close
Sayahna Sayahna
Search

ലീല


ലീല

ഒന്നാം സര്‍ഗ്ഗം

-1-
“പ്രണയ പരവശേ, ശുഭം നിന-
ക്കുണരുക, യുണ്ടൊരു ദിക്കില്‍ നിന്‍ പ്രിയന്‍;
ഗുണവതി, നെടുമോഹ നിദ്ര വി-
ട്ടുണരുക, ഞാന്‍ സഖി, നിന്റെ മാധവി.’’


-2-
സരള മധുരമീവിധം വച-
സ്സൊരു വിധി വാട്ടിയ കര്‍ണ്ണവീഥിയില്‍
വിരവിനോടു പതിച്ചു, പിച്ചിമേല്‍
വിരള നവാംബുദബിന്ദുവെന്നപോല്‍.


-3-
ഉദയപുരമതിന്നുപാന്തമായ്
വിദിത മഹീധര സാനു ഭൂമിയില്‍
സദന സുമ വനത്തിലൊന്നിലു-
ന്മദമരുളും മധുമാസ രാത്രിയില്‍,


-4-
വിലസി നറുനിലാവെഴും ലതാ-
വലയമിയന്ന നിലത്തൊരോമലാള്‍
വിലയവിവശമേനി, വീണ പൂ-
ങ്കുലയതുപോലെ കിടന്നിതേകയായ്.

(യുഗ്മകം)

-5-
ക്ഷിതിയിലഹഹ! മര്‍ത്യ ജീവിതം
പ്രതിജനഭിന്ന വിചിത്ര മാര്‍ഗ്ഗമാം
പ്രതിനവരസമാ, മതോര്‍ക്കുകില്‍
കൃതികള്‍ മനുഷ്യ കഥാനു ഗായികള്‍!


-6-
മരുവിയവിടെ മുമ്പു, ദുരമാം
മരുവിലകന്ന മഹാfപണങ്ങളില്‍
പെരുവഴി തുണ ചേര്‍ന്നു പോകുവോ-
രൊരുവകയാളുകള്‍ വൈശ്യ വൃത്തികള്‍.


-7-
അവരുടെ കുലനാഥനുണ്ടൊരാള്‍
അവനിയില്‍ വിശ്രുതനര്‍ത്ഥപാലകന്‍
അവനു തനയയായ് ജനിച്ചു പോ-
ലവികലമാനുഷ രൂപമാധുരീ.


-8-
ഭവന മണിവിളക്കു, സദ്ഗുണ-
പ്രവണതയാര്‍ന്നു വളര്‍ന്നു നന്ദിനി
അവനു മമതകൊണ്ടു തുല്യമാ-
യവളു, മസുക്കള്‍, വസുക്കള്‍ താനുമേ.


-9-
കല, നിശിതകുശാഗ്രബുദ്ധിയാള്‍
പലതു പഠിച്ചിതു ശക്തിപോലെയും
വലിയ ധനികനാം പിതാവുതന്‍-
നിലയില്‍ വിചക്ഷണ ലബ്ധിപോലെയും.


-10-
സകുതുകമഥ മത്സരിച്ചു താന്‍
മികവൊടണിഞ്ഞിതു ശൈശവം മുതല്‍
പ്രകൃതിയവളെയംഗകാന്തിയാല്‍
സുകൃതി പിതാവു വിഭൂഷണങ്ങളാല്‍.


-11-
ലലിത ലലിതമാര്‍ന്നു യൗവനം
കുലസുത ലീല-അതാണവള്‍ക്കു പേര്‍;
ലലനകളുടെ ഭാഗ്യയന്ത്രമാ-
നിലയില്‍ മനസ്സു തിരിഞ്ഞപോലെപോം.


-12-
മകളൊടുമൊരിമിച്ചു യാത്രയാ-
യകലെയൊരിക്കല്‍ വണിഗ്വരന്‍, തദാ
സകുതുകമവള്‍കണ്ടു വര്‍ത്തക-
പ്രകരമടുപ്പതു താവളങ്ങളില്‍.


-13-
കൊടിയ വെയിലുമുഗ്രവായുവും
പൊടിയുമിടഞ്ഞു മഹാമരുക്കളില്‍
കടലില്‍ ബഹുചരക്കുമാളുമായ്
പടവുകള്‍പോല്‍ വരുമൊട്ടകങ്ങളും,


-14-
പടകുടികള്‍ വെടിഞ്ഞു കുന്നുതന്‍-
കൊടുമുടിവിട്ട വലാഹകങ്ങള്‍പോല്‍
നെടുവഴികളില്‍ നീണ്ടവാഹന-
പ്പടയൊടുപോമുരു സാര്‍ത്ഥവാഹരും.


-15-
പല ജനത, പലേ നിബന്ധനം
പല നഗരം പല വേഷഭാഷകള്‍
പലതുമിതുകണക്കണഞ്ഞുക-
ണ്ട, ലമവള്‍ മോദവുമാര്‍ന്നു ബോധവും.

(വിശേഷകം)

-16-
വിഭവ, മതുകണക്കെ വിദ്യ, യീ-
സുഭഗത, ശോഭന, യൗവനാഗമം;
ശുഭഗുണയിവയില്‍ ചരിക്കയാ-
യഭിമതവാപിയില്‍ മുഗ്ദ്ധഹംസിപോല്‍.


-17-
കരുതരുതുരു ഭുതികാണ്‍കിലും
സ്ഥിരശുഭയാണിഹ ലീലയെന്നു നാം;
പരമരുചിരമാമഹര്‍മ്മുഖം
ചരമധരോപരി കാറു നില്‍ക്കവേ.


-18-
ശരി, ഹതവിധിയായ മേഘമാര്‍-
‍ന്നിരുളുപരന്നിത, ലോകയാത്രയില്‍
മുറുകി വലിയ കോളു, കന്യയാം
ചെറുകളിവഞ്ചി കുടുങ്ങിയാടലില്‍.


-19-
വിജയപുരനിവാസി, വര്‍ത്തക-
വ്രജപതി, യാവഴിപോന്നുവന്നൊരാള്‍
സ്വജനമൊടുവരിച്ചു ലീലയെ,
നിജസുതനായി വധൂകരിക്കുവാന്‍


-20-
കമന, നഥ മകള്‍ക്കവന്‍‌ യുവാ
സമധനവംശനിണങ്ങുമെന്നുതാന്‍
മമതയൊടുമുറച്ചുചെയ്തുപോയ്
സമയവുമങ്ങനെയര്‍ത്ഥപാലകന്‍.


-21-
അവിഹിത മിഹ രക്ഷ്യരോടൊരാള്‍-
ക്കവികലമാം പ്രഭുഭാവം; അല്ലതും
യുവജനഹൃദയം സ്വതന്ത്രമാ-
ണവരുടെ കാമ്യപരിഗ്രഹേച്ഛയില്‍.


-22-
‘മദന’ നിതി പുകഴ്ന്നു, മാധുരീ-
സദനമതായ സഖാ, ഗുണോത്തരന്‍,
സദന നികടവര്‍ത്തിയുണ്ടൊരാള്‍;
ഹൃദയമവന്നവള്‍ നല്‍കി മുന്നമേ.


-23-
ദുഹിതൃപരിണയോത്സവം യഥാ-
വിഹിതമൊരുക്കി വഴിക്കുവര്‍ത്തകന്‍;
അഹഹ! പിതൃനിയോഗഖിന്ന, ദു-
സ്സഹമഴലപ്പൊഴറിഞ്ഞു ബാലിക.


-24-
പഴകിയതരുവല്ലി മാറ്റിടാം,
പുഴയൊഴുകുംവഴി വേറെയാക്കിടാം,
കഴിയുമവ;-മനസ്വിമാര്‍ മന-
സ്സൊഴിവതശക്യമൊരാളിലൂന്നിയാല്‍.


-25-
ഗുരുജനവചനം, കുലക്രമം,
തരുണികള്‍ തന്നുടെയസ്വതന്ത്രത,
കരുതിയിവ മറച്ചു കാമിതം
കരുമന പൂണ്ടിവള്‍ കാട്ടി ലൗകികം.


-26-
വിനയവതിയുഴിഞ്ഞു വിട്ടിടാം
ജനകഹിതത്തിനു തന്നെ തന്‍‌ഹിതം;
അനഘനവ,നനന്യരാഗ, നാ-
യനുകനെയെങ്ങനെയാഴ്ത്തുമാര്‍ത്തിയില്‍?


-27-
കദനമതൊഴിയാതെ കഷ്ടമീ-
മദനഗതാശയ മാഴ്കി, -നിഷ്ഫലം
വിദയനിയതി, ദുസ്തരൗഘ, -യാ
നദിയെയെതിര്‍ത്തൊരു ജന്തുനീന്തുമോ?


-28-
സ്ഫുടമഥ വകതെറ്റിയേറ്റുമ-
ക്കൊടിയിയലും ധ്വജകോടിയെന്നപോല്‍
ഒടുവിലവള്‍ വിവാഹമംഗളം
തടവി ഗളത്തില, നിഷ്ടദര്‍ശനം.


-29-
സുതയിലകമലിഞ്ഞു തല്‍‌പതി-
ക്കതി ഗുണിതം ധനമേകി പോല്‍ധനി
നദി വഴിയുദധിക്കുമേകുമി-
ങ്ങുദക സമൃദ്ധി ഘനാഢ്യനാം ഗിരി.


-30-
പ്രണയിയൊടു പിരിഞ്ഞു നാഥനോ-
ടണവതിനാക്കുമവള്‍ക്കെഴുന്നഴല്‍,
ഇണയെയകലെ വിട്ടു ദുരെ നിര്‍-
ഘൃണമിഹ വിറ്റ കപോതി ചൊല്‍കിലാം.


-31-
ഘനരുജയൊടു യാത്ര കൂട്ടുമ-
ജ്ജനക വിയോഗ മറിഞ്ഞതില്ലവള്‍;
മനമഭിഹതമസ്തരാഗമാം,
സ്വനമിയലില്ല തകര്‍ന്ന വീണയില്‍.


