close
Sayahna Sayahna
Search

ആനയ്ക്കും അടിതെറ്റും


ആനയ്ക്കും അടിതെറ്റും
Front page of PDF version by Sayahna
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി മോഹഭംഗങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ ഒലിവ് ബുക്‌സ്
വർഷം
2000
മാദ്ധ്യമം Print (Paperback)
പുറങ്ങൾ 87 (first published edition)

മോഹഭംഗങ്ങള്‍

മുല്ല നാസറുദീന്‍ മുട്ട വിറ്റാണ് ജീവിതത്തിന്റെ ചെലവുകള്‍ക്കു മാര്‍ഗ്ഗം കണ്ടെത്തിയിരുന്നത്. ഒരു ദിവസം അദ്ദേഹത്തിന്റെ കടയില്‍ ഒരാളെത്തി ചോദിച്ചു: ʻʻഎന്റെ കൈയില്‍ എന്തുണ്ടെന്നു പറയാമോ?ˮ നാസറുദീന്‍ പറഞ്ഞു: ʻʻഎന്തെങ്കിലും ഒരടയാളം പറയൂ.ˮ വന്നയാള്‍ അറിയിച്ചു. ʻʻഒന്നല്ല പല അടയാളങ്ങള്‍ നല്‍കാം. അതിനു മുട്ടയുടെ ആകൃതിയാണ്. മുട്ടയുടെ വലിപ്പവും. അതൊരു മുട്ടപോലെ തോന്നും. മണപ്പിച്ചാല്‍ മുട്ടപോലെ. അകത്ത് മഞ്ഞയും വെള്ളയും. വേകിക്കുന്നതിനു മുമ്പു ദ്രാവകം. ചൂടാക്കിയാല്‍ കട്ടിയാകും. കൂടാതെ പിടക്കോഴിയാണ് അതിട്ടത്.ˮ

നാസറുദീന്‍ അത് കേട്ട് ഉദ്ഘോഷിച്ചു.

ʻʻഹാ ഹാ എനിക്കറിയാം. അതൊരുതരം കെയ്ക്കാണ്.ˮ

പ്രത്യക്ഷമായതു പ്രഗല്ഭനു കാണാന്‍ കഴിയുകയില്ല എന്ന് ഈ അര്‍ത്ഥവാദകഥയ്ക്കു വ്യാഖ്യാനം നല്കാം. ഇതുതന്നെയല്ലേ നമ്മുടെ സാഹിത്യത്തിലും കാണുന്നത്. നിരൂപക ശ്രേഷ്ഠനായ കുട്ടികൃഷ്ണമാരാരുടെ ലീലാകാവ്യനിരൂപണമാണ് എന്റെ ഓര്‍മ്മയില്‍ വരുന്നതിപ്പോള്‍. ലീല എന്ന നായികയെക്കുറിച്ച് അദ്ദേഹം പറയുന്നു:

ʻʻഇതിന്‍വണ്ണം ലീലയ്ക്കു വിവാഹാനന്തരം തന്റെ അനുരാഗകഥയുടെ സ്മരണ നേര്‍ത്തു നേര്‍ത്തു പോകുവാനല്ല ചീര്‍ത്തു ചീര്‍ത്തു വരുവാനിടയായത്; അതോടൊപ്പം ദുഃഖവും. അങ്ങനെ ഒരുകൊല്ലം കഴിഞ്ഞപ്പൊഴെയ്ക്കു അവളുടെ ʻപ്രണയജമായ അഴല്‍ കാഷ്ഠയിലെത്തി.ʼˮ

ഇങ്ങനെയൊക്കെ പ്രതിപാദിച്ചതിനു ശേഷം ലീല ഭര്‍ത്താവിനെ ഞെക്കിക്കൊന്നുവെന്ന് കുട്ടികൃഷ്ണമാരാര്‍ അഭിപ്രായപ്പെടുന്നു.

