Difference between revisions of "സാഹിത്യവാരഫലം 1987 10 25"
(→വ്യക്തിത്വം) |
|||
(4 intermediate revisions by the same user not shown) | |||
Line 87: | Line 87: | ||
==സക്കറിയ== | ==സക്കറിയ== | ||
− | ദാമ്പത്യജീവിതത്തിനു പുറമേയുള്ള ലൈംഗികജീവിതം ഏതുരാജ്യത്തുമുണ്ട്. സാമൂഹിക പരിതഃസ്ഥിതികളെ അവലംബിച്ചു. അതിന് ഏറ്റക്കുറവുണ്ടാകുമെന്നേയുള്ളു. അമേരിക്കയിലും | + | ദാമ്പത്യജീവിതത്തിനു പുറമേയുള്ള ലൈംഗികജീവിതം ഏതുരാജ്യത്തുമുണ്ട്. സാമൂഹിക പരിതഃസ്ഥിതികളെ അവലംബിച്ചു. അതിന് ഏറ്റക്കുറവുണ്ടാകുമെന്നേയുള്ളു. അമേരിക്കയിലും ഇംഗ്ലണ്ടിലും മറ്റു രാജ്യങ്ങളിലുമുള്ള ഇത്തരം ലൈംഗികജീവിതത്തെ സംബന്ധിച്ച് സ്ഥിതിവിവരക്കണക്കുകള്‍ ഉള്ളതുകൊണ്ട് അതിന്റെ ശതമാനം നിര്‍ണ്ണയിക്കാം. ഭാരതത്തില്‍ അതിനുവേണ്ട ഗവേഷണങ്ങളില്ല. ഇവിടെ അഭ്യൂഹം മാത്രമേ പറ്റുകയുള്ളു. |
വൈവാഹിക ജീവിതത്തിനു പുറത്തുള്ള ഈ സെക്സ് മൂന്നുതരത്തിലാണ്. | വൈവാഹിക ജീവിതത്തിനു പുറത്തുള്ള ഈ സെക്സ് മൂന്നുതരത്തിലാണ്. | ||
Line 111: | Line 111: | ||
|quoted = true | |quoted = true | ||
|quote = ‘ധര്‍മ്മ രാജ’ മലയാള സാഹിത്യത്തിന്റെ നിലവച്ചുനോക്കിയാല്‍ ഒരു പ്രകൃഷ്ട കൃതിയാണ്. ഉണ്ണായിയുടെ നളചരിതം ഉജ്ജ്വലവും രമണീയവുമായ കലാശില്പമാണ്. പടിഞ്ഞാറന്‍ സാഹിത്യത്തില്‍പ്പോലും അതിന് സദൃശങ്ങളായ കൃതികള്‍ വിരളമത്രേ.}} | |quote = ‘ധര്‍മ്മ രാജ’ മലയാള സാഹിത്യത്തിന്റെ നിലവച്ചുനോക്കിയാല്‍ ഒരു പ്രകൃഷ്ട കൃതിയാണ്. ഉണ്ണായിയുടെ നളചരിതം ഉജ്ജ്വലവും രമണീയവുമായ കലാശില്പമാണ്. പടിഞ്ഞാറന്‍ സാഹിത്യത്തില്‍പ്പോലും അതിന് സദൃശങ്ങളായ കൃതികള്‍ വിരളമത്രേ.}} | ||
− | റോഡില്‍ കാണുന്ന ഏതു പുരുഷനോടും ലൈംഗികവേഴ്ച അഭിലഷിക്കുന്ന സ്ത്രീയുടെ മാനസികഭ്രംശത്തെ | + | റോഡില്‍ കാണുന്ന ഏതു പുരുഷനോടും ലൈംഗികവേഴ്ച അഭിലഷിക്കുന്ന സ്ത്രീയുടെ മാനസികഭ്രംശത്തെ ഇംഗ്ലീഷില്‍ ‘നിംഫോമെന്യാ’ എന്നു വിളിക്കുന്നു. പ്രകൃതിതന്നെ നിംഫോമെന്യാ ഉള്ളവളാണെന്ന് തോന്നുന്നു. അവള്‍ നക്ഷത്രലോചനങ്ങള്‍കൊണ്ട് എല്ലാവരേയും കടാക്ഷിക്കുന്നു. നിലാവുകൊണ്ടു മൃദുലമായ കരസ്പര്‍ശം നടത്തുന്നു. ആമ്പല്‍പ്പൂവിലൂടെ പുഞ്ചിരി പൊഴിക്കുന്നു. കുയില്‍നാദത്തിലൂടെ അടുത്തുചെല്ലാന്‍ ക്ഷണിക്കുന്നു. പക്ഷേ, അവള്‍ക്കു നിത്യയൗവ്വനമാണ്. ചെറുപ്പകാലത്ത് ഈ മാനസികഭ്രംശത്തോടുകൂടി ജീവിച്ച് പലരെയും ദുരന്തത്തിലാഴ്ത്തിയ ഒരു സ്ത്രീയെ എത്ര വിശ്വാസജനകമായിട്ടാണ് ഐ.കെ.കെ.എം. അവതരിപ്പിക്കുന്നത് (കുങ്കുമം, ശക്തിദുര്‍ഗ്ഗം എന്ന ചെറുകഥ). വാര്‍ദ്ധക്യത്തിലേക്കു കാലൂന്നിയ അവള്‍ കഥ പറയുന്ന ആളിന്റെ മുന്‍പില്‍ വന്നിരിക്കുന്നു. അവരുടെ സാന്നിദ്ധ്യം ഭൂതകാല സ്മരണകളിലേക്ക് അയാളെ കൊണ്ടു ചെല്ലുന്നു. ചലച്ചിത്രത്തിലെ രംഗങ്ങള്‍ പോലെയുള്ള വികാരസാന്ദ്രങ്ങളായ രംഗങ്ങള്‍ നമ്മുടെ മുന്‍പില്‍ ചുറ്റഴിഞ്ഞ് ഊര്‍ന്നു വീഴുന്നു. ഓരോ ദൃശ്യവും നമ്മളെ സ്പര്‍ശിക്കുന്നു. അവരുടെ പൂര്‍വകാലജീവിതത്തെക്കുറിച്ചു കേട്ടറിവുള്ള ഭാര്യ, ഭര്‍ത്താവിനെ കാണാന്‍ വന്ന ആ വേശ്യയെ കാണാന്‍ പോലും മുന്‍വശത്തേക്കു വരുന്നില്ല. കഥ പറയുന്ന ആള്‍ പേഴ്സ് തട്ടിക്കുടഞ്ഞിട്ട് ചെറിയ സാധനങ്ങള്‍ വാങ്ങിക്കൊണ്ട് അവര്‍ വീട്ടില്‍ നിന്നിറങ്ങിപ്പോകുമ്പോള്‍ കഥ അവസാനിക്കുന്നു. അതോടെ അയാള്‍ക്കും ഭാര്യക്കും ആശ്വസം. കഥയുടെ ‘സ്പിരിറ്റു’മായി ഇണങ്ങിയ നമുക്കും ആശ്വാസം. ഇതാണു കലയുടെ ശക്തി. ഒരിക്കല്‍ കൊടുങ്കാറ്റടിച്ചിരുന്നു ആ സ്ത്രീയുടെ ജീവിതത്തില്‍. അതിനെ തള്ളിമാറ്റിക്കൊണ്ട് അവര്‍ ശക്തിദുര്‍ഗ്ഗം പോലെനിന്നു. ഇന്നു കൊടുങ്കാറ്റില്ല. പക്ഷേ, ഇന്നും ശക്തിദുര്‍ഗ്ഗം തന്നെ. പ്രശാന്താവസ്ഥയിലെ ശക്തിദുര്‍ഗ്ഗം. ഇമ്മാതിരി സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ പ്രതിനിധിയായി ഒരുത്തിയെ ആലേഖനം ചെയ്ത കഥാകാരനെ ഞാന്‍ സവിനയം അഭിനന്ദിക്കട്ടെ. പടിഞ്ഞാറുള്ളവനറെ അസ്തിത്വദുഃഖം കടമെടുത്ത് കൃത്രിമഭാഷയില്‍ ഇവിടത്തെ കഥാകാരന്മാര്‍ കഥയെഴുതുമ്പോള്‍ ഐ.കെ.കെ.എം കേരളത്തിന്റെ മണ്ണിനുള്ള പരിമളം പ്രസരിപ്പിക്കുന്ന ഒരു നല്ല കഥ എഴുതിയിരിക്കുന്നു. |
==അവര്‍ പറഞ്ഞതു ശരിയല്ല== | ==അവര്‍ പറഞ്ഞതു ശരിയല്ല== | ||
Line 131: | Line 131: | ||
==വ്യക്തിത്വം== | ==വ്യക്തിത്വം== | ||
