close
Sayahna Sayahna
Search

Thurump-32


പി.രാമൻ

തുരുമ്പ്
Thurump-03.jpg
ഗ്രന്ഥകർത്താവ് പി.രാമൻ
മൂലകൃതി തുരുമ്പ്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം കവിത
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഡി.സി. ബുക്സ്
വര്‍ഷം
2006
മാദ്ധ്യമം അച്ചടിപ്പതിപ്പ്
പുറങ്ങള്‍ 52

പഠനം

സത്യത്തോടൊട്ടിനില്‍ക്കുന്ന ഒരു സാദ്ധ്യത

വി. കെ. സുബൈദ

പ്രാണന്റെ പിടച്ചിലുകള്‍ പലതരത്തില്‍ രാമന്റെ കവിതകള്‍ കേള്‍പ്പിക്കുന്നുണ്ട് — വാക്കുമുട്ടി കവി പോകുന്ന പിടച്ചിലുള്‍പ്പെടെ മനഃസ്പര്‍ശനമേല്‍ക്കാത്തതിനാല്‍ ആശയം വാടുകയും ഭാഷ പുകയുകയും ചെയ്യുമ്പോള്‍ ഉള്ളു കെട്ടിട്ടില്ലാത്ത ഒരു വാക്കിനുവേണ്ടിയുളള കവിയുടെ പരതലും പിടച്ചിലും. ഇരുട്ടില്‍നിന്നോ അതിന്റെ നൂറാം ജന്മമായ അരണ്ട വെളിച്ചത്തില്‍നിന്നോ ആണ് രാമന്‍ ഇത്തരം ഒരു വാക്ക് കണ്ടെത്തുന്നത്. അതിന്റെ വെളിച്ചത്തിൽ സ്വന്തം യാഥാർത്ഥ്യത്തിന്റെ പച്ചയെ പ്രകാശിപ്പിച്ചു കാണിക്കാന്‍ രാമന്‍ നടത്തുന്ന ശ്രമങ്ങളാണ് രാമന്റെ കവിതയില്‍ നാം വേറിട്ട് വായിക്കുന്നത്. വാക്കിനെ ചുററിപ്പററി ഇരുട്ടോ വെളിച്ചമോ രാമന്റെ കവിതയില്‍ എപ്പോഴുമുണ്ട്. സ്വയം വെളിച്ചമുള്ളതാകുക, ചുറ്റുമുള്ളതിനെ വെളിച്ചത്തിലാറാടിക്കുക — അപ്പോള്‍ തന്റെ വാക്കുകളെ കവിതയായി രാമന്‍ തിരിച്ചറിയുന്നു. തിരിച്ചാവുമ്പോള്‍ കവിത പയ്യെപ്പയ്യെ തന്നെ വിട്ടൊഴിയുന്നതായും.

വാക്കുകളെ, പ്രമേയത്തെ, സന്ദര്‍ഭങ്ങളെ രാമന്‍ കൊണ്ടുനടക്കുന്ന രീതിയാണ് ഞെട്ടോടെ എന്നു തോന്നുമാറ് അതിന്റെ പുതുമ. (പൂക്കളേക്കാള്‍ കായേക്കാള്‍ ഞെട്ടിനാണ് രാമന്റെ കവിത പ്രാധാന്യം നല്‍ക്കുന്നത്.) പ്രയോഗത്തില്‍, വിന്യാസത്തില്‍, എടുപ്പില്‍ അത് സാമ്പ്രദായിക രീതികളെ വിട്ടൊഴിയുന്നു. അപൂര്‍വ്വമായ പരിചരണരീതികൊണ്ട് ഭാവങ്ങളെ അപ്രതീക്ഷിതവും അപരിചിതവുമാക്കുന്നു. കവിതയെക്കുറിച്ച് രാമന്റെ സങ്കല്പം തന്നെ അസാധാരണമാണ് — ഉള്‍വലിഞ്ഞ് സ്വന്തം എല്ലില്‍ ചെന്നു തട്ടുമ്പോള്‍ ഉയിരുകോച്ചുംവിധമുണ്ടാകുന്ന ശബ്ദം. പുറത്തുനിന്ന് അകത്തേക്കുള്ള വലിവ്. കവിതകള്‍ സാധാരണ പറയുമ്പോലെ കവിത ഉള്‍ക്കുരുക്കഴിക്കലോ പുറത്തേക്കുള്ള കടക്കലോ അല്ല രാമന്. ഉള്ളിലെ ശൂന്യതകളെ, വിടവുകളെ നികത്തലാണ്. തന്നോടുതന്നെ പറയുമ്പോള്‍ ആ കവിത അത്രമേല്‍ സ്വകാര്യമാകുന്നത് അതുകൊണ്ടാണ്.

