close
Sayahna Sayahna
Search

ജാതിവ്യത്യാസം ഉണ്ടായതെങ്ങനെ?


ജാതിവ്യത്യാസം ഉണ്ടായതെങ്ങനെ?
PuthiyaLokamPuthiyaVazhi.jpg
ഗ്രന്ഥകർത്താവ് ഡി പങ്കജാക്ഷന്‍
മൂലകൃതി പുതിയ ലോകം പുതിയ വഴി
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ജീവിതദര്‍ശനം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഗ്രന്ഥകർത്താവ്
വര്‍ഷം
1989

ഞാന്‍: ഇതുതന്നെയാണ് ജാതിവ്യത്യാസം നിലനില്ക്കുന്നതിനും കാരണം. മുന്‍കാലത്ത് പിന്നില്‍ പോയവര്‍ ഒരിക്കലും മുന്നില്‍ വരില്ല എന്ന് മുന്നോക്കക്കാരന് ഉറപ്പുണ്ടായിരുന്നു. അവര്‍ അതിന് ഭരണാധികാരികളായി, ജാതി തിരിച്ച് സമൂഹത്തില്‍ അടുക്കുകള്‍ ഉണ്ടാക്കിയിരുന്നു. മുന്നോക്കഭാവം ഒന്നിനൊന്നു നല്‍കി എല്ലാവരെക്കൊണ്ടും അംഗീകരിപ്പിച്ചിരുന്നു.

രാജു: ജാതിവ്യത്യാസം ഉണ്ടായത് ചാതുര്‍ണ്യത്തില്‍ നിന്നല്ലേ. തൊഴില്‍ അടിസ്ഥാനത്തിലുള്ള ജീവിതം പില്ക്കാലത്ത് ജാതിയായി പരിണമിച്ചുപോയതല്ലേ?

ഞാന്‍: ജാതിയല്ല ഉച്ചനീച ഭാവമാണ് പ്രശ്‌നം. പരസ്പരം മത്സരിക്കുന്നു എന്നതാണ് യഥാര്‍ത്ഥ പ്രശ്‌നം.

ആദിമ മനുഷ്യന് ലോകം മുഴുവന്‍ യഥേഷ്ടം സഞ്ചരിക്കാമായിരുന്നെങ്കിലും ഒരു പരിധിവിട്ടു പോയിരുന്നില്ല. നിത്യജീവിതത്തിനാവശ്യമായത് കിട്ടാതെ വരുമ്പോഴേ ദൂരേയ്ക്കു സാധാരണ സഞ്ചരിക്കാറുണ്ടായിരുന്നുള്ളു. തന്റെ പരിചയപരിധിക്കപ്പുറത്തുള്ള എല്ലാറ്റിനേയും അവന്‍ സംശയിച്ചു. ഭയപ്പെട്ടു പ്രകൃതിയെ സ്വന്തമാക്കി വയ്ക്കുവാനുള്ള ശക്തിയും അറിവും നേടുന്നതിനനുസരിച്ച് മനുഷ്യന്‍ മൃഗങ്ങളെ, മരങ്ങളെ, മണ്ണിനെ, സമുദ്രത്തെ, ആകാശത്തെ ഒക്കെ സ്വന്തമാക്കിക്കൊണ്ടിരിക്കുകയാണ്. എത്ര സ്‌നേഹത്തോടെ പട്ടിയേയും, പൂച്ചയേയും, പശുക്കളേയും ഒക്കെ അവന്‍ സ്വന്തമാക്കി വളര്‍ത്തുന്നു. മരങ്ങള്‍ നട്ടുവളര്‍ത്തുന്നു. ഭൂമിക്ക് അതിരിട്ടു സൂക്ഷിക്കുന്നു. എന്നാല്‍ ഒന്നുമാത്രം സ്വന്തമാക്കാന്‍ അവന്‍ കൂട്ടാക്കിയില്ലെന്നു തന്നെയല്ല, ആ ഒന്നിനെ ശത്രുവായി കരുതിക്കൊണ്ടാണ് അവന്‍ മറ്റുള്ളവയെ ഒക്കെ സ്വന്തമാക്കാന്‍ ശ്രമിച്ചത്. എന്താണാ ഒന്ന്. പാമ്പാണോ? അല്ല. പാമ്പിനെ അവന്‍ പൂജിച്ചു. കാവു കൊടുത്തിരുത്തി. പിന്നെ എന്തിനെ? മനുഷ്യനെ. അന്നും ഇന്നും പ്രകൃതിയില്‍ ഒരു മനുഷ്യന് വേണ്ടാത്തത് മറ്റു മനുഷ്യരെ ആണ്.

