ശില്പിയും കവിയും
← റിൽക്കെ
റിൽക്കെ-11 | |
---|---|
ഗ്രന്ഥകർത്താവ് | മറിയ റെയ്‌നർ റിൽക്കെ |
മൂലകൃതി | റിൽക്കെ |
വിവര്‍ത്തകന്‍ | വി. രവികുമാർ |
കവര്‍ ചിത്രണം | ഓഗസ്റ്റ് റോദാങ് |
രാജ്യം | ആസ്ട്രോ-ഹംഗറി |
ഭാഷ | ജർമ്മൻ |
വിഭാഗം | കവിത/ലേഖനം (പരിഭാഷ) |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ഐറിസ് ബുൿസ്, തൃശൂർ |
വര്‍ഷം |
2017 |
മാദ്ധ്യമം | അച്ചടി |
പുറങ്ങള്‍ | 212 |
ഫ്രഞ്ചുശില്പിയായ റോദാങ്ങുമായുള്ള (August Rodin, 1840–1917) റിൽക്കേയുടെ ബന്ധം തുടങ്ങുന്നതു് 1902-ലാണു്; ഒരു ജർമ്മൻ പ്രസിദ്ധീകരണസ്ഥാപനത്തിനു വേണ്ടി ശില്പിയുടെ ഒരു ജീവചരിത്രം എഴുതാനാണു് കവി പാരീസിൽ അദ്ദേഹത്തിന്റെ സ്റ്റുഡിയോയിൽ ചെന്നതു്. പക്ഷേ റിൽക്കേയുടെ ജീവിതത്തെയും കാവ്യജീവിതത്തെയും ആകെ മാറ്റിമറിച്ച മുഹൂർത്തമായിരുന്നു അതു്. റിൽക്കേയുടെ നേർ വിപരീതമായിരുന്നു റോദാങ്ങ്. 62 വയസ്സായ ഒരു ഗാലിക് യുക്തിവാദിയായിരുന്നു റോദാങ്ങ്; റിൽക്കേയാവട്ടെ, 26 വയസ്സായ ഒരു ജർമ്മൻ റൊമാന്റിക്കും. സിംബലിസത്തിന്റെയും മിസ്റ്റിസിസത്തിന്റെയും കാവ്യാത്മകത വഴിഞ്ഞൊഴുകുന്ന ഭാഷയിലുള്ള ഒരു മിശ്രിതമായിരുന്നു റിൽക്കേയുടെ അതുവരെയുള്ള കവിതകൾ. പത്തൊമ്പതാം നൂറ്റാണ്ടിലെ മിനുസപ്പെടുത്തിയ നിയോക്ളാസ്സിക്കൽ ശൈലിയിൽ നിന്നു് (ശില്പകല മടുപ്പിക്കുന്നു എന്നു് ബോദ്‌ലേറുടെ ഒരു ലേഖനം തന്നെയുണ്ടു്) ശില്പകല പരുക്കനും ആധുനികവുമാകുന്നതു് റോദാങ്ങിലൂടെയാണു്. അവർ തമ്മിൽ ഒരു സർഗ്ഗാത്മകബന്ധം സ്ഥാപിക്കുകയും നിലനിർത്തിക്കൊണ്ടുപോരുകയും ചെയ്യുക എന്നതു് ദുസ്സാദ്ധ്യമായി തോന്നിയെങ്കിലും പരസ്പരവികർഷണത്തിന്റെ നാളുകൾ പെട്ടെന്നു തന്നെ കഴിഞ്ഞു. നാലു മാസത്തേക്കു് ശില്പി കവിയെ തന്റെ സ്റ്റുഡിയോയിലേക്കു ക്ഷണിച്ചു. ആ കാലം കൊണ്ടു് റിൽക്കെ ജീവചരിത്രത്തിനു വേണ്ട വസ്തുതകളും നിരീക്ഷണങ്ങളും ശേഖരിക്കുക മാത്രമല്ല, മറ്റൊരു കവിയായി മാറുകയും ചെയ്തു. മൂന്നു കൊല്ലം കഴിഞ്ഞു് 1905-ൽ റിൽക്കെ റോദാങ്ങിന്റെ സെക്രട്ടറിയായി; പാരീസിനു പുറത്തുള്ള അദ്ദേഹത്തിന്റെ ഗ്രാമീണവസതിയിലായി റിൽക്കേയുടെ താമസം. കവി ശില്പിയുടെ കത്തിടപാടുകൾക്കു് ഒരു ചിട്ട വരുത്തിയെങ്കിൽ ശില്പി കവിയുടെ ആശയങ്ങളെ മറ്റൊരു രീതിയിൽ അടുക്കുകയുമായിരുന്നു. പക്ഷേ ആ ബന്ധം അധികനാൾ നീണ്ടു നിന്നില്ല. തന്റെ അനുവാദമില്ലാതെ അയച്ച ഒരു കത്തിന്റെ പേരിൽ റോദാങ്ങ് റിൽക്കേയെ 1906-ൽ പിരിച്ചയച്ചു. 1908-ലാണു് പിന്നീടു് അവർ തമ്മിൽ ബന്ധപ്പെടുന്നതു്. റിൽക്കേ അന്നു് ഹെൻറി മാത്തിസ്സെ സ്ഥാപിച്ച കലാകാരന്മാരുടെ കമ്മ്യൂണിൽ ഇസഡോറ ഡങ്കൻ തുടങ്ങിയ കലാകാരന്മാർക്കൊപ്പമായിരുന്നു. റോദാങ്ങും അവിടേയ്ക്കു താമസം മാറ്റി. അദ്ദേഹത്തിന്റെ മരണശേഷം അതു് റോദാങ്ങ് മ്യൂസിയമായി.
