സാഹിത്യവാരഫലം 1984 06 24
സാഹിത്യവാരഫലം | |
---|---|
എം കൃഷ്ണന് നായര്‍ | |
പ്രസിദ്ധീകരണം | കലാകൗമുദി |
തിയതി | 1984 06 24 |
ലക്കം | 458 |
മുൻലക്കം | 1984 06 17 |
പിൻലക്കം | 1984 07 01 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ നൽകുക |
മുന്‍പു് എസ്.കെ. നായരുടെ ആധിപത്യത്തില്‍ പ്രസാധനം ചെയ്തിരുന്ന മലയാളനാടു വാരികയില്‍ ഈ പംക്തി പതിവായി പ്രത്യക്ഷപ്പെട്ടിരുന്നപ്പോള്‍ ഒരു മാന്യന് ഇതിനെ ഒഴിച്ചുകൂടാന്‍ പാടില്ലാത്ത കത്സിതത്വമായി — ഈവിള്‍ നെസെസിറ്റിയായി — ചിത്രീകരിച്ചു. ഞാന്‍ അദ്ദേഹത്തോടു തര്‍ക്കിക്കാന്‍ പോയില്ല. ഇതിനെക്കുറിച്ചു നല്ല അഭിപ്രായം പറയുന്നവരുമുണ്ടെന്നു കാണിക്കാന്‍, പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ബന്ധു നയന്‍താരാ സെഗാള്‍ ‘സാഹിത്യവാരഫല’ത്തെക്കുറിച്ചു് ഉതിര്‍ത്ത പ്രശംസാവചനങ്ങള്‍ ഞാന്‍ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുചെന്നു. വടക്കേയിന്ത്യയിലേക്കു പോയ ‘മലയാളനാടു്’ പത്രാധിപസമിതിയിലെ അംഗങ്ങള്‍ നയന്‍താരയെ കണ്ടപ്പോള്‍ ഈ പംക്തിയില്‍ വന്ന ഒരു ലേഖനം ഇംഗ്ലീഷിലേക്കു തര്‍ജ്ജമ ചെയ്തു നല്കി. ശ്രീമതി അതു വായിച്ചിട്ടു ലോകത്തൊരിടത്തും ഇത്രത്തോളം ആകര്‍ഷകത്വമുള്ള മറ്റൊരു കോളം ഇല്ലെന്നു പറഞ്ഞു. പ്രതിഭാലികള്‍ മറ്റുള്ളവരെ നിന്ദിക്കാറില്ല. തങ്ങള്‍ക്കിഷ്ടമില്ലാത്ത രചനകളെപ്പോലും അവര്‍ വാഴ്ത്താറേയുള്ളൂ. നോവലിസ്റ്റായ നയന്‍താര മലയാളനാടു് പത്രാധിപരെയും മറ്റംഗങ്ങളെയും നോക്കി. നാലു നല്ല വാക്കു വെറുതേ പറഞ്ഞതാണെന്നു തന്നെയിരിക്കട്ടെ. എന്നാലും ഈ പംക്തി ദുഷ്ടമായ ആവശ്യകതയാകുന്നതെങ്ങനെ?
തിന്മകള് അന്യോന്യം കൈമാറ്റം ചെയ്യാന്‍ സഹായിക്കുന്ന ഒരു ഓഫീസ് മുമ്പു് ഉണ്ടായിരുന്നു. അവിടെയുള്ള ഒരുത്തന് — നരകവുമായി ഇടപാടുള്ള ഒരു ഭയങ്കരന്‍ — തിന്മകള് ‘എക്സ് ചെയ്ഞ്ജ്’ ചെയ്യും. ഒരു ദിവസം താനറിയാതെ വിഷം കഴിച്ചിട്ട് ഒരുത്തന് ആ ഓഫീസില്‍ ഓടിക്കയറിച്ചെന്നു. പന്ത്രണ്ടു മണിക്കൂര്‍ മാത്രമേ അയാള്‍ ജീവിച്ചിരിക്കുകയുള്ളു. തിന്മകള് കൈമാറ്റം ചെയ്തുകൊടുക്കുന്നവന്‍ അയാളെ സഹായിച്ചു. വേറൊരുത്തന്റെ ജീവനെടുത്തു് വിഷം കഴിച്ചവനു കൊടുത്തു. വിഷം കഴിച്ചവന്റെ മരണമെടുത്തു മറ്റേയാള്‍ക്കും. ഇക്കഥ പറയുന്നയാള്‍ യാദൃച്ഛികമായി ലിഫ്റ്റില്‍ കയറാന്‍ പേടിയുള്ള ഒരാളെ കണ്ടു. കഥ പറയുന്നയാളിനു് കടലില്‍ യാത്ര ചെയ്യാന്‍ വയ്യ. കടല്‍ച്ചൊരുക്കു് ഉണ്ടാകും. രണ്ടുപേരും തിന്മകള് ഓഫീസ് അധികാരിയുടെ സാന്നിദ്ധ്യത്തില്‍ കൈമാറ്റം ചെയ്തു. പ്രമാണത്തില്‍ ഒപ്പു വച്ചു് പണവും കൊടുത്തിട്ടു് കഥ പറയുന്ന ആള് ഹോട്ടലില്‍ എത്തിയപ്പോള്‍ തളര്‍ന്നു. ലിഫ്റ്റില്‍ കയറി അയാള്‍ക്കു മുകളിലേക്കു പോകാന്‍ വയ്യ. (ഐറിഷ് നാടകകര്‍ത്താവു് ലോഡ്ഡന്‍ സേനി, മരണം 1957, എഴുതിയ ഒരു കഥ വായിച്ച ഓര്‍മ്മയില്‍ നിന്നു്.)