‘തുരുമ്പി’ലെ കവിതകള്‍ ഈ ആത്മപരതയെ മറികടക്കാനാണ് ശ്രമിക്കുന്നത്. അനുഭവവിസ്തൃതികൊണ്ടും ഭൂവിസ്തൃതികൊണ്ടും അവ തിടംവയ്ക്കുന്നു. ഒരു പ്രമേയം വികസിച്ചുവരുന്നു; ആഖ്യാനാത്മകതകൊണ്ടു വലതാവുന്നു. ചില പൊതുവിടങ്ങളിലേക്കു സഞ്ചരിക്കുന്നുവെന്നത് പുതിത കവിതകളെ ശ്രദ്ധേയമാക്കുന്നു. തീരെ കനമില്ലാത്തത് എന്നു കണ്ണടച്ചു തീര്‍പ്പാക്കാന്‍ അവ സമ്മതിക്കില്ലെന്നര്‍ത്ഥം. അതേ സമയം ഘടനയില്‍ അവ ‘കന’ത്തിലെ കവിതകളുടെ സൂക്ഷ്മതയും കൃത്യതയും അപൂര്‍വ്വതയും നിലനിര്‍ത്തുന്നു. ‘എഴുത്തോടെഴുത്താ…’, ‘ഭൂമി’, ‘സ്വന്തം പ്രായം…’ ‘അവസാനത്തെ

പൂതം’, ‘തുരുമ്പ്’ തുടങ്ങിയ കവിതകളിലൊക്കെ ഈ പൊതുസ്വഭാവങ്ങള്‍ പ്രകടമായി കാണാം. എഴുത്തച്ഛന്‍ എന്നൊരു ജലപ്രാണിയെക്കുറിച്ചാണ് ‘എഴുത്തോടെഴുത്താണ്…’ എന്നു തുടങ്ങുന്ന കവിത. എഴുത്തിന്‍ ലയത്തില്‍ മെയ്യാകെ ചലിക്കുന്ന ഈ എഴുത്തച്ഛന്‍ രണ്ടു കാലങ്ങളില്‍ രണ്ടു പ്രതലങ്ങളില്‍ എഴുതുന്നു. കടുംപച്ച വെളളത്തില്‍ പാറക്കറുപ്പിന്‍ കലര്‍പ്പിന്നുമേലേ കിടന്നാണ് ആദ്യത്തെ എഴുത്ത്. പിന്നത്തെ എഴുത്ത് ജലമെല്ലാം വാര്‍ന്നൊഴുകിപ്പോയി മിന്നുന്ന പാറപ്പരപ്പില്‍ — ജലപ്രതീതിയില്‍ — മൊസൈക്കിട്ടു മിന്നുന്ന അപാരസ്ഥലത്താണ്. കാടും പുഴയും ജലവും ഇല്ലാതാകുന്നതിനെക്കുറിച്ചു മാത്രമല്ല, നമമുടെ ഭാഷയും എഴുത്തും ഇല്ലാതാകുന്നതിനെക്കുറിച്ചുകൂടിയാണ് ഈ കവിത. മൊസൈക്കിട്ട തറയുടെ മിനുസം സൃഷ്ടിക്കുന്ന ജലവിഭ്രാന്തിയില്‍ — ഉണ്ടെന്നു തോന്നിക്കുന്ന ഇല്ലായ്മയില്‍ — വിമോഹിതമായിപ്പോകുന്ന പുതിയ കാലത്തിന്റെ എഴുത്ത്. എഴുത്തിന്റെ പ്രതീതി മാത്രമായ എഴുത്ത്. ഭാഷയും സംസ്കാരവും കവര്‍ന്നെടുത്തതിന് നഷ്ടപരിഹാരമായി കിട്ടുന്ന മിനുസങ്ങളില്‍ ഭ്രമിച്ചുപോകുന്ന ഒരു ജനതയുടെ ചിന്തയുടെ മിനുസങ്ങളില്‍ ഈ എഴുത്തച്ഛന്‍ തന്റെ ചുളളിക്കുറുംകമ്പുപോലുള്ള ശരീരംകൊണ്ട് കോറിവരയ്ക്കുന്നു.

