close
Sayahna Sayahna
Search

എന്തൊക്കെയൊ നഷ്ടപ്പെട്ട ഒരാൾ


എന്തൊക്കെയൊ നഷ്ടപ്പെട്ട ഒരാൾ
EHK Story 11.png
ഗ്രന്ഥകർത്താവ് ഇ ഹരികുമാര്‍
മൂലകൃതി അനിതയുടെ വീട്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം ചെറുകഥ
ആദ്യപതിപ്പിന്റെ പ്രസാധകര്‍ http://e-harikumar.com
വര്‍ഷം
2013
മാദ്ധ്യമം പിഡിഎഫ്
പുറങ്ങള്‍ 75

അവൾ കുറേ നേരമായി അവരുടെ പിന്നാലെ നടക്കുകയായിരുന്നു. എപ്പോഴാണ് കൂടെ കൂടിയതെന്നറിയില്ല. ഒരു സാരിക്കടയിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ അവൾ അടുത്തു വന്നു കൊണ്ട് പറഞ്ഞു.

‘നല്ല സഞ്ചി.’

ഒരു പെൺകുട്ടി. ആറോ ഏഴോ വയസ്സു കാണും, നരച്ച ഫ്രോക്ക്, എണ്ണമയമില്ലാത്ത തലമുടി മുകളിൽ ഒരു ചരടു കൊണ്ട് കെട്ടിവച്ചിരിക്കുന്നു.

എയർ കണ്ടീഷൺ ചെയ്ത കട യിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ ചുടുകാറ്റ് മുഖത്തേയ്ക്കടിച്ചു. അവൾ പറഞ്ഞത് ശരിയാണ്. സഞ്ചി നല്ല ഭംഗിയുണ്ടായിരുന്നു. ചുവപ്പു നിറത്തിൽ സാരിക്കടയുടെ പേർ വലുതായി എഴുതിയിട്ടുണ്ട്. മറുഭാഗത്ത് സുന്ദരിയായ ഒരു സ്ത്രീയുടെ ചിത്രവും.

‘ഞാനിവളെ കൊറേ നേരായി ശ്രദ്ധിക്കുണു.’ രമണി പറഞ്ഞു. ‘നമ്മള് കാറീന്ന് പൊറത്തെറങ്ങ്യപ്പൊ തൊട്ട് ഈ പെണ്ണ് പിന്നാലെണ്ടായിരുന്നു.’

അയാൾ ശ്രദ്ധിച്ചിരുന്നില്ല. കാർ ജോസ് ജങ്ക്ഷന്നടുത്ത് പാർക്ക് ചെയ്ത് അവർ നടക്കുകയായിരുന്നു. ആദ്യം രമണിക്ക് ഒരു വള വാങ്ങാനായി ആഭരണക്കടയിൽ കയറി. ശരിക്കു പറഞ്ഞാൽ മൂന്ന് ആഭരണക്കടയിൽ കയറിയ ശേഷമാണ് അവൾക്ക് ഇഷ്ടപ്പെട്ട വള കിട്ടിയത്. അതു കഴിഞ്ഞ് മൂന്ന് സാരിക്കടകളിൽ കയറിക്കഴിഞ്ഞു. ഇത് നാലാമത്തെ കടയാണ്. കണ്ടപ്പോൾ ഇഷ്ടപ്പെട്ട ഒരു സാരിയെടുത്തു എന്നല്ലാതെ നോക്കിക്കൊണ്ടിരുന്ന സാരി ഇപ്പോഴും കിട്ടിയിട്ടില്ല. നാലരയ്ക്കു തുടങ്ങിയ നടത്തമാണ്. അപ്പോൾ മുതൽ ഈ കുട്ടി തങ്ങളെ പിൻതുടരുകയായിരുന്നോ?

കൗതുകമുള്ള മുഖത്ത് അവിടവിടെ ചെളിയുണ്ട്. കയ്യിൽ രണ്ടു കുപ്പിവളകൾ. കഴുത്ത് നഗ്നമാണ്. ചെരിപ്പില്ലാത്ത കാലിൽ പൊടി പിടിച്ചിരിക്കുന്നു. അയാൾ കീശയിൽ തപ്പി ഒരു രൂപയെടുത്ത് അവൾക്കു നേരെ നീട്ടി. അവൾ തലയാട്ടിക്കൊണ്ട് പറഞ്ഞു

‘ഊം ഉം.’

‘വേണ്ടേ?’

‘ഊം ഉം.’