സാഹിത്യവാരഫലം തിന്മയാണെന്നിരിക്കട്ടെ. എന്നാലും ഞാനതു നവീന നിരൂപണവുമായി എക്സ്ചെയ്ഞ്ജ് നടത്തുമോ? ഇല്ല നവീന കവിതയുമായി, നവീന കഥയുമായി എക്സ്ചെയ്ഞ്ജ് നടത്തുമോ? ഇല്ലേയില്ല. ജീവന് അങ്ങോട്ടു കൊടുത്തിട്ടു് മരണം ഇങ്ങോട്ടു വാങ്ങുമോ? ഈ ലോകത്തു ജനിക്കുന്നതാണു് ഏറ്റവും വലിയ ദുഃഖമെന്നു സാമുവല്‍ ബക്കറ്റ് പറഞ്ഞിട്ടുണ്ടു്. ജനിച്ച സ്ഥിതിക്കു് ഇനിയുള്ള ഹ്രസ്വകാലം കൂടി ഞാന്‍ ജീവിച്ചു കൊള്ളട്ടെ.
Contents
‘ദുരദര്‍ശിനി’ എന്ന മരണം
രാത്രി, പെട്ടെന്നു് ഉണര്‍ന്നപ്പോള്‍ അടച്ച ജന്നലിന്റെ കണ്ണാടിയിലൂടെ ആരോ തുറിച്ചു നോക്കുന്നുവെന്ന തോന്നല്‍. വെറും തോന്നലായിരിക്കാമെന്നു കരുതി വീണ്ടും സൂക്ഷിച്ചു നോക്കുന്നു. നോക്കുന്തോറും രൂപത്തിന്റെ വ്യക്തത കൂടിക്കൂടി വരുന്നു. പേടികൊണ്ടു് എഴുന്നേല്ക്കാന് വയ്യ. എങ്കിലും ഒരു വിധത്തില്‍ എഴുന്നേറ്റു് ജന്നല്‍ തുറക്കുന്നു. തൊട്ടപ്പുറത്തു നില്ക്കുന്ന മരണത്തിന്റെ ഇലപ്പടര്‍പ്പില്‍ ദൂരെയുള്ള തെരുവുവിളക്കിന്റെ പ്രകാശം വീണപ്പോള്‍ അതിന്റെ നിഴല്‍ കണ്ണാടിയില്‍ പതിച്ചതാണു് ആ രൂപമെന്നു് ഞാന്‍ മനസ്സിലാക്കുന്നു. ഈ പേടിയാണു് പ്രേതകഥകളുടെ ജനനത്തിനു ഹേതുവായിത്തീരുന്നതു്. അതു വേണ്ട രീതിയില്‍ പ്രതിപാദിച്ചാല്‍ പ്രേതങ്ങളില്‍ വിശ്വാസമില്ലാത്തവര്‍ക്കും രസമുളവാകും. ക്ലാസിക് എന്നു നിരൂപകര്‍ വിശേഷിപ്പിക്കുന്ന Monkey’s Paw (W.W. Jacobs എഴുതിയതു്) വായിക്കൂ. പ്രേതദര്‍ശനം മതിവിഭ്രമമാണെന്നു കരുതുന്നവര്‍ ത്രസിച്ചു് ഇരുന്നു പോകും. എന്നാല്‍ സീനത്തു് കുങ്കുമം വാരികയിലെഴുതിയ ‘ജിന്നും ഞാനും’ എന്ന പ്രേതകഥ വായിച്ചാലോ? വൈദ്യന് കഷായമുണ്ടാക്കാനായി എഴുതിത്തരുന്ന ഡാപ്പ് ഇതിനെക്കാളെത്രയോ ഭേദം എന്നു് വിചാരിച്ചു പോകും. ജിന്നാണു് കഥ പറയുന്ന ആളിന്റെ മുന്പില് എത്തുന്നതു്. നല്ലകാര്യം തന്നെയാണു് ജിന്‍ ഉപദേശിക്കുന്നതും. പക്ഷേ, അതു കൊണ്ടെന്തു പ്രയോജനം? റേഡിയോ ഗര്ജ്ജിച്ചാല് അവനെ സ്വിച്ചോഫ് ചെയ്തുകളയാം. വീട്ടിലാരെങ്കിലും ടെലിവിഷന്‍ ഓണ്‍ ചെയ്താല്‍, അപ്പോള്‍ വൈരൂപ്യമാര്‍ന്ന സ്ത്രീയോ പുരുഷനോ ന്യൂസ് വായന എന്ന പേരില്‍ ഗോസായി ഭാഷയുടെ ശബ്ദം കേള്‍പ്പിച്ചാല്‍ അടുത്ത മുറിയില്‍ച്ചെന്നു് കൈയില്‍ കിട്ടുന്ന വാരിക വായിച്ചുകൊണ്ടിരിക്കാം. ദൗര്‍ഭാഗ്യം കൊണ്ടു കിട്ടുന്നതു് കുങ്കുമം വാരികയുടെ 39-ആം ലക്കവും തുറന്നെടുക്കുന്നതു് സീനത്തിന്റെ കഥയുള്ള പേജുമാണെങ്കില്‍ എന്തുചെയ്യും? പിന്നീടു് രക്ഷപ്പെടാന്‍ മുറിയില്ലെങ്കില്‍, ആകെ ഒന്നുള്ളതു കക്കൂസ് മാത്രമാണെങ്കില്‍! അതിനകത്തു കയറിക്കൊള്ളണം. അവിടെ നിന്നുകൊണ്ടു് “ആ ടെലിവിഷന്‍ ഒന്നു നിറുത്തു്, നിറുത്തു്” എന്നു പിള്ളേരോടു് ആജ്ഞാപിക്കാം. ഇപ്പോഴത്തെ പിള്ളേര് പറഞ്ഞാല്‍ കേള്‍ക്കുന്നവരല്ല. എങ്കിലും തന്തയ്ക്കു് എന്തോ ആപത്തെന്നു വിചാരിച്ചു് അവര്‍ ദുര്‍ദര്‍ശിനി ‘ടേണോഫ്’ ചെയ്തേക്കും.
