close
Sayahna Sayahna
Search

തകഴി ശിവശങ്കരപ്പിള്ള എന്ന വിശ്വസാഹിത്യകാരന്‍


തകഴി ശിവശങ്കരപ്പിള്ള എന്ന വിശ്വസാഹിത്യകാരന്‍
Front page of PDF version by Sayahna
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി മോഹഭംഗങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ ഒലിവ് ബുക്‌സ്
വർഷം
2000
മാദ്ധ്യമം Print (Paperback)
പുറങ്ങൾ 87 (first published edition)

മോഹഭംഗങ്ങള്‍

കുരുക്ഷേത്ര യുദ്ധം കഴിഞ്ഞു. എല്ലാവരും മരിച്ചു. കുരുടനായ ധൃതരാഷ്ഠര്‍ ജീവിച്ചിരിപ്പുണ്ട്. വിശപ്പുള്ള അയാളുടെ ഭീമന്‍ വായിലേക്ക് ഭീമന്‍ ആഹാരം ഉരുളയാക്കി ഇടുകയാണ്. തന്റെ നൂറുമക്കളേയും കൊന്ന ഭീമനാണ് തന്റെ വായിലേക്ക് ഉരുളകള്‍ ഇടുന്നതെന്ന് ധൃതരാഷ്ട്രര്‍ക്കു നല്ലപോലെ അറിയാം. എങ്കിലും ആയാളവ കഴിക്കുന്നു. എന്തുകൊണ്ടാണിത്? മഹാഭാരത കര്‍ത്താവായ വ്യാസന്‍ മറുപടി നല്കുന്നു: ʻജീവിതാശാ ബലീയസീʼ (ജീവിച്ചിരിക്കാനുള്ള ആഗ്രഹം ബലമാര്‍ന്നതല്ലേ?) ഇതിനേക്കാള്‍ മഹനീയമായ ഭാഷണങ്ങള്‍ ʻമഹാഭാരതʼ ത്തില്‍ കാണുമായിരിക്കും. മറ്റു ഗ്രന്ഥങ്ങളില്‍ വിരളമായേ ഉണ്ടായിരിക്കൂ. ഇതിനെ ഉല്‍കൃഷ്ടമായ കാവ്യഭാഷണമായി പരിഗണിക്കാം. ആശയത്തിന്റെ തീക്ഷ്ണത, ലയത്തിന്റെ തീക്ഷ്ണത, ലോകാഭിവീക്ഷണത്തിന്റെ തീക്ഷ്ണത, ഇവ മൂന്നും ചേര്‍ന്ന് ഈ പ്രസ്താവം അരവിന്ദഘോഷ് പറയുന്നതുപോലെ മന്ത്രമായി മാറിയിരിക്കുന്നു. നിസ്തുല പ്രതിഭാശാലികള്‍ക്കേ ഇമ്മാതിരി ഭാഷണങ്ങള്‍ നിര്‍വഹിക്കാന്‍ കഴിവുണ്ടാകൂ. വേറെയോരു ഉദാഹരണം കൂട്ടി നല്‍കട്ടെ. പൂന്തോട്ടത്തില്‍ ഉറങ്ങിക്കിടന്ന രാജാവിന്റെ കാതില്‍ വിഷപുഷ്പം കശക്കി നീരൊഴിച്ച് അനുജന്‍ അയാളെ കൊന്നു. കൊന്നതിനു ശേഷം അയാള്‍ രാജാവായി. മാത്രമല്ല ചേട്ടന്റെ ഭാര്യയെ സ്വന്തം ഭാര്യയാക്കുകയും ചെയ്തു. മരിച്ച രാജാവിന്റെ മകനാണ് ഹാംലിറ്റ്. ആ രാജകുമാരന്റെ കൂട്ടുകാര്‍ രാത്രിയില്‍ നിഗ്രഹിക്കപ്പെട്ട രാജാവിന്റെ പ്രേതത്തെ കാണുന്നു. സംഭാഷണം തുടങ്ങുന്നതിനു മുമ്പ് കോഴി കൂവിയതിനാല്‍ പ്രേതം അപ്രത്യക്ഷമായി. ഈ സംഭവം ഹാംലിറ്റിന്റെ ഉറ്റമിത്രമായ ഹൊറയ്ഷ്യോ അയാളോടു പറഞ്ഞു. It would have amazed you എന്നു സുഹൃത്ത് അത്ഭുതത്തോട് അറിയിച്ചപ്പോള്‍ ഹാംലിറ്റ് മറുപടി നല്‍കിയത് ഇങ്ങിനെയാണ്. ʻVery like very like stayed it alongʼ (ഓര്‍മ്മയില്‍ നിന്നെഴുതുന്നത്.) തീര്‍ന്നു. ഇതില്‍ കൂടുതലായി ഒന്നും ഹാംലിറ്റ് പറയുന്നില്ല. വികാരം മൂര്‍ദ്ധന്യാവസ്ഥയിലെത്തി നില്‍കുമ്പോള്‍ ഇതിനപ്പുറമായി ഒന്നും പറയാന്‍ ഹാംലിറ്റിന് കഴിയുകയില്ലെന്ന മനഃശാസ്ത്രതത്വം ഷേക്സ്പിയറിന് അറിയാം. ഇതാണ് കേവല ഭാവനയെന്ന് – absolute imagination എന്ന് – ഒരു വലിയ ചിന്തകന്‍ ചൂണ്ടിക്കാണിക്കുന്നു. ഷേക്സ്പിയര്‍ തന്നെ ഹാംലറ്റായി മാറുകയാണിവിടെ. കലാശക്തി കുറഞ്ഞ മറ്റാരെങ്കിലുമാണെങ്കില്‍ ഹാംലറ്റിന് ഒരു ദീര്‍ഘപ്രസ്താവം വച്ചു കൊടുക്കാമായിരുന്നുവെന്നും ആ ചിന്തകന്‍ എഴുതിയിട്ടുണ്ട്. കേവലഭാവനയാല്‍ അനുഗ്രഹീതനല്ലാത്ത ഇ.വി. കൃഷ്ണപിള്ള ʻരാജാ കേശവദാസന്‍ʼ എന്ന നാടകത്തിലെ സാവിത്രിയെക്കൊണ്ടു സംസാരിപ്പിക്കുന്നതു കേള്‍ക്കുക.

