബൂർഷ്വാസിയുടെ നേതൃത്വത്തിൽ 1917 ഫെബ്രുവരിയിൽ നടന്ന വിപ്ലവത്തോടെയാണു് ലെനിന്റെ വിലയിരുത്തൽ പ്രയോഗത്തിൽ തെളിയിക്കപ്പെടാൻ തുടങ്ങിയതു്. അധികം താമസിയാതെതന്നെ ബൂർഷ്വാഗവണ്മെന്റിൽനിന്നു് തൊഴിലാളിവർഗ്ഗം അധികാരം പിടിച്ചെടുക്കുന്നതിനുവേണ്ടിയുള്ള ഒരു പ്രായോഗിക പരിപാടി ലെനിൻ മുന്നോട്ടുവച്ചു. ‘എല്ലാ അധികാരവും സോവിയറ്റുകൾക്കു്’ എന്ന ലെനിന്റെ മുദ്രാവാക്യം അതിവേഗം എല്ലാവിഭാഗം ജനങ്ങളിലേയ്ക്കും പടർന്നുപിടിക്കാൻ തുടങ്ങി. 1905-ൽ പരാജയപ്പെട്ട വിപ്ലവത്തിന്റെ സമയത്തുതന്നെ റഷ്യൻ തൊഴിലാളിവർഗ്ഗം സ്വന്തമായി കണ്ടെത്തിയ, തൊഴിലാളികളുടെയും കർഷകരുടെയും അധികാരത്തിന്റെ രൂപമെന്ന നിലയ്ക്കാണു് ‘സോവിയറ്റു’കൾ റഷ്യയിൽ പ്രചരിതമായതു്. ഫാക്ടറിയിലെ തൊഴിലാളികളും ഗ്രാമത്തിലെ കർഷകരും തിരഞ്ഞെടുക്കുന്ന പ്രതിനിധികൾ ഉൾപ്പെടുന്ന സമിതിയാണു് സോവിയറ്റുകൾ. 1905-നു ശേഷമുള്ള കാലഘട്ട‌‌ത്തിൽ, ബോൾഷെവിക്കുകൾ മാത്രമല്ല, തിരുത്തൽവാദികളായിരുന്ന മെൻഷെവിക്കുകളും‌‌ മറ്റു ഗ്രൂപ്പുകളും ഇത്തരം സോവിയറ്റുകൾ കെട്ടിപ്പടുക്കുകയും നിയന്ത്രിക്കുകയും ചെയ്തിരുന്നു. 17-ൽ എല്ലാ അധികാരവും സോവിയറ്റുകൾക്കു് എന്ന മുദ്രാവാക്യം ഒരു‌ വമ്പി‌‌ച്ച ശക്തിയായി ഉയർന്നുവന്നതോടെ, ഈ സോവിയറ്റുകൾ അധികവും ബോൾഷെവിക് പാർട്ടിയുടെ നേതൃത്വം അംഗീകരിച്ചു. അങ്ങനെയാണു് ഒക്ടോബർ വിപ്ലവത്തിനു് കളമൊരുങ്ങിയതു്. യുദ്ധത്തിൽ നിന്നു് പിൻവാങ്ങാൻ കഴിയാതെ കുടുങ്ങിപ്പോയ പുതിയ ഭരണകൂടം പ്രതിസന്ധിയിൽ നിന്നു് പ്രതിസന്ധിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന നിർണ്ണായക ഘട്ടത്തിലാണു് ബോൾഷെവിക് പാർട്ടിയുടെ നേതൃത്വത്തിൽ തൊഴിലാളി വർഗ്ഗം സായുധ ഉയിർത്തെഴുന്നേൽപ്പിലൂടെ അധികാരം‌‌ പിടിച്ചെടുത്തതു്. വലിയൊരു വിഭാഗം സൈനികരും വിപ്ലവത്തിൽ ചേർന്നതു കൊണ്ട് കാര്യമായ രക്തച്ചൊരിച്ചിലില്ലാതെ തന്നെ തൊഴിലാളി വർഗ്ഗത്തിനു അധികാരം പിടിച്ചെടുക്കാൻ പറ്റി. എന്നാൽ, അതിനുശേഷം സാമ്രാജ്യത്വശക്തികളുടെ സംഘടിത പിന്തുണയോടെ, ആഭ്യന്തരവർഗ്ഗശത്രുക്കൾ ആരംഭിച്ച പ്രതിവിപ്ലവശ്രമങ്ങളെ മൂന്നുകൊല്ലം നീണ്ടുനിന്ന ദീൎഘകാല സമരത്തിലൂടെ പരാജയപ്പെടുത്തിക്കൊണ്ടാണു് തൊഴിലാളിവൎഗ്ഗ അധികാരം ഉറപ്പിക്കപ്പെട്ടതു്.

പാരീസ് കമ്യൂണിന്റേതിൽ നിന്നു വ്യത്യസ്തമായി, കെട്ടുറപ്പുള്ള ഒരു കമ്മ്യൂണിസ്റ്റു പാർട്ടിയുടെ നേതൃത്വത്തിലാണു് റഷ്യയിൽ തൊഴിലാളിവൎഗ്ഗം അധികാരം പിടിച്ചെടുത്തതു് എന്നതുകൊണ്ടു് ശത്രുക്കൾക്കു് എളുപ്പത്തിൽ പുതിയ ഭരണകൂടത്തെ തകർക്കാൻ കഴിഞ്ഞില്ല, എന്നാൽ, പാരീസ് കമ്മ്യൂണിനു ഏറ്റെടുക്കാനോ പരിഹരിക്കാനോ കഴിയാതെ പോയ കൂടുതൽ ഗൗരവമേറിയ വെല്ലുവിളികളാണു് ഈ തൊഴിലാളിവർഗ്ഗ ഭരണകൂടത്തിനു അഭിമുഖീകരിക്കാനുണ്ടായിരുന്നതു്. മുതലാളിത്ത വ്യവസ്ഥയിൽ ഉല്പാദനം സാമൂഹ്യവൽകൃതമായി തീരുന്നുണ്ടെങ്കിലും ഉല്പാദനോപാധികളുടെ ഉടമാവകാശം ഒരു പിടി ആളുകളുടെ കയ്യിലാണെന്നതിൽ നിന്നു് ഉടലെടുക്കുന്ന വൈരുദ്ധ്യം പരിഹരിക്കുകയാണല്ലോ തൊഴിലാളിവർഗ്ഗ വിപ്ലവത്തിന്റെ കടമ. തൊഴിലാളിവർഗ്ഗം അധികാരം പിടിച്ചെടുക്കുന്നതോടെ, ഉൽപാദനബന്ധങ്ങളുടെ സാമൂഹ്യവൽക്കരണം പ്രയോഗത്തിൽ വരുത്താൻ കഴിയുമെന്നും, അങ്ങനെ ഈ വൈരുദ്ധ്യം പരിഹരിച്ചുകൊണ്ടു് കമ്മ്യൂണിസത്തിലേക്കുള്ള പരിവർത്തനം സാദ്ധ്യമാക്കാമെന്നുമാണു് പൊതുവിൽ കരുതപ്പെടുന്നതു്. പക്ഷേ, സോവിയറ്റു യൂണിയനിലും മറ്റും പിന്നീടു നടന്ന മുതലാളിത്ത പുനസ്ഥാപനം കാണിക്കുന്നതു് പ്രശ്നം ഒട്ടും തന്നെ ലളിതമല്ലെന്നാണു്.

ഒക്ടോബർ വിപ്ലവത്തെ തുടർന്നു് പ്രധാനപ്പെട്ട ഉല്പാദനോപാധികളെല്ലാം പൊതു ഉടമയിൽ കൊണ്ടുവന്നുകൊണ്ടു്, ഈ സാമൂഹ്യവൽക്കരണ പ്രക്രിയ ആരംഭിക്കുകയുണ്ടായി. എന്നാൽ, നിയമപരമായി പൊതു ഉടമയിലാക്കപ്പെടുന്ന ഉല്പാദനോപാധികൾ ഫലത്തിൽ ആരുടെ നിയന്ത്രണത്തിൽ വരുന്നു എന്നതാണു് നിർണ്ണായക പ്രശ്നം. പൊതു ഉടമയിലാക്കപ്പെടുന്ന ഉല്പാദനോപാധികൾ സ്വാഭാവികമായും ഭരണകൂടത്തിന്റെ നിയന്ത്രണത്തിലാകുന്നു. ഭരണകൂടത്തെ നിയന്ത്രിക്കുന്നതു് പാർട്ടിയാവുമ്പോൾ, അന്തിമമായി ഉല്പാദനോപാധികളെല്ലാം പാർട്ടി നേതൃത്വത്തിന്റെ നിയന്ത്രണത്തിൽ വരുന്നു. അധികാരം മുഴുവൻ പാർട്ടി നേതൃത്വത്തിൽ കേന്ദ്രീകരിക്കുന്നതോടെ, ഉല്പാദനോപാധികളുടെ സാമൂഹ്യവൽക്കരണം നാമമാത്രമായ ഒരു കാര്യമായിത്തീരുന്നു. യഥാർത്ഥ ഉല്പാദകർക്കു് ഉല്പാദനോപാധികളുടെമേൽ നിയന്ത്രണമില്ലാത്ത അവസ്ഥ വരുന്നു. ഇത്തരമൊരു സ്ഥിതിവിശേഷം ഒഴിവാക്കുന്നതിനും, അധികാരം യഥാർത്ഥത്തിൽ തൊഴിലാളി വർഗ്ഗത്തിന്റെയും മറ്റ് അധ്വാനിക്കുന്ന വിഭാഗങ്ങളുടെയും കയ്യിൽ തന്നെ നിലനിൽക്കുന്നതിനും വേണ്ടിയാണു് ലെനിൻ സോവിയറ്റുകളെ യഥാൎത്ഥ അധികാരകേന്ദ്രങ്ങളായി വളൎത്തിയെടുക്കാൻ ശ്രമിച്ചതു്. ബൂർഷ്വാ ജനാധിപത്യത്തെക്കാൾ എത്രയോ ഉയർന്ന ജനാധിപത്യ രൂപത്തിന്റെ മാതൃക എന്ന നിലയ്ക്കു് സോവിയറ്റുകളെ വികസിപ്പിച്ചെടുക്കുകയായിരുന്നു ലെനിന്റെ ഉദ്ദേശ്യം. തൊഴിലാളിവർഗ്ഗത്തേയും മറ്റു് അധ്വാനിക്കുന്ന ജനവിഭാഗങ്ങളേയും നേരിട്ടു് പ്രതിനിധാനം ചെയ്യുന്ന സോവിയറ്റുകൾ യഥർത്ഥ അധികാരകേന്ദ്രങ്ങളായി മാറിയാൽ മാത്രമേ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം സാക്ഷാത്കരിക്കാൻ കഴിയൂ എന്നു് ലെനിൻ കണ്ടെത്തിയിരുന്നു. സോവിയറ്റുയൂണിയനിൽ ആരംഭകാലഘട്ടത്തിൽ വ്യാപകമായി നിലനിന്നിരുന്ന ചെറുകിട ഉല്പാദനം പ്രോത്സാഹിപ്പിക്കുന്ന മുതലാളിത്തശക്തികളും നിലവിലുള്ള ഉദ്യോഗസ്ഥമേധാവിത്വ ശക്തികളുമെല്ലാം ചേർന്നു് പുതിയ ചൂഷകവർഗ്ഗങ്ങൾ വളർന്നുവരുന്നതിനുള്ള സാധ്യതയും ലെനിൻ ചൂണ്ടിക്കാണിച്ചിരുന്നു. ഇത്തരം ഗുരുതരമായ വെല്ലുവിളികൾക്കെതിരായി ജാഗ്രത പുലർത്തികൊണ്ടുമാത്രമേ വിപ്ലവത്തിന്റെ കടമകൾ മുന്നോട്ടുകൊണ്ടു പോകാൻ കഴിയുമായിരുന്നുള്ളു.

