close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 01 11


സാഹിത്യവാരഫലം
Mkn-17.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാലികമലയാളം
തിയതി 2002 01 11
മുൻലക്കം 2002 01 04
പിൻലക്കം 2002 01 18
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക

“ഉത്സാഹോ രിപുവര്‍ മിത്രം
ആലസ്യം മിത്രവദ് രിപുഃ
അമൃതം വിഷ്വദ് വിദ്യാ
ऽമൃതവദ് വിഷമംഗനാ”

ഉത്സാഹം ശത്രുതയായി തോന്നുമെങ്കിലും സ്നേഹിതനെ പോലെയാണ്. ആലസ്യം സ്നേഹിതനെപ്പോലെ തോന്നും. പക്ഷേ അതു ശത്രുവാണ്. വിദ്യ വിഷസദൃശ്യമായി അനുഭവപ്പെടുമെങ്കിലും അമൃതമാണ്. സ്ത്രീകള്‍ വിഷമാണ്. പക്ഷേ അവര്‍ അമൃതം പോലെയാണ്. വനിതാ ऽമൃതവദ് വിഷം എന്ന് വേറൊരു കവി. (ഉത്സാഹം = കാര്യവിഷയകമായ ഉദ്യമം. ആലസ്യം = മടി.)

പുരുഷനെഴുതിയ കാവ്യമാണിതെന്ന് സ്പഷ്ടം. അതിനാലാണ് സ്ത്രീകള്‍ വിഷമമാണെങ്കിലും അമൃതമാണ് എന്ന സാമാന്യകരണം.

പ്രാചീന ഭാരതത്തില്‍ അഗദതന്ത്രകാരന്‍ (അഗതദതന്ത്രം = antidote) കൊട്ടാരത്തിലുണ്ടായിരുന്നു. രാജാവിനെ ആരും വിഷം കൊടുത്തു കൊല്ലാതിരിക്കുക എന്നതു നോക്കുകയാണ് അയാളുടെ ജോലി. എങ്കിലും വിഷകന്യകമാരെ അയച്ചു ശത്രുക്കള്‍ രാജാക്കന്മാരെ നിഗ്രഹിച്ചിരുന്നു. ജനിച്ച പെണ്‍കുഞ്ഞ് സൗന്ദര്യമുള്ളതാനെന്നു കണ്ടാല്‍ അല്പമായി വിഷം കൊടുക്കും. വിഷമുള്ള ഇഴജന്തുക്കളുടെ മാംസം, വിഷമയമായ സസ്യങ്ങള്‍ ഇവ കുഞ്ഞിന് കുറച്ചു കുറച്ചായി നല്കാം. അങ്ങനെ വിഷത്തിന്റെ അതിപൂരിത സ്വഭാവം പെണ്‍കുട്ടിക്കു വന്നാല്‍, അവള്‍ക്കു കന്യകാത്വം ഇല്ലാതെയായാല്‍ ശത്രുരാജാവിന്റെ കൂടെ വേഴ്ചയ്ക്ക് അയയ്ക്കും. വേഴ്ച വേണ്ട. രാജാവ് കാമമോഹിതയായി അവളെ ആലിംഗനം ചെയ്യുകയേ വേണ്ടൂ. അയാള്‍ ചത്തു വീഴും. അലിഗ്സാണ്ടര്‍ ചക്രവര്‍ത്തി ഇന്ത്യയിലെത്തിയപ്പോള്‍ ഇവിടെത്തെ രാജാവ് അദ്ദേഹത്തിന്റെ കൂടാരത്തില്‍ ഒരു വിഷകന്യകയെ അയച്ചു കൊടുത്തുവെന്നും അവള്‍ ആരെന്ന് മനസ്സിലാക്കി ചക്രവര്‍ത്തിയുടെ അംഗരക്ഷകന്‍ അവളെ കൊന്നു കളഞ്ഞെന്നും ഞാന്‍ “Poison Damsels” എന്ന പുസ്തകത്തില്‍ നിന്നു മനസ്സിലാക്കിയിട്ടുണ്ട്. പല ഭാഗങ്ങളായി പ്രസിദ്ധപ്പെടുത്തിയ കഥാസരിത് സാഗരത്തില്‍ അനുബന്ധമായി ഈ പ്രബന്ധം ചേര്‍ത്തിട്ടുള്ളത് ഞാന്‍ കണ്ടിട്ടുമുണ്ട്. കന്നായിരിക്കുമ്പോള്‍ അതിനെ ദിവസവും എടുത്തുയര്‍ത്തിയ ഒരു സ്ത്രീ അതു പശുവായി മാറിയപ്പോഴും അനായാസമായി പൊക്കിയെടുക്കുമായിരുന്നുവെന്ന് ഫ്രഞ്ചെഴുത്തുകാരന്‍ മൊണ്‍ടെയില്‍ (Montaigne — ഫ്രഞ്ച് ഉച്ചാരണം വിഭിന്നം) എഴുതിയത് ഞാന്‍ വായിച്ചിട്ടുണ്ട്. തെറ്റിദ്ധാരണയുടെ ലോകം, യഥാര്‍ത്ഥ്യത്തിന്റെ ലോകം ഇവ തമ്മില്‍ വിഭിന്നതയില്ല ചിലര്‍ക്ക്. ആറ്റൂര്‍ രവിവര്‍മ്മയ്ക്ക് കേന്ദ്ര സാഹിത്യ അക്കാഡമിയുടെ സമ്മാനം കിട്ടിയെന്ന പത്രത്തില്‍ കണ്ടപ്പോള്‍ എന്റെ മനസ്സിലൂടെ കടന്നുപോയ വിചാരങ്ങളാണ് ഇവ. കുഞ്ഞായിരിക്കുമ്പോള്‍ തന്നെ രണ്ടു വരി രവിവര്‍മ്മക്കവിത അതിന്റെ കാതിലോതണം. അങ്ങനെ ദിവസം തോറും രണ്ടു വരി. ക്രമേണ വരികള്‍ ഏറ്റുക്കൊണ്ടു വന്നിട്ട് ഒരു രവിവര്‍മ്മക്കവിത സമ്പൂര്‍ണ്ണമായി കുട്ടിയെ പഠിപ്പിക്കണം അപ്പോള്‍ ‘ഇമ്യൂണൈസേഷന്‍’ (immunization = രോഗം വരാത്ത അവസ്ഥ) പ്രായം ചെന്ന അവനോ അവള്‍ക്കോ ഉണ്ടാകും. ആറ്റൂര്‍ രവിവര്‍മ്മയെക്കാള്‍ പ്രായം വളരെക്കൂടിയ ആളാണ് ഞാന്‍. അതുകൊണ്ട് എന്റെ കുട്ടിക്കാലത്ത് ജനിച്ചിട്ടു പോലുമില്ലാത്ത രവിവര്‍മ്മയുടെ കവിതയിലെ രണ്ടു വരികള്‍ അച്ഛനമ്മമാര്‍ക്കു ദിവസവും എന്റെ കാതിലടിച്ചു കയറ്റാന്‍ സാധിക്കുമോ? ഹതഭാഗ്യന്‍ ഞാന്‍. അതിനാല്‍ ഈ കേന്ദ്ര സാഹിത്യ അക്കാഡമി എവോര്‍ഡിന്റെ വാര്‍ത്ത എന്നെ വല്ലാതെ ഞെട്ടിച്ചു കളഞ്ഞു. ഭഗവാനേ, സച്ചിദാനന്ദാ, ഗുരുവായൂരപ്പാ, എനിക്കു ഇമ്മ്യൂണിറ്റി നല്കണേ.

