ശൂര്‍പ്പണഖ
ശൂര്‍പ്പണഖ | |
---|---|
ഗ്രന്ഥകർത്താവ് | വി എം ഗിരിജ |
മൂലകൃതി | പ്രണയം ഒരാൽബം |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | കവിത |
ആദ്യപതിപ്പിന്റെ പ്രസാധകര്‍ | ചിത്തിര പബ്ലിഷേഴ്സ് |
വര്‍ഷം |
1997 |
മാദ്ധ്യമം | പ്രിന്റ് |
പുറങ്ങള്‍ | 117 |
ISBN | 81-86229-02-07 |
വായനക്കാരുടെ പ്രതികരണങ്ങള്‍ | ഇവിടെ രേഖപ്പെടുത്തുക |
നിലാവ് ചുരന്ന് നനഞ്ഞ
കാടകം…
പച്ച…
രാമ, നീ അരികില്‍…
രാപ്പക്ഷികള്‍കൂടി നിശ്ശബ്ദരായ്…
കാട്ടുമുല്ല മെല്ലെമെല്ലെ-
യിതള്‍ തുറക്കുന്നു…
ഇലത്തുമ്പിലൂറുന്നു
നിലാവ് മുത്തായ്, മരതകമായ്,
ഇല്ല രത്നക്കണ്ണുമിന്നും
വിളക്കുകള്‍,
ഇല്ല തണുത്ത
വെണ്ണക്കല്‍ച്ചുവരുകള്‍,
ഇല്ല പതുത്ത കിടക്ക,
ഇല്ല മദംചുരത്തുന്ന
സുഗന്ധങ്ങള്‍,
സ്വര്‍ണ്ണത്തിളക്കങ്ങള്‍,
ഗുരുവുപദേശിച്ച
രതിസംജ്ഞകള്‍…
ഉള്ളത്
ഇരുളാഴം വകഞ്ഞുതാഴും
മിഴിവിളക്ക്…
ഇരുളിലുമെല്ലാമറിയും
ഉണര്‍ന്ന മനസ്സ്…
പച്ചിലമരച്ചുവട്ടില്‍
ഏതോ കാട്ടുപെണ്ണു മറന്ന
മണ്‍പററിയ മരവുരി…
ഉന്‍മത്തയൗവ്വനംപോലൊഴുകുന്നു
നിലാവി,രമ്പുന്നൂ സിരകള്‍…
കാടൊരോടക്കുഴലായി
പാടുന്നു വന്യഗീതങ്ങള്‍,
ചെണ്ടയുണരുന്നു
വിരലുകള്‍ മിഴികളും
നിന്നിലൂന്നുന്നു…
രാമാ നീയലിയുന്നുവോ?
വിങ്ങുന്ന ഹൃത്തുമായ്
നീയെന്നിലേക്ക് ചായുന്നോ?
……
പക,
കണ്ണുനീര്‍വീണു
നനഞ്ഞതാം രാവുകള്‍,
അപമാനവേവില്‍ തനിച്ചീ
ശിലാശയ്യയില്‍ ഇന്ന് കിടന്നുരുളുമ്പോള്‍…
(ഓര്‍മ്മകള്‍, ഓര്‍മ്മകള്‍…)
കറുമ്പി,
കാടത്തി
ഒളിഞ്ഞെത്ര
കണ്ടു നിന്‍മെയ്യാററില്‍ നീ
കുളിക്കേ,
രാവില്‍ നിന്‍ പ്രിയയൊത്ത്
ചിരിച്ചിരിക്കേ,
പകമിന്നുന്നൊരമ്പായ് അടുക്കേ
തപസ്സാണ്ടു നിന്‍മിഴി
കൂമ്പിയിരിക്കേ…
എത്രനാള്‍ കണ്ടു…
പിന്നെ ഞാനറിയാതെ
താനേ മുളയ്ക്കുന്ന
കാട്ടുചെടിയായീ പ്രണയം…
നിന്റെ മുഖം,
നെഞ്ചിന്‍ ചന്ദനനിറം,
നിന്റെ പെണ്ണിനെ വിളിക്കവേ
അലിയും സ്വരം…
നിന്നില്‍ നിറയാന്‍
ഒരു രാത്രിയെങ്കിലും
നിന്‍ വാഴ്‌വെന്റെ പ്രാണനില്‍
മഴയായിത്തകര്‍ത്ത് മദിച്ചുല്ലസിച്ച്
താനേയിററുനീയെന്നില്‍
മുളയ്ക്കുവാന്‍
എന്തൊരു കൊതി…
ഉയിരുടലും ത്രസിക്കുമെന്തൊ-
രാകര്‍ഷണമന്ത്രം,
പൗരുഷത്തിന്റെയെന്തനന്ത
സൗന്ദര്യം!