ʻഅവളുടെ ശയനീയശായിയാമവനൊരുഷസ്സിലുണര്‍ന്നിടാതെയായ്ʼ എന്നതിലെ ആ ʻശയനീയശായിʼ പ്രയോഗത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നതെന്തെന്നു സംശയിപ്പാനിടയില്ലˮ എന്നും കുട്ടികൃഷ്ണമാരാര്‍ പ്രസ്താവിക്കുന്നു. ʻശയനീയശായിʼ –- ശയനീയത്തില്‍ ശയിച്ചുകൊണ്ടിരിക്കുന്നവന്‍ എന്ന് കവി കരുതികൂട്ടി പ്രയോഗിച്ചുവെന്നാണ് മാരാരുടെ മതം. കൂടെക്കിടക്കുന്നവന്റെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ എത്രയെളുപ്പം! ലീല അതുചെയ്തുവെന്ന് സന്ദിഗ്ദ്ധതയോടെയല്ല, അസന്ദിഗ്ദ്ധതയോടെതന്നെ നിരൂപകന്‍ പറയുന്നു. എന്തൊരു വൈകൃതം! മഹാഭാരതത്തിലും രാമായണത്തിലും എവിടെയെല്ലാം ധര്‍മ്മമുണ്ടോ അതൊക്കെ അധര്‍മ്മമായും എവിടെയൊക്കെ അധര്‍മ്മമുണ്ടോ അതെല്ലാം ധര്‍മ്മമായും കാണുന്ന കുട്ടികൃഷ്ണമാരാര്‍ ഇങ്ങനെയൊരു മാനസിക ഭ്രംശം കാണിച്ചില്ലെങ്കിലേ നമ്മള്‍ അത്ഭുതപ്പെടേണ്ടതുള്ളു.

വാക്കുകളുടെ അവയവാര്‍ത്ഥങ്ങളെ അവലംബിച്ചിട്ടുള്ള നിരൂപണവും വിമര്‍ശനവും വിപത്തുണ്ടാക്കുന്നവയാണ്. ശയനീയശായിക്കു ഭര്‍ത്താവെന്ന അര്‍ത്ഥമേയുള്ളൂ. കിടക്കയില്‍ എപ്പോഴും കിടക്കുന്നവന്‍ എന്നല്ല അതിന് അര്‍ത്ഥപ്രദര്‍ശനം നല്കേണ്ടത്. സഹധര്‍മ്മചാരിണിക്കു ഭാര്യയെന്നാണര്‍ത്ഥം. ഭര്‍ത്താവിനോടൊപ്പം എല്ലാ ധര്‍മ്മങ്ങളിലും ചരിക്കുന്നവള്‍ എന്ന അര്‍ത്ഥം സങ്കല്പിച്ച് ശ്രീരാമന്‍ കാലത്തു പല്ലു തേച്ചപ്പോള്‍ സീതയും പല്ലു തേച്ചില്ല, അതിനാല്‍ സീത ചാരിത്രശാലിനിയല്ല എന്നു വരെ കുട്ടികൃഷ്ണമാരാര്‍ വാദിച്ചേക്കും. ശയനീയശായിക്ക് അമ്മട്ടിലൊരു സ്റ്റുപിഡായ അര്‍ത്ഥമാണല്ലോ നിരൂപകന്‍ നല്കിയത്. ബ്രഹ്മചാരി ദിവസത്തില്‍ ഇരുപത്തിനാലു മണിക്കുറും വേദത്തില്‍ ചരിക്കുന്നവനല്ല. അയാള്‍ കുളിക്കും. ആഹാരം കഴിക്കും അങ്ങനെ പലതും. ലീല ഭര്‍ത്താവിനെ കൊന്നുവെന്നു വരുത്താന്‍ ശയനീയശായി എന്ന പ്രയോഗത്തിന്റെ അവയവാര്‍ത്ഥത്തില്‍ കേറിപ്പിടിക്കുന്ന മാരാരുടെ പ്രക്രിയ ദുശ്ശാസനന്റെ വസ്ത്രാക്ഷേപപ്രക്രിയയെക്കാള്‍ അധര്‍മ്മമാണ്. പ്രഗല്ഭനു പറ്റിയ പ്രമാദമാണ്.