− | നെപ്പോളിയനെ കപ്പലില്‍ കയറ്റി ഹെലീനാദ്വീപിലേക്കു കൊണ്ടുപോവുകയാണ് | + | നെപ്പോളിയനെ കപ്പലില്‍ കയറ്റി ഹെലീനാദ്വീപിലേക്കു കൊണ്ടുപോവുകയാണ് ഇംഗ്ലീഷുകാര്‍. രാത്രി ഭക്ഷണവേളയില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ റ്റൈറ്റിനെ കപ്പലില്‍ കണ്ടു നെപ്പോളിയന്‍ ചോദിച്ചു: ഞാന്‍ ഞെക്കിക്കൊന്നുവെന്ന് അപവാദകുതുകികളായ ഇംഗ്ലീഷുകാര്‍ പറയുന്ന റ്റൈറ്റിന്റെ ബന്ധുവാണോ നിങ്ങള്‍? “അതേ സര്‍” എന്നു ക്യാപ്റ്റന്റെ മറുപടി. അയാള്‍ വീണ്ടും ചോദിച്ചു: “സര്‍, അങ്ങു ബന്ധനസ്ഥനാക്കിയ റൈറ്റ് മരിച്ചതെങ്ങനെ?” നെപ്പോളിയന്‍: “ഞാനതു പറയാം.” തുടര്‍ന്നു വിശദീകരണം. ഒരു ഇംഗ്ലീഷ് കപ്പലില്‍ ഫ്രഞ്ച് തീരത്തുവന്ന റൈറ്റ്, നെപ്പോളിയനെ വധിക്കാന്‍ ശ്രമിച്ച ഒരു ഉപജാപകസംഘത്തോടു ചേര്‍ന്നു. അദ്ദേഹം അയാളെ കാരാഗൃഹത്തിലാക്കി നെപ്പോളിയന്‍: “സമാധാനം കൈവരുന്നതുവരെ അയാളെ തടവില്‍ പാര്‍പ്പിക്കാനായിരുന്നു എന്റെ ഉദ്ദേശ്യം. പക്ഷേ ക്ലേശവും പശ്ചാത്താപവും കൊണ്ട് അയാള്‍ ആത്മഹത്യ ചെയ്തു. ഇംഗ്ലീഷുകാരായ നിങ്ങള്‍ ഇക്കാര്യത്തില്‍ മറ്റുരാജ്യക്കാരെപ്പോലെ അദ്ഭുതപ്പെടേണ്ടതില്ല. കാരണം ആത്മഹത്യ നിങ്ങളുടെ ദേശീയ സ്വഭാവമാണല്ലോ” ഇത്രയും പറഞ്ഞിട്ട് നെപ്പോളിയന്‍ ഡിന്നര്‍ മേശയ്ക്കരികില്‍നിന്ന് എഴുന്നേറ്റു പോയി (The Murder of Napoleon എന്ന അത്യാകര്‍ഷകമായ പുസ്തകത്തില്‍ നിന്ന്, പുറം 47. വില 7.50). |
− | നോക്കു, എന്തോരു തന്റേടം! | + | നോക്കു, എന്തോരു തന്റേടം! ഇംഗ്ലീഷുകാരുടെ തടവുകാരനാണ് നെപ്പോളിയന്‍. ചുറ്റും ഇംഗ്ലീഷുകാര്‍ നില്ക്കുന്നു. അവരുടെ ഒരു ക്യാപ്റ്റനെ നോക്കി ഒരു കൂസലുമില്ലാതെ തന്റെ അഭിപ്രായം മുഖത്തടിക്കുന്നപോലെ നെപ്പോളിയന്‍ ആവിഷ്കരിക്കുന്നു. നമ്മള്‍ എന്തെഴുതിയാലും — കഥയെഴുതിയാലും നിരൂപണമെഴുതിയാലും ശരി — ഇതുപോലെ നമ്മുടെ വ്യക്തിത്വം അതിലുണ്ടാകണം. സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള, കുട്ടിക്കൃഷ്ണമാരാര്‍ ഇവരുടെ രചനകള്‍ക്കുള്ള സവിശേഷത അതാണ്. അല്ലാതെ ചതഞ്ഞമട്ടില്‍ അതുമിതും പറയുന്നതുകൊണ്ട് എന്തുഫലം? ഈ ചോദ്യം ഞാന്‍ ചോദിക്കുന്നത് ദേശാഭിമാനി വാരികയില്‍ “പന്തയക്കുതിരകള്‍” എന്ന കഥാഭാസം എഴുതിയ ഭരതനോടാണ്. സൗമിനിയെക്കാണാന്‍ കൂട്ടുകാരി ശാന്തി വന്നത്രേ. ശാന്തിയുടെ ഭര്‍ത്താവ് കേമന്‍. സൗമിനിയുടെ ഭര്‍ത്താവ് ഭ്രാന്തന്‍. പലരും ചവച്ചുതുപ്പിയ ഈ കരിമ്പിന്‍ചണ്ടി വീണ്ടുമെടുത്തു ചവയ്ക്കുന്നതെന്തിനാണ് ഭരതന്‍? വായനക്കാരെക്കൂടി ഭ്രാന്തന്മാരാക്കാനാണോ? |
{{***}} | {{***}} | ||
കേശവദേവ് തിരുവനന്തപുരത്ത് പൂജപ്പുര മഹിളാമന്ദിരത്തിന് എതിരെയുള്ള വീട്ടില്‍ താമസിക്കുന്ന കാലം. കെ.എസ്. കൃഷ്ണന്റെ കൂടെ ഞാന്‍ ഒരുദിവസം സായാഹ്നത്തില്‍ അവിടെ ചെന്നു. എന്നെക്കണ്ടയുടനെ ദേവ് അലറി: “നിങ്ങള്‍ എന്റെ ‘കണ്ണാടി’യെന്ന നോവലിനെ ആക്ഷേപിച്ചെഴുതിയതുകണ്ടു. എന്റെ മോശപ്പെട്ട കൃതികള്‍ നല്ലവയാണെന്നു നിങ്ങള്‍ പറയുന്നു. നല്ല കൃതികള്‍ മോശമാണെന്നും. സ്റ്റുപിഡ്.” ഞാൻ മറുപടിയൊന്നും പറയാതെ ഇരുന്നതേയുള്ളു. ഞാനൊന്നു ചോദിക്കട്ടെ. കാര്‍ത്ത്യായനി അമ്മയേയും വൈത്തിപ്പട്ടരേയും നമ്മളിന്നും ഓര്‍മ്മിക്കുന്നു. ‘ഇന്ദുലേഖ’യുടെ കഥ നമുക്കറിയാം. കേശവദേവിന്റെ ഏതു കഥാപാത്രത്തെയാണ് നമ്മള്‍ സ്മരണയില്‍ സൂക്ഷിച്ചിരിക്കുന്നത്? സത്യന്റെ സിനിമ കണ്ടിട്ടില്ലാത്തവര്‍ക്ക് ‘ഓടയില്‍നിന്ന്’ എന്ന നോവലിന്റെ കഥ പറയാന്‍ സാധിക്കുമോ? | കേശവദേവ് തിരുവനന്തപുരത്ത് പൂജപ്പുര മഹിളാമന്ദിരത്തിന് എതിരെയുള്ള വീട്ടില്‍ താമസിക്കുന്ന കാലം. കെ.എസ്. കൃഷ്ണന്റെ കൂടെ ഞാന്‍ ഒരുദിവസം സായാഹ്നത്തില്‍ അവിടെ ചെന്നു. എന്നെക്കണ്ടയുടനെ ദേവ് അലറി: “നിങ്ങള്‍ എന്റെ ‘കണ്ണാടി’യെന്ന നോവലിനെ ആക്ഷേപിച്ചെഴുതിയതുകണ്ടു. എന്റെ മോശപ്പെട്ട കൃതികള്‍ നല്ലവയാണെന്നു നിങ്ങള്‍ പറയുന്നു. നല്ല കൃതികള്‍ മോശമാണെന്നും. സ്റ്റുപിഡ്.” ഞാൻ മറുപടിയൊന്നും പറയാതെ ഇരുന്നതേയുള്ളു. ഞാനൊന്നു ചോദിക്കട്ടെ. കാര്‍ത്ത്യായനി അമ്മയേയും വൈത്തിപ്പട്ടരേയും നമ്മളിന്നും ഓര്‍മ്മിക്കുന്നു. ‘ഇന്ദുലേഖ’യുടെ കഥ നമുക്കറിയാം. കേശവദേവിന്റെ ഏതു കഥാപാത്രത്തെയാണ് നമ്മള്‍ സ്മരണയില്‍ സൂക്ഷിച്ചിരിക്കുന്നത്? സത്യന്റെ സിനിമ കണ്ടിട്ടില്ലാത്തവര്‍ക്ക് ‘ഓടയില്‍നിന്ന്’ എന്ന നോവലിന്റെ കഥ പറയാന്‍ സാധിക്കുമോ? | ||
{{MKN/SV}} | {{MKN/SV}} | ||
{{MKN/Works}} | {{MKN/Works}} |
Latest revision as of 07:03, 25 October 2014
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന്‍ നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1987 10 25 |
ലക്കം | 632 |
മുൻലക്കം | 1987 10 18 |
പിൻലക്കം | 1987 11 01 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
ഈശ്വരന്‍, അമര്‍ത്യത ഇവയെല്ലാം യുക്തിയില്‍ അധിഷ്ഠിതമല്ലെന്ന് വിശ്വസിച്ച ബര്‍ ട്രന്‍ഡ് റസ്സല്‍ പോലും പ്രഖ്യാപിച്ചത് ഇങ്ങനെയാണ്: എന്നിലെന്തോ പ്രാധാന്യമാര്‍ന്നതായി ഉണ്ട് മരിക്കുന്നതിന് മുമ്പ് അതാവിഷ്ക്കരിക്കാന്‍ ഞാനൊരു മാര്‍ഗ്ഗം കണ്ടുപിടിച്ചേ മതിയാവൂ. അത് സ്നേഹമല്ല, വെറുപ്പല്ല, ദയയല്ല, പുച്ഛമല്ല, ജീവന്റെ ശ്വാസമാണ്.
