close
Sayahna Sayahna
Search

സാഹിത്യവാരഫലം 2002 05 03


സാഹിത്യവാരഫലം
MKrishnanNair3a.jpg
എം കൃഷ്ണന്‍ നായര്‍
പ്രസിദ്ധീകരണം സമകാല‌ികമലയാളം
തിയതി 2002 05 03
മുൻലക്കം 2002 04 26
പിൻലക്കം 2002 05 10
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ നൽകുക


ഒരാള്‍ മൂന്നു കാക്കയെ ഛര്‍ദ്ദിച്ച കഥ ഞാന്‍ പ്രാഥമിക വിദ്യാലയത്തില്‍ പഠിച്ചപ്പോള്‍ പഠിച്ചു. കാകവമനം ആ പട്ടണത്തില്‍ വലിയ ബഹളമുണ്ടാക്കി. ഓരോ ആളും സത്യമറിയാന്‍ ഓടുകയായി. ചിലരതു വിശ്വസിക്കുകയും ചെയ്തു. ഒടുവില്‍ യാഥാര്‍ത്ഥ്യമെന്തെന്നു വ്യക്തമായി. ഒരുത്തന്‍ ദഹനക്കേടുകൊണ്ടു ഛര്‍ദ്ദിച്ചപ്പോള്‍ അതില്‍ മൂന്നു കറുത്ത പാടുകളുണ്ടായിരുന്നു. സൂക്ഷമദര്‍ശിനിയിലൂടെ മാത്രം കാണാവുന്ന ആ പാടുകളെയാണു് ജനങ്ങള്‍ കാക്കളാക്കിയതു്. കിംവദന്തികള്‍ ജനിക്കുന്നതിന്റെയും വേലയും തൊഴിലുമില്ലാത്തവര്‍ അതു പെരുപ്പിച്ചു് മറ്റൊന്നാക്കുന്നതിന്റെയും അര്‍ത്ഥശൂന്യതയെ ആക്ഷേപിക്കുന്ന കഥയാണ്. തിരുവനന്തപുരത്താണെന്നു തോന്നുന്നു കിംവദന്തികള്‍ക്കു ഏറെച്ചെലവുള്ളതു്. കീര്‍ത്തിയുള്ള ഒരഭിനേതാവിനെക്കുറിച്ചു് ഒരാള്‍ എന്നോടു പറഞ്ഞു ‘അറിഞ്ഞില്ലേ? ...ന് കാന്‍സറാണു്. അദ്ദേഹം അതുകൊണ്ടാണ് ഇപ്പോള്‍ ഫിലിമിലൊന്നും കാണുത്തതു്.’ ഏതാനും നിമിഷങ്ങള്‍ കൊണ്ടു് ആ ചലച്ചിത്രതാരത്തിനു് അര്‍ബ്ബുദമാണെന്ന വാര്‍ത്ത നഗരത്തിലെങ്ങും പരന്നു. റ്റെലിഫോണിലൂടെയുള്ള ചോദ്യങ്ങള്‍ കേട്ടുകേട്ടു് സഹിഷ്ണത നഷ്ടപ്പെട്ട അദ്ദേഹത്തിനു് പത്രത്തില്‍ പ്രസ്താവന നല്കേണ്ടതായി വന്നു, തനിക്കു ഒരു രോഗവുമില്ലെന്നു്. പൂര്‍ണ്ണമായ ആരോഗ്യത്തോടെ താന്‍ ജീവിച്ചിരിക്കുന്നുവെന്നു്. ഇതു് അസൂയാജന്യമായ കിംവദന്തി. ഇതിനെക്കാള്‍ ഭീതിദമാണു് ഭാരതത്തിലെയും അതിന്റെ ഒരു ഭാഗമായ കേരളത്തിലെയും രാഷ്ട്രവ്യവഹാരസ്സംബന്ധികളായ കിംവദന്തികള്‍. അവയെക്കുറിച്ചെഴുതിയാല്‍ പണ്ടു് ‘രസികന്‍’ പത്രാധിപരായിരുന്ന പച്ചക്കുളം വാസു പിള്ള പറഞ്ഞതുപോലെ ‘മാംസപിണ്ഡത്തില്‍ തൊട്ടുകളിക്കാന്‍’ ആളുകള്‍ വരും. അതുപേടിച്ചു് പടിഞ്ഞാറന്‍ നാടുകളിലേക്കു ഞാന്‍ പോകട്ടെ. വലിയ ചിന്തകനായ ഐ സേഅ ബെര്‍ലിന്‍ (Isaiah Berlin, 1909–1997) റഷ്യന്‍ കവിയായ (സ്ത്രീ) അന്ന അഹ്‌മാതവയെ (Anna Akhmatova, 1889–1996) ഒരിക്കല്‍ കാണാന്‍ ചെന്നു. സംഭാഷണത്തിനുശേഷം അവര്‍ പിരിഞ്ഞപ്പോള്‍ ലെനിന്‍ഗ്രാഡില്‍ കിംവദന്തി പരക്കുകയായി അഹ്‌മാതവയെ റഷ്യ വിടാന്‍ ചര്‍ച്ചില്‍ പ്രേരിപ്പിച്ചെന്നും അവരുടെ യാത്രയ്ക്ക് വിമാനം അദ്ദേഹം അയച്ചുകൊടുത്തെന്നുമായിരുന്നു ആ കിംവദന്തി (The Proper Study of Mankind, Isaiah Berlin, Pimlico, Page 542).