എന്നാൽ സോവിയറ്റുയൂണിയന്റെ പിൽക്കാലചരിത്രം കാണിക്കുന്നത് ഈ കടമകൾ നിർവ്വഹിക്കുന്ന കാര്യത്തിൽ സ്റ്റാലിന്റെ നേതൃത്വത്തിലുള്ള പാർട്ടി ഗുരുതരമായ തെറ്റുകളും പാളിച്ചകളും വരുത്തി എന്നാണു്. തൊഴിലാളിവർഗ്ഗസർവ്വാധിപത്യത്തിന്റെ നിർണ്ണായകഘടകങ്ങളാകേണ്ടിയിരുന്ന സോവിയറ്റുകൾ നാമമാത്രമായ രൂപങ്ങൾ മാത്രമായിമാറി. എല്ലാ അധികാരത്തിന്റേയും കുത്തകയായി പാർട്ടി മാറുകയും ചെയ്തു. ഫലത്തിൽ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം പാർട്ടി സർവ്വാധിപത്യമായി മാറുകയായിരുന്നു. പാർട്ടിക്കുള്ളിലും ഉദ്യോഗസ്ഥമേധാവിത്വം ശക്തിപെട്ടുവന്നതോടെ പ്രശ്നം കൂടുതൽ ഗുരുതരമായി തീർന്നു. കൂടാതെ, സോഷ്യലിസ്റ്റു് നിർമ്മാണം ഒരു പരിധിവരെ മുന്നോട്ടു പോയതോടെ, ശത്രുവർഗ്ഗങ്ങളെല്ലാം നിർമ്മാർജനം ചെയ്യപ്പെട്ടു എന്നും, സോഷ്യലിസ്റ്റു് സമൂഹത്തിൽ അതുകൊണ്ടു വർഗ്ഗസമരം തുടരേണ്ട ആവശ്യകത ഇല്ലെന്നുമുള്ള നിഗമനം സ്റ്റാലിൻ അവതരിപ്പിക്കുകയുണ്ടായി. അങ്ങനെ പാർട്ടിക്കുള്ളിൽ പുതിയ ബൂർഷ്വാസി വളരാനുള്ള സാദ്ധ്യതയും അതിനെതിരായ സമരത്തിന്റെ ആവശ്യകതയും നിഷേധിക്കപ്പെട്ടു. ഇതു് യഥാർത്ഥത്തിൽ പാർട്ടിക്കുള്ളിലും ഭരണകൂടത്തിലും പുതിയ ബൂർഷ്വാസിയ്ക്കു് വളരാനുള്ള സാഹചര്യമൊരുക്കിക്കൊടുക്കുകയാണുണ്ടായതു്. മുതലാളിത്ത പുനഃസ്ഥാപനത്തിനുള്ള അടിത്തറ സ്റ്റാലിന്റെ കാലത്തുതന്നെ സോവിയറ്റുയൂണിയനിൽ സ്യഷ്ടിക്കപ്പെട്ടുകൊണ്ടിരുന്നു എന്നാണു് ഇതെല്ലാം കാണിക്കുന്നത്.

ചൈനീസ് വിപ്ലവം

ഒക്ടോബർ വിപ്ലവത്തിനു് മുമ്പുതന്നെ, വികസിത മുതലാളിത്ത രാജ്യങ്ങളിൽ ഏറക്കുറെ ഒറ്റ അടിക്കുതന്നെയാണു് ആദ്യം വിപ്ലവം നടക്കുക എന്ന ക്ലാസിക്കൽ മാർക്സിസത്തിന്റെ ധാരണ തിരുത്തപ്പെടേണ്ടതുണ്ടെന്നു് സാമ്രാജ്യത്വത്തേക്കുറിച്ചുള്ള ലെനിന്റെ പഠനം ചൂണ്ടിക്കാണിക്കുകയുണ്ടായി. ഒക്ടോബർ വിപ്ലവം അതു് സ്ഥിരീകരിക്കുകയും ചെയ്തു. എങ്കിലും ഒക്ടോബർ വിപ്ലവത്തെ തുടർന്നുള്ള കാലഘട്ടത്തിൽ, യൂറോപ്പിൽ പല രാജ്യങ്ങളിലും വിപ്ലവം നടക്കാനിടയുണ്ടെന്നും അങ്ങനെ ലോക വിപ്ലവം തന്നെ ആസന്നമാണെന്നുമുള്ള ധാരണ 1919-ൽ ലെനിന്റെ നേതൃത്വത്തിൽ മൂന്നാം ഇന്റർനാഷണൽ (കോമിന്റേൺ) രൂപീകരിക്കുമ്പോൾ ബലമായി നിന്നിരുന്നു. എന്നാൽ, യാഥാർത്ഥ്യം ഇത്തരം സങ്കല്പങ്ങളെ തകർത്തുകളഞ്ഞതോടെ, ഒന്നു രണ്ടു വർഷത്തിനുള്ളിൽ തന്നെ, ആസന്നമായ യൂറോപ്യൻ വിപ്ലവത്തെക്കുറിച്ചുള്ള പ്രതീക്ഷ കൈവെടിയാൻ കോമിന്റേൺ തയ്യാറായി തുടങ്ങി. മാത്രമല്ല, കോളനി രാജ്യങ്ങളിലെ വിപ്ലവത്തെക്കുറിച്ചും മറ്റും ഗൗരവപൂർവ്വം പഠിക്കാനും കോമിന്റേൺ തയ്യാറായി. അതുവരെ ലോകകമ്മ്യൂണിസ്റ്റുപ്രസ്ഥാനം തീരെ അവഗണിച്ചിട്ടിരുന്ന കോളനികളിലെ സാമ്രാജ്യത്വ വിരുദ്ധ ദേശീയ വിമോചനസമരങ്ങൾ, ലോകവിപ്ലവത്തിന്റെ പുരോഗതിയിൽ നിർണ്ണായക പങ്കുവഹിക്കുമെന്നു് കണ്ടെത്തുകയും ചെയ്തു. കൊളോണിയൽ വിപ്ലവത്തിനു് പൊതുവായ ചില മാൎഗ്ഗനിൎദ്ദേശങ്ങൾ കോമിന്റേൺ മുന്നോട്ടുവെക്കുകയും ചെയ്തു.

ഒക്ടോബർ വിപ്ലവം ആഗോളതലത്തിൽ സൃഷ്ടിച്ച പുതിയ ഉണർവ്വു് പല കോളനികളിലും അൎദ്ധകോളനികളിലും സാമ്രാജ്യത്വ വിരുദ്ധസമരത്തിനു് ആക്കംകൂട്ടി. ചൈനയിലും കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനു് ആരംഭമിട്ടതും സാമ്രാജ്യത്വവിരുദ്ധ സമരം പുതിയൊരു തലത്തിലേക്കു് പ്രവേശിച്ചതും ഈ കാലഘട്ടത്തിലാണു്. ആരംഭത്തിൽ ചൈനയിലെ കമ്മ്യൂണിസ്റ്റുകാർ, റഷ്യൻ വിപ്ലവത്തിന്റെ മാതൃകയിൽ പട്ടണങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ടു് തൊഴിലാളികളുടെ സായുധ ഉയിൎത്തെഴുന്നേല്പ് സംഘടിപ്പിക്കുന്നതിനാണു് ശ്രമിച്ചതു്. എന്നാൽ വലിയ തിരിച്ചടിയെ നേരിട്ടുകൊണ്ടു് ഈ മാൎഗ്ഗം അപ്രായോഗികമാണെന്നു് അവർ പഠിച്ചു. ഈ സന്ദർഭത്തിലാണു്, ചൈനയെപ്പോലുള്ള ഒരു അർദ്ധകൊളോണിയൽ രാജ്യത്തിൽ ഗ്രാമങ്ങളിലെ കർഷകനാണു് വിപ്ലവത്തിന്റെ മുഖ്യശക്തിയെന്നു കണ്ടറിഞ്ഞു് അതിനനുസരിച്ചുള്ള വിപ്ലവപരിപാടിക്കു് രൂപം നൽകാൻ മാവോ സെതുങ്ങ് ശ്രമിച്ചതു്. ചൈനീസ് കമ്മ്യൂണിസ്റ്റു പാർട്ടിയിൽ ഈ രണ്ടു സമീപനങ്ങൾ തമ്മിലുള്ള സമരം കുറച്ചുകാലത്തേയ്ക്കു തുടർന്നെങ്കിലും, അവസാനം മവോയുടെ ലൈൻ തന്നെ പാർട്ടി അംഗീകരിച്ചു. ചൈനയെപോലുള്ള ഒരു അർദ്ധകൊളോണിയൽ രാജ്യത്തിലെ സാഹചര്യങ്ങൾക്കു് പറ്റിയവിധം രാഷ്ട്രീയവും സൈനികവുമായ ഒരു പരിപാടി മാവോ ആവിഷ്കരിച്ചു. കൊളോണിയൽ അർദ്ധകൊളോണിയൽ രാജ്യങ്ങളിൽ മുഖ്യമായും സാമ്രാജ്യത്വവിരുദ്ധവും ജന്മിത്തവിരുദ്ധവുമായ വിപ്ലവങ്ങളാണു് നടക്കേണ്ടതു്. സാധാരണ ഗതിയിൽ അതാതു രാജ്യങ്ങളിലെ ബൂർഷ്വാസിയാണു് ഇത്തരം ദേശീയ വിമോചന സമരങ്ങളിൽ നേതൃത്വപരമായ പങ്കുവഹിക്കേണ്ടതു്. എന്നാൽ 1917-ലെ ഒക്ടോബർ വിപ്ലവത്തിനുശേഷം, എല്ലാ സാമ്രാജ്യത്വ വിരുദ്ധവിപ്ലവങ്ങളും സോഷ്യലിസ്റ്റു വിപ്ലവങ്ങളുടെ ഭാഗമായിത്തീർന്നതുകൊണ്ടു്, മർദ്ദിതരാജ്യങ്ങളിലെ ബൂർഷ്വാസി ഈ കടമ ഏറ്റെടുക്കാൻ തയ്യാറാവില്ല. അഥവാ തയ്യാറായാൽ തന്നെ സാമ്രാജ്യത്വ ശക്തികൾ അതിനു് അനുവദിക്കുകയുമില്ല. അതുകൊണ്ടു് ഈ കാലഘട്ടത്തിൽ സാമ്രാജ്യത്വ വിരുദ്ധവും ജന്മിത്ത വിരുദ്ധവുമായ വിപ്ലവത്തിന്റെ കടമകൾ തൊഴിലാളിവൎഗ്ഗം തന്നെ ഏറ്റെടുക്കേണ്ടതുണ്ടു്. ജനാധിപത്യവിപ്ലവത്തിന്റെ കടമകൾ തന്നെയാണു് ഈ വിപ്ലവം നിർവ്വഹിക്കുക — പക്ഷേ, തൊഴിലാളി വൎഗ്ഗത്തിന്റെ നേതൃത്വത്തിലാണു്. അതുകൊണ്ടാണ് ഇത്തരം വിപ്ലവത്തിനു് പുത്തൻ ജനാധിപത്യവിപ്ലവം എന്നു് മാവോ പേരിട്ടതു്. ഒരു ദീൎഘകാല ജനകീയ യുദ്ധത്തിലൂടെയാണു് ഇത്തരം വിപ്ലവം പൂൎത്തീകരിക്കാനാവുക. ഗ്രാമങ്ങളിലെ കർഷകരാണു് ഈ വിപ്ലവത്തിന്റെ മുഖ്യശക്തി. അതുകൊണ്ടാണു് ഈ ദീൎഘകാലയുദ്ധത്തിന്റെ പാത വേണ്ടിവരുന്നതു്. ആദ്യം ഗ്രാമങ്ങളിൽ കേന്ദ്രീകരിച്ചുകൊണ്ടു് ആരംഭിക്കുന്ന സമരം ഗ്രാമങ്ങളെ മോചിപ്പിച്ചുകൊണ്ടു് പട്ടണങ്ങളെ വലയം ചെയ്യുന്ന രീതിയാണു് സ്വീകരിക്കുക.