പണ്ട് ഒരു മഹാവ്യക്തി തിരുവനന്തപുരത്തു വന്നപ്പോള്‍ ഒരു ബ്രാഹ്മണനെ കണ്ടുപിടിച്ച് അയാളുടെ കാലുകഴുകി ആ വെള്ളം കുടിച്ചുവെന്ന് പത്രത്തില്‍ കാണുകയുണ്ടായി. കാല് എത്ര തേച്ചുകഴുകിയാലും രോഗാണുക്കള്‍ വയറ്റിലേക്കു കടത്തിവിടുന്ന ആ പ്രക്രിയയില്‍ ധര്‍മ്മരോഷം കൊണ്ട ഒരു മാന്യന്‍ എന്നോടു പറഞ്ഞു: “ഇയാള്‍ കോട്ടയ്ക്കകത്തു പോകാത്തതെന്ത്? അവിടെ വലിയ വലിയ കാലുകള്‍ ഉണ്ടല്ലോ. വെള്ളംതന്നെ വേണ്ട. അവയില്‍നിന്നു വെള്ളമൊലിക്കുന്നുണ്ടാവും.” ഇത്തരം പ്രവൃത്തികളില്‍ നമുക്കു കോപമോ വിഷാദമോ തോന്നേണ്ടതില്ല. സമുന്നതമായ ഭാരത സംസ്കാരത്തില്‍ ഈവിധത്തിലുള്ള ഭോഷത്തങ്ങളും പൊരുത്തക്കേടുകളും ധാരാളമായി ഉണ്ട്. ഇംഗ്ലീഷ് നോവലിസ്റ്റ് ഈ.എം. ഫൊര്‍സ്റ്ററുടെ കൂട്ടുകാരനായ ഒരു സായ്പ് മുന്‍പ് ഇന്‍ഡ്യയിലെത്തി ഒരു നാട്ടുരാജാവിന്റെ ഉപദേഷ്ടാവായി. അവര്‍ ഒരുമിച്ചു കാറില്‍ സഞ്ചരിക്കുമ്പോള്‍ തിരുമനസ്സുകൊണ്ട് ചോദിച്ചു: “ഇംഗ്ലണ്ടിലെ ആളുകള്‍ പശുവിന്റെയോ മറ്റേതെങ്കിലും മൃഗത്തിന്റെയോ മൂത്രം കുടിക്കാറുണ്ടോ?” “ഇല്ല” എന്ന് സായ്പ് മറുപടി നല്കി. “എന്തേ അങ്ങനെ ചോദിക്കാന്‍?” എന്ന് സായ്പ് ഒരു ചോദ്യമെറിഞ്ഞു. മഹാരാജാവ് പറഞ്ഞു: ഞങ്ങള്‍ പശുവിന്റെ മൂത്രം, ചാണകം, പാല്, തയിര്, വെണ്ണ ഇവ അഞ്ചും കഴിക്കും. അദ്ഭുതാധീനനായ പാശ്ചാത്യന്‍ “പശുവിന്റെ വിയര്‍പ്പോ? തുപ്പലോ?” എന്നു ചോദിച്ചു. “അവരണ്ടും വിശുദ്ധമല്ലാത്തതുകൊണ്ട് ഞങ്ങള്‍ കഴിക്കാറില്ല” എന്നായിരുന്നു പൊന്നുതമ്പുരാന്റെ മറുപടി. “ഇവ അഞ്ചും ദിവസവും അല്പമായി ഉള്ളിലാക്കും ഞങ്ങള്‍” എന്നു പറഞ്ഞിട്ട് അദ്ദേഹം ചിരിച്ചു. അതിനുശേഷം തികഞ്ഞ ഗൗരവത്തോടെ തിരുമേനി അരുളിച്ചെയ്തു: “ചാണകവും മൂത്രവും വളരെ പരിശുദ്ധമാണ്. പശുവിന്റെ മൂത്രമാണ് എനിക്കേറെയിഷ്ടം. പച്ചവെള്ളം കുടിക്കുന്നതുപോലെയാണ് ഞാനതു; കുടിക്കുന്നത്.”
സായ്പ് അതുകേട്ട് വമനേച്ഛയോടെ കാറിനകത്ത് ഇരുന്നിരിക്കും. ഇക്കാലത്താണെങ്കില്‍ അദ്ദേഹത്തിന് ഓക്കാനം വരുമായിരുന്നില്ല. മൊറാര്‍ജി ദേശായിയുടെ ഇഷ്ടപാനീയത്തെക്കുറിച്ച് അറിയുന്ന സായ്പിന് ഗോമൂത്രപാനത്തെക്കുറിച്ചു കേട്ടാല്‍ ഛര്‍ദ്ദിക്കാന്‍ തോന്നുന്നതെങ്ങനെ? പശുവിന്റെ മൂത്രം കുടിക്കുകയില്ലെന്നു പറഞ്ഞാല്‍ അതു പാതകമായിത്തീരുന്ന അവസ്ഥയാണ് ഭാരതത്തിലുള്ളത്. അതിപാതകം, മഹാപാതകം, അനുപാതകം, ഉപപാതകം ഇങ്ങനെ പാതകങ്ങല്‍ പലതത്രേ. ഇവയ്ക്കൊക്കെ ശിക്ഷകളുമുണ്ട്. പകല്‍സമയത്ത് ലൈംഗികവേഴ്ച നടത്തുന്നത് പാതകമാണ്. (അതിപാതകമാണോ മഹാപാതകമാണോ അതെന്ന് എനിക്കറിഞ്ഞുകൂടാ. നിര്‍ണ്ണയിക്കാന്‍ മനുസ്മൃതി തുടങ്ങിയ ഗ്രന്ഥങ്ങള്‍ കൈവശമില്ല.) ആ പാതകം നടത്തിയവന്‍ ഒരു ദിവസത്തേക്ക് ഭക്ഷണം കഴിക്കരുതെന്നാണ് നിയമം. അതിരിക്കട്ടെ പാലുകുടിക്കുന്നവന്‍ മൂത്രവും കുടിക്കുന്നു. ജിലേബി തിന്നുന്നവന്‍ ചാണകവും തിന്നുന്നു. താജ്‌മഹല്‍ നിര്‍മ്മിച്ചവന്‍ തിരുവനന്തപുരത്തെ ടാഗോര്‍ തീയറ്റര്‍ നിര്‍മ്മിക്കുന്നു. പിഞ്ചുകുഞ്ഞുങ്ങളെ അഗ്നിയില്‍നിന്നു രക്ഷിച്ചവന്‍ നൗഖാലിയില്‍ അവയെ കതകില്‍ ചേര്‍ത്തുവച്ച് ആണിയടിക്കുന്നു. ഓമനത്തമുള്ള പട്ടിയെ മടിയിലിരുത്തി ലാളിക്കുന്നവന്‍ തോക്കെടുത്ത് കാട്ടിലെ മൃഗങ്ങളെ കൊല്ലുന്നു. ‘മേഘസന്ദേശ’മെഴുതിയവന്‍ ‘മയൂരസന്ദേശ’മെഴുതുന്നു. ‘മനസ്വിനി’ എഴുതിയവന്‍ മതി. ആ വാക്യം പൂര്‍ണ്ണമാകാതെതന്നെ കിടക്കട്ടെ. ഭാരതസംസ്കാരമേ ‘അപ്രമേയാദ്ഭുതം തന്നെ നിന്‍ ഹൃത്തടം!’
