close
Sayahna Sayahna
Search

മനുഷ്യത്വത്തിന്റെ സ്തോതാക്കള്‍


മനുഷ്യത്വത്തിന്റെ സ്തോതാക്കള്‍
Front page of PDF version by Sayahna
ഗ്രന്ഥകാരന്‍ എം കൃഷ്ണന്‍ നായര്‍
മൂലകൃതി മോഹഭംഗങ്ങള്‍
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യം, നിരൂപണം
പ്രസാധകർ ഒലിവ് ബുക്‌സ്
വർഷം
2000
മാദ്ധ്യമം Print (Paperback)
പുറങ്ങൾ 87 (first published edition)

മോഹഭംഗങ്ങള്‍

ഇരുപത്തിനാലു മണിക്കൂര്‍ കൊണ്ട് ജനതയെ ആരോഗ്യദൃഢഗാത്രരും സമ്പന്നരും വിവേകശാലികളുമാക്കാന്‍ വേണ്ടി രചിക്കപ്പെട്ട പുസ്തകങ്ങളാല്‍ ചുറ്റപ്പെട്ടവനായിരുന്നു കവി. അവയൊക്കെ വായിച്ച് ബുദ്ധിശൂന്യതയോളം, മാന്ദ്യത്തോളം എത്തിയ അദ്ദേഹം ദാഹം സഹിക്കാന്‍ വയ്യാതെ റോഡിലേക്കിറങ്ങി. ചീത്ത പുസ്തകങ്ങള്‍ വായിച്ചാല്‍ പുതിയ വായു ശ്വസിക്കണം, ലഘുവായ പാനീയങ്ങള്‍ കഴിക്കണം. ഒരു ഭക്ഷണശാലയിലേക്ക് അദ്ദേഹം കയറാന്‍ ഭാവിച്ചു. അവിടെ ഭിക്ഷ ചോദിച്ചു കൊണ്ട് ഒരു യാചകന്‍ നില്‍ക്കുന്നു. മനസ്സിനു ജഡവസ്തുവിനെ ചലനം കൊള്ളിക്കാന്‍ കഴിയുമെങ്കില്‍, സിംഹാസനങ്ങളെ തകിടം മറിക്കാന്‍ കഴിയുമെങ്കില്‍, അത്തരം അവിസ്മരണീയങ്ങളായ നോട്ടങ്ങളോടു കൂടിയാണ് അയാളുടെ നില്പ്. മന്ത്രവാദിക്കു നോട്ടം കൊണ്ട് മുന്തിരിങ്ങയ്ക്കു പക്വത വരുത്താന്‍ കഴിയുമെങ്കില്‍ ആ രീതിയിലുള്ള നോട്ടമായിരുന്നു അയാളുടേത്.

ʻതനിക്കു മറ്റൊരുത്തനോടു സാദൃശ്യമുണ്ടെന്നു തെളിയിക്കാന്‍ കഴിയുന്നവനു മാത്രമേ ആ സദൃശതയ്ക്ക് അവകാശമുള്ളൂʼ എന്നു പിശാച് കവിയുടെ കാതില്‍ മന്ത്രിച്ചു. ഉടനെ കവി യാചകന്റെ മേല്‍ ചാടിവീണു. ഒറ്റയിടികൊണ്ട് അദ്ദേഹം യാചകന്റെ ഒരു കണ്ണ് അടച്ചു. അതു പൊടുന്നനെ റ്റെന്നീസ് പന്തുപോലെ വീര്‍ത്തു. യാചകന്റെ രണ്ടുപല്ല് അടിച്ചു കൊഴിച്ചപ്പോള്‍ കവിയുടെ ഒരു നഖം പൊട്ടി. അയാളുടെ കഴുത്തില്‍ കയറിപ്പിടിച്ച് ഒരു ഭിത്തിയില്‍ തല തുടരെത്തുടരെ ഇടിച്ചു. അടുത്തു കിടന്ന ഒരു കമ്പെടുത്തു കവി ആ വൃദ്ധയാചകനെ തല്ലിച്ചതച്ചു.

