close
Sayahna Sayahna
Search

സാഹിത്യവാരഫലം 1998 09 11


സാഹിത്യവാരഫലം
Mkn-18.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലിക മലയാളം
തിയതി 1998 09 11
മുൻലക്കം 1998 09 04
പിൻലക്കം 1998 09 18
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

ജപ്പാനിലും ചൈനയിലും പ്രചരിക്കുന്ന സെന്‍ (Zen), ബുദ്ധമതത്തിന്റെ അവാന്തരവിഭാഗമാണു്. അതിലെ കോ ആന്‍ (Koan) ലോകപ്രശസ്തിയാര്‍ജ്ജിച്ചിരിക്കുന്നു. പ്രാചീനകാലത്തെ മഹാനായ ആചാര്യന്റെ വൈരുദ്ധ്യാത്മകമായ ഉക്തിയാണതു്. ‘ഒരു കൈ മാത്രം അടിക്കുമ്പോള്‍ ഉണ്ടാകുന്ന ശബ്ദമെന്താണു്?’ (‘What is the sound of one hand clapping?’) എന്നതു കോ ആനാണു്. യുക്തിരഹിതവും വൈരുദ്ധ്യമാര്‍ന്നതുമായ ഈ ഉക്തിവിശേഷം ഒരാധ്യാത്മികതത്ത്വമാണു് ആവിഷ്കരിക്കുകു. കാററില്‍ ആടിക്കൊണ്ടിരുന്ന കൊടിയെക്കുറിച്ചുള്ള ഒരു കോ ആന്‍ ഇങ്ങനെ: അതുകണ്ട ഒരു സെന്‍ ബുദ്ധമത സന്ന്യാസി പറഞ്ഞു. കൊടിയാണു് ഇളകുന്നതെന്നു്. വേറൊരു സന്ന്യാസി അതുകേട്ടു് പറയുകയായി ‘കാററാണു് ഇളകുന്നതു്.’ അവരുടെ ഈ വിഭിന്നത പ്രസ്താവങ്ങൾ ശ്രവിച്ച ഒരാചാര്യന്‍ അവരോടു് അപ്പോള്‍ പറഞ്ഞു. ‘കൊടിയുമല്ല കാറ്റുമല്ല ഇളകുന്നതു്: മനസ്സാണു് ഇളകുന്നതു്.’ ഇത് എടുത്തെഴുതിയിട്ടു് ആഫ്രിക്കന്‍ നോവലിസ്റ്റായ ആങദ്രേ ബിങ്ക് (Andre Brink) തന്റെ നിരൂപണഗ്രന്ഥമായ ‘The Novel’ എന്നതിന്റെ ആമുഖപ്രബന്ധത്തില്‍ പറയുന്നു: ‘കൊടിയുമല്ല കാററുമല്ല. ഭാഷയാണു് ഇളകുന്നതു്’.

എന്താണു് ഭാഷയുടെ ഈ ചലനാത്മകത്വം? അതിനുള്ള ഉത്തരമാണു് ബ്രിങ്കിന്റെ ഈ വിശിഷ്ടമായ പുസ്തകം. ഭാഷയുടെ ശക്തികൊണ്ടു് ഓരോ നോവലും അന്യാദൃശസ്വഭാവമുള്ളതായിത്തീരുന്നു എന്നു സ്ഥാപിക്കുകയാണു് അദ്ദേഹം. അതിനുവേണ്ടി ബ്രിങ്ക് തെര്‍വാന്റേസിന്റെ (Cervantes 1547–1616) Don Quixote, ലഫയെതിന്റെ (La Fayette 1634–1693) La Princesse de cleves, ഡാനിയല്‍ ഡിഫോയുടെ (Daniel Defoe, 1660–1731) Moll Flamders, ദനീ ദീദ്റോയുടെ (Denis Diderot 1713–1784) Jacques the Fatalist and His Master, ജെയ്ന്‍ ഓസ്റ്റിന്റെ (Jane Austen 1775–1817) Emma, ഗുസ്താവ് ഫ്ളോബറിന്റെ (Gustave Flaubert 1821–1880) Madane Bovary, ജോര്‍ജ്ജ് എല്യററിന്റെ (George Eliot, 1819–1880) Middle March, റ്റോമസ്മാനിന്റെ (Thomas Mann, 1875–1955) Death in Venice, ഫ്രാന്‍സ് കാഫ്കായുടെ (Franz Kafka 1883–1924) The Trial അലങ് റോബ് ഗ്രീയേയുടെ (Alain Robbe Grillet, b. 1922) Le Voyer, ഗാര്‍സിയാ മാര്‍കേസിന്റെ (Garcia Marquez, b. 1928) One Hundred Years of Solitude, മാര്‍ഗറിറ്റ് ആററ്വുഡിന്റെ (Margaret Atwood, b.1939) Surfacing, മീലാന്‍ കുന്ദേരയുടെ (Milan Kundera, b. 1929) The Unbearable Lightness of Being, എ. എസ്. ബയററിന്റെ (A. S. Byatt, b. 1936) Possession, ഈതോലോ കാല്‍വിനോയുടെ (Italo Calvino 1923–1985) If On a Winter’s Night A Traveller ഈ കൃതികള്‍ വിമര്‍ശനവിധേയങ്ങളാക്കുന്നു. തെര്‍വാന്റേസ് തൊട്ടു് എല്യററ് വരെയുള്ളവരുടെ നോവലുകള്‍ ക്ലാസിക് കൃതികള്‍. മാനിന്റെയും കാഫ്കയുടെയും കൃതികള്‍ അധുനാതനങ്ങള്‍. ഗ്രീയേ തൊട്ടു കാല്‍വിനോ വരെയുള്ളവരുടെ കൃതികള്‍ പോസ്ററ് മോഡേണുകള്‍. ഏതു പ്രസ്ഥാനത്തില്‍പ്പെട്ട കൃതിയായാലും ഭാഷയെക്കുറിച്ചു് അതിന്റേതായ സങ്കല്പമുണ്ടെന്നു സ്ഥാപിക്കുകയാണു് ബ്രിങ്ക്. ഭാഷയുടെ ഈ അന്യാദൃശ്യസ്വഭാവംകൊണ്ടു് ഓരോ നോവലും നവീനമായി തോന്നുന്നു എന്നതാണു് ഗ്രന്ഥകാരന്റെ അഭിപ്രായം. പോസ്ററ് മോഡേണിസ്റ്റ് നോവല്‍ നോക്കുക. പ്രാചീനകാലത്തുണ്ടായ നോവലിനോടു സൌമുഖ്യം ഭജിക്കാന്‍ അതിനു പ്രയാസമില്ല. ഭാഷയെസ്സംബന്ധിച്ച വീക്ഷണത്തില്‍ ഓരോന്നും നൂതനമാനങ്ങള്‍ പ്രദര്‍ശിപ്പിച്ചു് വായനക്കാരെ രസിപ്പിക്കുന്നുവെന്നതാണു് ബ്രിങ്‌ക് പറയുക. തുളച്ചുകയറുന്ന അപഗ്രഥനപാടവം ഗ്രന്ഥകാരന്റെ പ്രബന്ധങ്ങളിലാകെയുണ്ടു്. കൊടിയുമല്ല, കാററുമല്ല. ഭാഷയാണു് ഇളകുന്നതു് എന്ന അസന്ദിഗ്ദ്ധമായി തെളിയിക്കുന്നു ബ്രിങ്‌ക്. ഭാഷയാണു് ആത്മാവു്. ആ ആത്മാവിലേക്കു ചെല്ലാന്‍ വാക്കുകളേയുള്ളു. നവീനതയുളള ആശയം.