ഐ‌സേഅ ബെര്‍ലിന്‍

കിംവദന്തിയുടെ സ്വഭാവത്തെക്കുറിച്ചു് പ്രതിപാദിക്കുന്ന ഒരിംഗ്ലീഷ് പുസ്തകം ഞാന്‍ വായിച്ചിട്ടുണ്ടു്. അതിലെ ഒരു സംഭവവര്‍ണ്ണന ഓര്‍മ്മയില്‍ നിന്നു് ഇവിടെ കുറിക്കാം. രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു് ജപ്പാന്‍ കീഴടങ്ങി. ആ കാലത്തു് ഒരു ചൈനീസ് അധ്യാപകന്‍ ഒരു പുസ്തകത്തില്‍ നിന്നു് മനസ്സിലാക്കി ചൈനയിലെ ഏതോ ഒരു കുന്നിന്റെ മുകളില്‍ കയറി നിന്നാല്‍ ചുറ്റുമുള്ള സ്ഥലങ്ങള്‍ വ്യക്തമായി കാണാമെന്നു്. ബന്ധപ്പെട്ടവരോടു് അനുമതി വാങ്ങിക്കൊണ്ടു് അയാള്‍ കുന്നിലേക്കു പോയി. പോയതോടുകൂടി കിംവദന്തിയുണ്ടായി; ജപ്പാന്‍കാരനായ ഒരു ചാരന്‍ ഫോട്ടോ എടുക്കുന്നതിനുവേണ്ടി കുന്നിന്റെ മുകളിലേക്കു് പോയിരിക്കുന്നുവെന്നു്. സംഭവം പരിപൂര്‍ണ്ണമായി അന്യനു മനസ്സിലാക്കാന്‍ സഹായിക്കുന്ന വിശദവിവരങ്ങള്‍ വിട്ടുകളയുകയാണു് കേട്ടുകേഴ്‌വി ഉണ്ടാക്കുന്നവന്‍. ഇതിനെ ‘ലെവലിങ്’ എന്നുപറയും. സുജനമര്യാദയോടുകൂടിയാണു് വന്നയാള്‍ അവിടത്തെ ആളുകളോടു് അപേക്ഷിച്ചതു്. അതും വിട്ടുകളയുന്നു. സംഭവത്തിന്റെ മൂര്‍ച്ച കൂട്ടുന്നു കിംവദന്തിയുണ്ടാക്കുന്നവന്‍ അങ്ങനെ നിരപരാധനായ ഒരു മനുഷ്യന്‍ ചാരനായി മാറുന്നു. അയാളുടെ കൈയിലിരുന്ന പുസ്തകം ക്യാമറയായി മാറുന്നു.

പണ്ടു് ഒരു മരുന്നുവില്പനക്കാരന്‍ — ആകര്‍ഷത്വമുള്ള ശരീരത്തോടുകൂടിയവന്‍ — തിരുവനന്തപുരത്തു് വന്നു് പല മാജിക്കുകളും കാണിച്ചു. വലിയ ജനക്കൂട്ടം. ഷോ കഴിഞ്ഞു് അയാള്‍ മരുന്നെടുക്കം വില്പനയ്ക്കായി. കുറെക്കാലം മരുന്നു വിറ്റിട്ടു് അയാളങ്ങു പോയി. തിരുവനന്തപുരത്തുകാര്‍ അയാളെ പാകിസ്ഥാന്‍ ചാരനോക്കിക്കളഞ്ഞു. പോലീസ് അയാളെ അറസ്റ്റ് ചെയ്യുന്നതും സ്റ്റെയ്‌ഷനിലിട്ടു് മര്‍ദ്ദിക്കുന്നതും കണ്ടവരുണ്ട്. ആ സമയത്തു് അയാള്‍ വേറെ ഏതോ പട്ടണത്തില്‍ മരുന്നുവില്പന നടത്തുകയായിരിക്കണം.

ചിലര്‍ കഥയും കവിതയുമെഴുതി പത്രാധിപര്‍ക്ക് അയച്ചുകൊടുക്കും അത് അച്ചടിച്ചുവന്നില്ലെങ്കില്‍ അവര്‍ പറഞ്ഞു പരത്തും. അറിഞ്ഞോ ... വാരികയുടെ പത്രാധിപരെ മാനേജ്മെന്റ് പിരിച്ചുവിടാന്‍ പോകുന്നു. ചിലപ്പോള്‍ ഈ കേട്ടുകേഴ്‌വി നിര്‍മ്മാതാക്കള്‍ നരാധനന്മാരായി പെരുമാറും. ഒരു ദിവസം രാത്രി പന്ത്രണ്ടു മണി കഴിഞ്ഞപ്പോള്‍ എനിക്കു ഫോണ്‍ സന്ദേശം: “സാര്‍ കവി ദേശമംഗലം രാമകൃഷ്ണന്‍ മരിച്ചുപോയി. ഡെഡ് ബോഡി കാലത്തു വീട്ടില്‍ കൊണ്ടവരും.” ഞാന്‍ രാത്രിയില്‍ ശേഷിച്ച സമയമത്രയും ഉറങ്ങിയില്ല. കാലത്താണു് ആ മരണവാര്‍ത്ത കള്ളമാണെന്നു ഗ്രഹിച്ചതു്. രണ്ടാഴ്ചകഴിഞ്ഞു് ദേശമംഗലത്തെ തിരുവനന്തപുരം സെക്രട്ടേറിയറ്റിനു് അടുത്തുവച്ചു കണ്ടു. കള്ളവാര്‍ത്തയെക്കുറിച്ചു് ഞാന്‍ അദ്ദേഹത്തോടു പറഞ്ഞു. കവി എന്നെ അറിയിച്ചു. “താങ്കളോടു് എന്റെ മരണത്തെക്കുറിച്ചു് പറഞ്ഞവര്‍ തന്നെയാവണം അന്നുരാത്രി എന്നെ റ്റെലിഫോണില്‍ വിളിച്ചറിയിച്ചു.” “അറിഞ്ഞോ? എം. കൃഷ്ണന്‍നായര്‍ മരിച്ചുപോയി.” രാമകൃഷ്ണനും അന്നു രാത്രി പിന്നീടുറങ്ങിയില്ല. ഈ ദുഷ്ടന്മാര്‍ എന്തിനു് ഇതു ചെയ്യുന്നു?

