close
Sayahna Sayahna
Search

സാഹിത്യവാരഫലം 1990 02 04


സാഹിത്യവാരഫലം
Mkn-01.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1990 02 11
ലക്കം 752
മുൻലക്കം 1990 02 04
പിൻലക്കം 1990 02 18
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

കുടിക്കാനായി ഒരു ഗ്ലാസ്സ് ശുദ്ധജലം എന്റെ അടുത്തു കൊണ്ടുവച്ചിരുന്നു. എന്റെ പേനയിലെ മഷി തീര്‍ന്നതുകൊണ്ടു മഷി നിറച്ചിട്ടാവാം വെള്ളം കുടിക്കുന്നതെന്നു ഞാന്‍ കരുതി. പേനയില്‍ മഴി ഒഴിച്ചിട്ട് മഷിക്കുപ്പി മാറ്റി വയ്ക്കുന്ന വേളയില്‍ എങ്ങനെയോ ഒരു തുള്ളി മഷി വെള്ളത്തിലേക്കു വീണു. അതോടെ ഞാന്‍ ഗ്ലാസിലേക്കു നോക്കുകയായി. എന്തൊരു ആകര്‍ഷകമായ കാഴ്ച! നീലനിറമാര്‍ന്ന ഒരു വക്രരേഖ ക്രമേണ താഴത്തേക്കു ഇഴഞ്ഞു തുടങ്ങി. പിന്നീട് പല വക്രരേഖകള്‍. എല്ലാംകൂടി ഏതാനും നിമിഷങ്ങള്‍ കൊണ്ടു കെട്ടുപിണഞ്ഞു. ഏതു കലാകാരന്‍ വിചാരിച്ചാലും നിര്‍മ്മിക്കാനാവാത്ത ‘ഡിസൈന്‍’. അല്പം കഴിഞ്ഞപ്പോള്‍ രേഖകള്‍ പടര്‍ന്നു തുടങ്ങി. എല്ലാം ഒരുമിച്ചു ചേര്‍ന്നു. ഒന്നു രണ്ടു നിമിഷം കൊണ്ട് ജലം ഇളംനീലനിറമായി. ശുദ്ധജലത്തിന് എത്ര ഭംഗി ഉണ്ടായിരുന്നുവോ അതിന്റെ നൂറിരട്ടി ഭംഗിയുണ്ടായി ആ നീലനിറത്തിന്. വേറെ വെള്ളം കുടിക്കേണ്ടതില്ല, അത് അങ്ങനെതന്നെയിരുന്നു കണ്ണിന് ആഹ്ലാദം പകരട്ടെയെന്നു ഞാന്‍ തീരുമാനിച്ചു. ഇതിനു ശേഷമാണ് ഞാന്‍ കെ.കെ. സുധാകരന്റെ ‘കാലൊച്ചയില്ലാതെ’ എന്ന ചെറുകഥ വായിച്ചത് (മാതൃഭൂമി ആഴചപ്പതിപ്പ്). അതിലും കണ്ടു ഒരു നീലരേഖയുടെ വക്രഗതിയാര്‍ന്ന സഞ്ചാരം. ഒരു രേഖയല്ല, പല രേഖകള്‍. എല്ലാം കൂടി ഒരുമിച്ചു ചേര്‍ന്ന് രതിയുടെ ആ നീല വര്‍ണ്ണം. നിഷ്കളങ്കതയും നിരപരാധിയുമായ ഒരു പെണ്‍കുട്ടിക്ക് പ്രേമലേഖനം കിട്ടുന്നതായി ആദ്യത്തെ പ്രസ്താവം. പിന്നീടു തുടര്‍ച്ചയായി ലഭിക്കുന്ന കത്തുകള്‍ യഥാര്‍ത്ഥങ്ങളാവാം, ഭ്രമാത്മകമായ തോന്നലുകളാവാം. ആദ്യം ഒരു പെണ്‍കുട്ടിയില്‍ തന്നെ ദ്വന്ദ്വഭാവം. താന്‍ സ്നേഹിക്കുന്ന അച്ഛനമ്മമാരുടെ മകള്‍ ഒന്ന്. രണ്ടാമത്തേത് സ്വന്തം കാമോത്സുകതയെ അവരില്‍ നിന്നു മറച്ചുവയ്ക്കുന്ന കാമുകി. മകള്‍ക്ക് ആദ്യമൊക്കെ പ്രാധാന്യം. പിന്നീട് കാമുകിക്കു പ്രാധാന്യം. അതു കൈവരുമ്പോള്‍ മകളെന്ന ഭാവം അപ്രത്യക്ഷമാകുന്നു. ബാഹ്യാവയവങ്ങളില്‍ കേന്ദ്രീകരിച്ച ലൈഗികത്വം ഇല്ലിവിടെ. ആന്തരമായ ഒരു ലോലവികാരമേയുള്ളൂ. ആ നീലരേഖയാണത്. അത് ഋജുവായും വക്രമായും ഒഴുകുന്നു. ഒടുവില്‍ പല രേഖകളൂമായി ഒരുമിച്ചു ചേര്‍ന്നു രതിയുടെ ഇളം നീലവര്‍ണ്ണമായി പരിണമിക്കുന്നു. രതി എന്ന വാക്ക് ഞാന്‍ ഉപയോഗിച്ചെങ്കിലും അതിനെയും അതിശയിച്ച ഒരവസ്ഥയാണ് ഇവിടെയുള്ളത്. കഥയ്ക്ക് ആകെയുള്ള സന്ദിഗ്ദ്ധാര്‍ത്ഥത പെണ്‍കുട്ടിയുടെ മനസ്സിന്റെ ഭ്രമാത്മകതയെ സൂചിപ്പിക്കുന്നു.

ചോദ്യം, ഉത്തരം

Symbol question.svg.png നിങ്ങള്‍ സ്ത്രീകളെ കുറ്റം പറയുന്നതു പ്രായം കൂടിയ കാലത്തെ സെക്സ് റിപ്രെഷന്‍ കൊണ്ടല്ലേ?

ഈ ചോദ്യത്തിന് ഉത്തരം പറയാന്‍ പ്രയാസമുണ്ട്. യഥാര്‍ത്ഥത്തില്‍ അങ്ങനെയൊരു നിരോധമുണ്ടെങ്കില്‍ അത് അബോധാത്മകമായിരിക്കും. അബോധാത്മകമായത് ഞാനെങ്ങനെ അറിയും? പിന്നെ ഞാനങ്ങനെ സ്ത്രീകളെ കുറ്റം പറയാറില്ല. സ്ത്രീയെ മാനദണ്ഡമാക്കി പുരുഷനെയും പുരുഷനെ മാനദണ്ഡമാക്കി സ്ത്രീയെയും അളക്കരുത്. സ്ത്രീയെ അവളുടെ സ്വതസ്സിദ്ധമായ മേന്മകൊണ്ടളക്കണം. പുരുഷനെയും അങ്ങനെതന്നെ. ഭര്‍ത്താവു കൊടുക്കുന്ന തുച്ഛമായ പണം കൊണ്ടു കുടുംബബജറ്റ് തയ്യാറാക്കി വീട്ടിലെ കാര്യങ്ങള്‍ ഭംഗിയായി നടത്തുന്ന സ്ത്രീ, ഭരിക്കാനറിയാതെ നാടു നശിപ്പിക്കുന്ന ഏതു പ്രധാനമന്ത്രിയെക്കാളും കേമത്തമുള്ളവളാണ്.

