close
Sayahna Sayahna
Search

സാഹിത്യവാരഫലം 1984 07 29


സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം കലാകൗമുദി
തിയതി 1984 07 29
ലക്കം 463
മുൻലക്കം 1984 07 22
പിൻലക്കം 1984 08 05
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക



എം ഗോവിന്ദന്‍

എം ഗോവിന്ദന്‍

സുന്ദരനും ചെറുപ്പക്കാരനുമായ രോഗി ആശുപത്രിയില്‍ കിടക്കുന്നു. അയാള്‍ക്കു മരുന്നു കൊടുക്കേണ്ട സമയമായപ്പോള്‍ സുന്ദരിയും ചെറുപ്പക്കാരിയുമായ നേഴ്സ് ഗുളിക കൊണ്ടുവന്ന് ʻമരുന്നു തരട്ടേʼ എന്നു മധുരമായി ചോദിക്കുന്നു. അയാള്‍ ചുണ്ടുകള്‍ വിടര്‍ത്തുന്നു. നേഴ്സ് രോഗിയുടെ വായ്ക്കകത്തേക്ക് ഗുളിക ഇട്ടു വെള്ളമൊഴിച്ചുകൊടുക്കുന്നു. തിടുക്കത്തില്‍ പോകുകയാണ് അവള്‍ മറ്റൊരു രോഗിക്കു മരുന്നുകൊടുക്കാന്‍. രോഗിയുടെ സൗന്ദര്യം നേഴ്സില്‍ ഒരു ചലനവുമുളവാക്കുന്നില്ല. നേഴ്സിന്റെ സൗന്ദര്യം രോഗി ശ്രദ്ധിക്കുന്നതേയില്ല. തിടുക്കത്തിലുള്ള അവളുടെ നടത്തത്തിന്റെ പാലമായ നിതംബചലനം രോഗി കാണുന്നില്ല കണ്ടാലും അയാള്‍ക്കു വികാരമൊന്നുമുണ്ടാകുന്നില്ല. ആശുപത്രിയുടെ വരാന്തയില്‍ നില്ക്കുന്നവര്‍ നേഴ്സിന്റെ പരിചരണം കണ്ടുവെന്നു വിചാരിക്കു. അവര്‍ ആ പ്രവൃത്തിയെ അംഗീകരിച്ചിട്ടു് മനസ്സുകൊണ്ടു നേഴ്സിനെ അഭിനന്ദിക്കുകയേയുള്ളൂ. എന്നാല്‍ ഈ രോഗിതന്നെ അരോഗാവസ്ഥയില്‍ വീട്ടിലിരിക്കുകയാണെന്നും നേഴ്സ് ആശുപത്രി ജോലിക്കാരിയല്ലാത്ത മട്ടില്‍ അയാളുടെ അടുത്ത് ഇരിക്കുകയാണെന്നും വിചാരിക്കു. അവള്‍ ഗുളികയ്ക്കുപകരം മധുരപലഹാരമാണ് അയാളുടെ വായ്ക്കകത്തു വച്ചുകൊടുക്കുന്നതെന്നും കരുതൂ. അവള്‍ അതിനുശേഷം നിതംബം ചലിപ്പിച്ചു നടന്നുപോയാല്‍? അയാള്‍ ചാടിയെഴുന്നേറ്റ് അവളെ കൈകള്‍ക്കുള്ളിലാക്കും. അക്കാഴ്ച കാണുന്നവര്‍ കൂവും. ചിലര്‍ കല്ലെടുത്ത് എറിഞ്ഞെന്നുവരും. പരിതസ്ഥിതികളാണ് പ്രവര്‍ത്തനങ്ങള്‍ക്കു മാന്യതയും അമാന്യതയും ഉണ്ടാക്കുന്നത്. ലൈംഗികവര്‍ണ്ണനകള്‍ വിദഗ്ദ്ധന്മാര്‍ നിര്‍വ്വഹിക്കുമ്പോള്‍ അതിന്റെ ലൗകികാംശം നശിച്ച് ആദരണീയവും സ്വീകരണീയവുമാകുന്നു.

വെണ്ണതോല്ക്കുമുടലില്‍ സുഗന്ധിയാ-
മെണ്ണതേച്ചരയിലൊറ്റമുണ്ടുമായ്
തിണ്ണമേടാരുളുമാനതാംഗിമു-
ക്കണ്ണനേകി മിഴികള്‍ക്കൊരുത്സവം

എന്നു വള്ളത്തോള്‍ എഴുതുമ്പോള്‍ അതിന്റെ വൈഷയികത്വം നമുക്കു ജുഗുപ്സ ഉളവാക്കുന്നില്ല എന്നാല്‍ ʻʻഭാഗ്യം മഹാഭാഗ്യമിങ്ങനെയെന്‍ തോഴീ ഭാഗ്യം നിറഞ്ഞ മുലകളുണ്ടോ?ˮ എന്നു കെ എം പണിക്കര്‍ എഴുതുമ്പോള്‍ നമുക്ക് അറപ്പും വെറുപ്പും ഉണ്ടാകുന്നു. വള്ളത്തോള്‍ ആശുപത്രിയിലെ നേഴ്സിനെപ്പോലെയാണ്. കെ. എം. പണിക്കര്‍ മധുരപലഹാരമെടുത്തു കാമുകന്റെ വായ്ക്കകത്ത് വച്ചുകൊടുത്തിട്ട് ചന്തികുലുക്കി നടക്കുന്ന പെണ്ണിനെപ്പോലെയാണ്. ഇപ്പോള്‍ നമ്മുടെ സാഹിത്യത്തില്‍ ഈ രീതിയില്‍ നടക്കുന്ന പെണ്ണുങ്ങളാണ് അധികം. അവരുടെ നടത്തം കാണാനാണ് പലര്‍ക്കും കൗതുകം.

