EeBhranth-05
1985
മനുഷ്യനെ അറിയുന്ന നിംഹാൻസ്
കഴിഞ്ഞ തിരുവോണം എനിക്ക് ബാംഗ്ലൂരിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെൻറൽ ഹെൽത്ത് ആന്റ് ന്യൂറോസയൻസ് (നിം ഹാൻസ്) എന്ന ആശുപത്രിയിലായിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും നല്ല തിരുവോണം. ഒരുനിമിഷംപോലും മനോരോഗികളുടെ ആശുപത്രിയാണ് ചുറ്റിനടന്ന് കാണുന്നതെന്നു തോന്നിയില്ല. ഒരു സുഖവാസകേന്ദ്രം സന്ദർശിച്ച പ്രതീതി. നിംഹാൻസ് കണ്ടു മടങ്ങി, മെൻസ്‌ഹോസ്റ്റലിൽനിന്ന് തിരുവോണസദ്യയുണ്ടു മനസ്സമാധാനത്തോടെ, മനം നിറഞ്ഞ്. ഡോക്ടർ രാധാകൃഷ്ണനാണ്, ഡയറക്ടറുടെ അനുവാദത്തോടെ, നിംഹാൻസ് എന്നെ കൊണ്ടു നടന്നു കാണിച്ചത്. മൂന്നുമാസങ്ങൾക്കിടയിൽ തിരുവനന്തപുരം ഭ്രാന്താശുപത്രിയും ബാംഗ്ലൂരെ മെൻറൽ ഹെൽത്ത് ഇൻസ്റ്റിറ്റ്യൂട്ടും നരകവും സ്വർഗ്ഗവും കാണുക. ഈശ്വരാ! ഇന്ത്യയിലെ സൈക്യാട്രിസ്റ്റുകളിൽ നല്ലൊരു ശതമാനംപേർ മലയാളികളായിരിക്കെ എന്തേ കേരളത്തിലെ മനോരോഗാശുപത്രികൾ ഇങ്ങനെ നരകമായിത്തീരുന്നു? ദൃശ്യങ്ങൾ കുറിക്കുംമുമ്പേ ഒന്നുമാത്രം. കേരളത്തിലെ മനഃശാസ്ത്രജ്ഞന്മാർക്ക് അറിയാത്തതൊന്നും എനിക്ക് പറയാനില്ല. അവർ നിംഹാൻസ് ധാരാളം കണ്ടിട്ടുള്ളവരാണ്.
നിംഹാൻസിന്റെ കെട്ടിടത്തിൽ ഒരു ചില്ലിനുള്ളിൽ കരുണയുടെയും ശാന്തിയുടെയും മനഃസമാധാനത്തിന്റെയും പ്രതീകമായി ധന്വന്തരമൂർത്തിയുടെ ഒരു വെങ്കലശില്പം.
ധന്വന്തരിയുടെ മുഖത്തെ ശാന്തി, ഡോക്ടർമാരുടെയും ജീവനക്കാരുടെയും മുഖത്തു കണ്ടു. അശാന്തിയുടെ ഒരു മുഖംപോലും കണ്ടില്ല. തൂവെള്ളവസ്ത്രം ധരിച്ച നേഴ്‌സുമാർ, ഇടനാഴികളിൽ രോഗികളെക്കുറിച്ച് സംസാരിച്ചു നടന്നുപോകുന്ന എം.ഡി. വിദ്യാർത്ഥികൾ, ചുറുചുറുക്കോടെ ജോലിചെയ്യുന്ന ജീവനക്കാർ, വൃത്തിയുള്ള നാലുകെട്ടിന്റെ ആകൃതിയിലുള്ള പവിലിയനുകൾ, അവിടെ കട്ടിലുകൾ, കിടക്കകൾ, നിംഹാൻസ് എന്ന് ഇംഗ്ലീഷിലെഴുതിയ കമ്പിളികൾ, കറങ്ങുന്ന ഫാനുകൾ, വൃത്തിയുള്ള ചുമരു കൾ, വെട്ടിത്തിളങ്ങുന്ന ടോയ്‌ലറ്റുകൾ, തുടച്ച് വൃത്തിയാക്കിയിട്ടിരിക്കുന്ന നിലം, ചുമരിലൊരു ചിലന്തിവലപോലും കാണാനൊക്കില്ല. നിലത്തൊരു നൂലിൻകഷണം കാണാനാവില്ല. എല്ലാ രോഗികളും വേഷംധരിച്ചിരിക്കുന്നു. ക്രോണിക് രോഗികളായ സ്ത്രീകൾപോലും ബ്ലൗസ് ധരിച്ചിരിക്കുന്നു. സാരിയുടുത്തിരിക്കുന്നു. വസ്ത്രം ധരിച്ചതുകൊണ്ട് അവിടെയാരും ആത്മഹത്യ ചെയ്യാറില്ല. ആരും കോഴ വാങ്ങാറുെണ്ടന്നു പറഞ്ഞുകേട്ടില്ല. തലയ്ക്ക് സുഖമില്ലാത്തവന്റെ പക്കൽനിന്നും കാശുവാങ്ങുന്നത് പാപമാണെന്ന് അവർ വിശ്വസിക്കുന്നു.