ബ്രിങ്‌ക് എവിടെ? ഞാന്‍ എവിടെ? എങ്കിലും പറയുകയാണു്. പോസ്ററ് മോഡേണിസം എന്ന പിന്തിരിപ്പന്‍ പ്രസ്ഥാനത്തിന്റെ ചില ആശയങ്ങള്‍ അവലംബിച്ചുകൊണ്ടുള്ള ഈ അഭിപ്രായപ്രകടനം അത്രകണ്ടു ശരിയോ എന്നു് എനിക്കു സംശയം. നോവല്‍ വായിക്കുമ്പോള്‍ നമ്മള്‍ വാക്കുകളെ മറക്കുകയാണു് ചെയ്യുന്നതു്. ‘മാര്‍ത്താണ്ഡവര്‍മ്മ’യുടെ ആദ്യത്തെ അധ്യായം വായിച്ചു തുടങ്ങൂ. ആദ്യത്തെ ഏതാനും വാക്യങ്ങള്‍ വായിച്ചു കഴിയുമ്പോള്‍തന്നെ നമ്മള്‍ ഭാഷ മറക്കുന്നു. നോവലാണു് അതെന്ന വസ്തുത മറക്കുന്നു. സി. വി. രാമന്‍പിളളയാണു് രചയിതാവു് എന്നതു മറക്കുന്നു. നമ്മുടെ മുന്‍പില്‍ കാടും അവിടെ മുറിവേറ്റുകിടക്കുന്ന യുവാവും അയാളെ എടുത്തുകൊണ്ടുപോകാന്‍ വന്നവരും മാത്രമേയുള്ളു. ഭാഷ ആത്മാര്‍ജ്ജനം ചെയ്യുമ്പോളാണു് കല ആവിര്‍ഭവിക്കുന്നതു്. പക്ഷേ ബ്രിങ്ക് പറയുന്നതുപോലെ മാത്രമേ പോസ്ററ് മോഡേണിസ്റ്റുകള്‍ പറയൂ. അതു മനസ്സിലാക്കാന്‍ വേണ്ടി ഈ വിമര്‍ശനംഗ്രന്ഥം വായിക്കാം. വായ്ക്കേണ്ടതുമാണു്. (The Novel — Language and Narrative from Cervantes to Italo Calvino, First published 1998 by Macmillan Press Ltd., pages 373, \pounds{12.99}).

അവിയല്‍

ഭാഷയാണു് ആത്മാവു്. ആ ആത്മാവിലേക്കു ചെല്ലാന്‍ വാക്കുകളേയുള്ളൂ.

