ഏറ്റവും മഹത്തായ കാഴ്ച
ഏറ്റവും മഹത്തായ കാഴ്ച | |
---|---|
ഗ്രന്ഥകർത്താവ് | ഇ ഹരികുമാര് |
മൂലകൃതി | പച്ചപ്പയ്യിനെ പിടിക്കാൻ |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
വിഭാഗം | ചെറുകഥ |
ആദ്യപതിപ്പിന്റെ പ്രസാധകര് | http://e-harikumar.com |
വര്ഷം |
2013 |
മാദ്ധ്യമം | പിഡിഎഫ് |
പുറങ്ങള് | 64 |
ബസ്സ്റ്റാൻഡിന്റെ എതിർവശത്തുള്ള നടപ്പാതയിൽ സർക്കസ് കാണിക്കുന്ന ആ കുട്ടികളെ ഒരാഴ്ചയായി എന്നും കാണാറുണ്ട്. ഓഫീസിലേക്കു പോകാനായി ബസ് കയറുമ്പോഴും തിരിച്ചു ബസ്സിറങ്ങുമ്പോഴും അവർ അവിടെ ഉണ്ടാകും. ചേട്ടനും അനുജത്തിയും. അവന്റെ മുഖം ചെളി പിടിച്ച് ഇരുണ്ടിരുന്നു. അനുജത്തിയുടെ മുഖവും വൃത്തികേടായിരുന്നു. അവൾ ഇടയ്ക്കിടയ്ക്കു മൂക്കു പുറംകൈകൊണ്ടു തുടയ്ക്കും. അവളുടെ കൊച്ചുകൈകൾ കൗതുകമുള്ളവയാണ്. അഞ്ചോ ആറോ വയസുപ്രായം. ഒരു കുറിയ പാവാട മാത്രമാണു വേഷം. അതാകട്ടെ കീറി മുഷിഞ്ഞിരുന്നു. ചേട്ടന്റെ വേഷം കുറച്ചുകൂടി ഭേദമാണ്. കീറിയ ഷർട്ടും ട്രൗസറും.
നേരം ആറുമണിയായി. അവർ അപ്പോഴും സർക്കസ് കാണിക്കുകയാണ്. ഒരുപക്ഷേ പകൽ മുഴുവൻ മൊട്ടവെയിലത്ത് അവർ അഭ്യാസങ്ങൾ കാണിക്കുകയായിരിക്കണം. ഒരു കാലിഡോസ്കോപ്പുപോലെ മാറിവരുന്ന ജനക്കൂട്ടത്തിൽ അൽപം ദയയുള്ള ആരെങ്കിലും വരുമെന്ന പ്രതീക്ഷയോടെ ഒരെട്ടുവയസുകാരനു കാണിക്കാൻ പറ്റുന്ന അഭ്യാസങ്ങൾ കാണിക്കുകയാണവൻ. തലകുത്തിമറിയുക, ചെറിയൊരു വളയത്തിലൂടെ ദേഹം കടത്തുക തുടങ്ങിയവ. രാവിലെ ബസ്സിൽ കയറിയിരുന്നുകൊണ്ട് അയാൾ അതു ശ്രദ്ധിക്കാറുണ്ട്. വളരെ കുറച്ചു കാണികൾ മാത്രമേയുള്ളൂവെന്നത് അവനെ നിരുത്സാഹപ്പെടുത്തിയില്ല. ആരും കാര്യമായി ഒന്നും കൊടുക്കുന്നതും കണ്ടില്ല. എന്താ ണു സംഭവിക്കുന്നത് എന്നറിയാൻ അശ്ലീലമായ ജിജ്ഞാസയോടെ കുറച്ചുനേരം നോക്കിനിൽക്കും. ഒരു വലിയ സർക്കസിലെ അഭ്യാസങ്ങൾ കാണുമെന്ന പ്രതീക്ഷ നിരാശതയിലേക്കു നയിക്കുമ്പോൾ ഉത്സാഹം നഷ്ടപ്പെട്ട കണ്ണുകളോടെ, മെലിഞ്ഞുണങ്ങിയ അഞ്ചു വയസുകാരി നീട്ടിയ താലം കണ്ടില്ലെന്ന ഭാവത്തോടെ അവർ നടന്നുനീങ്ങുന്നു. അവൻ അപ്പോഴും അഭ്യാസങ്ങൾ കാണിച്ചുകൊണ്ടിരിക്കും.
