close
Sayahna Sayahna
Search

മനസ്സിലാക്കാൻ പറ്റാത്ത എന്തോ ഒന്ന്



വളരെ അദ്ഭുതകരമായ ഒരനുഭവത്തെപ്പറ്റിയാണ് പറയാൻ പോകുന്നത്.

തൃശ്ശൂരിൽനിന്ന് അനുജൻ ഡോ. ദിവാകരന്റെ ഫോൺ വന്നു. അമ്മ രാത്രി വീണു, ഒരു സ്റ്റ്രോക്കായി കിടക്കുകയാണ്. കോഓപ്പറേറ്റീവ് ഹോസ്പ്പിറ്റലിലാണ്, ഉടനെ വരൂ. അതിരാവിലെയാണ് ഫോണുണ്ടായത്. ഞാൻ ഉടനെ പുറപ്പെട്ടു. അമ്മ തലേന്നു വൈകുന്നേരം കോട്ടയത്ത് സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ തെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത് തിരിച്ചെത്തിയിട്ടേയുള്ളൂ. അമ്മയുടെ ആരോഗ്യം പൊതുവേ മോശമായിരുന്നു. ശ്രീ. സി.പി. ശ്രീധരൻ സാറിന്റെ യും മറ്റും സ്‌നേഹപൂർവ്വമായ നിർബ്ബന്ധത്തിനു വഴങ്ങി ഇറങ്ങിത്തിരിച്ചതായിരുന്നു.

എൺപത്തെട്ടിലെ ജൂലൈ മാസമായിരുന്നു, തീയ്യതി ഓർമ്മയില്ല. എന്നെ സംബന്ധിച്ചേടത്തോളം സാഹിത്യത്തിൽ നല്ല സംതൃപ്തിയുളവായ ഒരു കൊല്ലം. ഓണപ്പതിപ്പുകൾക്കു വേണ്ടി രണ്ടോ മൂന്നോ നല്ല കഥകളെഴുതി അയച്ചു കൊടുത്തു. അതിൽ ശ്രീപാർവ്വതിയുടെ പാദവും, ഡോ. ഗുറാമിയുടെ ആശുപത്രിയും പെടും. അവശയായി കിടക്കുന്ന അമ്മയെ വായിച്ചു കേൾപ്പിക്കാമെന്നു കരുതി ഈ രണ്ടു കഥകളുടെയും കോപ്പി ഒപ്പമെടുത്തു. ഏത് അവശസ്ഥിതിയിലും എന്റെ കഥകൾ വായിക്കാൻ അമ്മക്കിഷ്ടമായിരുന്നു. ഇതിനൊരു പശ്ചാത്തലവുമുണ്ട്. കല്യാണം കഴിയുന്നതുവരെ അമ്മ കഥകളും കവിതകളുമെഴുതിയിരുന്നു. കല്യാണത്തിനു ശേഷം എഴുത്ത് താനെ നിന്നു പോകുകയാണുണ്ടായത്. അതിൽ അമ്മയ്ക്ക് കുണ്ഠിതമുണ്ടായിരുന്നുവെന്നു തോന്നുന്നു. അതുകൊണ്ട് താൻ നിർത്തിയേടത്തുനിന്ന് മകൻ തുടങ്ങിയത് അമ്മയ്ക്ക് എന്തെന്നില്ലാത്ത ആശ്വാസമേകിയിരുന്നു.

തൃശ്ശൂരിൽ ആശുപത്രിയുടെ കാഷ്വൽട്ടിയിൽ അമ്മ കിടക്കുകയാണ്. ചുറ്റം മക്കളുണ്ട്. ഞാൻ അടുത്തു ചെന്നപ്പോൾ അമ്മ എന്നെ നോക്കി. മനസ്സിലായെന്നു തീർച്ച. അമ്മ ആയാസപ്പെട്ട് ഇടത്തു കൈ പൊക്കി എന്റെ നേരെ നീട്ടി. ഞാനതു ഗ്രഹിച്ചു. ഏതോ അജ്ഞാതലോകത്തേയ്ക്കു വഴുതിപ്പോകുകയാണെന്ന മട്ടിൽ അമ്മയെന്റെ കൈ മുറുകെ പിടിച്ചു. സാവധാനത്തിൽ അവരുടെ ദൃഷ്ടി പതറി കൈയ്യിലെ പിടുത്തം അയഞ്ഞു. അമ്മ ഒരു കോമയിലേയ്ക്ക് വഴുതിയിറങ്ങി.

