close
Sayahna Sayahna
Search

അനന്തം അജഞാതം


അനന്തം അജഞാതം
SVVenugopanNair 01.jpeg
ഗ്രന്ഥകർത്താവ് എസ് വി വേണുഗോപൻ നായർ
മൂലകൃതി കഥകളതിസാദരം
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കറന്റ് ബുക്സ്
വര്‍ഷം
1996
മാദ്ധ്യമം പ്രിന്റ്
പുറങ്ങള്‍ 116

ഒരു പട്ടാളക്കാരന്റെ ധര്‍മ്മപത്നിക്ക് ഭാരത സര്‍ക്കാരിന്റെ കമ്പികിട്ടാനും, അതിനുപിന്നാലെ അയാളുടെ ഇരുമ്പുപെട്ടിയും പണവും വന്നെത്താനും യുദ്ധം വരണമെന്നില്ല. ഈ മഹാരാജ്യത്തിന്റെ അതിര്‍ത്തിയിലും അത്തിക്കരതറവാട്ടിലും സര്‍വം ഭദ്രമായി നിലനില്ക്കേതന്നെയാണ് ജവാന്‍ യശോധരന്റെ ഭാര്യ മന്ദാകിനിയെത്തേടി മുന്‍പറഞ്ഞതൊക്കെ അഹമഹമികയാ വന്നണഞ്ഞത്.

അത്തിക്കരയില്‍ അക്കാലത്ത് മന്ദാകിനിയും, അവള്‍ പെററ പൈതലും യശോധരന്റെ മാതാവ് പങ്കിയും മാത്രമായിരുന്നല്ലോ താമസം. നിവര്‍ത്ത കമ്പികരങ്ങളില്‍ തറച്ചതുമുതല്‍ കീറത്തഴപ്പായയില്‍ ചുരുണ്ടു കിടപ്പായി പങ്കി. യശോധരന്‍ ഒരേഒരു സന്താനം. വായ്ക്കരിക്കും പിണ്ഡത്തിനും ഉതകുമെന്ന് നിനച്ചവന്‍. അവന്റെ ജഡം പോലും കണ്ണിനു കിട്ടിയില്ല. അപ്പോള്‍ പെററകുംഭി, ആറുമോ? അറുപതും ആറും താണ്ടിയ തളളയ്ക്ക് എങ്ങനെ നോവ് അടങ്ങും?

നിവര്‍ത്ത കമ്പി മടക്കാതെ മന്ദാകിനി ഇറയത്ത് തൂണും ചാരി ഇരുന്നു. അവളുടെ രണ്ടരക്കാരന്‍ കുഞ്ഞ്, പവിത്രന്‍, തള്ളയുടെ മേല്‍ ആനയും ഒച്ചും കളിച്ചുകൊണ്ടിരുന്നു. പവിത്രന്റെ ആറുമാസം പ്രായമെത്തിയ ചുണ്ടിലും കവിളിലും മുഖമണച്ചിട്ടും അണച്ചിട്ടും കൊതിതീരാതെ വണ്ടി കയറിയതല്ലേ

യശോധരൻ. നാവു തെളിയുമ്പോ ഈ പിഞ്ച് ആരെ ‘തന്ത്’ യെന്നു വിളിക്കും! ആര് അവനെ കൊഞ്ചിച്ചു തോളിലേറ്റും!

വന്നും പോയും നിന്ന അയൽക്കാരും ആയില്യക്കാരും വീശിയ സഹതാപത്തിന്റെ ഇളംകാറ്റേറ്റ് അത്തിക്കരയിലെ സന്താപത്തിന്റെ ഈറൻ തെല്ലൊന്നുണങ്ങി വരവേയാണു ഒരു ചതുർദശി നട്ടുച്ചയ്ക്ക് പൊടുന്നനെ, അടി ആറുതാണ്ടിയ പൊക്കവും, മൂന്നു കവിഞ്ഞ മാർവിരിയും, കമ്പിളി മേൽമീശയുമുള്ളൊരു നാല്പത്തഞ്ചുകാരൻ ആ കൂരയ്ക്കു താഴെ നൂണു കയറിയത്.

അയാളുടെ കാലിൽ ആനക്കാൽ ബൂട്ട്സ്, വലംകൈത്തണ്ടയിൽ കിണ്ണംപോലൊരു വാച്ച്, ഇടംകൈയിൽ മൂപ്പിരി മന്ത്രച്ചരട്. മുടിപ്പറ്റെ മുറിച്ച തലയും, തുമ്പിക്കൈ മൂക്കും, ചുകപ്പു പടർന്ന കുഞ്ഞിക്കണ്ണുകളും കണ്ടാൽ ഏതു വമ്പനും രണ്ടുകോൽ മാറിനിൽക്കും.

അയാൾ വരാന്തയിൽ നിവർന്നുനിന്ന് ഇറയത്തെ തൂണിൽ ഒരു താളം കൊട്ടി. മോന്തായം കുലുങ്ങി. മോന്തയും തുടച്ച് മന്ദാകിനി ഇറങ്ങിവന്നു. വരാന്തയിലെ ഉരുവം കണ്ട് അവൾ പകച്ചുപുകഞ്ഞു നിന്നു.

ആ തടിയൻ ചിറിയൊന്നു ചെരിച്ച് ലോഹ്യം കാട്ടി. പിന്നെ ഇറയത്തു കയറി, കുറുകെ നടന്ന്, ചുമരോരത്തെ തട്ടുപടിയിൽ ചെന്നിരുന്ന്, ചുമലിൽ തൂങ്ങിയ കൂറ്റൻബാഗ് ഇറക്കിവെച്ചു.

അയാൾ നേരെയൊന്നു നോക്കിയപ്പോൾ മന്ദാകിനി അമ്മായിയെ വിളിച്ചുപോയി.

അസാരം കൂമ്പിപ്പോയ പങ്കി ആന്തിയാന്തി വേദിയിലെത്തി ചുമരു താങ്ങി നിന്നു.

അയാൾ ബാഗ് വലിച്ചുതുറന്ന്, ഉള്ളറയിൽ നിന്നൊരു ചുമന്ന പൊതിയെടുത്ത് തട്ടുപടിയിൽ വച്ചു. പട്ടിൽപൊതിഞ്ഞ കൊച്ചുകലശമാണതെന്ന് സ്ത്രീകൾ കണ്ടു. ആരുടെയും മുഖത്ത് നോക്കാതെ അയാൾ പറഞ്ഞു.

— ഞാൻ, സുബേദാർ അശോകമിത്രൻ. യശോധരൻ ഓസിയായിരുന്നു. അവനെനിക്ക് അമ്മപെറ്റ അനിയനായിരുന്നു. എന്തു ചെയ്യാം! പാവം ഹാർട്ട് അറ്റാക്കിൽ എക്സ്പേർഡായില്ലേ..

പവിത്രൻ തുള്ളിച്ചെന്ന് ആ പൊതിയെടുക്കാൻ കൈനീട്ടി. സുബേദാർ ആ പിഞ്ചുകൈയിലൊരു തട്ടുകൊടുത്തു. അവൻ കീയം വിളിച്ചുകൊണ്ട് തിരികെ പാഞ്ഞു.