ചലനാത്മകം

ഹെറക്ലീററസ്

ഗ്രീക്ക് തത്ത്വചിന്തകന്‍ ഹെറക്ലീററസ് (Heraclitus, 540–480 BC) അഭിപ്രായപ്പെട്ടു ആര്‍ക്കും ഒരു നദിയില്‍ത്തന്നെ രണ്ടുതവണ കാലുകുത്താന്‍ കഴിയില്ലെന്നു്. കാരണം രണ്ടാമത്തെത്തവണ നദിയില്‍ ഇറങ്ങുമ്പോള്‍ വേറെ ജലമായിരിക്കും നദിയിലെന്നു്. നദിയില്‍ കാലു വയ്ക്കുന്നവനും മറ്റൊരു പുരുഷനായിരിക്കുമെന്നു്. രണ്ടു സെക്കന്‍ഡ് കൊണ്ടു് അയാള്‍ക്കു വയസ്സു കൂടിയിരിക്കുമെന്നു്. ഹെറക്ലീററസിന്റെ ശിഷ്യനായ ക്രാററലസ് (Cratylus) ഗുരുവിനോടു പറഞ്ഞതു് ഒരു തവണ പോലും ആര്‍ക്കും ഒരു നദിയില്‍ കാലുവയ്ക്കാന്‍ സാധിക്കില്ലെന്നാണു്. നദീജലം ഒരുകിക്കോണ്ടിരിക്കുന്നതിനാല്‍ ഒരു നദി തന്നെ ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മതം. കാല്‍ കുത്തുന്നവന്‍ പ്രായമായിക്കൊണ്ടിരിക്കുകയാണു്. ഒരു സെക്കന്‍ഡ് കൊണ്ടു് പ്രായം കൂടും അയാള്‍ക്കു്. ജലത്തിന്റെ ചലനം ശാശ്വതം. നദിയില്‍ ഇറങ്ങുന്നവന്റെ വയസ്സും ചലനാത്മകും. അതുകൊണ്ടു് ചലനമേയുള്ളു ഈ ലോകത്തു് സത്യമായി.

അനുഗൃഹിതരായ കഥാകാരന്മാര്‍ എഴുതുന്ന ഏതു കഥയും ഹെറക്ലീററസിന്റെ നദി പോലെ ചലനാത്മകമാണു്. ബഷീറിന്റെ ‘ശബ്ദങ്ങള്‍’ എന്ന കൊച്ചുനോവല്‍ വായിക്കു. അതിലെ ഒഴുക്കുകൊണ്ടു് നമ്മള്‍ മറിഞ്ഞുവീഴും. അല്ലെങ്കില്‍ ‘ഒരു ഭഗവദ്ഗീതയും കുറെ മുലകളും’ എന്ന കഥയാവട്ടെ. ആന്തരപ്രവാഹത്താല്‍ കാലുപതറിപ്പോകും. അനുഗൃഹീതരല്ലാത്തവരുടെ കഥകളില്‍ ഇറങ്ങി നിന്നാല്‍ ഈ അനുഭവം ഉണ്ടാകില്ല. വി.പി. മനോഹരന്‍ എഴുതുന്ന ഏതു കഥയില്‍ ഇറങ്ങി നിന്നാലും പൊട്ടക്കുളത്തില്‍ നില്ക്കുന്ന പ്രതീതിയാണു് എനിക്കു്. അദ്ദേഹത്തിന്റെ ‘തുറന്നിട്ട വാതിലുകള്‍’ എന്ന കഥയുടെ സ്ഥിതിയും വിഭിന്നമല്ല (മാതൃഭൂമി ആഴ്ചപ്പതിപ്പു്). മാവോയിസത്തെ ആദരിക്കുന്ന ഒരു വൃദ്ധന്റെ കഥപറയുകയാണു് മനോഹരന്‍, കുററിയടിച്ചു അതില്‍ പശുവിനെ കെട്ടിയാല്‍ ചിലപ്പോല്‍ അതു് അയവിറക്കാതെ നിശ്ചലമായി വര്‍ത്തിക്കുമല്ലോ. അതുപോലെയുള്ള ഒരു ദൃശ്യം മനോഹരന്റെ കഥ പ്രദാനം ചെയ്യുന്നു. വളരെക്കാലമായി അദ്ദേഹം നമ്മളെ പൊട്ടക്കുളത്തില്‍ നിറുത്തുന്നു; കുറ്റിയില്‍ കെട്ടിയ പശു അനങ്ങാതെ നില്‌ക്കുന്നതു കാണിച്ചു തരുന്നു. ഈ ലോകത്തെ ഏതും വികാരം കൊള്ളും, ചലിക്കും. മുഞ്ചിറ എന്ന സ്ഥലത്തു് ഒരു തരത്തിലുള്ള മരത്തില്‍ നിന്നു് മട്ടിപ്പാലു് എന്നു വിളിക്കുന്ന കറയുണ്ടാകും, അതു് ഒലിക്കും. ചിരട്ടയില്‍ അതെടുത്തു തീക്കനില്‍ ഇട്ടാല്‍ സൌരഭ്യമുള്ള പുക ഉയരും. അതില്‍ സ്ത്രീകള്‍ തലമുടി കാണിച്ചു് അതിനെ സുരഭിലമാക്കും. മരം പോലും സെന്‍സീറ്റീവ്. മനോഹരന്റെ കഥ സെന്‍സീറ്റീവല്ല. എങ്കിലും അദ്ദേഹം കഥയെഴുത്തു തുടരുന്നു.