ʻഏതു കൈകള്‍ക്ക് അമ്മാവാ? ഏതു കൈകള്‍ക്കെടോ ശേവുകക്കാരന്‍ പിള്ളേ വിലങ്ങുവയ്ക്കേണ്ടത്? ഞാന്‍ പറയാം ഏതു കൈകള്‍ക്കെന്ന്. കാര്‍ത്തിക തിരുനാള്‍ ശ്രീരാമവര്‍മ്മ മഹാരാജാവ് തിരുമനസ്സുകൊണ്ട് ഏതു കൈകള്‍ കാഴ്ച കണ്ട ദിവസമാണോ രാജ്യത്തിലെ ക്ഷാമം തീരെ നീങ്ങത്തക്കവണ്ണം ധാരാളം സമ്മാനങ്ങള്‍ തിരുമനസ്സിലേക്കു നല്‍കിയത് ആ കൈകള്‍; രാജ്യത്തിലെ അന്ത:ചിദ്രം മൂലം പണമില്ലാതെ രാജ്യം കുചേല ഭവനമായ സന്ദര്‍ഭത്തില്‍ ഏതു കൈകള്‍കൊണ്ടു കണക്കെഴുതി ആ ശാഖയിലെ കുഴപ്പം തീര്‍ത്തത്, തിരുമനസ്സിലെ ഭണ്ഡാഗാരത്തില്‍ സ്വര്‍ണ്ണനാണയം കിലുകിലെ വാരിയിട്ടു നിറച്ചുവോ ആ കൈകള്‍; ഞാന്‍ പറയാം ഏതു കൈകളെന്ന്...ʼ