അദ്ഭുതകരം! യാചകന്‍ ചാടിയെഴുന്നേറ്റ് കവിയുടെ രണ്ടുകണ്ണുകളും ഇടിച്ചു തകര്‍ത്തു. അദ്ദേഹത്തിന്റെ നാലു പല്ല് ഇളക്കിത്തെറിപ്പിച്ചു. അതേ കമ്പു കൊണ്ട് കവിയുടെ ശരീരത്തില്‍ പലതവണ ആഘാതമേല്‍പ്പിച്ചു.

അപ്പോള്‍ കവി പറഞ്ഞു: ʻʻസര്‍, താങ്കള്‍ എനിക്കു തുല്യനാണ്. എന്റെ പണം നമുക്കു പങ്കുവെച്ചെടുക്കാം.ˮ തുല്യത തെളിയിക്കുന്നവനു മാത്രമേ ആ സാദൃശ്യത്തിന് അവകാശമുള്ളു എന്ന സിദ്ധാന്തം യാചകന് പൂര്‍ണ്ണ രൂപത്തില്‍ മനസ്സിലായി.

ഫ്രഞ്ച് കവി ബോദലെറിന്റെ (Charles Baudelaire 1821–1867) ഒരു ഗദ്യകവിതയുടെ അവിദഗ്ദ്ധമായ ചുരുക്കവും ഭാഷാന്തരീകരണവുമാണിത്. കവി സംസ്കാരത്തിന്റെ മേല്ത്തട്ടില്‍; യാചകന്‍ നിരക്ഷരനായതുകൊണ്ടാണ് അതിന്റെ കീഴ്ത്തട്ടില്‍. ഇതായിരുന്നു സാമാന്യ സങ്കല്പം. ഈ സങ്കല്പത്തിന്റെ പൊള്ളത്തരം കാണിച്ചു തരികയാണ് ബോദലെര്‍. കവിയുടെ സംസ്കാര പ്രാധാന്യം കണ്ണിനു ക്ഷതം പറ്റുന്നതില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കുന്നില്ല. അക്ഷര ശൂന്യനായ യാചകന്‍ അദ്ദേഹത്തെ അടിച്ചു തളര്‍ത്തുമ്പോള്‍ തന്റെ സാമ്പത്തികമായ ഉയര്‍ച്ചയുടെ അര്‍ത്ഥശൂന്യത അദ്ദേഹത്തിനു മനസ്സിലാകുന്നു. അതോടെ തന്റെ പണത്തിനു യാചകനും അവകാശമുണ്ടെന്നു കവി ഗ്രഹിക്കുന്നു. മനുഷ്യത്വത്തിനു സര്‍വ്വപ്രാധാന്യം കല്പിക്കുന്ന ഈ വീക്ഷണഗതിയുടെ ഉദ്ഘോഷകനായി, ആധുനികതയുടെ വക്താവായി ബോദലെര്‍ ഈ ഗദ്യകവിതയില്‍ പ്രത്യക്ഷനാകുന്നു.

