പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 10
പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ 10 | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര്‍ |
മൂലകൃതി | പ്രണയത്തിനൊരു സോഫ്റ്റ്‌വെയർ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | നോവല്‍ |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | http://e-harikumar.com |
വര്‍ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള്‍ | 35 |
മെയിൽബോക്‌സെടുത്ത് തുറന്നപ്പോൾ അഞ്ജലിയുടെ കണ്ണുതള്ളിപ്പോയി. ആറു കത്തുകൾ അമ്മയുടെ മാത്രം. പോരാത്തതിന് സ്ഥിരം ജങ്ക്‌മെയിലും. ആദ്യം തോന്നിയത് എല്ലാം ഒന്നായി ട്രാഷ്‌ബോക്‌സിലേയ്ക്കു തട്ടാനാണ്. അമ്മയുടെ എല്ലാ കത്തുകൾക്കും അറ്റാച്ച്‌മെന്റുകളുണ്ട്. പയ്യന്മാരുടെ ഫോട്ടോകളാവണം. അമ്മയോട് പറയണം ഇനി മുതൽ എത്ര പ്രൊപ്പോസലുകളുണ്ടായാലും അതിന്റെയെല്ലാം ലിങ്കുകൾ ഒരു കത്തിൽ തന്നാൽ മതിയെന്ന്. തനിക്ക് വേണമെങ്കിൽ ലിങ്കിൽ പോയി പേജുകൾ കാണാമല്ലൊ. തന്റെ മെയിൽബോക്‌സുകൾ ഇത്ര തിങ്ങിനിറയില്ല. അമ്മയ്ക്കതിനൊക്കെ അറിയുമോ ആവോ?
അവൾ ഓരോന്നായി കത്തുകൾ തുറക്കാൻ തുടങ്ങി. ആദ്യത്തെ കത്തു തുറന്നപ്പോഴാണ് മനസ്സിലായത് ആ പ്രൊപ്പോസലുകളൊന്നുംതന്നെ അവളുടെ ഇൻസ്ർഷനു മറുപടിയായി വന്നതല്ലെന്നും മറിച്ച് അമ്മ പയ്യന്മാരുടെ പേജുകളിൽനിന്ന് തപ്പിയെടുത്തതാണെന്നും. ആദ്യദിവസം വന്ന നാല് ആലോചനകൾ മാത്രമേയുള്ളൂ എന്നു തോന്നുന്നു അവൾക്കായി വന്നത്. അവൾക്ക് നിരാശയായി. ഇത്ര കുറച്ച് പേർക്കെ ഒരു മൾട്ടിനാഷനലിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലിയെടുക്കുന്ന സുന്ദരിയും സുശീലയുമായ പെൺകുട്ടിയിൽ താല്പര്യമുള്ളൂ? അവൾ ഓരോ കത്തുകളായി വായിച്ചുനോക്കി, ചിലതിന്റെ മാത്രം അറ്റാച്ച്‌മെന്റും ഡൗൺലോഡ് ചെയ്തു നോക്കി. അവളുടെ മനസ്സിനു പിടിച്ച ഒന്നും കണ്ടില്ല. അവൾ കത്തുകൾ ഓരോന്നായി വായിക്കുന്ന മുറയിൽ ഡിലീറ്റ് ചെയ്തു. എന്തായാലും അമ്മയെ മെസ്സഞ്ചറിൽ ബന്ധപ്പെടാൻ തീർച്ചയാക്കി. ഭാഗ്യത്തിന് അവിടെ കമ്പ്യൂട്ടർ ഓണാണ്. അമ്മയുണ്ടായിരുന്നു.
‘മോം, കത്തുകളിൽ പറഞ്ഞ കോൺടാക്ടുകളെല്ലാം നോക്കി. എനിക്കിഷ്ടപ്പെട്ട ഒന്നും കണ്ടില്ല. ഇനി ഇങ്ങിനെ അയച്ചു തരണ്ട ആവശ്യമില്ല. ഞാൻതന്നെ നേരിട്ട് ഇന്റർനെറ്റിൽ പോയി പരതാം. എനിക്കിഷ്ടപ്പെട്ട വല്ലതും കണ്ടാൽ ഞാൻ അറിയിക്കാം. അവരുടെ മാത്രം ജാതകം ഒത്തുനോക്കി അറിയിച്ചാൽ മതി. പിന്നെ അമ്മ ബയോഡാറ്റയിൽ കൊടുത്ത ‘വീറ്റിഷ്’ പ്രയോഗം എടുത്തുകളയണം, ഉടനെ. ഫെയർ എന്നെഴുതിക്കോളു. അതുതന്നെ അർദ്ധസത്യമാണ്.’