caption
തകഴി ശിവശങ്കരപിള്ള

ഇങ്ങനെ പോകുന്നു അവസാനിക്കാന്‍ ഇനിയും ഇരുപതു മിനിട്ടു വേണ്ടി വരുന്ന ഈ ശബ്ദ നിര്‍ഘോഷം. സാവിത്രിയുടെ വേഷം കെട്ടിയ ആള്‍ നാടക വേദിയില്‍ നിന്ന് ഇങ്ങനെ തകര്‍ക്കുമ്പോള്‍ തറടിക്കറ്റുകാര്‍ ആവേശഭരിതരായി കൈയടിച്ചു വികാരമൂര്‍ഛയില്‍ വീഴുന്നത് എന്റെ ഉള്‍ക്കണ്ണു കാണുന്നു. കരഘോഷം എന്റെ ഉള്ളിലെ കാതു കേള്‍ക്കുന്നു. നാടകകര്‍ത്താവായ ഇ.വി. കൃഷ്ണപിള്ള ഇവിടെ Inferior Artist ആയി പ്രത്യക്ഷനാവുകയാണ്. വികാരത്തിന്റെ പരകോടിയിലെത്തുന്ന ഒരാളും ഇത്തരം മൈതാന പ്രഭാഷണം നടത്തുകയില്ല. കേവലഭാവനയില്‍ നിന്ന് അതിദൂരം അകന്നു നില്‍ക്കുന്നു ആപേക്ഷികഭാവന. Relative Imagination എന്നാണ് അതിന്റെ പേര് ഇംഗ്ലീഷില്‍. കീറ്റ്സ്, ഷെല്ലി, ബയറണ്‍, വേഡ്സ്‌വര്‍ത്ത്, കുമാരനാശാന്‍, വള്ളത്തോള്‍, ശങ്കരക്കുറുപ്പ്, ചങ്ങമ്പുഴ, ഇടപ്പള്ളി, പി. കുഞ്ഞിരാമന്‍ നായര്‍ ഇവര്‍ക്ക് ഈ ആപേക്ഷിക ഭാവനയേയുള്ളൂ. അതിന്റെ അവലംബത്തോടെ അവര്‍ സുന്ദരങ്ങളായ ഭാവഗാനങ്ങള്‍ രചിക്കുന്നു. പക്ഷേ ജീവിതത്തിന്റെ ശബ്ദം കേള്‍പ്പിക്കുന്ന സൂക്തങ്ങള്‍ രചിക്കാന്‍ കേവലഭാവന വേണം. അതു ഷേക്സ്പിയര്‍, വെര്‍ജില്‍ ഈ കവികള്‍ക്കുണ്ടായിരുന്നു. ഇവരെയാണ് വിശ്വസാഹിത്യകാന്മാരെന്ന് വിളിക്കുന്നത്. ദൗര്‍ഭാഗ്യം കൊണ്ട് നമ്മുടെ എല്ലാ കവികളെയും കഥയെഴുത്തുകാരെയും നിരൂപകര്‍ വിശ്വസാഹിത്യകാരന്മാരാക്കിയിരിക്കുന്നു. ആ ഭാഗ്യം സിദ്ധിച്ച ഒരെഴുത്തുകാരനാണ് തകഴി ശിവശങ്കരപിള്ള. നമ്മുടെ ചില രാഷ്ട്രവ്യവഹാര നായകന്മാര്‍ക്കും അനാഗത ശ്മശ്രുക്കള്‍ക്കും അനാഗതാര്‍ത്തവകള്‍ക്കും കപോലരാഗം ഉളവാക്കിക്കൊണ്ട് തകഴി വിശ്വസാഹിത്യകാരനായി വിരാജിക്കുന്നതു കാണാന്‍ എനിക്കും ഇഷ്ടം തന്നെ. പക്ഷേ വിശ്വസാഹിത്യകാരന്‍ എന്ന പദത്തിന്റെ അര്‍ത്ഥം അനുക്ഷണം വികസിച്ചുകൊണ്ടിരിക്കുന്ന പ്രപഞ്ചത്തോളം വലുതാക്കിയാലേ തകഴി ശിവശങ്കരപ്പിള്ളയ്ക്ക് അതില്‍ സസുഖം വര്‍ത്തിക്കാനാവൂ. വിശ്വസാഹിത്യകാരന്‍ എന്ന വാക്ക് നമ്മുടെ ഭാഷയില്‍ ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു. ʻകയര്‍ʼ എന്ന നോവല്‍ ശിവശങ്കരപ്പിള്ള എഴുതിയത് അയ്യപ്പപണിക്കര്‍ക്കും സി. അച്ച്യുതമേനോനും പി.കെ. ബാലകൃഷ്ണനും വായിക്കാനും എന്‍. ശ്രീകണ്ഠന്‍നായര്‍ക്ക് ഇംഗ്ലീഷിലേക്ക് തര്‍ജ്ജിമ ചെയ്യാനും മാത്രമാണെന്ന് ആക്ഷേപിച്ചു പറയാന്‍ തക്കവിധത്തില്‍ സര്‍വ്വസാധാരണത്വം അതിനു വന്നുപോയിരിക്കുന്നു. ʻകയറിനെʼ വിശ്വസാഹിത്യത്തില്‍ പെടുത്തിയാല്‍ ടോള്‍സ്റ്റോയിയുടെ ʻWar and Peaceʼ നെയും ʻഅന്നകരേനീനʼയേയും ദസ്തെയെവ്സ്കിയുടെ ʻകുറ്റവും ശിക്ഷയുംʼ ʻകാരമാസോവ് സഹോദരന്മാര്‍ʼ ഈ നോവലുകളെയും ആ പദം കൊണ്ട് വിശേഷിപ്പിക്കുന്നതു ശരിയാവുമോ? റ്റോമസ് മാനിന്റെ ʻമാജിക് മൗണ്ടേന്‍ʼ ഹെര്‍മാന്‍ ബ്രോഹിന്റെ ʻവെര്‍ജിലിന്റെ മരണംʼ മെല്‍വിലിന്റെ ʻമോബിഡിക്ക്ʼ ഈ നോവലുകളെ കയറിനെയെന്നപോലെ വിശ്വസാഹിത്യത്തില്‍ പെടുത്തിയാല്‍ അത് ആ നോവലെഴുത്തുകാര്‍ക്ക് അപമാനമാവുകയില്ലേ? ചിന്തിക്കേണ്ട വിഷയമാണത്. പി.കെ. ബാലകൃഷ്ണന്‍ എന്നോടൊരിക്കല്‍ നേരിട്ടു പറഞ്ഞു, ഇവോ ആന്‍ഡ്രീച്ചിന്റെ ʻഡ്രീനാ നദിയിലെ പാലംʼ എന്നതിനു സദൃശമാണ് കയറെന്ന്. ബാലകൃഷ്ണനു ആന്‍ഡ്രീചിന്റെ നോവലിനുള്ള ഉദാത്ത സൗന്ദര്യം കാണാന്‍ കഴിയാതെ പോയി എന്നു മാത്രമേ വിചാരിക്കേണ്ടതുള്ളൂ നമ്മള്‍.

