വിദ്യാഭ്യാസം
← റിൽക്കെ
റിൽക്കെ-23.06 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
വ്യത്യസ്തരായ വ്യക്തികൾക്കു വേണ്ടിയുള്ള എരിയുന്ന ദാഹം കൊണ്ടു നിറഞ്ഞതാണു് ചരിത്രത്തിന്റെ ഓരോ കാലഘട്ടവും: എന്തെന്നാൽ അവരോടൊപ്പമാണു് എന്നും ഭാവി വന്നെത്തുക. എന്നിട്ടും ഒരു കുട്ടിയിൽ വ്യക്തിത്വം തലപൊക്കുമ്പോൾ എത്ര അവജ്ഞയോടെയാണു്, നിസ്സാരതയോടെയാണു്, പരിഹാസത്തോടെയാണു് — കുട്ടിയെ ഏറ്റവുമധികം വേദനിപ്പിക്കുന്നതുമതാണു് — സമൂഹം അതിനെ കൈകാര്യം ചെയ്യുക. അവനു തനതായിട്ടൊന്നുമില്ലെന്നു നാം അവനോടു പറയുന്നു; അവന്റെ ജീവിതം വേരുകളാഴ്ത്തിയിരിക്കുന്ന ഗഹനമായ സമൃദ്ധികളെ ഇടിച്ചു താഴ്ത്തിയിട്ടു് പകരം പഴകിയ പൊതുധാരണകൾ നാം അവനു മുന്നിൽ വയ്ക്കുന്നു. മുതിർന്നവരോടു് ഈ വിധം പെരുമാറുന്നതു നിർത്തിയാലും കുട്ടികളോടുള്ള മനോഭാവത്തിൽ നമ്മുടെ അക്ഷമയും അസഹ്യതയും മാറുന്നതേയില്ല. മുതിർന്ന ഒരാൾക്കു് സ്വാഭാവികമായി അനുവദിക്കപ്പെട്ടിരിക്കുന്ന ഒരവകാശം കുട്ടികൾക്കു നിഷേധിച്ചിരിക്കുകയാണ്: സ്വന്തമായിട്ടു് ഒരഭിപ്രായം ഉണ്ടാവുക. ഇന്നത്തെ വിദ്യാഭ്യാസം കുട്ടിയുമായിട്ടുള്ള ഒരു നിരന്തരയുദ്ധമായി മാറിയിരിക്കുന്നു; രണ്ടു കക്ഷികളും ഒടുവിൽ എത്രയും ജുഗുപ്‌ത്സാവഹമായ മാർഗ്ഗങ്ങളിൽ അഭയം തേടുകയും ചെയ്യുന്നു. രക്ഷിതാക്കൾ തുടങ്ങിവച്ചതു് തുടർന്നുപോവുകയേ വിദ്യാലയങ്ങളും ചെയ്യുന്നുള്ളു. കുട്ടിയുടെ വ്യക്തിത്വവുമായി സംഘടിതമായ ഒരു യുദ്ധമാണതു്. അതു വ്യക്തിയെ അവമതിക്കുന്നു, അവന്റെ ആഗ്രഹങ്ങളെയും തൃഷ്ണകളെയും നിസ്സാരമായി കാണുന്നു, വ്യക്തിയെ ആൾക്കൂട്ടത്തിന്റെ നിരപ്പിലേക്കിടിച്ചു താഴ്ത്തുകയാണു് തന്റെ ദൌത്യമെന്നു കരുതുന്നു. മഹാന്മാരായ വ്യക്തികളുടെ ജീവിതകഥകൾ ഒന്നു വായിച്ചുനോക്കുകയേ വേണ്ടു; സ്കൂളിൽ പോയിട്ടല്ല, സ്കൂളിൽ പോയിട്ടും അവർ മഹാന്മാരാവുകയായിരുന്നു.