-32-
സുതയുടെ മുഖമാധികര്‍ശിതം
ഗതനഥ ഖേദമൊടോര്‍ത്തു വര്‍ത്തകന്‍;
അതു നിജ വിരഹാര്‍ത്തി മൂലമെ-
ന്നഥ കരുതീട്ടവനാശ്വസിക്കയായ്


-33-
വരസുഖ വിഭവങ്ങള്‍ മേല്‍ക്കുമേല്‍
വരനരുളുന്നതവള്‍ക്കു ദു:ഖമായ്;
നരഹൃദയമതിന്നു ഭാവനാ-
പരികരമെങ്ങനെ, ഭോഗമെങ്ങനെ.


-34-
പതി പിതൃ കൃതനോര്‍ക്കില്‍ യോഗ്യനാം;
കൃതമതിയാമവള്‍, -എന്തഹോ ഫലം!
ക്ഷിതിയിലൊരു പുമാന്റെയെന്നിയേ
സതികള്‍ പരന്റെ ഗുണങ്ങള്‍ കാണുമോ?


-35-
ഘടന പതി വിലാസി ചെയ്കിലും
പിടമൃഗനേത്ര കൃപാര്‍ദ്രയാകിലും
സ്ഫുടമകലിയാതെ മേവിനാള്‍
തടശില പോലെ തരംഗലീലയില്‍.


-36-
ദിനവു, മിതു കണക്കെ മാസവും,
പുനരഥപോ, യതി ദീര്‍ഘമബ്ദവും;
ഗുണവതിയവള്‍ നിന്നു നിഷ്ഠയില്‍
പ്രണയജമാമഴലെത്തി കാഷ്ഠയില്‍.


-37-
‘പിണയുമിനി വിപത്ത, ശക്തയീ-
പ്രണയിനി’യെന്നഥ ഹന്ത! കാട്ടിനാന്‍
ക്ഷണ, മകരുണ, മന്യവൈഭവം
ഗുണ പരിണാമ പരീക്ഷകന്‍ വിധി!


-38-
അവളുടെ ശയനീയ ശായിയാ-
മവനൊരു ഷസ്സിലുണര്‍ന്നിടാതെയായ്;
യുവതയെവിടെ? - ജന്തുവിന്നു ഹാ!
വിവൃതകവാട, യനാരതം മൃതി.


-39-
അയി സുഭഗ! വെടിഞ്ഞു ഭൂമി നീ,
പ്രിയയുടെ രാഗമറിഞ്ഞതില്ലെടോ,
നിയതിഹതനിതോര്‍ക്കുകില്‍ ഭവാന്‍!
സ്വയമഭിമാനകൃതാര്‍ത്ഥനെങ്കിലും.


-40-
ഒടുവിലഹഹ! ബന്ധുരോദനം
നടുവിലശങ്കമവന്റെ യായുടല്‍
ചടുലശിഖയില്‍ നിര്‍ദ്ദയോദ്യമന്‍
ഝടിതി ദഹിച്ചു ചിതാഹുതാശനന്‍.


-41-
വിവിധ ഹൃദയവൃത്തിവിദ്ധയായ്,
വിവശതയാര്‍ന്നു, വിതന്തുവാമവള്‍
മൃഗയുവതി കിരാതമുക്തയായ്
വൃകനിര തന്‍‌വഴി ചെന്നുവീണപോല്‍.


-42-
“പതിയെ യനുമരിച്ചു പുണ്യവും,
സതികള്‍പെറുന്നു, സമഞ്ജ, സൗഖ്യവും
വിധവ, വിദയ, വക്രശീലയീ-
വിധമിഹവാഴുകയായി പാപ ഞാന്‍!!


-43-
പലരിനിയശുഭങ്ങളോര്‍ത്തിടാം,
പലരപവാദശരങ്ങള്‍ തൂകിടാം,
ഹതയിവളില്‍; -അഹോ! ഗുണത്തിനാം
പതിവനിതയ്ക്കനഭീഷ്ടനെങ്കിലും


-44-
പരമരിയ കിനാവിലെ പ്ഫലം
പറക, മന:ഖഗ, നീ ഭുജിക്കുമോ?
ഉരുരസമതുനോക്കിയേതില്‍ നീ
മരുവിയി, താക്കനി വീണുപോയിതേ!“


-45-
ഇതി പലവിധമോര്‍ത്തുഴന്നു തന്‍-
മതി, യവളന്നുരു പീഡതേടിനാള്‍;
എതിരിടുമഴല്‍താങ്ങുമാരു, മാ-
ര്‍ക്കതിരുജ ഭാവിഭയങ്ങള്‍ നല്‍കിടാ?


-46-
ഇളകിലുമിതുപോലവള്‍ക്കുടന്‍
ഗളിതഭയം, മദനോന്മുഖം മനം,
കള ഝടിതി പറിച്ചുഖിന്നമാം
മുളയതുപോലെ മുതിര്‍ന്നു പൊങ്ങുവാന്‍.


-47-
വിനയവിഹിതദുഃഖ, വൈശ്യയീ-
യനുകനു മാനസപത്നി മുന്നമേ,
പുനരവരിലനിന്ദ്യ മംഗനാ-
ജനമതിനന്നു പുനര്‍ വിവാഹവും,


-48-
വിശസനമതില്‍ വാടിവീണിടും
ശ്വശുരരെ വിട്ടവള്‍ വല്ലവാറുമേ,
മദനനരികില്‍ വാണു രമ്യമാ-
‘മുദയപുരി‘ക്കു മടങ്ങിയാത്രയായ്.


-49-
പരിജനമൊടു തണ്ടിലേറി വന്‍-
പെരുവഴി തള്ളിയഖേദമുത്സുക,
ഒരു വഴിയെയൊഴുക്കു കാറ്റുമായ്,
ത്വരയൊടു പോം ചെറുതോണിപോലിവള്‍.


-50-
പരിസര മതിലെത്തി ലക്ഷ്യമായ്
ചിരവിധുരം പിതൃസൗധമെങ്കിലും
ഉഴറിയുടനവള്‍ക്കു തൃഷ്ണയാല്‍
മിഴി, മദനാകൃതി മുമ്പു കാണുവാന്‍.


-51-
പുനരുരു ദമ മാര്‍ന്നടുക്കുമ-
ഗ്ഗുണവതി ശൈശവ ഭാവനീതയായ്
ജനക ജനനിമാരെയോര്‍ത്തു കാല്‍-
ക്ഷണമിടരാര്‍ന്നിതു കുട്ടിപോലവള്‍.


-52-
“ചിരവിരഹിതരെന്നെയിന്നു ഹാ!
വിരവൊടു കണ്ടിടുമച്ഛനമ്മമാര്‍
ചൊരിയുമുടനെയശ്രുഹൃഷ്ടരായ്,
ചരിതമറിഞ്ഞഥ ഖിന്നരായുമേ!


-53-
ബത! ബഹുതരഭാഗ്യമഗ്നയാം
സുത ഹതദൈവ, യിവണ്ണമായിതേ!
ഹിതജനക, ഭവാനെ ഹേതുവായ്
സ്ഥിതിയിതിനോര്‍പ്പതു, മോര്‍ത്തുമില്ലിവള്‍.


-54-
തരുണിയുടെ ബലം വിശുദ്ധി, വേ-
റൊരു പൊരുളല്ലബലയ്ക്കതേ ബലം;
പരമതിനിഹ ഭംഗമേകുവാന്‍
കരുതിയൊരെന്‍ വിധിയെത്ര ഘോരനാം!


-55-
പ്രഭുതയിതഥവാ നിനക്കുതാ-
നഭിജന സങ്കട ദേശചര്‍‌യ്യമേ,
അഭയമണവു നിന്നെ ഹാ! ജനം,
പ്രഭവ മനര്‍ത്ഥപരമ്പരയ്ക്കു നീ!


-56-
അകതളിരെയറുപ്പു ഹന്ത! ധീ-
വികലതയേകി വലപ്പു, വെത്രതാന്‍,
അകരുണമനവദ്യ ലോകരെ-
പ്പകയൊടുകൊല്‍‌വു പിശാചവൃത്തി നീ!“


-57-
പലതിതി ഭയശോകരാഗ സം-
കുലമുഴറിക്കമനിക്കു തല്‍ക്ഷണം
ചല ഹൃദയ മിയന്നു ചിത്രമാം
ജലധരകാല ദിനാന്ത ലക്ഷണം.


-58-
അഥ ശിബികയിറക്കി വാതിലില്‍,
ദ്രുതമവള്‍ നോക്കി ഗൃഹം ഗതോത്സവം;
വ്യഥതടവി; യകത്തു നിന്നുടന്‍-
ഭൃതകരണഞ്ഞു-പിതാക്കളല്ലഹോ!


-59-
പരിജനമുരചെയ്തു, തല്‍‌പിതാ-
ധരണി വെടിഞ്ഞൊരു മാസമായതും
പെരുകുമഴല്‍ കെടാന്‍ ചിതാഗ്നിയാം
സരസിയില്‍ മുങ്ങി ജനിത്രിപോയതും.


-60-
പരമിവളഴലാര്‍ന്നതോതുവാ-
നരുതഥവാ-ദൃഢരാഗബന്ധമേ,
പരഭയമതില്‍ നിന്നു ജീ‍വിതം
കരയണയിക്കുമദൃശ്യബന്ധു നീ!


-61-
അവികലമഥ തന്നധീനമാ-
യവധി വെടിഞ്ഞ പിതൃസ്വമെങ്കിലും
അവിടെ വിലമതിച്ചതൊന്നുതാ-
നവളതു തന്റെ സഖീസമാഗമം.


-62-
ചിരവിരഹമകന്നു തോഴിയാള്‍
പരമഥ മോദ മിയന്നുവെങ്കിലും
വിരവൊടു പറയേണ്ടിവന്നു ഹാ!
വിരസതരം മദനന്റെ വാര്‍ത്തതാന്‍.


