close
Sayahna Sayahna
Search

ഒന്നാം വിലാപഗീതം


റിൽക്കെ

റിൽക്കെ-21.01
Rilke cover-00.png
ഗ്രന്ഥകർത്താവ് മറിയ റെയ്‌‌നർ റിൽക്കെ
മൂലകൃതി റിൽക്കെ
വിവര്‍ത്തകന്‍ വി. രവികുമാർ
കവര്‍ ചിത്രണം ഓഗസ്റ്റ് റോദാങ്
രാജ്യം ആസ്ട്രോ-ഹംഗറി
ഭാഷ ജർമ്മൻ
വിഭാഗം കവിത/ലേഖനം (പരിഭാഷ)
ആദ്യപതിപ്പിന്റെ പ്രസാധകര്‍ ഐറിസ് ബുൿസ്, തൃശൂർ
വര്‍ഷം
2017
മാദ്ധ്യമം അച്ചടി
പുറങ്ങള്‍ 212

മാലാഖമാരുടെ ഗണത്തിലാരുണ്ടാവും, ഞാൻ
വിളിച്ചുകരഞ്ഞാലതിനു കാതു കൊടുക്കാൻ?
അവരിലൊരാളെന്നെ തന്റെ നെഞ്ചോടമർത്തിയാലും:
ആ പ്രബലസത്തയിൽ ഞാൻ ദഹിച്ചുപോവുകയേയുള്ളു.
സൗന്ദര്യം ഭീതി[1]യുടെ ആരംഭം മാത്രമാണല്ലോ;
നമുക്കെത്ര ക്ളേശിക്കേണ്ടിവരുന്നു, അതിനു
മുന്നിൽ പിടിച്ചുനില്ക്കാൻ.
ചകിതരായി നാം നില്ക്കുമ്പോൾ പ്രശാന്തമായൊരു-
ദാസീനതയോടെ
അതു നമ്മെ സംഹരിക്കുകയും ചെയ്യുന്നു.
ഓരോ മാലാഖയും ഭീതിപ്പെടുത്തുന്നു.
അതിനാൽ ഞാനെന്നെത്തന്നെ കീഴമർത്തുന്നു,
കയം പോലിരുണ്ട എന്റെ തേങ്ങലടികൾ ഞാൻ
കുടിച്ചിറക്കുന്നു.
ഹാ, തുണക്കായി നാമാരുടെ നേർക്കു തിരിയാൻ?
മാലാഖമാരുടെ നേർക്കല്ല, മനുഷ്യരുടെ നേർക്കല്ല;
പറയത്തക്ക സ്വസ്ഥതയോടെയല്ല വ്യാഖ്യാനിച്ചെടുത്ത
ഈ ലോകത്തു നാം ജീവിക്കുന്നതെന്ന്
കാര്യങ്ങളറിയുന്ന ജന്തുക്കൾക്കുമറിയാം.
എങ്കില്പിന്നെ ശേഷിക്കുന്നതു്
നമുക്കു നിത്യക്കാഴ്ചയായ ഒരു കുന്നിഞ്ചരിവിലെ
ഏതോ മരമാവാം;
ഇന്നലത്തെ തെരുവു നമുക്കു ശേഷിച്ചുവെന്നാകാം;
നമ്മിലേക്കു കയറിവരികയും അവിടെ സുഖം പിടിക്കുകയും
പിരിയുന്ന മട്ടില്ലാത്തതുമായ പഴയൊരു ശീലത്തിന്റെ
വിശ്വസ്തതയാവാം.
ഹാ, അതുമല്ലെങ്കിൽ രാത്രിയുണ്ടല്ലോ;
പ്രപഞ്ചവിശാലമായ ഒരു ചണ്ഡവാതം നമ്മുടെ ഭയഭീതമായ
മുഖങ്ങൾ കരളുന്ന രാത്രി.[2]
ആർക്കായതു ശേഷിക്കില്ല-
ഏകാന്തഹൃദയം കഠിനവേദന[3]യോടഭിമുഖീകരിക്കേണ്ട രാത്രി,
അത്ര മേൽ മോഹിച്ചുവെങ്കിലും കൈവരുമ്പോൾ
മോഹഭംഗപ്പെടുത്തുന്ന സാന്നിദ്ധ്യം?
പ്രേമിക്കുന്നവർക്കതു കഠിനമല്ലാതാകുമോ?
കഷ്ടം, സ്വന്തം വിധി മറച്ചുവയ്ക്കാൻ അവരന്യോന്യമുപയോഗപ്പെടുത്തുന്നു.
ഇനിയും നിങ്ങൾക്കതു മനസ്സിലായിട്ടില്ലേ?
നാം ശ്വസിക്കുന്ന വായുവിലേക്കു നിങ്ങളുടെ കൈകളിലെ
ശൂന്യത വലിച്ചെറിയൂ-
ഉത്സാഹപ്പറക്കലിൽ പക്ഷികൾക്കനുഭവമായെന്നു വരാം,
ആകാശത്തിനപ്പോൾ ഇടമേറിയെന്നും.