ചൈനയിൽ, നാടുവാഴികളായ യുദ്ധപ്രഭുക്കന്മാർ പരസ്പരം പോരടിച്ചുകൊണ്ടിരുന്നതിനാൽ, ഒരു കേന്ദ്രീകൃതഭരണകൂടം നിലനിന്നിരുന്നില്ല. അങ്ങനെ സൃഷ്ടിക്കുന്ന രാഷ്ട്രീയ ശൂന്യതയുടെ സാഹചര്യം ഉപയോഗിച്ചുകൊണ്ടു്, വിമോചിതമേഖലകളും താവളപ്രദേശങ്ങളും സൃഷ്ടിക്കാൻ ചൈനീസ് കമ്യൂണിസ്റ്റുകാർക്കു് കഴിഞ്ഞു. ചുവപ്പധികാരം സ്ഥാപിക്കപ്പെട്ട അത്തരം താവളങ്ങളെ ആധാരമാക്കിക്കൊണ്ടു് സമരം വികസിപ്പിക്കുകയാണു് അവർ ചെയ്തതു് — പലപ്പോഴും ശത്രുവുമായുള്ള ഏറ്റുമുട്ടലിൽ ഇത്തരം താവളങ്ങൾ തുടച്ചുമാറ്റപ്പെട്ടിരുന്നുവെങ്കിലും പുറത്തുനിന്നു് സാമ്രാജ്യത്വശക്തികളുടെ നേരിട്ടുള്ള ആക്രമണമില്ലാത്തഘട്ടത്തിൽ, ആഭ്യന്തരശത്രുക്കകൾക്കെതിരായ ആഭ്യന്തരയുദ്ധവും സാമ്രാജ്യത്വത്തിനെതിരായ ദേശീയയുദ്ധവും നടത്തിക്കൊണ്ടാണു് ചൈനീസ് വിപ്ലവം പൂർത്തീകരിക്കപ്പെട്ടതു്. 1949-ൽ ചൈനീസ് വിപ്ലവത്തിന്റെ പുത്തൻ ജനാധിപത്യഘട്ടം പൂർത്തീകരിച്ചപ്പോഴേക്കും ചൈനീസ് വിപ്ലവത്തിന്റെ പാത, ലോകത്തെമ്പാടുമുള്ള കൊളോണിയൽ അൎദ്ധകൊളോണിയൽ രാജ്യങ്ങളിലെ വിപ്ലവത്തിന്റെ പാതയായി സാർവ്വദേശീയതലത്തിൽ തന്നെ അംഗീകരിക്കപ്പെടുകയുണ്ടായി.

സാംസ്കാരികവിപ്ലവം

സ്റ്റാലിനുശേഷം സോവിയറ്റുയൂണിയനിൽ നേതൃത്വത്തിൽ വന്നതു് അതുവരെ തലപൊക്കാതെ ഒതുങ്ങിയിരുന്ന പുത്തൻ ബൂൎഷ്വാസിയുടെ പ്രതിനിധികളാണു്. സ്റ്റാലിന്റെ നയങ്ങൾ ഈ പുത്തൻ ബൂൎഷ്വാസിയുടെ വളൎച്ചയ്ക്കു് പരോക്ഷമായി സഹായകരമായി വൎത്തിച്ചിരുന്നുവെങ്കിലും സ്റ്റാലിന്റെ കാലത്തു് ഇക്കൂട്ടർ തലപൊക്കാൻ ഭയപ്പെട്ടിരുന്നു. അതുകൊണ്ടാണു് അവർ, സ്റ്റാലിനുശേഷം, തങ്ങളുടെ അധികാരം ഉറപ്പിച്ചുകൊണ്ടു് രംഗത്തേക്കു വന്നതു്. സ്റ്റാലിന്റെ കാലത്തു് നിലനിന്നിരുന്ന ഉദ്യോഗസ്ഥമേധാവിത്വ, സ്വേച്ഛാധിപത്യ ഭരണത്തിനെതിരായി, ജനാധിപത്യ സ്വഭാവമുള്ള ഒരു ഭരണ സംവിധാനം തങ്ങൾ നടപ്പിലാക്കും എന്ന അവകാശവാദവുമായിട്ടാണു് അവർ പുതിയ ലൈൻ അവതരിപ്പിച്ചതു്. ഫലത്തിൽ അധികാരത്തിൽ വന്നുകഴിഞ്ഞ പുത്തൻ ബൂർഷ്വാസിക്കു് തൊഴിലാളിവർഗ്ഗത്തിന്റെമേൽ നിയമപരമായിതന്നെ ആധിപത്യം ഉറപ്പിക്കാവുന്ന പരിഷ്കാരങ്ങളാണു് അവർ ആഭ്യന്തരമായി നടപ്പിലാക്കിയതു്. സാൎവ്വദേശീയ തലത്തിലാകട്ടെ, സാമ്രാജ്യത്വ, മുതലാളിത്ത, ശക്തികളുമായി സാമ്പത്തികമത്സരത്തിലൂടെ സോഷ്യലിസത്തിലേയ്ക്കു് സമാധാനപരമായ പരിവർത്തനം സാധ്യമാണെന്ന കാലഹരണപ്പെട്ട തിരുത്തൽവാദ ചിന്താഗതി പ്രചരിപ്പിക്കാനും ഭൂരിപക്ഷം കമ്മ്യൂണിസ്റ്റുപാർട്ടികളെക്കൊണ്ടും സ്വീകരിപ്പിക്കാനുമാണവർ ശ്രമിച്ചതു്.

ചൈനീസ് കമ്മ്യൂണിസ്റ്റുപാർട്ടി ഈ നീക്കങ്ങളെ ആരംഭം മുതൽക്കു തന്നെ തുറന്നു കാട്ടുകയും വിട്ടുവീഴ്ചയില്ലാതെ അതിനെതിരായി സമരം ചെയ്യുകയും ചെയ്തു. ക്രൂഷേവിന്റെ സമാധാനപരമായ പരിവർത്തന സിദ്ധാന്തത്തിനു പകരം, സാമ്രാജ്യത്വത്തിനെതിരായി വിട്ടുവീഴ്ചകൂടാതെ എല്ലാ മർദ്ദിതരാഷ്ട്രങ്ങളും ചൂഷിതവൎഗ്ഗങ്ങളും സമരം ചെയ്യേണ്ടതിന്റെ ആവശ്യകത സ്ഥാപിക്കപ്പെട്ടു. ഈ സമരത്തിലൂടെയാണു് കോമിന്റേൺ കാലഘട്ടം മുതൽക്കു് നിലനിന്നിരുന്ന ഏകശിലാ നിൎമ്മിതമായ കമ്മ്യൂണിസ്റ്റുപ്രസ്ഥാനം എന്ന സങ്കല്പം തകരുകയും, സാൎവ്വദേശീയതലത്തിൽ ആധിപത്യം നേടിയ തിരുത്തൽവാദത്തിനെതിരായി പല കമ്മ്യൂണിസ്റ്റുപാർട്ടികളിലും കലാപം ആരംഭിക്കുകയും ചെയ്തതു്. അങ്ങനെ, കമ്മ്യൂണിസ്റ്റുപ്രസ്ഥാനത്തിന്റെ മൗലികസ്വഭാവം നിലനിർത്താൻ ന്യൂനപക്ഷ ശക്തികളെന്ന നിലയ്ക്കാണെങ്കിലും, ലോകത്തെമ്പാടും പുതിയ മാർക്സിസ്റ്റു് ലെനിനിസ്റ്റു പാർട്ടികളും പ്രസ്ഥാനങ്ങളും ഉയർന്നു വന്നു.

ഇതോടൊപ്പംതന്നെ സോവിയറ്റു് തിരുത്തൽവാദത്തിന്റെ ഉറവിട കാരണങ്ങൾ കണ്ടെത്താനുള്ള അന്വേഷണങ്ങളുടെ ഫലമായി സോഷ്യലിസ്റ്റു് സമൂഹത്തിൽ വൎഗ്ഗസമരം തുടർന്നുകൊണ്ടു പോകേണ്ടതിന്റെ ആവശ്യകത മാവോ സെതുങ് കണ്ടെത്തി — ഉല്പാദനോപാധികളെല്ലാം പൊതുഉടമയിൽകൊണ്ടുവന്നതോടെ, ചൈനയിൽ വൎഗ്ഗസമരം അവസാനിച്ചുവെന്നും, ഉല്പാദനശക്തികളെ വികസിപ്പിക്കുന്നതിനു് ഊന്നുകയാണു് വേണ്ടതെന്നുള്ള ചിന്താഗതി, ക്രൂഷേവിന്റെ അനുയായികൾ ഉന്നയിച്ചു. ഉല്പാദനശക്തികളുടെ വികാസത്തിനുവേണ്ടി ഭൗതിക പ്രചോദനത്തിൽ ഊന്നുന്ന ഒരു നയത്തിനു വേണ്ടി വാദിച്ച അവർ, ക്രമത്തിൽ സ്വകാര്യസ്വത്തു സമ്പ്രദായത്തിലേയ്ക്കു് മടങ്ങാനുള്ള ഭൗതികാടിത്തറ സജ്ജമാക്കാനാണു് ശ്രമിച്ചതു്. 1957 മുതൽക്കുതന്നെ ഈ പ്രവണതയ്ക്കെതിരായ സമരം മാവോയുടെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റുകാർ ആരംഭിച്ചു. കമ്മ്യൂണിസ്റ്റു് ഉല്പാദനബന്ധങ്ങൾ സൃഷ്ടിക്കുവാൻ വേണ്ടിയുള്ള പരിവർത്തനഘട്ടമാണു് സോഷ്യലിസമെന്നും, അതുകൊണ്ടു് ആ പരിവർത്തനഘട്ടത്തിലുടനീളം ഉല്പാദനബന്ധങ്ങളിൽ നിരന്തര പരിവർത്തനമുണ്ടാക്കാൻ വേണ്ടിയുള്ള സമരങ്ങളാണു് വേണ്ടതെന്നും, ഉല്പാദനബന്ധങ്ങളിലെ പരിവർത്തനമാണു് ഉല്പാദനശക്തികളുടെ ആരോഗ്യകരമായ വികാസത്തിനു് കളമൊരുക്കുകയെന്നും അവർ സമൎത്ഥിച്ചു. സോഷ്യലിസ്റ്റു കാലഘട്ടത്തിലുടനീളം നീണ്ടുനിൽക്കുന്നതും സങ്കീൎണ്ണവുമായ വൎഗ്ഗസമരത്തിലൂടെയാണു് ഉല്പാദനബന്ധങ്ങളിലെ പരിവൎത്തനം ത്വരിതപ്പെടുത്തുകയെന്നും, സോഷ്യലിസ്റ്റുപാതക്കാരും മുതലാളിത്തപാതക്കാരും തമ്മിലുള്ള സമരത്തിന്റെ രൂപത്തിലാണു് സോഷ്യലിസ്റ്റുകാലഘട്ടത്തിൽ ഈ സമരം പ്രത്യക്ഷപ്പെടുകയെന്നും മാവോ ചൂണ്ടിക്കാട്ടി. ‘വർഗ്ഗസമരം മുഖ്യകണ്ണി’, ‘രാഷ്ട്രീയം നേതൃത്വത്തിൽ’ തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെയാണു് ഈ ആശയങ്ങൾ സമൂർത്തരൂപം കൈവരിച്ചതു്. ഓരോരുത്തരും കൂടുതൽ അധ്വാനിച്ചാൽ കൂടുതൽ പ്രതിഫലം ലഭിക്കും എന്നുള്ള സോഷ്യലിസ്റ്റുകാലഘട്ടത്തിലെ ചട്ടത്തെ ഒരു ശാശ്വത നിയമമാക്കിമാറ്റി ഭൗതികപ്രചോദനത്തിൽ ഊന്നിക്കൊണ്ടു് ഉല്പാദനം വർദ്ധിപ്പിക്കാനാണു് മുതലാളിത്തപാതക്കാർ ശ്രമിച്ചതു്. എന്നാൽ സോഷ്യലിസ്റ്റുഘട്ടം ഒരു പരിവർത്തനദശയാണെന്നും, തകർന്നുകൊണ്ടിരിക്കുന്ന മുതലാളിത്ത നിയമങ്ങളും‌‌ സമ്പ്രദായങ്ങളും വളർന്നുകൊണ്ടിരിക്കുന്ന കമ്യൂണിസ്റ്റ് ഉൽപാദന രൂപങ്ങളും തമ്മിലുള്ള നിരന്തരസംഘട്ടനമാണു് ഈ ഘട്ടത്തിൽ നടക്കുകയെന്നും സോഷ്യലിസ്റ്റുപാതക്കാർ വാദിച്ചു. അധ്വാനത്തിനു് അനുസരിച്ച് പ്രതിഭലം എന്നതു് മുതലാളിത്ത നിയമമായതുകൊണ്ട്, അതിനെ ക്രമികമായി പരിമിതപ്പെടുത്തിക്കൊണ്ടുവരാനും, സമൂഹത്തിന്റെ കൂട്ടായ പുരോഗതിയ്ക്കുവേണ്ടി അദ്ധ്വാനിക്കുക എന്ന കമ്യൂണിസ്റ്റ് തത്വത്തെ വളർത്തിക്കൊണ്ടുവരാനുമാണു് സോഷ്യലിസ്റ്റു ഘട്ടത്തിൽ ബോധപൂർവ്വം ശ്രമിക്കേണ്ടതെന്ന് സോഷ്യലിസ്റ്റു് പാതക്കാർ സമർത്ഥിച്ചു.