കൈനിക്കര കുമാരപിള്ളയും ഞാനും തിരുവനന്തപുരത്തെ പൂജപ്പുര മണ്ഡപത്തിനടുത്തുള്ള ബസ്സ് സ്റ്റോപ്പില്‍ ബസ് കാത്തു നില്ക്കുകയായിരുന്നു. അപ്പോള്‍ അതു വഴി പുതിയ കാറില്‍ കടന്നുപോയ പി. കേശവദേവ് കാറ് നിറുത്തി ‘വരൂ’ എന്നു് ഞങ്ങളെ വിളിച്ചു. കൈനിക്കര ’വരുന്നില്ല’ എന്നു പരുക്കന്‍ മട്ടില്‍ മറുപടി പറഞ്ഞു. കേശവദേവിന്റെ മുഖഭാവം മാറി. ‘പിന്നെക്കണ്ടുകൊള്ളാം’ എന്ന മട്ടില്‍ അദ്ദേഹം ഒരാംഗ്യം കാണിച്ചിട്ടു് ഡ്രൈവറോടു കാറ് വിടാന്‍ ആഞ്ജാപിച്ചു. ദേവിന്റെ മുന്‍പില്‍ വിനയത്തോടെ എപ്പോഴും പെരുമാറുന്ന എന്നെ അദ്ദേഹം തുറിച്ചുനോക്കി. ആ നോട്ടത്തിന്റെ അര്‍ത്ഥം കൈനിക്കരയോടുകൂടി നില്ക്കുന്നതുകൊണ്ടല്ലേ ‘താനും കാറില്‍ കയറാത്തതു്. തന്നെയും ഞാന്‍ കണ്ടുകൊളളാം’ എന്നായിരുന്നു‌. കുമാരപിളളയുടെ പരുക്കന്‍ മറുപടിയും കേശദേവിന്റെ ‘പരുപരുക്കന്‍’ ചേഷ്ടകളും കണ്ടു് ഞാന്‍ കെ. എം. പണിക്കരുടെ ‘പരുക്കന്‍ കവിത വിതറുമിപ്പട്ടർതന്‍ പത്നിയായാല്‍’ എന്ന സംസ്കാരരഹിതമായ കാവ്യശകലം ഓര്‍മ്മിച്ചുപോയി. ആ അസംസ്കൃത പ്രസ്താവം മൃദുല സ്വഭാവമുള്ള കവിതയിലേക്കു് എന്നെന കൊണ്ടുചെന്നു. ആ ചിന്തയുടെ പ്രേരണയാലാവും ഞാന്‍ കൈനിക്കരയോടു ചോദിച്ചു. ‘സാര്‍ ഷെല്ലിയോ കീറ്റ്സോ വലിയ കവി’. അദ്ദേഹത്തിനു് ആലോചിക്കേണ്ടതായി വന്നില്ല. പൊടുന്നനെ ഉത്തരം തന്നു. ‘സംശയമെന്തു്? ഷെല്ലി’. ‘എന്തുകൊണ്ടു്?’ എന്നു് എന്റെ ചോദ്യം. അദ്ദേഹം പറഞ്ഞു: “ഷെല്ലി തന്നെ ഉത്കൃഷ്ടമായ കവിതയുടെ സ്വാഭാവം സ്പഷ്ടമാക്കിയിട്ടുണ്ടു്. ഇച്ഛാശക്തിയാണു് യുക്തിവാദത്തിനു് അടിസ്ഥാനം. കവിതയുടെ അടിസ്ഥാനം അതല്ല. ഞാന്‍ കവിതയെഴുതട്ടെ എന്നു് ഒരു മഹാകവിയും ഇന്നുവരെ പറഞ്ഞിട്ടില്ല. അവ്യക്തശോഭയോടെ ഇരിക്കുന്ന കല്ക്കരിത്തുണ്ടില്‍ കാററു വന്നടിക്കുമ്പോള്‍ അതു കൂടുതല്‍ തിളങ്ങുന്നതുപോലെ, വിവര്‍ണ്ണമായ പൂവു് വികസിക്കാന്‍ തുടങ്ങുമ്പോള്‍ കൂടുതല്‍ ശോഭ വഹിക്കുന്നതുപോലെ ശക്തിവിശേഷം ഉളളില്‍ നിന്നുണ്ടാകും. അപ്പോഴാണ് കവിതയുടെ ആവിര്‍ഭാവം എന്നു ഷെല്ലി പറഞ്ഞിട്ടുണ്ടു്. അതുതന്നെയാണു് അദ്ദേഹത്തിന്റെ കവിതയും.” അപ്പറഞ്ഞതു് കീററിസിന്റെ കവിതയ്ക്കും ചേരുകില്ലേ എന്നായി എന്റെ സംശയം. എങ്കിലും കൈനിക്കരയെ നീരസപ്പെടുത്താന്‍ മടിച്ചു ഞാന്‍ അതു ചോദിച്ചില്ല. ‘എവിടെയാണുള്ളതു് ഷെല്ലിയുടെ ഈ അഭിപ്രായം’ എന്നു മാത്രം ചോദിച്ചു. ‘എന്തോ’ എന്നു കൈനിക്കര പറഞ്ഞു. അദ്ദേഹത്തിനു പ്രിയപ്പെട്ട പദമാണു് ഈ ‘എന്തോ’ എന്നതു്. ‘സാറിനെക്കുറിച്ചു് ഞാന്‍ ദീപിക ആഴ്ചപ്പതിപ്പിലെഴുതിയിരുന്നു. അതുകണ്ടോ?’ മറുപടി ‘എന്തോ’. കാലിനു ഒരനക്കമില്ലായ്മ എനിക്കു് എന്നു് അദ്ദേഹം. ‘എന്താ സാര്‍ അതിനു കാരണം?’ എന്നു എന്റെ ചോദ്യം. ‘എന്തോ എന്നു മറുപടി.’ ‘കേശവദേവ് ദേഷ്യപ്പെട്ടാണോ പോയതു് സാര്‍ ‌’ ‘എന്തോ’ എന്നു കൈനിക്കര.