അയാൾ നാണയം തിരിച്ച് പോക്കറ്റിലിട്ടു. അവർ അടുത്ത കടയിലേയ്ക്കു നടന്നു. ഉദ്ദേശിച്ച നിറമുള്ള സാരി കിട്ടാതെ നീനയുടെ കല്യാണത്തിന് പോകുന്ന പ്രശ്‌നമേയില്ലെന്ന് രമണി പറഞ്ഞിരുന്നു. ‘നിന്റെ സ്വന്തം അനുജത്തിയുടെ മകളാണ് നീന.’ അയാൾ പറയുന്നു. അതു കൊണ്ടൊന്നും കാര്യമില്ല. ഒരു വാശിയുടെ കഥയാണ്. എവിടെയും കിട്ടാത്ത ആ നിറം തനിക്കും കിട്ടുമോ എന്നു നോക്കട്ടെ.

അടുത്ത സാരിക്കട കുറച്ചകലെയാണ്. തിരിച്ചു പോയി കാറെടുത്താലോ എന്നാലോ ചിച്ചു. കാറെടുക്കാൻ കുറച്ചു പിന്നിലേയ്ക്കു നടക്കണം. അതു കഴിഞ്ഞ് മുക്കാൽ കിലോമീറ്റർ ഓടിച്ചശേഷം അവിടെ പാർക്കു ചെയ്യാൻ സ്ഥലം കിട്ടുമോ എന്നൊന്നും അറിയില്ല. നടക്കാൻ തന്നെ തീർച്ചയാക്കി. നടന്നു പോകുമ്പോൾ ഏതെങ്കിലും കട കണ്ടാൽ കയറി നോക്കുകയും ചെയ്യാം. വലിയ കടകളിൽ മാത്രമല്ലല്ലൊ നല്ല സാരി കിട്ടുക.

സാരിക്കടയിൽ നിന്ന് പുറത്തിറങ്ങിയപ്പോഴാണ് കണ്ടത്. ആ പെൺകുട്ടി. അവൾ നടപ്പാതയിൽ കാത്തു നിൽക്കുന്നു. അവരെ കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു. അവൾ ചോദിച്ചു.

‘വേറെ സാരി വാങ്ങീലേ?’

രമണിയുടെ കയ്യിൽ നേരത്തെ കണ്ട സഞ്ചി മാത്രമേ ഉള്ളൂ എന്ന് അവൾ ശ്രദ്ധിച്ചു.

അയാൾ വെറുതെ ചിരിച്ചു. അവൾ വീണ്ടും അവരുടെ പിന്നാലെ നടന്നപ്പോൾ അയാൾക്ക് ഒരു വല്ലായ്മയുണ്ടായി. എന്തിനാണ് ഒരു തെരുവുതെണ്ടി പെൺകുട്ടി അവരുടെ പിന്നാലെ കൂടിയിരി ക്കുന്നത്? പക്ഷേ രമണിയെ അതൊന്നും സ്പർശിച്ചിക്കുന്നില്ല. അവൾ കുറച്ചു വിഷമത്തിലായിരിക്കയാണ്. ഇവിടെ ആ നിറം കിട്ടിയില്ലെങ്കിൽ നമുക്ക് തൃശ്ശൂരും കൂടി ഒന്ന് അന്വേഷിക്കാം. അവിടെയും കിട്ടിയില്ലെങ്കിൽ കോയമ്പത്തൂരിൽ, അല്ലെങ്കിൽ ചെന്നൈയിൽത്തന്നെ പോകേണ്ടി വരും. ഒരാഴ്ചയെ ഉള്ളൂ കല്യാണത്തിന്. അതിനിടക്ക് ബ്ലൗസ് തുന്നിക്കണം. ജോസഫിന്റെ അടുത്ത് കൊടുത്താൽ സമയത്തിന് കിട്ടില്ല. അയാളുടെ ഫിറ്റിങ് നല്ലതാണ്. പക്ഷേ നാളെത്തരാം നാളെത്തരാം എന്നു പറഞ്ഞ് ഇട്ടു കളിപ്പിക്കും…

അയാൾ തിരിഞ്ഞു നോക്കി. ആ പെൺകുട്ടി തന്നെ നോക്കി ചിരിക്കുന്നു. ദൈവമേ എന്താണവളുടെ ഉദ്ദേശ്യം?

‘നോക്കു ഈ കടയിലൊന്ന് കേറി നോക്കാം. കഴിഞ്ഞ കൊല്ലം ഓണത്തിന് എന്റെ സ്‌കൈബ്ലൂ സാരിയെടുത്തത് ഈ കടേന്നാ.’