മലയാളസാഹിത്യത്തില്‍ ഈ വിധത്തിലുള്ള ഒരവലോകനം ആദ്യമായി കൊണ്ടുവന്നത് തകഴി ശിവശങ്കരപിള്ളയും കൂട്ടുകാരുമാണെന്നു ഞാന്‍ പറയുമ്പോള്‍ അതു സര്‍വ്വസാധാരണമായ ആശയമായേ വായനക്കാര്‍ പരിഗണിക്കൂ എന്ന് എനിക്കു നല്ലപോലെ അറിയാം. എങ്കിലും ഈ ലേഖനത്തിന്റെ അര്‍ത്ഥനകള്‍ക്കു യോജിച്ച വിധത്തില്‍ ഞാന്‍ അത് ആവര്‍ത്തിക്കുകയാണ് ചെയ്യുന്നത്. തകഴി ശിവശങ്കരപിള്ളയുടെ മാസ്റ്റര്‍പീസായ ചെറുകഥയാണ് ʻവെള്ളപ്പൊക്കത്തില്‍ʼ എന്നത്. അതിനാലാണ് ഞാന്‍ കൂടെകൂടെ അതിനെക്കുറിച്ചു എഴുതുന്നത്. കുട്ടനാട്ടെ ദേവാലയം ഗ്രാമത്തിന്റെ ഔന്നത്യമാര്‍ന്ന സ്ഥലത്താണു നില്ക്കുന്നത്. അതുപോലെ സമുദായത്തിന്റെ ഉന്നതശ്രേണിയില്‍ കയറിയിരുന്ന രാജാക്കന്മാരെയും പ്രഭുക്കളെയും വര്‍ണ്ണിക്കുന്നതിലായിരുന്നു സി.വി. രാമന്‍പിള്ളയ്ക്കു താല്പര്യം എന്നു ഞാനെഴുതുമ്പോള്‍ സാധാരണ മനുഷ്യത്വത്തിനു പ്രതിനിധീഭവിക്കുന്ന കഥാപാത്രങ്ങളെ അദ്ദേഹം ചിത്രീകരിച്ചില്ല എന്നത് മറക്കുന്നില്ല. എങ്കിലും അദ്ദേഹത്തിന്റെ ഊന്നല്‍ ആ സമുന്നത വര്‍ഗ്ഗത്തിലായിരുന്നു. അതുകൊണ്ട് സാധാരണമനുഷ്യന്റെ ദയനീയതകളില്‍നിന്ന്, വേദനകളില്‍നിന്ന് അതിദൂരം അകന്നുനില്‍ക്കാന്‍ അദ്ദേഹം നിര്‍ബ്ബദ്ധനായി. രാജവംശത്തോടും പ്രഭുക്കന്മാരോടും അദ്ദേഹത്തിനുണ്ടായ ഭക്തിയും ബഹുമാനവും പാവങ്ങളുടെ അനുഭവങ്ങള്‍ക്കും വിലയുണ്ടെന്ന സത്യത്തിന്റെ നേര്‍ക്കു കണ്ണടച്ചുകളയാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. അതുകൊണ്ടാണ് മാര്‍ബിള്‍ പതിച്ച, അലങ്കരിക്കപ്പെട്ട ചേതോഹരമായ മുറിയില്‍ കയറിനിന്ന് ചുവരില്‍ വച്ച നിലക്കണ്ണാടിയില്‍ സ്വന്തം രൂപം പ്രതിഫലിക്കുന്നതു നോക്കി അദ്ദേഹം അഹ്ലാദിച്ചത്. അവിടത്തെ ജന്നല്‍ ഒന്നു ലേശം തുറന്ന് പാതയിലേക്ക് അദ്ദേഹം നോക്കിയാല്‍ മതിയായിരുന്നു. കീറിപ്പറഞ്ഞ വസ്ത്രത്തോടുകൂടി, പിച്ചച്ചട്ടി നീട്ടിപിടിച്ച് നില്ക്കുന്ന യാചകനെ കാണുമായിരുന്നു. ചെളിയില്‍ ഇഴഞ്ഞു നീങ്ങുന്ന കുഷ്ഠരോഗിയെ ദര്‍ശിക്കുമായിരുന്നു. മുലക്കച്ച കെട്ടി കസവു പുടവയുടുത്ത് പൂമാല കൊണ്ടു കേശഭാരം അലങ്കരിച്ചുനിന്ന പാറുക്കുട്ടിക്കും മീനാക്ഷിക്കും സാവിത്രിക്കും പകരമായി മാറു മറയ്ക്കാന്‍ തുണിയില്ലാതെ ദയനീയത ആവഹിക്കുന്ന നയനങ്ങളോടുകൂടി ʻനാലുകാശു തരൂʼ എന്നു മൂകയായി അപേക്ഷിക്കുന്ന ʻപാവം പിടിച്ചʼ പെണ്ണിനെ കാണുമായിരുന്നു. റൊമാന്റിക് സങ്കല്പത്തെ ആദരിച്ച, സി.വി. രാമന്‍പിള്ളയുടെ നോവലുകള്‍ വായിച്ചു കപോലരാഗമണിഞ്ഞ സഹൃദയരെ ഞാന്‍ ആക്ഷേപിക്കുകയില്ല. വലിയ കലാകാരനായ സി.വി. രാമന്‍പിള്ളയെ നിന്ദിക്കുകയുമില്ല. റൊമാന്റിക് വീക്ഷണഗതിക്കും റിയലിസ്റ്റിക് വീക്ഷണഗതിക്കും തമ്മിലുള്ള അന്തരം എടുത്തു കാണിക്കുന്നതേയുള്ളൂ. അവലംബമില്ലാതെ മുങ്ങിചാകുന്ന ʻവെള്ളപ്പൊക്കത്തിʼ ലെ പട്ടി പ്രഭുവര്‍ഗ്ഗത്തിന്റെ നൃശംസതയുടെ പ്രവാഹത്തില്‍പ്പെട്ടു മരിച്ചുപോകുന്ന ആയിരമായിരം അല്ല കോടാനുകോടി പാവങ്ങളുടെ പ്രതിനിധിയാണ്.