മുഖംനോക്കി മുടി ചീകാവുന്ന സ്റ്റെയിൻലസ്സ് സ്റ്റീൽ പ്ലേറ്റുകൾ. അവ രോഗികൾ കഴുകി വൃത്തിയാക്കുന്നു. സ്റ്റെയിൻലസ്സ് സ്റ്റീൽ മഗ്ഗ് തിളങ്ങുന്നു.
ഡോ. രാധാകൃഷ്ണൻ പറഞ്ഞു“അറിവിൽ ഇതുവരെ ഒരു പ്ലേറ്റോ മഗ്ഗോപോലും കുറവുവന്നിട്ടില്ല. മോഷണംപോയിട്ടില്ല.”
അടുക്കള അസാമാന്യ വൃത്തിയുള്ളൊരു കെട്ടിടം. മുന്നിൽ എല്ലാ വശങ്ങളും അടച്ച സ്റ്റീലിന്റെ പെട്ടിപോലത്തെ വലിയൊരു വാഹനം. അടിയിൽ ചക്രങ്ങൾ. ഉന്തിക്കൊണ്ടുപോകാൻ കൈപ്പിടി. രോഗികൾക്ക് ആഹാരം കൊണ്ടുപോകാനുള്ള വണ്ടിയാണത്രെ. അതിനുള്ളിൽ ആഹാരം പകർന്ന് അടച്ചുകഴിഞ്ഞാൽ ഒരു പൊടി പോലുമാവില്ല.
ആഹാരം തൂക്കിക്കൊടുക്കാൻ ഏവറി വെയിങ് മെഷീൻ. ആവി കൊണ്ട് പ്രവർത്തിക്കുന്ന രണ്ട് ഇഡ്ഡലി കുക്കിങ് മെഷീൻ. കബേർഡിന്റെ മറ്റൊരു പതിപ്പ്. പത്തു മിനിറ്റിനകം ഇരുനൂറ്റിനാല്പ്പത് ഇഡ്ഡലി ഉണ്ടാക്കാനാവും. മുപ്പതുകിലോ അരി വേവിക്കാവുന്ന ഗ്യാസ് കൊണ്ട് പ്രവർത്തിക്കുന്ന വൃത്തിയുള്ള ആറ് സ്റ്റെയിൻലസ്സ് സ്റ്റീൽ പാത്രങ്ങൾ. ഇരുനൂറ്റെൺപത് ലിറ്റർ പാൽ കാച്ചാവുന്ന വലിയ മിൽക്ക് കുക്കർ. വൃത്തിയുള്ള നിലം. പത്തു ലിറ്റർ കപ്പാസിറ്റിയുള്ള രണ്ട് ഗ്രൈൻഡർ. വലതുവശത്ത് ഒരു മുറിയിൽ ഇരുപത് ഗ്യാസ്‌കുറ്റികൾ. അവിടെനിന്ന് അടുക്കളയിേലക്ക് ഗ്യാസ്, കുഴലിലൂടെ എത്തുന്നു. അപ്പുറത്തായി എമർജൻസി ഉപയോഗത്തിനായി വിറക് കൂട്ടിയിട്ടിരിക്കുന്നു. പച്ചക്കറി നുറുക്കാൻ ഒരു പ്രത്യേക ഇടം. അടുക്കളയിൽ പതിനെട്ടു ജീവനക്കാർ, മൂന്ന് സൂപ്പർവൈസറി സ്റ്റാഫ്, ഒരു ഡയറ്റീഷ്യൻ.