ഉൽപാദനോപാധികളുടെ മേലുള്ള നിയന്ത്രണാധികാരം യഥാർത്ഥത്തിൽ ആരുടെ കയ്യിൽ എന്നതു തന്നെയാണു് നിർണ്ണായക പ്രശ്നമെന്ന് സോഷ്യലിസ്റ്റു് പാതക്കാർ കണ്ടെത്തി. ഫാക്ടറികളിലും കൂട്ടുകൃഷികളങ്ങളിലും മറ്റും മുഴുവൻ തൊഴിലാളികൾക്കും കർഷകർക്കുമാണു് നിയന്ത്രണാധികാരം എന്നു് നിയമപരമായി അംഗീകരിച്ചിട്ടുണ്ടെങ്കിലും, യഥാർഥത്തിൽ ആരുടെ നിയന്ത്രണത്തിൽ എന്നതാണു് കാതലായ പ്രശ്നം. പലയിടത്തും അതു് പാർട്ടിയിലെയും ഭരണകൂടത്തിലെയും ഉദ്യോ‌‌ഗസ്ഥ‌‌മേധാവികളുടെ കയ്യിലായിത്തീരുന്നു എന്നതാണു് വാസ്ത‌‌വം. ഇവർ പുതിയൊരു ചൂഷകവർഗ്ഗമായി മാറുകയാണു് ചെയ്യുന്നത്. ഈ പുതിയ ചൂഷക വർഗ്ഗത്തിൽനിന്നു് അധികാരം തൊഴിലാളികളിലേക്കും മറ്റ് അധ്വാനിക്കുന്ന വിഭാഗങ്ങളിലേക്കും കൈമാറ്റപ്പെടണം. അത് സാധിക്കണമെങ്കിൽ, ഈ പുതിയ ചൂഷക വർഗ്ഗങ്ങൾക്കെതിരായി നിരന്തരം പോരാടാനുള്ള രാഷ്ട്രീയമായ ജാഗ്രത തൊഴിലാളികളിലും മറ്റ് അധ്വാനിക്കുന്ന വിഭാഗങ്ങളിലും വളരണം. രാഷ്ട്രീയത്തെ നേതൃത്വത്തിൽ അവരോധിച്ചുകൊണ്ടും വർഗ്ഗസമരത്തെ മുഖ്യ കണ്ണിയായി കണക്കാക്കിക്കൊണ്ടുമുള്ള ദീർഘകാല സമരം ആണു് ഇതിനുള്ള മാർഗ്ഗം.

ഉപരിഘടനയും സാമ്പത്തികാടിത്തറയും തമ്മിലുള്ള ബന്ധത്തിൽ, സാമ്പത്തികാടിത്തറയാണു് എല്ലായ്പോഴും നിർണ്ണായകമെന്നു് യാന്ത്രിക സമീപനം പുലർത്തുന്ന തിരുത്തൽവാദികൾ സിദ്ധാന്തിക്കുന്നു. പൊതുവിൽ സാമ്പത്തികാടിത്തറയാണു് നിർണ്ണായകമെങ്കിലും നിർദ്ദിഷ്ടസാഹചര്യങ്ങളിൽ ഉപരിഘടന നിർണ്ണായകമായി തീരുമെന്ന് മാവോ ചൂണ്ടിക്കാണിച്ചു. സോഷ്യലിസ്റ്റു പരിവർത്തനഘട്ടത്തിൽ സാമ്പത്തികാടിത്തറയിലെ പരിവർത്തനങ്ങൾ പൊതുവിൽ പൂർത്തീകരിച്ചാലും ഉപരിഘടനയിൽ പഴയ സമ്പ്രദായത്തിന്റെ സ്വാധീനം ശക്തമായി നിലനിൽക്കാമെന്നും, തന്മൂലം ആ ഘട്ടത്തിൽ ഉപരിഘടനയിലെ പരിവർത്തനങ്ങളാണു് സാമൂഹ്യ വിപ്ലവത്തിൽ നിർണ്ണായക പങ്കുവഹിക്കുക എന്നും മാവോ ചൂണ്ടി കാണിച്ചു. ഈ കാഴ്ചപ്പാടിന്റെ അടിസ്ഥാനത്തിലാണു് സോഷ്യലിസ്റ്റു കാലഘട്ടത്തിലെ വർഗ്ഗസമരത്തിൽ ഉപരിഘടനയിലെ സമരത്തിനു് മാവോ ഊന്നൽ നൽകിയതു്.

മുതലാളിത്ത പാതക്കാർ പല മേഖലകളിലും പിടിച്ചു പറ്റിയിട്ടുള്ള അധികാരം തിരിച്ചു പിടിക്കാനും, അധികാരം തൊഴിലാളിവർഗ്ഗത്തിന്റെയും മറ്റു് അധ്വാനിക്കുന്ന ജനവിഭാഗങ്ങളുടെയും കയ്യിൽ തന്നെ ഉറപ്പിച്ചു നിർത്താനും വേണ്ടി നടത്തേണ്ട സമരത്തിന്റെ പൊതു ദിശ വ്യക്തമായി വന്നെങ്കിലും, ഈ ലക്ഷ്യ സാധ്യത്തിനു് പറ്റിയവിധം ജനങ്ങൾ മുൻകൈ കെട്ടഴിച്ചു വിടുന്നതിനു് പറ്റിയ സമരരൂപം കണ്ടെത്തപ്പെട്ടിരുന്നില്ല. 1965-68 കാലത്തു് നടന്ന മഹത്തായ തൊഴിലാളിവർഗ്ഗ സാംസ്കാരികവിപ്ലവമാണു് ഈ പ്രശ്നത്തിനു് ഉത്തരം നൽകിയതു്. സോവിയറ്റു യൂണിയനിൽ സ്റ്റാലിൻ സ്വീകരിച്ച ഉദ്യോഗസ്ഥ മേധാവിത്വപരമായ രീതിക്കു പകരം, മുതലാളിത്ത പ്രവണതകൾക്കെതിരെ മുഴുവൻ ജനങ്ങളെയും രാഷ്ട്രീയമായി ആയുധമണിയിക്കുക എന്ന സമീപനമാണു് ചൈനയിൽ സ്വീകരിക്കപ്പെട്ടതു്. വിദ്യാഭ്യാസ, സാംസ്ക്കാരികമേഖലകളിൽ പ്രകടമായി വന്ന ജീർണ്ണിച്ച പ്രവണതകൾക്കെതിരായ സമരമെന്ന നിലയ്ക്കാണു് സാംസ്ക്കാരിക വിപ്ലവം ആരംഭിച്ചതു്. എന്നാൽ 1966 ആയപ്പോഴേയ്ക്കും, എല്ലാ തലങ്ങളിലും അധികാരത്തിൽ കയറികൂടിയിട്ടുള്ള മുതലാളിത്ത പാതക്കാർക്കെതിരായ സമരമായി അതു് വളർന്നു. നാളിതുവരെ ലോകചരിത്രത്തിൽ സംഭവിച്ചിട്ടില്ലാത്തവിധം, സമൂഹത്തെ മുഴുവൻ ഇളക്കിമറിക്കുന്ന പ്രചണ്ഡമായ ഒരു വി‌‌‌‌‌‌‌‌പ്ളവമായി അതു് വളർന്നുവന്നു. പല തലങ്ങളിൽ പാർട്ടിയിലും ഭരണകൂടത്തിലും ആധിപത്യമുറപ്പിച്ചിരുന്ന മുതലാളിത്ത പാതക്കാരെ ജനങ്ങളുടെ മുൻകയ്യിൽ വിചാരണ ചെയ്യുകയും താഴെയിറക്കുകയും ജനങ്ങൾ തിരഞ്ഞെടുക്കുന്ന പുതിയ വിപ്ലവസമിതികളെ അധികാരമേല്പിക്കുകയും ചെയ്യുന്ന വമ്പിച്ച ഒരു ഉടച്ചുവാർക്കലാണു് അവിടെ നടന്നതു്. പ്രാദേശിക നേതാക്കന്മാർ മുതൽ, പാർട്ടിയുടെ ഉന്നത നേതാക്കന്മാരും മന്ത്രിമാരും വരെയുള്ളവർ ഇങ്ങനെ വിചാരണ ചെയ്യപ്പെട്ടു. ഇത്തരം പ്രചണ്ഡമായ ഒരു വിപ്ലവത്തിനിടയ്ക്കു് പല പാളിച്ചകളും അതിരു കടന്ന നടപടികളും ഉണ്ടാവുക സ്വാഭാവികമാണു്. ചൈനയിലെ സാംസ്ക്കാരിക വിപ്ലവകാലത്തു്, നിയന്ത്രണാതീതമായ രീതിയിൽ പല പല പാളിച്ചകളും സംഭവിക്കുകയുണ്ടായി. പക്ഷേ, ജനങ്ങളുടെ മുൻകൈ കെട്ടഴിച്ചുവിട്ടു്, യഥാർത്ഥ അധികാരം ജനങ്ങളിലേയ്ക്കു് എത്തിക്കാൻ വേണ്ടി നടത്തിയ ഈ വിപ്ലവത്തിന്റെ പൊതുദിശയുടെ പ്രാധാന്യവും അതു് നൽകുന്ന പാഠങ്ങളുമാണു് നാം ഉൾക്കൊള്ളേണ്ടതു്.