അതെ, വസന്തങ്ങൾക്കു നിങ്ങളെ വേണമായിരുന്നു.
ഒരു നക്ഷത്രം നിങ്ങളുടെ കണ്ണിൽപ്പെടാനായി കാത്തുനിന്നിരുന്നു.
വിദൂരഭൂതകാലത്തു നിന്നൊരു തിര നിങ്ങളുടെ നേർക്കു
ഞൊറിഞ്ഞുവന്നിരുന്നു;
ഒരു തുറന്ന ജാലകം കടന്നുപോകുമ്പോൾ
ഒരു വയലിൻ നിങ്ങളുടെ കേൾവിക്കായി വഴങ്ങിത്തന്നിരുന്നു.
അതൊക്കെയും നിങ്ങളോടുള്ള വിശ്വാസമായിരുന്നു.
എന്നാൽ ആ ദൗത്യമേറ്റേടുക്കാൻ നിങ്ങൾക്കായോ?
പ്രതീക്ഷ കൊണ്ടെന്നും നിങ്ങളുടെ മനസ്സു വ്യതിചലിച്ചിരുന്നില്ലേ,
തനിക്കു പ്രിയപ്പെട്ടവളുടെ വരവു വിളംബരം ചെയ്യുകയാണി-
തെല്ലാമെന്നപോലെ?
(എന്നാലവളെയൊളിപ്പിക്കാനൊരിടം നിങ്ങളെവിടെ കണ്ടെത്താൻ,
വിചിത്രവും കേമവുമായ ചിന്തകൾ വരികയും പോവുകയും
പലപ്പോഴും അന്തിയുറങ്ങുകയും ചെയ്യുകയായിരുന്നു നിങ്ങളുടെ
മനസ്സിലെന്നിരിക്കെ?)
അഭിലാഷം നിങ്ങളെ കീഴടക്കുമ്പോൾ
മഹതികളായ ആ കാമുകിമാരെക്കുറിച്ചു പാടുക:
അവരുടെ അസാധാരണമായ പ്രണയത്തിനിനിയും അനശ്വരമായ
കീർത്തി കിട്ടിയിട്ടില്ലല്ലോ.
നിങ്ങൾക്കസൂയ പോലും തോന്നിയ, പരിത്യക്തരായ
ആ ഏകാകിനികളെക്കുറിച്ചു പാടുക;
പ്രണയത്തിൽ തൃപ്തിയറിഞ്ഞവരെക്കാൾ
അതിന്റെ നൈർമ്മല്യം നിങ്ങൾ കണ്ടതവരിലായിരുന്നുവല്ലോ.
ഒരു നാളും നിങ്ങൾക്കു പാടിത്തീർക്കാനാവാത്ത ആ സ്തുതിക്കു
പിന്നെയും പിന്നെയും നിങ്ങൾ തുടക്കമിടുക.
ഓർക്കുക: നായകനു[4] മരണമില്ല, അവൻ അതിജീവിക്കുന്നു,
അവന്റെ പതനം പോലും തന്റെ അന്തിമജനനത്തിനുള്ള
ഒഴികഴിവായിരുന്നു.
എന്നാൽ പ്രകൃതിയോ, തളർന്നിട്ടെന്ന പോലെ,
ഇനിയൊരിക്കല്ക്കൂടി അവർക്കു ജന്മം കൊടുക്കാൻ തനിക്കു
ശേഷിയില്ലെന്ന പോലെ,
കമിതാക്കളെ മടക്കിയെടുക്കുന്നു.
ഗാസ്പറ സ്റ്റാമ്പ[5]യെക്കുറിച്ചു നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ:
പരിത്യക്തയായ ഏതു കാമുകിയും പ്രണയത്തിന്റെയാ വിദൂരവും
തീവ്രവുമായ ദൃഷ്ടാന്തത്തെ
ഇങ്ങനെ മാറോടണച്ചിട്ടുണ്ടാവും:
“ഹാ, എനിക്കതുപോലാകാൻ കഴിഞ്ഞിരുന്നെങ്കിൽ!”
അത്രയും പ്രാക്തനമായ ആ ശോകങ്ങൾ നമ്മിൽ ഫലം
കാണേണ്ട കാലം വന്നുകഴിഞ്ഞില്ലേ?
സ്നേഹഭാജനത്തിൽ നിന്നു സ്നേഹത്തോടെതന്നെ നാം
സ്വയമഴിച്ചെടുക്കേണ്ട കാലം വന്നില്ലേ,
വിറ പൂണ്ടുകൊണ്ടെങ്കിലും അതിജീവിക്കേണ്ട കാലം?
വലിഞ്ഞുമുറുകിയ ഞാണിനെ അതിജീവിക്കുകയും
ആ വിടുതിയിൽ തന്നിലും കവിഞ്ഞതൊന്നാവുകയും
ചെയ്യുന്ന അമ്പിനെപ്പോലെ.
നമുക്കാശ്രയിക്കാൻ ഒരിടവുമില്ല.

