close
Sayahna Sayahna
Search

സംസ്കൃതസാഹിത്യം (വീണ്ടും തുടർച്ച)


സംസ്കൃതസാഹിത്യം (വീണ്ടും തുടർച്ച)
Ulloor.jpeg
ഗ്രന്ഥകർത്താവ് ഉള്ളൂർ എസ് പരമേശ്വര അയ്യർ
മൂലകൃതി കേരളസാഹിത്യചരിത്രം
ഭാഗം ഒന്ന്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം സാഹിത്യചരിത്രം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ കേരള സർവ്വകലാശാല
വര്‍ഷം
1953
മാദ്ധ്യമം പ്രിന്റ്
ക്രി.പി. 1300-ആമാണ്ടു വരെ


Contents

ശക്തിഭദ്രന്‍ — ഒരൈതിഹ്യം

ഭഗവതല്‍പാദരുടെ കാലം സുമാര്‍ ക്രി.പി. ഏഴാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലായിരിക്കണമെന്നു സൂചിപ്പിച്ചുവല്ലോ. ശക്തികവിയെ അദ്ദേഹവുമായി ഘടിപ്പിക്കുന്ന ഒരൈതിഹ്യം കേരളത്തില്‍ പ്രചരിക്കുന്നുണ്ടു്. ഭഗവല്‍‌പാദര്‍ തിരുവിതാംകൂറില്‍ ദിഗ്വിജയം ചെയ്ത അവസരത്തില്‍ ചെങ്ങന്നൂരില്‍ വെച്ചു ശക്തിഭദ്രന്‍ അദ്ദേഹത്തെ സന്ദര്‍ശിക്കുകയും തന്റെ ആശ്ചര്യചൂഡാമണി എന്ന നാടകം വായിച്ചുകേള്‍പ്പിക്കുകയും ചെയ്തു. അന്നു മൗനവ്രത്തിലിരുന്ന ആചാര്യന്‍ ആ ഗ്രന്ഥത്തെപ്പറ്റി ഒരഭിപ്രായവും പറയാത്തതിനാല്‍ കവി ഭഗ്നോത്സാഹനായി അതു തീയിലിട്ടു ചുട്ടുകളഞ്ഞു. സ്വാമികള്‍ ദേശാടനം കഴിഞ്ഞു തിരിയെ ചെങ്ങന്നൂരിലെത്തി ശക്തിഭദ്രനെ വരുത്തി ʻʻനിന്റെ ʻഭുവനഭൂതിʼ എവിടെˮ എന്നു ചോദിച്ചു. ചൂഡാമണി രണ്ടാമങ്കത്തില്‍

ʻʻത്രിഭുവനരിപുരസ്യാ രാവണഃ പൂര്‍വജശ്ചേ-
ദ്സുലഭ ഇതി നൂനം വിശ്രമഃ കാര്‍മ്മുകശ്യ;
രജനിചരനിബദ്ധം പ്രായശോ വൈരമേതദ്
ഭവതു ഭുവനഭൂത്യൈ ഭൂരിരക്ഷോവധേന.ˮ

എന്നൊരു പദ്യമുണ്ടു്. അതിന്റെ സ്മരണത്തില്‍നിന്നു ജനിച്ച ആനന്ദാതിശയം നിമിത്തമാണു് അവിടുന്നു് ആ ചോദ്യം ചോദിക്കുവാനിടയായതു്. കവി കാര്യം മനസ്സിലായപ്പോള്‍ താന്‍ അതു് നശിപ്പിച്ചു എന്നു പറയുകയും ആചാര്യന്റെ മുഖത്തു നിന്നു് ആ നാടകം മുഴുവന്‍ വീണ്ടും കേട്ടു് എഴുതിയെടുത്തു ചരിതാര്‍ത്ഥനാകുകയും ചെയ്തു. ഇതാണു് ആ ഐതിഹ്യം. ഇതു് എത്രമാത്രം വിശ്വസനീയമാണെന്നു പറവാന്‍ നിവൃത്തിയില്ല. രാജശേഖരന്‍ എന്ന കേരളരാജാവിന്റെ മൂന്നു നാടകങ്ങളെപ്പറ്റിയും ഇത്തരത്തില്‍ ഒരു കഥ ശങ്കരവിജയത്തില്‍ കാണുന്നുണ്ടു്. അതുപോലെതന്നെ മേല്പാഴൂരില്ലത്തില്‍ ഭഗവല്‍പാദര്‍ പൂജിക്കുവാന്‍ കൊടുത്തിരുന്ന ബ്രഹ്മസൂത്രഭാഷ്യം മീമാംസകനായ അദ്ദേഹത്തിന്റെ മാതുലന്‍ ദഹിപ്പിച്ചു എന്നും പത്മപാദന്‍ ʻʻപുസ്തം ഗതം ബുദ്ധിരവസ്ഥിതാ മേˮ എന്നു പറഞ്ഞുകൊണ്ടു് അതു വീണൂമെഴുതിയെന്നും അതേ ഗ്രന്ഥത്തില്‍ത്തന്നെ പറയുന്നു.

പ്രാചീനത

ശക്തിഭദ്രന്‍ ഭഗവല്‍പാദരുമായി സന്ധിച്ചാലുമില്ലെങ്കിലും അക്കാലത്തു ജീവിച്ചിരുന്നിരിക്കാവുന്ന ഒരു കവി തന്നെയാണെന്നുള്ളതിനു സംശയമില്ല. ചൂഡാമണിയുടെ സ്ഥാപനയില്‍ സൂത്രധാരനും നടിയുമായി ഇങ്ങനെ ഒരു സംഭാഷണമുണ്ടു്:

ʻʻസൂത്ര:— ആര്യേ, ദക്ഷിണാപഥാദാഗതമാശ്ചര്യചൂഡാമണിം നാമ നാടകമഭിനയാമ്രേഡിതസൗഭാഗ്യമഭിലഷാമ ഇത്യാര്യമിശ്രാണം ശാസനം.

നടീ:— (ഛായ) — അത്യാഹിതം ഖല്വേതല്‍, ആകാശം പ്രസൂതേ പുഷ്പം, സികതാസ്തൈലമുല്‍പാദയന്തി, യദി ദക്ഷിണാസ്യാ ദിശ ആഗതം നാടകനിബന്ധനം.

സൂത്ര:— ആര്യേ മാ മൈവം, ഉപചിനു ഗുണം. അപഹസ്തയ ജന്മാഭിനിവേശം, പശ്യ.

ഗുണാഃ പ്രമാണം ന ദിശാം വിഭാഗോ
നിദര്‍ശനം നന്വിദമേവ തത്ര;
സ്തനദ്വയേ തേ ഹരിചന്ദനഞ്ച
ഹാരശ്ച നീഹാരമരീചിഗൗരഃ.

നടീ:— (ആത്മാനാം വിലോക്യ) യുജ്യതേ. രത്നാകരഃ ഖലു സ ദേശഃ. ആര്യ, കതമഃ പുനസ്സ കവിഃ, യ ആത്മനഃ പ്രജ്ഞാരൂപം നിബന്ധനവ്യാജേന ദേശാന്തരം പ്രേഷിതു കാമഃ?

സൂത്ര:— ആര്യേ, ശ്രുയതാം ഉന്മാദവാസവദത്താപ്രഭൃതീനാം കാവ്യാനാം കര്‍ത്തുഃ കവേശ്ശക്തിഭദ്രസ്യേദം പ്രജ്ഞാവിലസിതം.ˮ

ഇതില്‍നിന്നു ദക്ഷിണാപഥവാസികളായ പണ്ഡിതന്മാരാരും അദ്ദേഹത്തിന്റെ കാലം വരെ നാടകം നിര്‍മ്മിച്ചിരുന്നില്ലെന്നും അങ്ങനെ ഒരു സംഭവത്തെ ആകാശത്തില്‍ കുസുമോല്പത്തിപോലെയും മണല്‍ത്തരികളില്‍ തൈലപ്രവാഹം പോലെയും ആണു് ഔത്തരാഹന്മാര്‍ കരുതിയിരുന്നതെന്നും ശക്തിഭദ്രന്‍ ചൂഡാമണി രചിച്ചതിന്റെ ഉദ്ദേശങ്ങളില്‍ ഒന്നു ആ അപവാദത്തിന്റെ നിര്‍മ്മാര്‍ജ്ജനമായിരുന്നു എന്നും സ്പഷ്ടമായി കാണാവുന്നതാണു്. ചൂഡാമണി ആറാമങ്കത്തിലെ

ʻവേണീം കരേണ തവ മോക്ഷ്യതി ദേവി, ദേവഃʼ എന്നു് അവസാനിക്കുന്ന പദ്യത്തില്‍ ഭട്ടനാരായണന്റെ വേണീസംഹാരത്തിലെ ʻഉത്തംസയിഷ്യതി കചാംസ്തവ ദേവി, ഭീമഃʼ എന്നു് അവസാനിക്കുന്ന പദ്യത്തിന്റെ അനുരണനം കേള്‍ക്കാവുന്നതുകൊണ്ടു ഭട്ടനാരായണനെ അപേക്ഷിച്ചു ശക്തിഭദ്രന്‍ അര്‍വാചീനനാണെന്നു ചിലര്‍ അഭിപ്രായപ്പെടുന്നു. ഭട്ടനാരായണന്റെ കാലം ക്രി. പി. ഏഴാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധമാണു്. ക്രി. പി. പതിനഞ്ചാം ശതകത്തില്‍ ഉത്ഭവിച്ചതായി വിചാരിക്കാവുന്ന ʻനടാങ്കുശംʼ എന്ന ഗ്രന്ഥത്തില്‍ ʻʻഅസ്മാകം പ്രബന്ധകൃദപി മഹാനേവ,

യല്‍കൃതന്നാടകം ചൂഡാമണിശ്ചൂ ഡാമണിസ്സതാം
സ കൈസ്യവ ന മാന്യോയം ശക്തിഭദ്രോ മഹാവകവിഃ?

എന്നും ചൂഡാമണിപ്രഭൃതിനാടകാനാം വീരരസപ്രധാനത്വാല്‍ˮ എന്നും പ്രസ്താവിച്ചിട്ടുണ്ട്. ശക്തിഭദ്രന്റെ കാലത്തിനുമുമ്പ് ദാക്ഷിണാത്യന്മാരുടെ കൃതികളായി രണ്ടു പ്രഹസനങ്ങള്‍ മാത്രമേ കാണുന്നുള്ളു. അവയില്‍ ഒന്നു ബോധായനന്റെ ഭഗവജ്ജൂകീയവും (ഭഗവദജ്ജുകം എന്നും പറയും) മറ്റേതു മഹേന്ദ്രവിക്രമപല്ലവന്റെ മത്തവിലാസപ്രഹസനവുമാണു്, മഹേന്ദ്രവിക്രമനു മത്തവിലാസനെന്നും ബിരുദമുണ്ടായിരുന്നു. അദ്ദേഹം ക്രി. പി. 610-ല്‍ തന്റെ മാമണ്ടൂര്‍ശാസനത്തില്‍ ഭഗവദജ്ജുകീയത്തെ സ്മരിക്കുന്നു. ഭഗവദജ്ജുകീയത്തിനു ദിങ്മാത്രദര്‍ശിനി എന്ന പേരില്‍ വെള്ളാങ്ങല്ലൂര്‍ നാരായണഭട്ടതിരി എഴുതിയ ഒരു വ്യാഖ്യാനമുണ്ടു്.

ചില ചരിത്രശകലങ്ങള്‍

ശക്തിഭദ്രന്‍ കുന്നത്തൂര്‍ താലൂക്കില്‍പ്പെട്ട കൊടുമണ്‍പകുതിയില്‍ ചെന്നീര്‍ക്കരസ്വരൂപം എന്ന ബ്രാഹ്മണപ്രഭുകുടുംബത്തില്‍ ജനിച്ചു. ആ കുടുംബം ചെങ്ങന്നൂര്‍ഗ്രാമത്തില്‍പ്പെട്ടതായിരുന്നു. ശക്തിഭദ്രന്‍ എന്നതു സ്ഥാനപ്പേരാണു്. സാക്ഷാല്‍ നാമധേയം ശങ്കരനാണെന്നു ചിലര്‍ പറയുന്നു, എങ്കിലും അതിനു് അടിസ്ഥാനം ഒന്നും കണ്ടുകിട്ടീട്ടില്ല. പ്രസ്തുത കുടുംബത്തിലേക്കു തിരുവാര്‍പ്പുക്ഷേത്രത്തില്‍ സമുദായസ്ഥാനമുണ്ടായിരിന്നു. കൊല്ലം 956-ാമാണ്ടിടയ്ക്കു് ആ കുടുംബത്തില്‍ ശക്തിഭദ്രരുസാവിത്രി, ശക്തിഭദ്രരുശ്രീദേവി എന്നീ രണ്ടു് അന്തര്‍ജ്ജനങ്ങള്‍ മാത്രം ശേഷിക്കുകയും അവര്‍ 966-ല്‍ വാക്കവഞ്ഞിപ്പുഴമഠത്തില്‍നിന്നു ദത്തെടുക്കുകയും ചെയ്തു. അങ്ങനെ ആ കുടുംബവക വസ്തുക്കളും മുന്‍പറഞ്ഞ സമുദായസ്ഥാനവും വാക്കവഞ്ഞിപ്പുഴമഠത്തിലേക്കു് അടങ്ങി.

ആശ്ചര്യചൂഡാമണി

ചൂഡാമണി ഏഴങ്കത്തിലുള്ള ഏറ്റവും വിശിഷ്ടമായ ഒരു നാടകമാകുന്നു. അതിലേ (1) ʻʻകരപല്ലവമാത്രമുജ്ജിഹീതേˮ (2) ʻʻഅഭിസരണമയുക്തമങ്ഗനാനാംˮ ഈ രണ്ടു ശ്ലോകങ്ങളും ക്രി. പി. പന്ത്രണ്ടാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന കാശ്മീരകനായ വല്ലഭദേവന്റെ സുഭാഷിതാവലിയുടെ ഒരു മാതൃകയില്‍ ഉദ്ധരിച്ചുകാണുന്നു. അഭിനയത്തിനു് ഇത്ര പറ്റിയതായി സംസ്കൃതത്തില്‍ അധികം നാടകങ്ങളില്ല. രാമായണത്തിലെ ഇതിവൃത്തത്തെ ഉപജീവിച്ചു പല മഹാകവികളും നാടകങ്ങള്‍ നിബന്ധിച്ചിട്ടുണ്ടെങ്കിലും അവയില്‍ പ്രഥമസ്ഥാനത്തെ അര്‍ഹിക്കുന്നതു് — ചില അംശങ്ങളില്‍ ഉത്തരരാമചരിതത്തെ കഴിച്ചാല്‍ — ഈ നാടകം തന്നെയാണു്. ചൂഡാമണിയില്‍ ഒന്നാമത്തേ അങ്കത്തിനു പര്‍ണ്ണശാലാങ്കമെന്നും രണ്ടാമത്തേതിനു ശൂര്‍പ്പണഖങ്കമെന്നും മൂന്നാമത്തേതിനു മായാസീതങ്കമെന്നും നാലാമത്തേതിനു ജടായുവധാങ്കമെന്നും അഞ്ചാമത്തേതിനു് അശോകവനികാങ്കമെന്നും ആറാമത്തേതിനു് അങ്ഗുലീയാങ്കമെന്നും പേര്‍ പറയുന്നു. ഇവയില്‍ അശോകവനികാങ്കവും അങ്ഗുലീയാങ്കവും അതിപ്രധാനമാണു്. നാലാമങ്കത്തില്‍ നാട്യശാസ്ത്രനിബന്ധനകള്‍ക്കു വിപരീതമായി രാവണനും ജടായുവും തമ്മിലുള്ള യുദ്ധം അഭിനയിക്കേണ്ടതുണ്ടു്. ഖരദൂഷണാദിരാക്ഷസന്മാരുടെ നിഗ്രഹം കഴിഞ്ഞിട്ടു ശൂര്‍പ്പണഖ ശ്രീരാമന്റെ സന്നിധിയെ പ്രാപിക്കുന്ന ഘട്ടത്തില്‍ ഇതിവൃത്തമാരംഭിക്കുകയും അഗ്നിപ്രവേശാനന്തരം സീതാദേവിയുടെ പാതിവ്രത്യമഹിമ കണ്ടു സന്തുഷ്ടരായ ദേവന്മാരാല്‍ പ്രേഷിതനായ നാരദമഹര്‍ഷി ആ പുണ്യശ്ലോകനെ അനുഗ്രഹിക്കുന്ന ഘട്ടത്തില്‍ അവസാനിക്കുകയും ചെയ്യുന്നു. കവി മൂലകഥയില്‍നിന്നു് അവസരോചിതമായ പല വ്യതിയാനങ്ങളും സ്വീകരിച്ചിട്ടുണ്ടു്, ശ്രീരാമന്‍, സീതാദേവി, ലക്ഷ്മണന്‍, രാവണന്‍ ഈ നാലുപാത്രങ്ങള്‍ക്കും അദ്ദേഹം വരുത്തീട്ടുള്ള തന്മയത്വം അത്യത്ഭുതമായിരിക്കുന്നു. ഗദ്യവും പദ്യവും രചിക്കുന്നതിനു് അദ്ദേഹത്തിനുള്ള പാടവവും അസാധാരണം തന്നെ. നാടകനിര്‍മ്മാണവിഷയത്തില്‍ ദക്ഷിണാപഥത്തിന്റെ അഭിമാനത്തെ ആദ്യമായി വിജൃംഭണം ചെയ്യിച്ച ഈ കേരളീയന്‍ ആര്‍ക്കും ആരാധ്യനാകുന്നു. ആശ്ചര്യചൂഡാമണിക്കു ʻഭാരദ്വാജഗ്രാമവാസിʼയും ʻകൗമാരിളമതാനുഗʼനുമായ ഒരു പണ്ഡിതന്‍ വിവൃതി എന്ന പേരില്‍ സര്‍വങ്കഷമായ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്. അദ്ദേഹം ഒരു ശ്രീരാമഭക്തനാണെന്നു വ്യാഖ്യാനത്തിന്റെ ഒടുവില്‍ കാണുന്ന ഒരു ശ്ലോകത്തില്‍നിന്നു് അനുമാനിക്കാം.

ഒന്നോ അധികമോ പൂര്‍വ്വവ്യാഖ്യാതാക്കന്മാരെ വിവൃതിയില്‍ ʻകേചില്‍ʼ എന്നു നിര്‍ദ്ദേശിച്ചു സ്മരിച്ചുകാണുന്നു.

ഇതരഗ്രന്ഥങ്ങള്‍

ശക്തിഭദ്രനു ചൂഡാമണിയുടെ സ്ഥാപനയില്‍ താന്‍ ഉന്മാദവാസവദത്താപ്രഭൃതികളായ കാവ്യങ്ങളുടെ കര്‍ത്താവെന്നു നിവേദനം ചെയ്തിട്ടുള്ളതു് ഓര്‍മ്മിക്കുമല്ലോ. ചൂഡാമണി കൂടാതെ ഉന്മാദവാസവദത്ത മുതലായി മൂന്നു കാവ്യങ്ങളെങ്കിലും അദ്ദേഹം നിര്‍മ്മിച്ചിരിക്കണമെന്നു് ഇതില്‍നിന്നു് ഊഹിക്കാം. അവ ഏതെല്ലാമെന്നറിയുന്നില്ല; ഉന്മാദവാസവദത്തപോലും കണ്ടുകിട്ടീട്ടുമില്ല. ചിലര്‍ അതു വീണാവാസവദത്തമെന്ന നാടകമാണെന്നു വിചാരിക്കുന്നു. എന്നാല്‍ വീണാവാസവദത്തം ശൂദ്രകൃതമെന്നാണു് അഭിയുക്തമതം. ചൂഡാമണിയും, മഹാമഹോപാധ്യായന്‍ ഡോക്ടര്‍ ഗണപതിശാസ്ത്രി ഭാസന്റേതെന്നു പറഞ്ഞു പ്രസിദ്ധപ്പെടുത്തിയ അഭിഷേകനാടകവും പ്രതിമാനാടകവും ഒരു കവിയുടെ കൃതികളാണെന്നു സങ്കല്പിക്കുന്നവരുമുണ്ടു്. ഇതിനൊന്നും തെളിവു പര്യാപ്തമല്ല. കാവ്യങ്ങള്‍ എന്നു പ്രസ്താവിച്ചിട്ടുള്ള സ്ഥിതിക്കു് ഉന്മാദവാസവദത്താദി കൃതികള്‍ നാടകങ്ങളായിരിക്കണമെന്നു നിര്‍ബന്ധമില്ല.

വാസുദേവഭട്ടതിരി

ദേശം

കൊച്ചിയില്‍ തൃശ്ശൂരിനു സുമാര്‍ എട്ടു നാഴിക തെക്കായി സുപ്രസിദ്ധമായ പെരുവനമെന്ന മഹാക്ഷേത്രവും, അതിനു് അരനാഴിക വടക്കു മാറി തിരവളക്കാവു് (തിരവള്ളക്കാവെന്നും പറയും; സംസ്കൃതത്തില്‍ വലപുരം) എന്ന ശാസ്താവിന്റെ അമ്പലവും സ്ഥിതിചെയ്യുന്നു. അതിനു് ഒരു നാഴിക വടക്കായി പട്ടത്തു് എന്നൊരില്ലമുണ്ടു്. ആ ഇല്ലക്കാര്‍ക്കാണു് തിരവളക്കാവമ്പലത്തില്‍ ഇന്നും ശാന്തി. വാസുഭട്ടതിരി ജനിച്ചതു പ്രസ്തുതകുടുംബത്തിലാകുന്നു.

ഐതിഹ്യം

ഭട്ടതിരിയെപ്പറ്റി ആസത്യമെങ്കിലും ശ്രവണപ്രിയമായ ഒരൈതിഹ്യമുണ്ടു. ബാല്യകാലത്തില്‍ തീരെ അവ്യുല്‍പന്നനാകയാല്‍ ജനങ്ങള്‍ അദ്ദേഹത്തെ പരിഹാസമായി വാതു എന്നു വിളിച്ചുവന്നു. ശാസ്താവിനെപ്പറ്റി അദ്ദേഹത്തിനുള്ള ഭക്തി അളവറ്റതായിരുന്നു. ഒരു ദിവസം അത്താഴപൂജ കഴിഞ്ഞു മഴയുടെ ആധിക്യം നിമിത്തം ഇല്ലത്തേയ്ക്കു തിരിച്ചുപോകുവാന്‍ തരമില്ലാതെ തീര്‍ന്ന അവസരത്തില്‍ അനന്യശരണനായി അദ്ദേഹം ശാസ്താവിനോടു തന്റെ സങ്കടം നിവേദനംചെയ്തു. അപ്പോള്‍ തിടപ്പള്ളിയിലുള്ള വിറകെടുത്തു തീകായുന്നതിനും അതിന്റെ ഒരു മൂലയില്‍ ഒരു കദളിപ്പഴക്കുല വച്ചിരുന്നതെടുത്തു തിന്നുകൊള്ളുന്നതിനും നിയാഗിച്ചുകൊണ്ടു്

ഒരശരീരിവാക്കുണ്ടായി. അതനുസരിച്ചു പ്രവര്‍ത്തിച്ച നിമിഷത്തില്‍ പ്രതിഭാശാലിയായ ഒരു യമകമഹാകവിയായി അദ്ദേഹം രൂപാന്തരപ്പെട്ടു. പിറ്റേദിവസം കാലത്തു കഴകക്കാരന്‍ ʻഎന്തിനു വിറകെടുത്തു?ʼ എന്നു ചോദിച്ചതിനു ʻധാര്‍ഷ്ട്യക്കാരാ, പോടാʼ എന്നു കലിദിനസംഖ്യ യോജിപ്പിച്ചു് (ഇതേങ്ങനെ കലിദിനസംഖ്യയായി എന്നറിയുന്നില്ല) മറുപടി പറയുകയും വാരസ്യാരുടെ അതേ ചോദ്യത്തിനു ʻʻവിറ കെടുപ്പാന്‍ വിറകെടുത്തു; വിറകെടുത്തു വിറ കെടുത്തുˮ എന്നു യമകാലങ്കൃതമായ വാക്യത്തില്‍ പ്രത്യുത്തരം നല്കി ആ സ്ത്രീയെ ആത്ഭൂതപരവശയാക്കുകയും ചെയ്തു. തത്വം ധരിച്ചപ്പോള്‍ വാരസ്യാര്‍ അവിടെക്കിടന്ന പഴത്തൊലി എടുത്തു തിന്നുകയും തന്നിമിത്തം അവര്‍ക്കും കുറേ താണ രീതിയില്‍ കവനം ചെയ്യുന്നതിനു പാടവം സിദ്ധിക്കുകയും ചെയ്തു. അനന്തരമാണു് ഭട്ടതിരി യുധിഷ്ഠിരവിജയാദി കാവ്യങ്ങള്‍ രചിക്കുവാന്‍ ആരംഭിച്ചതു്. ഇപ്രകാരമാകുന്നു ആ ഐതിഹ്യത്തിന്റെ ഗതി.

ആത്മകഥാകഥനം; യുധിഷ്ഠിരവിജയം

ഭട്ടതിരി സ്വകൃതികളില്‍ തന്നെപ്പറ്റി ചിലതെല്ലാം പ്രസ്താവിച്ചിട്ടുണ്ട്. ആ പ്രസ്താവനകളെ ആദ്യമായി ഉദ്ധരിച്ചുകൊള്ളട്ടെ. യുധിഷ്ഠിരവിജയത്തില്‍ കവി ഇങ്ങനെ പറയുന്നു:

ʻʻഅസ്തി സഗജരാജഗതീ രാജവരോ, യേന ഗതശുഗജരാ ജഗതീ;
ഭീഷണമധികം കവയഃ സ്തുവന്തി ജന്യം യദീയമധികങ്കവയഃ.
തരവോ ഭൂരിച്ഛായാസ്സമാനഫലദായിനീ ച ഭൂരിച്ഛായാഃ;
സവിനയശോഭാ ജനതാ യദ്രാജ്യേ; യസ്യ ഭൂവി യശോഭാജനതാ.
തസ്യ ച വസുധാമവതഃ കാലേ കുലശേഖരസ്യ വസുധാമവതഃ
വേദാനാമധ്യായീ ഭാരതഗുരുരഭവദാദ്യനാമധ്യായീ.

യം പ്രാപ രമാചാര്യം ദേവീ ച ഗിരാം പുരാണപരമാചാര്യം;
യമശുഭസന്തോദാന്തം പരമേശ്വരമുപദിശന്തി സന്തോ ദാന്തം.
ജ്ഞാനസമഗ്രാമേയം നിവസന്തം വിപ്രസത്തമഗ്രാമേ യം,
തിലകം ഭൂമാവാരഹുര്യസ്യാര്‍ത്ഥിഷു ദത്തഭൂതിഭൂമാ വാഹുഃ
സമജനി കശ്ചിത്തസ്യപ്രവണഃ ശിഷ്യോ നുവര്‍ത്തകശ്ചിത്തസ്യ
കാവ്യാനാമാലോകേ പടുമനസോ വാസുദേവനാമാ ലോകേ.
കീര്‍ത്തിമദഭ്രാന്തേന സ്മരതാ ഭാരതസുധാമദഭ്രാന്തേന
ജഗദപഹാസായ മിതാ പാര്‍ത്ഥകഥാ, കല്മഷാപഹാ സാ യമിതാ.ˮ

ʻʻഗജരാജഗതിയും രണശൂരനും പ്രജാക്ഷേമൈകദീക്ഷിതനുമായ ʻകുലശേഖരന്‍ʼ എന്ന മഹാരാജാവു രാജ്യപരിപാലനം ചെയ്യുന്ന കാലത്തു്, വേദാധ്യായിയും ഭഗവദ്ഭക്തനുമായി ʻഭാരതഗുരുʼ എന്നൊരു പണ്ഡിതന്‍ ജീവിച്ചിരുന്നു. പുരാണ പരാമാചാര്യനായ അദ്ദേഹത്തെ ലക്ഷ്മിയും സരസ്വതിയും ഒന്നുപോലെ അനുഗ്രഹിച്ചു. അശുഭവ്യഥയെ ഭഞ്ജിക്കുന്ന ആ ദാന്തനെ സത്തുക്കള്‍ ʻʻപരമാശ്വരന്‍ˮ എന്നു വിളിച്ചുവന്നു. വിപ്രസത്തന്മാരുടെ ഗ്രാമത്തില്‍ നിവസിക്കുന്ന ജ്ഞാനസമഗ്രനും അമേയനുമായ അദ്ദേഹത്തെ ജനങ്ങള്‍ ഭൂമിയുടെ തിലകമെന്നും പറഞ്ഞുവന്നു. അദ്ദേഹത്തിന്റെ വാഹു (ബാഹു) അര്‍ത്ഥികള്‍ക്കു ധാരാളം ധനം വിതരണം ചെയ്തുവന്നു. കാവ്യാവഗാഹത്തില്‍ പ്രഗല്‍ഭമാനസനായ ആ ഗുരുവിന്റെ ഹിതാനുവര്‍ത്തിയും പ്രവണനുമായ ശിഷ്യനായി വാസുദേവനെന്നു പേരോടു കൂടിയ ഒരാളും അക്കാലത്തു ജിവിച്ചിരുന്നു. ഭാരതസുധ ആസ്വദിച്ചു മദഭ്രാന്തനായിത്തീര്‍ന്ന ആ വാസുദേവന്‍ വലുതായ കീര്‍ത്തിയില്‍ ആഗ്രത്തോടുകൂടി പാവനമായ പാര്‍ത്ഥകഥ സംക്ഷിപ്തമായി, ലോകോപഹാസത്തിനു പാത്രമാകത്തക്കവിധത്തില്‍, യമകകാവ്യമായി നിബന്ധിച്ചു.ˮ ഇതില്‍നിന്നു യുധിഷ്ഠിരവിജയകര്‍ത്താവായ വാസുദേവകവി കുലശേഖരന്റെ രാജ്യഭാരകാലത്തു ഭാരതഗുരുവിന്റെ ശിഷ്യനായി ജിവിച്ചിരുന്നു എന്നു വെളിവാകുന്നു. പ്രസ്തുത കാവ്യത്തിന്റെ അപ്രകാശിതമായ ഒരു പഴയ ഭാഷാവ്യാഖ്യാനത്തില്‍ ʻʻകുലശേഖരന്‍, കുലശേഖരചക്രവര്‍ത്തി, ഭാരതഗുരു ഭാരതഭട്ടന്‍ˮ എന്നും, ഒരു സംസ്കൃതവ്യാഖ്യയില്‍ ʻʻഭാരതഗുരുഃ ഭാരതാര്‍ത്ഥോപദേഷ്ടാˮ എന്നും കാണുന്നതുകൊണ്ടു ഭാരതഗുരു എന്ന പേര്‍ മഹാഭാരതത്തിന്റെ അര്‍‌ത്ഥപ്രവചനത്തിലുള്ള പ്രാവീണ്യം നിമിത്തം അദ്ദേഹത്തിനു ലഭിച്ച ബിരുദപ്പോരാണെന്നും, യഥാര്‍ത്ഥനാമധേയം പരമേശ്വരനെന്നായിരിക്കണമെന്നും ഊഹിക്കാം. കേരളോല്‍പത്തിയില്‍ കുലശേഖരന്‍ എന്ന പതിനേഴാമത്തെ പെരുമാള്‍ കേരളം രക്ഷിച്ചപ്പോള്‍ ʻʻമഹാഭാരതഭട്ടതിരിയും വാസുദേവഭട്ടതിരിയും പെരുമാളെക്കണ്ടു വന്ദിച്ചു പെരുമാള്‍ക്കു് അനുഗ്രഹവും കൊടുത്തുˮ എന്നു പറഞ്ഞിരിക്കുന്നു.

ത്രിപുരദഹനം

വാസുദേവഭട്ടതിരിയുടെ ത്രിപുരദഹനം എന്ന യമകകാവ്യത്തില്‍ താഴെ കൊടുക്കുന്ന ശ്ലോകങ്ങല്‍ കാണുന്നുണ്ടു്.

ʻʻഅസ്തി സ കവിലോകനതഃ ക്ഷിതിഭൃ, ദരിര്യസ്യ സൈനികവിലോകനതഃ
ബഹുവിപദി ക്ഷുദ്രവതി ക്ഷ്മാഭൃതി കര്‍വന്‍ പദാനിദിക്ഷു ദ്രവതി.
സാധൂനാം പാതാ യഃ സ്ഥിരവ്രതോ യശ്ച പാപിനാം പാതായഃ
യസ്മാദുര്‍വ്യാപാരം പ്രീതിം യസ്യാമലം വിദുര്‍വ്യാപാരം.

സ്വപദപയോജനതേയം സദൈവ സമ്പാദകം ശ്രിയോജനതേയം
ഭൂതികരം വ്യാലപതി സ്ഫുരല്‍കരം രാജശേഖരം വ്യാലപതി
രാമസമത്വാദേവ ശ്രുത്വാ രാമാഖ്യമകൃത മത്വാ ദേവഃ
യം സ ച രക്ഷോപായം ചക്രേ സ്യ ച കര്‍മ്മജനിതരക്ഷോപായം.
നിജയാ തന്വാ നേത്രപ്രമോദനം പ്രാണിനാം വിതന്വാനേത്ര
മതിബലമാസാദ്യ മിതം പുരദഹനം രവിഭൂവാസമാസാദ്യമിതംˮ

ഈ പദ്യങ്ങളില്‍നിന്നു ʻരവിഭൂʼ അതായതു രവിയുടെ പുത്രനായ ഒരു കവി, കവികള്‍ക്കു് ആരാധ്യനും രാജശേഖരനെന്ന ബിരുദത്താല്‍ അലംകൃതനുമായ രാമനെന്നു തിരുനാമമുള്ള ഒരു മഹാരാജാവിന്റെ കാലത്താണു് ത്രിപുരദഹനം രചിച്ചതെന്നു വിശദമാകുന്നു. ഈ ʻʻരവിപ്രഭൂˮ വാസുഭട്ടതിരിതന്നെയാണെന്നു ത്രിപുരദഹനത്തിനു് ʻഅര്‍ത്ഥപ്രകാശികʼ എന്ന വൃത്തി നിര്‍മ്മിച്ച മൂക്കോലക്കാരനായ നീലകണ്ഠന്‍നമ്പൂരി

ʻʻത്രിപുരദഹനസംജ്ഞം കാവ്യമേതദ്വിധാതും
കവിരഥ രവിസൂനുര്‍വ്വാസുദേവാഭിധാനഃ
നിരുപമചരിതേന സ്വച്ഛമീശാനസംജ്ഞം
നതജനഹിതദം തം സ്തൗതി വിഘ്നാതിഭീതഃˮ

എന്നു പ്രസ്താവിച്ചിട്ടുള്ളതില്‍നിന്നു മനസ്സിലാക്കാം.

ശൌരികഥ

ഭട്ടതിരിയുടെ മറ്റൊരു യമകകാവ്യമായ ശൌരികഥോദയത്തില്‍ (ശൌരികഥയെന്നും പറയും)

ʻʻജയതി സുധാമാരാമഃ ക്ഷിതിപാലഃ കാവ്യവീരുധാമാരാമഃ
ദധദിഭമസ്തകലീലാമംസേന ബിഭര്‍ത്തി യോ യമസ്തകലീലാം.ˮ

എന്നു കാണുന്നതില്‍നിന്നു് ആ കാവ്യവും രാമവര്‍മ്മമഹാരാജാവു രാജ്യഭാരം ചെയ്ത കാലത്തു രചിച്ചതാണെന്നു സിദ്ധിക്കുന്നു. ശൌരികഥയില്‍ കവി ഹരിവംശത്തെയാണ് ഉപജീവിക്കുന്നതു്.

കാലം

യുധിഷ്ഠിരവിജയത്തിനു രാഘവവാരിയരുടെ ʻപദാര്‍ത്ഥചിന്തനംʼ എന്ന വിശ്വോത്തരമായ ഒരു വ്യാഖ്യാനം ഉണ്ടു്. അതില്‍ ʻകുലശേഖരസ്യ=കുലശേഖരനാമ്നഃ കുലാലങ്കാരോയം ഭാവീതി വിചാര്യ ഗുരുഭിസ്തഥാ കൃതനാമധേയസ്യ പട്ടബന്ധ ഇത്യര്‍ത്ഥാദ് ഭവതി, പ്രാഗ് രാമവര്‍മ്മനാമത്വാല്‍ʼ എന്നു ʻകാലേ കുലശേഖരസ്യʼ എന്ന ഭാഗത്തിനു് അര്‍ത്ഥവിവരണം ചെയ്യുമ്പോള്‍ പ്രസ്താവിച്ചുകാണുന്നു. മറ്റൊരു വ്യാഖ്യാതാവായ അച്യുതന്റെ വിജയദര്‍ശികയിലും ʻʻകുലശേഖര ഇത്യഭിഷേകകൃതം നാമ; പിത്രാദികൃതം തു രാമവര്‍മ്മേതിˮ എന്നു പ്രസ്താവിച്ചിരിക്കുന്നു. അതുകൊണ്ടു കുലശേഖരനും രാമനും രണ്ടു ഭിന്നന്മാരായ രാജാക്കന്മാരെന്നു സങ്കല്പിക്കേണ്ട ആവശ്യമില്ല. എല്ലാ കേരളചക്രവ‌ര്‍ത്തിമാര്‍ക്കും സുമാര്‍ ക്രി.പി. എട്ടാംശതകം മുതല്‍ക്കു തളിയാതിരിമാര്‍ കുലശേഖരനെന്ന നാമം അഭിഷേകാവസരത്തില്‍ നല്കിയിരുന്നതായി അറിയുന്നു. കുലശേഖര ആഴ്വാരുടെ സുഹൃത്തും മഹാവിദ്വാനുമായി രവി എന്നൊരു നമ്പൂരി ഉണ്ടായിരുന്നതായി മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആ രവിയുടെ പുത്രനാണു് വാസുഭട്ടതിരി എന്നു് ഊഹിക്കുന്നതില്‍ അസാങ്ഗത്യമില്ല. അപ്പോള്‍ ആഴ്വാര്‍ തന്നെയാണു് ഭട്ടതിരിയുടേയും പുരസ്കര്‍ത്താവു് എന്നു വന്നുകൂടുന്നു. അഴ്വാര്‍ക്കു രാജശേഖരനെന്നും ഒരു ബിരുദമുണ്ടായിരുന്നതായി ഊഹിക്കുവാന്‍ ത്രിപുരദഹനം വഴികാണിക്കുന്നു.

വാസുദേവവിജയം

യുധിഷ്ഠിരവിജയത്തില്‍ എട്ടും ത്രീപുരദഹനത്തില്‍ മൂന്നും ശൌരികഥയില്‍ മൂന്നും ആശ്വാസങ്ങള്‍ അടങ്ങിയിരിക്കുന്നു. മൂന്നും അതിവിശിഷ്ടങ്ങളായ കാവ്യങ്ങളാണെങ്കിലും അവയില്‍ അഭ്യര്‍ഹിതത്വം യുധിഷ്ഠിരവിജയത്തിനു് തന്നെയാണു്. ഇവകൂടാതെ പാണിനിസൂത്രങ്ങള്‍ക്കു് ഉദാഹരണങ്ങള്‍ കാണിച്ചുകൊണ്ടു് വാസുദേവവിജയം എന്നൊരു ശാസ്ത്രകാവ്യവും ഭട്ടതിരി നിര്‍മ്മിച്ചിട്ടുണ്ടു്. വാസുദേവവിജയം അഞ്ചു സര്‍ഗ്ഗമുള്ളതില്‍ മൂന്നു സര്‍ഗ്ഗമേ കാവ്യമാലയില്‍ പ്രസിദ്ധപ്പെടുത്തീട്ടുള്ളു. അഞ്ചാം സര്‍ഗ്ഗത്തിന്റെ ഒടുവിലത്തെ ശ്ലോകമാകുന്നു താഴെ ഉദ്ധരിക്കുന്നതു്.

ʻʻസന്ധ്യാപയോദരുചിലോഹിതകേ പ്രവീച്യാഃ
പ്രാച്യാ മുഖേവ തമസോദയകാളകേ ച
കല്യാണവേണുദലശൃംഗഗളന്നിനാദൈര്‍-
ഗ്ഗോഷ്ഠം വിഭുര്‍വ്വിവിശിവാന്‍ സഗണഃ പുരാവല്‍ˮ

ʻʻഏതദ്ഗ്രന്ഥരചനേനാസ്യ മഹാവൈയാകരണത്വം പ്രതിയതേˮ എന്നു കാവ്യമാലാപ്രസാധകനായ പണ്ഡിത ശിവദത്തന്‍ പ്രസ്തുത കാവ്യത്തിന്റെ മഹിമയെ പ്രശംസിച്ചിരിക്കുന്നു. ദുരവഗാഹമായ ആ കൃതിക്കു ഗ്രന്ഥകാരന്‍തന്നെ

ʻʻകാവ്യം മയാ വാസുദേവവിജയാഖ്യമകാരി യല്‍
വ്യാഖ്യാപി തസ്യ തന്വീയം ക്രിയതേ പദചന്ദ്രികാ.ˮ

എന്ന പദ്യത്തില്‍ പ്രതിജ്ഞ ചെയ്യുന്നതുപോലെ ʻപദചന്ദ്രികാʼ എന്നൊരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അക്രൂരാഗമനത്തിനു

മുമ്പുള്ള ദശമസ്കന്ധകഥയാണു് അതിലെ പ്രതിപാദ്യവിഷയം. ധാതുപ്രകരണം അദ്ദേഹം സ്പര്‍ശിക്കാത്തതിനാല്‍ പിന്‍കാലത്തു മേല്പത്തൂര്‍ നാരായണഭട്ടതിരി അക്രൂരാഗമനം മുതല്‍ കംസവധം വരെയുള്ള ഇതിവൃത്തത്തെ വിഷയീകരിച്ചു ധാതുകാവ്യം എന്നൊരു ഗ്രന്ഥം നിര്‍മ്മിക്കുകയുണ്ടായി. അതില്‍

ʻʻഉദാഹൃതം പാണിനിസൂത്രമണ്ഡലം
പ്രാഗ്വാസുദേവന; തദൂര്‍ധ്വാതോ പരഃ
ഉദാഹരത്യദ്യ വൃകോദരോദിതാന്‍
ധാരൂന്‍ ക്രമേണൈവ ഹി മാധവാശ്രയാല്‍.ˮ

എന്നു പറഞ്ഞിരിക്കുന്നു. പ്രസ്തുതകാവ്യത്തിനു് ആ കവിചക്രവര്‍ത്തിയുടെ ശിഷ്യന്മാര്‍ രചിച്ചിട്ടുള്ള വ്യാഖ്യാനത്തില്‍ ʻʻവാസുദേവോ നാമ കേരളേഷു പുരുവനജന്മാര്‍ കഞ്ചിദ്വിജന്മാˮ എന്നു സ്പഷ്ടമായി വാസുദേവവിജയകാരന്റെ ജനനസ്ഥലത്തെപ്പറ്റി പറഞ്ഞിട്ടുണ്ടു്.

ഗജേന്ദ്രമോക്ഷം

ഗജേന്ദ്രമോക്ഷം എന്ന കാവ്യത്തില്‍ നിന്നുദ്ധരിക്കുന്നവയാണു് താഴെ കാണുന്ന ശ്ലോകങ്ങള്‍:

ʻʻകലായണം കരുതാദ്വോ ഭൂതാനാമധിപതിസ്സ കരുണാബ്ധിഃ:
രക്ഷാര്‍ത്ഥം സുജനാനാം സന്നിദധത് പുരവനേ രമ്യേ.
ശക്ത്യോഭയരൂപസ്സന്‍ യം കില നാഥസ്സ ഭുവനചക്രസ്യ
ചക്രിണി മാതരി ജനയാംബഭൂവ ജഗദവനജനിതരസം
യസ്യ ച ഭാജകരൂപപ്രസാദതോ വിശ്വവിതതവിമലയശാഃ
രചയാമാസ സുമേധാഃ കഥാസുധാം വാസുദേവകവിഃ.