കക്കൂസ് എന്ന പദം എഴുതിയപ്പോള്‍ ഒരു കാവ്യം ഓര്‍മ്മയിലെത്തി. ഞാന്‍ തിരുവനന്തപുരത്തെ ആര്‍ട്സ് കോളേജില്‍ ജോലി നോക്കിയിരുന്നപ്പോള്‍ ഒരു യുവാവു് അദ്ദേഹം രചിച്ച കാവ്യങ്ങളുടെ സമാഹാരഗ്രന്ഥം കൊണ്ടു തന്നു. ഞാനും ഇന്നു ഹിന്ദി പ്രൊഫസറായിരിക്കുന്ന കൃഷ്ണപിള്ളയും കൂടി അതു വായിച്ചു രസിച്ചു. അതിലെ രണ്ടുവരി: “കക്കൂസ് തോടിന്റെ ചാരത്തു നില്ക്കുന്ന കൊച്ചു പൂവോ” കൊച്ചുപൂവിനു നില്ക്കാന് കണ്ട സ്ഥലം നോക്കൂ. കൃഷ്ണപിള്ള ചിരിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു. “ചിരിക്കാനൊന്നുമില്ല. ഇതു പി.എച്ച്.ഡി. തീസിസിനുള്ള വിഷയമാണു്. The concept of lavation in modern Malayalam Poetry എന്നതു് സര്‍വകലാശാലയുടെ അനുമതിക്കായി അയച്ചു കൊടുക്കാം.” ഇതു കേട്ടപ്പോള്‍ കൃഷ്ണപിള്ള പറഞ്ഞു: “ഈ തിരുമലക്കാരന്റെ കവിതയില്‍ ‘ലവറ്റോറി’യുടെ പരാമര്‍ശം ഉണ്ടെങ്കിലും നവീന മലയാള കവിതയില്‍ അതില്ലല്ലോ.” ഞാന്‍ മറുപടി നല്കി. “കൃഷ്ണപിള്ളേ, വാക്കില്ലെങ്കിലും കവിതയില്‍ അതുണ്ടു്. ജോയിസിന്റെ ‘യൂലിസ്സീസ്സി’ലും സ്വിഫ്റ്റിന്റെ നോവലിലും ഫ്രാങ്സ്വ റബ്ലേയുടെ ഗാര്‍ഗന്‍ച്വാ എന്ന കൃതിയിലും വിസര്‍ജ്ജനത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ വാടയില്ല. വാടയുള്ളതു് അതിന്റെ പരാമര്‍ശമില്ലാത്ത നവീന കവിതയിലാണു്. പിന്നെ സര്‍വകലാശാല അത്ര വേഗം ഈ വിഷയത്തിനു് അപ്രൂവല്‍ — സമ്മതി — തരില്ല. സ്പെസിഫിക് ആയിരിക്കണം വിഷയമെന്നു് അവര്‍ പറയും. അപ്പോള്‍ നമുക്കു് ഇങ്ങനെ എഴുതി അയയ്ക്കാം. ‘The concepts of lavation and coprophilia in modern Malayalam poetry with special reference to the collection of poems by the Thirumala poet.’ അപ്രൂവല്‍ വരും. റിസര്‍ച്ച് ആകാം. ഒരു സൂപര്‍വൈസിങ് ടീച്ചറുടെ റേറ്റ് തുച്ഛമായ അയ്യായിരം രൂപ മാത്രം. ഡിഗ്രിയെടുക്കാം. ഒരു ബാഗും തൂക്കി ഒരു വശം ചരിഞ്ഞു നടക്കാം. പിന്നെ ഗോപാലപിള്ളയോ ജോണോ ഒന്നുമല്ല. ഡ്ര്‍ര്‍ ഗോപാലപിള്ള, ഡ്ര്‍ര്‍ ജോണ്‍.” അപ്പോള്‍ തമിഴ് പ്രൊഫസര്‍ ആര്.എച്ച്.എസ്. മണിയുടെ ചോദ്യം. എന്താണു് കൊപ്രഫീലിയ? ‘An extreme interest in faeces’ എന്നു് എന്റെ ഉത്തരം.
ജനവഞ്ചന അരുതു്
കരയാത്ത ചെറുപ്പക്കാരന് കാട്ടാളനും ചിരിക്കാത്ത വൃദ്ധന് മണ്ടനുമാണെന്നു് സാന്തായാനാ എന്ന തത്ത്വചിന്തകന് പറഞ്ഞിട്ടുണ്ടു്. അതുകൊണ്ടു് ഡോക്ടര്‍ ജയകുമാരി പത്മജന് ‘കുമാരി’ വാരികയിലെഴുതിയ ‘ദുഃഖപുത്രികള്‍’ എന്ന കഥ വായിച്ചു് പ്രായം കൂടിയ ഞാന്‍ ചിരിക്കുന്നു. ചിരിക്കു് സാന്തായാന മാത്രമല്ല കാരണക്കാരന്‍. ഒരു ദിവസം ചങ്ങമ്പുഴയും ഞാനും കൂടി എറണാകുളത്തെ പാര്‍ക്കില്‍ ഇരുന്നപ്പോള്‍ ഒരു മുടന്തന്‍ യാചിച്ചുകൊണ്ടു് അവിടെയെത്തി. അംഗവൈകല്യം കണ്ടു് അന്നു് സ്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്ന ഞാന്‍ ചിരിച്ചപ്പോള്‍ ചങ്ങമ്പുഴ ദേഷ്യത്തോടെ പറഞ്ഞു: മനുഷ്യന്റെ അംഗഭംഗം കണ്ടു ചിരിക്കരുതു്. കലയിലെ വൈരൂപ്യം കണ്ടു ചിരിക്കാം, ചിരിക്കണം.