-63-
പ്രതിഹതികളകന്നഭീഷ്ടനാം
പതിയുടെ വേഴ്ചയിലാശ തേടവേ
ചതുരയിവളൊഴിഞ്ഞു, ചൊല്ലുവാന്‍
മുതിരുവതാരതു ലീലയോടഹോ!


-64-
അപഥമതിലവന്‍ നടന്നതി,-
ല്ലപരയെയോര്‍ത്തതുമില്ല നാരിയായ്
അപകൃതനവളോടു വൈരമി-
ല്ലപചയ മാര്‍ന്നതുമില്ല സൗഹൃദം.


-65-
അരിയ മകളെ വിട്ടുവര്‍ത്തകന്‍
തിരിയെ നിജാലയമെത്തിയോരുനാള്‍,
ചരിതമവനറിഞ്ഞു, പിന്നെയാ-
പ്പുരിയവനെബ്ബത! കണ്ടതില്ലപോല്‍!


-66-
ചെറുതു വികലബുദ്ധിപോലവന്‍
തിരിയുവതന്നു സഖാക്കള്‍കണ്ടുപോല്‍,
ഒരു കഥയുമതിന്നുശേഷ മി-
ങ്ങറിവതു മില്ലൊരു തുമ്പുമില്ലപോല്‍.


-67-
വിധുരതയൊടു നീ തിരഞ്ഞൊരാ
നിധിയിത ഹാ! സതി, ശൂന്യഭാണ്ഡമായ്
ധൃതി തടവുക, യാര്‍ന്നിടാം ശുഭേ,
ച്യുതിയിഹ, ചുണ്ടിലണഞ്ഞപേയവും


-68-
ഇടരിനവധിയെത്തുവാനഹോ
തുടരുകയായ് സ്ഥിരശീല പിന്നെയും
ഇടയിലിഹ മഹാനിപാതയാം
തടിനി കണക്കെ തകര്‍ന്ന ജീവിതം.


-69-
പ്രിയതമനിലഥ പ്രവൃദ്ധമായ്
പ്രിയതയവള്‍ക്കകതാരിലഞ്ജസാ
സ്വയമവനിവള്‍ മൂലമല്ലി ഹാ!
നിയതമകന്നു ജനാവലോകനം.


-70-
പ്രണയി, നിയത രാഗപാത്രമാം
പ്രണയിനിയാള്‍ക്കപരാധിയെങ്കിലും;
ഗുണനിധിയിവനോടവള്‍ക്കെഴും-
ഗണനയതോര്‍ക്കുകിലെത്രയേറണം?


-71-
അവിരളമഥപെയ്തു കണ്ണുനീ-
രവള്‍, കുലനായിക, പോക്കി നാളുകള്‍;
അവിഹിതത മറച്ചു നിന്നു ഹാ!
യവനിക പോല്‍ പിതൃശോക സംഗതി.


-72-
പ്രഥിതരഥ യുവാക്കളെത്തിപോല്‍
സ്ഥിതിയറിയാതെ മനം ഹരിക്കുവാന്‍;
വ്യഥിത, യുഡു ഗണങ്ങള്‍ ചൂഴിലും
ഗത വിധുവാം നിശപോലെ വാണിവള്‍.


-73-
കൊതിയസുലഭ വസ്തുവിങ്കലായ്
മതികെടു മാറിനി മാഴ്കുമെത്രനാള്‍
വിദുഷിയിവള്‍-അഹോ! നിനയ്ക്കുകില്‍
ഹൃദയികളിങ്ങനെ തന്നെ ധന്യരാം.


-74-
വിലയെഴു മനുരാഗ മത്തലാല്‍
തുലയുവതല്ല; മറിച്ചു മേല്‍ക്കുമേല്‍
വിലസിടു, മടിയേറ്റ വെള്ളിപോ,-
ലുലയതിലൂതിയ പൊന്നുപോലെയും.


-75-
വാടിപ്പെണ്‍ കൊടി, യനുവാസരം വലഞ്ഞാ-
ളേവം, തല്പ്രിയതമനെ വിദഗ്ദ്ധയിഷ്ടതോഴി
തേടിപ്പോയ്, ശ്രുതിയുടെ ദൂരലീനമാകും
ഭാവത്തെ പ്രണിഹിതയായ ബുദ്ധിപോലെ


-76-
ഓരാണ്ടവള്‍ തിരഞ്ഞു കണ്ടൊടുവി-
ലേകയായ് രാത്രിയില്‍
സ്ഥിരാശ്രുതയൊരാബ്ദികീ, സുതിഥി-
പോലെ പോന്നെത്തിനാള്‍;
ചിരാര്‍ദ്ദിത ശയിച്ചു ചന്ദ്രികയി-
ലോര്‍ക്കുവിന്‍ ‘ലീല‘-യാ-
വരാംഗിയൊടണഞ്ഞു വാങ്മധു-
പൊഴിഞ്ഞതിത്തോഴി താന്‍.

രണ്ടാം സര്‍ഗ്ഗം

-1-
മൊഴി കേട്ടിമവെട്ടി വീര്‍ത്തുടന്‍
മിഴി ചാച്ചമ്പൊടു നോക്കി തോഴിയെ,
അഴല്‍ നീക്കു മുഷസ്സെയാര്‍ത്തിയാ-
ലുഴലും പദ്മിനിപോലെ സുന്ദരി.


-2-
സമഭിജ്ഞ കലര്‍ന്നു വിസ്മൃത-
ക്ലമ, കൈത്താരുകള്‍ പൊക്കിയോമലാള്‍
സമസൗഹൃദ, താങ്ങിയംഗ മു-
ന്നമനോല്‍ക്കം തഴുകീടിനാള്‍ സഖി.


-3-
നിമിഷം സ്ഥിതി നോക്കിനിന്നു, സം-
ക്രമിത സ്നേഹ, മൊഴുക്കുലയ്ക്കയാല്‍
കമലങ്ങള്‍ കണക്കെ തങ്ങളില്‍
കമനീയാസ്യകളാഞ്ഞു പുല്‍കിനാര്‍.


-4-
“പ്രിയനെങ്ങു സഖീ, യനാമയ
ക്ഷയമില്ലല്ലിയവന്നു; ചൊല്ലു നീ;
പ്രിയവാദിനി, നിന്നൊടാ ചിര-
പ്രയതന്‍ പോന്നു വരാഞ്ഞതെന്തവന്‍?”


-5-
പ്രണയാതുരയേവമന്തരാ
തുണയാം തോഴിയെ നോക്കിയോതിനാള്‍;
ക്ഷണമാ സുകുമാരി മേലെഴും
മണലിന്‍ പാടുതലോടി നിന്നിവള്‍.


-6-
“പറകെന്‍ പ്രിയതോഴി”യെന്നഹോ!
മുറയായാളുടനല്പഭാഷിണി,
“പറയാം സഖി”യെന്നുരച്ചു പുല്‍-
ത്തറയില്‍ താങ്ങിയിരുത്തി മാധവി.


-7-
ഉരചെയ്തു: “പൊറുക്ക, സംഭവം
വരുമെന്‍ തോഴിയതാതുതന്‍ വഴി
പരിണാമി മനുഷ്യജീവിതം
സ്ഥിരമാം സ്നേഹമനാഥമൂഴിയില്‍.


-8-
അറിവില്ലനുരാഗമേറെയാ-
ളറിവോര്‍ തെറ്റിടു, മൊക്കെയൊക്കുകില്‍
നിറവേറുകയില്ല കാമിതം,
കുറയും ഹാ! സഖി, ഭാഗ്യശാലികള്‍.


-9-
പ്രിയതോഴി! യിതോര്‍ത്തുമിന്നു നിന്‍-
പ്രിയനസ്വസ്ഥനതോര്‍ത്തുമൊക്കെ നാം
ഭയമെന്നു നിനയ്ക്കു ഭാവി, നിര്‍
ഭയമെന്നാലതു ഭാഗ്യമെന്നുമേ.”


-10-
സഖി ചൊല്‍‌വതിനുള്ളിലാപ്രിയോ-
ന്മുഖി ചോദിച്ചിതു പാരമാര്‍ത്തിയാല്‍.
“അയി തോഴിയസൗഖ്യമെന്തഹോ!
ദയിതന്നെന്തു തടസ്ഥയായി നീ?


-11-
നരനേതു വിപത്തുതാന്‍ വരി-
ല്ലുരചെയ്തീടുകയജ്ഞയല്ല ഞാന്‍,
പരമാ മുഖമൊന്നു കാണുവാന്‍
ത്വരയുള്ളില്‍-തരമാകുമോ സഖീ?”


-12-
ഇതുകേട്ടനുകമ്പയേറി നീ
ഷ്കുതുകം വാര്‍ത്ത തുടര്‍ന്നു തോഴിയാള്‍
സ്ഥിതിയോര്‍ത്തു വിഡംബനാര്‍ത്ഥമായ്
കൃതി കൈക്കൊള്‍വു ചിലപ്പോഴേവരും.


-13-
“മരുഭൂക്കളിനൊക്കെയപ്പുറ-
ത്തുരു ദൂരത്തുപദക്ഷിണാപഥം
ഉരസുന്നു നഭസ്സെ ‘വിന്ധ്യ’ നാം
പുരു മേഘാംബരഡംബരന്‍ ഗിരി.


-14-
പരിണാഹമെഴും മഹാവനം
ഹരിതാഭം തടവുന്നു സാനുമാന്‍
പരപാര്‍ശ്വ മതില്‍ ചരിപ്പു സ-
സ്വര ‘രേവാ’നദി സാഗരോന്മുഖി.