എനിക്കു വീട്ടിലെത്താൻ ധൃതിയായിരുന്നു. വല്ലാത്ത ഒരു ദിവസം. അല്ലെങ്കിൽ എല്ലാദിവസവും വല്ലാത്ത ദിവസങ്ങളാണ്. മുമ്പിൽത്തന്നെ പിടിച്ചുനിൽക്കാനുള്ള മത്സരത്തിൽ ദിവസങ്ങൾ നഷ്ടപ്പെടുന്നു. മാസങ്ങളും വർഷങ്ങളും. ക്രമേണ അറിയാതെ സ്വയം നഷ്ടപ്പെടുന്നു.
അവൻ ഇപ്പോൾ അഭ്യാസം നിർത്തി ഒരു ഭാഗത്ത് ഇരുന്നു കാൽവിരലുകൾ പരിശോധിക്കുകയാണ്. ഒരു മുറിവ്. ചോര വരുന്നുണ്ട്. എന്തോ അഭ്യാസം കാട്ടിയപ്പോൾ പറ്റിയതാവണം.
‘എന്തു പറ്റി?’ അയാൾ ചോദിച്ചു.
അവൻ തലകുനിച്ചു. അവൻ അയാളെ അവഗണിക്കുകയായിരുന്നു. അവന് അരുടെയും അനുകമ്പ ആവശ്യമില്ല. അയാൾ നടന്നുനീങ്ങി. അപ്പോഴാണ് അനുജത്തി താലവുമായി വന്നത്.
‘സാർ ഒരു പത്തു പൈസ.’
അയാൾ കീശയിൽ തപ്പി. ഇരുപത്തഞ്ചു പൈസയുടെ ഒരു നാണ്യമെടുത്തു ചുളുക്കുവീണ ആ അലുമിനിയത്തട്ടിൽ ഇട്ടുകൊടുത്തു. അവളുടെ കണ്ണുകൾ തിളങ്ങി.
ഇരുപത്തഞ്ചു പൈസ! വീട്ടിലേക്കു നടക്കുമ്പോൾ അയാൾ ആലോചിച്ചു. അവൾ പത്തുപൈസയാണ് ആവശ്യപ്പെട്ടത്. താൻ രണ്ടര ഇരട്ടി കൊടുത്തു. എന്തൊരു മഹാമനസ്കത.
ലിഫ്റ്റ് താഴെത്തന്നെയുണ്ടായിരുന്നു. അയാൾക്ക് അതിൽ കയറാം. എട്ടാമത്തെ നമ്പറുള്ള ബട്ടൺ അമർത്തിയാൽ അയാളുടെ ഫ്ളാറ്റുള്ള നിലയിലെത്തും. ഷൂസും പാന്റ്സും അഴിച്ചുവച്ച് ടി. വി.യിൽ മുപ്പതു ചാനലുകളുള്ളതിൽ ഏതെങ്കിലും ഒന്നു തെരഞ്ഞെടുത്തു സോഫയിൽ ചാരിയിരുന്നു ചായ കുടിക്കാം. ശാരദ ദോശയോ പഴംപൊരിച്ചതോ എന്തെങ്കിലും ഉണ്ടാക്കിവച്ചിട്ടുണ്ടാകും.
അയാൾ പക്ഷേ ലിഫ്റ്റിൽ കയറിയില്ല. തിരിച്ച് ഗെയ്റ്റിനു പുറത്തേക്കു നടന്നു. പഴ്സെടുത്തു നോക്കി. ഉണ്ട്, ധാരാളം പണമുണ്ട്. അവർക്ക് ഒരു രൂപ കൊടുക്കാം. അല്ലെങ്കിൽ വേണ്ട, രണ്ടായാലോ?