ഡോക്ടര്‍ ജയകുമാരി കഥയെഴുതി പ്ലാറ്റിറ്റൂഡില്‍ — ഒരു കഴമ്പുമില്ലാത്ത സാധാരണമായ പ്രസ്താവത്തില്‍ — അഭിരമിക്കുന്നതുപോലെ അവരുടെ ഒരു കഥാപാത്രവും അതില്‍ അഭിരമിക്കുന്നു. “ഭര്‍ത്താവും ഭാര്യയുമല്ലേ ചട്ടിയും കലവും പോലെ തട്ടിയും മുട്ടിയും കിടക്കും. ഭര്‍ത്താവിന്റെ ദോഷങ്ങളെ പെരുപ്പിച്ചു കാണരുതു്.” ഇതു് ഉപദേശമായി നല്കിയ കഥാപാത്രം (വുമന്‍ ഡോക്ടര്‍) വിധവയാണെന്നു് ആ ഉപദേശം ചെവിക്കൊണ്ടു മറ്റൊരു കഥാപാത്രം ഗ്രഹിക്കുന്നു. ചെഞ്ചുണ്ടില്‍ അങ്കുരിച്ച പുഞ്ചിരിയെ പുറങ്കൈകൊണ്ടു തുടച്ചുകൊണ്ടു് അവള് നിങ്ങളുടെ ശരീരത്തോടു ചേര്‍ന്നിരിക്കുമ്പോള്‍ അതൊരു അന്യാദൃശമായ — യൂണിക്കായ — നിമിഷമാണു്. ചുറ്റും വന്മരങ്ങള് നില്ക്കുന്ന ജലാശയത്തില്‍ ചന്ദ്രക്കല പ്രതിഫലിച്ചു കാണുമ്പോള്‍ അതൊരു ഹര്ഷോന്മാദത്തിന്റെ നിമിഷമാണു്. ഷ്നിറ്റ്സ്ളറുടെ ‘മരിച്ചവര്‍ മിണ്ടുകില്ല’ എന്ന കഥ വായിക്കുമ്പോഴും ആനന്ദനിര്‍വൃതിയുടെ അസുലഭ നിമിഷം സംജാതമാകുന്നു. ഇതു് ഉളവാക്കാന്‍ കഴിവില്ലാത്തവര്‍ തൂലികയെടുക്കുന്നതു് ശരിയല്ല എന്നു ഞാന്‍ പറയുന്നില്ല. സ്വന്തം മാനസോല്ലാസത്തിനുവേണ്ടി വല്ലതും എഴുതുന്നതു് തടയാന്‍ എനിക്കെന്തു് അധികാരം? എങ്കിലും ഇതൊക്കെ സാഹിത്യമല്ലെന്നു പറഞ്ഞില്ലെങ്കില്‍ അതു ജനവഞ്ചനയായിരിക്കും.
ബോര്‍ഹെസ്
ലാറ്റിനമേരിക്കന്‍ സാഹിത്യകാരനായ ബോര്‍ഹെസ്സിനു് 1983 ആഗസ്റ്റ് 24-ആം തീയതി 84 വയസ്സു തികഞ്ഞു. അദ്ദേഹം എഴുതിയ 1983 ആഗസ്റ്റ് 25 എന്ന ചെറുകഥ ഇലസ്ട്രെറ്റഡ് വീക്ക്ലിയില് പ്രസിദ്ധപ്പെടുത്തിയിട്ടുണ്ടു്. ബോര്‍ഹെസ് കഥ പറയുകയാണു്. അദ്ദേഹം ഹോട്ടല്‍ മുറിയിലേക്കു പോകാന്‍ ബുക്കില്‍ പേരെഴുതാന്‍ ഭാവിച്ചു. അദ്ഭുതകരം. ആരോ ബോര്‍ഹെസ് എന്നെഴുതിയിരിക്കുന്നു അതില്‍. പത്തൊമ്പതാം നമ്പര്‍ മുറിയിലേക്കു നേരത്തേ പോയ ബോര്‍ഹെസ് തന്നെക്കാള്‍ പ്രായം കൂടിയവനാണെന്നു മനസ്സിലാക്കിക്കൊണ്ടു് അദ്ദേഹം അങ്ങോട്ടു ചെന്നു. അവിടെ കിടക്കുന്ന ആദ്യം ചെന്ന ബോര്‍ഹെസ്. കിടക്കുന്ന രൂപം പറഞ്ഞു: “എന്തു വിചിത്രം, നമ്മള് രണ്ടു പേരാണു്. നമ്മള് ഒരാളും. പക്ഷേ സ്വപ്നങ്ങളില്‍ വിചിത്രമായി ഒന്നുമില്ല.” മുറിയില്‍ ചെന്ന ബോര്‍ഹെസ് അവിടെ കിടക്കുന്ന ബോര്‍ഹെസ്സിനെ അറിയിച്ചു: “പക്ഷേ, ഇന്നലെയായിരുന്നു എന്റെ അറുപത്തൊന്നാമത്തെ ജന്മദിനം.”
അപ്പോള്‍ മറ്റേ രൂപം: “നിങ്ങള്‍ ഈ രാത്രിയിലെത്തുമ്പോള്‍ നിങ്ങളുടെ എണ്‍പത്തിനാലാമത്തെ ജന്മദിനം ഇന്നലെയായിരിക്കും. ഇന്നു് 1983 ആഗസ്റ്റ് 25 ആണു്.”
കഥ സംഗ്രഹിച്ചെഴുതുന്നില്ല സ്ഥലപരിമിതിയെ പരിഗണിച്ചു്. കഥയുടെ അവസാനത്തില്‍ എണ്‍പത്തിനാലു വയസ്സുള്ള ബോര്‍ഹെസ് മരിക്കുന്നു. അവിടെ ചെന്നു കയറിയ ബോര്‍ഹെസ് മുറിയില്‍ നിന്നു് ഓടിപ്പോയി. വെളിയില്‍ മറ്റു സ്വപ്നങ്ങള്‍ അദ്ദേഹത്തെ കാത്തിരിക്കുന്നുണ്ടായിരുന്നു.