-15-
അവിളംബ മണഞ്ഞു കണ്ടുഞാ-
നവിടെ സ്സോദരി, നിന്റെ കാന്തനെ;
അവനെന്നറിയില്ല, ദുഃസ്ഥനാ-
ണവനത്തിന്നു വനത്തിലില്ലൊരാള്‍


-16-
തനിയേയഴല്‍ പൂണ്ടു-തോന്നിടും
കനിവാര്‍ക്കും-കൃശഗാത്രനായവന്‍
വനവഹ്നി തകര്‍ത്ത ശൈലമൊ-
ത്തനവദ്യാകൃതിയസ്ഥിശേഷനായ്


-17-
മൃഗപക്ഷികളോടു ചേര്‍ന്നുടന്‍
ഭൃഗുവില്‍ പ്രേതസമം നടന്നിടും
അകലത്തിലു മാളു കാണ്‍കിലാ-
വികലാത്മാ വിടുമപ്പൊഴ സ്ഥലം


-18-
അതുകൊണ്ടഫല പ്രയാസയാ-
യതുല സ്നേഹനിധേ, മടങ്ങിനേന്‍,
കൃതകൃത്യതയെങ്ങസാധ്യമാം
കൃതിയില്‍-കേട്ടിതു പിന്നെ വാര്‍ത്ത ഞാന്‍


-19-
പലജന്തുപരീതനാമവന്‍
നില കണ്ടാര്‍ദ്രതയാല്‍ സനാഥകള്‍,
മല വേട്ട വെടിഞ്ഞു ദൂരവേ
വിലപിപ്പൂ, സഖി! വേടനാരിമാര്‍.


-20-
അവരോതിയശേഷമോമലേ
വിവരം കാനനപക്കണസ്ഥകള്‍
പുരവാസികള്‍ തന്നനാര്‍ജ്ജവം
തിരിയാത്തോരതിശുദ്ധശീലകള്‍.


-21-
ഇവര്‍ കണ്ടൊരു രണ്ടുകൊല്ലമാം,
സവിധത്തില്‍ സഖി, യന്നു സുന്ദരന്‍,
അവശന്‍ ബത! ‘ലീല’ ‘ലീല’യെ-
ന്നവിടെപ്പാടി നടന്നു പോലവന്‍.”


-22-
ഇതുകേട്ടകതാര്‍ ഞടുങ്ങിയുല്‍-
സ്രുതമായശ്രു കവിള്‍ത്തടങ്ങളില്‍
വിതതേക്ഷണയാള്‍ക്ക്; വിസ്ഫുരി-
ച്ചതു, കണ്ടാള്‍ സഖി വെണ്ണിലാവതില്‍.


-23-
ഇടറുന്നിതു കണ്ഠമസ്സഖി-
ക്കുടനാശിക്ഷിത ചിത്തമാരഹോ!
തുടരുന്നിതു ചൊല്‍ക, കേള്‍ക്കയും
സ്ഫുടമന്യോന്യമറിഞ്ഞു മാര്‍ത്തികള്‍.


-24-
“പ്രിയ വല്ലഭയെപ്പിരിഞ്ഞു ഹാ!
ദയനീയന്‍ തിരിയുന്നു”വെന്നു താന്‍
നിയതം കരുതി കിരാതിമാര്‍
സ്വയമോരും സഖി, സത്യമാരുമേ,


-25-
പലരീകഥ മൂളുവോര്‍, കൃതി-
ച്ചലിവോടും, സ്ഥിരരാഗലോലകള്‍
മലയത്തിക, ളേതു ജാതിയും
കലരും പ്രാകൃത ചിന്തയൊന്നുതാന്‍.


-26-
പരമത്ഭുതമെന്തുനിന്‍പ്രിയന്‍
ചരലോകത്തെ വശീകരിക്കുകില്‍
ഒരു യോഗിയി വണ്ണമന്‍പെഴാ,-
നരരോടും സഖി ദേവരോടുമേ.


-27-
അനുരാഗമതാണവങ്കലാ-
ര്‍ന്നവശം വിട്ടു നിസര്‍ഗ്ഗ ചേഷ്ടകള്‍,
വനസത്ത്വകുലങ്ങള്‍ ചുഴ്വതി-
ന്നവനെ, പ്പൂവിനെ മക്ഷികാളിപോല്.


-28-
അഥവാ-മൃതകല്പനിപ്പൊഴാ-
പ്രഥമാന പ്രണയാര്‍ത്ത; നോര്‍ക്കുകില്‍
കഥയും, സുകുമാരി, പിന്നെ, നിന്‍
വ്യഥയും നീട്ടുവതെന്തിനിന്നു ഞാന്‍?


-29-
സ്ഥിരമാത്മനിബന്ധനം സുഖം,
പരതന്ത്രം സുഖമൊക്കെ ദു:ഖമാം
പരമാര്‍ത്ഥമുരപ്പൊ തോഴിഞാന്‍,
കരുതീടൊല്ല കഠോരയെന്നു നീ.


-30-
നില നില്‍ക്കുവതെത്ര കാലമു-
ജ്ജ്വലമാമി പ്രണയോഷ്ണരശ്മിയില്‍
വിലയോന്മുഖമായ തിങ്കളിന്‍
കലപോല്‍ ഹാ! സഖിതേഞ്ഞുതേഞ്ഞവന്‍.


-31-
കൃശമാക്കൊല കേണു ജീവിതം
കുശലേ, നിന്‍ കുശലം നിനയ്ക്ക നീ;
ശിശിരാര്‍ദ്ദിതമാദലം സഖീ,
ഭൃശമിത്തെന്നലില്‍ വീണടിഞ്ഞുപോം.


-32-
കഥയിങ്ങനെ, പിന്നെയുത്തമം
വിധുരേ, നീയിതു വിസ്മരിക്കയാം
അഥവാ-ചില കാലമാസ്ഥയാല്‍
മധുരസ്വപ്നസമം സ്‌മരിക്കയാം.


-33-
അനപത്യമതാം കുലത്തിനും
മനമെത്താത്ത മഹാധനത്തിനും
കനിയും സ്വജനത്തിനും സഖീ-
യിനിയിങ്ങോര്‍ക്കണ, മേകനാഥനീ


-34-
അതു നില്‍ക്കുക, ഭാഗ്യവാനവ-
ന്നിതു താനെന്തൊരു ചാരിതാര്‍ത്ഥ്യമാം?
അതിലോകമനോഹരാംഗി, നിന്‍-
മതി തല്‍‌പ്രേമ വിധേയമായിതേ!


-35-
നിരുപിക്കുക, നീ വരിപ്പൊരാ-
പ്പുരുഷന്‍ വൈകൃത മേനി, യെന്തതില്‍?
അരുളും ഭ്രമമൊന്നു കാണ്‍‌കില്‍ നിന്‍
തിരുമെയ് സുന്ദരി, നാരിമാര്‍ക്കുമേ


-36-
അതിനാല്‍‌സ്സഖി, യെന്നു ചൊല്ലവേ
ശ്രുതിരണ്ടും ബത! പൊത്തിയാതുര,
‘മതി, കാന്ത ഗുണാവമാനിനീ,
മതി’ യെന്നാശു തടുത്തി തോതിനാള്‍


-37-
‘അയി, ചാരുതരാന്തരംഗനെന്‍
ദയിതന്‍, ദേവസമന്‍, മഹാമതി,
സ്വയമോര്‍പ്പവനല്ലതോഴി, മൃണ്‍-
മയമീ ഭംഗുര ഭംഗിയാ മുടല്‍


-38-
രതി നിത്യമൊരാള്‍ക്കൊരാളിലായ്
സ്ഥിതിചെയ്കില്‍ സഖി പെണ്ണിനാണിനും
അതിലും വലുതില്ലഹോ! വ്രതം;
ധൃതിമാനെന്തൊരു ധന്യനെന്‍ പ്രിയന്‍!


-39-
അവനെ പ്രണയൈക വൃത്തിയാല്‍
കബളിപ്പിച്ചു നൃശംസ ഞാന്‍ സഖീ;
നവരാഗി ഗണിച്ചതില്ലിവന്‍
ഭവനാവസ്ഥയു, മെന്റെ ശോഭയും


-40-
അഥവാ, പറയേണ്ട, യോര്‍പ്പുതല്‍-
ക്കഥ ഞാന്‍, തോഴി, യനാദരോക്തികള്‍
വ്യഥ മാറ്റുകയില്ല; വേണ്ട, യു-
ന്മഥനം ചെയ്യുമതേറെയെന്മനം.


-41-
അയി, പിന്നെ വിലപ്പനായ മല്‍-
പ്രിയനില്‍ സ്നേഹമെഴാത്തനിന്‍ പ്രിയം
നയമോര്‍ക്ക;-യെനിക്കു നല്‍കണം
സ്വയമേറ്റം രുജ പക്ഷപാതിനീ!


-42-
ഉരചെയ്‌വ നവ ന്നധീനമെന്‍
സ്ഥിരമാം ചേതന; യുക്തിയാല്‍ സഖീ,
കരുതായ്ക കര‍സ്ഥമാക്കുവാ-
നെരിയും ജ്വാലയെ, യിന്ധനം വിനാ


-43-
ഒരു കില്ലിനിവേണ്ട, ദൂരവും
നിരുപിക്കേണ്ട, നയിക്കയെന്നെ നീ
വിരവില്‍‌ സ്സഖി, ജീവിതേശ്വരന്‍
മരുവെന്നേതൊരു ദിക്കിലെങ്കിലും


-44-
ഇവകേട്ടു കുഴങ്ങി, തോഴി തന്‍
വ്യവസായം ദൃഢമോര്‍ത്തു കണ്ടുമേ
സഖിയാള്‍, നിജ കൃത്യബോധമാം
ശിഖി ധൂമാകുലമാകയാലവള്‍


-45-
‘ഇത വെള്ളിയുദിച്ചു; വാടിയില്‍
ബത! കൂവാന്‍ തുനിയുന്നു പക്ഷികള്‍
സ്ഥിതി രാവിനു മാറിടുന്ന മു-
മ്പതി ദൂരം സഖി, പോക പോക നാം’


-46-
ഇതി പിന്നെയു മിദ്ധരാഗയാ-
ളധികോല്‍ക്കണ്ഠ മഹോ ത്വരിക്കവേ,
മതിശാലിനി, വാച്യ ഭീതിയില്‍
ക്രുധയാര്‍ന്നിങ്ങനെയോതിനാള്‍ സഖി


-47-
മുറ മുഗ്ദ്ധമതേ, മറന്നു നീ
പുറമേ സ്വൈരിണി പോല്‍ ചരിക്കയോ!
പറകെങ്ങനെ സമ്മതിപ്പു ഞാന്‍
വെറുമുന്മാദികള്‍ തന്റെയിത്തൊഴില്‍?