അയാൾ മന്ദാകിനിയിലേക്ക് മിഴി ഉയർത്തി - മിസ്സിസ്സ് യശോധരൻ, അല്ലേ… മന്ദാകിനി? (ഒന്നുമൂടിച്ചിരിച്ച്) യശോധരൻ പറഞ്ഞിട്ടുണ്ട്… ങാ (കലശമെടുത്ത്) ഇത് അവന്റെ അസ്ഥി… രണ്ടോ മൂന്നോ ബിറ്റും ഇത്തിരി ചാമ്പലും കാണും.. ദാ വാങ്ങൂ…ഉം…

മന്ദാകിനി ഇടംകൈയാൽ മുഖം പൊത്തി ഏങ്ങിക്കരഞ്ഞുവന്ന് അതുവാങ്ങി. പങ്കി നിലയറ്റു നിലവിളിച്ചു.

— ങാ, നാല്പത്തൊന്നു ദിവസം ഇതിനു മുമ്പിൽ വിളക്കുവെക്കണം. പിന്നെ വല്ല ആറ്റിലോ കുളത്തിലൊ കൊണ്ടിടാം.

മന്ദാകിനി പൊറുക്കാനാവാതെ അലമുറയിട്ട് അകത്തേക്കോടി. പുറകെ കരഞ്ഞുകൊണ്ട് ആ കുഞ്ഞും.

സന്ധ്യയ്ക്കാണു മന്ദാകിനി പിന്നെ ഇറയത്തേക്ക് വന്നത്. അന്നേരം അശോകമിത്രൻ തട്ടുപടിയിൽ നീണ്ടുനിവർന്നുകിടന്നുറങ്ങുന്നതാണ് അവൾ കണ്ടത്. അയാളുടെ കൂർക്കം ആ അന്തരീക്ഷത്തെ സംഗീതസാന്ദ്രമാക്കിക്കൊണ്ടിരുന്നു.

‘പാവം, ഒത്തിരി യാത്രചെയ്തു വന്നതല്ലേ, ഉറങ്ങിക്കോട്ടെ’ എന്ന് അലിവോടെ മന്ദാകിനിയും ചിന്തിച്ചു. അവൾ കരഞ്ഞുവീർത്ത മുഖവും നിറഞ്ഞുകത്തുന്ന നിലവിളക്കുമായി സന്ധ്യയെ എതിരേൽക്കാൻ എത്തിയതായിരുന്നു. ദീപപ്രഭയിൽ അവളുടെ ഉണങ്ങിയ കണ്ണീർച്ചാലുകൾ തിളങ്ങി. ദീപം പതിവുമൂലയ്ക്ക് വച്ച്, ഒച്ച കേൾപ്പിക്കാതെ സന്ധ്യാനാമം ചൊല്ലി അവൾ അകത്തേക്കു പോയി.

രാത്രി എട്ടുമണിയെത്തിയപ്പോൾ അശോകമിത്രൻ മൂരി നിവർത്തി ഉണർന്ന് ഉച്ചൈസ്തരം ഒരു കോട്ടുവായിട്ടു. അനന്തരം ഇടിവെട്ടും വണ്ണം, വിൽമുറിയും വണ്ണം, വിളിച്ചു -മന്ദാകിനിക്കൊച്ചേ…

വാതിൽക്കൽ അവളുടെ നിഴലാട്ടം കണ്ടപ്പോൾ തനിക്കിരുവശവും കൈകളൂന്നി, നിലത്തു കണ്ണുകളൂന്നി ഇരുന്ന് അശോകമിത്രൻ പറഞ്ഞു.

— എനിക്കൊന്നു കുളിക്കണം. ചൂടുവെള്ളം വേണം. രാത്രിയേ കുളിയുള്ളൂ. സമച്ചാ?

തിളച്ചവെള്ളം പൊലെയാണു ആ സ്വരം ചെവിയിൽ വീണതെങ്കിലും ചെമ്പുകലത്തിൽ വെള്ളം ചൂടായി.

അശോകൻ കുളിയും അത്താഴവും കഴിച്ച് മുറ്റത്തിറങ്ങിനിന്ന് ഏതോ ഭാഷയിൽ നാലുമൊഴി മന്ത്രം ചൊല്ലിയിട്ട് തട്ടുപടിയിൽ വന്നിരുന്ന് അകത്തേക്ക് വിളിച്ചു പറഞ്ഞു.

— ഒരു പായും തലയണയും കോസടിയുണ്ടെങ്കിൽ ബഹുത് അഛ. ഞാനിവിടെ ഉറങ്ങും. എന്റെ ബാഗ് ആ മുറിയിൽക്കൊണ്ടുവെച്ചേക്കൂ.

ഈ കേമൻ ആരെടാ എന്ന് മന്ദാകിനിയും കിഴവിയും കണ്ണിൽക്കണ്ണിൽ നോക്കി നിമിഷങ്ങൾ നിന്നുപോയെങ്കിലും ആതിഥ്യമര്യാദയോർത്ത് എല്ലാം അനുസരിച്ചു.

അടുത്ത നിമിഷം ആംഗലത്തിൽ പറയാറുള്ളതുപോലെ അയാൾ

വീണുറങ്ങി. ശബ്ദമുഖരിതമായ ഉറക്കം.

പിറ്റേന്ന്, വീട്ടുകാർക്കെല്ലാം രാഷ്ട്രഭാഷയിൽ സുപ്രഭാതം ആശംസിച്ചുകൊണ്ടുണർന്ന അശോകമിത്രൻ തന്റെ ആവശ്യങ്ങൾ യഥാവസരം കലവറ കൂടാതെ കല്പിച്ചുകൊണ്ടിരുന്നു.

— ബെഡ് കോഫി

— ലാട്രിൻ

— ഒരു ബക്കറ്റ് വെള്ളം

— ടൂത്ത് പേസ്റ്റ്

— ടൗവൽ

മൂന്നു ദോശ ഒന്നിച്ചു മുറിച്ചെടുത്തു വായിൽ എത്തിക്കുന്നതിനിടയിൽ അയാൾ അറിയിച്ചു.

— രാവിലെ മുട്ട ഒന്നു നിർബന്ധം. ബുൾസൈയോ, ഓംലെറ്റോ, പുഴുങ്ങിയതോ, പരുവം ഏതുമാകാം.

അന്ന് ഇരുളെത്തുംവരെ വൃദ്ധയ്ക്കും മന്ദാകിനിക്കും ഇത്തരം നിർദ്ദേശങ്ങൾ കേട്ട് മുഖാമുഖം നോക്കി ഞടുങ്ങാനേ നേരമുണ്ടായുള്ളൂ.

രാത്രിയും വന്നു കല്പന.

— ഒന്നാംതരം എള്ളെണ്ണ

— വാസന സോപ്പ്…

ഊണ്, വീട്ടുവളപ്പിൽ ചില്ലറ കവാത്ത്, ഉറക്കം, ഈ മൂന്നിന പരിപാടികളിലൂടെ അത്തിക്കരയിൽ അശോകദിനങ്ങൾ നീണ്ടപ്പോൾ സർവശക്തിയും സംഭരിച്ച് പങ്കി ചോദിച്ചു.

— താൻ ആരാ? ഇങ്ങനെ ചെല്ലുംചെലവും തരാൻ? ഇതു തന്റെ അച്ചിവീടോ?

അയാൾ ശാന്തസുന്ദരമായി പറഞ്ഞു.