[മുകളിലെഴുതിയ ചോദ്യം എനിക്കു നേരിട്ടയച്ചതല്ല. പ്രശസ്തനായ ഹാസ്യകവി ചെമ്മനം ചാക്കോയോട് സിവില്‍ സ്ല്ളൈസ് ഡിപാര്‍ട്ട്മെന്റിലെ ഒരുദ്യോഗസ്ഥ എന്നെക്കുറിച്ചു പറഞ്ഞ ഒരഭിപ്രായം ചോദ്യരൂപത്തിലാക്കിയതാണ് ഞാന്‍.]

എന്നാണ്?

വേശ്യകള്‍ക്കാണു ചാരിത്രശാലിനികളെക്കാള്‍ കാരുണ്യമുള്ളത് എന്ന സത്യം തെളിയിക്കുന്നു മോപസാങ്ങിന്റെ ‘ബൂല്‍ ദ സ്വീഫ്’ എന്ന ചെറുകഥ (Boule-de-Suif). ഫ്രാങ്കോ-പ്രഷ്യന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ രചിച്ച ഇക്കഥ മനോഹരമാണ്. ജര്‍മ്മന്‍ പടാളത്തിലെ ചില ഉദ്യോഗസ്ഥന്മാര്‍ മറ്റു ചില യാത്രക്കാരുമായി റ്വാങ്ങ് (Rouen) പട്ടണത്തില്‍നിന്നു പോകുകയാണ്. അവരുടെ കൂട്ടത്തില്‍ ബൂല്‍ ദ് സ്വീഫ് എന്ന വേശ്യയുമുണ്ട്. അവളുടെ കൈയില്‍ മാത്രമേ ആഹാരമുള്ളൂ. മറ്റു യാത്രക്കാര്‍ വിശന്നുപൊരിയുന്നതുകണ്ട് വേശ്യ താന്‍ കൊണ്ടുവന്ന ഭക്ഷണസാധനങ്ങള്‍ അവര്‍ക്കും കൊടുത്തു. ആഹാരമൊക്കെക്കഴിഞ്ഞനുശേഷം യാത്ര ആരംഭിക്കേണ്ടതാണ്. പക്ഷേ വേശ്യ തനിക്കു വഴങ്ങിയെങ്കിലേ മുന്നോട്ടു പോകാനൊക്കൂ എന്നായി ജര്‍മ്മന്‍ സൈനികോദ്യോഗസ്ഥന്‍. ആദ്യം വേശ്യയെ പുച്ഛിച്ചിരുന്ന യാത്രക്കാര്‍ അവളുടെ ഭക്ഷണസാധനങ്ങള്‍ കഴിച്ചതുനുശേഷം ദയയോടെ അവളെ നോക്കിത്തുടങ്ങിയതാണ്. ജര്‍മ്മനുദ്യോഗസ്ഥന്‍ യാത്ര തുടരാന്‍ സമ്മതിക്കില്ലെന്നു കണ്ടപ്പോള്‍ അവര്‍ അവളെ ഉപദേശിച്ചു അയാള്‍ക്കു വിധേയയാകാന്‍. വേഴ്ച കഴിഞ്ഞപ്പോള്‍ വണ്ടി മുന്നോട്ടുപോയി. അതിനുശേഷം വേശ്യയെക്കൊണ്ട് യാത്രക്കാര്‍ക്ക് ഒന്നും നേടാനായില്ല. അതുകൊണ്ട് അവര്‍ അവളെ വീണ്ടും പുച്ഛിച്ചു. ബൂല്‍ ദ് സ്വീഫ് വണ്ടിയുടെ മൂലയിലിരുന്നു കരഞ്ഞു. കന്യാസ്ത്രീകളും ജനാധിപത്യവാദികളും ഇടത്തരക്കാരും പ്രഭുക്കന്മാരും ഉള്ള ആ യാത്രക്കാരുടെ സമൂഹം അന്നത്തെ സമുദായത്തിന്റെ ഒരു പരിച്ഛേദമാണ്. അതിന്റെ കാപട്യത്തെയാണ് മോപസാങ്ങ് പരിഹസിച്ചത്.

കെ.പി. രാമനുണ്ണിയുടെ “വിധാതാവിന്റെ ചിരി” എന്ന ചെറുകഥയില്‍ (കലാകൗമുദി) ഒരു വേശ്യയുടെ കാരുണ്യവും സമുദായത്തിന്റെ കാപട്യവും ചിത്രീകരിച്ചിരിക്കുന്നു. സദാചാരസമിതിയിലെ നേതാവ് വേശ്യയെ പ്രാപിച്ചവനാണെങ്കിലും ഒരു യുവാവുമായി അവള്‍ വേഴ്ച തേടുന്നത് അയാള്‍ക്കിഷ്ടമില്ല. ഒരു മാന്യസ്ത്രീയെ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ആ യുവാവ്. വിവാഹദിനവും ഉറപ്പിച്ചുകഴിഞ്ഞു. എങ്കിലും സദാചാരസമിതിക്കാര്‍ വേശ്യയുടെയും യുവാവിന്റെയും വിവാഹം ബലാല്‍ക്കാരമായി നടത്തി. ചെറുപ്പക്കാരന്റെ നൈരാശ്യവും ദുഃഖവും മനസ്സിലാക്കിയ വേശ്യ അയാളെ പറഞ്ഞയച്ചു. അങ്ങനെ തന്നെ രക്ഷിച്ചവളെ അയാള്‍ തെറിവിളിച്ചിടാണ് അവിടംവിട്ടുപോയത്.

നൃശംസതയുള്ളവര്‍ക്കു രാമനുണ്ണി മോപസാങ്ങിന്റെ കഥയിലെ ഇമേജുകള്‍ക്കു മാറ്റം വരുത്തിയിട്ടേയുള്ളൂ എന്നു പറയാം. എനിക്കു നൃശംസതയുണ്ടെങ്കിലും ഞാനങ്ങനെ പറയുന്നില്ല. പക്ഷേ ഫ്രഞ്ചെഴുത്തുകാരന്റെ വിശ്വവിഖ്യാതമായ കഥ പല പരിവൃത്തി വായിച്ച എനിക്ക് മലയാളമെഴുത്തുകാരന്റെ കഥ ഒരു നേരിയ ചലനംപോലുമുളവാക്കിയില്ല എന്നു പറയേണ്ടിയിരിക്കുന്നു. എന്നാണ് നമുക്ക് തികച്ചും മൗലികമായ ഒരു കഥ കിട്ടുക!

ചോദ്യം ഉത്തരം

Symbol question.svg.png വേശ്യാവൃത്തിയെ താങ്കള്‍ അംഗീകരിക്കുന്നോ?

വിശപ്പുള്ള പത്തുപേര്‍ക്ക് ഒരേസമയം ഭക്ഷണം വിളമ്പിക്കൊടുത്തു സ്ത്രീ അവരുടേയെല്ലാം വിശപ്പു മാറ്റുന്നു. അവള്‍ തന്നെ അവരുടെ വേറൊരു വിശപ്പുകൂടി മാറ്റിയാല്‍ അതിനെ അത്ര കണ്ടു പുച്ഛിക്കേണ്ടതുണ്ടോ?