ഷെല്ലിയുടേതെന്നു കൈനിക്കര പറഞ്ഞ ഈ കലാതത്ത്വം കവിതയ്ക്കു മാത്രമല്ല കഥയ്ക്കും ചേരും. അന്തര്‍ജ്ജാതമായ ശക്തിവിശേഷം അനുഗ്രഹിക്കാത്ത കഥയാണു് ശ്രീ. പി. കെ. ശ്രീവത്സന്റെ ‘ചാനല്‍മഴ’യെന്നതു്. (മാതൃഭൂമി ആഴ്ചപ്പതിപ്പു്, ലക്കം 27) ഭാര്യവും ഭര്‍ത്താവും വീട്ടിലുള്ള രണ്ടു പിള്ളേരും. മകള്‍ ഹോസ്ററലില്‍. അവള്‍ വരാമെന്നു പറഞ്ഞ ദിനത്തില്‍ വരുന്നില്ല. അമ്മയ്ക്കു് ഉത്കണ്ഠ. ററി. വി. സെററില്‍ കാണുന്ന ഒരു ദൃശ്യം അവരെ രണ്ടുപേരെയും അലട്ടുന്നു. ആഖ്യാനത്തിന്റെ സ്പഷ്ടതയില്ലായ്മ കൊണ്ടു് ഏതാണു് ററി. വി. സെററിലെ കാഴ്ച. ദമ്പതികളുടെ ഏതു തോന്നലാണു് വാസ്തവികം എന്നൊക്കെ വേര്‍തിരിച്ചറിയാന്‍ വയ്യ. അതുപോകട്ടെ. പ്രതിപാദ്യവിഷയത്തിന്റെ നേരിയ ശോഭ ഭാവനയുടെ കാറ്റേററ് തിളക്കമാര്‍ന്നു വരുന്നില്ല. കഥാപുഷ്പത്തിന്റെ ഉളളിലെ അവ്യക്തവര്‍ണ്ണം വികസിതാവസ്ഥയില്‍ ഉജ്ജ്വലത ആവഹിക്കുന്നില്ല. ഒരവിയല്‍ക്കഥയാണിതു്. സ്വാദിനു വേണ്ടി സെക്സ് എന്ന വെളിച്ചണ്ണ ഒഴിച്ചിട്ടും ചേനയും കായും പയറുമൊക്കെ വെന്തു് ഒരുമിച്ചു് ചേരാതെ വെവ്വെറെ കിടക്കുന്നതുകൊണ്ടു് കേരതൈലത്തിനും സ്വാദില്ല. കൈനിക്കര ജീവിച്ചിരിക്കുന്നുവെന്നു വിചാരിക്കൂ. ‘സാര്‍ ഇക്കഥ കൊള്ളാമോ?’ എന്നു ഞാന്‍ ചോദിച്ചാല്‍ ‘എന്തോ’ എന്നു് ഉദാസീനനായി അദ്ദേഹം മറുപടി പറയും. ഞാന്‍ എന്നോടുതന്നെ ആ ചോദ്യം ചോദിച്ചാല്‍ ‘കൊള്ളുകില്ല’ എന്നു മറുപടി നല്കും.

ചോദ്യം, ഉത്തരം


Symbol question.svg.png “തിരുവനന്തപുരത്തെ ഏററവും വിരൂപവും ഏററവും മനോഹരവുമായ കെട്ടിടങ്ങള്‍ ഏവ?”

“റ്റാഗോര്‍ സെന്റിനറി ഹോള്‍ ‘വൈരൂപ്യത്തിനൊരാസ്പദം’. കാഴ്ച ബംഗ്ലാവ് അതിസുന്ദരം.”

Symbol question.svg.png “ഈ ലോകത്തെ കണ്ടുപിടിത്തങ്ങളില്‍ മഹത്ത്വമാര്‍ന്നതു് ഏത്?”

“ഏററവും വലിയ കണ്ടുപിടിത്തം പുസ്തകമാണെന്നു ഗോര്‍ബ്ബച്ചെവിന്റെ ഭാര്യ ആത്മകഥയില്‍ പറഞ്ഞിട്ടുണ്ടു്.”

Symbol question.svg.png “‘ഇന്ദുലേഖ’യിലെ പതിനെട്ടാം അദ്ധ്യായം എടുത്തുമാററേണ്ടതല്ലേ?”

“ആ അദ്ധ്യായം ആ നോവലിന്റെ ഒരു ഭാഗമാണു്. അതു മാററാന്‍ പാടില്ല. ഏതു നോവലിലും ഏതു കാവ്യത്തിലും വിരസങ്ങളായ ഭാഗങ്ങള്‍ കാണും. ടോള്‍സ്റ്റോയിയുടെ ‘യുദ്ധവും സമാധാനവും’ എന്ന നോവലില്‍ കലാത്മകമല്ലാത്ത എത്രയെത്ര വിവരണങ്ങളുണ്ടു്. ‘മഹാഭാരത’ത്തിലെ എല്ലാ ഭാഗങ്ങളും സുന്ദരങ്ങളാണോ?.”

Symbol question.svg.png “പ്രേമബന്ധം എങ്ങനെ അവസാനിക്കും?”

“പുരുഷന്‍ സ്ത്രീയെ കണ്ടാല്‍ പേടമാനെക്കണ്ട വേട്ടക്കാരനെപ്പോലെ പിറകേ ഓടും. പക്ഷേ അയാള്‍ അവളെ പിടികൂടുന്നതിനു മുന്‍പു് അവള്‍ അയാളെ കരവലയത്തിലാക്കും. പിന്നെ എത്ര ശ്രമിച്ചാലും പുരുഷനു രക്ഷപ്പെടാനാവുകയില്ല.”

Symbol question.svg.png “തിരുവനന്തപുരം സംസ്കൃത കോളേജില്‍ നിങ്ങള്‍ അധ്യാപകനായിരുന്നപ്പോള്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളില്‍ ബുദ്ധികൂടിയതാരു്?”