നിരന്തരമായ പ്രവൃത്തിയും തന്റെ തൊഴിലിനോടുള്ള ഇളക്കമില്ലാത്ത സമർപ്പണവും എത്രമേൽ പ്രധാനമാണെന്നു് റിൽക്കേയ്ക്കു ബോദ്ധ്യമാകുന്നതു് റോദാങ്ങിൽ നിന്നാണു്. ‘പുറത്തു പോവുക, എന്തിനെയെങ്കിലും നോക്കി നില്ക്കുക (ഉദാഹരണത്തിനു് മൃഗശാലയിലെ ഒരു പുലിയെ), അതിൽ നിന്നൊരു കവിതയുണ്ടാകുന്നതുവരെ അതിനെ നോക്കിനില്ക്കുക’ എന്നു് കവിയെ ഉപദേശിച്ചതു് റോദാങ്ങാണു്. കവിതകൾ ശില്പങ്ങളുടെ ഭാഷാപരമായ തൽസമങ്ങളാവണം. അങ്ങനെയുള്ള ‘വസ്തു-കവിത’കളാണു് 1902 മുതൽ 1908 വരെ എഴുതിയ കവിതകളുടെ സമാഹാരമായ Neue Gegedichte (പുതിയ കവിതകൾ).
റിൽക്കേയും റോദാങ്ങും തമ്മിലുള്ള ഈ ബന്ധത്തിന്റെ ഒരു മറിച്ചിടൽ ഫ്രാൻസു് കപ്പൂസു് എന്ന ചെറുപ്പക്കാരനായ കവിയ്ക്കു് റിൽക്കെ എഴുതിയ കത്തുകളിൽ കാണാം. റിൽക്കെ റോദാങ്ങിനെ ആദ്യമായി കണ്ടു് വളരെയധികം കഴിയുന്നതിനു മുമ്പു് 1903 ഫെബ്രുവരിയിൽ തുടങ്ങിയ കത്തുകളിലൂടെയുള്ള അവരുടെ ബന്ധം 1908 വരെ നീളുന്നുണ്ടു്. പ്രശസ്തമായ ആ “ചെറുപ്പക്കാരനായ കവിയ്ക്കെഴുതിയ കത്തുകൾ” യഥാർത്ഥത്തിൽ എഴുതുന്നതു് റോദാങ്ങിന്റെ പ്രതിബിംബമായ റിൽക്കേയാണു്. റോദാങ്ങുമായുള്ള ദീർഘസംഭാഷണങ്ങളിൽ നിന്നു തനിയ്ക്കു കിട്ടുന്ന തിരിച്ചറിവുകൾ റിൽക്കെ കപ്പൂസിനു പകർന്നു കൊടുക്കുകയാണു്. അന്നു് റിൽക്കേയ്ക്കു് 27 വയസ്സായിരുന്നു; ചെറുപ്പക്കാരനായ കവിയ്ക്കു് 19-ഉം.
എന്റെ ഗുരോ,
ഹെയ്സൽഡോറിൽ നിന്നു ഞാൻ എഴുതിയിരുന്നു, അങ്ങയ്ക്കു സമർപ്പിക്കപ്പെട്ട പുസ്തകത്തിനു സ്വയം തയാറാവാനായി സെപ്തംബറിൽ ഞാൻ പാരീസിൽ എത്തുമെന്നു്. പക്ഷേ അങ്ങയോടിതുവരെയും ഞാൻ പറയാത്തതൊന്നുണ്ടു്: എനിക്കു്, എന്റെ കൃതിയ്ക്കു് (ഒരെഴുത്തുകാരന്റെ കൃതി, അല്ല, ഒരു കവിയുടെ കൃതി) വലിയൊരനുഭവമായിരിക്കും അങ്ങയുടെ സാമീപ്യം. കവികൾക്കു്, ചിത്രകാരന്മാർക്കു്, ശില്പികൾക്കു്: സർഗ്ഗാത്മകജീവിതത്തിന്റെ പരമലക്ഷ്യമായ നിത്യതയുടെ ഒരു കിരണമല്ലാതെ മറ്റൊന്നും കാംക്ഷിക്കാതെ തങ്ങളുടെ, തങ്ങളുടെ യാതനാവീഥി താണ്ടുന്ന എല്ലാ കലാകാരന്മാർക്കും അപ്പവും പൊന്നും നല്കാനറിയുന്ന കലയാണങ്ങയുടേതു് (ഇതെനിക്കു വളരെക്കാലമായി തോന്നിയിട്ടുള്ളതുമാണു്).