— ഞാൻ സുബേദാർ അശോകമിത്രൻ. യശോധരൻ എന്റെ പയ്യനായിരുന്നു. ഇത് അവന്റെ വീട്. മരിക്കാൻ നേരം ആ കൊച്ചൻ പറഞ്ഞേല്പിച്ചതനുസരിച്ച് നിങ്ങളെ സംരക്ഷിച്ചുകൊണ്ട് ഇവിടെ താമസിക്കുന്നു. ഓകെ?…

— ഞങ്ങൾക്ക് ഒരു നായും കാവൽ വേണ്ട. തനിക്ക് വന്ന വഴി പോകാം.

അശോകൻ ഒന്നു ചിറികോട്ടിചിരിച്ച്, ഒരു സിഗരറ്റെടുത്ത് പുകച്ച്, വളയങ്ങൽ വായുവിൽ പരത്തി, തുടതുള്ളിച്ച് ഇരുന്നു.

കിളവി തുടർന്നു.

— താൻ മര്യാദയ്ക്ക് പോവുകാ നല്ലത്.

ഇല്ലെങ്കിൽ എന്റെ ആങ്ങളമാരുടെ മക്കളും, ഇവളുടെ ഉടപ്പിറന്നോന്മാരും ഇങ്ങു വരും. അടിച്ചുമുതുകെല്ല് ഞെരിച്ചു വിടും.

വൃദ്ധ വിറച്ചെങ്കിലും അശോകൻ ഒരു തമാശ പറഞ്ഞു.

— അമ്മാവി, ഈ പുകയൊന്ന് മണപ്പിച്ചേ, നല്ല താഴമ്പൂ മണമല്ല്യോ…

— ഇറയകമാകെ താഴമ്പൂ മണം പടർന്നിരുന്നു. എങ്കിലും അത് ഉൾകൊള്ളാതെ മന്ദാകിനിയും ആയംപെരുക്കി ആക്രോശിച്ചു.

— നാണം കെട്ടവൻ, വലിഞ്ഞു കേറി വന്നിരിക്കുന്നു!

അതിനുള്ള പ്രതികരണമെന്നോണം അയാൾ ഒരു വട്ടംകൂടി പുകപറത്തിവിട്ടുകൊണ്ട് പറഞ്ഞു.

— ദ ഇപ്പൊ വേറൊരു മണം. പിച്ചിപ്പൂ മണം. ഒന്നു വാസനിച്ചു നോക്കിയേ…

സംഗതി ശരിയാണെന്ന് പെണ്ണുങ്ങളുടെ മൂക്ക് പറഞ്ഞു.

പങ്കി സഹികെട്ട് അകത്തേക്കോടി കൊടുവാളുമേന്തി ഭദ്രകാളി തുള്ളിപാഞ്ഞു വന്നു. ആ ആയുധം തെരുതെരെ വിറപ്പിച്ച് പോർവിളി കൂട്ടി അടുത്തു.

&madsh; ഇറങ്ങെടാ ഊപ്പേ..

മിത്രൻ ആ മാരകായുധത്തെ നോക്കി ഇടംകൈ ഞൊടിച്ച് തലയാട്ടി മന്ത്രിച്ചു.

— നീ ഇങ്ങുവാടാ മോനേ..

എന്തൊരാശ്ചര്യം! കൊടുവാൾ പങ്കിയുടെ കൈ കുതറിപ്പറന്ന് അശോകമിത്രന്റെ മടിയിൽ വീണു തളർന്നു കിടന്നു.

പങ്കി മലച്ചുപോയി.

മന്ദാകിനി വീണ്ടും പുലഭ്യം പറയാൻ തുടങ്ങിയപ്പോൾ അയാൾ സ്നേഹപൂർവ്വം കൈയുയർത്തി വിലക്കി.

— അനങ്ങല്ലേ മോളേ, ആ വായ്ക്കകത്ത് വെറുതെ കിടന്നോ.

കഷ്ടം! മന്ദാകിനിയുടെ നാവ് പൊങ്ങിയില്ല

പവിത്രൻ തുള്ളിച്ചാടി ഇറയത്തു വന്നു.

ഇനി എന്തു ചെയ്യണമെന്നറിയാതെ നീറിനിൽക്കുന്ന സ്ത്രീകളോട് അയാൾ പറഞ്ഞു.

— ആ പൊടിയനേം എടുത്തു അകത്തുപോവിൻ. ആ പൊലയാടി ഇനി പറത്തണത് ചീമുട്ടയാണ്. അത് കുഞ്ഞിനു അയ്യം.

അടുത്ത നിമിഷം ആ ഗന്ധം പ്രസരിച്ചു തുടങ്ങി.

അശോകൻ എണീറ്റ് മുറ്റത്തിറങ്ങി കവാത്ത് തുടങ്ങി.

പെണ്ണുങ്ങളും പൈതലും മൂക്കുപൊത്തിക്കൊണ്ട് അകത്തേക്ക്. ഈ തടിയൻ ഏതു ക്ഷുദ്രകർമ്മത്തിനും പോന്ന മന്ത്രവാദിയാണെന്നും, അവൻ തങ്ങളെ മൂന്നിനേയും ചുട്ടുപറത്തുമെന്നും ആ സ്ത്രീകൾ ഭയന്നു. ഒട്ടും

വൈകാതെ അവർ ബന്ധുക്കളെ സങ്കടമറിയിച്ചു.

യശോധരന്റെയും മന്ദാകിനിയുടെയും ഉറ്റവരും ഉടയവരും ഉഷാറായി. അവർ കൂട്ടായി ആലോചിച്ച്, ആളും ആയുധവും ശേഖരിച്ച് ഒരു പുലർവേളയിൽ അത്തിക്കരെ എത്തി.

അവരുടെ കാഹളം കേട്ടാണു അശോകമിത്രന്റെ ഉറക്കം മുറിഞ്ഞത്. അയാൾ കണ്ണ് തിരുമ്മിയെണീറ്റ്, മുണ്ട് കുടഞ്ഞുടുത്ത്, കുലുങ്ങാത്ത കേളനായി ഇറയത്തിന്റെ ഇറമ്പിൽ വന്നുനിന്നു. വടിയും വടിവാളും വെട്ടുകത്തിയും ചുമന്നുകൊണ്ടെത്തിയിരിക്കുന്ന പുരുഷാരത്തെ നോക്കി ഒരു സെല്യൂട്ടടിച്ചു.

— നമസ്തേജി. എല്ലാവരെയും അകത്ത് വിളിച്ചിരുത്താൻ ഇടമില്ല. മാഫ് കീജിയേ…

— ഇടമുണ്ടാക്കാൻ താനാരാ?

മന്ദാകിനിയുടെ ചേട്ടൻ കയർത്തു.

— ഞാൻ സുബേദാർ അശോകമിത്രൻ. ചത്തുപോയ യശോധരന്റെ ഓ. സി. അവൻ ഏല്പിച്ചതനുസരിച്ച് ഇവരുടെ സെക്യൂരിറ്റിക്കു വന്നു.

അയാൾ മുഖം ഇടത്തോട്ട് വെട്ടിത്തിരിച്ച് ഉറക്കെ വിളിച്ചു ചൊല്ലി.

— മന്ദാകിനി, രാവിലെ ഒരു ബറ്റാലിയൻ ഗസ്റ്റ്. ഇവർക്കു വല്ലോം കൊടുക്കണ്ടേ?