Contents
എം.കെ.കെ. നായര്‍
അദ്ദേഹം ശാശ്വതനിദ്രയില്‍ വിലയം കൊണ്ടിട്ടു മൂന്നുദിവസം കഴിഞ്ഞിരിക്കുന്നു. അന്തരംഗത്തില്‍ പ്രകാശം മാത്രമുണ്ടായിരുന്ന വ്യക്തിയായിരുന്നു എം.കെ.കെ. നായര്‍. ആ പ്രകാശം അവിടെ ഒതുങ്ങിനില്ക്കാതെ ആര്‍ജ്ജവമാര്‍ന്ന മന്ദസ്മിതമായി, കാരുണ്യം കലര്‍ന്ന നേത്രദ്യുതിയായി, സ്നേഹാര്‍ദ്രങ്ങളായ വാക്കുകളായി പ്രസരിച്ചു. ആ പ്രകാശം നന്മയുടെയും മനുഷ്യത്വത്തിന്റെയും അവയോടു ബന്ധപ്പെട്ട കലയുടെയും പ്രകാശമായിരുന്നു. അതുകൊണ്ടാണ് മരണശയ്യയില്‍ കിടന്ന തന്നെ കാണാനെത്തിയ സുഹൃത്തിനെക്കണ്ട് അദ്ദേഹത്തിനു പുഞ്ചിരിപൊഴിക്കാന്‍ കഴിഞ്ഞത് (കലാകൗമുദിയിലെ ലേഖനം — സ്റ്റാഫ് ലേഖകന്‍). തികഞ്ഞ നന്മയുള്ളവര്‍ മരണമടുക്കുമ്പോള്‍ മന്ദസ്മിതം പൊഴിക്കാറുണ്ടെന്ന് അഭിജ്ഞന്മാര്‍ പറഞ്ഞു ഞാനറിഞ്ഞിട്ടുണ്ട്. നന്മയുടെ നികേതമായ എം.കെ.കെ. നായര്‍ മരണത്തിന്റെ വക്കിലെത്തിയപ്പോഴും പുഞ്ചിരിപൊഴിച്ചു. അത് ഇനി നമ്മള്‍ കാണുകില്ലല്ലോ എന്നു വിചാരിക്കുമ്പോള്‍ വിഷാദം.
കലാരസികനായിരുന്ന, ധിഷണാശാലിയായിരുന്ന അദ്ദേഹത്തെക്കുറിച്ച് ഞാനൊന്നും പറയേണ്ടതില്ല. കേരളീയര്‍ക്ക് അതൊക്കെ അറിയാം. കലയുടെയും ജീവിതത്തിന്റെയും മനുഷ്യത്വത്തിന്റെയും അധിത്യകകളിലേക്കു മാത്രം നോക്കിയ വലിയ വ്യക്തിയായിരുന്നു എം.കെ.കെ. നായര്‍ എന്നുമാത്രം നമ്മള്‍ ഓര്‍മ്മിച്ചാല്‍ മതി. അങ്ങനെയുള്ള അദ്ദേഹത്തോട് നമ്മള്‍ കൃതഘ്നത കാണിച്ചു എന്ന് കലാകൗമുദി ലേഖകന്‍ സൂചിപ്പിക്കുന്നതിനോട് എല്ലാവരും യോജിക്കും. പക്ഷേ, ആ നന്ദികേട് അദ്ദേഹം പരിഗണിച്ചിരിക്കില്ല. കാരണമുണ്ട്, വലിയ ആളുകള്‍ അന്യര്‍ക്ക് ഉപകാരം ചെയ്തിട്ട് അത് മറക്കുന്നു. എം.കെ.കെ. നായര്‍ താനൊരു ഉപകര്‍ത്താവാണെന്ന് ഒരിക്കലും വിചാരിച്ചു കാണുകില്ല. അത്രയ്ക്കാണ് അദ്ദേഹത്തിന്റെ മഹത്ത്വം. കര്‍മ്മാഗ്നിയില്‍ ജീവിതം ഹോമിച്ച് സ്നേഹത്തിന്റെ ധൂമമുയര്‍ത്തിയ ഈ മഹാവ്യക്തിയുടെ മുന്‍പില്‍ ഞാന്‍ തലതാഴ്ത്തി നില്ക്കുന്നു.
മരണം ഇരുട്ടിലേക്കുള്ള കുതിച്ചുചെല്ലലാണെന്ന് വില്യം ബ്ളേക്ക്. പ്രായം ഏറെച്ചെന്ന വേശ്യയാണെന്ന് ഹെമിങ്വേ. “ന കാലസ്യാതിഭാരോ സ്തി കൃതാന്തശ്ച സൂദുര്‍ജയ” എന്ന് വാല്മീകി. [വിധിയെ ലംഘിക്കാനാവില്ല. അതിന് വലിച്ചിഴയ്ക്കാന്‍ വയ്യാത്തവിധം ഭാരമാര്‍ന്നതായി ഒന്നുമില്ല — രാമായണം, യുദ്ധകാണ്ഡം, 48 (19), ഗീതാ പ്രസ്സ് പ്രസാധനം, പുറം 1535.] ആദായനികുതി കൊടുക്കാതെ രക്ഷപ്പെടാനുള്ള മാര്‍ഗ്ഗമാണ് അതെന്നും ഒരാള്‍.
ജീവിതം, മരണം
ഈശ്വരന്‍, അമര്‍ത്യത ഇവയെല്ലാം യുക്തിയില്‍ അധിഷ്ഠിതമല്ലെന്നു വിശ്വസിച്ച ബര്‍ട്രന്‍ഡ് റസ്സല്‍പോലും പ്രഖ്യാപിച്ചത് ഇങ്ങനെയാണ്: എന്നിലെന്തോ പ്രാധാന്യമാര്‍ന്നതായി ഉണ്ട്. മരിക്കുന്നതിനുമുമ്പ് അതാവിഷ്കരിക്കാന്‍ ഞാനൊരു മാര്‍ഗ്ഗം കണ്ടുപിടിച്ചേ മതിയാവൂ. അത് സ്നേഹമല്ല, വെറുപ്പല്ല, ദയയല്ല, പുച്ഛമല്ല ജീവന്റെ ശ്വാസമാണ്. അത് ദൂരെനിന്നു വരുന്നു. മനുഷ്യേതരവസ്തുക്കളുടെ വിപുലവും ഭയജനകവും വികാരരഹിതവുമായ ശക്തിവിശേഷത്തെ അത് മനുഷ്യജീവിതത്തിലേക്ക് ആനയിക്കുന്നു. (ആശയാനുവാദം) റസ്സലിന്റെ ഈ ആശയം പ്രതിപാദിച്ചിട്ട് കോളിന്‍ വില്‍സണ്‍ പറയുന്നു ഇത് മതവിശ്വാസത്തോട് അടുത്തുനില്ക്കുന്നുവെന്ന്. മനുഷ്യശക്തിയെക്കാള്‍ വലിയ ശക്തിയുണ്ടെന്നും അതിലേക്ക് നമുക്കു ചെല്ലാന്‍ കഴിയുമെന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. കല ഈ വലിയ ശക്തിയുടെ ഒരംശത്തിലേക്കെങ്കിലും നമ്മെ കൊണ്ടുചെല്ലുന്നുണ്ട്. അതുകൊണ്ടാണ് അതിലൂടെയുള്ള സഞ്ചാരം നമുക്ക് അനിര്‍വാച്യമായ അനുഭൂതി ഉളവാക്കുന്നത്. റഷ്യന്‍ കവയിത്രിയായ ആന്ന അഹ്മതവയുടെ കാവ്യങ്ങള്‍ വായിക്കുമ്പോള്‍ എനിക്ക് ഈ അനുഭവം ജനിക്കുന്നതു പോലും വെറുപ്പല്ല, ദയയല്ല, പുച്ഛമല്ല, ജീവന്റെ
- You and I are a mountain of grief…
- you and I will never meet.