(വളരെ ചെറുപ്പത്തിലേ) ഞാൻ എഴുതാൻ തുടങ്ങിയിരുന്നു; എന്റേതായി ഇപ്പോൾത്തന്നെ എട്ടോ ഒമ്പതോ പുസ്തകങ്ങളുമുണ്ടു്: കവിതകൾ, ഗദ്യകൃതികൾ, പിന്നെ ചില നാടകങ്ങളും; ബർലിനിൽ അവതരിപ്പിച്ചപ്പോൾ ഒരേകാകിയോടു വെറുപ്പു കാണിക്കാൻ കിട്ടുന്ന ഒരവസരവും പാഴാക്കാത്ത പൊതുജനത്തിൽ നിന്നതിനു കിട്ടിയതു് നിന്ദാസ്തുതി മാത്രമായിരുന്നു.
എന്റെ നിർഭാഗ്യത്തിനു് ആ പുസ്തകങ്ങൾക്കു് ഒരു പരിഭാഷയും ഉണ്ടായിട്ടില്ല; അതിനാൽ ഒന്നു കണ്ണോടിച്ചു നോക്കണമെന്നു് അങ്ങയോടു പറയാൻ പോലും എനിക്കു കഴിയുന്നുമില്ല. എന്നാല്ക്കൂടി, വരുമ്പോൾ ഒന്നോ രണ്ടോ പുസ്തകങ്ങൾ ഞാൻ കൊണ്ടുവരാം; കാരണം, എന്റെ കുമ്പസാരങ്ങളിൽ ചിലതു് അങ്ങയുടെ വസ്തുക്കൾക്കിടയിൽ, അങ്ങയുടെ സ്വന്തമായി, അങ്ങയ്ക്കരികിൽ ഉണ്ടെന്നറിയുന്നതു് എന്റെയൊരാവശ്യമാണു് — അത്ഭുതപ്രവർത്തകനായ ഒരു വിശുദ്ധന്റെ അൾത്താരയിൽ വെള്ളി കൊണ്ടൊരു ഹൃദയം നാം നേർച്ച വയ്ക്കുമ്പോലെ.
അങ്ങ് ഈ ലോകത്തുണ്ടെന്നറിഞ്ഞതോടെ എന്റെ ജീവിതം പൂർണ്ണമായി മാറിക്കഴിഞ്ഞു, ഗുരോ; അങ്ങയെ ഞാൻ നേരിൽ കാണുന്ന ആ ദിവസം എന്റേതായ ദിവസങ്ങളിൽ ഒന്നായിരിക്കും (ഒരുപക്ഷേ, ഏറ്റവും സന്തോഷപ്രദവും).
… കവികളോ ചിത്രകാരന്മാരോ ശില്പികളോ ആകാതെ തങ്ങൾക്കു ജീവിക്കാൻ സാദ്ധ്യമല്ലെന്നു ഗ്രഹിക്കുന്ന ചെറുപ്പക്കാർക്കു വന്നുപെടുന്ന ഏറ്റവും ദാരുണമായ വിധിയാണു്, ഒരു യഥാർത്ഥ മാർഗ്ഗദർശിയെ കണ്ടെത്താൻ അവർക്കു കഴിയുന്നില്ല എന്നതു്. കരുത്തനായ ഒരു ഗുരുവിനെ തേടുമ്പോൾ അവർ തേടുന്നതു് വാക്കുകളല്ല, വിവരമല്ല; അവർക്കു വേണ്ടതു് ഒരുദാഹരണമാണു്, ഒരു തീക്ഷ്ണഹൃദയമാണു്, മഹത്വം രചിക്കുന്ന കൈകളാണു്. അവർക്കു വേണ്ടതു് അങ്ങയെയാണു്.