രാജു: എന്തുകൊണ്ടിങ്ങനെ വന്നു?

ഞാന്‍: മറ്റു ജന്തുക്കളെയെല്ലാം അവന് മനസ്സിലാക്കാമായിരുന്നു. ഇണക്കിയോ പിണക്കിയോ കീഴ്‌പെടുത്താമായിരുന്നു. തന്റെ രൂപത്തിലുള്ള മനുഷ്യനെ സംബന്ധിച്ചിടത്തോളം ഒരു പ്രത്യേകത ഉള്ളത്, തനിക്കു വേണ്ടതുതന്നെയാണ് അവനും വേണ്ടത് എന്നതാണ്. തന്റെ ഇണയെ ലോകത്ത് മറ്റൊരു ജന്തുവിനും ഇണയായി വേണ്ട, മറ്റൊരു മനുഷ്യനു വേണം. എന്റെ കാറ് ലോകത്ത് മനുഷ്യനൊഴിച്ച് മറ്റൊരു ജന്തുവിനും ആവശ്യമില്ല. ഒരു വസ്തുവില്‍ രണ്ടുപേര്‍ക്ക് പിടി ഇടേണ്ടി വരുമ്പോള്‍ ശത്രുത വരും. മനുഷ്യന് ഇങ്ങനെ മനുഷ്യന്‍ ഏറ്റവും വലിയ ശത്രുവായിത്തീര്‍ന്നുപോയി. ഈ ശത്രുതാ ബോധം പരസ്പരം കീഴടക്കാനുള്ള വാസനയായി വികസിച്ചു. കൈയൂക്കുള്ളവന്‍ മറ്റുള്ളവരെ കിങ്കരന്മാരാക്കി. മനുഷ്യന്റെ ബോധത്തെ ചൂഷണം ചെയ്ത് മേലുകീഴ്ഭാവം സൃഷ്ടിച്ചു നിലനിറുത്തി. സ്ത്രീക്ക് സ്വാതന്ത്ര്യമില്ല. ശൂദ്രനു പഠിച്ചുകൂടാ. മന്ത്രിസഭായോഗം രഹസ്യമായിരിക്കണം. നിയമസഭയില്‍ വോട്ടറന്മാര്‍ക്ക് സംസാരിച്ചുകൂടാ. ഞങ്ങളുടെ ദേവാലയത്തില്‍ അന്യര്‍ക്കു കയറിക്കൂടാ. ഞാന്‍ വച്ച വീട് എനിക്കു മാത്രമുള്ളതാണ്. ഈ ആധാരത്തില്‍ കാണുന്ന സ്ഥലം എനിക്കുള്ളതാണ്. എന്നെല്ലാം അബദ്ധ പ്രമാണങ്ങള്‍ ചമച്ചുകൂട്ടുന്ന കൂട്ടത്തിലാണ് ജാതിയിലൂടെ ഉച്ചനീചത്വം ഉറപ്പിച്ചുവച്ചത്. ആദ്യം താഴെ വന്നവര്‍ സ്ഥിരമായി താഴെയായിപ്പോയി. എന്നാല്‍ പറയര്‍ക്കും പാക്കനാരുടെ പാരമ്പര്യസ്ഥാനം കൊടുത്തുയര്‍ത്തുകയും ചെയ്തു. ആപേക്ഷികമായ ഔന്നത്യം എല്ലാവര്‍ക്കും കൊടുത്ത് അതതു സ്ഥാനത്ത് ഉറപ്പിച്ചു.

നവ: ലോകമൊട്ടാകെ ഈ അവസ്ഥയ്ക്ക് പതുക്കെപ്പതുക്കെ മാറ്റം വന്നു. ഒരു പുതിയ ബോധം ഉണര്‍ന്നു. തുല്യതയുടെ ബോധം, സമത്വത്തിന്റെ ആവേശം. അതോടെ അതിരുകള്‍ ഭേദിക്കപ്പെട്ടു. ചങ്ങലകള്‍ പൊട്ടിത്തെറിച്ചു. അടിയില്‍നിന്നും മേലോട്ട് ഒരു കുതിച്ചുകയറ്റം ഉണ്ടായി. മേല്‍ഘടകങ്ങള്‍ ഭയന്നുവിറച്ചു. ഭൂമിയുടെ എല്ലാ ഭാഗങ്ങളിലും ഈ ദൃശ കുതിച്ചുകയറ്റം പല പേരുകളില്‍ ഉണ്ടായി. ചിലേടത്തു സ്വാതന്ത്ര്യസമരം, ചിലേടത്തു രാജവാഴ്ചക്കെതിരായ പോരാട്ടം, ചിലേടത്തു സോഷ്യലിസം.