നമ്മള് സ്വപ്നം കാണുന്നു. സ്വപ്നദര്‍ശകരായ നമ്മള് മറ്റൊരുടെയോ സ്വപ്നമല്ലെന്നു് എങ്ങനെയറിയാം. ഹാംലെറ്റ് നാടകം അഭിനയിക്കുകയാണെന്നിരിക്കട്ടെ. അതിലെ അന്തര്‍നാടകം രാജാവും ഗര്‍ട്രൂഡും മറ്റുള്ളവരും കണ്ടു കൊണ്ടിരിക്കുന്നു. അവരെ നമ്മള് കാണുന്നു. നമ്മള് തന്നെ മറ്റൊരു നാടകത്തിലെ കഥാപാത്രങ്ങളല്ലെന്നു് എങ്ങനെയറിയാം? ജീവിതത്തെസ്സംബന്ധിച്ച പ്രഹേളികയെ തന്റേതായ രീതിയില്‍ ആവിഷ്കരിക്കുകയാണു് ബോര്‍ഹെസ്. മറ്റൊരാശയവും കൂടി ഇക്കഥയിലുണ്ടു്. ഒരുദാഹരണം കൊണ്ടു് അതു വ്യക്തമാക്കാന്‍ ശ്രമിക്കാം. വര്‍ഷങ്ങള്‍ക്കു മുമ്പു് പി.കെ. ബാലകൃഷ്ണന്റെ ‘പ്ളൂട്ടോ, പ്രിയപ്പെട്ട പ്ളൂട്ടോ’ എന്ന നോവല്‍ കലാത്മകമല്ലെന്നു കാണിച്ചു് ‘കൗമുദി’ വാരികയില്‍ എഴുതി. ഇന്നു ചെയ്യാറുള്ളതു പോലെ അന്നും ഒരു പടിഞ്ഞാറന്‍ കൃതിയുടെ സൗന്ദര്യം വ്യക്തമാക്കി. സ്പാനിഷ് കവി റാമോണ്‍ ഹീമനേത്തിന്റെ (Ramon Jimenez, നോബല്‍ സമ്മാനം 1956) Platero and I എന്ന ഗദ്യകാവ്യം — ഒരു കഴുതയുടെ ജീവിതം ചിത്രീകരിക്കുന്ന കാവ്യം — എടുത്തു കാണിച്ചു. വഴക്കുണ്ടാക്കാനായിരിക്കണം പത്രാധിപര്‍ ആ ലേഖനത്തിനു് ഞാനെഴുതാത്ത ഒരു തലക്കെട്ടു നല്കി, പി.കെ. ബാലകൃഷ്ണന് ഹീമനേത്തിന്റെ കൃതി ചൂഷണം ചെയ്തു എന്ന അര്‍ത്ഥത്തില്‍. കോപിഷ്ഠനായ ഗ്രന്ഥകാരന് അടുത്ത കൗമുദി വാരികയില്‍ ഒരു നോവലെഴുതിത്തുടങ്ങി. അതിന്റെ ആദ്യത്തെ ഖണ്ഡിക വായിച്ചപ്പോള്‍ ഏതോ ഒരാളിനെ അവതരിപ്പിക്കുന്നു എന്നേ എനിക്കു തോന്നിയുള്ളൂ. വായിച്ചു വരുന്തോറും അതു് എന്നെക്കുറിച്ചാണോ എന്ന സംശയം ഉണ്ടായിത്തുടങ്ങി. ഒടുവില്‍ ഞാന്‍ തന്നെയാണു് വള്‍ഗറായ ആ നോവലിലെ പ്രധാന കഥാപാത്രം എന്നു മനസ്സിലാക്കി. ഇങ്ങനെ നമ്മുടെ ‘സെല്‍ഫ്’ നമ്മുടെ സെല്‍ഫിനെത്തന്നെ കാണുന്ന സന്ദര്ഭങ്ങളുണ്ടു്. അതും കൂടെ പ്രദര്‍ശിപ്പിക്കുന്നു ബോര്‍ഹെസ്. വായനക്കാര്‍ ഇത്തരം കഥകള്‍ വായിച്ചു് അനുഭവ ചക്രവാളം വികസിപ്പിക്കണം. അല്ലാതെ ഖസാക്കിന്റെ ഇതിഹാസം, ഒ.വി. വിജയന്: ഒ.വി. വിജയന്, ഖസാക്കിന്റെ ഇതിഹാസം, ഉത്തരായനം, അരവിന്ദന്; അരവിന്ദന്, ഉത്തരായനം എന്നു മാത്രം ഉരുവിട്ടുകൊണ്ടു് ഇരിക്കരുതു്. വിജയനോടും, അരവിന്ദനോടും എനിക്കു സ്നേഹബഹുമാനങ്ങളേയുള്ളുവെന്നും അവരെ ഒരുവിധത്തിലും ആക്ഷേപിക്കുകയല്ലെന്നും കൂടി എഴുതിക്കൊള്ളട്ടെ.
മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ 49-ആം പുറത്തു് ഒരു പരസ്യം. “മണലാരണ്യത്തിന്റെ മടിത്തട്ടില്‍” മണല്‍ക്കാടു് എന്ന അര്‍ത്ഥത്തിലാണു് പ്രയോഗമെങ്കില്‍ ‘മണലരണ്യം’ എന്നു വേണം. അരണ്യം = കാടു്. ആരണ്യം = കാടിനെസ്സംബന്ധിച്ചതു്. ‘ശബ്ദതാരാവലി’യുടെ ആറാമത്തെ പ്രസാധനത്തില്‍ ആരണ്യത്തിനു് കാടു് എന്നു് അര്‍ത്ഥം നല്കിയിരിക്കുന്നതു് ചിന്തനീയം. സര് മോണിയര്‍ വില്യംസിന്റെ Sanskrit –- English Dictionary-യില്‍ ആരണ്യ ശബ്ദത്തിനു് being in or relating to a forest എന്നേ അര്‍ത്ഥം കൊടുത്തിട്ടുള്ളൂ.