* * *


ഭക്ത്യാ പ്രണമ്യ ദേവം ഹരിം ഗുരും ശ്രീഗുരുപ്രസാദേന
വൃത്തൈര്‍ഗ്ഗജേന്ദ്രമോക്ഷം ബ്രൂ മസ്തം ശൃണുത വൃത്തജ്ഞാഃˮ

ഒടുവില്‍

ʻʻവൃത്തരത്നാകരപ്രോക്തവൃത്തലക്ഷ്യതയാ ക്രമാല്‍
ഗജേന്ദ്രമോക്ഷസ്സന്ദൃബ്ധോ വാസുദേവേന സാദരംˮ

എന്നും ഒരു ശ്ലോകമുണ്ടു്. ഈ ശ്ലോകങ്ങള്‍ വൃത്തരത്നാകരത്തെ അനുസരിച്ചുള്ള ഒരു വൃത്തശാസ്ത്രഗ്രന്ഥമാണു് ഗജേന്ദ്രമോക്ഷമെന്നും അതിന്റെ പ്രണേതാവു് ഒരു വാസുദേവകവിയാണെന്നും നമ്മെ ധരിപ്പിക്കുന്നു. തിരുവളക്കാവിലെ ശാസ്താവിനെ ആരംഭത്തില്‍ സ്തുതിക്കുന്നു എന്നുമാത്രമല്ല ആ ദേവന്റെ പ്രസാദംകൊണ്ടാണു് വാസുദേവഭട്ടതിരി യമകകാവ്യം രചിച്ചതെന്നും പറയുന്നു. എന്നാല്‍ അദ്ദേഹം ʻവിതതവിമുലയശാഃʼ എന്നും ʻസുമേധാഃʼ എന്നും ആത്മപ്രശംസ ചെയ്യുമെന്നു കരുതാവുന്നതല്ല; എന്നുമാത്രമല്ല വൃത്തരത്നാകരത്തിന്റെ ആവിര്‍ഭാവം ഭട്ടതിരിയുടെ കാലത്തിനു പിന്നീടാണെന്നുള്ളതും നിര്‍വിവാദമാണു്. അതുകൊണ്ടു് പെരുവനത്തെ പശ്ചാല്‍കാലികനായ ഒരു വാസുദേവനാണു് ഗജേന്ദമോക്ഷകാരന്‍ എന്നാണു എനിക്കു തോന്നുത്തതു്. കവിത യമകാലങ്കൃതമല്ല.

നാളോദയം

യുധിഷ്ഠിരവിജയം മുതലായ മൂന്നു യമകകാവ്യങ്ങളിലും കവി ഈരണ്ടു പാദങ്ങളില്‍ മാത്രമേ യമകം ദീക്ഷിച്ചിട്ടുള്ളു. നളോദയം നാലാശ്വാസത്തിലുള്ള ഒരു കാവ്യമാണു്. അതില്‍ നാലു പാദങ്ങളിലും യമകദീക്ഷയുണ്ടു്. അതിന്റെ കര്‍ത്തൃത്വം വളരെക്കാലം പണ്ഡിതന്മാര്‍ കാളിദാസനില്‍ ആരോപിച്ചിരുന്നു, ʻരഘുവംശംʼ ഒന്‍പതാം സര്‍ഗ്ഗം ʻദ്രുതവിളംബിതʼവൃത്തത്തില്‍ രചിതമായിട്ടുകൂടിയും അതില്‍ മനസ്സില്ലാമനസ്സോടുകൂടി മാത്രം യമകനിബന്ധം ചെയ്ത ആ മഹാകവിമൂര്‍ദ്ധന്യനായിരിക്കുകയില്ല യമകജടിലതയ്ക്കു പരമോദാഹരണമായ നളോദയത്തിന്റെ പ്രണേതാവെന്നു് ഊഹിക്കുവാന്‍ വൈഷ്യമ്യമില്ലല്ലോ. പ്രസ്തുതകാവ്യത്തെ വാസുദേവഭട്ടതിരിയുമായി ഘടിപ്പിക്കത്തക്ക നിലയില്‍ ഈയിടയ്ക്കു ചില രേഖകള്‍ കിട്ടീട്ടുണ്ടു്. തഞ്ചാവൂര്‍ സരസ്വതീമഹലിലുള്ള നളോദയത്തിന്റെ ഒരു കൈയെഴുത്തുപ്രതിയില്‍ ʻʻഇതി ശ്രീകവിചക്രചൂഡാമണി ഭട്ടനാരായണസുതരവിദേവ വിരചിതേ നളോദയനാമനി മഹാകാവ്യേˮ എന്നു കാണുന്നു. രാമര്‍ഷി എന്ന പണ്ഡിതന്‍ ക്രി.പി. 1600-ല്‍ രചിച്ചിട്ടുള്ള യമകബോധിനി എന്ന വ്യാഖ്യാനത്തിലും രവിദേവകൃതി എന്നുതന്നെയാണു പറയുന്നതു്. പോരാത്തതിനു ശങ്കരവാരിയരുടെ അനന്തരവനും പദാര്‍ത്ഥചിന്തനകാരന്റെ ഗുരുവുമായ ശ്രീകണ്ഠവാരിയരുടെ രഘൂദയമെന്ന യമകകാവ്യത്തില്‍

ʻʻവ്യവഹാരവിദേവായന്ന്യഞ്ചോത്ര പദൈ സദബ്ജരവിദേവായ
തത്സാരവിദേവായന്ന്യായേ യമകേ നമോസ്തു രവിദേവായˮ

എന്നു താന്‍ മാതൃകയായി സ്വീകരിക്കുന്ന നളോദയത്തിന്റെ കര്‍ത്താവിനെ രവിദേവനെന്ന പേരില്‍ വന്ദിച്ചിരിക്കുന്നതു കൊണ്ടു് ക്രി.പി. പതിനഞ്ചാം ശതകത്തില്‍ കേരളീയര്‍ രവി ദേവനാണു് ആ കാവ്യത്തിന്റെ പ്രണേതാവെന്നു ഗണിച്ചിരുന്നതായി വിചാരിക്കേണ്ടിയിരിക്കുന്നു. രവിദേവന്‍ എന്നാല്‍ രവിയുടെ പുത്രനായ വാസുദേവന്‍ എന്നു് അര്‍ത്ഥം കല്പിക്കണം. അദ്ദേഹത്തിന്റെ പിതാവു ഭട്ടനാരായണനായിരുന്നു എന്നു് തഞ്ചാവൂരിലെ ആദര്‍ശഗ്രന്ഥത്തില്‍ കാണുന്നതു നിര്‍മ്മൂലമാണു്.

അഥവാ ഭട്ടനാരായണന്‍ രവിയുടെ പിതാവാണെന്നു വരാന്‍ പാടില്ലായ്കയില്ല. നളോദയത്തിനു കേരളീയനായ വിഷ്ണു എന്നൊരു പണ്ഡിതന്റെ വ്യാഖ്യാനമുണ്ടു്. അതില്‍ ഇതിനളോദയേ വാസുദേവകൃതേ ചതുര്‍ത്ഥഃ പരിച്ഛേദഃʼ എന്ന കുറിപ്പിനു പുറമേ മൂലത്തിന്റെ രീതി പിടിച്ചു വ്യാഖ്യാതാവു്—,

ʻʻരവിതനുഭൂയമിതായാഃ കൃതേര്‍ഗ്ഗതിശ്ശബ്ദചിത്രഭൂയമിതായാഃ
ജനഹാസായ മിതായാ ധിയശ്ച വിവൃതാ മയാധുനാ യമിതായാഃˮ

എന്നൊരു ശ്ലോകം കാണുന്നു. ഇനിയും തിരുവനന്തപുരം വലിയ കൊട്ടാരം ഗ്രന്ഥപ്പുരയില്‍ സൂക്ഷിച്ചിട്ടുള്ള നളോദയത്തിന്റെ ഒരു താളിയോലപ്രതിയില്‍

ʻʻഅസ്തി സ രാജാ നീതേ രാമാഖ്യോ യോ ഗതിഃ പരാജാനീതേ
യസ്യ രരാജാനീതേ രത്നാനി ജനഃ കുലേധരാജാനീതേ.

* * * *

അവിദൂരാജാദിത്യാ കൃതാല്പഭേദൈവ ഭ്രസ്സരാജാദിത്യാ
യേന സ രാജാദിത്യാ ത്രിദിവാല്‍ സംയുക്തശത്രുരാജാദിത്യാˮ

എന്നും മറ്റും ചില ശ്ലോകങ്ങള്‍ ഉണ്ടു്. അവ വിശ്വസിക്കാമെങ്കില്‍ നളോദയത്തിന്റെ കര്‍ത്താവും വാസുഭട്ടതിരിതന്നെയാണെന്നും അദ്ദേഹം രാമനെന്നും രാജാദിത്യനെന്നുംപേരുള്ള ഒരു മഹരാജാവിന്റെ ആശ്രിതനായിരുന്നു എന്നും സിദ്ധിക്കുന്നു. ʻരാജാദിത്യ ഇത്യമുഷ്യൈവാഭിഷേകപ്രയുക്തം നാമʼ എന്നു വിഷ്ണു പറയുന്നു. വിഷ്ണുവിന്റെ കാലമേതെന്നറിയുന്നില്ല. അദ്ദേഹം പ്രാചീനനായ ഒരു വ്യാഖ്യാതാവാണെന്നു മാത്രം ഊഹിക്കുവാന്‍ മാര്‍ഗ്ഗമുണ്ടു്. കൊല്ലം ഒന്‍പതാം ശതകത്തില്‍ ശ്രീകണ്ഠന്‍ എന്ന പേരില്‍ ദേശമങ്ഗലത്തു വാരിയത്തു പിതാവും പുത്രനുമായി രണ്ടു പണ്ഡിതവര്യന്മാര്‍ താമസിച്ചിരുന്നു. അവരില്‍ രണ്ടാമത്തെ ശ്രീകണ്ഠന്‍ നളോദയത്തിനു കവിഹൃദയദര്‍പ്പണം എന്നൊരു വ്യാഖ്യാനം രചിച്ചിട്ടുണ്ടു്. അതിന്റെ ആരംഭത്തില്‍ അദ്ദേഹം

ʻʻഅഭിവന്ദ്യ പരാം വാണീമമലേ ചരണേ ഗുരോഃ
കാവ്യം നളോദയം നാമ വ്യാകരോമി യഥാശ്രുതംˮ

എന്നു പ്രതിജ്ഞചെയ്തു. തദനന്തരം ʻʻശ്രീമാന്‍ മഹാകവിമഹേശ്വരോ വാസുദേവനാമാ വാസുദേവാനുസ്മരണപൂര്‍വ്വകം പ്രണിനീഷിതപ്രബന്ധപ്രതിബന്ധകൃന്തനായ...ˮ എന്നിങ്ങനെ മംഗലാചരണോദ്ദേശം വിവരിക്കുന്നു. ഒടുവില്‍ ʻʻഇതി ശ്രീകണ്ഠാചാര്യപുത്രേണ ശ്രീകണ്ഠേന കൃതേ നളോദയവ്യാഖ്യാനേ കവിഹൃദയദര്‍പ്പണാഖ്യേ ചതുര്‍ത്ഥ ആശ്വാസഃ വാസുദേവായ മഹാകവയേ കാവ്യനിര്‍മ്മാത്രേ നമോ നമഃˮ എന്ന കുറിപ്പിനു പുറമേ

ʻʻനളോദയാഹ്വയസ്യാസ്യ വ്യാഖ്യാ കാവ്യസ്യ നിര്‍മ്മിതാ
ശ്രീകണ്ഠാചാര്യപുത്രേണ ശ്രീകണ്ഠേന മനീഷിണാˮ

എന്നൊരു കുറിപ്പും ചേര്‍ത്തിട്ടുണ്ട്. ഇതില്‍നിന്നെല്ലാം കേരളീയരുടെ ഇടയിലുള്ള അനുസ്യൂതമായി ഐതിഹ്യം നളോദയം വാസുദേവകൃതമെന്നാണെന്നു സിദ്ധിക്കുന്നു. അതിനെ പശ്ചാല്‍കരിക്കത്തക്ക യാതൊരു തെളിവും ഇതുവരെ കണ്ടുകിട്ടീട്ടുമില്ല.

അര്‍ജ്ജുനരാവണീയവ്യാഖ്യയും മറ്റും

ഭട്ടികാവ്യത്തെ അനുകരിച്ചു വാസുദേവവിജയത്തെപ്പോലെ രചിച്ചിട്ടുള്ള പ്രസിദ്ധമായ ഭട്ടഭൗമന്റെ 17 സര്‍ഗ്ഗത്തിലുള്ള അര്‍ജ്ജൂനരാവണീയമഹാകാവ്യം ഒരു വാസുദേവന്‍ വ്യാഖ്യാനിച്ചിട്ടുണ്ടെന്നുള്ളതിനു്

ʻʻവാസുദേവൈകമനസാ വാസുദേവേന നിര്‍മ്മിതാം
വാസുദേവീയടീകാം താം വാസുദേവോനുമോദതാം,ˮ

എന്നു് ആ വ്യാഖ്യാനത്തില്‍ കാണുന്ന ശ്ലോകം ജ്ഞാപകമാണു്. എന്നാല്‍ വാസുദേവഭട്ടതിരിയാണു് ആ വാസുദേവന്‍ എന്നു പറയുന്നതു നിര്‍മ്മൂലമാകുന്നു. കൃഷ്ണന്‍ എന്നൊരു പണ്ഡിതനാണു് വ്യാഖ്യാതാവിന്റെ ഗുരു. ഭട്ടഭൗമന്‍ വളഭി (ഗുര്‍ജ്ജര)വാസ്തവ്യനുമാണു്. ഈ വളഭി ചിലര്‍ ഭൂമിക്കുന്നതുപോലെ വളര്‍പട്ടണമല്ല. പുരുവനവാസുദേവനും വേദാരണ്യവാസുദേവനും ഒന്നാണെന്നു ചിലര്‍ വിചാരിക്കുന്നതും പ്രമാദംതന്നെ. വേദാരണ്യവാസുദേവനെപറ്റി യഥാവസരം പ്രസ്താവിക്കും.

വ്യാഖ്യാനങ്ങള്‍

യമകപ്രപഞ്ചത്തിന്റെ പിതാമഹന്‍ വാസുഭട്ടതിരിതന്നെയാണെന്നുള്ളതു കേരളീയര്‍ക്കു തുലോം അഭിമാനഹേതുകമാകുന്നു. ʻവ്യാഖ്യാഗമ്യമിദം കാവ്യമുത്സവസ്സുധിയാമലംʼ എന്നു ഭട്ടികാവ്യത്തില്‍ പറഞ്ഞിട്ടുള്ളതുപോലെ വ്യാഖ്യാനം കൂടാതെ ഇത്തരത്തിലുള്ള കാവ്യങ്ങള്‍ വായിച്ചു മനസ്സിലാക്കുന്നതു വിഷമംതന്നെ. യുധിഷ്ഠിരവിജയത്തിനു് അനേകം വ്യാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ടു്. (1) ക്രി. പി. പതിനഞ്ചാം ശതകത്തില്‍ ജീവിച്ചിരുന്ന കോലത്തുനാട്ടിലെ ʻശ്രീകണ്ഠദാസʼനെന്ന നാമാന്തരത്താല്‍ വിദിതനായ രാഘവവാരിയരുടെ പദാര്‍ത്ഥചിന്തനംതന്നെയാണു് അവയില്‍ പ്രഥമഗണനീയമായിട്ടുള്ളതു്. അതില്‍ യുധിഷ്ഠിരവിജയത്തെ വ്യാഖ്യാതാവു്,

ʻʻവാസുദേവകവേഃ കാവ്യേ ഭവ്യേ കവിഭിരീഡിതേ
വ്യാഖ്യാപി സാ തു ശിക്ഷായൈ മഹത്യൈ ഭവിതാ മമ.
സ്മരത യുധിഷ്ഠിരവിജയം കാവ്യം കര്‍ണ്ണൈകഭൂഷണം വിദുഷാം
ഹാരവദത്യക്തഗുണം ഗുരുതരകൃഷ്ണാര്‍ച്ചിതേജസോല്ലസതം.ˮ

എന്നു വാഴ്ത്തുന്നു. കവിയെപ്പറ്റി ʻʻകവികുലശേഖരഃ കുലശേഖരസഭാസ്താരസഭാജിതകവിതാകൌശലഃ സകലവിദ്യാസാഗര പാരീണശേഷമുഷീകോ, ഗുരുകരുണാകടാക്ഷസംവര്‍ദ്ധിതകവിതാ കല്പലതോപഘ്നതരുഃ മഹാഭാരത ഭട്ടാരകപരമാചാര്യാന്തേവാസീ, വാസുദേവനാമാ വാസുദേവഭക്താഗ്രണീര്‍ദ്വിജന്മകുലപതിലകഃˮ എന്നും പ്രശംസിക്കുന്നുണ്ടു.

(2) ഇതുകൂടാതെ ʻശ്രീകണ്ഠപ്രിയശിഷ്യʼനായ ഒരു പണ്ഡിതന്റെ ʻപദാര്‍ത്ഥദീപികʼ എന്ന ഒരു വ്യാഖ്യാനവും കണ്ടുകിട്ടീട്ടുണ്ടു്.

ʻʻവാസുദേവസ്യ കാവ്യം യദ് ഗംഭീരഗഹനാര്‍ത്ഥകം;
തന്മന്ദോപി ന ജിഹ്രേമി വ്യാചികീര്‍ഷുര്യഥാശ്രുതംˮ

എന്നു് ഉപക്രമത്തില്‍ ആ പണ്ഡിതന്‍ കവിയെ പുകഴ്ത്തുന്നു. ശ്രീകണ്ഠദാസനും ശ്രീകണ്ഠപ്രിയശിഷ്യനും ഒരേ ശ്രീകണ്ഠന്റെ ശിഷ്യന്മാരാണോ എന്നു നിശ്ചയമില്ല.

(3) ʻʻവാസുദേവകവിനാ കൃതസ്തു യഃ
കാവ്യബന്ധ ഇയമസ്യ സല്‍പ്രിയാ
കാമിനീവ രസഭാവദര്‍ശികാ
വ്യാക്രിയാച്യുതകൃതാ വിരാജതേ.ˮ

വാസുദേവകവേഃ കാവ്യം; പാര്‍ത്ഥസ്യ കഥ്യതേ;
വ്യാഖ്യാതാരോ വയം; കിന്തല്‍ സതാം യേന മനോ ഹരേല്‍‍?;

അച്യുതന്റെ വിജയദര്‍ശികയെന്നും ദര്‍ശികയെന്നും പറയുന്ന വ്യാഖ്യാനത്തെപ്പറ്റി മുന്‍പു പ്രസ്താവിച്ചുവല്ലോ. ഈ ശ്ലോകങ്ങള്‍ ആ വ്യാഖ്യാനത്തിലുള്ളതാണു്. അച്യുതന്‍ കേരളീനായിരിക്കാമെന്നു തോന്നുന്നു. (4) ശിഷ്യഹിത എന്ന വ്യാഖ്യാനം കാശ്മീരകനായ രാജാനകരത്നകണ്ഠന്‍ ക്രി.പി. 1661-ല്‍ അറംഗസീബ് ചക്രവര്‍ത്തിയുടെ രാജ്യഭാരകാലത്തില്‍ നിര്‍മ്മിച്ചതായി കാണുന്നു. വൈദേശികളായ വ്യാഖ്യാനങ്ങളില്‍ അതാണു് പ്രധാനം; കാവ്യമാലയില്‍ ആ വ്യാഖ്യാനം പ്രസിദ്ധപ്പെടുത്തീട്ടുണ്ടു്. (5) കാവ്യപ്രകാശിക എന്നൊരു വ്യാഖ്യാനം ധര്‍മ്മരാജാധ്വരി രചിച്ചിട്ടുണ്ടു്. അദ്ദേഹം ചോളദേശീയനും ശിവക്ഷേത്രാര്‍ച്ചകശിവദ്വിജവര്‍ഗ്ഗത്തില്‍പ്പെട്ട ഒരു പണ്ഡിതനുമായിരുന്നു. ʻʻസര്‍വ്വജ്ഞാനശിരോമണിഃ പരമശിവയോഗീˮ ശ്രീവാസുദേവകവിഃˮ എന്നു് ആ വ്യാഖ്യാനവും ഭട്ടതിരിയെ പ്രശംസിക്കുന്നു. (6) ശിവദാസന്റെ രത്നപ്രദീപിക മറ്റൊരു വ്യാഖ്യാനമാണു്. (7) ശ്രീരങ്ഗത്തിനുസമീപം ചാത്തന്നൂര്‍ എന്ന ഗ്രാമത്തില്‍ ഭാരദ്വാജഗോത്രജനായി ആച്ചി അമ്മാളുടേയും സുദര്‍ശനഭട്ടന്റേയും പുത്രനായി, രാമചന്ദ്രഭട്ടന്റേയും ഹസ്തിഗിരിഭട്ടന്റേയും ശിഷ്യനായി, ചൊക്കനാഥന്‍ എന്നൊരു പണ്ഡിതനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ വ്യാഖ്യാനമാണു് ബാലവ്യുര്‍പത്തികാരിണി.

ʻʻഭാവാദ്യലങ്കൃതിരസധ്വനിഭാസമാനം
ധര്‍മ്മാര്‍ത്ഥമോക്ഷഫലഭാരതബദ്ധസഖ്യം
ദ്രാക്ഷാതിശായിരസവദ്യമകപ്രഭേദം
ശ്രീവാസുദേവകലിതം ഭൂവി കാവ്യമിന്ധേ.

ഗാംഭീര്യാസ്പദവാച്യവാചകതയോ
വ്യാഖ്യാപഥാകോചരം
കാവ്യം; മദ്ധിഷണോ തു മാന്ദ്യവിഭവ–
പ്രാചുര്യപാഥോനിധിഃ;
വ്യാഖ്യാതും പ്രയതേ തഥാപി തദിദം
ഹാ ഹന്ത ഹന്താധുനാ;
സാധ്യാസാധ്യവിവേകശൂന്യഹൃദയ–
സ്സര്‍വത്ര സന്നഹ്യതി.ˮ

എന്നു് ആദ്ദേഹവും മൂലകൃതിയെ വാഴ്ത്തുന്നു. ഇവകൂടാതെ ഒന്നിലധികം ഭാഷാവ്യാഖ്യാനങ്ങളും കാണ്മാനുണ്ടു്. ത്രിപുരദഹനത്തിനു നീലകണ്ഠന്റെ അര്‍ത്ഥപ്രകാശിക എന്നൊരു വ്യാഖ്യാനമുണ്ടെന്നു സൂചിപ്പിച്ചുവല്ലോ. അദ്ദേഹം തന്നെ ശൗരികഥയ്ക്കു തത്വപ്രകാശിക എന്നൊരു വ്യഖ്യാനവും നിര്‍മ്മിച്ചിട്ടുണ്ടു്. അതില്‍ താന്‍ (മുക്തിസ്ഥലോദവസിതന്‍) മുക്കോലക്കാരനാണെന്നു പറയുന്നതിനു പുറമേ രണ്ടു വ്യാഖ്യാനങ്ങളിലും മുക്കോലദുര്‍ഗ്ഗാദേവിയെ വന്ദിച്ചിട്ടുണ്ടു്. പുരുഷോത്തമ സരസ്വതിയുടെ ശിഷ്യനും ഈശാനന്റെ പുത്രനുമായ അദ്ദേഹം കൊച്ചിരാജ്യം രാമവര്‍മ്മവോടുകൂടി ʻരാജരാജʼ മഹാരാജാവു ഭരിക്കുമ്പോള്‍ അര്‍ത്ഥപ്രകാശികയും ഗോദവര്‍മ്മവോടുകൂടി രാമവര്‍മ്മമഹാരാജാവു ഭരിക്കുമ്പോള്‍ തത്വപ്രകാശികയും എഴുതിത്തിര്‍ത്തു. ക്രി.പി. പതിനാറാം ശതകത്തിന്റെ അപരാര്‍ദ്ധമാണു് അദ്ദേഹത്തിന്റെ ജിവിതകാലം. അതുകൂടാതെ ത്രിപുരദഹനത്തിനു ഗോകര്‍ണ്ണത്തുകാരനായ നിത്യപ്രിയമുനിയുടെ പുത്രന്‍ പദാര്‍ത്ഥദീപിക എന്ന വ്യാഖ്യാനവും ശൌരികഥയ്ക്കു നിത്യാമൃതയതി അന്വയബോധിക എന്ന വ്യാഖ്യാനവും രചിച്ചിട്ടുണ്ടു്.

ഐതിഹ്യത്തിലെ അത്യുക്തി

ഭട്ടതിരി തിരുവളക്കാവു ശാസ്താവിന്റെ ഒരു പരമഭക്തനായിരുന്നു എന്നും ആ ഭക്തിയുടെ ഫലമായി അദ്ദേഹത്തിനും സഹജമായുണ്ടായിരുന്ന കവിതാവാസന ബഹുഗുണീഭവിച്ചു എന്നുമുള്ളതിനു സംശയമില്ല. പക്ഷെ വാസുദേവവിജയം നിര്‍മ്മിക്കുന്നതിനുവേണ്ട വ്യാകരണശാസ്ത്രപാണ്ഡിത്യം കേവലമായ ഭക്തികൊണ്ടുസിദ്ധിക്കുമെന്നു വിശ്വസിക്കുവാന്‍ പ്രയാസമുണ്ടു്. അദ്ദേഹത്തിന്റെ ഗുരുവായ ഭരതഭട്ടന്‍ അദ്ദേഹത്തെ ബാല്യത്തില്‍ ആ ശാസ്ത്രം നല്ലതുപോലെ അഭ്യസിപ്പിച്ചിരിക്കണമെന്നുള്ളതു നിസ്സന്ദേഹമാണു്.

സാഹിത്യത്തില്‍ ഭട്ടതിരിയുടെ സ്ഥാനം

ശങ്കരഭഗവല്‍പാദരേയും വില്വമങ്ഗലത്തു സ്വാമിയാരേയും ഒഴിച്ചാല്‍ ഭാരതവര്‍ഷത്തില്‍ സകല പണ്ഡിതന്മാരുടേയും സശിരഃ കമ്പമായ ബഹുമാനം ഇത്രമാത്രം സമാര്‍ജ്ജിച്ചു തന്റെ കവിയശസ്സു ദിക്കുകളിലും വിദിക്കുകളിലും പ്രസരിപ്പിച്ച ഒരു കേരളീയമഹാകവി വാസുദേവഭട്ടതിരിയെപ്പോലെ വേറെയുണ്ടായിട്ടില്ല. അത്തരത്തിലുള്ള ഒരു മഹാനുഭാവനെ—വാഗ്ദേവിയുടെ വാചാമഗോചരമായ ഏതോ ഒരു തരത്തിലുള്ള അനുഗ്രഹം സിദ്ധിച്ചിട്ടുള്ള മഹാകവിശ്രേഷ്ഠനെ—ʻʻപെരുതും യമകഭ്രമം പെടുന്നൊരു ഭട്ടന്‍ˮ എന്നും മറ്റും അവഹേളനം ചെയ്യുന്നതു് അല്പം ആലോചിച്ചു വേണ്ടതാണു്. അന്യന്മാര്‍ക്കു് അത്യന്തം ഭയങ്കരമായ യമകസാഗരത്തില്‍ അദ്ദേഹം അകുതോഭയനായി ഒരു മകരമത്സ്യത്തെപ്പോലെ സ്വച്ഛന്ദവിഹാരം ചെയ്യുന്നു. എത്ര അക്ലിഷ്ടമനോഹരമാണു് അദ്ദേഹത്തിന്റെ പദഗുണം! ഏതെല്ലാം രമണീയങ്ങളായ ആശയങ്ങളാണു് അദ്ദേഹം ആ ശൃംഖലാബന്ധനത്തിനു വിധേയനായി നിന്നുകൊണ്ടു യാതൊരു കൂസലുംകൂടാതെ ആവിഷ്കരിക്കുന്നതു്! ഭട്ടതിരിയുടെ കാലത്തിനു് ഏതാനും ശതകങ്ങള്‍ക്കു മുമ്പുതന്നെ യമകകാവ്യങ്ങള്‍ക്കു സംസ്കൃതസാഹിത്യത്തില്‍ പ്രാധാന്യം സിദ്ധിച്ചുകഴിഞ്ഞിരുന്നു. ഭരതന്‍ നാട്യശാസ്ത്രത്തില്‍ പതിനൊന്നു തരത്തിലുള്ള യമകങ്ങളെ വിവരിക്കുന്നു. ഭാമഹന്‍ അവയെ അഞ്ചായി തരംതിരിക്കുന്നു. ദണ്ഡി, വാമനന്‍, രുദ്രടന്‍, ഭോജന്‍ എന്നീ ആലങ്കാരികന്മാരും യമകത്തിനു് ഒരു മാന്യസ്ഥാനം കല്പിക്കുന്നു. ധ്വനിപ്രസ്ഥാനത്തിന്റെ ആവിര്‍ഭാവത്തോടുകൂടിയാണു് യമകം അപ്രധാനമായി പരിണമിച്ചതു്. ഞാന്‍ എല്ലാ യമകകാവ്യങ്ങളേയും പ്രശംസിക്കുന്നില്ല. ʻയുഗേ തുരീയേ യമകപ്രപഞ്ചഃʼ എന്നു നീലകണ്ഠദീക്ഷിതര്‍ പറയുന്നതു കാരണം കൂടാതെയല്ല; എന്നാല്‍ ഭട്ടതിരിയുടെ യമകകാവ്യങ്ങളെ പ്രശംസിക്കാതെയിരിക്കുവാന്‍ ഏതു സഹൃദയനും നിവൃത്തിയില്ല. അത്രയ്ക്കുണ്ടു് അവയുടെ ആകര്‍ഷകത്വം. കലിങ്ഗജനോ വംഗദേശീയനോ ആയ നീതിവര്‍മ്മന്‍ കീചകവധം എന്നു നാലു സര്‍ഗ്ഗത്തില്‍ ഒരു യമകകാവ്യം നിര്‍മ്മിച്ചിട്ടുള്ളതു് ഔത്തരാഹന്മാര്‍ക്കു സുപരിചിതമാണു്. അതു്, യുധിഷ്ഠിരവിജയവുമായി തുലനം ചെയ്യുമ്പോള്‍ പശ്ചാല്‍ഗണനയെമാത്രമേ അര്‍ഹിക്കുന്നുള്ളു. നീതിവര്‍മ്മന്‍ ക്രി. പി. പത്താംശതകത്തോടടുത്താണു് ജീവിച്ചിരുന്നതു്. അങ്ങനെ കാലംകൊണ്ടും കാര്യംകൊണ്ടും ഒന്നാമത്തെ യമകകാവ്യമാണു് യുധിഷ്ഠിരവിജയമെന്നു് എല്ലാവരും സമ്മതിക്കുന്നു. ഇതു കേരളീയര്‍ക്കു പുളകപ്രദമാകേണ്ട ഒരു സംഭവം തന്നെ. ഈ അടുത്ത കാലംവരെ യുധിഷ്ഠിരവിജയം കേരളത്തിലും വെളിയിലും ബാലപാഠ്യഗ്രന്ഥങ്ങളില്‍ ഒന്നായിരുന്നു; സംസ്കൃതത്തില്‍ ശബ്ദവ്യുല്‍പത്തിയുറയ്ക്കുന്നതിനും പ്രത്യേകിച്ചു പദഘടനയുടെ മര്‍മ്മങ്ങള്‍ മനസ്സിലാകുന്നതിനും ഇത്ര പറ്റിയ ഒരു കാവ്യം വേറെയുണ്ടെന്നു തോന്നുന്നില്ല.

ഐതിഹ്യത്തിലെ വാര്യസ്യാര്‍

പാണ്ഡവചരിതമെന്ന പേരില്‍ അജ്ഞാതകര്‍ത്തൃകമായ ഒരു കാവ്യം പന്ത്രണ്ടുസര്‍ഗ്ഗത്തില്‍ ഉണ്ടു്. രചന വളരെ ലളിതമാകുന്നു. യുധിഷ്ഠിരവിജയം പല ആവൃത്തി വായിച്ചു് ആസ്വദിച്ചിട്ടുള്ള ഒരു കവിയുടെ കൃതിയാണതു്.

ʻʻതസ്മൈ നമോസ്തു കവയേ വാസുദേവായ ധീമതേ
യേന പാര്‍ത്ഥകഥാ രമ്യാ യമിതാ ലോകപാവനീ.ˮ

എന്നു ഭട്ടതിരിയെ അതില്‍ സ്തുതിക്കുകയും ചെയ്യുന്നുണ്ടു്. പഴത്തൊലി തിന്ന വാര്യസ്യാരുടെ കാവ്യമാണു് അതെന്നു പറയുന്നതിനു ഞാന്‍ ഒരടിസ്ഥാനവും കാണുന്നില്ല. പഴവും തൊലിയും തിരുവളക്കാവില്‍നിന്നു കോലത്തുനാട്ടു പള്ളിക്കുന്നത്തേയ്ക്കു കൊണ്ടുപോയി ശ്രീകൃഷ്ണവിജയകര്‍ത്താവായ ശങ്കരകവിയേയും അവിടത്തെ ഒരു വാര്യസ്യാരേയും ഭക്ഷിപ്പിക്കുകയും വാര്യസ്യാരെക്കൊണ്ടു ശ്രീരാമോദന്തം ഉണ്ടാക്കിക്കയും ചെയ്യുന്ന മറ്റൊരു ഐതിഹ്യവുമുണ്ടു്. അതിലും എനിക്കൊരു വിശ്വാസ്യതയും തോന്നീട്ടില്ല.

ʻʻഇതയിത വാതു വരുന്നൂ! വെറ്റില തിന്നാഞ്ഞെനിക്കു വാ തുവരുന്നൂ;
കൊടിയിത പയ്യ്യായിനിമേല്‍ കദളീപക്വം ഭുജിച്ചു പയ്യ്യായിനിമേല്‍ˮ

എന്ന ശ്ലോകത്തിലെ ഒന്നും മൂന്നും പാദങ്ങള്‍ സതീര്‍ത്ഥ്യന്മാരുടേയും രണ്ടും നാലും പാദങ്ങള്‍ വാസുഭട്ടതിരിയുടേയുമാണെന്നുള്ള ഐതിഹ്യം സത്യമോ അസത്യമോ ആയിക്കൊള്ളട്ടെ. എന്നാല്‍

ʻʻനാഴികമണിയാറായീ നാരീണാം ഭൂഷണൌഘമണിയാറായീ;
അവസരമണയാറായീയംബുധിയില്‍ ഭാനുബിംഭമണയാറായീ.ˮ

എന്ന പദ്യം വാര്യസ്യാരുടെയല്ല, തിരുവിതാങ്കൂര്‍ സ്വാതി തിരുനാള്‍ മഹാരാജാവിന്റെ ആസ്ഥാനപണ്ഡിതനായിരുന്ന കിളിമാനൂര്‍ വിദ്വാന്‍ കോയിത്തമ്പുരാന്റേതാണെന്നു് എനിക്കു സധൈര്യം പ്രസ്താവിക്കുവാന്‍ സാധിക്കും; അതു് അദ്ദേഹത്തിന്റെ സമകാലികന്മാരില്‍ ഒരാള്‍ തന്റെ മാതുലനും ഗുരുവുമായ ചങ്ങനാശ്ശേരി രാജരാജവര്‍മ്മകോയിത്തമ്പുരാനോടു പറയുകയും ആ വഴി തനിക്കു് അറിവാന്‍ ഇടയാകുകയും ചെയ്തതായി കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ പ്രസ്താവിച്ചിട്ടുണ്ട്.

നാരായണന്‍നമ്പൂരി—സീതാഹരണം

ʻസീതാഹരണംʼ എന്നൊരു യമകകാവ്യം നാരായണന്‍ എന്നൊരു കേരളീയന്റെ കൃതിയായി കാണുന്നുണ്ടു്. ആ കാവ്യത്തില്‍ സപ്തമാശ്വാസത്തിന്റെ ഏതാനും ഭാഗത്തോളം മാത്രമേ നമുക്കു ലഭിച്ചിട്ടുള്ളു. കവിയുടെ ദേശമേതെന്നു് അറിയുന്നില്ല. എന്നാല്‍ അദ്ദേഹം രവി എന്നുകൂടി പേരുള്ള മനുകുലാദിത്യന്‍ എന്ന കേരളരാജാവിന്റെ കാലത്താണു് ജീവിച്ചിരുന്നതെന്നു പ്രസ്താവിക്കുന്നു. അദ്ദേഹം തിരുമൂഴിക്കുളം ക്ഷേത്രത്തിനു ചില വസ്തുക്കള്‍ ദാനം ചെയ്തിട്ടുണ്ടു്. തിരുനെല്‍വേലി ജില്ലയില്‍ ബ്രഹ്മദേശം എന്ന സ്ഥലത്തു ജനിച്ച സര്‍വജ്ഞാത്മമുനി അദ്ദേഹത്തിന്റെ കാലത്താണു് ʻസംക്ഷേപശീരീരകംʼ എന്ന വേദാന്തഗ്രന്ഥം രചിച്ചതെന്നു്

ശ്രീദേവേശ്വരപാദപങ്കജരജസ്സമ്പര്‍ക്കപൂതാശയഃ
സര്‍വജ്ഞാത്മഗിരാങ്കിതോ മുനിവരസ്സംക്ഷേപശാരീരകം
ചക്രേ സജ്ജനബൂദ്ധിവര്‍ദ്ധനമിദം രാജന്യവംശേ നൃപേ
ശ്രീമത്യക്ഷയശാനേന മനുകുലാദിത്യേ ഭുവം ശാസതി

എന്ന് അതില്‍തന്നെയുള്ള പദ്യത്തില്‍നിന്നു സ്പഷ്ടമാകുന്നു. മറ്റൊരു മനുകലാദിത്യനേയും പറ്റി നാം അറിയുന്നില്ല. ചേരചക്രവര്‍ത്തിയായ ഭാസ്കരരവിവര്‍മ്മന്റെ സമകാലികനായ മനുകുലാദിത്യന്‍ ജീവിച്ചിരുന്നതും ക്രി.പി. പത്താം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തിലായിരുന്നു. അതിനാല്‍ സീതാഹരണകാരന്റെ കാലവും അതുതന്നെയായി വരാവുന്നതാണു്.

അങ്ങനെയാണെങ്കില്‍ യുധിഷ്ഠിരവിജയത്തിന്റെ അനുകൃതിയായി പ്രസ്തുത കാവ്യം നാരായണന്‍ രചിച്ചു എന്നു സങ്കല്പിക്കാം. ചില ശ്ലോകങ്ങള്‍ ഉദ്ധരിക്കുന്നു.

പ്രണമത വരദമനന്തം ദേവം നരകാദിദൈത്യവരദമനം തം
ശുദ്ധിരതാനി ജഗത്യാ വൃഷ്ണീന്‍യേനാനുഗൃഹ്ണാതാ നിജഗത്യാ.
കൃഷ്ടഃ കംസമഹാരിസ്സ്വര്‍ഗ്ഗസദോജഃ സകല്പകം സമഹാരി;
ജനതാ യേനാഗോപി ധ്വസ്തോ യമുനാപയശ്ച യേനാഗോപി.

* * * *


അസ്ത്യവതാരവിരമദസ്തഥാപി ഭൂമേരധീശിതാ രവിരമദഃ
സദ്വിധിനാ മായാദ്യഃ സമനുകുലാദിത്യ ഇതി ച നാമായാദ്യഃ
ഹരിമിവ സമരാജേയം പ്രീത്യാ മുക്താമരേന്ദ്രസമരാജേയം
ചിരതരമേവ രമേതേ ലബ്ധ്വാ രാജ്ഞാം ക്ഷമാരമേ വരമേതേ.
പൂരിതസൂര്യാശരണാന്നൃപസാധ്വേനോരിതിമിരസൂര്യാശരണാല്‍
ഇതി രിപുനരപായസ്യ പ്രണതാസ്മരണാദമീപുനരപായസ്യ
തത്ര വരാജനി തരസാ രാമകഥേര്‍ത്ഥം പ്രഭാതി രാജനി തരസാ
മതിമപിസന്നാമവതാ യമിതാ നാരായണേന സന്നാമവതാ.

ദണ്ഡകാരണ്യത്തില്‍ മാരീചന്റെ ആഗമനം മുതല്‍ക്കുള്ള കഥ കവി വിവരിക്കുന്നു. യുധിഷ്ഠിരവിജയത്തോളം വിശിഷ്ടമല്ലെങ്കിലും ഈ യമകകാവ്യം സാമാന്യം നന്നായിട്ടുണ്ടു്.

നീലകണ്ഠന്‍ — കല്യാണസൌഗന്ധികം വ്യായോഗം

ക്രി.പി. ഒമ്പതാം ശതകത്തിലോ പത്താം ശതകത്തിലോ വിരചിതമായ ഒരു കൃതിയാണു് കല്യാണസൌഗന്ധികവ്യായോഗം. ആ ഗ്രന്ഥത്തില്‍ കവി തന്നെപ്പറ്റി ഇങ്ങനെ പ്രസ്താവിക്കുന്നു:

ʻʻആജ്ഞാഗുണേന ഗുണവിദ്ഭിരഭിഷ്‌ടുതാനാം
കാത്യായനീചരണപങ്കജഭക്തിഭാജാം
ഷ്‌ടകര്‍മ്മിണാം നിവസതൌ പരമാഗ്രഹാരേ
പ്രാപ്തപ്രസൂതിരുപസേവിതവാന്‍ ഗുരുര്‍ന്നഃ.ˮ

തദസ്യ നീലകണ്ഠനാമ്നഃ കല്യാണസൌകന്ധികം നാമ നിബന്ധനശരീരമിദമഭിനയാലങ്കാരാലങ്കൃതമനുസന്ദര്‍ശയ.ˮ ഇതില്‍ നിന്നു പാര്‍വതീദേവി കുലദേവതയായുള്ള ഏതോ ഒരു വിശിഷ്ടമായ അഗ്രഹാരത്തില്‍ ജനിച്ച പണ്ഡിതനാണു് നീലകണ്ഠകവിയുടെ ഗുരുവെന്നും ആ കവിയാണു് കല്യാണസൌഗന്ധികവ്യായോഗം രചിച്ചതെന്നും മനസ്സിലാകുന്നു. ഈ അഗ്രഹാരമേതെന്നു വിശദമാകുന്നില്ല. ʻപരമാഗ്രഹാരേʼ എന്ന പദത്തിനു തിരുനെല്‍വേലി ജില്ലയിലെ പരമാകുടി എന്ന ഗ്രാമമെന്നു ചില വിദേശീയര്‍ അര്‍ത്ഥകല്പനം ചെയ്യുന്നതു് അസംബന്ധമാകുന്നു. അദ്ദേഹം ഒരു നമ്പൂരി തന്നെയാണെന്നുള്ളതിനു സംശയമില്ല. നീലകണ്ഠന്‍ മത്തവിലാസപ്രഹസനം വായിച്ചിരുന്നു എന്നും ആ പ്രഹസനം കൂടിയാട്ടത്തിനു് ഉപയോഗിച്ചിരുന്നു എന്നും ʻʻനൃത്യന്മത്തവിലാസജാം ധനപതേഃ പ്രീതിം കരിഷ്യാമ്യഹംˮ എന്ന ശ്ലോകപാദത്തില്‍നിന്നു് അനുമാനിക്കാവുന്നതാണു്. ഹനുമാനും ഭീമസേനനുമായുള്ള ശണ്ഠ കല്യാണകന്‍ എന്ന ഒരു വിദ്യാധരന്‍ അവരുടെ ജ്യേഷ്ഠാനുജബന്ധം പറഞ്ഞു മനസ്സിലാക്കി അവസാനിപ്പിക്കുന്നതു് അതിന്റെ മര്‍മ്മമാകയാല്‍ ആ രൂപകത്തിനു കല്യാണസൌഗന്ധികം എന്നു പേര്‍ വന്നു; പിന്നീടു് ആ പേര്‍തന്നെ കേരളസാഹിത്യത്തില്‍ സൌഗന്ധികാഹരണവിഷയങ്ങളായ കൃതികള്‍ക്കു സ്ഥിരപ്പെടുകയും ചെയ്തു. വ്യായോഗത്തിനു സാഹിത്യാചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുള്ള സകല ലക്ഷണങ്ങളും കല്യാണസൌഗന്ധികത്തില്‍ കളിയാടുന്നു. നടാങ്കുശത്തില്‍ ഈ വ്യായോഗത്തെ ʻʻഅപ്യേവം കല്യാണസൌഗന്ധികാദിഘടിതഭീമാദിവര്‍ണ്ണികാപരിസ്ഥിതൌ സ്തോകാപ്രവേശോ ദൃശ്യതേˮ എന്ന പംക്തിയില്‍ സ്മരിക്കുന്നുണ്ടു്.