അവർ കടയിലേയ്ക്ക് തിരിഞ്ഞു. വാതിൽ കടക്കുന്നതിനു മുമ്പ് അയാൾ തിരിഞ്ഞു നോക്കി. ആ പെൺകുട്ടി നടപ്പാതയിൽ ഇരുമ്പഴികൊണ്ടുണ്ടാക്കിയ ഗ്രില്ലിന്മേൽ പിടിച്ച് ചിരിച്ചുകൊണ്ട് അവരെ നോക്കി നിൽക്കുകയാണ്. എന്താണവളുടെ മനസ്സിൽ? കടയിൽ നിറങ്ങളുടെ തുടിപ്പിൽ അയാൾ അവളെ മറന്നു. പട്ടു സാരികളുടെ പളപളപ്പ്, അതെടുത്ത് ഒരു ചീനവല എറിയുന്നപോലെ നമ്മുടെ മുമ്പിലേക്കിടുന്ന സുന്ദരികളായ ചെറുപ്പക്കാരികളുടെ പ്രസരിപ്പ്, എല്ലാം അയാൾക്കിഷ്ടമായിരുന്നു. അവരുടെ വില്പന തന്ത്രങ്ങളും നോക്കിനിൽക്കുക രസകരമായിരുന്നു. ‘നോക്കു ഈ സാരി ചേച്ചിക്ക് എന്തു മാച്ചാണ്, അല്ലെടീ ബീനേ…’

പെട്ടെന്ന് അയാൾക്ക് പുറത്ത് നടപ്പാതയുടെ ഗ്രില്ലിൽ പിടിച്ച് നോക്കി നിൽക്കുന്ന പെൺകുട്ടിയെ ഓർമ്മ വന്നു. അയാൾ എഴുന്നേറ്റു.

‘നീ നോക്കിയെടുക്ക്.’ അയാൾ പറഞ്ഞു. ‘ഞാനൊന്ന് പുറത്തിറങ്ങി നിൽക്കട്ടെ.’

കടയിൽ ചൂടായിരുന്നു. ഉടുത്തിരുന്ന സാരിയുടെ അറ്റമെടുത്ത് വീശിക്കൊണ്ട് രമണി പറഞ്ഞു.

‘ശരി, എന്തൊരു ചൂട്.’

അയാൾ പുറത്തിറങ്ങി. അയാളെ കണ്ടതോടെ ആ പെൺകുട്ടി അനങ്ങി. അവൾ ഇനിയും പുറത്തേയ്ക്ക് വരാനിരിക്കുന്ന രമണിയെ അന്വേഷിക്കുകയായിരുന്നു. അയാൾ അവളുടെ അടുത്തു ചെന്നു. അവൾ അല്പം ലജ്ജയോടെ അയാളെ നോക്കി.

‘എന്താ നിന്റെ പേര്?’

‘റാണി.’ കടയുടെ വാതില്ക്കലേയ്ക്കും അയാളുടെ മുഖത്തേയ്ക്കും മാറിമാറി നോക്കിക്കൊണ്ട് അവൾ പറഞ്ഞു.

‘നിന്റെ വീട് എവിട്യാണ്?’

‘എനിക്ക് വീടില്ല്യ.’ അവൾ ചിരിച്ചു കൊണ്ട് പറഞ്ഞു. അയാൾ വല്ലാതായി. തെണ്ടിനടക്കുന്ന ഒരു കുട്ടിയോടാണ് അവളുടെ വീടിനെപ്പറ്റി ചോദിക്കുന്നത്. വീട് എന്ന സങ്കല്പത്തിൽ സ്വയം കെട്ടിയിടപ്പെട്ടതിൽ അയാൾക്ക് വിഷമമുണ്ടായി. ഒരു പക്ഷേ അവൾ ഒരിക്കലും ഒരു വീട്ടിൽ താമസിച്ചിട്ടുണ്ടാവില്ല. തെരുവായിരിക്കണം അവളുടെ വീട്. അവളുടെ അച്ഛൻ, അമ്മ?

‘നിന്റെ അച്ഛനും അമ്മയും എവിട്യാണ്?’

‘അച്ഛൻ ഇല്ല്യ.’

‘അമ്മ?’

‘മെരിച്ചു, രണ്ടീസം മുമ്പെ.’