“അഞ്ചുപേരെ ഞാന്‍ ഓര്‍മ്മിക്കുന്നു. 1. എച്ചു് ഗോപാലകൃഷ്ണയ്യര്‍ (തൃപ്പൂണിത്തുറ സംസ്കൃത കോളേജിന്റെ പ്രിന്‍സിപ്പലായിരുന്നു) 2. പി. പി. രാമകൃഷ്ണപിളള 3. ഡോക്ടര്‍ എന്‍. പി. ഉണ്ണി (വൈസ് ചാന്‍സലര്‍., ശങ്കരാചാര്യ സര്‍വ്വകലാശാല) 4. ഡോക്ടര്‍ പൂവററൂര്‍ രാമകൃഷ്ണപിളള 5. എം. കൃഷ്ണന്‍..”

Symbol question.svg.png “കാണ്ടാമൃഗത്തിനുളളതിനെക്കാള്‍ തൊലിക്കട്ടി നിങ്ങള്‍ക്കില്ലേ?”

“കാണുമായിരിക്കും. പക്ഷേ ക്ലിന്റണുള്ളിടത്തോളം തൊലിക്കട്ടി എനിക്കില്ല. കുററസമ്മതത്തിനു ശേഷം ആ മനുഷ്യന്‍ ഭാര്യയുടെ മുഖത്തു നോക്കിയതു നമുക്കു മനസ്സിലാക്കാം. പക്ഷേ സ്വന്തം മകളുടെ മുഖത്തു നോക്കിയതു് എങ്ങനേ?.”

Symbol question.svg.png “വായിച്ചില്ലെങ്കില്‍ നഷ്ടമെന്നു കരുതാവുന്ന പുസ്തകങ്ങൾ ഏവ?”

“ഒരിക്കല്‍ ഇതു് എഴുതിയതാണു്. സെയിന്റ് ഒഗസ്റ്റിന്റെ Confessions 2. City of God. അമേരിക്കന്‍ കവിയും സാഹിത്യനിരൂപകനും ക്രൈസ്തവ പുരോഹിതനുമായ തോമസ് മെര്‍ടന്റെ (1915–68) The Seven Storey Mountain നീക്കോസ് കാസാന്‍ദസാക്കീസിന്റെ (Nikos Kazantzakis 1883–1957) ‘റിപോര്‍ട് ററു ഗ്രെക്കോ’ (മെര്‍ടന്റെ ആത്മകഥ അടുത്തകാലത്താണു് എനിക്കു കിട്ടിയതു്. അതു് എനിക്കു വായിക്കാന്‍ തന്ന ശ്രീ. സി. കെ. വേണുവിനു് (മലയാളം പത്രത്തിന്റെ പത്രാധിപസമിതിയിലെ അംഗം(നന്ദി).”

പല വിഷയങ്ങള്‍

ഇന്നെഴുതുന്ന പലരും ചെറുപ്പകാലത്തെ മരിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മള്‍ കാണുന്നതു് അവരുടെ പ്രത്യക്ഷ ശരീരങ്ങള്‍ മാത്രം.

The Bedform Glossary of Critical and Literary Terms എന്ന നല്ല ഗ്രന്ഥത്തില്‍ അലിഗറിയെക്കുറിച്ചു് പറഞ്ഞിരിക്കുന്നതു് ഇങ്ങനെ: ഒരമൂര്‍ത്താശയത്തെ കൂടുതല്‍ മൂര്‍ത്തമായ മാര്‍ഗ്ഗത്തിലൂടെ പ്രകാശിപ്പിക്കുന്നതു് അലിഗറി. ഗദ്യത്തിലോ പദ്യത്തിലോ നാടകത്തിലോ ആയി ആഖ്യാനം നിര്‍വഹിക്കുന്ന അലിഗറിക്കു രണ്ടു തലങ്ങളുണ്ടു്. ആദ്യത്തെതു് ഉപരിതലത്തിലുള്ള കഥ… അലിഗറികള്‍ക്കു ബന്ധമുള്ള ഇതിവൃത്തങ്ങളുണ്ടെങ്കിലും രണ്ടാമത്തെ അഗാധതലത്തിലുള്ള അര്‍ത്ഥം വായനക്കാര്‍ കണ്ടറിയണമെന്നു രചയിതാക്കള്‍ക്കു പ്രതീക്ഷയുണ്ടു്. ആ അര്‍ത്ഥം സാന്മാര്‍ഗ്ഗികമോ രാഷ്ട്രവ്യവഹാര സംബന്ധിയോ തത്ത്വചിന്താപരമോ മതപരമോ ആകാം.