(റോദാങ്ങിനു് റിൽക്കെ 1902 ആഗസ്റ്റ് 1-നു് എഴുതിയ കത്തിൽ നിന്നു്)
… അങ്ങയെക്കുറിച്ചൊരു പഠനം ചെയ്യാൻ വേണ്ടി മാത്രമല്ല, ഞാൻ അങ്ങയെ കാണാൻ വന്നതു്; എനിക്കങ്ങയോടു ചോദിക്കണമായിരുന്നു: എങ്ങനെയാണു് ജീവിക്കേണ്ടതു്? അതിനങ്ങ് മറുപടിയും പറഞ്ഞു: പ്രവർത്തിച്ചുകൊണ്ടു്. എനിക്കതു് നന്നായി മനസ്സിലാവുകയും ചെയ്തു. പ്രവർത്തിക്കുക എന്നാൽ മരിക്കാതെ ജീവിക്കുക എന്നാണെന്നു് എനിക്കു മനസ്സിലാവുന്നു. അതിലെനിക്കു നന്ദിയും സന്തോഷവുമുണ്ടു്. യൗവനാരംഭം മുതലേ മറ്റൊന്നും ഞാൻ ആഗ്രഹിച്ചിരുന്നില്ല. ഞാനതിനു ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ എന്റെ പ്രവൃത്തി, എനിക്കതു് അത്ര ഇഷ്ടമായതിനാൽ, ഇക്കഴിഞ്ഞ കുറേക്കൊല്ലമായി വിരളമായ പ്രചോദനങ്ങളുടെ ഉത്സവമായി മാറിയിരിക്കുന്നു. തീരാത്ത ശോകത്തോടെ സർഗ്ഗാത്മകതയുടെ മുഹൂർത്തത്തിനായി കാത്തിരിക്കുകയല്ലാതെ മറ്റൊന്നും ചെയ്യാത്ത ആഴ്ചകളുമുണ്ടായിരുന്നു. ഗർത്തങ്ങൾ നിറഞ്ഞ ഒരു ജീവിതമായിരുന്നു അതു്. പ്രചോദനമുണർത്തുന്ന കൃത്രിമമാർഗ്ഗങ്ങളിൽ നിന്നു് ഉത്കണ്ഠയോടെ ഞാൻ മാറിനടന്നു; ഞാൻ മദ്യം കഴിക്കാതെയായി (വർഷങ്ങളായി അങ്ങനെയാണു്), എന്റെ ജീവിതത്തെ പ്രകൃതിയോടടുപ്പിക്കാൻ ഞാൻ ശ്രമിച്ചു… ഇങ്ങനെയൊക്കെ ചെയ്തുവെങ്കിലും, ആലോചിച്ചെടുത്ത നിശ്ചയങ്ങളാണതെങ്കിലും, ദൂരത്തായിപ്പോയ പ്രചോദനങ്ങളെ പ്രവൃത്തിയിലൂടെ മടക്കിക്കൊണ്ടുവരാനുള്ള ധൈര്യം എനിക്കുണ്ടായില്ല. എന്നാൽ മറ്റൊരു വഴി ഇല്ലെന്നു് ഇപ്പോഴെനിക്കു മനസ്സിലാവുന്നു. – എന്റെ ജീവിതത്തിന്റെയും അങ്ങെനിക്കു തന്ന പ്രത്യാശയുടേയും മഹത്തായ പുനർജ്ജന്മമാണതു്. എന്റെ ഭാര്യയുടെ കാര്യത്തിലും ശരിയാണതു്. കഴിഞ്ഞ കൊല്ലം കടുത്ത ചില സാമ്പത്തികക്ളേശങ്ങളിൽ ഞങ്ങൾ പെട്ടുപോയിരുന്നു; അതിനിനിയും പൂർണ്ണപരിഹാരമായിട്ടുമില്ല. എന്നാല്ക്കൂടി, നിരന്തരവും ശ്രദ്ധാപൂർവ്വവുമായ പ്രവൃത്തിയിലൂടെ ദാരിദ്ര്യത്തിന്റെ ഉത്കണ്ഠകളെപ്പോലും നിരായുധമാക്കാമെന്നു് എനിക്കിപ്പോൾ ചിന്തയുണ്ടായിരിക്കുന്നു. എന്റെ ഭാര്യക്കു് ഞങ്ങളുടെ കുഞ്ഞിനെ വിട്ടുപോരേണ്ടിവന്നു; എന്നാൽ ആ അനിവാര്യതയെ കുറച്ചുകൂടി ശാന്തതയോടെയും നിഷ്പക്ഷമായും കാണാൻ അങ്ങു പറഞ്ഞ ആ ‘പ്രവൃത്തിയും ക്ഷമയും’ ഇപ്പോഴവൾക്കു സഹായമാവുന്നുണ്ടു്. അവൾ അങ്ങയ്ക്കരികിൽ, അങ്ങയുടെ മഹത്തായ സൃഷ്ടികൾക്കരികിൽ ഉണ്ടാകുമെന്നതു് എനിക്കു സന്തോഷം നല്കുന്നു. അങ്ങയുടെ മുന്നിൽ ആർക്കും വഴി തെറ്റുന്നില്ല… ഇന്നലെ അങ്ങയുടെ ഉദ്യാനത്തിലെ നിശ്ശബ്ദതയിൽ വച്ചാണു് ഞാൻ എന്നെ കണ്ടെത്തിയതു്. ഇപ്പോൾ ഈ പെരുംനഗരത്തിന്റെ ആരവങ്ങൾ ഏറെയകലെപ്പോയിരിക്കുന്നു, എന്റെ ഹൃദയത്തിലെ ഗഹനനിഷ്പന്ദതയിൽ അങ്ങയുടെ വാക്കുകൾ പ്രതിമകൾ പോലെ നില്ക്കുന്നു…