- Only try at midnight to send me
- a greeting through the stars
നാലുവരി കൂടെ എടുത്തെഴുതട്ടെ:
- Gold rusts and steel decays,
- marble crumbles. Everything
- ready for death
- More permanent than everything
- on earth is sadness
- and more long-lived is the regal word.
[A Sunyavsky കവിയിത്രിയെക്കുറിച്ച് എഴുതിയ ലേഖനത്തില്‍നിന്ന് ആദ്യത്തെ കാവ്യഭാഗം. രണ്ടാമത്തേത് Post-war Russian Poetry എന്ന പുസ്തകത്തില്‍നിന്ന്.]
കല ഇങ്ങനെ മഹനീയമായ ശക്തിവിശേഷത്തിലേക്കു നയിക്കുന്നതിനാലാണ് മരണത്തെക്കുറിച്ചുള്ള രചനകള്‍ മരണത്തെക്കാള്‍ ശക്തങ്ങളായി ഭവിക്കുന്നത്. താരാശങ്കറിന്റെ ‘ആരോഗ്യനികേതനം’, ബ്രോഹിന്റെ ‘The Death of Vergil’ ഈ നോവലുകളും ഷ്നിറ്റ്സ്ലറുടെ ‘മരിച്ചവര്‍ മിണ്ടുകില്ല’ എന്ന കഥയും മരണത്തെക്കാള്‍ ശക്തിയാര്‍ജ്ജിച്ചവയാണ്.
ഇ.വി. ശ്രീധരന്റെ “ഒരുനാള്‍ തണുപ്പിലിഴഞ്ഞുനടന്നു” എന്ന ചെറുകഥ (കലാകൗമുദി) ഒരു വൃദ്ധയുടെ മരണമാവിഷ്കരിച്ച് മരണത്തിനുമപ്പുറത്തുള്ള ഒരു മണ്ഡലത്തിലെത്തുന്നു. മരണഭയത്തെക്കാള്‍ വലിയ ഭയമില്ലെന്നാണല്ലോ അഭിജ്ഞമതം. ആര്‍ക്കാണ് ഭയം? കഷ്ടപ്പെടുന്നവരോടു സഹതാപമൊട്ടുമില്ലാതെ ദിവസവും ദിവസവും പണം സമ്പാദിച്ചു ബാങ്കിലിടുന്നവര്‍ മരണത്തെ പേടിക്കുന്നു. ചെയ്യരുതാത്തതു ചെയ്തവന്‍ മരണത്തെ പേടിക്കുന്നു. ആരോടും ഒരു ബന്ധവും വേണ്ട, എനിക്കെന്റെ ഭാര്യയും മക്കളും മാത്രംമതി എന്നുകരുതി ജീവിക്കുന്നവനാണ് മരണത്തെക്കുറിച്ച് ഏറ്റവും വലിയ പേടിയുള്ളത്. ഇക്കഥയിലെ വൃദ്ധന്‍ — മരിച്ച വൃദ്ധയുടെ ഭര്‍ത്താവ് — ഭാര്യയെ അതിരുകടന്ന് ആശ്രയിക്കുന്നവനാണ്. അങ്ങനെ ആശ്രയസ്വഭാവമുള്ളവനും പേടിയുളവാക്കും മരണം. അയാളുടെ ആ പരാധീനതയെ കഥാകാരന്‍ ഒരു സംഭവത്തിലൂടെ വ്യക്തമാക്കിത്തരുന്നു. എഴുപത്താറുവയസ്സുള്ള ഭര്‍ത്താവ് അറുപത്തൊമ്പതു വയസ്സുള്ള ഭാര്യയുടെ പൂര്‍വ്വകാല സൗന്ദര്യത്തെക്കുറിച്ച് ഓര്‍മ്മിക്കുന്നു:
പഴയ ദേവകിഅമ്മ ശങ്കരക്കുറുപ്പിന്റെ മനസ്സില്‍ എന്തിനോ പുനര്‍ജ്ജനിക്കുകയായിരുന്നു. നീ എന്തു ചുറുചുറുക്കുള്ളവളായിരുന്നു ദേവകീ… നിന്റെ ആ മുടിയും കണ്ണുകൊണ്ടുള്ള കളിയും നടത്തവും… എങ്ങോട്ടാണതെല്ലാം പോയത്? മറ്റാരും കണ്ടിട്ടില്ലാത്ത നിന്റെ ആ കാക്കപ്പുള്ളി കണ്ടിട്ട് വര്‍ഷങ്ങളെത്രയായി. അതൊരു പക്ഷേ, മാഞ്ഞുപോയിട്ടുണ്ടാവണം. ഇല്ല, അതൊരിക്കലും മാഞ്ഞുപോവുകയില്ല. ചുംബനങ്ങള്‍കൊണ്ട് ആ കാക്കപ്പുള്ളിയെ അവിടെ ഉറപ്പിച്ചതാണ്. ആ കാക്കപ്പുള്ളി ഒരിക്കല്‍ക്കൂടി ഒന്നു കാണണമല്ലോ.
ഈ വൃദ്ധരതിയുള്ളവന് മരിക്കാനെന്തു പേടിയായിരിക്കും! അതുകൊണ്ട് ഭാര്യ മരിച്ചപ്പോള്‍ അയാള്‍ ബോധശൂന്യനായി നിലം പതിക്കുന്നു. മാരകരോഗം ബാധിച്ച് ആശുപത്രിയില്‍ കിടക്കുന്നവന്‍ ബന്ധുക്കള്‍ക്കും സ്നേഹിതര്‍ക്കും ഭാരമാണ്. മരിക്കാന്‍ കിടക്കുന്നവനെ വേണ്ട സന്ദര്‍ഭത്തില്‍ സഹായിക്കാത്ത ബന്ധുവാണ് കാണാന്‍ വരുന്നതെങ്കില്‍ അയാള്‍ക്ക് (വന്നവന്) മനഃസാക്ഷിയുടെ കുത്ത് ഉണ്ടാകും. അങ്ങനെ അയാള്‍ വൈകാരികാവസ്ഥയില്‍ വീഴും. മകളോ മകനോ എത്തുന്നുവെങ്കില്‍ സ്നേഹത്തിന്റെയും സഹതാപത്തിന്റെയും പേരില്‍ ആകുലാവസ്ഥയുണ്ടാകും. ഇതൊക്കെ ഭാരങ്ങളാണ്. കഥയിലെ വൃദ്ധന്‍ തനിക്കുതന്നെ ഭാരമായിത്തീര്‍ന്നവനാണ്. ഈ തത്ത്വങ്ങളെയെല്ലാം കഥാകാരന്‍ അഭിവ്യഞ്ജിപ്പിക്കുന്നു.
നിര്‍വ്വചനങ്ങള്‍
- ടെലിഫോണ്‍ റോങ് നമ്പര്‍
- മറുപടി പറയുന്നതു സ്ത്രീ ശബ്ദമാണെങ്കില്‍ വിളിച്ചയാളിന് പലതും ചോദിക്കാന്‍ സഹായമരുളുന്ന ഒരു ടെക്നിക്കല്‍ ഡിഫെക്ട്.
- സിഗററ്റ്
- കാന്‍സര്‍ സ്റ്റിക്, പെന്‍ഗ്വിന്‍ ബുക്ക്സ്, ഫേബര്‍ തുടങ്ങിയവ.
- പ്രസാധകര്‍
- ഇന്‍ഡ്യയിലുള്ള വായനക്കാര്‍ കോടീശ്വരന്മാരാണ് എന്നു തെറ്റിദ്ധരിച്ചിരിക്കുന്ന സംഘങ്ങള്‍.
- ടല്‍ക്കം പൗഡര്‍
- കാലത്ത് ഓഫീസില്‍ പോകുന്ന സ്ത്രീകളെ സുന്ദരികളാക്കുന്ന ഒരുപൊടി. (ടല്‍കം — ഹൈഡ്രസ് മെഗ്നീഷ്യം സിലിക്കേറ്റ് [H2Mg3(SiO3)4] ഓഫീസിലെ ജോലി കൊണ്ട് കുറച്ചു കഴിഞ്ഞാല്‍ പൊടിമുഖത്തു നിന്നു മാഞ്ഞു പോകും. അതുകൊണ്ട് അവര്‍ വൈകുന്നേരം തിരിച്ചു പോരുമ്പോള്‍ പുരുഷന്മാര്‍ അവരെ നോക്കരുത്. നോക്കിയാല്‍ നൈരാശ്യം ഫലം.