ചരിത്രത്തില്‍നിന്നു മാഞ്ഞുപോകുന്ന ഒരു ജനതയെക്കുറിച്ചാണ് ‘ഭൂമി…’ എന്നു തുടങ്ങുന്ന കവിത. ചോലക്കാടുകളില്‍, കൃഷിയിടങ്ങളില്‍, റോട്ടില്‍, പാലത്തില്‍, കെട്ടിടങ്ങളില്‍വെച്ച് നീണ്ടയാത്രകളുടെ നാള്‍വഴികളെ ആന ചവിട്ടി കൊന്നിരിക്കാം. അതില്‍പിന്നെ ആ ഗ്രാമത്തിലെ ആരുടെ പ്രായവും ആര്‍ക്കുമറിയില്ല. ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും തുടര്‍ച്ചകളില്‍നിന്നു് മുറിച്ചു മാററപ്പെടുന്നതിനെ സ്വന്തം സ്വത്വംകൊണ്ട് മുഴുവന്‍ നേരിടുകയാണ് ‘അവസാനത്തെ പൂതം’. മററു പൂതങ്ങളെല്ലാം ആവിയായിപ്പോയ പോതിലും റെയിലോരത്തെ എരുക്കിന്‍കാട്ടില്‍ എരുക്കിന്‍പാല്‍ കുടിച്ചും എരുക്കിന്‍പൂ മണത്തും താമസിച്ച് അതു കുവിപ്പാഞ്ഞു കടന്നുപോകുന്ന കാലത്തെ അളന്നും എണ്ണിയും തിട്ടപ്പെടുത്തി വിടുന്നു. ചരിത്രത്തന്റെ അതിവേഗതയെ അതു പേടിക്കുന്നില്ല. ചരിത്രത്തിന് അതിനെ ചതിക്കാനും പററിയിട്ടില്ല. ‘എനിക്കെണ്ണാനറിഞ്ഞൂടാ / എങ്കിലെന്തെന്റെ കൈകളില്‍ / ഭദ്രമായുണ്ടൊരെണ്ണക്കത്തിന്റെ മാന്ത്രികനൂല്‍വല’ — എന്ന് അതിന് സമാധാനം. ഈ നൂല്‍വല ദൂരെനിന്ന് ഓടിവരുന്ന കുട്ടിയുടെ മേല്‍ എറിയും. അവന്‍ എരുക്കിന്‍പൂ ഞെക്കിപ്പൊട്ടിക്കുന്ന ഒച്ചയില്‍ തീവണ്ടിയൊച്ച ലയിച്ചുചേരും. അടുത്ത തലമുറയ്ക്ക് അതിജീവനത്തിന്റെ പാഠം പഠിപ്പിച്ചുകൊടുക്കുന്ന ഈ പൂതം അധിനിവേശങ്ങള്‍ പാതാളത്തിലേക്കു തളളിയ ഒരു നാടിന്റെ ഉയിര്‍ത്തെഴുന്നേററ സ്വത്വമാണ്. എണ്ണക്കം അതിന്റെ ആയുധമാണ്. ആഗോളീകരണത്തിന്റെയും സാങ്കേതികവിദ്യയുടെയും അതിപ്രസരത്തില്‍ വെറും യന്ത്രമായിപ്പോയ ജീവിതത്തെ എണ്ണക്കത്തിന്റെയും എഴുത്തിന്റെയും ജൈവവിദ്യകൊണ്ടു തിരച്ചുപിടിക്കുകയാണ് ഈ പൂതം. (ഒരു ഞെക്കുകൊണ്ട് അക്കത്തിന്റെയും അക്ഷരത്തിന്റെയും പ്രപഞ്ചംതന്നെ സ്ക്രീനില്‍ തെളിയുമ്പോള്‍ നമ്മുടെ എണ്ണക്കവും എഴുത്തും ഏതോ എരുക്കിന്‍കാട്ടിലായിരിക്കും ഒളിച്ചിരിക്കുക.) അനുഷ്ടുപ്പ് വൃത്തത്തില്‍ തനി പാരമ്പര്യശൈലിയില്‍ വാര്‍ന്നുവീണ ഈ കവിത സ്വയംതന്നെ പരീക്ഷണങ്ങള്‍ക്ക് ഒരു പ്രതിരോധം സൃഷ്ടിക്കുന്നുണ്ട്.