… പാരീസു് ദുസ്സഹമായ, ആധി പിടിച്ച ഒരു നഗരമാണു്. നിങ്ങൾ അവിടെ കാണുന്ന സൗന്ദര്യങ്ങൾ, ദീപ്തനിത്യത കൊണ്ടനുഗൃഹീതങ്ങളാണവയെങ്കില്പോലും, തെരുവുകളുടെ ക്രൂരതയും കലാപവും, ഉദ്യാനങ്ങളുടെയും മനുഷ്യരുടെയും വസ്തുക്കളുടെയും വക്രിച്ച മുഖങ്ങളും നിങ്ങളിലേല്പിക്കുന്ന യാതനയ്ക്കു മതിയായ പരിഹാരമാവുകയില്ല. എന്റെ മനസ്സിനെ അവാച്യമായ സന്ത്രാസം കൊണ്ടു നിറയ്ക്കുന്നതെന്തോ പാരീസിലുണ്ടു്. അതിനതിന്റെ വഴി തെറ്റി, ഭ്രമണപഥത്തിൽ നിന്നു തെന്നിമാറിയൊരു ഗ്രഹത്തെപ്പോലെ ഭീകരമായ ഒരു കൂട്ടിയിടിയിലേക്കു് വലിച്ചുപറിച്ചു പായുന്നപോലെയാണു്. ദൈവത്തിന്റെ രോഷം വിഴുങ്ങാനടുത്തുവെന്നു ബൈബിളിൽ പറയുന്ന നഗരങ്ങൾ ഇതുപോലെയായിരിക്കണം. ഇതിന്റെയൊക്കെ മഹത്തായ, ശാന്തമായ, പ്രബലമായ ഒരു നിഷേധമാണു് റോദാങ്ങ്. കാലം അദ്ദേഹത്തിൽ നിന്നാണു് പ്രവഹിക്കുന്നതു്; തന്റെ ദീർഘജീവിതത്തിലെ ഓരോ നാളും പ്രവൃത്തി കൊണ്ടു നിറയ്ക്കുമ്പോൾ അലംഘനീയനാണു്, പൂജനീയനാണു്, അജ്ഞാതൻ തന്നെയാണദ്ദേഹമെന്നു തോന്നിപ്പോകുന്നു. അദ്ദേഹവും അദ്ദേഹത്തിന്റെ സൃഷ്ടികളും പ്രകൃതിയിലും സാരാംശത്തിലും ആ പഴയ ഭദ്രാസനപ്പള്ളികളും ലൂവ്രിലെ വസ്തുക്കളും പോലെയാണു്; പിന്നെ, ഓട്ടോ മോഡെർസോൺ, ഓജസ്സുറ്റ സ്നേഹം കൊണ്ടു താങ്കൾ സ്വന്തമാക്കിയ ആ ഉത്കൃഷ്ടവും ലളിതവും വിപുലവുമായ നാട്ടുമ്പുറത്തു് താങ്കളോടൊപ്പം കഴിഞ്ഞ നാളുകൾ പോലെയും. താങ്കൾക്കു വേണ്ടതെല്ലാം അവിടെത്തന്നെയുണ്ടെന്നും ഇനി, എന്നെങ്കിലും പാരീസിൽ വരികയാണെങ്കിൽ അതു ഹ്രസ്വമായൊരു കാലത്തേക്കായിരിക്കുമെന്നും താങ്കളെക്കുറിച്ചോർക്കുമ്പോൾ എനിക്കു തോന്നാറുണ്ടു്. ഒരാൾക്കു സ്വന്തമെന്നു പറയാൻ ഒരിടമുണ്ടെങ്കിൽ അയാൾ അതിനെ പരിപാലിക്കണം, അതിനെ സ്നേഹിക്കണം, അയാൾ അതു വിട്ടു പോകുന്നതു് അപൂർവ്വവുമായിരിക്കണം. അയാൾക്കു് ലോകം പുറത്തല്ല; എല്ലാ ദൂരങ്ങളിൽ നിന്നും അതു തന്നിലേക്കെത്താൻ, തന്റെ വീട്ടുവസ്തുക്കളിൽ വൈവിദ്ധ്യവും മഹത്വവും ദീപ്തിയും കൊണ്ടു നിറയ്ക്കാൻ ക്ഷമയും പ്രവൃത്തിയുമായി അയാൾ കാത്തിരിക്കണം…
പ്രശസ്തനാകുന്നതിനു മുമ്പു് റോദാങ്ങ് ഏകാകിയായിരുന്നു. പ്രശസ്തനായപ്പോൾ അദ്ദേഹം കൂടുതൽ ഏകാകിയായി. കാരണം, പുതിയ ഒരു പേരിനു ചുറ്റും വന്നുകൂടുന്ന തെറ്റിദ്ധാരണകളെയാണല്ലോ പ്രശസ്തി എന്നു പറയുക.
റോദാങ്ങിനു ചുറ്റും കൂടിയവർക്കൊന്നും അദ്ദേഹത്തിന്റെ സന്ദേശമോ അതിന്റെ പ്രാധാന്യമോ മനസ്സിലായിരിക്കണമെന്നില്ല; അവരെ പറഞ്ഞു മനസ്സിലാക്കുക എന്നതു് ദീർഘവും ദുഷ്കരവുമായ ഉദ്യമമായിരിക്കും. അതിന്റെ ആവശ്യവുമില്ല. അവർ തടിച്ചുകൂടിയതു് ആ പേരിനു ചുറ്റുമാണു്, ആ പ്രവൃത്തിക്കു ചുറ്റുമല്ല — ഒരു പേരിന്റെ ശബ്ദവും അതിർത്തിയും കടന്നുവളർന്നു് പേരില്ലാതായ ഒരു പ്രവൃത്തി; ഒരു സമതലം പോലെ പേരില്ലാത്തതു്, അല്ലെങ്കിൽ, ഭൂപടങ്ങളിൽ, പുസ്തകങ്ങളിൽ, മനുഷ്യരുടെ ചുണ്ടുകളിൽ മാത്രം പേരുള്ളതും. യഥാർത്ഥത്തിൽ വൈപുല്യവും ചലനവും ആഴവും മാത്രമായ സമുദ്രം പോലെ പേരില്ലാത്തതു്.