രാമ…
നീയെന്നാല്‍ നഗരത്തിന്റെ
പ്രാണന്‍
നിന്റെ നാഡികള്‍തോറും പേടി,
അവിശ്വാസം,
അറിയാത്തതില്‍ ചതികള്‍,
ആഴങ്ങളില്‍
കയങ്ങള്‍ ഭയക്കുന്ന സുരക്ഷ…
പ്രണയത്തിനും ഗുരുസൂക്തികള്‍,
ലയരാത്രിയില്‍
രതിവിദ്യാജ്ഞാനം,
ചുംബനങ്ങളില്‍ മുദ്രാവടിവ്,
അലിവിലുമലിയാതലിയാതെ
ശിലയാകുമൊരുള്ളം…
സീത കടലായുയരവേ
തണുത്ത തപസ്സാലെയടക്കും
വൃഥാ ധൈര്യം…
എത്ര രാത്രികള്‍,
അന്തിമങ്ങുഴക്കിനാവുകള്‍
എത്ര കാററുകള്‍, എത്ര പൂവുകള്‍
ഒരിക്കല്‍ ഞാന്‍…
ഒററയ്ക്ക് വന്നേന്‍ അരികില്‍…
ഇവള്‍
സ്നേഹത്തിന്നാഴി കടയാന്‍
പിറന്നവള്‍,
ഇവള്‍
സ്നേഹത്തിന്നാഴിയരികിലി-
രിക്കിലും
ഒരു തുള്ളിക്കായ് തൊണ്ട
വററിവിണ്ടിരന്നവള്‍,
ഇവള്‍
ആണിനെയറിയാത്തോളല്ല,
സീതയായ് പതിയെ
പൂജിക്കുവോളല്ല,
വീട്ടടുപ്പിലെറിയപ്പെട്ടോളല്ല,
ധീര…
കാരിരുമ്പുടല്‍ അലിവാല്‍
ചുരത്തിയ പാലിനാല്‍
ഇളംവയര്‍ നിറയെപ്പകര്‍ന്നവള്‍,
ഈററുനോവറിഞ്ഞവള്‍,
ഇവള്‍ കാടകത്തിന്റെ മനസ്സായ്-
വസന്തത്തില്‍ പൂവായി,
മഴക്കാലത്തുപൊടിക്കുന്ന
വേരായി
വേനല്‍ച്ചൂടില്‍ പൊടിയായ്
പരക്കുവോള്‍…
ഇവളെങ്കിലും
വന്നു നിന്‍മുമ്പില്‍…
സീത വിടരും കണ്ണാല്‍,
നോക്കിയെന്നെ…
(കാടത്തിയെക്കണ്ട കൗതുകം
നിന്റെ കണ്ണിലും)
മറയ്ക്കുന്നതെന്തിന്? ക്ഷണിച്ചു
ഞാന്‍
‘വരിക നീയെന്നൊപ്പം
അനന്തദിനങ്ങളെ
ഞൊടിയായ് മാററാം,
എന്റെയുടല്‍പ്പച്ചയില്‍
തണലിളവേല്‍ക്കുക,
നഗരം കാണാതെത്ര
വഴികള്‍, അകങ്ങള്‍,
ഉറവുകള്‍, ശബ്ദം, ചിരി,
സുഗന്ധമിക്കാടിന്…’
പെണ്ണിന്നടക്കമില്ലായ്മയില്‍
ക്കോപിച്ചോ,
സീതയിരിക്കെ വിളിച്ചതില്‍
അപമാനിതനായോ
നോക്കി നീയെന്നെ…
(സീതയ്ക്കുള്ളില്‍ കറയോ
തന്റേതെന്ന പൊലിവോ?