ʻപരമാഗ്രഹാരംʼ എന്നതു തളിപ്പറമ്പാണെന്നും അവിടെ ഒരു കാലത്തു താമസിച്ചു പിന്നീടു് കറുമ്പ്രനാട്ടു താലൂക്കിലേയ്ക്കു നീങ്ങിയ ʻമാണിʼ എന്ന മഠത്തിലെ ചാക്യാന്മാരില്‍ ഒരാളാണു് പ്രസ്തുത വ്യയോഗം നിര്‍മ്മിച്ചതെന്നും അതു കൊല്ലം 600–700 ഈ വര്‍ഷങ്ങള്‍ക്കിടയ്ക്കാണെന്നും ചിലര്‍ പറയുന്നതില്‍ ഉപപത്തി കാണുന്നില്ല.കുലശേഖരവര്‍മ്മാവു് കൂടിയാട്ടത്തിനു് അങ്ഗീകരിച്ച രൂപകങ്ങളുടെ കൂട്ടത്തില്‍ കല്യാണസൌഗന്ധികവും ഉള്‍പ്പെടുന്നു എന്നുള്ളതിനു ലക്ഷ്യങ്ങളുണ്ടു്.

ത്രൈവിക്രമം

ത്രൈവിക്രമം എന്നൊരു രൂപകത്തെപ്പറ്റിയും ഇവിടെ നിരൂപണം ചെയ്യേണ്ടിയിരിക്കുന്നു. ഇതു് അത്യന്തം ഹ്രസ്വമായ ഒരു രൂപകമാണു്. ആകെ പത്തു ശ്ലോകങ്ങളും ഏതാനും വാക്യങ്ങളുമേ ഉള്ളു. ʻʻനാന്ദ്യന്തേ തതഃ പ്രവിശതി സൂത്രധാരസ്സഹ പ്രിയയാˮ എന്ന സൂചനയോടുകൂടി ഗ്രന്ഥം ആരംഭിക്കുന്നു. സൂത്രധാരനും നടിയും മാത്രമാണു് പാത്രങ്ങള്‍. സൂത്രധാരന്‍, ʻʻആര്യേ തൃതീയേ ഖലു ചിത്രപടേ

ദൈത്യേന്ദ്രമൌലിമണിഘൃഷ്ടികിണീകൃതസ്യ
പാദസ്യ യസ്യ ഗഗനോദ്ഗമഗര്‍വിതസ്യ
ത്രൈവിക്രമം ത്രിഭുവനാതതമത്ഭൂതം യദ്–
ഭക്തൈര്‍വിഭക്തമഖിലം വടുവാമനസ്യˮ

എന്നുള്ള പീഠികയോടുകൂടി വാമനാവതാരം കഥ നടിയെ പറഞ്ഞുകേള്‍പ്പിക്കുന്നു. നാന്ദിയോ ഭരതവാക്യമോ ഇല്ല. എന്നാല്‍ ഭരതവാക്യത്തിനുപകരം

ʻʻആര്യേ! ബാഢം ഹരിപദകഥാ സേയമന്തഃപ്രയാതാ
ഭക്തിര്‍ഭൂയാത്തവ ച മമ ച ശ്രീധരസ്യാങ്ഘ്രിപദ്മേ
നശ്യത്വേവം ദുരിതമസകൃല്‍ പശ്യതാം നൃത്യതാം നഃ
സ്വസ്ഥോ രാജാപ്യവതു വസുധാം; സ്വസ്തി ഗോബ്രാഹ്മണേഭ്യഃˮ

എന്നെരു ശ്ലോകം കാണുന്നുണ്ടു്. അതു കേട്ടു നടി ʻʻരമണീയാഖലു കഥാ; അന്യാം ചിത്രബദ്ധാം വര്‍ണ്ണയത്വാര്യഃˮ എന്നു ഭര്‍ത്താവിനോടു് അഭ്യര്‍ത്ഥിക്കുകയും അതോടുകൂടി രൂപകം പരിസമാപ്തിയെ പ്രാപിക്കുകയും ചെയ്യുന്നു. ʻസ്വസ്തിഗോബ്രാഹ്മണേഭ്യഃʼ എന്നതു കലിവാക്യമാണെങ്കില്‍ ക്രി.പി. പന്ത്രണ്ടാംശതകത്തിന്റെ മധ്യത്തിലാണു് പ്രസ്തുതകൃതിയുടെ രചന എന്നു വന്നുകൂടുന്നു. അതു ശരിയാണെങ്കിലും അല്ലെങ്കിലും ʻനാരായണായ ഹരയേ മുരശാസനായʼ എന്നൊരു ശ്ലോകം അതില്‍ ഭോജചമ്പുവിലെ ʻനാരായണായ നളിനായ തലോചനായʼ എന്ന ശ്ലോകത്തിന്റെ രീതിയില്‍ കാണുന്നതു കൊണ്ടു ക്രി.പി. പതിനൊന്നാം ശതകത്തിനു മേലാണു് അതിന്റെ നിര്‍മ്മിതി എന്നു സങ്കല്പിക്കാം. ക്ഷേത്രങ്ങളിലെ ചിത്രങ്ങളെ ചൂണ്ടിക്കാണിച്ചുകൊണ്ടു ചാക്കിയാന്മാര്‍ അഭിനയത്തിനു ചില ചെറിയ രൂപകങ്ങള്‍ നിര്‍മ്മിച്ചിരുന്നു എന്നും ത്രൈവിക്രമകാരന്‍ തന്നെ വേറെ രണ്ടു രൂപകങ്ങളെങ്കിലും അത്തരത്തില്‍ നിബന്ധിച്ചിരുന്നു എന്നും തെളിയുന്നുണ്ട്. അവയേതെന്നോ ഗ്രന്ഥകര്‍ത്താവു് ആരെന്നോ അറിവാന്‍ തരമില്ല.

കുലശേഖരവര്‍മ്മാ — കുലശേഖരന്റെ ആത്മകഥാകഥനം

സംസ്കൃതസാഹിത്യവേദിയില്‍ പ്രധാനമായ ഒരു സ്ഥാനത്തിനു് അവകാശിയായ മറ്റൊരു കവിപുങ്ഗവനാണു് കുലശേഖരവര്‍മ്മാവു്. അദ്ദഹവും ഒരു കേരളരാജാവായിരുന്നു. കുലശേഖരന്‍ എന്നതു അഭിഷേകകാലത്തു സ്വീകരിക്കുന്ന സ്ഥാനപ്പേരാണെന്നു മുന്‍പു് പറഞ്ഞുവല്ലോ. യഥാര്‍ത്ഥമായ നാമധേയമെന്തെന്നു് അറിയുന്നില്ല. അദ്ദേഹം മൂന്നു നാടകങ്ങള്‍ നിര്‍മ്മിച്ചതായി ഐതിഹ്യമുണ്ടെങ്കിലും, തപതീസംവരണം, സുഭദ്രാധനഞ്ജയം ഈ രണ്ടെണ്ണം മാത്രമേ കണ്ടുകിട്ടീട്ടുള്ളു. മൂന്നാമത്തേതിന്റെ പേര്‍ വിച്ഛിന്നാഭിഷേകമെന്നാണെന്നു കേള്‍വിയുണ്ടു്. തപതീസംവരണമാണു് ആദ്യമുണ്ടാക്കിയ നാടകം. അതില്‍ ഇങ്ങനെ പറയുന്നു:

ʻʻസൂത്ര:— ആര്യേ! ആദ്യാഹമാര്യമിശ്രൈരാജ്ഞപ്തഃ യഥാ — ഭവതാ താവദപൂര്‍വേസ്മിന്നാദിരാജകഥാസനാഥേ തപതീസം വരണനാമ്നി നാടകേ നവരസാനി പ്രയോഗാമൃതാന്തരാണി വയം പായയിതവ്യാ ഇതി.

നടി:— (ഛായ) ആര്യ! ശൂദ്രകകാളിദാസഹര്‍ഷദണ്ഡിപ്രമുഖാണാം മഹാകവീനാമന്യതമസ്യ കസ്യ കവേരിദം നിബന്ധനം, യേനാര്യമിശ്രാണാമേതല്‍ കൈരൂഹലം വര്‍ദ്ധയതി?

സൂത്ര:—ആര്യേ! മാ മൈവം. യസ്യ പരമഹംസപാദ പങ്കേരുഹ പാംസുപടലവപിത്രീകൃതമുകുടതടസ്യ, വസുധാവി ബുധധനായാന്ധകാരമിഹിരായമാണകരകമലസ്യ, മുഖകമലാദഗളദാശ്ചര്യമജ്ഞരീകഥാമധുദ്രവഃ അപി ച.

ഉത്തുങ്ഗഘോണമുരുകന്ധരാമുന്നതാംസ–
മംസാവലംബിമണികര്‍ണ്ണികകര്‍ണ്ണപൂരം
ആജാനുലംബിഭുജമഞ്ചിതകാഞ്ചനാഭ–
മായാമി യസ്യ വപുരാര്‍ത്തിഹരം പ്രജാനാം.ˮ

താഴെ ഉദ്ധരിക്കുന്ന ഭാഗം സുഭദ്രാധന‍‍ജ്ഞയത്തില്‍നിന്നാണു്.

ʻʻപാരിപര്‍ശ്വികഃ— കോയം കവിഃ കോവിദാനമൂനഭിജ്ഞാനശാകുന്തള പ്രമുഖപ്രവരനാടകപ്രയോഗ പ്രീണിതാന്തരാത്മസ്സമ്പ്രതി നിജനിബന്ധനേന കുരുഹലയതി?

സൂത്ര:— ശ്രൂയതാം. സതതസന്നിഹിതസരസീരുഹാക്ഷചരണരജോ വിതാനവിരജീകൃതഹൃദയപുണ്ഡരീകസ്യ, മതിമന്ദരമഥിമഹാഭാരതപാരാവാരപരിഗൃഹീതജ്ഞാനാമൃതസഞ്ചയസ്യ, സകലമിത്രമണ്ഡലസ്വയംഗ്രാഹഗൃഹീതസാരമുദയസ്യ, തപതീസംവരണസംഘടനാപടുതരസ്യ

ഉത്തുങ്ഗഘോണ...വപുരാര്‍ത്തിഹരം പ്രജാനാം. തസ്യ രാജ്ഞഃ കലമരാശിപേശലകൈദാരികകേരളാധിനാഥസ്യ ശ്രീകുലശേഖരവര്‍മ്മണോ നിജനിബന്ധനമദ്യ ബധ്‌നാതി ബുധഹൃദയം. സ ച കില കവിരേവമനുദിനമാശാസ്തേ–

ആസിക്തൗ ഗ്രാമരാഗൌര്‍ഗ്ഗളദമൃതരസൈഭാരതീര്‍ഭാവയന്തെൌ
കര്‍ണ്ണൌ നഃ കാളിദാസപ്രവിഹിതരചനാഃകര്‍ണ്ണപൂരിക്രീയാസ്താം
സ്വീകുവന്തു സ്വകീയം ധനമിവ സുഹൃദസ്സ്വാപതേയം മദീയം
ചേതഃ പീതാംബരശ്ച പ്രതിഭവമഭവഃ പാദപീഠികരോതു.ˮ

ഉദ്ധരിച്ച ഭാഗങ്ങളില്‍നിന്നു കവി മഹോദയപുരത്തു (തിരുവഞ്ചിക്കുളത്തു) രാജ്യഭാരം ചെയ്തിരുന്ന ഒരു കേരളരാജാവായിരുന്നു എന്നും, അദ്ദേഹത്തിനു സങ്ഗീതത്തിലും സാഹിത്യത്തിലും അസാമാന്യമായ പാടവവും മഹാവിഷ്ണുവില്‍ ആദരവും, മഹാഭാരത്തില്‍ അന്യാദൃശമായ പ്രതിപത്തിയും ഉണ്ടായിരുന്നു എന്നും വ്യക്തമാകുന്നു.

വ്യങ്ഗ്യവ്യാഖ്യയിലേ തൂലികാചിത്രം

ധനഞ്ജയത്തിന്റെ വ്യങ്ഗ്യവ്യാഖ്യ എന്ന വ്യാഖ്യാനത്തില്‍ ഇങ്ങനെ കാണുന്നു.

ʻʻബ്രഹ്മണാ രചിതം യല്‍ പ്രാഗ്യോ ദൃഷ്ട്വാ ബരതോ മുനിഃ
തസ്യ പ്രയോക്താ ലോകേഭൂത്തസ്മൈ രസവിദേ നമഃ.
യത്തേന നിര്‍മ്മിതം ശാസ്ത്രം ഭരതം നാടകാശ്രയം
തദ്വീക്ഷ്യ ഹൃദയേ ചക്രേ മഹീശഃ _കുലശേഖരഃ‌_.
തേനാപി രസചിത്തേന രചിതാ നാടകദ്വയീ;
യുക്ത്യാ ലയരസൈസ്സംയഗ്ധ്വനിഗഭ്രൈഃ പദൈരപി.
തേഷാം പ്രദര്‍ശയന്തീയം ധ്വന്യര്‍ത്ഥം രസിനാം നൃണാം
വ്യാഖ്യാ പ്രയോഗമാര്‍ഗ്ഗഞ്ച സ്ഥായിഭാവോ മയാകൃതഃ.
ധനഞ്ജയാഹ്വയേ തേന രചിതേ നാടകേപി തല്‍
അനയാ ദര്‍ശയിഷ്യാമി തന്നിയുക്തോഖിലം രസീ.

* * * *

കലേഥേതി വര്‍ത്തമാനേ കസ്മിംശ്ചിദഹ്നി പ്രാതരുത്ഥായ ചൂര്‍ണ്ണികാസരിദ്വാരി അനുഷ്ഠിതപൂര്‍വസന്ധ്യേന ദൃഷ്ടപരമേശ്വരമങ്ഗലസ്ഥപരമപുരുഷേണ പ്രാപ്താത്മനന്ദിരാളിന്ദദേശപ്രക്ഷാളിതകരചരണേന ഹസന്തികോദ്യല്‍കൃശാനുശമിതശീതരുഗ്ണേന ജപധ്യാനപരേണ മയാ കേരളേശ്വര വചനകാരീകശ്ചിദ് ബ്രഹ്മബന്ധുസ്സമലക്ഷ്യത.

സ ച സല്‍കൃതസല്‍കാരോ യഥാവിധി സുമാനിതഃ
സംപൃഷ്ടകുശലപ്രശ്നസ്സാദരം സ്ഥാപിതോ ഭുവി.
പൃഷ്ടാഗമനഹേതുശ്ച മാമവോചദിദം വചഃ
ഭവന്തമധുനാ രാജാ സന്ദിദൃക്ഷുരിതി സ്മ സഃ.

അഥ മയാമുനാ സഹാരൂഢഖട്വാശയ്യ്യസമ്പാദിതസ്വാദുവസ്തു സൗഖ്യയാ നാവാ ചൂര്‍ണ്ണികാസരിദാവാഹ്യമാനയാ സത്വരം മഹോദയാഖ്യം പുരം ഗമ്യതേ സ്മ.

അഥ തത്ര തഥാ ഗച്ഛന്നപശ്യം കേരളാധിപം
സമാസീനം വിരാജന്തം മധ്യേ നാഗാരിവിഷ്ടരം
കിരീടമകുടപ്രോദ്യന്മണിശ്രീലബ്ധവര്‍ണ്ണകം
ഉന്നമ്രഫാലഘോണാംസബാഹുമൂലോദരാന്വിതം

ദൂരദീര്‍ഘാക്ഷിദോര്‍ജ്ജങ്ഘായുഗളാഞ്ചിതവിഗ്രഹം
രാഗരഞ്ജിതദോഃപാദപദ്മയുഗ്മൈധിതശ്രിയം
അംഭോജാക്ഷാരിശംഖാദിരാജചിഹ്നാത്തദോഃപദം
കണ്ഡലോദ്യന്മണിശ്രേണീവിദ്യോതിതമുഖാംബുജം
കണ്ഠഭൂധ്വനിസൗന്ദര്യഗര്‍ഹയല്‍കംബുജശ്രിയം
ഹേമകുങ്കുമകര്‍പ്പൂരചന്ദനാലിപ്തവക്ഷസം
നീലകൗശേയാവാസസ്ത്വിഡാഹാരജ്ജനചക്ഷുഷം
പരംപുരുഷനാമോദ്യല്‍സല്ലാപകഥയല്‍കഥം
സങ്കോചയന്തമന്യേന വാമബാഹുസ്ഥമംബുജം
അങ്കവിക്ഷിപ്തനഖരം സര്‍വലോകപ്രിയം നൃപം.
സപ്രശ്രയമഹം തത്ര സദസ്യവഹിതോഗമം
നിസ്സ്യന്ദമാനസുധയാ വാചാ സര്‍കുരുതേ സ്മ മാം.
മുഹൂര്‍ത്തം സ്ഥിതവത്യസ്മിന്‍ മയ്യത്ര സ മഹീപതിഃ
ശ്രിതപ്രസാദയാ ദൃഷ്ട്യാ വീക്ഷമാണസ്സഭാസദഃ
അനുജ്ഞാപ്യോദഗാത്തസ്മാന്നിരഗച്ഛന്മയാ സഹ
രഹോ നര്‍മ്മ വദന്‍ പ്രായാന്മന്ത്രശാലാമനന്യഗാം.
ഇഹ നാടകവിച്ചുഞ്ചും ഭവന്തമനയം സ്മരന്‍
കൃത്യമസ്തി മയാ വാച്യം ശൃണോത്വസ്മാദ്ഗിരം മമ.
രചിതാദ്യ മയാ വിദ്വന്‍ കഥഞ്ചിന്നാടകദ്വയീ
ധ്വനിയുക്കാവ്യസരണിശ്ശസ്തേതി പ്രോച്യതേ ബുധൈഃ
ഏതസ്മാദ് ധ്വനിയുക്താ സാ രചിതാ നാടകദ്വയീ.
ദ്രഷ്ടവ്യാ ഭവതാ സേയം നാട്യലക്ഷണവേദിനാ.
താം പശ്യന്നവധാര്യൈഷാ സദസദ്വേതി കഥ്യതാം.
സാധുശ്ചേല്‍ പ്രേക്ഷകോ ഭൂയാദ്ഭവാനസ്മി നടസ്തഥാ
പ്രയോഗമാര്‍ഗ്ഗം ഭവതേ ദര്‍ശയിഷ്യാമി തത്വതഃ.
ഭൂയശ്ചാരോപയിഷ്യാമി രങ്ഗമേതല്‍ കുശീലവൈഃ

ഇതി തേന പ്രോക്തസ്തദ്ദര്‍ശിതമാര്‍ഗ്ഗപ്രയോഗോ ഹമധുനാ തല്‍കൃത്യേസ്മിന്‍ ധനഞ്ജയനാമ്നി നാടകേ സ്ഥായിഭാവപ്രയോഗമാര്‍ഗ്ഗ പ്രവേശികാശ്ച പ്രദര്‍ശയാമി.ˮ

തപതീസംവരണത്തിനു ശിവരാമന്‍ രചിച്ച വിവരണത്തില്‍ ഈ വ്യങ്ഗ്യവ്യാഖ്യാകാരനെ

ʻʻഗ്രന്ഥകാരസമകാലഭവേന
വ്യങ്ഗ്യരൂപഇഹ ചാരുതരോര്‍ത്ഥഃ
വ്യാകൃതസ്സുമതിനാ; പദവാക്യേ
സോപയോഗ മധുനാ സ്ഫുടയാമിˮ

എന്ന പദ്യത്തില്‍ സ്മരിക്കുന്നു. വ്യങ്ഗ്യവ്യാഖ്യായില്‍ വ്യങ്ഗ്യാര്‍ത്ഥം മുഴുക്കെ വ്യാകരിച്ചിട്ടുണ്ടെന്നും അതുകൊണ്ടു താന്‍ പദവാക്യങ്ങളുടെ പ്രയോജനത്തെ സ്പഷ്ടമാക്കുവാന്‍ മാത്രമേ യത്നിക്കുന്നുള്ളു എന്നുമാണു് അദ്ദേഹം പറയുന്നതു്. ഗ്രന്ഥകാരന്റെ സമകാലികനായ വ്യങ്ഗ്യവ്യാഖ്യാകാരന്‍ അഭിനയമര്‍മ്മങ്ങള്‍ സാങ്ഗോപാങ്ഗമായി ഗ്രഹിച്ചിരുന്നു ഒരു സഹൃദയശിരോമണിയായിരുന്നു എന്നും പെരിയാറ്റിന്റെ കരയിലുള്ള പരമേശ്വരമങ്ഗലമെന്ന സ്ഥലമായിരുന്നു അദ്ദേഹത്തിന്റെ ജന്മഭൂമിയെന്നും മഹാരാജാവു സംവരണവും ധനഞ്ജയവും രചിച്ചു കഴിഞ്ഞപ്പോള്‍ തിരുവഞ്ചിക്കുളത്തേക്കു തന്നെ ആനയിച്ചു താന്‍ പ്രേക്ഷകനും മഹാരാജാവു നടനുമായി അവിടെവെച്ചു് ആ രണ്ടു നാടകങ്ങളും അവിടുന്നുതന്നെ അഭിനയിച്ചു കാണിച്ചു എന്നും അങ്ങനെ അദ്ദേഹത്തില്‍നിന്നു പ്രയോഗങ്ങളുടെ സ്വാരസ്യം മനസ്സിലാക്കിയതിനുമേലാണു് താന്‍ ആ വ്യാഖ്യാനങ്ങള്‍ രചിക്കുന്നതെന്നും പ്രകടമായി പ്രസ്താവിക്കുന്നു. വ്യാഖ്യാതാവിന്റെ പേര് എന്തെന്നു് അറിയുന്നില്ല.

കാലം

കുലശേഖരവര്‍മ്മാവിന്റെ കാലം നിര്‍ണ്ണയിക്കുന്ന വിഷയത്തില്‍ പല വൈഷമ്യങ്ങളുമുണ്ടു്. രാജശേഖരന്‍ എന്ന കേരളരാജാവു താനുണ്ടാക്കിയ മൂന്നു നാടകങ്ങള്‍ ശങ്കരഭഗവല്‍പാദരെ കാണിച്ചു എന്നു മുന്‍പു പ്രസ്താവിച്ചിട്ടുണ്ടല്ലോ. കുലശേഖരവര്‍മ്മാവും മൂന്നു നാടകങ്ങളുണ്ടാക്കീട്ടുണ്ടെന്നു് ഐതിഹ്യമുണ്ടു്. എന്നാല്‍ വ്യങ്ഗ്യവ്യാഖ്യാകാരന്‍ ʻനാടകദ്വയിʼയെപ്പറ്റിയേ പറയുന്നുള്ളു. ʻപരമഹംസപാദപങ്കേരുഹപാംസുപവിത്രീകൃതമുകുടതടന്‍ʼ എന്നു കുലശേഖരന്‍ തന്നെപ്പറ്റി സംവരണത്തില്‍ വര്‍ണ്ണിക്കുന്നതു ശങ്കരവിജയത്തില്‍ അദ്ദേഹത്തെപ്പറ്റി കാണുന്ന വിവരത്തിനു് അനുരൂപമായിരിക്കുന്നു. ആ പരമഹംസന്‍ ഭഗവല്‍പാദര്‍ തന്നെയാകരുതേ? പിന്നെയും ശൂദ്രകന്‍, കാളിദാസന്‍, ഹര്‍ഷദേവന്‍, ദണ്ഡി ഇവരെ സ്മരിക്കുന്ന നാടകകാരന്‍ ഭവഭൂതിയെ വിട്ടുകളഞ്ഞതു് അദ്ദേഹം പശ്ചാല്‍കാലികനായതുകൊണ്ടല്ലേ? ഭവഭൂതി (ഉംവേകന്‍) കുമാരിലഭട്ടന്റെ ശിഷ്യനായിരുന്നു എന്നു സൂചിപ്പിച്ചിട്ടുണ്ടു്, ഇതുകൊണ്ടെല്ലാമാണു് ഞാന്‍ കുലശേഖരനും ഭഗവല്‍പാദരും സമകാലികന്മാരാണെന്നു് ഒരു കാലത്തു് ഊഹിച്ചിരുന്നതു്. എന്നാല്‍ ഈ ഊഹത്തിനു രണ്ടുമൂന്നു സങ്ഗതികള്‍ പ്രതിബന്ധമായി നില്‍ക്കുന്നുണ്ടു്. ഒന്നാമതു കുലശേഖരവര്‍മ്മാവിനു രാജശേഖരന്‍ എന്നു പേരുണ്ടായിരുന്നതായി കേള്‍വിയില്ല. രണ്ടാമതു ധ്വനിപ്രസ്ഥാനത്തിനു പ്രാബല്യം സിദ്ധിച്ചതിനു മേലാണു് സംവരണവും ധനഞ്ജയവും ആവിര്‍ഭവിച്ചതെന്നുള്ളതിനു സംശയമില്ല. ആ പ്രസ്ഥാനത്തിനു് ആനന്ദവര്‍ദ്ധനന്റെ (ക്രി.പി. ഒന്‍പതാം ശതകത്തിന്റെ ഉത്തരാര്‍ദ്ധം) കാലത്തിനു മുമ്പു പ്രാബല്യം ഉണ്ടായിരുന്നതായി തെളിവില്ല. മൂന്നാമതു വ്യങ്ഗ്യവ്യാഖ്യായില്‍ ʻʻനാടകനായകലക്ഷണം സര്‍വം ദശരൂപകേ ദൃഷ്ടവ്യംˮ എന്നു പറഞ്ഞുകാണുന്നു. ആ പങ്‌ക്തി പ്രക്ഷിപ്തമല്ലെന്നു് ഇപ്പോള്‍ തെളിഞ്ഞിട്ടുണ്ടു്. ധനഞ്ജയന്റെ പ്രസിദ്ധമായ ആ രൂപകലക്ഷണഗ്രന്ഥം ക്രി.പി. പത്താംശതകത്തിന്റെ അപരാര്‍ദ്ധത്തിലാണു് വിരചിതമായതു്. അതിനെയാണു് വ്യങ്ഗ്യവ്യാഖ്യായില്‍ സ്മരിച്ചിട്ടുള്ളതെങ്കില്‍ കുലശേഖരനെ പതിനൊന്നാം ശതകത്തിലേയ്ക്കു കൊണ്ടുപോകേണ്ടിയിരിക്കുന്നു. എന്നാല്‍ കേരളത്തിലെ ഐതിഹ്യം ദശരൂപകം രണ്ടുണ്ടെന്നാകുന്നു. തിരമങ്ഗലത്തു നീലകണ്ഠന്‍മൂസ്സതു് ʻകാവ്യപ്രകാശദശരൂപയുഗʼ എന്നു തന്റെ കാവ്യാല്ലാസത്തില്‍ പറയുന്നു. മറ്റേ ദശരൂപകം കണ്ടുകിട്ടീട്ടില്ല; പക്ഷെ ഭരതമുനിയുടെ നാട്യശാസ്ത്രത്തിലെ പതിനെട്ടാമധ്യായമാണതെന്നും വരാവുന്നതാണു്. ʻʻഅഭിനവഭാരത്യാം ദശരൂപകം നാമാഷ്ടാദശോധ്യായഃ സമാപ്തഃˮ എന്ന് അഭിനവഗുപ്തന്‍ ആ വ്യാഖ്യാനത്തിന്റെ അവസാനത്തില്‍ പ്രസ്താവിച്ചിട്ടുണ്ടല്ലോ. ആകെക്കൂടി നോക്കുമ്പോള്‍ നിഷ്കൃഷ്ടമായൊരഭിപ്രായം പറവാന്‍ തോന്നുന്നില്ല. എങ്കിലും ക്രി.പി. 978 മുതല്‍ 1036 വരെ രാജ്യഭാരം ചെയ്ത ഒടുവിലത്തെ പെരുമാള്‍ ഭാസ്കര രവിവര്‍മ്മാവായിരിക്കണം അദ്ദേഹമെന്നു സങ്കല്പിക്കുവാനാണു് അധികമായി ഉപപത്തി കാണുന്നതു്. ശിവരാമന്‍ പരമഭാഗവതനെന്നു സംവരണകാരനെ വര്‍ണ്ണിക്കുന്നുണ്ടെങ്കിലും അദ്ദേഹം കുലശേഖല ആഴ്വാരാകുവാന്‍ തരമില്ലെന്നാണു് എന്റെ ഇപ്പോഴത്തെ അനുമാനം. ആഴ്വാര്‍ക്കു രാമായണമായിരുന്നുവല്ലോ ആത്യഭിമതമായ ഗ്രന്ഥം.

സംവരണവും ധനഞ്ജയവും

കുലശേഖരവര്‍മ്മാവിന്റെ ഈ രണ്ടു നാടകങ്ങളും രണ്ടു രത്നങ്ങള്‍ തന്നെയാകുന്നു. സംവരണത്തില്‍ ആറങ്കങ്ങളും ധനഞ്ജയത്തില്‍ അഞ്ചങ്കങ്ങളും ഉണ്ടു്. ഇവയുടെ ഇതിവൃത്തങ്ങള്‍ പുരാണപ്രസിദ്ധങ്ങളാണല്ലോ. രണ്ടു നാടകങ്ങളും ധ്വനിപ്രധാനങ്ങളാണെങ്കിലും ധനഞ്ജയത്തിനു ആസ്വാദ്യത സംവരണത്തേക്കാള്‍ കൂടും. നടാങ്കശത്തില്‍ ഇതിനെപ്പറ്റി.

ʻʻകുലശേഖരഭൂപാലകുലശേഖരനീര്‍മ്മിതേ
ധനഞ്ജയേ യാജ്ഞകസേന്യാഃ പ്രവേശഃ കഥിതോസ്തിയല്‍ˮ

എന്നു് പ്രസ്താവിച്ചുകാണുന്നു.

വ്യങ്ഗ്യവ്യാഖ്യാകാരനും ശിവരാമനുമാണു് ഈ നാടകങ്ങളുടെ വ്യാഖ്യാതാക്കന്മാര്‍. ശിവരാമനെപ്പറ്റി ഉപരി പ്രസ്താവിക്കും.

ആശ്ചര്യമഞ്ജരി

കുലശേഖരവര്‍മ്മാവു പ്രസ്തുതനാടകങ്ങള്‍ക്കു പുറമേ ʻആശ്ചര്യമഞ്ജരിʼ എന്നൊരു ഗദ്യകാവ്യവും രചിച്ചിട്ടുണ്ടെന്നു സംവരണത്തിന്റെ സ്ഥാപനയില്‍ നിന്നും നാം ധരിച്ചുവല്ലോ. അതു ʻകഥʼ എന്ന ഇനത്തില്‍ പെട്ടതാണു്.

ʻകഥായാം സരസം വസ്തു ഗദ്യൈരേവ വിനിര്‍മ്മിതംʼ

എന്നാണ് അതിന്റെ ലക്ഷണം. ആര്യാദിവൃത്തങ്ങളില്‍ ചില പദ്യങ്ങളും ഇടയ്ക്കു ഘടിപ്പിക്കാം. ʻഖലാദേര്‍വൃത്തകീര്‍ത്തനംʼ എന്നും വിഷയനിഷ്കര്‍ഷയുണ്ടു്.

ʻദൂരാദപി സതാം ചിത്തേ ലിഖിത്വാശ്ചര്യമഞ്ജരീം
കുലശേഖരവര്‍മ്മാഗ്രായാം ചകാരാശ്ചര്യമഞ്ജരിംʼ

എന്നു രാജശേഖരന്‍ അതിനെ പുകഴ്ത്തുന്നു. ഈ കവി നാടകകാരനായ രാജശേഖരനല്ല; ക്രി.പി. പതിനാലാം ശതകത്തില്‍ ജീവിച്ചിരുന്ന മറ്റൊരു രാജശേഖരനാണു്. ക്രി.പി. 1159-ല്‍ രചിച്ച വന്ദ്യഘടീയ സര്‍വാനന്ദന്റെ അമരടീകാസര്‍വസ്വത്തില്‍ ʻകുരങ്ഗൈരിവ കുശലവാദിഭിഃʼ എന്നെരു വാചകവും മുകുടന്റെ ʻഅമരടീകʼയില്‍ ʻʻപാണിനിപ്രത്യാശ ഇവ മഹാപ്രാണസമാശ്ലിഷ്ടോ ത്സഷാളിങ്ഗിതശ്ച സമുദ്രഃˮ എന്നു മറ്റൊരു വാചകവും ആശ്ചര്യമഞ്ജരിയില്‍ നിന്നു ഉദ്ധരിച്ചുകാണുന്നു. ഇവയില്‍നിന്നു പ്രസ്തുത ഗ്രന്ഥം സുബന്ധുവിനേയും ഭട്ടബാണനേയും അനുകരിച്ചു ശ്ലേഷജടിലമായി നിബന്ധിച്ചിട്ടുള്ളതാണെന്നും അതിനു വളരെ വേഗത്തില്‍ ഭാരതമൊട്ടുക്കു പ്രചാരം ലഭിച്ചു എന്നും ഗ്രഹിക്കാവുന്നതാണു്. ആശ്ചര്യമഞ്ജരി ഏതല്‍കാലപര്യന്തം കണ്ടുകിട്ടീട്ടില്ല. അതു കുലശേഖരന്‍ സംവരണത്തിനു മുമ്പ് രചിച്ചതാണെന്നു പറയേണ്ടതില്ലല്ലോ

തോലന്‍

ഭാസ്കരരവിവര്‍മ്മാവിന്റെ നര്‍മ്മസചിവനും ഫലിതരസികനും അഭിനയരഹസ്യവേദിയും ഉഭയഭാഷാകവിയുമായ തോലനെപ്പറ്റി കേട്ടിട്ടില്ലാത്ത കേരളീയര്‍ ഉണ്ടായിരിക്കുകയില്ലല്ലോ. കൊച്ചിരാജ്യത്തു് അടൂര്‍ക്കടുത്തുള്ള കൊണ്ടാഴിഞ്ഞാറു് എന്ന സ്ഥലത്തായിരുന്നു അദ്ദേഹത്തിന്റെ ഇല്ലമെന്നും ഐരാണിക്കുളം ഗ്രാമക്കാരനായ അദ്ദേഹത്തിന്റെ പേര്‍ നീലകണ്ഠനെന്നായിരുന്നു എന്നും കുഞ്ഞിക്കുട്ടന്‍തമ്പുരാന്‍ പ്രസ്താവിച്ചിട്ടുണ്ടു്. അതിനുള്ള ആധാരമെന്തെന്നറിയുന്നില്ല. അദ്ദഹം ഉപനീതനായിരുന്ന കാലത്തു് ഇല്ലത്തെ വൃഷലിയായ ʻചക്കിʼ എന്ന സ്ത്രീയുമായി ബന്ധമുണ്ടാകുകയും അതിന്റെ ഫലമായി ജാതിഭ്രഷ്ടു നേരിട്ടു ബ്രഹ്മചര്യത്തിന്റെ അടയാളമായ തോല്‍ (കൃഷ്ണാജിനം) താന്‍ തന്നെ പറിച്ചുകളഞ്ഞു എന്നും തന്നിമിത്തം തോലന്‍ എന്നു് അദ്ദേഹത്തിനു പേര്‍ വന്നു എന്നും ഒരൈതിഹ്യമുണ്ട്. ദാരിദ്ര്യം നിമിത്തം, വിധവയായ അമ്മ ഉപനീതനായ ഉണ്ണിയെ തിരുവഞ്ചിക്കുളത്തിനു സമീപം താമസിച്ചിരുന്ന ധനികനായ ബൌദ്ധനു വിറ്റു എന്നും, തന്റെ ബുദ്ധിസാമര്‍ത്ഥ്യം കൊണ്ടു രാജാവിന്റെ സാഹായത്തോടുകൂടി അവിടെനിന്നു രക്ഷപ്പെട്ടു എന്നും, അപ്പോള്‍ ബൌദ്ധനും മറ്റും ʻആയോ തോലാʼ എന്നു് ആശ്ചര്യപരതന്ത്രന്മാരായി ചോദിച്ചു എന്നും അങ്ങനെ ആ പേര്‍ സ്ഥിരപ്പെട്ടു എന്നും മറ്റൊരൈതിഹ്യമുണ്ടു്. ഈ രണ്ടൈതിഹ്യങ്ങളില്‍ ഒന്നിനെ വിശ്വസിച്ചേ കഴിയൂ എങ്കില്‍ രണ്ടാമത്തേതാണു് ഭേദം. സമാവര്‍ത്തനം കഴിയാത്ത ഒരുണ്ണി പെരുമാളുടെ വയസ്യനാകുക എന്നുള്ളതു് അക്കാലത്തു് അത്യന്തം അസംഭാവ്യമാണല്ലോ. ʻഅതുലന്‍ʼ എന്നുള്ളതിന്റെ തത്ഭവമാണു് തോലനെന്നുള്ളതിനു പ്രമാണമുണ്ടു്. അതുലന്‍ എന്നു് ആയിരിക്കാം തോലന്റെ പിതൃദത്തമായ നാമദേയം. ആ വസ്തുത ജനങ്ങല്‍ക്കു മനസ്സിലാകുവാന്‍ സാധിക്കാത്ത കാലം വന്നപ്പോള്‍ തോലന്‍ എന്ന പദത്തിന്റെ ആഗമനത്തിനു് ചില കെട്ടകഥകള്‍ ഉണ്ടാക്കേണ്ടിയും വന്നിരിക്കാം. ഏതായാലും തോലന്‍ വിജയനഗരസാമ്രാട്ടായ കൃഷ്ണദേവരായരുടെ സദസ്യനായ തെന്നാലി രാമകൃഷ്ണനെപ്പോലെ സല്‍ക്കവി എന്നതിനു പുറമേ ഒരു വികടകവി കൂടിയായിരുന്നു എന്നുള്ളതിനു് തര്‍ക്കമില്ല. ഒരിക്കല്‍ കുലശേഖരന്‍ ധനഞ്ജയമുണ്ടാക്കി തന്റെ ആസ്ഥാനപണ്ഡിതന്മാരായ സഹൃദയന്മാരെ വായിച്ചു കേള്‍പ്പിച്ചുകൊണ്ടിരുന്നപ്പോള്‍ തോലന്‍ കോമരത്തിന്റെ രൂപത്തില്‍ വേഷം കെട്ടി അട്ടഹസിച്ചുകൊണ്ടും നിണമൊലിപ്പിച്ചുകൊണ്ടും ʻഅയ്യോ! എനിക്കിതു സഹിക്കവയ്യേ!ʼ എന്നു പറഞ്ഞുകൊണ്ടും സഭയില്‍ ചാടി വീഴുകയും എന്താണു് സങ്കടമെന്നു രാജാവു ചോദിച്ചപ്പോള്‍ താന്‍ കാളിദാസന്റെ ശാകുന്തളനാടകമാണെന്നും പെരുമാള്‍ തന്നെ ചിത്രവധം ചെയ്തിനാലാണു് ചോരയൊലിക്കുന്നതെന്നും നിവേദനം ചെയ്യുകയും ചെയ്തു. ധനഞ്ജയത്തില്‍ ശാകുന്തളത്തിലെ ആശയങ്ങള്‍ വികൃതമായി പകര്‍ത്തീട്ടുണ്ടെന്നാണു് ആ പ്രവൃത്തികൊണ്ടു തോലന്‍ സൂചിപ്പിച്ചതു്. കാളിദാസന്റെ പേരില്‍ ധനഞ്ജയകാരനുള്ള ബഹുമാനത്തെപ്പറ്റി മുന്‍പു പറഞ്ഞിട്ടുണ്ടല്ലോ. ഇങ്ങനെ തോലനെ രാജാവുമായും അദ്ദേഹത്തിന്റെ ഭാര്യ ചെറോട്ടമ്മയുമായും മറ്റു ഘടിപ്പിച്ചു പല ഐതിഹ്യങ്ങളും പ്രചരിക്കുന്നുണ്ടു്.

വികടകവിത

യമകഘടന, ദൂരാന്വയം, അപൂര്‍വപദപ്രയാഗം മുതലായവ അര്‍ത്ഥപ്രീതിക്കു ഹാനികരങ്ങളാകയാല്‍ കാവ്യഗഡുക്കളാണെന്നായിരുന്നു തോലന്റെ ദൃഢമായ വിശ്വാസം. യമകകവികളെ കളിയാക്കി അദ്ദേഹം രചിച്ചിട്ടുള്ളതാണു് സുപ്രസിദ്ധമായ

ʻʻവന്ദേ തനയം വക്യാ നിരന്വയം ദലിതദാനവം ദേവക്യാഃ
ഥപ്രഥനന്ദാനന്ദം പദദ്വയം നാത്ര ജനിതനന്ദാനന്ദംˮ

എന്ന ശ്ലോകം. ʻവക്യാഃʼ എന്നും ʻഥപ്രഥനന്ദാനന്ദംʼ എന്നും ഉള്ള രണ്ടു പദങ്ങള്‍ ഈ ശ്ലോകത്തില്‍ നിരന്വയങ്ങളാണെന്നു കവിതന്നെ ഉല്‍ഘോഷിച്ചിരിക്കുന്നതു നോക്കുക. ദൂരാന്വേയ പ്രിയന്മാരെ പരിഹസിക്കുന്ന ഒരു ശ്ലോകമാണു് താഴെ ഉദ്ധരിക്കുന്നുതു്.

ʻʻ‌അംഭരമംബുനിപത്രമരാതിഃ
പീതമഹീശഗണസ്യ ദദാഹ
യസ്യ വധൂസ്തനയം ഗൃഹമബ്ജാ
പാതു സ വശ്ശിവലോചനവഹ്നിഃˮ

ʻʻയസ്യ അംബരം (വസ്ത്രം) പീതം; യസ്യ വധൂഃ അബ്ജാ (ലക്ഷ്മീഃ); യസ്യ തനയം (കാമദേവം) ശിവലോചനവഹ്നിഃ ദദാഹ; യസ്യ പത്രം അഹീശഗണസ്യ അരാതിഃ (ഗരുഡഃ); യസ്യ ഗൃഹം അംബുനി; സ പാതുˮ എന്നു് അന്വയിക്കുന്നതുവരെ ഈ ശ്ലോകം ഉന്മത്തപ്രലാപംപോലെയേ തോന്നുകയുള്ളു. ദൂരാന്വയത്തേയും നിരര്‍ത്ഥകപദപ്രയോഗത്തേയും ഒന്നിച്ചു് അവഹേളനം ചെയ്യുന്നതാണു്.

ʻʻഉത്തിഷ്ഠോത്തിഷ്ഠ രാജേന്ദ്ര മുഖം പ്രക്ഷായയസ്വ ടഃ
എഷ ആഹ്വയതേ കുക്കു ച വൈ തു ഹി ച വൈ തു ഹിˮ

‌എന്ന ശ്ലോകം. അപൂര്‍വപദപ്രയാഗത്തെ അധിക്ഷേപിക്കുന്നതാകുന്നു. അധോലിഖിതമായ പദ്യം.