സ്വയം ചിന്തിക്കാനും സ്വയം പ്രവർത്തിക്കാനും സ്വയം പഠിക്കാനും പ്രാപ്തനാവുന്ന ഘട്ടം വരെയേ ഒരാൾക്കു മാർഗ്ഗനിർദ്ദേശം കൊടുക്കേണ്ടതുള്ളു. ഒരു സംഘം വ്യക്തികൾക്കു മുന്നിൽ, അതിൽ ഒരാളെയെങ്കിലും അപമാനിക്കാതെ പറയാൻ കഴിയുന്നതായി വളരെക്കുറച്ചു മഹാസത്യങ്ങളാണുള്ളതു്; അവ മാത്രമേ വിദ്യാലയങ്ങൾ പഠിപ്പിക്കേണ്ടതുമുള്ളു. വിദ്യാലയങ്ങൾ ശ്രദ്ധിക്കേണ്ടതു് വ്യക്തികളിലാണു്, ഗ്രേഡുകളിലല്ല; ജീവിതവും മരണവും വിധിയുമൊക്കെ ആത്യന്തികമായി ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതു് വ്യക്തികൾക്കാണല്ലോ. മഹത്തും യഥാർത്ഥവുമായ ആ അനുഭവങ്ങളിലേക്കും സംഭവങ്ങളിലേക്കും കുട്ടികളെ ബന്ധപ്പെടുത്തുകയാണു് ആ പഴയ ഊർജ്ജം വീണ്ടെടുക്കണമെന്നുണ്ടെങ്കിൽ വിദ്യാലയങ്ങൾ ചെയ്യേണ്ടതു്.
ഓരോ ആൾക്കും അയാൾക്കായി ഒരു ഗുരു എവിടെയോ ഉണ്ടെന്നതിൽ സംശയമില്ല. താൻ ഒരദ്ധ്യാപകനാണെന്നു കരുതുന്ന ഓരോ ആൾക്കുമായി എവിടെയോ ഒരു വിദ്യാർത്ഥിയുമുണ്ടാവണം. അതിനാൽ തുറന്നു പറയൂ, ഗുരുക്കന്മാരേ, നിങ്ങൾക്കു സ്വരം കിട്ടിക്കഴിഞ്ഞെന്നാണെങ്കിൽ. രാത്രിയിലേക്കു കാതോർക്കൂ, കേൾവിക്കാരേ. ഓരോ ചുണ്ടും ആളുകളേയും കടലുകളും കടന്നു് അതിനുദ്ദിഷ്ടമായ കാതിലേക്കെത്തുന്ന ഒരു കാലം വരും. നാമിപ്പോഴും ആമുഖത്തിന്റെയും പ്രതീക്ഷയുടെയും കാലത്തു തന്നെയാണു്. ഒരു പുസ്തകവും, ആശ്വസിപ്പിക്കുന്ന ഒരു വാക്കിനപ്പുറം, ഒരു വ്യക്തിക്കു നിർണ്ണായകസഹായമാകാൻ പോകുന്നില്ല, തീർത്തും അദൃശ്യമായ സ്വാധീനങ്ങളാൽ അഗാധമായ സ്വീകരണത്തിനും ആഗീരണത്തിനും തയാറായിക്കഴിഞ്ഞിട്ടില്ല അയാളെങ്കിൽ, ആത്മസംവാദത്തിനുള്ള മുഹൂർത്തം അയാൾക്കാഗതമായിട്ടില്ലെങ്കിൽ. ആ മുഹൂർത്തത്തെ അയാളുടെ ബോധമണ്ഡലത്തിന്റെ കേന്ദ്രബിന്ദുവിലേക്കടുപ്പിക്കാൻ എന്തെങ്കിലും ഒന്നു മതിയാവും — ഒരു പുസ്തകമോ ഒരു കലാവസ്തുവോ, ഒരു കുഞ്ഞു് മുഖമുയർത്തി നമ്മെ നോക്കുന്നതു്, ഒരു മനുഷ്യന്റെയോ കിളിയുടേയോ ശബ്ദം, ചില അവസരങ്ങളിൽ കാറ്റിന്റെ മൂളൽ, അല്ലെങ്കിൽ തറയിലെ ഒരു പൊട്ടൽ; ഇനി അതുമല്ലെങ്കിൽ, തീ കൂട്ടി ചുറ്റിനുമിരിക്കുമ്പോൾ രൂപം മാറുന്ന ജ്വാലകളിലേക്കൊരു നോട്ടം. ഇതെല്ലാം, ഇതിലും നിസ്സാരമായ പലതും, യാദൃച്ഛികമെന്നു തോന്നുന്നവ പോലും, സ്വയം കണ്ടെത്തുന്നതിന്, അല്ലെങ്കിൽ വീണ്ടും സ്വയം കണ്ടെത്തുന്നതിനു് ഒരു കാരണമാവാം. കവികളും, അതെ, ഇടയ്ക്കൊക്കെ അവരും, നമ്മെ തുണയ്ക്കുന്ന പ്രേരകങ്ങളാവാം.
|