close
Sayahna Sayahna
Search

ഇവിടെ ഒരു കാമുകൻ മരിക്കുന്നു


വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും

വി.വി.കെ. വാലത്ത് – കവിയും ചരിത്രകാരനും
Valath-00.png
ഗ്രന്ഥകർത്താവ് ഐൻസ്റ്റീൻ വാലത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2019
മാദ്ധ്യമം ഡിജിറ്റൽ
പുറങ്ങള്‍ 200
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ ഒരു കാമുകൻ മരിക്കുന്നു എന്ന നോവൽ എഴുതിക്കഴിഞ്ഞ് ഒരു വർഷത്തിനു ശേഷം 1955 സെപ്തംബറിലാണ് പ്രസിദ്ധീകരിച്ചത്. എറണാകുളം സി. പി. പി. എസ്. പ്രസ്സിലായിരുന്നു ഒന്നാം പതിപ്പിന്റെ അച്ചടി. സമർപ്പണം ഇങ്ങനെയായിരുന്നു.

“എന്നെ ആത്മാർഥമായി
സ്നേഹിച്ചിരുന്ന മഹാകവി
ചങ്ങമ്പുഴയുടെ ഓർമ്മയ്ക്ക്.”

“ദിവസങ്ങൾ കടന്നു പോകുന്നു” എന്നായിരുന്നു, ഈ നോവലിന് ആദ്യം നൽകിയിരുന്ന പേര്. “ഇവിടെ ഒരു കാമുകൻ മരിക്കുന്നു” എന്ന പേര് നിർദ്ദശിച്ചത് പ്രിയസ്നേഹിതനായിരുന്ന പോഞ്ഞിക്കര റാഫി ആയിരുന്നു. പുസ്തകത്തിന്റെ കയ്യെഴുത്തുപ്രതി പരിശോധിക്കാൻ വൈക്കം മുഹമ്മദ്‌ ബഷീറിനെ ഏൽപ്പിച്ചു. അക്കാലത്ത് ബഷീർ എറണാകുളത്ത് താമസിച്ചിരുന്നു. ഒരു താൽക്കാലിക വാസസ്ഥാനം. കാനൻ ഷെഡ്‌ റോഡിലെ ആ കാർഷെഡ്‌ പോലുള്ള പീടികമുറി ഞാൻ നേരിട്ട് കണ്ടിട്ടുണ്ട്. (എന്റെ കൌമാരത്തിൽ അച്ഛനോടൊപ്പം എറണാകുളത്ത് കൂടെ നടന്നു പോകുമ്പോൾ ആ കട കാണിച്ചു എന്നോട്, ‘ഇവിടെയാണ്‌ ബഷീർ താമസിച്ചിരുന്നതെന്ന്’ എന്ന് അച്ഛൻ പറഞ്ഞത് ഇന്നും ഓർമ്മിക്കുന്നു.) പരിശോധിക്കാൻ ഏൽപ്പിച്ച കയ്യെഴുത്തുപ്രതി ബഷീറിന്റെ പക്കൽ നിന്നു എവിടെയോ നഷ്ടപ്പെട്ടു. അത് അന്വേഷിച്ചു കണ്ടെത്തിത്തരാമെന്നു ബഷീർ ഏറ്റുവെങ്കിലും വാലത്തിനു പ്രതീക്ഷയുണ്ടായിരുന്നില്ല. തന്റെ തന്നെ പൂർവകാല അനുഭവങ്ങൾ ആയതിനാൽ വലിയ താൽപ്പര്യവും നഷ്ടബോധവും വാലത്തിനു ഇല്ലായിരുന്നു. പോയെങ്കിൽ പോകട്ടെ എന്ന് കരുതി. ഒരു കൊല്ലത്തിനു ശേഷം ബഷീർ ആ കൃതിയുമായി വന്നു പ്രസിദ്ധീകരിക്കുവാൻ നിർബന്ധിച്ചു. അങ്ങനെയാണ് ഗ്രന്ഥം പുറത്തിറങ്ങുന്നത്. 6/8/1955-ൽ എഴുതിയ അവതാരികയിൽ വാലത്ത് ഇങ്ങനെ രേഖപ്പെടുത്തുന്നു: “ഇന്നായിരുന്നെങ്കിൽ ഞാനീ കൃതി എഴുതുമായിരുന്നില്ല. എങ്കിലും ഭൂതകാലത്തിനോട് യാതൊരു വഴക്കും ഇല്ലാത്തതിനാൽ ഈ കൃതിയും വൈകിയ വേളയിൽ പുറത്തയച്ചുകൊള്ളുന്നു. എന്റെ ഒരുകാലത്തെ ദൌർബല്യങ്ങൾ ആണെങ്കിൽ കൂടി ഇതിന്റെ മങ്ങിയ എടുകളുടെ മണ്ണിൽ എന്റെ ആത്മാവിന്റെ നേരിയ കാലടിപ്പാടുകൾ പതിഞ്ഞു കിടപ്പുണ്ട്.”

1955 ഓഗസ്റ്റ്‌ 28-ന് വിവാഹിതനായ വാലത്ത് അതേവർഷം അതേ മാസം ആറാം തീയതി അവതരിപ്പിച്ച നോവലിന്റെ പേര് ശ്രദ്ധേയമായി തോന്നുന്നു. ‘ഇവിടെ ഒരു കാമുകൻ മരിക്കുന്നു!’ ഒരു പ്രണയം അവിടെ അവസാനിച്ചുവോ? അങ്ങനെ ഒരു പ്രണയം ഉണ്ടായിരുന്നോ? തുടങ്ങിയ സംശയങ്ങൾ തീർത്തും അപ്രസക്തമല്ല. കാരണം, തലേവർഷം അദ്ദേഹം ആനാപ്പുഴ അദ്ധ്യാപകപരിശീലന കേന്ദ്രത്തിൽ പഠിതാവ് ആയിരുന്നു. അകലെയുള്ള പലരും ഒത്തുകൂടുന്ന ട്രെയിനിംഗ് കാലത്ത് ഒരു പ്രേമം മൊട്ടിട്ടുകൂടായ്കയില്ല. ‘അയയ്കാഞ്ഞ കത്ത്’, ‘ഇനി വണ്ടി ഇല്ല’ എന്നീ കഥാസമാഹാരങ്ങളും പ്രണയഭംഗം വിഷയമാക്കി രചിക്കപ്പെട്ടവയാണ്. ഏതായാലും വിവാഹജീവിതത്തിലേക്ക് ഇറങ്ങും മുമ്പ് പ്രണയത്തിന്റെ പുസ്തകം കെട്ടിപ്പൂട്ടിവെച്ചു അദ്ദേഹം നടത്തിയ ഒരു തുറന്നു പറച്ചിലാകാം, ‘ഇവിടെ ഒരു കാമുകൻ മരിക്കുന്നു’ എന്നത്.