ഉത്കണ്ഠയും ജിജ്ഞാസയും
കഥകള്‍ വായിക്കുമ്പോള്‍ രണ്ടു തരത്തിലുള്ള മാനസികാവസ്ഥകളാണു് അനുവാചകനു് ഉണ്ടാവുക. ഒന്നു്: ജിജ്ഞാസ. രണ്ടു്: ഉത്കണ്ഠ. ജിജ്ഞാസയ്ക്ക് അതിപ്രസരം സംഭവിച്ചാല്‍ ഡിറ്റക്ടീവ് അംശം കൂടി എന്നര്‍ത്ഥം. ഉത്കണ്ഠയ്ക്കും ജിജ്ഞാസയ്ക്കും ബന്ധമില്ല. സഹാനുഭൂതിയാണു് ഉത്കണ്ഠയ്ക്കു് ആസ്പദം. ജിജ്ഞാസയില്‍ സഹാനുഭൂതി തീരെയില്ല. വൈക്കം മുഹമ്മദ് ബഷീറിന്റെ ‘പൂവമ്പഴം’. എന്ന ചെറുകഥ വായിക്കുമ്പോള്‍ നവവധുവിനു് പൂവമ്പഴം വാങ്ങിക്കൊണ്ടു വരാന്‍ വേണ്ടി നദി നീന്തിക്കടക്കുന്ന നവവരനോടു നമുക്കു സഹതാപമുണ്ടാകുന്നു. ഈ സഹതാപം അല്ലെങ്കില്‍ സഹാനുഭൂതിയാണു് സാഹിത്യകൃതിയുടെ ഉത്കൃഷ്ടത കൂട്ടുന്നതു്. തകഴി ശിവശങ്കരപ്പിള്ളയുടെ “വെള്ളപ്പൊക്കത്തില്‍” എന്ന കഥയിലെ പട്ടിയോടു് നമുക്കു് സഹതാപം ജനിക്കുന്നു. അതുകൊണ്ടാണു് അതിന്റെ മരണത്തില്‍ നമുക്കു വിഷാദം ജനിക്കുന്നതു്. ഉറൂബിന്റെ “വാടകവീടുകള്‍” എന്ന കഥയിലെ ദരിദ്രനായ സാഹിത്യകാരനെ പങ്കജം ലോജ്ജില്‍ നിന്നു് ഇറക്കി വിടുമ്പോള്‍ നമ്മുടെ സഹാനുഭൂതി പരകോടിയിലെത്തുന്നു. ‘പൂവമ്പഴ’ത്തിലെ ഭര്‍ത്താവിന്റെയും ‘വെള്ളപ്പൊക്ക’ത്തിലെ പട്ടിയുടെയും ‘വാടകവീടുകളി’ലെ സാഹിത്യകാരന്റെയും കഥകള്‍ എന്റെ കഥകള്‍ തന്നെയാണെന്നു് എനിക്കു തോന്നുന്നു. ഈ അനുഭവം എന്‍.ടി. ബാലചന്ദ്രന്റെ കഥകള്‍ പ്രദാനം ചെയ്യുന്നില്ല. ഒരു യുവാവിനെ കാണാന്‍ ഒരതിസുന്ദരി വരുന്നു. അവളെ അയാള്‍ക്കു് ഓര്‍മ്മയില്ല; അവള് പൂര്‍വ കാമുകിയായിരുന്നിട്ടും. അവള് ദുഃഖിക്കുന്നു. ഓര്‍മ്മക്കുറവിന്റെ കാര്യം കഥയുടെ അന്ത്യത്തോടു് അടുപ്പിച്ച് കഥാകാരന് വ്യക്തമാക്കുന്നുണ്ടു്. വിപ്ലവകാരിയായ ആ ചെറുപ്പക്കാരന് പൊലീസിന്റെ മര്‍ദ്ദനമേറ്റതുകൊണ്ടു് തലച്ചോറു് തകരാറിലായിപ്പോയി. പഴയ കാര്യമൊന്നും അയാളുടെ സ്മൃതിപഥത്തിലെത്തുകയില്ല. കഥാകാരന് കഥ പറഞ്ഞവസാനിപ്പിച്ചിട്ടും നമ്മള് ഒരു വികാരവും കൂടാതെ മാതൃഭൂമി ആഴ്ചപ്പതിപ്പു് അടച്ചു വയ്ക്കുന്നു. “അഞ്ചു വയസ്സുള്ള ഒരാള്‍” എന്ന ഈ കഥയില്‍ സഹാനുഭൂതിക്കല്ല, ജിജ്ഞാസയ്ക്കാണു പ്രാധാന്യം. ഒരു ‘കോണ്‍സെപ്റ്റ്’ നേരത്തേ രൂപപ്പെടുത്തിയതിനു ശേഷം അതിനെ ഭാഷ കൊണ്ടു പൊതിഞ്ഞാല്‍ ഇതായിരിക്കും ഫലം. ജിജ്ഞാസ എന്ന അംശം പ്രാമുഖ്യമാര്‍ജ്ജിക്കുന്നതു് ഇന്‍ഫീരിയര്‍ ആര്‍ട്ടിലാണു്.
രാത്രി. വിദ്യുച്ഛക്തിയില്ല. മുന്പിലിരിക്കുന്ന മെഴുകുതിരിയുടെ ദീപം ഇതെഴുതാന്‍ എന്നെ സഹായിക്കുന്നില്ല. കൂരിരുട്ടില്‍ നിന്നു് എന്നെയും കൊടും തമസ്സിനെയും സ്വതന്ത്രമാക്കാനാണു് ദീപം യത്നിക്കുന്നതു്, വ്യര്‍ത്ഥയത്നം ജനലുകളില്കൂടി ഇരച്ചു കയറുന്ന അന്ധകാരം എന്നെ ഗ്രസിക്കുന്നു. എന്റെ കൊച്ചു മെഴുകുതിരി ദീപത്തെ ഗ്രസിക്കുന്നു. സാഹിത്യത്തിന്റെ അന്ധകാരം അനുവാചക ഹൃദയത്തിലെ ചെറിയ ദീപത്തെ — കലാസ്വാദന പ്രകാശത്തെ വിഴുങ്ങുന്നതു പോലെ. പ്രകൃതിയും സാഹിത്യത്തിനു ചേര്‍ന്നിരിക്കുന്നു.