‘തനിക്കെത്ര ചെറിയ ഹൃദയമാണുള്ളത്?’
അയാൾ സ്വയം ചോദിക്കുന്നു.
‘രണ്ടു രൂപയ്ക്ക് എന്താണു കിട്ടുക? ഒരു നേരത്തെ ആഹാരം കിട്ടുമോ?’
അയാൾ ഒരു പത്തു രൂപ നോട്ടെടുത്തു മാറ്റിവച്ചു.
നടപ്പാതയിൽ അവർ ഉണ്ടായിരുന്നില്ല. ഇന്നത്തെ പരിപാടികൾ കഴിഞ്ഞുകാണും. ഒരു പക്ഷേ കാലിൽ മുറിപറ്റിയതുകൊണ്ട് അഭ്യാസം തുടരാൻ വയ്യാതെ നിർത്തിയതായിരിക്കണം. മുറിവു കെട്ടിയശേഷം വീണ്ടും കളിക്കാൻ ശ്രമിച്ചുകാണും. വേദന സഹിക്കാനാവാതെ...
അയാൾ തിരിച്ചുനടന്നു.
മകൾ ഐസ്ക്രീം കഴിക്കുന്നത് ഒരു സ്ഥിരം കാഴ്ചയായിരുന്നു. അയാൾ ഓഫിസിലേയ്ക്കു പോകുമ്പോൾ, തിരിച്ചുവരുമ്പോൾ എല്ലാം അവൾ ഐസ്ക്രീം കപ്പുമായി ഇരിക്കുന്നുണ്ടാവും. പുറത്തിറങ്ങിയാൽ അവൾക്ക് ഐസ്ക്രീം വേണം.
‘തടിയുള്ള കുട്ടികൾ അധികം ഐസ്ക്രീം കഴിക്കരുത്.’
അയാൾ പറയും. അവൾ കൂസലില്ലാതെ ഐസ്ക്രീം തീറ്റ തുടരും, ആനന്ദനിർവൃതിയോടെ.
അയാൾ മെലിഞ്ഞുണങ്ങിയ ഒരു പെൺകുട്ടിയെ ഓർത്തു. കറുത്തു മെലിഞ്ഞ, മൂക്കിനുചുറ്റും ചെളിപിടിച്ച്, എണ്ണമയമില്ലാത്ത ചെമ്പിച്ച തലമുടിയുള്ള ഒരു പെൺകുട്ടി. കണ്ണുകളിൽ പ്രകാശം അപ്പോഴും നഷ്ടപ്പെട്ടിട്ടില്ലാത്ത ഒരു പെൺകുട്ടി.
‘സെക്രട്ടറി ഫോണിൽ വിളിച്ചിരുന്നു.’ കാണണമെന്ന് ഏൽപ്പിച്ചിട്ടുണ്ട്.’ ശാരദ പറഞ്ഞു.
‘ഉം?’
‘വൈകുന്നേരത്തെ ടെറസ് പാർട്ടിയുടെ കാര്യമാണ്.’
‘ഓ’ അയാൾ മറന്നുപോയിരുന്നു.
സൗണ്ട് സിസ്റ്റം ഏർപ്പാടാക്കാൻ സെക്രട്ടറി ആവശ്യപ്പെട്ടിരുന്നു. ഓർക്കസ്ട്ര നേരത്തെ ഏൽപ്പിച്ചിട്ടുണ്ട്. ഈ കെട്ടിടത്തിൽത്തന്നെ ഗായകരുണ്ട്. അയാൾ ഫോണെടുത്തു ബട്ടണുകൾ അമർത്തി.
ഏഴുമണിക്ക്, കൃത്യം ഏഴുമണിക്ക്.’ അയാൾ ഉറപ്പിച്ചു. സൗണ്ട് സിസ്റ്റമില്ലാത്തതുകൊണ്ട് പാർട്ടി നാശമാകേണ്ട.