ചോദ്യം, ഉത്തരം

ഒ. വി. വിജയനോ ആനന്ദോ?

വിജയന്റെ ഖസാക്കിന്റെ ഇതിഹാസത്തിനു് വൈകാരികമായ സത്യസന്ധതയുണ്ടു്. ആനന്ദിന്റെ ‘ആള്‍ക്കൂട്ട’ത്തിനു് ധൈഷണികമായ സത്യസന്ധതയേയുള്ളു. വൈകാരികമായ സത്യസന്ധതയുള്ളതാണു് സാഹിത്യം മറ്റേതു സാഹിത്യമല്ല.

അടുക്കളയില്‍ മാത്രം കഴിയുന്ന സ്ത്രീയെക്കുറിച്ചു് എന്തുപറയുന്നു?

സ്ത്രീ അടുക്കളിയില്‍ കയറി ജോലി ചെയ്തില്ലെങ്കില്‍ പുരുഷന്‍ മരിക്കും. പക്ഷേ തന്റെ ജീവന്‍ നിലനിറുത്തുന്ന ആ സ്ത്രീയോടു പുരുഷനു സ്നേഹമില്ല. നന്ദിയില്ല.

നല്ല കവികളെ എങ്ങനെ തിരിച്ചറിയാം?

നല്ല കവികള്‍ വിമര്‍ശനത്തില്‍ പരാതിപ്പെടുകയില്ല. അവര്‍ക്കു കവിതയെഴുതണമെന്നേയുള്ളു. എന്റെ അറിവില്‍ വള്ളത്തോള്‍ മാത്രമേ ഈ ഗുണങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുള്ളു.

വ്യായമല്ലെ പൂച്ഛിക്കുന്ന വിവരംകെട്ടവനല്ലേ നിങ്ങള്‍?

ആരു പറഞ്ഞു ‍ഞാന്‍ വ്യായമത്തെ പുച്ഛിക്കുന്നവെന്നു്. കഠിനമായി വ്യായാമം ചെയ്തു് നേരത്തെ മരിക്കുന്നവരുടെ വീട്ടില്‍ ഞാന്‍ ഓടിച്ചെല്ലും. സഞ്ചയനത്തിനു് പോകും. പതിനാറാം ദിവസമുള്ള കളിക്കും പോകും. ഈ സ്ഥിരമായ നടത്തം എന്റെ മാംസപോശികള്‍ക്കും ബലം നല്‌കും. ഇന്നുവരെ വ്യായാമം ചെയ്തിട്ടില്ലാത്ത ഞാന്‍, കാലത്തോ വൈകുന്നേരമോ ഒരടിപാലും നടക്കാത്ത ഞാന്‍ എണ്‍പതു വയസ്സായിട്ടും ജീവിച്ചിരിക്കുന്നു. മരണം നടന്ന വീട്ടിലേക്കുള്ള നടത്തം തന്നെയാണു് എന്റെ വ്യായാമം.

സാഹിത്യം ഉത്കൃഷ്ടമാകണമെങ്കില്‍?

ആശയത്തിന്റെയും വികാരത്തിന്റെയും അതിശക്തമായ സംവേദനം നടക്കണം. ചതഞ്ഞ ഭാഷയിലാണു് നവീന കവികളും കഥാകാരന്മാരും എഴുതുക. അതു ഹൃദയത്തിലേക്കു കടക്കുകില്ല.

റ്റെലിവിഷന്‍ വിദ്യാഭ്യാസത്തെ സഹായിക്കുന്നതല്ലേ?

അതേ. കുട്ടികള്‍ സെറ്റ് സ്വീച്ചോണ്‍ ചെയ്യുമ്പാള്‍ താന്‍ അടുത്ത മുറിയില്‍ ചെന്നിരുന്നു് പുസ്തകം വായിക്കുമെന്നു് ഒരു പടിഞാറന്‍ ഹാസ്യസാഹിത്യകാരന്‍ പറഞ്ഞിട്ടുണ്ടു്.
* * *

ശ്രീമൂലവിലാസം ഇംഗ്ലീഷ് ഹൈസ്ക്കൂളില്‍ എന്നെ ഭൂമിശാസ്ത്രം പഠിപ്പിച്ചതു് കെ.എം. ജോസഫായിരുന്നു. അദ്ദേഹം E.S.L.C.യുടെ പരീക്ഷക്കടലാസ്സു് നോക്കിയപ്പോള്‍ കണ്ടതു എന്റെ ക്ലാസ്സില്‍ പറഞ്ഞു. “Simla is cooler than Delhi”, കാരണം പറയാനാണു് ചോദ്യം. വിദ്യാര്‍ത്ഥി എഴുതിയ ഉത്തരം: “Simla is cooler than Delhi because the Viceroy goes and lives there in summer.”

എം.പി. മന്മഥന്‍സ്സാറ് എന്നോടു് പറഞ്ഞതു: ഞാന്‍ മലയാളത്തില്‍ നിന്നു് ഇംഗ്ലീഷിലേക്കു തര്‍ജജമ ചെയ്യാന്‍ ഒരു ഖണ്ഡിക വിദ്യാര്‍ത്ഥികള്‍ക്കു നല്‌കി. അതിലെ ആദ്യത്തെ വാക്യം: “പ്രധാനമന്ത്രിക്കു് മന്ത്രിമാരെ നിയമിക്കാനും പിരിച്ചുവിടാനും അധികാരമുണ്ടു്. മഹാത്മാഗാന്ധി കോളേജില്‍ ബി.എ. ക്ലാസ് വിദ്യാര്‍ത്ഥി അതു തര്‍ജ്ജമ ചെയ്തതു് ഇങ്ങനെ: ” “The prime minister has powers to appoint ministers and to disappoint them.”