ʻʻദൃശാവളീവ ആഭാതഃ കുശുരാനനപങ്കജേ;
അപ്പിത്തനേത്രഭക്തം ത്വാമപി ചേട്ടേ ജനാധിപ!ˮ

കുശൂരന്‍ (കവില്‍) ഭൂമിയില്‍ ശൂരന്‍; അപ്പിത്തം = അഗ്നി; ഈട്ടേ (ജനങ്ങള്‍) ഭജിക്കുന്നു. ഈ അര്‍ത്ഥം കവി പറഞ്ഞുകൊടുത്താലേ അനുവാചകനു ഗ്രഹിയ്ക്കുവാന്‍ കഴികയുള്ളു. ഓരോ പാദവും അശ്ലീലദുഷ്ടവുമാണു്. അക്കാലത്തു സ്ത്രീകള്‍ക്കു സംസ്കൃതഭാഷയിലുണ്ടായിരുന്ന അജ്ഞതയേയും അദ്ദേഹം മര്‍മ്മസ്‌പൃക്കായി അപഹസിച്ചിട്ടുണ്ടു്.‌

ʻʻഅന്നൊത്തപോക്കി, കുയിലൊത്തപാട്ടീ,
തേനൊത്തവാക്കീ, തിലപുഷ്പമൂക്കീ,
ദരിദ്രയില്ലത്തെ യവാഗുവോലെ
നീണ്ടിരിക്കും നയനദ്വയത്തീˮ

എന്ന ശ്ലോകം കേട്ടാല്‍ നെറ്റി ചുളിക്കുന്ന യുവതികല്‍

ʻʻഅര്‍ക്കശുഷ്കഫലകോമളസ്തനീ
തിന്ത്രിണീദലവിശാലലോചനാ
നിംബപല്ലവസമാനകേശിനീ
വൃദ്ധവാനരമുഖീ വിരാജതേˮ

എന്നു പറഞ്ഞാല്‍ തലകുലുക്കുന്നു. ʻʻപൂച്ചക്കണ്ണിˮ എന്നും ʻʻവാനരമുഖിˮ എന്നും വിളിച്ചാല്‍ ശുണ്ഠികടിക്കുന്നവര്‍ ʻʻഗണപതിവാഹനരിപുനയനേˮ എന്നും ʻʻദശരഥനന്ദനസഖവദനേˮ എന്നും വിളിച്ചാല്‍ പുഞ്ചിരിക്കൊള്ളുന്നു. ഇങ്ങനെയുള്ള പരിഹാസകവനങ്ങളാല്‍ തോലനു കവികളെ അവര്‍ അക്കാലത്തു തുടര്‍‌ന്നുകൊണ്ടിരുന്ന പല അപഥസഞ്ചാരങ്ങളില്‍നിന്നും വിനിവര്‍ത്തിപ്പിക്കുന്നതിനു സാധിച്ചു എന്നു നമുക്കു ധാരാളമായി വിശ്വസിക്കാം. ചുരുക്കത്തില്‍ മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ മാര്‍ഗ്ഗദര്‍ശിയാണു് തോലന്‍.

മഹോദയപുരേശചരിതം

തോലകാവ്യം എന്നുകൂടി പേരുള്ള ഈ ഗ്രന്ഥം ഇതുവരെയും കണ്ടുകിട്ടീട്ടില്ല. കവിയുടെ പുരസ്കര്‍ത്താവായ കുലശേഖരവര്‍മ്മാവു് തന്നെയാണു് നായകന്‍ എന്നുള്ളതു പേരില്‍നിന്നു വിശദമാകുന്നു. മഹോദയപുരത്തിന്റെ ഒരു വര്‍ണ്ണത്തോടുകൂടിയാണു് കാവ്യം ആരംഭിക്കുന്നുതു്. അതില്‍ എല്ലാ ശ്ലോകങ്ങളിലും പദങ്ങള്‍ അന്വയക്രമമനുസരിച്ചാണു് ഘടിപ്പിച്ചിരിക്കുന്നതെന്നും നിരര്‍ത്ഥകപദാദികാവ്യദോഷങ്ങളുടെ നിഴലാട്ടം പോലുമില്ലെന്നും കേട്ടുകേള്‍വിയുണ്ടു്. മഹോദയപുരവര്‍ണ്ണനത്തിലെ രണ്ടു ശ്ലോകങ്ങള്‍ മാത്രമേ നമുക്കു ലഭിച്ചിട്ടുള്ളൂ. അവയാണു് ചുവടേ ചേര്‍ക്കുന്നതു്.

ʻʻസ്വര്‍ജ്ജലികാ നിര്‍ജ്ജരനിര്‍ഝരിണ്യാം
യദിയസൌധാഗ്രജൂഷാം വധൂനാം
ആലോലദൃഷ്ടിപ്രകരം നിരീക്ഷ്യ
മീനഭൂമാജ്ജാലശതം ക്ഷിപന്തി.

യത്രാങ്ഗനാഃ പ്രാവൃഷി ശുഷ്കകണ്ഠാന്‍
കേളീചകോരനതിലംഘിതാഭ്രം
സൌധാഗ്രമാനീയ സമീപഭാജാ
താരാസരണ്യാ സഹ യോജന്തി.ˮ

കൂടിയാട്ടം

കേരളത്തേപ്പാലെ കൂത്തും കൂടിയാട്ടവും കുലവിദ്യയെന്നനിലയില്‍ പ്രത്യേകം ഒരു വര്‍ഗ്ഗക്കാര്‍ പ്രാചീനകാലം മുതല്‍ക്കുതന്നെ അഭ്യസിച്ചു തദ്വാരാ ജീവിതം നയിക്കുന്ന ഒരു ദേശം ഭാരതവര്‍ഷത്തില്‍ വേറെയില്ല. അവരെ ചാക്യാന്മാരെന്നു പറയുന്നു. സമുദായസോപാനത്തില്‍ തങ്ങളോടു് ഏകദേശം സമാനസ്ഥാനമുള്ള നമ്പ്യാന്മാര്‍ എന്ന വര്‍ഗ്ഗക്കാരുടെ സഹായം മാത്രമേ അവര്‍ക്കു ഇക്കാര്യത്തില്‍ ആവശ്യമുള്ളു. ചാക്യാര്‍ അഥവാ ചാക്കിയാര്‍ എന്ന പദം ചെന്തമിഴില്‍ സാഹിത്യത്തില്‍ ʻചാക്കൈയര്‍ʼ എന്ന രൂപത്തിലാണു കാണുന്നതു്. ചിലപ്പതികാരത്തില്‍ ചെങ്കട്ടുവന്‍ ഉത്തരദിഗ്വിജയം കഴിഞ്ഞു തിരിയെ വരുമ്പോള്‍ പറയൂര്‍ (വടക്കന്‍ തിരുവിതാംകൂറിലെ പറവൂര്‍) കൂത്തച്ചാക്കൈയന്‍ ത്രിപുരദഹനം കഥയാടി അദ്ദേഹത്തെ അനന്ദിപ്പിച്ചതായി വര്‍ണ്ണിച്ചിരിക്കുന്നു എന്നു് മുന്‍പു സൂചിപ്പിച്ചിട്ടുണ്ടല്ലോ.

ʻʻഉമൈയവളൊരു തിറനാകവോങ്കിയ
വിമൈയവനാടിയ കൊട്ടിച്ചേതം
പാത്തരുനാല്വകൈ മറൈയോര്‍ പറൈയൂര്‍-
ക്കൂത്തച്ചാക്കൈനാടലില്‍ മികഴ്‌ന്തവന്‍ˮ

എന്നാണ് ആ ഘട്ടത്തില്‍ ഇളങ്കോവടികളുടെ വര്‍ണ്ണനം. അതുകൊണ്ടു ക്രി. പി. രണ്ടാം ശതകത്തിനു മുന്‍പുതന്നെ അഭിനയം ചാക്യാന്മാരുടെ വൃത്തിയായിരുന്നു എന്നു നിര്‍ണ്ണയ്ക്കാം. ഈ കല അമ്പലങ്ങളില്‍ തച്ചുശാസ്ത്രമനുസരിച്ചു പണിയിട്ടിട്ടുള്ള കൂത്തമ്പലങ്ങളിലെ പ്രയോഗിക്കുവാന്‍ പാടുള്ളു. കൂടിയാട്ടത്തില്‍ പുരുഷവേഷമെല്ലാം ചാക്യാന്മാരും സ്ത്രീവേഷമെല്ലാം നങ്യാന്മാരും (നമ്പ്യാര്‍വര്‍ഗ്ഗത്തിലെ സ്ത്രീകള്‍) അഭിനയിക്കമെന്നാണു് നിയമം. ഇങ്ങനെ രണ്ടു വര്‍ഗ്ഗക്കാരും കൂടിയാടുന്നതുകൊണ്ടായിരിയ്ക്കണം കൂടിയാട്ടം എന്നു് അതിനു പേര്‍വന്നതു്. നാട്യപ്രിയനും അഭിനയമര്‍മ്മജ്ഞനുമായ കുലശേഖരവര്‍മ്മാവു തോലന്റെ സഹായത്തോടുകൂടി കൂടിയാട്ടത്തില്‍ ചില പരിഷ്കാരങ്ങള്‍ ഏര്‍പ്പെടുത്തി. ആ പരിഷ്കാരങ്ങള്‍ താഴെക്കാണുന്നവയാണെന്നു കൊച്ചി അമ്മാമന്‍ തമ്പുരാന്‍ അദ്ദേഹത്തിന്റെ ʻകൂത്തും കൂടിയാട്ടവുംʼ എന്ന പുസ്തകത്തില്‍ പ്രസ്താവിച്ചിട്ടുണ്ടു്.

  1. വിദൂഷകനും മറ്റു ചില പാത്രങ്ങളും പ്രാകൃതത്തില്‍ മാത്രമല്ലാതെ മലയാളത്തിലും സംസാരിച്ചു് സംസ്കൃതമറിഞ്ഞുകൂടാത്തവര്‍ക്കുകൂടി സംസ്കൃതനാടകാഭിനയം ആസ്വാദ്യമാക്കിതീര്‍ക്കണം;
  2. ഒരു നാടകത്തിലെ ഏതു പ്രധാനാങ്കത്തിനും ആദിയില്‍ അവതാരികാരൂപത്തില്‍ ഒരു നാന്ദിയുണ്ടായിരിക്കണം;
  3. പ്രകൃതമനുസരിച്ചു നായകനും മറ്റു പാത്രങ്ങളും ചേല്ലുന്ന സംസ്കൃതശ്ലോകങ്ങള്‍ക്കു പകരമായി വിദൂഷകന്‍ അവയ്ക്കു യോജിച്ചതും അപ്രകൃതമല്ലാത്തതും രസാവഹവുമായ പ്രതിശ്ലോകങ്ങള്‍ (മണിപ്രവാളത്തില്‍) ചൊല്ലണം;
  4. നായകനും മറ്റും പ്രധാനപാത്രങ്ങളും അവര്‍ ചൊല്ലുന്ന ശ്ലോകം അതിന്റെ സാരം സാമാന്യമായി സൂചിപ്പിക്കത്തക്ക രീതിയിലും സ്വരത്തിലും അര്‍ത്ഥം അഭിനയം, സ്തോഭം, ഹസ്തമുദ്ര ഇവകൊണ്ടു വിശദമാക്കണം. ഒടുവില്‍ അന്വയക്രമത്തില്‍ ശ്ലോകത്തിന്റെ അര്‍ത്ഥം ഒന്നുകൂടി ഈ ത്രിവിധകരണങ്ങളെക്കൊണ്ടും നടിക്കുകയും അതിനിടയില്‍ ആവശ്യംപോലം ഉചിതങ്ങളായ അവതാരികകള്‍കൊണ്ടു സന്ദര്‍ഭം വിസ്തരിക്കുകയും വേണം;
  5. അഭിനയത്തിനു തിരഞ്ഞെടുത്തിട്ടുള്ള അങ്കത്തിനുമുമ്പുള്ള കഥാഭാഗം നായകന്‍തന്നെ നിര്‍വ്വഹിക്കണം.

ഇത്തരത്തിലാണു് പെരുമാള്‍ ഏര്‍പ്പെടുത്തിയ പരിഷ്കാരങ്ങളുടെ പദ്ധതി. കൂടിയാട്ടത്തിനു ആദ്യമായി വേണ്ടതു രങ്ഗാലങ്കാരമാണു്; അതു കഴിഞ്ഞാല്‍ നടന്മാര്‍ അണിയറയില്‍ കുലദൈവങ്ങളേയും മറ്റും വന്ദിക്കണം. അപ്പോള്‍ നമ്പ്യാര്‍ അരങ്ങത്തു മിഴാവു കൊട്ടുകയും നങ്യാര്‍ അക്കിത്ത ചൊല്ലുകയും ചെയ്യുന്നു. അക്കിത്ത ഗണപതി, സരസ്വതി, ശിവന്‍ ഈ ദേവതകളെപ്പറ്റിയുള്ള സ്തുതിയാകുന്നു. അനന്തരം സൂത്രധാരന്‍ രങ്ഗത്തില്‍ പ്രവേശിച്ചു നൃത്തംചെയ്യും. ആ ചടങ്ങിനു ʻക്രിയ ചവിട്ടുകʼ എന്നാണു് പേര്‍‌. അതു കഴിഞ്ഞാല്‍ നമ്പിയാര്‍ അഭിനയിക്കുവാന്‍ പോകുന്ന അങ്കണത്തിലെ കഥാസൂചകവും നായകവന്ദനപരവുമായ ശ്ലോകവും അതിന്റെ സാരവും ചൊല്ലി അരങ്ങു തളിക്കും. പിന്നീടു് നടന്‍ പ്രവേശിച്ചു് ആ അങ്കത്തിലെ ആദ്യത്തെ വാക്യം ചൊല്ലും; അനന്തരം മങ്ഗളക്രിയയായി. പ്രഥമദിവസത്തെ ചടങ്ങു് അത്രയും കൊണ്ടു് അവസാനിക്കുന്നു. രണ്ടാം ദിവസം നടന്റെ നിര്‍വ്വഹണമാണു് നടക്കേണ്ടതു്. നിര്‍വ്വഹണമെന്നാല്‍ ആദ്യത്തെ അങ്കം മുതല്‍ അഭിനയിക്കുവാനുദ്ദേശിക്കുന്ന അങ്കം വരെയുള്ള കഥാഭാഗത്തിന്റെ അഭിനയമെന്നര്‍ത്ഥം. നായകന്റെ നിര്‍വ്വഹണം കഴിഞ്ഞാല്‍ വിദൂഷകന്‍ ആവശ്യമുള്ള നാടകങ്ങളില്‍ ആ പാത്രത്തിന്റെ പുറപ്പാടായി. വിദൂഷകന്റെ വന്ദനത്തിന്നു ഭര്‍ത്തൃഹരിയുടെ സുപ്രസിദ്ധമായ ʻബ്രഹ്മാ യേന കുലാലവന്നിയമിതഃʼ ഇത്യാദി ശ്ലോകം ഉപയോഗിക്കുന്നു. മൂന്നാമത്തെ ദിവസം മുതല്‍ നാലു പുരുഷാര്‍ത്ഥങ്ങളും സാധിക്കുവാനുള്ള ഉദ്യമമാണു് അഭിനയിക്കുന്നതു്. ധര്‍മ്മാര്‍ത്ഥകാമമോക്ഷങ്ങള്‍ക്കു പകരം അശനം, രാജസേവ, വിനോദം,വഞ്ചനം ഈ നാലുമാണു പ്രകൃതത്തില്‍ പ്രയോക്തവ്യങ്ങളായ പുരുഷാര്‍ത്ഥങങള്‍; ഇവ സാധിക്കുന്നതു വിനോദം,വഞ്ചനം, അശനം, രാജസേവ എന്ന ക്രമത്തിനുമാണു്. ഇതെല്ലാം വിദൂഷകന്റെ കര്‍ത്തവ്യപരിപാടിയില്‍ പെടുന്നു. പുരുഷാര്‍ത്ഥസാധനാഭിനയത്തില്‍ ആദ്യത്തെ ദിവസം തളിപ്പറമ്പില്‍ പൊരുന്തൃക്കോവില്‍ ക്ഷേത്രത്തിലെ മേക്കാന്തല, കീഴ്‌ക്കാന്തല ഈ രണ്ടു് ഊരാളന്മാര്‍ തമ്മിലുള്ള വിവാദം തീര്‍ക്കാലാണു് പ്രമേയം; രണ്ടാം ദിവസം വിനോദവും വഞ്ചനവും, മൂന്നാം ദിവസം അശനവും, നാലാം ദിവസം രാജസേവയുമാണു് അഭിനയിക്കേണ്ടതു്. അത്രയും കഴിയുമ്പോള്‍ രാജാവു് അദ്ദേഹത്തിന്റെ വിദൂഷകസ്ഥാനത്തില്‍ തന്നെ നിയമിച്ചതായി നടന്‍ നിവേദനം ചെയ്യുന്നു. പിന്നെ വിദൂഷകന്റെ നിര്‍വ്വഹണം നടക്കുന്നു. അങ്ങനെ ആറു ദിവസങ്ങല്‍ കഴിഞ്ഞാല്‍ ഏഴാമത്തെ ദിവസം മുന്‍കൂട്ടി നിശ്ചയിച്ചിട്ടുളള അങ്കണത്തിന്റെ അഭിനയം ആരംഭിക്കുന്നു. മൂന്നു രാത്രികൊണ്ടു അതു് അവസാനിപ്പിക്കണം. ഈ മൂന്നു ദിവസത്തെ അഭിനയമാണു് സാക്ഷാല്‍ കൂടിയാട്ടം. കൂടിയാട്ടം കഴിഞ്ഞാല്‍ നായകന്‍മാത്രം രങ്ഗത്തു നിന്നുകൊണ്ടു് ʻഅങ്കംമുടിʼക്കും. നങ്യാര്‍ മുടി (അവസാനത്തെ) അക്കിത്ത പാടുന്നതും ചാക്യാര്‍ നൃത്തം ചെയ്യുന്നതുമാണു് അതിന്റെ ചടങ്ങ്. കൂടിയാട്ടത്തിലെ അഭിനയം നാട്യപ്രധാനമാകയാല്‍ അതില്‍ ചൊല്ലിയാട്ടത്തിനു പറയത്തക്ക പ്രവേശമൊന്നുമില്ല. ചാക്യാര്‍ കൈമുദ്രകള്‍ കാണിക്കുന്നതു രണ്ടു തോളിന്റേയും സീമയ്ക്കുള്ളിലല്ലാതെ അതിനപ്പുറം കടക്കരുതെന്നു നിഷ്കൃഷ്ടമായ വ്യവസ്ഥയുണ്ടു്. നങ്യാര്‍കൂത്തു് ഏന്നൊന്നുണ്ടു്; അതു സുഭദ്രാധനഞ്ജയം ദ്വിതീയാങ്കം വിഷ്കംഭകത്തിലേ ചേടീപ്രവേശഘട്ടത്തിലുള്ള നങ്യാരുടെ അഭനയമാണു്. നങ്യാര്‍ മറ്റൊന്നും അഭിനയിക്കാറില്ല.

തോലനും കൂടിയാട്ടവും

ചാക്യാന്മാരുടെ കൂടിയാട്ടത്തിനു (1) കുലശേഖരവര്‍മ്മാവിന്റെ സംവരണവും (2) ധനഞ്ജയവും (3) ശക്തിഭദ്രന്റെ ചൂഡാമണി (പ്രത്യേകിച്ചു പര്‍ണ്ണശാലാങ്കം, ശൂര്‍പ്പണഖാങ്കം, അശോകവനികാങ്കം, അങ്ഗുലിയാങ്കം ഈ ഭാഗങ്ങള്‍) (4) നാഗാനന്ദം (പ്രത്യേകിച്ചു് നാലാമങ്കം) (5) ഭാസന്റേതെന്നു ചിലര്‍ പറയുന്ന പ്രതിജ്ഞായൌഗന്ധരായണത്തിലെ മന്ത്രാങ്കം (6) സ്വപ്നവാസവദത്തത്തിലേ സ്വപ്നാങ്കവും ശേഖാവികാങ്കവും (7) ദൂതഘടോല്‍കചം (8) ബാലചരിതത്തിലേ മല്ലാങ്കം (9) അഭിഷേകനാടകത്തിലേ ബാലിവധാങ്കവും തോരണയുദ്ധകാങ്കവും (10) പ്രതിമാനാടകത്തിലേ വിച്ഛിന്നാഭിഷേകം (11) കല്യാണസൌഗന്ധികവ്യായോഗം (12) മത്തവിലാസപ്രഹസനം (13) ഭഗവദജ്ജുകപ്രഹസനം ഇവയാണു് പ്രായേണ ഉപയോഗിച്ചുവന്നിരുന്നതു്. അഭിജ്ഞാനശാകുന്തളവും മഹാനാടകവുംകൂടി പണ്ടു രങ്ഗത്തില്‍ പ്രയോഗിച്ചിരുന്നതായി അറിവുണ്ടു്. പ്രതിമാനാടകത്തെ പാദുകാഭിഷഷേകമെന്നും അഭിഷേകനാടകത്തെ വലിയ അഭിഷേകമെന്നും പറയുന്നു. നാഗാനന്ദം നാലാമങ്കമാണു് പറക്കുംകൂത്തന്ന പേരില്‍ അഭിനയിച്ചിരുന്നുതു്. അതു് ഇപ്പോള്‍ ലുപ്തപ്രചാരമായിരുന്നു. രങ്ഗവിധാനം, വേഷം കെട്ടുന്ന സമ്പ്രദായം, കൈമുദ്രകളുടെ ക്രമം ഇങ്ങനെയുള്ള പല കാര്യങ്ങളിലും വേണ്ട വ്യവസ്ഥകള്‍ വരുത്തി അവയെ ക്രോഡീകരിച്ചു പെരുമാളുടെ മേല്‍നോട്ടത്തില്‍ തോലന്‍ ആട്ടപ്രകാരമെന്നും ക്രമദീപികയെന്നും രണ്ടുമാതിരി ഭാഷാഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടു്. ആട്ടപ്രകാരത്തില്‍ ഓരോ കഥാപാത്രവും മുദ്രകള്‍ കാണിച്ചു് ആടേണ്ടുന്ന രീതിയാണു് വിവരിച്ചിട്ടുള്ളതു്. അതിനുള്ള പദ്യങ്ങളുടേയും ചൂര്‍ണ്ണികകളുടേയും ശരിയായ അര്‍ത്ഥവും അതില്‍ വിവരിച്ചിട്ടുണ്ടു്. ക്രമദീപികയില്‍ ഓരാ രൂപത്തിലും സന്ദര്‍ഭമനുസരിച്ചു് ചേര്‍ക്കേണ്ട അവതാരിക, നടന്മാര്‍ രങ്ഗത്തിലും മറ്റു അനുഷ്ഠിക്കേണ്ട കൃത്യങ്ങള്‍, വിദൂഷകന്റെ ചടങ്ങുകള്‍ മുതലായ വിഷയങ്ങള്‍ പ്രതിപാദിച്ചിരിക്കുന്നു. ഓരോ പാത്രങ്ങളും ഇന്ന വിധത്തില്‍ വേഷം ധരിക്കണമെന്നും ഇന്ന താളത്തിലുള്ള കൊട്ടോടുകൂടി രംഗപ്രവേശം ചെയ്യണമെന്നും ഇന്ന സ്വരത്തില്‍ ശ്ലോകങ്ങളും മറ്റും ചൊല്ലണമെന്നും ഇതില്‍ വിധിച്ചിട്ടുണ്ട്. അന്നു പെരുമാളും തോലനും കൂടി തീര്‍ച്ചപ്പെടുത്തിയ രീതിയില്‍ത്തന്നെയാണു് ഇന്നും കൂടിയാട്ടവും കുത്തും നടന്നുപോരുന്നതെന്നും, കാലാന്തരത്തില്‍ പുതിയ സമ്പ്രദായങ്ങളൊന്നും സ്വീകരിക്കരുതെന്നും എല്ലാ നടന്മാരുടെ അഭിനയത്തിനും ഐകരൂപ്യമുണ്ടായിരിക്കണമെന്നും വിധിയുണ്ടെന്നും അഭിജ്ഞന്മാര്‍ പറഞ്ഞു കേട്ടിട്ടുണ്ടു്. അഭിനയോപയുക്തങ്ങളായ നാടകങ്ങള്‍ക്കെല്ലാം പ്രത്യേകം പ്രത്യകം ആട്ടപ്രകാരവും ക്രമദീപികയുമുണ്ടു്. ഇവ മുഴുവന്‍ തോലന്റെ കൃതിയാണെന്നു് എനിക്കു് അഭിപ്രായമില്ല. വിദൂഷകന്‍ ചൊല്ലേണ്ട ഭാഷാശ്ലോകങ്ങളിലും ഏതാനും ചിലതു മാത്രമേ തോലന്റേതായുള്ളു. ശേഷമുള്ളവ ഓരോ കാലത്തു് ഓരോ സരസന്മാര്‍ കൂട്ടിച്ചേര്‍ത്തതാണു്. ഒരാട്ടപ്രകാരഗ്രന്ഥത്തില്‍ കിളിമാനൂര്‍ വിദ്വാന്‍ കോയിത്തമ്പുരാന്റെ സന്താനഗോപാലം ശീതങ്കന്‍ തള്ളലിലുള്ള ʻʻഅമ്പത്താറൂഴിഭാഗാന്തരമതില്‍ മരുവിടുന്ന ഭൂപാലമീശക്കൊമ്പന്മാരുണ്ടനേകംˮ എന്ന ശ്ലോകം എടുത്തു ചേര്‍ത്തിരിക്കുന്നതായി ഞാന്‍ കണ്ടിട്ടുണ്ട്. ഉദ്ദേശം അറുപതു കൊല്ലത്തിനു മുമ്പു വൈക്കത്തിനു സമീപം ജിവിച്ചിരുന്ന തിരുവാമ്പാടി കൊച്ചുനമ്പൂരിയുടെ ശ്ലോകങ്ങളും ആ കൂട്ടത്തില്‍ സ്ഥലം പിടിച്ചിട്ടുണ്ട് സംസ്കൃതകവികളുടെ ചില ഉന്മാര്‍ഗ്ഗവിഹാരങ്ങളെ നിയന്ത്രിക്കുക, തന്റെ കാലംവരെ അവ്യവസ്ഥിതമായി കിടന്നിരുന്ന കൂടിയാട്ടത്തിലും കൂത്തിലും ആശാസ്യങ്ങളായ പല പരിഷ്കാരങ്ങളും നടപ്പില്‍ വരുത്തുക, മണിപ്രവാളകവിതയേയും ഭാഷാകവിതയേയും പുഷ്ടിപ്പെടുത്തുക, ഇവയാണു് കേരളത്തിലെ സാഹിത്യത്തിന്നും നാടകകലയ്ക്കും തോലനില്‍നിന്നു ലഭിച്ച മുഖ്യസഹായങ്ങള്‍.

കൂത്തു്

സൂതന്‍ സദസ്സില്‍ ഇരുന്നുകൊണ്ട് ബ്രാഹ്മണര്‍ക്കു കഥാപ്രവചനരൂപത്തില്‍ സന്മാര്‍ഗ്ഗോപദേശം ചെയ്യുന്ന രീതിയിലാണല്ലോ പുരാണങ്ങള്‍ ഉപക്രമിപ്പിച്ചിരിക്കുന്നതു്. ആ വഴിക്കതന്നെയായിരിക്കും കൂത്തിന്റെയും ഉത്ഭവം. സൂതനെപ്പോലെ ചാക്കിയാര്‍ക്കും പീഠത്തില്‍ ഇരുന്നുകൊണ്ടു് കഥ പറയാം. ക്ഷേത്രങ്ങളിലെ കൂത്തമ്പലങ്ങളില്‍ മാത്രമേ കൂത്തും കൂടിയാട്ടവും പാടുള്ളൂ എന്നും ആ അവസരങ്ങളില്‍ ബ്രാഹ്മണര്‍ക്കേ തറയില്‍ ഇരിക്കാവൂ എന്നും നിയമമുണ്ടു. ആദികാലത്തു സൂതനെപ്പോലെ ഭഗവല്‍കഥ വര്‍ണ്ണിക്കുക എന്നുള്ളതു മാത്രമായിരുന്നിരിക്കണം ചാക്കിയാരുടെ വൃത്തിയെന്നും, പിന്നീടു് ക്രമേണ അവര്‍ വ്യങ്ഗ്യഭങ്ഗിയുള്ള ചമ്പൂപ്രബന്ധങ്ങളില്‍ ഗദ്യപദ്യങ്ങള്‍ ഉദ്ധരിച്ചു, അവയ്ക്കു വിസ്തരിച്ചു് അര്‍ത്ഥം പറഞ്ഞുകേള്‍പ്പിച്ചു്, ഹാസ്യവും അഭിനയവും മറ്റും ഇടകലര്‍ത്തി ആ പദ്ധതി വികസിപ്പിച്ചു്, അതിനെ പണ്ഡിതന്‍മാര്‍ക്കും പാമരന്മാര്‍ക്കും ഒന്നുപോലെ ആകര്‍ഷകമാക്കിത്തീര്‍ത്തു എന്നും വടക്കുങ്കൂര്‍ രാജരാജവര്‍മ്മരാജാവു പ്രസ്താവിച്ചിട്ടുള്ളതിനോടു ഞാന്‍ പൂര്‍ണ്ണമായി യോജിക്കുന്നു. കൂത്തും കൂടിയാട്ടവും സംബന്ധിച്ചുള്ള ശ്ലോകങ്ങള്‍ ചൊല്ലുന്നതിനു് അനേകം രാഗങ്ങള്‍ പ്രാചീനാചാര്യന്മാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ടു്.

ʻʻമുഡ്ഡശ്രീകണ്ഠതൊണ്ടാര്‍ത്തന്‍ ഇന്ദളം മുളീന്ദളം
വേളാധൂളി തഥാ ഭാണം വീരതര്‍ക്കന്‍ ച തര്‍ക്കവും;
കോലക്കുറിഞ്ഞീ പോരാളി; പൊറനീരം തഥൈവ ച
ദുഃഖഗാന്ധാരവും പിന്നെച്ചെഴിപഞ്ചമഭാണവും.
ശ്രീകാമതാ കൈശികിയും ഘട്ടന്തരിയമന്തരിˮ

എന്നീ രാഗങ്ങളാണു് അവയില്‍ പ്രധാനം. ഇവ ഏതവസരങ്ങളില്‍ പ്രയോഗിക്കണമെന്നും ആചാര്യന്മാര്‍തന്നെ ഉപദേശിക്കുന്നു.

രാക്ഷസീനാം തു സംഭോഗശൃങ്ഗാരേ മുഡ്ഡ ഇഷ്യതേ;
ശ്രീരാമസ്യ തു സംഭോഗശൃങ്ഗാരേ മുരളീന്ദളം.
കോരക്കുറിഞ്ഞീരാഗേഷു വാനരാണാം വിശേഷതഃ;
പൊറനീരാഖ്യാരാഗസ്തു വര്‍ഷാകാലസ്യ വര്‍ണ്ണനേ.

അങ്കാവസാനേ ശ്രീകണ്ഠീ ദുഷ്ടാനാം ച നിബര്‍ഹണേ;
സന്ധ്യാവര്‍ണ്ണനവേളായാം മദ്ധ്യാഹ്നസ്യ ച വര്‍ണ്ണനേ.

ഈ രാഗങ്ങള്‍ പലതും തമിഴ് ഇടൈകളി‍ല്‍ പണ്ടുതന്നെ പ്രചുരപ്രചാരങ്ങളായിരുന്നു. പൊറനീരും മററും ഇപ്പോള്‍ കേരളത്തില്‍ മാത്രമേ നടപ്പുള്ളു. അവ പഴയ ദ്രാവിഡരാഗങ്ങളായിരുന്നു.

സൂകുമാരന്‍—ശ്രീകൃഷ്ണവിലാസം

സംസ്കൃതഭാഷയില്‍ വിരചിതങ്ങളായിട്ടുള്ള മഹാകാവ്യങ്ങളില്‍ ശ്രീകൃഷ്ണവിലാസത്തിന്റെ സ്ഥാനം അത്യന്തം മഹനീയമാണു്. സൌകുമാര്യം, സമത, പ്രസാദം, മാധുര്യം, അര്‍ത്ഥവ്യക്തി മുതലായ ഗുണങ്ങള്‍ ഇത്രമാത്രം തികഞ്ഞിട്ടുള്ള കാവ്യങ്ങള്‍ വേറെ ഉണ്ടെന്നു താന്നുന്നില്ല. കേരളീയര്‍ പണ്ടേയ്ക്കുപണ്ടേ പ്രസ്തുതകാവ്യത്തിന്റെ പരമാരാധകന്മാരാണു്. ശ്രീരാമോദന്തം വായിച്ചു് ഒരു മാതിരി വിഭക്തിജ്ഞാനം സമ്പാദിച്ചു കഴിഞ്ഞാന്‍ ബാല്യത്തില്‍ അവര്‍ ഇന്നും പഠിക്കുന്ന ആദ്യത്തെ ഗ്രന്ഥം അതാണെന്നു പറയേണ്ടിതില്ലല്ലോ.

അപൂര്‍ണ്ണത

ശ്രീകൃഷ്ണവിലാസം പന്ത്രണ്ടാമത്തെസര്‍ഗ്ഗം മുഴുപ്പിക്കുന്നതിനും കവിക്കു സാധിച്ചിട്ടില്ല.

ʻʻവ്രാതേന പൂഗദ്രുമവാടികാനാം
നിവാരയന്നര്‍ക്കമഹഃപ്രകാശാന്‍
പാരം ശ്രിതാന്‍ പശ്ചിമവാരിരാശേഃ
പശ്യ പ്രിയേ!കോങ്കണഭൂവിഭാഗാന്‍.ˮ

എന്ന അറുപത്താറാമത്തെ ശ്ലോകമാണ് അദ്ദേഹം ഒടുവില്‍ എഴുതിയതു്. പാരിജാതംഹരണം കഴിഞ്ഞു ദേവലോകം വിട്ടു ഭൂമിയിലെത്തുമ്പോള്‍ ശ്രീകൃഷ്ണന്‍ സത്യഭാമയ്ക്ക് ഓരോ ദേശമായി കാണിച്ചുകൊടുക്കുകയും അതാതിന്റെ മാഹാത്മ്യം വര്‍ണ്ണിച്ചു കേള്‍പ്പിയ്ക്കയും ചെയ്യുന്നു. പാണ്ഡ്യരാജ്യത്തേയും ചോളരാജ്യത്തേയും വര്‍ണ്ണിച്ചതിനുശേഷം സപ്തകൊങ്കണങ്ങളെ വര്‍ണ്ണിക്കുന്നതിനു പില്‍ക്കാലത്തുള്ള കവികളില്‍ ആരുംതന്നെ ഉദ്യമിച്ചിട്ടില്ലെന്നുള്ള പ്രസ്തുതകാവ്യത്തിന്റെ അന്യാദൃശമായ വൈശിഷ്ട്യത്തിനു നിദര്‍ശനമാകുന്നു.

ʻʻനിരാകൃതക്ഷത്രീയമണ്ഡലേന
വിശ്വംഭരാഭാരനിരാസ്പദേന
അമീഷു സിന്ധോസ്സ്വബലാര്‍ജ്ജിതേഷു
കൃതം പദം ഭാമിനി! ഭാര്‍ഗ്ഗവേണˮ

എന്നു തുടങ്ങി ആറു ശ്ലോകങ്ങള്‍കൂടി ചില ഗ്രന്ഥങ്ങളില്‍ കാണ്മാനുണ്ടു്; അവ സുകുമാരന്റെ ശ്ലോകങ്ങളല്ല. ʻവ്രാതേന പൂഗദ്രുമʼ എന്ന ശ്ലോകം വ്യാഖ്യാനിച്ചതിനുമേല്‍ രാമപാണിവാദന്‍ വിലാസിനിയില്‍ ʻഇത്യേതാവത്യേവ മഹാകാവ്യസ്യാസ്യപ്രവൃത്തിരിതി സമ്പൂര്‍ണ്ണം മങ്ഗലംʼ എന്നു പ്രസ്താവിച്ചിരിക്കുന്നു. ഗുരുവിന്റെ ശാസനകാര്‍ക്കശ്യം സഹിക്കവയ്യാതെ അദ്ദേഹത്തെ വധിക്കുവാന്‍ സുകുമാരന്‍ ഒരു ദിവസം രാത്രിയില്‍ തട്ടിന്‍പുറത്തു് ഒരു കല്ലുമായി ഒളിഞ്ഞിരിക്കുന്നു എന്നും അപ്പോള്‍ ഗുരുപത്നിക്കും ഗുരുവിനും തമ്മില്‍ തനിക്കു് അത്യന്തം അഭിമാനജനകമായ ഒരു സംഭാഷണം നടന്നു എന്നും, അതുകേട്ടു പിറ്റേ ദിവസം കാലത്തു ഗുരുവധ്യോദ്യമത്തിനുള്ള ശിക്ഷയെന്തെന്നു ഗുരുവില്‍ നിന്നു തന്നെ ഗ്രഹിച്ചു് അദ്ദേഹം എത്ര തന്നെ തടുത്തിട്ടും വഴിപ്പെടാതെ ഒരു കുണ്ഡമുണ്ടാക്കി ഉമി നിറച്ചു് അതില്‍ തീ കത്തിച്ചു് അവിടെനിന്നുകൊണ്ടു് ദേഹം നീറ്റി ആത്മഹത്യ ചെയ്തു എന്നും കേരളത്തില്‍ ഒരൈതിഹ്യം സുകുമാരനെപ്പറ്റിയും പ്രഭാകരമിശ്രനെ സംബന്ധിച്ചുള്ള രീതിയില്‍ പ്രചരിക്കുന്നു. ഈ വസ്തുത ഞാന്‍‌ മുന്‍പു സൂചിപ്പിച്ചിട്ടുണ്ട്. ഉമിത്തീയില്‍ നില്‍ക്കുമ്പോള്‍ സുകുമാരന്‍ ഉണ്ടാക്കിച്ചൊല്ലിയതാണു് ശ്രീകൃഷ്ണവിലാസമെന്നും ʻപശ്യ പ്രിയേ! കോങ്കണഭൂവിഭാഗാന്‍ʼ എന്ന പദം ചൊല്ലിയപ്പോള്‍ നാക്കു വെന്തുപോകയാലാണു് ശേഷം ഭാഗം രചിക്കാഞ്ഞതു് എന്നും ഐതിഹ്യം ഇടരുന്നു. പ്രഭാകരനായിരുന്നു ആത്മഹത്യ ചെയ്തതെന്നും പ്രഭാകരന്റെ നാമാന്തരമാണു് സുകുമാരന്‍ എന്നും സങ്കല്പിക്കുന്നവരുമുണ്ടു്. ഈ ഐതിഹ്യങ്ങളില്‍ യാതൊരു വാസ്തവാംശവും ഉള്ളതായി എനിക്കു തോന്നുന്നില്ല. കാവ്യം സമാപിപ്പിക്കുന്നതിനു മുന്‍പു കവി മരിച്ചുപോയി എന്നുമാത്രം അനുമാനിക്കാം.

സുകുമാരനും കേരളവും

ശ്രീകൃഷ്ണവിലാസത്തിന്റെ പ്രചാരം അധികമായി കാണുന്നതു കേരളത്തിലാണെങ്കിലും സുകുമാരന്‍ കേരളീയനാണോ എന്നു സംശയിയിക്കേണ്ടിയിരിക്കുന്നു. അതിനുള്ള ചില കാരണങ്ങള്‍ ഞാന്‍ വിജ്ഞാന ദീപിക നാലാംഭാഗത്തില്‍ സുകുമാരകവിയെപ്പറ്റിയുള്ള എന്റെ ഉപന്യാസത്തില്‍ എടുത്തു കാണിച്ചിട്ടുണ്ടു്. ശങ്കരന്റേയും പാര്‍വ്വതിയുടേയും പുത്രനായി ഭാരതീഭൂഷണനെന്ന ബിരുദത്തോടുകൂടി ക്രി.പി. പന്ത്രണ്ടാംശതകത്തോടടുപ്പിച്ചു ഭട്ടസുകുമാരന്‍ എന്നൊരു സ്മാര്‍ത്തബ്രാഹ്മണകവി ശ്രീരങ്ഗത്തു സന്നിധാനം ചെയ്തിരുന്നു. അദ്ദേഹം ഏഴങ്കമുള്ള രഘുവീരചരിതം എന്ന നാടകത്തിന്റെ നിര്‍മ്മാതാവാണു്. ഈ ഭട്ടസുകുമാരനായിരിക്കുമോ ശ്രീകൃഷ്ണവിലാസകാരന്‍ എന്നത്രേ എന്റെ ശങ്ക. അതെങ്ങനെയിരുന്നാലും കൂടുതല്‍ തെളിവുകള്‍ കിട്ടുന്നതുവരെ സുകുമാരനെ ഒരു കേരളീയനായി ഗണിയ്ക്കുന്നതാണു് പ്രഹതമായ പന്ഥാവിനെ കഴിവുള്ളിടത്തോളം അനുസരിക്കേണ്ട സാഹിത്യചരിതകാരന്റെ ചുമതല. ശ്രീകൃഷ്ണവിലാസത്തിന്റെ കാലം ക്രി.പി. പന്ത്രണ്ടാം ശതകത്തിനു മേലാണെന്നു ഞാന്‍ കരുതുന്നില്ല.

വ്യാഖ്യാനങ്ങള്‍

ശ്രീകൃഷ്ണവിലാസം പത്താം സര്‍ഗ്ഗത്തില്‍ ഏതാനും ഭാഗംവരെ കവിയൂര്‍ രാമന്‍നമ്പ്യാര്‍ തര്‍ജ്ജമ ചെയ്തിട്ടുണ്ടു്. അതിനുമേലുള്ള ഭാഗത്തിന്റെ ഭാഷാന്തരീകരണത്തിനു് ആരും ഉദ്യമിച്ചിട്ടില്ല. സംസ്കൃതത്തില്‍ രാമപാണിവാദന്റെ വിലാസിനി എന്ന വ്യാഖ്യാനത്തിനാണു് അഗ്രിമസ്ഥാനം നല്‍കേണ്ടതു്. അതു സമ്പൂര്‍ണ്ണമാണെന്നു കാണിച്ചുവല്ലോ. ʻʻയത്രോദ്യതാനാം കുസുമാപചായേ കാന്താസു കല്പദ്രുമവാടികാസുˮ ഇത്യാദി ശ്ലോകത്തിനു് ʻʻകസുമാപചായേ പുഷ്പോച്ചയേ, ഹസ്താദാനേ ചേരസ്തേയ ഇതി ണ്യാന്താല്‍ അധഃസ്ഥിതാനാമേവ ഹസ്തേന പുഷ്പാപചയോ യുജ്യതേˮ എന്നും മറ്റും സമഞ്ജസമായി അര്‍ത്ഥകല്പനം ചെയ്യുന്ന പാണിവാദന്റെ സഹൃദയത്വം ശ്ലാഘനീയമായിരിക്കുന്നു. മറ്റൊരു വ്യാഖ്യാനത്തിന്റെ പേര്‍ ബാലപാഠ്യയെന്നാണു്. ʻʻശ്രീവൈഷ്ണവാഗ്രസരവാരിജസത്തമൌ തൌ ഗോപാലമാധവഗുരൂˮ എന്ന പദ്യത്തില്‍ നിന്നു ഗോപാലപ്പിഷാരടിയും മാധവവാരിയരുമാണു് വ്യാഖ്യാതാവിന്റെ ഗുരുക്കന്മാരെന്നു കാണുന്നു.