  1. ദേശാഭിമാനി വാരികയില്‍ ശ്രീ. വി. എസ്. അനില്‍കുമാര്‍ എഴുതിയ ‘ശാന്തിവനം’ എന്ന കഥ അലിഗറിയാണു് — ലാക്ഷണികകഥയാണു്. ഉപരിതലത്തില്‍ അതൊരു കലാശാലയുടെ ജീര്‍ണ്ണതയുടെ കഥയാണു്. അഗാധതലത്തില്‍ ഭാരതത്തിന്റെ കഥയും ഉപരിതലത്തിലെ കഥയില്‍ നിന്നു അഗാധതലത്തിലെ കഥയിലേക്കു കടക്കുന്നതു ബുദ്ധിയോടു ബന്ധപ്പെട്ട പ്രക്രിയയാണു്. ആ പ്രക്രിയ കഴിഞ്ഞാല്‍ പിന്നെ ഒന്നുമില്ല. അതുകൊണ്ടു് മസ്തിഷ്കത്തോടു ബന്ധപ്പെട്ട അലിഗറിക്കു കലയോടു ബന്ധമില്ല. ഹേഗലിന്റെയും ക്രോചെയുടെയും മതമിതാണെന്നു് ഓര്‍മ്മ പറയുന്നു. ചില ഗ്രന്ഥകാരന്മാര്‍ പ്രാഗല്ഭ്യം കൊണ്ടു് അലിഗറിക്കു് ഒരു തരത്തിലുള്ള ചാരുത വരുത്താറുണ്ടു്. ഉദാഹരണം ഓര്‍വെലിന്റെ Animal Farm. ആ ചാരുത പോലും അനില്‍കുമാറിന്റെ ‘ശാന്തിവന’ത്തിനു് ഇല്ല. (മെല്‍വിലിന്റെ ‘മോബിഡിക്കോ’ എന്ന ചോദ്യമുണ്ടാകാം. മോബിഡിക്ക് അലിഗറിയല്ല. അതു സിംബൊലിക്കാണു്. തിമിംഗലം വേട്ട എന്ന ഉപരിതല കഥയുടെ അടിത്തട്ടില്‍ തിമിംഗലത്തെപ്പോലെ തെന്നിത്തെന്നിപ്പോകുന്ന അര്‍ത്ഥമുണ്ടു്. അതു കണ്ടറിയുന്ന സഹൃദയനു കലയോടു ബന്ധപ്പെട്ട ആഹ്ലാദമുണ്ടാകും.)
  2. മാര്‍ക്സ് പറഞ്ഞ വര്‍ഗ്ഗരഹിത സമുദായം എങ്ങും ഉണ്ടായിട്ടില്ല. ഉണ്ടാകുമെന്നും തോന്നുന്നില്ല. വര്‍ഗ്ഗരഹിത സമുദായത്തിനുവേണ്ടി തൊണ്ടകീറി പ്രസംഗിക്കുന്നവരെല്ലാം ബൂര്‍ഷ്വാസിയില്‍ പെട്ടവരെക്കാള്‍ സുഖപ്രദമായ ജീവിതമാണു് നയിക്കുന്നതു്. സകല നൂതന സൌകര്യങ്ങളുമുള്ള കൊട്ടാരം പോലുള്ള കെട്ടിടം. സൌധങ്ങള്‍ എന്നു തിരുത്തിപ്പറയണം. സഞ്ചരിക്കാന്‍ പുതിയ കാറു്. അവരുടെ വീട്ടില്‍ചെന്നാല്‍ അവര്‍ സഹധര്‍മ്മിണിയെ അതിഥിയുടെ മുന്‍പില്‍ വരാനേ സമ്മതിക്കില്ല. ഭാര്യ മുന്‍പിലെത്താത്തതു ബുര്‍ഷ്വാസിയുടെ നിയമമനുസരിച്ചാണു്. ബൂര്‍ഷ്വാസിയില്‍പ്പെട്ട ഞാന്‍ ഓട്ടോറിക്ഷയിലോ ബസ്സിലോ കയറാന്‍ പണമില്ലാതെ ഏന്തി വലിഞ്ഞു റോഡിലൂടെ നടക്കുമ്പോള്‍ എന്റെ മേല്‍ ചെളിവെളളം തെറിപ്പിച്ചുകോണ്ടു് തൊഴിലാളി നായകന്‍ ഏററവും പുതിയ കാറില്‍ പാഞ്ഞുപോകും. പോകുന്നതു തൊഴിലാളി സമ്മേളനത്തില്‍ പ്രസംഗിക്കാനാണു്. അവിടെ കയറിനിന്നു് ‘സര്‍വരാജ്യ തൊഴിലാളികളേ സംഘടിക്കുവിന്‍. നിങ്ങള്‍ക്കു നഷ്ടപ്പെടാന്‍ കൈച്ചങ്ങലകളല്ലാതെ വേറൊന്നുമില്ല’ എന്നു് തൊണ്ട പൊട്ടുന്ന രീതിയില്‍ നിലവിളിക്കും. അതുകഴിഞ്ഞു് പുതിയ കാറില്‍ കയറി വീട്ടിലേക്കു പോകും. തൊഴിലാളി മഴ നനഞ്ഞു വീട്ടിലേക്കു നടക്കുന്ന സന്ദര്‍ഭത്തില്‍ നേതാവു് ലാര്‍ജ് ബ്രാന്‍ഡി നുണഞ്ഞു വീട്ടിലിരിക്കുകയായിരിക്കും. തൊഴിലാളി നേതാവു് തൊഴിലാളികളുടെ വികാരവുമായി ‘താദാത്മ്യം’ പ്രാപിക്കാത്തതുകൊണ്ടാണു് ഈ ഹിപ്പൊക്രസി ഉണ്ടാകുന്നതു്. ഇതില്ലാത്ത — ഹിപ്പോക്രസി ഇല്ലാത്ത — നേതാക്കന്മാര്‍ കാണുമായിരിക്കും. അങ്ങനെയുള്ള രണ്ടുപേരെ എനിക്കറിയാം. സുഗതന്‍സാറും കെ. സി. ജോര്‍ജ്ജും. അവരുടെ സ്മരണയ്ക്കു മുന്‍പില്‍ ഞാന്‍ ആദരാവനതനായി നില്ക്കുന്നു.
  3. കേശവദേവ് ജീവിച്ചിരിക്കുമ്പോള്‍ത്തന്നെ അദ്ദേഹം മരിച്ചുവെന്നു് കെ. ദാമോദരന്‍ പറഞ്ഞു. (കെ. ദാമോദരന്‍ കേരള കൌമുദിയുടെ പത്രാധിപരായിരുന്ന കെ. സുകുമാരന്റെ സഹോദരന്‍) അദ്ദേഹത്തിന്റെ ആ പ്രസ്താവം അക്കലാത്തെ പത്രങ്ങളില്‍ വലിയ അക്ഷരങ്ങളില്‍ അച്ചടിച്ചു വന്നു. കേശവദേവിന്റെ സര്‍ഗ്ഗശക്തി നശിച്ചുപോയിയെന്നാണു ദാമോദരന്‍ പറഞ്ഞതു്. കേശവദേവിനു പ്രായമേറെച്ചെന്നപ്പോഴായിരുന്നു ദോമോദരന്റെ പ്രഖ്യാപനം. നമ്മുടെ സാഹിത്യകാരന്മാരുടെ സ്ഥിതി അതല്ല. ഇന്നെഴുതുന്ന പലരും ചെറുപ്പകാലത്തെ മരിച്ചു കഴിഞ്ഞിരിക്കുന്നു. നമ്മള്‍ കാണുന്നതു് അവരുടെ പ്രത്യക്ഷ ശരീരങ്ങള്‍ മാത്രം.
  4. ജര്‍മ്മന്‍ തത്ത്വചിന്തകനായ ആഡോര്‍നോയുടെ (Theodor Adorno 1903-1969) Aesthetic Theory എന്ന അത്യുജ്ജ്വലമായ പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ടു്. അതിന്റെ തര്‍ജ്ജമ വിശ്വസിക്കാന്‍ കൊള്ളാത്തതാണെന്നു് പറഞ്ഞു പ്രസാധകര്‍ അതു പിന്‍പലിച്ചു. പിന്നീടുണ്ടായ തര്‍ജ്ജമ എനിക്കു കിട്ടിയതുമില്ല. അടുത്തകാലത്തു ഞാന്‍ വായിച്ച ഒരു പഠനത്തില്‍ ബ്രഹ്ററിന്റെ ഒരു നാടകത്തെക്കുറിച്ചുള്ള പ്രതിപാദനമുണ്ടു്. ഷിക്കാഗോപ്പട്ടണത്തിലെ ഭീകരപ്രവര്‍ത്തകര്‍ക്കും തേഡ് റീഹിലെ ഭരണകര്‍ത്താക്കള്‍ക്കും (Third Reich 1933 തൊട്ട് 1945 വരെയുള്ള നാത്സിഭരണകാലം) സാദൃശ്യം കല്പിക്കുന്നു ബ്രഹ്ററ്. നാത്സി ഭരണത്തിനും ഭീകരപ്രവര്‍ത്തനത്തിനും സാദൃശ്യം നല്കി ബ്രഹററ് രചിച്ച ഈ അലിഗറി ദുര്‍ബ്ബലമാണെന്നാണു് ആജോര്‍നോയുടെ അഭിപ്രായം. ഭീകരപ്രവര്‍ത്തനത്തെയും നാത്സികളുടെ ക്രൂരതയെയും സദൃശങ്ങളാക്കുമ്പോള്‍ നാസ്തി നൃശംസതയ്ക്കു ന്യൂനത്വം വരുന്നുവെന്നാണു് അദ്ദേഹം പറയുക. ശരിയാണു്. പക്ഷേ ഇതല്ലാതെ എന്തുചെയ്യും? ക്രൂരതയ്ക്കു സദൃശമായി എന്തെങ്കിലും ഈ ലോകത്തു കണ്ടുപിടിക്കാനൊക്കുകയില്ല. ലോകത്തുള്ളവയെയെല്ലാം പരസ്പരം തുല്യങ്ങളാക്കാനേ എഴുത്തുകാരനു കഴിയൂ. മൂര്‍ച്ഛാജനകമായ മരുന്നു കൊടുത്തു മയക്കിയ രോഗിണി മേശപ്പുറത്തു കിടക്കുന്നതുപോലെ സായാഹ്നം അന്തരീക്ഷത്തില്‍ ശയിക്കുന്നുവെന്നു പറയുമ്പോഴും ഔപമ്യത്തിനു് ദൌര്‍ബ്ബല്യം വരുന്നു. (അലങ്കാരപ്രയോഗം ററി. എസ്. എല്യററിന്റതു്).