‘പാർട്ടി ഗംഭീരമായിരുന്നു.’
രാത്രി ഒരു മണിക്ക് എല്ലാം കഴിഞ്ഞു ഫ്ളാറ്റിൽ തിരിച്ചെത്തിയപ്പോൾ ശാരദ പറഞ്ഞു. രാഗിണിക്കും അതേ അഭിപ്രായമാണെന്നു തോന്നുന്നു. എത്ര കപ്പ് ഐസ്ക്രീം വെട്ടിവിഴുങ്ങി ആവോ?
‘ചിക്കൻ ബിരിയാണിയും മീൻ വറുത്തതും അസ്സലായിരുന്നു.’ ശാരദ പറഞ്ഞു. ‘വെജിറ്റബിൾ ഫ്രൈഡ്റൈസ് എങ്ങനെയുണ്ടായിരുന്നു? എനിക്ക് ആ ഗോബി മഞ്ചൂര കുറച്ചു കഴിക്കണമെന്നുണ്ടായിരുന്നു. വയറ്റില് സ്ഥലം വേണ്ടേ? പിസ്റ്റ ഐസ്ക്രീം എന്റെ ഒരു വീക്ക്നെസ് ആണ്. അതുകൊണ്ടു മഞ്ചുര മാറ്റിവച്ചു.’
‘ഭക്ഷണം നന്നായിരുന്നു’ അയാൾ സമ്മതിച്ചു. ബുഫെ ഡിന്നറായതുകൊണ്ട് ആർക്കും വിഷമമില്ലാതെ ഇഷ്ടംപോലെ സാധനങ്ങൾ എടുക്കാം. വെള്ളത്തുണി വിരിച്ചു നീളത്തിലിട്ട മേശമേൽ ചെറുതായി കത്തുന്ന ഗ്യാസടുപ്പിനു മുകളിൽ വട്ടത്തിലും നീളത്തിലുമുള്ള സ്റ്റീൽ പാത്രങ്ങളിൽ ചൂടുള്ള വിഭവങ്ങൾ നിരന്നിരുന്നു. ഒരരികിലായി നിരത്തിവച്ച ബാറും.
‘ഓർക്കസ്ട്രയും നന്നായിരുന്നു’
‘ആറായിരം രൂപയ്ക്കു നല്ല ഓർക്കസ്ട്ര തന്നില്ലെങ്കിൽ ആൾക്കാർ തല്ലില്ലേ?
‘ആറായിരമോ,’
‘അതേ.’
‘ആറായിരത്തിന്റെ ഗുണമൊന്നും കണ്ടില്ല.’
‘പാട്ടുകൾ ഇഴഞ്ഞതിന് ഓർക്കസ്ട്രയെ പഴി ചാരിയിട്ടു കാര്യമില്ല.’
‘പിന്നെ എനിക്കു രോഹിണിയുടെ ഡാൻസ് ഒട്ടും ഇഷ്ടമായില്ല. പ്രഭുദേവയും നഗ്മയും കൂടിയുള്ള ആ ഡാൻസ് ടിവിയിൽ വരുമ്പോഴൊക്കെ ഞാൻ ഓഫാക്കിയിട്വാണ് പതിവ്, നമ്മുടെ മോള് കാണണ്ടാച്ചിട്ട്. പത്തുപതിനാറു വയസുപ്രായമുള്ള പെൺകുട്ടികൾ സ്റ്റേജിൽ കയറി കളിക്കാൻ പറ്റിയ ഡാൻസൊന്നുമല്ല അത്. അവിടെയും ഇവിടെയും ഒക്കെ ഇളക്കിക്കൊണ്ടുള്ള ഡാൻസ്.
അയാൾ ചിരിച്ചു. ഒരുപക്ഷേ രാവിലെ എഴുന്നേറ്റതിനുശേഷം ആദ്യമായാണ് അയാൾ ചിരിക്കുന്നത്.
‘എന്താണു ചിരിക്കുന്നുത്?’