സാമ്പത്തികമായ ഉച്ചനീചത്വങ്ങള്‍ മനുഷ്യന് ഏതുവിധത്തിലുള്ള അന്യവത്കരണബോധവും നിരാശ്രയാനുഭൂതിയും ഉണ്ടാക്കുമെന്നതിന് നിദര്‍ശകമായിട്ടുണ്ട് ഉറൂബിന്റെ ʻവാടകവീടുകള്‍ʼ എന്ന ചേതോഹരമായ ചെറുകഥ. ഉറൂബ് തനി റിയലിസ്റ്റല്ല; റൊമാന്റിക് റീയലിസ്റ്റാണ്. എഴുത്തുകാരനെ സ്വന്തം ലോജ്ജില്‍നിന്ന് പുറത്താക്കുന്ന പങ്കജം സാമ്പത്തിക സമത്വത്തെ നശിപ്പിക്കുന്ന നൃശംസതയുള്ള കഥാപാത്രമാണ്. സമുദായത്തിന്റെ പുനര്‍നിര്‍മാണത്തിന്റെ ആവശ്യകതയെ കലയുടെ ചാരുതയോടെ പ്രകാശിപ്പിക്കുന്നു ഉറൂബിന്റെ ആ രചന. സ്ഥിതി സമത്വത്തിന്റെ ജീര്‍ണ്ണത, സാന്മാര്‍ഗ്ഗികത്വത്തിന്റെ ജീര്‍ണ്ണത, ഇവകൊണ്ട് സാഹിത്യത്തിനു ഭ്രംശം വന്നു പോയിയെന്നു വിചാരിച്ച എഴുത്തുകാരനാണ് തകഴി ശിവശങ്കരപ്പിള്ള, പി. കേശവദേവ്, പൊന്‍കുന്നം വര്‍ക്കി, വൈക്കം മുഹമ്മദ് ബഷീര്‍, എസ്.കെ. പൊറ്റക്കാട് ഇവര്‍. സി.വി. രാമന്‍പിള്ള സൗധത്തിന്റെ കമനീയമായ മുറിയില്‍ മൃദുലമായ കുഷനിട്ട കസേരയിലിരുന്ന് അമ്പലപ്പുഴ ക്ഷേത്രത്തിലെ പാല്‍പ്പായസം കുടിച്ചു രസിച്ചപ്പോള്‍ അമ്പലപ്പുഴയ്ക്കടുത്തുള്ള തകഴിയിലെ ഒരു കൊച്ചുവീട്ടിലിരുന്ന് ശിവശങ്കരപിള്ള പച്ചവെള്ളം കുടിച്ചുദാഹം ശമിപ്പിക്കുകയായിരുന്നു. ചന്തുമേനോന്‍ കുതിരകളെ കെട്ടിയ മനോഹരമായ വണ്ടിയില്‍ യാത്ര ചെയ്തപ്പോള്‍ കാലുപിളര്‍ക്കുന്ന കരിങ്കല്‍ച്ചില്ലകള്‍ നിറഞ്ഞ പാതകളിലൂടെ ʻകാല്‍നടʼ യായി മുന്നേറുകയായിരുന്നു പൊന്‍കുന്നം വര്‍ക്കിയും കൂട്ടുകാരും.