caption
ദസ്തെയെവ്സ്കി

ദസ്തെയെവ്സ്കിയുടെ ʻകുറ്റവും ശിക്ഷയുംʼ എന്ന നോവലിലെ കഥാപാത്രമായ റസ്ക്കല്‍ നിക്കാഫ് ഒരു തത്വത്തിന്റെ പേരില്‍ ഒരു വൃദ്ധയെ കോടാലികൊണ്ട് അടിച്ചു കൊല്ലുന്നു. വധം കഴിഞ്ഞതിനു ശേഷം അവിടെയെത്തിയ അവരുടെ അനുജത്തിയെയും അയാള്‍ കൊല്ലുന്നു. പശ്ചാത്താപം റസ്ക്കല്‍ നിക്കോഫിന്. പ്രാഡ്വിവാകന്റെ മുമ്പില്‍, ഈശ്വരന്റെ മുമ്പില്‍, കുറ്റം ചെയ്തവന് കുറ്റസമ്മതം നടത്തിയേ തീരൂ. നിയമാധികാരിയുടെ മുന്‍പില്‍ ചെല്ലുന്നതിനു മുമ്പ് അയാള്‍ കാമുകിയായ സൊന്യയുടെ അടുത്തെത്തി നമസ്കരിക്കുന്നു. ആ നമസ്കരിക്കല്‍ ശരിയായില്ലെന്നു പറഞ്ഞ് സൊന്യ അയാളെ പിടിച്ചെഴുന്നേല്‍പ്പിക്കുമ്പോള്‍ അയാള്‍ പറഞ്ഞു, ʻʻഞാന്‍ നിന്റെ മുന്നില്‍ നമസ്കരിച്ചപ്പോള്‍ നിന്റെ മുന്‍പിലല്ല നമസ്കരിച്ചത്. വേദനിക്കുന്ന മനുഷ്യരാശിയുടെ മുന്‍പിലാണ് നമസ്കരിച്ചത്ˮ(ഓര്‍മ്മയില്‍ നിന്നെഴുതുന്നത്).