‘നിനക്കറിയാമോ. രോഹിണിയുടെ അമ്മ ഒരാഴ്ചയായി മകളെക്കൊണ്ട് പരിശീലിപ്പിച്ചതാണ് ഈ ഡാൻസ്. അതിനുവേണ്ടി സിനിമയുടെ കാസറ്റ് വാങ്ങി. ഇന്ന് അവളുടെ ഡാൻസ് മുഴുവൻ വീഡിയോവിൽ എടുത്തതു കണ്ടില്ലേ? സൂക്ഷിച്ചുവയ്ക്കാൻ, ബന്ധുക്കൾക്കും സ്നേഹിതർക്കും കാണിക്കാൻ.’
‘ഈ അരക്കെട്ട് ഇളക്കിക്കൊണ്ടുള്ള ഡാൻസോ?’
‘അതു തന്നെ. ഈ നൃത്തം അവരെ സൊസൈറ്റിയിലെ മേൽത്തട്ടിലെത്തിക്കുന്നു. പുതുപണക്കാരുടെ പ്രാരാബ്ധങ്ങൾ വല്ലതും നീ അറിയുന്നുണ്ടോ? നീയും ഔട്ടാവേണ്ടെങ്കിൽ മോൾ വലുതാവുമ്പോഴേക്ക് സിൽക്കിന്റെയോ നഗ്മയുടെയോ ഡാൻസ് പഠിപ്പിച്ചോ.’
‘ഛീ’
ഉറങ്ങുന്നതിനുമുമ്പ് അയാൾ ശാരദയോടു പറഞ്ഞു.
‘ഇനി അൽപം അടുക്കള രഹസ്യം കേൾക്കണോ?’
‘ഉം?’
‘നൂറ്റമ്പതു ചിക്കൻ ബിരിയാണിയാണ് ഏൽപ്പിച്ചത്. ആകെ ഉണ്ടായിരുന്നവർ തൊണ്ണൂറിൽ താഴെ. അതിൽത്തന്നെ സസ്യഭുക്കുകളുമുണ്ട്. പുറത്തുനിന്നു കുറെ പേരെ പ്രതീക്ഷിച്ചിരുന്നു. മുഴുവൻ പേരും വന്നില്ല. ബാക്കി വന്നത് അറുപത്, എഴുപത് പ്ലേയ്റ്റ് ബിരിയാണി.’
‘എന്നിട്ട്?’
‘അതപ്പടി പ്ലാസ്റ്റിക് സഞ്ചിയിലിട്ടു കുപ്പയിൽ കൊണ്ടുപോയി തട്ടിയിട്ടുണ്ട്. പെർഫെക്ട് മർഡർ.’
‘കുപ്പയിലോ?’
‘അല്ലാതെന്തു ചെയ്യാനാണ്. നാലു മണിക്ക് ഉണ്ടാക്കിയ സാധനമാണ്. രാത്രി ഒരു മണികഴിഞ്ഞാൽ പിന്നെ അതെന്തിനു കൊള്ളും.?’
‘കഷ്ടായി’
‘ഒരു പ്ലെയിറ്റ് ബിരിയാണിക്ക് ഇരുപത്തഞ്ചുരൂപ വീതം എത്ര പണമാണു തുലച്ചത്. മീൻ വറുത്തതും വെജിറ്റബിൾ ഫ്രൈഡ്റൈസും ഒക്കെ ബാക്കിയായി.’
അയാൾ കുറച്ചുനിർത്തി, പിന്നീടു തന്നോടു തന്നെയായി പറഞ്ഞു.
‘...അതും ദാരിദ്ര്യവും പട്ടിണിയുമുള്ള ഒരു നാട്ടിൽ...’