നല്ല ലക്ഷ്യത്തോടുകൂടിയാണെങ്കിലും സാമൂഹിക വിമര്‍ശനത്തിന്റെ ഇരുമ്പുപാരകൊണ്ടു സഹൃദയനെ കൂടെകൂടെ താഡിച്ച് വേദനിപ്പിക്കുന്ന ജോസഫ് മുണ്ടശ്ശേരി കുമാരനാശാന്റെ ലീലാ കാവ്യത്തെ നിരൂപണം ചെയ്യുമ്പോള്‍ യുവതികളുടെ ʻകാമ്യപരിഗ്രഹേച്ഛʼയില്‍ പിതാക്കന്മാരുടെ പ്രതിലോമകാരിത്വത്തെ നിന്ദിക്കുകയാണ് കുമാരനാശാനെന്ന് പ്രസ്താവിക്കുന്നു. കാളിദാസന്റെ കാലത്തെ രാജനീതിക്കു യോജിച്ച വിധത്തിലാണു ദുഷ്യന്തനെ വെള്ളയടിച്ചു കാണിക്കാന്‍ മഹാകവി ഒരുമ്പെട്ടതെന്നും മുണ്ടശ്ശേരി പറയുന്നു. രണ്ടും ഭാഗിക സത്യങ്ങളത്രേ. തന്റേതായ ഒരു സാന്മാര്‍ഗ്ഗിക മണ്ഡലം നിര്‍മ്മിച്ചിട്ട് അതില്‍ സാഹിത്യസൃഷ്ടികളെ തള്ളിക്കയറ്റുന്ന വേളയില്‍ ലീലാകാവ്യത്തിന്റെയും ശാകുന്തളത്തിന്റെയും ചാരുതയെക്കുറിച്ച് മുണ്ടശ്ശേരിക്ക് ഒന്നും പറയാനില്ല. ബുദ്ധിമാനായ നിരൂപകനു പറ്റുന്ന വീഴയും താഴ്ചയുമാണിത്.

ഇത്തരം ഭ്രംശങ്ങള്‍ക്കു പ്രചുരപ്രചാരം കിട്ടിയ കാലയളവിലാണു നമ്മള്‍ ജീവിക്കുന്നത്. സ്വകാര്യസ്വത്തിന്റെ ആവിര്‍ഭാവത്തെക്കുറിച്ച് വിചിത്രമായ വിചാരമുണ്ട് ഇപ്പോള്‍. മനുഷ്യന്‍ ആദ്യകാലത്ത് വേലികളില്ലാത്ത വെളിസ്ഥലങ്ങളിലാണ് കുടിലു കെട്ടി കഴിഞ്ഞു പോന്നത്. ഒരു ദിവസം കാലത്ത് ഉണര്‍ന്നു നോക്കുമ്പോള്‍ തന്റെ കുടിലില്‍ നിന്ന് ഏറെ ദൂരമില്ലാത്ത സ്ഥലത്തിരുന്ന് ഒരുത്തന്‍ ʻപ്രകൃതിയുടെ രണ്ടാമാഹ്വാനത്തിന് ഉത്തരം നല്കുന്നതായിʼ കാണുന്നു. ദുര്‍ഗന്ധം അസഹനീയമായതു കൊണ്ട് അടുത്ത ദിവസവും വരാതിരിക്കാനായി കുടിലുടമസ്ഥന്‍ തന്റേതായി കരുതുന്ന പറമ്പിനു നാലു ചുറ്റും വേലി കെട്ടുന്നു. ഇങ്ങനെ ഓരോ വ്യക്തിയും വേലി കെട്ടിയതു കൊണ്ടാണു പോലും സ്വകാര്യസ്വത്ത് (Private Propery) ഉണ്ടായത്. സത്യമാണിതെന്ന് ഉപരിപ്ലവബുദ്ധിയുള്ളവര്‍ക്കു തോന്നിയെന്നു വരും. പക്ഷേ സത്യമാണോ ഇത്. പറമ്പിനു ചുറ്റും വേലി കെട്ടുന്നതു രൂപമില്ലായ്മയില്‍ രൂപം സൃഷ്ടിക്കാനുള്ള താല്പര്യം കൊണ്ടല്ലെ? വ്യവസ്ഥയില്ലാത്ത ജീവിതമാണു കുഞ്ഞുങ്ങളുടേത്. അച്ഛനമ്മമാര്‍ വിദ്യാഭ്യാസം നല്കി അവരുടെ ജീവിതത്തിനു ക്രമം നല്‍കുന്നു, വ്യവസ്ഥ നല്‍കുന്നു. അല്ലെങ്കില്‍ രൂപമില്ലാത്തിടത്ത് രൂപം നല്‍കുന്നു. സര്‍ഗ്ഗാത്മകത്വവും വിഭിന്നമല്ല. നമ്മുടെ അനുഭവങ്ങള്‍ക്കു വ്യവസ്ഥയില്ല. നമ്മളില്‍ അനുഗ്രഹീതരായവര്‍ ആ അനുഭവങ്ങള്‍ക്കു വാക്കുകള്‍ കൊണ്ടോ ചായംകൊണ്ടോ രൂപം നല്കുമ്പോള്‍ കലാസൃഷ്ടി ആവിര്‍ഭവിക്കുന്നു.