നഗരത്തില്‍ പ്രണയമവകാശം.
രാവിലുടല്‍നല്‍കലും
കരാര്‍തീര്‍പ്പ്,
ഈ സുന്ദരിയുമിതുപോലെ?
അമ്പരന്നു ഞാന്‍)
എന്നെ നോക്കി നീ,
മുടി,
നെറ്റിയില്‍ വിയര്‍പ്പിന്‍ മുത്തുകള്‍,
ചെവിയിലൊറ്റപ്പൂവിന്‍ ചിരി,
ചുണ്ടിന്റെ നനവില്‍ ക്ഷണം,
തടിക്കുഴിയിലഭിലാഷത്തിളക്കം,
മഞ്ചാടിക്കുരുമാലകള്‍,
കാട്ടുകല്ലുമാലകള്‍,
പൂമാലകള്‍ നിറയും
കഴുത്തിന്റെ കലമ്പല്‍…
മുടിനാഗത്തിന്‍ താഴെ-
പ്പൊന്തിയുയരും മുലകളില്‍
നാണവും കൊതിച്ചൂടും…
രാമ…നീയനുജനെ വിളിച്ചൂ…
ഇവളേതോ കാട്ടുപെണ്ണ്…
കാമത്താല്‍ മുറതെറ്റിയോള്‍…
പ്രണയമെന്നിതിനെ
വിളിക്കാനും
മടിയില്ലാത്തോള്‍-
ഇവളെ നിലാവുള്ള രാവില്‍
ഞാന്‍ നിഴല്‍പോലെ
അരികില്‍ പലവട്ടം കണ്ടു.
പച്ചിലക്കുമ്പിള്‍
കാട്ടുപൂക്കളാല്‍
രസംമുറ്റിയ കനികളാല്‍
നിറച്ചു മറയുന്നോള്‍…
കാട്ടരുവിത്തെളിനീരില്‍
ഉടലാഴുമ്പോള്‍
ഇവള്‍ നിശ്ശബ്ദയായ്
കാട്ടുമരക്കൊമ്പിന്മേല്‍ മിന്നും
രണ്ടു കണ്ണുകളായി…
ഇവള്‍ ഞാനെയ്യാനുന്നും
മാനിനെ
ക്ഷണംകൊണ്ടേയെറിഞ്ഞുവീഴ്ത്തുന്നവള്‍,
ഇവള്‍ കാമരൂപിണി…
കാടായി,
പൂവായ്, കാട്ടുമണ്ണിന്റെ
പശിമയായ്, കാട്ടിലപ്പടര്‍പ്പായി
മഴയായ്, വെയിലായി
നിലാവായെന്നെപ്പിന്തുടര്‍ന്നവള്‍…
ഒരു രാത്രി…
നിലാവ്, കാട്ടുപൂമണം,
ഏകാന്തത,
നദിയോരത്തെക്കാറ്റിന്‍
ചുണ്ടിലത്ഭുതഗന്ധം,
രതിഗന്ധംപോലേതോ
കാട്ടുമരം പൂത്തതിന്‍ മണം,
കൈതമണം,
പുതുമഴ മണ്ണിനെത്തേടും സ്വരം,
ഇവള്‍ മായാവിനി,
കാമരൂപിണി
ഇവയായി അരികില്‍വന്നെന്‍
തോളില്‍ തലചായ്ച്ചുവോ?
ഒരുമാത്ര ഞാനെന്നെ മറന്നോ?