ഈ കൗതുകം മാത്രമുള്ളവര്‍ എം. ഗോവിന്ദന്റെ ʻʻഒരു കന്നിയുടെ കഥˮ എന്ന മനോഹരമായ കാവ്യം വായിക്കേണ്ടതില്ല (മാതൃഭൂമി ആഴ്ചപ്പതിപ്പ് — ലക്കം 17). കാരണം, അദ്ദേഹം ലൈംഗിക വികാരത്തെ പ്രകൃതിയില്‍ ആരോപിച്ച് വാക്കിന്റെ വൈഭവം കൊണ്ട് അതിനെ വിമലീകരിച്ചിരിക്കുകയാണ്. മലയും അലയും ഇണചേര്‍ന്നു ജനിച്ച മലയാളക്കന്നിയുടെ വിവാഹമാണ് പ്രതിപാദ്യം. ജീവിതത്തെയും — നിത്യജീവിതത്തെയും — പ്രകൃതിയെയും ഒന്നായിക്കണ്ട് അതിനെ ചേതോഹരമായി ആവിഷ്കരിക്കുകയാണ് കവി. ഇവിടെ പ്രകൃതി എതിര്‍ക്കപ്പെടേണ്ട ʻപ്രതിഭാസʼ മല്ല. അല്ലെന്നു മാത്രമല്ല അതു നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമായി പരിണമിക്കുകയും ചെയ്യുന്നു. കവി യുക്തി ചിന്തകൊണ്ടു പ്രകൃതിയെ ഹ്യൂമനൈസ് ചെയ്തു അതിനെ നമ്മുടെ ജീവിതത്തിന്റെ ഒരു ഭാഗമാക്കിത്തീര്‍ത്തിരിക്കുന്നു. ഗോവിന്ദന്റെ കാവ്യവിപഞ്ചികയില്‍ നിന്ന് ഉതിരുന്ന നാദമധുരിമ ആസ്വദിച്ചാലും:

ʻʻപൂന്തിങ്കള്‍ ചന്ദ്രിക ചാര്‍ത്തുമ്പോള്‍
പുളകം കൊള്ളുന്നവളെന്തിന്നോ!
പുലരിയില്‍ മഞ്ഞണി മലര്‍മൊട്ട്
വരിയുമ്പോളെന്തേ വിമ്മിട്ടം?
ചന്ദനക്കാറ്റു തഴുകുമ്പോള്‍
കന്ദര്‍പ്പകല്പന കരളിലുണ്ടോ?ˮ

ലിറ്റററി സ്റ്റോറീ

ഡി.എച്ച്. ലോറന്‍സ്

ഡി.എച്ച്. ലോറന്‍സ് എന്ന ഇംഗ്ലീഷ് സാഹിത്യകാരന്‍ വേറൊരുത്തന്റെ (ഗുരുനാഥന്റെ എന്നാണ് എന്റെ ഓര്‍മ്മ) ഭാര്യയുമായി ഒളിച്ചോടി ഈ ഒളിച്ചോട്ടത്തെക്കുറിച്ച് അദ്ദേഹം Look! We have come through (നോക്കൂ. ഞങ്ങള്‍ രക്ഷപ്പെട്ടിരിക്കുന്നു) എന്ന പേരില്‍ ഒരു കാവ്യസമാഹാരഗ്രന്ഥം പ്രസിദ്ധപ്പെടുത്തി ഇതു കണ്ട തത്ത്വചിന്തകനായ ബര്‍ട്രന്‍സ് റസ്സല്‍ ചോദിച്ചു: They may have come through, but why should I look? (അവര്‍ രക്ഷപ്പെട്ടിരിക്കാം, പക്ഷേ, ഞാനെന്തിനു നോക്കണം). ഏതെങ്കിലും കാവ്യം വായിച്ചിട്ട്, കഥ വായിച്ചിട്ട് ഇങ്ങനെയൊരു പരിഹാസപരമായ ചോദ്യം പരിണത പ്രകാരം ചോദിച്ചാല്‍ അതിന്റെ അര്‍ത്ഥം, കലാസൃഷ്ടിയെന്ന നിലയില്‍ അതു പരാജയപ്പെട്ടിരിക്കുന്നു എന്നാണ്.