Symbol question.svg.png വേശ്യയുടെയും കുലീനയുടെയും പ്രവൃത്തികള്‍ക്കു തമ്മില്‍ എന്താണു വ്യതാസം?

സായ്പ് നൽകിയ ഉത്തരമെഴുതാം.

“A Prostitute is a women who does the same thing for a living that other women do for pleasure.”

Symbol question.svg.png അഫ് റോഡിസിയക് എന്നാല്‍ എന്താണ്?

കാമോദ്ദീപനൗഷധം എന്ന് അര്‍ത്ഥം. പലര്‍ക്കും പലതാണ് അത്തരം ഔഷധങ്ങള്‍. അശ്വഗന്ധം(അമുക്കൂരം) ഇത്തരമൊരു ഔഷധമാണെന്നു ചിലര്‍ പറയുന്നു. ചില സ്ത്രീകള്‍ക്കു നൂറുരൂപയുടെ നോട്ടുകെട്ടുകള്‍ അഫ് റോഡിസിയക് ആണത്രേ.തരുണി, എഴുത്തുകാരനെ അയാളുടെ രചനകളുടെ പേരില്‍ പ്രശംസിച്ചാല്‍ അയാള്‍ക്കത് കാമോദ്ദീപനൗഷധമാകുമെന്നു സൊള്‍ ബെലോ എന്ന നോവലിസ്റ്റ് പറഞ്ഞിട്ടുണ്ട്.

[ചോദ്യങ്ങള്‍ എല്ലാം സ്വന്തം]

ഇന്ത്യയെ വിൽക്കാനുണ്ട്

ഇംഗ്ലണ്ടിനെസംബന്ധിച്ച ഇന്ത്യാക്കാരന്റെ അനുഭവങ്ങളെ ആവിഷ്കരിക്കുന്ന പല നോവലുകളും ഉണ്ടായിട്ടുണ്ട്. ജി.ഡി. ദേശാനിയുടെ All About H. Hatterr എന്ന നോവലിനെ റ്റി.എസ്. എല്യറ്റ് പോലും വാഴ്ത്തി.ജോര്‍ജ്ജ് ലാമിങ്ങിന്റെ THe Emmigrants നയ്പൊളിന്റെ The Enigma of Arrival എന്നീ കൃതികള്‍ ബാര്‍ബേഡോസിലും ട്രിനിഡഡിലും ജനിച്ചവര്‍ക്ക് ഇംഗ്ലണ്ടിലുണ്ടാകുന്ന അനുഭവങ്ങളെ പ്രതിപാദിക്കുന്നു. റുഷ്ദിയുടെ The Satanic Verses ബ്രിട്ടനിലെ കുടിയേറ്റക്കാരന്റെ അനുഭവങ്ങളെ അവിദഗ്ദ്ധമായി ചിത്രീകരിക്കുന്ന നോവലാണ്. ദേശാനിയുടെ നോവലിനെ റുഷ്ദിയുടെ നോവലിന്റെ ‘മുന്‍ഗാമി’യായി കരുതാം. ഗ്രാമ്യവും പ്രകടാത്മകവും വിലക്ഷണവുമായ ഇംഗ്ലീഷ് ഭാഷ കരുതിക്കൂട്ടി പ്രയോഗിച്ച് ദേശാനി ബ്രട്ടീഷ് ഇംപീരിയലിസത്തെ പരിഹസിക്കുന്നു. വായിക്കാനെടുത്താല്‍ താഴെ വയ്ക്കാന്‍ തോന്നാത്ത നോവലാണ് അത്. റുഷ്ദി അതിനെ മാതൃകയാക്കി എഴുതിയ The Satanic Verses തികഞ്ഞ വൈരസ്യമാണ് വായനക്കാര്‍ക്ക് ഉളവാക്കുന്നത്. വിദ്വേഷത്തിന്റെ നാദമാണ് നോവലിലാകെ. ബ്രട്ടീഷ് പ്രധാനമന്ത്രി താച്ചറെ മിസ്സിസ് ടോര്‍ച്ചര്‍,മാഗി ദ് ബീച്ച്, റെഡ് റൈഡിങ്ങ് ഹുഡ്ഡിലെ ചെന്നായ് അമ്മൂമ്മ എന്നൊക്കെ വിളിക്കുന്ന റുഷ്ദിക്ക് ശത്രുതയല്ലാതെ വേറെ എന്താണുള്ളത്? ഇന്ത്യന്‍ പ്രധാനമന്ത്രിയെ എയര്‍ ലൈന്‍ പൈലറ്റ് എന്നാണ് അദ്ദേഹം വിളിക്കുക. ഞാന്‍ രാജീവ്ഗാന്ധിയുടെ ആരാധകനല്ല. പക്ഷേ കരുതിക്കൂടി ഒരാളെ ആക്ഷേപിക്കാമോ? ചലച്ചിത്രതാരം അഭിതാഭ് ബച്ചനെക്കുറിച്ച് അദ്ദേഹം എഴുതിയിരിക്കുന്നതെല്ലാം അസഭ്യമാണ്. ശതാബ്ദങ്ങളായി മനുഷ്യര്‍ ആരാധിക്കുന്ന ആചാര്യന്മാരെ റുഷ്ദി എങ്ങെനെ ആക്ഷേപിക്കുന്നു എന്നത് ഞാന്‍ വീണ്ടും എഴുതേണ്ടതില്ല.

സത്യമിതായിരുന്നിട്ടും സായ്പന്മാര്‍ അദ്ദേഹത്തെ സുപ്രധാനനായ സാഹിത്യകാരനായി അവതരിപ്പിക്കുന്നു. (ജനുവരി 16-ലെ The Independent ദിനപത്രത്തില്‍ റുഷ്ദിയെപ്പറ്റി George Walden എഴുതിയ ലേഖനം എടുത്തുചേര്‍ത്തിരിക്കുന്നു.) റുഷ്ദിയുടെ ഇംഗ്ലീഷിനെ വാഴ്ത്തുന്നവരുണ്ട്. ഇന്ത്യയിലുള്ളവരും ഫ്രാന്‍സ്, ജര്‍മ്മനി, റഷ്യ ഈ രാജ്യങ്ങളിലുള്ളവരും ഇംഗ്ലീഷ് പഠിച്ച് ആ ഭാഷയില്‍ ഗ്രന്ഥങ്ങള്‍ എഴുതുമ്പോള്‍ ഇംഗ്ലീഷ് ഭാഷയുടെ ‘ജീനിയസ്’ ഇല്ലാതാവുന്നു. സ്വന്തം ശൈലികൊണ്ട് effect ഉണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നത്. ഇംഗ്ലീഷുകാര്‍ ഈ യത്നത്തെ പുച്ഛിക്കുകയേയുള്ളൂ. റുഷ്ദിയുടെ ഇംഗ്ലീഷ് സ്വാഭാവികമല്ല. എങ്കിലും ഇംഗ്ലീഷുകാര്‍ അദ്ദേഹത്തെ പ്രശംസിക്കുന്നു. അതിനു കാരണമുണ്ട്. റുഷ്ദിയും നയ്പോളും ഇംഗ്ലണ്ടിലെ തെരുവുകളിലൂടെ ഇന്ത്യയെ വിൽക്കാനുണ്ട് വേണോ, വേണോ’ എന്നു ചോദിക്കുകയാണ്. താച്ചര്‍ക്ക് ചെന്നായ് അമ്മൂമ്മയുടെ വലിയ പല്ലുകളാണുള്ളതെന്നു പറഞ്ഞ റുഷ്ദിക്ക് ഇപ്പോള്‍ ലണ്ടനിലെ റോഡിലൂടെ നടക്കാന്‍ വയ്യ. അദ്ദേഹം നിന്ദിച്ച താച്ചര്‍ തന്നെ അദ്ദേഹത്തെ സംരക്ഷിക്കുന്നു. നയ്പോളിനു നല്ല വില കിട്ടി. ‘സര്‍’ സ്ഥാനം ഇംഗ്ലണ്ടിലെ സര്‍ക്കാര്‍ അദ്ദേഹത്തിനു കൊടുത്തു. ഒളിച്ചിരിക്കേണ്ട ഗതികേട് റുഷ്ദിക്കു സംഭവിച്ചില്ലായിരുന്നെങ്കില്‍ അദ്ദേഹത്തിനും ‘സര്‍’ സ്ഥാനം കിട്ടുമായിരുന്നു. പ്രസിഡന്റ് Rafsanjani കാരുണ്യം കാണിച്ചാല്‍ റുഷ്ദി വീണ്ടും സായ്പന്മാരോട് ‘ഇന്ത്യയെ വിൽക്കാനുണ്ട് വേണോ വേണോ’ എന്നു വിളിക്കുന്നത് നമുക്കൊക്കെ കേള്‍ക്കാറാകും.