നമുക്ക് സങ്കല്പിക്കാവുന്നതിലേറ്റവും മനോഹരമായൊരടുക്കള.
ക്രിമിനൽ വാർഡ് പവിലിയന്റെ ഒരുവശത്തായിട്ടൊരു വലിയ മുറി. ഒരു പൊലീസുകാരൻ കാവൽ നില്ക്കുന്നു. അയാൾ പൂട്ടു തുറന്നുതന്നു. അകത്ത് കട്ടിലുകളിൽ ശാന്തരായ രോഗികൾ. എല്ലാവർക്കും വേണ്ട എല്ലാ സൗകര്യങ്ങളും. പൊലീസുകാരന്റെ പ്രസന്നമായ മുഖം.
മെയിൻ വാർഡിൽ അവിടവിടെ സിസ്റ്റേഴ്‌സും രോഗികളും ക്യാരംസ് കളിക്കുന്നു. രോഗികളുടെയും സിസ്റ്റർമാരുടെയും കൈയിൽ ബോർഡിലെ പൗഡർ പറ്റിപ്പിടിച്ചിരിക്കുന്നു.
തളത്തിൽ കോൺക്രീറ്റ് ബെഞ്ചുകളിൽ നേഴ്‌സുമാർ രോഗികളോട് സംസാരിച്ചിരിക്കുന്നു. രണ്ടു സിസ്റ്റർമാർ ഒരു രോഗിയെ ക്കൊണ്ട് എന്തോ എഴുതിക്കുന്നു. അയാളുടെ വിറയ്ക്കാത്ത കൈകളിൽ ഒരു കടലാസ്സ്. മറ്റൊരിടത്ത് രോഗികളും നേഴ്‌സും എന്തോ പറഞ്ഞു ചിരിക്കുന്നു.
പശ്ചാത്തലത്തിൽ റേഡിയോയിൽനിന്നു കേൾക്കുന്ന പഴയൊരു യുഗ്മഗാനം. മുകേഷിന്റെയും ലതയുടെയും ഇമ്പമാർന്ന ശബ്ദം. പാട്ടുകേട്ട് താളമിടുന്ന രോഗികൾ.
കുട്ടികളുടെ വാർഡ് ‘Adults not admitted unless accompanied by a child’ എന്നെഴുതിയ ഒരു പോസ്റ്റർ മുന്നിലൊട്ടിച്ചിരിക്കുന്നു. ഒരു നീണ്ട ഹാൾ. പതിനാറുവയസ്സിനു താഴെയുള്ള കുട്ടികളെ അവിടെ പ്രവേശിപ്പിക്കുന്നു. പതിനാറു കട്ടിൽ. ചുമരിൽ ഭംഗിയായി ഒട്ടിച്ച പോസ്റ്ററുകൾ, ചിത്രങ്ങൾ, കുട്ടികൾക്കായി ടി.വി., റേഡിയോ. ചുമരിൽ പൂപ്പാത്രങ്ങൾ, അതിൽ വാടാത്ത പൂക്കൾ. ബഹളമുണ്ടാക്കുന്ന കുട്ടികളെ കിടത്താൻ, അവർ വീഴാതിരിക്കാൻ, തൊട്ടിൽപോലെ നാലുവശവും പൊങ്ങിയ കട്ടിലുകൾ.
ആക്ടിവിറ്റി റൂം കുട്ടികൾ വരച്ച പതിനൊന്നു ചിത്രങ്ങൾ ഒരുവശത്ത്. സൂര്യകാന്തി, വീട്, താമര, കിളി, പറക്കുന്നൊരു പക്ഷി… മറ്റൊരുവശത്ത് തുന്നൽ മെഷീൻ, കളിപ്പാട്ടങ്ങൾ, മൂന്നുവീലുള്ള സൈക്കിളുകൾ, ഉയരംകുറഞ്ഞ മേശ, അതിൽ ചിതറിക്കിടക്കുന്ന പാവക്കുട്ടികൾ.
ഇതിനടുത്തായി പേരന്റ്സ് വാർഡ്. രോഗംബാധിച്ച കുട്ടികളെ പുസ്തകങ്ങളുമായിട്ടാണ് അഡ്മിറ്റ് ചെയ്യാറ്.
