രാത്രി…
ഒടുക്കത്തെച്ചെത്തവും ചില്ലുവാതിലില്‍
മുട്ടിയുടഞ്ഞു ശാന്തമായ്…
ഒടുവിലെക്കാലടിയൊച്ചയുമകന്നുപോയ്,
ഊണ്‍മേശയില്‍നിന്നൊടുക്കത്തെ
എച്ചില്‍പ്പാത്രവും വിരലാല്‍
വെള്ളത്താല്‍ ജ്ഞാനസ്നാനപ്പെട്ടു…
പാതിപഠിച്ച പുസ്തകത്താളിലുറങ്ങുന്ന
മോനേപ്പുതപ്പിച്ചുമ്മ നല്‍കി…
അമ്മിഞ്ഞ തിരയും കുഞ്ഞിച്ചുണ്ടു വിടുവിച്ചു
നീയവനരികില്‍ എത്തി…
ഒരു ദിവസം തീരുന്നു;
തീരുന്നൊരു പാഴ്പ്പകല്‍വേല.
മടിയില്‍ച്ചായും മുടിയിലവന്റെ വിരലുകള്‍
പുഴയായ് പരക്കുന്നു…
നെറുകില്‍ നോവിന്‍ ജന്മലിഖിതം
അലിവാലേ തടവിത്തളരുമ്പോള്‍
ആണിപ്പാടടയാളം
എണീറ്റ്
വിളക്കുകെടുത്തി
കൊതുകുതിരിതന്‍ ഒറ്റക്കണ്ണിനു താഴെ
നീയുമവനും കിടക്കുന്നു.
പ്രിയേ
നീയെത്ര സുന്ദരി
എന്നവന്‍
പഴയ പുല്‍ത്തകിടികള്‍
ഇളമാനിണകള്‍ ചാടും
മലഞ്ചരിവുകള്‍
മുന്തിരിപൂത്തിളംമണം
പരക്കുമിടങ്ങള്‍ കടക്കുന്നു…
മായാമാനിനെപ്പിടിക്കണ-
മെന്നവനെ ഞാന്‍
ഹരിതസാന്ദ്രമൗനങ്ങളാല്‍
ചിരിയാല്‍
അനാഘ്രാത പുഷ്പസൗരഭ്യങ്ങളാല്‍
വലയ്ക്കുന്നു.
രാവിറ്റുതീരുന്നു…
കാട്ടിലാരുടെ വഴിതെറ്റുന്നു?
സ്വപ്നങ്ങളിലാരുടെയുടല്‍
പുഷ്പഗന്ധിയാവുന്നു…
ജനല്‍പ്പുറത്ത്
രാവിന്‍ ശ്യാമസൗന്ദര്യമിരമ്പുന്നു…
കടലിന്‍ ഉള്‍ത്തള്ളലിന്‍
വന്യത തിളയ്ക്കുന്നു.
നീയുടുപുടവയില്‍ തീപിടിച്ചവള്‍,
നീ കൊടുമിരുള്‍ ഗുഹാജീവി
ആകാശം, ജലം, സ്മൃതി,
പ്രണയം വെളിച്ചമാം
ജാലകത്തിനു നേരേയന്ധയായിഴയുന്നു…
വീട്ടിലാരുടെ ചിരി വറ്റിത്താഴുന്നു?
ഉള്ളില്‍…
കുളിരു നിറഞ്ഞു തുളുമ്പുന്നൂ…
അമ്പിളി മാമനെ ആകാശപ്പൂ-
ച്ചെണ്ടില്‍നിന്നടര്‍ത്തുന്നൂ
പാതിയെനിക്കും
പാതി നിനക്കും.