നാമിവിടെ സംസാരിക്കാൻ പോകുന്ന ആ പ്രവൃത്തി വർഷങ്ങളെടുത്തു വളർന്നുവന്നതാണു്, കാടു പോലെ ഒരു നിമിഷം പോലും പാഴാക്കാതെ വളർന്നുകേറിയതാണു്. അതിന്റെ ഒരായിരം ആവിഷ്കാരങ്ങൾക്കിടയിലൂടെ കടന്നുപോകുമ്പോൾ, ആ ഭാവനാശേഷിയും ശില്പവൈദഗ്ധ്യവും നമ്മെ വ്യാമുഗ്ദ്ധരാക്കുമ്പോൾ ഇങ്ങനെയൊരു ലോകം സൃഷ്ടിച്ചെടുത്ത ആ രണ്ടു കൈകൾ എവിടെയെന്നു് അറിയാതെ നാം നോക്കിപ്പോകുന്നു. മനുഷ്യന്റെ കൈകൾ എത്ര ചെറുതാണെന്നും എത്ര വേഗമാണവ തളർന്നുപോകുന്നതെന്നും എത്ര കുറച്ചു നേരമേ അവയ്ക്കു കൊടുത്തിട്ടുള്ളുവെന്നും നാമോർത്തുപോകുന്നു. ഒരുനൂറു കൈകളുടെ ജീവിതം ജീവിച്ച ആ കൈകൾ ഒന്നു കാണാൻ നമുക്കു മോഹം തോന്നിപ്പോകുന്നു — സൂര്യോദയത്തിനും മുമ്പെഴുന്നേറ്റു് പ്രവൃത്തിയിലേക്കുള്ള ദീർഘമായ പാതയിലൂടെ യാത്ര പുറപ്പെട്ട കൈകളുടെ ഒരു രാഷ്ട്രം. ആ കൈകളുടെ ഉടമ ആരെന്നു നാം ചോദിക്കുന്നു. ആരാണയാൾ?
അയാൾ ഒരു വൃദ്ധനാണു്. പറയാൻ പറ്റുന്നതല്ല അയാളുടെ ജീവിതം. അതിനൊരു തുടക്കമുണ്ടായിരുന്നു, അവിടെ നിന്നതു് മുന്നോട്ടു പൊയ്ക്കൊണ്ടേയിരിക്കുകയാണു്, ഇതിനകം ഒരു നൂറു ജീവിതങ്ങൾ അതു ജീവിച്ചിട്ടുണ്ടാകുമെന്നു് നമുക്കു തോന്നിപ്പോകുന്നു. അതിനെക്കുറിച്ചു് നമുക്കൊന്നുമറിയില്ല. അതിനൊരു ബാല്യമുണ്ടായിരുന്നിരിക്കണം: ദാരിദ്ര്യത്തിന്റെയും ഇരുട്ടിന്റെയും തപ്പിത്തടയലിന്റെയും അനിശ്ചിതത്വത്തിന്റെയും ഒരു ബാല്യം. അതിപ്പോഴും ആ ബാല്യം കൊണ്ടുനടക്കുന്നുമുണ്ടാവാം; കാരണം — അഗസ്റ്റീൻ പുണ്യവാളൻ പറഞ്ഞപോലെ — അതെങ്ങോട്ടു പോകാൻ? പൊയ്ക്കഴിഞ്ഞ നേരങ്ങൾ ഇപ്പോഴും അതിന്റെ കൂടെയുണ്ടാവാം: പ്രതീക്ഷയുടെ നേരങ്ങൾ, ഏകാന്തതയുടെ നേരങ്ങൾ, സന്ദേഹത്തിന്റെ നേരങ്ങൾ, നൈരാശ്യത്തിന്റെ ദീർഘമായ നേരങ്ങൾ. ഒന്നും നഷ്ടപ്പെടാത്ത, ഒന്നും മറക്കാത്ത ജീവിതമാണതു്; കഴിഞ്ഞതത്രയും ശേഖരിച്ചുവച്ച ജീവിതം. അങ്ങനെയൊരു ജീവിതത്തിൽ നിന്നേ ഇത്രയും തികവും പൊലിമയുമുള്ള ഒരു പ്രവൃത്തി ഉണ്ടായിവരൂ എന്നു നാം വിശ്വസിക്കുന്നു; എല്ലാം എന്നും സന്നിഹിതവും സജീവവുമായ, ഒന്നും കഴിഞ്ഞുപോകാത്ത ഒരു ജീവിതത്തിനേ ബലവും ചെറുപ്പവും സൂക്ഷിക്കാനും സൃഷ്ടിയുടെ ഔന്നത്യങ്ങളിലേക്കു് പിന്നെയും പിന്നെയും ഉയരാനും കഴിയൂ.
