close
Sayahna Sayahna
Search

അയനങ്ങള്‍: പതിനാല്


അയനങ്ങള്‍: പതിനാല്
EHK Novel 05.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അയനങ്ങൾ
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം നോവല്‍
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 44

സിക്‌സ്ത്ത് റോഡിന്റെ തിരിവിൽ വച്ചാണ് ഒരു അംബാസ്സഡർ കാർ അവൾക്കെതിരായി വന്നത്. അവൾ പെട്ടെന്ന് വെട്ടിച്ചതു കൊണ്ട് അപകടം ഒഴിവായി. അവൾ ബ്രേയ്ക്കിട്ടു നിർത്തി. അംബാസ്സഡർ കാറും നിർത്തി അതിൽ നിന്ന് രണ്ടു ചെറുപ്പക്കാർ ഇറങ്ങിവന്നു.

‘ങാ ഇത് അപർണ്ണാജിയല്ലേ?’ അവരിലൊരാൾ പറഞ്ഞു. ‘സോ സോറി.’

‘ഞങ്ങൾ അപർണ്ണാജിയെ അന്വേഷിച്ചു വരികയായിരുന്നു.’ മറ്റെയാൾ പറഞ്ഞു.

‘എന്തിന്?’

‘ചൈനാനി സാബ് കാണണമെന്നു പറഞ്ഞു. ഞങ്ങൾ വീട്ടിൽ പോയി. അവിടെയില്ലെന്നു കണ്ടപ്പോഴാണ് ഇങ്ങോട്ടു വന്നത്.’

‘ഞാൻ പൊയ്‌ക്കോളാം.’ അപർണ്ണ പറഞ്ഞു.

‘അപർണ്ണാജിയ്ക്ക് സ്റ്റുഡിയോ എവിടെയാണെന്നറിയാമോ?’

‘അറിയാം, ഓഫീസിന്റെ അടുത്ത ഗെയ്റ്റല്ലെ?’

‘അവിടെയല്ല. സാബിന്റെ ഓപനെയർ സ്റ്റുഡിയോ ഉണ്ട് അന്തേരിയിൽ.’

‘എനിക്കറിയില്ല.’

‘ഞങ്ങളുടെ പിന്നാലെ വന്നാൽ മതി.’

‘ശരി.’

അവർ കാറിൽ കയറി ഓടിക്കാൻ തുടങ്ങി. ഒരു വെളുത്ത അംബാസഡർ. അവൾ അതിന്റെ നമ്പർ ഹൃദിസ്ഥമാക്കി. അഥവാ പെട്ടെന്ന് കാറുകൾക്കിടയിൽ നഷ്ടപ്പെട്ടുപോയാലോ. എന്താണ് ചൈനാനി പെട്ടെന്ന് തന്നെ വിളിപ്പിക്കാൻ കാരണമെന്നായിരുന്നു അവൾ ആലോചിച്ചു കൊണ്ടിരുന്നത്. അദ്ദേഹത്തിന് മനംമാറ്റമുണ്ടായോ. എല്ലാം കഴിഞ്ഞ് തനിക്കുതന്നെ നായികസ്ഥാനം തരുവാൻ തീർച്ചയാക്കിയോ? മുമ്പിലെ കാറിൽ യാത്രചെയ്യുന്നവരെ അവൾ ഇതുവരെ കണ്ടിട്ടില്ല. അഥവാ ഷൂട്ടിങ്ങിന്റെ സമയത്ത് കണ്ടിട്ടുണ്ടെങ്കിൽത്തന്നെ ശ്രദ്ധിച്ചിട്ടില്ല. പക്ഷേ അവർക്ക് തന്നെ പരിചയമാണെന്നു വന്നല്ലോ.