ചോദ്യം, ഉത്തരം

Symbol question.svg.png “ആരോഗ്യപരിപാലനം ജീവിതവ്രതമായി സ്വീകരിച്ചു കഴിയുന്നവരെക്കുറിച്ച് എന്താണ് അഭിപ്രായം?”

“വെണ്‍കുളം പരമേശ്വരന്‍ യൂണിവേഴ്സിറ്റി കോളേജിന്റെ പ്രിന്‍സിപ്പല്‍ ആയിരുന്ന നാരായണപിള്ള സാറിന്റെ മുന്‍പില്‍ യോഗമുറകള്‍ കാണിക്കുകയും നൂറു വയസ്സുവരെ ജീവിക്കാനുള്ള മാര്‍ഗ്ഗങ്ങള്‍ വിശദീകരിക്കുകയും ചെയ്തു. ഉപസംഹാര പ്രഭാഷണത്തില്‍ നാരായണപിള്ള സാര്‍ ചോദ്യങ്ങള്‍ സ്വയം ചോദിക്കുകയും അവയ്ക്കുള്ള വെണ്‍കുളത്തിന്റെ മറുപടികള്‍ അദ്ദേഹം തന്നെ നല്കുകയും ചെയ്തു.
“നിങ്ങള്‍ സിനിമ കാണുമോ?”
വെൺകുളത്തിന്റെ മറുപടിയായി സാറ് തന്നെ പറഞ്ഞത്. “ഇല്ല”
“നിങ്ങള്‍ പറമ്പു കിളയ്ക്കുമോ?
“ഇല്ല”
“നിങ്ങള്‍ ഒരു സിഗററ്റെങ്കിലും വലിക്കുമോ?
“ഇല്ല”
നിങ്ങള്‍ ഒരു സ്ത്രീയെ സ്നേഹിച്ചിട്ടുണ്ടോ?”
“ഇല്ല.” ഇതുപോലെ അനേകം ചോദ്യങ്ങള്‍ക്ക് ഇല്ല എന്നു മറുപടി നല്കിക്കൊണ്ട് നാരായണപിള്ള സാര്‍ ചോദിച്ചു: “പിന്നെ നിങ്ങള്‍ നൂറു വയസ്സു വരെ ജീവിച്ചിരുന്നിട്ട് എന്തു കാര്യം?” (കരഘോഷം!)

Symbol question.svg.png “മലയാള സാഹിത്യ നിരൂപണത്തിന്റെ പ്രത്യേകത എന്ത്?”

“പ്രത്യേകതയ്ക്കു പകരം സവിശേഷതെയെന്ത് എന്നു ചോദിക്കണം. പ്രത്യേകത ശബ്ദത്തിന്‍ each എന്ന അര്‍ത്ഥനേയുള്ളു. പ്രതി + ഏകം = പ്രത്യേകം പിന്നെ നിരുപണത്തിന്റെ കാര്യം അവര്‍ എഴുതുന്ന വാക്കുകള്‍ എല്ലാം മലയാളം അവയ്ക്ക് അര്‍ത്ഥവും കാണും. പക്ഷേ ആ വാക്കുകള്‍ ചേര്‍ത്തു വാക്യങ്ങള്‍ ഉണ്ടാക്കുമ്പോള്‍ അവയ്ക്ക് അര്‍ത്ഥമില്ല.”

Symbol question.svg.png “വിഷാദാത്മകത്വം, പ്രസാദാത്മകത്വം ഇവയില്‍ ഏതു സ്വീകാര്യം?”

“ലോകത്തെ ധിഷണാശാലികല്‍ അഗ്രഗണ്യമായവന്‍ വിഷാദാത്മകത്വം സ്വീകരിക്കുന്നു. പ്രസാദാത്മകത മണ്ടന്മാരുടെ തത്ത്വചിന്തയാണ്.”

Symbol question.svg.png “തിരുവനന്തപുരം നാറുന്നല്ലോ?”

“കക്കൂസ് പോലെ നാറുന്നു എന്ന ഉത്തരം എഴുതാനാനാണ് ഞാന്‍ ഒരുമ്പെട്ടത്. അതു ശരിയല്ല. കക്കൂസുകള്‍ക്കുള്ള വൃത്തിയും നാറ്റമില്ലായ്മയും ഈ നഗരത്തിനില്ല.”

Symbol question.svg.png “ആത്മഹത്യ നല്ലതല്ലേ?

“ആത്മഹത്യയ്ക്കുള്ള ശ്രമം നിയമം തടയും. ആ യത്നത്തില്‍ വിജയം വരിച്ചാല്‍ നിയമം ശഷ്പതുല്യമാകും. No one ever lacks a good reason for suicide എന്നു ആത്മഹനം നടത്തിയ ചെസാറേ പാവേസേ എന്ന സാഹിത്യകാരന്‍ പറഞ്ഞത് ഓര്‍മ്മിക്കുക.”

Symbol question.svg.png “പ്രേമം?”

“അര്‍ബ്ബുദം പോലെയുള്ള ഒരു രോഗം തല്‍ക്കാലം വിവാഹത്താല്‍ ഭേദമായാലും ഒടുവില്‍ സംഹാരാത്മക ശക്തിയോടെ രൂപം മാറി വരും. അതില്‍ മരിക്കും.”