ഇതാണ് വേറൊരു ശ്രേഷ്ഠമായ കാവ്യഭാഷണം. ഇതാണ് കേവലഭാവന. ദസ്തെയെവ്സ്കിയുടെയും റ്റോമസ് മാനിന്റെയും ബ്രോഹിന്റെയും ഇവോ ആന്‍ഡ്രീച്ചിന്റെയും നോവലുകളില്‍ സുലഭങ്ങളായുള്ള ഇത്തരം കാവ്യഭാഷണങ്ങള്‍ കയറിന്റെ 951 പുറങ്ങളിലൊരിടത്തും കാണുകയില്ല. മൊങ്ങ്താഷിന്റെ മട്ടില്‍ പല സംഭവങ്ങള്‍ ചേര്‍ത്തു വെയ്ക്കുന്നതേയുള്ളൂ തകഴി. അവയെ ലോകാഭിവീക്ഷ്ണമെന്ന സ്വര്‍ണ്ണശാല കൊണ്ട് കൂട്ടിയിണക്കുന്നില്ല അദ്ദേഹം. എന്തുകൊണ്ടാണിത്?

സമഗ്രസ്പര്‍ശിയായതേ താല്‍പ്പര്യജനകമാകൂ എന്നും പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്. സാമാന്യമനുഷ്യനെ കുട്ടനാടന്‍ കര്‍ഷകനായും തൊഴില്‍ക്കാരനായും തോട്ടിയായും ʻപതംʼ കൂടുതല്‍ വാങ്ങുന്നതിനു ശ്രമിക്കുന്ന തൊഴിലാളിയായും ബ്യൂറോക്രസിയുടെ പ്രതീകമായും തകഴി ചുരുക്കിക്കൊണ്ടുവന്നതു കൊണ്ട് സംഭവിച്ച ആപത്താണിത്. അദ്ദേഹത്തിന്റെ ഒരു കഥാപാത്രവും വികസിതോജ്ജ്വലമായ സമഗ്രജീവിതത്തിനു പ്രാതിനിധ്യം വഹിക്കുന്നില്ല. സി.വി.യുടെ ഹരിപഞ്ചാനനനെ നോക്കുക. കാര്‍ത്യായനി അമ്മയെ നോക്കുക. അവരുടെ ബാഹ്യപ്രവര്‍ത്തനങ്ങളും ആന്തരികപ്രവര്‍ത്തനങ്ങളും അവരെ ജീവനുള്ള വ്യക്തികളാക്കി മാറ്റുന്നു. സ്വത്വശക്തി ആ കഥാപാത്രങ്ങള്‍ക്കുണ്ട്. സി.വി.യുടെ കഥാപാത്രങ്ങള്‍ ജീവനുള്ളവരായി നമ്മുടെ മുന്‍പില്‍ എത്തുന്നു. തകഴിയുടെ കഥാപാത്രങ്ങള്‍ –- വിശേഷിച്ചും കയറിലെ കഥാപാത്രങ്ങള്‍ –- അദ്ദേഹം കണ്ടെത്തിയ സവിശേഷസംസ്ക്കാരത്തിന്റെ പ്രതിനിധികളാണ്. ആ സവിശേഷസംസ്ക്കാരത്തെ ഞാന്‍ mass culture എന്ന് വിളിക്കുന്നു. അങ്ങനെയൊരു സംസ്ക്കാരമില്ല. ഇല്ലാത്ത സംസ്കാരത്തിന്റെ പ്രതിനിധികളായി കുറെ ആളുകള്‍ ʻകയറില്‍ʼ സംസാരിക്കുന്നുണ്ട്, പ്രവര്‍ത്തിക്കുന്നുണ്ട്. അവരെല്ലാം ദുര്‍ബലരാണ് ʻകയര്‍ʼ എന്ന നോവലിന്റെ ദൗര്‍ബ്ബല്യം.