തിരുവനന്തപുരത്തെ Woman’s College-ല്‍ ബി.എസ്.സി. ക്ലാസ്സില്‍ പഠിക്കുന്ന റ്റീച്ചര്‍ സ്വാമി വിവേകാനന്ദനെ ഉദ്ദേശിച്ചു് “വിവേകാനന്ദന്റെ കൃതികള്‍ വായിച്ചിട്ടുണ്ടോ നിങ്ങള്‍. ഉണ്ടെങ്കില്‍ ഒരു കൃതിയുടെ പേരു പറയൂ.” ചോദ്യം കേട്ടപ്പോള്‍ തന്നെ ഞാന്‍ പറയാം എന്ന മട്ടില്‍ കൈ നീട്ടിക്കാണിച്ച ഒരു പെണ്‍കുട്ടി ഉത്തരം നല്‌കി: “കള്ളിച്ചെല്ലമ്മ”.

തിരുവനന്തപുരത്തെ സംസ്കൃത കോളേജില്‍ എന്‍ട്രന്‍സ് എന്ന പേരില്‍ ക്ലാസ്സുണ്ടായിരുന്നു. അതു ജയിച്ചാലേ പ്രീ യൂണിവേഴ്സിററി ക്ലാസ്സില്‍ ചേരാന്‍ പറ്റു. ഞാന്‍ എന്‍ട്രന്‍സ് ക്ലാസ്സില്‍ പഠിപ്പിക്കുകയായിരുന്നു. പെസിഫിക് സമുദ്രം അറ്റ്‌ലാന്റിക് സമുദ്രം ഇവയെക്കുറിച്ചു് പഠിപ്പിക്കാനായി ഞാന്‍ വിദ്യാര്‍ത്ഥികളോടു് സമുദ്രങ്ങള്‍ എത്ര എന്നു ചോദിച്ചു. ഒരു വിദ്യാര്‍ത്ഥി മാത്രം കൈ നീട്ടിക്കൊണ്ടു ചാടി. അവന്റെ ബുദ്ധിസാമര്‍ത്ഥ്യം കണ്ടു മറ്റു കുട്ടികള്‍ അദ്ഭുതപ്പെട്ടുകൊള്ളട്ടേ എന്നു കരുതി ഞാന്‍ പറയൂ എന്നു ആവശ്യപ്പെട്ടു. ഉടനെ ആ വിദ്യാര്‍ത്ഥി പറഞ്ഞു തുടങ്ങി: ക്ഷീരാബ്ധി. തുടര്‍ന്നു പറയാന്‍ തടസ്സം നേരിട്ടു. എന്റെ Stupid എന്ന പദപ്രയോഗം ആ വിദ്യാര്‍ത്ഥിയുടെ വായടച്ചുകളഞ്ഞു.

ഈയിടെ ഞാനൊരു വൈദ്യനെ കാണാന്‍ പോയി. രോഗലക്ഷണങ്ങളെക്കുറിച്ചു് അദ്ദേഹം ചോദിച്ചപ്പോള്‍ ഒരു ചോദ്യമിതായിരുന്നു. കാറ്ററാക്റ്റ് ഉണ്ടോ? കാറ്റാക്റ്റ് ഉണ്ടെങ്കില്‍ ശസ്ത്രക്രിയ കൊണ്ടേ അതു മാറ്റാനാവൂ. തിമിരം എന്നതിനു് കറ്ററാക്റ്റ് — Cataract — എന്നു് ഇംഗ്ലീഷ്. അതാണു് വൈദ്യന്റെ കാറ്റാക്റ്റ് എന്നു മനസ്സിലാക്കി ഞാന്‍ ചികിത്സ മതിയാക്കി.

ഒരിക്കലെഴുതിയതോണോ എന്തോ? ആവര്‍ത്തനമാണെങ്കില്‍ വായനക്കാര്‍ ക്ഷിമിക്കണം. കെ.ജി. മേനോന്‍ ചീഫ് സെക്രട്ടറിയായി വന്നകാലം. കീഴ്‌ജീവനക്കാരെ മാത്രമല്ല മന്ത്രിമാരെയും അദ്ദേഹം വിറപ്പിച്ചു. ഗ്രാന്റ്സ് കമ്മീഷന്റെ ശംബളം ഇവിടത്തെ കോളേജ് അധ്യാപകര്‍ക്കു കൂടി നല്‌കണമെന്നു് അഭ്യര്‍ത്ഥിക്കാനായി സംസ്‌കൃത കോളേജ് അധ്യാപകരായ ഞങ്ങള്‍ ചീഫ് സെക്രട്ടറിയെ കാണാന്‍ പോയി. ഞങ്ങളുടെ നേതാവു് പേരുകേട്ട സംസ്‌കൃത പണ്ഡിതന്‍. ഇംഗ്ലീഷ് ഒട്ടറിഞ്ഞും കൂടാ. ‘എന്താ’ എന്നു കെ.ജി. മേനോന്‍ ചോദിച്ചു. അധ്യാപകനോതാവു് പറഞ്ഞു: ‘ഗ്രാന്റ് കമ്മീഷന്റെ ശമ്പളം ഞങ്ങള്‍‌ക്കും തരണം.’ ഗ്രാന്റ്സ് കമ്മീഷനു വന്ന ഉച്ചാരണവൈരൂപ്യം ചീഫ് സെക്രട്ടറി മന്ദസ്മിതത്തോടുകൂടി അംഗീകരിച്ചു. പലതും പറഞ്ഞ കൂട്ടത്തില്‍ അദ്ദേഹം ഒരു സംശയം കൂടി “അവതരിപ്പിച്ചു”. ‘ഫാര്‍സ് നമ്പര്‍ ഉത്തരക്കടലാസ്സില്‍ ഇട്ടതുകൊണ്ടു പ്രയോജനമുണ്ടോ?’ ഞങ്ങളുടെ നേതാവു് ഉടനെ മറുപടി നല്കി: ‘പ്രയോജനമില്ലാതില്ല. ഉത്തരക്കടലാസ്സുകള്‍ ‘ഷപ്പിള്‍’ ചെയ്തല്ലേ അധ്യാപകര്‍ക്കു കൊടുക്കുന്നതു്. shuffle എന്ന പദത്തിനു വന്ന രൂപപരിവര്‍ത്തനം കണ്ടു് ചീഫ് സെക്രട്ടറി ഞങ്ങളെയെല്ലാം തുറിച്ചുനോക്കി. Excuse me, Sir എന്നുപറഞ്ഞിട്ടു് ഞാന്‍ അദ്ദേഹത്തിന്റെ മുറിയില്‍ നിന്നു് ഇറങ്ങിപ്പോന്നു.