വന്ധ്യത്വം

മാക്ലിം ഗോര്‍ക്കിയുടെ ഡയറിയില്‍ വായിച്ചതാണ് താഴെച്ചേര്‍ക്കുന്ന ഭാഗം: “ഭാര്യയെ കൊന്ന ഒരു മോസ്കോ വിദ്യാര്‍ത്ഥി കോടതിയില്‍പ്പറഞ്ഞ അവസാനത്തെ വാക്കുകള്‍. “അവള്‍ മരിച്ചു. രക്തസാക്ഷിത്വം വരിച്ചു. സ്വര്‍ഗ്ഗത്ത് അവളിപ്പോള്‍ വിശുദ്ധയായി കഴിഞ്ഞുകൂടുകയാണ്. ഞാനാകട്ടെ ഇവിടെ ജീവിതത്തിന്റെ ശേഷിച്ച ഭാഗം കുറ്റത്തിന്റെ കുരിശു ചുമന്നും പശ്ചാത്താപം അനുഭവിച്ചും കഴിഞ്ഞു കൂടുന്നു. എന്തിന് എന്നെ ശിക്ഷിക്കണം? ഞാന്‍ എന്നെതന്നെ ശിക്ഷിച്ചിരിക്കുകയല്ലേ? ഞാന്‍ നല്ല കൊച്ചാപ്ലുകളും മുട്ടകളും തിന്നുന്നു: പണ്ടു ഞാന്‍ ചെയ്തതുപോലെ. പക്ഷേ അവയ്ക്കു മുന്‍പുള്ള നല്ല സ്വാദില്ല ഒന്നും എനിക്ക് സന്തോഷം നല്കുന്നില്ല. പിന്നെ എന്നെ ശിക്ഷിക്കുന്നതെന്തിന്?

ഏതാണ്ട് ഇതേ രീതിയില്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ‘പെന്‍ഫ്രെണ്ട്സ് എന്ന കഥയെഴുതി കലാകൊലപാതകം നടത്തിയ ശ്രീബാല കെ. മേനോന്‍ പറയുന്നു. കലാഹിംസ ഞാന്‍ അനുഷ്ഠിച്ചു കഴിഞ്ഞു. ആ ദേവതയുടെ മരണം ഒരു തരത്തില്‍ രക്തസാക്ഷിത്വം തന്നെയാണ്. ഞാനിപ്പോള്‍ ഉത്കൃഷ്ട വാരികയായ മാതൃഭൂമിയുടെ നാലരപ്പുറത്തില്‍ എന്റെ കുത്തേറ്റു മരിച്ച കലയെ കിടത്തിയിരുന്നു. എന്നെ ശിക്ഷിക്കാന്‍ വരട്ടെ നിരൂപകന്‍. എന്റെ ഉറച്ച വിശ്വാസം ഞാനെഴുതിയതു മനോഹരമായ കഥയാണ് എന്നതത്രേ. അല്ലെങ്കില്‍ എഡിറ്റര്‍ എനിക്കു കഥാവശത്തെ കിടത്താന്‍ നാലരപ്പുറം നല്കുമോ? ആര്‍ടിസ്റ്റ് മദനന്‍ നല്ല പടങ്ങള്‍ വരച്ച് അതിന്റെ അടുത്തു വയ്ക്കുമോ? എല്ലാ കഥയെഴുത്തുകാരെയും കുറ്റം പറയുന്ന മലയാളം വാരികയിലെ നിരൂപകന്‍ എന്റെ രചന നാലപ്പുറത്ത് നീണ്ടുകിടക്കുന്നതു കണ്ടു അസൂയയോടു കുറ്റപ്പെടുത്തിയാലെന്ത്? ഇല്ലെങ്കിലെന്ത്? മാതൃഭൂമി ആഴ്ചപ്പതിപ്പിലാണ് എന്റെ കഥ ശയിക്കുന്നത് എന്നത് ഓര്‍മ്മ വേണം അയാള്‍ക്കും വായനക്കാര്‍ക്കും.

ഇക്കഥയില്‍ തെറിച്ച പെണ്ണായ കാത്തിയെ കാണാം. അവള്‍ കുടുംബത്തില്‍ ജീവിക്കാന്‍ യോഗ്യതയുള്ളവളല്ല. ‘ഇന്റര്‍നെറ്റ് ചാറ്റിലാണ്’ അവള്‍ക്കു കൗതുകം. എന്തുകൊണ്ട് അവള്‍ ഇങ്ങനെയായിപ്പോയി. അവളുടെ അമ്മയും ചെറുപ്പകാലത്ത് തെറിച്ചു നടന്നവളാണ്. അവള്‍ക്ക് ഇന്റര്‍നെറ്റിന്റെ സൗകര്യമില്ല അക്കാലത്ത്. എഴുത്തുകാര്‍ അയച്ച് ആണ്‍പിള്ളേരെ പാട്ടിലാക്കാം. ഒടുവില്‍ ബോയ് ഫ്രണ്ട് മകളെ വിളിക്കുമ്പോള്‍ തള്ള ഫോണിന്റെ കമ്പി മുറിച്ചുകളയുന്നു. കഥ അതോടെ തീരുന്നു. വായനക്കാരന്റെ കഥ തീരുന്നു. എവിടെയെങ്കിലും കഥ തുടങ്ങണമ്മല്ലോ. വാരികയുടെ 42-ആം പുറത്തു തുടങ്ങുന്നു അത്. എവിടെയെങ്കിലും അത് അവസാനിക്കണമല്ലോ. അതിനാല്‍ വാരികയുടെ 46-ആം പുറത്ത് കഥ അവസാനിപ്പിക്കുന്നു. ഈ പുറങ്ങള്‍ക്കിടയിലുള്ള നാലരപ്പെയ്ജില്‍ പരമ ബോറിങ്ങായ ആഖ്യാനവും സംഭാഷണവും തിരുകുന്നു. അവയൊക്കെ എഴുത്തുകാരി വായനക്കാരില്‍ അടിച്ചേല്പ്പിക്കുകയാണ്. നല്ല കഥ വായിച്ചുതീരുമ്പോള്‍ സമ്പൂര്‍ണ്ണതയുടെ ഒരനുഭൂതി വായിക്കുന്നവര്‍ക്കുണ്ടാകും. ഇവിടെ അതൊന്നുമില്ല. വന്ധ്യമായ രചന!