ʻʻ... the business of the poetic language is to separate, clarify and define, rather than cryptically conflate the ambiguous feelings it handlesˮ എന്നു വിശ്രുത നിരൂപകനായ റ്റെറി ഇഗ്ള്‍ടന്‍. കവിത ആവിഷ്കരിക്കുന്ന വികാരങ്ങളെ –- സന്ദിഗ്ദ്ധതയാര്‍ന്ന വികാരങ്ങളെ –- ഗൂഢാര്‍ത്ഥ സ്വഭാവത്തോടുകൂടി സന്ധാനം ചെയ്യുകയല്ല കവിതയുടെ പ്രവൃത്തി; അവയെ വേര്‍തിരിക്കുകയും സ്പഷ്ടമാക്കുകയും പരിച്ചേദിക്കുകയുമാണ്. ജി. ശങ്കരക്കുറുപ്പിന്റെ ʻഇന്നു ഞാന്‍ നാളെ നീʼ എന്ന കാവ്യം നോക്കുക. ഗൂഢാര്‍ത്ഥനിവേശനത്തില്‍ കവിക്കു താല്‍പ്പര്യമില്ല, മൃതദേഹം കണ്ടയുടനെ തനിക്കുണ്ടായ വികാരങ്ങളെ പരിച്ചേദിച്ച് അദ്ദേഹം സുതാര്യത്യോടെ സ്ഫുടീകരിക്കുകയാണ്. പക്ഷെ, വൈലോപ്പിള്ളിയുടെ ചൊല്കണ്ട ʻസഹ്യന്റെ മകന്‍ʼ എന്ന കാവ്യത്തില്‍ ഈ ഗുണങ്ങളില്ല. അതുകൊണ്ടു കാവ്യാസ്വാദനത്തിനു സമ്പൂര്‍ണ്ണതയുണ്ടാകാന്‍ വേണ്ടി നമ്മള്‍ അദ്ദേഹത്തിന്റെ അടിക്കുറുപ്പുകളെ ആശ്രയിക്കുന്നു. പ്രഗല്ഭനു പ്രത്യക്ഷമായതു കാണാന്‍ കഴിയുന്നില്ല എന്ന തത്ത്വത്തിന് നിര്‍ദശകമായിരിക്കുന്നു വൈലോപ്പിള്ളിക്കാവ്യം. അപ്രഗല്ഭന്മാര്‍ പടച്ചുവിടുന്ന കവിതകളെക്കുറിച്ച് ഒന്നും പറയാനുമില്ല. ഇക്കാരണങ്ങളാലാണ് മലയാള സാഹിത്യം ഇന്ന് ഒരാകുലാവസ്ഥയില്‍ എത്തിയിട്ടുള്ളത്.