ദേശമുദ്രകള്‍ രാമന്റെ കവിതയിലുടനീളം പതിഞ്ഞുകിടക്കുന്നുണ്ട്. പട്ടാമ്പി — അതിന്റെ വരണ്ട പ്രകൃതി, ഭൂനില, ഉച്ചക്കൊടുംവെയില്‍, മണലിന് (മണല്‍ വാരലിനും) പേരുകേട്ട ഒരു പുഴ — ഇതൊക്കെ രാമന്റെ കവിതയുടെ ഭൂനിലയെയും നിശ്ചയിക്കുന്നു. ഉഷ്ണക്കാററില്‍ എരുക്കു പൂക്കുന്ന ആ റെയിലോരങ്ങളിലല്ലാതെ എവിടെയാണ് അവസാനത്തെ ആ പൂതം പാര്‍ക്കുക? പാടവരമ്പും റെയിലും ചേര്‍ന്നാണ് രാമന് നീളം നിര്‍വചിച്ചുകൊടുത്തതും അന്നത്തെ ആലോചനകളെ നീളനാക്കിയതും (പിന്നീട് പട്ടാമ്പിവിട്ട് നഗരത്തിരക്കുകളില്‍, നാല്‍ക്കവലകളില്‍ ഈ നീളനാലോചനകള്‍ കുളളന്‍ പരിഭ്രമക്കാരായി വഴി ചോദിച്ച് അന്തംവിട്ട് നില്ക്കുന്നുണ്ട്.) ഭീതിയോടെ ഓര്‍ക്കപ്പെടുന്ന ഒരു ദുഃസ്വപ്നമായി തീവണ്ടികള്‍ ആ പാളങ്ങളിലൂടെ പാഞ്ഞുകൊണ്ടിരുന്നു. അവയില്‍ ഒന്നിനെക്കുറിച്ച് നാം ഇന്ന് പറഞ്ഞുകൊണ്ടേയിരിക്കുന്നു. കാരണം​ ഇന്നതൊരു തുരുമ്പുപിടിച്ച സങ്കല്പം മാത്രമാണ്. വാഗണ്‍ ട്രാജഡിയുമായി ബന്ധപ്പെട്ട കവിതയാണ് ‘തുരുമ്പ്’. ജീവനുള്ള മാംസം കുത്തിനിറച്ച് ആ പാടത്തിനു നടുവിലൂടെ കടന്നുപോകുന്ന അതിന്റെ ചൂളംവിളി കേട്ടവര്‍ സാത്വികരായി, ശാന്തതയോടെ അതിനെ കടത്തിവിട്ടു. വാഗണുകള്‍ ഇതേ ശാന്തതയോടെ കാലത്തെയും പുറംതളളി. ഇത്തരം കപടമായ ശാന്തതയ്ക്കുമേലേ അവ വേഗം കൂട്ടി പായുന്നു. പണ്ട് തങ്ങളുടെ പാടത്തിനു നടുക്കെത്തിയപ്പോള്‍ ആ വാഗണിലെ മനുഷ്യരിലേറെയും ശ്വാസമററുവീണു. ഇന്ന് പ്രാണന്‍ പോകുംമുമ്പ് അവ പാടം കടക്കും. പക്ഷേ, നമുക്ക് അവയെപ്പററി പറയാറായിട്ടില്ല. തുരുമ്പുപിടിച്ച് അനങ്ങാതെയാകാന്‍ ഇനിയും കാലം കഴിയണമല്ലോ. കാലം തെററിയുള്ള നമ്മുടെ ഇടപെടലുകള്‍ — പറയേണ്ട സമയത്ത് പറയേണ്ടപോലെ പറയാത്തതിനാല്‍ പേപിടിക്കുന്ന ആശയങ്ങള്‍ — എല്ലാം തുരുമ്പില്‍ ശാന്തമായി പരിഹസിക്കപ്പെടുന്നു. ഇത്തരം കാപട്യങ്ങള്‍ അസഹ്യമായതുകൊണ്ടാണ് തൊണ്ണൂറുകളില്‍ എഴുതിത്തുടങ്ങുമ്പോള്‍ എല്ലാം ചെടിച്ചുകഴിഞ്ഞു എന്ന് രാമന്‍ പറയുന്നത്.