* * *

വര്‍ഷങ്ങള്‍ക്കു മുന്‍പ് മലയാറ്റൂര്‍ രാമകൃഷ്ണന്‍, മലയാളനാടു പത്രാധിപര്‍ എസ്.കെ. നായര്‍, ഇവരോടൊരുമിച്ച് ഞാന്‍ ചേര്‍ത്തലെ ഒരു സമ്മേളനത്തിനു പോയി. മദ്യമൂണ്ടാക്കുന്ന ഒരു ഫാക്ടറിയുടെ വാര്‍ഷികത്തോടു ചേര്‍ന്ന മീറ്റിങ്ങായിരുന്നു. ഫാക്ടറിയുടെ ജനറല്‍ മാനേജര്‍ മേനോന്റെ വീട്ടിന്റെ ഒരു രാത്രി കഴിച്ചുകൂട്ടി. അടുത്ത ദിവസം കാലത്ത് സമ്മേളനം. എന്റെ പ്രഭാഷണം അല്പം നന്നായിരുന്നുവെന്ന് സദസ്സിന്റെ പ്രതികരണത്തില്‍ നിന്നു മനസ്സിലായി. മീറ്റിങ്ങ് കഴിഞ്ഞ് ഞാന്‍ മലയാറ്റൂര്‍ രാമകൃഷ്ണനോടു ചോദിച്ചു: “എന്റെ പ്രസംഗം നന്നായോ?” അദ്ദേഹം മറുപടി നല്കി: “സാമാന്യം ഭൊറായിരുന്നു.” പുതുശ്ശേരി രാമചന്ദ്രന്റെ ‘തെങ്ങ്’ എന്ന കാവ്യം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിച്ച ഞാന്‍ അദ്ദേഹത്തോടു പറയുന്നു “താങ്കളുടെ കവിത അസാമാന്യമായ വിധത്തില്‍ ബോറായിട്ടുണ്ട്. തേങ്ങാക്കുലയെ ‘പോര്‍മൂലക്കുട’മായി സങ്കല്പിച്ച് ഒരു ‘കാച്ച് നടത്തിയിട്ടുണ്ട’ല്ലോ കവി. അത് എന്റെ സ്ഥിരം പ്രയൊഗമനുസരിച്ചാണെങ്കില്‍ ഓക്കാനമുണ്ടാക്കുന്നു. ഉള്ളൂരിഉന്റെ ഒരു വര്‍ണ്ണനയേ അതിനോടു മത്സരിക്കാനുള്ളൂ. ‘റവുക്കായം ഹരിത സൂര്യപടത്താല്‍ മേല്ക്കണിഞ്ഞ കളില്‍ കൊങ്കകള്‍ രണ്ടും അര്‍ക്കകാന്തിയില്‍ വിളങ്ങുന്ന ശീമച്ചക്ക പോലെ ഹൃദയം കവരുന്നു’ എന്നു സ്വാമി. താന്‍ കവിയാണെന്നു വിചാരിച്ച് പുതുശ്ശേരി രാമചന്ദ്രന്‍ “തെങ്ങ്” എന്ന കവിതയെഴുതി. പക്ഷേ ഇതിനെക്കാള്‍ Uniliterary ആയി അധികം കവിതകള്‍ ഞാന്‍ കണ്ടിട്ടില്ല.

സഹതാപം

“ലോകത്തെ ധിഷണാ ശാലികളില്‍ അഗ്രഗണ്യരായവര്‍ വിഷാദാത്മകത്വം സ്വീകരിക്കുന്നു. പ്രസാദാത്മകത മണ്ടന്മാരുടെ തത്ത്വചിന്തയാണ്.”

തോമസ് ഹാര്‍ഡിയുടെ “No Buyers” എന്ന കവിത ഹൃദയസ്പര്‍ശിയാണ്. ബ്രഷുകളും കൂടകളും കസേരകളും കയറ്റിയ ഒരു വണ്ടി മഴയിലൂടെ നീങ്ങുന്നു. അതിന്റെ കൂടെ ഒരു പുരുഷനുമുണ്ട്. ഒരു സ്ത്രീയുമുണ്ട്. വണ്ടി വലിക്കുന്നതു കുതിര. അതിന്റെ മുന്‍പിലായി പുരുഷന്‍ കാലുകള്‍ വലിച്ചിഴച്ചു കൊണ്ട് ആടി നടക്കുന്നു. ശവസംസ്കാര ഘോഷയാത്ര പോകുന്നതിനെക്കാള്‍ മെല്ലെയണ് അവരുടെ പോക്ക്. വില്പനയുള്ളവരുടെ പേരുകള്‍ പാടിക്കൊണ്ടാണ് അയാലുടെ നടത്തം.

അയാളുടെ പിറകുവശത്തു നിന്ന് ഒരു ഗജം പിന്നിലാണ് കുതിരയുടെ മൂക്ക്. നടത്തത്തിലും ഭാവത്തിലും യജമാനന്റെ പ്രകൃതമാണ് കുതിരയുടേത്. അയാള്‍ നില്ക്കുമ്പോള്‍ കുതിരയും നില്ക്കും. നില്ക്കാന്‍ പറയേണ്ടതില്ല അതിനോട്. വണ്ടി ഋജുരേഖയിലൂടെ കൊണ്ടുപോകാന്‍ കുതിരയ്ക്കു ശക്തിയില്ല. പുരുഷന് സമാന്തരമായി പാതയുടെ അരികിലൂടെ സ്ത്രീ നടക്കുന്നു. അവള്‍ വെണ്‍മയുള്ളതും വീതിയുള്ളതുമായ മുന്‍കുപ്പായം ധരിച്ചിട്ടുണ്ട്. മഴ ആ മുന്‍കുപ്പായത്തെ അവളുടെ ശരീരത്തോടു ഒട്ടിപ്പിടിപ്പിക്കുന്നു. വില്ക്കാനുള്ള വസ്തുക്കളോടുകൂടി അവര്‍ ഓരോ അടി വച്ച് മുന്നോട്ടു പോകുന്നു. പക്ഷേ ആരും ഒന്നും വാങ്ങുന്നില്ല. (The Complete Poems, Thomas Hardly, Paperimac, London, Page 737.) ഇത് ഇംഗ്ലീഷുകാരന്റെ റിയാലിറ്റി മാത്രമല്ല. ഹാര്‍ഡി കവിതയ്ക്കു സാര്‍വലൗകികസ്വഭാവം വരുത്തി കേരളീയന്റെയും റിയാലിറ്റിയാക്കിയിരിക്കുന്നു. വണ്ടിയുടെ മുന്‍പില്‍ നടക്കുന്ന സായം അയാളുടെ ഭാര്യയായ മദാമ്മയും നമ്മുടെ ബന്ധുക്കളായി മാറുന്നു. അവരോടു നമുക്കു സഹതാപം ദേശാഭിമാനി വാരികയില്‍ “ഇരുള്‍ പടരും കാലം” എന്ന കഥയെഴുതിയ കണ്ണോത്ത് കൃഷ്ണന്‍ ഒരു കുട നന്നാക്കല്‍കാരനെ വിദഗ്ദമായി ചിത്രീകരിച്ച് അയാളുടെ നേര്‍ക്ക് അനുവാചകന്റെ സഹതാപസ്രോതസ്സ് പ്രവഹിപ്പിക്കുന്നു. നല്ല കഥയാണിത്.

സംഭവങ്ങളും വ്യക്തികളും

“പ്രേമം?’’ “അര്‍ബുദം പോലെയുള്ള ഒരു രോഗം. തല്‍ക്കാലം വിവാഹത്താല്‍ ഭേദമായാലും ഒടുവില്‍ സംഹാരാത്മകശക്തിയോടെ രൂപം മാറി വരും. അതില്‍ മരിക്കും.”