ചോദ്യം ഉത്തരം

Symbol question.svg.png ആരാണ് ജോര്‍ജ്ജ് ലാമിങ്ങ്?

ബാര്‍ബേഡോസ് ദ്വീപില്‍ ജനിച്ചു. നോവലിസ്റ്റ് എന്ന നിലയില്‍ അദ്ദേഹം വിശ്വവിഖ്യാതനായി. 1953-ല്‍ പ്രസിദ്ധപ്പെടുത്തിയ In the Castle of My Skin എന്ന നോവലാണ് അദ്ദേഹത്തിന്റെ മാസ്റ്റര്‍ പീസ്. 1954-ല്‍ പ്രസാധനം ചെയ്ത The Emigrants വേറൊരു നോവല്‍. ഒരു Carribean ദ്വീപില്‍ വളര്‍ന്നുവരുന്ന നാലു കുട്ടികള്‍ക്ക് ജീവിത പരിവര്‍ത്തനം സംഭവിക്കുന്നതിനെ ഹൃദ്യമായി ചിത്രീകരിക്കുന്നു ആദ്യത്തെ നോവല്‍. രണ്ടാമത്തെ കൃതിയില്‍, 1950-ല്‍ ബ്രിട്ടനില്‍ പോകുന്ന കുറെ വെസ്റ്റ് ഇന്‍ഡ്യാക്കാര്‍ക്കുണ്ടാകുന്ന അനുഭവങ്ങളാണ് പ്രതിപാദ്യം. 1960-ല്‍ പ്രസിദ്ധപ്പെടുത്തിയ The Pleasures of Exile എന്ന പുസ്തകം നോവലല്ല. അതിലെ പ്രബന്ധങ്ങള്‍ കൊളോണിയലിസത്തിന്റെ സവിശേഷതകള്‍ എടുത്തുകാണിച്ച് ഒരു പുതിയ തലമുറയുടെ വിചാരവികാരങ്ങളെ സ്ഫുടീകരിക്കുന്നു. ലാമിങ്ങ് വേറെ പലതും എഴുതിയിട്ടുണ്ട്. അവ ഞാന്‍ വായിച്ചിട്ടില്ല.

Symbol question.svg.png രചനയുടെ സ്വഭാവം കാണിക്കാന്‍ കുറെ വാക്യങ്ങള്‍ എഴുതാമോ?

കേള്‍ക്കൂ. For a whole week i travelled through Manhattan like a boy scout on holiday. Literature seemed irrelevant beside the eloquence of those sky scrapers. I had no time to think who or what civilisation had built them. It was the, work of human hands, man’s energy, a collective enterprise. I thought simply that some of them were too tall. Buildings made and inhabited by men shouldn’t, for some reason, be so tall” (The pleasures of Exile page 188. Allison, Busy London, GBP 3.50). [ചോദ്യങ്ങള്‍ സ്വന്തം]

നിരീക്ഷണങ്ങൾ

സ്രാവുകളെ ഞാന്‍ വെട്ടിച്ചു പോന്നു. കടുവകളെ കൊന്നു. എന്നെ തിന്നുന്നത് മൂട്ടകളാണ്. നിരൂപണത്തിനു കൈകള്‍ പ്രദാനംചെയ്യൂ. രാഷ്ടങ്ങളെ അതു തകര്‍ക്കും. — ബ്രഹറ്റ്