-48-
അതുപോട്ടെ, സുദീര്‍ഘയാത്രയാ-
ണതുമല്ലോര്‍ക്ക, സുഖാസനോചിതേ,
അതി ഭീകരമെങ്ങു വിന്ധ്യപ-
ദ്ധതി? നാമെങ്ങസഹായ നാരിമാര്‍?


-49-
ഇവയൊക്കെയുമാട്ടെ; തോഴി,യ-
ങ്ങെവിടെക്കാണുവതപ്പുമാനെ നീ?
അവനെത്തിരവോര്‍ തിരഞ്ഞുപോം
പവനന്‍ തന്നെ വനാന്തരങ്ങളില്‍!


-50-
പരമിന്നതുമല്ലിതോര്‍ക്ക നീ
വരനില്ലാത്ത വിവാഹഘോഷമാം;
സ്ഥിരമല്ലസുബന്ധമാര്‍ക്കു; മാ-
നരകങ്കാള മതേലുമെത്ര നാള്‍?


-51-
അതിവത്സല ഞാന്‍; പരം സദാ
മധുരിക്കാ സഖി, സത്യഭാഷിതം
ബുധരപ്രിയസത്യമോതുകി-
ല്ല, തു കേള്‍ നീതി; യിതോര്‍ക്ക സൗഹൃദം


-52-
വിധി വിശ്വസുഖം സ്വദിക്കുവാന്‍
മതിയും മര്‍ത്ത്യനു നല്‍കി രാഗവും;
രതിയാലസമീക്ഷ്യകാരിയാം
സുധി ധാതാവെയനാദരിക്കയാം


-53-
സ്ഥിതിയോര്‍ത്തു കഥിപ്പൂ നന്മ ഞാ-
നതി മോഹാകുല മിന്നു നിന്മനം
അതിനാല്‍ വിരമിക്ക; പോകുകില്‍
ക്ഷതിയുണ്ടാം സഖി, മാനഹാനിയും


-54-
പരമിമ്മൊഴി പീഡ നല്‍കി, യ-
ക്കരുണാര്‍ഹയ്ക്കു, കുലായമെത്തുവാന്‍
ചിറകാശു വിതിര്‍ത്തുയര്‍ന്നിടും
ചെറു പക്ഷിക്കു ചുഴന്ന കാറ്റുപോല്‍


-55-
പുനരെങ്കിലു മൂഢശക്തിയാം
മനതാര്‍ വിങ്ങിയുടന്‍ വിടര്‍ന്നപോല്‍
അനവദ്യ ഗുണാഢ്യ തൂവിയീ-
ഘനസൗരഭ്യമിയന്ന വാണികള്‍;


-56-
“വിഹിതാവിഹിതങ്ങളോര്‍ത്തയേ,
മഹിത സ്നേഹമഹോ മറക്കൊലാ;
ഇഹ ധര്‍മ്മരഹസ്യമന്തരാ-
നിഹിതം, നിത്യവിഭിന്നമാം നയം


-57-
അറിയും ജനനീതി സീമയെ-
ത്തിറമായ്ക്കാക്കുമപൂര്‍ണ്ണരാഗികള്‍;
നിറയും രതി ലോകസംഗ്രഹം
കുറിയാക്കാ, സഖി, കൂസലാര്‍ന്നിടാ


-58-
സുപരീക്ഷിതമിപ്പൊഴെന്മന-
സ്സപശങ്കം സഖി, മുമ്പിതേലുകില്‍,
ത്രപ വിട്ടിവള്‍ ചെയ്യുമായിരു-
ന്നപരോക്ഷം പ്രിയ ഹസ്ത പീഡനം


-59-
ഉടലോര്‍ക്കുക ബാഹ്യ, മായതില്‍
തടവും ലോകമതീവ ബാഹ്യമാം;
സ്ഫുട സൗഹൃദ മാന്തരാത്മികം
വെടിയുന്നെങ്ങനെ തോഴി, ദേഹികള്‍?


-60-
അലമിന്നതി ഭീതി;യെന്മന-
സ്സുലയാ; ഞാനിവയൊന്നു മൊര്‍ത്തിടാ;
കുലനീതിയെ മാംസകുഞ്ചുകം
വില വെയ്ക്കാത്തവര്‍ പേടിയാ സഖീ


-61-
മരണം ഭയസീമയെന്നയേ,
കരുതും ജീവികളങ്ങനാരതം
വിരഹാര്‍ത്തയിവള്‍ക്കഹോ, ഭയ-
ങ്കരമായ്ത്തീര്‍ന്നു ധരിക്ക ജീവിതം


-62-
പുനരെന്തുര ചെയ്‌വു? പോക നാം;
നിനയായ്കത്തല്‍; നടക്കനാം ദ്രുതം
മനതാരരുളുന്നു; കാന്തനാ
വനഭാഗം സഖി, വിട്ടു പോയിടാ


-63-
പരമെന്‍ മിഴി കാണ്മൂ, വെന്നെയോ-
ര്‍ത്തെരിയും നെഞ്ചൊടു കണ്‍‌വിടുന്നു കേള്‍
മരുഭൂ വെയിലില്‍ജ്ജലാര്‍ത്ഥിയായ്-
ത്തിരിയും മാനൊടു തുല്യമെന്‍ പ്രിയന്‍


-64-
വരുവേന്‍ പ്രിയ! കേണിടായ്ക! യെന്‍-
കരള്‍ നിന്‍ കൈയ്യില്‍, വപുസ്സുമെത്തുവാന്‍
പുറകേ, ത്വരയാര്‍ന്നു പക്ഷിപോല്‍
ചിറകില്ലാഞ്ഞതിലീര്‍ഷ്യ വയ്പു ഞാന്‍


-65-
സ്ഫുടമെന്‍സഖി, ചൊല്‌വനെന്‍ പ്രിയന്‍
വെടികില്ലെന്നെ വെടിഞ്ഞു ജീവിതം,
തടസീമയില്‍ വിട്ടു രശ്മിയെ-
ക്കടലില്‍ പോയ് രവി മുങ്ങിടാ സഖീ


-66-
സ്ഥിരചേതനകള്‍ക്കഹോ, പര-
സ്പരമേലും സമവായ് വൈഭവം
പരനിങ്ങറിയില്ല്; പണ്ഡിതേ,
കരുതായ്കായതു മോഹമെന്നു നീ


-67-
ഇരവാശു കഴിഞ്ഞിടുന്നിതാ!
വിരഹോല്‍ക്കണ്ഠ പൊറാഞ്ഞു വാപിയില്‍
തിരിയെ പ്രിയയെത്തലോടുവാന്‍
കരയുന്നൂ സഖി, കോകനായകന്‍


-68-
സ കരുണമിതു ചൊല്ലി, സ്സഹ്യമല്ലാഞ്ഞുതാപം
പികമൊഴിയഴുതപ്പോള്‍, തോഴി കണ്ണീര്‍ പൊഴിച്ചാള്‍;
അകലെയുമനുകമ്പാശാലികള്‍ക്കന്യ ദു:ഖം
പകരു;മിഹ സമക്ഷം പിന്നെയോതേണ്ടതുണ്ടോ?


-69-
രാവപ്പോള്‍ വിരമിക്കിലും, സഖി പരീക്ഷിച്ചെന്നവണ്ണം സ്വയം
ഭാവം മാറ്റിയുടന്‍, പ്രസന്ന കുല ദൈവമ്പോലെയമ്പാര്‍ന്നവള്‍,
പോവന്‍ ഭൃത്യരുമായ്ത്തുനിഞ്ഞു വെളിവായ് ലീലയ്ക്കു വിന്ധ്യേശ്വരീ
സേവാ ബദ്ധകുതൂഹലം ഹൃദയമെന്നങ്ങാരു മോരും വിധം


-70-
പിന്നിട്ടേറ്റം വഴി, പല ദിനം
കൊണ്ടണഞ്ഞാവനാന്തം
മുന്നില്‍ ക്കണ്ടിട്ടവരിരുവരും
പോയിതക്കാടു നോക്കി
പിന്നില്‍ത്തള്ളിപ്പരിജനമതും,
സ്വപ്നമാകും പ്രപഞ്ചം
തന്നില്‍ബ്ബാഹ്യേന്ദ്രിയ മകലെയായ്
ചിത്തസത്വങ്ങള്‍ പോലെ.

മൂന്നാം സര്‍ഗ്ഗം

-1-
അഥ വന തട മാര്‍ത്തിയാര്‍ന്നണഞ്ഞീ-
യധരിത കിന്നര നാരിമാരലഞ്ഞാര്‍
പൃഥുമികിലിലകന്ന കൂട്ടു തേടും
വിധുരവലാകകള്‍ പോലെയങ്ങുമിങ്ങും.


-2-
കുസുമിത വനകാന്തിയാത്മകാന്ത-
വ്യസനിനി ലീല വിചാരിയാതെ പോയാള്‍;
അസുലഭമണി തേടുവോര്‍ ഗണിക്കി-
ല്ലസദൃശമാകരമാര്‍ന്ന ധാതുഭംഗി.


-3-
ഒരു വഴി തിരിയുമ്പൊഴോമലാള്‍ക്ക-
ങ്ങുരു തര ചമ്പക ഗന്ധമോടുമുള്ളം
പരിചിലഥ ഹരിച്ചു, ‘നര്‍മ്മദോ’ ര്‍മ്മീ-
പരിചയ ശൈത്യമിയന്ന മന്ദവായു.