  1. കോളേജില്‍ കോ ഓപ്പറേറ്റീവ് സ്റ്റൊഴ്സ് കാണുമല്ലോ. ഞാന്‍ ജോലി നോക്കിയിരുന്ന കോളേജിലെ സ്റ്റോഴിസിന്റെ ചാര്‍ജ്ജ് ഒരു മലയാളാധ്യാപകനായിരുന്നു. അവിടെ നോട്ടുബുക്കും പാഠപുസ്തകവും വാങ്ങി വില്പനയ്ക്കു വച്ചാല്‍ മതി. കുട്ടികള്‍ക്കു അവയേ വേണ്ടൂ. പക്ഷേ ഓവര്‍ സെക്സിന്റെ ഉപദ്രവമുള്ള ആ അധ്യാപകന്‍ പെണ്‍കുട്ടികള്‍ക്കു വേണ്ടി ബ്രാ കൂടി വാങ്ങിവച്ചു വില്പനയ്ക്ക്. പെണ്‍പിള്ളേര്‍ അതും വില്പനവസ്തുവാണെന്നറിഞ്ഞില്ല. ബ്രാ ചെലവാകുന്നില്ലെന്നു കണ്ട് അധ്യാപകന്‍ ബ്ലാക്ക് ബോര്‍ഡില്‍ അതു വില്പനയ്ക്കുണ്ട് എന്നെഴുതിവച്ചു. അധ്യാപകന്‍ തന്നെ അത് വില്ക്കാന്‍ സന്നദ്ധനാവുകയും ചെയ്തു. ആദ്യമാദ്യം ഒന്നു രണ്ടു പെണ്‍പിള്ളേര്‍ ബ്രാ വാങ്ങാന്‍ വന്നു. ക്രമേണ അവരുടെ സംഖ്യാബലം കൂടി. പെണ്‍കുട്ടികള്‍ വന്നാല്‍ അധ്യാപകന്‍ ചോദിക്കും. ‘നിന്റെ അളവെത്ര? മുപ്പത് എന്നു ലജ്ജയോടെ അവള്‍ മൊഴിയാടും. അധ്യാപകന്‍ “സാകൂതസ്മിതനായി” “ഉല്‍ക്കമ്പത്താലാകുലമായ” അവളുടെ മാറത്താഴ്ത്തിയ തെളിനോട്ടത്തോടൂകൂടി “മുപ്പത്തിരണ്ടു വേണ്ടേ? വേണം” എന്നു പറയും. പെണ്ണു കാല്‍വിരല്‍ കൊണ്ടു തറയില്‍ വരച്ച് അവനതശിരസ്കനായി “തന്നേക്കു സാര്‍” എന്നു പറഞ്ഞ് ബ്രാ വാങ്ങിക്കോണ്ട് പോകും. ഒരു ദിവസം ഞാന്‍ വരാന്തയിലൂടെ നടന്നപ്പോള്‍ ഒരു ക്ലാസ്സില്‍ അധ്യാപകനില്ല. ബഹളം പിള്ളേരുടെ. ആരാണ് റ്റീച്ചര്‍ എന്ന് അന്വേഷിച്ചപ്പോള്‍ അവര്‍ അയാളുടെ പേരു പറഞ്ഞു. ഞാന്‍ കോ ഓപറ്റേറ്റീവ് സ്റ്റോഴ്സില്‍ തിടുക്കത്തില്‍ ചെന്നപ്പോള്‍ ക്ലാസ് എടുക്കേണ്ട അധ്യാപകന്‍ ബ്രാ കൈയിലെടുത്തുവച്ച് ഒരു സുന്ദരിപ്പെണ്‍കുട്ടിയോട് നിന്റെ അളവെത്ര എന്നു ചോദിക്കുന്നതു കേട്ടു.

    ബ്രാ വില്പനയുടെ അടുത്ത സ്റ്റെപ്പായി പെണ്‍പിള്ളേര്‍ ആര്‍ത്തവകാലത്തു ഉപയോഗിക്കുന്ന പാഡും വില്ക്കാന്‍ അധ്യാപകന്‍ പ്ലാനിട്ടു. അക്കാഴ്ക കാണേണ്ടതായി വന്നില്ല. എനിക്ക്. സര്‍ക്കാര്‍ എനിക്കു തിരുവനന്തപുരത്തേക്കു മാറ്റം തന്നു.