  1. ദേശാഭിമാനി വാരികയിലെ സാംസ്കാരികരംഗം എന്ന പംക്തി പ്രയോജനമുള്ളതാണ്. ഞാനതു പതിവായി വായിക്കാറുണ്ട്. 31-ആം ലക്കത്തിലെ വാരികയില്‍ എ.പി.പി. നമ്പൂതിരി ഇങ്ങനെ പറഞ്ഞതായി കാണുന്നു. “നിരൂപണ സാഹിത്യത്തില്‍ ജേണലിസത്തിനും ആത്മഘോഷണത്തിനും പ്രാമുഖ്യം ലഭിക്കുന്നത് ദുഷിച്ച പ്രവണതയാണ്. ജേണലിസം സാഹിത്യ നിരൂപണത്തില്‍ കടന്നുവരുന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് മലയാള മനോരമയിലെ, കഥയെക്കുറിച്ചുള്ള എം. കൃഷ്ണന്‍ നായരുടെ ലേഖനം. ഒ. വി. വിജയനെപ്പോലുള്ളവര്‍ ആത്മഘോഷണ പ്രവണതയിലേക്ക് കടക്കുന്നു.” എ. പി. പി നമ്പൂതിരിയുടെ ഈ പ്രസ്താവത്തില്‍ തെറ്റൊന്നുമില്ല. ഞാന്‍ നിരൂപകനോ വിമര്‍ശകനോ അല്ലെന്നും ജേണലിസ്റ്റ് മാത്രമാണെന്നും എത്രയോ തവണ പറഞ്ഞിട്ടുണ്ട്. ഇപ്പോഴും അതു പറയുന്നു. എ. പി.പി. നമ്പൂതിരിയെപ്പോലെ നിരൂപകനായി വിരാജിക്കുന്നതിനെക്കാള്‍ മാന്യത ജേണലിസ്റ്റായി കഴിയുന്നതിനാണ്. പിന്നെ ഒരു സംശയം. എന്റെ ഒരു പുസ്തകം കോഴിക്കോട്ടു വച്ച് ‘റിലീസ്’ ചെയ്തപ്പോള്‍ അദ്ദേഹവും പ്രഭാഷകനായി എത്തി. അന്ന് എന്റെ ജേണലിസ്റ്റ് പ്രബന്ധങ്ങളെ അദ്ദേഹം വാഴ്ത്തുകയുണ്ടായി. നമ്പൂതിരി സത്യം പറഞ്ഞത് ഇപ്പോഴാണോ അതോ അപ്പോഴോ? — “സ്രാവുകളെ ഞാന്‍ വെട്ടിച്ചു പോന്നു. കടുവകളെ കൊന്നു. എന്നെ തിന്നുന്നത് മൂട്ടകളാണ്” — ബ്രഹ്റ്റ്.
  2. തമിഴ് എഴുത്തുകാരി ശിവശങ്കരിയുമായി കുങ്കുമം വാരികയുടെ പ്രതിനിധി നടത്തിയ ഒരഭിമുഖ സംഭാഷണത്തില്‍ അവര്‍ വിമര്‍ശനത്തെക്കുറിച്ചു പറഞ്ഞതിങ്ങനെ: “വിമര്‍ശനം ആത്മാര്‍ത്ഥതയുള്ളതും രചനാത്മകവുമാണെങ്കില്‍ അത് ഉള്‍ക്കൊള്ളണമെന്നാണെന്റെ പക്ഷം. ചിലപ്പോള്‍ കുശുമ്പുകൊണ്ടായിരിക്കും വിമര്‍ശനമുണ്ടാകുന്നത്. അത്തരം വിമര്‍ശനങ്ങളെ ഒട്ടും ഗൗനിക്കേണ്ടതില്ല.” ‘നിരൂപകനാണോ അവന്‍? എന്നാല്‍ കൊല്ല് ആ പട്ടിയെ’ എന്ന് കേരളത്തിലുള്ള കൊച്ചെഴുത്തുകാര്‍ തൊണ്ടകീറി വിളിക്കുമ്പോള്‍ സര്‍ഗ്ഗാത്മകത്വത്തില്‍ വ്യാപരിക്കുന്ന ശിവശങ്കരി ഇങ്ങനെയൊരു അഭിപ്രായം പ്രകടിപ്പിച്ചതില്‍ എനിക്ക് സന്തോഷമുണ്ട്. യഥാര്‍ത്ഥ സാഹിത്യകാരന്മാര്‍ നിരൂപണത്തെ നിന്ദിക്കാറില്ല — “നിരൂപണത്തിനു കൈകള്‍ പ്രദാനം ചെയ്യൂ. രാഷ്ടങ്ങളെ അതു തകര്‍ക്കും” — ബ്രഹറ്റ്.
  3. ഒരു ദിനം നിന്റെ കണ്ണൊന്നടയുകിലതുമതി നിന്നെ ലോകം മറക്കുവാന്‍’ എന്നു കവി. അതു ശരിയാണ്. പക്ഷേ അപ്പോൾ മറ്റൊരു കവിയുണ്ടാകും. എന്റെ വീട്ടിന്റെ മുറ്റത്തുനിൽക്കുന്ന പനിനീര്‍ച്ചെടിയിലെ പൂവ് വൈകുന്നേരം കൊഴിഞ്ഞുവീഴുന്നു. സൂര്യന്‍ ക്ഷീണിച്ച് അസ്തമിച്ചു. ഇരുട്ടു വ്യാപിച്ചു..നേരം വെളുക്കുമ്പോള്‍ വേറൊരു പൂവ് ചെടിയില്‍ വിടര്‍ന്നു നിൽക്കുന്നു. പ്രഭാത സൂര്യന് എന്തൊരു തിളക്കം. പ്രകൃതിക്കു നവീകരണത്തിലാണ് താല്പര്യം. പുതിയ വ്യക്തികളിലൂടെ പുതിയ വസ്തുക്കളിലൂടെ അതു നവീകരണം നിര്‍വഹിച്ചുകൊണ്ടിരിക്കുന്നു.

കുളിമുറികളെ മലിനമാക്കരുത്

‘മലയാളനാട്’ വാരികയുടെ എഡിറ്ററായിരുന്ന എസ്. കെ. നായരുടെ വീട് മാത്രമല്ല അവിടത്തെ കുളിമുറിയും ദേവലോകം പോലെയാണ്. ഞങ്ങൾക്ക് ഒരു സമ്മേളനത്തിനു പോകണം. കൂടെയുള്ള ഒരു സാഹിത്യകാരനു കുളിച്ചേതീരൂ. ‘കുളിച്ചിട്ടുവരൂ’ എന്ന് കുളിമുറി ചൂണ്ടിപ്പറഞ്ഞു എസ്. കെ. സാഹിത്യകാരന്‍ കുളിച്ചിട്ട് തിരിച്ചെറങ്ങിയപ്പോള്‍ എസ്. കെ. പറഞ്ഞു: ‘അപ്പോള്‍ ഒരാഴ്ച എത്രവേഗം കഴിഞ്ഞു അല്ലേ?’ എനിക്കു കാര്യം മനസ്സിലായില്ല. എസ്. കെ. വിശദീകരിച്ചു. ‘ഇഷ്ടന്‍ ആഴ്ചയിലൊരിക്കലേ കുളിക്കൂ. കഴിഞ്ഞ കുളിക്കുശേഷം ഒരാഴ്ചയായി എന്നാണ് ഞാന്‍ പറഞ്ഞത്.’ കുളികഴിഞ്ഞ് എത്തിയ സാഹിത്യകാരന്റെ ദുര്‍ഗ്ഗന്ധം മാറിയിരിക്കുന്നു. സോപ്പിന്റെ മണം മുറിയില്‍ വ്യാപിച്ചു. അദ്ദേഹം ഡ്രസ്സ് ചെയ്തുകഴിഞ്ഞപ്പോള്‍ ഞങ്ങള്‍ മീറ്റിങ്ങ് സ്ഥലത്തേക്കു യാത്രയായി.

ജനയുഗം വാരിക എന്ന സുന്ദരമായ സ്നാനാഗാരത്തിലേക്കു കയറിയിറങ്ങിയിട്ടും മദന്‍ തോട്ടശ്ശേരി എന്ന കഥാകാരന്‍ വിശുദ്ധിയാര്‍ജ്ജിക്കുന്നില്ല. വിശുദ്ധിയുണ്ടാകുന്നില്ലെന്നു മാത്രമല്ല സ്നാനാഗാരത്തെ മലിനമാക്കുകയും ചെയ്യുന്നു. മഞ്ഞസ്സാരിയുടുക്കുന്ന ഒരു പെണ്ണിനെ ഒരുത്തന്‍ സ്നേഹിക്കുന്നു. അയാള്‍ നായര്‍. അവള്‍ ബ്രാഹ്മണവര്‍ഗ്ഗത്തില്‍പ്പെട്ടവര്‍. അവരുടെ പ്രേമം സാഫല്യത്തിലെത്തിയില്ല. അച്ഛന്റെ നിര്‍ബ്ബന്ധത്താല്‍ അവള്‍ സ്വന്തം ജാതിയില്‍പ്പെട്ട ഒരുത്തനെ വിവാഹം കഴിച്ചു. പൈങ്കിളിക്കഥാകാരനു പ്രേമത്തെ പുഷ്പിച്ചല്ലേ പറ്റൂ. അദ്ദേഹം പെണ്ണിന്റെ ഭര്‍ത്താവിനെയങ്ങു കൊന്നു. എന്നിട്ട് കുറെക്കാലം കഴിഞ്ഞ് ജോലിസ്ഥലത്ത് എത്തുന്ന നായരെ വിധവയുടെ “നായരാ” ക്കുന്നു. കുളിക്കാത്തവര്‍ കുളിച്ചെങ്കിലും വേണ്ടില്ല. കുളിമുറികളെ വൃത്തികേടാക്കരുത്. (കഥയുടെ പേര് ‘പൂവണിഞ്ഞ സ്വപ്നങ്ങള്‍’ എന്ന്.)