കഥാപാത്രങ്ങള്‍ വ്യക്തിപ്രഭാവവും സ്വത്വശക്തിയും പ്രദര്‍ശിപ്പിക്കുന്നത് അവര്‍ തങ്ങളൂടെ സവിശേഷതയെ പ്രബലമാക്കി കൊണ്ടു വരുമ്പോഴാണ്. രാജധ്വംസനം എന്ന ലക്ഷ്യത്തോടുകൂടി പ്രവര്‍ത്തിക്കുന്ന ഹരിപഞ്ചാനന്‍ അനുനിമിഷം തന്റെ സ്വഭാവ സവിശേഷതയെ വികസിപ്പിച്ച് കൊണ്ടുവരുന്നു. നോവലിന്റെ പര്യവസാനത്തില്‍ അയാള്‍ ഭീമാകാരമാര്‍ന്നു നില്‍ക്കുന്നു. മറ്റ് വ്യക്തികളോടുള്ള അയാളുടെ സമ്പര്‍ക്കവും സാമീപ്യവുമൊക്കെ ഈ ആകാരജനനത്തിന് സാഹായ്യമരുളുന്നു. ഒരു പ്രദേശത്തിന്റെ സംസ്ക്കാരമെന്നു തകഴി തെറ്റിദ്ധരിച്ച മാസ് കള്‍ച്ചറിനെ പ്രകാശിപ്പിക്കാന്‍ അദ്ദേഹം നോവലില്‍ കൊണ്ടുവരുന്ന കഥാപാത്രങ്ങള്‍ക്ക് വികസിക്കാന്‍ സ്വഭാവസവിശേഷതയില്ല. എന്തിന് ഇങ്ങനെ കഥാപാത്രം, കഥാപാത്രം എന്നു നിങ്ങള്‍ ആവര്‍ത്തിച്ചു പറയുന്നു? നവീനനോവലുകളില്‍ കഥാപാത്രങ്ങള്‍ക്കു വൈശിഷ്ട്യമില്ലല്ലോ എന്നു ചിലര്‍ പറയുന്നത് എന്റെ ആന്തരശ്രോത്രം കേള്‍ക്കുന്നുണ്ട്. കഥാപാത്രങ്ങളില്ലാത്ത, പ്ലോട്ട് മാത്രമായ നോവലുകള്‍ ധാരാളമുണ്ട് എന്നു ഞാന്‍ സമ്മതിക്കുന്നു. അതുകൊണ്ടുതന്നെ അവയില്‍ ജീവിതമില്ല. ജീവിതത്തെ പ്രകാശിപ്പിക്കുന്നതിന് കഥാപാത്രങ്ങള്‍ –- വ്യക്തിത്വമുള്ള കഥാപാത്രങ്ങള്‍ –- കൂടിയേ തീരൂ. ക്രിയാംശത്തെ നിര്‍ജ്ജീവമാക്കി ആവിഷ്കരിച്ചാല്‍ കലയാവുകയില്ല. വൈരൂപ്യമുള്ള ഒരു സ്ത്രീയെ സൗന്ദര്യമുള്ള പുരുഷന്‍ ഗാഢമായി സ്നേഹിക്കുന്നതെന്തു കൊണ്ടെന്നു മനസ്സിലാക്കാനായി ആ സ്ത്രീ കുളിക്കുമ്പോള്‍ അവളുടെ ഗോപനീയാംഗത്തിന്റെ വൈയ്‌പുല്യത്തെ ഒളിഞ്ഞു നോക്കുന്ന ഒരു സ്ത്രീ കയര്‍ എന്ന നോവലില്‍ ഉണ്ട്. ഇതുപോലെ സംഭവചിത്രീകരണത്തില്‍ മാത്രം തല്‍പരനായ തകഴി, ദൈനംദിനജീവിതത്തിന്റെ ബഹിര്‍ഭാഗസ്ഥങ്ങളായ അംശങ്ങളില്‍ മാത്രം തല്‍പരനായ തകഴി, ഗഹനമായ ജീവിതത്തെ ചിത്രീകരിക്കാത്തതില്‍ എന്തേ അത്ഭുതമിരിക്കുന്നു?