ʻʻബാലപാഠ്യാഭിധാ കാചിദസ്യ വ്യാഖ്യാ വിരച്യതേ
താമ്രപത്രാലയസ്ഥേന ഗോവിന്ദേന യഥാന്വയാല്‍
സുകുമാരസരസ്വതീരസാര്‍ദ്രാ
ഹരിലീലാമനുരുദ്ധ്യ ജേജയീതി
മലിനാപി വിഗാഹനാദമുഷ്യാം
വിമലാ സ്യാന്ന കഥം മദീയവാണീ?ˮ

എന്ന പ്രസ്താവനയില്‍നിന്നു ചെമ്പോലില്‍ ഗോവിന്ദനെന്നൊരു പണ്ഡിതനാണു് വ്യാഖ്യാതാവെന്നും കൊല്ലം 1055 മുതല്‍ 1060 വരെ തിരുവിതാംകൂറില്‍ നാടുവാണിരുന്ന വിശാഖം തിരുനാള്‍ മഹാരാജാവിന്റെ ആജ്ഞ അനുസരിച്ചു് ഇലത്തൂര്‍ രാമസ്വാമിശാസ്ത്രികള്‍ ഉണ്ടാക്കിയ മഞ്ജുഭാഷിണിയാണു്. ഇതിന്റെ അഞ്ചാംസര്‍ഗ്ഗംവരെയുള്ള ഭാഗം മാത്രമേ ഞാന്‍ കണ്ടിട്ടുള്ളു.

ലക്ഷ്മീദാസന്‍

ദേശം

കൊച്ചിരാജ്യത്തു കണയന്നൂര്‍ത്താലൂക്കില്‍ വെള്ളാരപള്ളിയില്‍ വടക്കുഭാഗത്തു തൃപ്പൂതമങ്ഗലം എന്നൊരു ക്ഷേത്രമുണ്ടു്. ആ ക്ഷേത്രത്തിനടുത്തുള്ള പോലീസ്‌സ്റ്റേഷന്റെ തെക്കേ പറമ്പിലായിരുന്നുവത്രേ കരിങ്ങമ്പള്ളിമന സ്ഥിതിചെയ്തിരുന്നതു്. നാലു തളികളില്‍ കീഴ്ത്തളി ഐരാണിക്കുളം ഗ്രാമത്തിനും ചിങ്ങപുരത്തുതളി ഇരിങ്ങാലക്കുട ഗ്രാമത്തിനും നെടിയതളി പറവൂര്‍ഗ്രാമത്തിനും മേല്‍ത്തളി മൂഴിക്കുളം ഗ്രാമത്തിനും അവകാശപ്പെട്ടിരുന്നു എന്നു മുന്‍പു് പ്രസ്താവിച്ചിട്ടുണ്ടല്ലോ. ʻʻതളിയാതിരി അവരോധം പുക്കു തോന്നിയതു കരിങ്ങമ്പള്ളി സ്വരൂപവും കാരിമുക്കില്‍ സ്വരൂപവും ഇളമ്പരക്കോട്ടു സ്വരൂപവുˮമാണെന്നു കേരളോല്‍പത്തിയില്‍ പ്രസ്താവിച്ചുകാണുന്നു. ആ സ്വരൂപങ്ങളില്‍ ഇളമകളായിരിക്കുന്നവരാണു് തളിയാതിരിമാരാകുക; അവര്‍ക്കു വിവാഹം പാടില്ലായിരുന്നു. ഐരാണിക്കുളം ഗ്രാമത്തിലെ തളിയാതിരിസ്ഥാനമാണു് കരിങ്ങമ്പള്ളി സ്വരൂപത്തില്‍നിന്നു നടത്തിവന്നതു്. ആ സ്വരൂപം അന്യം നിന്നിട്ടു് ഇരുനൂറ്റി ചില്വാനം കൊല്ലങ്ങള്‍ കഴിഞ്ഞിരിക്കുന്നു എന്നു് അഭിജ്ഞന്മാര്‍ പ്രസ്താവിക്കുന്നു. അത്തരത്തില്‍ ആഭിജാത്യംകൊണ്ടും ആര്‍ത്ഥപുഷ്ടികൊണ്ടും ഉച്ചസ്ഥമായ ഒരു കുടുംബത്തിലായിരുന്നു ലക്ഷ്മീദാസന്‍ നമ്പൂതിരിപ്പാട്ടിലെ ജനനം. കാളിദാസനെ അനുകരിച്ചു് തന്നെസ്സംബന്ധിച്ചു് അന്വര്‍ത്ഥമായ ലക്ഷ്മീദാസനെന്ന പേര്‍ കവി സ്വീകരിച്ചു എന്നേ ഊഹിക്കേണ്ടതുള്ളൂ; പിതൃദത്തമായ നാമധേയം എന്തെന്നറിവാന്‍ മാര്‍ഗ്ഗമില്ല.

കാലം

ʻʻലക്ഷ്മ്യാ രങ്ഗേ ശരദി ശശിനസ്സൌധശൃങ്ഗേ കയോശ്ചില്‍
പ്രേമ്ണാ യൂനോസ്സഹ വിഹരതോഃ പേശലാഭിഃ കലാഭിഃ
ദ്വാരാസേധഃ ക്വ നു ഹതവിധേര്‍ദ്ദൂ രനീതസ്സ തസ്യാ–
ശ്‌ശ്രാന്തസ്സ്വപ്നേ ശുകമിതി ഗിരാ ശ്രാവ്യയോ സന്ദിദേശˮ

എന്നതാണു് ശുകസന്ദേശത്തിലെ പ്രഥമശ്ലോകം. ഈ ശ്ലോകത്തിലെ ʻʻലക്ഷ്മ്യാ രങ്ഗേˮ എന്ന ഭാഗം കലിവര്‍ഷസംഖ്യയെ കുറിക്കുന്നതാണെന്നു വിചാരിച്ചു ചിലര്‍ ക്രി.പി. 112-ലാണ് പ്രസ്തുതഗ്രന്ഥത്തിന്റെ നിര്‍മ്മാണം എന്നും ʻʻദൂരനീതസ്സതസ്യാഃˮ എന്ന ഭാഗം കലിദിനസംഖ്യയെ കുറിക്കുന്നു എന്നു സങ്കല്പിച്ചു കൊണ്ടു മറ്റു ചിലര്‍ കൊല്ലം 666-ല്‍ ആണു് അതിന്റെ രചനയെന്നും വാദിക്കുന്നു. ഈ രണ്ടു പക്ഷവും ശരിയല്ല. ക്രി.പി. രണ്ടാംശതകത്തില്‍ തളിയാതിരിമാരുണ്ടായിരുന്നതിനോ അവര്‍ ശൂകസന്ദേശത്തില്‍ വര്‍ണ്ണിക്കുന്ന അധികാരങ്ങള്‍ നടത്തിയിരുന്നതിനോ തെളിവില്ലെന്നു മുന്‍പ് പ്രസ്താവിച്ചിട്ടുണ്ട്. ക്രി.പി. രണ്ടാംശതകത്തിലെ സംസ്കൃതകാവ്യശൈലിയല്ല ശുകസന്ദേശത്തില്‍ നാം കാണുന്നതു്. കൊല്ലം 666-ല്‍ അല്ല ലക്ഷ്മീദാസന്റെ ജീവിതകാലമെന്നു ഖണ്ഡിച്ചുതന്നെ പറയാം. അതിനുമുമ്പ് അദ്ദേഹം അത്യുജ്ജ്വലമായി പ്രശംസിക്കുന്ന തൃക്കണാമതിലകത്തിന്റ മഹിമ അസ്തമിച്ചുകഴിഞ്ഞിരുന്നു. അന്നു തിരുവഞ്ചിക്കുളം കവി വര്‍ണ്ണിക്കുന്ന വിധത്തില്‍ പെരുമാക്കന്മാരുടെ രാജധാനിയുമല്ലായിരുന്നു. പോരാത്തതിനു ശുകസന്ദേശത്തിലെ ആറാമത്തെ ശ്ലോകത്തിലേ ʻആസ്ഥാ ലോകേവിപുലമനസാംʼ എന്ന ഭാഗം ക്രി.പി. പതിന്നാലാം ശതകത്തില്‍ ആവിര്‍ഭവിച്ചു എന്നുള്ളതിനെപ്പറ്റി പക്ഷാന്തരമില്ലാത്ത ഉണ്ണുനീലിസന്ദേശത്തില്‍ ഉദ്ധരിച്ചുകാണുന്നുമുണ്ടു്. ʻദൂരനീതസ്സതസ്യാഃʼ എന്നതു കവിയുടെ കാലത്തേയും, ʻലക്ഷ്മ്യാ രങ്ഗേʼ എന്നതു സന്ദേശത്തിനു വിഷയമായ സംഭവത്തിന്റെ കാലത്തേയും കുറിക്കുന്നു എന്നു പറയുന്നുതു് ഇതിനേക്കാള്‍ അനുപന്നമാണു്. വാസ്തവത്തില്‍ ആ ശ്ലോകത്തില്‍ കലിസൂചനയേയില്ല. കവിതന്നെയാണു് വിയുക്തനായ നായകന്‍; അദ്ദേഹം ശൂകമുഖമായി സന്ദേശമയയ്ക്കുന്നതു തൃക്കണാമതിലകത്തുകാരിയായ തന്റെ പ്രിയതമയ്ക്കുമാണു്. ശുകസന്ദേശത്തില്‍ ഒരു ശ്ലോകത്തിലെങ്കിലും കലിയുള്ളതായി അതിന്റെ വ്യാഖ്യാതാക്കന്മാരില്‍ ആരും പറഞ്ഞിട്ടുമില്ല. അന്നു കൊല്ലത്തല്ലാതെ വേണാട്ടു (കൂപക) രാജാക്കന്മാര്‍ക്കു തിരുവനന്തപുരത്തു പ്രത്യേകം രാജധാനിയുള്ളതായി കവി പ്രസ്താവിക്കാത്തതു് അവിടെ പ്രത്യേകമൊരു ശാഖ താമസിക്കാത്തതുകൊണ്ടായിരിക്കും. എന്നാല്‍ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തെ പുളകോല്‍ഗമമുണ്ടാകുന്ന വിധത്തില്‍ വര്‍ണ്ണിക്കുന്നുമുണ്ടു്. കൊല്ലത്തിനു പുറമേ കായങ്കുളത്തും അവര്‍ക്കൊരു രാജധാനിയുളളതായി പ്രസ്താവിക്കുന്നു. ഓണാടെന്ന കായങ്കുളം രാജ്യം പതിന്നാലാം ശതകത്തിനുമുമ്പ് വേര്‍തിരിഞ്ഞതിനു രേഖകളുണ്ടു്. തെക്കുങ്കൂറും വടക്കുങ്കൂറും അന്നു പിരിഞ്ഞു കഴിഞ്ഞിരുന്നില്ല. തിരുവഞ്ചിക്കുളത്തൈ മഹാരാജാവിനേയും അവരോധനാധികാരികളായ തളിയാതിരിമാരേയും യഥാക്രമം

ʻʻഉത്തീര്‍ണ്ണസ്താമുദധിദയിതാമുത്തരേണ ക്രമേഥാ
രാജല്‍പത്തിദ്വിവഹയരഥാനീകിനീം രാജധാനീം
രാജ്ഞാമാജ്ഞാനിയമിതനൃണാമാനനൈര്‍ഭൂരിധാമ്നാം
രാജാ രാജ്യേത്യവനിവലയേ ഗീയതേ യന്നികേതഃˮ

എന്നും

ശാസ്ത്രേ ശാസ്ത്രേപി ച ഭൃഗുനിഭൈശ്ശശ്വദുദ്ഭാസതേ യാ
വിപ്രേന്ദൈസ്തൈര്‍വിപുലമഠവര്യാവലീഷു സ്ഥലീഷുˮ

എന്നുള്ള ശ്ലോകങ്ങളില്‍ ചിത്രണം ചെയ്തിരിക്കുന്നു. ആദ്യത്തേ ശ്ലോകം സ്ഥാനച്യൂതനായ ഒരു രാജാവിനു ഒരിക്കലും യോജിക്കുന്നതല്ലല്ലോ, ഇതേല്ലാം വച്ചുനോക്കുമ്പോള്‍ ക്രി.പി. പത്താം ശതകത്തിലോ പതിനൊന്നാം ശതകത്തിലോ ഉള്ള ഒരു കൃതിയായിരിക്കും ശുകസന്ദേശം എന്നു പറവാന്‍ തോന്നുന്നുണ്ടു്.

ചരിത്രം

മറ്റു ചില വിശിഷ്ടകവികളെപ്പറ്റി എന്ന പോലെ ലക്ഷ്മീദാസനെപ്പറ്റിയും ഒരു കഥ പറയാനുണ്ട്. ബാല്യത്തില്‍ അദ്ദേഹം മന്ദബുദ്ധിയായിരുന്നു. തന്നിമിത്തം അദ്ദേഹത്തെ പഠിപ്പിച്ചിരുന്ന ശാസ്ത്രികള്‍ പിരിഞ്ഞുപോകന്‍ നിശ്ചയിച്ചു. അപ്പോള്‍ അകായിലുള്ളവര്‍ ʻഈ ചെപ്പുകുടം കൊട്ടത്തളത്തിലുള്ള കരിങ്കല്ലിനെക്കൂടി കുഴിച്ചിട്ടുണ്ടു്ʼ എന്നു പറഞ്ഞു ശാസ്ത്രികളെ ആശ്വസിപ്പിച്ചു. കാലക്രമത്തില്‍ അദ്ദേഹത്തിന്റെ ശ്രമം ഫലവത്തുമായി. ഇതാണു് ആ കഥ. മറ്റൊരു കഥ കവിയുടെ പരദേശയാത്രയുമായി കെട്ടുപെട്ടു കിടക്കുന്നു. പരദേശത്തു ലക്ഷ്മീദാസന്‍ ഒരു ദിവസം രാത്രിയില്‍ ഒരു ബ്രാഹ്മണഗൃഹത്തില്‍ ചെന്നു. ആ ഗൃഹത്തിന്റെ നായകന്‍ അദ്ദേഹത്തിനു് അത്താഴമാകട്ടെ അകത്തുകിടക്കുവാന്‍ സ്ഥലമാകട്ടെ കൊടുത്തില്ല. കവി പുറന്തിണ്ണയില്‍ കിടന്നു് ഉറക്കം വരാതെ വലഞ്ഞു. അപ്പോള്‍ ഗൃഹത്തിനകത്തു ചിലര്‍ പുതിയ വാവ്യമായ ശുകസന്ദേശം വായിച്ചു് അര്‍ത്ഥവിചാരം ചെയ്തുകൊണ്ടിരിക്കുന്നു. ഒരു ശ്ലോകത്തിന്റെ അര്‍ത്ഥത്തെപ്പറ്റിയുള്ള വാഗ്വാദം മൂത്തപ്പോള്‍ ആഗന്തുകന്‍ കവിഹൃദയമിന്നതെന്നു വെളിയിലിരുന്നു വിശദീകരിച്ചു. അതുകേട്ടു് അവര്‍ കതകു തുറന്നു ʻʻനീര്‍താനാ കുരിങ്ങമ്പള്ളി?ˮ എന്നു ചോദിക്കുകയും ആണെന്നുള്ള മറുപടി കേട്ടു് ആനന്ദവിവശരായി അദ്ദേഹത്തെ അകത്തു വിളിച്ചുകൊണ്ടുപോയി സല്‍ക്കരിക്കുകയും ചെയ്തു. ഈ ഐതിഹ്യം യഥാര്‍ത്ഥമാണെങ്കില്‍ അതു ലക്ഷ്മീദാസന്റെ ആദ്യത്തെ വിദേശസഞ്ചാരമായിരിയ്ക്കുകയില്ല; എന്തെന്നാല്‍ ഒരു വിദേശസഞ്ചാരം കഴിച്ചിട്ടാണല്ലോ ശുകസന്ദേശം നിര്‍മ്മിച്ചതു്. കവിതന്നെയാണു് നായകന്‍ എന്നു വരവര്‍ണ്ണിന്യാദി വ്യാഖ്യകളില്‍ തുറന്നു പ്രസ്താവിച്ചിട്ടുള്ള വസ്തുത പ്രകൃതത്തില്‍ സ്മരണീയമാണു്.

ശുകസന്ദേശം

സന്ദേശകാവ്യങ്ങളുടെ മാര്‍ഗ്ഗദര്‍ശിയെന്നു രാമായണം കിഷ്കിന്ധാകാണ്ഡത്തില്‍ വാനരസന്ദേശം ഉള്‍ക്കൊള്ളിച്ചിട്ടുള്ള വാല്മീകി മഹര്‍ഷിയെയാണു പറയേണ്ടതു്. ആ

പ്രസ്ഥാനത്തിന്റെ പിതാവു മേഘസന്ദേശകാരനായ കാളിദാസ മഹാകവി തന്നെയാകുന്നു. മേഘസന്ദേശത്തില്‍ പൂര്‍വഭാഗം കവി വിയോഗാര്‍ത്തനായ നായകന്റെ താമസസ്ഥലം മുതല്‍ നായികയുടെ താമസസ്ഥലം വരെയുള്ള മാര്‍ഗ്ഗവര്‍ണ്ണനത്തിനാണു പ്രധാനമായി വിനിയോഗിക്കുന്നതു്. ഉത്തരഭാഗം കൊണ്ടു നായികയുടെ ദേശം, ഗൃഹം, വിരഹാവസ്ഥ മുതാലയവ വര്‍ണ്ണിക്കുകയും ദൂതന്‍ നിവേദനം ചെയ്യേണ്ട സന്ദേശം കുറിക്കുകയും ചെയ്യുന്നു. ശുകസന്ദേശത്തിനു വരവര്‍ണ്ണിനിയെന്ന വ്യാഖ്യാനം രചിച്ച ധര്‍മ്മഗുപ്തന്‍, സന്ദേശകാവ്യത്തില്‍ കവി പന്ത്രണ്ടുവിഷയങ്ങളില്‍ മനസ്സിരുത്തേണ്ടതുണ്ടെന്നും ആ വിഷയങ്ങള്‍ (1) ആദികാവ്യം (2) ദൌത്യയോജനം (3) പ്രത്യങ്ഗവര്‍ണ്ണനം (4) പ്രാപ്യദേശവര്‍ണ്ണനം (5) മന്ദിരാഭിജ്ഞാനം (6) പ്രിയാസന്നിവേശവിമര്‍ശനം (7) അന്യരൂപതാപത്തിസംഭാവന (8) അവസ്ഥാവികല്പനങ്ങള്‍ (9) വചനാരംഭം (10) സന്ദേശവചനം (11) അഭിജ്ഞാനദാനം (12) പ്രമേയപരിനിഷ്ഠാപനം എന്നിവയാണെന്നും വിവരിച്ചിട്ടുണ്ടു്. മേഘസന്ദേശകാവ്യദ്വാരാ കാളിദാസന്‍ ദേശചരിത്രഗ്രന്ഥത്തില്‍ അത്യന്തം അവജ്ഞ ഭാവിച്ചിരുന്ന ഭാരതീയര്‍ക്കു മാര്‍ഗ്ഗവര്‍ണ്ണന എന്ന വ്യാജത്തില്‍ ചരിത്രപരമായി പല അറിവുകളും നല്‌കി. പശ്ചാല്‍കാലികന്മാരായ സന്ദേശകവികള്‍ അദ്ദേഹത്തെ അനുകരിക്കുക നിമിത്തം നമുക്കു് ഈ വിഷയങ്ങളില്‍ ഒട്ടു വളരെ ജ്ഞാനമുണ്ടാകുവാന്‍ സങ്ഗതി വന്നിട്ടുണ്ടു്. അതാണു് സന്ദേശകൃതികള്‍ക്കു് ഇതരകൃതികളെ അപേക്ഷിച്ചുള്ള മെച്ചം.

ശുകസന്ദേശവും ദേശചരിത്രവും

ലക്ഷ്മീദാസന്റെ സന്ദേശത്തിലേ നായകനു് ഏതോ ദുര്‍വിധിയാല്‍ രാമേശ്വരത്തു കുറേക്കാലം താമസിക്കേണ്ടിവരുന്നു. അവിടെ നിന്നു് ഒരു കിളിയെ ദൂതനാക്കി തൃക്കണാമതിലകത്തു താമസിക്കുന്ന തന്റെ പ്രേയസിക്കു് അദ്ദേഹം സന്ദേശമയക്കുന്നു. നായകന്‍ ലക്ഷ്മീദാസന്‍ തന്നെയാണെന്നു പറഞ്ഞുവല്ലോ; പ്രയേസി അന്തര്‍ജ്ജനമല്ല. ʻവീതാലംബേ പഥി പിചരിതും വ്യക്തമാഭാഷിതുഞ്ചʼ (ആകാശത്തുകൂടി പറക്കുന്നതിനും വ്യക്തമായി സംഭാഷണം ചെയ്യുന്നതിനും) തത്തയ്ക്കുള്ള പാടവം പ്രസിദ്ധമാണല്ലോ. രാമേശ്വരം, താമ്രവര്‍ണ്ണീനദി, ആ നദീതീരത്തിലുള്ള മണലൂരെന്ന പാണ്ഡ്യരാജാക്കന്മാരുടെ രാജധാനി, അവിടെനിന്നും വലതു വശത്തും ഇടതു വശത്തുമായി തെക്കോട്ടേയ്ക്കു പോകുന്നതിനുള്ള രണ്ടു വഴികള്‍, ഇടതുവശത്തേ വഴി വളവുള്ളതാണെങ്കിലും അതിനുള്ള മേന്മ, പാണ്ഡ്യരാജ്യം, സഹ്യപര്‍വതം, ഇവയെ വര്‍ണ്ണിച്ചതിനുമേല്‍ കവി ശുകത്തെ കേരളത്തിലേക്കു കടക്കുവാന്‍ ഉപദേശിക്കുന്നു. ആ ഘട്ടത്തില്‍ ലക്ഷ്മീദാസന്റെ ദേശാഭിമാനത്തെ കരതലാമലകം പോലെ കാണിക്കുന്ന ഉജ്ജ്വലമായ ഒരു ശ്ലോകമുണ്ടു്. അതാണു താഴെ ഉദ്ധരിക്കുന്നതു് —

ʻʻബ്രഹ്മക്ഷത്രം ജനപദമഥ സ്ഫീതമധ്യക്ഷയേഥാ
ദര്‍പ്പാദര്‍ശം ദൃഢതരമൃഷേര്‍ജ്ജാമദഗ്നസ്യ ബാഹ്വോഃ
യം മേദിന്യാം രുചിരമരിചോത്താളതാംബൂലവല്ലീ–
വേല്ലല്‍കേരക്രമുകനികരാന്‍ കേരളാനുദ്ഗൃണന്തി.ˮ

അവിടെ കന്യാകുമാരീക്ഷേത്രം, മരുത്വാമല, ശുചീന്ദ്രക്ഷേത്രം, തിരുവനന്തപുരത്തു ശ്രീപത്മനാഭസ്വാമിക്ഷേത്രം, കഴുകന്മാരുള്ള കഴക്കൂട്ടം, ഇവയുടെ വിവരണം കഴിഞ്ഞു ʻകൂപകാധീശ്വരന്മാരുടെ കുലപുരിʼയായ കൊല്ലത്തേയ്ക്കു കവി കിളിയെ പറഞ്ഞയയ്ക്കുന്നു. പിന്നെ രണ്ടു കായല്‍, (സിന്ധുദ്വയമെന്നാല്‍ രണ്ടു പുഴയെന്നല്ല അര്‍ത്ഥം) അതായതു് അഷ്ടമുടിക്കായലും കായങ്കുളം കായലും, കടന്നു കായങ്കുളത്തെത്തി അവിടെനിന്നു തിരുവല്ലാ വെമ്പലനാടു്, (കോട്ടയം) ആ നാട്ടിലെ രാജാക്കന്മാരുടെ പടവീടായ കടുത്തുരുത്തി (സിന്ധുദ്വീപം—കടല്‍ത്തുരുത്തു്) ഇവയെല്ലാം സന്ദര്‍ശിച്ചു മൂവാറ്റുപുഴയാറു (ഫുല്ല) കടന്നു് അതിനടുത്തുള്ള (വേന്നനാട്ടു) നമ്പൂരിഗ്രാമത്തിലെ മഹാവിഷ്ണുവിനെ കിളി തൊഴണം. ആ വിഷ്ണുക്ഷേത്രം ഏതാണെന്നു വെളിപ്പെടുന്നില്ല. പ്രസ്തുതഗ്രാമത്തിലേ വിദ്വാന്മാരേയും വിശേഷിച്ചു മഹാപണ്ഡിതനായിരുന്ന സുബ്രഹ്മണ്യന്‍ നമ്പൂരിയേയും കവി താഴെക്കാണുന്നവിധം പ്രശംസിക്കുന്നു.

ʻʻപ്രജേഞാല്‍കര്‍ഷപ്രകടനകൃതേ പ്രാശ്നികേ പ്രാജ്ഞലോകേ
കല്ലോലാഭൈര്‍മ്മതിജലനിധേരുത്ഥിതൈസ്തര്‍ക്കജാലൈഃ
സ്പര്‍ദ്ധാബന്ധാദവഹിതധിയഃ സ്പഷ്ടമന്ത്രാര്‍ത്ഥരത്നം
ശ്രൌതേ ലീനം സദസി രഹസി ശ്രാവകാശ്‌ശ്രാവയേയുഃ.
ദത്തപ്രോമാ ശിഖിനി ദളയന്‍ ദാനവാന്‍ ബാണമുക്ത്യാ
സുബ്രഹ്മണ്യഃ പഥി സുമനസാം യൂഥനേതാ നിഷേവ്യഃ
അക്ഷോഭ്യത്വം ദധതി കൃതിനാമദ്ഭുതാര്‍ത്ഥാന്യമീഷാം
ഛിദ്രാസ്കന്ദിച്ഛിദുരതരസാ യസ്യ ശക്ത്യാ പദാനി.ˮ

ഈ സുബ്രഹ്മണ്യന്‍ പുലിയന്നൂര്‍ മനയ്ക്കലേ അങ്ഗമായിരുന്നു. മാടമ്പു മനയ്ക്കലേ അങ്ഗമെന്നു പറയുന്നതു ശരിയല്ലെന്നാണു തോന്നുന്നുതു്. പുലിയന്നൂര്‍ ഒരു താന്ത്രികകുടുംബമാണു്. പിന്നീട് തൃക്കാക്കരയപ്പനെത്തൊഴുതു പെരിയാര്‍ കടന്നു തിരുവഞ്ചിക്കുളത്തെത്തി ജയരാതേശ്വരമെന്നു പേരുള്ള അവിടത്തേ ക്ഷേത്രത്തിലെ ശിവനേയും അതിനപ്പുറം കൊടുങ്ങല്ലൂര്‍ ഭദ്രകാളിയേയും വന്ദിച്ചു തൃക്കാണമതിലകത്തു് എത്തണമെന്നു കവി കിളിയോടു് അഭ്യര്‍ത്ഥിക്കുന്നു. ചരിത്രസംബന്ധമായി പൂര്‍വ്വഭാഗത്തില്‍നിന്നു നമുക്കു ലഭിക്കുന്ന അറിവുകള്‍ അമൂല്യങ്ങളാണെന്നു് ഇത്രയും പ്രസ്താവിച്ചതില്‍നിന്നു വിശദമാകുന്നതാണല്ലോ.

ശുകസന്ദേശത്തിലേ സാഹിത്യം

മേഘസന്ദേശം കഴിഞ്ഞാല്‍ സന്ദേശകാവ്യസാമ്രാജ്യത്തില്‍ അടുത്തസ്ഥാനം ശുകസന്ദേശത്തിനാണെന്നുള്ളതിനാല്‍ പക്ഷാന്തരമില്ല. സ്വഭാവഗംഭീരമായ രചനാവൈഭവംകൊണ്ടും അനുവാചകന്മാര്‍ക്ക് അവരുടെ ബുദ്ധിശക്തിക്കനുഗുണമായി സമുല്ലസിക്കുന്ന അര്‍ത്ഥസൗന്ദര്യംകൊണ്ടും ഹൃദയങ്ഗമമായ ശബ്ദാര്‍ത്ഥാലങ്കാരപൌഷ്കല്യം കൊണ്ടും ശുകസന്ദേശം സര്‍വ്വതിശായിയായ രാമണീയകകാഷ്ഠയെ അധിഷ്ഠാനം ചെയ്യുന്നു എന്നു പി. എസ്സ്. അനന്തനാരായണശാസ്ത്രി പ്രസ്താവിച്ചിട്ടുള്ളതു പ്രത്യക്ഷരം പരമാര്‍ത്ഥമാകുന്നു.

ʻʻസൗജന്യാബ്ദേ! ഭവതു ഭവതേ സ്വാഗതം; വേഗതോ ഗാ–
മാഗാസ്സമ്പ്രത്യമരതരുണീനന്ദനാന്നന്ദനാണു
ഉത്സങ്ഗാദ്വാ കരപരിലസദ്വല്ലകീകോണവേല്ല–
ന്നീലക്ഷൗമാഞ്ചലപടലികാമുദ്രിതാദദ്രിജായാഃ?ˮ

എന്ന ശ്ലോകം ശബ്ദഭംഗിക്കും,

ʻʻചക്ഷുല്ലീലാം ചടുലശഫരൈരൂര്‍മ്മിഭിര്‍ഭ്രൂ വിലാസാന്‍
ഫേനൈര്‍ഹാസശ്രീയമപി മുഖേ വ്യഞ്ജയന്തീ സ്രവന്തീ
ആത്മാസങ്ഗഗേ ജനയതി രുചിം ഭര്‍ത്തുരന്യാസ്വദൃശ്യൈഃ
സ്വേദച്ഛേദൈരുദയിഭിരസൗ സ്വച്ഛമുക്താച്ഛലേന.ˮ

എന്ന ശ്ലോകം അര്‍ത്ഥചമല്‍ക്കാരത്തിനും ഉദാഹരണമായി അങ്ഗീകരിക്കാവുന്നതാണു്. ചില ശ്ലോകങ്ങള്‍ നാളികേരപാകത്തില്‍ വിരചിതങ്ങളാകയാല്‍ അല്പമേധസ്സുകള്‍ക്കു് അര്‍ത്ഥഗ്രഹണത്തിന്നു ക്ലേശമുണ്ടു്. എന്നാല്‍ വൈദൂഷ്യമുള്ളവര്‍ക്കു് അവയുടെ രസം അമൃതോപമവുമാണു്.

വ്യാഖ്യാനങ്ങള്‍

ശുകസന്ദേശത്തിന്റെ വ്യാഖ്യാനങ്ങളില്‍ പ്രഥമസ്ഥാനത്തെ അര്‍ഹിക്കുന്നതു കോഴിക്കോട്ടു പടിഞ്ഞാറേക്കോവിലകത്തു മാനവേദരാജാവിന്റെ വിലാസിനിയാകുന്നു. വിലാസിനീകാരന്‍ കൊല്ലം 940 മുതല്‍ 1015 വരെ ജീവിച്ചിരുന്നു. ഏറാള്‍പ്പാടായതിന്നു മേലാണു മരിച്ചതു്. വിലാസിനിയില്‍ താഴെ ഉദ്ധരിക്കുന്ന പ്രസ്താവന കാണുന്നു.

ʻʻശൃങ്ഗാരശര്‍ക്കരാക്ഷോദസങ്ഗാതിമധുരാകൃതി
ജയതി പ്രഥിതം കാവ്യം ശുകസന്ദേശസംജ്ഞിതം.
തസ്യാതിമോഹനഗഭീരതരാര്‍ത്ഥജാത–
സമ്പൂരിതോദരസമുദ്ഗസഹോദരേണ
ദ്വാരാപിധാനശകലോദ്ധരണപ്രവീണാം
ശ്രീമാനവേദന‍ൃപതിര്‍വിവൃതിം കരോതി.
ലക്ഷ്മിദാസകവീശ്വരേണ ഭണിത–
സ്സന്ദേശകാവ്യാചലോ
ഗുഢാര്‍ത്ഥോഛ്റയദുര്‍ഗ്ഗമോദ്യധിഷണാ–
ശക്ത്യാ മയാരുഹ്യതേ
ശ്രാന്തശ്ചേല്‍ പതിതോന്തരാ ഗുരുകൃപാ–
യഷ്ടിം ഗരിഷ്ഠാം തദാ
വിഷുഭ്യാധികകൃഛ്റതഃ സ്ഥവരവദ്–
ഗന്താസ്മി ചാധിത്യകാം.
ലക്ഷ്മീദാസകവേരുദാരവചസ–
സ്സന്ദേശകാവ്യാങ്ഗജോ
ബഹ്വര്‍ത്ഥശ്രുതവൃത്തിമണ്ഡനഗുണ
ശ്രീമാനവേദാന്നൃപാല്‍
ജാതാമദ്യ വിലാസിനീം സഹൃദയാം
ഗൃഹ്ണന്‍ ബുധേഭ്യോധികം
ദത്വാര്‍ത്ഥാന്‍ ദൃഡരക്ഷിതാന്‍ ജദനയതാ–
ദാനന്ദമസ്യാ സദാ.ˮ

വ്യാഖ്യാതാവു ശ്രീരങ്ഗനാഥനെന്ന ഗുരുവിനേയും ഉഴുത്തിരവാരിയര്‍, ശേഖരവാരിയര്‍ എന്നീ രണ്ടു സതീര്‍ത്ഥ്യന്മാരെയും സ്മരിക്കുന്നു. രങ്ഗനാഥന്‍ ഒരു ദ്രാവിഡബ്രാഹ്മണനാണു്. അദ്ദേഹം ന്യായത്തില്‍ ദിനകരിക്കു് ഒരു വ്യഖ്യാനം രചിച്ചിട്ടുള്ളതിനു പുറമേ ചോളദേശീയനായ അശ്വത്ഥനാരായണ ശാസ്ത്രികള്‍ നിബന്ധിച്ച വ്യൂല്‍പത്തിവാദടിപ്പണി പൂര്‍ത്തിയാക്കുകയും ചെയ്തിട്ടുണ്ട്. അശ്വത്ഥനാരായണശാസ്ത്രികളുടെ പൌത്രനായിരുന്നു മഹാമഹോപാധ്യായന്‍ രാമസുബ്ബാശാസ്ത്രികള്‍. രൂദ്രനും ശേഖരനും ദേശമംഗലത്തു വാരിയന്മാരാണു്. ʻതസ്യ പ്രേമപ്രസരസുരഭിസ്സുഭ്ര സന്ദേശവാണീʼ എന്ന ശ്ലോകം വ്യാഖ്യാനിക്കുമ്പോള്‍ മാനവേദന്‍ സിദ്ധാന്തകൌമുദി, തത്വബോധിനി മുതലായി താരതമ്യേന അര്‍വ്വാചീനങ്ങളായ ഗ്രന്ഥങ്ങളിലെ വിഷയങ്ങള്‍ എടുത്തുകാണിയ്ക്കുന്നതിനു പുറമേ കൊല്ലം പത്താംശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ ജീവിച്ചിരുന്ന വടക്കേടത്തു കൊച്ചുശങ്കരന്‍ മൂത്തതിനെ സ്മരിക്കുകയും ചെയ്യുന്നു. മൂത്തതു് ദേശമങ്ഗലത്തു ഉഴുത്തിരവാരിയരുടെ ശിഷ്യനും വലിയ വൈയാകരണനുമായിരുന്നു. ഏവഞ്ച വിലാസിനീകാരന്‍ 680–740 ഈ കൊല്ലങ്ങള്‍ക്കിടയ്ക്കാണു് ജീവിച്ചിരുന്നതെന്നും ആ വ്യാഖ്യാനത്തിനു് 736-ല്‍ എഴുതിയ ഒരു പകര്‍പ്പുണ്ടെന്നും ഉള്ള അഭ്യൂഹം പ്രമാദമാണെന്നു വന്നുകൂടുന്നു.

വരവര്‍ണ്ണിനി

മറ്റു വ്യാഖ്യാനങ്ങലള്‍ പ്രാചീനങ്ങളാണു്. അവയും കേരളീയകൃതികള്‍തന്നെ. അവയില്‍ വരവര്‍ണ്ണിനി ധര്‍മ്മഗുപ്തന്റേതാണെന്നു മുന്‍പു പറഞ്ഞുവല്ലോ.

ʻʻസ്വസ്രേ പൂര്‍വം മഹിതനൃപതേര്‍വ്വിക്രമാദിത്യനാമ്നേഃ
പോക്കാംചക്രേ തരണജലദം കാളിദാസഃ കവീന്ദ്രഃˮ

എന്നു നാം ലീലാതിലകത്തില്‍ കാണുന്ന ഒരു പദ്യത്തിന്റെ പൂര്‍വാര്‍ദ്ധം അദ്ദേഹം ഉദ്ധരിക്കുന്നതില്‍നിന്നു താന്‍ കേരളീയനാണെന്നു നമ്മെ ഉല്‍ബോധിപ്പിക്കുന്നു.

ʻʻലക്ഷ്മീദാസകവേഃ ക്വ ലജ്ജിതവിയദ്ഗങ്ഗാതരങ്ഗാഗിരഃ?
ക്ലിഷ്ടോന്മേഷതയാനുദീര്‍ണ്ണവിഷയാ ദൃഷ്ടിഃ ക്വ ചാസ്മാദൃശാം?
സാതാമേവ തഥാപി വീക്ഷ്യ വികടോല്ലാസപ്രസാദം ഗുണം
വ്യാഖ്യാനേ പ്രയതാമഹേ; സഹൃദയാസ്തത്ര പ്രസീദന്തു നഃ
ഭാങ്കാരമാത്രേ കതിചില്‍ പ്രവൃത്താഃ;
പര്യായദാനേപി പരേ കൃതാര്‍ത്ഥാഃ;
സംവാദവാചൈവ വീവൃണ്വതേ ന്യേ
വ്യാഖ്യാകൃതഃ, കിന്ന്വിയതാ ഫലം നഃ?
ലക്ഷ്മിദാസപദേന ലോകവിദിതഃ കാവ്യേഷു ലബ്ധശ്രമോ
ഭാരത്യാ സഹ വശ്യയാ പരിലസന്‍ യസ്യ പ്രബന്ധാ കവിഃ
ശൃങ്ഗാരസ്സ ച ഗോചരസ്സഹൃദയശ്ലാഘ്യോ രസഗ്രാമണീ–
സ്സര്‍വോത്തീര്‍ണ്ണതയേദമുല്ലസതി നസ്സന്ദേശകാവ്യാമൃതം.ˮ

വരവര്‍ണ്ണിനി എന്ന പേര്‍ വ്യാഖ്യാനത്തിനു കൊടുത്തതു തന്നെ യുവതി സാധര്‍മ്മ്യം കൊണ്ടും വരവസ്തുവിന്റെ വര്‍ണ്ണനം കൊണ്ടുമാണെന്നു കൂടി അദ്ദേഹം പറവാന്‍ ഭാവമുണ്ടു്. അതിലൊന്നും അതിശയോക്തിസ്പര്‍ശമില്ല. ഒരു സന്ദേശത്തില്‍ അടങ്ങിയിരിക്കേണ്ട പന്ത്രണ്ടു പ്രകരണങ്ങളെക്കുറിച്ചു് അദ്ദേഹം പ്രസ്താവിച്ചിട്ടുണ്ടല്ലോ. തന്റെ വ്യാഖ്യാനം പതിമ്മൂന്നു പരിച്ഛേദങ്ങളായി ആ പണ്ഡിതന്‍ വിഭജിക്കുന്നു. അതില്‍ ആദ്യത്തേതു് അവതരണികാരൂപത്തിലുള്ളതും ഒടുവിലത്തേതു പ്രമേയപരിനിഷ്ഠാപനവുമാണു്.

ചിന്താതിലകം

വാസുദേവശിഷ്യനായ ഗൌരീദാസന്റെ ചിന്താതിലകമാണു് മൂന്നാമത്തെ വ്യാഖ്യാനം. അതു് ഇങ്ങനെ ആരംഭിക്കുന്നു.

ʻʻസ്വപ്നാവസ്ഥസദൃശമഖിലം ബോധയന്‍ ദൃശ്യമാന-
സ്വപ്നോത്ഥൈകപ്രിയസഹചരീതീവ്രവിശ്ലേഷദുഃഖം
ചക്രേ ചക്രപ്രഹരണരതഃ കോപി ധാത്രീസുരേന്ദ്ര–
ശ്ചക്രദ്വന്ദ്വപ്രതിമതുലനാരൂലികാം മൂലികാം നഃˮ

വ്യാകൃതി

അജ്ഞാതനാമാവായ ഒര പണ്ഡിതന്റെ കൃതിയാണു് ശുകസന്ദേശവ്യാകൃതി സന്ദേശകാവ്യങ്ങളിലേ ദ്വാദശപ്രകരണങ്ങളെപ്പറ്റി അദ്ദേഹവും പ്രസ്താവിക്കുന്നു. വ്യാകൃതിയോ വരവര്‍ണ്ണിനിയോ അവയില്‍ പ്രാചീനതരമെന്നു നിര്‍ണ്ണയിക്കുവാന്‍ പ്രയാസമുണ്ടു്. എന്നാല്‍ വ്യാകൃതികാരനു കാവ്യത്തിലെ നായികയെപ്പറ്റി ചില പുതിയ വിവരങ്ങള്‍ നമ്മെ ധരിപ്പിക്കുവാനുണ്ടു്. രങ്ഗലക്ഷ്മി എന്നാണു നായികയുടെ പേരെന്നും കാവ്യത്തിലെ ʻʻസ്ഫുടമഭിദധദ്യദ്ഭൂതാങ്ഗീമഥാന്യേ സങ്ഗീതാര്‍ത്ഥപ്രണയനവിധഃ പ്രേക്ഷകാ രങ്ഗലക്ഷ്മീംˮ എന്ന ഭാഗം അതിനു ലക്ഷ്യമാണെന്നും, ആ സുന്ദരി ഒരു നര്‍ത്തകിയായിരുന്നു എന്നും ʻʻവാണീവീണാരവസഹചരീ വാണീനീനാം ശിഖാ യാˮ (II-31) എന്ന പദ്യാംശം അതിനു സാക്ഷ്യം വഹിക്കുന്നു എന്നുമാണു് അദ്ദേഹം പ്രസ്താവിക്കുന്നതു്. അതു് വിശ്വസനീയമായിരിക്കുന്നു. എന്നാല്‍ രങ്ഗലക്ഷ്മി എന്നതു ഒരു ബിരുദനാമമെന്നാണു് എന്റെ പക്ഷം. ഉത്തരസന്ദേശത്തില്‍ ʻവര്‍ണ്ണഃ സ്വര്‍ണ്ണാംബുജവിരജസാംʼ എന്നതിനും ʻഅന്തര്‍വ്രീളാംʼ എന്നതിനും ഇടയ്ക്കുള്ള ഒരു പ്രക്ഷിപ്തപദ്യമാണു്.

ʻʻവക്ത്രേ പദ്മം ദൃശി കവലയം കൈരവം മന്ദഹാസേ
ഹസ്തേ രക്തോല്‍പലമപി വപുഃ പ്രേക്ഷ്യ സങ്ഗൃഹ്യ സഖ്യഃ
അപ്ഫുല്ലേതി സ്ഫുടമഭിദധത്യദ്ഭൂതാംഗീമഥാന്യേ
സങ്ശീതാര്‍ത്ഥപ്രണയനവിദഃ പ്രേക്ഷകാ രങ്ഗലക്ഷ്മീം.ˮ

എന്നു വ്യാകൃതികാരന്‍ നിര്‍ദ്ദേശിക്കുന്നു. അതു പ്രക്ഷിപ്തമെന്നു തീര്‍ച്ചപ്പെടുത്തേണ്ടതില്ല. അപ്ഫുല്ലാ എന്നാല്‍ ജലത്തില്‍ വികസിച്ചവളെന്നര്‍ത്ഥം. അതു് ഏതോ ഒരു ഭാഷാസംജ്ഞയുടെ സംസ്കൃതരൂപം പോലെ തോന്നുന്നു. അതായിരിക്കം നായികയുടെ യഥാര്‍ത്ഥനാമധേയം.