…
ഇവളെയകറ്റുക,
ഇവളെന്‍ വാഴ്‌വിൻ
ശൂന്യസ്ഥലങ്ങള്‍ പരതുന്നു
മിഴികള്‍ തുറക്കുന്നു
മിഴിനീര്‍ നിറയ്ക്കുന്നു’
പറയാന്‍തുടങ്ങിയതിങ്ങനെ…
പക്ഷേ സ്വരം
ഇടിവാളായിക്കാട്ടുതീയായിയു-
യരുന്നു…
‘ഇവളെയകറ്റുക ലക്ഷ്മണാ…
ഇവള്‍ നാരി
ഇവള്‍ പൂജ്യയാണത്രേ
കാടത്തി, കിഴവി
കാമദാഹാര്‍ത്തയെങ്കിലും
ആര്യന്മാര്‍ നാം ഇതു
പിന്‍തുടരുന്നോര്‍…
ഇവളെക്കൊല്ലാതെതാൻ
ഇവളെത്തകര്‍ക്കുക’
നിനക്കായ് കാമച്ചൂടിലുയര്‍ന്ന്
തുടിച്ചവ,
നിനക്കായ്
വാല്‍സല്യത്തേന്‍ ചുരത്തി
നിറഞ്ഞവ,
നിന്‍ കണ്ണിന്‍
കാന്തദണ്ഡിനാലൊരുമാത്ര-
യെങ്കിലുമറിഞ്ഞവ…
വാളിന്‍ മൂര്‍ച്ചകൊണ്ടിതു
ചൂഴ്ന്നെടുക്കുന്നതാര്‍?
അലിവൂറുമെന്‍ ദേഹം
ആയുധത്തിനാലെയാര്‍
മൃതവന്ധ്യമാക്കുന്നൂ?
(സീത നിന്ദയാല്‍
ആശ്വാസത്താല്‍
പുഞ്ചിരിച്ചുവോ?)
നീ കല്ലായ് മാറിയ
മുനിപ്പെണ്ണിന് കരളും
തുടിക്കുന്നോരുടലും
കൊടുത്തവന്‍…
നിന്നിലലിയാന്‍ കൊതിച്ചൊരെന്‍
മുഖം,
മാറിടം, സ്നേഹം…
എല്ലാം നീക്കി,
ശിലയായ് വികൃതമായ്
മൃതിയില്‍ വെടികയോ?
എങ്കിലുമിതാ രാവില്‍
ഞാന്‍ നിന്‍ സ്വരമോര്‍മ്മിക്കുന്നു
അലിവാല്‍ പരക്കുന്ന
നിന്‍ മിഴിത്തെളിമയും
മുഖസൂര്യപ്രഭയുമോര്‍മ്മിക്കുന്നൂ…
ശിലയ്ക്ക് ജീവന്‍ നല്‍കാനുന്നവേ
പാതിമുറിഞ്ഞൊരാശ്ലേഷത്തിന്‍
കുളിരുമോര്‍മ്മിക്കുന്നൂ…
…….
രക്തപ്പുഴയില്‍ ജയിച്ചു നീ
ഒരുനാൾ വരും,
സീതയെതിരേല്‍ക്കവേ
പൊടിപുരണ്ട്,
കണ്ണീര്‍ച്ചാലുകീറിയ
മുഖത്തു നീയലിയാതലിയാതേ
ശിലയായ്, വിജയിച്ച
യോദ്ധാവിന്നഹന്തയായ്
സ്വന്തം മുതല്‍
എതിരാളിയില്‍നിന്നും
നേടിയ ജേതാവായി…
അവളെത്തീക്കണ്ണാലേ കരിക്കും-
അന്നവള്‍ ശിലയാകുമോ?
ചുണ്ടുകള്‍,
വിരല്‍ത്തുമ്പുകള്‍,
ചെവി,
മൂക്ക്
കണ്ണീര് നനയിച്ച മുലകള്‍,
കരളും
നഷ്ടപ്പെട്ട്
മറ്റൊരു ഞാനാകുമോ?
ആരുനിന്‍ പ്രിയ?
ആര് മോഹിപ്പിച്ചാകര്‍ഷിച്ചോള്‍?
ആരെ നീ നേടി…
ആരെ വെടിഞ്ഞു?
ആരു ഞാന്‍? ആരു സീത
ചോദ്യമിരുളായ് പരക്കുന്നൂ.
(സമകാലീന കവിത 6, 1993)
|