സംശയങ്ങളോ അനിശ്ചിതത്വങ്ങളോ വന്നു ബാധിക്കുമ്പോൾ, തുടക്കക്കാർക്കു സഹജമായ അക്ഷമയോ അകാലമരണത്തെക്കുറിച്ചുള്ള പേടിയോ ദൈനന്ദിനജീവിതത്തിലെ ബുദ്ധിമുട്ടുകളോ ഭീഷണിപ്പെടുത്തുമ്പോൾ അദ്ദേഹം അതിനെയൊക്കെ നേരിട്ടതു് ശാന്തതയോടെ, നിവർന്നുനിന്നുള്ള ഒരു പ്രതിരോധത്തോടെയാണു്, ഒരു ധിക്കാരത്തോടെ, ഒരു കരുത്തോടെ, ഒരാത്മവിശ്വാസത്തോടെയാണു് — ഒരു മഹാവിജയത്തിന്റെ ചുരുളഴിയാത്ത പതാകകളുമായി. ആ നേരങ്ങളിൽ അദ്ദേഹത്തെ തുണയ്ക്കാനെത്തിയതു് ഭൂതകാലത്തിന്റെ ശബ്ദമായിരിക്കാം, അദ്ദേഹം എന്നുമെന്നും തേടിക്കണ്ടെത്തിയ ഭദ്രാസനപ്പള്ളികളുടെ ശബ്ദം. പുസ്തകങ്ങളും അദ്ദേഹത്തിന്റെ സഹായത്തിനെത്തി. ദാന്തേയുടെ ഡിവീന കൊമേഡിയ അന്നാദ്യമായി അദ്ദേഹം വായിച്ചു. അതൊരു വെളിപാടായിരുന്നു. മറ്റൊരു കാലത്തെ വേദന തിന്നുന്ന ഉടലുകൾ അദ്ദേഹം കണ്മുന്നിൽ കണ്ടു, ഉടയാടകൾ പറിച്ചുമാറ്റിയ ഒരു നൂറ്റാണ്ടിലേക്കദ്ദേഹത്തിനു നോട്ടം കിട്ടി; ഒരു കവി തന്റെ കാലഘട്ടത്തിനു മേൽ ചുമത്തുന്ന മഹത്തായ, അവിസ്മരണീയമായ ന്യായവിധി അദ്ദേഹം കണ്ടു. തന്റെ ആശയങ്ങളെ ന്യായീകരിക്കുന്ന ചിത്രങ്ങൾ അദ്ദേഹം അതിൽ കണ്ടു; നിക്കോളാസ് മൂന്നാമന്റെ കരയുന്ന പാദങ്ങളെക്കുറിച്ചു വായിച്ചപ്പോൾ അങ്ങനെയുള്ള പാദങ്ങൾ മുമ്പുണ്ടായിരുന്നതായി അദ്ദേഹത്തിനു ബോദ്ധ്യപ്പെട്ടു; ഉടലിന്റെ ഏതു ഭാഗത്തിനും കരയാമെന്നും ഉടലങ്ങനെതന്നെ കരയാമെന്നും ഉടലിന്റെ ഏതു രോമകൂപത്തിൽ നിന്നും കണ്ണീരൊഴുകാമെന്നും അദ്ദേഹം കണ്ടു.
ദാന്തേയിൽ നിന്നദ്ദേഹം ബോദ്‌ലേറിലേക്കു കടന്നു. ഇവിടെ ന്യായവിധികളില്ല, ഒരു പ്രേതത്തിന്റെ കൈ പിടിച്ചു സ്വർഗ്ഗത്തിലേക്കു നടക്കുന്ന കവിയില്ല. ഇവിടെ യാതനപ്പെടുന്ന ഒരു മനുഷ്യജീവി തന്റെ ശബ്ദമുയർത്തുകയാണു്, തന്റെ സഹജീവികളുടെ തലയ്ക്കു മേൽ, അവരെ നാശത്തിൽ നിന്നു രക്ഷിക്കാനെന്നപോലെ, തന്റെ ശബ്ദം ഉയർത്തിപ്പിടിക്കുകയാണു്. ഈ കവിതയിൽ എഴുതിയതല്ല, വാർത്തെടുത്തതാണെന്നപോലെ മുഴുത്തുനിന്നിരുന്ന വരികളുണ്ടായിരുന്നു; കവിയുടെ എരിയുന്ന കൈകളിൽ ഉരുകിപ്പോയ പദങ്ങളും പ്രയോഗങ്ങളുമുണ്ടായിരുന്നു; ചുമരിൽ നിന്നെഴുന്നുനില്ക്കുന്ന പ്രതിമകൾ പോലെ വിരലോടിക്കാവുന്ന വരികളും നിയതരൂപമല്ലാത്ത ഒരു കുംഭഗോപുരത്തെ താങ്ങിനില്ക്കുന്ന സ്തംഭങ്ങൾ പോലെ കലുഷചിന്തയുടെ ഭാരം പേറുന്ന ഗീതകങ്ങളുമുണ്ടായിരുന്നു. അവിടെ പെട്ടെന്നവസാനിക്കുന്ന കാവ്യകല മറ്റൊരു കലയുടെ തുടക്കത്തിൽ നില്ക്കുകയാണെന്ന ഒരർദ്ധബോധം അദ്ദേഹത്തിനുണ്ടായി; തനിക്കൊരു മുൻഗാമിയെ ബോദ്‌ലേറിൽ അദ്ദേഹം കണ്ടു; മുഖങ്ങൾ വഴി തെറ്റിക്കാൻ നിന്നുകൊടുക്കാതിരുന്ന ഒരു കലാകാരൻ; ജീവിതം കൂടുതൽ വിപുലവും കൂടുതൽ നിഷ്കരുണവും കൂടുതൽ അസ്വസ്ഥവുമായ ഉടലുകൾ തേടിപ്പോയവൻ.