ഫാമിലിതെറപ്പ്യൂറ്റിക് യൂണിറ്റ് - ആ കെട്ടിടത്തിന്റെ മുന്നിൽ ഇരുവശവും ഓരോ ബഞ്ച്. അവിടെ മദ്ധ്യവയസ്‌കരായ ഒരു ഭാര്യയും ഭർത്താവും. വെള്ളവസ്ത്രം ധരിച്ച പുരുഷൻ. നീല ചിന്നാളംപട്ടു സാരിയുടുത്ത, മൂക്കുത്തിയിട്ട സ്ത്രീയുടെ മുഖത്ത് വിടർന്ന ചിരി.
അകത്ത് ഫാമിലി ഹാപ്പിനസ് ബ്രിങ്‌സ് മെൻറൽ ഹെൽത്ത് എന്ന് ചുവന്ന വലിയ അക്ഷരത്തിലെഴുതിവച്ചിരിക്കുന്നു.‘പ്രത്യേക കുട്ടികളെ’ കിടത്താൻ വലതുവശത്ത് നാലു മുറികൾ.
ഫാമിലിതെറപ്പ്യൂറ്റിക് യൂണിറ്റിൽ കുടുംബസമേതം അഡ്മിറ്റ് ചെയ്യുന്നു. അവരെ‘പ്രത്യേക കുട്ടികളോട്’ എങ്ങനെ പെരുമാറണമെന്നു പഠിപ്പിക്കുന്നു.
ഒരു ടി.വി. റൂം. അവിടെ ബ്ലാക്ക്‌ബോർഡ്, സ്ലൈഡ് പ്രൊജക്ഷനുള്ള സൗകര്യങ്ങൾ, രോഗികളുടെ കുടുംബത്തെ പറഞ്ഞുപഠിപ്പി ക്കുന്ന ഇടം. ആ ഹാളിൽ ഗ്രൂപ്പ് ഡിസ്‌കഷൻ നടത്താറുണ്ട്. ആരോ മൂന്നാലുേപർ ടി.വി.കണ്ടിരിക്കുന്നു. ഓരോ മുറിയിലും രണ്ടു കട്ടിൽ, കസേര, ബാത്ത്‌റൂം…. ഓരോ മുറിക്കും ഓരോ അടുക്കള. ആ കെട്ടിടത്തിനുള്ളിൽ തളത്തിൽ മനോഹരമായൊരു പൂന്തോട്ടം. അതിൽ ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും മനംപോലെ പൂത്തുവിടർന്ന പൂക്കൾ.
ക്യാമ്പസ്സിനുള്ളിൽ രണ്ടു ക്ഷേത്രങ്ങൾ കണ്ടു. ഒരു ഗണപതി ക്ഷേത്രം. അൽപ്പംമാറി ഒരു നവഗ്രഹക്ഷേത്രം. മുന്നിൽ കാണിക്ക വഞ്ചി കാണാനില്ല. പൂജാരിമാർക്കു താമസിക്കാൻ കുറച്ചുമാറി ഒരിടം.
ഒരു വാർഡിന്റെ വശത്തായി ഒരു കുടുംബത്തോട് സംസാരിച്ചിരുന്നു കുറിപ്പുകളെഴുതുന്ന ഒരു ഡോക്ടർ.
നവഗ്രഹക്ഷേത്രത്തിന്റെ മുന്നിൽ സംസാരിച്ചിരുന്ന ഭാര്യയും ഭർത്താവും. രാധാകൃഷ്ണനെ കണ്ടപ്പോൾ അയാൾ ഓടിവന്നു. ഡോക്ടർ റൗണ്ട്‌സിനു വന്നതാെണന്നയാൾ കരുതി. ഭാര്യയ്ക്കാണ് രോഗം.
ഒരു ഫാമിലി കോട്ടേജിനുള്ളിൽ കയറി. മാന്യമായി പെരുമാറുന്ന ഒരു പുരുഷൻ. അയാളുടെ ഭാര്യ. മേശപ്പുറത്ത് കാസെറ്റ്റെക്കോർഡർ. അയാൾ ഞങ്ങളെ സംഗീതം കേൾക്കാൻ ക്ഷണിച്ചു. കർണ്ണാട്ടിക് ക്ലാസിക്കൽ കാസെറ്റുകൾ.