ജലജ
ഈ ലോകത്തു് ഏറ്റവും മനോഹരമായിട്ടുള്ളതു സുന്ദരിയായ ചെറുപ്പക്കാരിയുടെ ചിരിയോ പുഞ്ചിരിയോ ആണെന്നു് ഇതെഴുതുന്ന ആള് മുന്‍പു പറഞ്ഞിട്ടുണ്ടു്. മലയാളനാടു വാരികയുടെ മുഖചിത്രം നോക്കുക. ചലചിത്രതാരം ജലജയുടെ പടം. ആ യുവതി പുഞ്ചിരി പൊഴിക്കുന്നു. അതിനെക്കാള്‍ ആകര്‍ഷകമായി ഈ ലോകത്തു വേറൊന്നുമില്ലെന്നു് എനിക്കു തോന്നുന്നു.
സംസ്കാര സമ്പന്നയാണു് ഈ ചലച്ചിത്രതാരം. അവരെ എനിക്കു നേരിട്ടറിയാം. ഒരു ദിവസം ഒരു സമ്മേളനത്തിനു പോകാന്‍ അവര്‍ എന്റെ വീട്ടിന്റെ മുന്പില് വന്നു. ജലജയാണു് കാറിനകത്തിരിക്കുന്നതെന്നു് അറിഞ്ഞപ്പോള്‍ അവരെ പരിചയപ്പെടാന്‍ എന്റെ ബന്ധുക്കള്‍ക്കു് താല്പര്യം. ഞാന്‍ ഒന്നു് സൂചിപ്പിച്ചതേയുള്ളു. അതിനു മുന്‍പു് ജലജ കാറില്‍ നിന്നിറങ്ങി അവരോടു സ്നേഹപൂര്‍വം സംസാരിച്ചു. ചലച്ചിത്ര താരങ്ങളുടെ അഹങ്കാരവും മര്യാദകേടും അഭിജാതയായ ഈ യുവതിക്കില്ല.
സമ്മേളനം ആരംഭിച്ചപ്പോള്‍ സ്വാഗതം ആശംസിച്ചയാള്‍ ജലജയെ ശ്രീമതി എന്ന പദം കൊണ്ടു വിശേഷിപ്പിച്ചു. കൈ കുടഞ്ഞുകൊണ്ടു് “ഞാന്‍ ശ്രീമതിയല്ല, വിവാഹം കഴിഞ്ഞിട്ടില്ല എന്റെ” എന്നു് അവര്‍ എന്നോടു പറഞ്ഞു. “ശ്രീയുള്ളവന്‍ ശ്രീമാന്‍. ശ്രീയുള്ളവള്‍ ശ്രീമതി. അതുകൊണ്ടു ശ്രീമതി എന്ന വിശേഷണത്തില്‍ തെറ്റൊന്നുമില്ലെ”ന്നു ഞാനറിയിച്ചു. മലയാളനാടിന്റെ കവര്‍ പേജില്‍ ജലജ ശ്രീയോടുകൂടി വിലസുന്നതു കണ്ടപ്പോള്‍ ഇത്രയും കുറിക്കണമെന്നു തോന്നി.
വി.കെ.എന്‍
വി.കെ.എന്‍. പ്രഭാഷണവേദിയിലിരിക്കുന്നു. സ്വാഗതം ആശംസിക്കല്‍ എന്റെ ജോലി. എന്റെ സ്വാഗത പ്രഭാഷണം.
“സഭാവേദിയിലിരിക്കുന്ന വണ്ണവും പൊക്കവും കൂടിയ ആള് വി.കെ.എന്നാണു്. പ്രശസ്തനായ ഹാസ്യസാഹിത്യകാരന്‍. മറ്റു ഹാസ്യസാഹിത്യകാരന്മാരെക്കാള്‍ അദ്ദേഹത്തിനു് പൊക്കമുണ്ടു്. വണ്ണവും കൂടുതലാണു്. അതു കൊണ്ടുതന്നെയാണു് അദ്ദേഹത്തെ ഞങ്ങള്‍ ഈ സമ്മേളനം ഉദ്ഘാടനം ചെയ്യാന്‍ ക്ഷണിച്ചതു്.
കലാപരങ്ങളായ വസ്തുതകളെക്കാള്‍ സത്യത്തെ മാനിക്കുകയും സത്യത്തെക്കാള്‍ കലാപരങ്ങളായ വസ്തുതകളെ മാനിക്കുകയും ചെയ്യുന്ന ഈ അതികായന് നമ്മെ ചിരിപ്പിക്കുന്ന പല പുസ്തകങ്ങള്‍ എവുതിയിട്ടുണ്ടു്. എംബസ്സികളില്‍ ബന്ധുക്കളും സുഹൃത്തുക്കളും ഇല്ലാത്തതു കൊണ്ടാവണം അദ്ദേഹത്തിന്റെ ഹാസ്യ കൃതികള്‍ മറ്റു ഭാഷകളിലേക്കു തര്‍ജ്ജമ ചെയ്യാത്തതു്. എങ്കിലും ഹാസ്യത്തിന്റെ വിലയറിയുന്ന കാലം വരുമെന്നും വി.കെ.എന്നിന്റെ തിരഞ്ഞെടുത്ത കഥകള്‍ ഇംഗ്ലീഷിലേക്കും മറ്റു ഭാഷകളിലേക്കും തര്‍ജ്ജമ ചെയ്യുമെന്നും ഞാന്‍ വിചാരിക്കുന്നു. മന്ത്രിമാരുടെ കാറുകള്‍ക്കു വേഗം കൂടുകയും മനുഷ്യായുസ്സിന്റെ കാലം വളരെ കുറയുകയും ചെയ്യുന്ന ഈ കാലത്തു് വി.കെ.എന്നിന്റെ കൃതികള്‍ വായിക്കുന്നതു കൊള്ളാം. ചിരിച്ചുകൊണ്ടു് റോഡിലിറങ്ങി, മന്ത്രിയുടെ കാറുതട്ടി മരിച്ചു എന്നൊരാശ്വാസം പരേതാത്മാവിനു് ഉണ്ടാകും.