അപർണ്ണയ്ക്ക് സ്റ്റുഡിയോവിലെത്താൻ ധൃതിയായി. മുമ്പിൽപ്പോകുന്ന കാറിനെ മാത്രം ശ്രദ്ധിച്ച് അവൾ കാറോടിച്ചു. മുമ്പിലെ കാർ ഒരു ഇടനിരത്തിലേയ്ക്ക് തിരിഞ്ഞു പിന്നാലെ അവളും. ഒരു ഫാക്ടറിയുടേതെന്നു തോന്നിക്കുന്ന കെട്ടിടത്തിന്റെ മുമ്പി ൽ അവർ കാർ നിർത്തി. അവളും കാർ നിർത്തി തല പുറത്തേയ്ക്കിട്ട് അവരെ നോക്കി. അവർ കാറിൽ നിന്നിറങ്ങി അവളുടെ അടുത്തേയ്ക്കു വന്നു.

‘അപർണ്ണാജി, ഈ ഗെയ്റ്റിൽ ക്കൂടി പോയാൽ എളുപ്പമാണ്. മറ്റത് വളരെ ചുറ്റണം. ഒരു രണ്ടു മിനുറ്റ് നടത്തം മാത്രം.’

അവൾക്ക് പെട്ടെന്ന് എന്തോ വിശ്വാസക്കേട് തോന്നി. ഒരു ചെറിയ ഗെയ്റ്റ്. ഇതു ചൈനാനിയുടെ സ്റ്റുഡി യോവിലേയ്ക്കുള്ള വഴിയാവാൻ വയ്യ. എളുപ്പവഴിയെന്നല്ലേ പറഞ്ഞത്. എന്തായാലും പോയി നോക്കാം. അവൾ പുറത്തു കടന്ന് കാറിന്റെ വാതിലടച്ച് ലോക്ക് ചെയ്തു അവരു ടെ ഒപ്പം നടന്നു. അവർ ഗെയ്റ്റു കടക്കുമ്പോൾ മറ്റൊരു കാർ അവളുടെ കാറിന്റെ പിന്നിൽ നിർത്തുന്നതവൾ കണ്ടു. അതിലും രണ്ടുപേരുണ്ടായിരുന്നു. അവരും സ്റ്റുഡിയോവിലേയ്ക്ക് എളുപ്പവഴിക്ക് വന്നതായിരി ക്കണം. അവൾ വേഗം നടന്നു.

കെട്ടിടത്തിന്റെ മുമ്പിലെത്തിയ പ്പോഴാണ് അവരുടെ സ്വഭാവം മാറിയത്. അവർ അവളുടെ വളരെ അടുത്തുവന്ന് പറഞ്ഞു.

‘വരൂ നമുക്കകത്തേയ്ക്കു പോകാം.’

‘ഇതാണോ സ്റ്റുഡിയോ?’ ഉപയോഗിക്കാതെ ഉപേക്ഷിച്ചിട്ട ഒരു ഫാക്ടറി കെട്ടിടം. നിറയെ പൊടി, മുറ്റത്തും വരാന്ത യിലും ചുറ്റുമുള്ള മരങ്ങളുടെ ഇലകൾ അടിഞ്ഞുകൂടിയിരിക്കുന്നു.

‘അതെ ഇതുതന്നെ.’ അവളുടെ കൈപിടിച്ചുകൊണ്ട് അതിലൊരുത്തൻ പറഞ്ഞു. അവൾ കുതറി രക്ഷപ്പെടാൻ നോക്കി. പക്ഷേ രണ്ടുപേരും കൂടി അവളെ മുറുകെ പിടിച്ചിരുന്നു. ഒരുത്തൻ അവളുടെ വാ പൊത്തുകയും ചെയ്തു. പിന്നിലുള്ള കാറിലെ രണ്ടുപേരും അടുത്തെത്തിയിരുന്നു. നാലുപേർ കൂടി അവളെ താങ്ങിയെടുത്ത് ഒരു വശത്തുള്ള മുറിയിലേയ്ക്ക് പൊക്കിക്കൊണ്ടു പോയി.