ഒരു മഴയും നേരേ നനഞ്ഞില്ല എന്നത് തൊണ്ണൂറുകളുടെ യുവത്വത്തിന്റെ പൊതുവേയുള്ള വിലാപമാണ്. പലതും പറയാന്‍ കഴിയാത്ത, പിടിച്ചെടുക്കാന്‍ കഴിയാത്ത, മനുഷ്യനു പരസ്പരം കേള്‍ക്കാനാവാത്തവിധം അനുഭവങ്ങളും ലോകങ്ങളും മറയ്ക്കപ്പെട്ട കാലത്തിന്റെ സാക്ഷ്യങ്ങളാണ് അന്നത്തെ കവിതകള്‍. തൊട്ടുമുമ്പ് ചിന്തയും ചര്‍ച്ചയുമായി സന്ധിചെയ്യാതെ കഴിഞ്ഞിരുന്നു ഒരു തലമുറ. അതിനുമുമ്പ് ഉള്ളീൽ തീയുമായി ആധുനികതനടന്ന ഒരു കാലം. ആദര്‍ശംകൊണ്ട് ഊതിവീര്‍പ്പിച്ച ബലൂണുകള്‍പോലെ ഈ കാലഘട്ടത്തിലെ വാക്കുകള്‍ ജീവിതത്തിൽനിന്നു പൊങ്ങിപ്പൊങ്ങിപ്പോയതുകൊണ്ടാണ്, കവിതയല്ലാതെ മറ്റൊന്നുമില്ലാത്ത ഒരു കവിതയ്ക്കുവേണ്ടി, പുതിയ തലമുറ അന്വേഷിച്ചത്. പെട്ടെന്നൊരുത്തരമോ തീര്‍പ്പോ സാദ്ധ്യമാവാത്തവിധം സങ്കീര്‍ണ്ണമോ ദുരൂഹമോ ആയ ഒരു കാലത്ത് തള്ളേണ്ടതും കൊള്ളേണ്ടതും വേര്‍തിരിച്ചെടുക്കാന്‍ ശക്തനല്ലാതാവുന്നു കവി. ഈ ധര്‍മ്മസങ്കടത്തില്‍നിന്നാണ് ‘പഴങ്ങള്‍ മഴ പക്ഷിത്തൂവലുകള്‍…’. ഇങ്ങനെയിരിക്കുമ്പോള്‍…’, ‘ഒരു സിനിക്കിന്റെ കൂട്ടമരണത്തിനുശേഷം ചില വരികള്‍’ ‘തീയിന്റെ കഥ’ തുടങ്ങി ‘തുരുമ്പി’ലെ പല കവിതകളും ഉണ്ടാകുന്നത്. മററു വഴികളിലൂടെ പൊയ്ക്കൊണ്ടിരുന്ന ഞാന്‍ നോക്കുമ്പോള്‍ എല്ലാം ഗതിമാററി ഇതിലേയാക്കിയിരിക്കുന്നു. മണ്ണിലേക്കുള്ള തിടുക്കം. കാരണം തിരക്കി നില്ക്കാനുള്ള സമയം ഇതല്ല. ഞാനും ഗതിമാററി ഇതിലേയാക്കി. ഇതിലേ എന്നു വെച്ചാല്‍ ഇതിലേ. അല്ലാതെ എനിക്കെന്ത് ഇതിലേ — എന്നുള്ള പൊരുത്തപ്പെടലിന് കവി കീഴടങ്ങേണ്ടിവരുന്നു. തീയ്ക്ക് ഒളിച്ചിരിക്കേണ്ടി വന്നിട്ടില്ലാത്ത ഒരേ ഒരിടം. ഉളുപ്പില്ലാത്ത നാവിനുമാത്രം അവകാശപ്പെട്ട ഉളുപ്പില്ലാത്ത മൌനം — ചൂണ്ടുവിരലുകളുടെ ഒരു സിനിക്കായി അയാളെ മാററിയത് അയാളുടെതന്നെ കാലമാണ്. അവനവനെത്തന്നെ തിന്നതിന്റെ ഉച്ഛിഷ്ടങ്ങള്‍ക്കിടയില്‍നിന്ന് ഇളിച്ച് നാവിട്ടലച്ച് പൊന്തുന്ന കാലം. എങ്കിലും ഇപ്പോള്‍ അയാളുടെ ശവത്തിനരികെയെത്താന്‍ അയാള്‍ കടിച്ചുമുറിച്ചിട്ട പ്രകാശമാനമായ ഒരു ഭാഷയ്ക്കും ലോകത്തിനും അരികിലൂടെ പേയേ പററൂ. അവിടെ കവി തിരിച്ചറിയുന്നത് തീയ്ക്ക് ഒളിച്ചിരിക്കേണ്ടി വന്നിട്ടില്ലാത്ത ഒരേ ഒരിടത്തെ; ഉളുപ്പില്ലാത്ത നാവികനുമാത്രം അവകാശപ്പെട്ട ഉളുപ്പില്ലാത്ത മൌനത്തെ. എന്നെന്നേക്കുമായി ഒളിപ്പിച്ചുവയ്ക്കേണ്ടിവന്ന തീയെക്കുറിച്ചാണ് ‘തീയിന്റെ കഥ’ പറയുന്നത്. അവന്റെയുള്ളിലെ ചെറുതീയെ ഒരു വാക്കറിയാതെ വെളിപ്പെടുത്തിയപ്പോഴേക്കും അവനെക്കരുതി, അവന്റെ അച്ഛനമ്മമാരെക്കരുതി, അവന്റെ പാടിക്കുമേല്‍ പരക്കുന്ന പുകയെക്കരുതി ഒരു കോടമഞ്ഞ് ആ തീയെ മറച്ചുപിടിക്കുന്നു. ഏതുഭാഗത്തുനിന്നു നോക്കിയാലും കാണാത്ത തരത്തില്‍. രണ്ടു കാലങ്ങളില്‍ രണ്ടു സാഹചര്യങ്ങളില്‍ തെളിഞ്ഞും ഒളിഞ്ഞും നില്‍ക്കുന്ന ഈ തീകള്‍ക്കിടയിലൂടെ ഒരു വരമ്പത്തുടെയെന്നവണ്ണം സുരക്ഷിതനായി നടക്കേണ്ടിവരുന്നതാണ് കവി പേറുന്ന ആത്മനിന്ദ.