കുറെയൊക്കെ ആവര്‍ത്തനമുണ്ടെങ്കിലും ഏതു വിഷയവും തന്റേതായ രീതിയില്‍ പ്രതിപാദിക്കുന്ന ഈ ഹാസ്യസാഹിത്യകാരന്‍ റേഡിയോ പ്രഭാഷണത്തിനു പോയി പണം ചെലവാക്കുന്ന ഒരു മദ്യപനെ കലാകൗമുദി വാരികയില്‍ അവതരിപ്പിച്ചിട്ടുണ്ട്. നിഷ്പ്രയാസം വഴങ്ങുന്ന തരുണിയോടു് ആഭിമുഖ്യം കുറയും പുരുഷനു്. വളരെക്കാലം തട്ടിയും മാറ്റിയും ചീറ്റിയും നില്‍ക്കണം അവള്. എങ്കിലേ രസം കൂടൂ. വളരെ വേഗത്തില്‍ വഴങ്ങുന്നവളല്ല വി.കെ.എന്നിന്റെ ഹാസ്യാംഗനം വഴങ്ങിക്കഴിഞ്ഞാല്‍ രസം നല്‍കുകയും ചെയ്യും. മഹതികളേ, മഹാന്മാരേ, ഇതാ വി.കെ.എന്‍.”
പരുഷോക്തികള്‍
ഗര്‍ഹണീയങ്ങളായ കഥകള്‍ ഉണ്ടായേ മതിയാവൂ. അല്ലെങ്കില്‍ എനിക്കു കുറ്റം പറയാന്‍ കഴിയുകയില്ലല്ലോ. അതുകൊണ്ടു് മനോരാജ്യത്തില്‍ മൂക്കുത്തിയെക്കുറിച്ചു് കഥയെഴുതിയ ഗിരിജാ തമ്പിക്കു കൃതജ്ഞത പറയുന്നു. മൂക്കുത്തി മോഷ്ടിച്ചതു് ഗൃഹനായികയുടെ മകന്. സംശയിച്ചതു് വേലക്കാരനെയും, സത്യം തെളിയുന്നു. എന്തൊരു തുച്ഛ സംഭവം! എന്തൊരു തുച്ഛമായ കഥ!
എഴുപതു വയസ്സായ കിഴവി റബ്ബര്‍ അകത്തുള്ള ‘ബ്രാ’ ധരിച്ചു് പട്ടു ബ്ളൗസിട്ടു് മിനി സ്കര്‍ട്ട് ഉടുത്തു നിന്നാല്‍ എങ്ങനെയിരിക്കും? എങ്ങനെയിരിക്കുമോ അങ്ങനെയിരിക്കുന്നു മലയാള മനോരമ ആഴ്ചപ്പതിപ്പിലെ ചാപ്പന് എന്ന കഥ. ഏനാത്ത് മാത്യൂസ് സൈമണ്‍ കിഴവിയെ അവതരിപ്പിക്കുന്നു.
എന്റെ വീട്ടില്‍ ഒരു വാരികയ്ക്കു ലേഖനം ചോദിക്കാന്‍ വരാറുണ്ടായിരുന്ന ഒരു നല്ല ചെറുപ്പക്കാരന് കോവളം കടലില്‍ കുളിക്കാന്‍ പോയി. കൂടെ ചില സുഹൃത്തുക്കളും യുവാവിനെ കടല്‍ വലിച്ചെടുത്തുകൊണ്ടു് പോയപ്പോള്‍ അദ്ദേഹം ‘രക്ഷിക്കണേ’ എന്ന മട്ടില്‍ കൈ വീശി. എന്നാല്‍ കടല്ക്കരയില് നിന്ന കൂട്ടുകാര്‍ വിചാരിച്ചതു് അദ്ദേഹം സ്നേഹസൂചകമായി കൈ വീശി എന്നാണു്. യുവാവിന്റെ മൃതദേഹം പോലും കിട്ടിയില്ല. സഖി വാരികയില്‍ ഒരു ‘ദുഃഖസ്മൃതി’ എന്ന മിനിക്കഥ എഴുതിയ കലഞ്ഞൂര്‍ സഹദേവന് കലാസാഗരത്തില്‍ മുങ്ങിത്താഴുകയാണു്. അദ്ദേഹത്തെ
ന്റെ കൈവീശല്‍ സ്നേഹസൂചകമല്ല. രക്ഷിക്കൂ പാവത്തിനെ.
വിദഗ്ദ്ധന്മാര് അശ്ലീലം പറഞ്ഞാലും രസപ്രദമായിരിക്കും. തിക്കുറിശ്ശി സുകുമാരന്‍ നായരുടെ പ്യാരഡികള്‍ — ഹാസ്യാനുകരണങ്ങള്‍ — പ്രഖ്യാതങ്ങളാണു്. രമണീയങ്ങളാണു് മറ്റൊരാള്‍ ചെയ്താല്‍ ആഹ്ലാദദായകങ്ങളാവുന്ന പ്രവൃത്തികള്‍ തനിയെ ചെയ്താല്‍ അങ്ങനെയാവുകയില്ലെന്നു തെളിയിക്കാന്‍ വേണ്ടി വള്ളത്തോള്‍ ഒരിക്കല്‍ പറഞ്ഞു: “സുഖമോ സുന്ദരാംഗിക്കു സ്വഹസ്തകചമര്‍ദ്ദനം?”
|
|