- മാരുതിക്കാറ്
- ബെഡ്പാനിന്റെ ആകൃതിയിലുള്ള ഒരു വാഹനം. (എനിക്ക് കാറില്ലാത്തതുകൊണ്ടുള്ള അസൂയയാണ് ഈ നിര്‍വ്വചനത്തിനു ഹേതുവെന്നു പറഞ്ഞാലും പരിഭവമില്ല.)
- നരകം
- കേരളത്തിലെ ചില മഹാകവികള്‍ പാര്‍ക്കുന്ന സ്ഥലം. വിദൂരമല്ലാത്ത ഭാവിയില്‍ ഞാനും ചെന്നുചേരുന്ന സ്ഥലം.
- ഓഫീസ് ജോലിക്കാരി
- [പരകീയമായ നിര്‍വ്വചനം] കാലിലെ കൊച്ചുരോമങ്ങള്‍ കാണിക്കാതെ പതുക്കെ ബസ്സില്‍ കയറുന്നു. ഇരിക്കുന്നു അതിലും പതുക്കെ. ബാഗ് എടുക്കുന്നു. തുറക്കുന്നു. അതിനകത്തുനിന്ന് കൊച്ചുപേഴ്സ് എടുക്കുന്നു. ബാഗ് അടയ്ക്കുന്നു. പേഴ്സ് തുറക്കുന്നു. ഒരുരൂപ നോട്ടെടുക്കുന്നു. പേഴ്സ് അടയ്ക്കുന്നു. നോട്ട് കൊടുത്തു ടിക്കറ്റ് വാങ്ങുന്നു മൃദുലസ്പര്‍ശം — ടിക്കറ്റ് വാങ്ങുന്നു — സ്പര്‍ശം — പേഴ്സ് തുറക്കുന്നു. ടിക്കറ്റ് അതിനകത്ത് ഇടുന്നു. പേഴ്സ് അടയ്ക്കുന്നു. ബാഗ് തുറക്കുന്നു. പേഴ്സ് അകത്തുവച്ച് അതടയ്ക്കുന്നു. അപ്പോള്‍ കണ്ടക്ടര്‍ ബാലന്‍സ് നല്കുന്നു. ബാഗ് തുറക്കുന്നു. പേഴ്സെടുത്ത് ബാഗ് അടയ്ക്കുന്നു. പേഴ്സ് തുറന്നു ചില്ലറ അതിനകത്തിടുന്നു. പേഴ്സ് അടയ്ക്കുന്നു. ബാഗ് തുറക്കുന്നു. പേഴ്സ് അകത്തിടുന്നു. ബാഗ് അടയ്ക്കുന്നു. ഈ സമയംകൊണ്ട് ബസ്സ് ഓഫീസിന്റെ മുന്‍പിലെത്തുന്നു. മെല്ലെ ഇറങ്ങുന്നു…
സക്കറിയ
ദാമ്പത്യജീവിതത്തിനു പുറമേയുള്ള ലൈംഗികജീവിതം ഏതുരാജ്യത്തുമുണ്ട്. സാമൂഹിക പരിതഃസ്ഥിതികളെ അവലംബിച്ചു. അതിന് ഏറ്റക്കുറവുണ്ടാകുമെന്നേയുള്ളു. അമേരിക്കയിലും ഇംഗ്ലണ്ടിലും മറ്റു രാജ്യങ്ങളിലുമുള്ള ഇത്തരം ലൈംഗികജീവിതത്തെ സംബന്ധിച്ച് സ്ഥിതിവിവരക്കണക്കുകള്‍ ഉള്ളതുകൊണ്ട് അതിന്റെ ശതമാനം നിര്‍ണ്ണയിക്കാം. ഭാരതത്തില്‍ അതിനുവേണ്ട ഗവേഷണങ്ങളില്ല. ഇവിടെ അഭ്യൂഹം മാത്രമേ പറ്റുകയുള്ളു.
വൈവാഹിക ജീവിതത്തിനു പുറത്തുള്ള ഈ സെക്സ് മൂന്നുതരത്തിലാണ്.
- രഹസ്യമായി നിര്‍വഹിക്കപ്പെടുന്നത്: ഭാര്യ അന്യപുരുഷനുമായി വേഴ്ചയിലേര്‍പ്പെടുമ്പോള്‍ ഭര്‍ത്താവില്‍നിന്ന് അതൊളിച്ചു വയ്ക്കുന്നു. ഭര്‍ത്താവിന്റെ പരസ്ത്രീഗമനം ഭാര്യയുമറിയുന്നില്ല.
- ഉഭയ സമ്മതം: ഭാര്യക്കു ഭര്‍ത്താവിന്റെ അന്യസ്ത്രീ സംസര്‍ഗ്ഗം അറിയാം. ഭര്‍ത്താവിന് ഭാര്യയുടെ അന്യപുരുഷവേഴ്ചയും അറിയാം. രണ്ടുപേര്‍ക്കും സമ്മതം. സമ്മതമാണെന്നു മാത്രമല്ല ഭാര്യ ഭര്‍ത്താവിനെയും ഭര്‍ത്താവ് ഭാര്യയെയും ആ കുത്സിതത്വത്തില്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.
- സന്ദിഗ്ദ്ധത: ഭാര്യയ്ക്ക് അറിയാം ഭര്‍ത്താവ് വ്യഭിചരിക്കുന്നുവെന്ന് ഭര്‍ത്താവിന് അറിയാം ഭാര്യയുടെ അപഥസഞ്ചാര മാര്‍ഗ്ഗത്തെക്കുറിച്ച്. എങ്കിലും രണ്ടുപേരും അറിഞ്ഞമട്ടു കാണിക്കുന്നില്ല.
ഇതാണ് ലൈംഗിക ജീവിതത്തിലെ ജാരന്റെയും ജാരിണിയുടെയും പ്രവര്‍ത്തനങ്ങലൾ. സക്കറിയയുടെ അഭിപ്രായം ലൈംഗിക ജീവിതത്തില്‍ മാത്രമല്ല സമുദായത്തിന്റെ എല്ലാ മണ്ഡലങ്ങളിലും ജാരന്മാരും ജാരിണികളും സ്വൈരവിഹാരം ചെയ്യുന്നുവെന്നാണ്; ഈ വിഹാരം നമ്മുടെ സംസ്കാരത്തെ കടപുഴക്കിയെറിയുന്നുവെന്നാണ്. ഇതിനു പരിഹാരമില്ല. മാന്യന്മാര്‍ക്ക് അവരെക്കണ്ട് പലായനം ചെയ്യേണ്ടിവരുന്ന. ഈ ആശയത്തെ ഇമേജുകളിലൂടെ സ്ഫുടീകരിക്കുന്നു സക്കറിയ. (മാതൃഭൂമി) ആഴ്ചപ്പതിപ്പിലെ ‘ജാരപര്‍വ്വം’ എന്ന ചെറുകഥ) ജീര്‍ണ്ണത കണ്ടു വേദനിക്കുന്ന ജനതയുടെ ആ വേദനയെ കലയുടെ പ്രചോദനാഗ്നിയില്‍നിന്ന് നീറ്റിയെടുത്ത് സ്വര്‍ണ്ണാഭരണം പണിയുന്നതില്‍ വിദഗ്ദ്ധനാണ് ഈ കഥാകാരന്‍. ആ വൈദഗ്ദ്ധ്യം ഇക്കഥയിലും സംദൃശ്യമത്രേ.
ഐ.കെ.കെ.എം.
‘ധര്‍മ്മ രാജ’ മലയാള സാഹിത്യത്തിന്റെ നിലവച്ചുനോക്കിയാല്‍ ഒരു പ്രകൃഷ്ട കൃതിയാണ്. ഉണ്ണായിയുടെ നളചരിതം ഉജ്ജ്വലവും രമണീയവുമായ കലാശില്പമാണ്. പടിഞ്ഞാറന്‍ സാഹിത്യത്തില്‍പ്പോലും അതിന് സദൃശങ്ങളായ കൃതികള്‍ വിരളമത്രേ.