ചോദ്യം, ഉത്തരം

Symbol question.svg.png മഞ്ഞസാരി ഉടുക്കുന്നതിനെക്കുറിച്ച് എന്താണഭിപ്രായം?

വൃത്തികേട്

Symbol question.svg.png ഞാന്‍ പെണ്ണുകാണാന്‍ പോകുന്നു. ഒരുപദേശം തരാമോ?

വെറുതെ കണ്ടാല്‍പ്പോരാ. അവളെക്കൊണ്ടു സംസാരിപ്പിക്കണം. സ്ത്രീസ്വരം തന്നെയാണ് അവള്‍ക്കുള്ളതെങ്കില്‍ നന്ന്. സ്ത്രീക്കു പുരുഷന്റെ സ്വരം പാടില്ല. പുരുഷനു സ്ത്രീയുടെ ശബ്ദവും പാടില്ല.

Symbol question.svg.png വര്‍ദ്ധിച്ചുവരുന്നു നരഹത്യകള്‍, പഞ്ചാബില്‍. നിങ്ങളെന്തു പറയുന്നു?

എന്തു പറയാന്‍. അതിനെക്കാളേറെ കൊലപാതകങ്ങള്‍ നമ്മുടെ നാട്ടിലുണ്ട്. ഭര്‍ത്താക്കന്മാര്‍ ഭാര്യമാരെ ഞെക്കിക്കൊല്ലുന്നു. ചവിട്ടിക്കൊല്ലുന്നു. കാരാഗൃഹത്തെ പേടിക്കുന്നവര്‍ ഭാര്യമാരെ ചിത്തരോഗികളാക്കിക്കൊല്ലുന്നു. പ്രത്യക്ഷ ശരീരങ്ങളെ ഇല്ലാതാക്കുന്നതിനെക്കാള്‍, ക്രൂരമാണ് ഇത്തരം ‘മാനസികഹനനങ്ങള്‍.’

Symbol question.svg.png വലിയ കാപട്യമെത്?

ഭാര്യയെ ഉള്ളില്‍ വെറുക്കുന്ന ഭര്‍ത്താവ് സ്നേഹമഭിനയിച്ച് മധുരസ്സ്വരത്തില്‍ അവളെ ലളിതേ, കമലേ, മേരീ എന്നൊക്കെ വിളിക്കുന്നത്.

[രണ്ടാമത്തെച്ചോദ്യം മാത്രം പോസ്റ്റില്‍ കിട്ടിയത്]

പുതിയ പുസ്തകം

‘ധിക്കൃതശക്രപരാക്രമനാകിയ നക്തഞ്ചരപതിയായിരിക്കും’ പുരുഷന്‍. പക്ഷേ അയാള്‍ പെണ്ണിന്റെ ഒരു കടക്കണ്ണേറില്‍ വീണുപോകും. പുസ്തകങ്ങളുടെ കടാക്ഷങ്ങളേറ്റാല്‍ ഞാന്‍ വീണുപോകാറുണ്ട്. അങ്ങനെ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഏതോ ഒരു പുസ്തകകടയില്‍നിന്ന് ഞാന്‍ കരസ്ഥമാക്കിയ ആഖ്യായികാസുന്ദരിയയിരുന്നു The Asiatics. ഗ്രന്ഥകാരന്റെ പേര് Frederic Prokosch. വായിച്ചു. എന്തൊരസുലഭാനുഭൂതി! മറ്റു പലരെയുംകൊണ്ടു വായിപ്പിച്ചു. ഒടുവിലത്തെയാള്‍ അവളെ സ്വന്തമാക്കിക്കഴിഞ്ഞു. ‘ഏഷ്യാറ്റിക്സ്’ വായിച്ച രസംകൊണ്ട് തിരുവനന്തപുരത്തെ പബളിക് ലൈബ്രറിയിലേക്കു ചെന്നു. അദ്ദേഹത്തിന്റെ The seven Who Fled എന്നൊരു നോവല്‍ കൂടി കിട്ടി. അതും മനോഹരം. പക്ഷേ മഹാനായ ഈ കലാകാരനെക്കുറിച്ച് ഒരു നിരൂപകനും പറഞ്ഞ് കേട്ടില്ല. സാഹിത്യചരിത്രങ്ങളില്‍ അദ്ദേഹത്തിന്റെ പേരു കണ്ടില്ല. എന്റെ അഭിരുചിക്കു വൈയ്കല്യമുണ്ടോ എന്നുവരെ ഞാന്‍ സംശയിച്ചു. അങ്ങനെയിരിക്കെ, കഴിഞ്ഞാഴ്ച Armageddon എന്നൊരു പ്രബന്ധസമാഹാരഗ്രന്ഥം കിട്ടി. പ്രശസ്തനായ നോവലിസ്റ്റ് ഗോര്‍ വീഡാല്‍ എഴുതിയ ആ പുസ്തകം ഞാന്‍ ആലസ്യത്തോടെ മറിച്ചു നോക്കി. ഒരു പ്രബന്ധത്തിന്റെ തലക്കെട്ടു കണ്ട് ഞാന്‍ ഹര്‍ഷത്തില്‍ വീണു. Frederic Prokosch: The European Connection എന്നാണ് പേര്. ഉള്‍ക്കാഴ്ചയോടെ, മനോഹാരിതയോടെ വീഡാൽ എഴുതിയിരിക്കുന്നു. ഈ നോവലിസ്റ്റ് ഷീദ്, കമ്യൂ, റൊമൊങ്ങ് കിനോ (Raymond Queneau) ഇവരാല്‍ പ്രശംസിക്കപ്പെട്ടവനാണെന്നു മനസ്സിലാക്കി. മാര്‍ഗറീത് യോര്‍സെനാര്‍ (Marguerite Yourcenar) The Seven Who Fled എന്ന നോവല്‍ ഫ്രഞ്ച് ഭാഷയിലേക്കു തര്‍ജ്ജമ ചെയ്തുവെന്നും ഗ്രഹിച്ചു. വീഡാല്‍ പറയുന്നതു കേള്‍ക്കുക: Garcia Marquez would not write the way that he does if Prokosch had not written the way that he did.

ഇതുപോലെയുള്ള ഉത്കൃഷ്ടങ്ങളായ പ്രബന്ധങ്ങള്‍ പലതുണ്ട് ഈ ഗ്രന്ഥത്തില്‍. മറ്റൊന്ന് ഈറ്റാലോ കാല്‍വീനോയെക്കുറിച്ചുള്ളതാണ്. കാല്‍വിനോയുടെ ഒടുവിലത്തെ നോവലായ Palomer-നെക്കുറിച്ചുള്ള ലേഖനം വായിച്ചിട്ട് ഞാന്‍ മറ്റാരും കേള്‍ക്കാതെ Fasinating എന്നു പറഞ്ഞുപോയി. കാല്‍വിനോയെപ്പറ്റി നോവലിസ്റ്റ് അപ്ഡൈക്ക് എഴുതിയതു ഞാന്‍ വായിച്ചിട്ടുണ്ട്. വീഡാല്‍ എഴുതിയ ഉപന്യാസത്തിന്റെ സമീപത്തു പോലും അതു വരില്ല. എഴുതുന്നെങ്കില്‍ വീഡാലിനെപ്പോലെ എഴുതണം. ഇല്ലെങ്കില്‍ പേന താഴെ വയ്ക്കണം. താഴെ വയ്ക്കാന്‍ ചില കാരണങ്ങളാല്‍ പ്രയാസമുള്ളതുകൊണ്ട് ഞാന്‍ തുടര്‍ന്നെഴുതുന്നു. (Armagadden, Essays, 1983–1987, Grafton Books, London GBP 3.99.)