-4-
“സുഖദമയി! വരുന്നിതെങ്ങു നിന്നോ
സഖി, യിത ചമ്പക ഗന്ധ, മെന്തു ചിത്രം!
മുഖരസമിതു മാറ്റി മിന്നുകല്ലീ
നിഖിലവനാവലി നിദ്രവിട്ടപോലെ?


-5-
നലമൊടു തരുനായകാന്തികത്തില്‍-
പ്പലതിത പക്ഷികള്‍ പാടിടുന്നു ഗീതം;
തളിരുമലരുമാര്‍ന്നു തെന്നലേറ്റീ
ലളിതലതാവലി ലാസ്യമാടിടുന്നു!


-6-
ഭിദുര, മഹഹ! പൂര്‍വ്വവിസ്മൃതിക്കീ-
മൃദുതരവായുതരംഗ രംഗലോലം
ഹൃത ഹൃദയ, മഹോ! വരുന്നു തോഴീ,
ഹിതകരമീവഴി ഹേമപുഷ്പ ഗന്ധം!


-7-
ഇവിടെയിളയ തെന്നല്‍ തന്നില്‍ മുങ്ങീ-
ട്ടവികല നിര്‍മ്മലരാക പോകുവാന്‍ നാം;
എവിടെ മണമിതുത്ഭവിപ്പുവങ്ങെ-
ന്നവിതഥ ജീവിത ദൈവതം വസിപ്പൂ


-8-
വരുവിനിവിടെയെന്നലിഞ്ഞു നമ്മെ-
ത്തെരുതെരെയീയടവിക്കു തെക്കുമാറി,
ഉരുകിസലയ ചാരു ശാഖയാട്ടി-
ത്തരുനിര മാടി വിളിപ്പൂ, കാണ്‍ക തോഴീ”


-9-
അരുളിയവളിവണ്ണമാവഴിക്കായ്
ത്വരയൊടു മുമ്പു നടന്നു തെറ്റിടാതെ
കരുതിയ മുതല്‍ നോക്കുവാന്‍ വനത്തില്‍-
പ്പരിചിതയാമുടമസ്ഥ പോണപോലെ


-10-
ഗിരികടകമണഞ്ഞു മഞ്ജുരേവാ-
പരിസരമാര്‍ന്നവള്‍ കണ്ടു വിസ്മയിച്ചാള്‍
ഉരുകുസുമമുദാര ശോഭമാരാ-
ലൊരു വനഭാഗമുഷസ്സു പോല്‍ മനോജ്ഞം


-11-
ഉടനെയുടല്‍ ഞടുങ്ങിയങ്ങു പൊന്‍പു-
വിടപികള്‍ കണ്ടതിമോഹലോഹിതാംഗി
തടവി പുളകപാളിയാംഗമെങ്ങും
സ്ഫുടമവള്‍, പൂക്കുമശോക ശാഖിപോലെ.


-12-
തൊഴുതുകരമുയര്‍ത്തിയാ വനത്തെ-
പ്പൊഴിയുമനര്‍ഗ്ഗള ബാഷ്പവൃഷ്ടിയോടും,
തഴുകി നിഴല്‍ കണക്കെ മൂകയായ്ത്തന്‍-
വഴി തുടരും സഖിതന്നെ വിഹ്വലാംഗി


-13-
തനുഭരമവള്‍ താങ്ങവേ വിലങ്ങു-
ന്നനലശിഖോജ്ജ്വലമാകുമേക ഹസ്തം
വനമതിലഥ ചൂണ്ടി നിന്നുവീണാ-
നിനദസമുദ്ഗത ഗദ്ഗദം കഥിച്ചാള്‍;


-14-
“കുസുമ ശബള കാന്തിയാം നഭസ്സില്‍
പ്രസൃമരമാം സ്ഫുടചമ്പകാതപത്താല്‍
അസമയ രമണീയ മത്രകണ്ടോ
സുസഖി, യുഷസ്സുഷമയ്ക്കു നിത്യഭാവം?


-15-
വിലസി വെയിലിലിങ്ങു ചിത്രവര്‍ണ്ണം
ചലദനിലം പ്രതി ചാരു ചിത്ര ഗന്ധം,
പല വിസൃമര ചിത്രനാദ, മൊന്നാ-
മുലകു തരുന്നു കുതൂഹലം വിഭിന്നം


-16-
ഗഗനതടമിടഞ്ഞു താണതൊക്കും
നഗപതി നീലനിതംബഭൂവിലേവം
ഭഗിനി, പറകയെന്തിതാര്‍ന്നതിങ്ങീ-
യഗണിത ദിവ്യവിഭൂതി മര്‍ത്ത്യലോകം!


-17-
അനഘ, നമര കല്പനെന്റെ നാഥന്‍
വനമിതില്‍ വാഴണ, മില്ല കില്ലുതോഴി,
തനതു ഗതി തടഞ്ഞു നിന്നുതേയെന്‍
മനമിഹ, മന്ദുര കണ്ട വാജിപോലെ


-18-
അയി സഖി, നവ ചമ്പകോത്സുകന്‍ മ-
ദ്ദയിതനഹേതുകമായി, ഹേതുവോര്‍ത്തും
സ്വയമവനുമെനിക്കുമാളി, യേതല്‍
പ്രിയകരമഞ്ജരി മഞ്ജുദൂതിയായി


-19-
അനഘനവനു ഹേമമഞ്ജരീ, ഹാ!
മനതളിരില്‍ പ്രിയരിങ്ങു രണ്ടുപേര്‍താന്‍;
അനിതരസമഭൂതി പൂവില്‍ നീയും
വനിതകളില്‍ ബ്ബത ഭാഗ്യഹീന ഞാനും


-20-
വിധുതയിളമരുത്തിനാല്‍; മഹസ്സാ-
ലധരിത താരക താരിലോമലേ നീ;
മധുപമലിനര്‍ തീണ്ടുകില്ല നിന്മെയ്
വിധുരവനാവലിവല്ലിലമ്പടന്മാര്‍


-21-
അഹഹ! രമണ, സാര്‍ത്ഥമിസ്സുമത്തിന്‍
സ്സഹജരസം ഭവദീയ രാഗ യോഗം;
മഹദഭിമതമിങ്ങു ശീലമോരാന്‍
സഹചരരേകനിദര്‍ശനം മഹാത്മന്‍!“


-22-
ദ്രുമമതിലഥ നോക്കി നിശ്വസിച്ച-
സ്സമരുചിയാര്‍ന്ന മനോജ്ഞഹസ്തതാരാല്‍
സുമമലിവൊടിറുത്തുമുത്തി, മാറില്‍
കമനിയണച്ചഥ ചൂടി ചൂഡതന്നില്‍


-23-
ക്ഷണമുടനെ നിനച്ചു നിന്നുസാദ്ധ്വീ-
മണിയഥ നിശ്ചയമാര്‍ന്നപോല്‍ നിവര്‍ന്നാള്‍;
“പ്രണയിയിവിടെയുണ്ടു തോഴി, പോന്നി-
ങ്ങണയുമാലംകൃതയാക്കുകെന്നെ”യെന്നാള്‍.


-24-
“അഹമിതമിതകേള്‍ പ്രതിധ്വനിക്കു-
ന്നവിരതമാര്‍ത്തിനിബന്ധനസ്വനങ്ങള്‍;
ഇവിടെ വഴികള്‍ഹന്ത! വേര്‍തിരിക്കാ-
മവനുടെ സംഗമഗന്ധ ബന്ധുരങ്ങള്‍


-25-
വെടിയുക വിചികിത്സ വത്സലേ, നീ
പടിമ മദിന്ദ്രിയ മാര്‍ന്നിടുന്നു പാരം
പൊടി ഝടിതി തുടര്‍ച്ച ദര്‍പ്പണം പോ-
ലടിതെളിവാര്‍ന്നൊരു വാപി തന്‍ ഹ്രദം‌പോല്‍


-26-
സ്വവശസുലഭ ഭൂഷയാലണിഞ്ഞെ-
ന്നവയവപംക്തിയലങ്കരിക്ക തോഴീ
സവിധമതിലണഞ്ഞുകാണണംകേ-
ളവികലശോഭയൊടെന്നെയാത്മനാഥന്‍”


-27-
ത്വരിതമിതരുള്‍ ചെയ്തു തോഴിയോടായ്
സ്ഫുരിതതനുപ്രഭമോടി ബദ്ധവേഗം
തരുണി തരി നികഞ്ജമൊന്നു പുക്കാള്‍
തരള തടില്ലത കന്ദരം കണക്കേ


-28-
ഉടനെ മതമറിഞ്ഞൊരുക്കി നല്‍പ്പൂ-
മ്പൊടി, പുതുപൂനിര, നല്ല പല്ലവങ്ങള്‍
ഝടിതിയിവയൊടൊത്തു തോഴി വള്ളി-
ക്കുടിലതിലെത്തി വസന്തകാന്തിപോലെ


-29-
അനുപദമണിയിച്ചു ജന്മരമ്യം
തനു തെളിവാര്‍ന്നു വെളിക്കു നിര്‍ഗ്ഗമിച്ചാള്‍
ഘന മനലപുടം വെടിഞ്ഞു കാളും
കനകശലാക കണക്കെ കോമളാംഗി.


-30-
വിരളമണിസുമങ്ങള്‍ പൂണ്ടു, മംഗം
പരിഹിതനീല നവാംബരാഭ കൊണ്ടും
പരിഗത സുമകാല തുല്യമാര്‍ന്നാള്‍
സ്ഫുരിത പരാഗ മനോഹരം വരാംഗി.