1969-ഓടു കൂടി മുതലാളിത്തപാതക്കാർക്കെതിരായി സോഷ്യലിസ്റ്റുപാതക്കാർ നിർണ്ണായകവിജയം നേടിയതിനെ തുടർന്നു് സാംസ്കാരികവിപ്ലവത്തിന്റെ ഒന്നാംഘട്ടം പൂർത്തിയാവുകയുണ്ടായി. പക്ഷേ, ഒന്നോ രണ്ടോ സാംസ്ക്കാരികവിപ്ലവങ്ങൾകൊണ്ടു് സോഷ്യലിസ്റ്റു കാലഘട്ടത്തിലെ വർഗ്ഗസമരത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുകയില്ലെന്നും അസംഖ്യം സാംസ്കാരികവിപ്ലവങ്ങൾ നടത്തിയാലേ കമ്മ്യൂണിസത്തിലേക്കുള്ള പരിവർത്തനം സാധ്യമാകൂ എന്നും മാവോ ചൂണ്ടിക്കാണിച്ചു. മാത്രമല്ല, മുതലാളിത്ത സാമ്പത്തികനിയമങ്ങൾ തന്നെയാണു് ചൈനയിലെ സോഷ്യലിസ്റ്റു് സമൂഹത്തിൽ പിന്നെയും ശക്തമായി നിലനിൽക്കുന്നതെന്നതുകൊണ്ടു് മുതലാളിത്തപാതക്കാർ വർദ്ധിച്ചുവരുവാനുള്ള സാധ്യതയും മാവോ കുറച്ചു കണ്ടില്ല. ഏറെക്കുറെ സംഭവിച്ചതും അതൊക്കെ തന്നെയാണു്.

സാംസ്കാരിക വിപ്ലവകാലത്തു് അതിന്റെ പ്രമുഖ വക്താവായി രംഗത്തുവന്ന ലിൻപിയാവേ പിന്നെയും സാംസ്കാരികവിപ്ലവം തുടരുന്നതിനെ എതിർക്കുകയും ഫലത്തിൽ മുതലാളിത്തപാതക്കാരുടെ നിലപാടിലേയ്ക്കെത്തുകയും ചെയ്തു. തുടർന്നു് അധികാരം പിടിച്ചെടുക്കാൻ അയാൾ നടത്തിയ ഗൂഢാലോചന തകർക്കപ്പെട്ടുവെങ്കിലും, മുതലാളിത്തപാതക്കാർക്കു് വീണ്ടും നുഴഞ്ഞുകയറാനുള്ള അവസരം അതുണ്ടാക്കിക്കൊടുത്തു. അവരതു് ശരിക്കും മുതലെടുക്കുകയും ചെയ്തു. അങ്ങനെ വീണ്ടും മുതലാളിതപാതക്കാർ ശക്തി പ്രാപിക്കാൻ തുടങ്ങിയപ്പോൾ സോഷ്യലിസ്റ്റുപാതക്കാർ അതിനെതിരായ സമരം ആരംഭിച്ചുവെങ്കിലും 1976-ൽ മാവോ നിര്യാതനായ സാഹചര്യം ഉപയോഗപ്പെടുത്തി, ഒരു സൈനിക അട്ടിമറിയിലൂടെ മുതലാളിത്തപാതക്കാർ അധികാരം പിടിച്ചെടുത്തു. അതിനുശേഷം, സോവിയറ്റു യൂണിയനിൽ ക്രൂഷേവിന്റെ നേതൃത്വത്തിൽ നടന്ന മുതലാളിത്ത പുനസ്ഥാപനത്തേക്കാൾ എത്രയോ ദ്രുതഗതിയിലാണു് ചൈനയിലെ പുതിയ തിരുത്തൽവാദികൾ മുതലാളിത്ത പുനസ്ഥാപനം നടത്തിക്കൊണ്ടിരിക്കുന്നതു്.

ഇങ്ങനെ സാംസ്കാരികവിപ്ലവം പരാജയപ്പെട്ടുവെങ്കിലും, പാരീസ് കമ്മ്യൂണിനെപ്പോലെ അതു് ലോകതൊഴിലാളിവർഗ്ഗപ്രസ്ഥാനത്തിനു് നൽകിയിട്ടുള്ള പാഠങ്ങൾ വിലപ്പെട്ടതാണു്. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യത്തിൻ കീഴിലെ വർഗ്ഗസമരത്തിന്റെ സിദ്ധാന്തവും പ്രയോഗവുമാണു് അതു് കാഴ്ചവച്ചിട്ടുള്ളതു്. ആ പാഠങ്ങൾ വികസിപ്പിച്ചെടുത്തു് മുന്നോട്ടുപോയാൽ മാത്രമേ, ലോക കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു് അതു് അഭിമുഖീകരിക്കുന്ന പ്രതിസന്ധി മറികടക്കാനാവുകയുള്ളു. ചൈനയിലെ സാംസ്കാരികവിപ്ലവത്തിന്റെ പരാജയകാരണങ്ങൾ ഇനിയും വിലയിരുത്തപ്പെടേണ്ടതുണ്ടു്. ചൈനയിലെ വസ്തുനിഷ്ഠ സാഹചര്യം അതിൽ എന്തു പങ്കുവഹിച്ചു, സോഷ്യലിസ്റ്റുപാതക്കാരുടെ സമീപനത്തിലെ തകരാറുകൾ എന്തായിരുന്നു എന്നെല്ലാം ഉള്ള ചോദ്യങ്ങൾക്കു് ഉത്തരം നൽകത്തക്കവിധം സമഗ്രമായ പഠനം ആവശ്യമാണു്. ചൈനയിലെ സാംസ്കാരികവിപ്ലവം പൂർത്തീകരിക്കാതെ വിട്ടിട്ടുള്ള കടമകൾ നിർവഹിക്കാൻവേണ്ടിയുള്ള വിപ്ലവസമരത്തിലൂടെ മാത്രമേ, ചൈനയിലെ തിരിച്ചടിയുടെ ശരിയായ കാരണങ്ങൾ കണ്ടെത്താൻ നമുക്കു കഴിയൂ.

എല്ലാ മുൻ സോഷ്യലിസ്റ്റുരാജ്യങ്ങളും മുതലാളിത്തത്തിലേയ്ക്കു് തിരിച്ചുപോയിട്ടുള്ള ഇന്നത്തെ സാഹചര്യത്തിൽ ലോക കമ്മ്യൂണിസ്റ്റു പ്രസ്ഥാനം വമ്പിച്ച ഒരു പ്രതിസന്ധിയെ നേരിടുകയാണു്. ഒക്ടോബർ വിപ്ലവം നടന്ന സോവിയറ്റു യൂണിയൻ ഇന്നു് ഒരു സോഷ്യൽ സാമ്രാജ്യത്വശക്തിയായി മാറി. ലോകത്തെമ്പാടുമുള്ള വിപ്ലവശക്തികളെ അടിച്ചമർത്തുന്നതിൽ അതു് മറ്റു സാമ്രാജ്യശക്തികളോടു മത്സരിക്കുന്നു. അടുത്തകാലം വരെ വിപ്ലവശക്തികൾക്കു് പ്രചോദനം നൽകിക്കൊണ്ടിരുന്ന ചൈനയും ഇന്നൊരു പിന്തിരിപ്പൻ താവളമായി മാറിയിരിക്കുന്നു. എന്നാൽ സോവിയറ്റു യൂണിയനിലും ചൈനയിലും മറ്റും നടന്ന തിരിച്ചുപോക്കിന്റെ കാരണങ്ങൾ കണ്ടറിഞ്ഞു്, അതിനു പരിഹാരം കാണത്തക്ക വിധം പുതിയ വിപ്ലവപ്രസ്ഥാനങ്ങൾ വളർത്തിയെടുക്കാൻ ശ്രമിക്കുന്ന ശക്തികൾ ലോകത്തെമ്പാടും ഉയർന്നുവന്നിട്ടുണ്ടു്. ഇത്തരം ശക്തികളാണു് ലോകതൊഴിലാളിവർഗ്ഗപ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതിൽ നിർണ്ണായക പങ്കുവഹിക്കുക. പക്ഷേ, അവരുടെ മുന്നിലുള്ള വെല്ലുവിളികൾ നിസ്സാരങ്ങളല്ല. നിലവിലുള്ള ഭരണകൂടത്തെ തകർക്കുകയും തൊഴിലാളിവർഗ്ഗത്തിന്റെ പുതിയ ഭരണകൂടം സൃഷ്ടിക്കുകയും ചെയ്യുക എന്നതു്, ഇന്നു് താരതമ്യേന ചെറിയ കാര്യമായി മാറിയിരിക്കുന്നു. അധികാരം പിടിച്ചെടുക്കുന്നതിനുശേഷം അതു് യഥാർത്ഥത്തിൽ തൊഴിലാളിവർഗ്ഗത്തിന്റെ, ജനങ്ങളുടെ അധികാരമാക്കി എങ്ങനെ രൂപാന്തരപ്പെടുകയും അവരുടെ കയ്യിൽതന്നെ നിലനിർത്തുകയും ചെയ്യും എന്നതാണു് ലോക കമ്മ്യൂണിസ്റ്റുപ്രസ്ഥാനം ഇന്നു് നേരിടുന്ന ഏറ്റവും ഗൗരവാവഹമായ വെല്ലുവിളി.