ഷേക്സ്പിയറിന്റെ ʻഹാംലറ്റ്ʼ നാടകം. ഡന്‍മാര്‍ക്കിലെ മഹാനായ രാജാവിനെ അദ്ദേഹത്തിന്റെ സഹോദരന്‍ ക്ലോഡിയസ് വധിച്ചു. മരിച്ച രാജാവിന്റെ പ്രേതം അവിടെ പ്രത്യക്ഷപ്പെട്ടു. അത് ആദ്യമായിക്കണ്ട ഹൊറേഷ്യോ അക്കാര്യം ഹാംലിറ്റ് രാജകുമാരനോടു (മരിച്ച രാജാവിന്റെ മകനോട്) പറയുകയാണ്: It would have amazʼd you. അതുകേട്ട രാജകുമാരന്റെ മറുപടി: Very like very like. Stayʼd it long? ഹാംലിറ്റിന്റെ ഈ ചോദ്യം ഷേക്സ്പിയറിന്റെ കേവല ഭാവനയെ (absolute imagination) കാണിക്കുന്നു വെന്ന് ആബക്രുംബി (Abercrobie) എന്‍സൈക്ലപീഡിയ ബ്രിട്ടാനിക്കയില്‍ എഴുതിയിട്ടുണ്ട് (പഴയ പ്രസാധനം Poetry എന്ന വിഭാഗം). ഷേക്സ്പിയര്‍ ആ സന്ദര്‍ഭത്തില്‍ ഹാംലിറ്റ് രാജകുമാരനായി മാറിയെന്നാണ് ആബക്രുംബി പറയുന്നത്. കലാശക്തി കുറഞ്ഞ കവിയാണെങ്കില്‍ സുദീര്‍ഘമായ ഒരു ഭാഷണം രാജകുമാരന്‍ ʻʻവച്ചുകൊടുക്കുˮമായിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു (ഓര്‍മ്മയില്‍ നിന്നെഴുതുന്നത്). ഇനി ഈ.വി. കൃഷ്ണപിള്ളയുടെ ʻʻരാജാകേശവദാസന്‍ˮ എന്ന നാടകത്തിലെ ഒരു ഭാഗം കണ്ടാലും. കേശവപിള്ളയെ അറസ്റ്റ് ചെയ്യുന്ന സന്ദര്‍ഭം ʻവയ്ക്കൂ ഈ കൈകള്‍ക്കു വിലങ്ങു്ʼ എന്നു് അദ്ദേഹം പറഞ്ഞയുടനെ സാവിത്രി ഒരു പ്രസംഗം കാച്ചിവിടുന്നു: ഏതു കൈകള്‍ക്ക് അമ്മാവാ? ഏതു കൈകള്‍ക്കെടോ ശേവുകക്കാരന്‍ പിള്ളേ വിലങ്ങുവക്കേണ്ടതു്? ഞാന്‍ പറയാം ഏതു കൈകള്‍ക്കെന്ന്. കാര്‍ത്തികതിരുനാള്‍ ശ്രീരാമവര്‍മ്മ മഹാരാജാവു തിരുമനസ്സുകൊണ്ടു് ഏതു കൈകള്‍ കാഴ്ചകണ്ട ദിവസമാണോ രാജ്യത്തിലെ ക്ഷാമം തീരെ നീങ്ങത്തക്കവണ്ണം ധാരാളം സാമാനങ്ങള്‍ തിരുമനസ്സിലേക്കു നല്കിയതു്, ആ കൈകള്‍ രാജ്യത്തിലെ അന്തച്ഛിദ്രംമൂലം പണമില്ലാതെ കുചേലഭവനമായ സന്ദര്‍ഭത്തില്‍ എട്ടു കൈകള്‍ കൊണ്ടു കണക്കെഴുതി ആ ശാഖയിലെ കുഴപ്പം തീര്‍ത്തു് തിരുമനസ്സിലെ അംഗാതത്തില്‍ സ്വര്‍ണ്ണനാണയം വാരിയിട്ടു നിറച്ചുവോ ആ കൈകള്‍ ...ˮ ഇങ്ങനെ അഞ്ചു മൈലോളം നീളുന്ന ഈ മൈതാനപ്രസംഗം. വികാരം മൂര്‍ദ്ധന്യാവസ്ഥയില്‍ എത്തിനില്ക്കുന്ന സന്ദര്‍ഭത്തില്‍ സാവിത്രിക്ക് ഇങ്ങനെ പ്രസംഗിക്കാന്‍ സാധിക്കുകയില്ല. Very like, Very like. Stayʼd it long? എന്നു രാജകുമാരന്‍ പറയുമ്പോള്‍ നമ്മള്‍ ആ കഥാപാത്രവുമായി താദാത്മ്യം പ്രാപിക്കുന്നു. സാവിത്രിയുടെ പ്രസംഗം കേള്‍ക്കുമ്പോള്‍ നമുക്കു് അവളോടു വെറുപ്പു് ഉണ്ടാകുന്നു. തറടിക്കറ്റുകാര്‍ അതു കേട്ടു കൈയടിക്കുമെങ്കിലും വിവേകമുള്ളവര്‍ ʻനിര്‍ത്തു് നിന്റെ പ്രസംഗംʼ എന്നു് മനസ്സിലെങ്കിലും പറയും. മുഹമ്മദ് റോഷന്റെ കഥകളില്‍ എല്ലാമുണ്ടു്, ആഖ്യാനം, സ്വഭാവ ചിത്രീകരണം, ആവശ്യകതയില്‍ക്കവിഞ്ഞ സെക്സ്, ആരംഭത്തിന്റേയും പര്യവസാനത്തിന്റെയും ഭംഗി — ഇങ്ങനെ പലതും. പക്ഷേ, കഥ വായിച്ചു തീരുമ്പോള്‍ റസ്സലിനെപ്പോലെ But why should I look? എന്നു ചോദിക്കാന്‍ തോന്നിപ്പോകുന്നു. ʻവാഗ്ദാനംʼ എന്ന ചെറുകഥയും ഈ ദോഷത്തില്‍ നിന്നു മോചനം പ്രാപിച്ചതല്ല. വിവാഹദിനാഘോഷം. ഭാര്യയ്ക്കു സന്താനമില്ലാത്തതിനാല്‍ ദുഃഖം. ദുഃഖിക്കുന്ന ആ പെണ്ണിന്റെ നേര്‍ക്കു സഹതാപത്തിന്റെ നീര്‍ച്ചാലു് ഒഴുകാത്തതെന്തേ? കഥ കൂടുതല്‍ ʼലിറ്റററിʼ ആകുന്നതിന്റെ തകരാറാണിതു് (കഥ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍).

* * *

വേദവും വേദാന്തവും പഠിപ്പിക്കുന്ന ഒരു സംസ്കൃതക്കാരന്റെ അടുത്തിരുന്നു് ഞാന്‍ ഉണ്ണുകയായിരുന്നു. തൊലിയുരിക്കാത്ത ചാളമീന്‍ കറിയാക്കിയതിന്റെ വാട അദ്ദേഹത്തിന്റെ ഇലയില്‍നിന്നു് ഉയരുന്നു. എനിക്കു് ഓക്കാനം. പെട്ടെന്നു് അദ്ദേഹമൊരു ചോദ്യം: ʻʻഈ മത്സ്യത്തിന്റെ രസം അല്പം സാറിന്റെ ചോറിലേക്കു് ഒഴിക്കട്ടെ?ˮ മറുപടി: ʻʻഅയ്യോ വേണ്ട. ഞാന്‍ മീന്‍ കൂട്ടുകയില്ല സാര്‍. സാറ് കഴിച്ചാട്ടെ.ˮ ʻമീന്‍ചാറ് ചോറ്റില്‍ ഒഴിക്കട്ടോʼ എന്നു ചോദിച്ചാല്‍ മതിയാവുകയില്ലേ? എന്റെ ഭാഗ്യം. ʻഈ ഝഷരസം ഭവാന്റെ മാനത്തിലേക്കു് അല്പഭാഗമായി സ്രാവണം ചെയ്യുന്നതില്‍ വിപ്രതിപത്തിയുണ്ടോ?ʼ എന്നു് അദ്ദേഹം ചോദിച്ചില്ല.