മറുപടി ഉടനെയുണ്ടായി. മെസ്സഞ്ചറിന്റെ ബോക്‌സിൽ വാക്കുകൾ ഉതിർന്നു വീഴുന്നതിന്റെ വേഗത കണ്ടപ്പോൾ അഞ്ജലിയ്ക്കു മനസ്സിലായി അച്ഛനാണ് കീബോർഡിലിരിക്കുന്നതെന്ന്. ഇത്രയും വേഗത്തിൽ അമ്മയ്ക്ക് ടൈപ്പുചെയ്യാൻ കഴിയില്ല. ഇനി അച്ഛൻ തന്നെയാണോ ഇതിന്റെയൊക്കെ മാസ്റ്റർമൈന്റ്? കള്ളൻ, എന്നെ നല്ല വാക്കു പറഞ്ഞ് കെണിയിൽ പെടുത്തിയിരിക്കയാണ്.
‘മോളെ, നീ പറയുന്നപോലെ ചെയ്യാം. ജാതകാണ് ഒരു കടമ്പ. നിന്റെ ജാതകത്തിൽ രണ്ടേകാൽ പാപമുണ്ട്. പയ്യന്റെ ജാതകത്തിൽ അതിലും കൂടുതലുണ്ടെങ്കിലേ ചേരു. ആൺകുട്ടികളുടെ ശുദ്ധജാതകൊന്നും ചേരില്ലാന്നർത്ഥം.’
‘അപ്പൊ ഞാനാരു പാപിയാണ് എന്നാണോ പറയണത്?’
‘ഓ, അങ്ങിനെയല്ല മോളെ, പാപജാതകള്ളോര് പാപികളൊന്നും അല്ല. ഇതെല്ലാം ഗ്രഹങ്ങള്‌ടെ കാര്യം പറയുമ്പോ കണക്കാക്ക്ണതാണ്. പാപസാമ്യം കണക്കാക്കുക എന്ന് പറയും. ഞങ്ങടെ മോള് പാപിയൊന്നും അല്ല.’
‘അത്ര ഉറപ്പാക്കണ്ട… ശരി, ബൈ, ഞാൻ വീണ്ടും എഴുതാം…’
അഞ്ജലി മട്രിമോണിയൽ സൈറ്റിലേയ്ക്കു പോയി. ദൈവമേ, എത്ര ആൺപിള്ളേരാണ്. എന്നിട്ട് എനിക്കിഷ്ടപ്പെട്ട ഒരു പയ്യനെ കിട്ടാൻ ഇത്ര വിഷമമോ? പേജുകൾ മറിച്ചു. ഒരു ഫോട്ടോവും വിശദമായി, വലുതാക്കി നോക്കാൻതന്നെ തോന്നുന്നില്ല. നാലാമത്തെ പേജെത്തിയപ്പോൾ അവൾ നിന്നു. പരിചയമുള്ള മുഖം. സുഭാഷ് നാരായണൻ, 27 വയസ്സ്, 5 അടി 10 ഇഞ്ച് ഉയരം, ബാംഗളൂർ എം.എൻ.സി.യിൽ സോഫ്റ്റ്‌വെയർ എഞ്ചീനീയർ. അച്ഛൻ, ഇല്ല. സഹോദരീസഹോദരന്മാർ, ഇല്ല. അവൾ ഫോട്ടോവിൽ ക്ലിക് ചെയ്തു. മറ്റൊരു പേജിൽ രണ്ടു വലിയ ഫോട്ടോകൾ. വളരെ സാധാരണ വേഷത്തിൽ ഇരിക്കുന്ന പോസിലാണ് രണ്ടും. ഷർട്ടിന്റെ മുകളിലെ ബട്ടൻ തുറന്നു കിടക്കുന്നു. ക്യാമറയിലേയ്ക്കാണ് നോക്കുന്നത്. തലമുടിപോലും മര്യാദയ്ക്ക് ചീകിവച്ചിട്ടില്ല. ഇതയാൾ വെബ് ക്യാമറയിൽ ഒപ്പിച്ചെടുത്തതാണ്. അഞ്ജലി ഉറക്കെ ചിരിക്കാൻ തുടങ്ങി. ഈ ഫോട്ടോ കണ്ട് വല്ല പെൺകുട്ടികളും വന്നതുതന്നെ!
സുഭാഷിന്റെ ഇ—മെയിൽവിലാസം കൊടുത്തിട്ടുണ്ട്. അവൾ കത്തെഴുതാൻ തുടങ്ങി.
‘ഇഫ് യു റിയലി വാണ്ട് ടു ഗെറ്റ് എ ബ്രൈഡ്, യു ഹാഡ് ബെറ്റർ ചേഞ്ച് യുവർ ഫോട്ടോസ് ബിഫോർ ഫർദർ ഡാമേജ് ഈസ് ഡൺ. കല്യാണ പരസ്യങ്ങളുടെ കൺസൾട്ടൻസിക്ക് സമീപിക്കുക. അഞ്ജലി മാധവൻ.’