ശാരദ ഉറക്കമായിരുന്നു. അയാൾക്കു കുറെനേരം ഉറങ്ങാൻ പറ്റിയില്ല. കാലിലെ ചോരയൊഴുകുന്ന മുറിവിൽ കൈയമർത്തി വേദന കടിച്ചുപിടിച്ചു കുമ്പിട്ടിരിക്കുന്ന ഒരെട്ടു വയസുകാരന്റെ കൂസലില്ലാത്ത മുഖം അയാളെ നാണംകെടുത്തി തുടങ്ങിയിരുന്നു.
രാവിലെ സൊസൈറ്റി ഓഫിസിൽ പോയി കണക്കുകൾ നോക്കി. ഇരുപത്തയ്യായിരം രൂപ ചെലവ്. ഒരു രാത്രിയുടെ മദത്തിനായി ഇരുപത്തഞ്ചു കുടുംബങ്ങൾ ചെലവാക്കിയ തുക. അയാൾ തലേന്നു വൈകുന്നേരം സർക്കസുകാരി പെൺകുട്ടിക്കുകൊടുത്ത ഇരുപത്തഞ്ചുപൈസയുടെ കാര്യം ഓർത്തു.
ബസ് സ്റ്റാൻഡിൽ സർക്കസുകാരെ കണ്ടില്ല. അവർ പുതിയ സ്ഥലങ്ങൾ തേടി പോയിട്ടുണ്ടാകും. ഒരാഴ്ച അവർ ഒരു സ്ഥലത്തു തമ്പടിക്കും. ഒരേ അഭ്യാസങ്ങൾ കണ്ടുമടുത്താൽ കാണികൾ തിരിഞ്ഞുനോക്കാതാവും. ഏതു വലിയ സർക്കസിന്റെയും സ്ഥിതി അതാണ്. പിന്നെ ഈ രണ്ടംഗ സർക്കസിന്റെ കാര്യം പറയാനുണ്ടോ?
വൈകുന്നേരത്തെ നടത്തത്തിനിടയിൽ അയാൾ അവരെ വീണ്ടും കണ്ടു. മഹാത്മാഗാന്ധി റോഡിന്റെ അനേകം ഇടനിരത്തുകളിലൊന്നിൽ അടച്ചിട്ട ഒരു കടയ്ക്കു മുമ്പിൽ അവർ ഇരിക്കുന്നു. അതേ വേഷം, മുഷിഞ്ഞ മുഖം, തൊട്ടടുത്തു മുഷിഞ്ഞ മാറാപ്പ്. അവൻ മുമ്പിൽ നിലത്തുവച്ച പൊതി അഴിക്കുകയാണ്. പൊതി തുറക്കുന്നതും നോക്കി അക്ഷമയായി മുമ്പിൽ അനുജത്തി ഇരിക്കുന്നു. തുറന്ന പൊതിയിൽ നാലഞ്ച് ഇഡ്ഡലികളാണ്.
അയാൾ അടുത്തു ചെന്നപ്പോൾ അവൻ തലയുയർത്തിനോക്കി. എല്ലാം കഴിഞ്ഞ് ഒന്ന് ഭക്ഷണം കഴിക്കാനിരുന്നപ്പോൾ കടന്നുവന്നതു കണ്ടില്ലേ എന്ന ഭാവം. അയാൾ ചോദിച്ചു.
‘നിങ്ങൾക്ക് അമ്മയും അച്ഛനും ഇല്ലേ?’
അങ്ങനെ ചോദിക്കാനാണ് അയാൾക്കു തോന്നിയത്.
‘അമ്മയില്ല, ചത്തു.’
‘അച്ഛനോ?’
‘ണ്ട്.’
‘എവിടെ?’
‘ജേലിലാ.’
‘എന്തിനാ ജയിലില് പോയത്?’
‘കട്ടിട്ട.്’
യാതൊരു വികാരവുമില്ലാതെ അവൻ പറഞ്ഞു. അനുജത്തി ഇഡ്ഡലി തിന്നാൻ തുടങ്ങിയിരുന്നു. അവനും ഇഡ്ഡലിമേൽ കൈവച്ച്, തന്റെ വിശ്രമവേളയിൽ പരുഷമായി വന്ന് ഇടപെടുന്ന അപരിചിതൻ പോയിക്കിട്ടാൻ കാത്തിരിക്കയാണ്.