ശബ്ദങ്ങൾ, ശബ്ദങ്ങൾ: അതു കേൾക്കൂ, ഹൃദയമേ,
പണ്ടൊരിക്കൽ വിശുദ്ധർ മാത്രം കേട്ടപോലെ;
ആ പ്രബലാഹ്വാനമവരെ മണ്ണിൽ നിന്നുയർത്തിയെടുക്കുമ്പോൾ
അതുപോലുമറിയാതവർ മണ്ണിൽ മുട്ടു കുത്തിനില്ക്കുകയായിരുന്നു;
അവരുടെ കേൾവിയുടെ പ്രകാരം അതായിരുന്നു.
ദൈവശബ്ദത്തിനു മുന്നിൽ പിടിച്ചുനില്ക്കാൻ നിങ്ങൾക്കു
കഴിയുമെന്നല്ല — അല്ലേയല്ല!
എന്നാൽ കാറ്റിന്റെ ശബ്ദത്തിനു കാതു കൊടുക്കൂ,
നിശ്ശബ്ദതയിൽ നിന്നു രൂപമെടുക്കുന്ന നിതാന്തസന്ദേശത്തിനു
കാതു കൊടുക്കൂ.
ചെറുപ്പത്തിലേ മരിച്ചവരിൽ നിന്നൊരു മർമ്മരം പോലതു
നിങ്ങളിലേക്കു വരുന്നു.
റോമിലോ നേപ്പിൾസിലോ ഒരു പള്ളിയിലേക്കു കയറിചെല്ലുമ്പോൾ
അവരുടെ വിധി മൂകഭാഷയിൽ നിങ്ങളോടു സംസാരിച്ചിട്ടില്ലേ?
ഈയടുത്ത കാലത്തു് സാന്ത മരിയ ഫോർമോസ[6]യിലെ
ശിലാഫലകം പോലെ?
ഞാനവർക്കു വേണ്ടി എന്തു ചെയ്യണമെന്നാണവർ പ്രതീക്ഷിക്കുന്നതു?
തങ്ങളനുഭവിച്ച അനീതികളുടെ ഓർമ്മകൾ ഞാൻ നീക്കിക്കളയണമെന്നു്,
തങ്ങളുടെ മേൽഗതിക്കതു ചിലനേരം തടയാവുകയാണെന്നു്.