അമ്മ ആശുപത്രിയിൽ ഒരു മാസത്തോളം കിടന്നു. അമ്മയെ ചികിത്സി ച്ച ഡോ.മോഹൻ പറഞ്ഞിട്ടും ഞങ്ങൾ ആശ വിട്ടിരുന്നില്ല. അമ്മയുടെ കട്ടിലിനു ചുറ്റും മക്കൾ ഊഴമിട്ട് കാവലിരുന്നു. ഒരു രാത്രി പത്തു മണിക്ക് ഞാൻ ആശുപത്രി യിൽനിന്ന് പുറത്തിറങ്ങി. കാനാട്ടുകരയിലു ള്ള വീട്ടിൽ പോകാനായി ഒരു ഓട്ടോ പിടിച്ചു. വലിയ താമസമില്ലാതെ ആ സമയ ത്ത് ഓട്ടോ കിട്ടിയത് എന്നെ അദ്ഭുതപ്പെടു ത്തി. പോകാനുള്ള സ്ഥലവും പറഞ്ഞു കൊടുത്ത് ഞാൻ ഓട്ടോവിൽ കയറിയിരു ന്നു. ഞാൻ ക്ഷീണിച്ചിരുന്നു. വേഗം വീട്ടി ലെത്തണം, ഭക്ഷണം കഴിച്ച് കിടന്നുറ ങ്ങണം. റൗണ്ടിൽനിന്ന് പുറത്തേയ്ക്കു കടക്കാതെ ഓട്ടോ പോയത് ഒരു പെട്രോൾ ബങ്കിലേയ്ക്കാണ്. എനിക്കിഷ്ടമില്ലാത്ത ഒരു കാര്യമാണത്. യാത്രക്കാരെയും കൊ ണ്ട് പെട്രാൾ ബങ്കിൽ ക്യൂ നിൽക്കുന്നതിനു പകരം പെട്രോളടിക്കലെല്ലാം നേരത്തെ കഴിച്ചുവയ്ക്കരുതോ ഇവർക്ക്.

ഓട്ടോക്കാരൻ പക്ഷേ പോയത് ടയറിൽ കാറ്റു നിറയ്ക്കാനായിരുന്നു. അയാൾ ഓട്ടോവിൽനിന്നിറങ്ങി എയർ സിലിണ്ട റെടുക്കാനായി പോയി. അയാളുടെ നട ത്തം നോക്കിയിരിക്കെ എന്നെ ഒരു ഭയം ഗ്രസിച്ചു. ഒരപകടത്തിന്റെ മുന്നറിയിപ്പുപോലെ. എനിക്കു തോന്നി ഈയാൾ കാറ്റു നിറക്കുമ്പോൾ ടയർ പൊട്ടുമെന്ന്. ടയർ പൊട്ടിത്തെറിക്കുന്നത് വളരെ അപകടമാണെന്നെനിക്കറിയാം. അയാൾ സിലിണ്ടറും കൊണ്ട് വരുമ്പോൾ ഞാൻ ചോദിച്ചു. ‘ഞാൻ ഇറങ്ങണോ?’

അയാൾ വേണ്ടെന്നു പറഞ്ഞ്, കാറ്റു നിറക്കാൻ തുടങ്ങി. എന്റെ ഭയം കൂടി വരികയാണ്. എന്തായാലും ടയറിനടുത്ത് കാലാണല്ലോ ഉള്ളത്. കാലിനൊന്നും പറ്റരുതെന്നു കരുതി ഞാൻ കാൽ സീറ്റിലേയ്ക്കു കയറ്റി വച്ചു ചമ്രം പടിഞ്ഞിരുന്നു. അയാൾ കാറ്റു നിറക്കുകയാണ്. പെട്ടെന്ന് ഒരു വലിയ ശബ്ദത്തോടെ ടയർ പൊട്ടുകയും ഓട്ടോ ഒന്നു കുലുങ്ങി ഒരു വശത്തേയ്ക്ക് ചരിയുകയും ചെയ്തു. ഞാൻ ചാടി പുറത്തു കടന്നു.

എനിക്കിന്നും മനസ്സിലാവാത്ത ഒരു കാര്യമാണത്. ടയർ പൊട്ടിത്തെറിക്കുമെന്ന് ഞാൻ എങ്ങിനെ മുൻകൂട്ടി അറിഞ്ഞു? ഒന്നുകിൽ അമ്മയുടെ കാര്യത്തിൽ സദാ ചിന്തിച്ച് മൂർച്ച കൂടിയ മനസ്സ് വരാൻ പോകുന്ന കാര്യം ഏതോ അദ്ഭുതകരമായ വിധത്തിൽ മുൻകൂട്ടി അറിഞ്ഞു. അല്ലെങ്കിൽ എന്റെ മനസ്സിലെ പെസിമിസം ആ പാവം ഓട്ടോ ഡ്രൈവറുടെ ടയർ പൊട്ടിച്ചു. എനിക്കിപ്പോഴും അറിയില്ല.

അമ്മ മൂന്നു മാസം കോമയിൽ കിടന്നശേഷം സെപ്റ്റമ്പർ മാസം 27–ാം തീയ്യതി മരിച്ചു.