‘ഞാനൊരു പത്തു രൂപ തന്നാൽ നീ അതുകൊണ്ട് എന്തുചെയ്യും?’
അവന്റെ മുഖം വികസിച്ചു. നാണത്തോടെ അവൻ ചിരിച്ചു. അവന്റെ മുഖത്തു അതുവരെയുണ്ടായിരുന്ന മുതിർന്ന ഭാവം മാറി, കുട്ടിത്തം തിരിച്ചുവന്നു. അവൻ വീണ്ടും ഒരെട്ടു വയസുകാരനായി.
‘നീ എന്തു ചെയ്യും?’
‘ഞങ്ങളു സിനിമ കാണും.’
മറുപടിക്കുവേണ്ടി അവന് ആലോചിക്കേണ്ടി വന്നില്ല.
അയാൾ പത്തു രൂപയുടെ ഒരു നോട്ടെടുത്ത് അവന്റെ കയ്യിൽ വച്ചുകൊടുത്തു. അവൻ അതു നിവർത്തിനോക്കി. വിശ്വസിക്കാൻ പ്രയാസമായപോലെ അനുജത്തിയെ നോക്കി, അവളുടെ മുഖവും വിടർന്നിരുന്നു. അവൾ ഭക്ഷണം നിർത്തിവച്ച് അവന്റെ കയ്യിൽനിന്നു നോട്ടു വാങ്ങി നോക്കി.
അയാൾ ചോദിച്ചു.
‘എന്താണു നിങ്ങളുടെ പേര്?’
‘രാജു’ അവൻ പറഞ്ഞു. ‘ഇവള്ടെ പേര് ഷീല.’
‘ശരി രാജു ഞാൻ പോട്ടെ.’
അയാൾ പോകാനായി തിരിഞ്ഞു.
‘സാർ’ അവൻ എഴുന്നേറ്റു.
അയാൾ തിരിഞ്ഞുനിന്നു. രാജു അനുജത്തിയോട് എന്തോ പറഞ്ഞു. ധൃതിയിൽ തന്റെ മാറാപ്പ് അഴിച്ച്, അതിൽനിന്നു രണ്ട് ഇരുമ്പുവളയങ്ങൾ എടുത്തു. പിന്നെ ലോകത്ത് ഏതൊരു സർക്കസ് അഭ്യാസിയും ചെയ്യുന്നപോലെ നാലടി പിന്നോക്കം വച്ച് കൈകൊട്ടി നാലഞ്ചു കരണംമറിഞ്ഞു. തിരിച്ചും മറിച്ചും. വളയത്തിലൂടെ അവന്റെ കൊച്ചുദേഹം പ്രയാസപ്പെട്ടു കടത്തി. പിന്നെ അവനും അനുജത്തിയും കൂടി ആ വളയത്തിലൂടെ ദേഹം ഒന്നിച്ചുകടത്തി. അനുജത്തിയെ തോളിൽ നിർത്തിക്കൊണ്ടു മുമ്പോട്ടു പിമ്പോട്ടും നടന്നു. നെറ്റിയിൽ ഒരു വടി കുത്തിനിർത്തി അതിന്റെ അറ്റത്ത് ഒരു ചായക്കോപ്പ തുലനം ചെയ്തുകൊണ്ട് അവൻ നടന്നു.
ഭക്ഷണംപോലും മാറ്റിവച്ച്, അവൻ അയാൾക്കുവേണ്ടി മാത്രം അഭ്യാസങ്ങൾ കാണിക്കുകയായിരുന്നു.
വിടർന്ന കണ്ണുകളോടെ അത്ഭുതം കൂറുന്ന മുഖത്തോടെ അയാൾ അതു നോക്കിനിന്നു. അയാൾ ഇതുവരെ കണ്ടതിൽവച്ച് ഏറ്റവും മഹത്തായ സർക്കസ്സായിരുന്നു അത്.