നിംഹാൻസിലെ തോട്ടത്തിൽ രോഗികൾ പച്ചക്കറി, മൾബറി, വാഴ, ചേമ്പ്, കാച്ചിൽ, നാരങ്ങ എന്നിവ കൃഷിചെയ്യുന്നു. നാലു രോഗികൾ ഒരു വലിയ തടി ചുമലിലേറ്റി എങ്ങോട്ടോ നടക്കുന്നു. വലതുവശത്ത് ഒരു ചെറിയ കെട്ടിടത്തിൽ ഒരു സ്ത്രീ മുറത്തി ലെന്തോ ധാന്യം പാറ്റുന്നു. പൂന്തോട്ടത്തിന്റെ ഇടതുവശത്ത് പൂത്തുലഞ്ഞുനിൽക്കുന്നു ഒരു ബൊഗയ്ൻവില്ല. മരച്ചുവട്ടിൽ ഒരു നായ് വെയിലു കാഞ്ഞ് കിടന്നു മയങ്ങുന്നു. കുറച്ചപ്പുറത്ത് നല്ല ടയർവീൽ പിടിപ്പിച്ച ഒരു കാളവണ്ടി. കൂറ്റൻ കാളകൾ.
നല്ല സൗകര്യങ്ങളുള്ള ഈ ഇൻസ്റ്റിറ്റ്യൂട്ടിലെ ഡിപ്പാർട്ടുമെൻറുകൾ/ഡിവിഷനുകൾ:
സൈക്യാട്രി, ക്ലിനിക്കൽ സൈക്കോളജി, സൈക്യാട്രിക് സോഷ്യൽവർക്ക്, ന്യൂറോളജി, ന്യൂറോസർജറി, ന്യൂറോ പാത്തോ ളജി, ന്യൂറോ റേഡിയോളജി, ന്യൂറോ അനസ്‌തേഷ്യ, മൈക്രോബയോളജി, നഴ്‌സിങ്, സ്പീച്ച് പാത്തോളജി, ആയുർവേദിക് റിസർച്ച് യൂണിറ്റ്, ന്യൂറോ ഫിസിയോളജി, ന്യൂറോകെമിസ്ട്രി, ന്യൂറോവിറ്റോളജി, ബയോഫിസിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, പബ്ലിേക്കഷൻസ്, ഫോട്ടോഗ്രഫി, ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സർവീസസ്.
നന്നായി നടത്തുന്ന നിംഹാൻസിലെ ഓക്കുപ്പേഷണൽ സെൻററിൽ അവസ്ഥ ഭേദപ്പെട്ട രോഗികൾക്ക് പായനെയ്ത്ത്, നെയ്ത്ത്, മരപ്പണി, ചൂരൽപ്പണി, ബുക്ക് ബയൻറിങ്, കമ്പോസിങ്, അച്ചടി എന്നിവയിൽ പരിശീലനം ലഭിക്കുന്നു. അസുഖം നിയന്ത്രണത്തിലായ രോഗികൾ, മൺപാത്രങ്ങളും മെഴുകുതിരിയും കരകൗശല വസ്തുക്കളും ബേക്കറി പലഹാരങ്ങളുമുണ്ടാക്കുന്നു. ഇവിടെയുണ്ടാക്കുന്ന ഉല്പന്നങ്ങൾ ഇൻസ്റ്റിറ്റ്യൂട്ടിലെ ഒരു ഹാളിൽ വില്ക്കാൻ വച്ചിരിക്കുന്നു. നിങ്ങൾക്ക് മെഴുകുതിരിയും പേനയും പാഡും എടുത്തുതരുന്നത് ഒരു രോഗി.
ക്യൂണിറ്റി സൈക്യാട്രിയുടെ ഭാഗമായി കാണാകപുര, ഗൗരീ ബിഡാനൂർ, മദ്ദൂർ, മധുഗിരി എന്നിവിടങ്ങൡ മാസത്തിെലാരിക്കൽ മനസ്സിന്റെ സുഖം നഷ്ടപ്പെട്ടവർക്കായി സാറ്റലൈറ്റ് ക്ലിനിക്കുകൾ പ്രവർത്തിക്കുന്നു. ചികിത്സ സമൂഹത്തിലേക്ക് എത്തിക്കുന്നു.