റോഡില്‍ കാണുന്ന ഏതു പുരുഷനോടും ലൈംഗികവേഴ്ച അഭിലഷിക്കുന്ന സ്ത്രീയുടെ മാനസികഭ്രംശത്തെ ഇംഗ്ലീഷില്‍ ‘നിംഫോമെന്യാ’ എന്നു വിളിക്കുന്നു. പ്രകൃതിതന്നെ നിംഫോമെന്യാ ഉള്ളവളാണെന്ന് തോന്നുന്നു. അവള്‍ നക്ഷത്രലോചനങ്ങള്‍കൊണ്ട് എല്ലാവരേയും കടാക്ഷിക്കുന്നു. നിലാവുകൊണ്ടു മൃദുലമായ കരസ്പര്‍ശം നടത്തുന്നു. ആമ്പല്‍പ്പൂവിലൂടെ പുഞ്ചിരി പൊഴിക്കുന്നു. കുയില്‍നാദത്തിലൂടെ അടുത്തുചെല്ലാന്‍ ക്ഷണിക്കുന്നു. പക്ഷേ, അവള്‍ക്കു നിത്യയൗവ്വനമാണ്. ചെറുപ്പകാലത്ത് ഈ മാനസികഭ്രംശത്തോടുകൂടി ജീവിച്ച് പലരെയും ദുരന്തത്തിലാഴ്ത്തിയ ഒരു സ്ത്രീയെ എത്ര വിശ്വാസജനകമായിട്ടാണ് ഐ.കെ.കെ.എം. അവതരിപ്പിക്കുന്നത് (കുങ്കുമം, ശക്തിദുര്‍ഗ്ഗം എന്ന ചെറുകഥ). വാര്‍ദ്ധക്യത്തിലേക്കു കാലൂന്നിയ അവള്‍ കഥ പറയുന്ന ആളിന്റെ മുന്‍പില്‍ വന്നിരിക്കുന്നു. അവരുടെ സാന്നിദ്ധ്യം ഭൂതകാല സ്മരണകളിലേക്ക് അയാളെ കൊണ്ടു ചെല്ലുന്നു. ചലച്ചിത്രത്തിലെ രംഗങ്ങള്‍ പോലെയുള്ള വികാരസാന്ദ്രങ്ങളായ രംഗങ്ങള്‍ നമ്മുടെ മുന്‍പില്‍ ചുറ്റഴിഞ്ഞ് ഊര്‍ന്നു വീഴുന്നു. ഓരോ ദൃശ്യവും നമ്മളെ സ്പര്‍ശിക്കുന്നു. അവരുടെ പൂര്‍വകാലജീവിതത്തെക്കുറിച്ചു കേട്ടറിവുള്ള ഭാര്യ, ഭര്‍ത്താവിനെ കാണാന്‍ വന്ന ആ വേശ്യയെ കാണാന്‍ പോലും മുന്‍വശത്തേക്കു വരുന്നില്ല. കഥ പറയുന്ന ആള്‍ പേഴ്സ് തട്ടിക്കുടഞ്ഞിട്ട് ചെറിയ സാധനങ്ങള്‍ വാങ്ങിക്കൊണ്ട് അവര്‍ വീട്ടില്‍ നിന്നിറങ്ങിപ്പോകുമ്പോള്‍ കഥ അവസാനിക്കുന്നു. അതോടെ അയാള്‍ക്കും ഭാര്യക്കും ആശ്വസം. കഥയുടെ ‘സ്പിരിറ്റു’മായി ഇണങ്ങിയ നമുക്കും ആശ്വാസം. ഇതാണു കലയുടെ ശക്തി. ഒരിക്കല്‍ കൊടുങ്കാറ്റടിച്ചിരുന്നു ആ സ്ത്രീയുടെ ജീവിതത്തില്‍. അതിനെ തള്ളിമാറ്റിക്കൊണ്ട് അവര്‍ ശക്തിദുര്‍ഗ്ഗം പോലെനിന്നു. ഇന്നു കൊടുങ്കാറ്റില്ല. പക്ഷേ, ഇന്നും ശക്തിദുര്‍ഗ്ഗം തന്നെ. പ്രശാന്താവസ്ഥയിലെ ശക്തിദുര്‍ഗ്ഗം. ഇമ്മാതിരി സ്ത്രീകളെ ഞാന്‍ കണ്ടിട്ടുണ്ട്. അവരുടെ പ്രതിനിധിയായി ഒരുത്തിയെ ആലേഖനം ചെയ്ത കഥാകാരനെ ഞാന്‍ സവിനയം അഭിനന്ദിക്കട്ടെ. പടിഞ്ഞാറുള്ളവനറെ അസ്തിത്വദുഃഖം കടമെടുത്ത് കൃത്രിമഭാഷയില്‍ ഇവിടത്തെ കഥാകാരന്മാര്‍ കഥയെഴുതുമ്പോള്‍ ഐ.കെ.കെ.എം കേരളത്തിന്റെ മണ്ണിനുള്ള പരിമളം പ്രസരിപ്പിക്കുന്ന ഒരു നല്ല കഥ എഴുതിയിരിക്കുന്നു.
അവര്‍ പറഞ്ഞതു ശരിയല്ല
- തിരുവനന്തപുരത്തെ സംസ്കൃതകോളേജില്‍ കൂടിയ സമ്മേളനത്തില്‍ പ്രിന്‍സിപ്പല്‍ എന്‍. ഗോപാലപിള്ള പറഞ്ഞു: “സര്‍ഗ്ഗസംഗീതത്തിന്റെ കര്‍ത്തൃത്വം കൊണ്ട് വയലാര്‍ രാമവര്‍മ്മ ഒ.എന്‍.വി. കുറുപ്പിനെ ബഹുദൂരം അതിശയിച്ചിരിക്കുന്നു” — ഗോപാലപിള്ളസ്സാറിന്റെ ഈ പ്രസ്താവം ശരിയല്ല. സര്‍ഗ്ഗ സംഗീതം ശബ്ദബഹുലമാണ്.
“ആരണ്യാന്തരഗഹ്വരോ-
ഭരതപഃസ്ഥാനങ്ങളില്‍ സൈന്ധവോദാര-
ശ്യാമ മനോഭിമാന പുളിനോപാന്ത പ്രദേശങ്ങളില്എന്നു തുടക്കം. ആരണ്യത്തിന് ഒരന്തരം. പിന്നെ ഒരു ഗഹ്വരം. അതിനൊരു ഉദരം. സൈന്ധവത്തിന്നൊരു ഉദാരം. പിന്നെശ്യാമവും മനോഭിരാമവും പുളിനം പോരാ. പുളിനോപാന്ത പ്രദേശങ്ങള്‍ തന്നെ വേണം കവിക്ക്. നല്ല കവി ഒരിക്കലും ഇമ്മട്ടില്‍ ശബ്ദബാഹുല്യത്തില്‍ രസിക്കില്ല. ഇത് ഇന്‍ഫീരിയര്‍ ടാലന്റാണ്. വലിയ ഒരാറഞ്ച് വാങ്ങി വീട്ടില്‍ കൊണ്ടുവന്നു പൊളിച്ച് നോക്കുമ്പോള്‍ പുളിപ്പുള്ള ‘മൂന്നാല്’ കൊച്ചിതളുകള്‍ മാത്രമുണ്ടെങ്കില്‍ നിങ്ങലൾക്കെന്തുതോന്നും? എന്തുതോന്നുമോ അതാണ് സര്‍ഗ്ഗ സംഗീതം വായിച്ചപ്പോള്‍ എനിക്കു തോന്നിയത്. പക്ഷേ, ഗോപാലപിള്ളസ്സാറിനോട് അതു പറഞ്ഞില്ല ഞാന്‍. പറഞ്ഞാല്‍ തന്തയ്ക്കും തള്ളയ്ക്കും പറയുമദ്ദേഹം. അതുകൊണ്ടു മൗനം അവലംബിച്ചതേയുള്ളു.
- എച്ച്.ജി. വെല്‍സിന്റെ “ലോകചരിത്രം”, ഫ്രേയ്സറുടെ “ഗോള്‍ഡന്‍ ബൗ”, അല്‍ഡസ് ഹക്സിലിയുടെ “ബ്രേവ് ന്യൂ വേള്‍ഡ്” ഇവ മാസ്റ്റര്‍ പീസുകളാണ്. ഇവ വായിക്കാത്തയാള്‍ സംസ്കാരസമ്പന്നനല്ല. എന്‍. ഗോപാലപിള്ള പറഞ്ഞതാണിത് — തെറ്റ്. വെല്‍സിന്റെ പുസ്തകം ഭേദപ്പെട്ട ഒരു ലോകചരിത്രം മാത്രം. ഫ്രേയ്സറുടെ ഗ്രന്ഥത്തിനു പ്രാധാന്യമുണ്ട്. അത്രേയുള്ളു. ഹക്സിലിയുടെ നോവല്‍ കലാസൃഷ്ടിയല്ല.