രവിവര്‍മ്മയുടെ നേര്‍ക്ക്

കേരളത്തിലെയും കേരളത്തിനു വെളിയിലുള്ള സ്ഥലങ്ങളിലെയും സഹൃദയരുടെ ശ്രദ്ധയില്‍ ചെന്നു വീഴുകയും അവരുടെ അഭിനന്ദനത്തിനു പാത്രമാവുകയും ചെയ്ത മഹാനായ കലാകാരനാണ് രാജാരവിവര്‍മ്മ. ഇതിഹാസം, പുരാണം, കാളിദാസ കൃതികള്‍ ഇവയില്‍നിന്നുള്ള കഥാപാത്രങ്ങളെ സ്വീകരിച്ച് കൂട്ടേണ്ടതു കൂട്ടിയും കുറയ്ക്കേണ്ടതു കുറച്ചും വ്യക്തിത്വമുള്ള രൂപങ്ങള്‍ സൃഷ്ടിച്ച ചിത്രകാരനായിട്ടാണ് അദ്ദേഹത്തെ ആളുകള്‍ കാണുക. പുരാണങ്ങളില്‍നിന്നും മറ്റു ക്ലാസിക് കൃതികളില്‍നിന്നും ചിലരെ അടര്‍ത്തിയെടുത്ത് സത്വവും വ്യക്തിത്വവുമുള്ള നൂതന വ്യക്തികളായി അവതരിപ്പിച്ചു എന്നതിനാണ് ആ കലാകാരന്റെ മഹനീയത നമ്മള്‍ കാണേണ്ടത്.ആ ചിത്രങ്ങള്‍ക്കു ന്യൂനതകള്‍ ഉണ്ടായിരിക്കാം. പക്ഷേ ആ ന്യൂനതകളെക്കാളേറെ ഗുണങ്ങളാണ് അവയ്ക്കുള്ളത്. ഈ ഗുണങ്ങള്‍ക്കു നേരെ കണ്ണടച്ചുകൊണ്ടാണ് ആര്‍. നന്ദകുമാര്‍ ‘സംസ്കാര കേരളം’ത്രൈമാസികത്താല്‍ എഴുതിയ Ravi Varma and his relevance എന്ന ഇംഗ്ലീഷ് ലേഖനം മൃദുലമായ ഭാഷയില്‍ പറഞ്ഞാല്‍ ഗര്‍ഹണീയമാണ്. രാജാ രവിവര്‍മ്മയെ ശത്രുവാക്കി മനസ്സില്‍ വച്ചുകൊണ്ട് എഴുതിയതുപോലിരിക്കുന്നു ആ പ്രബന്ധം. രവിവര്‍മ്മയുടെ ലക്ഷ്യമോ കലാപാടവമോ പശ്ചാത്തലമോ കാണാതെ “ആധുനികോത്തര” നായി നിന്നുകൊണ്ടുള്ള ഈ വിമര്‍ശനം നന്ദകുമാറിന്റെ വൃത്തികെട്ട ഇംഗ്ലീഷിനെക്കാൾ വൃത്തികെട്ടതാണ്. കൂടുതലെഴുതാന്‍ നന്ദകുമാറിനോടുള്ള സ്നേഹം പ്രതിബന്ധമായി വര്‍ത്തിക്കുന്നു.

ചോദ്യം, ഉത്തരം

Symbol question.svg.png എക്സ്പ്രഷനിസം എന്നാല്‍ എന്താണ്?

എന്തെങ്കിലും വസ്തുവിനെയോ വ്യക്തിയെയോ കണ്ടാല്‍ നമുക്കു പ്രതികരണമുണ്ടാകുമല്ലോ. ആ പ്രതികരണത്തെ ഏറ്റക്കുറവില്ലാതെ ആവിഷ്കരിക്കുന്നത് റീയലിസം. ചിലപ്പോള്‍ പ്രതികരണം ശക്തിയാര്‍ന്ന അളവിലുണ്ടാകും. അതിനു സ്ഫുടീകരണം നൽകാന്‍ ശ്രമിക്കുമ്പോള്‍ സാധാരണത്വത്തില്‍ക്കവിഞ്ഞ പദങ്ങളും രൂപങ്ങളും ഉണ്ടാകും. അതിനെയാണ് എക്സ്പ്രഷനിസം എന്നുപറയുന്നത്. ഫ്രാന്‍സില്‍ ജനിച്ച അമേരിക്കന്‍ പ്രതിമാനിര്‍മ്മാതാവ് ഗേസ്തൊങ്ങ് ലേഷസിന്റെ (Gaston Lachaise) Standing Women എന്ന പ്രതിമയുടെ പടം ഞാന്‍ കണ്ടിട്ടുണ്ട്. ഏഴടിയില്‍ കവിഞ്ഞ പൊക്കമുണ്ട് അതിന്. പൂര്‍ണ്ണമായും നഗ്നം. പക്ഷേ ആ നഗ്നത നമുക്കു ജുഗുപ്സ ഉളവാക്കിയില്ല. എക്സ്പ്രഷനിസ്റ്റ് ടെക്നിക് കൊണ്ടുളവാക്കുന്ന ചൈതന്യമാണ് നമ്മെ വല്ലാതെ സ്പര്‍ശിക്കുന്നത്. മലമ്പുഴ ഡാമിനടുത്തുള്ള യക്ഷിക്കോ കൊല്ലത്തെ ഒരു ഹോട്ടലിന്റെ മുന്‍പിലുള്ള ഭീമാകാരങ്ങളായ പ്രതിമകള്‍ക്കോ ഈ ചൈതന്യമില്ല.