‘സ്വച്ഛം’, ‘രാവിലെ കൊഴിഞ്ഞ പൂക്കളെപ്പററി’, ‘ആസ്പത്രി വിട്ടുവന്ന ദിവസം’, ‘അഭയം—കുറിപ്പുകള്‍’ തുടങ്ങിയ കവിതകള്‍ തികച്ചും ആത്മപരങ്ങളാണ്. ജീവിതം വഴിമുട്ടിനില്‍ക്കുമ്പോഴത്തെ സംഭ്രമത്തെ സ്വന്തം ഉളളിലേക്കുതന്നെ പടര്‍ത്തേണ്ടിവരുന്നതിന്റെ മുറിവുകളും നീററലുമാണ് അത്തരം കവിതകള്‍. കാട്ടുഭയങ്ങള്‍ സമസ്ത്രന്ദ്രിയങ്ങളുടെയും സാക്ഷ തുറക്കുന്ന ഗര്‍ജ്ജന മൂകത താന്‍ കേള്‍ക്കുന്നത് വീട്ടിന്നകത്ത് ചടഞ്ഞകൂടിയിരിക്കുമ്പോഴാണെന്ന് നേരത്തെ ഒരു കവിതയിലും രാമന്‍ വ്യക്തമാക്കുന്നുണ്ട്.

മരണത്തെ മണത്തുചെല്ലുന്ന രീതി പുതിയ കവികളിലും രാമന്‍ തുടരുന്നു. വീട്ടിനുള്ളിലും തൊടിയിലും കാരണവന്മാരുടെ, പൂക്കളുടെ, കിളികളുടെ, മൂവന്തിക്കു തെക്കിനിയില്‍ കയറിവന്ന പൂച്ചയുടെ, സന്ധ്യയ്ക്ക് അവസാനശ്വാസം തീര്‍ത്തുവെച്ച മൂത്താശാരിയുടെ ഒക്കെ ശാന്തമായ മരണങ്ങള്‍, ഓരോ തുലാമഴയ്ക്കും അമ്പലപ്രാവുകളുടെ ഓര്‍ക്കാപ്പുറത്തുള്ള രക്തസാക്ഷിത്വം. ഫാനിതളില്‍ തൂങ്ങിയും വണ്ടിക്കു തലവെച്ചും പിടയുന്ന മരണങ്ങള്‍. കോടമഞ്ഞിന്റെ വെണ്‍മയും കൊതുകുമരപ്പൂക്കളുടെ ചുവപ്പുമുള്ള ഹൈറേഞ്ച് പരിസരങ്ങളില്‍ പുതിയൊരുതരം മരണത്തെ കണ്ടുമുട്ടുന്നു. ‘ആത്മഹത്യയാണ്…’ എന്നു തുടങ്ങുന്ന കവിതയില്‍ അവിടത്തെ പൂക്കള്‍ക്ക് ആണ്ടുതോറും നിറംകൂട്ടന്ന വീര്യം മണ്ണില്‍ ചേര്‍ത്തുകൊടുക്കുന്ന ഈ പുതിയ മരണത്തെപ്പററിയാണ് പറയുന്നത്.