ഇനി സി.വി. ശ്രീരാമന്‍ മലയാളം വാരികയില്‍ എഴിതിയ ഹാസ്യകഥ. സ്വാമിജി ദ്വൈതസിദ്ധാന്തത്തെക്കുറിച്ചു് ബാലന്മാരെ പഠിപ്പിക്കാനായി വന്നു. ദ്വൈതത്തെക്കുറിച്ചു് പറയണമെങ്കില്‍ അദ്വൈതമെന്നാല്‍ എന്താണെന്നു കുട്ടികള്‍ അറിഞ്ഞിരിക്കണമല്ലോ. അദ്വൈതം എന്താണെന്നു സ്വാമി കുട്ടികളോടു് ചോദിച്ചു. ഒരുത്തന്‍ മറുപടി നല്‌കി. ‘അതു ഒരു സിനിമയാണ്.’ ‘സംവിധായകന്റെയും നടീനടന്മാരുടെയും പേരു പറയണോ സ്വാമിജി’ എന്നും അവന്‍ ചോദിച്ചു. സ്വാമിയില്‍ നിന്നും മറുപടി ഉണ്ടായില്ല. അദ്ദേഹം അതിനകം നിന്നുകൊണ്ടേ സമാധിയടഞ്ഞിരുന്നു. സി.വി. ശ്രീരാമന്റെ ഹാസ്യം നന്നു്.

കെ. വി. സുരേന്ദ്രനാഥ്

കെ.വി. സുരേന്ദ്രനാഥ്

ഫ്രഞ്ചെഴുത്തുകാരാന്‍ ബൈഫോങ് (Buffon, 1707–1788) രീതി എന്നതു് മനുഷ്യന്‍തന്നെ — Style in the man himself — എന്നു് പറഞ്ഞു. അതു് കെ.വി. സുരേന്ദ്രനാഥിനു് നല്ലപോലെ ചേരും. അദ്ദേഹത്തിന്റെ പ്രബന്ധങ്ങള്‍ വായിച്ചാല്‍ സ്വാഭാവ സവിശേഷതകള്‍ വ്യക്തമാകും. സുരേന്ദ്രനാഥ് ആര്‍ജ്ജവമുള്ളയാളാണു് (Sincerity). കഴിയുന്നിടത്തോളം അദ്ദേഹം സത്യമേ പറയു. മുഖസ്തുതി നടത്തുകയില്ല. അദ്ദേഹത്തെക്കുറിച്ചു് ഉള്ളതു പറഞ്ഞാലും ‘ഏയ് ഇതു് മുഖസ്തുതി’ എന്നുപറഞ്ഞു തള്ളിക്കളയും.

ആരു ജോലിക്കു് അപേക്ഷിച്ചാലും നെപ്പോളിയന്‍ പറയുമായിരുന്നു. “Has he written anything? Let me see his style.” സുരേന്ദ്രനാഥ് നെപ്പോളിയന്റെ കാലത്താണു് ജീവിച്ചതെങ്കില്‍ അദ്ദേഹം എഴുതിയതു വായിച്ചു് ചക്രവര്‍ത്തി വലിയ ഉദ്യോഗം അദ്ദേഹത്തിനു വിളിച്ചുകൊടുക്കുമായിരുന്നു. സ്വാഭാവശുദ്ധി പ്രകടിപ്പിക്കുന്ന ശൈലിയാണു് സുരേന്ദ്രനാഥിന്റേതു്. ഇത് അദ്ദേഹത്തിന്റെ “മനുഷ്യന്‍ കടലിനെ വിഴുങ്ങിയ കഥ” എന്ന പ്രബന്ധത്തിലും കാണാം (പ്രഫസര്‍ വിശ്വമംഗലം സുന്ദരേശന്‍ എഡിറററായി പ്രസാധനം ചെയ്ത ‘സാഹിത്യകേരളം’ മാസികയില്‍). വിദ്വജ്ജനോചിതങ്ങളായ ഇത്തരം പ്രബന്ധങ്ങള്‍ സ്വാഗതാര്‍ഹങ്ങളാണ്.