ഈ വ്യാഖ്യാതാക്കന്മാര്‍ക്കെല്ലാം ലക്ഷ്മീദാസനെപ്പറ്റി എത്രമാത്രം ബഹുമാനമുണ്ടായിരുന്നു എന്ന പറയേണ്ടതില്ലല്ലോ വിശാഖം തിരുനാള്‍ തിരുമനസ്സുകൊണ്ടു് ഈ സന്ദേശം സ്വന്തം ഇങ്ഗ്ലീഷ് ടിപ്പണിയോടും വലിയ കോയിത്തമ്പുരാന്റെ സംസ്കൃതടിപ്പണിയില്‍ ഏതാനും ഭാഗത്തോടുംകൂടി പ്രസിദ്ധപ്പെടുത്തുകയുണ്ടായി എന്നും ഇവിടെ വക്തവ്യമാണു്.

മുക്തങ്ങള്‍

ലക്ഷ്മീദാസന്റ രണ്ടു് ഒറ്റ ശ്ലോകങ്ങള്‍ നമുക്കു കിട്ടീട്ടുണ്ടു്. അവ താഴേക്കാണുന്നവയാണു്.

നിദ്ര:

ʻʻവിദ്യാഭിലാഷകുപിതാം നിജബാലസഖ്യാ
തന്ദ്യാ കഥഞ്ചിദനുനീയ സമീപനീതാം
ചേതോഹരാം പ്രണയിനീമഖിലേന്ദ്രിയേഷ്ടാം
നിദ്രാം പ്രസാദയിതുമേവ നമസ്കരോമി.ˮ

മലയവായു:

ʻʻഅമീ തടസമീപനിര്‍ഝരതരങ്ഗരിങ്ഖല്‍പയോ–
ജഡീകൃതപടീരഭൂരുഹകുടീരസഞ്ചാരിണഃ
മനോ വിധുരയന്തി മേ മലയമേഖലാമേദുരാ
ദുരാസദവനപ്രിയപ്രിയതമാരുതാ മാരുതാഃ.ˮ

മൂഷികവംസശം

അതുലന്‍

പ്രാചീനകേരളത്തെ പരാമര്‍ശിക്കുന്നതും പണ്ടത്തേ കോലത്തുനാട്ടുരാജാക്കന്മാരുടെ വംശത്തേയും അപദാനങ്ങളേയും അനുകീര്‍ത്തനം ചെയ്യുന്നതുമായ ഒരു സംസ്കൃതമഹാകാവ്യമാകുന്നു മൂഷികവംശം. ഈ കാവ്യത്തിന്റെ പതിനഞ്ചു സര്‍ഗ്ഗങ്ങള്‍ കണ്ടുകിട്ടീട്ടുണ്ടു്. പതിനഞ്ചാമത്തെതാണു് ഒടുവിലത്തെ സര്‍ഗ്ഗമെന്നു് അനുമാനിക്കുന്നതിനു് ന്യായങ്ങളുമുണ്ടു്. ശ്രീകണ്ഠന്‍ എന്ന ഒരു കോലത്തിരിരാജാവിന്റെ രാജ്യഭാരവര്‍ണ്ണനമാണു് പതിനഞ്ചാം സര്‍ഗ്ഗത്തിലെ വിഷയം. ആ ശ്രീകണ്ഠന്‍ പ്രഥമാരജേന്ദ്രചോളന്‍ കേരളദിഗ്വിജയത്തില്‍ പരാജിതനാക്കിയ കന്ത(ണ്ഠ)ന്‍ കാരിവര്‍മ്മനാണെന്നു് ഊഹിക്കാം. രാജേന്ദ്രചോളന്റെ വാഴ്ചക്കാലം ക്രി.പി. 1012 മുതല്‍ 1043 വരെയായിരുന്നതിനാല്‍ ഏകദേശം അക്കാലത്താണു് ശ്രീകണ്ഠന്‍ ജീവിച്ചിരുന്നതെന്നുള്ളതിനു സംശയമില്ല. മൂഷികവംശത്തിന്റെ നിര്‍മ്മാതാവു് ʻഅതുലന്‍ʼ എന്നൊരു കവിയാണെന്നുള്ളതു ഗ്രന്ഥത്തില്‍ കാണുന്നു ʻʻഅതുലകൃതൌ മൂഷികവംശ ദ്വിതീയസര്‍ഗ്ഗഃˮ എന്ന കുറിപ്പില്‍നിന്നും വെളിപ്പെടുന്നു. അതുലനും ശ്രീകണ്ഠനും സമകാലീനന്മാരായിരുന്നു എന്നുള്ളതും നാം മൂഷികവംശത്തില്‍ നിന്നും ഗ്രഹിക്കുന്നു. ഇത്രയും പ്രസ്താവിച്ചതില്‍നിന്നു മൂഷികവംശത്തിന്റെ ആവിര്‍ഭാവം ക്രി.പി. പതിനൊന്നാം ശതകത്തിന്റെ പൂര്‍വാര്‍ദ്ധത്തിലാണെന്നും കാണാവുന്നതാണു്.

വി‍‍ഷയം

അന്തര്‍വത്നിയായ ഒരു കേരളരാജ്ഞി ഏഴിമലയില്‍ കോലവംശത്തിന്റെ കൂടസ്ഥനായ രാമഘടനെ പ്രസവിക്കുന്നതാണു് കഥയുടെ ആരംഭം. രാമഘടന്‍, നന്ദനന്‍ മുതലായി പല കോലത്തിരിമാരുടേയും ചരിത്രം കവി വര്‍ണ്ണിക്കുന്നു. ആ കൂട്ടത്തില്‍ പെരിഞ്ചെല്ലൂര്‍ ക്ഷേത്രത്തിന്റെ പ്രതിഷ്ഠാപകനായ ശതസോമന്‍, കേരളേശ്വരനായ ജയരാഗന്റെ പുത്രനും കോലാധിപനായ രണമാനിയുടെ മരുമകനുമായ ഗോദവര്‍മ്മാവു് ഇവരെപ്പറ്റിയും പ്രസ്താവിക്കുന്നുണ്ടു്. അച്ഛനും അമ്മാവനും തമ്മില്‍ ആരംഭിച്ച ഒരു യുദ്ധം ഗോദര്‍മ്മാവു പോര്‍ക്കളത്തിന്റെ മധ്യത്തില്‍ നിന്നുകൊണ്ടു സമാധാനത്തില്‍ കലാശിപ്പിച്ചു. ജയരാഗന്‍ ക്രി.പി. ഉദ്ദേശം 900 മുതല്‍ 912 വരെ കേരളം രക്ഷിച്ച വിജയരാഗദേവനാകുന്നു. പിന്നീടും പല രാജാക്കന്‍മാരുടെ വാഴ്ചയെപ്പറ്റി സൂചിപ്പിച്ചതിനുമേല്‍ ദ്വിതീയവളഭന്‍ എന്ന പ്രശസ്യനായ രാജാവിന്റെ ചരിത്രം വിവരിക്കുന്നു. അക്കാലത്തു ഭവനെന്നും നന്ദിയെന്നും പേരില്‍ രണ്ടു പണ്ഡിതമൂര്‍ദ്ധന്യന്മാരായ നമ്പൂരിമാര്‍ പെരിഞ്ചെല്ലൂരില്‍ ജിവിച്ചിരുന്നു.

ʻʻയത്ര ദ്വിജന്മതിലകൌ ഭവനന്ദിസംജ്ഞാ–
വക്ഷീയമാണഗുണരത്നചയാവഭൂതാം
മോഹോപനോദകരണാര്‍ത്ഥമഹ പ്രജാനാം
ശുക്രശ്ച ശക്രസചിവശ്ച ദിവോവതീര്‍ണ്ണൌˮ

എന്നാണു് കവി അവരെപ്പറ്റി പറയുന്നതു്. വളഭന്‍ സ്മാര്‍ത്തമതാവലംബിയായിരുന്നു എങ്കിലും കോലത്തുനാട്ടിനും കൊടുങ്ങല്ലൂരിനും ഇടയ്ക്കു സമുദ്രതീരത്തില്‍ അക്കാലത്തു സ്ഥിതിചെയ്തിരുന്നതും പിന്നീട് കടലെടുത്തുപോയതുമായി ശ്രീമൂലവാസത്തിലേക്കു പോയി അവിടത്തെ ʻഅതികാരുണീകനായ സുഗതനെʼ (ബുദ്ധഭഗവാനെ) അഭിവന്ദിക്കുകുയും ശ്രേഷ്ഠന്മാരായ ʻജൈനʼ (ബൌദ്ധ) ജനങ്ങളുടെ ആശിസ്സു സ്വീകരിക്കുകയും ചെയ്തു. ഈ വളഭന്റെ അനുജനാണു് കവിയുടെ പുരസ്കര്‍ത്താവായ ശ്രീകണ്ഠന്‍. അദ്ദേഹത്തെ അതുലന്‍

ʻʻപീനോന്നതസ്ഥിരതരാംസതടം പ്രലംബ–
ജ്യാഘാതലാഞ്ഛിതകഠോതരപ്രകോഷ്ഠം
കൌക്ഷേയകത്സരുകിണാങ്കതലാങ്ഗുലീകം
യദ്ബാഹുദണ്ഡമജിതം ഭജതേ ജയശ്രീഃˮ
ʻʻകല്പദ്രുമഃ പ്രണയിനാം, സുഹൃദാം ശശാങ്കോ,
ബന്ധുസ്സതാം, സദനമംബുജദേവതായാഃ
വര്‍ഗ്ഗസ്യ യസ്സമിതി വിദ്വിഷതാം കൃതാന്തഃ,
കാന്തജനസ്യ ഭഗവാനപി പുഷ്പകേതുഃˮ

എന്നും മറ്റും പല പ്രകാരത്തില്‍ വര്‍ണ്ണിക്കുന്നുണ്ടു്. ആകെക്കൂടി നോക്കുമ്പോള്‍ മൂഷികവംശത്തിനു കാവ്യമെന്നും ദേശചരിത്രമെന്നും രണ്ടു നിലകളി‍ല്‍ അഭിനയന്ദനീയമായ സ്ഥാനമാണുള്ളതു്.

വില്വമങ്ഗലത്തു സ്വാമിയാര്‍

ഉപക്രമം

ശങ്കരാചാര്യരെ കഴിച്ചാല്‍ വില്വമങ്ഗലത്തു സ്വാമിയാരോളം അഖിലഭാരതപ്രശസ്തി മറ്റൊരു കേരളീയനും സമ്പാദിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ജന്മഭൂമി വങ്ഗദേശമാണെന്നും ഉല്‍കല (ഒറീസ്സ) മാണെന്നും ആന്ധ്രമാണെന്നും മറ്റും അതാതു ദേശക്കാര്‍ വാദിക്കുന്നു. അഞ്ചോളം വില്വമങ്ഗലത്തു സ്വാമിയാരന്മാരെ ചില കേരളീയരും സിദ്ധിവല്‍ക്കരിക്കുന്നു. എന്റെ പക്ഷം ആ പേരില്‍ ഒരു പുണ്യശ്ലോകനേ ജനിച്ചിട്ടുള്ളൂ. എന്നും അദ്ദേഹത്തിന്റെ അവതാരദേശം കേരളമാണെന്നുമാകുന്നു.

ദേശം

ആദ്യകാലത്തു പന്നിയൂര്‍ ഗ്രാമത്തില്‍ പെട്ടിരുന്ന ʻവെള്ളʼ എന്ന ഗൃഹത്തിലെ ഒരു ശാഖ പിന്നീടു വടക്കന്‍ തിരുവിതാംകൂറില്‍ പറവൂരില്‍ പുത്തന്‍ചിറയില്‍ താമസിക്കുവാനിടവന്നു. വെള്ളാങ്ങല്ലൂര്‍ കുടുംബക്കാരെന്നാണു് അവരെ പറഞ്ഞുവന്നതു്. അവരുടെ പല കുടുംബങ്ങളില്‍ ഒന്നിലാണു് വില്വമങ്ഗലത്തിന്റെ ജനനം. വില്വമങ്ഗലമെന്നല്ല വില്ലുമങ്ഗലമെന്നായിരുന്നു ഇല്ലപ്പേര്‍. അതിനെ സംസ്കൃതീകരിച്ചു കോദണ്ഡമങ്ഗലം എന്നും പറയാറുണ്ടു്. ഇല്ലം ഇപ്പോളില്ല; ഇല്ലപ്പറമ്പും വില്വമങ്ഗലം വക ക്ഷേത്രവും മേച്ചേരി മനയ്ക്കലേക്ക് അടങ്ങിയിരിക്കുന്നു. പാറമേല്‍ തൃക്കോവില്‍ ശ്രീകൃഷ്ണക്ഷേത്രം ആ സിദ്ധന്റെ പ്രതിഷ്ഠയാലും ഭജനത്താലും പവിത്രമാണു്. വില്വമങ്ഗലത്തുപാടം എന്ന പേരില്‍ ഒരു വലിയ പാടവും പുത്തന്‍ചിറയിലുണ്ട്.

ചരിത്രം

സ്വാമിയാരുടെ അച്ഛന്‍ ദാമോദരനും അമ്മ നീലിയുമായിരുന്നു എന്നു ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തിന്റഎ പ്രഥമാശ്വാസത്തിലുള്ള

ʻʻഈശാനദേവചരണാഭരണേന നീലി–
ദാമോദരസ്ഥിരയശഃസ്തബകോദ്ഗമേന
ലീലാശുകേന രചിതം തവ ദേവ കൃഷ്ണ–
കര്‍ണ്ണാമൃതം പഹതു കല്പശതാന്തരേപിˮ

എന്ന ശ്ലോകത്തില്‍നിന്നു വിശദമാകുന്നതാണു്. ലീലാശുകന്‍ അഥവാ കൃഷ്ണലീലാശുകന്‍ എന്നതു ശ്രീകൃഷ്ണന്റെ ബാലലീലകളെപ്പറ്റി ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തില്‍ അമൃതമധുരമായി ഗാനം ചെയ്യുക നിമിത്തം അദ്ദേഹത്തിനു സമകാലികന്മാരായ സഹൃദയന്മാര്‍ നല്‍കിയ ബിരുദനാമമാണു് എന്നു് ഊഹിക്കാം. പിതൃദത്തമായ പേരെന്തെന്നു് അറിയുന്നില്ല. ഈശാനദേവന്‍ എന്നതു് അദ്ദേഹത്തിന്റെ ഒരു ഗുരുവിന്റെ നാമധേയമാണെന്നു മുന്‍പു് ഉപപാദിച്ചിട്ടുണ്ട്. കര്‍ണ്ണാമൃതം ആരംഭിക്കുന്നതു്

ʻʻചിന്താമണിര്‍ജ്ജയതി സോമഗിരിര്‍ഗ്ഗുരുര്‍മ്മേ
ശിക്ഷാഗുരുശ്ച ഭഗവാന്‍ ശിഖിപിഞ്ഛമൌലിഃˮ

ഇത്യാദി ശ്ലോകം കൊണ്ടാണല്ലോ. ആദ്യത്തെ പാദം വ്യാഖ്യാനിക്കുമ്പോള്‍ രാമചന്ദ്രബുധേന്ദ്രന്‍ തന്റെ ഭഗവല്‍ഭക്തിരസായനവ്യാഖ്യയില്‍ ʻʻഅഥ ഖല്വത്ര ഭഗവാന്‍ സരലകലാകലാപവാഗ്വിലാസവാചസ്പതിര്‍ഭഗവദ്ഭക്താഗ്രഗണ്യഃ കൃഷ്ണലീലാശുകമുനിനിര്‍ന്നാമ മഹാകവിഃ... മേ, മമ ഗുരുര്‍ഹിതോപദേശികാ ചിന്താമണിര്‍ന്നാമ; പൂര്‍വം സ്വേനൈവോപഭുക്താ കാചിദ്വാരാങ്ഗനാ ജയതി...അഥവാ ചിന്താമണിരിതിസോമഗിരേര്‍വിശേഷണം. ചിന്താമണിവദഭീഷ്ടപ്രദാതൃത്വാല്‍, ചിന്താമണിര്‍മ്മേ ഗുരുഃ മഹാവാക്യോപദേഷ്ടാ...ഗുരുസമ്പദായപ്രവര്‍ത്തകഃ പരമഹംസപരിവ്രാജകാചാര്യസ്സോപി ജയതിˮ എന്ന് അര്‍ത്ഥവിവരണം ചെയ്യുന്നു. പാപായല്ലയസൂരി അദ്ദേഹത്തിന്റെ സുവര്‍ണ്ണചഷകവ്യാഖ്യയിലും ഈ മതത്തെത്തന്നെ അങ്ഗീകരിക്കുന്നു. ഈ വ്യാഖ്യാതാക്കന്മാര്‍ രണ്ടുപേരും ആന്ധ്രന്മാരാണു്. ചിന്താമണി ഒരു വേശ്യയും സോമഗിരി ഒരു താന്ത്രികസമ്പ്രദായപ്രവര്‍ത്തകനുമായിരുന്നു എന്നതാകുന്നു വിദഗ്ദ്ധാഭിപ്രായം.

വില്വമങ്ഗലവും ചിന്താമണിയും

ഭക്തമാലയില്‍ ഇവരെ ഘടിപ്പിച്ചു് ഒരൈതിഹ്യം രേഖപ്പെടുത്തീട്ടുള്ളതു സങ്ഗ്രഹിച്ചുകൊള്ളട്ടെ. ചിന്താമണി വില്വമങ്ഗലത്തിന്റെ വെപ്പാട്ടിയായ ഒരു വേശ്യയായിരുന്നു. വില്വമങ്ഗലം കൃഷ്ണാനദിയുടെ ഒരു കരയിലും ചിന്താമണി മറുകരയിലും താമസിച്ചിരുന്നു. തന്റെ അച്ഛന്റെ ചാത്തമാകയാല്‍ ഒരു ദിവസം അദ്ദേഹത്തിനു് അവളെ വിട്ടു സ്വഗൃഹത്തിലേക്കു പോകേണ്ടിവന്നു. അന്നു വേശ്യാഗൃഹത്തില്‍ പോകുകയില്ലെന്നായിരുന്നു ആദ്യത്തെ പ്രതിജ്ഞയെങ്കിലും, രാത്രിയില്‍ കാമോന്മാദം സഹിക്കവയ്യാതെ, മിന്നലും ഇടിയും മഴയും കൂട്ടാക്കാതെ, പുഴ കടന്നു് എങ്ങനെയെങ്കിലും ചിന്താമണിയുടെ മുന്നില്‍ ചാടിവീഴണമെന്നു് അദ്ദേഹം തീര്‍ച്ചയാക്കി. പെരുവെള്ളത്തില്‍ ഒഴുകുന്ന ഒരു ശവശരീരത്തെ തോണിയെന്നു സങ്കല്‍പ്പിച്ചു് അതില്‍ പറ്റിപ്പിടിച്ചു പുഴയുടെ മറുകരയില്‍ എത്തി. വേശ്യ വെളിയിലത്തെ കതകു് അടച്ചിരുന്നു. കാമുകനാകട്ടെ ചമുരില്‍ തൂങ്ങികിടക്കുന്ന ഒരു സര്‍പ്പത്തെക്കണ്ടു കയറാണെന്നു ഭ്രമിച്ചു് അതില്‍ കടന്നു പിടിച്ചുകയറി അകത്തു കടന്നുകൂടി. ചിന്താമണി അദ്ദേഹത്തിന്റെ ആഗമനത്തില്‍ ആശ്ചര്യപ്പെട്ടു വെളിയില്‍ ചെന്നുനോക്കിയപ്പോള്‍ അദ്ദേഹത്തെ നയിച്ച വാഹനങ്ങള്‍ ശവവും സര്‍പ്പവുമാണെന്നു മനസ്സിലാക്കി അവയെ കാണിച്ചുകൊടുക്കുകയും അത്തരത്തിലുള്ള അത്യുല്‍ക്കടമായ പ്രേമം ശ്രീകൃഷ്ണന്റെ നേര്‍ക്കായിരുന്നാല്‍ എത്ര നന്നായിരിക്കുമായിരുന്നു എന്നു് ഉപദേശിക്കുകയും ചെയ്തു. അതു കേട്ടു വില്വമംഗലം അവളോടു് ʻʻഇന്നുമുതല്‍ നീ എനിക്കു് ആചാര്യയും അമ്മയുമാണു്ˮ എന്നു പറഞ്ഞുകൊണ്ടു് അവിടം വിട്ടുപോയി അടുത്തു താമസിച്ചിരുന്ന സോമഗിരിയോടു ശ്രീകൃഷ്ണമന്ത്രാപദേശം സ്വീകരിച്ചു. വില്വമങ്ഗലത്തെപ്പറ്റിയുള്ള അനന്തകഥ വിസ്തരിക്കുന്നില്ല. ഒടുവില്‍ താപസിയായിത്തീര്‍ന്ന ചിന്താമണി അദ്ദേഹത്തിന്റെ അന്ത്യകാലപരിചര്യയ്ക്കു് എത്തുകയും രണ്ടുപേരും വൃന്ദാവനത്തില്‍ താമസിച്ചു സായൂജ്യം പ്രാപിക്കുകയും ചെയ്തു എന്നാണു് അതിന്റെ അവസാനം. ചിലര്‍ ഈ സംഭവങ്ങള്‍ നടന്നതു കേരളത്തില്‍ വെച്ചു തന്നെയാണെന്നും ചിന്താമണി കരൂപ്പടന്നയ്ക്കു സമീപം കാക്കത്തുരുത്തിയിലുള്ള ഒരു നായര്‍ സ്ത്രീയായിരുന്നു എന്നു പറയുന്നു. ഏതായാലും ഒരു സങ്ഗതി നിശ്ചയമാണു്. വില്വമങ്ഗലം ഒരു വലിയ ദേശഞ്ചാരിയായിരുന്നു. ഭാരതത്തില്‍ അദ്ദേഹത്തിന്റെ പാദപാംസുക്കളാല്‍ പല പ്രദേശങ്ങളും പവിത്രകൃതങ്ങളായിട്ടുണ്ടു്. വളരെക്കാലം മുമ്പു മുതല്‍ക്കു തന്നെ ഈ പ്രണയകഥയ്ക്കു അവിടെയെല്ലാം പ്രചാരവും സിദ്ധിച്ചിട്ടുണ്ട്. ഒടുവിലാണു് തൃശ്ശൂര്‍ തെക്കേമഠത്തിലെ സ്വാമിയാരായി അദ്ദേഹം അവരോധിക്കപ്പെട്ടതു്.

ഗുരുക്കന്മാര്‍

ഈശാനദേവനേയും സോമഗിരിയേയും പറ്റി പ്രസ്താവിച്ചു കഴിഞ്ഞു. ആദിത്യപ്രജ്ഞന്‍ എന്നൊരു ഗുരുവും വില്വമങ്ഗലത്തിന്നുണ്ടായിരുന്നതായി കാണുന്നു.

ʻʻഅജ്ഞാനദമനജ്യാതിഃ പ്രജ്ഞേശാനപദാസ്പദം
ആലംബിതനാരാകാരമാലംബനമഭൂല്‍ സതാം.

അമുഷ്യ കരുണാപാത്രമസ്തി മസ്കരിണാം മണിഃ
ആദിത്യപ്രജ്ഞസംജ്ഞം യദാദിത്യാദധികം മഹഃ
നിര്‍ജ്ജിതസ്സമദൃഷ്ട്യൈവ നിര്‍ല്ലോലം യേന മന്മഥഃ
ആര്‍ജ്ജിതൈരസ്ത്രകുസുമൈരാരാധാരാധയന്‍ യയൌ
ഈശാനദേവ ഇത്യാസീദീശാനോ മുനി തേജസാം
ആസ്പദസ്യ ഹി യസ്യാസീദീശാനോഗുണസമ്പദാം
ആദ്വിതീയ ഇതി ഖ്യാതിരാത്മബുദ്ധ്യാ ന കേവലം
തയാരനുഗ്രഹാപാങ്ഗസംക്രീന്തജ്ഞാനസാഗരാഃ
സാഗരാ ഇവ ഗംഭീരാസ്സന്തി ധന്യാസ്സഹസ്രശഃ

തയോരേവ കൃപാപാത്രം കൃഷ്ണലീലാശുകോ മുനിഃ;
യദാശ്രമാങ്ഗണേ നിത്യം രമന്തേ തന്ത്രവിസ്തരാഃ.
തിലകം കലാപാലീനാം നീലീതി നിലയം ശ്രീയാം
യമലം ജനയാഞ്ചക്രേ യഞ്ച കീര്‍ത്തിഞ്ച ശാശ്വതീം.
യസ്യ ദാമോദരോ നാമ പിതാ സവിതൃസന്നിഭഃ
അനൃണസ്യ ഹി യസ്യാസന്നധര്‍മണ്ണാ മരുദ്ഗണാഃ
യസ്യ തല്‍ പ്രിയസര്‍വസ്വം രാഘവേശാനസംജ്ഞകം
വിനേയസ്സ വിധേയാനാം സുഹൃല്‍...
യസ്യ ദക്ഷിണകൈലാസലീലാപരിണതം മഹഃ
ചര്‍ച്ചാചന്ദനഗന്ധേന സുഗന്ധയതി മാനസം.
കൃഷ്ണലീലാശുകസ്യാസ്യ കിശോരമധിദൈവതം
ശ്രുതിരത്നമിദം ബ്രൂ തേ വേണുവാദിമുഖേന്ദുനാˮ

എന്നു സ്വാമിയാര്‍ ബാലകൃഷ്ണസ്തോത്രത്തില്‍ പ്രസ്താവിച്ചിട്ടുണ്ടു്. ഇതില്‍ നിന്നു പ്രജ്ഞേശാനന്‍‌ എന്നൊരു സിദ്ധന്‍ ജിവിച്ചിരുന്നു എന്നും അദ്ദേഹത്തിനു് ആദിത്യപ്രജ്ഞനെന്നൊരു ശിഷ്യനും ഈശാനദേവന്‍ എന്നൊരു പ്രശിഷ്യനുമുണ്ടായിരുന്നു എന്നും അവരുടെ കരുണയ്ക്കു കൃഷ്ണലീലാശുകന്‍ പാത്രമായെന്നും അദ്ദേഹത്തിനു രാഘവേശാനന്‍ എന്നൊരു സുഹൃത്തു കൂടിയുണ്ടായിരുന്നു എന്നും തൃശ്ശൂരിലെ ദേവനെ അദ്ദേഹം ആരാധിച്ചിരുന്നു എന്നും നാമറിയുന്നു.

കാലം

കുറഞ്ഞ പക്ഷം മൂന്നു പേരെങ്കിലും വില്വമങ്ഗലത്തു സ്വാമിയാര്‍ എന്ന പേരില്‍ കേരളത്തില്‍ ജീവിച്ചിരുന്നിരിക്കണമെന്നും അവരില്‍ ആദ്യത്തെ വില്വമങ്ഗലത്തിന്റെ കാലം ക്രി.പി. ഒന്‍പതാം ശതകവും രണ്ടാമന്റേതു പതിമ്മൂന്നാം ശതകത്തിനോടടുത്തും മൂന്നാമന്റേതു പതിനേഴാം ശതകവുമാണെന്നത്രേ ചില പണ്ഡിതന്മാരുടെ പക്ഷം. പതിനേഴാം ശതകത്തില്‍ കൃഷ്ണനാട്ടം രചിച്ച കോഴിക്കോട്ടു മാനവേദ രാജാവിന്റെ ഗുരുവായി ഒരു തെക്കേമഠത്തില്‍ സ്വാമിയാരുണ്ടായിരുന്നിരിക്കാം. അദ്ദേഹം വിഷ്ണുഭക്തനുമായിരുന്നിരിക്കാം. പക്ഷെ അദ്ദേഹമല്ല ലീലാശുകന്‍ എന്നുള്ളതിനു സംശയമില്ല. ഞാന്‍ മുമ്പു സൂചിപ്പിച്ച പണ്ഡിതന്മാര്‍ ഒന്‍പതാം ശതകത്തില്‍ ജീവിച്ചിരുന്ന വില്വമങ്ഗലം ശ്രീകൃഷ്ണകര്‍ണ്ണാമൃതവും ശ്രീചിഹ്നവും പതിമ്മൂന്നാം ശതകത്തേടടുത്തു ജിവിച്ചിരുന്ന വില്വമങ്ഗലം പുരുഷകാരം തുടങ്ങിയ ഗ്രന്ഥങ്ങളും രചിച്ചു എന്നു വാദിക്കുന്നു. ആ വാദം ശരിയാണെങ്കില്‍ കൃഷ്ണലീലാശുകബിരുദത്താല്‍ അലംകൃതന്മാരും കൃഷ്ണഭക്തന്മാരും വൈയാകരണശിഖാമണികളുമായി രണ്ടു വില്വമങ്ഗലന്മാരെ നമുക്കു് അധ്യാഹരിക്കേണ്ടിയിരിക്കുന്നു. അതിന്റെ ആവശ്യം കാണുന്നില്ലെന്നു മാത്രമല്ല, അശ്ചര്യകരമായ ആ സംഭവത്തിനു തെളിവുമില്ല. ദേവന്‍ എന്നൊരു പണ്ഡിതന്‍ സംസ്കൃതധാതുക്കെളെ അധികരിച്ചു ദൈവം എന്നൊരു വ്യാകരണഗ്രന്ഥം കരികാരൂപത്തില്‍ നിര്‍മ്മിച്ചു. അതിനു കൃഷ്ണലീലാശുകന്‍ കാഞ്ചീപുരത്തുവച്ചു രചിച്ച വിശദവും വിസ്തൃതവുമായ വാര്‍ത്തികമാണു് പുരുഷകാരം.

ʻʻഉക്താനുക്തദ്വിരുക്താനി സ്ഥാനേ സ്ഥാനേ വിവൃണ്വതാ
കൃഷ്ണലീലാശുകേനൈവം കീര്‍ത്തിതം ദൈവവാര്‍ത്തികം.
കൃഷ്ണലീലാശുകസ്യേയം കൃതിഃ കൃതിമനോഹരാ
പുഷ്ണതീ കൃഷ്ണസമ്പ്രതീം ഭുവനാന്യഭിപുഷ്യതുˮ

എന്നീ ശ്ലോകങ്ങല്‍ അതിന്റെ അവസാനത്തില്‍ കാണുന്നു. പുരുഷകാരത്തിലെ മങ്ഗലാചരണപദ്യവും ശ്രീകൃഷ്ണപരമാണു്. പുരുഷകാരത്തില്‍ ഗ്രന്ഥകാരന്‍ ശൃങ്ഗാരപ്രകാശകര്‍ത്താവായ ഭോജദേവനേയും (ക്രി.പി. പതിനൊന്നാം ശതകം) ധാതുപാധനിര്‍മ്മാതാവായ ഹേമചന്ദ്രനേയും (ക്രി.പി. 1088–1172) കവികാമധേനുവിന്റെ പ്രണേതാവായ ബോപ്പദേവനേയും (പതിമ്മൂന്നാം ശതകത്തിന്റെ ഉത്തരാര്‍ദ്ധം) സ്മരിക്കുന്നു. ക്രി.പി. പതിനാലാം ശതകത്തിന്റെ പശ്ചാര്‍ദ്ധത്തില്‍ ഗ്രന്ഥനിര്‍മ്മാണം ചെയ്ത സായണാചാര്യര്‍ ധാതുവൃത്തിയില്‍ പുരുഷകാരത്തേയും സ്മരിക്കുന്നു. അതുകൊണ്ടു പുരുഷകാരകര്‍ത്താവായ കൃഷ്ണലീലാശുകന്റെ ജിവിതകാലം ക്രി.പി. പതിമ്മൂന്നാം ശതകത്തിന്റെ ചരമപാദത്തിനു മുമ്പല്ലെന്നു് അനുമാനിക്കും. ശ്രീചിഹ്നത്തിന്റെ ഒടുവിലത്തെ നാലു സര്‍ഗ്ഗം രചിച്ച ദുര്‍ഗ്ഗാപ്രസാദയതി ത്രിവിക്രമന്റെ പ്രാകൃതവ്യാകരണത്തെ സ്മരിക്കുന്നു. ത്രിവിക്രമന്‍ ഹേമചന്ദ്രനെ ഉദ്ധരിക്കുന്നതുകൊണ്ടും മറ്റും അദ്ദേഹത്തിന്റെ കാലം പതിമ്മൂന്നാം ശതകത്തിന്റെ പ്രഥാമപാദം ആയിരിക്കണമെന്നാണു് അഭിയുക്തമതം. ആ വഴിക്കു നോക്കുമ്പോഴും ഈ അനുമാനം സമുചിതമായിരിക്കുന്നു.

ശ്രീചിഹ്നം

ശ്രീചിഹ്നം അഥവാ ഗോവിന്ദാഭിഷേകം വരരുചിയുടെ പ്രാകൃതപ്രകാരശസൂത്രങ്ങളെ ഉദാഹരിക്കുന്നതും പന്ത്രണ്ടു സര്‍ഗ്ഗത്തിലുള്ളതുമായ ഒരു പ്രാകൃതകാവ്യമാകുന്നു. അതില്‍ ആദ്യത്തെ എട്ടു സര്‍ഗ്ഗം അദ്ദേഹത്തിന്റെ ʻകനിഷ്ഠകലഗʼനും ʻചരണാബ്‌ജഭൃങ്ഗʼവുമായ ദുര്‍ഗ്ഗാപ്രസാദയതിയുടേയും കൃതിയാണു്. ഗ്രന്ഥത്തിനു് ആദ്യന്തം ദുര്‍ഗ്ഗാപ്രസാദന്‍ തന്നെ ഭക്തിവിലാസം എന്ന പേരില്‍‌ ഒരു വ്യാഖ്യാനവും രചിച്ചിട്ടുണ്ടു്. സര്‍ഗ്ഗാന്തശ്ലോകങ്ങളില്‍ ʻശ്രീʼ എന്ന മുദ്രയുള്ളതുകൊണ്ടാണു് പ്രസ്തുത കാവ്യത്തിനു ശ്രീചിഹ്നം എന്ന പേര്‍ വന്നതു്. അതുപോലെ ശിശുപാലവധത്തിലേയും കിരാതാര്‍ജ്ജനീയത്തിലേയും ഹരവിജയത്തിലേയും സര്‍ഗ്ഗാന്തശ്ലോകങ്ങളില്‍ ʻശ്രീʼമുദ്ര മാഘനും ʻലക്ഷ്മീʼ മുദ്ര ഭാരവിയും ʻരത്നʼ മുദ്ര രത്നാകരനും യഥാക്രമം പതിച്ചിട്ടുണ്ടെന്നുള്ളതു ഭാവുകന്മാര്‍ക്കു് അശ്രുതപൂര്‍വ്വമല്ലല്ലോ. താഴെക്കാണുന്ന പദ്യങ്ങള്‍ ദുര്‍ഗ്ഗാപ്രസാദന്റെയാണു്. കവനവിഷയത്തില്‍ ശിഷ്യനും ഗുരുവിനും തമ്മില്‍ അജഗജാന്തരമുണ്ടു്.

ʻʻകോദണ്ഡമങ്ഗലവചോഗദിതേ ഹി ധാമ്നി
ശ്രീകൃഷ്ണദര്‍ശനപരഃ കില കര്‍ണ്ണഭൃത്യഃ [1]
ജാതഃ ക്രമേണ പരഹംസപദേ സ്ഥിതോസ്മിന്‍
യോങ്കസ്ഥിതസ്തമവലോക്യ ജഗാമ തൃപ്തിം.ˮ
ʻʻശ്രീപദ്മപാദമുനിവര്യവിനേയവര്‍ഗ്ഗ–
ശ്രീഭൂഷണം മുനിരസൌ കവിസാര്‍വഭൌമഃ
ശ്രീകൃഷ്ണരൂപപരാമാമൃതപാനശീല–
ശ്ചക്രേ തദീയചരിതം ബഹുധാ ഹിതായˮ

(ഒന്നാം സര്‍ഗ്ഗം)


ʻʻശ്രീകൃഷ്ണലീലാശുകബദ്ധകാവ്യം
വിവൃത്യ ലോകസ്യ ഹിതായ പൂര്‍വ്വം
തച്ഛേഷപൂര്‍ത്തിഞ്ച പുനര്‍വിധായ
വിവൃണ്മഹേ ऽഥോത്തരഭാഗമേതം.ˮ

(ഒന്‍പതാം സര്‍ഗ്ഗം)


ʻʻമുക്തിസ്ഥലാലയശിവാപദഭക്തിലേശാ–
ദ്ദൂര്‍ഗ്ഗപ്രസാദയതിരിത്യഭിധാം ദധാനഃ
കര്‍ത്താ സ്വയം സുകൃതമാത്രഫലാന്യഭീപ്സുഃ
കൃഷ്ണേര്‍പ്പയാമ്യഥ വിശുദ്ധികരാ മഹാന്തഃˮ

(പന്ത്രണ്ടാം സര്‍ഗ്ഗം)


ʻʻചാപമങ്ഗലഗൃഹോ യതീശ്വരോ
ബില്വമങ്ഗലഗൃഹോ വാ ഭവതി യഃ
മമ ഏഷ പരിചാരകാരണാല്‍
ബ്രഹ്മതാമുഗതഃപ്രസീദതുˮ

(ടി-ഛായ)

ഈ പദ്യങ്ങളില്‍നിന്നു ശ്രീചിഹ്നം ലീലാശുകന്റെ ഒടുവിലത്തെ കൃതിയായിരുന്നു എന്നും, അതു സമാപിക്കുന്നതിനുമുമ്പ് അദ്ദേഹം ബ്രഹ്മസായുജ്യം പ്രാപിച്ചു എന്നും, എട്ടാം സര്‍ഗ്ഗത്തിനു മേലുള്ള ഭാഗം നിര്‍മ്മിച്ച ദുര്‍ഗ്ഗാപ്രസാദന്‍ ആദ്യം മുക്കോലബ്ഭഗവതിയുടെ ഉപാസകനായിരുന്നു എന്നും പിന്നീടു് ലീലാശുകന്റെ അന്തേവാസിയായി ആദ്യം ശ്രീചിഹ്നം എട്ടു സര്‍ഗ്ഗം വ്യാഖ്യാനിക്കുകയും പിന്നീടു് അതു പൂരിപ്പിക്കുകയും ചെയ്തു എന്നും നാമറിയുന്നു.

ʻʻപല്യങ്കിതഃ പൂര്‍വപകാരശോഭി–
ദ്വിരൂപതോപേതടവര്‍ണ്ണ ഏഷഃ
പ്രവക്തി യോഷാം ഖലു നാമധേയ–
മാഗസ്ത്യകഗ്രാമഭുവം ഗതാനാം.

ഗൃഹേഷു യേ ദക്ഷിമാഭാഗസംജ്ഞേ
തേഷുപജാതാത്മകളേബരേഷു
മോക്ഷാശ്രമീ; തേന പരം നിബോദ്ധാ
വ്യാഖ്യാ മുദാ ശോധകസദ്ബലേന.

കോകാരട മകാരശ്ച ണത്യദ്വിത്വോപശോഭിതഃ
ക്രമാദ്ഭവതി യോ രാമസ്സഹകാരീ സ വൈഷ്ണവഃˮ

എന്ന പദ്യങ്ങളില്‍ സന്യാസസ്വീകാരത്തിനുമുമ്പ് ദുര്‍ഗ്ഗാപ്രസാദന്‍ തെക്കേടത്തില്ലത്തേ ഒരു നമ്പൂരിയായിരുന്നു എന്നും അദ്ദേഹത്തിനു ഗ്രന്ഥരചനയില്‍ കോടമണ്ണു രാമപ്പിഷാരടി വേണ്ട സാഹായം ചെയ്തു എന്നു കാണാം. ʻആഗസ്ത്യകഗ്രാമംʼ ഏതെന്നു മനസ്സിലാകുന്നില്ല. ʻʻതല്‍കനീഷ്ഠകുലഗഃˮ എന്നു ദുര്‍ഗ്ഗാപ്രസാദന്‍ തന്നെപ്പറ്റി പറയുന്നതുകൊണ്ടു് വില്വമങ്ഗലവും ആ ഇല്ലത്തില്‍ത്തന്നെ ജനിച്ചതായി സങ്കല്പിക്കണം. ʻʻപല്യങ്കിതഃˮ ഇത്യാദി ശ്ലോകത്തില്‍നിന്നു് ആ ഇല്ലക്കാരെ ʻʻപട്ടപ്പള്ളിˮ എന്നുകൂടി വിളിച്ചിരുന്നതായും ഉദ്ദേശിക്കാം. ശ്രീചിഹ്നവ്യാഖ്യായില്‍ ദുര്‍ഗ്ഗാപ്രസാദന്‍ ലീലാശുകനെ പത്മപാദാചാര്യരുടെ ʻവിനേയന്‍ʼ എന്നു പറയുന്നതുകൊണ്ടു് അദ്ദേഹം ക്രി.പി. ഒന്‍പതാം ശതകത്തില്‍ ജിവിച്ചിരുന്നിരിക്കണമെന്നുള്ള വാദം സങ്ഗതമല്ല. തെക്കേമഠത്തിലെ സ്വാമിയാരന്മാര്‍ ഏതു കാലത്തു ജിവിച്ചിരുന്നാലും അവരെ പത്മാപാദത്തിന്റെ ശിഷ്യന്മാര്‍ എന്നു പറയാവുന്നതാണു്. വങ്ഗദേശത്തിലെന്നപോലെ ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തില്‍ കേരളീയകൃതികളില്‍ മുകുന്ദമാലയിലേ ശ്ലോകങ്ങളല്ലാതെ കര്‍ണ്ണാമൃതത്തിലെ ഒരു ശ്ലോകം പോലും ഉദ്ധരിക്കാത്തതു ചിന്തനീയമായിരിക്കുന്നു. പ്രത്യുത ജയദേവന്റെ അഷ്ടപദിയില്‍നിന്നു ധാരാളം ശ്ലോകങ്ങള്‍ എടുത്തുചേര്‍ത്തിട്ടുമുണ്ടു്. അന്നു കര്‍ണ്ണാമൃതമില്ലെന്നിരുന്നാലേ അങ്ങനെയൊരു സംഭവത്തിനു് ഉപപത്തി കാണുന്നുള്ളു. രാധാകൃഷ്ണപരങ്ങളായ അനേകം പദ്യങ്ങള്‍ കര്‍ണ്ണാമൃതത്തിലുണ്ടു്; ക്രി.പി. ഒന്‍പതാം ശതകത്തില്‍ രാധാരാധനത്തിനു വലിയ പ്രാധാന്യമുണ്ടായിരുന്നില്ലെന്നുള്ള വസ്തുതയും ഇവിടെ അനുസ്മരിക്കേണ്ടതാണു്. ബ്രഹ്മസൂത്രങ്ങളുടെ സാരം അദ്വൈതവേദാന്തപക്ഷമനുസരിച്ചു ഗുരുശിഷ്യസംവാദരൂപത്തില്‍ സംക്ഷിപ്തമായി പ്രതിപാദിക്കുന്നതാണു് അദ്വൈതപ്രകാശമെന്ന ഗ്രന്ഥം. അതില്‍ ഒന്‍പതു ഭാഗങ്ങള്‍ അടങ്ങിയിരിക്കുന്നു. ആ നിബന്ധത്തിന്റെ പ്രണേതാവു് ഒരു ദുര്‍ഗ്ഗാപ്രസാദയതിയാണു്. അദ്ദേഹം ഗോവിന്ദാശ്രമയതിയുടെ ശിഷ്യനും നാരായണപ്രിയനെന്ന അഭിധാനാന്തരത്തില്‍ വിദിതനുമായിരുന്നു. രാമതീര്‍ഥന്‍ എന്നൊരു പണ്ഡിതന്റെ ബ്രഹ്മസൂത്രവ്യാഖ്യാനമാണു് തനിക്കു ഉപജീവ്യമായിരുന്നതെന്നു ഗ്രന്ഥകാരന്‍ പറയുന്നുണ്ടു്. അദ്ദേഹവും ശ്രീചിഹ്നവ്യാഖ്യാതാവും ഒരാളാണെന്നു തോന്നുന്നില്ല.

ശ്രീകൃഷ്ണകര്‍ണ്ണാമൃതം

വില്വമങ്ഗലത്തിന്റെ കൃതികളില്‍ പ്രഥമഗണനീയമായിട്ടുള്ളതു മൂന്നാശ്വാസങ്ങളില്‍ മൂന്നുറ്റിമൂന്നു (ശ്ലോകത്രയാധികശതത്രയം) പദ്യങ്ങളുള്ള ശ്രീകൃഷ്ണകര്‍ണ്ണാമൃതമാകുന്നു. ആ സ്തോത്രതല്ലജത്തിന്റെ അമൃതാതിശായിയായ മാധുര്യം ആസ്വദിച്ചുതന്നെ അറിയേണ്ടതാണു്. വില്വമങ്ഗലത്തിന്റെ ഭക്തിപാരവശ്യം, പദഘടനാവൈഭവം, പ്രസാദപാരമ്യം, ഹൃദയദ്രവീകരണചണമായ ഉല്ലേഖവൈചിത്ര്യം, മുതലായി അഭൗമങ്ങളായുള്ള പല മഹാകവിസിദ്ധികള്‍ക്കു് അതിലെ ഓരോ ശ്ലോകവും മൂര്‍ദ്ധാഭിഷിക്തോദാഹരണമാകുന്നു.

ʻʻകമനീയകിശോരമുഗ്ദ്ധമൂര്‍ത്തേഃ
കളവേണുക്വണിതാദൃതാനനേന്ദോഃ
മമ വാചി വിജൃംഭതാം മുരാരേര്‍—
മ്മധുരിംമ്‌ണഃ കണികാപി കാപി കാപി.ˮ
ʻʻമാര മാ രമ മദീയമാനസേ
മാധവൈകനിലയേ യദൃച്ഛ‌യാ
ഹേ രമാരമണ! വാര്യതാമസൗ,
കസ്സഹേത നിജവേശ്മലംഘനം?ˮ

ഇത്യാദി പദ്യങ്ങള്‍ കേള്‍ക്കുന്ന ഏതു സഹൃദയന്റെ ഹൃദയമാണു് സര്‍വവും വിസ്മരിച്ചു അനിര്‍വചനീയമായ ആനന്ദസാഗരത്തില്‍ ആറാടാത്തതു്? സംസ്കൃതഭാഷയില്‍ അനവധി അപ്രമേയപ്രഭാവങ്ങളായ ഭഗവല്‍സ്തോത്രങ്ങള്‍ വിരചിതങ്ങളായിട്ടുണ്ടു. എങ്കിലും വില്വമങ്ഗലത്തിന്റെ കര്‍ണ്ണാമൃതത്തോടു് ഒന്നിനെ ഉപമിക്കണമെങ്കില്‍ അതിനു് ആ കര്‍ണ്ണാമൃതമല്ലാതെ മറ്റൊന്നും അര്‍ഹമല്ല. തനിയ്ക്കു ശ്രീകൃഷ്ണന്റെ നേര്‍ക്കുള്ള ഭക്തിയെപ്പറ്റി കവി ഇങ്ങനെ പറയുന്നു:—

ʻʻശൈവാ വയം ന ഖലു തത്ര വിചാരണീയം.
പഞ്ചാക്ഷരീജപപരാ നിതരാം, തഥാപി
ചേതോ മദീയമതസീകുസുമാവഭാസം
സ്മേരാനനം സ്മരതി ഗൊ ഗോപവധൂകിശോരംˮ

കര്‍ണ്ണാമൃതത്തിനു പാപയല്ലയസൂരിയുടേയും രാമചന്ദ്രബുധേന്ദ്രന്റേയും വ്യാഖ്യാനങ്ങള്‍ക്കു പുറമേ ഗോപാലന്‍, വൃന്ദാവനദാസന്‍, ശങ്കരന്‍, ബ്രഹ്മദത്തന്‍ മുതലായി വേറേയും പല പണ്ഡിതന്മാരുടേയും വ്യാഖ്യാനങ്ങളുണ്ടു്.

ഇതരകൃതികള്‍

(1) ശ്രീകൃഷ്ണകര്‍ണ്ണാമൃതം (2) ശ്രീചിഹ്നം (3) പുരുഷകാരം, ഇവയ്ക്കുപുറമേ സ്വാമിയാര്‍ (4) അഭിനവകൗസ്തുഭമാല, (5) ദക്ഷിണാമൂര്‍ത്തിസ്തവം. (6) കാലവധകാവ്യം, (7) ദുര്‍ഗ്ഗാസ്തുതി, (8) ബാലകൃഷ്ണസ്തോത്രം, (9) ബാലഗോപാലസ്തുതി, (10) ഭാവനാമുകുരം, (11) രാമചന്ദ്രാഷ്ടകം, (12) ഗണപതിസ്തോത്രം, (13) അനുഭവാഷ്ടകം, (14) മഹാകാളാഷ്ടകം, (15) കാര്‍ക്കോടകസ്തോത്രം, (16) ശ്രീകൃഷ്ണലീലാവരദാഷ്ടകം, (17) വൃന്ദാവനസ്തോത്രം, (18) കൃഷ്ണലീലാവിനോദം, (19) ശങ്കരഹൃദയങ്ഗമ, (20) സുബന്തസാമ്രാജ്യം, (21) തിങന്തസാമ്രാജ്യം, (22) ക്രമദീപിക എന്നിങ്ങനെ പല ഗ്രന്ഥങ്ങള്‍ നിര്‍മ്മിച്ചിട്ടുണ്ടു്. അഭിനവകൌസ്തുഭമാല മഹാവിഷ്ണുവിന്റെ പാദാദികേശരൂപമായ ഒരു സ്തോത്രമാകുന്നു. ആകെ നാല്പത്താറു ശ്ലോകങ്ങളുണ്ട്. ʻശ്രീകൃഷ്ണകേളിശുകവാങ്മയവീചിമാലാʼ എന്ന പാദത്തില്‍ കവിമുദ്രയുണ്ടു്. ദക്ഷിണാമൂര്‍ത്തിസ്തവം ശൈവമാണു്; ആകെ പതിമ്മൂന്നു ശ്ലോകങ്ങളേയുള്ളു. ʻദക്ഷിണാമൂര്‍ത്തിമൂര്‍ത്തൗ ഭഗവതി കൃതഭാവാ കൃഷ്ണലീലാശുകീയാʼ എന്നൊരു മുദ്ര അതിലും കാണുന്നു. കാലവധം തൃപ്പറങ്ങോട്ടപ്പന്റെ കാലജയത്തെ വാഴ്ത്തുന്നതും മൂന്നു സര്‍ഗ്ഗത്തിലുള്ളതുമായ ഒരു ലഘുകാവ്യമാണു്. ʻഇതി ശ്രീകൃഷ്ണലീലാശുകസ്യ കൃതൗ കാലവധേ തൃതീയസര്‍ഗ്ഗഃʼ എന്നു് ആ ഗ്രന്ഥത്തിന്റെ അവസാനത്തില്‍ ഒരു കുറിപ്പുണ്ടു്. ദുര്‍ഗ്ഗാസ്തുതി അരിയന്നൂര്‍കാവിലെ (ഹരികുമാരീമന്ദിരം) ദുര്‍ഗ്ഗയെ പതിനാറുശ്ലോകങ്ങള്‍കൊണ്ടു വന്ദിയ്ക്കുന്ന ഒരു സ്തോത്രമാകുന്നു. ʻകിമപി രചിതമേതല്‍ കൃഷ്ണലീലാശുകേനʼ എന്നു് അതിലും കവിയുടെ പ്രസ്താവനയുണ്ടു്. ബാലകൃഷ്ണസ്തോത്രം കര്‍ണ്ണാമൃതത്തോടു കിടനില്ക്കുന്ന ഒരു സ്തുതിയാണു്.

ʻʻതാപിഞ്ചരഗുച്ഛരുചി താമരസായതാക്ഷം
താരുണ്യനിര്‍ഭരതരങ്ഗിതചാരുലീലം
താപത്രയപ്രഥമഭേഷജമങ്ഗഭാജാം
താദൃങ്മഹഃ സ്ഫുരതു ചേതസി താവകീനം.ˮ

എന്ന ശ്ലോകം അതിലുള്‍പ്പെടുന്നു. ബാലഗോപാലസ്തുതി ഓരോ ശ്ലോകത്തിനും ഓരോ മനോഹരമായ ചിത്രത്തോടുകൂടി ഉത്തരഭാരതത്തില്‍ കണ്ടെടുത്തിട്ടുള്ള ഒരു സ്തോത്രരത്നമാണു്. ഭാവനാമുകുരം ആഗമസമ്പ്രാദായത്തില്‍ ശ്രീകൃഷ്ണധ്യാനത്തിനു് ഉപയോഗിയ്ക്കേണ്ട മറ്റൊരു വിശിഷ്ടസ്തോത്രമാകുന്നു. രാമചന്ദ്രാഷ്ടകം ശ്രീരാമപരമാണു്. ʻʻകൃഷ്ണകേളിശുകഭക്തി കന്ദളീം പുഷ്ണതീˮ എന്നു് അതിലും കവിമുദ്ര കാണുന്നു. ഗണപതിസ്തോത്രത്തില്‍ വടതരുമൂലസ്ഥിതനായ വിഘ്നേശ്വരനെ കവി സ്തുതിക്കുന്നു; ആ സ്തോത്രത്തിന്റെ നിര്‍മ്മിതി മൈസൂരില്‍ ദോരസമുദ്രത്തില്‍വച്ചായിരുന്നു. പുരുഷകാരത്തിന്റെ നിര്‍മ്മാണം കാഞ്ചീപുരത്തു വച്ചായിരുന്നു എന്നു മുന്‍പു പറഞ്ഞുവല്ലോ. കാര്‍ക്കോടകസ്തോത്രത്തില്‍നിന്നു് ഒരു ശ്ലോകം താഴെ ഉദ്ധരിക്കുന്നു.

ʻʻകാര്‍ക്കോടകേശ്വരോ ജീയാദര്‍ക്കകോടിസമപ്രഭഃ
കര്‍ക്കശേതരസൗഭാഗ്യസ്തര്‍ക്കദുര്‍ഗ്രഹവിഗ്രഹഃˮ

ശ്രീകൃഷ്ണവരദാഷ്ടകത്തിലുള്ളതാണു് താഴെക്കാണുന്ന ശ്ലോകം:

വ്രജജനവനിതാമദാന്ധകേളീ–
കലഹകടാക്ഷവിലക്ഷവിഭ്രമോ വഃ
വിലസതു ഹൃദയേ വിലാസസിന്ധു–
ര്‍മ്മുഹുരവിലംഘിതമുഗ്ദ്ധശൈശവശ്രീഃ.ˮ

ʻശ്രീകൃഷ്ണലീലാശുകവാങ്മയീഭിരേവംവിധാഭിഃʼ എന്നു് അതിലുമുണ്ടു് കവിവാക്യം. വൃന്ദാവനസ്തുതിയില്‍ അറുപതു ശ്ലോകങ്ങളുണ്ടു്. അതു വൃദ്ധാവനത്തില്‍വച്ചു രചിച്ചതാണു്. ʻʻവൃന്ദാവനവ്യസനിനസ്തവ ദേവ, കൃഷ്ണലീലാശുകേന രചിതം നിചിതം ഗുണൗഘൈഃˮ എന്നു് ആ സ്തോത്രത്തിലും ഗ്രന്ഥകാരമുദ്രയുണ്ടു്. ʻകൃഷ്ണലീലാവിനോദംʼ ഭോജദേവന്റെ സരസ്വതീകണ്ഠാഭരണമെന്ന വ്യാകരണഗ്രന്ഥത്തിന്നു വിപുലമായുള്ള ഒരു വ്യാഖ്യാനമാണു്. സുബന്തസാമ്രാജ്യവും തിങന്ത സാമ്രാജ്യവും സ്വതന്ത്രങ്ങളായ രണ്ടു വ്യാകരണഗ്രന്ഥങ്ങളാകുന്നു. ആഗമശാസ്ത്രത്തില്‍ വില്വമങ്ഗലം ശ്രീകൃഷ്ണപൂജാവിധിപരമായി നിര്‍മ്മിച്ചിട്ടുള്ള ഒരു ഗ്രന്ഥമാകുന്നു ക്രമദീപിക. രഹസ്യഗോപാലതന്ത്രചിന്താമണി എന്ന ഗ്രന്ഥത്തിന്റെ പ്രണേതാവായ വാസുദേവന്‍നമ്പൂരി, കേരളീയരായ ഈശാനദേവന്‍, കൃഷ്ണലീലാശുകന്‍, ഭവത്രാതന്‍, രാഘവാനന്ദന്‍, മാധവന്‍, ശങ്കരന്‍. നാരായണാചാര്യന്‍ എന്നിവരെ സമ്പ്രദായപ്രവര്‍ത്തകന്മരായി പരിഗണിച്ചു വന്ദിക്കുന്നു. വില്വമങ്ഗലത്തെ വന്ദിക്കുന്നതു്—

ʻʻകൃഷ്ണലീലാശുകശ്രീമച്ചരണാം ഭോജനിസ്സൃതാം
യതീന്ദ്രമധുപവ്രാതവേഷ്ടിതാം ധൂളിമാശ്രയേ.ˮ

എന്നാണു്. ക്രി. പി. പതിന്നാലാം ശതകത്തിന്റെ ഉത്തരാര്‍ദ്ധത്തില്‍ വിജയനഗരത്തെ അലങ്കരിച്ചിരുന്ന ഉത്തമകവയിത്രിയും വീരകമ്പണനെന്ന രാജകുമാരന്റെ പ്രേയസിയുമായ ഗങ്ഗാദേവി തന്റെ മധുരാവിജയമെന്ന മനോഹരമായ കാവ്യത്തില്‍

ʻʻമന്ദാരമഞ്ജരീസ്യന്ദിമകരന്ദരസാബ്ധയഃ
കസ്യ നാഹ്ലാദനായാലം കര്‍ണ്ണാമൃതകവേര്‍ഗ്ഗിരഃ?ˮ

എന്നു് ഈ ഭക്തശിരോമണിയെ പ്രശംസിക്കുന്നു.

ഉപസംഹാരം

ഈവിധത്തില്‍ ഒരു പരമഭാഗവതന്‍, മഹാവൈയാകരണന്‍, പ്രാകൃതഭാഷാപാരീണന്‍, ശ്രീകൃഷ്ണസമ്പ്രദായഗുരു, വേദാന്തകേസരി, മഹാകവിമൂര്‍ദ്ധന്യന്‍ ഇങ്ങനെ പല നിലകളിലും വില്വമങ്ഗലത്തു സ്വാമിയാര്‍ തന്റെ വിജയഭേരി മുഴക്കി; കീര്‍ത്തിപതാക പാറിച്ചു; ഭാരതവര്‍ഷമെങ്ങും കേരളത്തിന്റെ പേരും പെരുമയും പരത്തി. സാക്ഷാല്‍ ബാലകൃഷ്ണഭഗവാന്റെ മുരളീനാദംപോലെ മധുരമാണു് അദ്ദേഹത്തിന്റെ കര്‍ണ്ണാമൃതം; ആ പാകം മറ്റൊരു കവിക്കു്—ജയദേവനുപോലും—കൈവന്നിട്ടുണ്ടോ എന്നു സംശയമാണു്. മഹാനുഭാവനായ ആ മഹര്‍ഷികല്പന്‍ കേരളീയരായ നമ്മുടെ പരിപൂര്‍ണ്ണമായ ആദരത്തേയും ആരാധനത്തേയും എല്ലാക്കാലത്തും അര്‍ഹിക്കുന്നു. അദ്ദേഹമാണു് വങ്ഗദേശത്തിലെ ചൈതന്യസമ്പ്രദായത്തിനും പശ്ചിമോത്തരഭാരതത്തിലെ വല്ലഭ സമ്പ്രദായത്തിനും പ്രാചാര്യനെന്നു് ആ രണ്ടു പുണ്യശ്ലോകന്മാരായ സമ്പ്രദായപ്രതിഷ്ഠാപകന്മാരും സമ്മതിച്ചിട്ടുള്ളതാണു്. ഇതിലധികം കേരളത്തിനു് എന്തൊരു യശസ്സാണു് ലഭിക്കുവാനുള്ളതു്?

ദിവാകരന്‍

ദിവാകരകവി ഏതു ദേശക്കാരനാണെന്നു വെളിവാകുന്നില്ല. ഒരു കേരളീയനായിരുന്നു എന്നുള്ളതു് നിസ്സംശയമാണു്. അദ്ദേഹം രാമായണം ബാലകാണ്ഡത്തെ വിഷയീകരിച്ചു് ʻഅമോഘരാഘവംʼ എന്നൊരു ചമ്പു ഏഴുച്ഛ്വാസത്തില്‍ നിര്‍മ്മിച്ചിട്ടുണ്ടു്. ആ ചമ്പുവിന്റെ നിര്‍മ്മാണം ശകാബ്ദം 1221-നു സമമായ ക്രി. പി. 1299-ല്‍ ആണെന്നുന്നള്ളതിനു തെളിവായി

ʻʻചന്ദ്രനേത്രദ്വയക്ഷ്മാഭിശ്ശകകാലേ വിലോകിതേ
അമോഘരാഘവം കാവ്യമാവിരാസീദ്ദിവാകരാല്‍.ˮ

എന്നു് അതിന്റെ ഒടുവില്‍ ഒരു ശ്ലോകമുണ്ടു്. ദിവാകരന്‍ താന്‍ ഭാര്‍ഗ്ഗവഗോത്രജനായ ഒരു ബ്രാഹ്മണനും നാരായണന്റെ പൗത്രനും കാശിയില്‍വച്ചു കൈവല്യപദം പ്രാപിച്ച വിശ്വേശ്വരന്റെ പുത്രനും വിഷ്ണുവിന്റെ കനിഷ്ഠസഹോദരനുമാണെന്നു ഗ്രന്ഥത്തിന്റെ ആരംഭത്തില്‍ പ്രസ്താവിക്കുന്നു. ʻജമദഗ്നേരന്വവായഃʼ എന്നും ʻക്ഷോണീക്ഷേമായ രാമസ്സ്വയമജനി ഹരേര്യത്രഷഷ്ഠാവതാരഃʼ എന്നും ഉള്ള വാചകങ്ങള്‍ അദ്ദേഹത്തിന്റെ ഗോത്രമേതെന്നു നിര്‍ണ്ണയിക്കുവാനുള്ള ലക്ഷ്യങ്ങളാണു്.

ʻʻതത്രാധഃകൃതഭോഗിഭോഗമഹിമാ, നിര്‍വാണഭാവോചിത–
സ്ഥാനം മാനസസമ്പദാമപി ദശോല്‍പത്തിക്രിയാവിക്രിയം
ജജ്ഞേ യജ്ഞചയപ്രിയഃ കലിമിളല്‍കല്മാഷകര്‍മ്മോന്നമല്‍–
പാപാം ഭോനിധിമധ്യലഗ്നസുകൃതോദ്ധാരായ നാരായണഃˮ

ദ്വിജേന്ദ്രശേഖരസ്തസ്യ സുതോ വിശ്വേശ്വരോ ഭവല്‍
യഃ പിധാതുമിവാത്മാനം മുദാമകൃത ദൂരഗാം.

യസ്സാകം ധര്‍മ്മപത്ന്യാ പരവയസി പരി-
ത്യക്തസാംസാരികാശീഃ
കാശീമാസാദ്യ സദ്യസ്സുരസരിദമൃതേ
സങ്ഗമയ്യാര്‍പ്പിതാങ്ഗഃ
പായം പായം പുരസ്താച്ഛിവപദനിഗള–
ത്താരകബ്രഹ്മവിദ്യാ–
പീയൂഷം കര്‍ണ്ണപേയം നിരുപമസുഖദാം
പ്രാപ കൈവല്യലക്ഷ്മീം.

തസ്യാത്മജോ വിഷ്ണുരലങ്കരിഷ്ണുഃ
കുലം പവിത്രൈരമലം ചരിത്രൈഃ
ഭൂതേശസേവാസുഖമാപ്തുകാമഃ
ശൗതോ വിധിര്‍മൂര്‍ത്ത ഇവാവിരാസീല്‍.

തത്രാഗ്രജേ ഗുണശ്രേണീം കൃത്വേവ ഗുണലോഭിനാ
ദിവാകരഃ കൃതോ ധാത്രാ തല്‍സോദര്യെകഭൂഷണം.ʼʼ

ഈ ശ്ലോകങ്ങളില്‍നിന്നു ശേഷം വിവരങ്ങളും ഗ്രഹിക്കാവുന്നതാണു്. വാല്മീകി, കാളിദാസന്‍, പിതാവായ വിശ്വേശ്വരന്‍, പാണിനി, വരരുചി, പതഞ്ജലി, കാശികാകാരന്‍, ന്യാസകാരന്‍ ഈ പൂര്‍വസൂരികളെ കവി സ്മരിക്കുന്നു. വ്യാകരണഗുരു പിതാവുതന്നെയായിരുന്നു. വാല്മീകിയേയും കാളിദാസനേയും പറ്റിയുള്ള ശ്ലോകങ്ങളാണു് താഴെ ഉദ്ധരിക്കുന്നതു്–

ʻʻവാണീ വാസമവാപ യസ്യ വദനദ്വാരി പ്രതീക്ഷ്യേവ ഹൃല്‍–
പദ്മസ്ഥാംബുജനാഭനാഭിനിവസല്ലോകേശസേവാക്ഷണം
വല്മീകപ്രഭവായ കല്മഷഭിദേ തസ്മൈ പരസ്മൈ നമോ
രാമോദാത്തചരിത്രവര്‍ണ്ണനവചഃപ്രോദ്യോഗിനേ യോഗിനേ.ˮ

ʻʻരമ്യാ ശ്ലേഷവതീ പ്രസാദമധുരാ ശൃങ്ഗാരസങ്ഗോജ്ജ്വലാ
ചാടൂകൈ്തരഖിലപ്രിയൈരഹരഹസ്സമ്മോഹയന്തീ മനഃ
ലീലാന്യസ്തപദപ്രചാരരചനാ സദ്വര്‍ണ്ണസംശോഭിതാ
ഭാതി ശ്രീയുതകാളിദാസകവിതാ കാന്തേവ കാന്തേ രതാ.ˮ

ഒടുവിലത്തെ ആശംസാപദ്യമാണു് അടിയില്‍ കാണുന്നതു്–

ʻʻപൃത്ഥ്വീ സസ്യെൌഘപൃഥ്വീ വിലസതു ഭവതാ
ദ്വാരി സന്താപഹാരി
സ്വൗജഃ പ്രാപ്നോതു തേജശ്ചരതു ചിരമയം
ഗന്ധവാന്‍ ഗന്ധവാഹഃ
ഉദ്യോഗം ഗച്ഛതു ദ്യൗഃ കലിരപി വികലഃ
സ്താദജസ്രം ജഗത്യാം
രാമഃ ക്ഷേമായ ഭ്രയാദ് ഭവതു ച സുധിയാം
കാവ്യമേതദ്വിഭാവ്യം.ˮ

ദിവാകരന്‍ രാഘവന്‍ എന്നൊരു രാജാവിനെ ആശ്രയിച്ചിരുന്നതായി ഗ്രന്ഥാന്തത്തിലുള്ളതും താഴെ ഉദ്ധരിക്കുന്നതുമായ ശ്ലോകത്തില്‍നിന്ന് കാണാവുന്നതാണു്.

ʻʻഇതി ധൃതരസസാരൈര്‍ഗ്ഗദ്യപദ്യൈരുദാരൈഃ
കവിതുരവിതു(?)രസ്യ ശ്രാവ്യമാകര്‍ണ്ണ്യ കാവ്യം
ഭൃഗുപതിവിജയശ്രീചിഹ്നമഹ്നായ തുഷ്യ–
ന്നഭിലഷിതമമുഷ്യാമോഘയദ്രാഘവേന്ദുഃˮ

ശ്രീരാമന്റെ പരശുരാമവിജയത്തെ വിഷയീകരിച്ചു താന്‍ രചിച്ച പ്രസ്തുതകാവ്യം കണ്ടു സന്തോഷിച്ചു രാഘവന്‍ തന്റെ ആശയെ ഫലപൂര്‍ണ്ണമാക്കി എന്നാണല്ലോ പ്രസ്തുത ശ്ലോകത്തിന്റെ സാരം. അതുകൊണ്ടാണു് അതിനു് അമോഘരാഘവം എന്നു പേര്‍ വന്നതു്. ഈ രാഘവന്‍ രാഘവാനന്ദന്റെ പുരസ്കര്‍ത്താവായി കോലത്തുനാട്ടില്‍ ജിവിച്ചിരുന്ന രാഘവനാണെന്നു തോന്നുന്നു. കേരളത്തിലെന്നപോലെ സംസ്കൃതത്തിലും ദേശഭാഷയിലും അത്ര വളരെ ചമ്പുക്കള്‍ ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ ഒരിടത്തും വിരചിതങ്ങളായിട്ടില്ല. ഇതുവരെ അറിഞ്ഞിടത്തോളം കേരളത്തിലെ ആദ്യത്തെ ചമ്പു അമോഘരാഘവംതന്നെയാണു്.

ശിവരാമന്‍

കേരളത്തിലെ പ്രഥമഗണനീയന്മാരായ വ്യാഖ്യാകാരന്മാരില്‍ അന്യതമനാണു് ശിവരാമന്‍. അദ്ദേഹത്തെക്കുറിച്ചു് ഇതിനു മുന്‍പുതന്നെ ചില വിവരങ്ങള്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ടു്. അദ്ദേഹം കേരളീയനായ ഒരു ദ്രാവിഡ ബ്രാഹ്മണനാണെന്നു് ഊഹിക്കേണ്ടിയിരിക്കുന്നു. ശാരദതനയന്റെ ഭാവപ്രകാശനത്തെ ഒരു പ്രമാണഗ്രന്ഥമായി ശിവരാമന്‍ ഉദ്ധരിക്കുന്നതുകൊണ്ടു ക്രി. പി. പന്ത്രണ്ടാം ശതകത്തിനു പിന്നീടാണു് അദ്ദേഹത്തിന്റെ കാലമെന്നു ക്ലപ്തമായി പറയാം. കൂടിയാട്ടത്തില്‍ ചാക്യാന്മാര്‍ പ്രയോഗിക്കുന്ന തപതീസംവരണം, സുഭദ്രാധനജ്ഞയം, നാഗാനന്ദം എന്നീ നാടകങ്ങള്‍ക്കു് അദ്ദേഹം യഥാക്രമം രചിച്ചിട്ടുള്ള വിവരണം, വിചാരതിലകം, വിമര്‍ശിനി എന്നീ വ്യാഖ്യാനങ്ങള്‍ സരസങ്ങളും സര്‍വങ്കഷങ്ങളും, വ്യാകരണം അലങ്കാരം മുതലായ ശാസ്ത്രങ്ങളിലും ഇതിഹാസപുരാണങ്ങളിലും അദ്ദേഹത്തിനുമുള്ള അഗാധമായ ജ്ഞാനത്തെ സ്പഷ്ടീകരിക്കുന്നവയുമാണു്. വ്യാഖ്യാതാവു് ഒരു ശിവഭക്തനായിരുന്നു എന്നും ആ നിബന്ധനങ്ങളില്‍നിന്നു വെളിവാകുന്നുണ്ടു്. താഴെക്കാണുന്ന ശ്ലോകങ്ങള്‍ അദ്ദേഹത്തിന്റേതാണു്.

ʻʻപ്രണിപത്യ ചന്ദ്രചൂഡം ശ്രീമല്‍കുലശേഖരാനീന്ദ്രകൃതം
തപതീസംവരണാഖ്യം നാടകമധികൃത്യ വിവരണംക്രിയതേ.ˮ

(സംവരണവ്യാഖ്യ)

ʻʻശിവായാശേഷഗുരവേ ശിവായൈ തദ്ഭിദാഭിദേ
ആഭ്യാമനന്യരൂപായ മഹ്യഞ്ച സതതം നമഃ
യതശ്ശിവസ്യാങ്കുരിതാ വിദുഷാഞ്ച കൃപാ മയി
വ്യാകരോമി യഥാബോധം തല്‍ സുഭദ്രാധനഞ്ജയം.ˮ

(ധനഞ്ജയവ്യാഖ്യ)

ʻʻഗുണവ്യതികരക്രമപ്രസൃമരാന്യധീവൃത്തിഭിഃ
പ്രഗേതനമനുജ്ത്സിതശ്രുതിപഥൈരനാദീനവം
പരാശരജജൈജമിനിപ്രമുഖവിദ്വദഗ്രേസരൈഃ
പ്രവര്‍ത്തിതമനുത്തമം മതമതദ്വിദപ്യാശ്രയേ.

വ്യസ്താവ്യസ്തതയാശേഷതത്വസ്വാത്മസുനിര്‍ഭരം
ശിവം ദേശികമാശ്രിത്യ നാഗാനന്ദം വിമൃശ്യതേ.ˮ

(നാഗാനന്ദവ്യാഖ്യ–ഉപക്രമം)

ʻʻശ്രീശങ്കരോരുകരുണാജനനീഭൃതേന
രാമേണ ദാശരഥിവൃത്തസുജീവനേന
സാഹിത്യമാര്‍ഗ്ഗപരിചംക്രമണപ്രയാസം
ശിഷ്യാന്‍ വിബോധയിതുമേഷ കൃതോ വിചാരഃ

ദ്വിഷതാം ന ഗുണഃ കോപി ന ദോഷസ്സുഹൃദാമപി
പ്രകാശേത; തടസ്ഥോത്ര വിവിനക്ത്യുഭയം ജനഃ.ˮ

(ടി. ഉപസംഹാരം)

ഉപോത്തമശ്ലോകത്തില്‍നിന്നു ശിവരാമനെ രാമനെന്നും വിളിച്ചുവന്നിരുന്നു എന്നും, രാമായണംവായനയായിരുന്നു അദ്ദേഹത്തിന്റെ ജിവികാമാര്‍ഗ്ഗമെന്നും അദ്ദേഹത്തിനു് അനേകം ശിഷ്യന്മാരുണ്ടായിരുന്നു എന്നു കാണാവുന്നതാണു്.

രാമായണവ്യാഖ്യ സര്‍വ്വാര്‍ത്ഥസാരം

വാല്മീകി രാമായണത്തിനു സര്‍വ്വാര്‍ത്ഥസാരം എന്നൊരു വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവായ വെങ്കടേശ്വരന്‍ ശിവരാമന്റെ ശിഷ്യനായിരുന്നു എന്നുള്ളതിനു താഴെക്കാണുന്ന ശ്ലോകം തെളിവാണ്.

ʻʻശിവസ്യ രാമസ്യ ഗുരോര്‍മ്മഹാകവേര്‍–
ന്നിയോജനാനുഗ്രഹണോപദേശനൈഃ
തയാശിഷാരണ്യകകാണ്ഡമര്‍ത്ഥതഃ
സമുജ്ജ്വലം വ്യാകൃത വെങ്കടേശ്വരഃ.ˮ

കേരളത്തിലെ ജ്യോതിഷം

ചില പ്രാചീനഗ്രന്ഥങ്ങള്‍

ജ്യോതിശ്ശാസ്ത്രത്തിനു കേരളത്തില്‍ പൂര്‍വ്വകാലം മുതല്ക്കുതന്നെ വളരെ പ്രചാരവും പ്രാമാണികതയും സിദ്ധിച്ചിട്ടുണ്ടു്. ആ ശാസ്ത്രത്തില്‍ കേരളീയര്‍ക്കുള്ള സര്‍വങ്കഷമായ ജ്ഞാനവും സുപ്രസിദ്ധമാണ്. അനവധി വിശിഷ്ടങ്ങളായ ജ്യോതിഷഗ്രന്ഥങ്ങള്‍ ഇവിടെ ഓരോ കാലത്തു് ഓരോ ദൈവജ്ഞന്മാര്‍ രചിച്ചിട്ടുണ്ടു്. അവയില്‍ അതിപ്രാചീനങ്ങളായ ദേവകേരളം, ശുക്രകേരളം, വരരുചി കേരളം, കേരളീയസൂത്രം മതലായവയുടെ കാലത്തെപ്പറ്റി വ്യവസ്ഥിതമായി ഒരനുമാനവും ചെയ്യുവാന്‍ തരമില്ല. ദേവ കേരളത്തില്‍

ʻʻകേരളേ വിഷയേ കശ്ചിദച്യുതോ നാമ ഭൂസുരഃ
ബൃഹസ്പതിം സമുദ്ദിശ്യ സ ചക്രേ തപ ഉത്തമംˮ

കേരളീയനായ അച്യുതന്‍ എന്ന ഒരു ബ്രാഹ്മണന്‍ ബൃഹസ്പതിതെ ഉദ്ദേശിച്ചു തപസ്സു ചെയ്യുകയും ബൃഹസ്പതി പ്രത്യക്ഷീഭവിച്ചു് എന്തു വരം വേണമെന്നു ചോദിച്ചതിനു് അതീതാനാഗതജ്ഞാനമുണ്ടാകണമെന്നു പ്രാര്‍ത്ഥിക്കുകയും ചെയ്തതായും, അപ്പോള്‍ ആദികാലത്തില്‍ ശ്രീനാരായണന്‍ നാലുലക്ഷം ഗ്രന്ഥമായി രചിച്ച ജ്യോതിശ്ശാസ്ത്രം താന്‍ ദേവേന്ദ്രനുവേണ്ടി ഇരുപതിനായിരം ഗ്രന്ഥമായി സംഗ്രഹിച്ചു എന്നും അതില്‍ ജാതകസ്കന്ധം രണ്ടായിരം ഗ്രന്ഥമുണ്ടെന്നും അതു് ആ ഭക്തനു നല്കാമെന്നും ദേവഗുരു അരുളിച്ചെയ്തതായും പീഠികയില്‍ പ്രസ്താവന കാണുന്നു. പിന്നീടു് അച്യുതന്‍ ശ്രക്രനേയും ശ്രീപരമേശ്വരനേയും പ്രസാദിപ്പിച്ചു് അവര്‍ യഥാക്രമം നിര്‍മ്മിച്ച ആയിരം ഗ്രന്ഥവും രണ്ടായിരം ഗ്രന്ഥവും കൂടി വാങ്ങി അങ്ങനെ തന്റെ ശിഷ്യന്മാരെ ഗുരുമതവും ശുക്രമതവും സാംബശിവമതവും പഠിപ്പിച്ചുവത്രേ.

ശുക്രകേരളം പത്തധ്യായത്തിലുള്ള ഒരു ഗ്രന്ഥ‌മാണു്. അതിനു ഭൃഗുകേരളമെന്നും കേരളരഹസ്യമെന്നും കേരളീയമെന്നും കൂടി പേരുകള്‍ കാണുന്നു. വരരുചികേരളത്തിനു ജാതകരഹസ്യമെന്നും കേരളനിര്‍ണ്ണയമെന്നുംകൂടി സജ്ഞകളുണ്ടു്. അതിന്റെ നിര്‍മ്മാതാവു വാക്യകാരനായ വരരുചിതന്നെ ആയിരിയ്ക്കാം.

ʻʻഭാഗ്യാധിപേ വിക്രമസ്ഥേ പാപാധിപസമന്വിതേ
പഞ്ചമാധിപവീക്ഷേണ ഇതി കേരളനിശ്ചയഃˮ
ʻʻകര്‍മ്മാധിപേ മേഷഗതേ ഭാഗ്യാധിപസമന്വിതേ
ബ്രഹ്മലോകം ഭവേത്തസ്യ ഇതി കേരളനിശ്ചയഃˮ

എന്നീ ശ്ലോകങ്ങള്‍ ആ ഗ്രന്ഥത്തിലുള്ളവയാണു്. കേരളീയസൂത്രവും ഫലഭാഗത്തെ പരാമര്‍ശിയ്ക്കുന്ന ഒരു ഗ്രന്ഥംതന്നെ. ഇവയ്ക്കെല്ലാം ഇന്നു കേരളത്തിലേക്കാള്‍ കൂടുതല്‍ പ്രചാരം കാണുന്നതു തമിഴ്‌നാട്ടിലും ആന്ധ്രദേശത്തിലുമാണു്.

പരഹിതം

ക്രി. പി. 682-ആമാണ്ടിടയ്ക്കു തിരുനാവായില്‍ വെച്ചുനടന്ന മാമാങ്കമഹോത്സവത്തില്‍ കേരളത്തിലെ ജ്യോത്സ്യന്മാര്‍ ആര്യഭടന്റെ പരഹിതഗണിതം സ്വീകരിച്ചു് അതു പരിഷ്കരിക്കുകയുണ്ടായി. ആര്യഭടാചാര്യന്‍ ക്രി. പി. 499-ല്‍ ആണു് തന്റെ ഗണിതഗ്രന്ഥം നിര്‍മ്മിച്ചതെന്നും അതിലേ ഗണനസമ്പ്രദായം രണ്ടു ശതകം കഴിയുന്നതിനുമുന്‍പു കേരളീയര്‍ക്കു പുതുക്കുവാന്‍ സാധിച്ചു എന്നും അറിയുന്നതു നമുക്കു് അഭിമാനഹേതുകമാണു്.

പ്രഥമഭാസ്കരാചാര്യന്‍

പ്രഥമഭാസ്കരാചാര്യന്‍ ഭാരതത്തിലേ പ്രാമാണികനായ ഒരു ഗണിതജ്ഞനാണു്. ക്രി. പി. 522-ല്‍ അദ്ദേഹം കര്‍മ്മനിബന്ധം എന്നുകൂടിപ്പേരുള്ള മഹാഭാസ്കരീയം നിര്‍മ്മിച്ചു. അതു കൂടാതെ ആര്യഭടീയത്തിനു് ഒരു വ്യാഖ്യാനവും ലഘുഭാസ്കരീയമെന്ന പേരില്‍ ആര്യഭടീയത്തിന്റെ ഒരു സങ്ഗ്രഹവും അദ്ദേഹത്തിന്റെ കൃതികളായി നമുക്കു ലഭിച്ചിട്ടുണ്ടു്. ലീലാവതീകാരനായ ദ്വിതീയഭാസ്കരാചാര്യന്‍ ജീവിച്ചിരുന്നതു ക്രി. പി. പതിനൊന്നാം ശതകത്തിലാണു്. പ്രഥമഭാസ്കരന്‍ ഒരു കേരളീയനായിരുന്നു എന്നാണു് ലൿനൗവിലേ ഏ എന്‍. സിങ്ങ് തുടങ്ങിയ പണ്ഡിതന്മാരുടെ പക്ഷം; അതിനു ചില ന്യായങ്ങളുമുണ്ടു്. അതു ശരിയാണെങ്കില്‍ ക്രി. പി. 682-ല്‍ നടന്ന കരണപരിഷ്കരണം ആശ്ചര്യജനകമല്ല.

ശങ്കരനാരായണന്‍

പ്രഥമഭാസ്കരന്റെ ലഘുഭാസ്കരീയത്തിനു ശങ്കരനാരായണന്‍ എന്ന ഒരു കേരളീയപണ്ഡിതന്‍ ശങ്കരനാരായണീയം എന്നൊരു വ്യാഖ്യാനം നിര്‍മ്മിച്ചിട്ടുണ്ടു്. അദ്ദേഹത്തിന്റെ ജന്മദേശം ʻകൊല്ലപുരിʼ എന്ന് ആ ഗ്രന്ഥത്തില്‍ കാണുന്ന കൊല്ലമാണു്. ഗ്രന്ഥത്തിന്റെ നിര്‍മ്മിതി ക്രി. പി. 869-നു സമമായ കൊല്ലം 44-ല്‍ ആണെന്നു് അദ്ദേഹംതന്നെ ʻʻശകാബ്ദാഃ പുനരിഹ ചന്ദ്രരന്ധ്രമുനിസംഖ്യയാ അസ്മാഭിരവഗതാഃˮ എന്ന പങ്‌ക്തിയില്‍ സ്പഷ്ടമായി പ്രസ്താവിച്ചിട്ടുണ്ടു്. ʻʻകൊല്ലപുര്യാം വിഷുവച്ഛായയാ പഞ്ചദശ സംഖ്യാസമ്പാദിതരാശിപ്രമാണാഃകടപയാദ്യക്ഷരബദ്ധാഃ പഠ്യന്തേˮ എന്നും ʻʻക്രിയാദയഃ കൊല്ലപുരീസമുച്ഛ്റിതാഃ ക്രമോല്‍ക്രമേണൈവ ഭവന്തി രാശയഃˮ എന്നു ഉള്ള ഭാഗങ്ങളില്‍ കൊല്ലത്തെ സ്മരിച്ചിരിക്കുന്നു. രവിവര്‍മ്മാവെന്നും രാമദേവനെന്നും സൂര്യവംശജരായ രണ്ടു കേരളരാജാക്കന്മാരെപ്പറ്റിക്കൂടി ശങ്കരനാരായണന്‍ പ്രസ്താവിക്കുന്നു. അവരുടെ രാജധാനി മഹാേദയപുരം, അതായതു കൊടുങ്ങല്ലൂരായിരുന്നു. അവര്‍ ചേരചക്രവര്‍ത്തിമാരായിരുന്നു എന്നുള്ളതിനു സംശയമില്ല. 844-ല്‍ ആണു് രവിവര്‍മ്മാവു് അന്തരിച്ചതു്; അനന്തരം അദ്ദേഹത്തിന്റെ പുത്രനായ രാമദേവന്‍ അഭിഷിക്തനായി. രവിവര്‍മ്മകുലശേഖരന്‍ ഒരു വിശിഷ്ടമായ ഗണിതഗ്രന്ഥത്തിന്റേയും നിര്‍മ്മാതാവായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ രാജ്യഭാരകാലത്താണു് കൊല്ലവര്‍ഷം സ്ഥാപിതമായതു് എന്നു് ഉറപ്പിച്ചു പറയാം. രാമവര്‍മ്മാവു് പട്ടത്തു വാസുദേവഭട്ടതിരിയുടെ പുരസ്കര്‍ത്താവായിരുന്നു. ശങ്കരനാരായണന്റെ താഴെക്കാണുന്ന വാക്യങ്ങള്‍ പ്രകൃതത്തില്‍ അനുസന്ധേയങ്ങളാണു്.

(1) ʻʻഗോളാന്മഹോദയപുരേ രവിവര്‍മ്മദേവ–
സംബന്ധയന്ത്രവലയാങ്കിതരാശിചക്രാല്‍
ഭാനോഃകുളീരദശഭാഗഗതേ തുലാന്ത്യം
ലഗ്നം മയാ വിദിതമാശു വദേഹ കാലംˮ

(2)ʻʻശ്രീമന്മഹോദയപുരേ കുലശേഖരേണ
കര്‍ത്തും സഭാം കുശലശില്പിഭിരദ്യ രാജ്ഞാ
ആജ്ഞപ്തമാശു സമമണ്ഡലരൂഢസൂര്യ–
ച്ഛായാവശാല്‍ കഥയ ശക്രജലേശസൂത്രംˮ

(3)ʻʻഉക്തം കേരളവംശകേതുരവിണാ മദ്ധ്യാഹ്നശങ്കുപ്രഭാ–
ദേശേസ്മിന്‍ കിയതീതി രാശിഷു ഗതേ ഭാനൗ ക്രിയാദ്യാദിഷു
പ്രത്യേകം വിഗണയ്യ വത്സരശതം ഛായാപ്രമാണം ക്രമാല്‍
പ്രത്യക്ഷം ഹി ദിനദ്വയേന ഗണിത പത്രേ ലിഖിത്വാനയ.ʼʼ

(4) ʻʻരൂപാഗ്നിഭൂതഗദിതോക്ഷഗുണോ ദിനാര്‍ദ്ധേ
ഛായാ രവേഃ ഷഡൃതുഭിഃ പ്രമിതപ്രമാണാ
ഛായാര്‍ക്കമാശു വിഗണയ്യ ഗതം വദേതി
പ്രോക്തം നൃപേന്ദ്രരവിണാ കുലശേഖരേണ.ˮ

(5) ʻʻദേശാന്തരേ ക്വാപി ഗതസ്യ യസ്യ
തദ്ദേശസംഭൂതപലാവലംബൗ
ജ്ഞേയൗ കഥം തദ്ദിവസൗ വദേതി
ശ്രീമാനവോചദ്രവിവര്‍മ്മദേവഃˮ

(6) അസ്മിന്നര്‍ത്ഥേ രാജ്ഞാ കേരളവംശപ്രദീപേന കദാചില്‍
കുലശേഖരേണദമുക്തം.