വാക്ക് ഇൻ കൗണ്ടർ എന്നറിയപ്പെടുന്ന ഒരു ഒ.പി. യൂണിറ്റ്. ഇവിടെ രോഗികൾക്ക് ആദ്യ സ്‌ക്രീനിങ്. ഇവിടെ രജിസ്റ്റർ ചെയ്യുക. ഉടനടി അഡ്മിഷൻ വേണ്ട കേസുകൾ അപ്പോൾത്തന്നെ അഡ്മിറ്റ് ചെയ്യുന്നു. അല്ലാത്തവരെ ദിവസം നിശ്ചയിച്ച് വരാൻ പറയുന്നു. സൈക്യാട്രിക് സോഷ്യൽ വർക്കർ, സൈക്യാട്രിക് നേഴ്‌സ് എന്നി വരടങ്ങുന്ന ടീമാണ് ആദ്യം രോഗിയെ സ്‌ക്രീൻചെയ്യുക.
രോഗിയുടെ വീട്ടിലേക്കുള്ള ബസ്ചാർജ്ജിന്റെ മൂന്നിരട്ടി ഡെപ്പോസിറ്റായി വാങ്ങുന്നു അഥവാ രോഗിയെ മടക്കിക്കൊ ണ്ടുേപാകാൻ ബന്ധുക്കൾ വന്നിെല്ലങ്കിൽ രോഗിയുടെ യാത്രയ്ക്കും ഒരു ആശുപ്രതിജീവനക്കാരന്റെ യാത്രയ്ക്കും മടക്കയാത്രയ്ക്കുമുള്ള ബസ്സുകൂലി. ആശുപത്രിയിൽ രോഗിയെ അധികനാൾ കിടത്താതിരിക്കാൻ അവർ ശ്രദ്ധിക്കുന്നു. വേണ്ട ചികിത്സ നല്കുന്നതിനാൽ രോഗിയെ കുറച്ചുനാൾക്കകം ഡിസ്ചാർജ് ചെയ്യാനൊക്കുന്നു.
വിസിറ്റേഴ്‌സ് ബോർഡിന്റെ പ്രവർത്തനം തൃപ്തികരമാണെന്ന് അന്വേഷണത്തിലറിഞ്ഞു. ബോർഡ് ഒഫ് വിസിറ്റേഴ്‌സിന്റെ അംഗങ്ങളുടെ പേരുകൾ പ്രധാന കെട്ടിടത്തിനുള്ളിൽത്തന്നെ എഴുതിവ ച്ചിരിക്കുന്നതു കാണാം.
വരുമാനത്തിന്റെയടിസ്ഥാനത്തിലാണ് ഹോസ്പിറ്റൽ നിരക്കുകൾ. മുഴുവൻ ചാർജ്, അമ്പതു ശതമാനം, ഇരുപത്തഞ്ചു ശതമാനം, സൗജന്യചികിത്സ എന്നിങ്ങനെ നാലായി തിരിച്ചിരി ക്കുന്നു.
ഇവിടത്തെ മൊത്തം ചാർജ്‌പോലും കേരളത്തിലെ പല സ്വകാര്യ മെൻറൽ ഹോസ്പിറ്റലുകളിലെ നിരക്കുകളെക്കാൾ കുറ വാണെന്നുകണ്ടു. ഇതുകൊണ്ടും നല്ല ചികിത്സ കിട്ടുന്നതുകൊണ്ടുമാവണം ഇന്ത്യയിലെ മറ്റു സ്റ്റേറ്റുകളിൽനിന്ന് കേരളമുൾപ്പെടെ നിംഹാൻസിലേക്ക് രോഗികൾ ധാരാളമെത്തുന്നത്.
സെബാസ്റ്റ്യൻ പറഞ്ഞതുപോലെ, ആരു ചെന്നാലും രോഗിയാണെന്നവർ ആദ്യം കരുതും എന്ന കുഴപ്പമൊഴിച്ചാൽ, നിംഹാൻസിന്റെ മാനസികാരോഗ്യം നന്നാണ്, വളരെ നന്നാണ്. നമ്മുടെ ആശുപത്രികൾ എന്നാണിങ്ങനെയാവുക?