വിശ്വസാഹിത്യത്തില്‍പ്പെട്ട നോവലുകള്‍ അവയുടെ വൈവിധ്യമാര്‍ന്ന അര്‍ത്ഥതലങ്ങള്‍കൊണ്ട് അനുവാചകരുടെ ഹൃദയത്തിന് സമ്പന്നത നല്കുന്നു. പരിപാകം വരുത്തുന്നു. കുളത്തിലേക്കു എറിയുന്ന കല്ല് തരംഗാവാലികളെ ഉണ്ടാക്കുന്നതുപോലെ നോവലിസ്റ്റിന്റെ വാക്യങ്ങള്‍ നമ്മുടെ അനുഭവങ്ങളെ കൂടുതല്‍ വിപുലങ്ങളാക്കുന്നു, ഗഹനങ്ങളാക്കുന്നു. അവ സര്‍വകാലികവും സാര്‍വലൗകികവുമായ ആകര്‍ഷകത്വത്തിന് ആസ്പദങ്ങളായിത്തീരുന്നു. മാസ് കള്‍ച്ചറിന് മാത്രം പ്രാധാന്യം കല്പിച്ച തകഴി സമഗ്ര സംസ്കാരത്തെ അവഗണിച്ചതു കൊണ്ടാണ് അദ്ദേഹത്തിന്റെ നോവലിന് സങ്കുചിതത്വം വന്നുപോയത്. ʻവിശ്വസാഹിത്യംʼ എന്നു വിശേഷിക്കപ്പെടുന്ന കൃതികള്‍ നമുക്കു വീണ്ടും വീണ്ടും വായിക്കാം. ആരും ഒരു നദിയില്‍ത്തന്നെ രണ്ടു തവണ മുങ്ങുന്നില്ലെന്നു പറഞ്ഞതു പോലെയാണോ കയറിന്റെ സ്ഥിതി? ഓരോ തവണ മുങ്ങുമ്പോഴും പുതിയ നദി പുതിയ അനുഭൂതി നല്കുന്നു. ഏതൊരു അനുവാചകനാണ് നൂതന ജീവിതാഭിവീക്ഷണത്തിനു വേണ്ടി രണ്ടാമത്തെ തവണ ʻകയര്‍ʼ വായിക്കുക? കല സവിശേഷതയുള്ള ഒരു വര്‍ഗ്ഗത്തിനു വേണ്ടി മാത്രമാണ് എന്ന ഇടുങ്ങിയ സങ്കല്പത്തില്‍ നിന്നു മാറി കടല്‍ പോലെ വിസ്തൃതമായ ജീവിതത്തെ ചിത്രീകരിക്കലാണ് എന്റെ കൃത്യം എന്നു തകഴി വിചാരിച്ചിരുന്നുവെങ്കില്‍ ʻകയറിʼന് ഇന്നുള്ള വൈരസ്യവും ദൗര്‍ബല്യവും ഒഴിവാക്കാമായിരുന്നു. എങ്കില്‍ അദ്ദേഹത്തെ വിശ്വസാഹിത്യകാരന്മാര്‍ നടത്തുന്ന ഘോഷയാത്രയില്‍ പങ്കു കൊള്ളാന്‍ പരിണിതപ്രജ്ഞന്മാര്‍ അനുമതി നല്കുമായിരുന്നില്ല.