(7) അത്രാപി ശ്രീരവിവര്‍മ്മദേവഃ കദാചിദ്ഗ്രഹയുദ്ധവി
ജ്ഞാന പ്രകടനാര്‍ത്ഥമാഹ
ʻʻചാപപ്രവിഷ്ടഗുരുസൗരിസമത്വകാലം
യാമ്യോത്തരം ഗമനമന്തരതഃ പ്രമാണം
ആചക്ഷ്വ സര്‍വമവഗമ്യ ഭടോക്തമാര്‍ഗ്ഗാ–
ദിത്യുക്തവാന്‍ രവിരശേഷനൃപാഭിവന്ദ്യഃ

(8) ...രിപുമഥനം കര്‍ത്തുകാമേന രാജ്ഞാ
ചാരൈര്‍വാര്‍ത്താം വിദിത്വാ രവികുലപതിനാ
രാമദേവേന ലഗ്നംˮ

(9) ʻʻപുത്രശ്രീരവിവര്‍മ്മനൃപതേര്‍ദ്ദീപ്താംശുവംശോദിതഃˮ

മഹോദയപുരത്തില്‍ രവിവര്‍മ്മദേവന്‍ ഒരു നക്ഷത്രബങ്കളാവു സ്ഥാപിച്ചിരുന്നതായും ഒന്നാമത്തെ ശ്ലോകത്തില്‍നിന്നും വെളിപ്പെടുന്നു. കേരളത്തില്‍ ജ്യോതിശ്ശാസ്ത്രത്തിനു ക്രി. പി. ഒന്‍പതാം ശതകത്തില്‍ എത്രമാത്രം അഭിവൃദ്ധി സിദ്ധിച്ചുകഴിഞ്ഞിരുന്നു എന്ന ശങ്കരനാരായണീയം സ്ഫടികസ്ഫുടമായി വിശദീകരിക്കുന്നു.

ഗോവിന്ദനെന്നു പേരുള്ള ഒരു ഭട്ടതിരി ജനിച്ചു. അദ്ദേഹത്തിന്റെ ഇല്ലം ഇപ്പോളില്ല. ʻʻരക്ഷേദ്ഗോവിന്ദമര്‍ക്കഃˮ എന്നതു ഭട്ടതിരിയുടെ ജനനകാലത്തേയും ʻʻകാളിന്ദീപ്രിയസ്തുഷ്ടഃˮ എന്നതു നിര്യാണകാലത്തേയും കുറിക്കുന്ന കലിദിനവാക്യങ്ങളാണെന്നു് ഐതിഹ്യമുള്ളതുകൊണ്ടു് അദ്ദേഹം കൊല്ലവര്‍ഷം 412-മുതല്‍ 470-വരെ (ക്രി. പി. 1237-95) ജിവിച്ചിരുന്നതായി കണക്കാക്കാവുന്നതാണു്. പരദേശത്തു പോയി കഞ്ചനൂരാഴ്വാര്‍ എന്ന പണ്ഡിതനില്‍നിന്നു ജ്യോതിഷത്തില്‍ ഉല്‍ഗ്രന്ഥങ്ങള്‍ അഭ്യസിച്ചതായും തിരിയെ വന്നു് ഒരു വ്യാഴവട്ടക്കാലം തൃശ്ശൂര്‍ വടക്കുന്നാഥനെ ഭജിച്ചതായും പുരാവൃത്തജ്ഞര്‍ പറയുന്നു. ഭട്ടതിരിയുടെ അമ്മയുടെ ഇല്ലം പാഴൂരായിരുന്നുവത്രേ. പാഴൂരില്‍ അദ്ദേഹത്തിനു ദൈവയോഗത്താല്‍ ഒരു കണിയാട്ടിയില്‍ പുത്രനുണ്ടായതായും ആ ഗൃഹത്തിലെ പടിപ്പുരയില്‍നിന്നു പ്രസ്തുത കുടുംബത്തിലെ കണിയാന്മാര്‍ പറയുന്നതെല്ലാം ഒത്തുവരട്ടെ എന്നനുഗ്രഹിച്ചിട്ടു് അദ്ദേഹം സമാധിയടഞ്ഞതായും കേട്ടുകേള്‍വിയുണ്ടു്. ആ പടിപ്പുരയില്‍ അദ്ദേഹത്തിന്റെ ഭൗതികപിണ്ഡം അടക്കം ചെയ്തിരിക്കുന്നു എന്നാണു ജനവിശ്വാസം. ഈ ഐതിഹ്യത്തില്‍ കഴമ്പില്ലെന്നും ജ്യോത്സ്യന്മാര്‍ എന്ന നിലയില്‍ പാഴൂര്‍ കണിയാന്മാര്‍ക്കു പ്രസിദ്ധി സിദ്ധിച്ചിട്ടു രണ്ടുമൂന്നു ശതകങ്ങളേ ആയിട്ടുള്ളൂ എന്നും ചിലര്‍ വാദിക്കുന്നുണ്ടു്. എന്നാല്‍ ആ വാദം പ്രസ്തുതവിഷയത്തിലുള്ള ഐതിഹ്യത്തെ പാടേ തിരസ്കരിക്കുന്നതിനു പര്യാപ്തമാകുന്നില്ല. ഭട്ടതിരിക്കും പാഴൂര്‍ പടിപ്പുരയ്ക്കും തമ്മില്‍ അഭേദ്യമായ ഏതോ ബന്ധമുണ്ടായിരുന്നു എന്നുള്ള വസ്തുത അനപലപനീയമായിത്തന്നെ അവശേഷിക്കുന്നു.

ഭട്ടതിരിയുടെ കൃതികള്‍

ഭട്ടതിരിയുടെ പ്രധാനകൃതി ʻദശാധ്യായിʼ എന്ന പ്രസിദ്ധമായ ജ്യോതിഷഗ്രന്ഥമാകുന്നു. വരാഹമിഹിരാചാര്യന്‍ അവന്തിദേശത്തില്‍ ക്രി. പി. ആറാം ശതകത്തില്‍ ജിവിച്ചിരുന്നു. അദ്ദേഹം ജ്യോതിശ്ശാസ്ത്രത്തില്‍ പ്രമാണഭൂതമായ ബൃഹജ്ജാതകം എന്ന ഗ്രന്ഥം ഇരുപത്താറധ്യായത്തില്‍ രചിക്കുകയുണ്ടായി. ʻസ്വല്പം വൃത്തിവിചിത്രമദ്ഭുതരസംʼ എന്നു് അഭിജ്ഞന്മാര്‍ പ്രശംസിച്ചിട്ടുള്ള ആ ഗ്രന്ഥത്തിലെ ആദ്യത്തെ പത്തധ്യായങ്ങള്‍ക്കു ഭട്ടതിരി നിര്‍മ്മിച്ച പ്രൗഢമായ വ്യാഖ്യാനമാണു് ʻദശാധ്യായി.ʼ വ്യാഖ്യാതാവു് ഉപക്രമിക്കുന്നതു് ഇങ്ങനെയാണ്–

ʻʻജ്യോതിശ്ശാസ്ത്രമിദം വിധായ വിപുലം ത്രിസ്കന്ധഭിന്നം പുരാ
ലോകാനാം മതിമാന്ദ്യതഃ കലിയുഗേ തല്‍പാതഭീത്യാ പുനഃ
സ്വല്പം തല്‍ സകലം തതോ രചിതവാനാദിത്യദാസാത്മജോ
ഭൂത്വാ യോ മിഹിരം വരാഹമിഹിരം നാമ്നാ നമസ്‌കുര്‍മ്മഹേ
വരാഹഹോരാശാസ്ത്രസ്യ വിജ്ഞാതോര്‍ത്ഥോഥ യോ മയാ
സ തു ശിഷ്യാവബോധാര്‍ത്ഥം സംക്ഷേപേണ വിലിഖ്യതേˮ.

ആദ്യത്തെ ശ്ലോകത്തില്‍ ഭട്ടതിരി വരാഹമിഹിരനെ സൂര്യനോടു് ഉപമിയ്ക്കുന്നു. ഗണിതം, സംഹിത, ഹോര ഇവയാണു് മൂന്നു സ്കന്ധങ്ങള്‍. രണ്ടാമത്തെ ശ്ലോകത്തിലെന്നപോലെ ഗ്രന്ഥാവസാനത്തിലും ʻʻനൈഷാ പാണ്ഡിത്യപ്രകടനായ കൃതാസ്വാവഗതാര്‍ത്ഥന്‍ മന്ദബുദ്ധയേ ശിഷ്യായോപദേഷ്ടുമേവˮ എന്നു ദശാധ്യായി നിര്‍മ്മിച്ചതിന്റെ ഉദ്ദേശത്തെപ്പറ്റി പ്രസ്താവിക്കുന്നു. പത്തു് അദ്ധ്യായങ്ങളുടെ വ്യാഖ്യാനമെഴുതിക്കഴിഞ്ഞപ്പോള്‍ അതിനുമേലുള്ള അദ്ധ്യായങ്ങളില്‍ കൂടുതലായൊന്നും ആചാര്യന്‍ പ്രസ്താവിച്ചിട്ടില്ലെന്നു തോന്നി അവയെ ഭട്ടതിരി സ്പര്‍ശിക്കാതെ വിട്ടുകളഞ്ഞു എന്നാണു് പഴമക്കാര്‍ പറഞ്ഞുവരുന്നതു്. ʻമൂഹൂര്‍ത്തരത്നംʼ മുതലായി വേറേയും ചില ജ്യോതിഷഗ്രന്ഥങ്ങള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്. സ്ഫുടനിര്‍ണ്ണയതന്ത്രവിവൃതി എന്ന അവിജ്ഞാതകര്‍ത്തൃകമായ ഒരു ജ്യോതിശ്ശാസ്ത്രനിബന്ധത്തില്‍ താഴെ ഉദ്ധരിക്കുന്ന പദ്യഗദ്യങ്ങള്‍ കാണുന്നു–

ʻʻബ്രഹ്മാണം മിഹിരം വസിഷ്ഠപുലിശൗ ഗര്‍ഗ്ഗം മുനിം ലോമശം
ശ്രീപത്യാര്യഭടൗ വരാഹമിഹിരം ലല്ലഞ്ച മുഞ്ജാളകം
ഗോവിന്ദം പരമേശ്വരം സതനയം ശ്രീനീലകണ്ഠം ഗുരൂന്‍
വന്ദേ ഗോളവിദശ്ച മാധവമുഖാന്‍ വാല്മീകിമുഖ്യാന്‍ കവീന്‍ˮ

ബ്രഹ്മസൂര്യവസിഷ്ഠപുലിശലോമശാഃ പഞ്ച സിദ്ധാന്താചാര്യഃ; ഗര്‍ഗ്ഗസ്യാപി പഞ്ചസിദ്ധാന്തതുല്യകക്ഷ്യത്വാല്‍; ശ്രീപതിസ്സിദ്ധാന്തശേഖരാദീനാം കര്‍ത്താ; ലല്ലഃ ശിഷ്യധീവൃദ്ധി ദാഖ്യസ്യ തന്ത്രസ്യ കര്‍ത്താ; മുഞ്ജാളകോ മാനസസ്യ കര്‍ത്താ; ഗോവിന്ദോ മുഹൂര്‍ത്തരത്നാദികര്‍ത്താ; പരമേശ്വരോ ദൃഗ്ഗണിതാഖ്യസ്യ കരണസ്യ കര്‍ത്താ; തസ്യ തനയോ ദാമോദരാഖ്യഃ; തസ്യ ശിഷ്യശ്‌ശ്രീനീലകണ്ഠഃ തന്ത്രസങ്ഗ്രഹാദീനാം കര്‍ത്താ; മാധവോ വേലാരോഹാദീനാം കര്‍ത്താˮ. ബ്രഹ്മാവു്, സൂര്യന്‍, വസിഷ്ഠന്‍, പുലിശന്‍, ലോമശന്‍ ഇവര്‍ പഞ്ചസിദ്ധാന്തങ്ങളുടെ ഉപജ്ഞാതാക്കന്മാരാണു്. ബ്രഹ്മസിദ്ധാന്തത്തിനു പിതാമഹസിദ്ധാന്തമെന്നും ലോമശസിദ്ധാന്തത്തിനു രോമകസിദ്ധാന്തമെന്നുംകൂടി പേരുണ്ട്. പൗലിശം ഗ്രീസിലും, രോമകം റോമന്‍സാമ്രാജ്യത്തിലും ജനിച്ച സിദ്ധാന്തങ്ങളെന്നാണു് ആധുനികഗവേഷകന്മാരുടെ അഭിപ്രായം. സൂര്യ സിദ്ധാന്തവും സൂര്യന്‍ മയനു് രോമകത്തില്‍വച്ചു് ഉപദേശിച്ചതാണെന്നു കാണുന്നു. സിദ്ധാന്തശേഖരകര്‍ത്താവായ ശ്രീപതി, ശിഷ്യധീവൃദ്ധികര്‍ത്താവായ ലല്ലന്‍, മാനസകര്‍ത്താവായ മൂഞ്ജാളകന്‍ ഇവരെല്ലാം വിദേശീയര്‍തന്നെ. മുഹൂര്‍ത്തരത്നകാരനായ ഗോവിന്ദന്‍ ആര്യഭടീയവ്യാഖ്യാതാവായ ഗോവിന്ദസ്വാമിയാണെന്ന് ഊഹിക്കേണ്ടിയിരിക്കുന്നു. ദൃഗ്ഗണിതകര്‍ത്താവായ പരമേശ്വരന്‍നമ്പൂരിയേയും മറ്റും പറ്റി മേല്‍ പ്രതിപാദിക്കും. ദശാധ്യായിയുടെ മാഹാത്മ്യത്തെപറ്റി പ്രശ്നമാര്‍ഗ്ഗത്തില്‍ ഇങ്ങനെ വര്‍ണ്ണിച്ചിരിക്കുന്നു.

ʻʻഅദൃഷ്ട്വാ യോ ദശാധ്യായീം ഫലമാദേഷ്ട മിച്ഛതി
സമിച്ഛതി സമുദ്രസ്യ തരണം സ പ്ലവം വിനാ.ˮ

തൃപ്പറങ്ങോട്ടപ്പനെപറ്റി ഭട്ടതിരി രചിച്ചിട്ടുള്ളതും ദശാധ്യായിയുടെ അവസാനത്തിലുള്ളതുമായ ഒരു ശ്ലോകമാണ് താഴെച്ചേര്‍ക്കുന്നത്–

ʻʻസ്ഫുരതു ഭുജങ്ങ്ഗമഹാരം മമ ഹൃദി തേജോ മഹാവിഷാഹാരം
ശ്വേതാരണ്യേവിഹാരം ശ്വേതം ശീതാംശുശേഖരം ഹാരം.ʼʼ

ഇപ്രകാരം ക്രി. പി. 1300 വരെ സംസ്കൃത സാഹിത്യത്തെ പോഷിപ്പിച്ച കേരളീയരില്‍ പലരും മഹനീയന്മാരായിരുന്നു. അദ്വൈതവേദാന്തത്തില്‍ സര്‍വതന്ത്രസ്വതന്ത്രനായ ഭഗവല്‍പാദര്‍, പൂര്‍വമീമാംസയില്‍ പ്രഭാകരമിശ്രന്‍, നാടകത്തില്‍ശക്തിഭദ്രന്‍, യമകത്തില്‍ വാസുഭട്ടതിരി, സ്തോത്രത്തില്‍ വില്വമങ്‌ഗലത്തു സ്വാമിയാര്‍, ജ്യോതിഷത്തില്‍ തലക്കുളത്തു ഭട്ടതിരി ഇവര്‍ ഏതു പണ്ഡിതന്റെ മുക്തകണ്ഠമായ ശ്ലാഘയേയാണ് ആര്‍ജ്ജിക്കാത്തത്! കേരളത്തിന്റെ അന്യാദൃശമായ സല്‍കീര്‍ത്തി അവരാലും അവരെപ്പോലെയുള്ള മറ്റനേകം മഹാത്മക്കളാലും പണ്ടുപണ്ടേ പ്രതിഷ്ഠിതമായിട്ടുണ്ടെന്നുള്ള വസ്തുത നമുക്ക് അത്യന്തം ഹൃദയോത്തേജകമാകുന്നു.

കൃഷ്ണാചാര്യന്‍

കൃഷ്ണന്‍ എന്നൊരാചാര്യനാല്‍ വിരചിതമായി കൃഷ്ണീയം, അഥവാ ചിന്താജ്ഞാനം എന്ന പേരില്‍ ഒരു ജ്യോതിഷഗ്രന്ഥമുണ്ട്. ഇതില്‍ ആകെ മുപ്പത്തിരണ്ടധ്യായങ്ങളും ഒരു പരിശിഷ്ടവും അടങ്ങിയിരിക്കുന്നു. പ്രശ്നവിഷയത്തിലും ജാതകവിഷയത്തിലും ഈ ഗ്രന്ഥത്തെ കേരളീയര്‍ ഒരു പ്രമാണമായി സ്വീകരിക്കുന്നു; ഇതിന് അന്യാദൃശമായ പ്രചാരമാണ് കേരളത്തിലെങ്ങുമുള്ളത്.

ʻʻവ്യാകരണദിഷ്വങ്‌ഗേഷ്വവഗതതത്വസ്യദൈവശാസ്ത്രവിദ:
കൃഷ്ണസ്യ കൃതിശ്ചിന്താജ്ഞാനം കൃഷ്ണീയമിതി നാമ്നാʼʼ

എന്നു മുപ്പത്തിരണ്ടാമധ്യായത്തിന്റെ ഒടുവിലുള്ള പദ്യത്തില്‍ നിന്ന് അദ്ദേഹം ജ്യോതിഷത്തിന്നു പുറമേ വ്യാകരണം തുടങ്ങിയ വേദാങ്ഗങ്ങളിലും നിഷ്ണാതനായിരുന്നു എന്നു കാണാവുന്നതാണു്. ദേശമേതെന്നു അറിയുന്നില്ല.

ʻʻഅര്‍ത്ഥാനതിപ്രകീര്‍ണ്ണാന്‍ ഹോരാശാസ്ത്രാന്തരേഭ്യ ഉദ്ധൃത്യ
ഗ്രഥിതമിദമനപശബ്ദം ഹോരാശാസ്ത്രം സമാസേന.
അതിസംക്ഷേപോ ശക്യോ ജ്ഞാതും ഹ്യതിവിസ്തരോ മതിംഹന്തി;
യുക്തം പ്രമാണയുക്ത്യാ കൃതമിദമുഭയം പരിത്യജ്യˮ

എന്നീ പദ്യങ്ങളില്‍ ഗ്രന്ഥകാരന്‍ തന്റെ കൃതിക്കുള്ള വൈശിഷ്ട്യത്തെ പ്രഖ്യാപനംചെയ്യുന്നു. നഷ്ടപ്രശ്നം, മുഷ്ടിപ്രശ്നം മുതലായ പ്രശ്നങ്ങള്‍ പറഞ്ഞു് ഒപ്പിക്കണമെങ്കില്‍ കൃഷ്ണീയത്തിന്റെ സാഹായ്യം അപരിത്യാജ്യമാണെന്നു ദൈവജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു. ദേശമങ്ഗലത്തു ഉഴുത്തിരവാരിയര്‍ ഹോരാവിവരണത്തില്‍ കൃഷ്ണീയത്തെ സ്മരിക്കുന്നു. പ്രശ്നമാര്‍ഗ്ഗകാരനായ ഇടയ്ക്കാട്ടു നമ്പൂരി കൃഷ്ണീയത്തെ ഒരു പ്രമാണഗ്രന്ഥമായി സ്വീകരിക്കുന്നു. ഇതുകൊണ്ടല്ലാം കൊല്ലം എട്ടാംശതകത്തിനു മുമ്പാണ് അതിന്റെ നിര്‍മ്മിതി എന്നു വ്യക്തമാകുന്നു. കുറേക്കൂടി ചുഴിഞ്ഞുനോക്കുകയാണെങ്കില്‍ കൃഷ്ണീയഹോരയെ ഉണ്ണിയിച്ചിചരിതം ചമ്പുവില്‍ സ്മരിച്ചുകാണുന്നതുകൊണ്ടു് കൊല്ലം അഞ്ചാംശതകത്തോളം പഴക്കവും അതിനു കല്പിക്കാവുന്നതാണു്. ഇടയ്ക്കാടു പറയുന്നതു ഇങ്ങനെയാണു്–

ʻʻഹോരാം വരാഹമിഹിരാസ്യവിനിര്‍ഗ്ഗതാം യേ
മാലമിവാദധതി ദൈവവിദസ്സ്വകണ്ഠേ,
കൃഷ്ണീയശാസ്ത്രമപി ഭര്‍ത്തൃമതീവ സൂത്രം,
തേഷാം സഭാസു മഹതീ ഭവതീഹ ശോഭാˮ

മാലയേക്കാള്‍ മങ്ഗല്യസൂത്രം ഭര്‍ത്തൃമതിയായ സ്ത്രീ കണ്ഠത്തില്‍ ധരിക്കേണ്ടതു് അത്യവശ്യമാകയാല്‍ പ്രശ്നമാര്‍ഗ്ഗകാരന്റെ പക്ഷത്തില്‍ ഹോരാശാസ്ത്രത്തെ അപേക്ഷിച്ചു കൃഷ്ണീയ ശാസ്ത്രത്തിനു പ്രയാഗോപയോഗിത അധികമുണ്ടെന്നു വേണം വിചാരിക്കുവാന്‍. ഇടയ്ക്കാടു വീണ്ടും മറ്റൊരു ഘട്ടത്തില്‍ ʻʻതൈരാദൗ കൃഷ്ണീയേ ശാസ്ത്രേ സമ്യൿ പരിശ്രമഃ കാര്യഃˮ എന്ന് ഊന്നിപ്പറഞ്ഞിട്ടുണ്ട്.

കൃഷ്ണീയത്തിനു് ʻചതുരസുന്ദരീʼ എന്നൊരു പഴയ വ്യാഖ്യാനമുണ്ടു്. അതിന്റെ പ്രണേതാവിനെപ്പറ്റി ഒന്നും അറിഞ്ഞുകൂടാ.

ʻʻനത്വാ ത്രികാലതത്വജ്ഞം സര്‍ജ്ഞം ക്രിയതേ മയാ
വ്യാഖ്യാ കൃഷ്ണീയശാസ്ത്രസ്യ നാമ്നാ ചതുരസുന്ദരീˮ

എന്നു മാത്രമേ അദ്ദേഹം ആ വ്യാഖ്യാനത്തെപ്പറ്റി പറയുന്നുള്ളൂ. പുലിയൂര്‍ പുരുഷോത്തമന്‍നമ്പൂരിയുടെ ദൈവജ്ഞവല്ലഭ എന്ന വ്യാഖ്യാനം ആധുനികമാണു്.

ചില തന്ത്രഗ്രന്ഥങ്ങള്‍

പ്രയോഗമഞ്ജരി

കേരളത്തെപ്പോലെ ഒരിടത്തും വിശിഷ്ടങ്ങളും ബഹുമുഖങ്ങളുമായ തന്ത്രഗ്രന്ഥങ്ങള്‍ ഉണ്ടായിട്ടില്ല. അവയില്‍ അത്യന്തം പ്രാചീനമായ ഒരു ഗ്രന്ഥമാണ് പ്രയോഗമഞ്ജരി. അതിന്റെ കാലം ഏതെന്നു പരിച്ഛേദിച്ചു പറയുവാന്‍ നിവൃത്തിയില്ലെങ്കിലും ക്രി. പി. പത്താമത്തേയോ പതിനൊന്നാമത്തേയോ ശതകത്തില്‍ ആയിരിക്കുമെന്നു് ഉദ്ദേശിക്കാം. എന്തെന്നാല്‍ 14-ആം ശതകത്തില്‍ ജിവിച്ചിരുന്ന വില്വമങ്ഗലത്തു സ്വാമിയാരുടെ ഗുരുനാഥനാണെന്നു് ഊഹിക്കാവുന്ന ഈശാനഗുരുദേവന്‍ അദ്ദേഹത്തിന്റെ ʻപദ്ധതിʼ എന്ന തന്ത്രഗ്രന്ഥത്തില്‍ പല അവസരങ്ങളിലും പ്രസ്തുത കൃതിയില്‍നിന്നു ശ്ലോകങ്ങളും മറ്റും പ്രാക്തനപ്രമാണരൂപത്തില്‍ ഉദ്ധരിക്കുന്നു.

പ്രണേതാവു്

പ്രയോഗമഞ്ജരിക്കു മഞ്ജരി എന്ന പേരിലാണു് അധികം പ്രസിദ്ധി. അതിന്റെ പ്രണേതാവു് രവി എന്നൊരു നമ്പൂരിയാണെന്നും അദ്ദേഹത്തിന്റെ പിതാമഹന്‍ ഭവത്രാതനും പിതാവു് അഷ്ടമൂര്‍ത്തിയും ആയിരുന്നു എന്നും താഴെ കാണുന്ന ശ്ലോകങ്ങളില്‍‌ പ്രസ്താവിച്ചിട്ടുണ്ടു്.

ʻʻശിവപുരസദ്ഗ്രാമജുഷാ വിദ്ധ്യര്‍പ്പിതസോമപാനശുദ്ധേന
കാശ്യപഗോത്രപ്രഭൂണാ മാഠരകുലാബ്‌ജ...വനഹംസേന
ചമ്പാതീരതടാകാരാമസ്ഥ (സ്ഥിത?) ശാസ്ത്രഗുപ്തേന
രവിണാ ഹരിപാദാബ് ജഭൃങ്ഗേണ രചിതാ കൃതിഃ
പ്രയോഗമഞ്ജരീ നാമ സംക്ഷേപകുസുമോജ്ജ്വലാˮ

രവി ഒരു ചോമാതിരിയും കാശ്യപഗോത്രജനും ആണെന്നും മങ്കര തീവണ്ടിയാപ്പീസിന്നു മൂന്നു നാഴിക വടക്കുള്ള ചെമ്പറക്കുളങ്ങരക്കാവിലെ ശാസ്താവാണു് അദ്ദേഹത്തിന്റെ പരദേവതയെന്നുംകൂടി ഈ ശ്ലോകങ്ങളില്‍ കാണാം. മാഠരകുലം കൊടുമണ്ട എന്ന ഇല്ലമാണെന്നു പ്രദ്യോതകാരന്‍ വിശദീകരിയ്ക്കുന്നു. ബഹുയാര്‍ജിയായിരുന്നു രവി എന്നും ആ വ്യാഖ്യാതാവു ചൂണ്ടിക്കാണിക്കുന്നു. സ്വകൃതിയെപ്പറ്റി ഗ്രന്ഥകാരന്‍ ഇങ്ങനെ പ്രസ്താവിക്കുന്നു.

ʻʻഉദ്ദാമതാ ന വചസോ ന ച കൗതുകം മേ
ബുദ്ധേശ്ശിവസ്യ ന ച ബോദ്ധുമലം ഹി തത്ത്വം
ഹാസ്യോ ഭവാമി കരണേന നിബന്ധനസ്യ
സ്പഷ്ടം തഥാപി ഖലു ചോദയതീഹ ഭക്തിഃ.

ദുര്‍ജ്ഞേയാനി ബഹൂനി മന്ദമതിഭിസ്തന്ത്രാണി ഗൗരീപതേ–
രുദ്ഗീര്‍ണ്ണാനി മുഖാംബുജാദവികലസ്ത്വേകത്ര തേഷാം ക്രിയാഃ
നോക്താസ്തേന ശിവാഗമാംശ്ച നിഖിലാനുദ്വീക്ഷ്യ താസ്താഃ ക്രിയാഃ
സംക്ഷിപ്യ പ്രവദാമി യാശ്ച വിഹിതാ ലിങ്ഗപ്രതിഷ്ഠാവിധൗ.ˮ

ശൈവാഗമങ്ങളുടെ സംക്ഷേപമാണു് മഞ്ജരിയെന്നു് ഈ പ്രസ്താവനയില്‍ നിന്നു വിശദമാകുന്നുണ്ടല്ലോ. ആകെ ഇരുപത്തൊന്നു പടലങ്ങളാണു് ഈ ഗ്രന്ഥത്തില്‍ അടങ്ങിയിരിയ്ക്കുന്നതു്. രവിയുടെ ശ്ലോകങ്ങള്‍ക്കു നല്ല രചനാസൗഷ്ഠവമുണ്ട്.

പ്രദ്യോതം

പ്രദ്യോതം പ്രയോഗമഞ്ജരിയുടെ വിസ്തൃതവും മര്‍മ്മസ്‌പൃക്കുമായ ഒരു വ്യാഖ്യാനമാണു്. നാരായണന്റെ പുത്രനായ ത്രിവിക്രമന്‍ എന്നൊരു നമ്പൂരിയാണു് അതിന്റെ രചയിതാവെന്നു താഴെ ഉദ്ധരിക്കുന്ന പദ്യങ്ങളില്‍ നിന്നു കാണാവുന്നതാണു്.

ʻʻആര്‍ദ്രപാദകുലോദ്ഭൂതനാരായണതനൂദ്ഭവഃ
ത്രിവിക്രമോഹം മഞ്ജര്യാ വ്യാഖ്യാ കുര്‍വേ യഥാശ്രുതം.
തിരോഹിതാര്‍ത്ഥവാക്യാനാം പദാനാഞ്ച യഥാമതി
സ്വാര്‍ത്ഥമേവാപരിച്ഛിദ്യ ശ്രുതാര്‍ത്ഥസ്യ സ്മൃതേരിമാംˮ
ʻʻനിഖിലാഗമാര്‍ത്ഥസാരപ്രയോഗമഞ്ജര്യഗാധകമലിന്യാഃ
പ്രസൃതാ ത്രിവിക്രമാഖ്യാദ്വ്യാഖ്യാ പ്രദ്യോത ഏവ ബോധായ.ˮ

ആര്‍ദ്രപാദകുലമേതെന്നു ഗവേഷണം ചെയ്യേണ്ടിയിരിക്കുന്നു. ത്രിവിക്രമന്റെ വ്യാഖ്യയ്ക്കു കുറേയധികം പഴക്കമുണ്ടെന്നല്ലാതെ ഏതു കാലത്താണു് അതിന്റെ നിര്‍മ്മിതി എന്നു ഖണ്ഡിച്ചു പറയുവാന്‍ മാര്‍ഗ്ഗമില്ല. സ്മാര്‍ത്തവൈതാനികപ്രായശ്ചിത്തകര്‍ത്താവായ മാന്ധാതാവിന്റെ ഗുരുവായിരുന്നു അദ്ദേഹമെന്നും കൊല്ലം ഏഴാംശതകമായിരുന്നിരിക്കുണം അദ്ദേഹത്തിന്റെ ജിവിതകാലമെന്നും എനിക്കു തോന്നുന്നു.

ഈശാനശിവഗുരുദേവപദ്ധതി

ഈശാനശിവഗുരു ദേവപദ്ധതിയും ശൈവാഗമങ്ങളെ ആധാരമാക്കി രചിച്ചിട്ടുള്ള ഒരു ബൃഹത്തമമായ തന്തനിബന്ധമാണു്. ഈശാനന്‍ എന്നതു പേരും ശിവഗുരുദേവന്‍ എന്നതു ശൈവാഗമങ്ങളിലുള്ള

പാണ്ഡിത്യം നിമിത്തം അദ്ദേഹത്തിനു ലബ്ധമായ ബിരുദവുമാണെന്നു ഞാന്‍ ഊഹിക്കുന്നു. ʻʻസമാപ്താ ചേയമീശാനശിവഗുരുദേവസ്യ കൃതിഃ സിദ്ധാന്തസാരപദ്ധതിഃˮ എന്നൊരു കുറിപ്പു ഗ്രന്ഥാവസാനത്തില്‍ കാണുന്നുണ്ടു്. ഇതില്‍ സാമാന്യപാദമെന്നും മന്ത്രപാദമെന്നും ക്രിയാപാദമെന്നും യോഗപാദമെന്നും നാലു പാദങ്ങള്‍ അടങ്ങിയിരിക്കുന്നു. ആദ്യത്തെ രണ്ടു പാദങ്ങളും പൂര്‍വ്വാര്‍ദ്ധത്തിലും ഒടുവിലത്തേവ രണ്ടും ഉത്തരാര്‍ദ്ധത്തിലും ഉള്‍പ്പെടുന്നു. ആകെ പതിനെണ്ണായിരത്തോളം ശ്ലോകങ്ങല്‍ ഉണ്ടു്.

ʻʻവിസ്തൃ്താനി വിശിഷ്ടാനി തന്ത്രാണി വിവിധാന്യഹം
യാവല്‍സാമര്‍ത്ഥ്യമാലോച്യ കരിഷ്യേ തന്ത്രപദ്ധതിംˮ

എന്നു ഗ്രന്ഥകാരന്‍ ഉപോല്‍ഘാതത്തില്‍ പ്രതിജ്ഞചെയ്യുന്നു. അദ്ദേഹം സ്മരിക്കുന്ന ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ പ്രപഞ്ചസാരം, മഞ്ജരി, (പ്രയോഗമഞ്ജരി), ഭോജരാജേന്ദ്രപദ്ധതി ഈ ഗ്രന്ഥങ്ങളും ഉള്‍പ്പെടുന്നു. തദനുരോധേന ധാരാധിപനായ ഭോജരാജാവിന്റെ ജിവിതകാലമായ പതിനൊന്നാം ശതകത്തിനു പിന്നീടാണു് പ്രസ്തുത ഗ്രന്ഥത്തിന്റെ നിര്‍മ്മിതി എന്നു സിദ്ധിക്കുന്നുണ്ടല്ലോ. ഈശാനശിവഗുരു കേരളീയനാണെന്നുള്ളതിനെപ്പറ്റി സംശയിക്കേണ്ടതില്ല. ക്രിയാപാദം 50-ആം പടലം, 343-ആം പദ്യത്തില്‍ തിമില എന്ന കേരളീയവാദ്യവിശേഷത്തെപ്പറ്റി പറയുന്നുണ്ടു്.

ʻʻസങ്ഗീതനൃത്തവാദിത്രൈഃ ശംഖകാഹളഗോമുഖൈഃ
തിമിലാനകഭേര്യാദൈര്‍ന്നിനദദ്ഭിരനാരതംˮ

വില്വമങ്ഗലത്തു സ്വാമിയാര്‍ ക്രി. പി. ഉദ്ദേശം 1220-മുതല്‍ 1300-വരെ ജിവിച്ചിരുന്നതായി മേല്‍ ഉപപാദിക്കും. അദ്ദേഹം ഈശാനദേവന്‍ തന്റെ ഗുരുവായിരുന്നു എന്നു് ʻʻഈശാനദേവചരണാഭരണേനˮ എന്ന ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തിലേയും ʻʻഈശാനദേവ ഇത്യാസീദീശാനോ മുനിതേജസാംˮ എന്ന ബാലകൃഷ്ണസ്തോത്രത്തിലേയും പങ്‌ക്തികളില്‍ പ്രഖ്യാപിക്കുന്നു. ആ വഴിക്കു ഈശാനശിവഗുരു ക്രി. പി. പന്ത്രണ്ടാം ശതകത്തിന്റെ അവസാനത്തില്‍ ജിവിച്ചിരുന്നതായി സങ്കല്പിക്കുന്നതില്‍ അപാകമില്ല. അദ്ദേഹത്തിന്റെ ജനനസ്ഥലം ഏതെന്നു നിര്‍ണ്ണയിക്കുവാന്‍ ഒരു പോംവഴിയും കാണുന്നില്ല. സന്യാസാശ്രമം സ്വീകരിച്ചിരുന്നിരിക്കാമെന്നു തോന്നുന്നു. പദ്ധതിയിലെ പല ശ്ലോകങ്ങള്‍ക്കും ആസ്വാദ്യതയുണ്ടു്.

ʻʻഅനന്യതന്ത്രസാപേക്ഷസ്വാര്‍ത്ഥസന്ദോഹസങ്ഗതിം
ഋദ്ധൈര്‍വിധാനമന്ത്രാര്‍ത്ഥൈവിദ്യാം ശ്രുതിമിവാപരാം
പ്രസന്നാം നാതികുടിലാം നാതിസംക്ഷേപവിസ്തരാം
ചിത്രാം ബഹുഗുണാം വിഷ്ണോശ്ശയ്യാം ഭോഗവതീമിവ

വിവിധച്ഛന്ദസം നാനാവൃത്താലങ്കാരവര്‍ണ്ണകാം
സേവ്യാം കാമിജനസ്യേഷ്ടാം ലളിതാം പ്രമാദാമിവ
വിഷഗ്രഹാമയാദീനാം പ്രശമോപായദര്‍ശിനീം
മന്ത്രബിംബൗഷധിന്യാനൈര്‍വിദ്യാം സഞ്ജീവനീമിവˮ

ഇവയെല്ലാം ഗ്രന്ഥപ്രശസ്തിപദ്യങ്ങളാണു്.

ക്രിയാസാരം

ക്രിയാസാരം എന്നൊരു ദീഘമായ തന്ത്രഗ്രന്ഥം ʻനവശ്രേണിʼ എന്ന ഇല്ലത്തെ സുബ്രഹ്മണ്യന്‍ നമ്പൂരിയുടെ പുത്രനായ രവിനമ്പൂരി നിര്‍മ്മിച്ചിട്ടുണ്ടു്. നവശ്രേണി (പുതുശ്ശേരി) എവിടെയുള്ള ഇല്ലമാണെന്നോ സുബ്രഹ്മണ്യന്‍ ഏതുകാലത്തു ജിവിച്ചിരുന്നു എന്നോ അറിവില്ല. ഗണപതി, വിഷ്ണു, ശാസ്താവു്, എന്നിങ്ങനെ അനേകം ദേവതകളുടെ ബിംബപ്രതിഷ്ഠ, നവീകരണം, പൂജാവിധി, ഉത്സവവിധി മുതലായ വിഷയങ്ങളെയാണു് പ്രസ്തുത ഗ്രന്ഥത്തില്‍ പ്രതിപാദിച്ചിരിക്കുന്നതു്. ഒടുവില്‍ സപ്തമാതൃക്കളുടെ സ്ഥാപനം സംബന്ധിച്ചുള്ള വിധികള്‍ ക്രോഡീകരിച്ചിരിക്കുന്നു. ഓരോ ദേവതെപ്പറ്റിയുള്ള വിധികള്‍ ഭാഗങ്ങള്‍ ഓരോ ഭാഗമായി തിരി‌ച്ചു് അവയെ പല പടലങ്ങളായി വീണ്ടും വിഭജിച്ചിരിക്കുന്നു. ആകെ അറുപത്തൊന്‍പതു പടലങ്ങള്‍ കാണുന്നു.ഗ്രന്ഥം ഇങ്ങനെ ആരംഭിക്കുന്നു.

ʻʻഗണേശാനം നമസ്കൃത്യ ശിവം നാരായണപ്രഭും
ക്രിയാസാരം പ്രവക്ഷ്യാമി സമാസാച്ച സമാസതഃ
സര്‍വശാസ്ത്രേഷു നിര്‍ദ്ദിഷ്ടം സര്‍വം സങ്ഗൃഹ്യ ലക്ഷണം
വിശേഷതസ്തു യജ്ഞേപി പ്രോക്തം വക്ഷ്യേ സമാസതഃ
ഏകസ്മിന്നാഗമേ നോക്താഃ പ്രായശസ്സകലാഃ ക്രിയാഃ
തസ്മാല്‍ സംക്ഷേപതോ വക്ഷ്യേ സാധകാനാം ഹിതായ വൈ.
യാ യാ ക്രിയാഗമേഷൂക്താഃ സ്ഥാപനാര്‍ത്ഥം മനീഷിഭിഃ
താം താമദായ സന്ധായ വക്ഷ്യേ കര്‍മ്മ യഥാക്രമം.ˮ

ഒടുവില്‍

ʻʻസമ്യൿ ശാസ്ത്രമധീത്യ തത്ര ഗദിതം ജ്ഞാത്വൈവ കാര്യാക്രിയാ
യേ കുര്‍വന്തി തതോന്യഥാ പരിഭവം യാന്ത്യേവ തേ കര്‍മ്മണഃˮ
സമ്യൿ തന്ത്രമഹോദധേഃ സുവിശദം സങ്കീര്‍ണ്ണസര്‍വക്രിയാ-
സാരം രത്നമിവോദ്ധൃതം ഗുരുപദാംഭോജപ്രസാദാന്മയാ.ˮ

എന്നൊരു ജ്ഞാപകപദ്യവും ചേര്‍ത്തിട്ടുണ്ടു്. ഈ ഗ്രന്ഥവും അതിപ്രാചീനമാണെന്നു തന്ത്രസങ്ഗ്രഹകാരനായ കേളല്ലൂര്‍ ചോമാതിരി ഇതിനെ ഉപജീവിച്ചു കാണുന്നതില്‍ നിന്നു വെളിപ്പെടുന്നു.

ക്രിയാസാരവ്യാഖ്യാ

ക്രിയാസാരത്തിന്റെ വ്യാഖ്യാതാവു് ഹാരിണീകാരനായ പുലിയന്നൂര്‍ നാരായണന്‍നമ്പൂരിയാണെന്നു മുന്‍പു പറഞ്ഞു. ʻʻവ്യാഘ്രഗ്രാമാലയേന നാരായണേന കൃതായാം ക്രിയാസാരവ്യാഖ്യായാംˮ എന്ന കുറിപ്പാണു് ഈ ഊഹത്തിനു ലക്ഷ്യം. മൂലഗ്രന്ഥകാരനെപ്പറ്റി അദ്ദേഹം, ʻʻഅഥ കശ്ചിദ്വിപശ്ചിദഗ്രേസരസ്തന്ത്രാചാര്യസ്തന്ത്രിണാംതന്ത്രാഗമാര്‍ത്ഥേ തല്‍പ്രതിപാദിതക്രിയാപ്രയോഗേ ച വ്യാമൂഢാനാമനുഗ്രഹായ ക്രിയാസാരമിതി യഥാര്‍ത്ഥാഹ്വയം ഗ്രന്ഥം ചികീര്‍ഷുഃˮ എന്നു മാത്രമേ പറയുന്നുള്ളു. ക്രിയാസാരകാരന്‍ ʻനാരായണം പ്രഭുംʼ എന്നു പറഞ്ഞിട്ടുണ്ടല്ലോ. ശ്ലേഷസാമര്‍ത്ഥ്യം കൊണ്ടു് അദ്ദേഹം തനിക്കു മാര്‍ഗ്ഗദര്‍ശകമായിരുന്ന തന്ത്രസമുച്ചയം നിര്‍മ്മിച്ച ചേന്നാസ്സു നമ്പൂരിപ്പാടിനെക്കൂടി കടാക്ഷിക്കുന്നില്ലേ എന്നു ഞാന്‍ സംശയിക്കുന്നു.


  1. കര്‍ണ്ണഭൃത്യപദത്തിന്റെ അര്‍ത്ഥം വിശദമാകുന്നില്ല.