  2. ഞാന്‍ ചിറ്റൂരില്‍ താമസിക്കുന്ന കാലം. ഒരു ദിവസം അണിക്കോട് എന്ന സ്ഥലത്തേക്കു നടന്നപ്പോള്‍ ഇടതുവശത്ത് ഒരു ലെയ്നില്‍ കണ്ടു. നല്ല വീടുകള്‍. ഒരു വീടിന്റെ മുന്‍വശത്ത് ‘ചമ്പത്തില്‍’ എന്നെഴുതി വച്ചിരിക്കുന്നു. ഭൂവഭൂതിയുടെ ഉത്തരരാമചരിതം അതിസുന്ദരമായി തര്‍ജ്ജമ ചെയ്തു. ചമ്പത്തില്‍ ചാത്തുകുട്ടി മന്നാടിയാരുടെ വീടാണ് അതെന്നു കരുതി ഗെയ്റ്റ് മെല്ലെത്തുറന്ന് മുറ്റത്തേക്കു ചെന്നു. മന്നാടിയാരുടെ മുറി കാണണം. അദ്ദേഹത്തിന്റെ കൈപ്പട കാണണം ഈ ആഗ്രഹത്തോടുകൂടിയാണ് എന്റെ പ്രവേശം മുന്‍വശത്ത് മീശ പിരിച്ചുകൊണ്ട് ഒരാള്‍ ഇരിക്കുന്നു. ഞാന്‍ അദ്ദേഹത്തോടു വിനയപൂര്‍വം ചോദിച്ചു: “ചമ്പത്തില്‍ ചാത്തുക്കൂട്ടി മന്നാടിയാരുടെ വീടാണോ ഇത്?” അദ്ദേഹം കോപിച്ച് മറുപടി പറഞ്ഞു “മന്നാടിയാരുമില്ല. കിന്നാടിയാരുമില്ല ഇവിടെ” അന്തരിച്ച മന്നാടിയാരോടുള്ള ബഹുമാനത്താല്‍ കൂടുതല്‍-അവിടെ നിന്നാല്‍ ആരോഗ്യം ക്ഷയിക്കുമെന്നു കണ്ട് ഞാന്‍ തിരിച്ചു മെയ്ന്‍ റോഡിലേക്കു ചെന്ന് അണിക്കോട്ടേക്കു നടന്നു.ഞാന്‍ ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്തു പണ്ഡിതന്മാരില്‍ അദ്വീതനാണ് പി. കൃഷ്ണന്‍ നായര്‍. അദ്ദേഹത്തിന്റെ “കാവ്യജീവിതവൃത്തി”യും രണ്ടു കഥകളിഗ്രന്ഥങ്ങളുടെ വ്യാഖ്യാനങ്ങളും ഞാന്‍ ഇപ്പോഴും കൂടെക്കൂടെ വായിക്കുന്നുണ്ട്. ആ പാണ്ഡിത്യത്തിന്റെ മുന്‍പില്‍ തലകുനിക്കാറുണ്ട്. ഒരു ദിവസം ചിറ്റൂരെ അണിക്കോട്ടേക്കു നടന്നു. അണിക്കോട് ജംങ്ങ്ഷനില്‍ നിന്ന് പാലക്കാട്ടേട്ടു പോകുന്ന റോഡില്‍ അല്പം നടന്നാല്‍ പി. കൃഷ്ണന്‍ നായരുടെ വീട് കാണാം. അന്തരിച്ച ആ മഹാപണ്ഡിതനെ സ്മരിച്ചുകൊണ്ട് ഞാന്‍ ഭക്ത്യാദരങ്ങളോടെ ആ വീട്ടിന്റെ മുന്‍പില്‍ ചെന്നു നിന്നു. പക്ഷേ ആ ഭവനം പ്രസ്സായി രൂപാന്തരപ്പെട്ടിരിക്കുന്നു. എന്റെ സംസ്കാരത്തെ വികസിപ്പിച്ച പി. കൃഷ്ണന്‍ നായരുടെ വീട് അച്ചടിശാല ഞാന്‍ ദു:ഖത്തോടെ തിരിച്ചുനടന്നു.
  3. ചിറ്റൂര്‍ കോളേജിലെ കെമെസ്ട്രി ഡിപാര്‍ട്മെന്റില്‍ ജോലിയായിരുന്ന അരവിന്ദാക്ഷ മേനോന്‍ (കൊടുങ്ങല്ലൂര്‍ക്കാരന്‍) എന്നെ ഒരിക്കല്‍ ഇരിങ്ങാലക്കുട പെണ്‍പിള്ളേരുടെ കോളേജില്‍ പ്രസംഗിക്കാന്‍ വിളിച്ചുകൊണ്ടുപോയി. അവിടെച്ചെന്നപ്പോള്‍ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ചെയര്‍മാന്‍, പ്രശസ്തനായ സാഹിത്യകാരന്‍ മാടമ്പ് കുഞ്ഞുകുട്ടന്‍ ഇവരും മീറ്റിങ്ങില്‍ പങ്കെടുക്കുവാന്‍ വന്നിരിക്കുന്നതു കണ്ടു. മീറ്റിങ്ങ് തുടങ്ങി. പെണ്‍പിള്ളേരുടെ കോളേജാണെങ്കിലും അടുത്തുള്ള ആണ്‍പിള്ളേരുടെ കോളേജിലെ കുട്ടികള്‍ ഹോളില്‍ കയറിയിരിക്കുന്നുണ്ടായിരുന്നു. ആദ്യം ചെയര്‍മാന്‍ പ്രസംഗിച്ച ഒരു ശബ്ദം പോലുമുയര്‍ന്നില്ല. കുട്ടികളുടെ ചെയര്‍മാനെ അവര്‍ ബഹുമാനിച്ചുവെന്നത് വ്യക്തം. മാടമ്പിനെ കരഘോഷത്തോടെ കുട്ടികള്‍ സ്വാഗതം ചെയ്തു. അദ്ദേഹത്തിന്റെ പ്രഭാഷണം ഒന്നാന്തരം. അതും കുട്ടികള്‍ക്കു ഇഷ്ടമായി. അവര്‍ മാടമ്പിനെ ബഹുമാനിച്ചു. അടുത്തത് എന്റെ ഊഴം. ഞാന്‍ എഴുന്നേറ്റപ്പോള്‍ തന്നെ ആണ്‍പിള്ളേര്‍ കൂവി. ഒരക്ഷരം പോലും പറയാന്‍ അവര്‍ സമ്മതിച്ചില്ല. തിരിച്ചുപോന്നു. കൊടുങ്ങലൂര്‍ വഴി. കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ഓര്‍മ്മയുണ്ടായി എനിക്കു കൊടുങ്ങലൂര്‍ കണ്ടപ്പോള്‍. അച്ചുപിഴയാല്‍ മാത്രമേ അബദ്ധം മഹാഭാരത തര്‍ജ്ജമയില്‍ ഉണ്ടാകൂ എന്ന് ഉദ്ഘോഷിച്ച കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ വീടു കാണണമെന്ന് ഞാന്‍ കെമിസ്ട്രി അധ്യാപകനോടു പറഞ്ഞു. ആകൃതിസൗഭഗവും സുജനമര്യാദയമുള്ള അരവിന്ദാക്ഷമേനോന്‍ പറഞ്ഞു. “കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കൊട്ടാരം ഇപ്പോള്‍ ഹോട്ടലാണ്.” ഞാന്‍ നോക്കി, ചിക്കന്‍ ഫ്രൈ പ്ളെയ്റ്റില്‍ വച്ചുകൊണ്ട് വെയ്റ്റര്‍ ഓടുന്നു. മാവേലിക്കര മന്നനെയും മാന്യമതിയാം മന്നാടിയാരെയും വെല്ലുവിളിച്ച കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ കൊട്ടാരത്തിനു വന്ന മാറ്റം. റോറിക്കിന്റെ ഉദാത്തങ്ങളായ ചിത്രങ്ങള്‍ വച്ചിരുന്ന തിരുവനന്തപുരത്തെ കെട്ടിടം ഇപ്പോള്‍ പൊലീസ് സ്റ്റെയ്ഷനാണ്. എന്തെല്ലാം മാറ്റങ്ങള്‍!
