close
Sayahna Sayahna
Search

ഉദ്യാനപാലകൻ


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ആദ്യകാലശിഷ്യ, മുൻ ചേരാനെല്ലൂർ ഗ്രാമപഞ്ചായത് അംഗം, കാരിക്കാട്ട് സരസ്വതി പതിവായി പറയുമായിരുന്നു, ‘ഞങ്ങൾ സാരിയുടുത്ത വലിയ പെൺകുട്ടികളാണ് ക്ലാസ്സിലിരിക്കുന്നത്. ഞങ്ങടെ അടുത്ത് വരാൻ മാഷിനു പേടിയാണ്. ബോർഡിന്റെ അടുത്ത് നിന്ന് ഈസ്റ്റ് ഇന്ത്യാ കമ്പനി, വട്ടമേശ, നീളൻമേശ, മൌണ്ട്ബാറ്റൻ എന്നൊക്കെ പറയും. ഞങ്ങൾക്കൊന്നും മനസ്സിലാവില്ല. പിറ്റേന്ന് ചോദ്യം ചോദിക്കുമ്പോൾ ഉത്തരം പറഞ്ഞില്ലെങ്കിൽ അല്ലെങ്കിൽ എല്ലാരും കൂടി ചിരിച്ചു ബഹളമുണ്ടാക്കിയാൽ വടിയുമായി തല്ലാൻ വരും. അപ്പോൾ ഞാൻ ഒളിച്ചു പിടിച്ച ഒരു റോസാപ്പൂ എടുത്തു ഉയർത്തി കാണിക്കും. അതോടെ മാഷിന്റെ ദേഷ്യം തീർന്നു. പൂക്കൾ മാഷിനു ജീവനാണ്. വലിയ ചുവന്ന പനിനീർപ്പൂവാനെങ്കിൽ ഭേഷായി.’

വീട്ടിൽ വാലത്തിനു ഒരു റോസ് ഗാർഡൻ ഉണ്ടായിരുന്നു. നിറയെ പൂക്കളും. എത്ര തരം ഹൈഡ്രാഞ്ചിയ ഉണ്ട് എന്നു ചോദിച്ചാൽ, എത്ര തരം റോസുണ്ട് എന്ന്, ചോദിച്ചാൽ ഉത്തരം കൃത്യമായി പറയും. അതേസമയം മാഷിന്റെ മൂത്ത മകൻ ഏതു ക്ലാസ്സിൽ പഠിക്കുന്നു, എന്നു ചോദിച്ചാൽ മാഷ്‌ സംശയത്തിലാകും. നാലിലോ, അതോ അഞ്ചിലോ? ഭാര്യയെ വിളിക്കും. ‘ക്രിശോ…മോപസാങ്ങ് ഏതു ക്ലാസ്സിലാണെന്നു പറഞ്ഞു കൊടുക്കു.’ അതാണ്‌ വീടുമായുള്ള ബന്ധം. എങ്ങും പിടിക്കാത്ത ഏതു ചെടിയും മാഷ്‌ നട്ടു പിടിപ്പിക്കും. പൂവിടീക്കും. പൂക്കൾ എല്ലാവരെയും കാണിച്ചുകൊടുക്കും. പറിക്കാൻ സമ്മതിക്കില്ല. ചത്താലും ഒരു പൂവ് ആർക്കും കൊടുക്കില്ല. ഒഴിവാക്കാനാവാത്തവർക്ക് ഒന്നോ രണ്ടോ തണ്ടുകൾ മുറിച്ചു കൊടുക്കും. എന്നിട്ട് ഉപദേശിക്കും: ‘നട്ടാൽ മാത്രം പോരാ. നനയ്ക്കണം. സംരക്ഷിക്കണം. നിത്യവും രാവിലെ എടുത്തു വേര് വന്നോ എന്ന് നോക്കണം.’