ആ പ്രയോഗം തങ്ങളുടെ മുഖമടക്കി അടിച്ച അടിയാണെന്ന് മന്ദാകിനിയുടെ മൂന്നു സഹോദരങ്ങൾക്കും തോന്നി. അവർ കൈയും കലശവും കാട്ടി മുന്നോട്ടു കുതിച്ചു. അശോകമിത്രൻ ചൂണ്ടുവിരൽ ചുണ്ടോടുചേർത്ത് സർപ്പം ചീറ്റുംപോലെ ഒരു ശബ്ദം ഉതിർത്തു. എന്തതിശയമേ! ആ മൂന്നു യുവാക്കളും നിന്ന നിലയിൽ വട്ടം കറങ്ങിത്തുടങ്ങി. മറ്റുള്ള സന്നദ്ധഭടന്മാർ അമ്പരന്നു.

മൂവർസംഘം വട്ടം ചുഴന്ന്, വരാന്തയിലിറങ്ങി, മുറ്റത്തെത്തി അഭ്യാസം തുടർന്നു.

— താനൊരു ദുർമന്ത്രവാദിയാ അല്ലേ? മടലുവെട്ടി അടിച്ച്, പനയോലയിൽ കെട്ടിഎടുക്കും. ഇറങ്ങടാ പുറത്ത്…

കരയ്ക്കുനാഥനായ മധ്യവയസ്ക്കൻ ജൂബക്കൈ ഉയർത്തി.

പക്ഷേ ആ കൈ താണില്ല. റയിൽവേ സിഗ്നൽ പോലെ നിന്നു.

അശോകൻ അറ്റൻഷനായി നിന്ന് പട്ടാളച്ചിട്ടയിൽ ഗർജിച്ചു.

— സബ് പീഛേ മൂഡ്

എല്ലാവരും ഒറ്റയടിക്ക് പുറം തിരിഞ്ഞു.

— ക്വിക്ക് മാർച്ച്

വട്ടം ചുറ്റിയവരും കരനാഥനുമടക്കം പോരാളികൾ നിരനിരയായി

തിരക്കിട്ട് നിരത്തിലെത്തി.

ആ രണ്ടു വനിതകളും എല്ലാംകണ്ട് കുന്തം വിഴുങ്ങിനിന്നു. മന്ദാകിനിയുടെ കടക്കണ്ണിൽ ഒരുപൊടി ആരാധന നാമ്പിട്ടപോലെ. അടുത്ത നിമിഷം അവളാ അപരാധത്തിനു മനസാ മാപ്പിരന്നു.

അപ്പോൾ തട്ടുപടിയിൽ നിന്ന് ഒരു സൗമ്യസ്വരം പൊങ്ങി.

— കട്ടൻ കിട്ടിയില്ല.

നാടാകെ, കവലയിലും കുളക്കരയിലും അമ്പലപ്പറമ്പിലും സുബേദാർ കഥാപുരുഷനായി.

— “ആ തടിയനു മൂധേവിസിദ്ധിയുണ്ട്.” എന്ന കണ്ടെത്തലാണു ജനപ്രീതി നേടിയത്..‘അതുകൊണ്ടല്ലേ അയാൾ മുണ്ടും ഷർട്ടും സെറ്റോടെ മാറാത്തത്. മുഷിഞ്ഞുനാറിയ എന്തെങ്കിലും ഒന്ന് സദാ ആ ഉടലിൽ ഉണ്ടായിരിക്കും.. ഒരു കോണകമെങ്കിലും. അയാൾ കുളിക്കുന്ന ദിവസം പല്ലുതേയ്ക്കൂല- ഇങ്ങനെ പലതും ഗവേഷണപടുക്കളായവർ കണ്ടെത്തി.

ഇത്തരം അമാനുഷികസിദ്ധികളിലൊന്നും വിശ്വാസമില്ലാത്ത യുവബുദ്ധിജീവികൾ പോലീസിൽ പരാതിപ്പെട്ടു.

അതിക്രമിച്ചു കുടിയേറ്റം, സ്ത്രീകളെ ഭീഷണിപ്പെടുത്തൽ, ബലത്സംഗശ്രമം, ആഭിചാരം തുടങ്ങി പല വകുപ്പുകളിലായി ചാർജ് ചെയ്യാവുന്ന കുറ്റകൃത്യങ്ങൽ ചാർത്തിയ പരാതി. ബഹുസാഹസികനും തടിയന്മാരെ തല്ലുന്നതിൽ പ്രത്യേകിച്ചൊരു ഹരം ഉള്ളവനുമായ ഇൻസ്പെക്ടർ ഹർജി കിട്ടാത്തതാമസം, അത്തിക്കരയിലേക്ക് കുതിച്ചു.

അശോകൻ മുറ്റത്തെ കിളിമരത്തിൽ മുല്ലവള്ളിയെ ഒതുക്കി പടർത്തി ചേലുവരുത്തുന്ന നേരത്താണു എസ്. ഐ. പരിവാരസമേതം അഷ്ടകലാശം മേളിച്ചു വന്നത്.

സുബേദാർ നിവർന്നു നിന്നു പട്ടാളമട്ടിലൊരു സെല്യൂട്ട് കാച്ചി. ഇൻസ്പെക്ടർ തെല്ലും തെളിയാത്ത മുഖം ലേശം ചെരിച്ച് സാമാന്യമര്യാദ കാട്ടി.

എസ്. ഐ. മുഖവുര കൂടാതെ കർമോത്സുകനായി.

— തന്റെ പേർ?

— സുബേദാർ അശോകമിത്രൻ കെ. കെ.

— എവിടത്തെ സുബേദാറെടോ?

— ഇന്ത്യൻ ആർമി, ഇപ്പോൾ റിട്ടേർഡ്.

— ഇവിടെ തനിക്കെന്തു കാര്യം?

— ഈ വീട്ടിലെ നാഥൻ ലാൻസ്നായക് യശോധരൻ എന്റെ പ്ലാറ്റൂണിലായിരുന്നു. ഹാർട്ടറ്റാക്കായി തട്ടിപ്പോയി. എന്റെ മടിയിൽ കിടന്നാണു കണ്ണടച്ചത്.

മരണസമയം ഇവരെ സംരക്ഷിച്ചുകൊള്ളാമെന്നു എന്നോട് അപേക്ഷിച്ചു. അവന്റെ തലയിൽതൊട്ട് ഞാൻ സത്യം ചെയ്തിട്ടേ അവന്റെ ശ്വാസം പോയുള്ളൂ. ആണുങ്ങൾക്കുപിറന്നവന്റെ മൊറയിൽ ഞാനാ സത്യം പാലിക്കുന്നു.

— താൻ അനാശാസ്യപ്രവർത്തികൾക്കായിട്ട് ഈ സ്ത്രീകളെ ഭീഷണിപ്പെടുത്തുന്നതായി പരാതിയുണ്ടല്ലൊ

— അങ്ങനെ ഉണ്ടായിട്ടില്ല. ദാ, ആ വാതിലിനപ്പുറം ഞാൻ കയറിയിട്ടില്ല. ഭക്ഷണംവരെ ഈ തട്ടുപടിയിൽ ഇരുന്നാണു.

— താൻ ഒരു ദുർമന്ത്രവാദിയാണ് അല്ലേ?