നിരീക്ഷണങ്ങള്‍

  1. പ്രാകൃത ജനത സകല വസ്തുക്കളിലും സംഭവങ്ങളിലും മിസ്റ്റീരിയസായ — പരമ ഗഹനമായ — ശക്തിവിശേഷങ്ങള്‍ കാണുന്നവരാണു്. ശിവനോടു് ഗംഗാനദിക്കുള്ള ബന്ധം കൊണ്ടാവണം അതിന്റെ ജലം വിശുദ്ധമാണു് എന്നൊരു സങ്കല്പം ഹിന്ദുക്കള്‍ക്കുണ്ടു്. ഗംഗാജലം കൊണ്ടുവന്നു് ചെറിയ കുപ്പിയിലോ കലശത്തിലോ ആക്കി വീട്ടിലെ കഴുക്കോലില്‍ കെട്ടിത്തൂക്കുന്നതു് പതിവാണു്. വ്യക്തി മരിക്കാന്‍ പോകുമ്പോള്‍ ആ ജലം അവന്റെയോ അവളുടെയോ വായിലൊഴിച്ചു കൊടുക്കും. അതോടെ ആ വ്യക്തി പവിത്രീകരിക്കപ്പെടുന്നു എന്നാണു് വിശ്വാസം. എന്നാല്‍ ഗംഗയിലെ ജലമെങ്ങനെ? മനുഷ്യമലവും മൂത്രവും അതില്‍ നിറഞ്ഞൊഴുകുന്നു. കരയില്‍ ദഹിപ്പിക്കുന്ന മൃതദേഹങ്ങള്‍ അതില്‍ വലിച്ചെറിയുന്നു. പകുതി ചാരമായ ഗവങ്ങളാണു് ഗംഗയില്‍ വീഴുന്നതു്. എല്ലാ ബാക്റ്റീരിയകളും അതില്‍ കാണും. അതാണു് ചാകാന്‍ പോകുന്നവന്‍ കുടിക്കുന്നതും കുടിക്കേണ്ടതും. ഈ പ്രാകൃതത്വം നമ്മുടെ സാഹിത്യനിരൂപണത്തിലും കാണുന്നു. അതുകൊണ്ടു് നമ്മള്‍ പരിഷ്കാരവും സംസ്കാരവും ആര്‍ജ്ജിച്ചവരല്ല എന്നു് ഞാന്‍ വിശ്വസിക്കുന്നു. പാരായണയോഗ്യമായ നോവല്‍ കണ്ടാല്‍ അതിനു് നോബല്‍ സമ്മാനം കൊടുക്കേണ്ടതാണെന്നു് ചിലര്‍ അഭിപ്രായപ്പെടും. ബഷീറിന്റെ ‘പാത്തുമ്മയുടെ ആടു്’ വായിക്കാന്‍ കൊള്ളാവുന്ന നോവലാണു്. അതിനെക്കുറിച്ചു് ഒരു കഥയെഴുത്തുകാരി അടുത്തകാലത്തു് അതിശയോക്തി കലര്‍ത്തിപ്പറഞ്ഞ അഭിപ്രായം ഏതോ വാരികയിലോ പത്രത്തിലോ ഞാന്‍ കണ്ടു. അതു വായിച്ചു എനിക്കു തൊലി പൊള്ളിപ്പോയി. കാലം കഴിയുന്തോറും ഈ പ്രാകൃതത്വം കൂടിക്കൂടി വരുന്നതേയുള്ളു. ചലചിത്രത്തിലെ അഭിനേതാവായ സത്യന്‍ മരിച്ചപ്പോള്‍ അഭിനയകലയില്‍ സാമര്‍ത്ഥ്യമുള്ള അദ്ദേഹം അന്തരിച്ചു എന്നെഴുതിയാല്‍ സത്യം. പക്ഷേ സത്യനെ യുഗപ്രഭാവനാക്കിയിട്ടേ പ്രാകൃതത്വം അടങ്ങിയുള്ളു. ബര്‍യേമാന്‍, കിസിലോവ്സ്കി, സത്യജിത് റേ, ശാന്താറാം ഇവരുടെ സമീപത്തെങ്ങാന്‍ ചെല്ലാനുള്ള യോഗ്യത നമ്മുടെ ഏതെങ്കിലും സംവിധായകനുണ്ടോ? എന്നാല്‍ പത്രം നിവര്‍ത്തിയാല്‍ നമ്മള്‍ കാണുന്നതെന്താണ്? വിശ്വചലചിത്രമണ്ഡലത്തിലെ അദ്വിതീയനായ സംവിധായകനായി ഇവിടത്തെ ഒരു സംവിധായകനെ വര്‍ണ്ണിക്കുന്നു. ദേവനെയും ദേവതയെയും എങ്ങും കാണുന്നവരാണു് ഇവിടത്തെ ആളുകള്‍. വസ്തുനിഷ്ഠമായ സത്യം കാണാന്‍ ആര്‍ക്കും താല്‍പര്യമില്ല.
  2. ഇതെഴുതുന്ന ആള്‍ തിരുവനന്തപുരത്തെ ആര്‍ട്സ് കോളേജില്‍ ജോലി നോക്കിയിരുന്ന കാലത്തു് ഇംഗ്ലീഷ് ഡിപാര്‍ട്മെന്റില്‍ ബുദ്ധിശാലിനിയായ, അതുകൊണ്ടു് തന്നെ eccentric ആയ, ഒരധ്യാപിക ഉണ്ടായിരുന്നു. സാഹിത്യവാരഫലം എല്ലാ ആഴ്ചയും വായിച്ചിട്ട് അവര്‍ നല്ല രീതിയില്‍ അഭിപ്രായം പറയുമായിരുന്നു എന്നോടു്. ഒരു തരത്തിലുള്ള ആരാധന ആയിരുന്നു ശ്രീമതിയുടേതു്. ഒരു ദിവസം അവര്‍ എന്നോടു ചോദിച്ചു “സാറേ, ഉറങ്ങാറുണ്ടോ?” “എന്താ അങ്ങനെ ചോദിക്കുന്നതു്?” എന്നു ഞാന്‍ അങ്ങോട്ടു്. “അല്ല ഇത്രയും വായിച്ചു് എഴുതണമെങ്കില്‍ ഉറക്കം ഇല്ലെങ്കിലേ പറ്റു” എന്നു് അവര്‍. സംഭാഷണം നീട്ടിക്കൊണ്ടുപോകാനായി ഞാന്‍ വെറുതേ ചൊദിച്ചു: “റ്റീച്ചര്‍ എവിടെ താമസിക്കുന്നു?” അവരുടെ മറുപടി: “ഊളമ്പാറയ്ക്കടുത്തു്.” ഇതെല്ലാം കേട്ടുകൊണ്ടിരുന്ന ഇംഗ്ലീഷ് പ്രഫെസര്‍ രവീന്ദ്രന്‍ നായര്‍ (നിഷ്‌കരുണം ശ്വാസം മുട്ടിച്ചു് കൊല്ലപ്പെട്ട നിഷ്കളങ്കനായ ഉഷയുടെ അച്ഛന്‍) പറഞ്ഞു: അപ്പോള്‍ റ്റീച്ചര്‍ എത്തേണ്ടിടത്തുതന്നെ എത്തിയിരിക്കുന്നു. ഡിപാര്‍ട്മെന്റ് അധ്യക്ഷനായതുകൊണ്ടാവാം അദ്ദേഹത്തോടു് ഒന്നും പറഞ്ഞില്ല റ്റീച്ചര്‍.
  3. പൂജപ്പുര സെന്‍ട്രല്‍ ജയിലിന്റെ വലിയ ഗെയ്റ്റിനു് മുന്‍പിലൂടെ ‍‍ഞാന്‍ പലപ്പോഴും നടന്നു പോയിട്ടുണ്ടു്. തടവുകാര്‍ ചാടി രക്ഷപ്പെടാതിരിക്കാന്‍ വേണ്ടി പൊക്കം കൂട്ടിയ മതില്‍ അങ്ങകലെയുള്ളതു് റോഡില്‍ നിന്നുതന്നെ കാണാം. ജയിലിനകത്തു് കിടന്നു നരകിക്കുന്ന ആളുകളെ ഓര്‍ത്തു് ഞാന്‍ ദീര്‍ഘശ്വാസം പൊഴിച്ചിട്ടുണ്ടു് ഓരോ തവണ കടന്നുപോകുമ്പോഴും. കഥയിലും കവിതയിലും അത്യന്താധുനികത കൊണ്ടുവന്ന ഭയങ്കരന്മാര്‍ കിടക്കേണ്ട സ്ഥലത്തു് പാവങ്ങള്‍ കിടക്കുന്നല്ലോ എന്നു് ഞാന്‍ വിചാരിച്ചിട്ടുണ്ട്.
  4. എ.ആര്‍. രാജരാജവര്‍മ്മ, സാഹിത്യപഞ്ചാനനന്‍ പി.കെ. നാരായണപിള്ള, കുട്ടികൃഷ്ണമാരാര്‍ ഇവരെയൊക്കെ പേടിയോടുകൂടി വീക്ഷിക്കുന്ന ദാസസമൂഹം കേരളത്തില്‍ വര്‍ദ്ധിച്ചുവരുന്നു. ഇപ്പറഞ്ഞ നിരൂപകന്‍ തങ്ങളുടേതായ മണ്ഡലങ്ങളില്‍ ആദരണീയമായി ചിലതെല്ലാം ചെയ്തിട്ടുണ്ടു് എന്നല്ലാതെ ആത്ര കേമമാണോ അവ എന്നു് ചോദിക്കാന്‍ തോന്നിപ്പോകുന്നു. നപുംസനാമങ്ങള്‍ക്കു ബഹുത്വം സൂചിപ്പിക്കുന്ന പ്രത്യയം ചേര്‍ക്കേണ്ടതില്ല എന്നു രാജരാദവര്‍മ്മ പറഞ്ഞതുകൊണ്ടു് വല്ല വിദ്യാര്‍ത്ഥിയും പത്തു മരങ്ങള്‍ എന്നെഴുതിയാല്‍ ഉത്തരക്കടലാസ്സു നോക്കുന്നയാള്‍ ചുവന്ന മഷികൊണ്ടു് ഒരു വെട്ടു വെട്ടും. അയാളുടെ ആ പ്രവര്‍ത്തിക്കു നീതിമത്‌‌കരണമുണ്ടോ? സംശയമാണു്. പറമ്പില്‍ ‘പത്തു തെങ്ങുകളുണ്ടെങ്കില്‍’ പത്തു തെങ്ങു് എന്നെഴുതിയാല്‍ മതി. എന്നാല്‍ പറമ്പില്‍ മാവു്, പുളി, തേക്കു് ഇങ്ങനെ പത്തു വിഭിന്ന വൃക്ഷങ്ങള്‍ ഉണ്ടെങ്കില്‍ പത്തു മരങ്ങള്‍ എന്നുതന്നെ പറയണം.‘താങ്കള്‍ അയച്ച രണ്ടു കത്തും കിട്ടി’ എന്നെഴുതുന്നതു ശരിയല്ല. ഓരോ കത്തും മറ്റുള്ളവയില്‍ നിന്നു് വിഭിന്നമായതുകൊണ്ടു് ‘താങ്കള്‍ അയച്ച രണ്ടു കത്തുകളും കിട്ടി’ എന്നുവേണം എഴുതാന്‍. കുട്ടിക്കൃഷ്ണമാരാരുടെ ഒരു പുസ്തകത്തിന്റെ പേര് ‘പതിനഞ്ചുപന്യാസം’ എന്നാണു്. അതു രണ്ടാംതരം തെറ്റല്ല. ഒന്നാന്തരം തെറ്റാണ്. ഓരോ ഉപന്യാസവും മറ്റുപന്യാസങ്ങളില്‍ നിന്നു് വിഭിന്നത ആവഹിക്കുന്നതുകൊണ്ടു് ‘പതിനഞ്ച് ഉപന്യാസങ്ങള്‍’ എന്നുതന്നെ വേണ്ടിയിരുന്നു പേരു്.