ഒഴിഞ്ഞ ഇടങ്ങള്‍, ഉരുവങ്ങളുണ്ടായിരുന്നെന്ന് ഓര്‍മ്മപ്പെടുത്തുന്ന പുല്ലില്ലാക്കളങ്ങള്‍, മാറാല, ഊത്താല്‍ തുടങ്ങിയ ഭാരക്കുറവുകളെ പാറ, ഉരുളന്‍കല്ലുകള്‍, കെട്ടിടങ്ങള്‍, പൊടി എന്നിവ കൈയേറുന്നു. പൊടി പ്രധാന പ്രമേയമാകുന്നുമുണ്ട്.

മൂര്‍ച്ചയേറിയ പൊടി
രാകിത്തീര്‍ത്ത ശല്പങ്ങള്‍ക്കുപിന്നില്‍
പതുങ്ങുന്നു
ജീവജാലങ്ങള്‍

മൂര്‍ച്ചയേറിയ പൊടി
അറുത്തിട്ട കാട്ടിന്‍ നടുവില്‍
മുക്രയിട്ടു നില്ക്കുന്നു
സ്ഥലകാലങ്ങള്‍.

–എന്ന് പൊടിക്ക് മൂര്‍ച്ചയും ഘനത്വവുമേറുന്നു. ലോകം വിശാലമാക്കണമെന്ന് ഞാനാഗ്രഹിച്ചു. പൊടി മാത്രമായിരുന്നു തടസ്സം — എന്ന് ലോകത്തിന്റെ നേര്‍ക്കാഴ്ചകളെ മറച്ചുകൊണ്ട് നമ്മുടെ വരള്‍ച്ചകളില്‍നിന്നെല്ലാം പൊടി പൊങ്ങുന്നു.

അപ്പോള്‍ ഞാന്‍ കണ്ടു
പാതിരാക്കറുപ്പില്‍നിന്നും ഒരനക്കം
പുതുചര്‍മ്മത്തിന്റെ ഇളംവെണ്മ
മെല്ലെ നീങ്ങുകയാണ്
ആശുപത്രിക്കെട്ടിടത്തിന്റെ പിന്‍പററി
ചോരയുടെ ഓരം ചേര്‍ന്ന്
ചുവപ്പിനും തവിട്ടിനും ഇടയിലൂടെ
മാറാവ്രണങ്ങള്‍ക്കു നേരെ.