— വിവരം കെട്ടവർ പലതും പറയും. ഞാൻ ഒരു ജവാൻ: ജെ. സി. ഒ

അശോകമിത്രൻ ലഘുവായൊന്നു പല്ലിളിച്ചു.

— താൻ ഇവിടെ നിന്നിറങ്ങണം.

— യശോധരൻ പറഞ്ഞാൽ പോകാം.

— മരിച്ചയാൾ വന്നു പറയണോ?

— അല്ലാതെങ്ങനെ? ആ സത്യം തെറ്റിക്കാമോ?

— അപ്പോൾ താൻ ഇറങ്ങില്ലേ?

— ഇല്ല

‘ഇല്ലേടാ’ എന്ന ചോദ്യത്തോടെ എസ്. ഐ. രണ്ടടി മുന്നോട്ടുവച്ച് കൈ ഓങ്ങി. ആ ബലിഷ്ടഹസ്തം നേരെ മുകളീലേക്ക് പോയതു മാത്രമല്ല, അയാളുടെ തൊപ്പി തലയിൽനിന്നും രണ്ടടി പൊങ്ങി അന്തരീക്ഷത്തിൽ വട്ടം ചുറ്റാൻ തുടങ്ങുകയും ചെയ്തു.

അതുകണ്ട് പോലീസുകാർക്കും ചിരിയടയ്ക്കാൻ കഴിഞ്ഞില്ല. അച്ചടക്കലംഘനത്തിനു അവർക്കുമൊരു പൂതി. അവർ ചിരിച്ചുകൊണ്ടേയിരുന്നു. ചിരിച്ചു ചിരിച്ച് വയറ്റിൽ അമർത്തിപ്പിടിച്ച് ചിരിക്കലായി.ഒടുവിൽ നിലത്തു കുത്തിയിരുന്ന് തലയറഞ്ഞ് ചിരി തുടർന്നു.

പത്തു മിനിട്ട് ഈ വിനോദം ആസ്വദിച്ചിട്ട് അശോകൻ ഒരു കമാന്റ് നൽകി.

— ആരാം സേ.

എസ്. ഐ. യുടെ കൈ താണു. തൊപ്പി താണു തലയിൽ വന്നു. ശിപായിമാരുടെ ചിരി നിന്നു.

ഇൻസ്പെക്ടർ അയാളെ തുറിച്ചു നോക്കി ഒന്നു മൂളിഉറപ്പിച്ചിട്ട് തിരികെ ജീപ്പിലേക്ക്.

ഈ സംഭവത്തോടെ മഹാജനത്തിന്റെ നിന്ദയും ഈർഷ്യയും ഒലിച്ചുമാറി. ചില വ്യസനികൾ അഞ്ചാറുനാൾ അതുമിതും മുരണ്ടു നടന്നു. അത്രമാത്രം.

താവളം വിഘ്നങ്ങൾ തീർന്ന് ഉറച്ചതോടെ അശോകൻ അത്തിക്കര

യുടെ ഐശ്വര്യത്തിനായി അധ്വാനിച്ചു തുടങ്ങി. കുടുംബംവക വസ്തുക്കളിൽ വെട്ടിയും കിളച്ചും പകൽ പോക്കും. എന്തു ചെയ്യാം, അറുപത്തേഴുസെന്റും പുരയിടവും, അതിൽ ഇരുപത്തിരണ്ടു തെങ്ങുമാണല്ലോ യശോധരന്റെ സ്ഥാവരസ്വത്ത്. ഒരു വീരജവാനു അത് കിളച്ചൊതുക്കാൻ എത്ര ദിവസം വേണം? അയാൾ വീട്ടുവളപ്പിൽ പച്ചക്കറി നട്ടു. ഈ മുൻസൈനികന്റെ പരിലാളനയിൽ അവിടത്തെ കറമ്പിപ്പശു ഒന്നു കൊഴുത്തു.

നാട്ടിൽ അശോകമിത്രനു ചില്ലറ ആരാധകരെ കിട്ടി. അയാൾ നിരത്തിലിറങ്ങിയാൽ പെണ്ണുങ്ങൾ വേലിക്കൽ വന്നു നിൽക്കും. ചില കിഴവികൾ അയാളെ നോക്കി കൈകൂപ്പും. കവലയിലെത്തിയാൽ കാണുന്നവരൊക്കെ ഏതോ ദിവ്യന്റെ എഴുന്നള്ളത്തിനെന്നവണ്ണം തലവണങ്ങി ഒതുങ്ങിയൊഴിഞ്ഞു പോകും.

ആ ഗ്രാമത്തിൽ സർക്കാർജീവനക്കാർ പണ്ടേ കുറവാണു. എന്നാൽ പണ്ടെങ്ങോ വീടുവിട്ടോടിയ ഒരാൾ ജാതകഭാഗ്യം കൊണ്ട് പോലീസിൽ ചെന്നുപെട്ട് ഉത്തരോത്തരം ഉയർന്ന് എസ്. പി. യായി പെൻഷൻ വാങ്ങി. അടുത്തൂൺപറ്റിയപ്പോൾ നാട്ടിലെത്തി. ഒരഞ്ചേക്കർ തഞ്ചത്തിൽ വാങ്ങി, മുള്ളുവേലി ഉറപ്പിച്ച് ‘എസ്. പി. തോട്ടം’ എന്നു ബോർഡും വെച്ചു.

എസ്. പി ഏമാൻ നിനച്ചിരിക്കാത്ത കാലത്തും നേരത്തും പട്ടണത്തിൽനിന്നിങ്ങുവരും, വരുമ്പോളൊക്കെ അരയിലൊരു പിസ്റ്റളുണ്ടാകും. എഴുന്നെള്ളിയെത്തുന്ന നേരം ആ തോട്ടത്തിലൊരു കൊടിച്ചിപ്പട്ടി പെട്ടുപോയെന്നു വെക്കുക. അദ്ദേഹം അതിനെ വെടിവച്ചതുതന്നെ. പുല്ലുപറിക്കാനും ചുള്ളി ഒടിക്കാനും നുഴഞ്ഞു കയറിയ ചെറുമികളെ നിരത്തിനിറുത്തി തോക്കു ചൂണ്ടിയിട്ടുണ്ട്. എസ്. പി യുടെ ഗന്ധമടിച്ചാൽ നാടാകെ പ്രാണഭയമെന്നേ പറയേണ്ടൂ. തോപ്പിനുള്ളിലെ അണ്ണാറക്കണ്ണനും കാക്കയും പോലും സ്ഥലം വിട്ടുകളയും.

അശോകമിത്രനു ആ തോട്ടത്തിൽ വളർന്നു പടർന്നു കിടക്കുന്ന പുല്ലുകണ്ടപ്പോൾ സഹിക്കാൻ കഴിഞ്ഞില്ല. അയാൾ കമ്പിവേലി ചാടിക്കടന്ന് ലങ്കാമർദ്ദനം തുടങ്ങി. അശോകനും അരിവാളും അങ്ങമെ സ്വയം മറന്ന് മുന്നേറുമ്പോഴാണു എസ്. പി. ഏമാൻ കടന്നു വന്നത്.