-31-
അരികിലഥ വിചിത്രവര്‍ണ്ണമേലും
വിരിതടവിടുമോരാനതന്‍ പുറം‌പോല്‍
തരു മലര്‍ നിര വീണു ഭംഗി തേടു-
ന്നൊരു ശിലമേല്‍ തനുഗാത്രി ചെന്നിരുന്നാള്‍


-32-
അവിടമറികയാലുമാളി, ലീലാ-
വ്യവസിതസിദ്ധിയിലാശവയ്ക്കയാലും
സവിധമതില്‍ മറഞ്ഞു വിശ്രമിച്ചാ-
ളവയവ സാദ മസഹ്യമാകയാലും


-33-
മടുമലര്‍ശില തന്നിലന്തി മേഘ-
ക്കൊടുമുടി പറ്റിയ താരപോല്‍ വിളങ്ങി
തടമതിലഥ തന്വി നോക്കി, നോട്ടം
സ്ഫുടകിരണങ്ങള്‍ കണക്കെ നീട്ടി നീട്ടി


-34-
പ്രിയമൊഴി വനദേവരോതിടും പോല്‍
സ്വയമഥ പൊങ്ങി കപോതഹൂതഘോഷം
പ്രിയനുടെ കഥപോല്‍ പ്രവൃദ്ധരാഗം
കുയിലുകള്‍ പാടി കുഹൂ കുഹൂനിനാദം


-35-
അളിപടലികള്‍ മൂളി; രന്ധ്രമേലും
മുളകള്‍ മരുത്തിലുലഞ്ഞു മെല്ലെയൂതി;
തളിര്‍നിര മൃദുതാളമേകി; യേവം
കളകളമായതി മോഹനം വനത്തില്‍.


-36-
“വരിക ഹൃദയ നാഥ! വൈകി കാണ്മാന്‍
തിരുവടി മൗലിയില്‍ വയ്ക്കുവന്‍ മഹാത്മന്‍!
തരിക ചിര വിയുക്തദര്‍ശനം, നീ
കരുണ വഹിക്കുക, ദാസി ഞാന്‍ ദയാലോ”


-37-
അരുതു ചെറുതുമെന്നില പ്രിയം; ഞാ-
നൊരു പിഴ ചെയ്‌വതിനോര്‍ക്ക ശക്തയാകാ
സ്ഥിരചരിത, മദീയ ജീവിതത്തില്‍
പ്പരമഭിവാഞ്ഛയെനിക്കുനിന്നിലല്ലോ


-38-
തരുമനുമതിതാത, നിങ്ങുകാലം-
വരുമതിനെന്നിവള്‍നാഥ, കാത്തിരുന്നേന്‍;
ഗുരുജനഭയ പഞ്ജരസ്ഥ കഷ്ടം
പരനഥ പൈങ്കിളിപോലെ ദത്തയായേന്‍


-39-
അതുവരെയഭിമാനമാര്‍ന്നു ഹാ ഞാ-
നതുല, ഭവാനൊടുതുല്യ ശീലയെന്നായ്
അഥ കരുതിയമൂല്യരത്നമേ, യീ-
ശ്ലഥമതി നിന്‍ ദയനീയ ഭൃത്യയെന്നായ്


-40-
കരുതുവതിഹ ചെയ്യവയ്യ, ചെയ്യാന്‍
വരുതി ലഭിച്ചതില്‍ നിന്നിടാ വിചാരം;
പരമഹിതമറിഞ്ഞുകൂട; യായു,
സ്ഥിരതയുമില്ലതി നിന്ദ്യമീ നരത്വം.


-41-
പരവശയിവളപ്രഗല്‍ഭയാം നാള്‍
വിരസത ചേര്‍ത്തതില്‍ വയ്ക്കൊലാ വിരോധം
വരിക, യനുഭവിക്ക, കയ്പുപോയി-
പ്പരിണതമാം ഫലമിപ്പൊഴോമനേ, നീ


-42-
ചിരതരമായി നാഥ, നിന്നില്‍ വാണെന്‍
കരളുമിയന്നു ഗുണോല്‍ക്കരംസ്ഥിരാത്മന്‍
കരുതുക, യതു മൂലമെന്നെയോര്‍ത്തീ-
ലൊരു നിമിഷാര്‍ദ്ധവുമന്യനുള്ളതായ് ഞാന്‍


-43-
മതി ഭയമഥവാ, മദുത്സുകന്‍ നീ-
യതി വിമലാശയനന്യഥാ ധരിക്കാ;
ദ്യുതിയിലിരുളെഴില്ല, രാഗഭൂവാം
മൃതിയില്‍ മലീമസശങ്കയങ്കുരിക്കാ


-44-
കുയിലിണയിലലിഞ്ഞു പാടിടുന്നു;
മയിലിത തന്‍ പിടയോടുമാടിടുന്നു
പ്രിയയെയനുനയിച്ചിടുന്നു സിംഹം
പ്രിയതമ, നീയണയാഞ്ഞു ഞാന്‍ വലഞ്ഞു


-45-
ശരി, നയനപഥത്തില്‍ നിന്നിടുന്നു-
ണ്ടൊരു നിമിഷം പിരിയാതെയെന്‍ പ്രിയന്‍ നീ
പര, മതുനിഴല്‍‌പോലെ യിന്ദ്രിയങ്ങള്‍-
ക്കരതിദ ദര്‍ശനമായി, ഞാന്‍ വലഞ്ഞു


-46-
അവഭയമഴലേറി യോമനേ! പോ-
ന്നിവിടമണഞ്ഞിവള്‍ നിന്റെ മേനി കാണ്മാന്‍
അവശത പെരുകുന്നു, നിന്നെ നീയി-
ന്നെവിടെ മറയ്പതു? നാഥ, ഞാന്‍ വലഞ്ഞു


-47-
പ്രണയ ശിഖിയില്‍ വെന്തിടുന്നിതാത്മാ-
വണയുക, തെന്നലണഞ്ഞുചമ്പകത്തില്‍;
ഘൃണ തടവുക, യെന്റെയോമനേ, പോ-
ന്നണയുക, നിന്‍ പ്രിയ, ലീല ഞാന്‍ വലഞ്ഞു


-48-
കരുണ കരുണമീവിധം പുലമ്പി-
ക്കരുമനയാലവള്‍ മൂര്‍ച്ഛയാര്‍ന്നിരുന്നാല്‍;
വിരതപവന വാപിപോലെ, വണ്ടിന്‍-
വിരുതമടങ്ങിയ ഗുല്മമെന്നപോലെ


-49-
പ്രണയനിഭൃത ചിത്തമങ്ങനങ്ങാ-
തിണകളെ നോക്കി മൃഗങ്ങളൊക്കെ നിന്നു;
ഗണമൊടു പതഗങ്ങള്‍ പാതിപാടി
ക്ഷണമറിയാതെയിരുന്നു ശാഖിതോറും


-50-
ചടുലലതകളാടിടാതെ ചാഞ്ഞാ
വിടപികള്‍ മേലനുമൂ‍ര്‍ച്ഛയാര്‍ന്നു നിന്നു
അടവിയധിക മൗനമാര്‍ന്നു മേളം
ഝടിതി നിറുത്തിയ രംഗഭൂമിപോലെ.


-51-
നിയതചരമയാന, നപ്പൊഴോജഃ
ക്ഷയദയനീയനഹസ്കരന്‍ തലോടി
സ്വയമുപചിതരാഗമാം കരത്താല്‍
പ്രിയമൊടു ഭൂമിയെ മന്ദമങ്ങുമിങ്ങും


-52-
ഹൃദയ ഹരണമാ വിലാപഗീതം
സദയത ചേര്‍ത്തിതു ചേതനത്തിനെല്ലാം
മദനനിവിടെയെത്തുകില്ലയോ? തന്‍
ഗദവുമവസ്ഥയുമോര്‍ത്തിടാതെ തന്നെ.


-53-
ഉരഗനിരകള്‍ ധൂര്‍ത്തവംശരാഗം
തിരയു; -മലിഞ്ഞുവിഡംബഗാഥ കേട്ടും
സുരരണയു;-മലം ഫലാര്‍ഹമാണീ
സരള മനോഹരമായ സത്യഗാനം.


-54-
“അഴല്‍ മതി, വനമധ്യദീപികേ, നിന്‍
നിഴലായി, നോക്കുക, പിന്നിലോമലേ നീ”
വഴിയെയിതി വിദഗ്ദ്ധ തോഴിയോതും
മൊഴിയവളംബരവാണിപോലെ കേട്ടു


-55-
ത്വരിത മുദിത ബോധയായ്ത്തിരിഞ്ഞ-
ങ്ങരികിലഹോ! സതി രൂപമൊന്നു കണ്ടാള്‍
പരവശത പിണഞ്ഞാരംഗമോടും
വിരവിലതിന്നടി കൂപ്പിനാളെണീറ്റാള്‍.


-56-
പറകില്‍ വികൃത രൂപമാമതില്‍ത്താന്‍
നിറയുമൊരമ്പൊടു ലീല കൈകള്‍ നീട്ടി
വിറയൊടുമിണ മുമ്പു വിസ്ഫുടാശം
ചിറകു വിതിര്‍ത്ത കപോതി പോലണഞ്ഞാള്‍


-57-
അവനുമവശനെങ്കിലും സ്വബോധം
വ്യവഹിതമെങ്കിലുമാഞ്ഞു നോക്കിനിന്നാള്‍
അവളെ യതി വിരൂപ, നസ്ഥിശേഷന്‍;
ധ്രുവമിഹ മാംസനിബദ്ധമല്ല രാഗം


-58-
അവയവ മിതരേതരം തലോടാ-
നവനവളൊത്തു തുനിഞ്ഞു ലാക്കു തെറ്റി,
സ്വവദനമെതിരിട്ടു ദര്‍പ്പണത്തിന്‍
സവിധമണഞ്ഞൊരു കുട്ടി പോല്‍കുഴങ്ങി


-59-
ദയയൊടവള്‍ തലോടിയുമ്മ വെച്ചാള്‍
ദയിതനെ രാഗമിരുന്ന ഹൃത്തടത്തില്‍;
നിയതമഴല്‍ പെടുന്ന നെറ്റിമേലും,
പ്രിയതമ, പൈതലെയമ്മയെന്നപോലെ


-60-
ഉടലവനിലണച്ചു ശുഷ്കമാകും
വിടപിയില്‍ മോഹനവല്ലി പോലെ നിന്നാള്‍;
തടവി വിവശമംഗ, ‘മോമനേ’, യെ-
ന്നിടറി വിളിച്ചവള്‍ കണ്ണുനീര്‍ ചൊരിഞ്ഞാള്‍