ജുലൈ 1984

ii


മുകളിലെ വിശകലനത്തിലെ അടിസ്ഥാനപരമായ ഒട്ടേറെ കാര്യങ്ങൾ ശരിയായിരുന്നു എന്നു് തെളിയിക്കുന്ന സംഭവവികാസങ്ങളാണു് സമീപകാലത്തു് കിഴക്കൻ യൂറോപ്പിലും ചൈനയിലും മറ്റും ഉണ്ടായതു്. മുൻ സോഷ്യലിസ്റ്റു രാജ്യങ്ങളിലെ മുതലാളിത്ത പുനഃസ്ഥാപന പ്രക്രിയ തികച്ചും ഒരു യാഥാർത്ഥ്യമായിരുന്നു എന്നു് ഇപ്പോഴാണു് ഏവർക്കും ബോധ്യമാവുന്ന രീതിൽ അനാവരണം ചെയ്തതു്. ചൈന ഇപ്പോഴും സോഷ്യലിസ്റ്റുരാജ്യമായി നിലനിൽക്കുന്നു എന്നു് അവകാശപ്പെടുമ്പോഴും 89 മേയ്–ജൂണിൽ നടന്നതുപോലത്തെ വിദ്യാർത്ഥി-ജനകീയ പ്രക്ഷോഭവും അതിനെ ഫാസിസ്റ്റു രീതിയിൽ അടിച്ചമർത്തിയ രീതിയും അവിടെ നിലനിൽക്കുന്ന സോഷ്യൽ ഫാസിസ്റ്റു വ്യവസ്ഥയുടെ യഥാർത്ഥമുഖം അനാവരണം ചെയ്യുന്നുണ്ടു്. സോവിയറ്റുയൂണിയനിലും മറ്റും നടന്ന പ്രക്രിയ, മറ്റൊരു രൂപത്തിൽ ചൈനയിലും ആവർത്തിക്കുമെന്നതിൽ സംശയമില്ല. ഇത്തരം മുതലാളിത്തത്തിലേയ്ക്കു് തിരിച്ചുപോയ രാജ്യങ്ങളിലെ ഭരണവർഗ്ഗങ്ങളിൽതന്നെയുള്ള രണ്ടുചേരികൾ തമ്മിലുള്ള മത്സരത്തിലൂടെയാണു് ഈ വ്യവസ്ഥകൾ തകർന്നുകൊണ്ടിരിക്കുന്നതു്. പഴയ ഉദ്യോഗസ്ഥ മേധാവിത്വസംവിധാനം നിലനിർത്തിക്കൊണ്ടു് സോഷ്യലിസ്റ്റു് മുഖം മൂടിയുള്ള സർക്കാർ മുതലാളിത്തം നിലനിർത്താൻ ശ്രമിക്കുന്ന ഉദ്യോഗസ്ഥമേധാവി ബൂർഷ്വാവർഗ്ഗവും തുറന്ന രീതിയിൽ മുതലാളിത്ത സാമ്പത്തിക രാഷ്ട്രീയഘടന പുനസ്ഥാപിക്കണമെന്നു് ആവശ്യപ്പെടുന്ന പുത്തൻ ബൂർഷ്വാസിയുമാണു് ഈ രണ്ടു വിഭാഗങ്ങൾ. ക്രൂഷേവിന്റെ പുത്തൻ ബൂർഷ്വാപരിഷ്കാരങ്ങളെ തടഞ്ഞുകൊണ്ടു് ബ്രഷ്നേവു് ഉറപ്പിച്ചെടുത്ത ഉദ്യോഗസ്ഥമേധാവി സംവിധാനം സൃഷ്ടിച്ച ജീർണ്ണതകയ്ക്കെതിരായി, തുറന്ന മുതലാളിത്ത രീതികൾ സ്വീകരിച്ചുകൊണ്ടു് പ്രതിസന്ധി മറികടക്കണമെന്നു് വാദിച്ച പുത്തൻ ബൂർഷ്വാസിയുടെ പ്രതിനിധിയായിട്ടാണു് ഗോർബച്ചേവു് രംഗത്തു് വന്നതു്. ഗോർബച്ചേവിനു് പാർട്ടി നേതൃത്വം പിടിച്ചുപറ്റാനും തന്റെ പദ്ധതി പാർട്ടിയെക്കൊണ്ടു് നടപ്പിലാക്കിക്കാനും കഴിഞ്ഞതുകൊണ്ടു്, സാമ്പത്തിക രാഷ്ട്രീയമേഖലകളിലെ തുറന്ന രീതിയിലുള്ള മുതലാളിത്തവൽക്കരണം കാര്യമായ പ്രതിബന്ധങ്ങളില്ലാതെ മുന്നോട്ടു കൊണ്ടുപോകാൻ കഴിഞ്ഞു. സോവിയറ്റു യൂണിയനിലെ ഈ മാറ്റമാണു് കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ മുതലാളിത്ത പരിഷ്കാരങ്ങൾക്കു് ആക്കം കൂട്ടിയതു്.

സ്റ്റാലിന്റെ കാലത്തു് സോവിയറ്റുയൂണിയനിൽ കെട്ടിപ്പടുത്ത അതിശക്തവും ബൃഹത്തുമായ പൊതുമേഖലാ സംവിധാനത്തെ സ്വകാര്യവൽക്കരിക്കുക എളുപ്പമായിരുന്നില്ല. പ്രത്യേകിച്ചും, സമാന്തരവിപണിയിലൂടെ, അഴിമതിയും സ്വജനപക്ഷപാതവും എല്ലാം ഉപയോഗിച്ചു് സ്ഥാനമുറപ്പിച്ചുകഴിഞ്ഞിട്ടുള്ള പാർട്ടിയിലെയും ഭരണകൂടത്തിലെയും ഉദ്യോഗസ്ഥമേധാവി വർഗ്ഗത്തെ ഉപയോഗിച്ചുകൊണ്ടു് ഇത്തരം പരിഷ്കാരം നടപ്പിലാക്കുക എളുപ്പമല്ല. ഗോർബച്ചോവിന്റെ ഗ്ലാസ് നോസ്തും പെരിസ്ട്രോയിക്കയും വഴിമുട്ടിയതു് ഇവിടെയാണു്. സ്വകാര്യവൽക്കരണപ്രക്രിയ ഈ ഉദ്യോഗസ്ഥമേധാവി ബൂർഷ്വാസിയുടെ കയ്യിൽ ഉല്പാദനരംഗത്തെ കൂടുതൽ മുരടിപ്പിലേയ്ക്കു് നയിക്കുകയാണു് ചെയ്തതു്. നിത്യോപയോഗസാധനങ്ങൾക്കു് വേണ്ടി നീണ്ട ക്യൂ നിൽക്കേണ്ട അവസ്ഥ കൂടുതൽ കൂടുതൽ രൂക്ഷമായതോടെ, ഗോർബച്ചോവിനെതിരായി ജനങ്ങൾക്കിടയിൽ ഉയർന്നുവന്ന രോഷത്തെ ഉപയോഗപ്പെടുത്താമെന്നു് കണക്കുകൂട്ടിക്കൊണ്ടാണു് ഉദ്യോഗസ്ഥമേധാവി വിഭാഗം ’91 ആഗസ്റ്റിൽ അട്ടിമറി നടത്തിയതു്.

ജനങ്ങൾ അട്ടിമറിക്കാർക്കെതിരായി ദൃഢമായ നിലപാടെടുത്തതു് പഴയ ഉദ്യോഗസ്ഥമേധാവികളുടെ മുൻകയ്യിൽ പഴയ സോഷ്യൽ ഫാസിസം വീണ്ടുംവരുമെന്നു് തിരിച്ചറിഞ്ഞതുകൊണ്ടാണു്. പട്ടിണിയോടുകൂടിയതാണെങ്കിലും, ഗോർബച്ചോവു് നടപ്പിലാക്കിയ ബൂർഷ്വാജനാധിപത്യ പരിഷ്കാരങ്ങൾ സോഷ്യലിസത്തിന്റെ മൂടുപടമിട്ടുകൊണ്ടു് നടപ്പിലാക്കപ്പെട്ട സോഷ്യൽഫാസിസത്തേക്കാൾ എത്രയോ ഭേദമാണെന്നു് ജനങ്ങൾ തിരിച്ചറിഞ്ഞു എന്നതുകൊണ്ടാണു് അട്ടിമറിക്കാരുടെ ഗൂഢാലോചന ഫലിക്കാതെ പോയതു്. സോഷ്യലിസത്തിന്റെ പേരിട്ടുകൊണ്ടു് നടപ്പിലാക്കപ്പെട്ട സോഷ്യൽഫാസിസം ചരിത്രപരമായിതന്നെ ബൂർഷ്വാജനാധിപത്യത്തേക്കാൾ പിന്തിരിപ്പനാണു് എന്ന യാഥാർത്ഥ്യമാണു് ഇതിലൂടെ അനാവരണം ചെയ്യപ്പെട്ടതു്.

ഗോർബച്ചോവിയൻ പരിഷ്കാരങ്ങളുടെ തണലിൽ കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലെ പുത്തൻ ബൂർഷ്വാസി എളുപ്പത്തിൽതന്നെ മുൻകൈനേടുകയും ബൂർഷ്വാപരിഷ്കാരങ്ങൾ വളരെയധികം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്തിട്ടുണ്ടു്. എന്നാൽ ചൈനയിൽ ഉദ്യോഗസ്ഥമേധാവിവർഗ്ഗത്തിന്റെ പിടി ഇപ്പോഴും ശക്തം തന്നെയാണു്. 89-ൽ വിദ്യാർത്ഥി കലാപം ഉയർന്നുവന്നപ്പോൾ, പാർട്ടിക്കുള്ളിലെ പുത്തൻ ബൂർഷ്വാസി തലപൊക്കാൻ ശ്രമിക്കുകയുണ്ടായി. എന്നാൽ, നേതൃത്വം പിടിച്ചു പറ്റത്തക്കവിധം ആ വിഭാഗം വളർന്നിരുന്നില്ല. അതുകൊണ്ടാണു് അവർ അടിച്ചമർത്തപ്പെട്ടതു്. പക്ഷേ, അവിടത്തെ സ്ഥിതി എളുപ്പത്തിൽ കെട്ടടങ്ങുന്നതല്ല. സോഷ്യൽ ഫാസിസ്റ്റു് സംവിധാനത്തിനെതിരായി ശക്തമായ ജനമുന്നേറ്റം ആസന്നഭാവിയിൽതന്നെ അവിടെ ഉണ്ടാകുമെന്നതു് തർക്കമറ്റ കാര്യമാണു്. സാംസ്കാരിക വിപ്ലവത്തിന്റെ ഫലങ്ങൾകൂടി ഉൾക്കൊണ്ട ചൈനയിലെ ജനങ്ങൾ പുതിയ പല പരീക്ഷണങ്ങളും നടത്താനുള്ള സാധ്യതയും തള്ളിക്കളഞ്ഞുകൂടാ. ക്യൂബയിലും ഈ പ്രക്രിയകൾ ആവർത്തിക്കുമെന്നതും പ്രവചിക്കാവുന്നകാര്യമാണു്. കാരണം, മുൻസോഷ്യലിസ്റ്റു രാജ്യങ്ങളുടെയെല്ലാം അപചയത്തിന്റെ പ്രക്രിയ അത്ഭുതകരമാംവണ്ണം സമാനമാണു്. അടിസ്ഥാനപരമായ പാളിച്ചയുടെ ഉറവിടം ഒന്നുതന്നെ ആയതുകൊണ്ടാണു്, എല്ലായിടത്തും ഒരേ പ്രക്രിയതന്നെ, ഏറ്റക്കുറച്ചിലുകളോടെ ആവർത്തിക്കുന്നതു്.

പുതിയ ഗുണപാഠം

മുതലാളിത്ത പുനസ്ഥാപന പ്രക്രിയയുടെ ഈ ഗതിക്രമം, നേരത്തെ നടത്തിയ വിലയിരുത്തലിന്റെ തുടർച്ചയായിതന്നെ മനസ്സിലാക്കാവുന്ന കാര്യമാണു്. അതേസമയം മുകളിൽ കൊടുത്തിട്ടുള്ള ’84-ലെ വിലയിരുത്തലിൽ പ്രകടമായ ചില പോരായ്മകൾ ഉള്ളതായി ഇപ്പോൾ കാണാം. മുതലാളിത്ത പുനസ്ഥാപനത്തിനുള്ള പരിഹാരമായി ചൈനയിലെ സാംസ്കാരിക വിപ്ലവമാണു് ചൂണ്ടിക്കാണിക്കപ്പെട്ടതു്. സാംസ്കാരിക വിപ്ലവത്തിന്റെ പരാജയകാരണം കൂടുതൽ സമഗ്രമായ വിലയിരുത്തലിനു് വിധേയമാക്കപ്പെടണം എന്നു് പറഞ്ഞുവച്ചിരുന്നെങ്കിലും അത്തരമൊരു വിലയിരുത്തലിന്റെ ദിശ വ്യക്തമായിരുന്നില്ല. എന്നാൽ ഇപ്പോൾ, കിഴക്കൻ യൂറോപ്പിലും സോവിയറ്റുയൂണിയനിലും മറ്റും നടന്ന സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഇതെക്കുറിച്ചുള്ള കൂടുതൽ സമഗ്രമായ വിലയിരുത്തലിനു് വഴി തുറന്നിട്ടുണ്ടു്.