അയ്യേ, പങ്കം

ഫ്രാങ്സ്വ മോറ്യാക്ക്

ʻഭാഷാപോഷിണിʼയുടെ ആറാംലക്കം നോക്കുക. പുറംചട്ടയുടെ മൂന്നാമത്തെ പുറത്ത് ʻʻഫ്രാന്‍കോയിസ് മോറിയാക്കിˮ നെക്കുറിച്ചു് ഒരു കുറിപ്പുണ്ട്. ആ പേരില്‍ ഒരുത്തനും ഫ്രാന്‍സ് രാജ്യത്തില്ല. 1952-ല്‍ നോബല്‍ സമ്മാനം നേടിയ സാഹിത്യകാരന്‍ ഫ്രാങ്സ്വ മോറ്യാക്കാണു് (Francois Mauriac). മോറ്യാക്ക് ʻʻജാര്‍ദിന്‍ ദ് എന്‍ഫാന്റിലും പിന്നെ ഇന്‍സ്റ്റിറ്റ്യൂഷന്‍ ഡു ഫ്രാന്‍സ് ലബ്രണിലുമാണു് വിദ്യാഭ്യാസം കഴിച്ചˮതെന്നു് കുറിപ്പില്‍ കാണുന്നു. വിദ്യാഭ്യാസത്തെ കേറിയങ്ങു കഴിച്ചതു പോകട്ടെ. ജാര്‍ജിന്‍ ദ് എന്‍ഫാന്റില്‍ എന്നും ഇന്‍സ്റ്റിറ്റ്യൂഷന്‍ ഡു ഫ്രാന്‍സ് ലബ്രണ്‍ എന്നും മറ്റും സ്ഥാപനങ്ങളില്ല. സായ്പിന്റെ ഭാഷയില്‍ അച്ചടിച്ചു കണ്ടാലേ ഇതൊക്കെ തിരുത്താനാവൂ. Le-brun എന്നാണു് രൂപമെങ്കില്‍ ല ബ്രോയിങ് എന്നാണു് ശരിയായ ഉച്ചാരണത്തോടു് അടുത്ത ഉച്ചാരണം. Institur de France എന്നാണു് വെള്ളക്കാരന്‍ എഴുതിയതെങ്കില്‍ അതിന്റെ ഉച്ചാരണം ആങ്സ്റ്റീറ്റു ദ ഫ്രാങ്സ് എന്നാണു്.

ʻഭാഷാപോഷിണിʼയുടെ ഈ ലക്കത്തില്‍ പ്രൊഫെസര്‍ ഗുപ്തന്‍ നായരും കേശവദേവിനെപ്പറ്റി എഴുതിയിട്ടുണ്ട്. ആ പ്രബന്ധത്തില്‍ ഇങ്ങനെയൊരു വാക്യം. ʻʻഅയല്ക്കാരില്‍ പ്രതിഫലിതമായ സാമൂഹ്യയാഥാര്‍ത്ഥ്യങ്ങളെപ്പറ്റി വലിയ അഭിപ്രായവ്യത്യാസത്തിനു കാര്യമില്ലˮ (പുറം 68). ʻʻസാമൂഹ്യംˮ എന്ന പ്രയോഗം തെറ്റാണു്. സാമൂഹികഃ എന്നതാണു് ശരി (സാമൂഹ്യം വ്യാകരണദൃഷ്ട്യാ സാധുവല്ല — പ്രക്രിയാ ഭാഷ്യം, പുറം 520). അദ്ദേഹം റൊമങ് റൊലാങ് (Romain Rolland) എന്ന സംജ്ഞാനാമത്തെ റൊളാന്‍ എന്നാക്കിയിരിക്കുന്നു. റൊലാങ്ങിന്റെ നോവല്‍ ഷാങ് ക്രീസ്തോഫാണു് (Jean Christophe). ഗുപ്തന്‍ നായരുടെ കൈയില്‍ അതു ഷാണ്‍ ക്രിസ്തോഫായി രൂപാന്തരം പ്രാപിച്ചിരിക്കുന്നു. ʻʻദേവിന്റെ വാചാലത സവിശേഷമായ ഒരു രീതിയിലാണു പ്രകടമാകുന്നതു്ˮ എന്നു വേറൊരു വാക്യം (പുറം 69). വിശേഷമെന്നാല്‍ ഒന്നു് എന്നര്‍ത്ഥം. അപ്പോള്‍ സവിശേഷമായ ഒരു രീതി എന്നെഴുതാമോ? ʻʻസവിശേഷമായ രീതിയിലാണു പ്രകടമാകുന്നതു്ˮ എന്നേ ആകാവൂ. ഇതൊക്കെ കുറച്ചിലാണു് സാറേ. തിരുവനന്തപുരത്തെ അടുക്കളക്കാരികളുടെ ഭാഷയിലാണെങ്കില്‍ ʻʻഅയ്യേ, പങ്കം, പങ്കം.ˮ

സ്വകാര്യ ദുഃഖം

ജീവിച്ചിരുന്നവരോ ജീവിക്കുന്നവരോ ആയ ആളുകളെ നോവലിസ്റ്റുകള്‍ തങ്ങളുടെ കൃതികളില്‍ കഥാപാത്രങ്ങളായി അവതരിപ്പിക്കുമ്പോള്‍ ആ കഥാപാത്രങ്ങള്‍ വിജയം പ്രാപിക്കാറില്ല. വ്യക്തികളോടു ശത്രുതയോ സ്നേഹമോ കാണുമല്ലോ. ആ വികാരത്തോടുകൂടി അവരെ നോവലില്‍ കൊണ്ടുവരുമ്പോള്‍ കലയുടെ അര്‍ത്ഥനകള്‍ക്കു യോജിച്ച വിധത്തില്‍ അവര്‍ ʻഫിക്ഷനല്‍ ക്യാരക്ടേഴ്സ്ʼ ആവുകയില്ല ആകണമെങ്കില്‍ വ്യക്തിശത്രുതയും വ്യക്തിസ്നേഹവും മാറ്റിവയ്ക്കണം. ദസ്‌തയേവ്സ്തി, തുര്‍ഗന്യേഫിനെ കഥാപാത്രമാക്കി, പരാജയപ്പെടുകയും ചെയ്തു. ദസ്‌തയേവ്സ്തി പരാജയപ്പെട്ടപ്പോള്‍ ഇര്‍വിങ് സ്റ്റോണ്‍ പരാജയപ്പെട്ടുവെന്നു് എന്തിനു് എടുത്തു പറയണം? അദ്ദേഹത്തിന്റെ ജീവചരിത്രവിഷയങ്ങളായ എല്ലാനോവലുകളും പരാജയങ്ങളാണു്. ഡാര്‍വിനെക്കുറിച്ച് അദ്ദേഹമെഴുതിയ നോവലും അടുത്തകാലത്തു ഞാന്‍ വായിച്ചു. അതു കലാസൃഷ്ടിയേയല്ല.