ഒരിക്കൽ വാലത്തിനു എവിടെ നിന്നോ ഒരു ചെടി കിട്ടി. എന്ത് ചെടിയാണെന്നറിയില്ല. കൊടുത്തയാൾ പറഞ്ഞുമില്ല. നട്ടചെടി നിത്യവും എടുത്തു വേരു വന്നോ എന്ന് നോക്കി ഇളിഭ്യനായ ആരോ ഒരു പണി കൊടുത്തതാണ്. കൊടുത്തു ശീലമില്ലാത്ത ശുദ്ധനായത് കൊണ്ട് കിട്ടിയത് ‘പണി’ ആണെന്ന് വാലത്ത് അറിഞ്ഞതുമില്ല. വേണ്ട പരിചരണങ്ങൾ കൊടുത്തപ്പോൾ ചെടി ഉഷാറായങ്ങു വളർന്നു. പൂവോ കായോ ഇല്ല. ഇലകൾക്ക് നല്ല നീലനിറം വെച്ചു. അങ്ങനെയിരിക്കെ ചെടി മൊട്ടിട്ടു. ചെറിയ മൊട്ടുകൾ. വാലത്ത് ആകാംക്ഷയോടെ കാത്തിരിക്കുകയാണ്, വിരിയുമ്പോൾ പൂവ് എങ്ങനെയിരിക്കുമെന്ന് ഊഹിക്കും. നിറം, മണം, വലുപ്പം ഇതൊക്കെ ഭാവനയിൽ കാണും. അന്ന് ഭാര്യ കൃശോദരിയുടെ സഹപ്രവർത്തകയും ഭർത്താവും വാലത്തിന്റെ വീട്ടിൽ ഏതോ ആവശ്യത്തിനു വന്നു. ഭർത്താവ് പോലീസുകാരനാണ്. അകത്തുകയറി ഇരിക്കാൻ ക്ഷണിച്ചിട്ടും പോലീസുകാരൻ അതിഥി മുറ്റത്തു നിന്ന് അകത്തേയ്ക്ക് കയറുന്നില്ല. ചവിട്ടു പടിക്കൽ നിന്ന് മണംപിടിക്കുകയാണ്. എന്നിട്ട് മുറ്റത്തെ ചെടികൾക്കിടയിലൂടെ സൂക്ഷ്മ നിരീക്ഷണം നടത്തി. മിനിട്ടുകൾക്കുള്ളിൽ തൊണ്ടി കണ്ടെടുത്തതുപോലെ പുതിയ ചെടിയുടെ അടുത്തെത്തി. ഒരിലയും മൊട്ടും എടുത്തു തിരുമ്മി മണപ്പിച്ചു. വാലത്ത് അഭിമാനത്തോടെ പുഞ്ചിരിക്കുകയാണ്. പോലീസുകാരൻ ചോദിച്ചു.

‘ഇതേതാ, ചെടി?’

‘അറിയില്ല. ഒരു പുതിയ ചെടിയാണ്.’ പോലീസുകാരൻ അത് കേട്ട് ഉറക്കെ ചിരിച്ചു. വാലത്ത് മാഷിനെ അയാൾക്ക്‌ ബഹുമാനമാണ്. അയാൾ ശബ്ദം താഴ്ത്തി പറഞ്ഞു. ‘ഇതിനെ വേരോടെ പിഴുതെടുത്ത് ഒരു കുഴിയുണ്ടാക്കി അതിലിട്ട് മണ്ണിട്ട്‌ മൂടണം. ഇന്ന് തന്നെ. ഇപ്പോൾ തന്നെ. മനസ്സിലായോ? ഇല്ലെങ്കിൽ വാലത്ത് മാഷ്‌ ജയിലിൽ പോകും. പോണോ?’ ഏതാണ് ചെടിയെന്നു പോലീസുകാരൻ വാലത്തിന്റെ കാതിൽ അടക്കം പറഞ്ഞു. വാലത്ത് മൂക്കത്ത് വിരൽ വെച്ച് പോയി. ഇതിനെയാണോ ഇത്രയും ദിവസം ആറ്റു നോറ്റു വളർത്തിയത്?! വാലത്ത് അപ്പോൾതന്നെ ആ ചെടി പിഴുതെടുത് കുഴിച്ചുമൂടി.