close
Sayahna Sayahna
Search

അവനവന്റെ മരണം


റിൽക്കെ

റിൽക്കെ-13.03
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

അവർക്കോരോ ആൾക്കും അവനവന്റെ മരണമുണ്ടായിരുന്നു. തങ്ങളുടെ പടച്ചട്ടയ്ക്കുള്ളിൽ ഒരു തടവുകാരനെപ്പോലെ അതിനെ കൊണ്ടുനടന്ന ആ പുരുഷന്മാർ; വളരെ പ്രായമായി, തീരെ ശുഷ്ക്കിച്ചു്, ഒടുവിൽ ഒരു നാടകവേദിയിലെന്നപോലെ, വലിയൊരു കിടക്കയിൽ, കുടുംബാംഗങ്ങൾക്കും തടിച്ചുകൂടിയ വേലക്കാർക്കും നായകൾക്കും നടുവിൽ അവരുടെ ശ്രദ്ധയില്പെടാതെ, എത്രയും കുലീനതയോടെ ജീവിതം വിട്ടുപോയ സ്ത്രീകൾ. കുട്ടികളുടേതു പോലും, ഒരു കൈക്കുഞ്ഞിന്റേതു പോലും, വെറുമൊരു കുട്ടിയുടെ മരണമായിരുന്നില്ല; അവർ സ്വയം സജ്ജരായി തങ്ങളുടെ മരണം വരിച്ചു, തങ്ങളാരാണോ അവരായി, തങ്ങൾ ആരാകുമായിരുന്നോ അവരായി.

വലിയ വയറിനു മേൽ അത്ര സ്വാഭാവികമായി മെലിഞ്ഞ കൈകൾ വച്ചു നിന്ന ഗർഭിണികൾക്കു് എത്ര വിഷാദാത്മകമായ സൗന്ദര്യമാണതു പകർന്നതു്; ആ ഉദരത്തിനുള്ളിൽ രണ്ടു കനികളാണുണ്ടായിരുന്നതു്: ഒരു ശിശുവും മരണവും… രണ്ടും തന്റെയുള്ളിൽ കിടന്നു വളരുകയാണെന്ന ചിന്തയാവില്ലേ, ആ നിർവികാരമുഖങ്ങളിൽ ചിലനേരം കണ്ടിരുന്ന ആ സാന്ദ്രമായ മന്ദഹാസത്തിനു കാരണമാകുന്നതും?