മനസ്സിൽ എവിടെയോ ഒക്കെ മുറിവുകളുണ്ടാവുകയാണ്. അച്ഛൻ ഇല്ല എന്നാണവൾ പറഞ്ഞത്. ഒരു പക്ഷേ അവൾ അച്ഛനെ കണ്ടിട്ടുണ്ടാവില്ല. അല്ലെങ്കിൽ അച്ഛനാരാണെന്ന് അവളുടെ അമ്മക്കു പോലും അറിവുണ്ടാവില്ല. അമ്മ മരിച്ചു. രണ്ടു ദിവസം മുമ്പെ.

‘അമ്മ എവിടുന്നാണ് മരിച്ചത്?’

‘ആശുപത്രീന്ന്.’

‘അപ്പൊ നെന്റെ ചേട്ടനും ചേച്ചീം ഇല്ലെ?’

‘ഇല്ല്യ.’

‘വേറെ ആരും ഇല്ലെ?’

‘ഊം ഉം.’

‘അപ്പൊ നീ കഴിഞ്ഞ രണ്ടു ദിവസം എവിട്യാണ് ഒറങ്ങീത്?’

‘ഒരു കടേടെ മുമ്പില്.’ എന്താ ഇത്ര ചോദിക്കാനുള്ളത് എന്ന മട്ടിൽ അവൾ പറഞ്ഞു. ‘ഞാൻ അമ്മേടെ ഒപ്പം അവിട്യാ കെടക്കാറ്.’

‘ഒറ്റയ്ക്ക് പേടിയാവില്ലെ?’

അവൾ ഒന്നും പറഞ്ഞില്ല. എന്തോ ഓർത്ത് അവളുടെ കണ്ണുകളിൽ ഭീതി നിറയുന്നത് അയാൾ കണ്ടു. അതു ചോദിക്കേണ്ടിയിരുന്നില്ലെന്ന് അയാൾക്കു തോന്നി. രാത്രിയെപ്പറ്റി ഓർക്കാതിരിക്കാൻ ശ്രമിക്കയാവും അവൾ. ആരുമില്ലാത്ത ആറു വയസ്സായ ഒരു കുട്ടി, രാത്രി ഒറ്റയ്ക്ക് ഏതെങ്കിലും കടയുടെ ചായ്പിൽ ചുരുണ്ടു കൂടി ഉറങ്ങുന്നു. അവൾക്ക് ഭക്ഷണം എവിടെനിന്നു കിട്ടുന്നു?

‘നീ എന്തിനാണ് ഞങ്ങടെ പിന്നാലെ നടക്കണത്? വെശക്ക്ണ്‌ണ്ടോ?’

‘ഊം ഉം.’

‘പിന്നെ?’

അവൾ ഒന്നും പറഞ്ഞില്ല. മനസ്സിലെ മുറിവിൽ നിന്ന് രക്തം ചിന്തുകയാണ്. എന്തിനാണ് ഇങ്ങനെ ഒരു കുട്ടിയെ തന്റെ മുമ്പിൽ എത്തിച്ചത്?

കടയുടെ വാതിൽ തുറന്ന് രമണി അയാളെ വിളിച്ചു.

‘നോക്കു, എനിക്ക് അതേ കളറ് സാരി കിട്ടി കെട്ടോ.’

രമണിയുടെ മുഖത്ത് സന്തോഷം. അയാൾ അകത്തേയ്ക്കു പോയി.

രണ്ടായിരത്തി എണ്ണൂറു രൂപ. സാരമില്ല. എവിടെയും കിട്ടാത്ത നിറമാണ്.

‘ഞാൻ പറഞ്ഞില്ലെ, ഇങ്ങനത്തെ ഷാപ്പിലാണ് എപ്പഴും നമുക്കാവശ്യള്ള കളറ് കിട്ട്വാ.’ രമണിക്ക് സന്തോഷമായി. ‘ഇനി നമുക്ക് തിരിച്ചു പോവാം.’

അവർ പുറത്തു കടന്നു.

‘ഈ പെണ്ണിന് വേറെ പണിയൊന്നും ഇല്ലേ. ഇപ്പഴും നമ്മളെ കാത്തു നിൽക്ക്വാണോ?’

‘അവള്‌ടെ അമ്മ രണ്ടു ദിവസം മുമ്പ് മരിച്ചു. ഇപ്പോ അവൾക്ക് ആരുംല്ല്യ.’

‘അയ്യോ പാവം.’

റാണി ചിരിക്കുകയായിരുന്നു. അവർ നടന്നപ്പോൾ അവളും പിന്നാലെ നടന്നു.