ചിത്രശലഭം

യുവതിയെക്കണ്ടാല്‍ യുവാവിനുണ്ടാകുന്നതു രാഗം. യുവിതിക്കു ആ വികാരം അപ്പോഴുണ്ടാകണമെന്നില്ല. ആ യുവതിക്കും ആ യുവാവിനും രാഗമുണ്ടായാല്‍ അതു് അനുരാഗം. അതിന്റെ മൂര്‍ദ്ധന്യാവസ്ഥ പ്രേമം. പ്രേമമാര്‍ന്ന അവര്‍ രണ്ടുപേരും വിവാഹം കഴിച്ചു കുറെ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ അതു പ്രണയമായിബ്ഭവിക്കുന്നു. പ്രേമത്തില്‍പ്പെട്ടു കഴിയുമ്പോള്‍ സ്ത്രീക്കു അസൂയ സ്വാഭാവികം. പുരുഷന്റെ പരസ്ത്രീഗമനം അവര്‍ സഹിക്കില്ല. പ്രണയാവസ്ഥയില്‍ ഭര്‍ത്താവന്റെ സുഖമാണു ഭാര്യയുടെ സുഖം. അപ്പോള്‍ അയാള്‍ പരസ്ത്രീഗമനേച്ഛയുള്ളവനാണെങ്കിലും ഭാര്യക്കു സങ്കടമില്ല. ഈ പ്രണയത്തെയാണു് ഭവഭൂതി വാഴ്ത്തിയതു്.

