close
Sayahna Sayahna
Search

ഹരണം


കെ. എ. അഭിജിത്ത്

border=yes
ഗ്രന്ഥകർത്താവ് കെ. എ. അഭിജിത്ത്
മൂലകൃതി പേരില്ലാപുസ്തകം
ചിത്രണം കെ. എ. അഭിജിത്ത്
കവര്‍ ചിത്രണം കെ. എ. അഭിജിത്ത്
രാജ്യം ഇന്ത്യ
ഭാഷ മലയാളം
വിഭാഗം അനുസ്മരണം
ആദ്യപതിപ്പിന്റെ പ്രസാധകര്‍ സായാഹ്ന ഫൗണ്ടേഷൻ
വര്‍ഷം
2017
മാദ്ധ്യമം പി‌‌ഡി‌‌എഫ്, മീഡിയവിക്കി പതിപ്പുകൾ
പുറങ്ങള്‍ 40
വായനക്കാരുടെ പ്രതികരണങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

നാണുവല്ല്യേച്ചന് ഇന്ന് എഴുപത്തെട്ടു വയസ്സായി. ഇപ്പോഴും പണിക്കുപോയാണ്വല്ല്യേച്ചൻ തന്റെ കുടുംബത്തിനെ നോക്കുന്നത്. ജീവിതത്തിന്റെ എല്ലാ ജരാനരകളും, വിള്ളലുകളും, നാണു വല്ല്യേച്ചന്റെ കൊഴിഞ്ഞുപോയ കൺപോളകളിൽ കാണാം.

മൂന്നാം ക്ലാസ്സ് വരെയാണ് സ്ക്കൂളിൽ പോയത്. അതിനു ശേഷം തന്റെ അനിയത്തിമാർക്കായി പണിക്കുപോയി. സ്ക്കൂളിനെക്കുറിച്ച് കൃത്യമായ ഓർമകൾ അദ്ദേഹത്തിനില്ല. അച്ഛനുമമ്മക്കും പണിയില്ലാത്ത ദിവസങ്ങളിലാണ് വല്ല്യേച്ചൻ സ്ക്കൂളിലേക്ക് പോയിരുന്നത്. അക്ഷരങ്ങളും, സംഖ്യകളും വല്ല്യേച്ചനിൽ നിന്ന് അതോടെ അവസാനിച്ചു.

പിന്നീട്

പന്ത്രണ്ടാം വയസ്സിൽ നടക്കാവ് കുഞ്ചു ഏട്ടന്റവിടെ കാലിമേപ്പിന് പോയി. പതിനാറാം വയസ്സ് വരെയും അവിടെയായിരുന്നു. സ്കൂളിൽ നിന്ന് വിടപറഞ്ഞ് തെരുവുകളായി മാറിയ കഥ തുടങ്ങുന്നത് അവിടെയാണ്. പിന്നീട് അവിടന്ന് വണ്ടി കയറി, തിരുപ്പൂരിലെ ഒരു ഹോട്ടലിലെത്തി. അന്യന്റെ കിണ്ണവും, വറ്റുമായി പതിനാല് കൊല്ലം അവിടെയായിരുന്നു. സ്വപ്നങ്ങളും, ആഗ്രഹങ്ങളും, പ്രാരാബ്ധങ്ങളുടെ ബാർ സോപ്പിൽ അങ്ങനെ അലിഞ്ഞുതീർന്നു.

Perilla-10.jpg

തന്റെ പത്തൊമ്പതാം വയസ്സിലാണ് നാണു വല്ല്യേച്ചൻ വിവാഹം കഴിച്ചത്. പക്ഷെ അവരിൽ അദ്ദേഹത്തിന് മക്കളുണ്ടായില്ല. വൈകാതെ ഭാര്യ അന്തരിച്ചു.

തിരിച്ച് നാട്ടിലെത്തിയതിനു ശേഷമായിരുന്നു വേലുക്കുട്ടി എഴുത്തച്ഛന്റെ കൃഷിസ്ഥലത്ത് ചേരുന്നത്. തന്റെ ജീവിതകാലത്തിന്റെ നാൽപ്പത് വർഷങ്ങൾ വല്ല്യേച്ചൻ അവിടെ ചിലവഴിച്ചു. പാരമ്പര്യമായി തന്റെ കുടുംബക്കാരെല്ലാവരും അവിടത്തെ പണിക്കാരായിരുന്നു. കാലങ്ങൾ കടന്നുപോയി. നാണു എന്ന പണിക്കാരനെ മുതലാളി പിരിച്ചുവിട്ടു. പിന്നീട് തന്റെ അമ്പത്തേഴാം വയസ്സിൽ വല്ല്യേച്ചൻ മറ്റൊരു വിവാഹം കഴിച്ചു. അവരിൽ വല്ല്യേച്ചന് രണ്ട് മക്കളുണ്ട്. രണ്ടുപേരും ഇപ്പോൾ പഠിക്കുകയാണ്. ഒരാൾ എട്ടിലും മറ്റൊരാൾ ഒമ്പതിലും. പക്ഷെ ഒന്നും അവസാനിച്ചിരുന്നില്ല.

വിള്ളലേൽക്കപ്പെട്ട, തന്റെ ആര്യോഗത്തിനു മീതെ മനസ്സുറപ്പോടെ വീണ്ടും വല്ല്യേച്ചൻ പണിക്കുപോയി. പതിനാറ് കൊല്ലം പ്രഭാകരൻ മുതലാളിയുടെ തോട്ടത്തിൽ പണിതു.

പക്ഷേ, കാലമോ, ജീവിതമോ വല്ല്യേച്ചനെ അപ്പോഴും ദുരിതങ്ങളിൽ നിന്ന് ദുരിതങ്ങളിലേക്ക് തള്ളിയിട്ടുകൊണ്ടിരിക്കുകയാണ്. ഇന്ന് ഭാര്യക്ക് കാൻസറാണ്.

കാൻസറിനോടൊപ്പം തന്റെ സമയത്തേയും, അത് കാർന്നുതിന്നുകൊണ്ടിരിക്കുന്നു. നടക്കാനൊന്നും വയ്യ, പക്ഷെ ചുമലിൽ ഭാരമുണ്ട്.

പട്ടിണിയുടേയും, ദാരിദ്ര്യത്തിന്റേയും ഭാരം, ചെയ്തുതീർക്കാനുള്ള ഭാരം. അവർ അക്ഷരമറിയാത്തവരാണ്. ഗുണനമോ, ഹരണമോ അറിയാത്തവർ.

പക്ഷെ വിദ്യാലയത്തിന്റെ മക്കൾ.