- എറണാകുളത്ത് ഭദ്രാലയത്തിലിരുന്നുകൊണ്ട് ജി. ശങ്കരക്കുറുപ്പ് പറഞ്ഞു: നിങ്ങളുടെ “ധര്‍മ്മരാജ”യില്‍ എന്തുണ്ട്? ഒരു ഡിറ്റക്ടീവ് അംശം മാത്രം ഉണ്ണായിവാരിയരുടെ നളചരിതത്തില്‍ “അലസതാവിലസിതം” എന്നൊരു ഭേദപ്പെട്ട ഗാനം മാത്രമേയുള്ളു — ശരിയല്ല. മഹാകവിയുടെ ഈ അഭിപ്രായം. ധര്‍മ്മരാജായില്‍ ഡിറ്റക്ടീവ് അംശം മാത്രമേയുള്ളുവെങ്കില്‍ സോഫോക്ളിസ്സിന്റെ ‘ഈഡിപ്പസ്’ നാടകത്തിലും ദസ്തെയെവ്സ്കിയുടെ ക്രൈം ആന്‍ഡ് പണിഷ്മെന്റ്’ എന്ന നോവലിലും അതു മാത്രമേയുള്ളു. ‘ധര്‍മ്മരാജാ’ മലയാളസാഹിത്യത്തിന്റെ നിലവച്ചുനോക്കിയാല്‍ ഒരു പ്രകൃഷ്ട കൃതിയാണ്. ഉണ്ണായിയുടെ “നളചരിതം” ഉജ്ജ്വലവും രമണീയവുമായ കലാശില്പമാണ്. പടിഞ്ഞാറന്‍ സാഹിത്യത്തില്‍പ്പോലും അതിനു സദൃശങ്ങളായ കൃതികള്‍ വിരളമത്രേ.
വ്യക്തിത്വം
നെപ്പോളിയനെ കപ്പലില്‍ കയറ്റി ഹെലീനാദ്വീപിലേക്കു കൊണ്ടുപോവുകയാണ് ഇംഗ്ലീഷുകാര്‍. രാത്രി ഭക്ഷണവേളയില്‍ ഇംഗ്ലീഷ് ക്യാപ്റ്റന്‍ റ്റൈറ്റിനെ കപ്പലില്‍ കണ്ടു നെപ്പോളിയന്‍ ചോദിച്ചു: ഞാന്‍ ഞെക്കിക്കൊന്നുവെന്ന് അപവാദകുതുകികളായ ഇംഗ്ലീഷുകാര്‍ പറയുന്ന റ്റൈറ്റിന്റെ ബന്ധുവാണോ നിങ്ങള്‍? “അതേ സര്‍” എന്നു ക്യാപ്റ്റന്റെ മറുപടി. അയാള്‍ വീണ്ടും ചോദിച്ചു: “സര്‍, അങ്ങു ബന്ധനസ്ഥനാക്കിയ റൈറ്റ് മരിച്ചതെങ്ങനെ?” നെപ്പോളിയന്‍: “ഞാനതു പറയാം.” തുടര്‍ന്നു വിശദീകരണം. ഒരു ഇംഗ്ലീഷ് കപ്പലില്‍ ഫ്രഞ്ച് തീരത്തുവന്ന റൈറ്റ്, നെപ്പോളിയനെ വധിക്കാന്‍ ശ്രമിച്ച ഒരു ഉപജാപകസംഘത്തോടു ചേര്‍ന്നു. അദ്ദേഹം അയാളെ കാരാഗൃഹത്തിലാക്കി നെപ്പോളിയന്‍: “സമാധാനം കൈവരുന്നതുവരെ അയാളെ തടവില്‍ പാര്‍പ്പിക്കാനായിരുന്നു എന്റെ ഉദ്ദേശ്യം. പക്ഷേ ക്ലേശവും പശ്ചാത്താപവും കൊണ്ട് അയാള്‍ ആത്മഹത്യ ചെയ്തു. ഇംഗ്ലീഷുകാരായ നിങ്ങള്‍ ഇക്കാര്യത്തില്‍ മറ്റുരാജ്യക്കാരെപ്പോലെ അദ്ഭുതപ്പെടേണ്ടതില്ല. കാരണം ആത്മഹത്യ നിങ്ങളുടെ ദേശീയ സ്വഭാവമാണല്ലോ” ഇത്രയും പറഞ്ഞിട്ട് നെപ്പോളിയന്‍ ഡിന്നര്‍ മേശയ്ക്കരികില്‍നിന്ന് എഴുന്നേറ്റു പോയി (The Murder of Napoleon എന്ന അത്യാകര്‍ഷകമായ പുസ്തകത്തില്‍ നിന്ന്, പുറം 47. വില 7.50).
നോക്കു, എന്തോരു തന്റേടം! ഇംഗ്ലീഷുകാരുടെ തടവുകാരനാണ് നെപ്പോളിയന്‍. ചുറ്റും ഇംഗ്ലീഷുകാര്‍ നില്ക്കുന്നു. അവരുടെ ഒരു ക്യാപ്റ്റനെ നോക്കി ഒരു കൂസലുമില്ലാതെ തന്റെ അഭിപ്രായം മുഖത്തടിക്കുന്നപോലെ നെപ്പോളിയന്‍ ആവിഷ്കരിക്കുന്നു. നമ്മള്‍ എന്തെഴുതിയാലും — കഥയെഴുതിയാലും നിരൂപണമെഴുതിയാലും ശരി — ഇതുപോലെ നമ്മുടെ വ്യക്തിത്വം അതിലുണ്ടാകണം. സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള, കുട്ടിക്കൃഷ്ണമാരാര്‍ ഇവരുടെ രചനകള്‍ക്കുള്ള സവിശേഷത അതാണ്. അല്ലാതെ ചതഞ്ഞമട്ടില്‍ അതുമിതും പറയുന്നതുകൊണ്ട് എന്തുഫലം? ഈ ചോദ്യം ഞാന്‍ ചോദിക്കുന്നത് ദേശാഭിമാനി വാരികയില്‍ “പന്തയക്കുതിരകള്‍” എന്ന കഥാഭാസം എഴുതിയ ഭരതനോടാണ്. സൗമിനിയെക്കാണാന്‍ കൂട്ടുകാരി ശാന്തി വന്നത്രേ. ശാന്തിയുടെ ഭര്‍ത്താവ് കേമന്‍. സൗമിനിയുടെ ഭര്‍ത്താവ് ഭ്രാന്തന്‍. പലരും ചവച്ചുതുപ്പിയ ഈ കരിമ്പിന്‍ചണ്ടി വീണ്ടുമെടുത്തു ചവയ്ക്കുന്നതെന്തിനാണ് ഭരതന്‍? വായനക്കാരെക്കൂടി ഭ്രാന്തന്മാരാക്കാനാണോ?
കേശവദേവ് തിരുവനന്തപുരത്ത് പൂജപ്പുര മഹിളാമന്ദിരത്തിന് എതിരെയുള്ള വീട്ടില്‍ താമസിക്കുന്ന കാലം. കെ.എസ്. കൃഷ്ണന്റെ കൂടെ ഞാന്‍ ഒരുദിവസം സായാഹ്നത്തില്‍ അവിടെ ചെന്നു. എന്നെക്കണ്ടയുടനെ ദേവ് അലറി: “നിങ്ങള്‍ എന്റെ ‘കണ്ണാടി’യെന്ന നോവലിനെ ആക്ഷേപിച്ചെഴുതിയതുകണ്ടു. എന്റെ മോശപ്പെട്ട കൃതികള്‍ നല്ലവയാണെന്നു നിങ്ങള്‍ പറയുന്നു. നല്ല കൃതികള്‍ മോശമാണെന്നും. സ്റ്റുപിഡ്.” ഞാൻ മറുപടിയൊന്നും പറയാതെ ഇരുന്നതേയുള്ളു. ഞാനൊന്നു ചോദിക്കട്ടെ. കാര്‍ത്ത്യായനി അമ്മയേയും വൈത്തിപ്പട്ടരേയും നമ്മളിന്നും ഓര്‍മ്മിക്കുന്നു. ‘ഇന്ദുലേഖ’യുടെ കഥ നമുക്കറിയാം. കേശവദേവിന്റെ ഏതു കഥാപാത്രത്തെയാണ് നമ്മള്‍ സ്മരണയില്‍ സൂക്ഷിച്ചിരിക്കുന്നത്? സത്യന്റെ സിനിമ കണ്ടിട്ടില്ലാത്തവര്‍ക്ക് ‘ഓടയില്‍നിന്ന്’ എന്ന നോവലിന്റെ കഥ പറയാന്‍ സാധിക്കുമോ?
|
|