‘നമുക്കെന്തങ്കിലും തണുത്തത് കുടിക്കാം.’ രമണി പറഞ്ഞു.

തൊട്ടടുത്തു തന്നെ ഒരു ഐസ്‌ക്രീം പാർളറുണ്ടായിരുന്നു.

‘നമുക്ക് ഇവിടെ കയറാം.’

അവർ പാർളറിലേയ്ക്കു തിരിഞ്ഞു. പെട്ടെന്ന് ആ കുട്ടിയെ ഓർത്തപ്പോൾ അയാൾ തിരിഞ്ഞു നോക്കി. അവൾ അവരേയും നോക്കി നിൽക്കുകയാണ്. അയാൾ ചോദിച്ചു.

‘നീ വരുന്നോ? ഐസ്‌ക്രീം തിന്നാം.’

അവൾ നരച്ചു മുഷിഞ്ഞ സ്വന്തം ഉടുപ്പിലേയ്ക്കു നോക്കി. മുമ്പിലുള്ള കറുത്ത ചില്ലു വാതിലിലെ സ്വർണ്ണ നിറത്തിലുള്ള ചിത്രപ്പണികളിലേയ്ക്കും. പിന്നെ വേണ്ടെന്നു തലയാട്ടി. താൻ നിൽക്കേണ്ടത് എവിടെയാണെന്നറിയുന്ന പോലെ.

‘അതിനെയൊന്നും വിളിക്കണ്ട.’ രമണി പറഞ്ഞു. ‘നമ്മളേം കൂടി കേറ്റില്ല. നമുക്ക് വരുമ്പോ എന്തെങ്കിലും വാങ്ങിക്കൊടുക്കാം.’ ഉദ്ദേശിച്ച നിറത്തിലുള്ള സാരി കിട്ടിയപ്പോൾ രമണി കുറച്ച് ഉദാരമനസ്‌കയായിരിക്കുന്നു.

അയാൾ രമണിയുടെ പിന്നാലെ പാർളറിലേയ്ക്കു കയറി. അവൾക്ക് വേണ്ടി എന്തെ ങ്കിലും വാങ്ങുമെന്ന് റാണിയോട് പറയാമായിരുന്നു. ഇനി അവൾ കാത്തു നിൽക്കാതെ പോയാലോ? കോക്‌ടെയിൽ ഫ്രൂട്ട് ജൂസ് ഐസ്‌ക്രീം ഇട്ട് കുടിക്കുന്നതിന്നിടയിൽ അയാൾ എഴുന്നേറ്റു ചില്ലുഭിത്തിയിലൂടെ പുറത്തേയ്ക്കു നോക്കി. അവൾ അവിടെത്തന്നെ നിൽക്കുകയാണ്. അവൾ തലതിരിക്കുമ്പോൾ തലയിൽ കെട്ടിയ മുടി ആടി. മരിക്കുന്നതിനു മുമ്പ് അമ്മ കെട്ടിക്കൊടുത്തതായിരിക്കും. ആ കുട്ടിക്ക് അങ്ങിനെയൊരു കെട്ട് കെട്ടാൻ എന്തായാലും സാധ്യമല്ല. അവസാനത്തെ തവണയാണ് മകളുടെ മുടി കെട്ടുന്നതെന്ന് ആ അമ്മ അറിഞ്ഞി ട്ടുണ്ടാവുമോ? മനസ്സിലെ മുറിവുകൾ വീണ്ടും തുറക്കുകയാണ്. എന്തിനാണ് ഈ കുട്ടി പിന്നാലെ നടക്കുന്നത്?

കോൺ ഐസ്‌ക്രീം കിട്ടിയപ്പോൾ അവൾക്ക് സന്തോഷമായി. പൊതിഞ്ഞ ഗിൽട്ടു കടലാസ് പൊളിച്ച് ഐസ്‌ക്രീം തിന്നുകൊണ്ട് അവൾ അവരുടെ പിന്നാലെ നടന്നു. അയാൾ പറഞ്ഞു.

‘മോൾ ഇനി പൊയ്‌ക്കോ, എന്തിനാണ് ഞങ്ങളുടെ പിന്നാലെ വരണത്?’