-61-
മദജനകമഭീഷ്ട രൂപവും തല്‍-
കദന വിമര്‍ദ്ദന മംഗസംഗവും ഹാ!
സദയ മധുരവാക്കുമുള്ളിലാഴും
മദനനു മോഹമകന്നപോലെ തോന്നി


-62-
പ്രിയത കര കവിഞ്ഞു പാര്‍ത്തു വീണ്ടും
പ്രിയയുടെ മോഹന മോഹനം മുഖാബ്ജം
സ്വയ മലിവൊടുമൊന്നവന്‍ മുകര്‍ന്നാന്‍
ഭയമുളവാ‍യതുപോലെ ഹാ! വെടിഞ്ഞാന്‍


-63-
ക്ഷണമവള്‍ സുഖമീലിതാക്ഷിയാമ-
പ്രണയി മറഞ്ഞതറിഞ്ഞിടാതെ നിന്നാള്‍;
അനുപദ മഥ നോക്കിനാള്‍, ശപിച്ചാ-
ളനുകനെ വിട്ടൊരുധന്യ ബാഹുബന്ധം


-64-
“പ്രിയ ഖഗ, കരമായ കൂടു ഭാഗ്യ-
ക്ഷയമതില്‍ വിട്ടു പറന്നു പോകിലാം നീ;
സ്വയ മഹഹ! ദുരന്തരാഗപാശം
പ്രിയവിടുകില്ലിവളെ”ന്നു പിന്തുടര്‍ന്നാള്‍.


-65-
ഉടല്‍ വിളറി മുഷിഞ്ഞ വസ്ത്രലേശം
തടവുമവന്‍ മഹുദൂരലക്ഷ്യനായി
ഉടനെ വലിയ കാട്ടില്‍ വന്മഴക്കാ-
റിടയിലിളം‌പാറ പോലെ ലീനനായി


-66-
തരള ഹൃദയ കഷ്ടമെത്ര ബാഢം
പരവശയാമതു കണ്ടൊരാ വരാംഗി?
തിരിയെ മദനനെന്തിനോടി? -യെന്താം
പരിണതി ഹാ! വിധി വാമ്യമെന്തു ചെയ്‌വൂ!


-67-
ഭൃശജവമവനെത്തുടര്‍ന്നു വീണ്ടും
ശശിയെയനുദ്രുതതാരപോലെ സാധ്വി;
അശരണയവളെത്തുടര്‍ന്നു താരാ-
വശഗതയാമുപതാരപോലെ തോഴി


-68-
അതിജവമോടണഞ്ഞു കണ്ടു ദൂരെ-
സ്സതി തടിനീതട ഗണ്ഡ ശൈലകൂടം;
ഗതിയില്‍ മദനനേറിടുന്നതും ചെ
ന്നതിലൊരു ധൂസര മേഘരേഖപോലെ


-69-
ഉടനെയപരിഹാര്യമാമപായം
പെറ്റുമവനെന്നവള്‍ കണ്ടു കുണ്ഠയായി;
അടികളൊരു തരിമ്പു മുമ്പു നീങ്ങാ-
തുടല്‍ മരവിച്ചഥ കണ്ണുമന്ധമായി


-70-
സമയമതിലുയര്‍ന്ന ഘോരവാരി-
ഭ്രമമൊടകാലിക വൃദ്ധി രേവയാര്‍ന്നു
ഘുമഘുമരയഘോഷമേറ്റിയാരാല്‍
യമപുരിതന്നിലടിച്ച ഭേരിപോലെ


-71-
രവി ജലധിയിലാശുമുങ്ങി, രേവാ-
സവിധവനങ്ങളില്‍ നിന്നു രശ്മി നീങ്ങി;
പവനനുമഥവിട്ടു ചമ്പകത്തെ,
ഭുവനവുമപ്പൊഴുതപ്രസന്നമായി


-72-
അഥ മദനനകുന്നു ശൂന്യമായ് തല്‍-
പഥമതുപക്ഷി വെടിഞ്ഞ ശാഖിപോലെ;
കഥയവസിതമെന്നു ബുദ്ധിയാലും
വ്യഥയെഴുമാസ്സതി കണ്ടു ശുദ്ധിയാലും


-73-
ഉടനെയഴല്‍ പൊറാഞ്ഞു വീണുരുണ്ടാള്‍;
ഝടിതിയെണീറ്റു കൃതാര്‍ത്ഥപോല്‍ ഹസിച്ചാള്‍,
ഒടുവില്‍ മദനനെത്തി നിന്ന ദിക്കി-
ന്നുടനവള്‍ നിദ്രയിലെന്നപോല്‍ നടന്നാള്‍


-74-
ജവമവിടെയണഞ്ഞു, ‘രേവ’ നീട്ടും-
ധവള തരംഗ കരങ്ങളില്‍ സതോഷം
അവളുടനെ കുതിച്ചു കൊള്ളിമീന്‍ പോ-
ലവനതയാവതു ഹന്ത! തോഴി കണ്ടാള്‍


-75-
മനമുഴറിനടുങ്ങിയാശു വീണാള്‍
പുനരിവളേറ്റു വിഷണ്ണയായി നിന്നാള്‍
അപഹൃത ധനനായ ലുബ്ധനെപ്പോ-
ലപഗതദീപനരണ്യപാന്ഥനെപ്പോല്‍


-76-
“അയിസഖി, യയി സോദരീ, യഹോ നിന്‍
ക്രിയയതി നിഷ്ഠുര”മെന്നെ നീ വെടിഞ്ഞു;
പ്രിയനെയനുഗമിച്ചു ധന്യയായ് നീ;
സ്വയമഥവാ-വിധിയിന്നു തൃപ്തനായി


-77-
എവിടമിവിടെ, മെങ്ങു വാസഭൂ, വേ-
തിവരുടെ കാംക്ഷിത, മെന്തു സംഭവിച്ചു?
അവിദിത പരിണാമമൊക്കെയോര്‍ക്കില്‍
ശിവ ശിവ! സര്‍വ്വമനാഥമീ ജഗത്തില്‍!


-78-
അനിശമവനി ഗര്‍ഭമാര്‍ന്നുദിപ്പൂ
പുനരനിശം വ്യഥയാര്‍ന്നുപോയ് ലയിപ്പൂ
അനുഗതരയമാര്‍ന്നു നില്പുരേവേ,
മനുജനുമോര്‍ക്കുകില്‍ നീയുമൊന്നുപോലെ


-79-
വിദിതമിതഥവാ ചലാചലത്വം
കദമിയന്നയി, കേഴൊലായിവണ്ണം,
നദി, -സപദി വഹിച്ചിടുന്നു നീയാ
ഹൃദയയുഗം സ്ഥിരസൗഹൃദം ഹ്രദത്തില്‍


-80-
ശരി, നിജചരിതത്താലീ ജഗല്‍ സ്വപ്നഭീതന്‍
നരനു മുഥുനമേ, ഹാ നല്‍കിയാശംസ നിങ്ങള്‍;
തിരിയെയെവിടെ നാം കാണുന്ന, തെന്‍ ധീയെയും ഹാ;
ധരയെയുമിത! തുല്യം മൂടി ഗാഢാന്ധകാരം


-81-
ആസക്താശയ കേണു മാധവി കിട-
ന്നേവം നിരാലംബയായ്
ഭൂ സംശ്ലേഷമിയന്നുറങ്ങി ശിശുപോല്‍;
ജ്രംഭിച്ചു മുന്നില്‍ തദാ
ഹാ, സിക്താംഗ, രതീവ സുന്ദരര്‍, യുവ-
സ്ത്രീ പുംസ ചിഹ്നം പരം
ഭാസിക്കും, പരിവേഷമാര്‍ന്ന വദന-
ശ്രീ പൂണ്ട രണ്ടാളുകള്‍


-82-
“ആരും തോഴിയുലകില്‍ മറയു-
ന്നില്ല; മാംസം വെടിഞ്ഞാല്‍-
ത്തീരുന്നില്ലീ പ്രണയ ജടിലം
ദേഹിതന്‍ ദേഹബന്ധം;
പോരും ഖേദം; പ്രിയസഖി, ചിരം
വാഴ്ക മാഴ്കാതെ; വീണ്ടും
ചേരും നാം കേള്‍; -വിരത ഗതിയാ-
യില്ല സംസാര ചക്രം”


-83-
ആ രാജമാനരിതു ചൊല്ലി; യുണര്‍ന്നു തൃഷ്ണ
തീരാതെ തോഴി; യവരങ്ങുടനേ മറഞ്ഞു;
പാരാകെ വീണ്ടുമവള്‍ കണ്ടു; വിളങ്ങിയേതു-
മോരാത്തപോലെ യുദയോപരി കര്‍മ്മസാക്ഷി


-84-
അഥ സകലം നിനയ്ക്കുകിലു-
മടല്‍‌വഹി, ച്ചട വീ-
പഥമവള്‍ വിട്ടു പോയി; -ജവ-
മാരുജ നീങ്ങുവതോ?
കഥയനുയാതരോടവള്‍ പറഞ്ഞു
കരഞ്ഞു പരം;
വ്യഥയൊടഹോ! മടങ്ങിയവര്‍,
തങ്ങിയൊരേടമവള്‍


-85-
ശേഷം നാള്‍ സ്വയമാ സഖീ രമണനെ-
ത്തേടുന്നൊരന്നാര്‍ന്ന തന്‍-
വേഷം സാര്‍ത്ഥകമാകുമാറുടനെ താന്‍
കൈക്കൊണ്ടു ചീരാംബരം
ദോഷ സ്പര്‍ശമെഴാത്തതാം വ്രതമെടു-
ത്തന്യാര്‍ത്ഥമായ്, ജ്ജീവിതം
തോഷം പൂണ്ടു നയിച്ചു;ലൗകികസുഖം
തുച്ഛം കൊതിച്ചീലവള്‍.

-ശുഭം-