വയലാര്‍ രാമവര്‍മ്മയോടു ശത്രുതയുണ്ടായിരുന്ന ഒരു നോവലിസ്റ്റ് അദ്ദേഹത്തിന്റെ ദ്വിതീയ വിവാഹത്തെ പരിഹസിച്ചുകൊണ്ടു നോവലെഴുതി. ചവറായിരുന്നു അതു്. സാഹിത്യം വ്യക്തി നിഷ്ഠങ്ങളായ ഇഷ്ടാനിഷ്ടങ്ങളും ദുഃഖങ്ങളും ഒഴുക്കിവിടാനുള്ള പ്രണാളിയല്ല. പ്രമീളാ നായര്‍ വളരെക്കാലമായി ഒരു സ്വകാര്യദുഃഖം ഒരേതരത്തില്‍ ആവിഷ്കരിക്കുന്നു. ഈ ആഴ്ചത്തെ മലയാള നാടു വാരികയിലുണ്ടു് അതിന്റെ ആവര്‍ത്തനം കേട്ടാലും.

ʻʻഅതുകൊണ്ട് ഞാന്‍ വല്ല പടങ്ങളും കാണാന്‍ പോകണമോ എന്നു് ആലോചിക്കുമ്പോഴെക്കും മകള്‍ പറയും അതു് അമ്മയ്ക്കു പറ്റില്ല. ഭര്‍ത്താവു ഭാര്യയെ ഇട്ടേച്ചു പോയ കഥയാണു്. അവിടെയിരുന്നു കണ്ണും മൂക്കും പിഴിയലായിരിക്കും പണി, ചങ്ങാതിമാരോടൊപ്പം പൊയ്ക്കൊള്ളാം.ˮ

ഏതു വ്യക്തിയെ പ്രമീളാ നായര്‍ മനസില്‍ കാണുന്നുവോ ആ വ്യക്തിയുടെ സ്വത്ത്വത്തെ വിശ്വസിക്കത്തക്ക വിധത്തില്‍ പരിവര്‍ത്തനം ചെയ്തു് ത്യാജ്യഗ്രാഹ്യ­വിവേചനത്തോടെ ആവിഷ്കാരം നിര്‍വഹിച്ചാല്‍ ʻഫിക്ഷനല്‍ ലവലില്‍ʼ ആ കഥാപാത്രം അംഗീകരിക്കപ്പെടും. ആത്മകഥകള്‍ പോലും രസപ്രഭങ്ങളാവുന്നതു് ഇമ്മട്ടിലാണ് (ഉദാ: കാസാന്‍ദ്സാക്കീസിന്റെ Report to Greco പായ്ലോ നെറുതയുടെ Memoirs). ഈ സത്യം പ്രമീളാ നായര്‍ ഗ്രഹിച്ചില്ലെങ്കില്‍ വായനക്കാരുടെ വൈരസ്യം അവര്‍ വര്‍ദ്ധിപ്പിച്ചു­കൊണ്ടിരിക്കുമെന്നേ എനിക്കെഴുതാനുള്ളൂ.

* * *

മാതൃഭൂമിയിലാണെന്ന് തോന്നുന്നു ഞങ്ങള്‍ ഒരു വലിയ മരം കെട്ടിപ്പിടിച്ചുകൊണ്ടു നില്ക്കുന്ന പടം കണ്ടു. അയാള്‍ ʻʻമരസ്നേഹിˮയാണത്രേ. (ലേഖനം വായിച്ചില്ല) ഈ മരസ്നേഹം വെറും കാപട്യമാണു്. മനുഷ്യനു് മനുഷ്യനോടു പോലും സ്നേഹമില്ല, കാരുണ്യമില്ല. ഒരു യാചകനു് ആദ്യത്തെ ദിവസം ഒരു രൂപ നമ്മള്‍ കൊടുത്തെന്നുവരും. അടുത്ത ദിവസം അതു് അമ്പതു പൈസയാകും. മൂന്നാമത്തെ ദിവസം ഇരുപത്തഞ്ചു പൈസ. നാലാമത്തെ ദിവസം പത്തു പൈസ. അഞ്ചാമത്തെ ദിവസം തലവെട്ടിച്ചുപോക്കു്. യാചകന്‍ ശല്യപ്പെടുത്തിയാല്‍ പൊലീസിനെ അറിയിക്കുമെന്നു ഭീഷണി. ഇതാണു മനുഷ്യന്റെ സ്വഭാവം. അറുത്ത കൈയ്ക്കു് ഉപ്പു വയ്ക്കാത്തവര്‍ ʻമരം, മരംʼ എന്നു വിളിക്കുകയും അതിനെ ആശ്ലേഷിക്കുകയും ചെയ്തു് നമ്മെ ഏഭ്യന്മാരാക്കുന്നതെന്തിനു്? പ്രതിദിനം എത്രപേരാണു കത്തിക്കുത്തേറ്റം വെടിയേറ്റും മരിക്കുന്നതു്? അതിലൊന്നും ഒരു തുള്ളി കണ്ണീര്‍ പൊഴിക്കാതെ മരത്തെ കെട്ടിപ്പിടിക്കുന്നു. എന്തൊരു ഹിപോക്രിസി!