അവൾ ഒന്നും പറയാതെ ചിരിക്കുക മാത്രം ചെയ്തു. കുറച്ചു കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോൾ അവൾ പിന്നിൽത്തന്നെയുണ്ട്. ഐസ് ക്രീം തീരായിരിക്കുന്നു. തെരുവിൽ വെളിച്ചം കുറഞ്ഞു വന്നു. നിരത്തിന്റെ നടുവിലുള്ള സോഡിയം വേപ്പർ ലാമ്പുകൾ മടിച്ചുകൊണ്ട് കണ്ണു തുറന്നു. ഇരുവശത്തുമുള്ള കടകളിൽ വിളക്കുകൾ തെളിഞ്ഞു. അലങ്കരിച്ച ചില്ലു ഷോകേസുകൾ ശക്തിയുള്ള വിളക്കുകളാൽ പ്രകാശിച്ചു. രാത്രി വരികയാണ്. രാത്രി, നിരവധി അലങ്കാര വിളക്കുകളുടെ വർണ്ണപ്പകിട്ടോടെ എഴുന്നള്ളി വരുമ്പോൾ ഇവിടെ ഒരു ആറു വയസ്സുകാരി, ഏകയായി അതിനെ നേരിടാൻ പോകുകയാണ്. ഒരു രാത്രി കൂടി. ഇരുണ്ട ജീവിതത്തിൽ ആശയുടെ മങ്ങിയ വിളക്കുകൾ മാത്രമുള്ള ഒരു രാത്രി കൂടി.

അയാൾ കാറിന്റെ വാതിൽ തുറന്ന് കയറി മറുവശത്ത് രമണിക്ക് കയറാൻ തുറന്നു കൊടുത്തു. തുറന്നിട്ട വാതിലിന്നരികെ റാണി നിന്നു. അയാൾ പറഞ്ഞു.

‘മോളിനി പൊയ്‌ക്കോ.’

അവൾ ചോദിച്ചു. ‘എന്നേം കൊണ്ടു പോവ്വോ?’

‘എങ്ങോട്ട്?’

‘നിങ്ങടെ വീട്ടീക്ക്?’

‘ഞങ്ങടെ വീട്ടിലേയ്‌ക്കോ?’

അവൾ തലയാട്ടി. അയാൾ ഭാര്യയുടെ മുഖത്തു നോക്കി.

‘നോക്കു, അവളെ എന്തെങ്കിലും കൊടുത്ത് പറഞ്ഞയക്കു. പിന്നെ ശല്ല്യാവും.’ രമണി പറഞ്ഞു.

‘അവൾക്കാരുംല്ല്യ.’ അയാൾ പറഞ്ഞു.

‘അതിന് നമ്മളെന്താ ചെയ്യ്യാ?’

അയാൾ റാണിയെ നോക്കി. അവൾ പ്രതീക്ഷയോടെ നിൽക്കുകയാണ്. അയാൾ പറഞ്ഞു.

‘അതൊന്നും പറ്റില്ല മോളെ. മോള് മാറി നിൽക്ക്.’

അവൾ മാറി നിന്നു. അയാൾ വാതിലടച്ച് കാർ സ്റ്റാർട്ടാക്കി. അവളുടെ മുഖം വാടിയിരുന്നു. അയാൾ പഴ്‌സ് തുറന്ന് ഒരു പത്തുരൂപ നോട്ടെടുത്ത് അവൾക്കു നേരെ നീട്ടി. അവൾ വേണ്ടെന്ന് തലയാട്ടി. കാറെടുക്കാൻ സൗകര്യപ്പെടുമാറ് കുറച്ചുകൂടി മാറിനിന്നു കൊണ്ട് അവൾ അയാളെ നോക്കി. അയാൾ ചിരിക്കാൻ ശ്രമിച്ചു.

കാറോടിച്ചു കൊണ്ടിരിക്കേ അയാൾ പറഞ്ഞു.

‘നമുക്കവളെ ഒപ്പം കൂട്ടാമായിരുന്നു.’

‘ഇനി അതും കൂടിയേ വേണ്ടൂ. ബാക്കിയൊക്കെയായി.’ അവൾ കുറച്ചു കാർക്കശ്യത്തോടെ പറഞ്ഞു.