  4. ഒരു കോളേജിലെ രണ്ടധ്യാപകന്‍ എന്നെ പ്രഭാഷണത്തിനായി ക്ഷണിച്ചു രണ്ടു വര്‍ഷം മുന്‍പ്. ക്ഷണിച്ചവര്‍ അധ്യാപകരായിരുന്നതു കൊണ്ട് ഞാന്‍ പോകാമെന്നു സമ്മതിച്ചു. അന്നു രാത്രി എട്ടു മണിയോട് അടുപ്പിച്ച് എനിക്കു ഫോണ്‍ കോള്‍. ഫോണിലൂടെ അറിയിപ്പ്. “സാഹിത്യവാരഫലം പതിവായി വായിക്കുന്ന സാറിന്റെ ആരാധകനാണ് സംസാരിക്കുന്നത്. സാറിനെ ആരെങ്കിലും അപമാനിക്കുന്നതോ അതിനപ്പുറത്തായി ആപത്തു ഉണ്ടാക്കുന്നതോ എനിക്കിഷ്ടമില്ല. സാറിനെ എനിക്കത്ര സ്നേഹവും ബഹുമാനവുമാണ് സാറ്… കോളേജിലെ മലയാള സമാജം ഉദ്ഘാടനം ചെയ്യാന്‍ ചെല്ലാമെന്നു സമ്മതിച്ചില്ലേ? പോകരുതേ സാര്‍, ആപത്തുണ്ടാകും.” റിസീവര്‍ താഴെ വയ്ക്കുന്ന ശബ്ദം. ഞാനുടനെ പ്രിന്‍സിപ്പലിനെ റ്റെലിഫോണില്‍ വിളിച്ച് ഈ മുന്നറിയിപ്പിനെക്കുറിച്ചു പറഞ്ഞു. അദ്ദേഹം മറുപടി നല്കിയത് ഇങ്ങനെ: “സാറിന് ഒരു ശത്രുവുണ്ട്. അയാള്‍ അധ്യാപകനാണ്. ധൈര്യമായി മീറ്റിങ്ങിന് വരൂ. ഞാന്‍ നോക്കിക്കോള്ളാം.” ഒരു മണിക്കൂര്‍ കഴിഞ്ഞ് എന്റെ ഫോണ്‍ ശബ്ദിച്ചു. നേരത്തെ എനിക്കു മുന്നറിയിപ്പു തന്ന് ആളിന്റെ ശബ്ദം തന്നെ. “താന്‍ പ്രിന്‍സിപ്പലിനെ കാര്യമൊക്കെ അറിയിച്ചില്ലേ. കോളേജില്‍ വന്നാല്‍ തന്നെ ബോംബെറിഞ്ഞു കൊല്ലും. അതുകൊണ്ട് താന്‍ വീട്ടില്‍ ഇരുന്നാല്‍ മതി. സൂക്ഷിച്ചു ജീവിക്ക്. ഞാന്‍ പിന്നെയും പ്രിന്‍സിപ്പലിനെ റ്റെലിഫോണില്‍ വിളിച്ചു ഭീഷണി ഉണ്ടായതിനെക്കുറിച്ചു പറഞ്ഞു. “ഇത് ഓലപ്പാമ്പു കാണിച്ചുള്ള പേടിപ്പിക്കലാണ്. ധൈര്യമായി വരണം സാര്‍.” ഞാന്‍ പേടിച്ചു. ഉദ്ഘാടനത്തിനു പോകേണ്ടതില്ല എന്ന് തീരുമാനിക്കുകയും ചെയ്തു. അടുത്ത ദിവസം കാലത്ത് എവിടെയോ പോയി എന്നറിച്ചേക്കണം. മീറ്റിങ്ങിനു പോയാല്‍ ബോംബ് എറിയും. താന്‍ മരിച്ചു പോകുകയും ചെയ്യും.” പത്തു മണിക്ക് ആ രണ്ടാധ്യാപകര്‍ എന്റെ വീട്ടിലെത്തി.” ഇവിടെയില്ല. എവിടെയോ കാലത്തു പോയി” എന്നു സഹധര്‍മ്മിണി പറഞ്ഞു. നമ്മുടെ വീട്ടിലെ സ്ത്രീകള്‍ക്കു കള്ളം പറയാന്‍ അറിഞ്ഞുകൂടാ. സഹധര്‍മ്മിണി കള്ളം പറഞ്ഞപ്പോള്‍ ഞാന്‍ അകത്തെ മുറിയിലിരിക്കുന്നുവെന്ന് അധ്യാപകര്‍ക്കു തോന്നിയിരിക്കും. അവര്‍ ഉടനെ അറിയിച്ചു: ഞങ്ങള്‍ വന്നത് സാറിനെ മീറ്റിങ്ങിനു കൊണ്ടുപോകാനല്ല. മലയാളസമാജത്തിന്റെ ഉദ്ഘാടനം വേറൊരു ദിവസത്തേക്കു മാറ്റിവച്ചു. ബോംബ് എറിഞ്ഞ് സാറിനെ കൊല്ലുമെന്നു പറഞ്ഞതും മറ്റൂം സാറിന്റെ ശിഷ്യനായ ഒരധ്യാപകന്‍ തന്നെയാണ്. അതറിയിക്കാനാണ് ഞങ്ങള്‍ വന്നത്. സാറ് വീട്ടില്‍ നിന്ന് ഒരിടത്തും പോടിട്ടില്ലെന്നും ഞങ്ങള്‍ക്കറിയാം.” അവര്‍ മര്യാദയോടുകൂടി ഇത്രയും പറഞ്ഞിട്ട് പോയി. ഭീകരന്മാര്‍ക്കു രാഷ്ട്രവ്യവഹാരസ്സംബന്ധിച്ച ലക്ഷ്യമെങ്കിലുമുണ്ട്. സംസ്കാരത്തെ വികസിപ്പിക്കാന്‍ ശ്രമിക്കുന്ന അധ്യാപകന്‍ ഭീകരന്മാരെക്കാള്‍ കെട്ട നിലയില്‍ പ്രവര്‍ത്തിക്കുന്നു. സാഹിത്യവിമര്‍ശനം നടത്തിയാല്‍ ബോംബ് എറിയുമെന്നു വരെ ആയിട്ടുണ്ട്. ഈശ്വരന്‍ ഉണ്ടെങ്കിലും ഇല്ലെങ്കിലും കര്‍മ്മസിദ്ധാന്തം ശരിയാണ്. അതിനാല്‍ ഇതു ചെയ്ത ആളിനു പ്രകൃതി, ശിക്ഷ നല്കാതിരിക്കില്ല. അതു വൈകുമെന്നേയുള്ളൂ. മന്ദഗതി പ്രകൃതിയുടെ സവിശേഷതയാണ്. പൂമൊട്ടു വിരിയാന്‍ ഇരുപത്തിനാലു മണിക്കൂറെങ്കിലും വേണം. വിത്ത് കുഴിച്ചിട്ടാല്‍ അടുത്ത ദിവസം അത് വലിയ വൃക്ഷമായി പ്രത്യക്ഷപ്പെടില്ല. വര്‍ഷങ്ങള്‍ കൊണ്ടേ ആ വിത്ത് വന്മരമായി മാറൂ. കൊലപാതകം ചെയ്താല്‍ കൊലപാതകിക്ക് പ്രകൃതി ഉടനെ ശിക്ഷ നൽ‌കില്ല. God sees the truth, but He waits എന്നതു പ്രത്യക്ഷരം ശരിയാണ്. ഭൂട്ടോയെ കൊന്ന സിയാ ഉള്‍ ഹക്കിന് പിറ്റേ ദിവസം ശിക്ഷ കിട്ടിയില്ല. പക്ഷേ വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ ശിക്ഷ കിട്ടി. അതുകൊണ്ട് ആരും ആരെയും ദ്രോഹിക്കരുത്. ശകാരിക്കുക പോലും അരുത്. ഈശ്വരന്‍ സത്യം കാണുന്നു. പക്ഷേ അദ്ദേഹം കാത്തിരിക്കുന്നു എന്നത് ഓരോ വ്യക്തിയും ഓര്‍മ്മിക്കണം.
  5. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ കോളത്തില്‍ ചൈനയിലെ Moyan എന്ന നോവലിസ്റ്റിനെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രകൃഷ്ടരചനയായ Red Sorghum-നെ ക്കുറിച്ചും ഞാന്‍ എഴുതിയിരുന്നു. ഈ നോവല്‍ എവോര്‍ഡുകള്‍ നേടും എന്ന് ഞാനെഴുതി എന്നാണ് ഓര്‍മ്മ പറയുന്നത്. ഡിസംബര്‍ 24-ആം തീയതിയിലുള്ള റ്റെം വാരികയില്‍ ഈ നോവലിസ്റ്റും അദ്ദേഹത്തിന്റെ ആരാധകരും നോബല്‍ സമ്മാനം കൊതിക്കുന്നവരാണെന്ന് സൂചിപ്പിക്കുന്ന ലേഖനം പ്രസിദ്ധപ്പെടുത്തിയിരുന്നു. “He is viewed as a potential Nobel laureate in the eyes of both the cadres in Beijing and authors like Kenzaro Oe.” (കെന്‍സാറോ ഓയേക്ക് സാഹിത്യരചനയായ നോബല്‍ സമ്മാനം കിട്ടിയെന്ന് വായനക്കാര്‍ ഓര്‍മ്മിക്കുമല്ലോ.) മോ യാന്റെ ഒരു ചെറുകഥാസമാഹാരത്തിന്റെ നിരൂപണമാണ് റ്റെം വാരികയിലെ പ്രബന്ധം. അതിനെക്കൂറിച്ച് അത്ര നല്ല അഭിപ്രായമില്ല റെവ്യൂ എഴുതിയ ആളിന്. ‘But compared with the intense, orgiastic prose of “Red Sorghum”, these stories feel flat’ എന്നാണ് റെവ്യൂവിലെ നിരീക്ഷണം. “Mo’s work rings with refreshing authentically എന്ന് റ്റെമിലെ ലേഖനമെഴുതിയ Annie Wang സമ്മതിക്കുന്നെങ്കിലും അദ്ദേഹത്തിനു സ്വീഡിഷ് ബഹുമതി കിട്ടുമോ എന്നു അവര്‍ക്കു സംശയം.