ശരി തന്നെ, വിചിത്രമാണതു്, ഭൂമിയിൽ വാസം
അവസാനിപ്പിക്കേണ്ടിവരികയെന്നതു്,
ഇനിയുമുറയ്ക്കാത്ത ശീലങ്ങളുപേക്ഷിക്കേണ്ടിവരികയെന്നതു്,
ഭാവിവാഗ്ദാനങ്ങളാൽ അർത്ഥസമ്പുഷ്ടമാവുന്ന പനിനീർപ്പൂക്കളെയും
അതുപോലുള്ള വസ്തുക്കളെയും നോക്കിയിരിക്കാനാവാതെ
വരികയെന്നതു്;
ആകാംക്ഷയൊടുങ്ങാത്ത കൈകൾക്കുള്ളിൽ താനെന്തായിരുന്നുവോ,
ഇനിമേലതാകാതെവരികയെന്നതു്,
സ്വന്തം പേരു പോലും, ഒരുടഞ്ഞ കളിപ്പാട്ടം പോലെ,
ഉപേക്ഷിക്കേണ്ടിവരികയെന്നതു്.
വിചിത്രം, ഇനിമേൽ മോഹിക്കേണ്ട മോഹങ്ങളെന്നതു്.
വിചിത്രം, പരസ്പരബന്ധിതങ്ങളെന്നു കരുതിയതെല്ലാം
ശൂന്യതയിൽ വേർപെട്ടൊഴുകിനടക്കുന്നതു കാണുക.
മരിക്കൽ എത്ര കഠിനമായ യത്നവുമാണ്:
നിത്യതയുടെ സ്പർശമെങ്കിലുമറിയും മുമ്പേ എല്ലാം പാതി
വഴിയിൽ നിർത്തുക.
അതെ, ജീവിച്ചിരിക്കുന്നവർ അതേ പിശകു വരുത്തുകയും ചെയ്യുന്നു-
രണ്ടിനുമിടയിൽ അവർ നിശിതമായൊരു വര വരയ്ക്കുന്നു.
തങ്ങൾ നടക്കുന്നതു് ജീവനുള്ളവർക്കിടയിലാണോ
മരിച്ചവർക്കിടയിലാണോയെന്നു് മാലാഖ[7]മാർക്കു
പലപ്പോഴുമറിയില്ലത്രെ.
ആ നിത്യപ്രവാഹം ഇരുമണ്ഡലങ്ങളിലൂടെയും എല്ലാ
പ്രായങ്ങളെയും വലിച്ചെടുത്തു പായുന്നു,
തന്റെ പ്രചണ്ഡമായ ശബ്ദത്തിൽ അവയുടെ ഒച്ചകളെ
എന്നെന്നേക്കുമായി മുക്കിത്താഴ്ത്തുന്നു.

നമ്മിൽ നിന്നു മുമ്പേ പിരിഞ്ഞവർക്കു പിന്നെ നമ്മെ വേണ്ടിവരുന്നില്ല:
ഈ ഭൂമിയിലുള്ളതിലെല്ലാം നിന്നു നാം സാവകാശം വേർപെടുന്നു,
മുലകുടിപ്രായം കഴിയുന്നത്ര സ്വാഭാവികമായി.
എന്നാൽ, ആ മഹാസമസ്യകൾ ആവശ്യമായ നമുക്കു്,
ശോകം പലപ്പോഴും ആത്മീയതയുടെ ഉറവായ നമുക്കു്,
നമുക്കവയില്ലാതെ ജീവിക്കാനാവുമോ?
ലിനോസി[8]നുള്ള വിലാപത്തിൽ നിന്നാണു്,
വന്ധ്യമായ ജാഡ്യത്തെ തുളച്ചുകയറിയ ധീരമായ
ആദ്യസ്വരങ്ങളിൽ നിന്നാണ്
സംഗീതത്തിന്റെ തുടക്കമെന്ന കഥ വെറും പാഴ്കഥയാവുമെന്നോ?
ദേവോപമനായ ഒരു യുവാവെന്നെന്നേക്കുമായി വിട്ടുപോയപ്പോൾ
സ്തബ്ധമായ സ്ഥലത്തു വച്ചു ശൂന്യത ഇതാദ്യമായറിഞ്ഞു,
നമ്മെ വശീകരിക്കുകയും സമാശ്വസിപ്പിക്കുകയും
തുണയ്ക്കുകയും ചെയ്യുന്ന
ആ ശ്രുതിയുടെ സ്പന്ദനങ്ങൾ.