ബാക്കിയൊക്കെ എന്നു പറയുന്നത് എന്തൊക്കെയാണെന്നയാൾക്കു മനസ്സിലായില്ല. അയാൾ ഈ അറുപതാം വയസ്സിലും മാസം പന്തീരായിരം രൂപയുണ്ടാക്കുന്നുണ്ട്. ബോംബെയിലുള്ള മകന്റെ ശമ്പളം എത്രയാണെന്ന് അയാൾക്കറിയില്ല. അറുപതിനായിരത്തിനും എഴുപതിനായിരത്തിനും ഇടയിൽ ആണെന്നയാൾ ഊഹിച്ചിരുന്നു. ഒരു കൊച്ചു കുട്ടിയുടെ ചിലവ് എന്തു വരും? വീട്ടിൽ താമസിപ്പിക്കാൻ പറ്റില്ലെങ്കിൽ അവളെ ഏതെങ്കിലും അനാഥാലയത്തിൽ ചേർക്കാമായിരുന്നു. ചെലവു കൊടുത്താൽ മതിയല്ലോ. താൻ ഒന്നും ചെയ്തില്ല. കൊണ്ടു പോകുമെന്ന പ്രതീക്ഷയുണ്ടായിരുന്നു ആ പാവത്തിന്. ഒരു പക്ഷേ കഴിഞ്ഞ രണ്ടു ദിവസങ്ങളായി അവൾ ഓരോരുത്തരുടെ പിന്നാലെ നടന്നിട്ടുണ്ടാവും, ഒപ്പം കൊണ്ടു പോകുമെന്ന പ്രതീക്ഷയിൽ. ആരും കൊണ്ടു പോകാതിരുന്നപ്പോൾ രാത്രിയിൽ അവൾ പ്രാർത്ഥിച്ചിട്ടുണ്ടാവും, നാളെ ആരെങ്കിലും കൊണ്ടു പോണേ. വീണ്ടും ഒറ്റയ്ക്ക് ഒരു രാത്രി. ഇന്ന് താനും അവളുടെ പ്രതീക്ഷകളെ തട്ടിമാറ്റി. ഇപ്പോൾ ഇരുട്ടിൽ പരുക്കൻ തെരുവിന്റെ ക്രൂരതയിൽ അവൾ വീണ്ടും ഒറ്റപ്പെട്ടിരിക്കയാണ്.

അയാൾ അവളുടെ അമ്മയെ ഓർത്തു. ആശുപത്രിയിൽ വച്ച് മരിച്ചു എന്നാണ് റാണി പറഞ്ഞത്. എന്തായിരിക്കും അസുഖം. ഇനി വല്ല അപകടവുമാണോ? മരിക്കുന്നതിനു മുമ്പ് മകളെ ആരെയും ഏൽപ്പിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. അല്ലെങ്കിൽ ആരെ ഏല്പിക്കാനാണ്? അമ്മ ഇനി ഉണ്ടാവില്ലെന്ന യാഥാർത്ഥ്യം മനസ്സിലായപ്പോൾ അവൾ ഒറ്റയ്ക്ക് ആശുപത്രിയിൽ നിന്ന് പുറത്തിറങ്ങിയതായിരിക്കണം.

ഗെയ്റ്റിനു മുമ്പിൽ അയാൾ കാർ നിർത്തി. രമണി ഇറങ്ങി ഗെയ്റ്റ് തുറന്നു. കാർ അകത്തു കടന്ന ശേഷം അവൾ ഗെയ്റ്റടച്ചു കുറ്റിയിട്ടു. അവൾ കൈസഞ്ചിയിൽ നിന്ന് താക്കോൽ എടുത്ത് വാതിൽ തുറക്കുന്നത് അയാൾ കാറിൽ ഇരുന്നുകൊണ്ട് നോക്കി. അയാൾക്ക് ഇറങ്ങാൻ തോന്നിയില്ല. അയാൾ ആലോചിക്കുകയായിരുന്നു. കുട്ടിക്കാലത്ത്, നാലിലോ അഞ്ചിലോ പഠിക്കുമ്പോൾ ഒരു ദിവസം സ്‌കൂളിൽ നിന്നു വരുമ്പോൾ ഒരു പൂച്ചക്കുട്ടി പിന്നാലെ കൂടി. വെള്ളയിൽ കറുപ്പു പാണ്ടുകളുള്ള കൗതുകമുള്ള ഒരു പൂച്ചക്കുട്ടി. ഒപ്പമുണ്ടായിരുന്ന മറ്റു കുട്ടികൾ വിളിച്ചെങ്കിലും അത് തന്റെ പിന്നിൽ നിന്ന് ഒഴിഞ്ഞില്ല. പക്ഷേ വീട്ടിൽ എത്തിയപ്പോൾ പൂച്ചയെ വളർത്തുന്നതിനോട് ആർക്കും യോജിപ്പു ണ്ടായിരുന്നില്ല. തന്റെ പ്രതിഷേധം വകവെയ്ക്കാതെ അവർ അതിനെ എവിടെയോ കൊണ്ടുപോയി വിട്ടു. പിന്നെ അവൻ അതിനെ കാണുന്നത് ഏതോ വാഹനത്തിന്നടിയിൽ പെട്ട് ചതഞ്ഞ മട്ടിലാണ്.