മീഷല്‍ ഫൂക്കോ

മീഷല്‍ ഫൂക്കോ

ഫ്രഞ്ച് ചിന്തകനായ മീഷല്‍ ഫൂക്കോ (Michel Foucault) അമ്പത്തേഴാമത്തെ വയസ്സില്‍ ക്യാന്‍സര്‍ രോഗത്താല്‍ പാരീസില്‍വെച്ചു് നിര്യാതനായിരിക്കുന്നു. Madness and Civilization (1961), Discipline and Punish (1975). History of Sexuality (1976). The Archaeology of Knowledge (1969), The Order of Things (1966) ഇവയാണു് അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട ഗ്രന്ഥങ്ങള്‍. The Order of Things എന്ന പുസ്തകം സാര്‍ത്രിന്റെ പ്രഖ്യാതങ്ങളായ രണ്ടു മാര്‍ശനിക ഗ്രന്ഥങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും ഉത്കൃഷ്ടം എന്നാണു് അഭിജ്ഞമതം. ആധുനിക ഫ്രഞ്ച് തത്ത്വചിന്തയില്‍ എന്തെന്നില്ലാത്ത സ്വാധീനശക്തി ചെലുത്തിയ ഈ ഗ്രന്ഥത്തെക്കുറിച്ചു് ഫൂക്കോ പറയുന്നു:

Thus in every culture, between the use of what one might call the ordering codes and reflections upon order Itself, there is the pure experience of order and of its modes of being. The present study is an attempt to analyse that experience (Preface Page XXI).
ആദ്യ പതിപ്പിന്റെ കവര്‍

ആറു വാല്യങ്ങളായി The History of Sexuality പ്രസാധനം ചെയ്യാനാണു് ഫൂക്കോ വിചാരിച്ചിരുന്നതു്. ഗ്രന്ഥം പൂര്‍ണ്ണമാകുന്നതിനു മുന്‍പു് അദ്ദേഹം മരിച്ചുപോയി. ഇതിന്റെ ഒന്നാം വാല്യം ഈ ലേഖകന്‍ വായിച്ചിട്ടുണ്ട്. പതിനേഴാം ശതാബ്ദത്തില്‍ സെക്സിനെക്കുറിച്ചു തുറന്നു സംസാരിക്കാമായിരുന്നു. വിക്ടോറിയന്‍ യുഗമായപ്പോള്‍ അതു മാറി. ʻനിശ്ശബ്ദത നിയമമായിʼ (Silence became the rule — Foucault). സെക്സ് ശയനമുറിയില്‍ മാത്രം ഒതുങ്ങി. കുഞ്ഞുങ്ങള്‍ക്കു് സെക്സില്ല. ആ സങ്കല്പത്തിനു് എതിരായി അവരുടെ പെരുമാറ്റങ്ങള്‍ ഉണ്ടായപ്പോള്‍ അച്ഛനമ്മമാര്‍ കണ്ണുപൊത്തി, കാതുകള്‍ അടച്ചു. ഫൂക്കോ ഇവിടെത്തുടങ്ങുന്നു. എന്നിട്ടു് നമ്മളെന്തിനു സെക്സിനെ അപഗ്രഥിക്കുന്നു എന്നു വിശദമാക്കുന്നു. അവിടെ നിന്നു സെക്സിന്റെ സാമൂഹികാംശങ്ങളിലേക്കു കടക്കുന്നു. ഉജ്ജ്വലങ്ങളായ ചിന്താരത്നങ്ങള്‍ നിറച്ചുവച്ച ഗ്രന്ഥമാണിതു്. ഫൂക്കോയുടെ മറ്റു ഗ്രന്ഥങ്ങല്‍ എനിക്കു കിട്ടിയിട്ടില്ല.

ഫ്രാന്‍സിലെ പ്വാത്യേ (Poitlers) പട്ടണത്തിലാണു് ഫൂക്കോ ജനിച്ചതു്. നിയോമാര്‍ക്സിസ്റ്റ് Louis Althusser അദ്ദേഹത്തിന്റെ ഗുരുനാഥനായിരുന്നു. കൊലെഷ് ദ ഫ്രാങ്സിലെ (College de France) പ്രൊഫസറായിരുന്ന ഫൂക്കോയുടെ മരണം തത്ത്വചിന്താപ്രതിപത്തിയുള്ളവരെ എല്ലാക്കാലത്തും വേദനിപ്പിക്കും.

ഭ്രംശം

സീമോന്‍ ദ ബോവ്വാര്‍

സീമോന്‍ ദ ബോവ്വാര്‍ എഴുതിയ Second Sex എന്ന ഗ്രന്ഥത്തില്‍ ʻʻWoman exhausts her courage dissipating mirages and she stops in terror at the threshold of reality എന്നും No woman wrote ʻʻThe Trialˮ, ʻʻMoby Dickˮ, ʻʻUlyssesˮ or ʻʻSeven Pillars of Wisdomˮ എന്നും പറഞ്ഞിട്ടുണ്ടു് (പുറം 719, 720).

സത്യത്തിന്റെ വാതില്ക്കല്‍ ഭയപ്പെട്ടു നില്ക്കുന്ന സ്ത്രീക്കു് കാഫ്‌കയെപ്പോലെ, മെല്‍വിലിനെപ്പോലെ, ജോയിസ്നെപ്പോലെ, ടി.ഈ. ലോറന്‍സിനെപ്പോലെ എഴുതാനാവില്ല. എങ്കിലും അവരുടെ കൂട്ടത്തില്‍ വര്‍ജീനിയ വുള്‍ഫും ഡൊറിസ് ലസ്സിങ്ങും ഐസക്ക് ഡിനിസനും ഉണ്ടു് (Isak Dineson — ഡാനിഷ് എഴുത്തുകാരി). ഇവരുടെ സവിശേഷമായ ഭാവനയെ Female imagination എന്നു Patricia Meyer Spacks വിളിക്കുന്നു (The Female imagination എന്ന പുസ്തകം നോക്കുക). ഇവരുടെ പ്രതിഭയെക്കുറിച്ചു പറഞ്ഞിട്ടു് പൈങ്കിളിക്കഥകള്‍ എഴുതുന്ന കേരളത്തിലെ പെണ്‍പിള്ളേരുടെ പ്രതിഭാദാരിദ്ര്യത്തെക്കുറിച്ചു പറ‍ഞ്ഞാല്‍ അതു് അവിവേകമായിവരും. പ്രകാശത്തെയും അന്ധകാരത്തെയും താരതമ്യപ്പെടുത്തേണ്ടതുണ്ടോ? മനോരാജ്യത്തിലെ ʻഫോട്ടോ തിരിച്ചയയ്ക്കുന്നുˮ എന്നകഥ (കമലാനാരായണന്‍ എഴുതിയതു്) ഇരുട്ടു പരത്തുന്നു. ദരിദ്രയായ പെണ്‍കുട്ടി പരസ്യം കണ്ടിട്ടു സ്വന്തം ഫോട്ടോ വച്ച് പുരുഷനു കത്തയയ്ക്കുന്നു. അയാള്‍ ഫോട്ടോ തിരിച്ചയയ്ക്കുന്നു. പെണ്‍കുട്ടി അടുത്ത പരസ്യത്തിനു വേണ്ടി കാത്തിരിക്കുന്നു.