  1. സൗന്ദര്യം ഭീതിയുടെ ആരംഭം… — കവികളോ മറ്റു കലാകാരന്മാരോ രൂപപ്പെടുത്തുകയോ രൂപഭേദം വരുത്തുകയോ ചെയ്ത ദൃശ്യലോകമാണു് സൗന്ദര്യം; ഭീതിയാകട്ടെ, അങ്ങനെ രൂപഭേദത്തിനു് ഇനിയും വിധേയമാകാത്ത അദൃശ്യവും.
  2. രാത്രി — ആത്മാവിനു് മനുഷ്യസഹജമായ പരിമിതികൾ ഭേദിച്ചു വികസിക്കാനാവുന്ന ഇടം; മനുഷ്യയുക്തിയുടെ വീക്ഷണപരിമിതികൾക്കുമപ്പുറം മാലാഖ കുടി കൊള്ളുന്നതവിടെയാണു്.
  3. വ്യാഖാനിച്ചെടുത്ത ലോകം — നമ്മുടെ അറിവിലൂടെ നമുക്കനുഭവമാകുന്ന ലോകം, അതിനാൽ പരിമിതമായ ഒരു മണ്ഡലം; അനുഭവത്തിന്റെ പൂർണ്ണത അതിൽ നമുക്കു സാദ്ധ്യമാകുന്നില്ല; ഏറ്റവും അർത്ഥപൂർണ്ണമായ അനുഭവങ്ങൾ, സ്നേഹം, മരണം, വേദന, നമുക്കറിയാതെ പോകുന്നു.
  4. കാമുകർ, നായകൻ — മാലാഖമാരിലേക്കുള്ള മനുഷ്യന്റെ യാത്രയിൽ പാതിവഴിയിലെത്തിയവർ.
  5. ഗാസ്പറ സ്റ്റാമ്പ (Gaspara Stampa) — പതിനാറാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വെനീഷ്യൻ കവി; അവർക്കു് കൗണ്ടു് കൊലാല്റ്റിനോ ഡി കൊലാല്റ്റോയുടുണ്ടായിരുന്ന പ്രണയമാണു് മരണാനന്തരം പ്രസിദ്ധീകരിച്ച Rime എന്ന കവിതാസമാഹാരത്തിൽ നിറഞ്ഞുനില്ക്കുന്നതു്. അവർക്കു പക്ഷേ, ആ പ്രണയം തിരിച്ചുകിട്ടിയില്ല.
  6. സാന്ത മരിയ ഫോർമോസ — 1911-ൽ റിൽക്കെ സന്ദർശിച്ച വെനീസിലെ പള്ളി.
  7. മാലാഖമാർ — ശുദ്ധബോധത്തിനുടമകളായ അതീന്ദ്രിയജീവികൾ; കാലത്തിനും ഭൗതികതയുടെ പരിമിതികൾക്കും അതീതർ, തീക്ഷ്ണസൗന്ദര്യത്തിന്റെ പ്രതിനിധാനങ്ങൾ. തന്റെ പോളിഷ് വിവർത്തകനെഴുതിയ ഒരു കത്തിൽ റിൽക്കെ മാലാഖമാരെക്കുറിച്ചു പറയുന്നതു് അവർക്കു് ക്രൈസ്തവസ്വർഗ്ഗത്തിലെ മാലാഖമാരുമായി ഒരു ബന്ധവും ഇല്ലെന്നാണു്. ദൃശ്യത്തെ അദൃശ്യമാക്കുക എന്ന നാം മുഴുമിപ്പിക്കാത്ത ദൗത്യം പൂർത്തിയാക്കിയ സത്തകളാണവർ. ദൃശ്യമായത്തിൽ തന്നെ പറ്റിപ്പിടിക്കുന്ന നമുക്കു് അവർ ഭീതിദരുമാണു്.
  8. ലിനോസി (Linos) — അപ്പോളോയുടെയും കല്ലിയോപ്പെയുടെയും പുത്രൻ, കലാദേവതകളായ Muse-കളിൽ ഒരാൾ, അതിനാൽ ഓർഫ്യൂസിന്റെ സഹോദരൻ; ചെറുപ്പത്തിലേ കൊല്ലപ്പെട്ടു.