റീയലിസ്റ്റുകളെക്കുറിച്ച് അത്രകണ്ടു വാഴ്ത്താത്ത ഈ എഴുത്തുകാരന്‍ പൊടുന്നനെ അതിന്റെ സ്തോതാവായി മാറിയിരിക്കുകയാണെന്ന് പ്രിയപ്പെട്ട വായനക്കാര്‍ തെറ്റിദ്ധരിക്കരുതേ. മനുഷ്യത്വത്തിന് കാല്പനിക കലാകാരന്മാര്‍ നല്കാത്ത പ്രാധാന്യം റീയലിസ്റ്റുകള്‍ നല്കിയെന്നേ ഞാന്‍ പറയുന്നുള്ളൂ. സി.വി. രാമന്‍പിള്ളയുടെ ആഖ്യായികകളിലെ സമുദായത്തിനു പരിമിതത്വമുണ്ട്. പക്ഷേ അവരുടെ സൗന്ദര്യസങ്കല്പം അതിരറ്റതാണ്. റിയലിസ്റ്റുകളുടെ കൃതികളിലെ സമുദായത്തിനു പരിധികളില്ല. എന്നാല്‍ അവരുടെ സൗന്ദര്യസങ്കല്പം ഹ്രാസമാര്‍ന്നതും. ഈ സത്യത്തെ മറന്നല്ല ഞാനിത്രയും ഉപന്യസിച്ചത്.

ബൊദലെറിന്റെ ഒരു ഗദ്യകവിതയുടെ സംക്ഷേപം നല്കിക്കൊണ്ടാണ് ഞാന്‍ ഈ പ്രബന്ധം തുടങ്ങിയത്. പര്യവസാനവും അത്തരത്തിലാകട്ടെ. കാമുകന് ഇപ്പോള്‍ കാമുകിയെ വെറുപ്പാണ്. എന്താണു കാരണം? അവര്‍ മുമ്പ് സുന്ദരമായ ഒരു ഭക്ഷണശാലയില്‍ കയറി. അപ്പോള്‍ നാല്പതു വയസ്സായ ഒരു പാവം കുഞ്ഞിനെ കൈയിലെടുത്തു മറ്റൊരു കുഞ്ഞിനെ അടുത്തു നിറുത്തി അവിടെ നിന്ന് ആദരാദ്ഭൂതങ്ങളോടെ ആ പുതിയ ഭക്ഷണശാലയെ നോക്കുകയായിരുന്നു. തന്തയും കുട്ടികളും കീറിപ്പറിഞ്ഞ വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ആറു കണ്ണുകളുടെ ആദരപൂര്‍വമായ നോട്ടം ഭക്ഷണശാലയിലേയ്ക്ക്. ഭക്ഷണശാലയുടെ മനോഹരമായ ചുവരില്‍ അവരുടെ നോട്ടത്തില്‍ സ്വര്‍ണ്ണം വന്നു വീണു. കാമുകിയ്ക്ക് അവരെ തീരെ പിടിച്ചില്ല. അവള്‍ കാമുകനോട് അപേക്ഷിച്ചു, അവരെ അവിടെനിന്നു പറഞ്ഞയയ്ക്കാന്‍ ഹെഡ് വെയ്റ്ററോട് ആജ്ഞാപിക്കണമെന്ന്. അവളുടെ ഈ ക്രൂരത കാമുകന് ഇഷ്ടപ്പെട്ടില്ല. അന്യോന്യം സ്നേഹിക്കേണ്ടവരല്ലേ ആളുകള്‍. എന്നിട്ടും വിചാരങ്ങള്‍ പകരാന്‍ അവര്‍ക്കു സാധിക്കുന്നില്ല. ഇതുകൊണ്ടാണു കാമുകന്‍ കാമുകിയെ വെറുക്കുന്നത്. ഡെക്കഡന്റ് (decadence –- ജീര്‍ണ്ണത) കാല്പനികതയുടെ ഉദ്ഘോഷകനായി നിരൂപകന്‍ കാണുന്ന ʻദിവ്യമഹാകവിʼ ബോദലെറിന്റെ ദീനാനുകമ്പ പ്രകാശിപ്പിക്കുന്ന കവിതയാണിത്. ആ ഫ്രഞ്ച് കവി ഊന്നല്‍ കൊടുത്തു പ്രതിപാദിച്ച മനുഷ്യത്വത്തിന്റെ പ്രകാശം വീണവയാണ് നമ്മുടെ റീയലിസ്റ്റിക് കൃതികള്‍. അവയുടെ പരിമിതത്വം അറിഞ്ഞുകൊണ്ടു തന്നെ നമ്മള്‍ അവയെ മാനിക്കേണ്ടതാണ്. അതേസമയം അവയുടെ സൗന്ദര്യസങ്കല്പ പ്രകാശനത്തിന്റെ ഹ്രസ്വതയെ മറക്കാതിരിക്കുകയും വേണം.