ഇത്തരം കഥകള്‍ ഒരുതരം മാനസികച്യുതിയുടെ ഫലങ്ങളാണു്. Shut up എന്നു പറഞ്ഞാല്‍ കൊള്ളാമെന്നുണ്ടു് എനിക്കു്. പക്ഷേ അങ്ങനെ ആജ്ഞാപിച്ചാല്‍ ആരുണ്ടു കേള്‍ക്കാന്‍?

പരിഹാസത്തിലൂടെ

വിത്തം, വിദ്യ, രോഗം ഇവ മൂന്നും അന്യരുടെ മുന്‍പില്‍ പ്രദര്‍ശിപ്പിക്കരുതെന്നു് സ്മൃതികാരന്‍ അനുശാസിച്ചിട്ടുണ്ടു്. പ്രദര്‍ശിപ്പിച്ചാല്‍ അസ്വസ്ഥതയെ ക്ഷണിച്ചുവരുത്തുകയാവും ഫലം. അതുപോലെ സ്വന്തം കഷ്ടപ്പാടുകളെക്കുറിച്ചും അന്യരോടു പറയരുതു്. ആര്‍ക്കും അവ കേള്‍ക്കാന്‍ താല്പര്യമില്ല. എനിക്കിതു് അറിയാമെങ്കിലും ഞാന്‍ എന്റെ പ്രയാസങ്ങള്‍ മറ്റുള്ളവരോടു പറയാറുണ്ടു്. അവര്‍ വൈരസ്യത്തോടെ കോട്ടുവായിട്ടാലും നിറുത്താറില്ലതാനും. പക്ഷേ ഞാന്‍ സ്നേഹിക്കുന്നവരോടേ അതു പറയാറുള്ളൂ. ഇ.വി. ശ്രീധരന്റെ ʻʻദേവയാനിയുടെ അച്ഛന്‍ˮ എന്ന കഥയില്‍ (കലാകൗമുദി) സ്വന്തം ദുഃഖങ്ങള്‍ അന്യനെ പറഞ്ഞു കേള്‍പ്പിക്കുന്ന ഒരു വൃദ്ധനെ പരിഹാസച്ഛായയോടെ അവതരിപ്പിച്ചിരിക്കുന്നു. വൃദ്ധന്റെ മൂത്തമകള്‍ തൂങ്ങിമരിക്കുന്നു. അയാള്‍ കാശിയിലേക്കു പോകാന്‍ തീരുമാനിക്കുമ്പോള്‍ കഥ അവസാനിക്കുന്നു.

സ്വഭാവ ചിത്രീകരണം കഥാകാരന്റെ ആശയങ്ങളോടു ബന്ധപ്പെട്ടാണിരിക്കുന്നതു്. സ്വന്തം ദുഃഖം, സ്വന്തം മനസ്സില്‍ സൂക്ഷിക്കൂ. എന്ന ആശയം വൃദ്ധന്റെ സ്വഭാവത്തിലൂടെ സ്ഫുടീകരിക്കുന്നുണ്ടു് ഇവിടെ. റോമാന്‍സിന്റെ കഴുത്തില്‍പ്പിടിച്ചു് അതിനെ പുറന്തള്ളുന്ന റിയലിസമാണു് കഥാകാരനു് ഇഷ്ടം. ആ റിയാലിസത്തില്‍ പരിഹാസം കൂടി കലര്‍ത്താന്‍ അദ്ദേഹത്തിനു് കൗതുകമേറും.

* * *

മനുഷ്യനെക്കുറിച്ചു് ഏതു സമോന്യ സത്യമാണു് കഥാകാരന്‍ ആവിഷ്കരിക്കുന്നതെന്നു നിരൂപകന്‍ നോക്കണം. ആ സത്യത്തോടു യോജിക്കാതെതന്നെ കലാസ്വാദനം എന്ന പ്രക്രിയ നടക്കും.

നമ്പൂരി ഫലിതം

കുഞ്ഞുണ്ണി കലാകൌമുദിയില്‍ എഴുതിയ ഒരു ഫലിതം.

ബസ്സ്സ്റ്റാന്‍ഡില്‍ സ്ത്രീകള്‍ മൂത്രമൊഴിക്കുന്നിടത്തു ചെന്നു മൂത്രമൊഴിച്ചു കോണകവുമുടുത്തുകൊണ്ടു പുറത്തുവന്ന നമ്പൂരിയോടു് പൊലീസുകാരന്‍: ഇതു പെണ്ണുങ്ങള്‍ക്കുള്ളതാണെന്നറില്ല്യേ. അതു കേട്ടുനമ്പൂരി: ഇതും പെണ്ണുങ്ങള്‍ക്കുള്ളതന്ന്യാ.

ഇത്രകണ്ടു് അശ്ലീലസ്പൃഷ്ടമാകാത്ത ഒരു നേരമ്പോക്കു ഞാന്‍ കേട്ടിട്ടുണ്ടു്. അയാള്‍ ചാരായം വാറ്റുന്നതു് എക്സൈസുകാര്‍ കണ്ടില്ലെങ്കിലും അതിനുള്ള ഉപകരണങ്ങള്‍ വീട്ടില്‍ കണ്ടുകൊണ്ടു് അവര്‍ അയാളെ അറസ്റ്റ് ചെയ്തു കേസ്സാക്കി. മജിസ്ട്രേട്ട് പറഞ്ഞു: ʻʻപ്രതിയായ നിങ്ങള്‍ വാറ്റുന്നതു് എക്സൈസുകാര്‍ കണ്ടില്ലെങ്കിലും ഉപകരണങ്ങള്‍ കൈവശമുണ്ടായിരുന്നതിനാല്‍ വാറ്റാണു് നിങ്ങളുടെ സ്ഥിരം തൊഴിലെന്നു മനസ്സിലാക്കി ഞാന്‍ നിങ്ങളെ ആറുമാസം തടവിനു ശിക്ഷിക്കുന്നു.ˮ പ്രതി ഇതു കേട്ടു മജിസ്ട്രേട്ടിനെ അറിയിച്ചു: ʻʻഏമാനേ അങ്ങനെയാണെങ്കില്‍ ബലാത്സംഗക്കുറ്റത്തിനും എന്നെ ശിക്ഷിക്കാം. അതിനുള്ള ഉപകരണവും എന്റെ പക്കലുണ്ടു്.ˮ