തന്റെ കോട്ടയ്ക്കുള്ളിൽ അതിക്രമം കാട്ടുന്ന കശ്മലനെ എസ്. പി. ഒരു നിമിഷം നിരീക്ഷിച്ചു. പിന്നെ ദിഗന്തം പൊടിയുമാറ് ഗർജ്ജിച്ചു-ആരെടാ അത്?

അശോകൻ ആ ചോദ്യത്തിനു ചെവികൊടുക്കാതെ ജോലി തുടർന്നു. എസ്. പി. പിസ്റ്റൾ നീട്ടി. താൻ പഠിച്ച തെറിയാകെ വാരി വിതറി മുന്നോട്ട് കുതിച്ചു. ഏമാൻ അടുത്തെത്തിയിട്ടും അശോകനു പുല്ലാണു വില. എസ്. പി ക്ക് ഉടലാകെ വിറച്ചു. അദ്ദേഹം ആയുധം ഇടംകൈയിലാക്കിയിട്ട് വലംകരം കൊണ്ട് ആ അരക്കന്റെ കഴുത്തിനു കുത്തിപ്പിടിച്ചു.

സുബേദാറെ സ്പർശിച്ചപ്പോഴേക്കും എസ്. പി. യുടെ തോക്ക് തെക്കോട്ട് പറന്നു പോയി. അശോകൻ പൊന്നരിവാൾ താഴെ ഇട്ട്, ആ ഇരുപ്പിലൊന്നു തിരിഞ്ഞ് ഏമാന്റെ കാലു വാരി. പിന്നെ എണീറ്റ് മലർന്നടിച്ചു കിടക്കുന്ന നിയമപാലകനെ പൊക്കി ആ കനത്തകണ്ഠം തന്റെ കക്ഷത്തിൽ ഇടുക്കിക്കൊണ്ട് സാവകാശം തോട്ടത്തിനു പുറത്തേക്കു നടന്നു. ആ തിരു ഉടൽ നിലത്തിഴഞ്ഞ് തലയെ അനുഗമിച്ചു. കൈകൾ ബന്ധമറ്റപോലെ തൂങ്ങിക്കിടന്നു. കുറെ നിരങ്ങിയപ്പോൾ ഉടുമുണ്ട് എങ്ങോ ഉടക്കി ഉരിഞ്ഞും പോയി. ഷർട്ടും അതിനടിയിലെ ലേശം പിന്നിയ ലങ്കോട്ടിയും മാത്രം ഏമാനെ പൊതിഞ്ഞു.

അശോകമിത്രൻ നിശ്ശബ്ദം നടന്നു. നേരെ കവലയിലേക്ക്. ഈ കാഴ്ച കണ്ടവരൊക്കെ ശ്വാസം കിട്ടാതെ കഷണിച്ചു.

കക്ഷത്തിലൊതുക്കിയ ലംബോദരനുമായി സുബേദാർ കവലയിൽ മൂന്നു നാലു ചാൽ നടന്നു. പിന്നെ, പാതയുടെ നടുവിൽനിന്ന് ഇരുകൈയും ആകാശത്തേക്കുയർത്തി. നാലുകാലിൽ വീണ ഏമാനെ അശോകൻ കരുണയോടെ പൊക്കി ലംബമായി നിറുത്തി താടിക്കൊരു തട്ടുംകൊടുത്ത് അഭിനന്ദിച്ചു. സ്ഥലം വിടാനാകാതെ പരുങ്ങുന്ന എസ്. പി. ഏമാനു നീട്ടിവലിച്ചൊരു സെല്യൂട്ട് നൽകിയിട്ട് മിത്രൻ അരിവാളും അരിഞ്ഞ പുല്ലും തേടി യാത്രയായി.

ഈ മഹാസംഭവം അശോകമിത്രനെ ഒരു ബാബയും സാധുജനരക്ഷകനുമാക്കി. അദ്ദേഹത്തോടൊന്നു മിണ്ടാൻ, പത്തടി ഒപ്പം നടക്കാൻ, ചങ്ങാത്തം കൂടാൻ പലരും ആശിച്ചു. പക്ഷേ, അയാൾ എല്ലാവരിൽനിന്നും അകന്നുനിന്നു. അത്തിക്കരവീടിനു ക്ഷേമമുണ്ടാക്കുന്ന പ്രവർത്തനങ്ങളിൽ മാത്രം ശ്രദ്ധകേന്ദ്രീകരിച്ചുകൊണ്ടങ്ങനെ കഴിഞ്ഞു.

പുതിയ പട്ടാളഭരണത്തിൽ കുടുംബം പച്ചപിടിച്ചുവരുന്നതു കണ്ടപ്പോൾ അവിടത്തെ പെണ്ണുങ്ങളുടെ മനോഭാവവും മാറി. അവർ ഏറെ നിർബന്ധിച്ച് അയാളുടെ ഊണ് അകത്തളത്തിലാക്കി. പവിത്രൻ ഈ മാമന്റെ പാദത്തിലിരുന്ന് ഊഞ്ഞാലാടിയും കഴുത്തിലേറി വണ്ടിയോടിച്ചും രസിച്ചു. വീടിനുള്ളിൽ ഒന്നിനുമില്ലൊരു കുറവ്. പങ്കിപോലും ഒന്നുരുണ്ടു വെളുത്തു. അവരിൽ അശോകനെ പ്രതി ഒരു വാൽസല്യം കുമ്പിട്ടു. അത്താഴം കഴിഞ്ഞാൽ ആ തള്ള ഇറയത്തുവന്ന് കാലും നീട്ടിയിരുന്ന് പഴംപുരാണവും ഭാവികാര്യങ്ങളും ചർച്ചചെയ്തുതുടങ്ങി. അന്നേരം മന്ദാകിനി വാതിൽ പാതിമറഞ്ഞ് ഏകലോചനം അശോകനിൽ അർപ്പിച്ച് ഭാരമറിയാതെ നിൽക്കും.

ഒരു രാത്രി അശോകൻ തട്ടുപടിയിൽ മെത്ത നിവർത്തവേ അവൾ പറഞ്ഞു-കാറ്റും തൂവാനവുമേറ്റ് എന്തിനാ ഇറയത്ത് കെടക്കണെ? ദാ, ഈ മുറിയിൽ കട്ടിലുണ്ടല്ലൊ…

അശോകൻ മറുപടി പറയാതെ മലർന്നു.

ചോറും കറികളും കൊണ്ടുവച്ചിട്ട് അടുക്കളയിലേക്ക് കൂപ്പുകുത്തുന്ന പതിവ് അവൾ മാറ്റി. ഇപ്പോൾ മന്ദാകിനി തന്നെ മേശയ്ക്കരികിൽനിന്നു മതിയാവോളം വിളമ്പും. അയാൾ ഉണ്ണുന്നതു കാണാൻ മിക്ക ദിവസവും പങ്കിയും വന്നിരിക്കും. പക്ഷേ, അശോകൻ മന്ദാകിനിയിലേക്ക് മുഖം ഉയർത്തുകയോ അവളോട് ഒരു വാക്ക് തികച്ച് ഉരിയാടുകയോ ഇല്ല. ഊണു സംബന്ധമായ ആശയവിനിമയത്തിനു ചില്ലറ മൂളലും അംഗവിക്ഷേപങ്ങളും മാത്രം.