ഒന്നായും സൌഖ്യദുഃഖങ്ങളിലനുഗുണമായേതു കാലത്തുമുള്‍പ്പൂ
വിന്നുളളാശ്വാസമായും രസമതു ജരയാല്‍ ഭേദിയാതുള്ളതായും
പിന്നെക്കാലേന ചേര്‍ന്നാമറവുകളൊടുവില്‍
സ്നേഹസത്തായുമെന്നും
ഭിന്നിക്കാതുള്ള പത്നീപ്രണയമധിക പുണ്യത്തിനാലേ ലഭിക്കൂ

ഈ പ്രണയാവസ്ഥയിലെത്തിയ തകഴിയുടെയും അദ്ദേഹത്തിന്റെ സഹധര്‍മമിണിയുടെയും ദാമ്പത്യജീവിതത്തെ വാഴ്ത്താത്തവരില്ല. ശ്രീ. ഇ. വി. ശ്രീധരനും അവരുടെ ആ ജീവിതത്തെ പ്രശംസിക്കുന്നു. (കലാകൌമുദി ഓണപ്പതിപ്പു്, സാഹിത്യമേ ജീവിതം എന്ന ലേഖനം) ആ പ്രശംസ പൊള്ളയല്ല. വസ്തുസ്ഥിതി കഥനമത്രേ. ചെറുകഥാകാരനായ ഇ. വി. ശ്രീധരന്‍ ആകര്‍ഷകമായി അതു നിര്‍വഹിക്കുന്നു. അതിന്റെ കൂടെ തകഴിയുടെ സാഹിത്യജീവിതത്തിന്റെ സവിശേഷതകളും.

ബി. സി. നാലാം ശതകത്തിലെ ചൈനീസ് തത്ത്വചിന്തകന്‍ ജുആങ്ദ്സു (Chuang Izu) ഒരിക്കല്‍ സ്വപ്നം കണ്ടു താന്‍ ചിത്രശലഭമായി പൂക്കള്‍ തോറും പാറിപ്പറന്നുവെന്നു്. പെട്ടെന്നു് അദ്ദേഹം ഉണര്‍ന്നു. അപ്പോള്‍ അദ്ദേഹത്തിനു സംശയം. താന്‍ ചിത്രശലഭമായിയെന്നു സ്വപ്നം കണ്ടുവോ അതോ ചിത്രശലഭമായ താന്‍ മനുഷ്യനാണെന്നു സ്വപ്നം കണ്ടുവോ?

തകഴിക്കു ഈ ഭ്രമമില്ല. ‘ചെമ്മീന്‍’ എന്ന സുന്ദരമായ നോവലെഴുതുമ്പാള്‍ അദ്ദേഹം ചിത്രശലഭമാണു്. ഇ. വി. ശ്രീധരനും അദ്ദേഹത്തെപ്പോലെയുള്ള നല്ലയാളുകളും ചെല്ലുമ്പോള്‍ തകഴി സ്നേഹസമ്പന്നമായ മനുഷ്യനാണ്. തകഴിയുടെ ചിത്രശലഭാവസ്ഥയെയും മനുഷ്യാവസ്ഥയെയും കാണിച്ചുതരുന്നു ഇ. വി ശ്രീധരന്‍.

കുമാരനാശാന്റെ ‘നളിനി’ എന്ന കാവ്യത്തിലെ രസം ശാന്തമാണെന്നു് കെ. ബാലരാമപണിക്കര്‍ എഴുതിയപ്പോള്‍ അതു ശരിയല്ലെന്നു് ഈ ലേഖകന്‍ പറഞ്ഞു. ശാന്തരസത്തിന്റെ സ്ഥായിഭാവമായ നിര്‍വ്വേദം നളിനിയിലില്ല. ‘നീ കുലീന ഗുണദീവികേ വീടും ലോകമാണു ദയനീയമെന്‍ പ്രിയേ’ എന്നു വിലപിക്കുന്ന സന്ന്യാസിക്കു് എവിടെ നിര്‍വ്വേദം? നളിനി രസപ്രധാനമായ കൃതിയല്ല. ഭാവപ്രധാനമാണു് എന്നായിരുന്നു എന്റെ വാദം. ബാലരാമപ്പണിക്കര്‍ അതിനു നേരിട്ടു മറുപടിയെഴുതാതെ ഒരു പയ്യനെക്കൊണ്ടു പ്രത്യാഖ്യാനം നിര്‍വഹിപ്പിച്ചു. ആ ലേഖനം പകുതിയോളം പൌഢം. പകുതി ‘അലവലാതി’ വര്‍ത്തമാനം. സംഗതി വ്യക്തം. ആദ്യത്തെ പ്രൌഢഭാഗം ബാലരാമപ്പണിക്കര്‍ പറഞ്ഞുകൊടുത്തതു്. ബാക്കിയുള്ളതു പയ്യന്റേതു്. ഞാന്‍ അയാളെ വിളിച്ചു ഉപദേശിച്ചു: ‘നിങ്ങൾക്കു പറയണമെന്നു തോന്നിയാല്‍ പറയു. പക്ഷേ വേറൊരാള്‍ പറഞ്ഞുതരുന്നതു സ്വന്തം പേരില്‍ അച്ചടിക്കരുത്’. അയാള്‍ പരുങ്ങിനിന്നു അതുകേട്ടു.

ഉത്കൃഷ്ടമായ ഒരു ദിനപത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ ഒരാള്‍ തന്ത പറഞ്ഞുകൊടുക്കുന്നതു മഴുവനും പകര്‍ത്തി വയ്ക്കുന്നു. ലജ്ജാവഹമായ പ്രവൃത്തിയാണിതു്. ആത്മാഭിമാനമുള്ളവര്‍, അന്തസ്സുള്ളവര്‍ ഈ പ്രവൃത്തി ചെയ്യുകയില്ല. തല്‍ക്കാലം ഇത്രയും മതി. വേണ്ടിവന്നാല്‍ ഇനിയുമാകാം.