* * *

എന്റെ പരിചയത്തില്‍പ്പെട്ട ഒരു കുടിയന്‍ തിരുവനന്തപുരത്തെ ടൗണ്‍ഹോളിനടുത്തുവന്നു് (സര്‍ക്കാര്‍ സ്ഥാപനം) ചോദിച്ചു: ʻʻടൗണ്‍ഹോള്‍ വിലയ്ക്കു കൊടുക്കുന്നുവെന്നു കേട്ടു. എവിടെച്ചെന്നു വാങ്ങണം?ˮ അതുകേട്ടയാള്‍ മറുപടി നല്കി: ʻʻഹോളിനകത്തുതന്നെ ചോദിച്ചാല്‍മതി.ˮ ʻʻശരിˮ എന്നു പറഞ്ഞു് അയാളൊരു നടത്തം.

രാത്രി കുട നിവര്‍ത്തിപ്പിടിച്ചു വേറൊരു കുടിയന്‍ പോയപ്പോള്‍ ഞാന്‍ ചോദിച്ചു: ʻʻഎന്തിനാണു് മഴയില്ലാത്ത ഈ രാത്രിയില്‍ കുട നിവര്‍ത്തിപ്പിടിച്ചിരിക്കുന്നതു്?ˮ അയാളുടെ മറുപടി: ʻʻനക്ഷത്രം വന്നു തലയിലെങ്ങാനും വീണാലോ?ˮ ഈ കുടിയന്‍ കവിയാകേണ്ടവനാണു്. ചിലപ്പോള്‍ ആയിരിക്കും. ആരറിഞ്ഞു? കലാസൃഷ്ടികള്‍ തലയില്‍ വീഴാതിരിക്കാനാണു് ഞാന്‍ ഈ വിമര്‍ശനമെന്ന കുട നിവര്‍ത്തിപ്പിടിച്ചിരിക്കുന്നതു്.

നീലപദ്മനാഭന്‍

നീലപദ്മനാഭന്‍

ചിലപ്പോള്‍ ബന്ധമുള്ളതും ചിലപ്പോള്‍ ബന്ധമില്ലാത്തതുമായ ചിത്രങ്ങളെ ഒരുമിച്ചു ചേര്‍ത്തു് ഒരു പാറ്റേണ്‍ ഉണ്ടാക്കുന്നതില്‍ വിദഗ്ദ്ധനാണു് നീലപദ്മനാഭന്‍. ചിത്രങ്ങള്‍ ചിത്രങ്ങളായി നില്ക്കും. ആകെക്കൂടിനോക്കിയാല്‍ പാറ്റേണ്‍ കാണുകയും ചെയ്യും. അതില്‍ അദ്ദേഹം പ്രദര്‍ശിപ്പിക്കുന്ന പ്രാഗല്ഭ്യം മറ്റു കഥാകാരന്മാരില്‍ വിരളമായേ കാണാനുള്ളു. ലൈംഗികവികാരം മറ്റേതു വികാരത്തെക്കാളും സുശക്തമാണു്. അതു് ഒരു പരിധികടന്നാല്‍ ഭ്രാന്തായി മാറും. ഒരുത്തന്റെ കാമം ഉന്മാദത്തോളം ചെന്നെത്തുന്നതു് നീലപദ്മനാഭന്‍ “പ്രകോപനങ്ങള്‍”. എന്ന കഥയില്‍ ചിത്രീകരിക്കുന്നു (കുങ്കുമം വാരിക).

സാധാരണങ്ങളായ ലൈംഗിക ചേഷ്ടകള്‍ നിയതവും (normal) അസാധാരണങ്ങളായവ അനിയതവും (abnormal) ആണെന്നു കരുതപ്പെടുന്നു. വിവാഹത്തിനു മുന്‍പുള്ള ലൈംഗികവേഴ്ച, സ്വയംഭോഗം ഇവ നിയതങ്ങളാണെന്നു ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. പ്രായം കൂടിയവര്‍ സെക്സ് പാടേ ഉപേക്ഷിക്കുന്നതു് അനിയതമത്രേ. നീലപദ്മനാഭന്റെ കഥാപാത്രം രതിക്കുവേണ്ടി ഒരു സ്ത്രീയോടു് അഭ്യര്‍ത്ഥിക്കുന്നതു് നിയത സ്വഭാവമാര്‍ന്നതല്ല. അതു് അനിയതമാണു്. ഈ അനിയത സ്വഭാവത്തെ കഥാപാത്രത്തിലൂടെ സ്പഷ്ടമാക്കുന്നു കഥാകാരന്‍.

കമന്റ്സ്

ഖുശ്പന്ത് സിങ്ങിന്റെ കാലുമാറ്റത്തെക്കുറിച്ചു് കെ.എസ്. ചന്ദ്രന്‍ ʻസാധുʼ മാസികയില്‍ യുക്തിപൂര്‍വ്വം എഴുതിയിരിക്കുന്നു — സാഹിത്യകാരനാണെന്നു ഭാവിച്ചു് ആളുകളെ പേടിപ്പിക്കുന്ന ഒരു ഹനൂമാന്‍ പണ്ടാരമാണു് ഈ ഖുശ്വന്ത്സിങ്ങ് (പണ്ടു് തിരുവനന്തപുരത്തു് ഹനൂമാന്റെ മുഖംവച്ചുകെട്ടി കുട്ടികളെ പേടിപ്പിക്കുന്ന ഒരു പണ്ടാരമുണ്ടായിരുന്നു).