പാരീസ് കമ്മ്യൂൺ സൃഷ്ടിച്ച തൊഴിലാളിവർഗ്ഗഭരണകൂടം ഏറ്റവും വിശാലമായ ജനാധിപത്യ സംവിധാനമായിരുന്നു എന്നും, എല്ലാ അധികാരവും സോവിയറ്റുകൾക്കു് എന്ന ലെനിന്റെ നയം ആ പാഠത്തിന്റെ സ്വാംശീകരണവും തുടർച്ചയുമായിരുന്നുവെന്നും, തൊഴിലാളിവർഗ്ഗസർവ്വാധിപത്യം പാർട്ടിസർവ്വാധിപത്യമാക്കി അധഃപതിപ്പിച്ചതു് സ്റ്റാലിനായിരുന്നുവെന്നും, ആ പാളിച്ച തിരുത്താനുള്ള ശ്രമമാണു് മാവോയുടെ സാംസ്കാരികവിപ്ലവം നടത്തിയതെന്നുമാണു് നേരത്തെയുള്ള വിലയിരുത്തലിന്റെ പ്രധാന നിഗമനങ്ങൾ. ഈ വിലയിരുത്തൽ അപര്യാപ്തമാണെന്നാണു് പുതിയ സംഭവവികാസങ്ങൾ കാണിക്കുന്നതു്. സോഷ്യലിസ്റ്റു് സമൂഹങ്ങളിൽ പൊതുവിൽ നിലനിന്ന രാഷ്ട്രീയ സംവിധാനത്തെ തന്നെയാണു് ജനങ്ങൾ ചോദ്യം ചെയ്യുന്നതു് എന്ന കാര്യം ശ്രദ്ധേയമാണു്. ഏക പാർട്ടി സ്വേച്ഛാധിപത്യം എന്ന രാഷ്ട്രീയ വ്യവസ്ഥയെ ചോദ്യം ചെയ്തുകൊണ്ടാണു് മുൻസോഷ്യലിസ്റ്റുരാജ്യങ്ങളിലെ ജനങ്ങൾ ബൂർഷ്വാജനാധിപത്യത്തെ സ്വീകരിക്കുന്നതു്. തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം ഏകപാർട്ടി സ്വേച്ഛാധിപത്യമായി മാറിയതെങ്ങിനെയാണെന്നും സോഷ്യലിസ്റ്റുവ്യവസ്ഥയിലെ രാഷ്ട്രീയ സാമൂഹ്യസംവിധാനത്തിന്റെ പ്രശ്നങ്ങൾ എന്തെല്ലാമായിരുന്നു എന്നും സൂക്ഷ്മമായ പരിശോധന ആവശ്യമായി വന്നിരിക്കുന്നു. മുതലാളിത്ത പുനസ്ഥാപനത്തെക്കുറിച്ചു് ഇതുവരെ നടന്ന അന്വേഷണങ്ങളിൽ അധികവും സാമ്പത്തിക, വർഗ്ഗഘടനയിലെ മാറ്റങ്ങളിലാണു് ഊന്നിയിരുന്നതു്. രാഷ്ട്രീയഘടനയെക്കുറിച്ചു് ഉപരിപ്ലവമായ പരിശോധനകളേ നടന്നിട്ടുള്ളു. എന്നാൽ മുൻസോഷ്യലിസ്റ്റുരാജ്യങ്ങളിലെ ജനകീയ മുന്നേറ്റങ്ങളിൽ മുഖ്യമായി ഉയർന്നു നിൽക്കുന്ന പ്രശ്നം അവിടെ നിലനിന്നുപോന്ന രാഷ്ട്രീയവ്യവസ്ഥയ്ക്കെതിരായ വിമർശനമാണു്.

ഈ അടിസ്ഥാനത്തിൽ തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം എന്ന സങ്കല്പം നടപ്പിലാക്കപ്പെട്ട രീതികൾ പരിശോധിക്കുമ്പോൾ, പാരീസ് കമ്മ്യൂൺ പാഠത്തിൽനിന്നു് ഭിന്നമായി, തൊഴിലാളിവർഗ്ഗ സർവ്വാധിപത്യം ഏക പാർട്ടി സ്വേച്ഛാധിപത്യമായി തീർന്നതു് ലെനിന്റെ കാലത്തുതന്നെയാണെന്നു് കാണാൻ കഴിയും. കുറച്ചുകാലത്തേയ്ക്കെങ്കിലും കേന്ദ്രീകൃതാധികാരം ഉറപ്പിക്കാതിരുന്നതാണു് പാരീസ് കമ്മ്യൂണിന്റെ തകർച്ചയ്ക്കു കാരണമെന്ന മാർക്സിന്റെ വിലയിരുത്തലിൽ ഊന്നിക്കൊണ്ടു്, അത്തരമൊരു അധികാരകേന്ദ്രമെന്ന നിലയ്ക്കു് തൊഴിലാളിവർഗ്ഗത്തിന്റെ മുന്നണിപ്പടയായി കമ്മ്യൂണിസ്റ്റുപാർട്ടിയെ വളർത്തിയെടുക്കാനാണു് ലെനിൻ ശ്രമിച്ചതു്. അതേ സമയം, പാരീസ് കമ്മ്യൂണിന്റെ ജനാധിപത്യസംവിധാനത്തിനു് തുല്യമായ ഒരു രാഷ്ട്രീയ സംവിധാനത്തിന്റെ ബീജരൂപമായി സോവിയറ്റുകളെ വളർത്തിയെടുക്കാൻ ശ്രമിച്ചതിന്റെ തുടർച്ചയായിട്ടാണു് എല്ലാ അധികാരവും സോവിയറ്റുകൾക്കു് എന്ന മുദ്രാവാക്യത്തെ ചാലകശക്തിയാക്കിക്കൊണ്ടു് ലെനിൻ റഷ്യൻവിപ്ലവത്തെ വിജയത്തിലേയ്ക്കു് നയിച്ചതു്. എന്നാൽ ഈ രണ്ടു് അധികാരകേന്ദ്രങ്ങളിൽ ഏതു് പ്രധാനമെന്നു് തീരുമാനിക്കാതെ, പ്രായോഗിക സമ്മർദ്ദങ്ങളുടെ പശ്ചാത്തലത്തിൽ, സോവിയറ്റുകൾ ഭരണകൂടയന്ത്രത്തിലെ വെറും പൽച്ചക്രങ്ങളായി മാറുന്നതും പാർട്ടിയുടെ കയ്യിൽ എല്ലാ അധികാരങ്ങളും കേന്ദ്രീകരിക്കുന്നതും ലെനിന്റെ കാലത്തുതന്നെയാണു്. 1920 ആയപ്പോഴേയ്ക്കും ലെനിൻ ഈ യാഥാർത്ഥ്യത്തെ തുറന്നു് അംഗീകരിക്കുകയും ന്യായീകരിക്കുകയും ചെയ്യുന്നുണ്ടു്.

ആഭ്യന്തരയുദ്ധത്തിന്റെയും സാമ്രാജ്യത്വാക്രമണങ്ങളുടെയും പശ്ചാത്തലത്തിൽ കേന്ദ്രീകൃതാധികാരം ആവശ്യമായി വന്നതു് ശരിയാണു്. പക്ഷേ, അത്തരം സാഹചര്യങ്ങളുടെ ഫലമായ ഒരു താൽക്കാലിക ഏർപ്പാടാണു് പാർട്ടിയുടെ കുത്തകാധികാരം എന്നു് ലെനിൻ ഒരിടത്തും വിശദീകരിക്കുന്നില്ല. മറിച്ചു്, തൊഴിലാളിവർഗ്ഗസർവ്വാധിപത്യത്തെ പാർട്ടി സ്വേച്ഛാധിപത്യമായി വ്യാഖ്യാനിക്കാൻ കഴിയുന്ന ഒരു സൈദ്ധാന്തിക ചട്ടക്കൂടാണു് ലെനിൻ വികസിപ്പിച്ചതു്. ജനാധിപത്യത്തെ വർഗ്ഗാധിപത്യത്തിനുള്ള ഒരു ഭരണകൂടരൂപം മാത്രമായിട്ടാണു് ലെനിൻ കണ്ടതു്. ആ വശം പ്രധാനമായിരിക്കുമ്പോൾ തന്നെയും വ്യക്തിയും സമൂഹവും തമ്മിലുള്ള വൈരുദ്ധ്യം കൈകാര്യം ചെയ്യുന്ന ഒരു സാമൂഹ്യസംഘടനാരൂപമെന്ന നിലയ്ക്കു് ജനാധിപത്യത്തിനു് ഒരു വർഗ്ഗേതരസ്വഭാവമുണ്ടെന്നും, വർഗ്ഗരഹിതസമൂഹത്തിലും ഒരു ജനാധിപത്യസംവിധാനം വേണ്ടിവരുമെന്നുമുള്ള കാര്യം ലെനിൻ കണ്ടില്ല. സ്വകാര്യസ്വത്തു് ഇല്ലായ്മ ചെയ്യപ്പെടുന്നതിലൂടെ സ്വാഭാവികമായി ഏറ്റവും വിശാലമായ ജനാധിപത്യം നിലവിൽ വരുമെന്നു് ലെനിൻ കരുതി. ഇത്തരം സൈദ്ധാന്തിക പാളിച്ചകളുടെ പശ്ചാത്തലത്തിലാണു്, ലെനിന്റെ നേതൃത്വത്തിൽ തൊഴിലാളിവർഗ്ഗസർവ്വാധിപത്യം ഏകപാർട്ടി സ്വേച്ഛാധിപത്യമായി മാറിയതു്. സ്റ്റാലിൻ അതു് തന്റെ സ്വന്തമായ ഫാസിസ്റ്റു് സമീപനത്തിലൂടെ ഭീകരമായ ഒരു സോഷ്യൽഫാസിസ്റ്റ് സംവിധാനമാക്കി മാറ്റുകയാണുണ്ടായതു്. ലെനിന്റെ ജനാധിപത്യശൈലിയിൽനിന്നും വ്യത്യസ്തമായ സമീപനമാണു് സ്റ്റാലിൻ സ്വീകരിച്ചതു്. എങ്കിലും, രാഷ്ട്രീയമായി ലെനിൻ തന്നെയാണ് ഏകപാർട്ടി സ്വേച്ഛാധിപത്യം നിലവിൽകൊണ്ടുവന്നതെന്ന കാര്യം വിസ്മരിച്ചുകൂടാ.

ഈ ലെനിനിസ്റ്റ് ചട്ടക്കൂടിൽനിന്നു് പുറത്തുകടക്കാൻ മാവോയ്ക്കും കഴിഞ്ഞില്ല. ലെനിൻ അഭിമുഖീകരിച്ചതുപോലത്തെ ഒരു വൈരുദ്ധ്യത്തെയാണു് മാവോയും നേരിട്ടതു്. സോഷ്യലിസ്റ്റു രാഷ്ട്രീയ സംവിധാനത്തിൽ ജനങ്ങളുടെ അധികാരം സ്ഥാപിക്കപ്പെടുന്നില്ലെന്നും, പാർട്ടിയിലെയും ഭരണകൂടത്തിലെയും ഒരു പിടി നേതാക്കന്മാർ പുതിയ അധികാരിവർഗ്ഗമായി മാറുകയാണെന്നും മാവോ തിരിച്ചറിഞ്ഞു. ഈ അവസ്ഥയെ മറികടക്കാനായി, പാർട്ടി നേതൃത്വത്തിനെതിരായി കലാപം ചെയ്യാനും അധികാരം പിടിച്ചെടുക്കാനും മാവോ ജനങ്ങളെ ആഹ്വാനം ചെയ്തു. ഫലത്തിൽ പാർട്ടിയുടെ കുത്തകാധികാരമെന്ന സങ്കല്പത്തെയാണു് മാവോ ചോദ്യം ചെയ്തത്. പക്ഷേ, പാർട്ടിയുടെ കുത്തകാധികാരത്തെ അംഗീകരിക്കാത്ത ഒരു വ്യവസ്ഥയായി സോഷ്യലിസ്റ്റുവ്യവസ്ഥയെ നിർവ്വചിക്കാൻ മാവോ തയ്യാറായില്ല. പാർട്ടിയുടെ കുത്തകാധികാരം ഉറപ്പുവരുത്തുന്ന ഒരു ഭരണകൂടസംവിധാനം തന്നെയാണു് ഔപചാരികമായി ഉറപ്പിക്കപ്പെട്ടതു്. പാർട്ടിയുടെ കേന്ദ്രീകൃതാധികാരം തൊഴിലാളിവർഗ്ഗസർവ്വാധിപത്യത്തിന്റെ കേന്ദ്രബിന്ദുവാണെന്ന നിലപാടിൽതന്നെ മാവോ ഉറച്ചുനിന്നു. സാംസ്കാരികവിപ്ലവത്തിന്റെ യഥാർത്ഥലക്ഷ്യത്തെ മാവോ തന്നെ നിരാകരിക്കുകയായിരുന്നു. അതുകൊണ്ടാണു്, സാംസ്കാരിക വിപ്ലവങ്ങൾ അനവധി തുടരേണ്ടിവരുമെന്നു് മാവോ പറഞ്ഞെങ്കിലും അതു് തുടരുമെന്നു് ഉറപ്പുവരുത്തുന്ന ഒരു രാഷ്ട്രീയ സംവിധാനം ആവിഷ്കരിക്കാൻ മാവോയ്ക്കു് കഴിയാതെ പോയതു്. ഫലത്തിൽ, സാംസ്കാരികവിപ്ലവം മാവോയുടെ ഔദാര്യപ്രകടനം മാത്രമായിരുന്നു. അതു് സോഷ്യലിസ്റ്റു വ്യവസ്ഥയുടെ ഭാഗമായി മാറിയില്ല.