വിശേഷപ്പെട്ട ഇത്തരം കാണലുകള്‍ രാമന്റെ കവിതകളിലെ ശില്പഘടനയിലേക്കു പകര്‍ന്ന് അത് അപൂര്‍വവും തനതുമാകുന്നു. അങ്ങനെയാണ് രാത്രിക്ക് നാലു മൂലകള്‍ ഉണ്ടാകുന്നതും കാററ് പ്രഭുകുമാരനെപ്പോലെ കുതിരപ്പുറത്തുനിന്ന് ചാടിയിറങ്ങുന്നതും നദി ഉത്തുംഗഗോപുരമാകുന്നതും അനന്തത പേരാറിന്റെ അലകളില്‍ നൃത്തമാടിക്കളിക്കുന്നതും. അമൂര്‍ത്തങ്ങളെ മൂര്‍ത്തിമാക്കിയോ വസ്തുത്വം നല്‍കിയോ ഒന്നിന്റെ ഇരിപ്പുനിലയെ തിരിച്ചിട്ടോ. വരുത്തുന്ന ഇത്തരം അപൂര്‍വതകള്‍ ‘തുരുമ്പി’ലും ധാരാളമായി വരുന്നു. ഉറക്കം കണ്‍പോളകളിലുരുമ്മി തെന്നിനീങ്ങുമ്പോഴുണ്ടാകുന്ന വിടവ്, ഓര്‍മ്മ — മനസ്സിന്റെ നീണ്ട കോട്ടുവാ, മുങ്ങിത്താണവന്റെ ഉടുമുണ്ടുപോലെ സായാഹ്നം പാറിക്കിടക്കുന്ന വെളളക്കെട്ട്, ദൂരെനിന്നു ചുരുളഴിഞ്ഞു വരുന്ന മങ്ങലിന്റെ പരവതാനി, വായുവിന്റെ സ്ഫടികഞരമ്പിലൂടെ ഇടറിവീഴുന്ന മഞ്ഞുതുളളി — കൌതുകക്കാഴ്ചകളെയും നീരീക്ഷണങ്ങളെയുംപോലും ഇത്തരം പരിചരണങ്ങള്‍ ദാര്‍ശനികഗരിമയുള്ളവയാക്കുന്നു.

ആദ്യസമാഹാരമായ ‘കന’ത്തിന് രാമനെഴുതിയ മുഖമൊഴി വാക്കുകൊണ്ട് കൈകാര്യം ചെയ്യുന്ന ഏതു കവിതയുടെയും വേവലാതിയായി വായിക്കപ്പെടേണ്ടതാണ്. എങ്കിലും മൂല്യങ്ങളിലോ മൂല്യനിരാസങ്ങളിലോ മുഴുകുന്ന എണ്ണൂറു വര്‍ഷത്തെ മലയാളകവിതാപാരമ്പര്യം തന്നെ ചെടിപ്പിച്ചു എന്ന് രാമന്‍ പറഞ്ഞത് സംശയത്തോടെയാണ് സ്വീകരിക്കപ്പെട്ടത്. ആ മുഖമൊഴി ഉയര്‍ത്തുന്ന വെല്ലുവിളികളെ ഏറ്റെടുത്തുകൊണ്ടുതന്നെയാണ് രാമന്റെ കവിത മുന്നോട്ടു നീങ്ങുന്നത്. കാലത്തിന്റെ കയ്പ്പും ചവര്‍പ്പും അത് ഏറ്റെടുക്കുന്നു. തുരുമ്പിലെ കവിതകള്‍ ധാര്‍മ്മിക അധാര്‍മ്മികതകളെ മറികടക്കുന്നുണ്ടോ അവ മൂല്യാമൂല്യനിരപേക്ഷമാണോ എന്നുള്ള ചോദ്യങ്ങളെ അപ്രസക്തമാക്കിക്കൊണ്ട്, കവിതകൊണ്ടുമാത്രം പൂരിപ്പിക്കപ്പെടേണ്ട ശൂന്യതകളില്‍ അവ നിറയുന്നു.

സത്യത്തോടൊട്ടി നില്‍ക്കുന്ന ഒരു സാധ്യതയെ കവിതയ്ക്ക് പ്രകാശിപ്പിക്കാന്‍ കഴിഞ്ഞാല്‍ത്തന്നെ ധാരാളം. തീര്‍പ്പില്ലാത്ത ഒരു കാലത്തില്‍ സത്യം, ശരി എന്നതൊക്കെ ദുരൂഹമാണ്. ‘അസത്യത്തോട്’ എന്ന കവിതയില്‍ രാമന്‍ അസത്യത്തെ സമാധാനിപ്പിക്കുന്നു. കളളം, ചതി, നുണ എന്നൊക്കെ ആളുകള്‍ പേരു ചൊല്ലി വിളിച്ചോട്ടെ; സത്യം അതിന്റെ ഇടത്തില്ലായിരുന്നെങ്കില്‍ നീയാകുമായിരുന്നു സത്യം. സത്യം അതിന്റെ ഇടത്തുള്ളത് നിന്റെ കുററമാകുന്നത് എങ്ങനെ? സത്യത്തിന്റെ അഭാവത്തില്‍ സത്യമാകുമായിരുന്ന അസത്യം. സത്യത്തോടൊട്ടി നില്‍ക്കുന്ന ഒരു സാധ്യത പ്രകാശിപ്പിക്കുക — അത്രയൊക്കെയേ കവിക്കാകൂ.