ഒരു രാത്രി അയാൾ പങ്കിയോടു പറഞ്ഞു-ഒരു പശുവിനെ തീറ്റാനും ഇത്തിരി പുരയിടം നോക്കാനും എത്ര നേരം വേണം. പകൽ വെറുതെ ഇരുന്നും ഉറങ്ങിയും മടുത്തു. കുറേ ആടുകളെ മേടിച്ചെങ്കിൽ നേരം പോകുമായിരുന്നു. വേഗം പെറ്റുപെരുകുന്ന ജന്തുവല്ല്യോ, നല്ല ആദായം കിട്ടും. ആ കാച്ചാണിമലയിൽ കൊണ്ടു തീറ്റുകയും ചെയ്യാം. പക്ഷേ ആദ്യം കുറെ മുടക്കുണ്ട്.

ആ ആശയം പങ്കിക്കും ബോധിച്ചു. അവർ പറഞ്ഞു.

— എന്റെ ഒരു ചിട്ടി വട്ടമറുതിയായി. മൂവായിരം കിട്ടും. തെകയുമോ?

— ബാക്കി ഞാൻ ഒപ്പിക്കാം.

സുബേദാർ ഏറ്റു.

നാലാം പക്കം അശോകമിത്രൻ നൂറ്റിപ്പതിനൊന്ന് ചെമ്മരിയാടുകളെ നയിച്ചുകൊണ്ടു വന്നു. കുറ്റിവാലുള്ള ആ ജന്തു അന്നാട്ടിലൊരു വിശേഷവസ്തുവായിരുന്നു.

രാവിലെ എട്ടു മണിയായാൽ അയാളും ആടുകളും യാത്രയാകും. തലയിലൊരു സർദാർജി കെട്ടും കൈയിലൊരു കോലുമായി സുബേദാർ പുറകേ, ആടുകൾ തുള്ളിത്തുളുമ്പി മുമ്പേ.

ജനം ആ ഘോഷയാത്ര രോമാഞ്ചത്തോടെ നോക്കിനിൽക്കും.

അശോകൻ ആടുകളോടും ഒന്നും ഉരിയാടുകയില്ല. പക്ഷേ അവ പട്ടാളച്ചിട്ടയിൽ വരിയൊപ്പിച്ച്, വഴിയോര പച്ചിലകളിൽ കണ്ണുപായിക്കാതെ, ഏറെ ഒച്ചയിടാതെ, നടന്നു നീങ്ങും. കവലയിലെത്തുമ്പോൾ അശോകൻ വായിൽ രണ്ടു വിരൽ കടത്തി ഒരു വിസിൽ അടിക്കും. ആട് നൂറ്റിപ്പതിനൊന്നും ഒരു സ്റ്റിൽ ചിത്രത്തിലെന്ന മട്ട് നിൽകക്കും. തല ആടിയാലും കാൽ ആടുകയില്ല. ആടാണെങ്കിലും പിന്നൊന്നാടണമെങ്കിൽ രണ്ടാം വിസിൽ കേൾക്കണം.

അശോകൻ പീടികയിൽ നിന്നൊരു സിഗരറ്റ് വാങ്ങി, ഒരെണ്ണമെടുത്ത് തീപിടിപ്പിച്ച് ഒന്നു പുകച്ചിട്ട് മറ്റൊരു ശബ്ദത്തിൽ വിസിൽ മുഴക്കും. ഏതോ സ്വിച്ചമർത്തിയ മട്ട് മൃഗാവലി നടതുടങ്ങും.

വെയിലാറും മുമ്പ് അശോകൻ മലയിറങ്ങി വരും; ആടും. ഈ മനുഷ്യന്റെ കൈവശമിരിക്കുന്ന മന്ത്രമെന്തെന്ന് ആർക്കും ഒരു പിടിയും കിട്ടിയില്ല. വാ തുറന്നു സംസാരിച്ചെങ്കിലല്ലേ വല്ലതുമൊന്നു ചോർത്താൻ പറ്റൂ. ഈ

വിദ്യയ്ക്കൊന്നു ശിഷ്യപ്പെടാൻ പല ചെറുപ്പക്കാരും അടുത്തു കൂടി. പക്ഷേ സുബേദാറുണ്ടോ കനിയുന്നു !

അശോകന്റെ സുഖസൗകര്യങ്ങളെപ്പറ്റി മന്ദാകിനി ഉൽക്കണ്ഠപ്പെട്ടു തുടങ്ങി. അയാളുടെ വസ്ത്രങ്ങൾ നനയ്ക്കുക, മെത്ത വിരിക്കുക തുടങ്ങിയ പണികൾ അവൾ പിടിച്ചെടുത്തു. കിളവിയുടെ പഞ്ചായത്തിനു അവൾ വാതിൽ മറവിട്ട് ഇറയത്ത് വന്നു നിൽകുക പതിവായി. പവിത്രനോട് രഹസ്യമായി അവൾ ഉപദേശിച്ചു.

— മാമാ എന്നു വിളിക്കണ്ട.. മോൻ വല്ല്യച്ഛാന്നു വിളിച്ചാൽ മതി.

അശോകൻ കിടന്നുകഴിഞ്ഞാലും അവൾ ഉള്ളിലേക്ക് പോവുകയില്ല. ഇത്തിരിനേരം അവിടങ്ങിനെ ചുറ്റിപ്പറ്റി നിൽകും.

കിളവിയുടെ കൂർക്കംവലി അണിയറയിൽ മുഴങ്ങുമ്പോൾ മന്ദാകിനി കണ്ണിൽ കർപ്പൂരം ജ്വലിപ്പിച്ച് അയാളെ നോക്കും.സുബേദാർ അവളുടെ സാന്നിദ്ധ്യം അറിഞ്ഞതായി ഭാവിക്കുകയോ അങ്ങോട്ട് മിഴി നീട്ടുകയോ ഇല്ല. അവളൊന്നു മുരടനക്കിയാൽ അയാൾ ശഠേന്ന് മറുവശം തിരിഞ്ഞു കിടന്നുകളയും.അവളുടെ നെടുവീർപ്പുകളുടെ ചൂരും അയാളെ സ്വാധീനിക്കുകയില്ല.

സത്യാവസ്ഥ ഇതാണെങ്കിലും അയൽക്കാരായ കുറുമ്പികൾ മന്ദാകിനിക്ക് സുബേദാർ സംബന്ധമാണെന്ന് പൂച്ചും പൂച്ചും പറഞ്ഞു. പക്ഷേ, അതൊരു അപരാധമായി ജനം കരുതിയില്ല. അവൾ ചെറുപ്പം, അയാളൊരു കാളക്കൂറ്റൻ. എല്ലാം സ്വാഭാവികം. അതായിരുന്നു ജനകീയകോടതി വിധി. അത്തിക്കരെ ചെല്ലുന്നവരോടെല്ലാം പങ്കി അശോകനെപ്പറ്റി നാലു നാവുകൊണ്ട് സംസാരിച്ചു. അയാളുടെ പേരുച്ചരിക്കുമ്പോൾ, എന്നല്ല, ആരാനും അത് ചൊല്ലിക്കേൾക്കുമ്പോഴേക്കും മന്ദാകിനിയുടെ കരളും കവിളും ചുമക്കും. കണ്ണിണ അവളറിയാതെ കൂമ്പും. ആത്മാവിലെങ്ങോ നിശ്വാസത്തിന്റെ കുമിള പൊട്ടും.