അതില്പിന്നെ ഈ രണ്ടു കവികൾ എന്നും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു; ചിന്തകൾ അവരെയും കടന്നു പോയിരുന്നെങ്കിൽ അവ പിന്നെ അവരിലേക്കുതന്നെ തിരിച്ചെത്തുകയും ചെയ്തിരുന്നു. തന്റെ കല രൂപമെടുക്കുന്ന ആ പ്രാരംഭഘട്ടത്തിൽ, മുന്നിലുള്ള ജീവിതത്തിനൊരു ഒരു പേരോ പ്രാധാന്യമോ ഇല്ലാത്ത ആ നാളുകളിൽ റൊദാങ്ങിന്റെ ചിന്തകൾ ആ കവികളിലൂടെ സഞ്ചരിച്ചു, അവരിൽ ഭൂതകാലം അദ്ദേഹം കണ്ടെത്തുകയും ചെയ്തു.
പല വസ്തുക്കളിൽ നിന്നു് ഒരു വസ്തുവുണ്ടാക്കാനും ഒരു വസ്തുവിന്റെ ഏറ്റവും ചെറിയ ഒരംശത്തിൽ നിന്നു് ഒരു ലോകം തന്നെ സൃഷ്ടിക്കാനുമുള്ള അവകാശം കലാകാരനുള്ളതാണു്. റോദാങ്ങ് കൈകൾ ചെയ്തിട്ടുണ്ടു്: ഒരുടലിന്റെ ഭാഗമല്ലാതിരിക്കെത്തന്നെ സജീവമായ, സ്വതന്ത്രമായ ചെറിയ കൈകൾ. വെറി പിടിച്ചും രോഷത്തോടെയും ഉയർന്നുനില്ക്കുന്ന കൈകൾ; സെർബറസിന്റെ[1] അഞ്ചു തൊണ്ടകൾ കുരയ്ക്കുകയാണെന്നപോലെ വിരലുകൾ പിടഞ്ഞുനില്ക്കുന്ന കൈകൾ. നടക്കുന്ന കൈകൾ, ഉറങ്ങുന്ന കൈകൾ, ഉറക്കം വിട്ടെഴുന്നേല്ക്കുന്ന കൈകൾ; പാരമ്പര്യരോഗം ബാധിച്ച കുറ്റവാളിക്കൈകൾ; ഒരാൾക്കും തങ്ങളെ രക്ഷിക്കാനാവില്ലെന്ന തിരിച്ചറിവോടെ ഏതെങ്കിലും മൂലയ്ക്കു മരിക്കാനായിക്കിടക്കുന്ന ദീനം പിടിച്ച ജന്തുക്കളെപ്പോലെ നിരാലംബമായ, തളർന്ന കൈകൾ. എന്നാൽ കൈകൾ അതിസങ്കീർണ്ണമായ ഒരു ജൈവരൂപവുമാണു്: പല സ്രോതസ്സുകളിൽ നിന്നുള്ള ജീവൻ ഒരുമിച്ചൊഴുകിയെത്തുകയും പ്രവൃത്തിയുടെ മഹാപ്രവാഹത്തിലേക്കൊഴുകിച്ചേരുകയും ചെയ്യുന്ന നദീമുഖം. കൈകൾക്കൊരു ചരിത്രമുണ്ടു്, സ്വന്തമായ ഒരു നാഗരികത തന്നെയുണ്ടു്, വിശേഷിച്ചൊരു സൗന്ദര്യവുമുണ്ടു്. സ്വന്തമായൊരു വികാസവും സ്വന്തം അഭിലാഷങ്ങളും വികാരങ്ങളും മനോഭാവങ്ങളും ഇഷ്ടപ്പെട്ട പ്രവൃത്തികളുമുണ്ടാകുന്നതിനുള്ള അവകാശം കൈകൾക്കു നാം വകവച്ചു കൊടുത്തിരിക്കുന്നു.
|
- ↑ ഗ്രീക്കുപുരാണത്തിൽ മരിച്ചവർ മരണദേശത്തു നിന്നു രക്ഷപ്പെടാതിരിക്കാനായി കാവൽ നില്ക്കുന്ന അഞ്ചു തലകളുള്ള നായ