    മോ യാനിന്റെ മാസ്റ്റര്‍പീസിനെക്കുറിച്ച് ഞാന്‍ എന്തെഴുതി എന്ന ഓര്‍മ്മയില്ല. പുസ്തകം നഷ്ടപ്പെട്ടതുകൊണ്ട് അതു വീണ്ടും നോക്കാന്‍ വയ്യതാനും. എങ്കിലും ഈ നോവലിസ്റ്റ് പസ്ത്യര്‍നക്കിനെപ്പോലെ വ്യക്തിവാദത്തില്‍ (individualism) വിശ്വസിക്കുന്ന ആളാണെന്നു സംശയലേശം കൂടാതെ പറയാം. നോവലിലെ പ്രധാന കഥാപാത്രം ‘ഞാന്‍ സൗന്ദര്യത്തെ സ്നേഹിക്കുന്നു. എന്റെ ശരീരം എന്റേതു മാത്രം’ എന്നു പറയുന്നതായി ഓര്‍മ്മയുണ്ടെനിക്ക്. അതു വ്യക്തിവാദത്തെ നീതിമത്കരിക്കുന്ന പ്രസ്താവമാണല്ലോ.

  6. നൈജീരിയന്‍ സാഹിത്യകാരനാണ് ബെന്‍ ഓക്രീ (Ben Okri, 1959–) നൈജീരിയയ്ക്കു വേണ്ടിയും ലോകത്തിനാകെ വേണ്ടിയും സാഹിത്യനിര്‍മ്മിതിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മഹാനാണ് ഓക്രീ. അദ്ദേഹത്തിന്റെ മഹനീയമായ കാവ്യമാണ് “Mental Flight”. മനുഷ്യന്‍ വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു എന്ന് അദ്ദേഹം സമ്മതിക്കുന്നു. നമ്മള്‍ ശൂന്യാകാശത്ത് സഞ്ചരിച്ച് ജനവാസമില്ലാത്ത ഗ്രഹങ്ങളുടെ ഏകാകികതയെ നിരീക്ഷണം ചെയ്തിരിക്കുന്നു. സുശക്തങ്ങളായ മതേതര ഘടനകൾ നിര്‍മ്മിച്ചു കഴിഞ്ഞു. മതപരങ്ങളായ ഘടനകളെയും. ഭീതിദങ്ങളായ രോഗങ്ങളെ ചികിത്സിച്ചു മാറ്റാന്‍ ഇന്നു നമുക്കു കഴിയും. മാന്സിക ഭ്രംശങ്ങളിലേക്ക് നമ്മള്‍ പ്രകാശം പ്രസരിപ്പിച്ചു. ഭീതിതമായ അണുശക്തിയെ നമ്മള്‍ വേര്‍പെടുത്തിയിരിക്കുന്നു. പക്ഷേ മലിനീകരണങ്ങള്‍കൊണ്ട് ഭൂമിയുടെ ദുര്‍ബലമായ സമനില വക്രമായി തീര്‍ന്നിരിക്കുന്നു ഇപ്പോള്‍. ശരണാര്‍ത്ഥി കാമ്പുകളില്‍ മനുഷ്യരാശി മരിക്കുന്നു. യഹൂദര്‍ക്കു വേണ്ടിയുള്ള നഗരഭാഗങ്ങളില്‍ അതിന് (മനുഷ്യരാശിക്ക്) ഭ്രാന്ത് പിടിക്കുന്നു. അധമങ്ങളായ സര്‍ക്കാരുകള്‍ അതിനെ ക്രൂരസ്വഭാവമൂള്ളതാക്കുന്നു. വിഷസദൃശ്യങ്ങളായ യുദ്ധങ്ങളില്‍ മനുഷ്യര്‍ ചത്തൊടുങ്ങുന്നു.

    ഈ കാവ്യം വായിക്കുക. നമ്മുടെ അകക്കണ്ണു തുറപ്പിക്കാന്‍ ഇതിനു ശക്തിയുണ്ട്. ബെന്‍ ഓക്രീ നല്ല നോവലിസ്റ്റ് എന്ന പോലെ നല്ല കവിയുമാണ് എന്നു നമ്മള്‍ പറയും.