സാംസ്കാരിക വിപ്ലവം ഉയർത്തിയ പ്രശ്നങ്ങൾ ഉൾക്കൊള്ളാൻ കഴിയുന്ന ഒരു സോഷ്യലിസ്റ്റു ജനാധിപത്യ സംവിധാനം ആവിഷ്കരിക്കുക എന്നതാണു് ഇന്നു് കമ്മ്യൂണിസ്റ്റുകാർ നേരിടുന്ന ഏറ്റവും പ്രധാന വെല്ലുവിളി. ഉല്പാദനോപാധികളുടെ സ്വകാര്യസ്വത്തു് അനുവദിക്കാത്തതും പൊതുസമ്പത്തിൽ അധിഷ്ഠിതവുമായ ഒരു സാമ്പത്തികാടിത്തറയിൽ ഏതെങ്കിലും പാർട്ടിയ്ക്കു് കുത്തകാധികാരമില്ലാത്തതും ജനാധിപത്യപരമായ പ്രക്രിയയിലൂടെ ജനങ്ങൾക്കു് അധികാരത്തിൽ യഥാർത്ഥ പങ്കാളിത്തമുള്ളതുമായ ഒരു സോഷ്യലിസ്റ്റു ജനാധിപത്യവ്യവസ്ഥയാണു് വളർത്തിക്കൊണ്ടുവരേണ്ടതു്.

ബൂർഷ്വാ ജനാധിപത്യത്തേക്കാൾ ഉയർന്നതും വിശാലവുമായ ജനാധിപത്യം വികസിപ്പിക്കുന്നതിനു പകരം, ഒരു പാർട്ടിയുടെ കേന്ദ്രകമ്മിറ്റിയുടെയോ, പോളിറ്റു് ബ്യൂറോയുടെയോ ഒരൊറ്റ നേതാവിന്റെയോ കുത്തകാധികാരം എന്ന ഫാസിസ്റ്റു സംവിധാനമാണു് ഇതുവരെ നിലവിൽ വന്നതു്. സോഷ്യലിസ്റ്റു രാഷ്ട്രീയ വ്യവസ്ഥയെക്കുറിച്ചുള്ള അടിസ്ഥാന ധാരണയിൽ തന്നെ വന്ന വ്യതിയാനമാണു് ഇതിനു് കാരണം. ജനങ്ങളാണു് ചരിത്രം സൃഷ്ടിക്കുക എന്ന മാർക്സിയൻ ചരിത്രവീക്ഷണത്തിനു് കടകവിരുദ്ധമായി ഒരു പിടി നേതാക്കന്മാരാണു് ചരിത്രസ്രഷ്ടാക്കൾ എന്ന അറുപിന്തിരിപ്പൻ സമീപനമാണു് ഫലത്തിൽ ഇതുവരെ പ്രയോഗിക്കപ്പെട്ടതു്. ഇതു തിരുത്തണമെങ്കിൽ, സോഷ്യലിസ്റ്റു രാഷ്ട്രീയ സാമൂഹ്യ വ്യവസ്ഥയെക്കുറിച്ചും അതിൽ പാർട്ടിയുടെ പങ്കിനെക്കുറിച്ചും തികച്ചും പുതിയ സമീപനവും പ്രായോഗിക പദ്ധതിയും ആവശ്യമാണു്. ഈ വെല്ലുവിളി ഫലപ്രദമായി ഏറ്റെടുക്കപ്പെട്ടാൽ മാത്രമേ കമ്മ്യൂണിസ്റ്റു പ്രസ്ഥാനത്തിനു് ഭാവിയുള്ളു.

ഈ വെല്ലുവിളി മനുഷ്യസമൂഹം തന്നെ നേരിടുന്ന വെല്ലുവിളിയാണെന്നും കാണേണ്ടതുണ്ടു്. ഇതുവരെ നടപ്പിലാക്കപ്പെട്ട സോഷ്യലിസത്തിന്റെ പരാജയം, മുതലാളിത്തവും ബൂർഷ്വാജനാധിപത്യവും അജയ്യമാണെന്ന ധാരണ സൃഷ്ടിക്കാനിടയാക്കിയിട്ടുണ്ടു്. ബൂർഷ്വാ സാമ്രാജ്യത്വപ്രചരണ തന്ത്രങ്ങൾ ഇതു് ശരിക്കും ഉപയോഗപ്പെടുത്തുന്നുമുണ്ടു്. എന്നാൽ, മുതലാളിത്ത സാമ്പത്തിക രാഷ്ട്രീയ വ്യവസ്ഥയുടെ ആന്തരിക വൈരുദ്ധ്യങ്ങൾ മാർക്സിസം ആരംഭം മുതൽക്കേ ചൂണ്ടിക്കാട്ടിയിട്ടുള്ളതു് ഇപ്പോഴും കൂടുതൽ സങ്കീർണ്ണമായി തുടരുകയാണു്. അവ പരിഹരിക്കേണ്ടതു് ചരിത്രത്തിന്റെ തന്നെ ആവശ്യമാണു്. അതുകൊണ്ടുതന്നെ കൂടുതൽ ഉയർന്ന ഒരു ചരിത്രഘട്ടത്തിനു വേണ്ടിയുള്ള അന്വേഷണങ്ങളും സമരങ്ങളും തുടരുക തന്നെ ചെയ്യും. മുൻ സോഷ്യലിസ്റ്റു രാജ്യങ്ങളിൽ തന്നെ, ഇപ്പോഴത്തെ മുതലാളിത്ത പുനസ്ഥാപന പ്രക്രിയ കൂടുതൽ സങ്കീർണ്ണമായ വൈരുദ്ധ്യങ്ങളിലേയ്ക്കാണു് നീങ്ങാൻ പോകുന്നതു്. വികലമായതെങ്കിലും, വിലക്കയറ്റമില്ലാത്തതും തൊഴിൽ സുരക്ഷിതത്വവും സാമൂഹ്യ സുരക്ഷിതത്വവും നിലനിന്നിരുന്നതുമായ മുൻ സോഷ്യലിസ്റ്റുവ്യവസ്ഥയിൽ ജീവിച്ച ജനങ്ങൾക്കു് പാശ്ചാത്യ മോഡൽ കഴുത്തറപ്പൻ മത്സരങ്ങളിലധിഷ്ഠിതമായ മുതലാളിത്തം അപ്പടി സ്വീകാര്യമാവാൻ പോവുന്നില്ല. അവർ പുതിയ അന്വേഷണങ്ങളും കണ്ടെത്തലുകളും നടത്തുമെന്നതും ചരിത്രനിയമമാണു്.

അമേരിക്കയും സോവിയറ്റു യൂണിയനും രണ്ടു സാമ്രാജ്യത്വവൻശക്തികളായി നിന്നുകൊണ്ടു മത്സരിച്ച ലോകരംഗം ഇന്നു്, അമേരിക്കയുടെ ചോദ്യം ചെയ്യപ്പെടാത്ത ‘പുതിയ ലോക ക്രമ’-ത്തിനു് വഴിമാറി കൊടുത്തു കൊണ്ടിരിക്കുകയാണു്. സോവിയറ്റു് യൂണിയനിൽ അടിച്ചമർത്തപ്പെട്ടു കിടന്നിരുന്ന വിവിധ ദേശീയതകൾ സ്വതന്ത്രറിപ്പബ്ലിക്കായി മാറിയതോടെ, ഈ പ്രക്രിയ പൂർത്തിയായിരിക്കുകയാണു്. ദേശീയതകളുടെ സ്വയം നിർണ്ണയാവകാശം എന്ന ലെനിനിസ്റ്റ് തത്വത്തെ ആധാരമാക്കിയാണു് സോവിയറ്റു യൂണിയൻ രൂപം കൊണ്ടതെങ്കിലും, പഴയ റഷ്യൻ സാമ്രാജ്യത്വത്തിന്റെ മറ്റൊരു പതിപ്പു് ആകത്തക്കവിധമുള്ള മേധാവിത്വ സംവിധാനമാണു് അവിടെ അരക്കിട്ടുറപ്പിക്കപ്പെട്ടതു്. അതിനെതിരായി വിവിധ ദേശീയതകളുടെ ചെറുത്തുനില്പു് പല രീതിയിൽ ഉയർന്നു വരുന്നുണ്ടായിരുന്നു. ഇപ്പോൾ തുറന്ന ബൂർഷ്വാ സമ്പ്രദായങ്ങളോടുകൂടി ഈ സമരങ്ങൾ അണപൊട്ടി ഒഴുകുകയായിരുന്നു. ഈ പ്രക്രിയയിലൂടെ സോവിയറ്റു യൂണിയന്റെ ശിഥിലീകരണം അനിവാര്യമായിരുന്നു. ഈ റിപ്പബ്ലിക്കുകളെല്ലാം ഇന്നു് അമേരിക്കൻ മേധാവിത്വത്തിലുള്ള പുത്തൻ കോളനികളായി മാറിക്കൊണ്ടിരിക്കുകയാണു്. പ്രാദേശികതലത്തിൽ വൻ റഷ്യൻ മേധാവിത്വം തുടരുമെങ്കിലും.

സാമ്രാജ്യത്വ വിരുദ്ധ സമരങ്ങളെയെല്ലാം രണ്ടു വൻ ശക്തികൾ പങ്കിട്ടെടുക്കുന്ന പഴയ അവസ്ഥയ്ക്കു പകരം, ഒരൊറ്റ സാമ്രാജ്യത്വ കേന്ദ്രത്തിനെതിരായി മർദ്ദിത രാജ്യങ്ങളിലെ സമരങ്ങൾ വികസിക്കാനുള്ള സാധ്യത ഇന്നു് ഏറിയിരിക്കുകയാണു്. ലോക സാമ്രാജ്യത്വവും സാമ്രാജ്യത്വവിരുദ്ധശക്തികളും തമ്മിൽ നേരിട്ടുള്ള സംഘട്ടനത്തിന്റെ യുഗമാണു് ഇപ്പോൾ ആരംഭിച്ചിരിക്കുന്നതു്. ഈ സമരവേദികളും സോഷ്യലിസത്തിനും കമ്മ്യൂണിസത്തിനും വേണ്ടിയുള്ള പുതിയ അന്വേഷണങ്ങളുടെയും സമരങ്ങളുടെയും രംഗവേദിയായി ­മാറും.

മാർച്ചു് 1992