എന്തുകൊണ്ടോ അശോകനു ചിരി അന്യമായിത്തന്നെ നിന്നു. പരിചയം ഭാവിച്ച് ആളുകൾ ചിരിച്ചാലും അയാളിൽ ചിരിയുടെ അനക്കം പോലും ഉണ്ടാവുകയില്ല. ഈ മരങ്ങത്തത്തിനു കാരണമെന്തെന്ന് പലരും പുകഞ്ഞുചിന്തിച്ചു. പത്തിരുപതു വർഷം പട്ടാളത്തിൽ കിടന്നതല്ലേ. പലതും കണ്ടും കേട്ടും ചിരി മറന്നുപോയിരിക്കും എന്ന് അവർ ആശ്വാസം കണ്ടെത്തും.

ഇടവപ്പാതിര ആർത്തുല്ലസിക്കുകയാണ്. മന്ദാകിനി തിരിഞ്ഞും മറിഞ്ഞും കിടന്നു. കാറ്റ് മോന്തായം പറത്തി വീശുന്നുണ്ടെങ്കിലും വല്ലാത്ത ഉഷ്ണം. അവൾ ഇത്തിരി നേരം എണീറ്റ് ഇരുന്നു. കോട്ടുവായിട്ട് വീണ്ടും കിടന്നു. കിടന്നുകൂടാ. എണീറ്റ് കതക് ഒച്ച കേൾക്കുമാറ് സാക്ഷ നീക്കിത്തുറന്നിട്ട് കട്ടിലിൽ ഇരുന്ന് നാലഞ്ചുവട്ടം വിരലുകളിൾ ഞെട്ടി ഒടിച്ചു. അന്നേരം ഇറയത്ത് ഒരനക്കം… തട്ടുപടി ഞരങ്ങും പോലെ.

മേലാകെ കുളിരുകോരിക്കൊണ്ടൊരു തണുപ്പ്. അവൾ വീണ്ടും കിടക്കയിൽ വീണു. കാതുകൾ ഒരു കാലടിയൊച്ചയ്ക്ക് കൊതിച്ചു. ഇറയത്തുനിന്ന് അറയിലോളം നീളുന്ന കാലടി സംഗീതത്തിനു…

ഏതോ തവളയുടെ കരച്ചിലല്ലാതെ മറ്റൊന്നും കേൾക്കാനില്ല.

അവളങ്ങനെ എരിപൊരി കൊൾകെ, ആരോ നടക്കുന്ന ശബ്ദം കേൾക്കായി. മന്ദാകിനി പ്രതീക്ഷകളുടെ ഭാരം മെത്തയിൽ അമർത്തി കമഴ്ന്നു കിടന്നു. നാണമൊതുക്കാൻ ചുണ്ടുകൾ തലയണയിൽ അമർത്തി.

കാറ്റ് വലിച്ചുതുറന്ന ജനാല അടയ്ക്കാൻ പങ്കി നടന്ന് ഘോഷമായിരുന്നു അത്.

കിഴവിയുടെ കൂർക്കംവലി വീണ്ടും ഉച്ചസ്ഥായിയിലെത്തിയപ്പോൾ മന്ദാകിനി മെല്ലെ എണീറ്റു. സ്വന്തം ഞരമ്പുകൾ അവളെ കുതറിക്കുതിച്ചു. അവൾ അറയിൽനിന്ന് ഇറയത്തേക്ക് ഊർന്നു. ഒന്ന് അറച്ചുനിന്നിട്ട് നേരെ തട്ടുപടിയിലേക്ക്.

ആ മുഹൂർത്തത്തിൽ ഒരിടി വെട്ടി. അവൾ അശോകമിത്രനെ ചുറ്റിവരിഞ്ഞു.

പിറ്റേന്ന് ഉദയസൂര്യൻ കണ്ടത് വിചിത്രമായൊരു കാഴ്ചയായിരുന്നു. അശോകൻ അത്തിക്കരമുറ്റത്ത് തളർന്ന് തലകുനിച്ച് നിൽകുന്നു. ഉറക്കെ പലതും വിലിച്ചു കൂവി മന്ദാകിനി അയാളെ തല്ലുന്നു. ഒരു ചൂലുകൊണ്ട്. മുഖത്തും മാറിലും അരയിലും തെരുതരെ അടി വീഴുന്നു. ഒച്ച കേട്ട് ആടുകൾ വലിയ വായിൽ കരയുന്നു. പങ്കിയും നാലയല്പക്കം കേൾക്കെ അയാളെ അമ്പണം വിളിക്കുകയാണു.

അയൽക്കാരൊക്കെ പൂരം കാണാൻ ഓടിയെത്തി. സുബേദാറുടെ മന്ത്രവിദ്യകളെവിടെ എന്ന് ജനം അമ്പരന്നു.അയൽക്കാരിപ്പെണ്ണുങ്ങൾ ഇടവേളയില്ലാതെ തല്ലുതുടരുന്ന മന്ദാകിനിയെ പിടിച്ചുമാറ്റാൻ മുന്നോട്ടു ചെന്നു. അവൾ അവരുടെ ചെവിയിലെന്തോ മുരണ്ടു. പെണ്ണുങ്ങൾ വായ് പൊത്തിച്ചിരിച്ച് മാറി നിന്നു. അവരുടെ കണ്ണിൽ അശോകൻ കേവലമൊരു ജളൂകമായി.

വിയർപ്പിൽക്കുളിച്ച് കണ്ണടച്ചുനിൽക്കുകയാണു അശോകൻ. സർവ്വാംഗം തല്ലുകൊണ്ട് പുളഞ്ഞപ്പോൾ അയാൾ ഒന്നിളകി. തത്രപ്പെട്ട് ഇറയത്തു കയറി മുറിയിൽക്കടന്ന് ബാഗെടുത്ത് തന്റെ ജംഗമങ്ങൾ അതിൽ വാരിയിട്ട്, മുറ്റത്ത് ചാടി നടന്നു തുടങ്ങി. വെറും നടത്തമല്ല; ഒരുമാതിരി ഓട്ടം തന്നെ.

അരിശം തീരാത്ത മന്ദാകിനി പുറകെ എത്തി തല്ലു തുടർന്നു. ഈർക്കിൽ ഒടിഞ്ഞു ഊരിവീണു ചൂലു ശോഷിച്ചിട്ടും അവൾ പിന്മാറിയില്ല. കവലയോളം അവൾ ചാടിച്ചാടി തല്ലിക്കൊണ്ടേയിരുന്നു. പെണ്ണുങ്ങളവളെ ഉത്തേജിപ്പിക്കുന്ന വായ്ത്താരികളുമായി പുറകെ കൂട്ടം കൂടി ചെന്നു.

തടിയന്റെ മുണ്ട് ഉരിയെടി…

ഒരു തൈക്കിളവി വിളിച്ചു പറഞ്ഞു. അതു കേട്ടപാട് സുബോദാര്‍ വലംകൈയാല്‍ മുണ്ടിനെ അരയോട് ചേര്‍ത്തുപിടിച്ച് കുതിരവേഗത്തില്‍ മണ്ടി തുടങ്ങി.

പെണ്ണുങ്ങളുടെ പൊട്ടിച്ചിരി ആ പ്രാണപ്രയാണത്തിന് വേഗത കൂടി.

(മാതൃഭൂമി ഓണപ്പതിപ്പ് 1995)