ശിഥില ബന്ധങ്ങൾ

ബന്ധങ്ങളിൽ ഏറ്റവും ശക്തമെന്നു കരുതപ്പെടുന്നത് ദാമ്പത്യബന്ധമാണ്. പക്ഷേ ഒരു വികാരത്തിനും ശാശ്വത സ്വഭാവമില്ലാത്തതുകൊണ്ട് ആ ബന്ധം ക്രമേണ ശിഥിലമായിത്തീരുന്നു. ആ ശൈഥില്യത്തോടെയാണ് ഭാര്യയും ഭര്‍ത്താവും ജീവിക്കുന്നത്. ഭാര്യ ഭര്‍ത്താവിനും ഭര്‍ത്താവു ഭാര്യയ്ക്കും തലവേദനയുണ്ടാക്കുന്നു. പണ്ട് ‘പഞ്ച്’ മാസിക തിരുവനന്തപുരത്തെ ഒരു ലൈബ്രറിയില്‍ വരുത്തുമായിരുന്നു. അവയിലൊന്നില്‍ ഒരു ചിത്രം കണ്ട ഓര്‍മ്മയുണ്ടെനിക്ക്. ഭാര്യയും ഭര്‍ത്താവും ഇരട്ടക്കട്ടിലില്‍ കിടക്കുന്നു. എന്റെ തലവേദനയുടെ മുപ്പത്തഞ്ചു ശതമാനം സ്വാഭാവികം. അറുപത്തഞ്ചുശതമാനം നിങ്ങളുണ്ടാക്കുന്നത് എന്ന് ഭാര്യ ഭര്‍ത്താവിനോടു പറയുന്നു. ഈ തലവേദനയോടെ ‘എടുത്തഭാരം കൊണ്ടിറക്കണമല്ലോ’ എന്നുവിചാരിച്ച് രണ്ടുപേരും കഴിഞ്ഞു കൂടുന്നുവെന്നേയുള്ളൂ. ജീവിതാസ്തമയത്തില്‍ ഇവളില്ലെങ്കില്‍ എന്റെ കാര്യങ്ങള്‍ ശരിയായി നടക്കുകയില്ലല്ലോ എന്ന് ഭര്‍ത്താവും ഇയാളില്ലെങ്കില്‍ ഞാന്‍ പട്ടിണി കിടക്കുമല്ലോ എന്നു ഭാര്യയും വിചാരിക്കുന്നു. ഈ വിചാരമാണ് ശണ്ഠ കൂടാനുള്ള പ്രവണതയെ നിയന്ത്രിക്കുന്നത്.

ഈശ്വരനല്ല സര്‍വശക്തന്‍; മരണമാണ്. അതിന്റെ മുന്‍പില്‍ ഞാനെന്തു ചെയ്യും? ഈ വിചാരത്തോടെ ടോള്‍സ്റ്റോയി പലതവണ ആത്മഹത്യയ്ക്ക് ഒരുങ്ങി. ഒടുവില്‍ ഒരു ബന്ധത്തിലും സത്യമില്ലെന്നുകണ്ട് അദ്ദേഹം വീട്ടില്‍നിന്ന് ഇറങ്ങിയോടി. ഒരു തീവണ്ടിയാപ്പീസില്‍ ആശ്രയസ്ഥാനം തേടി. അന്തരിക്കുകയും ചെയ്തു. ടോള്‍സ്റ്റോയിയുടെ അന്ത്യമിതാണെങ്കില്‍ നമ്മുടെയൊക്കെ അന്ത്യം എന്തു രീതിയിലുള്ളതായിരിക്കും?

ഒരേ ജോലി ചെയ്യുന്നവര്‍ (തൊഴിലാളികള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍) കൂട്ടുകാരാവും. ഒരു കൂട്ടുകാരനെ വെളിയില്‍നിന്ന് ആരെങ്കിലും ദ്രോഹിക്കാനെത്തിയാല്‍ അയാളുടെ സ്നേഹിതന്‍ സംരക്ഷണത്തിനെത്തും. പക്ഷേ ഈ ബന്ധവും ശിഥിലമാണ്. രണ്ടു സ്നേഹിതരില്‍ ഒരാള്‍ക്ക് ഉദ്യോഗക്കയറ്റം കിട്ടിയാല്‍ മറ്റേയാള്‍ക്ക് ഈര്‍ഷ്യയുണ്ടാവും. അതു ശത്രുതയിലെത്തുകയും ചെയ്യും. ശത്രുത വഞ്ചനയോളമെത്തും. ‘സ്നേഹിതന്‍ ചതിക്കും’ എന്ന ചൊല്ല് അങ്ങനെയാണുണ്ടായത്. മക്കളും അച്ഛനമ്മമാരും തമ്മിലുള്ള ബന്ധത്തിനും ദാര്‍ഢ്യമില്ല. സദാചാരഭ്രംശം കൊണ്ട് മകനെ അന്യരുടെ ദൃഷ്ടിയില്‍ മോശക്കാരനാക്കുന്ന അച്ഛനെ ആ മകന്‍ വെറുക്കുന്നു. തന്റെ ലക്ഷ്യങ്ങള്‍ക്കു വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന മകനെ അച്ഛനും വെറുക്കുന്നു. മകളുടെ വിവാഹം കഴിയുന്നതുവരെ മാത്രമേ മകള്‍ക്ക് അച്ഛനമ്മമാരോടു സ്നേഹമുള്ള ഭാഷയില്‍ other ആയിത്തീരുന്നു. അച്ഛന്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഒരു ഡസന്‍ ഓറഞ്ചു കൊണ്ടുവരും. അയാള്‍ ചത്താല്‍ ഉറക്കെ നാലു വിളിവിളിക്കും. അതോടെ എല്ലാം തീരുന്നു.വിവാഹിതയായ മകളോടും അച്ഛനമ്മമാര്‍ക്ക് പഴയ അടുപ്പം കാണില്ല.

അയല്‍വീട്ടുകാരുമായുള്ള ബന്ധം ഏറ്റവും ശിഥിലമാണ്. അധികം അടുക്കാതിരുന്നാല്‍ അങ്ങനെ കഴിഞ്ഞുപോകാം. അടുത്താല്‍ പെട്ടന്ന് അവര്‍ ശത്രുക്കളാകും. ശത്രുക്കളായില്ലെങ്കില്‍ ആപത്തുണ്ടാകുമ്പോള്‍ അവരുടെ സഹായമുണ്ടാകും. ആ സഹായം ബന്ധുക്കളെന്നു പറയുന്നവരില്‍ നിന്നുണ്ടാകുന്ന സഹായത്തെക്കാള്‍ ആര്‍ജ്ജവമുള്ളതായിരിക്കും ചെയ്യും. പി.ആര്‍. നാഥന്റെ ‘അരയാലിന്റെ ശിഖിരങ്ങള്‍’ എന്ന ഭേദപ്പെട്ട കഥ (കുങ്കുമം) വായിച്ചപ്പോള്‍ എനിക്കുണ്ടായ വിചാരങ്ങളാണിവ. പലരും എന്നോടു യോജിക്കില്ലെന്ന് അറിയാം. അവര്‍ കല്ലെറിഞ്ഞെന്നും വരും. സത്യം കല്ലേറു വാങ്ങാറുണ്ടെല്ലോ.

* * *

ഈശ്വരനല്ല സര്‍വശക്തന്‍; മരണമാണ്. അതിന്റെ മുന്‍പില്‍ ഞാനെന്തു ചെയ്യും? ഈ വിചാരത്തോടെ ടോള്‍സ്റ്റോയി പലതവണ ആത്മഹത്യയ്ക്ക് ഒരുങ്ങി. ഒടുവില്‍ ഒരു ബന്ധത്തിലും സത്യമില്ലെന്നുകണ്ട് അദ്ദേഹം വീട്ടില്‍നിന്ന് ഇറങ്ങിയോടി. ഒരു തീവണ്ടിയാപ്പീസില്‍ ആശ്രയസ്ഥാനം തേടി. അന്തരിക്കുകയും ചെയ്തു. ടോള്‍സ്റ്റോയിയുടെ അന്ത്യമിതാണെങ്കില്‍ നമ്മുടെയൊക്കെ അന്ത്യം എന്തു രീതിയിലുള്ളതായിരിക്കും?