അയാൾക്ക് വീട്ടിന്നുള്ളിൽ കയറാൻ തോന്നിയില്ല. അയാൾ കാറിൽ നിന്നിറങ്ങി ഗെയ്റ്റ് തുറന്നു. രമണി പുറത്തേയ്ക്കു വന്നു.

‘എന്തേ?’

‘ഞാൻ കുറച്ചു പെട്രോളടിച്ചിട്ടു വരാം.’

അയാൾ കാർ പുറത്തേയ്‌ക്കെടുത്തു.

നേരത്തെ പാർക്ക് ചെയ്ത സ്ഥലത്ത് കാറുകളൊന്നുമുണ്ടായിരുന്നില്ല. കാറിനുള്ളിൽ ഇരുന്നു കൊണ്ട് അയാൾ ചുറ്റും നോക്കി. നഗരം നേരത്തെ ഉറങ്ങുന്നു. നടപ്പാത ഒരു മാതിരി ഒഴിഞ്ഞു കിടക്കുകയാണ്. നരച്ച ഫ്രോക്കും ഉച്ചിയിൽ ചരടു കൊണ്ട് കെട്ടി വച്ച തലമുടിയും ചെളി പിടിച്ചതെങ്കിലും ചൈതന്യമുള്ള മുഖത്ത് തിളങ്ങുന്ന കണ്ണുകളുമുള്ള ഒരു കുട്ടിക്കു വേണ്ടി അയാൾ ചുറ്റും നോക്കി. കുറച്ചകലെ ഷട്ടർ താഴ്ത്തിയ ഒരു കടയുടെ ഒതുക്കു കല്ലിൽ അവൾ ചുരുണ്ടു കിടക്കുന്നു. ഉറക്കമാണ്. അയാൾ പുറത്തേയ്ക്ക് ഇറങ്ങാനായി വാതിൽ തുറന്നു. അപ്പോഴാണയാൾ കണ്ടത്. ഒരച്ഛനും അമ്മയും മകനും കൂടി നടന്നു വരുന്നു. പാവപ്പെട്ടവർ. കൂലിവേല ചെയ്തു ജീവിക്കുന്നവരായിരിക്കണം. തൊട്ടുമുമ്പ് അവർ, കച്ചവടം മതിയാക്കി പോകാനായി ഒരുങ്ങുന്ന ഒരു വഴിവാണിഭക്കാരന്റെ കയ്യിൽ നിന്ന് മകന്നുള്ള ഒരു ഷർട്ട് പിശകി വാങ്ങുന്നത് അയാൾ കണ്ടിരുന്നു. അമ്മയുടെ കൈ പിടിച്ചു നടക്കുന്ന മകന് ഏഴെട്ടു വയസ്സായിട്ടുണ്ടാവും. അവർ റാണി കിടക്കുന്നിട ത്തെത്തിയപ്പോൾ പെട്ടെന്നു നിന്നു. രണ്ടുപേരും കൂടി അടുത്തു ചെന്ന് അവളെ നോക്കി എന്തോ സംസാരിക്കുകയാണ്. പുരുഷൻ അവൾ കിടക്കുന്നിടത്ത് മുട്ടുകുത്തി ഇരുന്ന് അവളെ വിളിച്ചുണർത്തി. അവൾ ഉറക്കച്ചടവോടെ എഴുന്നേറ്റിരുന്ന് അവരുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞു. പിന്നെ എഴുന്നേറ്റ് അയാളുടെ കൈ പിടിച്ച് ഒപ്പം നടന്നു പോയി. തെരുവിന്റെ ഒരറ്റത്തെത്തിയപ്പോൾ അയാൾ അവളെ എടുത്തു നടക്കുകയായിരുന്നു. അവൾ അവളുടെ കൊച്ചു കൈ അയാളുടെ കഴുത്തിലൂടെ ഇട്ടിരുന്നു.

അയാൾ കാറിന്റെ വാതിലടച്ചു. കുറേ നേരം സ്റ്റീയറിങ് വീലിന്മേൽ കൈ വച്ച് അനങ്ങാനാവാതെ ഇരുന്നു. അയാൾക്ക് എന്തൊക്കെയോ നഷ്ടപ്പെട്ടിരുന്നു.